Sunday, 11 October 2026 Hijri: — 03:02:21 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അസ് സുമർ الزمر Az-Zumar

Surah 39 മക്കിയ്യ • مكية • Makkiyah 75 ആയത്തുകൾ • 75 Ayahs

സൂറത്ത് അസ് സുമർ (Az-Zumar), ഖുർആൻ അധ്യായം 39 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 75 ആയത്തുകൾ വായിക്കുക. Read Surah Az-Zumar with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

ഈ വേദഗ്രന്ഥത്തിന്റെ അവതരണം പ്രതാപശാലിയും അഗാധജ്ഞനുമായ അല്ലാഹുവിങ്കല്‍ നിന്നാണ്.

تَنزِيلُ ٱلۡكِتَٰبِ مِنَ ٱللَّهِ ٱلۡعَزِيزِ ٱلۡحَكِيمِ ۝١
2

നിശ്ചയമായും ഈ ഗ്രന്ഥം താങ്കള്‍ക്ക് നാം സത്യം സ്ഥിരപ്പെടുത്തുവാനായി അവതരിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് ദീന്‍ അല്ലാഹുവിന് നിഷ്‌കളങ്കമാക്കിക്കൊണ്ട് താങ്കള്‍ അവന് ഇബാദത്ത് ചെയ്യുക.

إِنَّآ أَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ فَٱعۡبُدِ ٱللَّهَ مُخۡلِصٗا لَّهُ ٱلدِّينَ ۝٢
3

അറിയുക, നിഷ്‌കളങ്കമായ ദീന്‍ (മതം) അല്ലാഹുവിനുള്ളതാണ്. അല്ലാഹുവിനെക്കൂടാതെ ആരാധ്യവസ്തുക്കളെ സ്വീകരിച്ചവരാകട്ടെ (അവര്‍ പറയുന്നു:) 'അല്ലാഹുവിങ്കലേക്ക് അവര്‍ ഞങ്ങളെ ശരിയായി അടുപ്പിച്ചുതരുവാനായി മാത്രമാണ് ഞങ്ങള്‍ അവരെ ആരാധിക്കുന്നത്.' അവര്‍ ഏതൊന്നില്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്നുവോ അതില്‍ (മതകാര്യത്തില്‍) നിശ്ചയമായും അല്ലാഹു അവര്‍ക്കിടയില്‍ വിധി കല്‍പിക്കുന്നതാണ്. കള്ളം പറയുകയും സത്യത്തെ പാടെ നിഷേധിക്കുകയും ചെയ്യുന്നവരെ അല്ലാഹു നേര്‍മാര്‍ഗത്തിലാക്കുകയേയില്ല.

أَلَا لِلَّهِ ٱلدِّينُ ٱلۡخَالِصُۚ وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ مَا نَعۡبُدُهُمۡ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلۡفَىٰٓ إِنَّ ٱللَّهَ يَحۡكُمُ بَيۡنَهُمۡ فِي مَا هُمۡ فِيهِ يَخۡتَلِفُونَۗ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ كَٰذِبٞ كَفَّارٞ ۝٣
4

സന്താനത്തെ സ്വീകരിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ താന്‍ സൃഷ്ടിക്കുന്നതില്‍ നിന്നുതന്നെ ഉദ്ദേശിക്കുന്നത് അവന്‍ തെരഞ്ഞെടുക്കുമായിരുന്നു. അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ ഏകനും സര്‍വാധിപതിയുമായ അല്ലാഹുവാകുന്നു.

لَّوۡ أَرَادَ ٱللَّهُ أَن يَتَّخِذَ وَلَدٗا لَّٱصۡطَفَىٰ مِمَّا يَخۡلُقُ مَا يَشَآءُۚ سُبۡحَٰنَهُۥۖ هُوَ ٱللَّهُ ٱلۡوَٰحِدُ ٱلۡقَهَّارُ ۝٤
5

അവന്‍ ആകാശഭൂമികളെ സത്യസമേതം സൃഷ്ടിച്ചിരിക്കുന്നു. രാവിനെ പകലിന്മേലും പകലിനെ രാവിന്മേലും അവന്‍ ചുറ്റിപ്പൊതിയുന്നു; സൂര്യനെയും ചന്ദ്രനെയും കീഴ്‌പ്പെടുത്തിവെക്കുകയും ചെയ്തിരിക്കുന്നു. അവയെല്ലാം തന്നെ ഒരു നിശ്ചിത അവധി വരേക്കും സഞ്ചരിച്ചുകൊണ്ടിരിക്കും. അറിയുക: അവന്‍ പ്രതാപശാലിയും വളരെ പൊറുക്കുന്നവനുമാകുന്നു.

خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّۖ يُكَوِّرُ ٱلَّيۡلَ عَلَى ٱلنَّهَارِ وَيُكَوِّرُ ٱلنَّهَارَ عَلَى ٱلَّيۡلِۖ وَسَخَّرَ ٱلشَّمۡسَ وَٱلۡقَمَرَۖ كُلّٞ يَجۡرِي لِأَجَلٖ مُّسَمًّىۗ أَلَا هُوَ ٱلۡعَزِيزُ ٱلۡغَفَّٰرُ ۝٥
6

അവന്‍ നിങ്ങളെ ഒരൊറ്റ ദേഹത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. പിന്നെ, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെ അവനുണ്ടാക്കി. കന്നുകാലികളില്‍ നിന്ന് എട്ടുതരം ഇണകളെയും അവന്‍ നിങ്ങള്‍ക്കു വേണ്ടി സൃഷ്ടിച്ചുതന്നു. നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ ഒരു തരം സൃഷ്ടിപ്പിനു ശേഷം മറ്റൊരു തരം സൃഷ്ടിപ്പായിക്കൊണ്ട്, മൂന്ന് ഇരുട്ടുകളിലായി അവന്‍ നിങ്ങളെ സൃഷ്ടിക്കുന്നു. അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനുള്ളതാണ് (എല്ലാ വസ്തുക്കളുടെയും) ആധിപത്യം. അവനല്ലാതെ ഒരു ഇലാഹുമില്ല. എന്നിരിക്കെ (ഈ യാഥാര്‍ഥ്യത്തില്‍ നിന്ന്) നിങ്ങള്‍ എങ്ങനെയാണ് തിരിക്കപ്പെടുന്നത്?

خَلَقَكُم مِّن نَّفۡسٖ وَٰحِدَةٖ ثُمَّ جَعَلَ مِنۡهَا زَوۡجَهَا وَأَنزَلَ لَكُم مِّنَ ٱلۡأَنۡعَٰمِ ثَمَٰنِيَةَ أَزۡوَٰجٖۚ يَخۡلُقُكُمۡ فِي بُطُونِ أُمَّهَٰتِكُمۡ خَلۡقٗا مِّنۢ بَعۡدِ خَلۡقٖ فِي ظُلُمَٰتٖ ثَلَٰثٖۚ ذَٰلِكُمُ ٱللَّهُ رَبُّكُمۡ لَهُ ٱلۡمُلۡكُۖ لَآ إِلَٰهَ إِلَّا هُوَۖ فَأَنَّىٰ تُصۡرَفُونَ ۝٦
7

നിങ്ങള്‍ നന്ദികേട് കാണിക്കുന്നുവെങ്കില്‍ നിശ്ചയമായും അല്ലാഹു നിങ്ങളെ സംബന്ധിച്ച് നിരാശ്രയനാകുന്നു. അവന്റെ അടിമകള്‍ക്ക് നന്ദികേടിനെ അവന്‍ തൃപ്തിപ്പെടുകയില്ല. നിങ്ങള്‍ നന്ദി കാട്ടുന്നപക്ഷം അത് നിങ്ങള്‍ക്കുവേണ്ടി അവന്‍ തൃപ്തിപ്പെടുന്നതാണ്. കുറ്റം ചുമക്കുന്ന ഒരു ദേഹവും മറ്റൊന്നിന്റെ കുറ്റം ചുമക്കുകയില്ല. അവസാനം നിങ്ങളുടെ രക്ഷിതാവിങ്കലേക്കാണ് നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അവന്‍ നിങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്. നിശ്ചയമായും അവന്‍ ഹൃദയങ്ങളിലുള്ളതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു.

إِن تَكۡفُرُواْ فَإِنَّ ٱللَّهَ غَنِيٌّ عَنكُمۡۖ وَلَا يَرۡضَىٰ لِعِبَادِهِ ٱلۡكُفۡرَۖ وَإِن تَشۡكُرُواْ يَرۡضَهُ لَكُمۡۗ وَلَا تَزِرُ وَازِرَةٞ وِزۡرَ أُخۡرَىٰۚ ثُمَّ إِلَىٰ رَبِّكُم مَّرۡجِعُكُمۡ فَيُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَۚ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ ۝٧
8

മനുഷ്യനെ വല്ല വിഷമവും ബാധിച്ചാല്‍ അവന്‍ തന്റെ രക്ഷിതാവിങ്കലേക്ക് മടങ്ങിക്കൊണ്ട് അവനോട് പ്രാര്‍ഥിക്കും. പിന്നീട് അവന്‍ തന്റെ പക്കല്‍നിന്ന് വല്ല അനുഗ്രഹവും അവന് ദാനമായി കൊടുത്താല്‍ താന്‍ മുമ്പ് എന്തിനുവേണ്ടി പ്രാര്‍ഥിച്ചിരുന്നുവോ അതവന്‍ വിസ്മരിച്ചുകളയുകയായി. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തെറ്റിക്കുവാനായി അല്ലാഹുവിന് അവന്‍ ചില പങ്കുകാരെ ആക്കുകയും ചെയ്യും. (നബിയേ,) പറയുക: 'നിന്റെ സത്യനിഷേധം കൊണ്ട് അല്‍പകാലം നീ സുഖമെടുത്തുകൊള്ളുക. നിശ്ചയമായും നീ നരകക്കാരില്‍ പെട്ടവനാണ്.'

۞ وَإِذَا مَسَّ ٱلۡإِنسَٰنَ ضُرّٞ دَعَا رَبَّهُۥ مُنِيبًا إِلَيۡهِ ثُمَّ إِذَا خَوَّلَهُۥ نِعۡمَةٗ مِّنۡهُ نَسِيَ مَا كَانَ يَدۡعُوٓاْ إِلَيۡهِ مِن قَبۡلُ وَجَعَلَ لِلَّهِ أَندَادٗا لِّيُضِلَّ عَن سَبِيلِهِۦۚ قُلۡ تَمَتَّعۡ بِكُفۡرِكَ قَلِيلًا إِنَّكَ مِنۡ أَصۡحَٰبِ ٱلنَّارِ ۝٨
9

(അങ്ങനെയുള്ള മനുഷ്യനാണോ ഉത്തമന്‍?) അതല്ല, പരലോകത്തെ ഭയപ്പെടുകയും തന്റെ രക്ഷിതാവിന്റെ കാരുണ്യത്തെ ആഗ്രഹിക്കുകയും ചെയ്തുകൊണ്ട് രാത്രി സമയങ്ങളില്‍ സുജൂദ് ചെയ്യുന്നവനായും നില്‍ക്കുന്നവനായും (നിസ്‌കരിക്കുന്നവനായി) അനുസരണത്തിന്റെ മുറയനുസരിച്ച് നില്‍ക്കുന്നവനോ? (ഈ രണ്ടില്‍ ആരാണ് ഉത്തമന്‍?) പറയുക: 'അറിയുന്നവരും അറിയാത്തവരും സമമാകുമോ?' ബുദ്ധിമാന്മാര്‍ മാത്രമേ ചിന്തിക്കുകയുള്ളൂ.

أَمَّنۡ هُوَ قَٰنِتٌ ءَانَآءَ ٱلَّيۡلِ سَاجِدٗا وَقَآئِمٗا يَحۡذَرُ ٱلۡأٓخِرَةَ وَيَرۡجُواْ رَحۡمَةَ رَبِّهِۦۗ قُلۡ هَلۡ يَسۡتَوِي ٱلَّذِينَ يَعۡلَمُونَ وَٱلَّذِينَ لَا يَعۡلَمُونَۗ إِنَّمَا يَتَذَكَّرُ أُوْلُواْ ٱلۡأَلۡبَٰبِ ۝٩
10

(നബിയേ,) പറയുക: സത്യത്തില്‍ വിശ്വസിച്ച എന്റെ അടിമകളേ, നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുക. ഈ ലോകത്തുവെച്ച് നന്മ ചെയ്തവര്‍ക്ക് നന്മയുണ്ട്. അല്ലാഹുവിന്റെ ഭൂമി വിശാലമാകുന്നു. നിശ്ചയമായും ക്ഷമാശീലര്‍ക്ക് അവരുടെ പ്രതിഫലം കണക്കില്ലാതെ നിറവേറ്റിക്കൊടുക്കപ്പെടുന്നതാണ്.

قُلۡ يَٰعِبَادِ ٱلَّذِينَ ءَامَنُواْ ٱتَّقُواْ رَبَّكُمۡۚ لِلَّذِينَ أَحۡسَنُواْ فِي هَٰذِهِ ٱلدُّنۡيَا حَسَنَةٞۗ وَأَرۡضُ ٱللَّهِ وَٰسِعَةٌۗ إِنَّمَا يُوَفَّى ٱلصَّٰبِرُونَ أَجۡرَهُم بِغَيۡرِ حِسَابٖ ۝١٠
11

പറയുക: മതത്തെ (അഥവാ കീഴ്‌വണക്കത്തെ) അല്ലാഹുവിന് നിഷ്‌കളങ്കമാക്കിയവനായി അവന് ഞാന്‍ ഇബാദത്ത് ചെയ്യണമെന്ന് നിശ്ചയമായും എന്നോട് കല്‍പിക്കപ്പെട്ടിരിക്കുന്നു.

قُلۡ إِنِّيٓ أُمِرۡتُ أَنۡ أَعۡبُدَ ٱللَّهَ مُخۡلِصٗا لَّهُ ٱلدِّينَ ۝١١
12

ഞാന്‍ മുസ്‌ലിംകളില്‍ ഒന്നാമനായിരിക്കുവാനും എന്നോട് കല്‍പിക്കപ്പെട്ടിരിക്കുന്നു.

وَأُمِرۡتُ لِأَنۡ أَكُونَ أَوَّلَ ٱلۡمُسۡلِمِينَ ۝١٢
13

പറയുക: എന്റെ രക്ഷിതാവിനോട് ഞാന്‍ എതിര് പ്രവര്‍ത്തിക്കുന്ന പക്ഷം ഒരു വമ്പിച്ച ദിവസത്തെ ശിക്ഷ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു.

قُلۡ إِنِّيٓ أَخَافُ إِنۡ عَصَيۡتُ رَبِّي عَذَابَ يَوۡمٍ عَظِيمٖ ۝١٣
14

പറയുക: എന്റെ മതത്തെ അല്ലാഹുവിന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവന് ഞാന്‍ ഇബാദത്ത് ചെയ്യുന്നു.

قُلِ ٱللَّهَ أَعۡبُدُ مُخۡلِصٗا لَّهُۥ دِينِي ۝١٤
15

എന്നാല്‍, അവനെ കൂടാതെ നിങ്ങള്‍ ഉദ്ദേശിച്ച വസ്തുക്കളെ നിങ്ങള്‍ ആരാധിച്ചുകൊള്ളുക. പറയുക: (പക്ഷേ,) തങ്ങള്‍ക്കുതന്നെയും തങ്ങളുടെ ബന്ധുക്കള്‍ക്കും ഖിയാമനാളില്‍ നഷ്ടം വരുത്തിവെച്ചവരാണ് നിശ്ചയമായും വലിയ നഷ്ടക്കാര്‍. അറിയുക, അതുതന്നെയാണ് പ്രത്യക്ഷമായ നഷ്ടം!

فَٱعۡبُدُواْ مَا شِئۡتُم مِّن دُونِهِۦۗ قُلۡ إِنَّ ٱلۡخَٰسِرِينَ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ وَأَهۡلِيهِمۡ يَوۡمَ ٱلۡقِيَٰمَةِۗ أَلَا ذَٰلِكَ هُوَ ٱلۡخُسۡرَانُ ٱلۡمُبِينُ ۝١٥
16

അവര്‍ക്ക് (നരകത്തില്‍) മേല്‍ഭാഗത്ത് അഗ്നികൊണ്ടുള്ള തട്ടുകളുണ്ട്. അവരുടെ താഴ്ഭാഗത്തുമുണ്ട് (അഗ്നി കൊണ്ടുള്ള) തട്ടുകള്‍. അതിനെ എടുത്തുകാട്ടിക്കൊണ്ട് അല്ലാഹു അവന്റെ അടിമകളെ ഭയപ്പെടുത്തുകയാണ്. അതുകൊണ്ട് എന്റെ അടിമകളേ, നിങ്ങള്‍ എന്നെ സൂക്ഷിക്കുക.

لَهُم مِّن فَوۡقِهِمۡ ظُلَلٞ مِّنَ ٱلنَّارِ وَمِن تَحۡتِهِمۡ ظُلَلٞۚ ذَٰلِكَ يُخَوِّفُ ٱللَّهُ بِهِۦ عِبَادَهُۥۚ يَٰعِبَادِ فَٱتَّقُونِ ۝١٦
17

ഥാഗൂത്തിനെ ആരാധിക്കുന്നതിനെ ആര്‍ വര്‍ജ്ജിക്കുകയും അല്ലാഹുവിങ്കലേക്ക് മടങ്ങുകയും ചെയ്തിട്ടുണ്ടോ അവര്‍ക്ക് സന്തോഷവാര്‍ത്തയുണ്ട്. അതുകൊണ്ട് (നബിയേ,) എന്റെ അടിമകളോട് സന്തോഷവാര്‍ത്ത അറിയിക്കുക.

وَٱلَّذِينَ ٱجۡتَنَبُواْ ٱلطَّٰغُوتَ أَن يَعۡبُدُوهَا وَأَنَابُوٓاْ إِلَى ٱللَّهِ لَهُمُ ٱلۡبُشۡرَىٰۚ فَبَشِّرۡ عِبَادِ ۝١٧
18

അതായത് വാക്ക് ശ്രദ്ധിച്ചുകേള്‍ക്കുകയും എന്നിട്ട് അതില്‍ നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക്. അക്കൂട്ടര്‍ അല്ലാഹു നേര്‍മാര്‍ഗം നല്‍കിയവരാണ്. അവര്‍ തന്നെയാണ് ബുദ്ധിമാന്മാരും.

ٱلَّذِينَ يَسۡتَمِعُونَ ٱلۡقَوۡلَ فَيَتَّبِعُونَ أَحۡسَنَهُۥٓۚ أُوْلَٰٓئِكَ ٱلَّذِينَ هَدَىٰهُمُ ٱللَّهُۖ وَأُوْلَٰٓئِكَ هُمۡ أُوْلُواْ ٱلۡأَلۡبَٰبِ ۝١٨
19

എന്നാല്‍ ശിക്ഷയുടെ വചനം ആരുടെ മേല്‍ സ്ഥിരപ്പെട്ടിരിക്കുന്നുവോ അവന്‍ (അതില്‍ നിന്ന് രക്ഷപ്പെട്ടവനെപ്പോലെയാകുമോ?) എന്നിരിക്കെ നരകത്തിലുള്ളവനെ താങ്കള്‍ രക്ഷപ്പെടുത്തുമോ?

أَفَمَنۡ حَقَّ عَلَيۡهِ كَلِمَةُ ٱلۡعَذَابِ أَفَأَنتَ تُنقِذُ مَن فِي ٱلنَّارِ ۝١٩
20

എന്നാല്‍, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചവരായി ജീവിച്ചവര്‍ക്കു മേല്‍ക്കുമേല്‍ തട്ടുതട്ടായി നിര്‍മിക്കപ്പെട്ടിട്ടുള്ള ചില മണിമാടങ്ങളുണ്ട്. അതിന്റെ താഴെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കും. ഇത് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല.

لَٰكِنِ ٱلَّذِينَ ٱتَّقَوۡاْ رَبَّهُمۡ لَهُمۡ غُرَفٞ مِّن فَوۡقِهَا غُرَفٞ مَّبۡنِيَّةٞ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۖ وَعۡدَ ٱللَّهِ لَا يُخۡلِفُ ٱللَّهُ ٱلۡمِيعَادَ ۝٢٠
21

നീ കണ്ടില്ലേ, അല്ലാഹു ആകാശത്തുനിന്ന് മഴ വര്‍ഷിച്ചു. എന്നിട്ട് അവനത് ഭൂമിയിലെ ഉറവിടങ്ങളില്‍ പ്രവേശിപ്പിച്ച് പിന്നെ അതുമൂലം വിവിധ വര്‍ണങ്ങളോടുകൂടിയ കൃഷി ഉല്‍പാദിപ്പിക്കുന്നു. പിന്നീട് അത് ഉണങ്ങിപ്പോകുന്നു. അപ്പോഴത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നെ അതിനെ അവന്‍ തുരുമ്പല്‍ (വൈക്കോല്‍) ആക്കുന്നു. നിശ്ചയമായും ഇതില്‍ ബുദ്ധിയുള്ളവര്‍ക്ക് ചിന്തിക്കുവാനുള്ള വകയുണ്ട്.

أَلَمۡ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَسَلَكَهُۥ يَنَٰبِيعَ فِي ٱلۡأَرۡضِ ثُمَّ يُخۡرِجُ بِهِۦ زَرۡعٗا مُّخۡتَلِفًا أَلۡوَٰنُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصۡفَرّٗا ثُمَّ يَجۡعَلُهُۥ حُطَٰمًاۚ إِنَّ فِي ذَٰلِكَ لَذِكۡرَىٰ لِأُوْلِي ٱلۡأَلۡبَٰبِ ۝٢١
22

എന്നാല്‍, അല്ലാഹു ഒരാളുടെ ഹൃദയം ഇസ്‌ലാമിലേക്ക് വിശാലമാക്കിക്കൊടുത്തു; അങ്ങനെ അവന്‍ തന്റെ രക്ഷിതാവില്‍ നിന്നുള്ള പ്രകാശത്തിലായിത്തീര്‍ന്നു. അങ്ങനെയുള്ളവന്‍ (അതിന് കടകവിരുദ്ധമായി നിലകൊള്ളുന്നവനെപ്പോലെയാകുമോ?) അപ്പോള്‍ അല്ലാഹുവിന്റെ സ്മരണ വിട്ട് ഹൃദയം കടുത്തുപോയിട്ടുള്ളവര്‍ക്ക് വമ്പിച്ച നാശം. അക്കൂട്ടര്‍ സ്പഷ്ടമായി ദുര്‍മാര്‍ഗത്തിലാകുന്നു.

أَفَمَن شَرَحَ ٱللَّهُ صَدۡرَهُۥ لِلۡإِسۡلَٰمِ فَهُوَ عَلَىٰ نُورٖ مِّن رَّبِّهِۦۚ فَوَيۡلٞ لِّلۡقَٰسِيَةِ قُلُوبُهُم مِّن ذِكۡرِ ٱللَّهِۚ أُوْلَٰٓئِكَ فِي ضَلَٰلٖ مُّبِينٍ ۝٢٢
23

തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ തൊലികള്‍ അതുമൂലം വിറക്കുന്നതാണ്. പിന്നീട് അവരുടെ തൊലികളും ഹൃദയങ്ങളും അല്ലാഹുവിന്റെ ദിക്‌റിലേക്ക് മയപ്പെടുകയും ചെയ്യും. അത് അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാകുന്നു. താന്‍ ഉദ്ദേശിച്ചവരെ അതുമൂലം അവന്‍ നേര്‍മാര്‍ഗത്തിലാക്കുന്നു. അല്ലാഹു വല്ലവനെയും വഴിതെറ്റിച്ചാല്‍ അവനെ നേര്‍വഴിയിലാക്കുന്ന ആരുമില്ല തന്നെ.

ٱللَّهُ نَزَّلَ أَحۡسَنَ ٱلۡحَدِيثِ كِتَٰبٗا مُّتَشَٰبِهٗا مَّثَانِيَ تَقۡشَعِرُّ مِنۡهُ جُلُودُ ٱلَّذِينَ يَخۡشَوۡنَ رَبَّهُمۡ ثُمَّ تَلِينُ جُلُودُهُمۡ وَقُلُوبُهُمۡ إِلَىٰ ذِكۡرِ ٱللَّهِۚ ذَٰلِكَ هُدَى ٱللَّهِ يَهۡدِي بِهِۦ مَن يَشَآءُۚ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادٍ ۝٢٣
24

ഖിയാമനാളില്‍ കടുത്ത ശിക്ഷയെ മുഖംകൊണ്ട് തടുക്കേണ്ടിവരുന്നവന്‍ (അന്നത്തെ ദിവസം നിര്‍ഭയനായിരിക്കുന്നവനെപ്പോലെ) ആകുമോ? (ഇല്ല.) നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് (അതിന്റെ പ്രതിഫലം) നിങ്ങള്‍ രുചിനോക്കിക്കൊള്ളുക എന്ന് (അന്ന്) അക്രമികളോട് പറയപ്പെടുന്നതാണ്.

أَفَمَن يَتَّقِي بِوَجۡهِهِۦ سُوٓءَ ٱلۡعَذَابِ يَوۡمَ ٱلۡقِيَٰمَةِۚ وَقِيلَ لِلظَّٰلِمِينَ ذُوقُواْ مَا كُنتُمۡ تَكۡسِبُونَ ۝٢٤
25

ഇവര്‍ക്കു മുമ്പുണ്ടായിരുന്നവരും സത്യത്തെ നിഷേധിച്ചു. തന്നിമിത്തം അവര്‍ അറിയാത്ത ഭാഗത്തുനിന്ന് അവര്‍ക്ക് ശിക്ഷ വന്നു.

كَذَّبَ ٱلَّذِينَ مِن قَبۡلِهِمۡ فَأَتَىٰهُمُ ٱلۡعَذَابُ مِنۡ حَيۡثُ لَا يَشۡعُرُونَ ۝٢٥
26

അങ്ങനെ ഇഹലോകജീവിതത്തില്‍ അല്ലാഹു അവര്‍ക്ക് ശിക്ഷ അനുഭവിപ്പിച്ചു. പരലോകശിക്ഷയാവട്ടെ, ഏറ്റവും വലുതാണുതാനും. അവര്‍ ബോധമുള്ളവരായിരുന്നുവെങ്കില്‍ (ഇതവര്‍ അനുഭവിക്കേണ്ടിവരുമായിരുന്നില്ല.)

فَأَذَاقَهُمُ ٱللَّهُ ٱلۡخِزۡيَ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَلَعَذَابُ ٱلۡأٓخِرَةِ أَكۡبَرُۚ لَوۡ كَانُواْ يَعۡلَمُونَ ۝٢٦
27

നിശ്ചയമായും ഈ ഖുര്‍ആനില്‍ ജനങ്ങള്‍ക്കുവേണ്ടി (ആവശ്യമായ) എല്ലാ ഉപമകളും നാം എടുത്തുകാണിച്ചിട്ടുണ്ട്. അവര്‍ ചിന്തിക്കുവാന്‍ വേണ്ടി.

وَلَقَدۡ ضَرَبۡنَا لِلنَّاسِ فِي هَٰذَا ٱلۡقُرۡءَانِ مِن كُلِّ مَثَلٖ لَّعَلَّهُمۡ يَتَذَكَّرُونَ ۝٢٧
28

(അതെ,) അറബി ഭാഷയിലുള്ള യാതൊരു വക്രതയുമില്ലാത്ത ഖുര്‍ആന്‍. അവര്‍ സൂക്ഷിക്കുവാന്‍ വേണ്ടിയാണ് (അങ്ങനെയെല്ലാം ചെയ്തിരിക്കുന്നത്.)

قُرۡءَانًا عَرَبِيًّا غَيۡرَ ذِي عِوَجٖ لَّعَلَّهُمۡ يَتَّقُونَ ۝٢٨
29

ഒരു പുരുഷനെ ഒരു ഉപമയായി അല്ലാഹു എടുത്തുകാട്ടുന്നു. പരസ്പരം വഴക്കടിക്കുന്ന കുറെ പങ്കാളികള്‍ അവനില്‍ (പങ്കുകാരായി) ഉണ്ട്. ഒരു പുരുഷനുമാത്രം തനിച്ചായുള്ള മറ്റൊരു പുരുഷനെയും (ഉപമയായി എടുത്തുകാട്ടുന്നു.) ഇവര്‍ രണ്ടുപേരും ഉപമയില്‍ സമമാകുമോ? (ഇല്ല.) എല്ലാ സ്തുതിയും അല്ലാഹുവിനത്രെ! പക്ഷേ, അധികമാളുകളും (യാഥാര്‍ഥ്യം) അറിയുന്നില്ല.

ضَرَبَ ٱللَّهُ مَثَلٗا رَّجُلٗا فِيهِ شُرَكَآءُ مُتَشَٰكِسُونَ وَرَجُلٗا سَلَمٗا لِّرَجُلٍ هَلۡ يَسۡتَوِيَانِ مَثَلًاۚ ٱلۡحَمۡدُ لِلَّهِۚ بَلۡ أَكۡثَرُهُمۡ لَا يَعۡلَمُونَ ۝٢٩
30

(നബിയേ,) നിശ്ചയമായും താങ്കള്‍ മരണപ്പെട്ടുപോകുന്ന ആളാണ്. അവരും മരണപ്പെട്ടുപോകുന്നവര്‍ തന്നെ.

إِنَّكَ مَيِّتٞ وَإِنَّهُم مَّيِّتُونَ ۝٣٠
31

പിന്നീട് നിശ്ചയമായും നിങ്ങള്‍ ഖിയാമനാളില്‍ നിങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ വഴക്കടിക്കുന്നതാണ്.

ثُمَّ إِنَّكُمۡ يَوۡمَ ٱلۡقِيَٰمَةِ عِندَ رَبِّكُمۡ تَخۡتَصِمُونَ ۝٣١
32

അപ്പോള്‍, അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയും തനിക്ക് സത്യം വന്നുകിട്ടിയപ്പോള്‍ അത് നിഷേധിക്കുകയും ചെയ്തവനേക്കാള്‍ അക്രമി ആരാണുള്ളത്! അങ്ങനെയുള്ള സത്യനിഷേധികളുടെ വാസസ്ഥലം നരകത്തില്‍ അല്ലയോ? അതെ, (തീര്‍ച്ച.)

۞ فَمَنۡ أَظۡلَمُ مِمَّن كَذَبَ عَلَى ٱللَّهِ وَكَذَّبَ بِٱلصِّدۡقِ إِذۡ جَآءَهُۥٓۚ أَلَيۡسَ فِي جَهَنَّمَ مَثۡوٗى لِّلۡكَٰفِرِينَ ۝٣٢
33

സത്യം കൊണ്ടുവരികയും അത് സത്യമാ(ക്കി വിശ്വസി)ക്കുകയും ചെയ്തവരാരോ അവര്‍ തന്നെയാണ് ദോഷബാധയെ സൂക്ഷിക്കുന്നവര്‍.

وَٱلَّذِي جَآءَ بِٱلصِّدۡقِ وَصَدَّقَ بِهِۦٓ أُوْلَٰٓئِكَ هُمُ ٱلۡمُتَّقُونَ ۝٣٣
34

അവര്‍ക്ക് ഉദ്ദേശിക്കുന്നത് തങ്ങളുടെ രക്ഷിതാവിങ്കലുണ്ട്. സുകൃതം ചെയ്തവരുടെ പ്രതിഫലമാണത്.

لَهُم مَّا يَشَآءُونَ عِندَ رَبِّهِمۡۚ ذَٰلِكَ جَزَآءُ ٱلۡمُحۡسِنِينَ ۝٣٤
35

അവര്‍ പ്രവര്‍ത്തിച്ചതില്‍ നിന്നുള്ള ചീത്ത കാര്യങ്ങളെ അല്ലാഹു മാപ്പ് ചെയ്തുകൊടുക്കുവാനും അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിലെ നല്ലതിനനുസരിച്ച് അവര്‍ക്ക് പ്രതിഫലം കൊടുക്കുന്നതിനും വേണ്ടി(യത്രെ അത്).

لِيُكَفِّرَ ٱللَّهُ عَنۡهُمۡ أَسۡوَأَ ٱلَّذِي عَمِلُواْ وَيَجۡزِيَهُمۡ أَجۡرَهُم بِأَحۡسَنِ ٱلَّذِي كَانُواْ يَعۡمَلُونَ ۝٣٥
36

അല്ലാഹു അവന്റെ അടിമക്ക് മതിയായവനല്ലേ? (നബിയേ,) അവനു പുറമെയുള്ളവരെക്കൊണ്ട് അവര്‍ താങ്കളെ ഭയപ്പെടുത്തുന്നു. അല്ലാഹു ആരെ വഴിപിഴപ്പിച്ചിരിക്കുന്നുവോ അവനെ നേര്‍മാര്‍ഗത്തിലാക്കുന്നവരാരുമില്ല.

أَلَيۡسَ ٱللَّهُ بِكَافٍ عَبۡدَهُۥۖ وَيُخَوِّفُونَكَ بِٱلَّذِينَ مِن دُونِهِۦۚ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادٖ ۝٣٦
37

അല്ലാഹു ആരെയെങ്കിലും നേര്‍വഴിയിലാക്കിയാല്‍ അവനെ വഴിതെറ്റിക്കുന്നവനുമില്ല. അല്ലാഹു പ്രതാപശാലിയും ശിക്ഷാനടപടി എടുക്കുന്നവനുമല്ലേ?

وَمَن يَهۡدِ ٱللَّهُ فَمَا لَهُۥ مِن مُّضِلٍّۗ أَلَيۡسَ ٱللَّهُ بِعَزِيزٖ ذِي ٱنتِقَامٖ ۝٣٧
38

ആകാശഭൂമികളെ സൃഷ്ടിച്ചതാരാണെന്ന് താങ്കള്‍ അവരോട് ചോദിക്കുന്നതായാല്‍, അല്ലാഹു തന്നെ എന്ന് അവര്‍ പറയുക തന്നെ ചെയ്യും. താങ്കള്‍ പറയുക: എങ്കില്‍ അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധിക്കുന്നവയെപ്പറ്റി എനിക്കൊന്ന് പറഞ്ഞുതരുവീന്‍. എനിക്കൊരു വിഷമം വരുത്തിവെക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം അവന്‍ വരുത്തിവെക്കുന്ന വിഷമം അകറ്റുന്നവയാണോ അവ? അല്ലെങ്കില്‍ അവന്‍ എനിക്ക് വല്ല കാരുണ്യത്തെയും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ കാരുണ്യത്തെ പിടിച്ചുവെക്കുന്നവയാണോ അവ? പ്രഖ്യാപിക്കുക: എനിക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുന്നവര്‍ അവന്റെ മേല്‍തന്നെ ഭരമേല്‍പിക്കേണ്ടതാണ്.

وَلَئِن سَأَلۡتَهُم مَّنۡ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ لَيَقُولُنَّ ٱللَّهُۚ قُلۡ أَفَرَءَيۡتُم مَّا تَدۡعُونَ مِن دُونِ ٱللَّهِ إِنۡ أَرَادَنِيَ ٱللَّهُ بِضُرٍّ هَلۡ هُنَّ كَٰشِفَٰتُ ضُرِّهِۦٓ أَوۡ أَرَادَنِي بِرَحۡمَةٍ هَلۡ هُنَّ مُمۡسِكَٰتُ رَحۡمَتِهِۦۚ قُلۡ حَسۡبِيَ ٱللَّهُۖ عَلَيۡهِ يَتَوَكَّلُ ٱلۡمُتَوَكِّلُونَ ۝٣٨
39

പറയുക: എന്റെ ജനങ്ങളേ, നിങ്ങളുടെ നിലപാടനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുക. ഞാന്‍ (എന്റെ നിലപാടനുസരിച്ചും) പ്രവര്‍ത്തിക്കുന്നവനാണ്. എന്നാല്‍, പിന്നീട് നിങ്ങള്‍ക്ക് മനസ്സിലാകും.

قُلۡ يَٰقَوۡمِ ٱعۡمَلُواْ عَلَىٰ مَكَانَتِكُمۡ إِنِّي عَٰمِلٞۖ فَسَوۡفَ تَعۡلَمُونَ ۝٣٩
40

തന്നെ അപമാനിക്കുന്ന ശിക്ഷ വന്നെത്തുകയും തന്റെമേല്‍ ശാശ്വതമായ ശിക്ഷ വന്നിറങ്ങുകയും ചെയ്യുന്നത് ആര്‍ക്കായിരിക്കുമെന്ന്.

مَن يَأۡتِيهِ عَذَابٞ يُخۡزِيهِ وَيَحِلُّ عَلَيۡهِ عَذَابٞ مُّقِيمٌ ۝٤٠
41

(നബിയേ,) നിശ്ചയമായും ജനങ്ങള്‍ക്കുവേണ്ടി സത്യസമേതം ഈ വേദഗ്രന്ഥം താങ്കള്‍ക്ക് നാം ഇറക്കിത്തന്നിരിക്കുന്നു. അതുകൊണ്ട് വല്ലവനും സന്മാര്‍ഗം പ്രാപിച്ചാല്‍ അതിന്റെ നേട്ടം അവനുതന്നെയാണ്. ആരെങ്കിലും വഴി തെറ്റിയാല്‍ അതിന്റെ ദോഷവും അവനുതന്നെ. താങ്കള്‍ അവരുടെ മേല്‍ ബാധ്യത ഏല്‍പിക്കപ്പെട്ട ആളേയല്ല.

إِنَّآ أَنزَلۡنَا عَلَيۡكَ ٱلۡكِتَٰبَ لِلنَّاسِ بِٱلۡحَقِّۖ فَمَنِ ٱهۡتَدَىٰ فَلِنَفۡسِهِۦۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيۡهَاۖ وَمَآ أَنتَ عَلَيۡهِم بِوَكِيلٍ ۝٤١
42

ആത്മാക്കളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണമായി പിടിച്ചെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും (അവന്‍ പിടിച്ചെടുക്കുന്നു). എന്നിട്ട് മരണം വിധിച്ച ആത്മാക്കളെ അവന്‍ (വിട്ടയക്കാതെ) പിടിച്ചുവെക്കും. മറ്റേതിനെ ഒരു നിശ്ചിത അവധിവരെ വിട്ടയക്കുകയും ചെയ്യുന്നു. ചിന്തിക്കുന്ന ജനതക്ക് നിശ്ചയമായും ഇതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.

ٱللَّهُ يَتَوَفَّى ٱلۡأَنفُسَ حِينَ مَوۡتِهَا وَٱلَّتِي لَمۡ تَمُتۡ فِي مَنَامِهَاۖ فَيُمۡسِكُ ٱلَّتِي قَضَىٰ عَلَيۡهَا ٱلۡمَوۡتَ وَيُرۡسِلُ ٱلۡأُخۡرَىٰٓ إِلَىٰٓ أَجَلٖ مُّسَمًّىۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَتَفَكَّرُونَ ۝٤٢
43

അതല്ല, അല്ലാഹുവിനുപുറമെ അവര്‍ ചില ശുപാര്‍ശക്കാരെ സ്ഥാപിച്ചിരിക്കയാണോ? താങ്കള്‍ പറയുക: അവര്‍ (ആ ശുപാര്‍ശകര്‍) ഒന്നും സ്വാധീനമാക്കാത്തവരും ഒന്നും അറിയാത്തവരും ആയിരുന്നാലും (അവരെ ശുപാര്‍ശക്കാരാക്കി വെക്കുകയാണോ?).

أَمِ ٱتَّخَذُواْ مِن دُونِ ٱللَّهِ شُفَعَآءَۚ قُلۡ أَوَلَوۡ كَانُواْ لَا يَمۡلِكُونَ شَيۡـٔٗا وَلَا يَعۡقِلُونَ ۝٤٣
44

താങ്കള്‍ പറയുക: അല്ലാഹുവിനാണ് ശുപാര്‍ശ മുഴുവനും. (അവന്റെ ഹിതമനുസരിച്ചേ അത് നടക്കൂ.) ആകാശഭൂമികളുടെ ആധിപത്യം അവനുതന്നെയാണ്. പിന്നീട് അവങ്കലേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.

قُل لِّلَّهِ ٱلشَّفَٰعَةُ جَمِيعٗاۖ لَّهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ ثُمَّ إِلَيۡهِ تُرۡجَعُونَ ۝٤٤
45

അല്ലാഹുവെ മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വസിക്കാത്തവരുടെ ഹൃദയങ്ങള്‍ അറച്ചുചുളുങ്ങുന്നതാണ്; അവന് പുറമെയുള്ളവരെപ്പറ്റി പറയപ്പെട്ടാല്‍ അന്നേരം അവരതാ സന്തുഷ്ടരായിത്തീരുന്നു!

وَإِذَا ذُكِرَ ٱللَّهُ وَحۡدَهُ ٱشۡمَأَزَّتۡ قُلُوبُ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِۖ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمۡ يَسۡتَبۡشِرُونَ ۝٤٥
46

(നബിയേ,) പറയുക: ആകാശഭൂമികളെ സൃഷ്ടിച്ചവനും അദൃശ്യകാര്യങ്ങളെയും ദൃശ്യകാര്യങ്ങളെയും അറിയുന്നവനുമായ അല്ലാഹുവേ, നിന്റെ അടിമകള്‍ക്കിടയില്‍ അവര്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന വിഷയത്തില്‍ നീ തന്നെ വിധി കല്‍പ്പിക്കുന്നതാണ്.

قُلِ ٱللَّهُمَّ فَاطِرَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ عَٰلِمَ ٱلۡغَيۡبِ وَٱلشَّهَٰدَةِ أَنتَ تَحۡكُمُ بَيۡنَ عِبَادِكَ فِي مَا كَانُواْ فِيهِ يَخۡتَلِفُونَ ۝٤٦
47

അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് ഭൂമിയിലുള്ളതൊക്കെയും അതോടുകൂടി അതിന്റെയത്ര വേറെയും ഉണ്ടായിരുന്നാലും ഖിയാമനാളില്‍ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുവാന്‍ അവരത് മുഴുവനും ദണ്ഡം കൊടുത്തേക്കുമായിരുന്നു. അവര്‍ വിചാരിക്കാത്ത ചിലത് അല്ലാഹുവിങ്കല്‍ നിന്ന് അവര്‍ക്ക് വെളിവാകുന്നു.

وَلَوۡ أَنَّ لِلَّذِينَ ظَلَمُواْ مَا فِي ٱلۡأَرۡضِ جَمِيعٗا وَمِثۡلَهُۥ مَعَهُۥ لَٱفۡتَدَوۡاْ بِهِۦ مِن سُوٓءِ ٱلۡعَذَابِ يَوۡمَ ٱلۡقِيَٰمَةِۚ وَبَدَا لَهُم مِّنَ ٱللَّهِ مَا لَمۡ يَكُونُواْ يَحۡتَسِبُونَ ۝٤٧
48

അവര്‍ പ്രവര്‍ത്തിച്ചതിന്റെ ദോഷഫലങ്ങളും അവര്‍ക്ക് വെളിപ്പെടും. അവര്‍ പരിഹസിച്ചുകൊണ്ടിരുന്നത് (ശിക്ഷ) അവരെ വലയം ചെയ്യുന്നതുമാണ്.

وَبَدَا لَهُمۡ سَيِّـَٔاتُ مَا كَسَبُواْ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ ۝٤٨
49

എന്നാല്‍, മനുഷ്യന് വല്ല വിപത്തും ബാധിച്ചാല്‍ അവന്‍ നമ്മോട് പ്രാര്‍ഥിക്കും. പിന്നീട് നമ്മുടെ പക്കല്‍നിന്നുള്ള വല്ല അനുഗ്രഹവും നാം അവന് പ്രദാനം ചെയ്താല്‍ അവന്‍ പറയും: മഹത്തായ അറിവോടെത്തന്നെയാണ് നിശ്ചയമായും എനിക്കിത് നല്‍കപ്പെട്ടിരിക്കുന്നത്. എന്നാല്‍ അതൊരു പരീക്ഷണമാണ്. പക്ഷേ, അവരില്‍ അധികപേരും അതറിയുന്നില്ല.

فَإِذَا مَسَّ ٱلۡإِنسَٰنَ ضُرّٞ دَعَانَا ثُمَّ إِذَا خَوَّلۡنَٰهُ نِعۡمَةٗ مِّنَّا قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلۡمِۭۚ بَلۡ هِيَ فِتۡنَةٞ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ ۝٤٩
50

ഇവരുടെ മുമ്പുള്ളവരും ഇങ്ങനെയുള്ള വാക്ക് പറഞ്ഞിട്ടുണ്ട്. എന്നിട്ട് അവര്‍ പ്രവര്‍ത്തിച്ചിരുന്നതൊന്നും അവര്‍ക്ക് പ്രയോജനപ്പെട്ടിട്ടില്ല.

قَدۡ قَالَهَا ٱلَّذِينَ مِن قَبۡلِهِمۡ فَمَآ أَغۡنَىٰ عَنۡهُم مَّا كَانُواْ يَكۡسِبُونَ ۝٥٠
51

അങ്ങനെ അവര്‍ പ്രവര്‍ത്തിച്ചതിന്റെ ദോഷഫലം അവരെ ബാധിച്ചു. (അപ്രകാരം) ഇക്കൂട്ടരില്‍ (ഖുറൈശില്‍) നിന്ന് അക്രമം പ്രവര്‍ത്തിച്ചവരാരോ അവര്‍ പ്രവര്‍ത്തിച്ചതിന്റെ ദോഷഫലങ്ങള്‍ അടുത്തുതന്നെ അവരെയും ബാധിക്കും. അവരാരും അല്ലാഹുവെ പരാജയപ്പെടുത്തുന്നവരല്ല.

فَأَصَابَهُمۡ سَيِّـَٔاتُ مَا كَسَبُواْۚ وَٱلَّذِينَ ظَلَمُواْ مِنۡ هَٰٓؤُلَآءِ سَيُصِيبُهُمۡ سَيِّـَٔاتُ مَا كَسَبُواْ وَمَا هُم بِمُعۡجِزِينَ ۝٥١
52

അവര്‍ക്കറിഞ്ഞുകൂടേ, നിശ്ചയമായും അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആഹാരം സമൃദ്ധിയായി നല്‍കുകയും (ഉദ്ദേശിക്കുന്നവര്‍ക്ക്) കുടുസ്സാക്കുകയും ചെയ്യുന്നു എന്ന്. വിശ്വസിക്കുന്ന ജനതക്ക് അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്, തീര്‍ച്ച.

أَوَلَمۡ يَعۡلَمُوٓاْ أَنَّ ٱللَّهَ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يُؤۡمِنُونَ ۝٥٢
53

(നബിയേ, എന്റെ അടിമകളോട് ഞാന്‍ പ്രസ്താവിച്ചതായി) പറയുക: തങ്ങളുടെ സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചിട്ടുള്ള എന്റെ അടിമകളേ, നിങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിരാശപ്പെട്ടുപോകരുത്. അല്ലാഹു പാപങ്ങള്‍ മുഴുവനും പൊറുത്തുതരിക തന്നെ ചെയ്യും. നിശ്ചയമായും അവന്‍ തന്നെയാണ് വളരെ പൊറുക്കുന്നവനും പരമകാരുണികനും.

۞ قُلۡ يَٰعِبَادِيَ ٱلَّذِينَ أَسۡرَفُواْ عَلَىٰٓ أَنفُسِهِمۡ لَا تَقۡنَطُواْ مِن رَّحۡمَةِ ٱللَّهِۚ إِنَّ ٱللَّهَ يَغۡفِرُ ٱلذُّنُوبَ جَمِيعًاۚ إِنَّهُۥ هُوَ ٱلۡغَفُورُ ٱلرَّحِيمُ ۝٥٣
54

നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിനുമുമ്പായി നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടങ്ങുകയും അവന് കീഴൊതുങ്ങി ജീവിക്കുകയും ചെയ്തുകൊള്ളുക. (അതുവന്നാല്‍) പിന്നെ നിങ്ങള്‍ക്ക് സഹായം ലഭിക്കുകയില്ല.

وَأَنِيبُوٓاْ إِلَىٰ رَبِّكُمۡ وَأَسۡلِمُواْ لَهُۥ مِن قَبۡلِ أَن يَأۡتِيَكُمُ ٱلۡعَذَابُ ثُمَّ لَا تُنصَرُونَ ۝٥٤
55

ഓര്‍ക്കാത്ത നിലയില്‍ പെട്ടെന്ന് ശിക്ഷ നിങ്ങള്‍ക്ക് വന്നെത്തുന്നതിനു മുമ്പായി നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതില്‍ നല്ലതിനെ നിങ്ങള്‍ പിന്‍പറ്റുക;

وَٱتَّبِعُوٓاْ أَحۡسَنَ مَآ أُنزِلَ إِلَيۡكُم مِّن رَّبِّكُم مِّن قَبۡلِ أَن يَأۡتِيَكُمُ ٱلۡعَذَابُ بَغۡتَةٗ وَأَنتُمۡ لَا تَشۡعُرُونَ ۝٥٥
56

വല്ല ഒരാളും പറയു(വാന്‍ ഇടവരു)ന്നതിനു മുമ്പ്: ഹാ, അല്ലാഹുവിന്റെ ഭാഗത്ത് ഞാന്‍ (ചെയ്യേണ്ട ബാധ്യതയില്‍) വീഴ്ച വരുത്തിയതില്‍ എന്റെ കഷ്ടമേ, നിശ്ചയമായും ഞാന്‍ പരിഹസിക്കുന്നവരില്‍ പെട്ടവനായല്ലോ.

أَن تَقُولَ نَفۡسٞ يَٰحَسۡرَتَىٰ عَلَىٰ مَا فَرَّطتُ فِي جَنۢبِ ٱللَّهِ وَإِن كُنتُ لَمِنَ ٱلسَّٰخِرِينَ ۝٥٦
57

അല്ലെങ്കില്‍ അയാളിങ്ങനെ പറയുന്നതിനുമുമ്പ്: അല്ലാഹു എന്നെ മാര്‍ഗദര്‍ശനം ചെയ്തിരുന്നുവെങ്കില്‍ ഞാന്‍ സൂക്ഷ്മത കാണിക്കുന്നവരില്‍ പെട്ടവനാകുമായിരുന്നു.

أَوۡ تَقُولَ لَوۡ أَنَّ ٱللَّهَ هَدَىٰنِي لَكُنتُ مِنَ ٱلۡمُتَّقِينَ ۝٥٧
58

അല്ലെങ്കില്‍ അയാള്‍ ശിക്ഷ കാണുന്ന സമയം പറയുന്നതിനുമുമ്പ്: എനിക്ക് (ഇഹലോകത്തേക്ക്) ഒരു മടക്കം ലഭിച്ചിരുന്നുവെങ്കില്‍! എന്നാല്‍ ഞാന്‍ സുകൃതരില്‍ പെട്ടവനാകുമായിരുന്നല്ലോ.

أَوۡ تَقُولَ حِينَ تَرَى ٱلۡعَذَابَ لَوۡ أَنَّ لِي كَرَّةٗ فَأَكُونَ مِنَ ٱلۡمُحۡسِنِينَ ۝٥٨
59

അതെ, എന്റെ ആയത്തുകള്‍ നിനക്ക് വന്നെത്തുകതന്നെ ചെയ്തു. എന്നിട്ട് നീ അവ നിഷേധിക്കുകയും അഹങ്കരിക്കുകയുമാണുണ്ടായത്; നീ സത്യനിഷേധികളില്‍ പെട്ടവനായിത്തീരുകയും ചെയ്തു എന്ന് അയാളോട് പറയപ്പെട്ടു.

بَلَىٰ قَدۡ جَآءَتۡكَ ءَايَٰتِي فَكَذَّبۡتَ بِهَا وَٱسۡتَكۡبَرۡتَ وَكُنتَ مِنَ ٱلۡكَٰفِرِينَ ۝٥٩
60

ഖിയാമനാളിലാകട്ടെ, അല്ലാഹുവിന്റെ പേരില്‍ കള്ളം പറഞ്ഞവരെ, അവരുടെ മുഖങ്ങള്‍ കറുത്തിരുണ്ടതായി താങ്കള്‍ കാണുന്നതാണ്. അഹങ്കാരികള്‍ക്കുള്ള വാസസ്ഥലം നരകത്തിലല്ലയോ!

وَيَوۡمَ ٱلۡقِيَٰمَةِ تَرَى ٱلَّذِينَ كَذَبُواْ عَلَى ٱللَّهِ وُجُوهُهُم مُّسۡوَدَّةٌۚ أَلَيۡسَ فِي جَهَنَّمَ مَثۡوٗى لِّلۡمُتَكَبِّرِينَ ۝٦٠
61

സൂക്ഷ്മത പാലിച്ചവരെ, അവര്‍ വിജയം നേടിയ കാരണത്താല്‍ അല്ലാഹു രക്ഷപ്പെടുത്തുന്നതാണ്. അവരെ യാതൊരു തിന്മയും സ്പര്‍ശിക്കയില്ല. അവര്‍ വ്യസനിക്കുകയുമില്ല.

وَيُنَجِّي ٱللَّهُ ٱلَّذِينَ ٱتَّقَوۡاْ بِمَفَازَتِهِمۡ لَا يَمَسُّهُمُ ٱلسُّوٓءُ وَلَا هُمۡ يَحۡزَنُونَ ۝٦١
62

അല്ലാഹു എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചവനാണ്. അവന്‍ സര്‍വ കാര്യങ്ങളിലും കൈകാര്യം നടത്തുന്നവനുമാണ്.

ٱللَّهُ خَٰلِقُ كُلِّ شَيۡءٖۖ وَهُوَ عَلَىٰ كُلِّ شَيۡءٖ وَكِيلٞ ۝٦٢
63

ആകാശഭൂമികളുടെ താക്കോലുകള്‍ അവനുള്ളതാകുന്നു. അല്ലാഹുവിന്റെ ആയത്തുകളെ നിഷേധിക്കുന്നവരാരോ അവര്‍ തന്നെയാണ് നഷ്ടക്കാര്‍.

لَّهُۥ مَقَالِيدُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ وَٱلَّذِينَ كَفَرُواْ بِـَٔايَٰتِ ٱللَّهِ أُوْلَٰٓئِكَ هُمُ ٱلۡخَٰسِرُونَ ۝٦٣
64

(നബിയേ,) പറയുക: എന്നിരിക്കെ അല്ലാഹു അല്ലാത്തവര്‍ക്ക് ഇബാദത്ത് ചെയ്യേണമെന്നാണോ വിഡ്ഢികളേ നിങ്ങള്‍ എന്നോട് കല്‍പിക്കുന്നത്?

قُلۡ أَفَغَيۡرَ ٱللَّهِ تَأۡمُرُوٓنِّيٓ أَعۡبُدُ أَيُّهَا ٱلۡجَٰهِلُونَ ۝٦٤
65

നീ (അല്ലാഹുവിനോട്) പങ്കു ചേര്‍ത്തെങ്കില്‍ നിശ്ചയമായും നിന്റെ കര്‍മം (മുഴുക്കെ) നിഷ്ഫലമായിത്തീരുകയും നീ നഷ്ടക്കാരില്‍ പെട്ടുപോവുകയും ചെയ്യുമെന്ന് (നബിയേ,) താങ്കള്‍ക്കും താങ്കളുടെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെടുകതന്നെ ചെയ്തിട്ടുണ്ട്.

وَلَقَدۡ أُوحِيَ إِلَيۡكَ وَإِلَى ٱلَّذِينَ مِن قَبۡلِكَ لَئِنۡ أَشۡرَكۡتَ لَيَحۡبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلۡخَٰسِرِينَ ۝٦٥
66

(അതുകൊണ്ട് ഒരിക്കലും ശിര്‍ക്കുവെക്കരുത്.) പക്ഷേ, അല്ലാഹുവിനു മാത്രം ഇബാദത്ത് ചെയ്യുകയും നന്ദി കാട്ടുന്നവരുടെ കൂട്ടത്തില്‍ നീ ആയിത്തീരുകയും ചെയ്യുക.

بَلِ ٱللَّهَ فَٱعۡبُدۡ وَكُن مِّنَ ٱلشَّٰكِرِينَ ۝٦٦
67

അല്ലാഹുവിനെ ബഹുമാനിക്കേണ്ട മുറപ്രകാരം അവര്‍ ബഹുമാനിച്ചില്ല. ഖിയാമനാളില്‍ ഭൂമി മുഴുവനും അവന്റെ പരിപൂര്‍ണ നിയന്ത്രണത്തിലായിരിക്കും. ആകാശങ്ങളാകട്ടെ, അവന്റെ ശക്തികൊണ്ട് ചുരുട്ടപ്പെട്ടതുമായിരിക്കും. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവന്‍ മഹാപരിശുദ്ധനും അത്യുന്നതി പ്രാപിച്ചവനുമാകുന്നു.

وَمَا قَدَرُواْ ٱللَّهَ حَقَّ قَدۡرِهِۦ وَٱلۡأَرۡضُ جَمِيعٗا قَبۡضَتُهُۥ يَوۡمَ ٱلۡقِيَٰمَةِ وَٱلسَّمَٰوَٰتُ مَطۡوِيَّٰتُۢ بِيَمِينِهِۦۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشۡرِكُونَ ۝٦٧
68

കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ അല്ലാഹു ഉദ്ദേശിച്ചവരൊഴിച്ച് ആകാശഭൂമിയിലുള്ളവരെല്ലാം മരണമടഞ്ഞുപോകുന്നതാണ്. പിന്നീട് അതില്‍ മറ്റൊന്നുകൂടി ഊതപ്പെടും; അപ്പോള്‍ അവരതാ നോക്കുന്നവരായി

وَنُفِخَ فِي ٱلصُّورِ فَصَعِقَ مَن فِي ٱلسَّمَٰوَٰتِ وَمَن فِي ٱلۡأَرۡضِ إِلَّا مَن شَآءَ ٱللَّهُۖ ثُمَّ نُفِخَ فِيهِ أُخۡرَىٰ فَإِذَا هُمۡ قِيَامٞ يَنظُرُونَ ۝٦٨
69

ഭൂമി അതിന്റെ രക്ഷിതാവിന്റെ നീതി മൂലം പ്രകാശിക്കും. (കര്‍മങ്ങള്‍ രേഖപ്പെടുത്തിയ) ഗ്രന്ഥങ്ങള്‍ (കൊണ്ടുവന്നു) വെക്കപ്പെടുകയും പ്രവാചകന്മാരെയും മറ്റു സാക്ഷികളെയും കൊണ്ടുവരപ്പെടുകയും ജനങ്ങള്‍ക്കിടയില്‍ നീതിപൂര്‍വം വിധിക്കപ്പെടുകയും ചെയ്യും. അവരോട് ഒട്ടും അനീതി കാണിക്കപ്പെടുകയില്ല.

وَأَشۡرَقَتِ ٱلۡأَرۡضُ بِنُورِ رَبِّهَا وَوُضِعَ ٱلۡكِتَٰبُ وَجِاْيٓءَ بِٱلنَّبِيِّـۧنَ وَٱلشُّهَدَآءِ وَقُضِيَ بَيۡنَهُم بِٱلۡحَقِّ وَهُمۡ لَا يُظۡلَمُونَ ۝٦٩
70

ഓരോ ആള്‍ക്കും അവന്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലം പൂര്‍ണമായി നല്‍കപ്പെടുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവന്‍ ഏറ്റവും അറിയുന്നവനാണുതാനും.

وَوُفِّيَتۡ كُلُّ نَفۡسٖ مَّا عَمِلَتۡ وَهُوَ أَعۡلَمُ بِمَا يَفۡعَلُونَ ۝٧٠
71

സത്യനിഷേധികളെ കൂട്ടംകൂട്ടമായി നരകത്തിലേക്ക് നയിക്കപ്പെടും. അങ്ങനെ അവരതിനടുത്ത് ചെന്നാല്‍ അതിന്റെ വാതിലുകള്‍ തുറക്കപ്പെടുകയും കാവല്‍ക്കാര്‍ അവരോടിങ്ങനെ പറയുകയും ചെയ്യും: 'നിങ്ങള്‍ക്ക് രക്ഷിതാവിന്റെ ആയത്തുകള്‍ ഓതിക്കേള്‍പ്പിക്കുകയും ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുന്ന നിങ്ങളില്‍ നിന്നുള്ള ദൂതന്മാര്‍ നിങ്ങളുടെയടുത്ത് വന്നിരുന്നില്ലേ?' അവര്‍ പറയും: അതേ, (വന്നിരുന്നു.) പക്ഷേ, സത്യനിഷേധികളുടെ മേല്‍ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടുപോയി. എഴുന്നേറ്റുനില്‍ക്കുന്നു!

وَسِيقَ ٱلَّذِينَ كَفَرُوٓاْ إِلَىٰ جَهَنَّمَ زُمَرًاۖ حَتَّىٰٓ إِذَا جَآءُوهَا فُتِحَتۡ أَبۡوَٰبُهَا وَقَالَ لَهُمۡ خَزَنَتُهَآ أَلَمۡ يَأۡتِكُمۡ رُسُلٞ مِّنكُمۡ يَتۡلُونَ عَلَيۡكُمۡ ءَايَٰتِ رَبِّكُمۡ وَيُنذِرُونَكُمۡ لِقَآءَ يَوۡمِكُمۡ هَٰذَاۚ قَالُواْ بَلَىٰ وَلَٰكِنۡ حَقَّتۡ كَلِمَةُ ٱلۡعَذَابِ عَلَى ٱلۡكَٰفِرِينَ ۝٧١
72

അവരോട് പറയപ്പെടും: നരകത്തില്‍ നിരന്തരവാസികളെന്ന നിലയില്‍ അതിന്റെ വാതിലുകളില്‍ കൂടി നിങ്ങള്‍ പ്രവേശിച്ചുകൊള്ളുക. അപ്പോള്‍ അഹംഭാവികളുടെ വാസസ്ഥലം എത്ര ചീത്ത!

قِيلَ ٱدۡخُلُوٓاْ أَبۡوَٰبَ جَهَنَّمَ خَٰلِدِينَ فِيهَاۖ فَبِئۡسَ مَثۡوَى ٱلۡمُتَكَبِّرِينَ ۝٧٢
73

തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചുജീവിച്ച് വന്നവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെടും. അങ്ങനെ വാതിലുകള്‍ തുറന്നുവെക്കപ്പെട്ട നിലയില്‍ അവര്‍ അതിന്റെ അടുത്തുചെന്നാല്‍... (ഹാ! അവര്‍ക്ക് ലഭിക്കുവാന്‍ പോകുന്നത് അവര്‍ണനീയമാണ്!) അതിന്റെ കാവല്‍ക്കാര്‍ അവരോട് പറയും: നിങ്ങള്‍ക്ക് സമാധാനം. (പാപങ്ങളുടെ അഴുക്കില്‍ നിന്ന്) നിങ്ങള്‍ ശുദ്ധിയായിരിക്കുന്നു. അതിനാല്‍ നിരന്തരവാസികളായി നിങ്ങളിതില്‍ പ്രവേശിച്ചുകൊള്ളുക.

وَسِيقَ ٱلَّذِينَ ٱتَّقَوۡاْ رَبَّهُمۡ إِلَى ٱلۡجَنَّةِ زُمَرًاۖ حَتَّىٰٓ إِذَا جَآءُوهَا وَفُتِحَتۡ أَبۡوَٰبُهَا وَقَالَ لَهُمۡ خَزَنَتُهَا سَلَٰمٌ عَلَيۡكُمۡ طِبۡتُمۡ فَٱدۡخُلُوهَا خَٰلِدِينَ ۝٧٣
74

അവര്‍ പറയും: തന്റെ വാഗ്ദാനം ഞങ്ങള്‍ക്ക് സാക്ഷാല്‍ക്കരിച്ചുതരികയും ഈ സ്വര്‍ഗഭൂമിയെ ഞങ്ങള്‍ക്ക് അവകാശമാക്കിതരികയും ചെയ്ത അല്ലാഹുവിന് സര്‍വസ്തുതിയും. ഈ സ്വര്‍ഗത്തില്‍ ഞങ്ങളുദ്ദേശിക്കുന്നിടത്ത് നിവസിക്കാവുന്ന സ്ഥിതിയില്‍. അപ്പോള്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്തവരുടെ പ്രതിഫലം എത്ര ഉല്‍കൃഷ്ടം!

وَقَالُواْ ٱلۡحَمۡدُ لِلَّهِ ٱلَّذِي صَدَقَنَا وَعۡدَهُۥ وَأَوۡرَثَنَا ٱلۡأَرۡضَ نَتَبَوَّأُ مِنَ ٱلۡجَنَّةِ حَيۡثُ نَشَآءُۖ فَنِعۡمَ أَجۡرُ ٱلۡعَٰمِلِينَ ۝٧٤
75

തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധതയെ പ്രകീര്‍ത്തനം ചെയ്തുകൊണ്ട് അര്‍ശിന്റെ ചുറ്റുപാടിലും പൊതിഞ്ഞുനില്‍ക്കുന്നവരായി മലക്കുകളെ താങ്കള്‍ക്ക് കാണാം. അവര്‍ക്കിടയില്‍ (സൃഷ്ടികളില്‍) നീതിപൂര്‍വം വിധിക്കപ്പെട്ടുകഴിഞ്ഞു. (സര്‍വരാലും) പറയപ്പെടും: ലോകരക്ഷിതാവായ അല്ലാഹുവിന് എല്ലാ സ്തുതിയും!

وَتَرَى ٱلۡمَلَٰٓئِكَةَ حَآفِّينَ مِنۡ حَوۡلِ ٱلۡعَرۡشِ يُسَبِّحُونَ بِحَمۡدِ رَبِّهِمۡۚ وَقُضِيَ بَيۡنَهُم بِٱلۡحَقِّۚ وَقِيلَ ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ ۝٧٥