Monday, 12 October 2026 Hijri: — 02:27:56 pm
MalayalamQuran.in
Quran translation reader

അൽ ജാഥിയ الجاثية Al-Jathiyah

Surah 45 മക്കിയ്യ • مكية • Makkiyah 37 ആയത്തുകൾ • 37 Ayahs

സൂറത്ത് അൽ ജാഥിയ (Al-Jathiyah), ഖുർആൻ അധ്യായം 45 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 37 ആയത്തുകൾ വായിക്കുക. Read Surah Al-Jathiyah with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–6

ഹാ മീം. പ്രതാപശാലിയും യുക്തിമാനുമായ അല്ലാഹുവില്‍ നിന്നാണ് ഈ വേദത്തിന്റെ അവതരണം.1
നിശ്ചയം ഭുവന-വാനങ്ങളില്‍ സത്യവിശ്വാസികള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്. നിങ്ങളുടെ സൃഷ്ടിപ്പിലും ജന്തുജാലങ്ങളുടെ വിന്യാസത്തിലുമുണ്ട് ദൃഢവിശ്വാസികള്‍ക്ക് വിവിധ ദൃഷ്ടാന്തങ്ങള്‍. രാപ്പകലുകള്‍ മാറിമറിഞ്ഞുവരുന്നതിലും അല്ലാഹു അന്തരീക്ഷത്തില്‍ നിന്ന് ഉപജീവനമാധ്യമമായ മഴ വര്‍ഷിച്ച് ഭൂമിയയുടെ നിര്‍ജീവാവസ്ഥക്ക് ശേഷം സചേതനമാക്കിയതിലും കാറ്റുകളുടെ നിയന്ത്രണത്തിലും ചിന്തിച്ച് ഗ്രഹിക്കുന്നവര്‍ക്ക് ഏറെ ദൃഷ്ടാന്തങ്ങളുണ്ട്. താങ്കള്‍ക്ക് നാം പാരായണം ചെയ്തുതരുന്ന അല്ലാഹുവിന്റെ സൂക്തങ്ങളാണ് ഇവയത്രയും. അല്ലാഹുവിനും അവന്റെ സൂക്തങ്ങള്‍ക്കുമപ്പുറം ഇനി ഏതൊരു വാര്‍ത്തയാണ് നിഷേധികള്‍ വിശ്വസിക്കുക?2

2 വിശദീകരണങ്ങൾ കാണുക

1. 28-ാം സൂക്തത്തില്‍ പ്രയുക്തമായ 'ജാസിയ' എന്ന പദമാണ് ഈ സൂറയുടെ നാമം. രണ്ട് ഖണ്ഡിതാക്ഷരങ്ങള്‍ കൊണ്ടാണ് ആരംഭിച്ചിരിക്കുന്നത്. വിശുദ്ധ ഖുര്‍ആന്റെ അനിഷേധ്യതയും ആധികാരികതയും സൂചിപ്പിച്ചുകൊണ്ടാണ് അധ്യായത്തിന്റെ തുടക്കം. തത്തുല്യമായ വചനങ്ങള്‍ കൊണ്ടുവരാന്‍ ലോകത്തെ വെല്ലുവിളിച്ചിട്ട് പതിനാലു നൂറ്റാണ്ടു കഴിഞ്ഞിട്ടും അജയ്യവും ശാന്തഗംഭീരവുമായി നിലകൊള്ളുന്ന നിസ്തുല വേദം!

2. ആകാശങ്ങളുടെയും ഭൂമിയുടെയും മനുഷ്യന്റെതന്നെയും സൃഷ്ടിപ്പ്, അവയോരോന്നിലുമുള്ള പരകോടി വസ്തുക്കള്‍, സസ്യലതാദികള്‍, ജന്തുജാലങ്ങള്‍, സൂര്യ-ചന്ദ്ര-നക്ഷത്രാദികള്‍ തുടങ്ങിയവയിലോരോന്നിലും പരസ്സഹസ്രം ദൃഷ്ടാന്തങ്ങളാണുള്ളത്. ഇവയില്‍ നിന്നൊന്നും പാഠമുള്‍ക്കൊള്ളാതെ, ഇവ തള്ളിക്കളഞ്ഞിട്ടു പിന്നെ ഏതുവൃത്താന്തമാണ് നിഷേധികള്‍ വിശ്വസിക്കുക?

حمٓ ۝١
تَنزِيلُ ٱلۡكِتَٰبِ مِنَ ٱللَّهِ ٱلۡعَزِيزِ ٱلۡحَكِيمِ ۝٢
إِنَّ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ لَأٓيَٰتٖ لِّلۡمُؤۡمِنِينَ ۝٣
وَفِي خَلۡقِكُمۡ وَمَا يَبُثُّ مِن دَآبَّةٍ ءَايَٰتٞ لِّقَوۡمٖ يُوقِنُونَ ۝٤
وَٱخۡتِلَٰفِ ٱلَّيۡلِ وَٱلنَّهَارِ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن رِّزۡقٖ فَأَحۡيَا بِهِ ٱلۡأَرۡضَ بَعۡدَ مَوۡتِهَا وَتَصۡرِيفِ ٱلرِّيَٰحِ ءَايَٰتٞ لِّقَوۡمٖ يَعۡقِلُونَ ۝٥
تِلۡكَ ءَايَٰتُ ٱللَّهِ نَتۡلُوهَا عَلَيۡكَ بِٱلۡحَقِّۖ فَبِأَيِّ حَدِيثِۭ بَعۡدَ ٱللَّهِ وَءَايَٰتِهِۦ يُؤۡمِنُونَ ۝٦
7–11

ധാരാളമായി നുണപറയുകയും അധര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും മഹാനാശമാണുണ്ടാവുക. അല്ലാഹുവിന്റെ സൂക്തങ്ങള്‍ തനിക്ക് പാരായണം ചെയ്യപ്പെടുന്നതവന്‍ ശ്രവിക്കുകയും എന്നിട്ട്, കേള്‍ക്കാത്തപോലെ അഹംഭാവിയായി ഉറച്ചുനില്‍ക്കുകയും ചെയ്കയാണവന്‍. അതുകൊണ്ട് വേദനാജനകമായ ശിക്ഷയെപ്പറ്റി അവന്ന് താങ്കള്‍ ശുഭവാര്‍ത്ത നല്‍കുക! നമ്മുടെ സൂക്തങ്ങളില്‍ നിന്ന് എന്തെങ്കിലും അറിഞ്ഞാല്‍ അവനത് പരിഹാസ പാത്രമാക്കുന്നു. ഹീനമായ ശിക്ഷയാണവര്‍ക്ക് ലഭിക്കുക; വഴിയെ നരകവുമുണ്ടാകും. തങ്ങളുടെ സമ്പാദ്യങ്ങളോ അല്ലാഹുവിനെ വിട്ട് അവര്‍ വരിച്ചുവെച്ച രക്ഷാധികാരികളോ യാതൊന്നും അവര്‍ക്ക് നേടിക്കൊടുക്കില്ല. ഗുരുതര ശിക്ഷയാണവര്‍ക്കുണ്ടാവുക. ഈ ഖുര്‍ആന്‍ ഒരു മാര്‍ഗദര്‍ശനമത്രേ. തങ്ങളുടെ നാഥന്റെ സൂക്തങ്ങള്‍ നിഷേധിച്ചവര്‍ക്ക് വേദനാജനകമായ അതീവഗുരുതര ശിക്ഷയുണ്ട്.3

1 വിശദീകരണം കാണുക

3. ബുദ്ധിജീവിയായ മനുഷ്യന്റെ സന്മാര്‍ഗപ്രാപ്തിക്കും അതുവഴി അവന്‍ ഇഹ-പരവിജയം കരഗതമാക്കാനുമാണ് ഖുര്‍ആന്‍ അവതീര്‍ണമായത്. അപ്പോള്‍, ആ മാര്‍ഗദര്‍ശക സൂക്തങ്ങള്‍ വ്യാജമാക്കലും അവഹേളിക്കലും പരിഹാസ പാത്രമാക്കലും അതീവ ഗുരുതരമായ പാതകവും സാമൂഹിക ദ്രോഹവുമാണ്. ഖുര്‍ആന്റെ അനുയായികളെന്നവകാശപ്പെടുന്നവര്‍ക്കിടയില്‍ തന്നെ ഇവ്വിധമുള്ള ധാരാളമാളുകളുണ്ട്. അവരെങ്കിലും അര്‍ഹിക്കുന്ന ഗൗരവത്തോടെ ഈ വിഷയം ഗ്രഹിക്കേണ്ടതാണ്.

وَيۡلٞ لِّكُلِّ أَفَّاكٍ أَثِيمٖ ۝٧
يَسۡمَعُ ءَايَٰتِ ٱللَّهِ تُتۡلَىٰ عَلَيۡهِ ثُمَّ يُصِرُّ مُسۡتَكۡبِرٗا كَأَن لَّمۡ يَسۡمَعۡهَاۖ فَبَشِّرۡهُ بِعَذَابٍ أَلِيمٖ ۝٨
وَإِذَا عَلِمَ مِنۡ ءَايَٰتِنَا شَيۡـًٔا ٱتَّخَذَهَا هُزُوًاۚ أُوْلَٰٓئِكَ لَهُمۡ عَذَابٞ مُّهِينٞ ۝٩
مِّن وَرَآئِهِمۡ جَهَنَّمُۖ وَلَا يُغۡنِي عَنۡهُم مَّا كَسَبُواْ شَيۡـٔٗا وَلَا مَا ٱتَّخَذُواْ مِن دُونِ ٱللَّهِ أَوۡلِيَآءَۖ وَلَهُمۡ عَذَابٌ عَظِيمٌ ۝١٠
هَٰذَا هُدٗىۖ وَٱلَّذِينَ كَفَرُواْ بِـَٔايَٰتِ رَبِّهِمۡ لَهُمۡ عَذَابٞ مِّن رِّجۡزٍ أَلِيمٌ ۝١١
12–13

സമുദ്രങ്ങള്‍ നിങ്ങള്‍ക്ക് കീഴ്‌പ്പെടുത്തിത്തന്നത് അല്ലാഹുവാണ്-അവന്റെ ഉത്തരവനുസരിച്ച് അതിലൂടെ ജലയാനങ്ങളോടാനും നിങ്ങള്‍ അവന്റെ അനുഗ്രഹം അന്വേഷിക്കാനും കൃതജ്ഞരാകാനും വേണ്ടി. ഭുവന-വാനങ്ങളിലുള്ളതൊക്കെയും നിങ്ങള്‍ക്കവന്‍ കീഴ്‌പെടുത്തി. ആലോചിച്ചു ഗ്രഹിക്കുന്നവര്‍ക്ക് ഇതിലെല്ലാം വിവിധ ദൃഷ്ടാന്തങ്ങളുണ്ട്, തീര്‍ച്ച;4

1 വിശദീകരണം കാണുക

4. മണലിന്റെ ഒരു തരി ജലോപരിതലത്തില്‍ വെച്ചാല്‍ അത് താഴ്ന്നുപോകുമെന്ന് എല്ലാവര്‍ക്കുമറിയാം. ആ വെള്ളത്തിനു മുകളിലൂടെയാണ് പരശ്ശതം ടണ്ണുകള്‍ വരെ ഭാരമുള്ള വന്‍ കപ്പലുകള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്! സൂര്യ-ചന്ദ്ര-നക്ഷത്രാദികളും മലകളും സമുദ്രങ്ങളും നദികളും സസ്യലതാദികളുമൊക്കെ മനുഷ്യനുവേണ്ടി അല്ലാഹു കീഴ്‌പ്പെടുത്തിയിരിക്കുന്നു-ബുദ്ധിമാനായ വ്യക്തി ഇതൊക്കെ ചിന്തിക്കാന്‍ ബാധ്യസ്ഥനല്ലേ?

۞ ٱللَّهُ ٱلَّذِي سَخَّرَ لَكُمُ ٱلۡبَحۡرَ لِتَجۡرِيَ ٱلۡفُلۡكُ فِيهِ بِأَمۡرِهِۦ وَلِتَبۡتَغُواْ مِن فَضۡلِهِۦ وَلَعَلَّكُمۡ تَشۡكُرُونَ ۝١٢
وَسَخَّرَ لَكُم مَّا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ جَمِيعٗا مِّنۡهُۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَتَفَكَّرُونَ ۝١٣
14–15

അല്ലാഹുവിന്റെ പ്രതിഫല ദാനനാളുകള്‍ പ്രതീക്ഷിക്കാത്ത നിഷേധികള്‍ക്ക് മാപ്പുനല്‍കാന്‍ താങ്കള്‍ വിശ്വാസികളോട് നിര്‍ദേശിക്കുക; തങ്ങളുടെ ദുഷ്‌ചെയ്തികളുടെ പ്രതിഫലം അക്കൂട്ടര്‍ക്ക് അല്ലാഹു നല്‍കാന്‍ വേണ്ടി. ആരെങ്കിലും വല്ല സല്‍കര്‍മവുമനുഷ്ഠിച്ചാല്‍ അതിന്റെ ഗുണഫലം അവന്നുതന്നെ; തിന്മ ചെയ്താല്‍ അതിന്റെ ദൂഷ്യവും. വഴിയെ രക്ഷിതാവിങ്കലേക്ക് നിങ്ങള്‍ മടക്കപ്പെടും.5

1 വിശദീകരണം കാണുക

5. പുനരുത്ഥാനത്തിലും സ്വര്‍ഗ-നരകാദികളിലും വിശ്വാസമില്ലാത്ത നിഷേധികള്‍ അധര്‍മവും അതിക്രമവുമേ പ്രവര്‍ത്തിക്കൂ. അതേ നാണയത്തിലുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ സത്യവിശ്വാസിയില്‍ നിന്നുണ്ടാകാന്‍ പാടില്ല, ആ നിഷേധികള്‍ക്ക് മാപ്പുകൊടുക്കണമെന്നാണിവിടെ പഠിപ്പിക്കുന്നത്. 7:199, 3:134, 4:149 മുതലായവ നോക്കുക.

قُل لِّلَّذِينَ ءَامَنُواْ يَغۡفِرُواْ لِلَّذِينَ لَا يَرۡجُونَ أَيَّامَ ٱللَّهِ لِيَجۡزِيَ قَوۡمَۢا بِمَا كَانُواْ يَكۡسِبُونَ ۝١٤
مَنۡ عَمِلَ صَٰلِحٗا فَلِنَفۡسِهِۦۖ وَمَنۡ أَسَآءَ فَعَلَيۡهَاۖ ثُمَّ إِلَىٰ رَبِّكُمۡ تُرۡجَعُونَ ۝١٥
16–17

ഇസ്രയേല്യര്‍ക്ക് നാം വേദവും വിധികര്‍തൃത്വവും പ്രവാചകത്വവും ഉദാത്തമായ ഉപജീവന മാര്‍ഗങ്ങളും കൊടുക്കുകയും മറ്റു ജനസമൂഹങ്ങളെക്കാള്‍ അവരെ ശ്രേഷ്ഠരാക്കുകയും മതകാര്യങ്ങളെക്കുറിച്ച സ്പഷ്ട ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും ചെയ്തു. അങ്ങനെ ജ്ഞാനം ലഭ്യമായ ശേഷമേ -പരസ്പര ശത്രുത മൂലം-അവര്‍ ഭിന്നപക്ഷരായിട്ടുള്ളു.6
തങ്ങള്‍ ഭിന്നാഭിപ്രായക്കാരായിരുന്ന കാര്യങ്ങളില്‍ പുനരുത്ഥാനനാളില്‍ അവര്‍ക്കിടയില്‍ അല്ലാഹു തീര്‍പ്പ് കല്‍പിക്കുന്നതാണ്.

1 വിശദീകരണം കാണുക

6. വേദക്കാരായ ജൂത-ക്രിസ്ത്യാനികള്‍ അവരുടെ വേദങ്ങളിലൂടെ അന്ത്യപ്രവാചകനെ വളരെ കൃത്യമായി പഠിച്ചു ഗ്രഹിച്ചിരുന്നു. ഈ വിജ്ഞാനം കൈവന്നതിനു ശേഷമാണ്, നബി(സ്വ) ആഗതരായപ്പോള്‍ അവര്‍ കഠിന ശത്രുക്കളും നിഷേധികളുമായി മാറിയത്.

وَلَقَدۡ ءَاتَيۡنَا بَنِيٓ إِسۡرَٰٓءِيلَ ٱلۡكِتَٰبَ وَٱلۡحُكۡمَ وَٱلنُّبُوَّةَ وَرَزَقۡنَٰهُم مِّنَ ٱلطَّيِّبَٰتِ وَفَضَّلۡنَٰهُمۡ عَلَى ٱلۡعَٰلَمِينَ ۝١٦
وَءَاتَيۡنَٰهُم بَيِّنَٰتٖ مِّنَ ٱلۡأَمۡرِۖ فَمَا ٱخۡتَلَفُوٓاْ إِلَّا مِنۢ بَعۡدِ مَا جَآءَهُمُ ٱلۡعِلۡمُ بَغۡيَۢا بَيۡنَهُمۡۚ إِنَّ رَبَّكَ يَقۡضِي بَيۡنَهُمۡ يَوۡمَ ٱلۡقِيَٰمَةِ فِيمَا كَانُواْ فِيهِ يَخۡتَلِفُونَ ۝١٧
18–20

നബീ, പിന്നീട് അങ്ങയെ നാം മതവിഷയങ്ങളില്‍ ഒരു പ്രസ്പഷ്ട സംഹിതയിലാക്കിയിരിക്കുന്നു. അതുകൊണ്ട്, താങ്കള്‍ അത് അനുധാവനം ചെയ്യുക, അജ്ഞരുടെ അഭീഷ്ടങ്ങള്‍ പിന്തുടരരുത്.7
അല്ലാഹുവിനെതിരെ താങ്കള്‍ക്ക് എന്തെങ്കിലുമൊരു ഗുണം ചെയ്യാന്‍ അവര്‍ക്കു കഴിയില്ല, തീര്‍ച്ച. അതിക്രമകാരികള്‍ പരസ്പരം സംരക്ഷകരാണ്. എന്നാല്‍ സൂക്ഷ്മാലുക്കളുടെ രക്ഷാകര്‍ത്താവ് അല്ലാഹുവത്രേ. ഈ ഖുര്‍ആന്‍ സകലജനങ്ങള്‍ക്കും ഉള്‍ക്കാഴ്ചയുണ്ടാക്കുന്ന ദൃഷ്ടാന്തങ്ങളും ദൃഢവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു.

1 വിശദീകരണം കാണുക

7. ജൂതര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മറ്റു വിവിധ സമൂഹങ്ങള്‍ക്കും വ്യത്യസ്ത നിയമ സംഹിതകളുണ്ടായിരുന്നത് പോലെ നബി(സ്വ)ക്കും പ്രത്യേക ശരീഅത്തുണ്ട്. അത് കണിശമായി പിന്തുടരണമെന്നും സ്വേച്ഛാപൂജകരെ അനുധാവനം ചെയ്യരുതെന്നും ഉണര്‍ത്തിയിരിക്കയാണ്.

ثُمَّ جَعَلۡنَٰكَ عَلَىٰ شَرِيعَةٖ مِّنَ ٱلۡأَمۡرِ فَٱتَّبِعۡهَا وَلَا تَتَّبِعۡ أَهۡوَآءَ ٱلَّذِينَ لَا يَعۡلَمُونَ ۝١٨
إِنَّهُمۡ لَن يُغۡنُواْ عَنكَ مِنَ ٱللَّهِ شَيۡـٔٗاۚ وَإِنَّ ٱلظَّٰلِمِينَ بَعۡضُهُمۡ أَوۡلِيَآءُ بَعۡضٖۖ وَٱللَّهُ وَلِيُّ ٱلۡمُتَّقِينَ ۝١٩
هَٰذَا بَصَٰٓئِرُ لِلنَّاسِ وَهُدٗى وَرَحۡمَةٞ لِّقَوۡمٖ يُوقِنُونَ ۝٢٠
21–23

അതല്ല, അധര്‍മകാരികള്‍ ധരിച്ചുവെച്ചിട്ടുണ്ടോ, സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവരെപ്പോലെ അവരെയും നാം ആക്കുമെന്ന്? അവരുടെ ജീവിതവും മരണവും സമാനമാക്കുമെന്ന്? അവരുടെ ആ തീര്‍പ്പ് അതീവ ഹീനം തന്നെ!8
ഭുവന-വാനങ്ങള്‍ സത്യനിഷ്ഠമായ ലക്ഷ്യസമേതമാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. ഓരോ വ്യക്തിക്കും താനനുഷ്ഠിച്ചതിന്റെ പ്രതിഫലം നല്‍കപ്പെടാന്‍ കൂടിയാണത്. അവരോട് അക്രമമനുവര്‍ത്തിക്കപ്പെടുകയില്ല. സ്വേച്ഛയെ ദൈവമാക്കി വെച്ചവനെ താങ്കള്‍ കണ്ടിട്ടുണ്ടോ? അല്ലാഹു അറിഞ്ഞുകൊണ്ടുതന്നെ അവനെ ദുര്‍മാര്‍ഗിയാക്കുകയും കാതിനും ഹൃദയത്തിനും മുദ്രചാര്‍ത്തുകയും ദൃഷ്ടിക്കുമേല്‍ ആവരണമിടുകയും ചെയ്തിട്ടുണ്ട്.9
ഇനി അല്ലാഹുവല്ലാതെ ആരാണവനെ സന്മാര്‍ഗ ദര്‍ശനം ചെയ്യുക? വസ്തുത ഇതായിട്ടും നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുന്നില്ലേ?

2 വിശദീകരണങ്ങൾ കാണുക

8. മുഹമ്മദും ഖുര്‍ആനും പറയുന്നതുപോലെ, ഒരു പാരത്രിക ജീവിതമുണ്ടെന്നു സങ്കല്‍പിച്ചാല്‍ തന്നെ, തങ്ങള്‍ അവിടെയും ഉന്നത സ്ഥാനീയരാകുമെന്നു പല ആഢ്യനിഷേധികളും തട്ടിവിടാറുണ്ടായിരുന്നു. 41:50, 18:36 നോക്കുക. അത്തരക്കാര്‍ക്കുള്ള മറുപടിയാണിത്. നിഷേധികള്‍ക്കും ധിക്കാരികള്‍ക്കുമെങ്ങനെ പാരത്രിക വിജയമുണ്ടാകും?

9. എല്ലാ അനുകൂല സാഹചര്യങ്ങളുമുണ്ടായിട്ടും സന്മാര്‍ഗം സ്വീകരിക്കാന്‍ സന്നദ്ധനാകാത്ത ദുര്‍മാര്‍ഗിയെ അല്ലാഹു നേരത്തെ അറിയുന്നു; അവന്‍ ത്രികാലജ്ഞനാണല്ലോ. അത്തരമൊരു വ്യക്തി ദേഹേച്ഛയെയും പിശാചിനെയും പൂജിച്ച് അധര്‍മത്തിന്റെ വക്താവാകും. അറിഞ്ഞു കൊണ്ടു തന്നെ അല്ലാഹു ദുര്‍മാര്‍ഗിയാക്കി എന്നതിന്റെ വിവക്ഷ അതാണ്. പ്രകൃത്യാ സന്മാര്‍ഗത്തെ സ്‌നേഹിക്കുന്നവനെ അല്ലാഹു അതിലേക്ക് ചേര്‍ത്തിക്കൊടുക്കുക തന്നെ ചെയ്യും. അല്‍ഇസ്‌റാഅ് 18-20ല്‍ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്.

أَمۡ حَسِبَ ٱلَّذِينَ ٱجۡتَرَحُواْ ٱلسَّيِّـَٔاتِ أَن نَّجۡعَلَهُمۡ كَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ سَوَآءٗ مَّحۡيَاهُمۡ وَمَمَاتُهُمۡۚ سَآءَ مَا يَحۡكُمُونَ ۝٢١
وَخَلَقَ ٱللَّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّ وَلِتُجۡزَىٰ كُلُّ نَفۡسِۭ بِمَا كَسَبَتۡ وَهُمۡ لَا يُظۡلَمُونَ ۝٢٢
أَفَرَءَيۡتَ مَنِ ٱتَّخَذَ إِلَٰهَهُۥ هَوَىٰهُ وَأَضَلَّهُ ٱللَّهُ عَلَىٰ عِلۡمٖ وَخَتَمَ عَلَىٰ سَمۡعِهِۦ وَقَلۡبِهِۦ وَجَعَلَ عَلَىٰ بَصَرِهِۦ غِشَٰوَةٗ فَمَن يَهۡدِيهِ مِنۢ بَعۡدِ ٱللَّهِۚ أَفَلَا تَذَكَّرُونَ ۝٢٣
24–26

ഈ ഐഹിക ലോക ജീവിതമല്ലാതെ വേറെയൊരു ജീവിതവും ഇല്ലേയില്ല, നാം ചിലര്‍ മരിക്കുകയും മറ്റു ചിലര്‍ ജീവിക്കുകയും ചെയ്യുന്നു, കാലം മാത്രമാണ് നമ്മെ നശിപ്പിക്കുന്നത് എന്ന് നിഷേധികള്‍ ജല്‍പിച്ചു. അവര്‍ക്ക് അത് സംബന്ധിച്ച് ഒരു വസ്തുതയുമറിയില്ല; ഊഹങ്ങള്‍ വെച്ചുപുലര്‍ത്തുക മാത്രമാണ്. നമ്മുടെ സൂക്തങ്ങള്‍ സ്പഷ്ടമാംവിധം അവര്‍ക്ക് പാരായണം ചെയ്യപ്പെട്ടാലും 'നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ പരേതപിതാക്കളെ ഹാജറാക്കൂ' എന്ന ജല്‍പനം മാത്രമായിരിക്കും അവരുടെ 'ന്യായവാദം'.10
അങ്ങു പ്രഖ്യാപിക്കുക: അല്ലാഹു നിങ്ങളെ ജീവിപ്പിക്കുകയും പിന്നീട് മരണപ്പെടുത്തുകയും അനന്തരം അന്ത്യനാളിലേക്ക് നിസ്സംശയം സംഗമിപ്പിക്കുകയും ചെയ്യും. പക്ഷേ, മിക്ക ജനങ്ങളും സത്യമറിയുന്നില്ല.

1 വിശദീകരണം കാണുക

10. പുനരുത്ഥാനമെന്നത് യാഥാര്‍ത്ഥ്യമാണെങ്കില്‍ ഞങ്ങളുടെ പൂര്‍വപിതാക്കളെ ഉയിര്‍ത്തെഴുന്നേല്‍പിച്ച് കാണിച്ചുതരൂ എന്ന് മുശ്‌രിക്കുകള്‍ ജല്‍പിച്ചിരുന്നു. വിമാനം എന്നൊരു വാഹനമുണ്ടെങ്കില്‍ ഈ മലഞ്ചെരിവില്‍ ഇറക്കി കാണിച്ചു തരൂ എന്നു പറയുന്നതു പോലുള്ള മഹാമൗഢ്യമാണത്. ഖിയാമനാളിനു ശേഷം പരലോകത്താണത് സംഭവിക്കുക എന്ന് വിഡ്ഢികള്‍ ഗ്രഹിക്കുന്നില്ല. 'അവരുടെ ന്യായം ഇതാണ്' എന്നത് പരിഹാസാത്മകമാണ്.

وَقَالُواْ مَا هِيَ إِلَّا حَيَاتُنَا ٱلدُّنۡيَا نَمُوتُ وَنَحۡيَا وَمَا يُهۡلِكُنَآ إِلَّا ٱلدَّهۡرُۚ وَمَا لَهُم بِذَٰلِكَ مِنۡ عِلۡمٍۖ إِنۡ هُمۡ إِلَّا يَظُنُّونَ ۝٢٤
وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُنَا بَيِّنَٰتٖ مَّا كَانَ حُجَّتَهُمۡ إِلَّآ أَن قَالُواْ ٱئۡتُواْ بِـَٔابَآئِنَآ إِن كُنتُمۡ صَٰدِقِينَ ۝٢٥
قُلِ ٱللَّهُ يُحۡيِيكُمۡ ثُمَّ يُمِيتُكُمۡ ثُمَّ يَجۡمَعُكُمۡ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ لَا رَيۡبَ فِيهِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ۝٢٦
27–29

ഭുവന-വാനങ്ങളുടെ രാജാധികാരം അല്ലാഹുവിന്നാണ്. അന്ത്യദിനം സമാഗതമാകുന്ന അന്ന് അസത്യവാദികള്‍ ഗുരുതര നഷ്ടത്തിലാപതിക്കും- ഓരോ ജനപഥവും മുട്ടുകുത്തിയവരായി കാണാവുന്നതും അതിന്റെ പ്രമാണത്തിലേക്ക് വിളിക്കപ്പെടുന്നതുമാണ്. 'നിങ്ങളുടെ കര്‍മങ്ങള്‍ക്കുള്ള പ്രതിഫലം ഇന്ന് നല്‍കപ്പെടും'. ഇതാ നമ്മുടെ പ്രമാണം- നിങ്ങള്‍ക്കു പ്രതികൂലമായി, സത്യമത് തുറന്നുപറയും. നിങ്ങളനുവര്‍ത്തിച്ചിരുന്നതൊക്കെയും നാം രേഖപ്പെടുത്തി വെക്കുന്നുണ്ടായിരുന്നു.11

1 വിശദീകരണം കാണുക

11. മനുഷ്യന്റെ മുഴുകര്‍മങ്ങളും രേഖപ്പെടുത്തുന്നുണ്ടല്ലോ (50:18). ആ രേഖ സ്വയം വായിക്കാനായി ഓരോരുത്തര്‍ക്കും മഹ്ശറില്‍ നല്‍കപ്പെടും. 69:18-32, 17:13,14 നോക്കുക. ഓരോ വ്യക്തിക്കും താനര്‍ഹിക്കുന്ന പ്രതിഫലം ലഭ്യമാകും. ഒരുവിധ അനീതിയും അതിക്രമവും ഒരാളോടും അനുവര്‍ത്തിക്കപ്പെടുന്നതല്ല.

وَلِلَّهِ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَيَوۡمَ تَقُومُ ٱلسَّاعَةُ يَوۡمَئِذٖ يَخۡسَرُ ٱلۡمُبۡطِلُونَ ۝٢٧
وَتَرَىٰ كُلَّ أُمَّةٖ جَاثِيَةٗۚ كُلُّ أُمَّةٖ تُدۡعَىٰٓ إِلَىٰ كِتَٰبِهَا ٱلۡيَوۡمَ تُجۡزَوۡنَ مَا كُنتُمۡ تَعۡمَلُونَ ۝٢٨
هَٰذَا كِتَٰبُنَا يَنطِقُ عَلَيۡكُم بِٱلۡحَقِّۚ إِنَّا كُنَّا نَسۡتَنسِخُ مَا كُنتُمۡ تَعۡمَلُونَ ۝٢٩
30–32

എന്നാല്‍ സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തിരുന്നവരെ തങ്ങളുടെ നാഥന്‍ തന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കും. അതത്രേ സ്പഷ്ടമായ സൗഭാഗ്യം. നിഷേധികളോട് പറയപ്പെടും: 'എന്റെ സൂക്തങ്ങള്‍ നിങ്ങള്‍ക്ക് പാരായണം ചെയ്യപ്പെട്ടിരുന്നില്ലേ? തത്സമയം നിങ്ങള്‍ അഹങ്കരിക്കുകയും അധര്‍മകാരികളായ ഒരു ജനവിഭാഗമാവുകയും ഉണ്ടായി. 'അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്, അന്ത്യദിനമാകട്ടെ നിസ്സംശയം സമാഗതമാവുകയും ചെയ്യും' എന്നുദ്‌ബോധിപ്പിക്കപ്പെട്ടാല്‍ നിങ്ങള്‍ പ്രതികരിക്കും: എന്താണ് അന്ത്യനാള്‍ എന്ന് ഞങ്ങള്‍ക്കറിയില്ല, ഞങ്ങള്‍ക്കൊരു ദാര്‍ഢ്യവുമില്ല, ഊഹം മാത്രമാണുള്ളത്!12

1 വിശദീകരണം കാണുക

12. വേദഗ്രന്ഥങ്ങളെയും പ്രവാചകന്മാരെയും മതപ്രബോധകരെയും സന്മാര്‍ഗദര്‍ശകരെയും അവഹേളിച്ചു തള്ളിക്കളഞ്ഞിരുന്നവര്‍ പരലോകത്ത് അഭിമുഖീകരിക്കേണ്ടിവരുന്ന അതീവ ഭീതിദാവസ്ഥയാണിവിടെ ചിത്രീകരിച്ചിരിക്കുന്നത്. ചിന്താശേഷിയുള്ളവര്‍ സഗൗരവം ചിന്തിച്ചു പാഠമുള്‍ക്കൊള്ളണം.

فَأَمَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ فَيُدۡخِلُهُمۡ رَبُّهُمۡ فِي رَحۡمَتِهِۦۚ ذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡمُبِينُ ۝٣٠
وَأَمَّا ٱلَّذِينَ كَفَرُوٓاْ أَفَلَمۡ تَكُنۡ ءَايَٰتِي تُتۡلَىٰ عَلَيۡكُمۡ فَٱسۡتَكۡبَرۡتُمۡ وَكُنتُمۡ قَوۡمٗا مُّجۡرِمِينَ ۝٣١
وَإِذَا قِيلَ إِنَّ وَعۡدَ ٱللَّهِ حَقّٞ وَٱلسَّاعَةُ لَا رَيۡبَ فِيهَا قُلۡتُم مَّا نَدۡرِي مَا ٱلسَّاعَةُ إِن نَّظُنُّ إِلَّا ظَنّٗا وَمَا نَحۡنُ بِمُسۡتَيۡقِنِينَ ۝٣٢
33–35

അങ്ങനെ, തങ്ങളുടെ ദുഷ്‌ചെയ്തികളുടെ ദൂഷ്യഫലങ്ങള്‍ അവര്‍ക്കുവെളിപ്പെടുന്നതും എന്തിനെയവര്‍ പരിഹാസപാത്രമാക്കിയിരുന്നോ അതവരെ പൊതിയുന്നതുമാകുന്നു. അവരോട് അരുളപ്പെടും: ഇന്നാളിനെ അഭിമുഖീകരിക്കുമെന്ന വസ്തുത നിങ്ങള്‍ വിസ്മരിച്ചിരുന്നതുപോലെ നിങ്ങളെ നാം ഇന്ന് മറന്നുകളയുന്നു.13
നിങ്ങളുടെ ആവാസഗേഹം നരകമാണ്, സഹായികളാരുമില്ല നിങ്ങള്‍ക്ക്. അല്ലാഹുവിന്റെ ദൃഷ്ടാന്ത-സൂക്തങ്ങള്‍ നിങ്ങള്‍ പരിഹാസപാത്രമാക്കിത്തീര്‍ക്കുകയും ഐഹിക ജീവിതം നിങ്ങളെ കബളിപ്പിക്കുകയും ചെയ്തതിന്റെ പരിണതിയാണിത്. അതുകൊണ്ട് ഇന്ന് അവിടെ നിന്ന് അവര്‍ പുറത്തേക്ക് വിടപ്പെടുകയോ പ്രായശ്ചിത്തമര്‍ത്ഥിക്കപ്പെടുകയോ ചെയ്യില്ല.14

2 വിശദീകരണങ്ങൾ കാണുക

13. യഥാര്‍ത്ഥത്തില്‍ പാരത്രിക വിശ്വാസം തള്ളിക്കളയുകയാണവര്‍ ചെയ്തത്; ആ അവഗണനയെക്കുറിച്ചാണ് മറക്കുക എന്ന് പ്രയോഗിച്ചത്. 'നാം നിങ്ങളെ മറക്കുന്നു' എന്നതിന്റെ വിവക്ഷയും അതുതന്നെ. മറവി എന്ന വിശേഷണം അല്ലാഹുവിന്ന് അസംഭവ്യമാണല്ലോ. ഉപേക്ഷിക്കുകയും അവഗണിക്കുകയും ചെയ്യുക എന്നാണ് വിവക്ഷയെന്ന് ഇമാം മുജാഹിദ് വിശദീകരിച്ചിട്ടുണ്ട്. 'എന്നെ നീ മറന്നതു പോലെ നിന്നെ ഞാനും മറക്കുന്നു' എന്ന് ഇവനോട് അല്ലാഹു മഹ്ശറില്‍ വെച്ച് പറയുമെന്ന് തിരുനബി(സ്വ) പ്രസ്താവിച്ചതായും കാണാം (മുസ്‌ലിം).

14. കുറ്റവാളികളോട് സര്‍വസാധാരണമായി അനുവര്‍ത്തിക്കപ്പെടുന്ന രീതികളാണിത്- ഒന്നുകില്‍ മാപ്പു ചെയ്ത് പുറത്തേക്ക് വിട്ടയക്കുക; അല്ലെങ്കില്‍ പ്രായശ്ചിത്തമാവശ്യപ്പെട്ട് വാങ്ങി വിടുതല്‍ ചെയ്യും. ഇതില്‍ ഒന്നും തന്നെ പരലോകത്ത് സംഭവിക്കുന്നതല്ല.

وَبَدَا لَهُمۡ سَيِّـَٔاتُ مَا عَمِلُواْ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ ۝٣٣
وَقِيلَ ٱلۡيَوۡمَ نَنسَىٰكُمۡ كَمَا نَسِيتُمۡ لِقَآءَ يَوۡمِكُمۡ هَٰذَا وَمَأۡوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّٰصِرِينَ ۝٣٤
ذَٰلِكُم بِأَنَّكُمُ ٱتَّخَذۡتُمۡ ءَايَٰتِ ٱللَّهِ هُزُوٗا وَغَرَّتۡكُمُ ٱلۡحَيَوٰةُ ٱلدُّنۡيَاۚ فَٱلۡيَوۡمَ لَا يُخۡرَجُونَ مِنۡهَا وَلَا هُمۡ يُسۡتَعۡتَبُونَ ۝٣٥
36–37

അപ്പോള്‍ ആകാശങ്ങളുടെയും ഭൂമിയുടെയും പ്രപഞ്ചത്തിന്റെയും നാഥനായ അല്ലാഹുവിന്നാണ് സമസ്ത സ്‌തോത്രങ്ങളും. ഭുവന-വാനങ്ങളില്‍ അവന്നാണ് ഔന്നത്യം; പ്രതാപശാലിയും യുക്തിമാനുമാണവന്‍.15

1 വിശദീകരണം കാണുക

15. അനുസരണത്തിനും ആരാധനക്കും സര്‍വവിധ അര്‍ഹതയും അവകാശവും അല്ലാഹുവിന്ന് മാത്രമാണെന്ന നഗ്നയാഥാര്‍ത്ഥ്യത്തിലേക്ക്, അന്ധരായും ചിന്താശൂന്യരായും ജീവിക്കുന്ന നിഷേധികളുടെ ശ്രദ്ധ ക്ഷണിച്ചു കൊണ്ടാണ് അധ്യായം അവസാനിക്കുന്നത്.

فَلِلَّهِ ٱلۡحَمۡدُ رَبِّ ٱلسَّمَٰوَٰتِ وَرَبِّ ٱلۡأَرۡضِ رَبِّ ٱلۡعَٰلَمِينَ ۝٣٦
وَلَهُ ٱلۡكِبۡرِيَآءُ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ ۝٣٧