74–80
അധര്‍മകാരികള്‍ നരകശിക്ഷയില്‍ -അത് ലഘൂകൃതമാകില്ല- ശാശ്വതരും ഭഗ്നാശരുമായിരിക്കും. നാമവരോട് അതിക്രമം കാട്ടിയിട്ടില്ല; പ്രത്യുത, അക്രമികള്‍ അവര്‍ തന്നെയായിരുന്നു.22
അവര്‍ വിളിച്ചു കേഴും: 'ഹേ മാലിക്, താങ്കളുടെ നാഥന്‍ ഞങ്ങളെയൊന്ന് മരിപ്പിച്ചു തരട്ടെ.' അദ്ദേഹം പ്രതികരിക്കും. നിശ്ചയം നിങ്ങള്‍ ഇവിടെത്തന്നെ താമസിക്കേണ്ടവരാകുന്നു; നിങ്ങള്‍ക്കു നാം സത്യവുമായി വന്നു; പക്ഷേ, നിങ്ങളില്‍ മിക്കവരും അതിനെ വെറുക്കുന്നവരായിരുന്നു.23
അതല്ല, അവരെന്തെങ്കിലും തീരുമാനിച്ചുറച്ചിട്ടുണ്ടോ? നാമും ഖണ്ഡിത തീരുമാനമെടുത്തിരിക്കുന്നു. അതോ അവരുടെ രഹസ്യ-നിഗൂഢ ചിന്തകള്‍ നാമറിയുന്നില്ലെന്നാണോ അവരുടെ ധാരണ? അതെ, നമ്മുടെ മലക്കുകള്‍ അതു രേഖപ്പെടുത്തിവെക്കുന്നുണ്ട്.24
3 വിശദീകരണങ്ങൾ കാണുക
22. സ്വര്‍ഗത്തെയും അതിന്റെയാളുകളെയും പരാമര്‍ശിച്ചതിനു പിന്നില്‍ നരകക്കാരെക്കുറിച്ചും പ്രസ്താവിക്കുകയാണ്. ആ ശിക്ഷയുടെ കാഠിന്യവും തീക്ഷ്ണതയും ചിത്രീകരിക്കാനാകില്ല. അല്ലാഹു കരുണാമയനും ആര്‍ദ്രതയുള്ളവനുമാണെന്ന പോലെത്തന്നെ കഠിന ശിക്ഷ നല്‍കുന്നവനാണെന്നും ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. കുറേ അനുഭവിച്ചു എന്നതുകൊണ്ട് ഒരു ലഘൂകരണവും അതിലുണ്ടാവുകയില്ല. ഈ ദുര്യോഗമത്രയും ഒരു നിര്‍ഭാഗ്യവാനു വന്നുചേരുന്നതില്‍ തനിക്ക് ഒരു പങ്കുമില്ലെന്നാണ് അല്ലാഹു പറയുന്നത്. സ്രഷ്ടാവിനെയും ദൂതന്മാരെയും മുന്‍പിന്‍ ആലോചിക്കാതെ അന്ധമായി അവഗണിക്കുകയും ധിക്കരിക്കുകയും ചെയ്തതിന്റെ ദയനീയ പരിണതിയാണത്.
23. നരകത്തിന്റെ പാറാവുകാരനായ മാലാഖയാണു മാലിക്(അ). കേവലം ഒരു മാനസിക സാന്ത്വനത്തിനായാണ് ഈ അപേക്ഷ-തങ്ങളെ മരിപ്പിക്കാന്‍ അല്ലാഹുവിനോട് പറയണമെന്ന്. എന്നാല്‍ ആയിരം വര്‍ഷം കഴിയുമ്പോഴാണ് ഈ കാണുന്ന മറുപടി തന്നെ മാലിക്(അ)ല്‍ നിന്നുണ്ടാവുക എന്ന് ഹസ്രത്ത് ഇബ്‌നുഅബ്ബാസ്(റ) പ്രസ്താവിച്ചിട്ടുണ്ട്. മരണമെന്ന യാഥാര്‍ത്ഥ്യം ഇല്ലായ്മ ചെയ്യപ്പെട്ട ശേഷമാണിത്.
24. നബി(സ്വ)യെ എങ്ങനെയെങ്കിലും കഥകഴിക്കാന്‍ നിരന്തര ഗൂഢാലോചനകളിലായിരുന്നു മുശ്‌രിക്കുകള്‍. ഇവ്വിഷയകമായി വല്ല ഖണ്ഡിത തീരുമാനങ്ങളും അവരെടുത്തിട്ടുണ്ടോ എന്നാണ് ചോദിക്കുന്നത്. എന്തുണ്ടെങ്കിലും പ്രത്യക്ഷരം താനതറിയുമെന്ന് അല്ലാഹു വ്യക്തമാക്കുകയാണ്.
إِنَّ ٱلۡمُجۡرِمِينَ فِي عَذَابِ جَهَنَّمَ خَٰلِدُونَ ٧٤
لَا يُفَتَّرُ عَنۡهُمۡ وَهُمۡ فِيهِ مُبۡلِسُونَ ٧٥
وَمَا ظَلَمۡنَٰهُمۡ وَلَٰكِن كَانُواْ هُمُ ٱلظَّٰلِمِينَ ٧٦
وَنَادَوۡاْ يَٰمَٰلِكُ لِيَقۡضِ عَلَيۡنَا رَبُّكَۖ قَالَ إِنَّكُم مَّٰكِثُونَ ٧٧
لَقَدۡ جِئۡنَٰكُم بِٱلۡحَقِّ وَلَٰكِنَّ أَكۡثَرَكُمۡ لِلۡحَقِّ كَٰرِهُونَ ٧٨
أَمۡ أَبۡرَمُوٓاْ أَمۡرٗا فَإِنَّا مُبۡرِمُونَ ٧٩
أَمۡ يَحۡسَبُونَ أَنَّا لَا نَسۡمَعُ سِرَّهُمۡ وَنَجۡوَىٰهُمۚ بَلَىٰ وَرُسُلُنَا لَدَيۡهِمۡ يَكۡتُبُونَ ٨٠