Sunday, 11 October 2026 Hijri: — 11:47:53 am
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

മുഹമ്മദ് محمد Muhammad

Surah 47 മദനിയ്യ • مدنية • Madaniyah 38 ആയത്തുകൾ • 38 Ayahs

സൂറത്ത് മുഹമ്മദ് (Muhammad), ഖുർആൻ അധ്യായം 47 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 38 ആയത്തുകൾ വായിക്കുക. Read Surah Muhammad with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–3

സത്യനിഷേധം വരിക്കുകയും തന്റെ വഴിയില്‍ നിന്ന് ആളുകളെ പ്രതിരോധിക്കുകയും ചെയ്തവരുടെ കര്‍മാനുഷ്ഠാനങ്ങളെ അല്ലാഹു വൃഥാവിലാക്കുന്നതാണ്. എന്നാല്‍ സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും മുഹമ്മദ് നബിക്കവതീര്‍ണമായതില്‍ -അവരുടെ നാഥങ്കല്‍ നിന്നുള്ള സത്യമത്രേ അത്-വിശ്വസിക്കുകയും ചെയ്തവരുടെ തിന്മകളവന്‍ മാപ്പാക്കുന്നതും അവസ്ഥ മെച്ചപ്പെടുത്തുന്നതുമാകുന്നു.1
നിഷേധികള്‍ വ്യാജവും വിശ്വാസികള്‍ തങ്ങളുടെ നാഥങ്കല്‍ നിന്നുള്ള സത്യവുമാണ് അനുധാവനം ചെയ്യുന്നത് എന്നതിനാലത്രേ അത്. ജനങ്ങള്‍ക്കുവേണ്ടി ഇങ്ങനെ അല്ലാഹു അവരുടെ ഉപമകള്‍ പ്രതിപാദിക്കുന്നു.2

2 വിശദീകരണങ്ങൾ കാണുക

1. രണ്ടാം സൂക്തത്തില്‍ വന്ന 'മുഹമ്മദ്' എന്ന പദമാണ് സൂറയുടെ നാമം. ധര്‍മസമരസംബന്ധമായ പരാമര്‍ശങ്ങളുള്ളതിനാല്‍ സൂറത്തുല്‍ഖിതാല്‍ എന്നും ഇതിന്നു പേരുണ്ട്.

2. സത്യനിഷേധികളും സത്യവിശ്വാസികളും തമ്മില്‍ അജഗജാന്തരമുണ്ട്. ആദ്യകക്ഷി നിര്‍ഭാഗ്യരും ശാശ്വതപരാജിതരുമാണ്; അപരരാകട്ടെ, മഹാ സൗഭാഗ്യവാന്മാരും നിത്യവിജയികളുമത്രേ-ഇവര്‍ അല്ലാഹുവിങ്കല്‍ നിന്ന് അവതീര്‍ണമായ സത്യവേദവും സത്യമതവും സത്യപ്രവാചകനെയും പിന്തുടരുന്നു; മറ്റേ കക്ഷി അനുധാവനം ചെയ്യുന്നതാകട്ടെ, പിശാചിനെയും ദേഹേച്ഛകളെയും വ്യാജമാര്‍ഗങ്ങളുമാണ്. ഇതാണ് ഭിന്നനിലപാടുകള്‍ക്കു കാരണം.

ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ أَضَلَّ أَعۡمَٰلَهُمۡ ۝١
وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَءَامَنُواْ بِمَا نُزِّلَ عَلَىٰ مُحَمَّدٖ وَهُوَ ٱلۡحَقُّ مِن رَّبِّهِمۡ كَفَّرَ عَنۡهُمۡ سَيِّـَٔاتِهِمۡ وَأَصۡلَحَ بَالَهُمۡ ۝٢
ذَٰلِكَ بِأَنَّ ٱلَّذِينَ كَفَرُواْ ٱتَّبَعُواْ ٱلۡبَٰطِلَ وَأَنَّ ٱلَّذِينَ ءَامَنُواْ ٱتَّبَعُواْ ٱلۡحَقَّ مِن رَّبِّهِمۡۚ كَذَٰلِكَ يَضۡرِبُ ٱللَّهُ لِلنَّاسِ أَمۡثَٰلَهُمۡ ۝٣
4–6

അതുകൊണ്ട്, സത്യനിഷേധികളുമായി നിങ്ങള്‍ രണാങ്കണങ്ങളില്‍ ഏറ്റുമുട്ടിയാല്‍ ഗളച്ഛേദം ചെയ്യുക;3
അങ്ങനെ അവരെ ഒതുക്കിയാല്‍ ശക്തിയായി ബന്ധിക്കുക. തദനന്തരം -യുദ്ധപരിസമാപ്തിവരെ- ദാക്ഷിണ്യം കാട്ടുകയോ മോചനദ്രവ്യം വാങ്ങിവിടുകയോ ചെയ്യാം. ഇതാണ് യുദ്ധരീതി.4
താനുദ്ദേശിച്ചിരുന്നുവെങ്കില്‍ അല്ലാഹു അവരോട് ശിക്ഷാനടപടിയെടുത്തേനെ. എന്നാല്‍, നിങ്ങളില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് പരീക്ഷിക്കാനാണിത്. തന്റെ പന്ഥാവില്‍ വധിക്കപ്പെട്ടവരുടെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു വൃഥാവിലാക്കുകയേ ചെയ്യില്ല. അവര്‍ക്കവന്‍ മാര്‍ഗദര്‍ശനമേകുന്നതും അവസ്ഥകള്‍ നന്നാക്കിക്കൊടുക്കുന്നതും സ്വര്‍ഗത്തില്‍-അതവര്‍ക്കവന്‍ പരിചയപ്പെടുത്തിയിട്ടുണ്ട്-പ്രവേശനം നല്‍കുന്നതുമാകുന്നു.5

3 വിശദീകരണങ്ങൾ കാണുക

3. ഇസ്‌ലാമുമായി തിരുനബി(സ്വ) വന്ന് ഒന്നര പതിറ്റാണ്ടുകാലം ശത്രുക്കളുടെ ആട്ടും തൊഴിയും വെട്ടും കുത്തുമൊക്കെ സഹിച്ചുകഴിഞ്ഞ ശേഷം ആത്മരക്ഷക്കായി ആയുധമെടുക്കാന്‍ മുസ്‌ലിംകള്‍ക്ക് അനുമതി നല്‍കി. യുദ്ധക്കളത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ശത്രുക്കളെ പരമാവധി ഗളച്ഛേദം ചെയ്ത് ശക്തിക്ഷയിപ്പിക്കണമെന്നാണ് പറയുന്നത്. ധിക്കാരത്തിനും അഹന്തക്കും ഒരറുതിയുണ്ടാകണമല്ലോ.

4. യുദ്ധത്തടവുകാരില്‍ രണ്ടു നിലപാട് കൈക്കൊള്ളാം: ഒന്നുകില്‍ ഔദാര്യപൂര്‍വം വെറുതെ വിട്ടയക്കുക; അല്ലെങ്കില്‍ പ്രായശ്ചിത്തസംഖ്യ വാങ്ങി വിമോചിപ്പിക്കുക. ബദ്‌റില്‍ തടവുപുള്ളികളാക്കപ്പെട്ട ചില മക്കക്കാരില്‍ നിന്ന് രണ്ടായിരം/മൂവായിരം ദിര്‍ഹം പിഴ ഈടാക്കിയാണ് വിട്ടയച്ചത്.

5. ശത്രുക്കളുടെ നടുവൊടിക്കാന്‍ യുദ്ധം തനിക്കൊരനിവാര്യതയൊന്നുമല്ലെന്നാണ് അല്ലാഹു പറയുന്നത്. മറിച്ച്, അതൊരു പരീക്ഷണമാണ്. സത്യത്തിന്റെ കൊടിക്കീഴില്‍ അണിനിരന്നവര്‍ക്ക് പ്രതിഫലവും രക്തസാക്ഷ്യവും നേടാനുള്ള സുവര്‍ണാവസരവുമാണ് ധര്‍മസമരം.

فَإِذَا لَقِيتُمُ ٱلَّذِينَ كَفَرُواْ فَضَرۡبَ ٱلرِّقَابِ حَتَّىٰٓ إِذَآ أَثۡخَنتُمُوهُمۡ فَشُدُّواْ ٱلۡوَثَاقَ فَإِمَّا مَنَّۢا بَعۡدُ وَإِمَّا فِدَآءً حَتَّىٰ تَضَعَ ٱلۡحَرۡبُ أَوۡزَارَهَاۚ ذَٰلِكَۖ وَلَوۡ يَشَآءُ ٱللَّهُ لَٱنتَصَرَ مِنۡهُمۡ وَلَٰكِن لِّيَبۡلُوَاْ بَعۡضَكُم بِبَعۡضٖۗ وَٱلَّذِينَ قُتِلُواْ فِي سَبِيلِ ٱللَّهِ فَلَن يُضِلَّ أَعۡمَٰلَهُمۡ ۝٤
سَيَهۡدِيهِمۡ وَيُصۡلِحُ بَالَهُمۡ ۝٥
وَيُدۡخِلُهُمُ ٱلۡجَنَّةَ عَرَّفَهَا لَهُمۡ ۝٦
7–9

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സഹായിക്കുന്നുവെങ്കില്‍ അവന്‍ നിങ്ങളെയും സഹായിക്കുന്നതും നിങ്ങളുടെ പാദങ്ങള്‍ ദൃഢീകരിക്കുന്നതുമാണ്. നിഷേധികള്‍ക്ക് മഹാനാശമാണുണ്ടാവുക; അവരുടെ കര്‍മങ്ങളവന്‍ വൃഥാവിലാക്കുകയും ചെയ്യും. എന്തുകൊണ്ടെന്നാല്‍ അല്ലാഹു അവതരിപ്പിച്ചതിനോടവര്‍ അവജ്ഞകാട്ടി; അപ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവന്‍ ശിഥിലമാക്കിക്കളഞ്ഞു.6

1 വിശദീകരണം കാണുക

6. അല്ലാഹുവിനെ സഹായിക്കുക എന്നാല്‍ അവന്റെ മതത്തെ സഹായിക്കലാണ്. സത്യസന്ദേശം തള്ളിക്കളഞ്ഞ്, സത്യനിഷേധം സ്വീകരിക്കുകയും മറ്റുള്ളവരെ സന്മാര്‍ഗത്തില്‍ നിന്ന് വ്യതിചലിപ്പിക്കുകയും ചെയ്യുന്നവരാകയാല്‍ നിഷേധികള്‍ സല്‍കര്‍മം ചെയ്താല്‍ തന്നെ അല്ലാഹു സ്വീകരിക്കുകയില്ല. അവയൊക്കെ ഫലശൂന്യമായിരിക്കും. കര്‍മസ്വീകാര്യതയുടെ ഉപാധിയാണ് സത്യവിശ്വാസം.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِن تَنصُرُواْ ٱللَّهَ يَنصُرۡكُمۡ وَيُثَبِّتۡ أَقۡدَامَكُمۡ ۝٧
وَٱلَّذِينَ كَفَرُواْ فَتَعۡسٗا لَّهُمۡ وَأَضَلَّ أَعۡمَٰلَهُمۡ ۝٨
ذَٰلِكَ بِأَنَّهُمۡ كَرِهُواْ مَآ أَنزَلَ ٱللَّهُ فَأَحۡبَطَ أَعۡمَٰلَهُمۡ ۝٩
10–13

ഭൂമിയില്‍ അവര്‍ യാത്രചെയ്യുകയും പൂര്‍വികരുടെ പരിണതി എങ്ങനെയായിരുന്നുവെന്ന് ചിന്തിക്കുകയും ചെയ്യുന്നില്ലേ-അവരെ അല്ലാഹു സംഹരിച്ചു കളഞ്ഞു. മക്കയിലെ ഈ നിഷേധികള്‍ക്കുമുണ്ട് തത്തുല്യശിക്ഷകള്‍! സത്യവിശ്വാസികളുടെ രക്ഷാധികാരി അല്ലാഹുവാണെന്നതിനാലും അവിശ്വാസികള്‍ക്ക് യാതൊരു രക്ഷാധികാരിയുമില്ലെന്നതിനാലുമാണത്.7
സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവരെ അടിയിലൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ അല്ലാഹു തീര്‍ച്ചയായും പ്രവേശിപ്പിക്കും. എന്നാല്‍ നിഷേധികളോ, സുഖാസ്വാദനങ്ങളനുഭവിക്കുകയും കാലികള്‍ തിന്നുന്നതുപോലെ ആഹരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു; അവരുടെ ആവാസഗേഹം നരകമാണ്. അങ്ങയെ ബഹിഷ്‌കരിച്ച സ്വന്തം നാട്ടിനെക്കാള്‍ പ്രബലമായ എത്രയെത്ര രാജ്യങ്ങള്‍ നാം സംഹരിച്ചുകളഞ്ഞിട്ടുണ്ട്; തത്സമയം ഒരു സഹായിയും അവര്‍ക്കുണ്ടായിരുന്നില്ല.

1 വിശദീകരണം കാണുക

7. ഖുര്‍ആനിക സൂക്തങ്ങളുടെയും തിരുനബി(സ്വ)യുടെയും സ്വഹാബത്തിന്റെയും മധ്യേ ജീവിക്കുന്ന മക്കാമുശ്‌രിക്കുകളോട്, പരിധി വിടേണ്ട എന്ന താക്കീതാണിത്. നിരവധി പൂര്‍വിക ജനപഥങ്ങളെ ഉന്മൂലനം ചെയ്ത അല്ലാഹുവിന്ന് നിങ്ങള്‍ ഒരു പ്രശ്‌നമല്ല എന്നര്‍ത്ഥം. പക്ഷേ, ഈ താക്കീത് അവഗണിച്ച് അവര്‍ പരാജയം ഏറ്റു വാങ്ങുകയായിരുന്നു. പച്ചിലകളും ശവങ്ങളും തിന്നേണ്ട ഗതികെട്ട പട്ടിണി അവരെ വരിഞ്ഞുമുറുക്കി. എഴുപത് സമുന്നത നേതാക്കള്‍ ബദ്‌റില്‍ അറുകൊല ചെയ്യപ്പെട്ടു. വന്‍നഷ്ടങ്ങള്‍ ഏറെയുണ്ടായി.

۞ أَفَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبۡلِهِمۡۖ دَمَّرَ ٱللَّهُ عَلَيۡهِمۡۖ وَلِلۡكَٰفِرِينَ أَمۡثَٰلُهَا ۝١٠
ذَٰلِكَ بِأَنَّ ٱللَّهَ مَوۡلَى ٱلَّذِينَ ءَامَنُواْ وَأَنَّ ٱلۡكَٰفِرِينَ لَا مَوۡلَىٰ لَهُمۡ ۝١١
إِنَّ ٱللَّهَ يُدۡخِلُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۖ وَٱلَّذِينَ كَفَرُواْ يَتَمَتَّعُونَ وَيَأۡكُلُونَ كَمَا تَأۡكُلُ ٱلۡأَنۡعَٰمُ وَٱلنَّارُ مَثۡوٗى لَّهُمۡ ۝١٢
وَكَأَيِّن مِّن قَرۡيَةٍ هِيَ أَشَدُّ قُوَّةٗ مِّن قَرۡيَتِكَ ٱلَّتِيٓ أَخۡرَجَتۡكَ أَهۡلَكۡنَٰهُمۡ فَلَا نَاصِرَ لَهُمۡ ۝١٣
14–15

തന്റെ നാഥങ്കല്‍ നിന്നുള്ള വ്യക്തമായ പ്രമാണപ്രകാരം ജീവിക്കുന്ന ഒരു വ്യക്തി, സ്വന്തം ദുഷ്‌ചെയ്തികള്‍ അലങ്കാരമായി തോന്നുകയും സ്വേച്ഛകള്‍ പിന്‍പറ്റുകയും ചെയ്ത ഒരാളെപ്പോലെയാണോ? സൂക്ഷ്മത പുലര്‍ത്തി ജീവിച്ചവര്‍ക്കുള്ള വാഗ്ദത്ത സ്വര്‍ഗത്തിന്റെ സ്ഥിതിയിതാണ്: കേടുവരാത്ത ജലത്തിന്റെയും രുചിഭേദമുണ്ടാകാത്ത പാലിന്റെയും പാനം ചെയ്യുന്നവര്‍ക്ക് ആസ്വാദ്യകരമായ മദ്യത്തിന്റെയും ശുചീകൃത തേനിന്റെയും അരുവികളതിലുണ്ട്. അവര്‍ക്കതില്‍ സര്‍വവിധ പഴവര്‍ഗങ്ങളും തങ്ങളുടെ നാഥങ്കല്‍ നിന്നുള്ള പാപമോചനവുമുണ്ടായിരിക്കും.8
ഈ സ്വര്‍ഗസ്ഥന്‍ നരകത്തിലെ ഒരു ശാശ്വത നിവാസിയെപ്പോലെയാകുമോ?- തീക്ഷ്ണതയുള്ള ചൂടുജലം അവര്‍ക്ക് കുടിപ്പിക്കപ്പെടുന്നതും അതവരുടെ കുടല്‍മാലകള്‍ ഛിന്നഭിന്നമാക്കുന്നതുമായിരിക്കും.

1 വിശദീകരണം കാണുക

8. സത്യവിശ്വാസികള്‍ക്ക് പ്രതിഫലമായി പരലോകത്ത് ലഭിക്കുന്ന സ്വര്‍ഗീയാരാമങ്ങളുടെ ചില വിശേഷണങ്ങളാണിവിടെ പരാമര്‍ശിച്ചത്. വിശുദ്ധ ഖുര്‍ആനില്‍ തന്നെ മറ്റുപലേടത്തും വേറെയും വിശേഷണങ്ങള്‍ കാണാം. ചുരുക്കത്തില്‍, അവരാഗ്രഹിക്കുന്നതെന്തും സ്വര്‍ഗലോകത്ത് ലഭിക്കുന്നതാണ്. അല്ലാഹുവുമായുള്ള കൂടിക്കാഴ്ചയാണ് മഹോന്നതം.

أَفَمَن كَانَ عَلَىٰ بَيِّنَةٖ مِّن رَّبِّهِۦ كَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ وَٱتَّبَعُوٓاْ أَهۡوَآءَهُم ۝١٤
مَّثَلُ ٱلۡجَنَّةِ ٱلَّتِي وُعِدَ ٱلۡمُتَّقُونَۖ فِيهَآ أَنۡهَٰرٞ مِّن مَّآءٍ غَيۡرِ ءَاسِنٖ وَأَنۡهَٰرٞ مِّن لَّبَنٖ لَّمۡ يَتَغَيَّرۡ طَعۡمُهُۥ وَأَنۡهَٰرٞ مِّنۡ خَمۡرٖ لَّذَّةٖ لِّلشَّٰرِبِينَ وَأَنۡهَٰرٞ مِّنۡ عَسَلٖ مُّصَفّٗىۖ وَلَهُمۡ فِيهَا مِن كُلِّ ٱلثَّمَرَٰتِ وَمَغۡفِرَةٞ مِّن رَّبِّهِمۡۖ كَمَنۡ هُوَ خَٰلِدٞ فِي ٱلنَّارِ وَسُقُواْ مَآءً حَمِيمٗا فَقَطَّعَ أَمۡعَآءَهُمۡ ۝١٥
16–18

അങ്ങയുടെ പ്രസ്താവങ്ങള്‍ സാകൂതം ശ്രവിക്കുന്ന ചിലര്‍ കപടവിശ്വാസികളിലുണ്ട്. എന്നിട്ട് താങ്കളുടെയടുത്തുനിന്ന് പുറത്തുപോയാല്‍ പാണ്ഡിത്യം ലഭിച്ചവരോട് 'എന്താണിപ്പോള്‍ ഇയാള്‍ പറഞ്ഞത്' എന്ന് അവര്‍ കളിയാക്കും. അത്തരക്കാരുടെ ഹൃദയങ്ങളിലാണ് അല്ലാഹു മുദ്രചാര്‍ത്തിയിരിക്കുന്നത്. തന്നിഷ്ടങ്ങള്‍ പിന്‍പറ്റുകയാണവര്‍. ഋജുവായ പന്ഥാവിലായവര്‍ക്ക് അല്ലാഹു നേര്‍മാര്‍ഗം വര്‍ധിപ്പിച്ചുകൊടുക്കുന്നതും സൂക്ഷ്മജീവിതത്തിനുള്ള സൗഭാഗ്യമേകുന്നതുമാണ്. യാദൃച്ഛികമായി ഖിയാമനാള്‍ വന്നെത്തുന്നതല്ലാതെ-അതിന്റെ അടയാളങ്ങള്‍ സമാഗതമായിട്ടുണ്ട്-മറ്റെന്തെങ്കിലും പ്രതീക്ഷിച്ചിരിക്കാനുണ്ടോ അവര്‍ക്ക്? അതു സന്നിഹിതമായാല്‍ പിന്നെ ഉദ്‌ബോധനം അവര്‍ക്കെങ്ങനെ ഫലപ്പെടാന്‍?9

1 വിശദീകരണം കാണുക

9. ഈ അധ്യായം മദനിയ്യാണല്ലോ. മദീനയിലെ പ്രധാനപ്പെട്ട ഒരു പ്രതിലോമ കക്ഷിയായിരുന്ന മുനാഫിഖുകളുടെ ചില ലക്ഷണങ്ങള്‍ സൂചിപ്പിക്കയാണ്. പ്രവാചക സദസ്സിലിരുന്ന് സശ്രദ്ധം ഖുര്‍ആന്‍ കേട്ടു പുറത്തുവന്ന് സ്വഹാബികളോട് അതിനെ നിസ്സാരമാക്കി സംസാരിക്കും അവര്‍. നേര്‍മാര്‍ഗം കാംക്ഷിക്കാത്തവരായതുകൊണ്ട് അവര്‍ സന്‍മാര്‍ഗപ്രാപ്തരാവുക എന്നത് അസംഭവ്യമാണ്.

وَمِنۡهُم مَّن يَسۡتَمِعُ إِلَيۡكَ حَتَّىٰٓ إِذَا خَرَجُواْ مِنۡ عِندِكَ قَالُواْ لِلَّذِينَ أُوتُواْ ٱلۡعِلۡمَ مَاذَا قَالَ ءَانِفًاۚ أُوْلَٰٓئِكَ ٱلَّذِينَ طَبَعَ ٱللَّهُ عَلَىٰ قُلُوبِهِمۡ وَٱتَّبَعُوٓاْ أَهۡوَآءَهُمۡ ۝١٦
وَٱلَّذِينَ ٱهۡتَدَوۡاْ زَادَهُمۡ هُدٗى وَءَاتَىٰهُمۡ تَقۡوَىٰهُمۡ ۝١٧
فَهَلۡ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأۡتِيَهُم بَغۡتَةٗۖ فَقَدۡ جَآءَ أَشۡرَاطُهَاۚ فَأَنَّىٰ لَهُمۡ إِذَا جَآءَتۡهُمۡ ذِكۡرَىٰهُمۡ ۝١٨
19–23

അതുകൊണ്ട്, അല്ലാഹുവല്ലാതെ മറ്റൊരാരാധ്യനുമില്ലെന്ന് താങ്കള്‍ അറിയുക; സ്വന്തത്തിന്നും സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും വേണ്ടി പാപമോചനമര്‍ത്ഥിക്കുക. നിങ്ങളുടെ പ്രവര്‍ത്തനങ്ങളും ആവാസസ്ഥലവുമൊക്കെ അല്ലാഹു അറിയുന്നുണ്ട്.10
ധര്‍മസമരത്തിന്നു കല്‍പിക്കുന്ന ഒരു സൂറത്ത് എന്തുകൊണ്ട് അവതരിപ്പിക്കപ്പെടുന്നില്ല എന്ന് സത്യവിശ്വാസികള്‍ അഭീഷ്ടം പ്രകടിപ്പിക്കുന്നു. എന്നാല്‍ അതുസംബന്ധിച്ച ഖണ്ഡിതാനുശാസനങ്ങളുള്ള ഒരധ്യായം അവതീര്‍ണമാവുകയും അതില്‍ യുദ്ധകാര്യങ്ങള്‍ പ്രതിപാദിതമാവുകയും ചെയ്താല്‍ ഹൃദയങ്ങളില്‍ രോഗമുള്ള കപടന്മാര്‍ താങ്കളെ തുറിച്ചുനോക്കുന്നതുകാണാം-മരണം ആസന്നമായതുമൂലം ബോധം നഷ്ടപ്പെടുന്നവന്റെ നോട്ടം! അവര്‍ക്കാണ് മഹാനാശം. വിധേയത്വവും ഉദാത്ത സംസാരവുമാണാവശ്യം. പുണ്യസമരം അനുശാസിതമായിക്കഴിഞ്ഞാല്‍ അല്ലാഹുവിനോട് സത്യസന്ധത കാണിച്ചിരുന്നുവെങ്കില്‍ അതാണവര്‍ക്ക് ഏറ്റം ശ്രേഷ്ഠം.11
എന്നാല്‍ നിങ്ങള്‍ക്ക് ആധിപത്യം കിട്ടുകയാണെങ്കില്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കുകയും കുടുംബബന്ധങ്ങള്‍ വിച്ഛേദിക്കുകയും ചെയ്യുകയില്ലേ നിങ്ങള്‍? അത്തരക്കാരെ അല്ലാഹു ശപിക്കുകയും അന്ധരും ബധിരരും ആക്കുകയും ചെയ്തിരിക്കുന്നു.

2 വിശദീകരണങ്ങൾ കാണുക

10. പത്തൊമ്പതാം സൂക്തത്തിലെ 'അറിയുക (ഫഅ്‌ലം)' എന്ന ശാസന വിജ്ഞാനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും വര്‍ധിത പ്രസക്തി എടുത്തുകാട്ടുന്നുണ്ട്. തിരുമേനി(സ്വ)ക്ക് പാപങ്ങളുണ്ടായതുകൊണ്ടല്ല, മോചനത്തിനപേക്ഷിക്കാന്‍ നിര്‍ദേശിക്കുന്നത്; ഉമ്മത്തിനെ പഠിപ്പിക്കാനാണ്. മാത്രമല്ല, ഇസ്തിഗ്ഫാര്‍ എന്നത് പ്രത്യേകമായ ഒരാരാധന തന്നെയത്രേ. 23:118 നോക്കുക. തിരുനബി(സ്വ)ക്ക് പാപസുരക്ഷ നല്‍കപ്പെട്ടിട്ടുമുണ്ട്. 48:2.

11. ധര്‍മ സമരത്തിന്റെ പുണ്യത്തിലും പാരത്രിക ഫലങ്ങളിലും പ്രചോദിതരായിരിക്കും സത്യവിശ്വാസികള്‍; വിശിഷ്യ സ്വഹാബത്ത് അങ്ങനെയായിരുന്നു. ജിഹാദ് സംബന്ധമായ വര്‍ധിത പ്രതിപാദനങ്ങളും കല്‍പനകളുമുള്ള സൂക്തങ്ങള്‍ എന്താണവതരിക്കാത്തത് എന്നവരന്വേഷിച്ചു കൊണ്ടിരിക്കും. എന്നാല്‍ കപടന്മാരുടെ നിലപാട് നേരെ വിപരീതമാണെന്നാണ് അല്ലാഹു വ്യക്തമാക്കുന്നത്. അത്തരം കാര്യങ്ങള്‍ തീരെ ഇഷ്ടപ്പെടാത്തവരാണ് മുനാഫിഖുകള്‍.

فَٱعۡلَمۡ أَنَّهُۥ لَآ إِلَٰهَ إِلَّا ٱللَّهُ وَٱسۡتَغۡفِرۡ لِذَنۢبِكَ وَلِلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِۗ وَٱللَّهُ يَعۡلَمُ مُتَقَلَّبَكُمۡ وَمَثۡوَىٰكُمۡ ۝١٩
وَيَقُولُ ٱلَّذِينَ ءَامَنُواْ لَوۡلَا نُزِّلَتۡ سُورَةٞۖ فَإِذَآ أُنزِلَتۡ سُورَةٞ مُّحۡكَمَةٞ وَذُكِرَ فِيهَا ٱلۡقِتَالُ رَأَيۡتَ ٱلَّذِينَ فِي قُلُوبِهِم مَّرَضٞ يَنظُرُونَ إِلَيۡكَ نَظَرَ ٱلۡمَغۡشِيِّ عَلَيۡهِ مِنَ ٱلۡمَوۡتِۖ فَأَوۡلَىٰ لَهُمۡ ۝٢٠
طَاعَةٞ وَقَوۡلٞ مَّعۡرُوفٞۚ فَإِذَا عَزَمَ ٱلۡأَمۡرُ فَلَوۡ صَدَقُواْ ٱللَّهَ لَكَانَ خَيۡرٗا لَّهُمۡ ۝٢١
فَهَلۡ عَسَيۡتُمۡ إِن تَوَلَّيۡتُمۡ أَن تُفۡسِدُواْ فِي ٱلۡأَرۡضِ وَتُقَطِّعُوٓاْ أَرۡحَامَكُمۡ ۝٢٢
أُوْلَٰٓئِكَ ٱلَّذِينَ لَعَنَهُمُ ٱللَّهُ فَأَصَمَّهُمۡ وَأَعۡمَىٰٓ أَبۡصَٰرَهُمۡ ۝٢٣
24–26

അവര്‍ എന്തുകൊണ്ട് ഖുര്‍ആന്‍ ചിന്തിച്ചു ഗ്രഹിക്കുന്നില്ല? അതോ, ഹൃദയങ്ങളില്‍ പൂട്ടുകളിട്ടിട്ടുണ്ടോ? നേര്‍മാര്‍ഗം സ്പഷ്ടമായിക്കഴിഞ്ഞിട്ടും പുറംതിരിഞ്ഞവര്‍ക്ക് തങ്ങളുടെ ചെയ്തികളെ പിശാച് അലംകൃതമാക്കുകയും വ്യാമോഹങ്ങള്‍ വെച്ചുനീട്ടി പ്രലോഭിപ്പിക്കുകയുമാണ്. അത് എന്തുകൊണ്ടെന്നാല്‍, ഖുര്‍ആനെ വെറുക്കുന്ന വേദക്കാരോട് ആ കപടന്മാര്‍ 'ചില കാര്യങ്ങളില്‍ നിങ്ങളെ ഞങ്ങളനുസരിക്കാം' എന്ന് പറഞ്ഞതിനാലാണ്. അവര്‍ ഒളിച്ചുവെക്കുന്നത് അല്ലാഹു അറിയുന്നുണ്ട്.12

1 വിശദീകരണം കാണുക

12. പിശാചിന്റെ പ്രലോഭനങ്ങളിലും കേവലഭൗതിക താല്‍പര്യങ്ങളിലും വീണുപോയി ഹൃദയങ്ങള്‍ താഴിട്ടു പൂട്ടിയവിധം ഖുര്‍ആനില്‍ നിന്നകലുകയാണ് മനുഷ്യന്‍. ഇസ്‌ലാമിന്റെ ശത്രുക്കളുടെ മിത്രങ്ങളാകുന്ന അത്തരക്കാരുടെ സകല രഹസ്യങ്ങളും അല്ലാഹു അറിയും. കഠിനമായ ശിക്ഷക്ക് അവര്‍ അര്‍ഹരായിത്തീരും.

أَفَلَا يَتَدَبَّرُونَ ٱلۡقُرۡءَانَ أَمۡ عَلَىٰ قُلُوبٍ أَقۡفَالُهَآ ۝٢٤
إِنَّ ٱلَّذِينَ ٱرۡتَدُّواْ عَلَىٰٓ أَدۡبَٰرِهِم مِّنۢ بَعۡدِ مَا تَبَيَّنَ لَهُمُ ٱلۡهُدَى ٱلشَّيۡطَٰنُ سَوَّلَ لَهُمۡ وَأَمۡلَىٰ لَهُمۡ ۝٢٥
ذَٰلِكَ بِأَنَّهُمۡ قَالُواْ لِلَّذِينَ كَرِهُواْ مَا نَزَّلَ ٱللَّهُ سَنُطِيعُكُمۡ فِي بَعۡضِ ٱلۡأَمۡرِۖ وَٱللَّهُ يَعۡلَمُ إِسۡرَارَهُمۡ ۝٢٦
27–30

അപ്പോള്‍ അവരുടെ വദനങ്ങളിലും പിന്‍വശങ്ങളിലും പ്രഹരമേല്‍പിച്ചുകൊണ്ട് മലക്കുകള്‍ മരിപ്പിക്കുന്ന സന്ദര്‍ഭങ്ങളില്‍ അവരുടെ ദുരവസ്ഥ എന്തായിരിക്കും? അല്ലാഹുവിന്ന് ക്രോധമുണ്ടാക്കുന്ന കാര്യങ്ങള്‍ അവരനുവര്‍ത്തിക്കുകയും അവന്റെ സംതൃപ്തി അനിഷ്ടപ്പെടുകയും ചെയ്തതിനാലാണിത്. തന്മൂലം അവരുടെ പ്രവര്‍ത്തനങ്ങളെ അവന്‍ ഫലശൂന്യമാക്കി. അതല്ല, ഹൃദയങ്ങളില്‍ രോഗമുള്ള കപടന്മാരുടെ വിചാരം, അവരുടെ ആന്തരിക ശാത്രവം അല്ലാഹു വെളിപ്പെടുത്തുകയില്ലെന്നാണോ? നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ താങ്കള്‍ക്ക് അവരെ കാണിച്ചുതരികയും അടയാളം കൊണ്ട് താങ്കളവരെ മനസ്സിലാക്കുകയും ചെയ്യുമായിരുന്നു; സംസാര ശൈലി കൊണ്ടും അവരെ തിരിച്ചറിയാം. നിങ്ങളുടെ കര്‍മങ്ങള്‍ അല്ലാഹു അറിയുന്നുണ്ട്.13

1 വിശദീകരണം കാണുക

13. റസൂലിനോടുള്ള കടുത്ത നിതാന്തശത്രുത, മുസ്‌ലിംകളുമായി യുദ്ധം ചെയ്യേണ്ടിവന്നാല്‍ സഹകരണം, മദീനയില്‍ നിന്നു പ്രവാചകനാല്‍ ബഹിഷ്‌കൃതരായാല്‍ കൂടെ നാടുവിടുക തുടങ്ങിയ ചില കാര്യങ്ങളില്‍ മുനാഫിഖുകള്‍ രഹസ്യമായി ജൂതരോട് പിന്‍ബലം വാഗ്ദാനം ചെയ്തിരുന്നു. ഈ ആന്തരിക ശത്രുത അല്ലാഹു അനാവരണം ചെയ്‌തേ തീരൂ എന്നാണ് താല്‍പര്യം. ഒട്ടേറെ ഖുര്‍ആന്‍ സൂക്തങ്ങളില്‍ മുനാഫിഖുകളുടെ ഗൂഢാലോചനകള്‍ തുറന്നുകാണിക്കപ്പെട്ടതായി കാണാം.

فَكَيۡفَ إِذَا تَوَفَّتۡهُمُ ٱلۡمَلَٰٓئِكَةُ يَضۡرِبُونَ وُجُوهَهُمۡ وَأَدۡبَٰرَهُمۡ ۝٢٧
ذَٰلِكَ بِأَنَّهُمُ ٱتَّبَعُواْ مَآ أَسۡخَطَ ٱللَّهَ وَكَرِهُواْ رِضۡوَٰنَهُۥ فَأَحۡبَطَ أَعۡمَٰلَهُمۡ ۝٢٨
أَمۡ حَسِبَ ٱلَّذِينَ فِي قُلُوبِهِم مَّرَضٌ أَن لَّن يُخۡرِجَ ٱللَّهُ أَضۡغَٰنَهُمۡ ۝٢٩
وَلَوۡ نَشَآءُ لَأَرَيۡنَٰكَهُمۡ فَلَعَرَفۡتَهُم بِسِيمَٰهُمۡۚ وَلَتَعۡرِفَنَّهُمۡ فِي لَحۡنِ ٱلۡقَوۡلِۚ وَٱللَّهُ يَعۡلَمُ أَعۡمَٰلَكُمۡ ۝٣٠
31–35

നിങ്ങളില്‍ ധര്‍മസമരമനുഷ്ഠിക്കുന്നവരെയും സഹനം മുറുകെ പിടിക്കുന്നവരെയും തിരിച്ചറിയുകയും, നിങ്ങളുടെ വൃത്താന്തങ്ങള്‍ ശോധന ചെയ്തു നോക്കുകയും ചെയ്യുന്നതുവരെ നിങ്ങളെ നാം പരീക്ഷണ വിധേയരാക്കുകതന്നെ ചെയ്യുന്നതാണ്.14
സത്യം നിഷേധിക്കുകയും അല്ലാഹുവിന്റെ പന്ഥാവില്‍ നിന്ന് ആളുകളെ ഉപരോധിക്കുകയും നേര്‍മാര്‍ഗം സ്പഷ്ടമായിക്കഴിഞ്ഞിട്ടും ദൈവദൂതനുമായി മത്സരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ അല്ലാഹുവിന്ന് യാതൊരു ദ്രോഹവും ഏല്‍പിക്കയില്ല; അവരുടെ പ്രവര്‍ത്തനങ്ങള്‍ പിന്നീടവന്‍ ഫലശൂന്യമാക്കുന്നതുമാണ്. സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെയും ദൈവദൂതനെയും അനുസരിക്കുകയും കര്‍മങ്ങള്‍ ശിഥിലമാക്കാതിരിക്കുകയും ചെയ്യുക. നിഷേധം വരിക്കുകയും അല്ലാഹുവിന്റെ വഴിയില്‍ നിന്ന് മറ്റുള്ളവരെ ഉപരോധിക്കുകയും എന്നിട്ട്, നിഷേധികളായിക്കൊണ്ടു തന്നെ മരണപ്പെടുകയും ചെയ്തവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കുന്നതേയല്ല. അതുകൊണ്ട് നിങ്ങള്‍ ദുര്‍ബലരാവുകയോ ശത്രുവിനെ സന്ധിക്കു ക്ഷണിക്കുകയോ ചെയ്യരുത്, നിങ്ങള്‍ തന്നെയാണ് ഉത്തമന്മാര്‍. അല്ലാഹു നിങ്ങളൊന്നിച്ചുണ്ട്. നിങ്ങളുടെ കര്‍മഫലങ്ങളില്‍ അവന്‍ കുറവുവരുത്തുന്നതേയല്ല.15

2 വിശദീകരണങ്ങൾ കാണുക

14. സത്യസന്ധരെയും അല്ലാത്തവരെയും 'തിരിച്ചറിയുക' എന്നു പ്രയോഗിച്ചതിന്റെ താല്‍പര്യം, അല്ലാഹു അതറിയുക എന്നല്ല; അവന്‍ സര്‍വകാര്യങ്ങളും അറിയുന്നവനും ത്രികാലജ്ഞനുമാണല്ലോ. സാധാരണക്കാര്‍ക്കെല്ലാം ബോധ്യപ്പെടുംവിധം അവരുടെ കാപട്യം വെളിപ്പെടുകയും അവര്‍ വഷളാവുകയും ജനമധ്യേ പരിഹാസപാത്രമാവുകയും ചെയ്യുക എന്നാണതിന്റെ വിവക്ഷ.

15. പ്രതിയോഗികളുടെ പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ കുമിഞ്ഞുകൂടുമ്പോള്‍ മിക്ക മനുഷ്യരും അസ്വസ്ഥരും ചഞ്ചലമനസ്‌കരുമാകും. അതുണ്ടായിക്കൂടെന്നും വിശ്വാസദാര്‍ഢ്യത്തോടെയും ആര്‍ജവത്തോടെയും നിലകൊള്ളണമെന്നും പ്രതാപികളും ഉന്നതന്മാരും നിങ്ങളാണെന്നും മുസ്‌ലിംകളെ ഉദ്‌ബോധിപ്പിക്കുകയാണ്. ഏറിവന്നാല്‍ ശത്രുവുമായി ഏറ്റുമുട്ടി രക്തസാക്ഷ്യം വരിക്കുകയാണുണ്ടാവുക. അത് നിസ്തുലമായ മഹാസൗഭാഗ്യമാണല്ലോ. അതുകൊണ്ട് ശത്രുവുമായി സന്ധിസംഭാഷണത്തിന് നിങ്ങള്‍ മുന്നിട്ടിറങ്ങരുത്.

وَلَنَبۡلُوَنَّكُمۡ حَتَّىٰ نَعۡلَمَ ٱلۡمُجَٰهِدِينَ مِنكُمۡ وَٱلصَّٰبِرِينَ وَنَبۡلُوَاْ أَخۡبَارَكُمۡ ۝٣١
إِنَّ ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ وَشَآقُّواْ ٱلرَّسُولَ مِنۢ بَعۡدِ مَا تَبَيَّنَ لَهُمُ ٱلۡهُدَىٰ لَن يَضُرُّواْ ٱللَّهَ شَيۡـٔٗا وَسَيُحۡبِطُ أَعۡمَٰلَهُمۡ ۝٣٢
۞ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَلَا تُبۡطِلُوٓاْ أَعۡمَٰلَكُمۡ ۝٣٣
إِنَّ ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ ثُمَّ مَاتُواْ وَهُمۡ كُفَّارٞ فَلَن يَغۡفِرَ ٱللَّهُ لَهُمۡ ۝٣٤
فَلَا تَهِنُواْ وَتَدۡعُوٓاْ إِلَى ٱلسَّلۡمِ وَأَنتُمُ ٱلۡأَعۡلَوۡنَ وَٱللَّهُ مَعَكُمۡ وَلَن يَتِرَكُمۡ أَعۡمَٰلَكُمۡ ۝٣٥
36–38

ഈ ഐഹിക ജീവിതം കളിയും വിനോദവുമല്ലാതെ മറ്റൊന്നുമല്ല. സത്യവിശ്വാസം കൈക്കൊള്ളുകയും സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്നുവെങ്കില്‍ അതിനുള്ള പ്രതിഫലം നിങ്ങള്‍ക്കവന്‍ തരുന്നതാണ്. സ്വന്തം സമ്പത്തുകള്‍ നിങ്ങളോടവന്‍ ചോദിക്കുന്നില്ല; അവ ചോദിക്കുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നുവെങ്കില്‍ നിങ്ങള്‍ പിശുക്കുകാണിക്കുന്നതും നിങ്ങളുടെ ഉള്ളിലുള്ള പക അവന്‍ പുറത്തുകൊണ്ടുവരുന്നതുമാണ്.16
നോക്കൂ, നിങ്ങളിതാ അല്ലാഹുവിന്റെ വഴിയില്‍ ധനം ചെലവഴിക്കുവാന്‍ ക്ഷണിക്കപ്പെടുന്നു. തത്സമയം, നിങ്ങളില്‍ ചിലര്‍ ലുബ്ധരാവുകയാണ്. ആരൊരാള്‍ പിശുക്കുകാട്ടുന്നുവോ, സ്വന്തത്തോടു തന്നെയാണ് അവനതു പ്രകടിപ്പിക്കുന്നത്.17
അല്ലാഹുവാകട്ടെ, സ്വയം പര്യാപ്തനും നിങ്ങള്‍ ദരിദ്രരുമാകുന്നു. ഇനി, നിങ്ങള്‍ പിന്തിരിഞ്ഞു പോവുകയാണെങ്കില്‍ നിങ്ങളല്ലാത്ത മറ്റൊരു ജനപഥത്തെ അവന്‍ പകരം കൊണ്ടുവരും. പിന്നെ, നിങ്ങളെപ്പോലെയാകില്ല അവര്‍.18

3 വിശദീകരണങ്ങൾ കാണുക

16. മനുഷ്യന്റെ പ്രേമഭാജനമാണ് ധനം (89:20). പലരുടെയും പൂജാവസ്തുവും ദൈവവുമാണത്. മറ്റുള്ളവര്‍ക്കത് അല്‍പമെങ്കിലും നല്‍കാന്‍ പലരും ഇഷ്ടപ്പെടില്ല. അതുകൊണ്ട്, അല്ലാഹു മനുഷ്യനോടത് നിര്‍ബന്ധിച്ചു ചോദിക്കുന്നില്ലെന്നും അങ്ങനെ ചെയ്താല്‍ അവന്നത് ദുസ്സഹമായിരിക്കുമെന്നും വിദ്വേഷവും ക്രോധവും മറ്റും പ്രകടമാക്കുമെന്നുമാണ് പറയുന്നത്. ഈ ധനഭ്രമ മനഃശാസ്ത്രം വെച്ചുകൊണ്ട് ദുര്‍വഹമായ ദാനധര്‍മാദികള്‍ നിങ്ങളോട് മതത്തില്‍ അനുശാസിക്കപ്പെട്ടിട്ടില്ല എന്നാണ് വിവക്ഷ.

17. പുണ്യത്തിന്റെ വഴികള്‍ നിരവധിയാണ്. അവയില്‍ ആവുംവിധം ചെലവഴിക്കാന്‍ വിശ്വാസി കല്‍പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പലരും ചെറിയ ഒരംശം പോലും ആ വഴിയില്‍ വ്യയം ചെയ്യാന്‍ മടിക്കുകയും പിശുക്കുകാട്ടുകയും ചെയ്യുന്നു. സര്‍ക്കാരുകളുടെ വരുമാന നികുതിയും കച്ചവട നികുതിയും മറ്റുമായി തുലനം ചെയ്താല്‍ വളരെക്കുറച്ചുമാത്രമേ സകാത്ത് കൊടുക്കേണ്ടതുള്ളു എന്നുകാണാം. അതിന്നുവരെ സന്നദ്ധരാകാത്ത നിരവധി സമ്പന്നരുണ്ട്. യഥാര്‍ത്ഥത്തില്‍ ദാനധര്‍മങ്ങളിലൂടെ സമ്പത്തില്‍ അനുഗ്രഹവും ശ്രേയസ്സും പുരോഗതിയുമുണ്ടാവുകയാണ് ചെയ്യുക. വളരെ മികച്ച പ്രതിഫലവും ലഭിക്കും. അതുകൊണ്ടാണ് ദാനധര്‍മങ്ങള്‍ കാരണമായി ഒരു സമ്പത്തിലും കുറവു വരുന്നതല്ല (ബുഖാരി, മുസ്‌ലിം) എന്നു നബി(സ്വ) പഠിപ്പിച്ചത്.

18. വലിയൊരു പരീക്ഷണ മേഖലയാണ് സാമ്പത്തികം. വരവും ചെലവുമൊക്കെ കണിശമായ ശ്രദ്ധയിലും വ്യവസ്ഥിതിയിലും നടക്കണം. അല്ലാഹുവിന്റെ സ്വന്താവശ്യത്തിനല്ല അത് മനുഷ്യരോടു ചോദിക്കുന്നത്; പ്രത്യുത വ്യക്തിയുടെ നേട്ടത്തിന്നും മറ്റുള്ളവരുടെ ഗുണങ്ങള്‍ക്കും വേണ്ടിയാണ്. അതുകൊണ്ടു നിങ്ങള്‍ അറുപിശുക്കന്മാരായി സാമൂഹിക താളപ്പിഴകളുണ്ടായാല്‍ നിങ്ങളെ ഉന്മൂലനം ചെയ്ത് മറ്റൊരു ജനപഥത്തെ കൊണ്ടുവരുമെന്ന് അല്ലാഹു താക്കീത് ചെയ്യുകയാണ്.

إِنَّمَا ٱلۡحَيَوٰةُ ٱلدُّنۡيَا لَعِبٞ وَلَهۡوٞۚ وَإِن تُؤۡمِنُواْ وَتَتَّقُواْ يُؤۡتِكُمۡ أُجُورَكُمۡ وَلَا يَسۡـَٔلۡكُمۡ أَمۡوَٰلَكُمۡ ۝٣٦
إِن يَسۡـَٔلۡكُمُوهَا فَيُحۡفِكُمۡ تَبۡخَلُواْ وَيُخۡرِجۡ أَضۡغَٰنَكُمۡ ۝٣٧
هَٰٓأَنتُمۡ هَٰٓؤُلَآءِ تُدۡعَوۡنَ لِتُنفِقُواْ فِي سَبِيلِ ٱللَّهِ فَمِنكُم مَّن يَبۡخَلُۖ وَمَن يَبۡخَلۡ فَإِنَّمَا يَبۡخَلُ عَن نَّفۡسِهِۦۚ وَٱللَّهُ ٱلۡغَنِيُّ وَأَنتُمُ ٱلۡفُقَرَآءُۚ وَإِن تَتَوَلَّوۡاْ يَسۡتَبۡدِلۡ قَوۡمًا غَيۡرَكُمۡ ثُمَّ لَا يَكُونُوٓاْ أَمۡثَٰلَكُم ۝٣٨