Sunday, 11 October 2026 Hijri: — 02:16:58 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അന്നാസിആത്ത് النازعات An-Naziat

Surah 79 മക്കിയ്യ • مكية • Makkiyah 46 ആയത്തുകൾ • 46 Ayahs

സൂറത്ത് അന്നാസിആത്ത് (An-Naziat), ഖുർആൻ അധ്യായം 79 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 46 ആയത്തുകൾ വായിക്കുക. Read Surah An-Naziat with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–7

നിഷേധികളുടെ ആത്മാക്കളെ പരുഷമായി വലിച്ചെടുക്കുകയും വിശ്വാസികളുടേത് മൃദുലമായി ഊരിയെടുക്കുകയും ചെയ്യുന്ന മലക്കുകളെയും, ആകാശത്തുനിന്ന് അതിദ്രുതം വന്നെത്തുന്നവരും വിശ്വാസികളുടെ ആത്മാക്കളുമായി സ്വര്‍ഗത്തിലേക്ക് കുതിക്കുന്നവരും പ്രാപഞ്ചിക വ്യവസ്ഥിതികള്‍ നിയന്ത്രിക്കുന്നവരുമായ മലക്കുകളെയും കൊണ്ട് ശപഥം, പുനരുത്ഥാനം ഉണ്ടായേ തീരൂ-ഭീകര പ്രകമ്പനം സംഭവിക്കുകയും അടുത്തത് തുടര്‍ന്നു വരികയും ചെയ്യുന്ന നാളില്‍1

1 വിശദീകരണം കാണുക

1. വിവിധ വിഭാഗം മലക്കുകളെ കൊണ്ട് അല്ലാഹു ശപഥം ചെയ്തു പറയുകയാണ്, മരണാനന്തരമുള്ള പുനരുത്ഥാനം സംഭവിച്ചേ തീരൂ എന്ന്. സത്യനിഷേധികളും ബഹുദൈവ വിശ്വാസികളും യുക്തിവാദികളും മാറ്റുമായവര്‍ക്ക് മരണം ആസന്നമാകുമ്പോള്‍ അവരുടെ ആത്മാക്കളെ പരുക്കന്‍ശൈലിയിലാണ് മലക്കുകള്‍ വലിച്ചെടുക്കുക; എന്നാല്‍ സത്യവിശ്വാസികളുടേത് വളരെ ലോലമായി സൗമ്യനിലയിലാണ് പിടിക്കുക. ഭൂമിയില്‍ എന്തെങ്കിലും നടപടികള്‍ നിര്‍വഹിക്കാന്‍ അല്ലാഹു മലക്കുകളോട് കല്‍പിച്ചാല്‍ തല്‍ക്ഷണം തന്നെ അതിദ്രുതം അവര്‍ സമാഗതരാകും. സത്യവിശ്വാസികള്‍ മരിക്കുമ്പോള്‍ ആ വിശുദ്ധാത്മാവുമായി സ്വര്‍ഗത്തിലേക്ക് കുതിക്കുന്ന മലക്കുകളുമുണ്ട്. പ്രപഞ്ചത്തിലെ മുഴുവന്‍ കാര്യങ്ങളും നിയന്ത്രിക്കുന്നതും മലക്കുകളാണ്-ഈ വിഭാഗങ്ങളെയാണ് സത്യം ചെയ്തു പറയാന്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ഒന്നാം ഊത്തിനെ തുടര്‍ന്ന് മനുഷ്യനും മറ്റും നശിക്കും. നാല്‍പത് വര്‍ഷം കഴിഞ്ഞുണ്ടാകുന്ന രണ്ടാം ഊത്താണ് ' റാദിഫ ' . അതോടെ സര്‍വരും പുനര്‍ജീവിപ്പിക്കപ്പെടും

وَٱلنَّٰزِعَٰتِ غَرۡقٗا ۝١
وَٱلنَّٰشِطَٰتِ نَشۡطٗا ۝٢
وَٱلسَّٰبِحَٰتِ سَبۡحٗا ۝٣
فَٱلسَّٰبِقَٰتِ سَبۡقٗا ۝٤
فَٱلۡمُدَبِّرَٰتِ أَمۡرٗا ۝٥
يَوۡمَ تَرۡجُفُ ٱلرَّاجِفَةُ ۝٦
تَتۡبَعُهَا ٱلرَّادِفَةُ ۝٧
8–14

ചില ഹൃദയങ്ങള്‍ അന്ന് വിറകൊള്ളുകയും നയനങ്ങള്‍ വിനയാന്വിതമായിരിക്കുകയും ചെയ്യും. അവര്‍ പരസ്പരം ചോദിക്കുകയാണ്: ദ്രവിച്ച അസ്ഥികളായിക്കഴിഞ്ഞുപോയാലും നാം പൂര്‍വാവസ്ഥയിലേക്ക് തിരിച്ചു കൊണ്ടുവരപ്പെടുമെന്നോ? എങ്കിലത് മഹാനഷ്ടകരമായ ഒരു മടക്കം തന്നെ! ഒരൊറ്റ ഘോര ഗര്‍ജ്ജനം മാത്രമാണുണ്ടാവുക; തത്സമയമതാ, അവര്‍ മഹ്ശറിന്റെ സമതലത്തിലെത്തി2

1 വിശദീകരണം കാണുക

2. ഖിയാമനാള്‍ സംഭവിച്ചു കഴിഞ്ഞാല്‍ പിന്നെ ഭൂമിയും ആകാശവുമൊന്നും ഉണ്ടാവില്ല. 14:48 നോക്കുക. വിചാരണക്കായി ജനങ്ങള്‍ സമ്മേളിക്കുന്നത് മഹ്ശറിലാണ്. തിരുനബി(സ്വ) വ്യക്തമാക്കി: പത്തിരി പോലെ പരന്നതും വെളുത്തതും ഉപയോഗപ്പെടുത്താത്തതുമായ ഒരു പ്രതലത്തിലാണ് ജനങ്ങള്‍ അന്ത്യനാളില്‍ സംഗമിപ്പിക്കപ്പെടുക. ഒരാളുടെയും ഒരു പതാകയും അവിടെയുണ്ടാകില്ല (ബുഖാരി, മുസ്‌ലിം).

قُلُوبٞ يَوۡمَئِذٖ وَاجِفَةٌ ۝٨
أَبۡصَٰرُهَا خَٰشِعَةٞ ۝٩
يَقُولُونَ أَءِنَّا لَمَرۡدُودُونَ فِي ٱلۡحَافِرَةِ ۝١٠
أَءِذَا كُنَّا عِظَٰمٗا نَّخِرَةٗ ۝١١
قَالُواْ تِلۡكَ إِذٗا كَرَّةٌ خَاسِرَةٞ ۝١٢
فَإِنَّمَا هِيَ زَجۡرَةٞ وَٰحِدَةٞ ۝١٣
فَإِذَا هُم بِٱلسَّاهِرَةِ ۝١٤
15–26

മൂസാനബിയെ ഥുവാ താഴ്‌വരയില്‍ തന്റെ രക്ഷിതാവ് വിളിച്ച് ഇപ്രകാരം അരുളിയ വൃത്താന്തം അങ്ങേയ്ക്ക് ലഭിച്ചിട്ടുണ്ടോ? ഫിര്‍ഔന്റെയടുത്തേക്ക് നിങ്ങള്‍ പോവുക; അവന്‍ അഹങ്കാരിയായിരിക്കുന്നു. എന്നിട്ട് ഇങ്ങനെ ചോദിക്കുക: 'നീ ഉല്‍കൃഷ്ടനാവുകയും ഞാന്‍ നിന്റെ നാഥങ്കലേക്ക് മാര്‍ഗദര്‍ശനം ചെയ്തിട്ട് അവനെ നീ ഭയപ്പെടുകയും ചെയ്യേണ്ടതില്ലേ?' അങ്ങനെ മൂസാനബി ഫിര്‍ഔന്ന് വന്‍ദൃഷ്ടാന്തം കാണിച്ചു കൊടുത്തു. തത്സമയം, അവന്‍ തള്ളിക്കളയുകയും ധിക്കരിക്കുകയും ചെയ്തു. എന്നിട്ട് കുപ്രചാരണത്തിനായി പിന്തിരിഞ്ഞു പോവുകയും ജനങ്ങളെ സംഗമിപ്പിച്ച് 'ഞാനാണ് നിങ്ങളുടെ പരമോന്നതനായ രക്ഷിതാവ്' എന്ന് വിളംബരപ്പെടുത്തുകയുമുണ്ടായി. അപ്പോള്‍, ഇഹ-പര ലോകങ്ങളിലെ ശിക്ഷക്കു വേണ്ടി അല്ലാഹു അവനെ പിടികൂടി. ദൈവഭയമുള്ളവര്‍ക്ക് അതില്‍ വലിയ ഗുണപാഠമുണ്ട്3

1 വിശദീകരണം കാണുക

3. മക്കയിലെ മുശ്‌രിക്കുകള്‍ നബി(സ്വ)യെ നിഷേധിക്കുകയും അവഗണിക്കുകയുമാണല്ലോ ചെയ്തത്. എന്നാല്‍ അതില്‍ പരിഭവിക്കുകയോ ദുഃഖിക്കുകയോ വേണ്ടെന്നും മുഴുവന്‍ പ്രവാചകന്മാരും അങ്ങനെത്തന്നെയായിരുന്നുവെന്നും തിരുനബിയെ സാന്ത്വനിപ്പിക്കുകയാണ്. അല്ലാഹുവിന്റെ ഇഷ്ടഭാജനമായിരുന്ന മൂസാനബി(അ)ന്റെ അനുഭവമിതാ ഉദാഹരണം എന്ന് വ്യക്തമാക്കുകയാണ്.

هَلۡ أَتَىٰكَ حَدِيثُ مُوسَىٰٓ ۝١٥
إِذۡ نَادَىٰهُ رَبُّهُۥ بِٱلۡوَادِ ٱلۡمُقَدَّسِ طُوًى ۝١٦
ٱذۡهَبۡ إِلَىٰ فِرۡعَوۡنَ إِنَّهُۥ طَغَىٰ ۝١٧
فَقُلۡ هَل لَّكَ إِلَىٰٓ أَن تَزَكَّىٰ ۝١٨
وَأَهۡدِيَكَ إِلَىٰ رَبِّكَ فَتَخۡشَىٰ ۝١٩
فَأَرَىٰهُ ٱلۡأٓيَةَ ٱلۡكُبۡرَىٰ ۝٢٠
فَكَذَّبَ وَعَصَىٰ ۝٢١
ثُمَّ أَدۡبَرَ يَسۡعَىٰ ۝٢٢
فَحَشَرَ فَنَادَىٰ ۝٢٣
فَقَالَ أَنَا۠ رَبُّكُمُ ٱلۡأَعۡلَىٰ ۝٢٤
فَأَخَذَهُ ٱللَّهُ نَكَالَ ٱلۡأٓخِرَةِ وَٱلۡأُولَىٰٓ ۝٢٥
إِنَّ فِي ذَٰلِكَ لَعِبۡرَةٗ لِّمَن يَخۡشَىٰٓ ۝٢٦
27–33

സൃഷ്ടിക്കപ്പെടാന്‍ ഏറെ കാഠിന്യമുള്ളത് നിങ്ങളോ ആകാശമോ? അതിനെ വിതാനം ഉയര്‍ത്തുകയും വ്യവസ്ഥാപിതമാക്കുകയും ചെയ്ത് അവന്‍ പടച്ചുണ്ടാക്കി; രാത്രിയെ അന്ധകാരമാക്കുകയും പകലിനെ പ്രത്യക്ഷീഭവിപ്പിക്കുകയും തദനന്തരം ഭൂമിയെ പ്രവിശാലമാക്കുകയും അതില്‍ നിന്ന് ജലവും സസ്യ-ലതാദികളും ബഹിര്‍ഗമിപ്പിക്കുകയും പര്‍വതങ്ങള്‍ ദൃഢീകരിച്ച് നിര്‍ത്തുകയും ചെയ്തിരിക്കുന്നു-നിങ്ങള്‍ക്കും കാലികള്‍ക്കുമുള്ള വിഭവങ്ങളായി4

1 വിശദീകരണം കാണുക

4. നിങ്ങളെ രണ്ടാമത് സൃഷ്ടിക്കലാണോ പ്രപഞ്ചത്തിലെ വാനലോകങ്ങള്‍ സൃഷ്ടിക്കലാണോ ദുഷ്‌കരം എന്നതാണ് ചോദ്യം. 40:57 നോക്കുക. മനുഷ്യേതര വസ്തുക്കളുടെ-ആകാശം, നക്ഷത്രങ്ങള്‍, അവയുടെ സഞ്ചാരക്രമീകരണം, തുടങ്ങിയവയുടെ-സൃഷ്ടിപ്പ് തന്നെയാണ് ഏറെ ദുഷ്‌കരം. എന്നാല്‍ മനുഷ്യന്റെ ശൈലിയും കാഴ്ചപ്പാടും വെച്ചാണ് ഈ പ്രയോഗം. 30:27ലെ പ്രയോഗവും ഇങ്ങനെ തന്നെ. മറിച്ച് ചിലതിന്റെ സൃഷ്ടി എളുപ്പമാവുക, വേറെ ചിലത് പ്രയാസകരമാവുക എന്ന ഒരു രീതി അല്ലാഹുവിന്നില്ല. 36:82 നോക്കുക

ءَأَنتُمۡ أَشَدُّ خَلۡقًا أَمِ ٱلسَّمَآءُۚ بَنَىٰهَا ۝٢٧
رَفَعَ سَمۡكَهَا فَسَوَّىٰهَا ۝٢٨
وَأَغۡطَشَ لَيۡلَهَا وَأَخۡرَجَ ضُحَىٰهَا ۝٢٩
وَٱلۡأَرۡضَ بَعۡدَ ذَٰلِكَ دَحَىٰهَآ ۝٣٠
أَخۡرَجَ مِنۡهَا مَآءَهَا وَمَرۡعَىٰهَا ۝٣١
وَٱلۡجِبَالَ أَرۡسَىٰهَا ۝٣٢
مَتَٰعٗا لَّكُمۡ وَلِأَنۡعَٰمِكُمۡ ۝٣٣
34–41

അപ്പോള്‍ ആ ഗുരുതര വിപത്ത് സംജാതമാകുമ്പോള്‍, തന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് മനുഷ്യന്‍ അനുസ്മരിക്കുകയും നോക്കുന്നവര്‍ക്കായി നരകം വെളിപ്പെടുത്തപ്പെടുകയും ചെയ്യുന്ന ദിവസം, ധിക്കാരം കാട്ടുകയും ഭൗതിക ജീവിതത്തിന് മുന്‍ഗണന നല്‍കുകയും ചെയ്തിരുന്നവര്‍ ആരോ, അവര്‍ക്കന്ന് നരകം തന്നെയാണ് സങ്കേതം. എന്നാല്‍, തന്റെ നാഥന്റെ പദവി ഭയപ്പെടുകയും മനസ്സിനെ സ്വേച്ഛകളില്‍ നിന്നു ഉപരോധിച്ചു നിര്‍ത്തുകയും ചെയ്തതാരോ, അവന്റെ അഭയകേന്ദ്രം സ്വര്‍ഗമാണ്5

1 വിശദീകരണം കാണുക

5. അന്ത്യനാളിന്റെ ഭീകരതയും ഭയാനകാവസ്ഥകളും പറഞ്ഞവതരിപ്പിക്കാനാവില്ല; അതുകൊണ്ടാണ് പല വിശേഷണങ്ങളിലായി വ്യത്യസ്ത സ്ഥലങ്ങളില്‍ ഖുര്‍ആന്‍ അതവതരിപ്പിച്ചിരിക്കുന്നത്. കുറ്റവാളികളും നിഷേധികളും അന്ന് നെടുംഖേദത്തിലാവും; വിശ്വാസികളാകട്ടെ സ്വര്‍ഗത്തിന്റെ അവകാശികളായിരിക്കും

فَإِذَا جَآءَتِ ٱلطَّآمَّةُ ٱلۡكُبۡرَىٰ ۝٣٤
يَوۡمَ يَتَذَكَّرُ ٱلۡإِنسَٰنُ مَا سَعَىٰ ۝٣٥
وَبُرِّزَتِ ٱلۡجَحِيمُ لِمَن يَرَىٰ ۝٣٦
فَأَمَّا مَن طَغَىٰ ۝٣٧
وَءَاثَرَ ٱلۡحَيَوٰةَ ٱلدُّنۡيَا ۝٣٨
فَإِنَّ ٱلۡجَحِيمَ هِيَ ٱلۡمَأۡوَىٰ ۝٣٩
وَأَمَّا مَنۡ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفۡسَ عَنِ ٱلۡهَوَىٰ ۝٤٠
فَإِنَّ ٱلۡجَنَّةَ هِيَ ٱلۡمَأۡوَىٰ ۝٤١
42–46

അന്ത്യനാളിനെ കുറിച്ച്, എപ്പോഴാണതിന്റെ ആഗമമെന്ന് താങ്കളോടവര്‍ കളിയാക്കിച്ചോദിക്കുന്നു! താങ്കളത് സംബന്ധമായി എന്തുപ്രതികരിക്കാന്‍? അതിന്റെ പരിജ്ഞാനം അങ്ങയുടെ നാഥങ്കലത്രേ. ആര് അതിനെ ഭയപ്പെടുന്നവരായുണ്ടോ, അവര്‍ക്കൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ് താങ്കള്‍. അവരതിനെ അഭിമുഖീകരിക്കുന്ന നാള്‍ ഒരു പ്രദോഷമോ പ്രഭാതമോ മാത്രമേ ഭൗതിക ലോകത്ത് കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്നതുപോലെയുണ്ടാകും6

1 വിശദീകരണം കാണുക

6. അന്ത്യനാളിനെയും വിചാരണയെയും മക്കയിലെ മുശ്‌രിക്കുകള്‍ നിഷേധിച്ചിരുന്നുവല്ലോ. അത് ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉത്തരവാദിത്വമാണ് തിരുനബി(സ്വ)ക്കുള്ളത്. അതിന്റെ ആഗമസമയം അല്ലാഹുവിനു മാത്രമേ അറിയൂ. മറ്റൊരിക്കല്‍, അതെപ്പോഴാണെന്ന് അവര്‍ ചോദിച്ചപ്പോള്‍, അടുത്തു തന്നെ സംജാതമായേക്കാം എന്നാണ് മറുപടി നല്‍കിയത്. 17:51, 33:63 നോക്കുക. എന്തൊക്കെയാണെങ്കിലും അതിനെ അഭിമുഖീകരിക്കുമ്പോള്‍ സര്‍വ നിഷേധികളുടെയും മട്ടും ഭാവവുമൊക്കെ മാറും, ദുന്‍യാവ് മുഴുക്കെയും പ്രായശ്ചിത്തം ചെയ്ത് രക്ഷപ്പെടാനുള്ള മാര്‍ഗമാലോചിക്കും. ഏതാനും സമയമേ ദുന്‍യാവില്‍ താമസിച്ചിരുന്നിട്ടുള്ളൂ എന്നു തോന്നും. 10:45, 30:55, 46:35 മുതലായവ നോക്കുക.

يَسۡـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرۡسَىٰهَا ۝٤٢
فِيمَ أَنتَ مِن ذِكۡرَىٰهَآ ۝٤٣
إِلَىٰ رَبِّكَ مُنتَهَىٰهَآ ۝٤٤
إِنَّمَآ أَنتَ مُنذِرُ مَن يَخۡشَىٰهَا ۝٤٥
كَأَنَّهُمۡ يَوۡمَ يَرَوۡنَهَا لَمۡ يَلۡبَثُوٓاْ إِلَّا عَشِيَّةً أَوۡ ضُحَىٰهَا ۝٤٦