ഹാമീം.
ഗാഫിർ غافر Ghafir
സൂറത്ത് ഗാഫിർ (Ghafir), ഖുർആൻ അധ്യായം 40 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 85 ആയത്തുകൾ വായിക്കുക. Read Surah Ghafir with Arabic text and മലയാളം translation.
ഈ വേദഗ്രന്ഥത്തിന്റെ അവതരണം പ്രതാപശാലിയും സര്‍വജ്ഞനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു.
പാപം പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനും യോഗ്യനുമായവന്‍. അവനല്ലാതെ ഒരു ഇലാഹുമില്ല. അവങ്കലേക്കാണ് (എല്ലാവരുടെയും) മടക്കം.
സത്യനിഷേധികള്‍ അല്ലാതെ അല്ലാഹുവിന്റെ ആയത്തുകളില്‍ (സന്ദേശ ലക്ഷ്യങ്ങളില്‍) തര്‍ക്കിക്കുകയില്ല. എന്നാല്‍, അവര്‍ നാടുകളില്‍ യഥേഷ്ടം സൈ്വരവിഹാരം ചെയ്യുന്നത് താങ്കളെ വഞ്ചിച്ചുകളയരുത്.
ഇവരുടെ മുമ്പ് നൂഹി (നബി)ന്റെ ജനതയും അവര്‍ക്കു ശേഷം വന്ന പല കക്ഷികളും (സത്യത്തെ) നിഷേധിക്കയും എല്ലാ ഓരോ സമുദായവും അവരുടെ റസൂലിനെ പിടി(ച്ചു ശിക്ഷി)ക്കുവാനുദ്ദേശിക്കുകയും അസത്യം കൊണ്ട് തര്‍ക്കിക്കുകയും ചെയ്തു. അതുമൂലം സത്യത്തെ തുടച്ചുനീക്കുവാന്‍ വേണ്ടി. അതിനാല്‍ അവരെ ഞാന്‍ പിടിച്ചു (ശിക്ഷിച്ചു). അപ്പോള്‍ എന്റെ ശിക്ഷ എങ്ങനെയായി?!
അപ്രകാരം ഈ സത്യനിഷേധികളുടെ മേലും താങ്കളുടെ രക്ഷിതാവിന്റെ വചനം സ്ഥിരപ്പെട്ടുകഴിഞ്ഞിരിക്കുന്നു, അവര്‍ നരകക്കാരാണെന്ന്.
അര്‍ശ് ചുമക്കുന്നവരും അവരുടെ ചുറ്റുമുള്ളവരും തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതിനോടൊപ്പം അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു. അവര്‍ അവനില്‍ വിശ്വസിക്കുകയും (ഭൂമിയില്‍ ഉള്ള) സത്യവിശ്വാസികള്‍ക്ക് പാപമോചനത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു. (അവരിങ്ങനെ പറയും:) ഞങ്ങളുടെ രക്ഷിതാവേ, നിന്റെ കാരുണ്യവും അറിവും എല്ലാ വസ്തുക്കള്‍ക്കും വിശാലമായിരിക്കുന്നു. അതിനാല്‍ പശ്ചാത്തപിക്കുകയും നിന്റെ മാര്‍ഗം പിന്‍പറ്റുകയും ചെയ്തവര്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ! ജ്വലിക്കുന്ന നരകശിക്ഷയില്‍ നിന്ന് നീ അവരെ കാത്തുകൊള്ളുകയും ചെയ്യേണമേ!
ഞങ്ങളുടെ രക്ഷിതാവേ, നീ അവര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിന്റെ സ്വര്‍ഗങ്ങളില്‍ അവരെയും അവരുടെ മാതാപിതാക്കള്‍, ഇണകള്‍, സന്തതികള്‍ എന്നിവരില്‍ നിന്ന് നന്നായിത്തീര്‍ന്നവരെയും നീ പ്രവേശിപ്പിക്കുകയും ചെയ്യേണമേ! നിശ്ചയമായും നീ പ്രതാപശാലിയും അഗാധജ്ഞനുമാകുന്നു.
അവരെ നീ തിന്മക(ളുടെ ദുഷ്ഫലങ്ങ)ളില്‍ നിന്ന് കാക്കുകയും ചെയ്യേണമേ! ആ ദിവസം (ഖിയാമനാളില്‍) തിന്മക(ളുടെ ഫലങ്ങ)ളില്‍ നിന്ന് നീ വല്ലവനെയും കാക്കുന്ന പക്ഷം നിശ്ചയമായും നീ അവന് കരുണ ചെയ്തു. അതു തന്നെയാണ് മഹത്തായ വിജയം.
സത്യനിഷേധികളോട് വിളിച്ചുപറയപ്പെടും: നിങ്ങള്‍ സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കപ്പെടുകയും അങ്ങനെ അത് നിഷേധിക്കുകയും ചെയ്തപ്പോള്‍ അല്ലാഹുവിന് നിങ്ങളോടുണ്ടായ കോപം, ഇപ്പോള്‍ നിങ്ങള്‍ക്ക് സ്വന്തത്തോടുതന്നെയുള്ള കോപത്തേക്കാള്‍ നിശ്ചയമായും വളരെ വലിയതാണ്.
അപ്പോള്‍ അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ രണ്ടു പ്രാവശ്യം മരിപ്പിക്കുകയും രണ്ടു പ്രാവശ്യം ജീവിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് ഇപ്പോള്‍ ഞങ്ങളിതാ ഞങ്ങളുടെ കുറ്റം ഏറ്റുപറയുന്നു. ഇനി (ഇവിടെ നിന്ന്) ഒന്നു പുറത്തുകടക്കുവാന്‍ വല്ല വഴിയുമുണ്ടോ?
(അന്നേരം അവരോട് പറയപ്പെടും:) ഇങ്ങനെ സംഭവിക്കുവാനുണ്ടായ കാരണം അല്ലാഹുവോട് മാത്രം പ്രാര്‍ഥിക്കപ്പെടുമ്പോള്‍ നിങ്ങള്‍ (അവന്റെ തൗഹീദിനെ) നിഷേധിക്കുകയും അവനോട് പങ്കു ചേര്‍ക്കപ്പെടുമ്പോള്‍ നിങ്ങള്‍ (ആ പങ്കു ചേര്‍ക്കലില്‍) വിശ്വസിക്കുകയും ചെയ്തിരുന്നു. (ഇനി ഭൗതികലോകത്തേക്ക് മടക്കിയാലും ഇതു തന്നെയാണ് നിങ്ങളുടെ സ്വഭാവം.) അതുകൊണ്ട് (ഇന്ന്) വിധി കല്‍പിക്കല്‍ ഉന്നതനും മഹാനുമായ അല്ലാഹുവിന് (മാത്രം അധികാരപ്പെട്ടത്) ആകുന്നു.
തന്റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ക്ക് കാണിച്ചുതരുന്നതും ആകാശത്തില്‍ നിന്ന് നിങ്ങള്‍ക്ക് (മഴ മൂലം) ഭക്ഷണം ഇറക്കിത്തരുന്നതും അവനാണ്. അല്ലാഹുവിങ്കലേക്ക് മടങ്ങുന്നവരല്ലാതെ ചിന്തിക്കുകയില്ല.
അതുകൊണ്ട് കീഴ്‌വണക്കം അല്ലാഹുവിന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനോട് നിങ്ങള്‍ പ്രാര്‍ഥിക്കുക. സത്യനിഷേധികള്‍ അത് അതൃപ്തിപ്പെട്ടാലും ശരി.
(അവന്‍) വിശേഷണങ്ങള്‍ ഉല്‍കൃഷ്ടമായവനും അര്‍ശിന്റെ ഉടമസ്ഥനുമാണ്. അടിമകളില്‍ നിന്ന് താനുദ്ദേശിക്കുന്നവര്‍ക്ക് തന്റെ കല്‍പനയാകുന്ന സന്ദേശം (വഹ്‌യ്) അവന്‍ അറിയിച്ചുകൊടുക്കുന്നു. പരസ്പരം കണ്ടുമുട്ടുന്ന ദിവസത്തെക്കുറിച്ച് (ഖിയാമനാളിനെക്കുറിച്ച്) അദ്ദേഹം താക്കീത് നല്‍കുവാന്‍ വേണ്ടി;
അതായത് ജനങ്ങള്‍ (ഖബ്‌റുകളില്‍ നിന്ന്) പുറത്തുവരുന്ന ദിവസത്തെക്കുറിച്ച്. അവരില്‍ നിന്ന് യാതൊരു കാര്യവും അല്ലാഹുവിന് മറഞ്ഞുപോകുന്നതല്ല. 'ഇന്ന് ആര്‍ക്കാണ് രാജാധികാരം? ഏകനും സര്‍വാധിപതിയുമായ അല്ലാഹുവിന് തന്നെ!'
അന്ന് ഓരോരുത്തര്‍ക്കും അവന്‍ ചെയ്തതിന്റെ പ്രതിഫലം നല്‍കപ്പെടും. അന്ന് യാതൊരു അനീതിയും ഉണ്ടായിരിക്കുന്നതല്ല. നിശ്ചയമായും അല്ലാഹു വേഗം വിചാരണ നടത്തുന്നവനാകുന്നു.
(നബിയേ,) അവര്‍ക്ക് ആ ആസന്ന സംഭവത്തിന്റെ ദിവസത്തെക്കുറിച്ച് താക്കീത് നല്‍കുക. അതായത് അവര്‍ ദുഃഖത്താല്‍ ശ്വാസം അടക്കിപ്പിടിച്ചവരായി ഹൃദയങ്ങള്‍ തൊണ്ടക്കുഴികളുടെ അടുത്തെത്തുന്ന അവസരത്തെക്കുറിച്ച്. അക്രമികള്‍ക്ക് (ബഹുദൈവ വിശ്വാസികള്‍ക്ക് അന്ന്) യാതൊരു ഉറ്റ സ്‌നേഹിതനുമുണ്ടായിരിക്കയില്ല. സ്വീകാര്യനായ ഒരു ശുപാര്‍ശകനുമുണ്ടായിരിക്കയില്ല.
കണ്ണുകളുടെ കട്ടുനോട്ടവും ഹൃദയങ്ങള്‍ മറച്ചുവെക്കുന്നതും അല്ലാഹു അറിയുന്നു.
അല്ലാഹു നീതിയനുസരിച്ച് വിധി കല്‍പിക്കുന്നു. അവനു പുറമെ അവര്‍ ആരാധിക്കുന്ന വസ്തുക്കള്‍ ആവട്ടെ യാതൊരു വിധിയും കല്‍പിക്കുകയില്ല. നിശ്ചയമായും അല്ലാഹു തന്നെയാണ് എല്ലാം കേള്‍ക്കുന്നവനും കാണുന്നവനും.
ഇവര്‍ ഭൂമിയില്‍ സഞ്ചരിക്കുന്നില്ലേ? അപ്പോള്‍ ഇവര്‍ക്ക് നോക്കിക്കാണാമല്ലോ ഇവരുടെ മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയാണുണ്ടായതെന്ന്! അവര്‍ ശക്തി കൊണ്ടും ഭൂമിയില്‍ തങ്ങളുടെ കാല്‍പാടുകള്‍ കൊണ്ടും ഇവരെക്കാള്‍ ശക്തിയേറിയവര്‍ തന്നെയായിരുന്നു. എന്നിട്ട് അവരുടെ പാപങ്ങള്‍ നിമിത്തം അല്ലാഹു അവരെ പിടിച്ചുശിക്ഷിച്ചു. അല്ലാഹുവില്‍ നിന്ന് അവരെ രക്ഷപ്പെടുത്തുവാന്‍ അവര്‍ക്കാരുമുണ്ടായില്ല.
അങ്ങനെ വരാന്‍ കാരണം അവരുടെ അടുക്കല്‍ മുര്‍സലുകള്‍ (ദൂതന്മാര്‍) ലക്ഷ്യസമേതം ചെന്നിരുന്നു; എന്നിട്ടവര്‍ (അവരെ) നിഷേധിച്ചുകളഞ്ഞു എന്നതുകൊണ്ടാണ്. അപ്പോള്‍ അല്ലാഹു അവരെ പിടിച്ച് ശിക്ഷിച്ചു. നിശ്ചയമായും അവന്‍ ശക്തനും കഠിനമായി ശിക്ഷിക്കുന്നവനുമാണ്.
നിശ്ചയമായും നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ അധികാരപ്രമാണവുമായി നാം മൂസാ (നബി)യെ അയക്കുകയുണ്ടായി.
ഫിര്‍ഔന്‍, ഹാമാന്‍, ഖാറൂന്‍ എന്നിവരുടെ അടുക്കലേക്ക്. അപ്പോള്‍ അവര്‍ പറഞ്ഞു: (ഇദ്ദേഹം) ഒരു കള്ളവാദിയായ ജാലവിദ്യക്കാരനാകുന്നു.
അങ്ങനെ നമ്മുടെ പക്കല്‍ നിന്നുള്ള സത്യവും കൊണ്ട് അദ്ദേഹം അവരുടെ അടുക്കല്‍ ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇവന്റെ കൂടെ വിശ്വസിച്ചവരുടെ ആണ്‍മക്കളെ നിങ്ങള്‍ കൊന്നുകളയുകയും സ്ത്രീകളെ ജീവനോടെ വിടുകയും ചെയ്യുക. സത്യനിഷേധികളുടെ ഉപായം പരാജയത്തില്‍ തന്നെയാണ് കലാശിക്കുക.
ഫിര്‍ഔന്‍ പറഞ്ഞു: എന്നെ നിങ്ങള്‍ വിട്ടേക്കുക (അനുവദിക്കുക). ഞാന്‍ മൂസായെ കൊന്നുകളയട്ടെ. അവന്റെ റബ്ബിനെ അവന്‍ വിളിക്കുകയും ചെയ്തുകൊള്ളട്ടെ. അവന്‍ നിങ്ങളുടെ മതം മാറ്റിമറിക്കുകയോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിത്തീര്‍ക്കുകയോ ചെയ്യുമെന്ന് തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു.
മൂസാ (നബി) പറഞ്ഞു: നിശ്ചയമായും എന്റെയും നിങ്ങളുടെയും രക്ഷിതാവിനോട് ന്യായവിസ്താരദിവസത്തില്‍ വിശ്വസിക്കാത്ത എല്ലാ അഹംഭാവികളില്‍ നിന്നും ഞാന്‍ ശരണം തേടുന്നു.
തന്റെ വിശ്വാസം മറച്ചുവെക്കുകയായിരുന്ന, ഫിര്‍ഔന്റെ ആള്‍ക്കാരില്‍ പെട്ട സത്യവിശ്വാസിയായ ഒരു പുരുഷന്‍ പറഞ്ഞു: എന്റെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറഞ്ഞതുകൊണ്ട് നിങ്ങള്‍ ഒരാളെ കൊല്ലുകയോ? അദ്ദേഹമാകട്ടെ, രക്ഷിതാവിങ്കല്‍ നിന്ന് സ്പഷ്ടമായ ദൃഷ്ടാന്തങ്ങളും കൊണ്ടുതന്നെയാണ് നിങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നത്. അദ്ദേഹം വ്യാജവാദിയാണെങ്കില്‍ തന്റെ വ്യാജവാദത്തിന്റെ ദോഷഫലം അദ്ദേഹം തന്നെ അനുഭവിക്കും. ഇനി സത്യവാദിയാണെങ്കിലോ, നിങ്ങളെ അദ്ദേഹം താക്കീത് ചെയ്യുന്ന ചിലത് നിങ്ങളെ ബാധിക്കുകയും ചെയ്യുന്നതാണ്. അതിര് കവിഞ്ഞവനും വളരെയധികം വ്യാജം പറയുന്നവനുമായ ഒരാളെ അല്ലാഹു ലക്ഷ്യത്തില്‍ എത്തിക്കുകയേയില്ല.
എന്റെ ജനങ്ങളേ, നിങ്ങള്‍ ഭൂമിയില്‍ മികച്ചു നില്‍ക്കുന്നവരായ സ്ഥിതിയില്‍ ഇന്ന് നിങ്ങള്‍ക്കാണ് ആധിപത്യം. എന്നാല്‍, അല്ലാഹുവിന്റെ ശിക്ഷ നമുക്ക് വന്നെത്തുകയാണെങ്കില്‍ ആരാണ് അതില്‍ നിന്ന് നമ്മെ സഹായിക്കുവാനുള്ളത്?(18) ഫിര്‍ഔന്‍ പറഞ്ഞു: ഞാന്‍ (നല്ലതായി) കാണുന്ന കാര്യമല്ലാതെ നിങ്ങള്‍ക്ക് ഞാന്‍ കാണിച്ചുതരുന്നില്ല. ബുദ്ധിപൂര്‍വകമായ മാര്‍ഗമല്ലാതെ ഞാന്‍ നിങ്ങള്‍ക്ക് ചൂണ്ടിക്കാട്ടിത്തരുന്നുമില്ല.
ആ സത്യവിശ്വാസി (വീണ്ടും) പറഞ്ഞു: എന്റെ ജനങ്ങളേ, നിശ്ചയമായും സഖ്യകക്ഷികളുടെ ദിവസം പോലെയുള്ള (ശിക്ഷാദിവസം വരുന്ന)തിനെ നിങ്ങളുടെ മേല്‍ ഞാന്‍ ഭയപ്പെടുന്നു.
അതായത് നൂഹിന്റെ ജനതയുടെയും ആദിന്റെയും സമൂദിന്റെയും അവര്‍ക്ക് ശേഷമുള്ളവരുടെയും അനുഭവങ്ങള്‍ക്ക് തുല്യമായ അനുഭവം. അല്ലാഹു അവന്റെ അടിമകളോട് അനീതി പ്രവര്‍ത്തിക്കുവാന്‍ ഉദ്ദേശിക്കുകയില്ലതന്നെ.
എന്റെ ജനങ്ങളേ, പരസ്പരം വിളിക്കുന്ന ദിവസത്തെ (ഖിയാമനാളിനെ) നിങ്ങളുടെ മേല്‍ ഞാന്‍ ഭയപ്പെടുന്നു,
അതായത് നിങ്ങള്‍ പിന്നോട്ട് തിരിഞ്ഞോടുന്ന ദിവസം. (അന്ന്) നിങ്ങള്‍ക്ക് അല്ലാഹുവില്‍ നിന്ന് രക്ഷ നല്‍കുന്ന ആരുമുണ്ടായിരിക്കയില്ല. അല്ലാഹു വല്ലവനെയും വഴി പിഴപ്പിച്ചാല്‍ അവനെ നേര്‍മാര്‍ഗത്തിലാക്കുന്ന ഒരാളുമില്ല.
ഇതിനുമുമ്പ് വ്യക്തമായ തെളിവുകളുമായി യൂസുഫ് (നബി) നിങ്ങളുടെയടുക്കല്‍ വരികയുണ്ടായി. എന്നിട്ടദ്ദേഹം കൊണ്ടുവന്ന സന്ദേശത്തില്‍ നിങ്ങള്‍ സംശയത്തിലായിക്കൊണ്ടേയിരുന്നു. അങ്ങനെ താന്‍ മരണമടഞ്ഞപ്പോള്‍, അദ്ദേഹത്തിന് ശേഷം അല്ലാഹു ഇനി ഒരു റസൂലിനെയും അയക്കുന്നതേ അല്ല എന്ന് നിങ്ങള്‍ പറഞ്ഞു. അപ്രകാരം, ഏതൊരുവന്‍ അതിരുകവിഞ്ഞവനും സംശയാലുവുമാണോ അവനെ അല്ലാഹു വഴി തെറ്റിക്കുന്നതാണ്.
അതായത് തങ്ങള്‍ക്ക് വന്നുകിട്ടിയ യാതൊരു അധികൃത തെളിവുമില്ലാതെ അല്ലാഹുവിന്റെ ആയത്തുകളില്‍ (ദൃഷ്ടാന്തങ്ങളില്‍) തര്‍ക്കം നടത്തുന്നവരെ. അത് അല്ലാഹുവിങ്കലും സത്യവിശ്വാസികളുടെ അടുക്കലും ക്രോധത്തില്‍ വളരെ വമ്പിച്ചതാണ്. അപ്രകാരം, അഹംഭാവികളും തന്നിഷ്ടക്കാരുമായ എല്ലാ ആളുകളുടെയും ഹൃദയങ്ങള്‍ക്ക് അല്ലാഹു മുദ്രവെക്കുന്നതാണ്. (സത്യബോധം അതില്‍ പ്രവേശിക്കാതെയായിത്തീരും.)
ഫിര്‍ഔന്‍ പറഞ്ഞു: ഓ ഹാമാന്‍, നീ എനിക്കൊരു ഉന്നതസൗധം കെട്ടിയുണ്ടാക്കൂ; ഞാന്‍ ആ കവാടങ്ങളില്‍ എത്തിച്ചേര്‍ന്നേക്കാം.
അതായത് ആകാശങ്ങളുടെ കവാടങ്ങളില്‍. എന്നിട്ട് (അവിടെച്ചെന്ന്) മൂസായുടെ ഇലാഹിങ്കലേക്ക് ഒന്ന് എത്തിനോക്കാം. അവന്‍ അസത്യവാദിയാണെന്നുതന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. ഇപ്രകാരം ഫിര്‍ഔന്‍ അവന്റെ ദുര്‍വൃത്തി ഭംഗിയാക്കി കാണിക്കപ്പെടുകയും നേരായ വഴിയില്‍ നിന്ന് തടയപ്പെടുകയും ചെയ്തു. ഫിര്‍ഔന്റെ ഉപായം പരാജയത്തില്‍ തന്നെയാണ് കലാശിച്ചത്.
ആ സത്യവിശ്വാസി (പിന്നെയും) പറഞ്ഞു: എന്റെ ജനങ്ങളേ, എന്നെ പിന്തുടരുക. എന്നാല്‍, ഞാന്‍ നിങ്ങള്‍ക്ക് ശരിയായ (ബുദ്ധിപൂര്‍വകമായ) ഒരു മാര്‍ഗം കാണിച്ചുതരാം.
എന്റെ ജനങ്ങളേ, ഈ ഐഹിക ജീവിതം കേവലം ഒരു താല്‍ക്കാലിക വിഭവം മാത്രമാണ്. നിശ്ചയമായും പരലോകം സ്ഥിരതാമസത്തിന്റെ ഭവനം തന്നെയാകുന്നു.
വല്ലവനും ഒരു തിന്മ ചെയ്താല്‍ അതിന്റെ അത്രയല്ലാതെ അവന് പ്രതിഫലം (ശിക്ഷ) നല്‍കപ്പെടുകയില്ല. ഇനി വല്ലവനും സത്യവിശ്വാസിയായിക്കൊണ്ട് ഒരു നന്മ ചെയ്താല്‍-ആണാവട്ടെ, പെണ്ണാവട്ടെ-അക്കൂട്ടര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവിടെ വെച്ച് അവര്‍ക്ക് ഒരു കണക്കും കൂടാതെ (സുഭിക്ഷമായി) ആഹാരം നല്‍കപ്പെടുന്നതാണ്.
എന്റെ ജനങ്ങളേ, എനിക്കെന്താണ്?! നിങ്ങളെ ഞാന്‍ രക്ഷ(യുടെ വഴി)യിലേക്ക് ക്ഷണിക്കുന്നു. നിങ്ങളാവട്ടെ എന്നെ നരകത്തിലേക്കും ക്ഷണിക്കുന്നു. (ഇതെന്തൊരാശ്ചര്യം!)
അതായത് ഞാന്‍ അല്ലാഹുവിനെ നിഷേധിക്കുവാനും എനിക്കറിവില്ലാത്ത വസ്തുക്കളെ അവനോട് പങ്കുചേര്‍ക്കുവാനും നിങ്ങള്‍ എന്നെ ക്ഷണിക്കുന്നു. ഞാനാവട്ടെ, പ്രതാപശാലിയും വളരെ പൊറുക്കുന്നവനുമായ അല്ലാഹുവിങ്കലേക്കാണ് നിങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കുന്നത്.
ഒരു കാര്യം സത്യമാണ്: നിങ്ങള്‍ ഏതൊന്നിലേക്ക് എന്നെ ക്ഷണിക്കുന്നുവോ അതിന് ഇഹത്തിലും പരത്തിലും വിളി(ക്കുത്തരം) ഉണ്ടായിരിക്കുന്നതല്ല. നിശ്ചയമായും നമ്മുടെ മടക്കം അല്ലാഹുവിങ്കലേക്കാണ്. അതിരുകവിഞ്ഞവര്‍ തന്നെയാണ് നരകക്കാര്‍.
എന്നാല്‍ നിങ്ങളോട് ഞാന്‍ പറയുന്നത് പിന്നീട് നിങ്ങള്‍ ഓര്‍ക്കുന്നതാണ്. എന്റെ കാര്യം അല്ലാഹുവിങ്കലേക്ക് ഞാന്‍ ഭരമേല്‍പിക്കുന്നു. നിശ്ചയമായും അല്ലാഹു അവന്റെ അടിമകളെ നല്ലവണ്ണം കണ്ടറിയുന്നവനാകുന്നു.
അപ്പോള്‍ അവരുടെ കുതന്ത്രങ്ങളുടെ തിന്മകളില്‍ നിന്ന് അല്ലാഹു അദ്ദേഹത്തെ കാത്തു. ഫിര്‍ഔന്റെ ആള്‍ക്കാരില്‍ കടുത്ത ശിക്ഷ വന്നിറങ്ങുകയുണ്ടായി.
നരകം; രാവിലെയും വൈകുന്നേരവും അവര്‍ അതിങ്കല്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്. അന്ത്യഘട്ടം നിലവില്‍ വരുന്ന ദിവസം (ഖിയാമനാളില്‍) ഫിര്‍ഔന്റെ ആള്‍ക്കാരെ ഏറ്റവും കഠിനമായ ശിക്ഷയിലേക്ക് നിങ്ങള്‍ കടത്തിവിടുക (എന്ന് പറയപ്പെടുകയും ചെയ്യും).
അവര്‍ നരകത്തില്‍ വെച്ച് തര്‍ക്കിക്കുന്ന സന്ദര്‍ഭം (ഓര്‍ക്കുക). അപ്പോള്‍ ബലഹീനര്‍ (അനുയായികള്‍) പ്രബലരോട് (നേതാക്കളോട്) ചോദിക്കും: ഞങ്ങള്‍ നിങ്ങളെ അനുകരിക്കുന്നവര്‍ തന്നെയായിരുന്നു; അതുകൊണ്ട് നരകശിക്ഷയില്‍ നിന്ന് ഒരു ഭാഗം ഞങ്ങളില്‍ നിന്ന് നിങ്ങള്‍ ഒഴിവാക്കിത്തരുന്നവരാകുമോ?
(അപ്പോള്‍) പ്രബലന്മാര്‍ പറയും: നിശ്ചയമായും നാമെല്ലാവരും ഇതില്‍ തന്നെയാണുള്ളത്. അല്ലാഹു അടിമകള്‍ക്കിടയില്‍ വിധി കല്‍പിക്കുകതന്നെ ചെയ്തുകഴിഞ്ഞു.
നരകത്തിലുള്ളവര്‍ നരകത്തിന്റെ കാവല്‍ക്കാരോട് പറയും: നിങ്ങളുടെ റബ്ബിനോട് നിങ്ങളൊന്ന് പ്രാര്‍ഥിക്കുക; എന്നാല്‍ അവന്‍ ഞങ്ങള്‍ക്ക് ശിക്ഷയില്‍ നിന്ന് ഒരു ദിവസം ലഘുവാക്കിത്തരുന്നതാണ്.
അവര്‍ ചോദിക്കും: നിങ്ങള്‍ക്ക് മുര്‍സലുകള്‍ ലക്ഷ്യങ്ങളുമായി വന്നിരുന്നില്ലേ? അവര്‍ പറയും: അതെ, വന്നിരുന്നു. അവര്‍ (മലക്കുകള്‍) പറയും: എന്നാല്‍, നിങ്ങള്‍ തന്നെ പ്രാര്‍ഥിക്കുക. സത്യനിഷേധികളുടെ പ്രാര്‍ഥന ഒരിക്കലും ലക്ഷ്യത്തിലെത്തുകയില്ല.
നമ്മുടെ ദൂതന്മാരെയും സത്യവിശ്വാസം സ്വീകരിച്ചവരെയും ഇഹലോകജീവിതത്തിലും സാക്ഷികള്‍ നില്‍ക്കുന്ന (രംഗത്തുവരുന്ന) ദിവസവും നാം സഹായിക്കുക തന്നെ ചെയ്യും, തീര്‍ച്ച.
അതായത് അക്രമികള്‍ക്ക് അവരുടെ ഒഴിവുകഴിവ് പ്രയോജനം ചെയ്യാത്ത ദിവസം. (മാത്രമല്ല,) അവര്‍ക്കുതന്നെയാണ് ശാപം. അവര്‍ക്ക് തന്നെയാണ് പരലോകശിക്ഷയും.
നിശ്ചയമായും മൂസാക്ക് നാം മാര്‍ഗദര്‍ശനം നല്‍കുകയും ഇസ്രാഈല്‍ സന്തതികള്‍ക്ക് വേദഗ്രന്ഥം നാം അനന്തരാവകാശമായി നല്‍കുകയും ചെയ്തു;
ബുദ്ധിമാന്മാര്‍ക്ക് ഒരു മാര്‍ഗദര്‍ശനവും തത്ത്വോപദേശവും ആയിക്കൊണ്ട്.
അതുകൊണ്ട് (നബിയേ,) താങ്കള്‍ ക്ഷമിക്കുക. നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. താങ്കളുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കുക. വൈകുന്നേരവും രാവിലെയും താങ്കളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുകയും ചെയ്യുക.
നിശ്ചയമായും തങ്ങള്‍ക്ക് വന്നുകിട്ടിയ യാതൊരു അധികൃത ലക്ഷ്യവും കൂടാതെ അല്ലാഹുവിന്റെ ആയത്തുകളില്‍ (ലക്ഷ്യങ്ങളില്‍) തര്‍ക്കിക്കുന്നവര്‍, അവരുടെ ഹൃദയങ്ങളില്‍ തങ്ങള്‍ പ്രാപിച്ചിട്ടില്ലാത്ത അഹന്ത നടിക്കല്‍ മാത്രമാണുള്ളത്. ആകയാല്‍ അല്ലാഹുവിനോട് രക്ഷ തേടിക്കൊള്ളുക. നിശ്ചയമായും അവന്‍ തന്നെയാണ് എല്ലാം കേള്‍ക്കുന്നവനും കാണുന്നവനും.
ആകാശഭൂമികളെ സൃഷ്ടിക്കുന്നത് മനുഷ്യരെ സൃഷ്ടിക്കുന്നതിനേക്കാള്‍ വലിയ കാര്യം തന്നെയാണ്. പക്ഷേ, മനുഷ്യരില്‍ അധികമാളുകളും ഗ്രഹിക്കുന്നില്ല.
അന്ധനും കാഴ്ചയുള്ളവനും സമമാകുകയില്ല. (അപ്രകാരംതന്നെ) സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരും ദുര്‍മാര്‍ഗിയും സമമാകുകയില്ല. നിങ്ങള്‍ അല്‍പം മാത്രമേ ചിന്തിക്കുന്നുള്ളൂ.
നിശ്ചയമായും അന്ത്യഘട്ടം വരുന്നതുതന്നെയാണ്. അതില്‍ ഒട്ടും സംശയമില്ല. പക്ഷേ, മനുഷ്യരില്‍ അധികമാളുകളും വിശ്വസിക്കുന്നില്ല.
(ഹേ ജനങ്ങളേ,) നിങ്ങളുടെ രക്ഷിതാവ് പറയുന്നു: എന്നോട് നിങ്ങള്‍ പ്രാര്‍ഥിക്കുക, ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം ചെയ്യുന്നതാണ്. നിശ്ചയമായും എനിക്ക് ഇബാദത്ത് ചെയ്യുന്നതിനെവിട്ട് അഹംഭാവം നടിക്കുന്നവര്‍ നിന്ദ്യരായിക്കൊണ്ട് പിന്നീട് നരകത്തില്‍ പ്രവേശിക്കുന്നതാകുന്നു.
നിങ്ങള്‍ക്ക് വിശ്രമിക്കുവാന്‍ വേണ്ടി രാത്രിയെയും കണ്ണു കാണാവുന്ന നിലയില്‍ പകലിനെയും സൃഷ്ടിച്ചുതന്നവനാണ് അല്ലാഹു. നിശ്ചയമായും അല്ലാഹു ജനങ്ങളുടെ മേല്‍ ഔദാര്യമുള്ളവനാണ്. പക്ഷേ, അധികമാളുകളും നന്ദി ചെയ്യുന്നില്ല.
അങ്ങനെയുള്ളവന്‍ അല്ലാഹുവാണ്. നിങ്ങളുടെ രക്ഷിതാവ്, എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്, അവനല്ലാതെ ഒരു ഇലാഹുമില്ല. എന്നിരിക്കെ എങ്ങനെയാണ് നിങ്ങള്‍ (സത്യം വിട്ട്) തെറ്റിക്കപ്പെടുന്നത്?
അല്ലാഹുവിന്റെ ആയത്തുകള്‍ നിഷേധിക്കുന്നവര്‍ അപ്രകാരം (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നതാണ്.
നിങ്ങള്‍ക്ക് ഭൂമിയെ ഒരു വാസസ്ഥലവും ആകാശത്തെ ഒരു മേല്‍ത്തട്ടും ആക്കിത്തന്നവന്‍ അല്ലാഹുവാണ്. അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും നിങ്ങളുടെ രൂപങ്ങളെ നന്നാക്കുകയും നിങ്ങള്‍ക്ക് നല്ല വസ്തുക്കളില്‍ നിന്ന് ആഹാരം നല്‍കുകയും ചെയ്തു. അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അപ്പോള്‍ സര്‍വലോക പരിപാലകനായ അല്ലാഹു വളരെ ഉല്‍കൃഷ്ടഗുണങ്ങള്‍ ഉള്ളവന്‍ തന്നെ.
അവന്‍ ജീവിച്ചിരിക്കുന്നവനാണ്. അവനല്ലാതെ ഒരു ഇലാഹുമില്ല. അതുകൊണ്ട് കീഴ്‌വണക്കം അവനു നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനോട് പ്രാര്‍ഥിക്കുക. ലോകരക്ഷിതാവായ അല്ലാഹുവിനാണ് എല്ലാ സ്തുതിയും.
(നബിയേ,) താങ്കള്‍ പറയുക: എന്റെ രക്ഷിതാവിങ്കല്‍ നിന്ന് എനിക്ക് വ്യക്തമായ തെളിവുകള്‍ കിട്ടിക്കഴിഞ്ഞിരിക്കെ അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധിക്കുന്ന വസ്തുക്കളെ ഞാന്‍ ആരാധിക്കുന്നത് നിശ്ചയമായും എന്നോട് വിരോധിക്കപ്പെടുകയും ലോകരക്ഷിതാവിന് കീഴൊതുങ്ങി ജീവിക്കേണമെന്ന് എന്നോട് കല്‍പിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
മണ്ണില്‍ നിന്നും പിന്നെ ഇന്ദ്രിയബിന്ദുവില്‍ നിന്നും പിന്നെ രക്തപിണ്ഡത്തില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചവന്‍ അവനാണ്. പിന്നെ നിങ്ങളെ അവന്‍ ശിശുക്കളാക്കി പുറത്തുകൊണ്ടുവരുന്നു. പിന്നെ, നിങ്ങളുടെ പൂര്‍ണയൗവനം പ്രാപിക്കുന്നതുവരെ (നിങ്ങളെ അവന്‍ വളര്‍ത്തിക്കൊണ്ടുവരുന്നു). അനന്തരം വൃദ്ധന്മാരാകുന്നതുവരേക്കും (അവന്‍ നിങ്ങളെ അവശേഷിപ്പിക്കുന്നു). അതിനുമുമ്പ് മരണപ്പെട്ടുപോകുന്നവരും നിങ്ങളിലുണ്ട്. നിശ്ചിത അവധി വരെ നിങ്ങള്‍ എത്തിച്ചേരുവാനും നിങ്ങള്‍ ചിന്തിക്കുവാനും വേണ്ടി (ഇതെല്ലാം അവന്‍ ചെയ്തു.)
അവന്‍ തന്നെയാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവന്‍. എന്നാല്‍, ഒരു കാര്യം അവന്‍ തീരുമാനിച്ചാല്‍ അതിനെക്കുറിച്ച് 'ഉണ്ടാകുക' എന്നുമാത്രം അവന്‍ പറയുന്നു. അപ്പോള്‍ അതുണ്ടാകുന്നു.
അല്ലാഹുവിന്റെ ആയത്തുകളില്‍ തര്‍ക്കിക്കുന്നവരിലേക്ക് താങ്കള്‍ (നോക്കി) കണ്ടില്ലേ? അവരെങ്ങനെയാണ് (സത്യത്തില്‍ നിന്ന്) തിരിക്കപ്പെടുന്നത്?
വേദഗ്രന്ഥത്തെയും നമ്മുടെ റസൂലുകളെ നാം ഏതൊന്നുകൊണ്ട് അയച്ചിരിക്കുന്നുവോ അതിനെയും നിഷേധിച്ചവരാണവര്‍. അവര്‍ പിന്നീട് അറിഞ്ഞുകൊള്ളും;
(അതെ,) അവരുടെ കഴുത്തുകളില്‍ ആമങ്ങളും ചങ്ങലകളുമാകുമ്പോള്‍.
(അവയുമായി) ചുട്ടുതിളക്കുന്ന വെള്ളത്തില്‍ അവര്‍ വലിച്ചിഴക്കപ്പെടും. പിന്നെ അവരെ നരകത്തിലിട്ട് കത്തിക്കപ്പെടുന്നതാണ്.
അനന്തരം അവരോട് ചോദിക്കപ്പെടും: നിങ്ങള്‍ അല്ലാഹുവിനുപുറമെ പങ്കുചേര്‍ത്തവര്‍ എവിടെ?
അവര്‍ പറയും: അവര്‍ ഞങ്ങളില്‍ നിന്ന് മറഞ്ഞുപോയിരിക്കുന്നു. അല്ല, ഞങ്ങള്‍ ഇതിനുമുമ്പ് യാതൊന്നിനെയും ആരാധിച്ചിരുന്നില്ല! ഇപ്രകാരം അല്ലാഹു സത്യനിഷേധികളെ വഴികേടിലാക്കുന്നു.
ഇതെല്ലാം നിങ്ങള്‍ ഭൂമിയില്‍ അന്യായമായി ആഹ്ലാദിക്കുകയും അഹന്ത കാണിക്കുകയും ചെയ്തതുകൊണ്ടാണ് (സംഭവിച്ചത്).
(അതുകൊണ്ട്) നരകത്തിന്റെ വാതിലുകളില്‍ കൂടി-അതില്‍ നിരന്തരവാസികളെന്ന നിലയില്‍-നിങ്ങള്‍ പ്രവേശിച്ചുകൊള്ളുക. എന്നാല്‍, അഹങ്കാരികളുടെ വാസസ്ഥലം എത്ര ദുഷിച്ചത്!
അതുകൊണ്ട് (നബിയേ,) താങ്കള്‍ ക്ഷമിച്ചുകൊള്ളുക. നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. ഇനി അവര്‍ക്ക് നാം നല്‍കുന്ന താക്കീതുകളില്‍ ചിലത് (ഒരു പക്ഷേ) താങ്കള്‍ക്ക് നാം കാണിച്ചുതന്നു. അല്ലെങ്കില്‍ (അതിനുമുമ്പ്) താങ്കളെ നാം പിടിച്ചെടുക്കുന്നതിനായി-രണ്ടായാലും നമ്മുടെ അടുക്കലേക്കാണ് അവര്‍ മടക്കപ്പെടുന്നത്.
നിശ്ചയമായും താങ്കള്‍ക്കു മുമ്പ് പല ദൂതന്മാരെയും നാം അയച്ചിട്ടുണ്ട്. താങ്കള്‍ക്ക് നാം വിവരിച്ചുതന്നവരും വിവരിച്ചുതന്നിട്ടില്ലാത്തവരും അവരിലുണ്ട്. അല്ലാഹുവിന്റെ അനുമതി കൂടാതെ ഒരു റസൂലിനും ഒരു ദൃഷ്ടാന്തം കൊണ്ടുവരുവാന്‍ നിവൃത്തിയില്ല. എന്നാല്‍, അല്ലാഹുവിന്റെ കല്‍പന വന്നാല്‍ സത്യസമേതം വിധി നടത്തപ്പെടുകയും അസത്യവാദികള്‍ അവിടെ വെച്ച് നഷ്ടത്തിലാവുകയും ചെയ്യും.
നിങ്ങള്‍ക്ക് നാല്‍ക്കാലികളെ സൃഷ്ടിച്ചുതന്നിട്ടുള്ളവനത്രെ അല്ലാഹു. അവയില്‍ നിന്ന് ചിലതിന്മേല്‍ നിങ്ങള്‍ സവാരി ചെയ്യുവാന്‍ വേണ്ടി. അവയില്‍ നിന്ന് ചിലത് നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു.
നിങ്ങള്‍ക്കവയില്‍ പല പ്രയോജനങ്ങളുമുണ്ട്. നിങ്ങളുടെ ഹൃദയങ്ങളിലുള്ള ആവശ്യങ്ങള്‍ അവയുടെ മുകളിലായി നിങ്ങള്‍ നിറവേറ്റേണ്ടതിനായും (അവയെ നിങ്ങള്‍ക്ക് സൃഷ്ടിച്ചുതന്നിരിക്കുന്നു). അവയുടെ മുകളിലും കപ്പലുകളിലുമായി നിങ്ങള്‍ വഹിക്കപ്പെടുകയും ചെയ്യുന്നു.
തന്റെ പല തരം ദൃഷ്ടാന്തങ്ങള്‍ അവന്‍ നിങ്ങള്‍ക്ക് കാണിച്ചുതരികയാണ്. എന്നിരിക്കെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ ഏതൊന്നിനെയാണ് താങ്കള്‍ നിഷേധിക്കുന്നത്?
എന്നാലിവര്‍ ഭൂമിയില്‍ സഞ്ചരിക്കുകയും എന്നിട്ട് ഇവര്‍ക്ക് മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയാണായതെന്ന് നോക്കിക്കാണുകയും ചെയ്യുന്നില്ലേ? അവര്‍ ഇവരെക്കാള്‍ അധികമുള്ളവരും ശേഷിയിലും ഭൂമിയിലെ അവശിഷ്ടങ്ങളിലും കൂടുതല്‍ ശക്തരുമായിരുന്നു. എന്നിട്ടും തങ്ങളുണ്ടാക്കി വെച്ചതൊന്നും (അല്ലാഹുവിന്റെ ശിക്ഷ തടയുന്നതിന്) അവര്‍ക്ക് പ്രയോജനം ചെയ്തില്ല.
(എന്നുവെച്ചാല്‍) അവരിലേക്കുള്ള ദൂതന്മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുക്കല്‍ വന്നപ്പോള്‍ തങ്ങളുടെ പക്കലുള്ള അറിവുകൊണ്ട് അവര്‍ സന്തുഷ്ടി പ്രകടിപ്പിക്കുകയും തങ്ങള്‍ പരിഹസിച്ചുകൊണ്ടിരുന്നത് (ശിക്ഷ) അവരില്‍ വന്നിറങ്ങുകയും ചെയ്തു.
അങ്ങനെ നമ്മുടെ ശിക്ഷ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളിതാ ഏകനായ അല്ലാഹുവില്‍ വിശ്വസിക്കുകയും അവനോട് പങ്കു ചേര്‍ത്തതിനെ ഞങ്ങളിതാ നിഷേധിക്കുകയും ചെയ്തിരിക്കുന്നു.
എന്നാല്‍, നമ്മുടെ ശിക്ഷ കണ്ടപ്പോഴത്തെ വിശ്വാസം അവര്‍ക്ക് പ്രയോജനപ്പെടുകയുണ്ടായില്ല. (അതെ,) അല്ലാഹുവിന്റെ അടിമകളില്‍ മുമ്പ് കഴിഞ്ഞുപോയിട്ടുള്ള അവന്റെ നടപടിക്രമം തന്നെ! സത്യനിഷേധികള്‍ അവിടെവെച്ച് നഷ്ടപ്പെടുകയും ചെയ്തു.