Sunday, 11 October 2026 Hijri: — 11:47:55 am
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അന്നബഅ് النبأ An-Naba

Surah 78 മക്കിയ്യ • مكية • Makkiyah 40 ആയത്തുകൾ • 40 Ayahs

സൂറത്ത് അന്നബഅ് (An-Naba), ഖുർആൻ അധ്യായം 78 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 40 ആയത്തുകൾ വായിക്കുക. Read Surah An-Naba with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–5

എന്തിനെക്കുറിച്ചാണ് അവരന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നത്? ഏതൊരു വിഷയത്തില്‍ അവര്‍ ഭിന്നപക്ഷക്കാരാണോ ആ വൃത്താന്തത്തെ സംബന്ധിച്ച്. വേണ്ട, വഴിയെ അവരറിഞ്ഞുകൊള്ളും. അവരുടെ ജല്‍പനം പോലെയല്ല വസ്തുത; പിന്നീട് അവര്‍ക്കതു സുഗ്രാഹ്യമാകും1

1 വിശദീകരണം കാണുക

1. ചോദ്യോത്തര രൂപത്തില്‍ അധ്യായമാരംഭിക്കുന്നത് ശ്രോതാവിന്റെ ശ്രദ്ധയാകര്‍ഷിക്കാനാണ്. പുനരുത്ഥാനം സംബന്ധിച്ചാണ് തര്‍ക്കവും വാഗ്വാദവും-മുസ്‌ലിംകള്‍ അതു വിശ്വസിക്കുന്നു, എന്നല്ല, ആ വിശ്വാസമവര്‍ക്ക് നിര്‍ബന്ധം തന്നെയാണ്. എന്നാല്‍ ബഹുദൈവ വിശ്വാസികള്‍ അതു പാടേ തള്ളിക്കളയുന്നു. ഏതായാലും അന്ത്യനാളും വിചാരണയും സ്വര്‍ഗ-നരകവും അനിവാര്യമായും നിങ്ങള്‍ കണ്ടെത്തുക തന്നെ ചെയ്യുമെന്നാണ് പറയുന്നത്.

عَمَّ يَتَسَآءَلُونَ ۝١
عَنِ ٱلنَّبَإِ ٱلۡعَظِيمِ ۝٢
ٱلَّذِي هُمۡ فِيهِ مُخۡتَلِفُونَ ۝٣
كـَلَّا سَيَعۡلَمُونَ ۝٤
ثُمَّ كـَلَّا سَيَعۡلَمُونَ ۝٥
6–16

നാം ഭൂമിയെ ഒരു വിരിപ്പും മലകളെ ആണികളുമാക്കുകയും നിങ്ങളെ ഇണകളായി പടക്കുകയും നിങ്ങളുടെ നിദ്രയെ വിശ്രമവും രാത്രിയെ വസ്ത്രവും പകലിനെ ഉപജീവന വേളയുമാക്കുകയും നിങ്ങള്‍ക്കു മീതെ ബലിഷ്ഠമായ സപ്തവാനങ്ങല്‍ സൃഷ്ടിക്കുകയും കത്തിജ്ജ്വലിക്കുന്ന ഒരു ദീപമുണ്ടാക്കുകയും മഴക്കാറുകളില്‍ നിന്ന് കുത്തിയൊഴുകുന്ന ജലം-തദ്വാരാ ധാന്യവും സസ്യവും ഇടതൂര്‍ന്ന ഉദ്യാനങ്ങളുമുല്‍പാദിപ്പിക്കാനായി- വര്‍ഷിക്കുകയും ചെയ്തില്ലേ?2

1 വിശദീകരണം കാണുക

2. സര്‍വശക്തനായ അല്ലാഹുവിന്റെ സൃഷ്ടിവൈഭവം ഗ്രഹിക്കാന്‍ പര്യാപ്തമായ ഒമ്പത് കാര്യങ്ങള്‍ ഇവിടെ എടുത്തു പറയുകയാണ്. ഉരുണ്ട ഭൂമി മനുഷ്യന്റെ സുഗമമായ ഉപയോഗാര്‍ത്ഥം നിരന്നു നീണ്ടതാക്കിയത്, പര്‍വതങ്ങളെ ഭൂമിക്ക് ആണികള്‍ പോലെ, ഇളകുന്നതിനെ പ്രതിരോധിക്കാന്‍ സജ്ജീകരിച്ചത്, വംശസുരക്ഷക്കായി മനുഷ്യന്‍ സ്ത്രീ-പുരുഷ ബന്ധത്തിലൂടെ പെറ്റുപെരുകുന്നത്, അധ്വാനിക്കുന്ന മനുഷ്യന്ന് അനിവാര്യമായ വിശ്രമത്തിന്ന് ഉറക്കത്തെ പാകപ്പെടുത്തിയത്, പകലിനോടു സന്തുലിതത്വം പുലര്‍ത്താനും മറ്റു ബഹുമുഖാവശ്യങ്ങള്‍ക്കുമായി രാത്രിയെ മറ പോലെയാക്കിയത്, ജീവസന്ധാരണാര്‍ത്ഥം പകലിനെ ആവിഷ്‌കരിച്ചത്, തൂണുകളില്ലാതെ ബലിഷ്ഠമായ ആകാശം സൃഷ്ടിച്ചത്, കൃത്യമായ അളവിലുള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്ന അത്യദ്ഭുതകരമായ സൂര്യനെ സൃഷ്ടിച്ചത്, മനുഷ്യരുടെയും ജന്തുജാലങ്ങളുടെയും വൃക്ഷ-സസ്യ-ലതാദികളുടെയും നിലനില്‍പിനായി മഴ വര്‍ഷിക്കുന്നത് എന്നിവയാണവ. ഓരോന്നും ദീര്‍ഘകാലം ചിന്തിക്കാനും പഠിക്കാനും പാഠമുള്‍ക്കൊള്ളാനും പര്യാപ്തമാണല്ലോ.

أَلَمۡ نَجۡعَلِ ٱلۡأَرۡضَ مِهَٰدٗا ۝٦
وَٱلۡجِبَالَ أَوۡتَادٗا ۝٧
وَخَلَقۡنَٰكُمۡ أَزۡوَٰجٗا ۝٨
وَجَعَلۡنَا نَوۡمَكُمۡ سُبَاتٗا ۝٩
وَجَعَلۡنَا ٱلَّيۡلَ لِبَاسٗا ۝١٠
وَجَعَلۡنَا ٱلنَّهَارَ مَعَاشٗا ۝١١
وَبَنَيۡنَا فَوۡقَكُمۡ سَبۡعٗا شِدَادٗا ۝١٢
وَجَعَلۡنَا سِرَاجٗا وَهَّاجٗا ۝١٣
وَأَنزَلۡنَا مِنَ ٱلۡمُعۡصِرَٰتِ مَآءٗ ثَجَّاجٗا ۝١٤
لِّنُخۡرِجَ بِهِۦ حَبّٗا وَنَبَاتٗا ۝١٥
وَجَنَّٰتٍ أَلۡفَافًا ۝١٦
17–30

നിശ്ചയം, അന്തിമവിധിയുടെ ദിവസം-കാഹളത്തില്‍ ഊതപ്പെടുകയും വിവിധ സംഘങ്ങളായി നിങ്ങള്‍ ഹാജറാവുകയും ആകാശം തുറക്കപ്പെട്ട് കവാടങ്ങളുള്ളതാവുകയും പര്‍വതങ്ങള്‍ ദൂരീകരിക്കപ്പെട്ട് അവിടം മരീചികയാവുകയും ചെയ്യുന്ന നാള്‍- സമയനിര്‍ണിതമായിരിക്കുന്നു. നരകം ധിക്കാരികളെ കാത്തിരിക്കുന്ന സ്ഥലം തന്നെയാണ്; അവര്‍ക്ക് തിരിച്ചു ചെല്ലാനുള്ളതും അവിടം തന്നെ. തീക്ഷ്ണമായ ചൂടുവെള്ളവും കടുത്ത ശീതജലവുമല്ലാതെ മറ്റൊരു കുളിര്‍മയോ ദ്രാവകമോ ആസ്വദിക്കാതെ ഒട്ടേറെ യുഗങ്ങള്‍ അവരവിടെ താമസിക്കും-തികച്ചും അനുയോജ്യമായ പ്രതിഫലം! വിചാരണയെ അവര്‍ അവിശ്വസിക്കുകയും നമ്മുടെ സൂക്തങ്ങള്‍ അവര്‍ നിശ്ശേഷം അവഗണിച്ച് തള്ളുകയുമായിരുന്നു. 'അതുകൊണ്ട് ആസ്വദിച്ചുകൊള്ളുക, നിങ്ങള്‍ക്കു നാം ശിക്ഷ വര്‍ധിപ്പിച്ചു തരിക മാത്രമേ ചെയ്യൂ!'3

1 വിശദീകരണം കാണുക

3. നരകക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റം അപകടകരവും ഭീഷണവുമായ സൂക്തമാണിത്- ഓരോ ശിക്ഷയെപ്പറ്റിയും വേവലാതിയും സങ്കടവും വേദനയുമൊക്കെ ബോധിപ്പിക്കുമ്പോള്‍ അതിനേക്കാള്‍ തീക്ഷ്ണമായ ശിക്ഷയാണവര്‍ക്ക് നല്‍കപ്പെടുക. അല്ലാഹു നമ്മെ കാക്കട്ടെ.

إِنَّ يَوۡمَ ٱلۡفَصۡلِ كَانَ مِيقَٰتٗا ۝١٧
يَوۡمَ يُنفَخُ فِي ٱلصُّورِ فَتَأۡتُونَ أَفۡوَاجٗا ۝١٨
وَفُتِحَتِ ٱلسَّمَآءُ فَكَانَتۡ أَبۡوَٰبٗا ۝١٩
وَسُيِّرَتِ ٱلۡجِبَالُ فَكَانَتۡ سَرَابًا ۝٢٠
إِنَّ جَهَنَّمَ كَانَتۡ مِرۡصَادٗا ۝٢١
لِّلطَّٰغِينَ مَـَٔابٗا ۝٢٢
لَّٰبِثِينَ فِيهَآ أَحۡقَابٗا ۝٢٣
لَّا يَذُوقُونَ فِيهَا بَرۡدٗا وَلَا شَرَابًا ۝٢٤
إِلَّا حَمِيمٗا وَغَسَّاقٗا ۝٢٥
جَزَآءٗ وِفَاقًا ۝٢٦
إِنَّهُمۡ كَانُواْ لَا يَرۡجُونَ حِسَابٗا ۝٢٧
وَكَذَّبُواْ بِـَٔايَٰتِنَا كِذَّابٗا ۝٢٨
وَكُلَّ شَيۡءٍ أَحۡصَيۡنَٰهُ كِتَٰبٗا ۝٢٩
فَذُوقُواْ فَلَن نَّزِيدَكُمۡ إِلَّا عَذَابًا ۝٣٠
31–40

ജീവിതത്തില്‍ സൂക്ഷ്മത പാലിച്ചവര്‍ക്ക് സ്വര്‍ഗീയ ഉദ്യാനങ്ങളും മുന്തിരിപ്പഴങ്ങളും തുടുത്ത മാറിടമുള്ള വയസ്സൊത്ത സൗന്ദര്യധാമങ്ങളും നിറഞ്ഞ ചഷകങ്ങളുമുള്ള വന്‍വിജയമുണ്ട്. ഒരു അനാവശ്യ സംസാരമോ വ്യാജവാര്‍ത്തയോ അവര്‍ക്കവിടെ കേള്‍ക്കാനാവില്ല. ഭുവന-വാനങ്ങളുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവും കരുണാമയനുമായ താങ്കളുടെ നാഥങ്കല്‍ നിന്നുള്ള ഒരു പ്രതിഫലവും കണക്കനുസരിച്ച പാരിതോഷികവുമാണിത്4
അവനുമായി നേരിട്ടു സംസാരിക്കാന്‍ അവര്‍ക്കാവില്ല. ജിബ്‌രീലും മറ്റു മലക്കുകളും അണിയണിയായി നിലകൊള്ളുന്ന ദിനം, കരുണാമയനായ നാഥന്‍ അനുവാദം കൊടുക്കുകയും സത്യം പറയുകയും ചെയ്ത വ്യക്തിക്കു മാത്രമേ സംസാരിക്കാന്‍ കഴിയൂ. അതത്രേ യഥാര്‍ത്ഥ ദിവസം5
അതുകൊണ്ട് തന്റെ നാഥങ്കലേക്ക് മടങ്ങിയെത്താനുള്ള ഒരു വഴിയുണ്ടാക്കാന്‍ ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അവനത് ചെയ്തുകൊള്ളട്ടെ. സമീപസ്ഥമായ ഒരു ശിക്ഷ സംബന്ധിച്ച് നിങ്ങള്‍ക്ക് നാം താക്കീതു നല്‍കിയിട്ടുണ്ട്- താന്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്നത് എന്തൊക്കെയായിരുന്നു എന്ന് ഓരോ മനുഷ്യനും നോക്കിക്കാണുകയും 'കഷ്ടമേ, ഞാന്‍ മണ്ണടിഞ്ഞു പോയിരുന്നെങ്കില്‍ എത്ര നന്നായേനെ' എന്ന് നിഷേധി പരിഭവിക്കുകയും ചെയ്യുന്ന നാള്‍6

3 വിശദീകരണങ്ങൾ കാണുക

4. ജീവിതത്തില്‍ സൂക്ഷ്മത പാലിക്കുകയും കല്‍പനകള്‍ പ്രായോഗികമാക്കുകയും നിഷിദ്ധ കാര്യങ്ങള്‍ ദൂരീകരിക്കുകയും ചെയ്ത പുണ്യവാന്മാരുടെ സ്വര്‍ഗീയ ജീവിതത്തിന്റെ ചില ഏടുകളാണിത്. ഖുര്‍ആനില്‍ അങ്ങിങ്ങായി വിശദീകരിക്കപ്പെട്ട സ്വര്‍ഗം സമഗ്രമായി സങ്കല്‍പിച്ചു നോക്കിയാല്‍ വ്യതിരിക്തമായ ഒരു പ്രവിശാല ലോകമാണതെന്നു കാണാം. കാലാകാലത്തേക്കും മതിയായ സുദീര്‍ഘമായ അജണ്ടകള്‍ അനായാസേന പ്രയോഗവല്‍ക്കരിക്കാന്‍ പര്യാപ്തമായ ഒരു മഹാലോകം. സ്വര്‍ഗീയ ലോകങ്ങളില്‍ കഴിയുന്നവരെ ഇടക്കിടെ സന്ദര്‍ശിച്ചു സൗഹൃദം പുതുക്കുക എന്ന മധുരാനുഭൂതി തന്നെ ഓന്നാലോചിച്ചു നോക്കൂ. നിരന്തരമായ സ്തുതികീര്‍ത്തനങ്ങളും അവര്‍ കൈവിടില്ല. 39:74 നോക്കുക.

5. അനിവാര്യമായി സാക്ഷാത്കൃതമാകുന്ന ദിനമാണ് പുനരുത്ഥാന ദിനം. ഭൂതലത്തില്‍ ജനിച്ചു മരിച്ചു പോയ മുഴുവന്‍ മനുഷ്യരും സന്നിഹിതരാകുന്ന ഒരു കൂട്ടായ്മയുടെ ഭയാനകത എത്രമാത്രമായിരിക്കും; കൂടാതെ മലക്കുകളും അണിനിരക്കുന്നു-താങ്കളുടെ നാഥന്റെ സൈന്യങ്ങളെ അവനു മാത്രമേ അറിയൂ- 74:31. അല്ലാഹു അനുമതി നല്‍കുന്നവര്‍ക്ക് മാത്രമേ അന്നെന്തെങ്കിലും ഉരിയാടാന്‍ കഴിയൂ- 2:255, 11:105, 20:109 നോക്കുക.

6. ഭിന്ന രീതികളിലും ശൈലികളിലുമായി ഖിയാമ നാളും പുനരുത്ഥാനവും വിചാരണയും ശിക്ഷയുമെല്ലാം അല്ലാഹു പറയുന്നത് മോക്ഷമാര്‍ഗം മനുഷ്യന്‍ കണ്ടുപിടിക്കാന്‍ വേണ്ടിയാണ്. അതിന്റെ സമയം അവസാനിച്ച ശേഷം പിന്നെ പരിഭവിച്ചിട്ട് യാതൊരു ഫലവുമുണ്ടാവില്ലല്ലോ. അല്ലാഹു കര്‍ക്കശമായ നീതി നടപ്പാക്കുന്ന ദിവസമാണത്. മറ്റു ജീവികളെപ്പോലും പുനര്‍ജനിപ്പിച്ച് പ്രതിക്രിയ നടപ്പാക്കും. തിരുനബി(സ്വ) പ്രസ്താവിച്ചു: നല്‍കപ്പെടാത്ത അവകാശങ്ങള്‍ അന്ത്യനാളില്‍ നിങ്ങള്‍ വീട്ടിയേ തീരൂ. കൊമ്പില്ലാത്ത ആടിനെ കുത്തിയതിന്ന് കൊമ്പുള്ളതില്‍ നിന്ന് പ്രതിക്രിയ ചെയ്യപ്പെടുക തന്നെ ചെയ്യും (മുസ്‌ലിം). തദനന്തരം അവയോട് മണ്ണായിപ്പോയി നശിക്കാന്‍ കല്‍പിക്കും. ഇതു കാണുമ്പോഴാണ്, താനും മണ്ണായിപ്പോയാല്‍ നന്നായിരുന്നു എന്ന ബോധം നിഷേധിക്കു ഉദിക്കുന്നത്. പക്ഷേ, അവന്‍ മൃഗങ്ങളെ പോലെയായിരുന്നില്ലല്ലോ....

إِنَّ لِلۡمُتَّقِينَ مَفَازًا ۝٣١
حَدَآئِقَ وَأَعۡنَٰبٗا ۝٣٢
وَكَوَاعِبَ أَتۡرَابٗا ۝٣٣
وَكَأۡسٗا دِهَاقٗا ۝٣٤
لَّا يَسۡمَعُونَ فِيهَا لَغۡوٗا وَلَا كِذَّٰبٗا ۝٣٥
جَزَآءٗ مِّن رَّبِّكَ عَطَآءً حِسَابٗا ۝٣٦
رَّبِّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَا ٱلرَّحۡمَٰنِۖ لَا يَمۡلِكُونَ مِنۡهُ خِطَابٗا ۝٣٧
يَوۡمَ يَقُومُ ٱلرُّوحُ وَٱلۡمَلَٰٓئِكَةُ صَفّٗاۖ لَّا يَتَكَلَّمُونَ إِلَّا مَنۡ أَذِنَ لَهُ ٱلرَّحۡمَٰنُ وَقَالَ صَوَابٗا ۝٣٨
ذَٰلِكَ ٱلۡيَوۡمُ ٱلۡحَقُّۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ مَـَٔابًا ۝٣٩
إِنَّآ أَنذَرۡنَٰكُمۡ عَذَابٗا قَرِيبٗا يَوۡمَ يَنظُرُ ٱلۡمَرۡءُ مَا قَدَّمَتۡ يَدَاهُ وَيَقُولُ ٱلۡكَافِرُ يَٰلَيۡتَنِي كُنتُ تُرَٰبَۢا ۝٤٠