സൂര്യന്‍ ചുരുട്ടപ്പെടുകയും നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുകയും മലകള്‍ നീക്കം ചെയ്യപ്പെടുകയും ഗര്‍ഭംതികഞ്ഞ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുകയും വന്യമൃഗങ്ങള്‍ സംഗമിപ്പിക്കപ്പെടുകയും1
സമുദ്രങ്ങള്‍ ജ്വലിപ്പിക്കപ്പെടുകയും ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുകയും എന്തു പാതകത്തിനാണ് താന്‍ വധിക്കപ്പെട്ടത് എന്ന് ജീവനോടെ കുഴിച്ചുമൂടപ്പെട്ടവളോട് ചോദിക്കപ്പെടുകയും ഏടുകള്‍ നിവര്‍ത്തപ്പെടുകയും ആകാശം ഉന്മൂലനം ചെയ്യപ്പെടുകയും നരകം ആളിക്കത്തിക്കപ്പെടുകയും സ്വര്‍ഗം സമീപസ്ഥമാക്കപ്പെടുകയും ചെയ്യുമ്പോള്‍, താന്‍ ഹാജറാക്കിയിട്ടുള്ളത് എന്താണെന്ന് ഓരോ വ്യക്തിയും അറിയുന്നതാകുന്നു2
2 വിശദീകരണങ്ങൾ കാണുക
1. അന്ത്യനാളിനോടനുബന്ധിച്ചുണ്ടാകുന്ന പന്ത്രണ്ടു സ്‌തോഭജനകമായ സംഭവങ്ങള്‍ പറഞ്ഞു കൊണ്ടാണ് ഈ അധ്യായം ആരംഭിക്കുന്നത്. സൂര്യന്‍ ചുരുട്ടപ്പെടുകയെന്നാല്‍ അത് നശിക്കുക എന്നാണ്. അപ്പോഴതിന്റെ പ്രകാശവും മറ്റുമൊക്കെ അസ്തമിക്കും. 82:1,2ലും ഇത് പറയുന്നുണ്ട്. 21:104ല്‍ പറഞ്ഞ പോലെ ആകാശങ്ങള്‍ തകര്‍ക്കപ്പെടുന്നതോടെ നക്ഷത്രങ്ങളും നാമാവശേഷമാകും. പര്‍വതങ്ങളുടെ സംഹരണം സംബന്ധിച്ച് വിവിധ പരാമര്‍ശങ്ങള്‍ കാണാം-18:47, 78:20, 20:105, 52:10, 56:5, 69:14, 70:9, 73:14, 77:10 മുതലാവയ നോക്കുക. അറബികള്‍ വളരെ അമൂല്യമായി കാണുന്ന സമ്പത്താണ് ഗര്‍ഭം തികഞ്ഞ ഒട്ടകം. അവയ്ക്കു മുന്തിയ പരിഗണനയും അവര്‍ നല്‍കാറുണ്ട്. എന്നാല്‍ ഇവിടെ അവ പാടെ അവഗണിക്കപ്പെടുകയായിരിക്കും. വന്യമൃഗങ്ങള്‍ പ്രതിക്രിയക്കു വേണ്ടിയാണ് സമ്മേളിപ്പിക്കപ്പെടുക; പേടിച്ചരണ്ട് വരികയാണെന്നും പക്ഷമുണ്ട്.
2. സമുദ്രങ്ങള്‍ നിറഞ്ഞു കവിഞ്ഞോ പൊട്ടിപ്പിളര്‍ന്നോ ഒഴുകുക എന്നാണ് ഒരു വ്യാഖ്യാനം. തീ പിടിക്കുക എന്നും അര്‍ത്ഥമാക്കാം-അഗ്നിപര്‍വതങ്ങള്‍ പൊട്ടിയോ തീപിടിക്കുന്ന ഇന്ധനദ്രവങ്ങള്‍ ഉപരിതലത്തില്‍ പരന്നോ ഇതാകാം. 1908 ഡിസംബര്‍ 28ന്ന് രാവിലെ 5:20ന് ഇറ്റലിയിലെ മസീനയിലുണ്ടായ സുനാമിയിലും ഭൂകമ്പത്തിലും ഇങ്ങനെ സംഭവിച്ചിരുന്നു; അരലക്ഷം പേരാണതില്‍ മരിച്ചത്. സജ്ജനങ്ങളുടെ ആത്മാക്കള്‍ സ്വര്‍ഗത്തിലും ദുര്‍ജനങ്ങളുടേത് നരകത്തിലും കൂട്ടിയിണക്കപ്പെടുമെന്ന് ഹസ്രത്ത് ഉമര്‍(റ) ഇതിനെ വ്യാഖ്യാനിച്ചിട്ടുണ്ട്. ജാഹിലിയ്യാ കാലത്ത് അപമാനം ഭയന്ന് കുഴിച്ചുമൂടപ്പെട്ടിരുന്ന പെണ്‍കുട്ടികളോട്, അതിന്റെ തീക്ഷ്ണമായ ഗൗരവം പ്രകടിപ്പിക്കാനായി, ചോദ്യം ചെയ്യപ്പെടും- ഘാതകരെ ഉത്തരം മുട്ടിക്കലും ഇകഴ്ത്തലുമാണ് ഇതിന്റെ ലക്ഷ്യം; ആ പെണ്‍കുട്ടികളോട് സ്‌നേഹവും അനുകമ്പയും പ്രകടിപ്പിക്കലും. ഓരോരുത്തരുടെയും നന്മ-തിന്മകളുടെ രേഖയാണ് നിവര്‍ത്തപ്പെടുക- 18:49. ഇത്രയും കാര്യങ്ങള്‍ സംഭവിച്ചു കഴിഞ്ഞാല്‍ പിന്നെ മഹ്ശറിലെ വിചാരണാസമയമായി. ഓരോ വ്യക്തിയും തന്റെ നിലപാട് മനസ്സിലാക്കും