Sunday, 11 October 2026 Hijri: — 02:17:00 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അൽ ഹുജുറാത്ത് الحجرات Al-Hujurat

Surah 49 മദനിയ്യ • مدنية • Madaniyah 18 ആയത്തുകൾ • 18 Ayahs

സൂറത്ത് അൽ ഹുജുറാത്ത് (Al-Hujurat), ഖുർആൻ അധ്യായം 49 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 18 ആയത്തുകൾ വായിക്കുക. Read Surah Al-Hujurat with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–3

സത്യവിശ്വാസികളേ, അല്ലാഹുവിന്റെയും ദൂതരുടെയും സന്നിധിയില്‍ നിങ്ങള്‍ മുന്‍കടക്കാതിരിക്കുക. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കണം; നിശ്ചയം, അവന്‍ നന്നായി കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവനാണ്.1
സത്യവിശ്വാസികളേ, നിങ്ങളുടെ ശബ്ദം പ്രവാചകന്റേതിനു മീതെ ഉയര്‍ത്തുകയോ അവിടത്തോട് സംസാരിക്കുമ്പോള്‍-നിങ്ങള്‍ പരസ്പരമെന്ന പോലെ- ഉച്ചത്തില്‍ പറയുകയോ അരുത്-അറിയാതെ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഫലശൂന്യമാകാതിരിക്കാന്‍. നബിസന്നിധിയില്‍ പതുക്കെ സംസാരിക്കുന്നവരുടെ ഹൃദയങ്ങള്‍ സൂക്ഷ്മജീവിതത്തിനായി അല്ലാഹു പരീക്ഷിച്ചെടുത്തതാണ്. അവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ട്.2

2 വിശദീകരണങ്ങൾ കാണുക

1. നാലാം സൂക്തത്തില്‍ വരുന്ന അല്‍ഹുജുറാത്ത് എന്ന പദമാണ് ഈ സൂറയുടെ പേര്. തിരുനബി(സ്വ)യുടെ വ്യക്തിത്വം അത്യന്തം മഹോന്നതമാണല്ലോ. അവിടത്തോടുള്ള ഇടപഴക്ക രീതികളും സമീപനമര്യാദകളുമാണിവിടെ പറയുന്നത്. വാക്കിലോ പ്രവൃത്തിയിലോ അഭിപ്രായ പ്രകടനത്തിലോ ഒന്നും തന്നെ നബി(സ്വ)യെ മറികടക്കാന്‍ സത്യവിശ്വാസികള്‍ക്ക് പാടില്ല.

2. ബനൂതമീം ഗോത്രത്തില്‍ നിന്നുള്ള ഒരു ദൗത്യസംഘം മദീനയില്‍ വന്നഘട്ടത്തില്‍ തിരുമേനി(സ്വ)യുടെ റൂമിനടുത്തുവെച്ച് ഹസ്രത്ത് അബൂബക്ര്‍ സ്വിദ്ദീഖും ഉമറുബ്‌നുല്‍ഖത്താബും(റ) സംസാരിച്ചപ്പോള്‍ അല്‍പം ശബ്ദമുയര്‍ന്നു പോയി. തത്സമയമാണ് ഈ സൂക്തമിറങ്ങിയത്. ഗുരുതരമായ അച്ചടക്ക ലംഘനമാണത് എന്നതിനാല്‍ മേലില്‍ ഇങ്ങനെ ഉണ്ടാകരുത്; ചെയ്തുപോയ സല്‍ക്കര്‍മങ്ങളത്രയും പാഴായിപ്പോകും! അതിന്റെ ഗൗരവം ഗ്രഹിക്കണമെന്നാണിവിടെ വ്യക്തമാക്കുന്നത്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تُقَدِّمُواْ بَيۡنَ يَدَيِ ٱللَّهِ وَرَسُولِهِۦۖ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٞ ۝١
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَرۡفَعُوٓاْ أَصۡوَٰتَكُمۡ فَوۡقَ صَوۡتِ ٱلنَّبِيِّ وَلَا تَجۡهَرُواْ لَهُۥ بِٱلۡقَوۡلِ كَجَهۡرِ بَعۡضِكُمۡ لِبَعۡضٍ أَن تَحۡبَطَ أَعۡمَٰلُكُمۡ وَأَنتُمۡ لَا تَشۡعُرُونَ ۝٢
إِنَّ ٱلَّذِينَ يَغُضُّونَ أَصۡوَٰتَهُمۡ عِندَ رَسُولِ ٱللَّهِ أُوْلَٰٓئِكَ ٱلَّذِينَ ٱمۡتَحَنَ ٱللَّهُ قُلُوبَهُمۡ لِلتَّقۡوَىٰۚ لَهُم مَّغۡفِرَةٞ وَأَجۡرٌ عَظِيمٌ ۝٣
4–6

മുറികളുടെ പുറത്തുനിന്ന് അങ്ങയെ നീട്ടിവിളിക്കുന്ന മിക്കവരും ചിന്തിച്ചു ഗ്രഹിക്കുന്നില്ല; താങ്കള്‍ പുറത്തിറങ്ങുംവരെ ക്ഷമ കൈക്കൊണ്ടിരുന്നുവെങ്കില്‍ അതാണവര്‍ക്ക് ഉദാത്തം. അല്ലാഹു ഏറെ മാപ്പരുളുന്നവനും കരുണാമയനുമാകുന്നു.3
സത്യവിശ്വാസികളേ, എന്തെങ്കിലും വൃത്താന്തവുമായി ഒരു അധര്‍മകാരി നിങ്ങളെ സമീപിച്ചാല്‍ സ്പഷ്ടമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലുമൊരു കൂട്ടര്‍ക്ക് നിങ്ങള്‍ അപകടം വരുത്തുകയും തുടര്‍ന്ന് അതിന്റെ പേരില്‍ ദുഃഖിക്കുകയും ചെയ്യാതിരിക്കാനാണിത്.4

2 വിശദീകരണങ്ങൾ കാണുക

3. ഗ്രാമീണ നിവാസികളായ ചില അഅ്‌റാബികള്‍ മദീനയിലെത്തുകയും തിരുനബി(സ്വ)യെ കാണാനായി താമസമുറികള്‍ക്ക് ചുറ്റും പരതിനടക്കുകയുമുണ്ടായി. പുറത്തൊന്നും കാണാനാകാതെ വന്നപ്പോള്‍ 'ഓ മുഹമ്മദ്, ഞങ്ങളുടെയടുത്തേക്ക് വരൂ' എന്ന് അവര്‍ ആവര്‍ത്തിച്ചു നീട്ടിവിളിച്ചു. അപ്പോഴായിരുന്നു ഈ സൂക്താവതരണം.

4. ഏത് വാര്‍ത്ത കേള്‍ക്കുമ്പോഴും സത്യാവസ്ഥയും നിജസ്ഥിതിയും ഉറപ്പുവരുത്തണം; നിവേദകന്റെയും പ്രഭവ കേന്ദ്രത്തിന്റെയും പ്രാമാണികത ബോധ്യപ്പെടണം. പതിനാലു നൂറ്റാണ്ടു മുമ്പ് ഖുര്‍ആന്‍ പഠിപ്പിച്ച ഈ വൃത്താന്ത സദാചാരം ലംഘിക്കപ്പെടുന്നതാണ്, ഇന്ന് ലോകത്തു നടക്കുന്ന മിക്ക അനിഷ്ട സംഭവങ്ങളുടെയും ദൂരവ്യാപക പ്രതിഫലനങ്ങളുണ്ടാക്കുന്ന സംഹരണങ്ങളുടെയും അടിസ്ഥാനകാരണമെന്നു കാണാം.

إِنَّ ٱلَّذِينَ يُنَادُونَكَ مِن وَرَآءِ ٱلۡحُجُرَٰتِ أَكۡثَرُهُمۡ لَا يَعۡقِلُونَ ۝٤
وَلَوۡ أَنَّهُمۡ صَبَرُواْ حَتَّىٰ تَخۡرُجَ إِلَيۡهِمۡ لَكَانَ خَيۡرٗا لَّهُمۡۚ وَٱللَّهُ غَفُورٞ رَّحِيمٞ ۝٥
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِن جَآءَكُمۡ فَاسِقُۢ بِنَبَإٖ فَتَبَيَّنُوٓاْ أَن تُصِيبُواْ قَوۡمَۢا بِجَهَٰلَةٖ فَتُصۡبِحُواْ عَلَىٰ مَا فَعَلۡتُمۡ نَٰدِمِينَ ۝٦
7–8

നിങ്ങള്‍ക്കിടയിലുള്ളത് അല്ലാഹുവിന്റെ ദൂതരാണ് എന്നറിയണം. അവിടന്ന് പലകാര്യങ്ങളിലും നിങ്ങളെയനുസരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കത് പ്രയാസകരമാകുമായിരുന്നു.5
പക്ഷേ, അല്ലാഹു സത്യവിശ്വാസം നിങ്ങള്‍ക്ക് പ്രിയങ്കരവും ഹൃദയങ്ങളിലലംകൃതവുമാക്കുകയും, അവിശ്വാസവും അധര്‍മവും അനുസരണരാഹിത്യവും അഹിതകരമാക്കുകയും ചെയ്തു. അവര്‍ തന്നെയത്രേ നേര്‍മാര്‍ഗം പ്രാപിച്ചവര്‍. അല്ലാഹുവിങ്കല്‍ നിന്നുള്ള ഔദാര്യവും അനുഗ്രഹവുമാണത്. അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

1 വിശദീകരണം കാണുക

5. ചിലയാളുകളുടെ ഇംഗിതമനുസരിച്ചല്ല, നബി(സ്വ) എന്തെങ്കിലും പ്രവര്‍ത്തിക്കുക; അങ്ങനെയായിരുന്നെങ്കില്‍ മറ്റുള്ളവര്‍ക്കത് ദുഷ്‌ക്കരമാകും. പ്രത്യുത, ഉമ്മത്തിന്റെ ഗുണത്തിനു വേണ്ടി മാത്രമേ അവിടന്ന് എന്തും പറയുകയും പ്രവര്‍ത്തിക്കുകയുമുള്ളൂ.

وَٱعۡلَمُوٓاْ أَنَّ فِيكُمۡ رَسُولَ ٱللَّهِۚ لَوۡ يُطِيعُكُمۡ فِي كَثِيرٖ مِّنَ ٱلۡأَمۡرِ لَعَنِتُّمۡ وَلَٰكِنَّ ٱللَّهَ حَبَّبَ إِلَيۡكُمُ ٱلۡإِيمَٰنَ وَزَيَّنَهُۥ فِي قُلُوبِكُمۡ وَكَرَّهَ إِلَيۡكُمُ ٱلۡكُفۡرَ وَٱلۡفُسُوقَ وَٱلۡعِصۡيَانَۚ أُوْلَٰٓئِكَ هُمُ ٱلرَّٰشِدُونَ ۝٧
فَضۡلٗا مِّنَ ٱللَّهِ وَنِعۡمَةٗۚ وَٱللَّهُ عَلِيمٌ حَكِيمٞ ۝٨
9–10

സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടു വിഭാഗങ്ങള്‍ അന്യോന്യം പോരാട്ടം നടത്തുകയാണെങ്കില്‍ നിങ്ങളവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കണം. എന്നിട്ട്, രണ്ടിലൊരു കക്ഷി മറുവിഭാഗത്തോട് അതിക്രമം കാട്ടിയാല്‍-അല്ലാഹുവിന്റെ കല്‍പനയിലേക്ക് തിരിച്ചെത്തുംവരെ- ആ അതിക്രമികളോട് നിങ്ങള്‍ അടരാടുക. അവര്‍ മടങ്ങുന്നുവെങ്കില്‍ നീതിയോടെ ഇരുകക്ഷികള്‍ക്കുമിടയില്‍ രഞ്ജിപ്പുണ്ടാക്കുകയും നിങ്ങള്‍ നീതി പുലര്‍ത്തുകയും ചെയ്യുക. നിശ്ചയം, നീതിപാലകരെ അല്ലാഹു ഇഷ്ടപ്പെടുന്നു.6
സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങള്‍ തന്നെയാണ്. അതുകൊണ്ട്, ഇരുസഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുകയും കരുണ വര്‍ഷിക്കപ്പെടാനായി അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക.

1 വിശദീകരണം കാണുക

6. സത്യവിശ്വാസികളിലെ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമോ സംഘര്‍ഷമോ ഉണ്ടായാല്‍ അവര്‍ക്കിടയില്‍ ഐക്യവും രഞ്ജിപ്പുമുണ്ടാക്കേണ്ടത് മുസ്‌ലിംകളുടെ പൊതുബാധ്യതയാണ്. നീതിനിഷ്ഠമായിരിക്കണം അത്തരം പ്രവര്‍ത്തനങ്ങള്‍.

وَإِن طَآئِفَتَانِ مِنَ ٱلۡمُؤۡمِنِينَ ٱقۡتَتَلُواْ فَأَصۡلِحُواْ بَيۡنَهُمَاۖ فَإِنۢ بَغَتۡ إِحۡدَىٰهُمَا عَلَى ٱلۡأُخۡرَىٰ فَقَٰتِلُواْ ٱلَّتِي تَبۡغِي حَتَّىٰ تَفِيٓءَ إِلَىٰٓ أَمۡرِ ٱللَّهِۚ فَإِن فَآءَتۡ فَأَصۡلِحُواْ بَيۡنَهُمَا بِٱلۡعَدۡلِ وَأَقۡسِطُوٓاْۖ إِنَّ ٱللَّهَ يُحِبُّ ٱلۡمُقۡسِطِينَ ۝٩
إِنَّمَا ٱلۡمُؤۡمِنُونَ إِخۡوَةٞ فَأَصۡلِحُواْ بَيۡنَ أَخَوَيۡكُمۡۚ وَٱتَّقُواْ ٱللَّهَ لَعَلَّكُمۡ تُرۡحَمُونَ ۝١٠
11–12

സത്യവിശ്വാസികളേ, ഒരു ജനത മറ്റൊരു ജനതയെ പരിഹസിക്കരുത്; അവര്‍ ഇവരെക്കാള്‍ ശ്രേഷ്ഠരായേക്കാം. ഒരു വനിതാവിഭാഗം മറ്റൊരു വനിതാവിഭാഗത്തെയും കളിയാക്കരുത്; അവര്‍ ഇവരെക്കാള്‍ ഉദാത്തരായേക്കാം. നിങ്ങള്‍ പരസ്പരം കുത്തുവാക്കുകള്‍ പറയാനും പരിഹാസപ്പേരുകള്‍ വിളിച്ച് അപമാനിക്കാനും പാടില്ല. വിശ്വാസം വരിച്ചതില്‍ പിന്നെ ചീത്തപ്പേര് വിളി ഹീനം തന്നെ. ഇങ്ങനെ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ പശ്ചാത്തപിക്കാത്തവര്‍ അതിക്രമകാരികള്‍ തന്നെയാകുന്നു.7
വിശ്വാസികളേ, മിക്ക ഊഹങ്ങളും നിങ്ങള്‍ വര്‍ജിക്കണം; നിശ്ചയം, അവയില്‍ ചിലത് കുറ്റകരമാകുന്നു. നിങ്ങള്‍ ചാരപ്പണി നടത്തുകയോ പരദൂഷണം പറയുകയോ അരുത്. സ്വസഹോദരന്റെ മൃതദേഹമാംസം ഭുജിക്കാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? അത് നിങ്ങള്‍ വെറുക്കുകയാണുണ്ടാവുക. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കണം. നിശ്ചയം, പശ്ചാത്താപ സ്വീകര്‍ത്താവും കരുണാമയനുമാണവന്‍.8

2 വിശദീകരണങ്ങൾ കാണുക

7. പരിഹാസവും കുത്തുവാക്കുകള്‍ പറയലും ഇന്ന് സാര്‍വത്രികമാണ്. എന്നാല്‍ വിശ്വാസികള്‍ അത് വര്‍ജിക്കണമെന്നാണ് പഠിപ്പിക്കുന്നത്. ഓരോ വ്യക്തിക്കും ഒരു വ്യക്തിത്വവും മാന്യതയുമുണ്ട്. അത് സംരക്ഷിക്കപ്പെടേണ്ടതാണ്. വീഴ്ചകളിലും ന്യൂനതകളിലും നിന്ന് മുക്തരായവര്‍ ആരുമുണ്ടാകില്ല. മാത്രമല്ല, പലപ്പോഴും പരിഹാസകനേക്കാള്‍ ഉദാത്തനായിരിക്കും പരിഹാസ്യന്‍. സത്യവിശ്വാസത്തിന്റെ താല്‍പര്യത്തിന്ന് വിരുദ്ധമാണ് ഇതെല്ലാം.

8. തെറ്റിദ്ധാരണകളുടെയും ഊഹങ്ങളുടെയും വഴിയെയുള്ള പ്രവര്‍ത്തനങ്ങളാണ് മിക്കപ്പോഴും ഗുരുതരവും വ്യാപകവുമായ കുടുംബ സാമുദായിക സാമൂഹിക പ്രശ്‌നങ്ങളുണ്ടാക്കുക. പരദൂഷണവും ഏഷണിയും ചാരപ്പണിയും ഇങ്ങനെ തന്നെ. അത്യന്തം ഗര്‍ഹണീയമാണവ. വ്യക്തിതലം മുതല്‍ രാജ്യാന്തരീയതലം വരെയുള്ള ശാന്തി-സമാധാനത്തിനും ഐക്യത്തിനും ഭദ്രതക്കുമെല്ലാം ഇത്തരം ഹീനസ്വഭാവങ്ങള്‍ വര്‍ജിക്കപ്പെടേണ്ടതാണ്. മരിച്ചു കിടക്കുന്ന സ്വന്തം സഹോദരന്റെ പച്ചമാംസം തിന്നുന്നതിനോടാണ് ഇവിടെ പരദൂഷണം ഉപമിക്കപ്പെട്ടിരിക്കുന്നത്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا يَسۡخَرۡ قَوۡمٞ مِّن قَوۡمٍ عَسَىٰٓ أَن يَكُونُواْ خَيۡرٗا مِّنۡهُمۡ وَلَا نِسَآءٞ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيۡرٗا مِّنۡهُنَّۖ وَلَا تَلۡمِزُوٓاْ أَنفُسَكُمۡ وَلَا تَنَابَزُواْ بِٱلۡأَلۡقَٰبِۖ بِئۡسَ ٱلِٱسۡمُ ٱلۡفُسُوقُ بَعۡدَ ٱلۡإِيمَٰنِۚ وَمَن لَّمۡ يَتُبۡ فَأُوْلَٰٓئِكَ هُمُ ٱلظَّٰلِمُونَ ۝١١
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱجۡتَنِبُواْ كَثِيرٗا مِّنَ ٱلظَّنِّ إِنَّ بَعۡضَ ٱلظَّنِّ إِثۡمٞۖ وَلَا تَجَسَّسُواْ وَلَا يَغۡتَب بَّعۡضُكُم بَعۡضًاۚ أَيُحِبُّ أَحَدُكُمۡ أَن يَأۡكُلَ لَحۡمَ أَخِيهِ مَيۡتٗا فَكَرِهۡتُمُوهُۚ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ تَوَّابٞ رَّحِيمٞ ۝١٢
13–14

ഹേ മര്‍ത്യകുലമേ, ഒരാണിലും പെണ്ണിലും നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നത്. പരസ്പരം മനസ്സിലാക്കുവാന്‍ നിങ്ങളെ നാം വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കി. അല്ലാഹുവിങ്കല്‍ നിങ്ങളിലെ അത്യാദരണീയന്‍ ഏറ്റം ധര്‍മനിഷ്ഠനത്രേ. അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാണ്.9
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് ഗ്രാമീണവാസികളായ അറബികള്‍ പറയുന്നു. താങ്കള്‍ പ്രതികരിക്കുക: നിങ്ങള്‍ വിശ്വസിച്ചിട്ടില്ല, ഞങ്ങള്‍ കീഴ്‌പെട്ടിരിക്കുന്നു എന്ന് നിങ്ങള്‍ക്കവകാശപ്പെടാം. സത്യവിശ്വാസം നിങ്ങളുടെ ഹൃദയങ്ങളില്‍ കടന്നിട്ടില്ല! അല്ലാഹുവിനും ദൂതന്നും നിങ്ങള്‍ വിധേയരായിത്തീരുന്ന പക്ഷം സ്വകര്‍മഫലങ്ങളില്‍ നിന്ന് യാതൊന്നും നിങ്ങള്‍ക്കവന്‍ കുറവുവരുത്തുകയില്ല. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമാകുന്നു.10

2 വിശദീകരണങ്ങൾ കാണുക

9. ഒരേ മാതാപിതാക്കളുടെ മക്കളായ മര്‍ത്യകുലം അടിസ്ഥാനപരമായി തുല്യരാണ്. വിശ്വാസത്തിന്റെയും കര്‍മങ്ങളുടെയും മികവനുസരിച്ചാണ് ഏതൊരു വ്യക്തിയും വിശിഷ്ടനാവുക. പരസ്പരം തിരിച്ചറിയാനും മേല്‍വിലാസമുണ്ടാകാനുമായി മാത്രമാണ് വിവിധ ഗോത്രങ്ങളും വംശങ്ങളും വര്‍ണ-വര്‍ഗ-വിഭാഗങ്ങളുമായി അവര്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നത്.

10. ക്ഷാമബാധിതരായ ചില ഗ്രാമീണ അറബികള്‍ ഔദാര്യ പ്രതീക്ഷയുമായി നബി(സ്വ)യെ സമീപിക്കുകയും തങ്ങളുടെ ഇസ്‌ലാമാശ്ലേഷം അവരുടെ വകയായി നബിക്കു നല്‍കിയ ഒരു ഔദാര്യമാണെന്ന നിലക്കു സംസാരിക്കുകയും ചെയ്തു. അതാണ് പശ്ചാത്തലം. സത്യവിശ്വാസത്തിന്റെ വിലയും മാധുര്യവും ഗ്രഹിച്ചവര്‍ അതു പറയില്ലല്ലോ.
ആ അഅ്‌റാബികളെന്നല്ല, നമ്മുടെ ആധുനിക സമൂഹത്തില്‍ തന്നെ മിക്കവരും സത്യവിശ്വാസത്തിന്റെ യഥാര്‍ത്ഥ മൂല്യവും മാധുര്യവും അനുഭവിച്ചറിയാത്തവരാണ്. ആത്മാര്‍ത്ഥമായി അല്ലാഹുവിങ്കലേക്ക് അടുക്കുമ്പോഴേ അത് നേടിയെടുക്കാന്‍ കഴിയൂ.

يَٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقۡنَٰكُم مِّن ذَكَرٖ وَأُنثَىٰ وَجَعَلۡنَٰكُمۡ شُعُوبٗا وَقَبَآئِلَ لِتَعَارَفُوٓاْۚ إِنَّ أَكۡرَمَكُمۡ عِندَ ٱللَّهِ أَتۡقَىٰكُمۡۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٞ ۝١٣
۞ قَالَتِ ٱلۡأَعۡرَابُ ءَامَنَّاۖ قُل لَّمۡ تُؤۡمِنُواْ وَلَٰكِن قُولُوٓاْ أَسۡلَمۡنَا وَلَمَّا يَدۡخُلِ ٱلۡإِيمَٰنُ فِي قُلُوبِكُمۡۖ وَإِن تُطِيعُواْ ٱللَّهَ وَرَسُولَهُۥ لَا يَلِتۡكُم مِّنۡ أَعۡمَٰلِكُمۡ شَيۡـًٔاۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٌ ۝١٤
15–18

അല്ലാഹുവിലും ദൂതരിലും വിശ്വാസമര്‍പ്പിക്കുകയും പിന്നെ സന്ദേഹം വെച്ചുപുലര്‍ത്താതിരിക്കുകയും സ്വശരീര-സമ്പത്തുകള്‍ കൊണ്ട് ദൈവമാര്‍ഗത്തില്‍ സമരമനുഷ്ഠിക്കുകയും ചെയ്തവരേ സാക്ഷാല്‍ വിശ്വാസികളാകൂ. അവര്‍ തന്നെയാണ് സത്യസന്ധന്മാര്‍. അങ്ങ് ചോദിക്കുക: സ്വമതത്തെക്കുറിച്ച് അല്ലാഹുവിനെ പഠിപ്പിക്കയാണോ നിങ്ങള്‍? അവനാകട്ടെ, ഭുവന-വാനങ്ങളിലുള്ളതൊക്കെ അറിയുന്നു. സര്‍വ വിഷയങ്ങളെ സംബന്ധിച്ചും അഭിജ്ഞനാണവന്‍.11
തങ്ങളുടെ ഇസ്‌ലാമാശ്ലേഷം അവര്‍ കാണുന്നത് താങ്കളോടുള്ള ദാക്ഷിണ്യമായാണ്. അങ്ങ് പ്രതികരിക്കുക: നിങ്ങളുടെ ഇസ്‌ലാമാശ്ലേഷം എന്നോടുള്ള ദാക്ഷിണ്യമായി കാണേണ്ട; സത്യവിശ്വാസത്തിലേക്ക് നിങ്ങളെ മാര്‍ഗദര്‍ശനം ചെയ്തു എന്നത് അല്ലാഹു നിങ്ങളോടു കാണിച്ച ഔദാര്യമാണ്. സത്യവാന്മാരാണെങ്കില്‍ ഇത് നിങ്ങള്‍ ഗ്രഹിക്കുക. നിശ്ചയം, ഭുവന-വാനങ്ങളിലെ അദൃശ്യം അല്ലാഹു അറിയുന്നു. നിങ്ങളുടെ കര്‍മങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നവനാണവന്‍.12

2 വിശദീകരണങ്ങൾ കാണുക

11. നിങ്ങളുടെ വിശ്വാസത്തിന്റെ നിലവാരവും ഹൃദയവിശുദ്ധിയുടെ കാര്യവുമൊക്കെ സര്‍വജ്ഞനായ അല്ലാഹുവിനെ നിങ്ങള്‍ ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതില്ല, അവനത് വളരെ നന്നായി അറിയാമല്ലോ എന്ന് വിവക്ഷ. ഇവര്‍ കപട വിശ്വാസികളായിരുന്നു എന്ന ചിലരുടെ ധാരണ ശരിയല്ലെന്നും വിശ്വാസത്തില്‍ ദാര്‍ഢ്യത കൈവരിച്ചിട്ടില്ലാത്ത മുസ്‌ലിംകളായിരുന്നുവെന്നും ഇമാം ഇബ്‌നുകസീര്‍ ഇവിടെ പ്രത്യേകം രേഖപ്പെടുത്തിയിരിക്കുന്നു.

12. ഇസ്‌ലാമിലേക്ക് മനുഷ്യനെ വഴികാണിക്കുന്നു എന്നത് അല്ലാഹു ചെയ്യുന്ന ഏറ്റവും വലിയ ഒരനുഗ്രഹമാണ്. നിഷേധികള്‍ മനസ്സിരുത്തി ചിന്തിക്കുകയും സത്യത്തോട് അഭിനിവേശം പുലര്‍ത്തുകയും അതിന്റെ സ്വീകാര്യത്തിനുള്ള സൗഭാഗ്യത്തിന്ന് അഭിലഷിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണം. സത്യവിശ്വാസം കൊണ്ട് നമ്മെ അനുഗ്രഹിക്കുകയും ഇസ്‌ലാമിലേക്ക് നമ്മെ വഴിനടത്തുകയും ചെയ്ത അല്ലാഹുവിന്നാകുന്നു സ്‌തോത്രങ്ങളഖിലവും എന്ന് തിരുനബി(സ്വ) പലപ്പോഴും പറയാറുണ്ടായിരുന്നു. എത്ര ചിന്തോദ്ദീപകവും പഠനാര്‍ഹവുമായ ഉദാത്ത മാതൃകയാണത്!

إِنَّمَا ٱلۡمُؤۡمِنُونَ ٱلَّذِينَ ءَامَنُواْ بِٱللَّهِ وَرَسُولِهِۦ ثُمَّ لَمۡ يَرۡتَابُواْ وَجَٰهَدُواْ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡ فِي سَبِيلِ ٱللَّهِۚ أُوْلَٰٓئِكَ هُمُ ٱلصَّٰدِقُونَ ۝١٥
قُلۡ أَتُعَلِّمُونَ ٱللَّهَ بِدِينِكُمۡ وَٱللَّهُ يَعۡلَمُ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۚ وَٱللَّهُ بِكُلِّ شَيۡءٍ عَلِيمٞ ۝١٦
يَمُنُّونَ عَلَيۡكَ أَنۡ أَسۡلَمُواْۖ قُل لَّا تَمُنُّواْ عَلَيَّ إِسۡلَٰمَكُمۖ بَلِ ٱللَّهُ يَمُنُّ عَلَيۡكُمۡ أَنۡ هَدَىٰكُمۡ لِلۡإِيمَٰنِ إِن كُنتُمۡ صَٰدِقِينَ ۝١٧
إِنَّ ٱللَّهَ يَعۡلَمُ غَيۡبَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَٱللَّهُ بَصِيرُۢ بِمَا تَعۡمَلُونَ ۝١٨