Sunday, 11 October 2026 Hijri: — 04:06:43 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

ഫുസ്സിലത്ത് فصلت Fussilat

Surah 41 മക്കിയ്യ • مكية • Makkiyah 54 ആയത്തുകൾ • 54 Ayahs

സൂറത്ത് ഫുസ്സിലത്ത് (Fussilat), ഖുർആൻ അധ്യായം 41 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 54 ആയത്തുകൾ വായിക്കുക. Read Surah Fussilat with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

ഹാമീം.

حمٓ ۝١
2

കരുണാനിധിയും പരമകാരുണികനുമായ അല്ലാഹുവിങ്കല്‍ നിന്ന് അവതരിച്ചതാണ് (ഇത്;)

تَنزِيلٞ مِّنَ ٱلرَّحۡمَٰنِ ٱلرَّحِيمِ ۝٢
3

അറബി ഭാഷയിലുള്ള ഖുര്‍ആന്‍ എന്ന നിലയില്‍ ബോധമുള്ള ജനതക്ക് വേണ്ടി ആയത്തുകള്‍ വിശദീകരിക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥം!

كِتَٰبٞ فُصِّلَتۡ ءَايَٰتُهُۥ قُرۡءَانًا عَرَبِيّٗا لِّقَوۡمٖ يَعۡلَمُونَ ۝٣
4

സന്തോഷവാര്‍ത്ത അറിയിക്കുന്നതും താക്കീത് നല്‍കുന്നതുമായിക്കൊണ്ട്. എന്നാല്‍, അവരില്‍ അധികമാളുകളും പിന്തിരിഞ്ഞുകളഞ്ഞു. അങ്ങനെ അവര്‍ ചെവികൊടുത്തു കേള്‍ക്കുന്നില്ല.

بَشِيرٗا وَنَذِيرٗا فَأَعۡرَضَ أَكۡثَرُهُمۡ فَهُمۡ لَا يَسۡمَعُونَ ۝٤
5

അവര്‍ പറഞ്ഞു: (മുഹമ്മദേ,) നീ ഏതൊന്നിലേക്ക് ഞങ്ങളെ ക്ഷണിക്കുന്നുവോ അതിനെ സംബന്ധിച്ച് ഞങ്ങളുടെ ഹൃദയങ്ങള്‍ ഒരു തരം മൂടിയിലാണ്. ഞങ്ങളുടെ കാതുകളിലുമുണ്ട് ഒരുതരം കട്ടി. ഞങ്ങള്‍ക്കും നിനക്കുമിടയില്‍ (യോജിക്കാന്‍ കഴിയാത്ത) ഒരു മറയുമുണ്ട്. ആകയാല്‍ നീ (കണ്ടതനുസരിച്ച്) പ്രവര്‍ത്തിച്ചുകൊള്ളുക. ഞങ്ങളും (അങ്ങനെ) പ്രവര്‍ത്തിച്ചുകൊള്ളാം.

وَقَالُواْ قُلُوبُنَا فِيٓ أَكِنَّةٖ مِّمَّا تَدۡعُونَآ إِلَيۡهِ وَفِيٓ ءَاذَانِنَا وَقۡرٞ وَمِنۢ بَيۡنِنَا وَبَيۡنِكَ حِجَابٞ فَٱعۡمَلۡ إِنَّنَا عَٰمِلُونَ ۝٥
6

(നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ തന്നെയാണ്. നിങ്ങളുടെ ഇലാഹ് ഒരേയൊരു ഇലാഹ് മാത്രമാണെന്ന് എനിക്ക് വഹ്യ് (സന്ദേശം) നല്‍കപ്പെടുന്നുണ്ട്. അതുകൊണ്ട് നിങ്ങള്‍ അവങ്കലേക്ക് ചൊവ്വായി മുന്നിട്ടുനില്‍ക്കുകയും അവനോട് പാപമോചനം തേടുകയും ചെയ്യുക. ബഹുദൈവ വിശ്വാസികള്‍ക്ക് വമ്പിച്ച നാശം!

قُلۡ إِنَّمَآ أَنَا۠ بَشَرٞ مِّثۡلُكُمۡ يُوحَىٰٓ إِلَيَّ أَنَّمَآ إِلَٰهُكُمۡ إِلَٰهٞ وَٰحِدٞ فَٱسۡتَقِيمُوٓاْ إِلَيۡهِ وَٱسۡتَغۡفِرُوهُۗ وَوَيۡلٞ لِّلۡمُشۡرِكِينَ ۝٦
7

സകാത്ത് കൊടുക്കാതിരിക്കുകയും പരലോകത്തെ നിഷേധിക്കുകയും ചെയ്യുന്ന,

ٱلَّذِينَ لَا يُؤۡتُونَ ٱلزَّكَوٰةَ وَهُم بِٱلۡأٓخِرَةِ هُمۡ كَٰفِرُونَ ۝٧
8

നിശ്ചയമായും സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരാകട്ടെ, അവര്‍ക്ക് മുറിഞ്ഞുപോകാത്ത പ്രതിഫലമുണ്ട്.

إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ لَهُمۡ أَجۡرٌ غَيۡرُ مَمۡنُونٖ ۝٨
9

(നബിയേ,) പറയുക: രണ്ടു ദിവസങ്ങളിലായി ഭൂമിയെ സൃഷ്ടിച്ച അല്ലാഹുവിനെ നിങ്ങള്‍ നിഷേധിക്കുകയും അവന് നിങ്ങള്‍ സമന്മാരെ ഉണ്ടാക്കുകയുമാണോ? അവന്‍ ലോകരക്ഷിതാവാണ്.

۞ قُلۡ أَئِنَّكُمۡ لَتَكۡفُرُونَ بِٱلَّذِي خَلَقَ ٱلۡأَرۡضَ فِي يَوۡمَيۡنِ وَتَجۡعَلُونَ لَهُۥٓ أَندَادٗاۚ ذَٰلِكَ رَبُّ ٱلۡعَٰلَمِينَ ۝٩
10

ഭൂമിയില്‍ അതിന്റെ മുകള്‍ഭാഗത്ത് ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങളെ അവന്‍ സ്ഥാപിക്കുകയും അതില്‍ നന്മകള്‍ വര്‍ധിപ്പിക്കുകയും അതിലെ ആഹാരവസ്തുക്കള്‍ വ്യവസ്ഥപ്പെടുത്തി നിര്‍ണ്ണയിക്കുകയും ചെയ്തു. (എല്ലാം കൂടി) നാല് ദിവസങ്ങളിലായി; (അതെ,) അന്വേഷിക്കുന്നവര്‍ക്ക് കൃത്യമായ (നാലു ദിവസം)!

وَجَعَلَ فِيهَا رَوَٰسِيَ مِن فَوۡقِهَا وَبَٰرَكَ فِيهَا وَقَدَّرَ فِيهَآ أَقۡوَٰتَهَا فِيٓ أَرۡبَعَةِ أَيَّامٖ سَوَآءٗ لِّلسَّآئِلِينَ ۝١٠
11

പിന്നെ അവന്‍ ആകാശത്തിന്റെ നേരെ കരുതി. അത് ഒരു (തരം) പുകയായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ രണ്ടും അനുസരണപൂര്‍വമോ നിര്‍ബന്ധപൂര്‍വമോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങള്‍ അനുസരണപൂര്‍വം തന്നെയിതാ വന്നിരിക്കുന്നു.

ثُمَّ ٱسۡتَوَىٰٓ إِلَى ٱلسَّمَآءِ وَهِيَ دُخَانٞ فَقَالَ لَهَا وَلِلۡأَرۡضِ ٱئۡتِيَا طَوۡعًا أَوۡ كَرۡهٗا قَالَتَآ أَتَيۡنَا طَآئِعِينَ ۝١١
12

അങ്ങനെ അല്ലാഹു അവയെ (ആകാശങ്ങളെ) രണ്ടു ദിവസങ്ങളിലായി ഏഴാകാശങ്ങളാക്കിത്തീര്‍ക്കുകയും എല്ലാ ഓരോ ആകാശത്തിലും അതതിന്റെ കാര്യം അറിയിച്ചുകൊടുക്കുകയും ചെയ്തു. (ഭൂമിയോട്) ഏറ്റവും അടുത്ത ആകാശത്തെ ചില വിളക്കുകള്‍ കൊണ്ട് നാം അലങ്കരിക്കുകയും അതിനെ നാം സംരക്ഷിക്കുകയും ചെയ്തു. പ്രതാപശാലിയും സര്‍വജ്ഞനുമായ അല്ലാഹു വ്യവസ്ഥ ചെയ്തു കണക്കാക്കിയതാണിതെല്ലാം.

فَقَضَىٰهُنَّ سَبۡعَ سَمَٰوَاتٖ فِي يَوۡمَيۡنِ وَأَوۡحَىٰ فِي كُلِّ سَمَآءٍ أَمۡرَهَاۚ وَزَيَّنَّا ٱلسَّمَآءَ ٱلدُّنۡيَا بِمَصَٰبِيحَ وَحِفۡظٗاۚ ذَٰلِكَ تَقۡدِيرُ ٱلۡعَزِيزِ ٱلۡعَلِيمِ ۝١٢
13

എന്നിരിക്കെ അവര്‍ പിന്തിരിഞ്ഞുപോകയാണെങ്കില്‍ താങ്കള്‍ അവരോട് പറഞ്ഞേക്കുക: ആദിനെയും സമൂദിനെയും ബാധിച്ച ഘോരശിക്ഷ പോലെയുള്ള ഒരു ഘോരശിക്ഷ നിങ്ങളെയും ബാധിക്കുമെന്ന് ഞാനിതാ നിങ്ങളെ താക്കീത് ചെയ്യുന്നു.

فَإِنۡ أَعۡرَضُواْ فَقُلۡ أَنذَرۡتُكُمۡ صَٰعِقَةٗ مِّثۡلَ صَٰعِقَةِ عَادٖ وَثَمُودَ ۝١٣
14

നിങ്ങള്‍ അല്ലാഹുവിനല്ലാതെ ഇബാദത്ത് ചെയ്യരുതെന്നുപദേശിച്ചുകൊണ്ട് മുന്നില്‍ കൂടിയും പിന്നില്‍ കൂടിയും അല്ലാഹുവിന്റെ ദൂതന്മാര്‍ അവരുടെ അടുക്കല്‍ ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവ് ഉദ്ദേശിച്ചാല്‍ അവന്‍ മലക്കുകളെ (ഞങ്ങളുടെ അടുക്കലേക്ക്) ഇറക്കുമായിരുന്നു. അതുകൊണ്ട് നിങ്ങള്‍ ഏതൊന്നുകൊണ്ട് അയക്കപ്പെട്ടിരിക്കുന്നുവോ അതിനെ നിശ്ചയമായും ഞങ്ങള്‍ നിഷേധിക്കുന്നു.

إِذۡ جَآءَتۡهُمُ ٱلرُّسُلُ مِنۢ بَيۡنِ أَيۡدِيهِمۡ وَمِنۡ خَلۡفِهِمۡ أَلَّا تَعۡبُدُوٓاْ إِلَّا ٱللَّهَۖ قَالُواْ لَوۡ شَآءَ رَبُّنَا لَأَنزَلَ مَلَٰٓئِكَةٗ فَإِنَّا بِمَآ أُرۡسِلۡتُم بِهِۦ كَٰفِرُونَ ۝١٤
15

എന്നാല്‍ ആദാകട്ടെ, ന്യായമില്ലാത്ത നിലയില്‍ അവര്‍ ഭൂമിയില്‍ അഹങ്കരിക്കുകയും ഞങ്ങളെക്കാള്‍ ശക്തന്മാര്‍ ആരാണ് എന്നവര്‍ ചോദിക്കുകയും ചെയ്തു. അവരെ സൃഷ്ടിച്ചവന്‍ അവരെക്കാള്‍ ഏറ്റവും ശക്തനാണെന്ന് അവര്‍ അറിഞ്ഞിട്ടില്ലേ? അവര്‍ നമ്മുടെ ആയത്തുകളെ നിഷേധിച്ചുകൊണ്ടിരിക്കുകയുമുണ്ടായി.

فَأَمَّا عَادٞ فَٱسۡتَكۡبَرُواْ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّ وَقَالُواْ مَنۡ أَشَدُّ مِنَّا قُوَّةًۖ أَوَلَمۡ يَرَوۡاْ أَنَّ ٱللَّهَ ٱلَّذِي خَلَقَهُمۡ هُوَ أَشَدُّ مِنۡهُمۡ قُوَّةٗۖ وَكَانُواْ بِـَٔايَٰتِنَا يَجۡحَدُونَ ۝١٥
16

തന്നിമിത്തം ദുശ്ശകുനം പിടിച്ച ചില ദിവസങ്ങളില്‍ അവരുടെ മേല്‍ നാം ഒരു കൊടുങ്കാറ്റയച്ചു. ഐഹിക ജീവിതത്തില്‍ തന്നെ അപമാനത്തിന്റെ ശിക്ഷ അവര്‍ക്ക് നാം ആസ്വദിപ്പിക്കുവാന്‍ വേണ്ടി. പരലോകശിക്ഷയാകട്ടെ, കൂടുതല്‍ അപമാനകരവുമാണ്. അവര്‍ സഹായിക്കപ്പെടുകയുമില്ല.

فَأَرۡسَلۡنَا عَلَيۡهِمۡ رِيحٗا صَرۡصَرٗا فِيٓ أَيَّامٖ نَّحِسَاتٖ لِّنُذِيقَهُمۡ عَذَابَ ٱلۡخِزۡيِ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَلَعَذَابُ ٱلۡأٓخِرَةِ أَخۡزَىٰۖ وَهُمۡ لَا يُنصَرُونَ ۝١٦
17

സമൂദ് സമുദായമാകട്ടെ, അവര്‍ക്ക് നാം നേര്‍മാര്‍ഗം കാണിച്ചുകൊടുത്തു. അപ്പോഴവര്‍ നേര്‍മാര്‍ഗത്തേക്കാള്‍ അന്ധതയെ (ദുര്‍മാര്‍ഗത്തെ) ഇഷ്ടപ്പെടുകയാണ് ചെയ്തത്. അതുകൊണ്ട് അവര്‍ ചെയ്തുകൊണ്ടിരുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി നിന്ദ്യമായ ശിക്ഷയുടെ ഘോരവിപത്ത് (ഭയങ്കര ശബ്ദം) അവരെ പിടികൂടി.

وَأَمَّا ثَمُودُ فَهَدَيۡنَٰهُمۡ فَٱسۡتَحَبُّواْ ٱلۡعَمَىٰ عَلَى ٱلۡهُدَىٰ فَأَخَذَتۡهُمۡ صَٰعِقَةُ ٱلۡعَذَابِ ٱلۡهُونِ بِمَا كَانُواْ يَكۡسِبُونَ ۝١٧
18

സത്യവിശ്വാസം സ്വീകരിക്കുകയും സൂക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്തവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു.

وَنَجَّيۡنَا ٱلَّذِينَ ءَامَنُواْ وَكَانُواْ يَتَّقُونَ ۝١٨
19

അല്ലാഹുവിന്റെ ശത്രുക്കളെ നരകത്തിലേക്ക് ഒരുമിച്ചുകൂട്ടപ്പെടുന്ന ദിവസം (ഓര്‍ക്കുക). അപ്പോള്‍ അവര്‍ തടഞ്ഞു നിയന്ത്രിക്കപ്പെടുന്നതാണ്.

وَيَوۡمَ يُحۡشَرُ أَعۡدَآءُ ٱللَّهِ إِلَى ٱلنَّارِ فَهُمۡ يُوزَعُونَ ۝١٩
20

അങ്ങനെ അതിന്റെ അടുത്തുവരുമ്പോള്‍ അവരുടെ കാതുകളും കണ്ണുകളും തൊലികളും തങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അവര്‍ക്കെതിരില്‍ സാക്ഷി പറയുന്നതാണ്.

حَتَّىٰٓ إِذَا مَا جَآءُوهَا شَهِدَ عَلَيۡهِمۡ سَمۡعُهُمۡ وَأَبۡصَٰرُهُمۡ وَجُلُودُهُم بِمَا كَانُواْ يَعۡمَلُونَ ۝٢٠
21

(അപ്പോള്‍) അവര്‍ തങ്ങളുടെ തൊലികളോട് ചോദിക്കും: നിങ്ങളെന്തിനാണ് ഞങ്ങള്‍ക്കെതിരില്‍ സാക്ഷി പറഞ്ഞത്? അവര്‍ (തൊലികള്‍) പറയും: എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെയും സംസാരിപ്പിച്ചതാണ്. അവനാണല്ലോ നിങ്ങളെ ഒന്നാം പ്രാവശ്യം സൃഷ്ടിച്ചത്; അവങ്കലേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.

وَقَالُواْ لِجُلُودِهِمۡ لِمَ شَهِدتُّمۡ عَلَيۡنَاۖ قَالُوٓاْ أَنطَقَنَا ٱللَّهُ ٱلَّذِيٓ أَنطَقَ كُلَّ شَيۡءٖۚ وَهُوَ خَلَقَكُمۡ أَوَّلَ مَرَّةٖ وَإِلَيۡهِ تُرۡجَعُونَ ۝٢١
22

നിങ്ങളുടെ കാതുകളും കണ്ണുകളും തൊലികളും നിങ്ങള്‍ക്കെതിരില്‍ സാക്ഷ്യം വഹിക്കുന്നതില്‍ നിന്ന് നിങ്ങള്‍ മറഞ്ഞുനിന്നിരുന്നില്ല. പക്ഷേ, നിങ്ങളുടെ മിക്കപ്രവൃത്തികളും അല്ലാഹു അറിയുകയേയില്ലെന്ന് നിങ്ങള്‍ ധരിച്ചുപോയി.

وَمَا كُنتُمۡ تَسۡتَتِرُونَ أَن يَشۡهَدَ عَلَيۡكُمۡ سَمۡعُكُمۡ وَلَآ أَبۡصَٰرُكُمۡ وَلَا جُلُودُكُمۡ وَلَٰكِن ظَنَنتُمۡ أَنَّ ٱللَّهَ لَا يَعۡلَمُ كَثِيرٗا مِّمَّا تَعۡمَلُونَ ۝٢٢
23

അത്-നിങ്ങളുടെ രക്ഷിതാവിനെക്കുറിച്ച് നിങ്ങള്‍ ധരിച്ചുവെച്ച ആ ധാരണ-നിങ്ങളെ നശിപ്പിച്ചു. അങ്ങനെ നിങ്ങള്‍ നഷ്ടക്കാരില്‍ പെട്ടവരായിത്തീരുകയും ചെയ്തു.

وَذَٰلِكُمۡ ظَنُّكُمُ ٱلَّذِي ظَنَنتُم بِرَبِّكُمۡ أَرۡدَىٰكُمۡ فَأَصۡبَحۡتُم مِّنَ ٱلۡخَٰسِرِينَ ۝٢٣
24

ഇനി അവര്‍ ക്ഷമിക്കുകയാണെങ്കില്‍, നരകമാണ് അവര്‍ക്ക് പാര്‍പ്പിടം; (ഇഹലോകത്തേക്ക്) മടക്കി അയക്കുവാന്‍ ആവശ്യപ്പെടുകയാണെങ്കിലോ അവര്‍ മടക്കപ്പെടുന്നവരില്‍ ആവുകയുമില്ല.

فَإِن يَصۡبِرُواْ فَٱلنَّارُ مَثۡوٗى لَّهُمۡۖ وَإِن يَسۡتَعۡتِبُواْ فَمَا هُم مِّنَ ٱلۡمُعۡتَبِينَ ۝٢٤
25

അവര്‍ക്ക് നാം ചില കൂട്ടുകാരെ നിശ്ചയിച്ചു. അങ്ങനെ അവര്‍ അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവര്‍ക്ക് ഭംഗിയാക്കി കാണിച്ചുകൊടുത്തു. അവരുടെ മേല്‍ (ശിക്ഷയുടെ) വാക്ക് സ്ഥിരപ്പെടുകയും ചെയ്തു; ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും അവരുടെ മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമുദായങ്ങളുടെ സമൂഹത്തില്‍ പെട്ടവരായ സ്ഥിതിയില്‍. നിശ്ചയമായും അവര്‍ നഷ്ടപ്പെട്ടവരായിരുന്നു.

۞ وَقَيَّضۡنَا لَهُمۡ قُرَنَآءَ فَزَيَّنُواْ لَهُم مَّا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡ وَحَقَّ عَلَيۡهِمُ ٱلۡقَوۡلُ فِيٓ أُمَمٖ قَدۡ خَلَتۡ مِن قَبۡلِهِم مِّنَ ٱلۡجِنِّ وَٱلۡإِنسِۖ إِنَّهُمۡ كَانُواْ خَٰسِرِينَ ۝٢٥
26

സത്യനിഷേധികള്‍ പറഞ്ഞു: നിങ്ങള്‍ ഈ ഖുര്‍ആനിലേക്ക് ചെവി കൊടുക്കരുത്; അതില്‍ ഒച്ചപ്പാടുണ്ടാക്കുക. നിങ്ങള്‍ വിജയിച്ചേക്കാം.

وَقَالَ ٱلَّذِينَ كَفَرُواْ لَا تَسۡمَعُواْ لِهَٰذَا ٱلۡقُرۡءَانِ وَٱلۡغَوۡاْ فِيهِ لَعَلَّكُمۡ تَغۡلِبُونَ ۝٢٦
27

എന്നാല്‍, നിശ്ചയമായും ആ സത്യനിഷേധികള്‍ക്ക് കഠിനമായ ശിക്ഷ നാം ആസ്വദിപ്പിക്കും. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിലെ തിന്മകള്‍ക്ക് അവര്‍ക്ക് നാം പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്.

فَلَنُذِيقَنَّ ٱلَّذِينَ كَفَرُواْ عَذَابٗا شَدِيدٗا وَلَنَجۡزِيَنَّهُمۡ أَسۡوَأَ ٱلَّذِي كَانُواْ يَعۡمَلُونَ ۝٢٧
28

അത് അല്ലാഹുവിന്റെ ശത്രുക്കളുടെ പ്രതിഫലമാണ്. നരകം! അവര്‍ക്കതില്‍ സ്ഥിരവാസത്തിന്റെ ഭവനമുണ്ട്. നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചതിന് പ്രതിഫലമായിട്ട്.

ذَٰلِكَ جَزَآءُ أَعۡدَآءِ ٱللَّهِ ٱلنَّارُۖ لَهُمۡ فِيهَا دَارُ ٱلۡخُلۡدِ جَزَآءَۢ بِمَا كَانُواْ بِـَٔايَٰتِنَا يَجۡحَدُونَ ۝٢٨
29

സത്യനിഷേധികള്‍ (അവിടെവെച്ച്) പറയും: ഞങ്ങളുടെ രക്ഷിതാവേ, ജിന്നുകളിലും മനുഷ്യരിലും നിന്ന് ഞങ്ങളെ വഴി തെറ്റിച്ച ഇരുവരെയും നീ ഞങ്ങള്‍ക്ക് കാണിച്ചുതരേണമേ. അവര്‍ രണ്ടു കൂട്ടരും ഏറ്റവും അധമന്മാരില്‍ ആയിത്തീരേണ്ടതിനായി ഞങ്ങള്‍ അവരെ കാലടികള്‍ക്ക് താഴെയാ(ക്കി ചവിട്ടിയേ)ക്കട്ടെ.

وَقَالَ ٱلَّذِينَ كَفَرُواْ رَبَّنَآ أَرِنَا ٱلَّذَيۡنِ أَضَلَّانَا مِنَ ٱلۡجِنِّ وَٱلۡإِنسِ نَجۡعَلۡهُمَا تَحۡتَ أَقۡدَامِنَا لِيَكُونَا مِنَ ٱلۡأَسۡفَلِينَ ۝٢٩
30

നിശ്ചയമായും ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും പിന്നീട് അതനുസരിച്ച് ചൊവ്വായി നിലകൊള്ളുകയും ചെയ്തവര്‍, അവരുടെ അടുക്കല്‍ മലക്കുകള്‍ (ഈ സന്തോഷവാര്‍ത്തയുമായി) ഇറങ്ങിവരുന്നതാണ്. അതായത്: നിങ്ങള്‍ ഭയപ്പെടുകയോ വ്യസനിക്കുകയോ വേണ്ട. നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടുകൊണ്ടിരുന്ന സ്വര്‍ഗം കൊണ്ട് സന്തോഷിച്ചുകൊള്ളുക.

إِنَّ ٱلَّذِينَ قَالُواْ رَبُّنَا ٱللَّهُ ثُمَّ ٱسۡتَقَٰمُواْ تَتَنَزَّلُ عَلَيۡهِمُ ٱلۡمَلَٰٓئِكَةُ أَلَّا تَخَافُواْ وَلَا تَحۡزَنُواْ وَأَبۡشِرُواْ بِٱلۡجَنَّةِ ٱلَّتِي كُنتُمۡ تُوعَدُونَ ۝٣٠
31

ഇഹലോകജീവിതത്തിലും പരലോകത്തും ഞങ്ങള്‍ നിങ്ങളുടെ കൂട്ടുകാരാണ്. അവിടെ (പരലോകത്ത്) നിങ്ങളുടെ മനസ്സുകള്‍ ആഗ്രഹിക്കുന്നതും നിങ്ങള്‍ അവിടെ വെച്ച് ആവശ്യപ്പെടുന്നതും നിങ്ങള്‍ക്കുണ്ട്.

نَحۡنُ أَوۡلِيَآؤُكُمۡ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَفِي ٱلۡأٓخِرَةِۖ وَلَكُمۡ فِيهَا مَا تَشۡتَهِيٓ أَنفُسُكُمۡ وَلَكُمۡ فِيهَا مَا تَدَّعُونَ ۝٣١
32

വളരെ പൊറുക്കുന്നവനും പരമകാരുണികനുമായ അല്ലാഹുവിന്റെ സല്‍ക്കാരമായിക്കൊണ്ടാണത്.

نُزُلٗا مِّنۡ غَفُورٖ رَّحِيمٖ ۝٣٢
33

അല്ലാഹുവിങ്കലേക്ക് വിളിക്കുകയും സല്‍ക്കര്‍മം അനുഷ്ഠിക്കുകയും നിശ്ചയമായും ഞാന്‍ മുസ്ലിംകളില്‍ പെട്ടവനാണ് എന്ന് പറയുകയും ചെയ്തവനെക്കാള്‍ നല്ല വാക്ക് പറയുന്നവന്‍ ആരാണ്? (ആരുമില്ല.)

وَمَنۡ أَحۡسَنُ قَوۡلٗا مِّمَّن دَعَآ إِلَى ٱللَّهِ وَعَمِلَ صَٰلِحٗا وَقَالَ إِنَّنِي مِنَ ٱلۡمُسۡلِمِينَ ۝٣٣
34

നന്മയും തിന്മയും സമമാകുകയില്ല. നല്ലതുകൊണ്ട് നീ തിന്മയെ തടഞ്ഞുകൊള്ളുക. എന്നാല്‍, നിന്റെയും യാതൊരുത്തന്റെയും ഇടയില്‍ ശത്രുതയുണ്ടോ അവന്‍ നിന്റെ ഉറ്റ ബന്ധുവെന്നപോലെ ആയിരിക്കുന്നതാണ്.

وَلَا تَسۡتَوِي ٱلۡحَسَنَةُ وَلَا ٱلسَّيِّئَةُۚ ٱدۡفَعۡ بِٱلَّتِي هِيَ أَحۡسَنُ فَإِذَا ٱلَّذِي بَيۡنَكَ وَبَيۡنَهُۥ عَدَٰوَةٞ كَأَنَّهُۥ وَلِيٌّ حَمِيمٞ ۝٣٤
35

ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ ഇത് നല്‍കപ്പെടുന്നതല്ല. മഹാഭാഗ്യവാനല്ലാതെയും ഇത് നല്‍കപ്പെടുന്നതല്ല.

وَمَا يُلَقَّىٰهَآ إِلَّا ٱلَّذِينَ صَبَرُواْ وَمَا يُلَقَّىٰهَآ إِلَّا ذُو حَظٍّ عَظِيمٖ ۝٣٥
36

പിശാചില്‍ നിന്ന് വല്ല ദുഷ്പ്രേരണയും നിന്നെ ഇളക്കിവിടുന്ന പക്ഷം നീ അല്ലാഹുവിനോട് ശരണം തേടിക്കൊള്ളുക. നിശ്ചയമായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.

وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيۡطَٰنِ نَزۡغٞ فَٱسۡتَعِذۡ بِٱللَّهِۖ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡعَلِيمُ ۝٣٦
37

രാവും പകലും സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സൂര്യനോ ചന്ദ്രനോ നിങ്ങള്‍ സുജൂദ് ചെയ്യരുത്. അവയെ സൃഷ്ടിച്ച അല്ലാഹുവിന് നിങ്ങള്‍ സുജൂദ് ചെയ്യുക-അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍.

وَمِنۡ ءَايَٰتِهِ ٱلَّيۡلُ وَٱلنَّهَارُ وَٱلشَّمۡسُ وَٱلۡقَمَرُۚ لَا تَسۡجُدُواْ لِلشَّمۡسِ وَلَا لِلۡقَمَرِ وَٱسۡجُدُواْۤ لِلَّهِۤ ٱلَّذِي خَلَقَهُنَّ إِن كُنتُمۡ إِيَّاهُ تَعۡبُدُونَ ۝٣٧
38

ഇനി അവര്‍ അഹങ്കരിക്കുകയാണെങ്കില്‍ (നബിയേ,) താങ്കളുടെ രക്ഷിതാവിന്റെ അടുക്കലുള്ളവര്‍ (മലക്കുകള്‍) രാത്രിയും പകലും അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവര്‍ മടി കാട്ടുകയില്ല.

فَإِنِ ٱسۡتَكۡبَرُواْ فَٱلَّذِينَ عِندَ رَبِّكَ يُسَبِّحُونَ لَهُۥ بِٱلَّيۡلِ وَٱلنَّهَارِ وَهُمۡ لَا يَسۡـَٔمُونَ۩ ۝٣٨
39

നിശ്ചയമായും ഭൂമിയെ അടങ്ങിയതായി (ഇറുകിയതായി) നീ കാണുന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയാണ്. എന്നിട്ട് അതിന്മേല്‍ നാം മഴ ഇറക്കിയാല്‍ അത് കുതിര്‍ന്ന് ഇളകുകയും ചീര്‍ക്കുകയും ചെയ്യുന്നു. നിശ്ചയമായും അതിന് ജീവസ്സ് നല്‍കിയവന്‍ (അല്ലാഹു) മരണപ്പെട്ടവരെ ജീവിപ്പിക്കുന്നവന്‍ തന്നെയാണ്. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്, തീര്‍ച്ച.

وَمِنۡ ءَايَٰتِهِۦٓ أَنَّكَ تَرَى ٱلۡأَرۡضَ خَٰشِعَةٗ فَإِذَآ أَنزَلۡنَا عَلَيۡهَا ٱلۡمَآءَ ٱهۡتَزَّتۡ وَرَبَتۡۚ إِنَّ ٱلَّذِيٓ أَحۡيَاهَا لَمُحۡيِ ٱلۡمَوۡتَىٰٓۚ إِنَّهُۥ عَلَىٰ كُلِّ شَيۡءٖ قَدِيرٌ ۝٣٩
40

നിശ്ചയമായും നമ്മുടെ ലക്ഷ്യങ്ങളില്‍ വക്രത കാട്ടുന്നവര്‍ നമ്മുടെ ദൃഷ്ടിയില്‍ നിന്ന് മറഞ്ഞുപോകുകയില്ല. അപ്പോള്‍ നരകത്തില്‍ ഇടപ്പെടുന്നവനോ ഉത്തമന്‍, അതല്ല ഖിയാമ നാളില്‍ നിര്‍ഭയനായിക്കൊണ്ട് വരുന്നവനോ? ഉദ്ദേശിക്കുന്നത് നിങ്ങള്‍ ചെയ്തുകൊള്ളുക; നിശ്ചയമായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അല്ലാഹു കണ്ടറിയുന്നവന്‍ തന്നെയാണ്.

إِنَّ ٱلَّذِينَ يُلۡحِدُونَ فِيٓ ءَايَٰتِنَا لَا يَخۡفَوۡنَ عَلَيۡنَآۗ أَفَمَن يُلۡقَىٰ فِي ٱلنَّارِ خَيۡرٌ أَم مَّن يَأۡتِيٓ ءَامِنٗا يَوۡمَ ٱلۡقِيَٰمَةِۚ ٱعۡمَلُواْ مَا شِئۡتُمۡ إِنَّهُۥ بِمَا تَعۡمَلُونَ بَصِيرٌ ۝٤٠
41

നിശ്ചയമായും (ഈ ഖുര്‍ആനാകുന്ന) സന്ദേശം വന്നുകിട്ടിയപ്പോള്‍ അതിനെ നിഷേധിച്ചു തള്ളിയവര്‍ (ശിക്ഷിക്കപ്പെടുകതന്നെ ചെയ്യും). അത് വീര്യപ്പെട്ട ഒരു ഗ്രന്ഥം തന്നെയാകുന്നു.

إِنَّ ٱلَّذِينَ كَفَرُواْ بِٱلذِّكۡرِ لَمَّا جَآءَهُمۡۖ وَإِنَّهُۥ لَكِتَٰبٌ عَزِيزٞ ۝٤١
42

അതിന്റെ മുന്നില്‍ക്കൂടിയോ പിന്നില്‍ക്കൂടിയോ അസത്യം അതില്‍ വന്നുചേരുകയില്ല. അഗാധജ്ഞനും സ്തുത്യര്‍ഹനുമായ അല്ലാഹുവിങ്കല്‍ നിന്ന് അവതരിച്ചതാണത്.

لَّا يَأۡتِيهِ ٱلۡبَٰطِلُ مِنۢ بَيۡنِ يَدَيۡهِ وَلَا مِنۡ خَلۡفِهِۦۖ تَنزِيلٞ مِّنۡ حَكِيمٍ حَمِيدٖ ۝٤٢
43

താങ്കള്‍ക്ക് മുമ്പുണ്ടായിരുന്ന റസൂലുകളോട് പറയപ്പെട്ടതല്ലാതെ (പുതുതായൊന്നും) താങ്കളോട് പറയപ്പെടുന്നില്ല. താങ്കളുടെ റബ്ബ് തെറ്റുകള്‍ പൊറുക്കുന്നവനും വേദനാജനകമായ ശിക്ഷ നല്‍കുന്നവനും തന്നെയാകുന്നു.

مَّا يُقَالُ لَكَ إِلَّا مَا قَدۡ قِيلَ لِلرُّسُلِ مِن قَبۡلِكَۚ إِنَّ رَبَّكَ لَذُو مَغۡفِرَةٖ وَذُو عِقَابٍ أَلِيمٖ ۝٤٣
44

ഇതിനെ നാം അറബിയല്ലാത്ത മറ്റേതെങ്കിലും ഭാഷയിലുള്ള ഖുര്‍ആന്‍ ആക്കിയിരുന്നുവെങ്കില്‍ അവരിങ്ങനെ ചോദിക്കുമായിരുന്നു: ഇതിലെ വാക്യങ്ങള്‍ വിശദീകരിച്ച് പറയപ്പെടാത്തതെന്തുകൊണ്ടാണ്? (ഗ്രന്ഥം) ഒരു അനറബിയും (പ്രവാചകന്‍) ഒരു അറബിയുമോ? (ഇതെന്തു കഥയാണ്?) താങ്കള്‍ പറയുക: ഇത് സത്യത്തില്‍ വിശ്വസിച്ചവര്‍ക്ക് മാര്‍ഗദര്‍ശനവും (രോഗ)ശമനവുമാണ്. വിശ്വസിക്കാത്തവരാകട്ടെ, അവരുടെ കാതുകളില്‍ ഒരുതരം കട്ടിയുണ്ട്. ഖുര്‍ആന്‍ അവരെ സംബന്ധിച്ച് ഒരു അന്ധതയുമാണ്. അക്കൂട്ടര്‍ ഒരു വിദൂരസ്ഥലത്ത് നിന്ന് വിളിക്കപ്പെടുകയാകുന്നു.

وَلَوۡ جَعَلۡنَٰهُ قُرۡءَانًا أَعۡجَمِيّٗا لَّقَالُواْ لَوۡلَا فُصِّلَتۡ ءَايَٰتُهُۥٓۖ ءَا۬عۡجَمِيّٞ وَعَرَبِيّٞۗ قُلۡ هُوَ لِلَّذِينَ ءَامَنُواْ هُدٗى وَشِفَآءٞۚ وَٱلَّذِينَ لَا يُؤۡمِنُونَ فِيٓ ءَاذَانِهِمۡ وَقۡرٞ وَهُوَ عَلَيۡهِمۡ عَمًىۚ أُوْلَٰٓئِكَ يُنَادَوۡنَ مِن مَّكَانِۭ بَعِيدٖ ۝٤٤
45

നിശ്ചയമായും മൂസാക്ക് നാം വേദഗ്രന്ഥം കൊടുത്തു. എന്നിട്ട് അതിലും ഭിന്നിപ്പുണ്ടായി. താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു വാക്ക് മുമ്പുണ്ടായിട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ (അപ്പോള്‍ തന്നെ) വിധി നല്‍കപ്പെടുമായിരുന്നു. നിശ്ചയമായും അവര്‍ അതിനെക്കുറിച്ച് വലിയ സംശയത്തിലാണ്.

وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ فَٱخۡتُلِفَ فِيهِۚ وَلَوۡلَا كَلِمَةٞ سَبَقَتۡ مِن رَّبِّكَ لَقُضِيَ بَيۡنَهُمۡۚ وَإِنَّهُمۡ لَفِي شَكّٖ مِّنۡهُ مُرِيبٖ ۝٤٥
46

ആരെങ്കിലും നന്മ ചെയ്താല്‍ അവനു തന്നെയാണ് (അതിന്റെ പ്രതിഫലം). ആരെങ്കിലും തിന്മ ചെയ്താല്‍ അവനുതന്നെയാണ് (അതിന്റെ ദോഷവും). താങ്കളുടെ രക്ഷിതാവ് അവന്റെ അടിമകളോട് ഒട്ടുംതന്നെ അനീതി പ്രവര്‍ത്തിക്കുന്നവനല്ല.

مَّنۡ عَمِلَ صَٰلِحٗا فَلِنَفۡسِهِۦۖ وَمَنۡ أَسَآءَ فَعَلَيۡهَاۗ وَمَا رَبُّكَ بِظَلَّٰمٖ لِّلۡعَبِيدِ ۝٤٦
47

അന്ത്യസമയത്തെ കുറിച്ചുള്ള അറിവ് അല്ലാഹുവിങ്കലേക്ക് തന്നെയാണ് മടക്കപ്പെടുന്നത്. അവന്റെ അറിവോടുകൂടിയല്ലാതെ ഏത് പഴങ്ങളും തന്നെ അവയുടെ (കുലകളിലുള്ള) പോളകളില്‍ നിന്ന് പുറത്തുവരികയോ ഒരു സ്ത്രീയും ഗര്‍ഭം ധരിക്കുകയോ പ്രസവിക്കുകയോ ചെയ്യുന്നില്ല. എന്റെ പങ്കുകാര്‍ എവിടെ എന്ന് അവരോടവന്‍ വിളിച്ചുചോദിക്കുന്ന ദിവസം അവര്‍ പറയും: ഞങ്ങളിതാ നിന്നെ അറിയിച്ചുകൊള്ളുന്നു, ഞങ്ങളില്‍ ആരും തന്നെ അതിന് സാക്ഷ്യം വഹിക്കുന്നവരില്ല.

۞ إِلَيۡهِ يُرَدُّ عِلۡمُ ٱلسَّاعَةِۚ وَمَا تَخۡرُجُ مِن ثَمَرَٰتٖ مِّنۡ أَكۡمَامِهَا وَمَا تَحۡمِلُ مِنۡ أُنثَىٰ وَلَا تَضَعُ إِلَّا بِعِلۡمِهِۦۚ وَيَوۡمَ يُنَادِيهِمۡ أَيۡنَ شُرَكَآءِي قَالُوٓاْ ءَاذَنَّٰكَ مَا مِنَّا مِن شَهِيدٖ ۝٤٧
48

അവര്‍ മുമ്പ് പ്രാര്‍ഥിച്ചിരുന്നവ അവരില്‍ നിന്ന് മറഞ്ഞുപോകയും ഓടിപ്പോകാവുന്ന ഒരു രക്ഷാസ്ഥാനവും തങ്ങള്‍ക്കില്ലെന്ന് അവര്‍ക്ക് ഉറപ്പ് വരികയും ചെയ്യും.

وَضَلَّ عَنۡهُم مَّا كَانُواْ يَدۡعُونَ مِن قَبۡلُۖ وَظَنُّواْ مَا لَهُم مِّن مَّحِيصٖ ۝٤٨
49

നന്മക്കു വേണ്ടി പ്രാര്‍ഥിക്കുന്നതിനാല്‍ മനുഷ്യന് മടുപ്പ് തോന്നുകയില്ല. അവനെ തിന്മ ബാധിച്ചുവെങ്കിലോ അവനതാ അങ്ങേയറ്റം നിരാശനായിത്തീരുന്നു!

لَّا يَسۡـَٔمُ ٱلۡإِنسَٰنُ مِن دُعَآءِ ٱلۡخَيۡرِ وَإِن مَّسَّهُ ٱلشَّرُّ فَيَـُٔوسٞ قَنُوطٞ ۝٤٩
50

അവനെ ബാധിച്ച തിന്മക്ക് ശേഷം നമ്മുടെ പക്കല്‍ നിന്നുള്ള വല്ല കാരുണ്യവും നാം അവനെ ആസ്വദിപ്പിച്ചാല്‍ നിശ്ചയമായും അവന്‍ പറയും: ഇതെനിക്ക് അര്‍ഹതപ്പെട്ടതാണ്. അന്ത്യസമയം നിലവില്‍ വരുന്നതാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. (ഒരു പക്ഷേ,) എന്റെ രക്ഷിതാവിങ്കലേക്ക് ഞാന്‍ മടക്കപ്പെട്ടുവെന്ന് വന്നാല്‍തന്നെ ഏറ്റവും ഉന്നതമായ സ്ഥാനമാണ് അവന്റെ അടുക്കല്‍ എനിക്കുണ്ടായിരിക്കുക, തീര്‍ച്ച. എന്നാല്‍ (ഇങ്ങനെയുള്ള) സത്യനിഷേധികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നാം അവരെ ബോധ്യപ്പെടുത്തുകയും കടുത്ത ശിക്ഷയില്‍ നിന്ന് അവര്‍ക്ക് നാം ആസ്വദിപ്പിക്കുകയും തന്നെ ചെയ്യും.

وَلَئِنۡ أَذَقۡنَٰهُ رَحۡمَةٗ مِّنَّا مِنۢ بَعۡدِ ضَرَّآءَ مَسَّتۡهُ لَيَقُولَنَّ هَٰذَا لِي وَمَآ أَظُنُّ ٱلسَّاعَةَ قَآئِمَةٗ وَلَئِن رُّجِعۡتُ إِلَىٰ رَبِّيٓ إِنَّ لِي عِندَهُۥ لَلۡحُسۡنَىٰۚ فَلَنُنَبِّئَنَّ ٱلَّذِينَ كَفَرُواْ بِمَا عَمِلُواْ وَلَنُذِيقَنَّهُم مِّنۡ عَذَابٍ غَلِيظٖ ۝٥٠
51

മനുഷ്യന് നാം അനുഗ്രഹം ചെയ്താല്‍ അവന്‍ തിരിഞ്ഞുകളയുകയും അഹംഭാവത്തോടെ അകന്നുപോവുകയും ചെയ്യും. വല്ല തിന്മയും അവനെ ബാധിച്ചാലോ, അപ്പോള്‍ അവനതാ നീണ്ട പ്രാര്‍ഥനക്കാരനായിത്തീരുന്നു.

وَإِذَآ أَنۡعَمۡنَا عَلَى ٱلۡإِنسَٰنِ أَعۡرَضَ وَنَـَٔا بِجَانِبِهِۦ وَإِذَا مَسَّهُ ٱلشَّرُّ فَذُو دُعَآءٍ عَرِيضٖ ۝٥١
52

(നബിയേ,) പറയുക: ഇത് (ഖുര്‍ആന്‍) അല്ലാഹുവിങ്കല്‍ നിന്നുള്ളതാവുകയും എന്നിട്ട് നിങ്ങളത് നിഷേധിക്കുകയുമാണ് ചെയ്യുന്നതെങ്കില്‍ വിദൂരമായ കക്ഷി മത്സരത്തില്‍ സ്ഥിതി ചെയ്യുന്നവരെ (നിങ്ങളെ)ക്കാള്‍ വഴിതെറ്റിയവര്‍ മറ്റാരാണെന്ന് നിങ്ങളൊന്ന് പറയൂ!

قُلۡ أَرَءَيۡتُمۡ إِن كَانَ مِنۡ عِندِ ٱللَّهِ ثُمَّ كَفَرۡتُم بِهِۦ مَنۡ أَضَلُّ مِمَّنۡ هُوَ فِي شِقَاقِۭ بَعِيدٖ ۝٥٢
53

നമ്മുടെ ദൃഷ്ടാന്തങ്ങളെ നാനാഭാഗങ്ങളിലും-അവരില്‍ തന്നെയും-നാം അവര്‍ക്ക് കാണിച്ചുകൊടുക്കുന്നതാണ്. അങ്ങനെ അത് (ഖുര്‍ആന്‍) സത്യം തന്നെയാണെന്ന് അവര്‍ക്ക് വ്യക്തമാകും. (നബിയേ,) താങ്കളുടെ രക്ഷിതാവ്-അതായത് അവന്‍ എല്ലാ കാര്യത്തിനും ദൃക്സാക്ഷിയാണ് എന്നത്-തന്നെ മതിയാകയില്ലേ? (പിന്നെ മറ്റു വല്ല തെളിവിന്റെയും ആവശ്യമുണ്ടോ?)

سَنُرِيهِمۡ ءَايَٰتِنَا فِي ٱلۡأٓفَاقِ وَفِيٓ أَنفُسِهِمۡ حَتَّىٰ يَتَبَيَّنَ لَهُمۡ أَنَّهُ ٱلۡحَقُّۗ أَوَلَمۡ يَكۡفِ بِرَبِّكَ أَنَّهُۥ عَلَىٰ كُلِّ شَيۡءٖ شَهِيدٌ ۝٥٣
54

അറിയുക: നിശ്ചയമായും അവര്‍ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നതിനെക്കുറിച്ച് സംശയത്തിലാണ്. അറിയുക: നിശ്ചയമായും അവന്‍ എല്ലാ വസ്തുക്കളെയും വലയം ചെയ്തവനാകുന്നു.

أَلَآ إِنَّهُمۡ فِي مِرۡيَةٖ مِّن لِّقَآءِ رَبِّهِمۡۗ أَلَآ إِنَّهُۥ بِكُلِّ شَيۡءٖ مُّحِيطُۢ ۝٥٤