ഹാ മീം.1
വ്യക്തമായ ഈ വേദം തന്നെ ശപഥം, നിശ്ചയം, ഒരു അനുഗൃഹീത നിശയിലാണ് നാം അതവതരിപ്പിച്ചിരിക്കുന്നത്; നാം മുന്നറിയിപ്പ് നല്‍കുന്നവരാണ്. ആ നിശയിലാണ് തത്ത്വാധിഷ്ഠിതമായ എല്ലാ വിഷയങ്ങളും-നമ്മുടെ പക്കല്‍ നിന്നുള്ള ഉത്തരവെന്ന നിലക്ക്-വേര്‍തിരിക്കപ്പെടുന്നത്.2
നാഥങ്കല്‍ നിന്നുള്ള കാരുണ്യമായി നാം ദൂതന്മാരെ നിയോഗിച്ചു കൊണ്ടിരിക്കുന്നവരാകുന്നു. നിശ്ചയം അവന്‍ നന്നായി കേള്‍ക്കുന്നവനും സര്‍വജ്ഞനുമാണ്, ഭുവന-വാനങ്ങളുടെയും അവയ്ക്കിടയിലുള്ളതിന്റെയും നാഥന്‍- നിങ്ങള്‍ ദൃഢവിശ്വാസമുള്ളവരാണെങ്കില്‍. അവനല്ലാതെ മറ്റൊരാരാധ്യനുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യും. നിങ്ങളുടെയും പൂര്‍വപിതാക്കളുടെയും നാഥനാണ് അവന്‍.
2 വിശദീകരണങ്ങൾ കാണുക
1. പത്താം സൂക്തത്തില്‍ 'ദുഖാന്‍' എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. അതില്‍ നിന്നാണ് സൂറക്ക് ആ പേര് നല്‍കപ്പെട്ടിരിക്കുന്നത്. മുമ്പ് ചില അധ്യായങ്ങളില്‍ വന്നതു പോലെ ഹാ മീം എന്നീ രണ്ടു ഖണ്ഡിതാക്ഷരങ്ങള്‍ കൊണ്ടാണ് തുടക്കം.
2. വിശുദ്ധ റമദാനിലെ ലൈലത്തുല്‍ഖദ്‌റിലാണല്ലോ ഖുര്‍ആന്‍ അവതീര്‍ണമായത് (97:1). അതാണ് ഇവിടെ വിവക്ഷ എന്നാണ് മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പറഞ്ഞിട്ടുള്ളത്.