Sunday, 11 October 2026 Hijri: — 02:16:58 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അൽ ഫത്ഹ് الفتح Al-Fath

Surah 48 മദനിയ്യ • مدنية • Madaniyah 29 ആയത്തുകൾ • 29 Ayahs

സൂറത്ത് അൽ ഫത്ഹ് (Al-Fath), ഖുർആൻ അധ്യായം 48 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 29 ആയത്തുകൾ വായിക്കുക. Read Surah Al-Fath with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–3

അങ്ങയുടെ വീഴ്ചകളില്‍ നിന്ന് മുമ്പ് സംഭവിച്ചതും വരാനിരിക്കുന്നതുമായവ അല്ലാഹു മാപ്പാക്കുന്നതിനും അവന്റെ അനുഗ്രഹം അങ്ങേക്ക് പൂര്‍ത്തീകരിക്കുന്നതിനും ഋജുവായ പന്ഥാവിലേക്ക് അങ്ങയെ നയിക്കുന്നതിനും അജയ്യമായൊരു സഹായം അവന്‍ നല്‍കേണ്ടതിനുമായി പ്രസ്പഷ്ടമായൊരു വിജയം താങ്കള്‍ക്കു നാം കനിഞ്ഞേകുക തന്നെ ചെയ്തിരിക്കുന്നു.1

1 വിശദീകരണം കാണുക

1. സൂറത്തുല്‍ഫത്ഹ് എന്നാണ് ഈ അധ്യായത്തിന്റെ പേര്. വിജയം എന്നര്‍ത്ഥം. ഒന്നാം സൂക്തത്തിലെ ആ പദം ഹുദൈബിയ സന്ധിയെയാണ് സൂചിപ്പിക്കുന്നതെന്നാണ് മിക്ക വ്യാഖ്യാതാക്കളും പറയുന്നത്. അതിന്റെ വഴിയെയുണ്ടായ മക്കാവിജയമാണെന്ന പക്ഷക്കാരുമുണ്ട്. രണ്ടാം സൂക്തത്തിലെ 'അങ്ങയുടെ വീഴ്ച' എന്നാല്‍ കുറ്റകൃത്യങ്ങളോ ദോഷങ്ങളോ അല്ല- നബി(സ്വ) പാപസുരക്ഷിതരാണല്ലോ. ബദ്‌റിലെ തടവുകാരില്‍ നിന്ന് പ്രായശ്ചിത്തം വാങ്ങിയത്, പിതൃവ്യന്‍ അബൂഥാലിബിന് വേണ്ടി പാപമോചനം തേടിയത്, ഇബ്‌നു ഉമ്മിമക്തൂം വന്നപ്പോള്‍ അനിഷ്ടം തോന്നിയത് (80:1-10) മുതലായ ചില്ലറ വീഴ്ചകളാണ്.

إِنَّا فَتَحۡنَا لَكَ فَتۡحٗا مُّبِينٗا ۝١
لِّيَغۡفِرَ لَكَ ٱللَّهُ مَا تَقَدَّمَ مِن ذَنۢبِكَ وَمَا تَأَخَّرَ وَيُتِمَّ نِعۡمَتَهُۥ عَلَيۡكَ وَيَهۡدِيَكَ صِرَٰطٗا مُّسۡتَقِيمٗا ۝٢
وَيَنصُرَكَ ٱللَّهُ نَصۡرًا عَزِيزًا ۝٣
4–7

സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍-അവരുടെ വിശ്വാസത്തോടൊപ്പം വര്‍ധനകൂടിയുണ്ടാകാന്‍-സമാധാനം വര്‍ഷിച്ചത് അവനാണ്.2
ഭുവന-വാനങ്ങളിലുള്ള സൈന്യങ്ങള്‍ അല്ലാഹുവിന്നുള്ളതാകുന്നു. എല്ലാം അറിയുന്നവനും യുക്തിമാനുമാണവന്‍. സത്യവിശ്വാസം വരിച്ച ആണുങ്ങളെയും പെണ്ണുങ്ങളെയും അടിയിലൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ ശാശ്വതനിവാസികളായി പ്രവേശിപ്പിക്കാനും അവരുടെ തിന്മകള്‍ മാപ്പാക്കാനും-അല്ലാഹുവിങ്കല്‍ വന്‍വിജയമാണത്-അവനെക്കുറിച്ച് ഹീനധാരണകള്‍ വെച്ചുപുലര്‍ത്തുന്ന കപടവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും ബഹുദൈവ വിശ്വാസം സ്വീകരിച്ച ആണുങ്ങളെയും പെണ്ണുങ്ങളെയും-അവര്‍ക്കുമേല്‍ തിന്മയുടെ ആവരണമുണ്ട്-ശിക്ഷിക്കാനും വേണ്ടി. അല്ലാഹു അവരോട് കോപിക്കുകയും അവരെ ശപിക്കുകയും അവര്‍ക്കായി നരകം സജ്ജീകരിക്കുകയും ചെയ്തിരിക്കുന്നു-എത്ര ഹീനമാണ് ആ സങ്കേതം! ഭുവന-വാനങ്ങളിലുള്ള സൈന്യങ്ങള്‍ അല്ലാഹുവിനുള്ളതാണ്. അവന്‍ അജയ്യനും യുക്തിമാനുമാകുന്നു.3

2 വിശദീകരണങ്ങൾ കാണുക

2. വഴിയെ 27-ാം സൂക്തത്തില്‍ പറയുംവിധം നബി(സ്വ) കണ്ട സ്വപ്നത്തിന്റെ വെളിച്ചത്തില്‍ മദീനയില്‍ നിന്ന് അവര്‍ ഉംറ ചെയ്യാന്‍ മക്കയിലേക്ക് പുറപ്പെട്ടു. വിവരമറിഞ്ഞ മക്കക്കാര്‍ നബി(സ്വ)യെയും സ്വഹാബികളെയും തടഞ്ഞു. ഒരു യുദ്ധത്തിന്റെ പുക കുമിഞ്ഞുകൂടി. സമരസ്ഫുലിംഗം കത്തിപ്പടര്‍ന്നെങ്കില്‍ മുസ്‌ലിംകള്‍ നിശ്ശേഷം നശിച്ചേനെ. ഹുദൈബിയ-ഇന്നത്തെ ശുമൈസി-എന്ന ആ സ്ഥലത്തുവെച്ച് ഒരു സന്ധിയുണ്ടാക്കി ഇരുകൂട്ടരും പിരിഞ്ഞു. സന്ധീവ്യവസ്ഥകള്‍ മുഴുക്കെ പ്രഥമ ദൃഷ്ട്യാ മുസ്‌ലിംകള്‍ക്ക് തീര്‍ത്തും പ്രതികൂലമായിരുന്നു. എന്നാല്‍ ദീര്‍ഘദൃഷ്ടിയിലധിഷ്ഠിതമായ അത് അവര്‍ക്ക് വന്‍വിജയമായി കലാശിച്ചു.

3. മലക്കുകള്‍, കൊടുങ്കാറ്റ്, ഭൂകമ്പം, ഇടിത്തീ, സുനാമി, പ്രളയം, കാട്ടുതീ, വിവിധ വൈറസുകള്‍ തുടങ്ങിയവയാണ് വിവക്ഷ. ഇവയുടെ പിടിയിലകപ്പെട്ട് എത്രയെത്ര കൂട്ടമരണങ്ങളും നാശനഷ്ടങ്ങളുമുണ്ടാകുന്നുണ്ട്! ഉന്മൂലനത്തിന് ഒരൊറ്റ മലക്ക് തന്നെ ധാരാളമാണ് എന്ന് ഇവിടെ ഇമാം ഇബ്‌നുകസീര്‍ വിശദീകരിച്ചിട്ടുണ്ട്.

هُوَ ٱلَّذِيٓ أَنزَلَ ٱلسَّكِينَةَ فِي قُلُوبِ ٱلۡمُؤۡمِنِينَ لِيَزۡدَادُوٓاْ إِيمَٰنٗا مَّعَ إِيمَٰنِهِمۡۗ وَلِلَّهِ جُنُودُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَكَانَ ٱللَّهُ عَلِيمًا حَكِيمٗا ۝٤
لِّيُدۡخِلَ ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَا وَيُكَفِّرَ عَنۡهُمۡ سَيِّـَٔاتِهِمۡۚ وَكَانَ ذَٰلِكَ عِندَ ٱللَّهِ فَوۡزًا عَظِيمٗا ۝٥
وَيُعَذِّبَ ٱلۡمُنَٰفِقِينَ وَٱلۡمُنَٰفِقَٰتِ وَٱلۡمُشۡرِكِينَ وَٱلۡمُشۡرِكَٰتِ ٱلظَّآنِّينَ بِٱللَّهِ ظَنَّ ٱلسَّوۡءِۚ عَلَيۡهِمۡ دَآئِرَةُ ٱلسَّوۡءِۖ وَغَضِبَ ٱللَّهُ عَلَيۡهِمۡ وَلَعَنَهُمۡ وَأَعَدَّ لَهُمۡ جَهَنَّمَۖ وَسَآءَتۡ مَصِيرٗا ۝٦
وَلِلَّهِ جُنُودُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًا ۝٧
8–9

നബീ, അല്ലാഹുവിലും ദൂതരിലും നിങ്ങള്‍ വിശ്വസിക്കുവാനും അവനെ സഹായിക്കുവാനും ബഹുമാനിക്കുവാനും പ്രഭാത-പ്രദോഷങ്ങളില്‍ അവന്റെ മഹത്ത്വം വാഴ്ത്തുവാനുമായി അങ്ങയെ സത്യസാക്ഷിയും ശുഭവാര്‍ത്താവാഹകനും മുന്നറിയിപ്പുകാരനുമായി നിശ്ചയം, നാം നിയോഗിച്ചിരിക്കുന്നു.

إِنَّآ أَرۡسَلۡنَٰكَ شَٰهِدٗا وَمُبَشِّرٗا وَنَذِيرٗا ۝٨
لِّتُؤۡمِنُواْ بِٱللَّهِ وَرَسُولِهِۦ وَتُعَزِّرُوهُ وَتُوَقِّرُوهُۚ وَتُسَبِّحُوهُ بُكۡرَةٗ وَأَصِيلًا ۝٩
10

താങ്കളോടു ഉടമ്പടിയിലേര്‍പ്പെടുന്നവര്‍ അല്ലാഹുവിനോട് തന്നെയാണത് ചെയ്യുന്നത്; അവരുടെ കൈകള്‍ക്കുമീതെ അല്ലാഹുവിന്റെ ഹസ്തമുണ്ട്. അതുകൊണ്ട്, അതാരെങ്കിലും ലംഘിക്കുന്നുവെങ്കില്‍ അതിന്റെ ദൂഷ്യം അവന്നുതന്നെ. അല്ലാഹുവുമായി ചെയ്ത ഉടമ്പടി ഒരാള്‍ പൂര്‍ത്തീകരിക്കുന്നുവെങ്കില്‍, മഹത്തായ പ്രതിഫലം അയാള്‍ക്കവന്‍ നല്‍കുന്നതാകുന്നു.4

1 വിശദീകരണം കാണുക

4. മക്കാ ഹറമിന് പുറത്തുള്ള ഹുദൈബിയയില്‍ വെച്ച് മുശ്‌രിക്കുകളാല്‍ പ്രതിരോധിക്കപ്പെട്ടപ്പോള്‍ തങ്ങള്‍ ഉംറനിര്‍വഹണം മാത്രമാണുദ്ദേശിക്കുന്നതെന്നും ഏറ്റുമുട്ടല്‍ ലക്ഷ്യമല്ലെന്നും അറിയിക്കാനായി നബി(സ്വ) ഉസ്മാനുബ്‌നുഅഫ്ഫാന്‍(റ)വിനെ മക്കയിലെ നേതാക്കളുടെ അടുത്തേക്കയച്ചു. അവര്‍ തടഞ്ഞു വെച്ചതിനാല്‍ അദ്ദേഹത്തിന് തിരിച്ചു വരാനാകാതെ പോവുകയും അതിനിടെ അദ്ദേഹം കൊല്ലപ്പെട്ടുവെന്ന് കിംവദന്തി പരക്കുകയും ചെയ്തു. ഇത് സ്ഥിരീകൃതമായാല്‍ അവരോട് മരണം വരെ യുദ്ധം ചെയ്യാനായി നബി(സ്വ) സ്വഹാബികളോടു സന്ധി ചെയ്തു. ഒരു വൃക്ഷച്ചുവട്ടില്‍ നടന്ന ഈ കരാറിനാണ് ബൈഅത്തുരിള്‌വാന്‍ എന്നു പറയുന്നത്.

إِنَّ ٱلَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ ٱللَّهَ يَدُ ٱللَّهِ فَوۡقَ أَيۡدِيهِمۡۚ فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَىٰ نَفۡسِهِۦۖ وَمَنۡ أَوۡفَىٰ بِمَا عَٰهَدَ عَلَيۡهُ ٱللَّهَ فَسَيُؤۡتِيهِ أَجۡرًا عَظِيمٗا ۝١٠
11–14

സ്വത്തുകളും കുടുംബങ്ങളും യുദ്ധയാത്രയില്‍ നിന്ന് ഞങ്ങളെ വ്യാപൃതരാക്കിക്കളഞ്ഞു; അതുകൊണ്ട് താങ്കള്‍ ഞങ്ങള്‍ക്ക് പാപമോചനത്തിനര്‍ത്ഥിക്കണം എന്ന്, പുറംതിരിഞ്ഞുനിന്ന ഗ്രാമവാസികളായ അറബികള്‍ അങ്ങയോടു ബോധിപ്പിക്കും. ഹൃദയങ്ങളിലില്ലാത്തതാണ് നാവുകൊണ്ടവര്‍ പറയുന്നത്.5
താങ്കള്‍ ചോദിക്കുക: അപ്പോള്‍, അല്ലാഹു നിങ്ങള്‍ക്ക് എന്തെങ്കിലും ഉപദ്രവമോ ഉപകാരമോ ചെയ്യാനുദ്ദേശിച്ചാല്‍ അവങ്കല്‍ നിന്ന് നിങ്ങള്‍ക്കെന്തെങ്കിലും സ്വായത്തമാക്കിത്തരാന്‍ ആരാണുണ്ടാവുക?6
അല്ല, നിങ്ങളുടെ ചെയ്തികളെക്കുറിച്ച് സൂക്ഷ്മജ്ഞനാണ് അല്ലാഹു. പ്രത്യുത, ദൈവദൂതനും സത്യവിശ്വാസികളും യുദ്ധാനന്തരം തങ്ങളുടെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തുകയേ ഇല്ലെന്ന് നിങ്ങള്‍ ധരിക്കുകയും അതു നിങ്ങള്‍ക്ക് അലംകൃതമായി തോന്നുകയും ചെയ്തു. നിങ്ങള്‍ ഹീനവിചാരം വെച്ചുപുലര്‍ത്തുകയും തുലഞ്ഞ ഒരു കൂട്ടരാവുകയുമുണ്ടായി.7
അല്ലാഹുവിലും ദൈവദൂതരിലും ആരെങ്കിലും വിശ്വസിക്കാതിരിക്കുന്നുവെങ്കില്‍ അത്തരം നിഷേധികള്‍ക്ക് ജ്വലിക്കുന്ന നരകം നാം സജ്ജീകരിച്ചിരിക്കുന്നു. ഭുവന-വാനങ്ങളുടെ രാജാധിപത്യം അല്ലാഹുവിനാണ്. താനുദ്ദേശിക്കുന്ന ചിലര്‍ക്കവന്‍ പൊറുത്തുകൊടുക്കുകയും മറ്റു ചിലരെ ശിക്ഷിക്കുകയും ചെയ്യുന്നു. ഏറെ മാപ്പരുളുന്നവനും കരുണാമയനുമാണവന്‍.

3 വിശദീകരണങ്ങൾ കാണുക

5. മക്കക്കാരുമായി ഘോരയുദ്ധമുണ്ടാകുമെന്ന് കണക്കുകൂട്ടി മുനാഫിഖുകള്‍ നബി(സ്വ)യോടൊപ്പം പുറപ്പെട്ടിരുന്നില്ല. തിരിച്ചു വന്നശേഷം വ്യാജന്യായങ്ങളുന്നയിച്ച് അവര്‍ ഒഴികഴിവു നിരത്തുമെന്ന് പ്രവചിക്കുകയാണ്. അങ്ങനെ തന്നെ സംഭവിക്കുകയുമുണ്ടായി.

6. ഉപദ്രവമെന്നാല്‍ യുദ്ധവും പരാജയവുമാണ്; ഉപകാരമെന്നാല്‍ വിജയവും സമരാര്‍ജിത സമ്പത്തുകളും-ഈ രണ്ടു കാര്യങ്ങളില്‍ ഏതെങ്കിലും ഒന്നാണല്ലോ സംഭവിക്കാന്‍ പോകുന്നത്. അല്ലാഹുവിന്റെ ഉദ്ദേശ്യമല്ലാത്ത മറ്റൊന്നു സാധിക്കാന്‍ ആര്‍ക്കുമാകില്ല.

7. ശിര്‍ക്കിന്റെ പോറ്റില്ലവും കോട്ടയുമായ മക്കയിലെത്തുന്ന നബിയും സ്വഹാബികളും ഒന്നടങ്കം അറുകൊല ചെയ്യപ്പെടുമെന്നും നാട്ടിലേക്കും വീട്ടിലേക്കും മടങ്ങില്ലെന്നുമായിരുന്നു മുനാഫിഖുകളുടെ ദൃഢവിശ്വാസം.

سَيَقُولُ لَكَ ٱلۡمُخَلَّفُونَ مِنَ ٱلۡأَعۡرَابِ شَغَلَتۡنَآ أَمۡوَٰلُنَا وَأَهۡلُونَا فَٱسۡتَغۡفِرۡ لَنَاۚ يَقُولُونَ بِأَلۡسِنَتِهِم مَّا لَيۡسَ فِي قُلُوبِهِمۡۚ قُلۡ فَمَن يَمۡلِكُ لَكُم مِّنَ ٱللَّهِ شَيۡـًٔا إِنۡ أَرَادَ بِكُمۡ ضَرًّا أَوۡ أَرَادَ بِكُمۡ نَفۡعَۢاۚ بَلۡ كَانَ ٱللَّهُ بِمَا تَعۡمَلُونَ خَبِيرَۢا ۝١١
بَلۡ ظَنَنتُمۡ أَن لَّن يَنقَلِبَ ٱلرَّسُولُ وَٱلۡمُؤۡمِنُونَ إِلَىٰٓ أَهۡلِيهِمۡ أَبَدٗا وَزُيِّنَ ذَٰلِكَ فِي قُلُوبِكُمۡ وَظَنَنتُمۡ ظَنَّ ٱلسَّوۡءِ وَكُنتُمۡ قَوۡمَۢا بُورٗا ۝١٢
وَمَن لَّمۡ يُؤۡمِنۢ بِٱللَّهِ وَرَسُولِهِۦ فَإِنَّآ أَعۡتَدۡنَا لِلۡكَٰفِرِينَ سَعِيرٗا ۝١٣
وَلِلَّهِ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ يَغۡفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُۚ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا ۝١٤
15–16

സാമ്പത്തിക നേട്ടം കൈവരിക്കാനുള്ളേടത്തേക്ക് യുദ്ധയാത്ര ചെയ്കയാണെങ്കില്‍ 'നിങ്ങളൊന്നിച്ച് ഞങ്ങളെക്കൂടി വരാനനുവദിക്കൂ' എന്ന് ആ പുറംതിരിഞ്ഞുനിന്നവരാവശ്യപ്പെടും. അല്ലാഹുവിന്റെ വചനം മാറ്റിമറിക്കാനാണവര്‍ ആഗ്രഹിക്കുന്നത്. താങ്കള്‍ പ്രതികരിക്കുക: നിങ്ങള്‍ ഞങ്ങളെ അനുഗമിക്കയേ ചെയ്യരുത്; അങ്ങനെയാണ് അല്ലാഹുവിന്റെ മുന്‍ഉത്തരവ്. 'അല്ല, നിങ്ങള്‍ ഞങ്ങളോട് അസൂയപ്പെടുകയാണ്' എന്ന് തത്സമയമവര്‍ പ്രതികരിക്കുന്നതാണ്.8
അല്ല, വളരെക്കുറച്ചുമാത്രമേ അവര്‍ ഗ്രഹിക്കുന്നുള്ളു. പുറം തിരിഞ്ഞു നിന്ന ഗ്രാമവാസികളായ അറബികളോട് താങ്കള്‍ പറയുക: തീവ്രമായ ആക്രമണശേഷിയുള്ള ഒരു സംഘത്തെ അഭിമുഖീകരിക്കാന്‍ വഴിയെ നിങ്ങള്‍ വിളിക്കപ്പെടുന്നതാണ്; അവര്‍ ആയുധം വെക്കുംവരെ നിങ്ങള്‍ പടപൊരുതേണ്ടിവരും. തത്സമയം, അനുസരണമുള്ളവരാവുകയാണെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് ഉദാത്തമായ പ്രതിഫലം തരും; മുമ്പെന്ന പോലെ ഇനിയും പുറംതിരിഞ്ഞുപോകുന്നുവെങ്കിലോ, വേദനാജനകമാം വിധം നിങ്ങളെയവന്‍ ശിക്ഷിക്കുന്നതാണ്.9

2 വിശദീകരണങ്ങൾ കാണുക

8. ഹുദൈബിയ സന്ധി കഴിഞ്ഞ് രണ്ടു വര്‍ഷമായപ്പോഴാണ് ഖൈബര്‍ യുദ്ധമുണ്ടാകുന്നത്. അവിടത്തെ യഹൂദികളുടെ കണക്കറ്റ സമ്പത്ത് ഹുദൈബിയയില്‍ പങ്കെടുത്ത മുസ്‌ലിംകള്‍ക്ക് ഗനീമത്തായി ലഭിക്കാന്‍ പോകയാണ്. ധനമോഹം കൊണ്ട് കപടവിശ്വാസികളും അതില്‍ പങ്കുചേരാനാഗ്രഹിച്ചു- ഇതാണ് പശ്ചാത്തലം.

9. കള്ളപ്രവാചകനായി രംഗത്തുവന്ന ബനൂഹനീഫ ഗോത്രത്തലവന്‍ മുസൈലിമയുമായുള്ള ഘോരമായ ഒരു ഏറ്റുമുട്ടലിന്റെ ആലോചന നടക്കുന്നുണ്ടായിരുന്നു. അതില്‍ നിങ്ങളുടെ ആത്മാര്‍ത്ഥത തെളിയിക്കേണ്ടതുണ്ട് എന്നാണ് മുനാഫിഖുകളോട് ആവശ്യപ്പെടുന്നത്.

سَيَقُولُ ٱلۡمُخَلَّفُونَ إِذَا ٱنطَلَقۡتُمۡ إِلَىٰ مَغَانِمَ لِتَأۡخُذُوهَا ذَرُونَا نَتَّبِعۡكُمۡۖ يُرِيدُونَ أَن يُبَدِّلُواْ كَلَٰمَ ٱللَّهِۚ قُل لَّن تَتَّبِعُونَا كَذَٰلِكُمۡ قَالَ ٱللَّهُ مِن قَبۡلُۖ فَسَيَقُولُونَ بَلۡ تَحۡسُدُونَنَاۚ بَلۡ كَانُواْ لَا يَفۡقَهُونَ إِلَّا قَلِيلٗا ۝١٥
قُل لِّلۡمُخَلَّفِينَ مِنَ ٱلۡأَعۡرَابِ سَتُدۡعَوۡنَ إِلَىٰ قَوۡمٍ أُوْلِي بَأۡسٖ شَدِيدٖ تُقَٰتِلُونَهُمۡ أَوۡ يُسۡلِمُونَۖ فَإِن تُطِيعُواْ يُؤۡتِكُمُ ٱللَّهُ أَجۡرًا حَسَنٗاۖ وَإِن تَتَوَلَّوۡاْ كَمَا تَوَلَّيۡتُم مِّن قَبۡلُ يُعَذِّبۡكُمۡ عَذَابًا أَلِيمٗا ۝١٦
17–21

അന്ധനും മുടന്തനും രോഗിയും ധര്‍മസമരത്തിന് വരാത്തതില്‍ കുറ്റമില്ല. അല്ലാഹുവിനെയും ദൂതനെയും ഒരാള്‍ അനുസരിക്കുന്നുവെങ്കില്‍ അടിയിലൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ അവനെ പ്രവേശിപ്പിക്കുന്നതാണ്. ആരെങ്കിലും പുറംതിരിഞ്ഞുപോകുന്നുവെങ്കില്‍ അയാളെ വേദനാജനകമാം വിധം അവന്‍ ശിക്ഷിക്കും. ആ വൃക്ഷച്ചുവട്ടില്‍ വെച്ച് സത്യവിശ്വാസികള്‍ താങ്കളോട് ഉടമ്പടി ചെയ്തപ്പോള്‍ അവരെക്കുറിച്ച് അവന്‍ സംതൃപ്തനാവുക തന്നെ ചെയ്തിട്ടുണ്ട്. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും അങ്ങനെ അവര്‍ക്ക് മനഃശാന്തി വര്‍ഷിക്കയും, സമീപസ്ഥ വിജയവും പിടിച്ചെടുക്കാനായി ഒട്ടേറെ സമരാര്‍ജിത സമ്പത്തുകളും പ്രതിഫലം നല്‍കുകയുമുണ്ടായി.10
അല്ലാഹു അജയ്യനും യുക്തിമാനുമാകുന്നു. പിടിച്ചെടുക്കാവുന്ന ഒട്ടേറെ സമരാര്‍ജിത സ്വത്തുകള്‍ അവന്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്; എന്നാല്‍ ഈ ഖൈബര്‍ സ്വത്ത് നേരത്തെ തന്നിരിക്കയാണ്. സത്യവിശ്വാസികള്‍ക്ക് ദൃഷ്ടാന്തമായിരിക്കാനും നിങ്ങളെ നേര്‍മാര്‍ഗത്തിലാക്കാനുമായി ജനഹസ്തങ്ങള്‍ നിങ്ങളില്‍ നിന്ന് അവന്‍ പ്രതിരോധിക്കുകയും നിങ്ങള്‍ക്ക് നേടിയെടുക്കാനാകാത്ത-അല്ലാഹു വലയം ചെയ്ത-മറ്റു നേട്ടങ്ങള്‍ വാഗ്ദാനം ചെയ്കയുമുണ്ടായി. ഏതു കാര്യത്തിനും കഴിവുറ്റവനാണവന്‍.11

2 വിശദീകരണങ്ങൾ കാണുക

10. ബൈഅത്തുര്‍രിദ്‌വാനില്‍ പങ്കെടുത്ത സ്വഹാബികള്‍ക്ക് ഇസ്‌ലാമിന്റെ വിജയം മാത്രമായിരുന്നു ലക്ഷ്യം. അവരുടെ മനസ്സിലെ ആത്മാര്‍ത്ഥത നിമിത്തം അല്ലാഹുവിന്റെ സംതൃപ്തിയും മാനസിക സമാധാനവും ലഭിച്ചു. തന്മൂലം അവന്റെ പൊരുത്തത്തിനവര്‍ വിധേയരായിത്തീര്‍ന്നു.

11. നബി(സ്വ)യുടെ കാലത്തും അതിനു ശേഷവുമായി ലഭിക്കുന്ന മുഴുഗനീമത്തുകളും ഇവിടെ വിവക്ഷയാണ്; എന്നാല്‍ ഖൈബറിലെ ഗനീമത്ത് മുന്‍കൂറായി പെട്ടെന്ന് തരികയാണെന്ന് വിവക്ഷ. രൂക്ഷമായ ആത്മഭയത്താല്‍ കോട്ടകൊത്തളങ്ങളും കുമിഞ്ഞുകൂടിയ സ്വത്തുസമ്പാദ്യങ്ങളും ഇട്ടെറിഞ്ഞ് തടിരക്ഷപ്പെടുത്തുകയായിരുന്നു അന്ന് ജൂതന്മാര്‍. അവരുടെ സഖ്യകക്ഷികളായിരുന്ന ബനൂഅസദും ഗഥഫാനും ഏറ്റുമുട്ടലിന് കോപ്പുകൂട്ടിയിരുന്നുവെങ്കിലും ഭയന്നുവിറച്ചു പിന്‍വാങ്ങി. അല്ലാഹു നിങ്ങളില്‍ നിന്ന് ജനഹസ്തങ്ങള്‍ പ്രതിരോധിച്ചുവെന്നു പറഞ്ഞതു കൊണ്ടുദ്ദേശ്യം ഇതാണ്.

لَّيۡسَ عَلَى ٱلۡأَعۡمَىٰ حَرَجٞ وَلَا عَلَى ٱلۡأَعۡرَجِ حَرَجٞ وَلَا عَلَى ٱلۡمَرِيضِ حَرَجٞۗ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ يُدۡخِلۡهُ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۖ وَمَن يَتَوَلَّ يُعَذِّبۡهُ عَذَابًا أَلِيمٗا ۝١٧
۞ لَّقَدۡ رَضِيَ ٱللَّهُ عَنِ ٱلۡمُؤۡمِنِينَ إِذۡ يُبَايِعُونَكَ تَحۡتَ ٱلشَّجَرَةِ فَعَلِمَ مَا فِي قُلُوبِهِمۡ فَأَنزَلَ ٱلسَّكِينَةَ عَلَيۡهِمۡ وَأَثَٰبَهُمۡ فَتۡحٗا قَرِيبٗا ۝١٨
وَمَغَانِمَ كَثِيرَةٗ يَأۡخُذُونَهَاۗ وَكَانَ ٱللَّهُ عَزِيزًا حَكِيمٗا ۝١٩
وَعَدَكُمُ ٱللَّهُ مَغَانِمَ كَثِيرَةٗ تَأۡخُذُونَهَا فَعَجَّلَ لَكُمۡ هَٰذِهِۦ وَكَفَّ أَيۡدِيَ ٱلنَّاسِ عَنكُمۡ وَلِتَكُونَ ءَايَةٗ لِّلۡمُؤۡمِنِينَ وَيَهۡدِيَكُمۡ صِرَٰطٗا مُّسۡتَقِيمٗا ۝٢٠
وَأُخۡرَىٰ لَمۡ تَقۡدِرُواْ عَلَيۡهَا قَدۡ أَحَاطَ ٱللَّهُ بِهَاۚ وَكَانَ ٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٗا ۝٢١
22–24

ആ നിഷേധികള്‍ നിങ്ങളുമായി പോരാട്ടം നടത്തിയിരുന്നെങ്കില്‍ തന്നെ അവര്‍ പിന്തിരിഞ്ഞോടിയിരുന്നേനെ; പിന്നീട് ഒരു രക്ഷകനെയും സഹായിയെയും അവര്‍ക്ക് കണ്ടെത്താനുമാവില്ല. പണ്ടു മുതലേ നടന്നുവരുന്ന അല്ലാഹുവിന്റെ നടപടിയാണിത്. അവന്റെ നടപടികളില്‍ ഒരുവിധ ഭേദഗതിയും താങ്കള്‍ക്ക് കണ്ടെത്താനേ ആവില്ല. ആ ബഹുദൈവ വിശ്വാസികള്‍ക്കെതിരെ നിങ്ങള്‍ക്ക് വിജയം തന്ന ശേഷം മക്കയുടെ ഉള്ളില്‍ വെച്ച് നിങ്ങളുടെ ഹസ്തങ്ങള്‍ പരസ്പരം നീളുന്നത് ഉപരോധിച്ചവനാണ് അല്ലാഹു. നിങ്ങളുടെ പ്രവൃത്തികള്‍ നന്നായി കണ്ടറിയുന്നവനാണവന്‍.12

1 വിശദീകരണം കാണുക

12. ഹുദൈബിയയിലെത്തിയ സംഘം തങ്ങളെ വകവരുത്താന്‍ വന്ന 80 മക്കക്കാരെ ബന്ദികളാക്കുകയും പിന്നീട് നിരുപാധികം വിട്ടയക്കുകയും ചെയ്തു. അതാണ് 24-ാം സൂക്തത്തിലെ സൂചന. ഈ ഔദാര്യം പരിഗണിച്ചാണ് മക്കക്കാര്‍ സന്ധിക്കു തയ്യാറായത് (മുസ്‌ലിം, അഹ്മദ്).

وَلَوۡ قَٰتَلَكُمُ ٱلَّذِينَ كَفَرُواْ لَوَلَّوُاْ ٱلۡأَدۡبَٰرَ ثُمَّ لَا يَجِدُونَ وَلِيّٗا وَلَا نَصِيرٗا ۝٢٢
سُنَّةَ ٱللَّهِ ٱلَّتِي قَدۡ خَلَتۡ مِن قَبۡلُۖ وَلَن تَجِدَ لِسُنَّةِ ٱللَّهِ تَبۡدِيلٗا ۝٢٣
وَهُوَ ٱلَّذِي كَفَّ أَيۡدِيَهُمۡ عَنكُمۡ وَأَيۡدِيَكُمۡ عَنۡهُم بِبَطۡنِ مَكَّةَ مِنۢ بَعۡدِ أَنۡ أَظۡفَرَكُمۡ عَلَيۡهِمۡۚ وَكَانَ ٱللَّهُ بِمَا تَعۡمَلُونَ بَصِيرًا ۝٢٤
25

സത്യത്തെ നിഷേധിക്കുകയും മസ്ജിദുല്‍ഹറാമില്‍ നിന്ന് നിങ്ങളെയും ബലിമൃഗങ്ങള്‍ നിശ്ചിത സ്ഥലത്തെത്തുന്നതും പ്രതിരോധിക്കുകയും ചെയ്തവരാണവര്‍. നിങ്ങളുടെ അറിവോടെയല്ലാതെ, സത്യവിശ്വാസികളായ ചില സ്ത്രീ-പുരുഷന്മാരെ നിങ്ങള്‍ ചവിട്ടിമെതിക്കാനും സബോധമല്ലാതെ നിങ്ങള്‍ക്ക് ദോഷബാധയുണ്ടാകാനും സാധ്യതയില്ലായിരുന്നെങ്കില്‍ യുദ്ധം നടന്നേനെ!13
താനുദ്ദേശിക്കുന്നവരെ തന്റെ കാരുണ്യത്തില്‍ അല്ലാഹു ഉള്‍പെടുത്തേണ്ടതിനായിരുന്നു ഇത്. ആ നിഷേധികളും വിശ്വാസികളും വെവ്വേറെയായിരുന്നു താമസമെങ്കില്‍ വേദനയുറ്റ ശിക്ഷ നിഷേധികള്‍ക്ക് നാം നല്‍കിയിരുന്നേനെ.

1 വിശദീകരണം കാണുക

13. മദീനയിലേക്ക് പോകാനാകാതെ പാവപ്പെട്ടവരും നിസ്സഹായരുമായ ചില മുസ്‌ലിംകള്‍ സത്യവിശ്വാസം പരസ്യമാക്കാതെ മക്കയില്‍ ജീവിച്ചു വരുന്നുണ്ടായിരുന്നു. ഒരു യുദ്ധമുണ്ടാവുകയാണെങ്കില്‍ ആ വിശ്വാസികള്‍ അബദ്ധവശാല്‍ കൊല്ലപ്പെടും. അറിഞ്ഞുകൊണ്ടല്ലെങ്കിലും, അങ്ങനെ സംഭവിച്ചാല്‍ അതു വലിയ മനഃസംഘര്‍ഷവും കുറ്റബോധവുമുണ്ടാക്കും. അതുകൊണ്ടാണ് ഒരു ഏറ്റുമുട്ടല്‍ അല്ലാഹു ഒഴിവാക്കിയത്. മേല്‍സൂചിപ്പിച്ച മുസ്‌ലിംകളും ഈ മുശ്‌രിക്കുകളും വെവ്വേറെയാണ് താമസിച്ചിരുന്നത് എങ്കില്‍ ആ ധിക്കാരികളെ ഒരു ഏറ്റുമുട്ടലിലൂടെ നാം പാഠം പഠിപ്പിക്കുമെന്നാണ് പറയുന്നത്.

هُمُ ٱلَّذِينَ كَفَرُواْ وَصَدُّوكُمۡ عَنِ ٱلۡمَسۡجِدِ ٱلۡحَرَامِ وَٱلۡهَدۡيَ مَعۡكُوفًا أَن يَبۡلُغَ مَحِلَّهُۥۚ وَلَوۡلَا رِجَالٞ مُّؤۡمِنُونَ وَنِسَآءٞ مُّؤۡمِنَٰتٞ لَّمۡ تَعۡلَمُوهُمۡ أَن تَطَـُٔوهُمۡ فَتُصِيبَكُم مِّنۡهُم مَّعَرَّةُۢ بِغَيۡرِ عِلۡمٖۖ لِّيُدۡخِلَ ٱللَّهُ فِي رَحۡمَتِهِۦ مَن يَشَآءُۚ لَوۡ تَزَيَّلُواْ لَعَذَّبۡنَا ٱلَّذِينَ كَفَرُواْ مِنۡهُمۡ عَذَابًا أَلِيمًا ۝٢٥
26–27

നിഷേധികള്‍ തങ്ങളുടെ മനസ്സുകളില്‍ അജ്ഞതായുഗത്തിന്റെ ദുരാഭിജാത്യം വെച്ചുപുലര്‍ത്തിയ സന്ദര്‍ഭം സ്മരണീയമാണ്. തത്സമയം ദൈവദൂതരിലും സത്യവിശ്വാസികളിലും അല്ലാഹു സമാധാനം വര്‍ഷിക്കുകയും ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്താനുള്ള ഉത്തരവ് സ്വീകരിക്കാന്‍-അതിനേറ്റം അര്‍ഹരും അതിന്റെ അവകാശികളും അവര്‍ തന്നെ- നിര്‍ബന്ധിക്കുകയുമുണ്ടായി. അല്ലാഹു സര്‍വകാര്യവും നന്നായറിയുന്നവനത്രേ.14
നിങ്ങള്‍-ഇന്‍ശാ അല്ലാഹ്-സമാധാന പൂര്‍വം മസ്ജിദുല്‍ഹറാമില്‍-തല മുണ്ഡനം ചെയ്തും മുടിവെട്ടിയും-പ്രവേശിക്കുകതന്നെ ചെയ്യുമെന്ന് ദൈവദൂതന്‍ ദര്‍ശിച്ച കിനാവ് അവന്‍ സത്യസമേതം സാക്ഷാല്‍ക്കരിക്കുകതന്നെ ചെയ്തു. നിങ്ങളറിയാത്തത് അല്ലാഹു അറിഞ്ഞിരുന്നു. അങ്ങനെ, അതല്ലാത്ത ഏറെ സമീപസ്ഥമായ ഖൈബര്‍ വിജയം കൂടി അവനുണ്ടാക്കി.15

2 വിശദീകരണങ്ങൾ കാണുക

14. ഹുദൈബിയ സന്ധീവ്യവസ്ഥകള്‍ തയ്യാറാക്കിയപ്പോള്‍ തനി ജാഹിലീ ആഢ്യത്വമാണ് മുശ്‌രിക്കുകള്‍ അടിച്ചേല്‍പിച്ചത്. അതിലെ വ്യവസ്ഥകളത്രയും മുസ്‌ലിംകള്‍ക്ക് അസഹനീയവും പ്രതികൂലവുമായിരുന്നു. എങ്കിലും അവയനുസരിക്കാനും സമ്മതിക്കാനും ദീര്‍ഘദൃഷ്ടിയോടെ നബി(സ്വ) നിര്‍ദേശിച്ചു. അല്ലാഹുവിനോടും റസൂലിനോടുമുള്ള അനുസരണവും വിധേയത്വവും അവര്‍ക്ക് നിര്‍ബന്ധമാണല്ലോ.

15. ഹുദൈബിയയില്‍ തടഞ്ഞുവെക്കപ്പെട്ടതിന്റെ അടുത്ത വര്‍ഷം തന്നെ സന്ധീവ്യവസ്ഥപ്രകാരം നബിയും സ്വഹാബികളും സമാധാനപൂര്‍വം ഉംറ നിര്‍വഹിക്കുക വഴി സ്വപ്നം സാക്ഷാല്‍കൃതമായി. അടുത്ത വര്‍ഷം (ഹിജ്‌റ 8) മക്കാവിജയമുണ്ടായി. പതിനായിരം മുസ്‌ലിംകളുമായാണവര്‍ മക്കയിലെത്തിയത്. ഹുദൈബിയയിലുണ്ടായിരുന്നത് 1400 പേര്‍ മാത്രം.

إِذۡ جَعَلَ ٱلَّذِينَ كَفَرُواْ فِي قُلُوبِهِمُ ٱلۡحَمِيَّةَ حَمِيَّةَ ٱلۡجَٰهِلِيَّةِ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلۡمُؤۡمِنِينَ وَأَلۡزَمَهُمۡ كَلِمَةَ ٱلتَّقۡوَىٰ وَكَانُوٓاْ أَحَقَّ بِهَا وَأَهۡلَهَاۚ وَكَانَ ٱللَّهُ بِكُلِّ شَيۡءٍ عَلِيمٗا ۝٢٦
لَّقَدۡ صَدَقَ ٱللَّهُ رَسُولَهُ ٱلرُّءۡيَا بِٱلۡحَقِّۖ لَتَدۡخُلُنَّ ٱلۡمَسۡجِدَ ٱلۡحَرَامَ إِن شَآءَ ٱللَّهُ ءَامِنِينَ مُحَلِّقِينَ رُءُوسَكُمۡ وَمُقَصِّرِينَ لَا تَخَافُونَۖ فَعَلِمَ مَا لَمۡ تَعۡلَمُواْ فَجَعَلَ مِن دُونِ ذَٰلِكَ فَتۡحٗا قَرِيبًا ۝٢٧
28–29

നേര്‍മാര്‍ഗവും സത്യമതവുമായി തന്റെ ദൂതനെ അയച്ചത് അല്ലാഹുവാണ്- മറ്റെല്ലാ മതങ്ങളെക്കാളും അതിനെ സമുന്നതമാക്കാന്‍. സാക്ഷിയായി അല്ലാഹു തന്നെ ധാരാളം!16
മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാകുന്നു; താനൊന്നിച്ചുള്ളവര്‍ നിഷേധികളോട് കര്‍ക്കശമായി വര്‍ത്തിക്കുന്നവരും അവര്‍ പരസ്പരം കാരുണ്യമുള്ളവരുമാണ്. അല്ലാഹുവിന്റെ ഔദാര്യവും സംതൃപ്തിയുമര്‍ത്ഥിച്ചുകൊണ്ട്, കുനിഞ്ഞും സാഷ്ടാംഗം നമിച്ചും-സുജൂദിന്റെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്-നമസ്‌കരിക്കുന്നതായി താങ്കള്‍ക്കു കാണാം. തൗറാത്തില്‍ ഇപ്രകാരമാണവരുടെ വിശേഷണം. ഇന്‍ജീലില്‍ അവരുടെ ഉപമ ഇങ്ങനെയത്രേ: പുഷ്ടിപ്പെട്ട്, കരുത്തു നേടി കൂമ്പ് വെളിപ്പെടുത്തിയ ഒരു കൃഷി. കര്‍ഷകരെ സന്തുഷ്ടരാക്കും വിധം തണ്ടിന്മേല്‍ അത് നിവര്‍ന്നുനിലകൊണ്ടു.17
സത്യവിശ്വാസികളെ ഇവ്വിധമാക്കിയത് നിഷേധികളെ രോഷാകുലരാക്കാനാണ്. അവരില്‍ നിന്ന് സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു.18

3 വിശദീകരണങ്ങൾ കാണുക

16. തിരുനബി(സ്വ) നിയുക്തരായപ്പോള്‍ ആളുകളത്രയും ബഹുദൈവ വിശ്വാസികളോ ജൂത-ക്രിസ്തീയരോ മറ്റോ ആയിരുന്നു. എന്നാല്‍ രണ്ടര പതിറ്റാണ്ട് തികയും മുമ്പ് മറ്റുള്ളവ തിരോഭവിച്ച് ഇസ്‌ലാം മേല്‍ക്കൈ നേടി. ഇതിനുവേണ്ടിയാണ് നബി(സ്വ)യെ അയച്ചത്. വിശ്വാസത്തിന്റെ പേരില്‍ മുസ്‌ലിംകളെ ദ്രോഹിക്കുകയും നിഷ്ഠുരമായി കൊന്നുകളയുക വരെയും ചെയ്തിരുന്നവരാണ് മക്കയിലെ മുശ്‌രിക്കുകള്‍. തങ്ങളുടെ പീഡകരോടും ഘാതകരോടും അവര്‍ക്ക് ക്രോധവും വിദ്വേഷവുമുണ്ടാവുക സ്വാഭാവികം മാത്രം. എന്നാല്‍, അവരുടെ തനത് സ്വഭാവം എന്താണ്? വളരെ മാന്യവും ശ്രേഷ്ഠവും ഉദാത്തവും. അവരുടെ പരസ്പര സമീപനങ്ങളില്‍ അതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ കാണാം. ബൈബിള്‍ പഴയനിയമത്തിലും അവരെ പറ്റി ഇതേ വിശേഷണങ്ങളുണ്ട്.

17. ഈ ഉപമയിലെ കൃഷി മുഹമ്മദ് നബി(സ്വ) ആകുന്നു. പുഷ്ടിപ്പെട്ട് കരുത്തു നേടിയ കൂമ്പ് സ്വഹാബികളാണ്. സ്വന്തം കാലിലവര്‍ നിവര്‍ന്നുനിന്ന് അന്തസ്സാര്‍ന്നവരായി. വിവിധ നാടുകളിലെത്തി സത്യത്തിന്റെ വെളിച്ചം തെളിച്ചു. ബൈബിളിലെ മത്തായി 13:31, 32 മര്‍ക്കോസ് 4:26-32 വചനങ്ങള്‍ ഇപ്പറഞ്ഞതിനോട് സദൃശമായി കാണാം. 'നിങ്ങളിലൊരാള്‍ ഉഹുദ്മലയുടെ അത്ര സ്വര്‍ണം ചെലവു ചെയ്താലും അവരുടെ പാതി മുദ്ദിന്റെ (പഴയ ഒരളവുപാത്രം) അത്രപോലുമാകില്ല' (ഹദീസ്-ബുഖാരി, മുസ്‌ലിം).

18. സര്‍വശക്തനും പ്രപഞ്ച നാഥനുമായ അല്ലാഹുവിനെ നിഷേധിക്കുകയും ധിക്കരിക്കുകയും ചെയ്യുന്ന മുശ്‌രിക്കുകളെ രോഷാകുലരാക്കാന്‍ വേണ്ടിയാണ് സത്യവിശ്വാസികളെ ഈ വിധം ശക്തരാക്കിയത് എന്നര്‍ത്ഥം. എണ്ണത്തില്‍ തുച്ഛമായിരുന്ന അവര്‍ പെരുകി വര്‍ധിച്ച് ദൗര്‍ബല്യാനന്തരം ശക്തി നേടി; ഇസ്‌ലാം പ്രവാഹത്തിലെ ശില പോലെ തലയുയര്‍ത്തി നിന്നു; ഉദയസൂര്യനു ചുവട്ടിലെങ്ങും അത് വ്യാപിച്ചു. എന്നാല്‍ നിഷേധികളിലാരെങ്കിലും സത്യമാര്‍ഗം പുല്‍കിയാലോ? സംശയമൊട്ടുമേ വേണ്ട, അവര്‍ക്കു പാപമോചനവും മഹത്തായ സ്വര്‍ഗവും അവര്‍ക്കല്ലാഹു കനിഞ്ഞേകുന്നതാണ്.

هُوَ ٱلَّذِيٓ أَرۡسَلَ رَسُولَهُۥ بِٱلۡهُدَىٰ وَدِينِ ٱلۡحَقِّ لِيُظۡهِرَهُۥ عَلَى ٱلدِّينِ كُلِّهِۦۚ وَكَفَىٰ بِٱللَّهِ شَهِيدٗا ۝٢٨
مُّحَمَّدٞ رَّسُولُ ٱللَّهِۚ وَٱلَّذِينَ مَعَهُۥٓ أَشِدَّآءُ عَلَى ٱلۡكُفَّارِ رُحَمَآءُ بَيۡنَهُمۡۖ تَرَىٰهُمۡ رُكَّعٗا سُجَّدٗا يَبۡتَغُونَ فَضۡلٗا مِّنَ ٱللَّهِ وَرِضۡوَٰنٗاۖ سِيمَاهُمۡ فِي وُجُوهِهِم مِّنۡ أَثَرِ ٱلسُّجُودِۚ ذَٰلِكَ مَثَلُهُمۡ فِي ٱلتَّوۡرَىٰةِۚ وَمَثَلُهُمۡ فِي ٱلۡإِنجِيلِ كَزَرۡعٍ أَخۡرَجَ شَطۡـَٔهُۥ فَـَٔازَرَهُۥ فَٱسۡتَغۡلَظَ فَٱسۡتَوَىٰ عَلَىٰ سُوقِهِۦ يُعۡجِبُ ٱلزُّرَّاعَ لِيَغِيظَ بِهِمُ ٱلۡكُفَّارَۗ وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ مِنۡهُم مَّغۡفِرَةٗ وَأَجۡرًا عَظِيمَۢا ۝٢٩