Monday, 12 October 2026 Hijri: — 02:28:31 pm
MalayalamQuran.in
Quran translation reader

അൽ അഹ്ഖാഫ് الأحقاف Al-Ahqaf

Surah 46 മക്കിയ്യ • مكية • Makkiyah 35 ആയത്തുകൾ • 35 Ayahs

സൂറത്ത് അൽ അഹ്ഖാഫ് (Al-Ahqaf), ഖുർആൻ അധ്യായം 46 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 35 ആയത്തുകൾ വായിക്കുക. Read Surah Al-Ahqaf with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–4

ഹാ മീം. പ്രതാപശാലിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നാണ് ഈ വേദത്തിന്റെ അവതരണം.1
ഭുവന-വാനങ്ങളും അവയ്ക്കിടയിലുള്ളതും നാം പടച്ചിട്ടുള്ളത് സത്യനിഷ്ഠമായ ഉദ്ദേശ്യപൂര്‍വവും നിശ്ചിതാവധി വെച്ചും മാത്രമാണ്. നിഷേധികളാകട്ടെ, തങ്ങള്‍ക്കു കിട്ടിയ മുന്നറിയിപ്പ് അവഗണിച്ചു കളയുകയാണ് ചെയ്യുന്നത്. നബീ, ചോദിക്കുക: അല്ലാഹുവിനെ വിട്ട് നിങ്ങള്‍ ആരാധിക്കുന്നവയെക്കുറിച്ച് ആലോചിച്ചു നോക്കിയിട്ടുണ്ടോ നിങ്ങള്‍? ഭൂമിയില്‍ എന്താണവ പടച്ചുണ്ടാക്കിയിരിക്കുന്നതെന്ന് ഒന്നു കാണിച്ചു തരിക; അതല്ല, വാനലോകസൃഷ്ടിപ്പില്‍ എന്തെങ്കിലും ഭാഗഭാഗിത്വമുണ്ടോ അവയ്ക്ക്? സത്യവാദികളാണ് നിങ്ങളെങ്കില്‍ ഏതെങ്കിലും പൂര്‍വവേദമോ ജ്ഞാനശകലമോ ഹാജറാക്കൂ!2

2 വിശദീകരണങ്ങൾ കാണുക

1. രണ്ടു ഖണ്ഡിതാക്ഷരങ്ങളുമായാണ് സൂറയുടെ ആരംഭം. അല്‍അഹ്ഖാഫ് എന്നാണതിന്റെ പേര്. അറേബ്യന്‍ ഉപദ്വീപിന്റെ തെക്കുഭാഗത്ത് ഇന്നത്തെ യമനില്‍പെട്ട മണല്‍ക്കൂനകള്‍ നിറഞ്ഞ മേഖലയാണിത്. ഹൂദ് നബി(അ)ന്റെ ജനത അവിടെയാണ് താമസിച്ചിരുന്നത്. അവരെക്കുറിച്ച പരാമര്‍ശം സൂക്തം 21 മുതല്‍ ഏതാനും വചനങ്ങളില്‍ വരുന്നുണ്ട്. വിശുദ്ധ ഖുര്‍ആന്റെ അപ്രമാദിത്വം സൂചിപ്പിച്ചുകൊണ്ടാണിതിന്റെ തുടക്കം.

2. യുക്തിവാദികള്‍ക്കും സത്യനിഷേധികള്‍ക്കുമുള്ള 'പ്രമാണം' ബുദ്ധി മാത്രമായിരിക്കും. എന്നാല്‍ ഓരോ വ്യക്തിയുടെയും ചിന്തയും യുക്തിയും വ്യത്യസ്തമായിരിക്കും. അതുകൊണ്ട് ഏതുസിദ്ധാന്തത്തിനും പ്രാമാണിക വേദങ്ങളോ സത്യസന്ധമായ വൈജ്ഞാനിക ഉദ്ധരണികളോ പ്രമാണവും പിന്‍ബലവുമായി ഉണ്ടായിരിക്കണം. അതാണിവിടെ ആവശ്യപ്പെടുന്നത്.

حمٓ ۝١
تَنزِيلُ ٱلۡكِتَٰبِ مِنَ ٱللَّهِ ٱلۡعَزِيزِ ٱلۡحَكِيمِ ۝٢
مَا خَلَقۡنَا ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَآ إِلَّا بِٱلۡحَقِّ وَأَجَلٖ مُّسَمّٗىۚ وَٱلَّذِينَ كَفَرُواْ عَمَّآ أُنذِرُواْ مُعۡرِضُونَ ۝٣
قُلۡ أَرَءَيۡتُم مَّا تَدۡعُونَ مِن دُونِ ٱللَّهِ أَرُونِي مَاذَا خَلَقُواْ مِنَ ٱلۡأَرۡضِ أَمۡ لَهُمۡ شِرۡكٞ فِي ٱلسَّمَٰوَٰتِۖ ٱئۡتُونِي بِكِتَٰبٖ مِّن قَبۡلِ هَٰذَآ أَوۡ أَثَٰرَةٖ مِّنۡ عِلۡمٍ إِن كُنتُمۡ صَٰدِقِينَ ۝٤
5–7

അല്ലാഹുവിനെ വിട്ട്, ഖിയാമനാള്‍ വരെയും മറുപടിതരാത്ത ബിംബങ്ങള്‍ക്ക് ആരാധനകളര്‍പ്പിക്കുന്നവനെക്കാള്‍ ദുര്‍മാര്‍ഗിയായി മറ്റാരുണ്ട്?! അവയാകട്ടെ ഇവരുടെ ആരാധനയെക്കുറിച്ച് അജ്ഞരാണുതാനും. മാലോകര്‍ സംഗമിപ്പിക്കപ്പെടുമ്പോള്‍ അവ ഈ ആരാധകരുടെ ശത്രുക്കളും ഇവരുടെ ആരാധനയുടെ നിഷേധികളുമായിത്തീരുന്നതാണ്. നമ്മുടെ സൂക്തങ്ങള്‍ സ്പഷ്ടമാം വിധം പാരായണം ചെയ്യപ്പെടുകയാണെങ്കില്‍-സത്യം വന്നെത്തുമ്പോള്‍-'ഇത് വ്യക്തമായ ആഭിചാരമാണ്' എന്ന് നിഷേധികള്‍ ജല്‍പിക്കുന്നതാണ്. അതല്ല, നബി ഈ ഖുര്‍ആന്‍ കെട്ടിച്ചമച്ചു എന്നാണോ അവര്‍ തട്ടിവിടുന്നത്? താങ്കള്‍ പ്രതികരിക്കുക: ഞാനത് സ്വയം നിര്‍മിച്ചുണ്ടാക്കിയതാണെങ്കില്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് എനിക്ക് സുരക്ഷയേകാന്‍ ഒട്ടുമേ നിങ്ങള്‍ക്കാവില്ല. അതു സംബന്ധിച്ച് നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നതൊക്കെയും അവന്നു നന്നായറിയാം. എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അവന്‍ തന്നെ ധാരാളം!3
ഏറെ മാപ്പരുളുന്നവനും കരുണാമയനുമാണവന്‍.

1 വിശദീകരണം കാണുക

3. വിശുദ്ധ ഖുര്‍ആനെക്കുറിച്ച് നിഷേധികള്‍ തട്ടിവിട്ടിരുന്ന വാദഗതികളൊക്കെയും നിശ്ശേഷം നിരര്‍ത്ഥകമായിരുന്നു. മാത്രമല്ല, അതൊക്കെ മൗഢ്യമാണെന്നു അവര്‍ക്കുതന്നെ നന്നായറിയുകയും ചെയ്യും. ഞാന്‍ സ്വയം നിര്‍മിച്ചുണ്ടാക്കി അല്ലാഹുവിന്റെ മേല്‍ വെച്ചുകെട്ടുന്നതാണിതെങ്കില്‍ അവന്‍ എന്നെ കഠിനശിക്ഷക്കു വിധേയനാക്കുമെന്നാണ് നബി(സ്വ) വ്യക്തമാക്കുന്നത്. 69:44-47 കാണുക.

وَمَنۡ أَضَلُّ مِمَّن يَدۡعُواْ مِن دُونِ ٱللَّهِ مَن لَّا يَسۡتَجِيبُ لَهُۥٓ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ وَهُمۡ عَن دُعَآئِهِمۡ غَٰفِلُونَ ۝٥
وَإِذَا حُشِرَ ٱلنَّاسُ كَانُواْ لَهُمۡ أَعۡدَآءٗ وَكَانُواْ بِعِبَادَتِهِمۡ كَٰفِرِينَ ۝٦
وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُنَا بَيِّنَٰتٖ قَالَ ٱلَّذِينَ كَفَرُواْ لِلۡحَقِّ لَمَّا جَآءَهُمۡ هَٰذَا سِحۡرٞ مُّبِينٌ ۝٧
8–10

നബീ, പ്രഖ്യാപിക്കുക: ദൈവദൂതന്മാരില്‍ പ്രഥമാഗതനൊന്നുമല്ല ഞാന്‍; എന്നെയും നിങ്ങളെയും കൊണ്ട് ഏതു രീതിയനുവര്‍ത്തിക്കപ്പെടുമെന്ന് എനിക്കറിയുകയുമില്ല. ഞാന്‍ പിന്തുടരുന്നത് എനിക്കു ലഭിക്കുന്ന ദിവ്യസന്ദേശങ്ങള്‍ മാത്രമാണ്. സ്പഷ്ടമായ ഒരു താക്കീതുകാരനല്ലാതെ മറ്റാരുമല്ല ഞാന്‍. നബീ, ചോദിക്കുക: ഇതു അല്ലാഹുവിങ്കല്‍ നിന്നുള്ളതാവുകയും നിങ്ങളിത് നിഷേധിക്കുകയും ഇസ്രയേല്യരില്‍ നിന്നൊരാള്‍ ഇതിന്റെ സാധുതയ്ക്കു സാക്ഷിയാവുകയും ഇതില്‍ വിശ്വാസമര്‍പിക്കുകയും.4
നിങ്ങള്‍ അഹന്തനടിക്കുകയുമാണ് സംഭവിക്കുന്നതെങ്കില്‍ എന്തൊരു ദുര്യോഗമാണത്! അതിക്രമകാരികള്‍ക്ക് അല്ലാഹു നേര്‍വഴി കാട്ടുകയേ ചെയ്യില്ല.

1 വിശദീകരണം കാണുക

4. ജൂതപണ്ഡിത പ്രമുഖനായിരുന്ന അബ്ദുല്ലാഹിബ്‌നുസലാം ഇസ്‌ലാം അംഗീകരിച്ചതാണിവിടെ സൂചിപ്പിക്കുന്നത്; സൂക്താവതരണ കാരണവും അതുതന്നെ. നീ സ്വര്‍ഗാവകാശിയാണ് എന്നു നബി(സ്വ) ശുഭവാര്‍ത്ത നല്‍കിയ ജീവിച്ചിരിക്കുന്ന ഒരേയൊരു വ്യക്തി അദ്ദേഹമാണ് (ബുഖാരി, മുസ്‌ലിം). തിരുനബി(സ്വ) മദീനയിലെത്തിയ ഉടനെയായിരുന്നു തന്റെ ഇസ്‌ലാം ആശ്ലേഷണം.

أَمۡ يَقُولُونَ ٱفۡتَرَىٰهُۖ قُلۡ إِنِ ٱفۡتَرَيۡتُهُۥ فَلَا تَمۡلِكُونَ لِي مِنَ ٱللَّهِ شَيۡـًٔاۖ هُوَ أَعۡلَمُ بِمَا تُفِيضُونَ فِيهِۚ كَفَىٰ بِهِۦ شَهِيدَۢا بَيۡنِي وَبَيۡنَكُمۡۖ وَهُوَ ٱلۡغَفُورُ ٱلرَّحِيمُ ۝٨
قُلۡ مَا كُنتُ بِدۡعٗا مِّنَ ٱلرُّسُلِ وَمَآ أَدۡرِي مَا يُفۡعَلُ بِي وَلَا بِكُمۡۖ إِنۡ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَيَّ وَمَآ أَنَا۠ إِلَّا نَذِيرٞ مُّبِينٞ ۝٩
قُلۡ أَرَءَيۡتُمۡ إِن كَانَ مِنۡ عِندِ ٱللَّهِ وَكَفَرۡتُم بِهِۦ وَشَهِدَ شَاهِدٞ مِّنۢ بَنِيٓ إِسۡرَٰٓءِيلَ عَلَىٰ مِثۡلِهِۦ فَـَٔامَنَ وَٱسۡتَكۡبَرۡتُمۡۚ إِنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلظَّٰلِمِينَ ۝١٠
11–12

സത്യവിശ്വാസം വരിച്ചവരെക്കുറിച്ച് നിഷേധികള്‍ തട്ടിവിട്ടു: 'ഇതൊരു ഉദാത്തദര്‍ശനമായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്കു മുമ്പേ ഇവരിത് പ്രാപിക്കുമായിരുന്നില്ല!'5
ഇതുവഴി അവര്‍ക്കു സന്മാര്‍ഗപ്രാപ്തി ലഭിച്ചിട്ടില്ലാത്തതിനാല്‍ 'ഇതൊരു പഴഞ്ചന്‍ വ്യാജമാണ്' എന്ന് അവര്‍ ജല്‍പിക്കുന്നതാണ്. മാര്‍ഗദര്‍ശകവും കാരുണ്യവുമായി നേരത്തെ മൂസാ നബിയുടെ തൗറാത്ത് അവതരിച്ചിട്ടുണ്ട്. അതിനെ ശരിവെക്കുന്ന അറബിഭാഷാ വേദമാണിത് -അതിക്രമികള്‍ക്ക് മുന്നറിയിപ്പും സദ്‌വൃത്തര്‍ക്ക് ശുഭവൃത്താന്തവും നല്‍കാന്‍.

1 വിശദീകരണം കാണുക

5. ആദ്യമാദ്യം ഇസ്‌ലാം സ്വീകരിച്ചവരില്‍ മിക്കവരും പാവങ്ങളും സാധാരണക്കാരുമായിരുന്നു. ആഢ്യത്വവും അഹങ്കാരവുമായി സമ്പന്നന്മാരും നേതാക്കളും മാറിനിന്നു. അവരാണ് ഈ അഭിപ്രായം കാച്ചിവിടുന്നത്: 'ഇസ്‌ലാം ശ്രേഷ്ഠവും ഉത്തമവുമായ ദര്‍ശനമാണെങ്കില്‍ ശ്രേഷ്ഠരും ഉത്തമരുമായ ഞങ്ങളാണല്ലോ അതില്‍ അണിനിരക്കേണ്ടത്.' ഇതുതന്നെയാണ് മുരത്ത അഹംഭാവം! അവര്‍ കടന്നുവരാത്തതുകൊണ്ടു മാത്രം ഉദാത്തമല്ലാതാകുമോ ഇസ്‌ലാമും ഖുര്‍ആനും?

وَقَالَ ٱلَّذِينَ كَفَرُواْ لِلَّذِينَ ءَامَنُواْ لَوۡ كَانَ خَيۡرٗا مَّا سَبَقُونَآ إِلَيۡهِۚ وَإِذۡ لَمۡ يَهۡتَدُواْ بِهِۦ فَسَيَقُولُونَ هَٰذَآ إِفۡكٞ قَدِيمٞ ۝١١
وَمِن قَبۡلِهِۦ كِتَٰبُ مُوسَىٰٓ إِمَامٗا وَرَحۡمَةٗۚ وَهَٰذَا كِتَٰبٞ مُّصَدِّقٞ لِّسَانًا عَرَبِيّٗا لِّيُنذِرَ ٱلَّذِينَ ظَلَمُواْ وَبُشۡرَىٰ لِلۡمُحۡسِنِينَ ۝١٢
13–14

ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുകയും ശേഷം ഋജുവായി നിലകൊള്ളുകയും ചെയ്തവര്‍ക്ക് ഒട്ടുമേ ഭയപ്പാട് വേണ്ട; അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. സ്വര്‍ഗക്കാരാണവര്‍. തങ്ങളനുവര്‍ത്തിച്ചിരുന്ന സുകൃതങ്ങള്‍ക്കു പ്രതിഫലമായി അവരതില്‍ ശാശ്വതവാസികളായിരിക്കും.

إِنَّ ٱلَّذِينَ قَالُواْ رَبُّنَا ٱللَّهُ ثُمَّ ٱسۡتَقَٰمُواْ فَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ ۝١٣
أُوْلَٰٓئِكَ أَصۡحَٰبُ ٱلۡجَنَّةِ خَٰلِدِينَ فِيهَا جَزَآءَۢ بِمَا كَانُواْ يَعۡمَلُونَ ۝١٤
15–16

മാതാപിതാക്കളോട് ഉദാത്തസമീപനം പുലര്‍ത്തണമെന്ന് മനുഷ്യനോട് നാം കല്‍പിച്ചു. പ്രയാസങ്ങള്‍ സഹിച്ചുകൊണ്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നതും പ്രസവിച്ചതും. അവന്റെ ഗര്‍ഭധാരണവും മുലയൂട്ടല്‍ വിരാമവും മുപ്പതു മാസമാണ്.6
അങ്ങനെ പൂര്‍ണ യൗവനത്തിലെത്തി നാല്‍പത് വയസ്സായാല്‍ അവന്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കും: 'എന്റെ നാഥാ, എനിക്കും മാതാപിതാക്കള്‍ക്കും നീ വര്‍ഷിച്ച അനുഗ്രഹങ്ങള്‍ക്ക് കൃതജ്ഞതപ്രകാശിപ്പിക്കാനും നീ ഇഷ്ടപ്പെടുന്ന സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കാനും എനിക്ക് പ്രചോദനം നല്‍കുകയും എന്റെ മക്കളില്‍ നന്മ വരുത്തുകയും ചെയ്യേണമേ. നിന്നിലേക്കു ഞാന്‍ പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു. നിനക്കു കീഴ്‌പെടുന്നവരില്‍ പെട്ടവനാണു ഞാന്‍.' അവരുടെ ഉദാത്ത കര്‍മങ്ങള്‍ നാം സ്വീകരിക്കുന്നതും ദുഷ്‌കര്‍മങ്ങള്‍ വിട്ടുവീഴ്ച ചെയ്യുന്നതുമാണ്. സ്വര്‍ഗക്കാരിലായിരിക്കും അവര്‍. അവരോടു ചെയ്യപ്പെട്ടിരുന്ന സത്യസന്ധവാഗ്ദാനമാണത്.7

2 വിശദീകരണങ്ങൾ കാണുക

6. ഓരോ മനുഷ്യന്റെയും സംരക്ഷണത്തിലും സംസ്‌കരണത്തിലും വ്യക്തിത്വനിര്‍മിതിയിലും അവന്റെ മാതാപിതാക്കള്‍ക്കുള്ള അതിപ്രധാന പങ്കു സൂചിപ്പിച്ചുകൊണ്ട് അവരോട് ഏറ്റം ആദരണീയവും മാന്യവും ശ്രേഷ്ഠവുമായ സമീപനരീതികള്‍ വെച്ചുപുലര്‍ത്തണമെന്നു താല്‍പര്യം. തുടര്‍ന്ന് ഉല്‍കൃഷ്ടനും അപകൃഷ്ടനുമായ ഓരോ വ്യക്തിയെ ഉപമയായി അവതരിപ്പിക്കയാണ്.

7. മാതാപിതാക്കളിലേക്കും സന്തതികളിലേക്കും ഇഴചേര്‍ന്നു നില്‍ക്കുന്ന ജീവിതമായിരിക്കും ഉല്‍കൃഷ്ടന്മാരുടേത്. ആദം നബി(അ) മുതല്‍ അന്തിമമനുഷ്യന്‍ വരെ ഗാഢമായി ഇഴകള്‍ ചേര്‍ന്ന ശൃംഖല. ഓരോ വ്യക്തിയും ഇങ്ങനെയായാല്‍ എത്രമാത്രം പവിത്രമായിരിക്കും മനുഷ്യകുലമെന്ന് ഒന്നാലോചിച്ചു നോക്കൂ.

وَوَصَّيۡنَا ٱلۡإِنسَٰنَ بِوَٰلِدَيۡهِ إِحۡسَٰنًاۖ حَمَلَتۡهُ أُمُّهُۥ كُرۡهٗا وَوَضَعَتۡهُ كُرۡهٗاۖ وَحَمۡلُهُۥ وَفِصَٰلُهُۥ ثَلَٰثُونَ شَهۡرًاۚ حَتَّىٰٓ إِذَا بَلَغَ أَشُدَّهُۥ وَبَلَغَ أَرۡبَعِينَ سَنَةٗ قَالَ رَبِّ أَوۡزِعۡنِيٓ أَنۡ أَشۡكُرَ نِعۡمَتَكَ ٱلَّتِيٓ أَنۡعَمۡتَ عَلَيَّ وَعَلَىٰ وَٰلِدَيَّ وَأَنۡ أَعۡمَلَ صَٰلِحٗا تَرۡضَىٰهُ وَأَصۡلِحۡ لِي فِي ذُرِّيَّتِيٓۖ إِنِّي تُبۡتُ إِلَيۡكَ وَإِنِّي مِنَ ٱلۡمُسۡلِمِينَ ۝١٥
أُوْلَٰٓئِكَ ٱلَّذِينَ نَتَقَبَّلُ عَنۡهُمۡ أَحۡسَنَ مَا عَمِلُواْ وَنَتَجَاوَزُ عَن سَيِّـَٔاتِهِمۡ فِيٓ أَصۡحَٰبِ ٱلۡجَنَّةِۖ وَعۡدَ ٱلصِّدۡقِ ٱلَّذِي كَانُواْ يُوعَدُونَ ۝١٦
17–19

'നിങ്ങളിരുവരുടെയും നിലപാട് മഹാകഷ്ടം തന്നെ;-എനിക്കു മുമ്പ് പല തലമുറകള്‍ കഴിഞ്ഞുപോയിരിക്കെ- ഞാന്‍ പുനര്‍ ജീവിപ്പിക്കപ്പെടുമെന്ന് ഭീഷണിപ്പെടുത്തുകയാണോ നിങ്ങള്‍?' എന്ന് മാതാപിതാക്കളോടു പറയുന്നവന്‍ എത്ര നിര്‍ഭാഗ്യന്‍!8
അവര്‍ അല്ലാഹുവോട് സഹായമര്‍ത്ഥിച്ചു: 'നിനക്ക് നാശം, നീ സത്യവിശ്വാസം വരിക്കൂ, അല്ലാഹുവിന്റെ വാഗ്ദാനം സത്യം തന്നെയത്രേ.' അവന്‍ പ്രതികരിക്കും: 'ആദിമന്മാരുടെ ഇതിഹാസങ്ങളാണിതെല്ലാം!' ജിന്നുകളിലും മനുഷ്യരിലും നിന്നുള്ള പൂര്‍വികരുടെ ഗണത്തിലായി ഇക്കൂട്ടര്‍ക്ക് ശിക്ഷാവചനം സ്ഥിരീകൃതമായിരിക്കുന്നു. ഓരോരുത്തര്‍ക്കും അവരവരുടെ അനുഷ്ഠാനാനുസൃത പദവികളാണുണ്ടാവുക. അവരുടെ കര്‍മഫലം പൂര്‍ത്തീകരിച്ചു നല്‍കാനാണത്. ഒരുവിധ അതിക്രമവും അവരോടനുവര്‍ത്തിക്കപ്പെടുന്നതല്ല.9

2 വിശദീകരണങ്ങൾ കാണുക

8. നിര്‍ഭാഗ്യനും പരാജിതനുമായ നിഷേധിയുടെ ഉപമയാണിത്. എനിക്കു മുമ്പ് പരകോടി ജനങ്ങള്‍ മരിച്ചുപോയിട്ടുണ്ട്; ഒരാള്‍ പോലും പുനര്‍ജനിച്ചു വന്നിട്ടില്ലല്ലോ എന്നാണ് മാതാപിതാക്കളോടും സത്യപ്രബോധകരോടും അവര്‍ ജല്‍പിക്കുക.

9. സത്യത്തിന്റെ സന്ദേശം എത്തിച്ചുകൊടുക്കുക എന്ന കാര്യം അല്ലാഹു നിര്‍വഹിച്ചിട്ടുണ്ട്. ഇനി, ഓരോരുത്തര്‍ക്കും അവനവന്റെ കര്‍മങ്ങള്‍ക്കനുസരിച്ചുള്ള പ്രതിഫലവും പദവികളും പരലോകത്ത് നല്‍കപ്പെടും.

وَٱلَّذِي قَالَ لِوَٰلِدَيۡهِ أُفّٖ لَّكُمَآ أَتَعِدَانِنِيٓ أَنۡ أُخۡرَجَ وَقَدۡ خَلَتِ ٱلۡقُرُونُ مِن قَبۡلِي وَهُمَا يَسۡتَغِيثَانِ ٱللَّهَ وَيۡلَكَ ءَامِنۡ إِنَّ وَعۡدَ ٱللَّهِ حَقّٞ فَيَقُولُ مَا هَٰذَآ إِلَّآ أَسَٰطِيرُ ٱلۡأَوَّلِينَ ۝١٧
أُوْلَٰٓئِكَ ٱلَّذِينَ حَقَّ عَلَيۡهِمُ ٱلۡقَوۡلُ فِيٓ أُمَمٖ قَدۡ خَلَتۡ مِن قَبۡلِهِم مِّنَ ٱلۡجِنِّ وَٱلۡإِنسِۖ إِنَّهُمۡ كَانُواْ خَٰسِرِينَ ۝١٨
وَلِكُلّٖ دَرَجَٰتٞ مِّمَّا عَمِلُواْۖ وَلِيُوَفِّيَهُمۡ أَعۡمَٰلَهُمۡ وَهُمۡ لَا يُظۡلَمُونَ ۝١٩
20

സത്യനിഷേധികള്‍ നരകത്തിനു മുമ്പാകെ വെളിപ്പെടുത്തപ്പെടുന്ന നാള്‍ അവരോട് ബോധിപ്പിക്കപ്പെടും: നിങ്ങളുടെ വിശിഷ്ട വിഭവങ്ങള്‍ ഐഹിക ജീവിതത്തില്‍ നിങ്ങള്‍ തുലച്ചു കളയുകയും അവകൊണ്ട് സുഖാസ്വാദനങ്ങളനുഭവിക്കുകയുമുണ്ടായി. അതുകൊണ്ട്, അന്യായമായി ഭൂമിയില്‍ അഹന്ത നടിച്ചിരുന്നതിന്റെയും അധര്‍മം പ്രവര്‍ത്തിച്ചിരുന്നതിന്റെയും കാരണമായി ഇന്നു നിങ്ങള്‍ക്ക് ഹീനശിക്ഷ നല്‍കപ്പെടുകയാകുന്നു!10

1 വിശദീകരണം കാണുക

10. അല്ലാഹു അധീനപ്പെടുത്തിത്തന്ന സുഖസൗകര്യങ്ങളും മറ്റനുഗ്രഹങ്ങളും അവന്റെ സ്മരണയിലും പാരത്രിക നേട്ടങ്ങള്‍ക്കും വേണ്ടിയായിരുന്നു വിനിയോഗിക്കേണ്ടത്. അങ്ങനെയല്ലാതെ സുഖിച്ചു മദിച്ചു കൂത്താടി വിഭവങ്ങളും അനുഗ്രഹങ്ങളും തുലച്ചുകളയുകയാണ് പലരും. അത്തരക്കാര്‍ക്കൊക്കെ താക്കീതാണിത്.

وَيَوۡمَ يُعۡرَضُ ٱلَّذِينَ كَفَرُواْ عَلَى ٱلنَّارِ أَذۡهَبۡتُمۡ طَيِّبَٰتِكُمۡ فِي حَيَاتِكُمُ ٱلدُّنۡيَا وَٱسۡتَمۡتَعۡتُم بِهَا فَٱلۡيَوۡمَ تُجۡزَوۡنَ عَذَابَ ٱلۡهُونِ بِمَا كُنتُمۡ تَسۡتَكۡبِرُونَ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّ وَبِمَا كُنتُمۡ تَفۡسُقُونَ ۝٢٠
21–25

ആദ് ഗോത്രത്തിന്റെയാളായ ഹൂദ് നബിയെ അനുസ്മരിക്കുക-അഹ്ഖാഫിലുള്ള തന്റെ ജനതതിക്ക് അദ്ദേഹം മുന്നറിയിപ്പു കൊടുത്ത നേരം-തന്റെ മുമ്പും ശേഷവും താക്കീതുകാര്‍ ഉണ്ടായിട്ടുമുണ്ട്-: 'അല്ലാഹുവിനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്; ഭീഷണമായൊരു നാളിലെ ശിക്ഷ നിങ്ങള്‍ക്ക് വരുമെന്ന് ഞാന്‍ ഭയപ്പെടുകയാണ്!' അവര്‍ പ്രതികരിച്ചു: സ്വദൈവങ്ങളില്‍ നിന്നു ഞങ്ങളെ തിരിച്ചു വിടാനാണോ നിന്റെ ഈ വരവ്? എന്നാല്‍, സത്യവാദിയാണെങ്കില്‍ ആ വാഗ്ദത്തശിക്ഷ നീ ഇങ്ങു കൊണ്ടുവാ! അദ്ദേഹം മറുപടി നല്‍കി: 'അല്ലാഹുവിങ്കലേ അതുസംബന്ധിച്ച വിവരമുള്ളു. ഞാന്‍ നിയുക്തനായ ദൗത്യം നിങ്ങള്‍ക്ക്എത്തിച്ചുതരിക മാത്രമാണ് എന്റെ പ്രവൃത്തി. പക്ഷേ, അവിവേകികളായാണ് നിങ്ങളെ ഞാന്‍ കാണുന്നത്.' അങ്ങനെ ശിക്ഷ തങ്ങളുടെ താഴ്‌വരകള്‍ക്കഭിമുഖമായി മേഘരൂപത്തില്‍ ദൃശ്യമായപ്പോള്‍ 'ഇത് നമുക്ക് പേമാരി വര്‍ഷിക്കുന്ന മഴക്കാറാണ്' എന്ന് അവര്‍ കളിയാക്കി.11
'അല്ല, ഏതൊന്നിന്നു നിങ്ങള്‍ തത്രപ്പെട്ടിരുന്നുവോ അതാണിത്- വേദനയുറ്റ ശിക്ഷയുള്‍ക്കൊള്ളുന്നതും തന്റെ നാഥന്റെ ഉത്തരവനുസരിച്ച് സര്‍വത്തെയും ഉന്മൂലനം ചെയ്യുന്നതുമായ കൊടുങ്കാറ്റ്!' അങ്ങനെ തങ്ങളുടെ ആവാസഗേഹങ്ങളല്ലാതെ മറ്റൊന്നും ദൃശ്യമാകാത്ത വിധം അവരായി. അധര്‍മകാരികള്‍ക്ക് ഇങ്ങനെയാണ് നാം പ്രതിഫലം നല്‍കുക.

1 വിശദീകരണം കാണുക

11. ഹൂദ് നബി(അ)യുടെയും ആദ് ഗോത്രത്തിന്റെയും കഥയും ദുര്യോഗവും ഉന്മൂലന വിവരവും പലേടത്തും പറഞ്ഞിട്ടുണ്ട്. അതിശക്തന്മാരും ഉയര്‍ന്ന കെട്ടിടങ്ങള്‍ പണിതിരുന്നവരുമായ അവര്‍ ശിക്ഷ വഹിച്ചുള്ള മേഘം വന്ന അന്ത്യഘട്ടത്തില്‍ പോലും നിഷേധവും ധിക്കാരവും പരിഹാസവും കൈവിട്ടില്ല. ഫലമോ? നിശ്ശേഷം ഉന്മൂലനം ചെയ്യപ്പെട്ടു. 26:123-139, 41:13-16 നോക്കുക.

۞ وَٱذۡكُرۡ أَخَا عَادٍ إِذۡ أَنذَرَ قَوۡمَهُۥ بِٱلۡأَحۡقَافِ وَقَدۡ خَلَتِ ٱلنُّذُرُ مِنۢ بَيۡنِ يَدَيۡهِ وَمِنۡ خَلۡفِهِۦٓ أَلَّا تَعۡبُدُوٓاْ إِلَّا ٱللَّهَ إِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٍ عَظِيمٖ ۝٢١
قَالُوٓاْ أَجِئۡتَنَا لِتَأۡفِكَنَا عَنۡ ءَالِهَتِنَا فَأۡتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّٰدِقِينَ ۝٢٢
قَالَ إِنَّمَا ٱلۡعِلۡمُ عِندَ ٱللَّهِ وَأُبَلِّغُكُم مَّآ أُرۡسِلۡتُ بِهِۦ وَلَٰكِنِّيٓ أَرَىٰكُمۡ قَوۡمٗا تَجۡهَلُونَ ۝٢٣
فَلَمَّا رَأَوۡهُ عَارِضٗا مُّسۡتَقۡبِلَ أَوۡدِيَتِهِمۡ قَالُواْ هَٰذَا عَارِضٞ مُّمۡطِرُنَاۚ بَلۡ هُوَ مَا ٱسۡتَعۡجَلۡتُم بِهِۦۖ رِيحٞ فِيهَا عَذَابٌ أَلِيمٞ ۝٢٤
تُدَمِّرُ كُلَّ شَيۡءِۭ بِأَمۡرِ رَبِّهَا فَأَصۡبَحُواْ لَا يُرَىٰٓ إِلَّا مَسَٰكِنُهُمۡۚ كَذَٰلِكَ نَجۡزِي ٱلۡقَوۡمَ ٱلۡمُجۡرِمِينَ ۝٢٥
26–28

നാം നിങ്ങള്‍ക്കു തരാത്ത പല സൗകര്യങ്ങളും അവര്‍ക്കു കൊടുക്കുകയും കേള്‍വിയും കാഴ്ചയും ഹൃദയവും കനിഞ്ഞേകുകയും ചെയ്തിരുന്നു. എന്നിട്ട്, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ടിരുന്നതിനാല്‍ ആ കേള്‍വിയും കാഴ്ചയും ഹൃദയവുമൊന്നും അവര്‍ക്കു യാതൊരു ഉപകാരവും ചെയ്തില്ല.12
ഏതൊരു ദൈവിക ശിക്ഷയെ പരിഹാസപാത്രമാക്കിയിരുന്നുവോ അത് അവരെ ആവരണം ചെയ്കയുമുണ്ടായി. നിങ്ങള്‍ക്ക് ചുറ്റുമുള്ള ചില നാടുകളും നാം സംഹരിച്ചിട്ടുണ്ട്. അന്നാട്ടുകാര്‍ സത്യത്തിലേക്ക് മടങ്ങാനായി പലതരം ദൃഷ്ടാന്തങ്ങളും നാം പ്രതിപാദിച്ചുകൊടുത്തിരുന്നു. എന്നിട്ട്, അല്ലാഹുവിന്റെ സാമീപ്യലബ്ധിക്കായി അവനെ വിട്ട് അവര്‍ വരിച്ചിരുന്ന ദൈവങ്ങള്‍ എന്തുകൊണ്ട് അവരെ സഹായിച്ചില്ല?! പ്രത്യുത, അവര്‍ അപ്രത്യക്ഷരാവുകയാണുണ്ടായത്. ആ ബഹുദൈവത്വം അവരുടെ വ്യാജസൃഷ്ടിയും സ്വയംനിര്‍മിതിയുമായിരുന്നു.13

2 വിശദീകരണങ്ങൾ കാണുക

12. ധിക്കാരവും ദൈവനിഷേധവും സ്ഥിരശൈലിയാക്കി അല്ലാഹുവിന്റെ ഉന്മൂലനത്തിന്നു വിധേയമായ സര്‍വജനപഥങ്ങളും വിവക്ഷിതമാണിവിടെ. വിശേഷബുദ്ധിയും അമ്പിയാമുര്‍സലുകളും അനുകൂലമായ ഭൗതികചുറ്റുപാടുകളുമൊക്കെ ലഭ്യമായിട്ടും സന്മാര്‍ഗത്തില്‍ നിന്ന് അവര്‍ പരാങ്മുഖഭാവം നടിച്ചു. സത്യം കാണുകയോ ദൈവിക സൂക്തങ്ങള്‍ കേള്‍ക്കുകയോ വസ്തുതകള്‍ ചിന്തിച്ചുഗ്രഹിക്കുകയോ ചെയ്തില്ല.

13. ആദിന്റെ നാടായ അഹ്ഖാഫ്, സമൂദ് ഗോത്രത്തിന്റെ പ്രദേശം, ലൂഥ് നബി(അ)യുടെ നാടായ സദൂം തുടങ്ങിയവയൊക്കെ മക്കക്കാരുടെ പരിസര നാടുകളാണ്. അത്തരം സംഹൃതദേശങ്ങളാണ് ഉദ്ദേശ്യം. അന്നാട്ടുകാരുടെ ബഹുദൈവങ്ങളൊന്നും അവരെ ദുരന്തത്തില്‍ നിന്ന് രക്ഷിക്കാന്‍ വന്നെത്തിയിരുന്നില്ലല്ലോ.

وَلَقَدۡ مَكَّنَّٰهُمۡ فِيمَآ إِن مَّكَّنَّٰكُمۡ فِيهِ وَجَعَلۡنَا لَهُمۡ سَمۡعٗا وَأَبۡصَٰرٗا وَأَفۡـِٔدَةٗ فَمَآ أَغۡنَىٰ عَنۡهُمۡ سَمۡعُهُمۡ وَلَآ أَبۡصَٰرُهُمۡ وَلَآ أَفۡـِٔدَتُهُم مِّن شَيۡءٍ إِذۡ كَانُواْ يَجۡحَدُونَ بِـَٔايَٰتِ ٱللَّهِ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ ۝٢٦
وَلَقَدۡ أَهۡلَكۡنَا مَا حَوۡلَكُم مِّنَ ٱلۡقُرَىٰ وَصَرَّفۡنَا ٱلۡأٓيَٰتِ لَعَلَّهُمۡ يَرۡجِعُونَ ۝٢٧
فَلَوۡلَا نَصَرَهُمُ ٱلَّذِينَ ٱتَّخَذُواْ مِن دُونِ ٱللَّهِ قُرۡبَانًا ءَالِهَةَۢۖ بَلۡ ضَلُّواْ عَنۡهُمۡۚ وَذَٰلِكَ إِفۡكُهُمۡ وَمَا كَانُواْ يَفۡتَرُونَ ۝٢٨
29–32

ഒരുകൂട്ടം ജിന്നുകളെ ഖുര്‍ആന്‍ ശ്രവിക്കാനായി നാം താങ്കളുടെയടുത്തേക്കയച്ച സന്ദര്‍ഭം സ്മരണീയമത്രേ.14
അവിടെ ഹാജറായപ്പോള്‍ 'സാകൂതം ശ്രവിക്കൂ' എന്ന് അവര്‍ പരസ്പരം പറഞ്ഞു. അതു സമാപിച്ചപ്പോള്‍ തങ്ങളുടെ സമൂഹത്തിലേക്ക് മുന്നറിയിപ്പുകാരായി അവര്‍ മടങ്ങിപ്പോയി. അവര്‍ ഉദ്‌ബോധിപ്പിച്ചു: ഞങ്ങളുടെ സമുദായമേ, മൂസാനബിക്കു ശേഷം അവതീര്‍ണമായതും അതിനുമുമ്പുള്ളതിനെ ശരിവെക്കുന്നതുമായ ഒരുവേദം ഞങ്ങള്‍ ശ്രവിക്കയുണ്ടായി. സത്യത്തിലേക്കും നേര്‍മാര്‍ഗത്തിലേക്കുമാണത് വഴികാട്ടുന്നത്. ഞങ്ങളുടെ സമുദായമേ, അല്ലാഹുവിങ്കലേക്കു ക്ഷണിക്കുന്ന മുഹമ്മദ് നബിക്ക് നിങ്ങള്‍ ഉത്തരം ചെയ്യുകയും അവിടത്തെ വിശ്വസിക്കുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് പാപങ്ങള്‍ പൊറുക്കുകയും വേദനയുറ്റ ശിക്ഷയില്‍ നിന്ന് സുരക്ഷയേകുകയും ചെയ്യും. പ്രത്യുത, അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുന്നയാള്‍ക്ക് ഒരാള്‍ മറുപടി നല്‍കുന്നില്ലെങ്കില്‍, അവന്ന് ഈ ഭൂമിയില്‍ അല്ലാഹുവിനെ പരാജയപ്പെടുത്താനാവില്ല; അവനല്ലാതെ രക്ഷാധികാരിയുണ്ടാവുകയുമില്ല. സ്പഷ്ടമായ ദുര്‍മാര്‍ഗത്തിലായിരിക്കും അവര്‍.15

2 വിശദീകരണങ്ങൾ കാണുക

14. ധാരാളം ഹദീസുകളും വിവിധ മുഫസ്സിറുകളുടെ വ്യത്യസ്ത വിശകലനങ്ങളും പരിശോധിച്ചാല്‍ പല സന്ദര്‍ഭങ്ങളിലും നബി(സ്വ)യുടെയടുത്ത് ജിന്നുകള്‍ വരികയും ഖുര്‍ആന്‍ ഗ്രഹിക്കുകയും ചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കാം. ഇവിടെ പറയുന്ന സംഭവം തിരുമേനി(സ്വ) ബഥ്‌നുനഖ്‌ലയില്‍ സ്വുബ്ഹ് നമസ്‌കാരത്തിനെത്തിയപ്പോഴായിരുന്നു (ബുഖാരി, മുസ്‌ലിം). നസ്വീബീന്‍ എന്ന സ്ഥലത്തു നിവസിച്ചിരുന്നവരാണ് ആ ജിന്നുകളെന്നും ചിലര്‍ വിശദീകരിച്ചിട്ടുണ്ട്.

15. ഈ ജിന്നുകള്‍ വിശുദ്ധ ഖുര്‍ആന്ന് അര്‍ഹമായ പ്രാധാന്യവും പരിഗണനയുമാണ് നല്‍കിയത്. നിശ്ശബ്ദമായി കേള്‍ക്കാനാണവര്‍ പരസ്പരം നിര്‍ദേശിക്കുന്നത്. മക്കക്കാരാകട്ടെ, ഒച്ചവെക്കാന്‍ പറയുകയായിരുന്നല്ലോ (41:26). മാത്രമല്ല, കേട്ടുകഴിഞ്ഞ് അതിലാകൃഷ്ടരായി, അതിന്റെ കൈമാറ്റത്തിന്റെയും പ്രബോധനത്തിന്റെയും അനിവാര്യത മനസ്സലാക്കി സ്വസമുദായത്തിലേക്ക് തിരിച്ചെത്തി അതിന്റെ അധ്യാപനം നിര്‍വഹിക്കയാണവര്‍ ചെയ്തത്.

وَإِذۡ صَرَفۡنَآ إِلَيۡكَ نَفَرٗا مِّنَ ٱلۡجِنِّ يَسۡتَمِعُونَ ٱلۡقُرۡءَانَ فَلَمَّا حَضَرُوهُ قَالُوٓاْ أَنصِتُواْۖ فَلَمَّا قُضِيَ وَلَّوۡاْ إِلَىٰ قَوۡمِهِم مُّنذِرِينَ ۝٢٩
قَالُواْ يَٰقَوۡمَنَآ إِنَّا سَمِعۡنَا كِتَٰبًا أُنزِلَ مِنۢ بَعۡدِ مُوسَىٰ مُصَدِّقٗا لِّمَا بَيۡنَ يَدَيۡهِ يَهۡدِيٓ إِلَى ٱلۡحَقِّ وَإِلَىٰ طَرِيقٖ مُّسۡتَقِيمٖ ۝٣٠
يَٰقَوۡمَنَآ أَجِيبُواْ دَاعِيَ ٱللَّهِ وَءَامِنُواْ بِهِۦ يَغۡفِرۡ لَكُم مِّن ذُنُوبِكُمۡ وَيُجِرۡكُم مِّنۡ عَذَابٍ أَلِيمٖ ۝٣١
وَمَن لَّا يُجِبۡ دَاعِيَ ٱللَّهِ فَلَيۡسَ بِمُعۡجِزٖ فِي ٱلۡأَرۡضِ وَلَيۡسَ لَهُۥ مِن دُونِهِۦٓ أَوۡلِيَآءُۚ أُوْلَٰٓئِكَ فِي ضَلَٰلٖ مُّبِينٍ ۝٣٢
33–35

ഭുവന-വാനങ്ങള്‍ സൃഷ്ടിക്കുകയും തദ്വാരാ പരവശനാകാതിരിക്കുകയും ചെയ്ത അല്ലാഹു മരിച്ചവരെ പുനര്‍ജനിപ്പിക്കാന്‍ കഴിവുറ്റവന്‍ തന്നെയാണെന്ന് നിഷേധികള്‍ക്ക് ഗ്രഹിച്ചുകൂടേ? അതെ, ഏതുകാര്യത്തിനും കഴിവുറ്റവന്‍ തന്നെയാണവന്‍, തീര്‍ച്ച. സത്യനിഷേധികള്‍ നരകത്തിനുമുമ്പാകെ വെളിപ്പെടുത്തപ്പെടുന്ന നാള്‍, ഈ ശിക്ഷ സത്യം തന്നെയല്ലേ എന്ന് ചോദിക്കപ്പെടും. 'ഉവ്വ്, ഞങ്ങളുടെ നാഥന്‍ തന്നെ ശപഥം' എന്ന് അവര്‍ മറുപടി നല്‍കും. 'ശരി, നിങ്ങള്‍ സത്യനിഷേധം വരിച്ചുകൊണ്ടിരുന്നതിന്‍ഫലമായി ഈ ശിക്ഷ ആസ്വദിച്ചോളൂ' എന്ന് അല്ലാഹു അരുളും.16
അതുകൊണ്ട്, നബീ, ദൃഢമാനസരായ ദൈവദൂതന്മാരെപ്പോലെ താങ്കളും ക്ഷമിക്കുക;17
നിഷേധികളുടെ കാര്യത്തില്‍ തത്രപ്പെടേണ്ട. മുന്നറിയിപ്പു നല്‍കപ്പെട്ട ശിക്ഷ കാണുന്നദിവസം, പകലിന്റെ ഒരല്‍പനേരമേ തങ്ങള്‍ ദുന്‍യാവില്‍ വസിച്ചിട്ടുള്ളു എന്ന് അവര്‍ക്ക് തോന്നും. ഈ ഖുര്‍ആന്‍ ഒരു ഉദ്‌ബോധനമത്രേ. അധര്‍മകാരികള്‍ മാത്രമല്ലേ ഉന്മൂലനത്തിനു വിധേയരാവുകയുള്ളു?18

3 വിശദീകരണങ്ങൾ കാണുക

16. അല്ലാഹുവിന്റെ മഹച്ഛക്തിയിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് പുനരുത്ഥാനത്തിലും സ്വര്‍ഗ-നരകങ്ങളിലുമൊക്കെ വിശ്വസിക്കാന്‍ വേണ്ടി ഹൃദയവും ചിന്താശേഷിയും തട്ടിയുണര്‍ത്തി നിഷേധികളെ വീണ്ടും ഉദ്‌ബോധിപ്പിക്കുകയാണ്. ഇനിയും നിലപാട് മാറ്റുന്നില്ലെങ്കില്‍ നരകം മാത്രമായിരിക്കും പരലോകത്തുണ്ടാവുക എന്നു താക്കീതു ചെയ്യുകയാണ്.

17. പ്രവാചകന്മാരൊക്കെ ദൃഢമനസ്‌കതയുള്ളവരായിരുന്നു. അങ്ങനെയാകുമ്പോഴേ ശത്രുക്കളുടെ നാനാമുഖ പ്രതിരോധങ്ങളിലും വെല്ലുവിളികളിലും പിടിച്ചുനില്‍ക്കാനാവുകയുള്ളുവല്ലോ. എന്നാല്‍ ദൈവദൂതരിലെ ഏറ്റംവലിയ ദൃഢമാനസരായ നൂഹ്, ഇബ്‌റാഹീം, മൂസാ, ഈസാ, മുഹമ്മദ്(സ്വ) എന്നീ അഞ്ചുപേര്‍ക്കാണ് സാങ്കേതികമായി 'ഉലുല്‍അസ്മ്' എന്ന് പ്രയോഗിച്ചുവരുന്നത്.

18. സുഗ്രാഹ്യമായ പ്രതിപാദനരീതിയും ബൗദ്ധികമായ തെളിവുകളുമായി അവതീര്‍ണമായ വിശുദ്ധ ഖുര്‍ആന്‍ മാനവതക്കുള്ള ഉദ്‌ബോധനവേദമാണ്. അതംഗീകരിക്കാത്തവര്‍ ശാശ്വതനാശത്തിനും പരാജയത്തിനും മാത്രം അര്‍ഹരായിരിക്കും.

أَوَلَمۡ يَرَوۡاْ أَنَّ ٱللَّهَ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَلَمۡ يَعۡيَ بِخَلۡقِهِنَّ بِقَٰدِرٍ عَلَىٰٓ أَن يُحۡـِۧيَ ٱلۡمَوۡتَىٰۚ بَلَىٰٓۚ إِنَّهُۥ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ۝٣٣
وَيَوۡمَ يُعۡرَضُ ٱلَّذِينَ كَفَرُواْ عَلَى ٱلنَّارِ أَلَيۡسَ هَٰذَا بِٱلۡحَقِّۖ قَالُواْ بَلَىٰ وَرَبِّنَاۚ قَالَ فَذُوقُواْ ٱلۡعَذَابَ بِمَا كُنتُمۡ تَكۡفُرُونَ ۝٣٤
فَٱصۡبِرۡ كَمَا صَبَرَ أُوْلُواْ ٱلۡعَزۡمِ مِنَ ٱلرُّسُلِ وَلَا تَسۡتَعۡجِل لَّهُمۡۚ كَأَنَّهُمۡ يَوۡمَ يَرَوۡنَ مَا يُوعَدُونَ لَمۡ يَلۡبَثُوٓاْ إِلَّا سَاعَةٗ مِّن نَّهَارِۭۚ بَلَٰغٞۚ فَهَلۡ يُهۡلَكُ إِلَّا ٱلۡقَوۡمُ ٱلۡفَٰسِقُونَ ۝٣٥