Sunday, 11 October 2026 Hijri: — 11:47:56 am
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അബസ عبس Abasa

Surah 80 മക്കിയ്യ • مكية • Makkiyah 42 ആയത്തുകൾ • 42 Ayahs

സൂറത്ത് അബസ (Abasa), ഖുർആൻ അധ്യായം 80 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 42 ആയത്തുകൾ വായിക്കുക. Read Surah Abasa with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–10

പ്രവാചക സന്നിധിയില്‍ ആ അന്ധന്‍ ആഗതനായതിനാല്‍ അവിടന്ന് മുഖംചുളിച്ചു പിന്തിരിഞ്ഞുകളഞ്ഞു1
നബീ, അങ്ങേക്ക് അതുസംബന്ധിച്ച് എന്തറിയാം?-അദ്ദേഹം പാപവിശുദ്ധി നേടുകയോ ഉപദേശം സ്വീകരിച്ചിട്ട് അതദ്ദേഹത്തിന് ഫലപ്രദമാവുകയോ ചെയ്‌തേക്കാമല്ലോ. എന്നാല്‍, സ്വയം പര്യാപ്തത നടിച്ചവനാകട്ടെ, അവന്റെ നേരെയാണ് അങ്ങ് തിരിയുന്നത്. അവന്‍ പാപവിശുദ്ധി കൈവരിക്കാത്തതില്‍ താങ്കള്‍ക്ക് കുറ്റമൊന്നുമില്ല. എന്നാല്‍ അല്ലാഹുവിനെ ഭയന്ന് അങ്ങയുടെയടുത്തേക്ക് ധൃതിപ്പെട്ട് വന്നയാളുടെ വിഷയത്തില്‍ നിന്ന് അങ്ങ് ശ്രദ്ധതിരിച്ചു കളയുകയാണ്.

1 വിശദീകരണം കാണുക

1. തിരുനബി(സ്വ) ഒരിക്കല്‍ മക്കയില്‍ വെച്ച് ഖുറൈശിലെ ഒന്നാംനിര നേതാക്കളുമായി സംഭാഷണത്തിലായിരിക്കവേ, അബ്ദുല്ലാഹിബ്‌നുഉമ്മിമക്തൂം എന്ന കണ്ണുകാണാത്ത സ്വഹാബിശ്രേഷ്ഠന്‍ വന്ന് നബി(സ്വ)യെ വിളിക്കുകയും 'അല്ലാഹു അങ്ങേക്കു പഠിപ്പിച്ചു തന്നതില്‍ നിന്ന് എനിക്ക് പറഞ്ഞുതരൂ' എന്ന് അപേക്ഷിക്കുകയും ചെയ്തു. നേതാക്കളെ ഖുര്‍ആന്‍ പരിചയപ്പെടുത്തുകയും ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തുകൊണ്ടുള്ള സംസാരമാണ് നബി(സ്വ) നിര്‍വഹിച്ചുകൊണ്ടിരുന്നത്. ഇവരുടെ ഇസ്‌ലാമാശ്ലേഷണത്തില്‍ പ്രത്യാശപൂണ്ട് ഇബ്‌നുഉമ്മിമക്തൂമിനെ നബി(സ്വ) പരിഗണിച്ചില്ല; മുഖത്ത് അസംതൃപ്തി പ്രകടമായി. ഈ പശ്ചാത്തലത്തിലാണ് ഈ വചനങ്ങള്‍ അവതരിച്ചത്.
മുഖം ചുളിച്ചത് നബി(സ്വ)യും ആഗതനായ അന്ധന്‍ മേല്‍പറഞ്ഞ സ്വഹാബിയുമാണെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ ഏകകണ്ഠപക്ഷം. ഒന്നും രണ്ടും സൂക്തങ്ങളില്‍ മധ്യമപുരുഷപ്രയോഗം (ഘിത്ത്വാബ്) ഒഴിവാക്കി പ്രഥമ പുരുഷ പ്രയോഗം (ഗൈബത്ത്) സ്വീകരിച്ചത് നബി(സ്വ)യോടുള്ള ആര്‍ദ്രതാ പ്രകടനത്തിനു വേണ്ടിയാണ്; മൂന്നാം വചനം മുതല്‍ മധ്യമപുരുഷ പ്രയോഗം തന്നെയാണുള്ളത് എന്നതും പ്രത്യേകം ശ്രദ്ധേയമായിരിക്കുന്നു.
ഏതായാലും, വീട്ടിലേക്കുള്ള വഴിയില്‍ മറ്റാരുമറിയാതെ അവതരിച്ച ഈ സൂക്തങ്ങളും നബി(സ്വ) അപ്പടി സമൂഹമധ്യേ പാരായണം ചെയ്തുകൊടുത്തു. സ്വന്തത്തെ ആക്ഷേപിക്കുന്ന കാര്യങ്ങള്‍ മറ്റാരും അങ്ങനെ ചെയ്യാറില്ലല്ലോ. വഹ്‌യില്‍ നിന്ന് ഏതെങ്കിലും ഭാഗം നബി(സ്വ) ഒളിപ്പിച്ചുവെക്കുമായിരുന്നുവെങ്കില്‍ അത് ഈ വചനങ്ങളായിരിക്കും എന്ന് ഹസ്രത്ത് ഇബ്‌നുസൈദ്(റ)വിനെ പോലുള്ള പലരും വിലയിരുത്തിയിട്ടുണ്ട്. തന്നെയുമല്ല, സംഭവാനന്തരം അബ്ദുല്ലാ(റ)വിനെ കാണുമ്പോഴൊക്കെ നബി(സ്വ) വല്ലാതെ ബഹുമാനിക്കുകയും 'നാഥന്‍ എന്നെ ആക്ഷേപിച്ചതിന്റെ കാരണക്കാരനു സ്വാഗതം' എന്നു പറഞ്ഞ് അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തിരുന്നു. നബി(സ്വ) മദീനയുടെ പുറത്തുപോയ ചില സന്ദര്‍ഭങ്ങളില്‍ മുന്‍നിര മുഹാജിറുകളില്‍ പെട്ട ഇദ്ദേഹത്തെ പകരക്കാരനാക്കുകയും ചെയ്തിട്ടുണ്ട്.

عَبَسَ وَتَوَلَّىٰٓ ۝١
أَن جَآءَهُ ٱلۡأَعۡمَىٰ ۝٢
وَمَا يُدۡرِيكَ لَعَلَّهُۥ يَزَّكَّىٰٓ ۝٣
أَوۡ يَذَّكَّرُ فَتَنفَعَهُ ٱلذِّكۡرَىٰٓ ۝٤
أَمَّا مَنِ ٱسۡتَغۡنَىٰ ۝٥
فَأَنتَ لَهُۥ تَصَدَّىٰ ۝٦
وَمَا عَلَيۡكَ أَلَّا يَزَّكَّىٰ ۝٧
وَأَمَّا مَن جَآءَكَ يَسۡعَىٰ ۝٨
وَهُوَ يَخۡشَىٰ ۝٩
فَأَنتَ عَنۡهُ تَلَهَّىٰ ۝١٠
11–16

അങ്ങനെ വേണ്ട. ഈ ഖുര്‍ആന്‍ ഒരു ഉദ്‌ബോധനം തന്നെയാകുന്നു. അതുകൊണ്ട്, ഉദ്ദേശിക്കുന്നവന്‍ അതനുസ്മരിച്ചു കൊള്ളട്ടെ. സമാദരണീയവും സമുന്നതവും സംശുദ്ധവുമായ ചില ഏടുകളില്‍, ബഹുമാന്യരും പുണ്യവാന്മാരുമായ ചില ദൗത്യവാഹകരുടെ കൈകളിലാണത്.

كـَلَّآ إِنَّهَا تَذۡكِرَةٞ ۝١١
فَمَن شَآءَ ذَكَرَهُۥ ۝١٢
فِي صُحُفٖ مُّكَرَّمَةٖ ۝١٣
مَّرۡفُوعَةٖ مُّطَهَّرَةِۭ ۝١٤
بِأَيۡدِي سَفَرَةٖ ۝١٥
كِرَامِۭ بَرَرَةٖ ۝١٦
17–23

മനുഷ്യന്ന് മഹാനാശം, എന്തൊരു കൃതഘ്‌നനാണവന്‍! എന്തു സാധനത്തില്‍ നിന്നാണവനെ സൃഷ്ടിച്ചത്? ഇന്ദ്രിയ കണത്തില്‍ നിന്ന് അല്ലാഹു അവനെ സൃഷ്ടിക്കുകയും എന്നിട്ട് വ്യവസ്ഥപ്പെടുത്തുകയും ഗര്‍ഭാശയത്തില്‍ നിന്ന് പുറത്തുവരാനുള്ള മാര്‍ഗം സുഗമമാക്കുകയും പിന്നീട് മരിപ്പിക്കുകയും ശ്മശാനത്തിലടക്കുകയും ചെയ്തു. ഇനി, അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കും. ഈ ധിക്കാരം വേണ്ട, അല്ലാഹു തന്നോടാജ്ഞാപിച്ചത് അവന്‍ നിര്‍വഹിച്ചിട്ടില്ല2

1 വിശദീകരണം കാണുക

2. താന്‍ കടന്നുപോന്ന ദിവ്യാനുഗ്രഹത്തിന്റെ സുപ്രധാന വഴികള്‍ ഒരാത്മപരിശോധനക്ക് വിധേയനാക്കുന്ന ഒരു വ്യക്തിയും അല്ലാഹുവിനോടു ധിക്കാരം കാട്ടുകയില്ല. ആരാധനയും വിധേയത്വവും അല്ലാഹുവിന്നേ ആകാവൂ എന്ന കല്‍പന നിഷേധികള്‍ അംഗീകരിക്കുന്നില്ല. മൂത്രവഴിയിലൂടെ രണ്ടുവട്ടം കടന്നുപോന്ന നിസ്സാരനായ മനുഷ്യന്ന് അഹങ്കരിക്കാന്‍ എന്തു വകയുണ്ടെന്നാണ് ഇമാം ഹസനുല്‍ബസ്വ്‌രീ(റ) ഉയര്‍ത്തുന്ന ഉഗ്രന്‍ ചോദ്യം.

قُتِلَ ٱلۡإِنسَٰنُ مَآ أَكۡفَرَهُۥ ۝١٧
مِنۡ أَيِّ شَيۡءٍ خَلَقَهُۥ ۝١٨
مِن نُّطۡفَةٍ خَلَقَهُۥ فَقَدَّرَهُۥ ۝١٩
ثُمَّ ٱلسَّبِيلَ يَسَّرَهُۥ ۝٢٠
ثُمَّ أَمَاتَهُۥ فَأَقۡبَرَهُۥ ۝٢١
ثُمَّ إِذَا شَآءَ أَنشَرَهُۥ ۝٢٢
كـَلَّا لَمَّا يَقۡضِ مَآ أَمَرَهُۥ ۝٢٣
24–32

എന്നാല്‍ മനുഷ്യന്‍ തന്റെ ആഹാരത്തെക്കുറിച്ച് ആലോചിച്ചു നോക്കട്ടെ. നാം ശക്തിയായി മഴവെള്ളം വര്‍ഷിച്ചു, പിന്നീട് നിലം കിളര്‍ത്തി; എന്നിട്ടതില്‍ ധാന്യങ്ങളും മുന്തിരിയും പച്ചക്കറികളും ഒലീവും ഈന്തപ്പനയും തഴച്ചു വളര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും പഴവര്‍ഗങ്ങളും കാലിത്തീറ്റകളും -നിങ്ങള്‍ക്കും നിങ്ങളുടെ കാലികള്‍ക്കുമുള്ള വിഭവങ്ങളായി- നാം ഉല്‍പാദിപ്പിച്ചു3

1 വിശദീകരണം കാണുക

3. രണ്ടു നേരം ഭക്ഷണം കിട്ടിയില്ലെങ്കില്‍ എന്താകും മനുഷ്യന്റെ അവസ്ഥ? ഈ ആഹാര പദാര്‍ത്ഥങ്ങള്‍ എവിടെനിന്നു വന്നു? എങ്ങനെ ഉല്‍പാദിതമായി? ആരാണിവ സംവിധാനിക്കുന്നത്? എത്രപേര്‍ ഇത് ചിന്തിച്ചിട്ടുണ്ടാകും? സുപ്രധാനമായ ഈ വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കയാണ് 24 മുതല്‍ 32 വരെയുളള സൂക്തങ്ങള്‍. അവയില്‍ പരാമര്‍ശിച്ച ഓരോ കാര്യവും ദീര്‍ഘമായ ചിന്തക്കും വിശകലനത്തിനും വിധേയമാക്കേണ്ടതാണ്.' അബ്ബ് ' എന്നാല്‍ കാലികള്‍ ആഹരിക്കാറുള്ള തീറ്റപ്പുല്ലും സസ്യലതാദികളുമത്രേ. മനുഷ്യര്‍ കൃഷി ചെയ്തല്ലല്ലോ അവയുണ്ടാകുന്നത്.

فَلۡيَنظُرِ ٱلۡإِنسَٰنُ إِلَىٰ طَعَامِهِۦٓ ۝٢٤
أَنَّا صَبَبۡنَا ٱلۡمَآءَ صَبّٗا ۝٢٥
ثُمَّ شَقَقۡنَا ٱلۡأَرۡضَ شَقّٗا ۝٢٦
فَأَنۢبَتۡنَا فِيهَا حَبّٗا ۝٢٧
وَعِنَبٗا وَقَضۡبٗا ۝٢٨
وَزَيۡتُونٗا وَنَخۡلٗا ۝٢٩
وَحَدَآئِقَ غُلۡبٗا ۝٣٠
وَفَٰكِهَةٗ وَأَبّٗا ۝٣١
مَّتَٰعٗا لَّكُمۡ وَلِأَنۡعَٰمِكُمۡ ۝٣٢
33–42

ഇനി, ആ ഘോര ഗര്‍ജനം മുഴങ്ങിയാല്‍, അതായത് മനുഷ്യന്‍ സ്വസഹോദരനെയും മാതാവിനെയും പിതാവിനെയും സഹധര്‍മിണിയെയും മക്കളെയും കൈവിട്ട് ഓടിയകലുന്ന ദിവസം, അവരില്‍ ഓരോ വ്യക്തിക്കും വേണ്ടത്ര വിഷയങ്ങളുണ്ടായിരിക്കും4
ചിലരുടെ വദനങ്ങള്‍ അന്ന് പ്രസന്നവും മന്ദഹാസം തൂകുന്നവയും ആഹ്ലാദിക്കുന്നവയുമായിരിക്കും; മറ്റു ചിലരുടെ മുഖങ്ങളാകട്ടെ, അന്ന് പൊടിപുരണ്ടതും അന്ധകാരമയവുമായിരിക്കുന്നതാണ്. അവരത്രേ സത്യനിഷേധികളും അധര്‍മകാരികളുമായവര്‍5

2 വിശദീകരണങ്ങൾ കാണുക

4. ഖിയാമനാളില്‍ സ്വൂര്‍ എന്ന കാഹളത്തില്‍ ഊതപ്പെടുമ്പോഴുണ്ടാകുന്ന അസഹനീയവും അപ്രതിരോധ്യവുമായ ഘോരശബ്ദമാണ് ഉദ്ദേശ്യം. വ്യത്യസ്ത വിശേഷണങ്ങളോടെ ഖുര്‍ആന്‍ പല സ്ഥലങ്ങളിലും ഇതു പരാമര്‍ശിച്ചിട്ടുണ്ട്. അന്ന് ഓരോരുത്തരും സ്വന്തം ഭാഗധേയത്തെക്കുറിച്ചു തന്നെ ചിന്തിച്ച് സംഭീതരായിരിക്കും; സ്വന്തക്കാരില്‍ നിന്ന് ഓടിയകലും. മനുഷ്യര്‍ നഗ്നപാദരും വിവസ്ത്രരും ചേലാകര്‍മം ചെയ്യപ്പെടാത്തവരുമായാണ് മഹ്ശറില്‍ സംഗമിപ്പിക്കപ്പെടുക എന്ന് കേട്ടപ്പോള്‍, ആഇശ ബീവി(റ) ചോദിച്ചു: നബിയേ, പുരുഷന്മാരും സ്ത്രീകളും പരസ്പരം കണ്ടും നോക്കിയുമാവില്ലേ ഇത്? അവിടന്ന് പ്രതികരിച്ചു: അതിനേക്കാളൊക്കെ അതീവഗുരുതരമായിരിക്കും അന്നത്തെ വിഷയം (ബുഖാരി).

5. സത്യവിശ്വാസികളാണ് അന്ന് ആനന്ദതുന്ദിലരും ആഹ്ലാദഭരിതരുമാവുക; 75:22,23 കാണുക. ബഹുദൈവ വിശ്വാസികളും സത്യനിഷേധികളുമായവരുടെ ദൗര്‍ഭാഗ്യപൂര്‍ണമായ ജീവിതമാണല്ലോ പരലോകത്തേത്. മുഖം പൊടിപുരണ്ടും കറുത്തിരുണ്ടും ആകെ ബീഭത്സവും ക്രൂരവുമായ മുഖമായിരിക്കും അവരുടേത്. നാഥന്‍ നമ്മെ കാത്തുരക്ഷിക്കട്ടെ

فَإِذَا جَآءَتِ ٱلصَّآخَّةُ ۝٣٣
يَوۡمَ يَفِرُّ ٱلۡمَرۡءُ مِنۡ أَخِيهِ ۝٣٤
وَأُمِّهِۦ وَأَبِيهِ ۝٣٥
وَصَٰحِبَتِهِۦ وَبَنِيهِ ۝٣٦
لِكُلِّ ٱمۡرِيٕٖ مِّنۡهُمۡ يَوۡمَئِذٖ شَأۡنٞ يُغۡنِيهِ ۝٣٧
وُجُوهٞ يَوۡمَئِذٖ مُّسۡفِرَةٞ ۝٣٨
ضَاحِكَةٞ مُّسۡتَبۡشِرَةٞ ۝٣٩
وَوُجُوهٞ يَوۡمَئِذٍ عَلَيۡهَا غَبَرَةٞ ۝٤٠
تَرۡهَقُهَا قَتَرَةٌ ۝٤١
أُوْلَٰٓئِكَ هُمُ ٱلۡكَفَرَةُ ٱلۡفَجَرَةُ ۝٤٢