20–23
പാരത്രിക ലോകത്തെ പ്രതിഫലമാണ് ഒരാളുടെ കര്‍മലക്ഷ്യമെങ്കില്‍ അവന്റെ കൃഷിയില്‍ നാം ആധിക്യമേകുന്നതാണ്. ഇനി, ഇഹലോകഫലമാണ് ഒരാള്‍ക്ക് ഉദ്ദേശ്യമെങ്കില്‍ അതില്‍ നിന്ന് നാം നല്‍കും, പരലോകത്ത് അവന്ന് വിഹിതമൊന്നുമുണ്ടാവില്ല.9
അതല്ല, അല്ലാഹുവിന്റെ അനുമതിയില്ലാത്ത വല്ലതും പങ്കുകാര്‍ അവര്‍ക്ക് മതമായി അനുവദിച്ചു കൊടുത്തിട്ടുണ്ടോ? അല്ലാഹുവിന്റെ നിശ്ചിത കല്‍പനാവചനമില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ ഉടനെ തീര്‍പ്പു കല്‍പിക്കപ്പെട്ടിരുന്നേനെ. അതിക്രമകാരികള്‍ക്ക് വേദനയുറ്റ ശിക്ഷയുണ്ടായിരിക്കും, തീര്‍ച്ച. തങ്ങള്‍ അനുവര്‍ത്തിച്ചിരുന്നതിനെക്കുറിച്ച് അതിക്രമികള്‍ ഭയപ്പാടിലായിക്കഴിയുന്നത് താങ്കള്‍ക്കു കാണാം; ആ ശിക്ഷ അവരില്‍ വന്നെത്തുക തന്നെ ചെയ്യും. സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ സ്വര്‍ഗീയാരാമങ്ങളിലായിരിക്കും. തങ്ങള്‍ ഇച്ഛിക്കുന്നതെന്തും നാഥങ്കല്‍ അവര്‍ക്കുണ്ടായിരിക്കും. മഹാ ഔദാര്യമത്രേ അത്. വിശ്വസിക്കുകയും സല്‍കര്‍മങ്ങളനുവര്‍ത്തിക്കുകയും ചെയ്ത തന്റെ അടിമകള്‍ക്ക് അല്ലാഹു ശുഭവാര്‍ത്ത നല്‍കുന്നതത്രേ ഈ സ്വര്‍ഗം!10
നബീ, പ്രഖ്യാപിക്കുക: ഈ പ്രബോധനത്തിന്ന് യാതൊരു പ്രതിഫലവും നിങ്ങളോടു ഞാന്‍ ചോദിക്കുന്നില്ല; കുടുംബ ബന്ധത്തിന്റെ പേരിലുള്ള സ്‌നേഹമല്ലാതെ. ഒരാള്‍ ഒരു നന്മയനുവര്‍ത്തിക്കുന്നുവെങ്കില്‍ അവനു നാം ഗുണം അധികരിപ്പിക്കുന്നതാണ്. അല്ലാഹു ഏറെ മാപ്പരുളുന്നവനും ഉദാത്ത കര്‍മങ്ങള്‍ സ്വീകരിക്കുന്നവനുമത്രേ.
2 വിശദീകരണങ്ങൾ കാണുക
9. ഭൗതികലോകത്ത് മനുഷ്യന്‍ ജീവിക്കുന്നത് പാരത്രിക വിജയത്തിനും സ്വര്‍ഗലബ്ധിക്കും ആവശ്യമായ വിഭവങ്ങള്‍ ശേഖരിക്കാനാണ്. ആ ലക്ഷ്യത്തില്‍ ജീവിക്കുന്നവന്ന് അത് ലഭിക്കും, അല്ലാഹു അനുഗ്രഹം ചൊരിയും. എന്നാല്‍ പരലോകം വിസ്മരിച്ച്, ലക്ഷ്യം മറന്ന് കേവല ഭൗതിക ജീവിതം നയിക്കുന്നയാള്‍ക്കോ? 'അതില്‍ നിന്ന് നാം നല്‍കും' എന്നാണ് പ്രയുക്ത വചനം. അതില്‍ നിന്ന് അല്‍പം കിട്ടുമെന്ന് വിവക്ഷ. എന്നാല്‍ പരലോകമോ? പൂര്‍ണ പരാജയവുമായിരിക്കും. ബുദ്ധിമാന്‍ ആദ്യത്തേതേ ഇഷ്ടപ്പെടൂ.
10. സ്വര്‍ഗം വിശ്വാസികള്‍ക്ക് ലഭിക്കുന്നത് വ്യക്തിമാഹാത്മ്യം, കര്‍മവൈശിഷ്ട്യം, പ്രവര്‍ത്തനപ്പെരുപ്പം മുതലായവ കൊണ്ടല്ല, അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് മാത്രമാണത് കിട്ടുക; എന്റെ കാര്യത്തില്‍ പോലും അങ്ങനെയാണെന്ന് സുപ്രസിദ്ധമായ ഹദീസിലൂടെ തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട് (ബുഖാരി). മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: ഈ ഉമ്മത്തിന്ന് തിളക്കം, ഔന്നത്യം, സഹായം, ഭൂമിയിലെ സ്വാധീനം എന്നിവ കൊണ്ട് ശുഭവാര്‍ത്ത നല്‍കുക-പരലോകത്തിന്റെ കര്‍മം കൊണ്ട് ഇഹലോകനേട്ടം ഉദ്ദേശിക്കാത്ത കാലമത്രയും. ഒരാള്‍ പാരത്രിക കര്‍മം ഭൗതിക നേട്ടത്തിനായി ചെയ്താല്‍ പരലോകത്ത് യാതൊരു വിഹിതവും അവന്നുണ്ടാകുന്നതല്ല (അഹ്മദ്).
مَن كَانَ يُرِيدُ حَرۡثَ ٱلۡأٓخِرَةِ نَزِدۡ لَهُۥ فِي حَرۡثِهِۦۖ وَمَن كَانَ يُرِيدُ حَرۡثَ ٱلدُّنۡيَا نُؤۡتِهِۦ مِنۡهَا وَمَا لَهُۥ فِي ٱلۡأٓخِرَةِ مِن نَّصِيبٍ ٢٠
أَمۡ لَهُمۡ شُرَكَٰٓؤُاْ شَرَعُواْ لَهُم مِّنَ ٱلدِّينِ مَا لَمۡ يَأۡذَنۢ بِهِ ٱللَّهُۚ وَلَوۡلَا كَلِمَةُ ٱلۡفَصۡلِ لَقُضِيَ بَيۡنَهُمۡۗ وَإِنَّ ٱلظَّٰلِمِينَ لَهُمۡ عَذَابٌ أَلِيمٞ ٢١
تَرَى ٱلظَّٰلِمِينَ مُشۡفِقِينَ مِمَّا كَسَبُواْ وَهُوَ وَاقِعُۢ بِهِمۡۗ وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ فِي رَوۡضَاتِ ٱلۡجَنَّاتِۖ لَهُم مَّا يَشَآءُونَ عِندَ رَبِّهِمۡۚ ذَٰلِكَ هُوَ ٱلۡفَضۡلُ ٱلۡكَبِيرُ ٢٢
ذَٰلِكَ ٱلَّذِي يُبَشِّرُ ٱللَّهُ عِبَادَهُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِۗ قُل لَّآ أَسۡـَٔلُكُمۡ عَلَيۡهِ أَجۡرًا إِلَّا ٱلۡمَوَدَّةَ فِي ٱلۡقُرۡبَىٰۗ وَمَن يَقۡتَرِفۡ حَسَنَةٗ نَّزِدۡ لَهُۥ فِيهَا حُسۡنًاۚ إِنَّ ٱللَّهَ غَفُورٞ شَكُورٌ ٢٣