Sunday, 11 October 2026 Hijri: — 11:47:55 am
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

ഖാഫ് ق Qaf

Surah 50 മക്കിയ്യ • مكية • Makkiyah 45 ആയത്തുകൾ • 45 Ayahs

സൂറത്ത് ഖാഫ് (Qaf), ഖുർആൻ അധ്യായം 50 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 45 ആയത്തുകൾ വായിക്കുക. Read Surah Qaf with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–5

ഖാഫ്, അതിമഹത്തായ ഈ ഖുര്‍ആന്‍ തന്നെ സത്യം!1
സ്വന്തത്തില്‍ നിന്നുതന്നെയുള്ള ഒരു മുന്നറിയിപ്പുകാരന്‍ തങ്ങളുടെയടുത്തേക്ക് വന്നതില്‍ അവരാശ്ചര്യപ്പെടുകയും 'അദ്ഭുതകരമായ ഒരു കാര്യം തന്നെയാണിത്, മരിച്ചു മണ്ണായിട്ടാണോ ഒരു പുനരുത്ഥാനമുണ്ടാവുക? അതിവിദൂരമായ ഒരു മടക്കം തന്നെയാണത്' എന്ന് നിഷേധികള്‍ തട്ടിവിടുകയും ചെയ്തു. ഭൂമി അവരില്‍ നിന്ന് എന്തൊക്കെ തിന്നുതീര്‍ക്കുന്നുണ്ടെന്ന് നമുക്കറിയുക തന്നെചെയ്യും. കാര്യങ്ങള്‍ സസൂക്ഷ്മം രേഖപ്പെടുത്തിയ ഒരു പ്രമാണം നമ്മുടെ പക്കലുണ്ട്. അല്ല, സത്യം തങ്ങള്‍ക്കു വന്നെത്തിയപ്പോള്‍ അവരത് നിഷേധിച്ചു തള്ളുകയായിരുന്നു. അങ്ങനെ ഒരു ചഞ്ചലാവസ്ഥയിലാണവര്‍.2

2 വിശദീകരണങ്ങൾ കാണുക

1. ഖാഫ് എന്ന ഒറ്റയക്ഷരം കൊണ്ടാണ് അധ്യായം ആരംഭിക്കുന്നത്; ഇതിന്റെ പേരും അതുതന്നെ. ഖുര്‍ആന്‍ മുന്‍നിറുത്തി ശപഥം ചെയ്തുകൊണ്ട് അത്യന്തം ഗൗരവതരമായ ചില കാര്യങ്ങള്‍ ഇവിടെ അവതരിപ്പിക്കുകയാണ് പ്രപഞ്ചനാഥന്‍.

2. മനുഷ്യര്‍ക്ക് സന്മാര്‍ഗം കാണിക്കാനും സത്യസന്ദേശങ്ങള്‍ കൈമാറാനുമാണ് അല്ലാഹു ദൂതരെ നിയോഗിക്കുന്നത്. അതു മനുഷ്യന്‍ തന്നെയാകണം, മലക്ക് ആയാല്‍ പോരാ. എന്നാല്‍ ഈ നഗ്നസത്യം മക്കയിലെ നിഷേധികള്‍ക്ക് മനസ്സിലാകുന്നില്ല, അതൊരു അതീവ വിസ്മയമായാണവര്‍ കാണുന്നത്. എന്നാല്‍ കല്ലിനെ ദൈവമാക്കുന്നതില്‍ ഒരുവിധ അനൗചിത്യവുമില്ല താനും! പ്രപഞ്ചത്തെയും മനുഷ്യനെയും സൃഷ്ടിച്ച അല്ലാഹുവിന്ന് ഇനിയൊരിക്കല്‍ ആ മനുഷ്യനെ പുനര്‍ജീവിപ്പിക്കാന്‍ കഴിയുമെന്ന് അവര്‍ക്ക് വിശ്വസിക്കാനാകുന്നില്ല! എന്തൊരു വൈചിത്ര്യം!
ഭൂമി അവരില്‍ നിന്ന് തിന്നു തീര്‍ക്കുന്നത് അഥവാ കുറക്കുന്നത് എന്നതിന്റെ വിവക്ഷ മരണാനന്തരം അവരുടെ ഭൗതികശരീരം നശിച്ചു പോകുന്നതും അവരുടെ മുഴുവന്‍ ഭാവിയും നമുക്കറിയാമെന്നുമാണ്. അവയത്രയും ലൗഹുല്‍മഹ്ഫൂളില്‍ സൂക്ഷിക്കപ്പെട്ടിട്ടുമുണ്ട്.

قٓۚ وَٱلۡقُرۡءَانِ ٱلۡمَجِيدِ ۝١
بَلۡ عَجِبُوٓاْ أَن جَآءَهُم مُّنذِرٞ مِّنۡهُمۡ فَقَالَ ٱلۡكَٰفِرُونَ هَٰذَا شَيۡءٌ عَجِيبٌ ۝٢
أَءِذَا مِتۡنَا وَكُنَّا تُرَابٗاۖ ذَٰلِكَ رَجۡعُۢ بَعِيدٞ ۝٣
قَدۡ عَلِمۡنَا مَا تَنقُصُ ٱلۡأَرۡضُ مِنۡهُمۡۖ وَعِندَنَا كِتَٰبٌ حَفِيظُۢ ۝٤
بَلۡ كَذَّبُواْ بِٱلۡحَقِّ لَمَّا جَآءَهُمۡ فَهُمۡ فِيٓ أَمۡرٖ مَّرِيجٍ ۝٥
6–8

തങ്ങള്‍ക്കു മീതെയുള്ള ആകാശത്തേക്കവര്‍ നോക്കുന്നില്ലേ, ഒരു വിടവുകളുമില്ലാതെ എങ്ങനെയാണ് നാമത് നിര്‍മിച്ചിട്ടുള്ളതും അലങ്കരിച്ചിട്ടുള്ളതുമെന്ന്? ഭൂമിയാകട്ടെ, നാം പ്രവിശാലമാക്കുകയും ദൃഢീകൃത പര്‍വതങ്ങള്‍ അതില്‍ സ്ഥാപിക്കുകയും വശ്യമായ സര്‍വവിധ സസ്യലതാദിജോടികളും മുളപ്പിക്കുകയും ചെയ്തു-സത്യത്തിലേക്കു മടങ്ങുന്ന ഏതൊരടിമക്കും കണ്ടുഗ്രഹിക്കാനും ഓര്‍ക്കാനും വേണ്ടി.

أَفَلَمۡ يَنظُرُوٓاْ إِلَى ٱلسَّمَآءِ فَوۡقَهُمۡ كَيۡفَ بَنَيۡنَٰهَا وَزَيَّنَّٰهَا وَمَا لَهَا مِن فُرُوجٖ ۝٦
وَٱلۡأَرۡضَ مَدَدۡنَٰهَا وَأَلۡقَيۡنَا فِيهَا رَوَٰسِيَ وَأَنۢبَتۡنَا فِيهَا مِن كُلِّ زَوۡجِۭ بَهِيجٖ ۝٧
تَبۡصِرَةٗ وَذِكۡرَىٰ لِكُلِّ عَبۡدٖ مُّنِيبٖ ۝٨
9–11

അന്തരീക്ഷത്തില്‍ നിന്നു നാം അനുഗൃഹീത ജലം വര്‍ഷിക്കുകയും തദ്വാരാ വിവിധയിനം തോട്ടങ്ങളും കൊയ്‌തെടുക്കപ്പെടുന്ന ധാന്യങ്ങളും അടുക്കടുക്കായി പഴനിബിഡമായ കുലകള്‍ തൂങ്ങുന്ന നീണ്ടുയര്‍ന്ന ഈന്തമരങ്ങളും മുളപ്പിക്കയുമുണ്ടായി-നമ്മുടെ അടിമകള്‍ക്ക് ഉപജീവനമായത്രേ ഇതെല്ലാം. നിശ്ചേതനമായ ഭൂമി അതുവഴി നാം സചേതനമാക്കി. അങ്ങനെയാണ് ശ്മശാനങ്ങളില്‍ നിന്നുള്ള ബഹിര്‍ഗമനം.3

1 വിശദീകരണം കാണുക

3. മനുഷ്യന്റെ തലക്കു മീതെ നീലമേലാപ്പു വിരിച്ച വാനലോകങ്ങള്‍, അതിലെ ചന്ദ്ര-നക്ഷത്രാലങ്കാരങ്ങള്‍, പ്രവിശാലമായി നീണ്ടുപരന്നുകിടക്കുന്ന ഉരുണ്ടഭൂമി, അതിലുള്ള സസ്യലതാദികളും വൃക്ഷങ്ങളും പഴ-കായ്ക്കനികളും, ഭൂമിയെ സചേതനമാക്കാനായി വര്‍ഷിക്കുന്ന മഴ എന്ന അദ്ഭുത പ്രതിഭാസം-ഇത്യാദി കാര്യങ്ങളെല്ലാം എത്ര ചിന്തോദ്ദീപകമാണ്! അല്ലാഹുവിന്റെ പ്രീതി ലക്ഷ്യംവെക്കുന്നവര്‍ക്കെല്ലാം ഇതില്‍ പാഠങ്ങളുണ്ട്.

وَنَزَّلۡنَا مِنَ ٱلسَّمَآءِ مَآءٗ مُّبَٰرَكٗا فَأَنۢبَتۡنَا بِهِۦ جَنَّٰتٖ وَحَبَّ ٱلۡحَصِيدِ ۝٩
وَٱلنَّخۡلَ بَاسِقَٰتٖ لَّهَا طَلۡعٞ نَّضِيدٞ ۝١٠
رِّزۡقٗا لِّلۡعِبَادِۖ وَأَحۡيَيۡنَا بِهِۦ بَلۡدَةٗ مَّيۡتٗاۚ كَذَٰلِكَ ٱلۡخُرُوجُ ۝١١
12–15

ഇവര്‍ക്കു മുമ്പ് നൂഹ് നബിയുടെ ജനം, കിണറ്റിന്റെയാളുകള്‍, സമൂദ്-ആദ് ഗോത്രങ്ങള്‍, ഫിര്‍ഔന്‍, ലൂഥ് നബിയുടെയാള്‍ക്കാര്‍, മരക്കൂട്ടനിവാസികള്‍, തുബ്ബഇന്റെ ജനത എന്നിവരെല്ലാം സത്യനിഷേധികളാവുകയും ദൈവദൂതരെ വ്യാജരാക്കുകയും ചെയ്തപ്പോള്‍ എന്റെ മുന്നറിയിപ്പ് സാക്ഷാത്കൃതമായി. അപ്പോള്‍, ആദ്യത്തെ സൃഷ്ടികര്‍മം വഴി നാം പരവശരായിരുന്നുവോ? അല്ല, ഇനിയൊരു നവസൃഷ്ടികര്‍മത്തെക്കുറിച്ച സന്ദേഹത്തിലാണവര്‍!4

1 വിശദീകരണം കാണുക

4. ദൈവനിഷേധവും ധിക്കാരവും മൂത്തപ്പോള്‍ സംഹരണത്തിനു വിധേയരായവരെപ്പറ്റി അനുസ്മരിച്ചിരിക്കയാണ്. അവരെക്കാള്‍ ശക്തരൊന്നുമല്ല ഖുറൈശ് എന്നു വ്യംഗ്യഭാഷ്യം. തങ്ങളുടെ നബിയെ ഒരു കിണറ്റിലിട്ട് മണ്ണുമൂടിക്കളഞ്ഞവരാണ് അസ്വ്ഹാബുര്‍റസ്സ്. ശുഐബ് നബിയുടെ സമുദായമാണ് മരക്കൂട്ടനിവാസികള്‍; തുബ്ബഇന്റെ ജനത്തെപ്പറ്റി 44:37ല്‍ പരാമര്‍ശിച്ചു. അല്ലാഹുവിനെയും ദൂതന്മാരെയും വ്യാജരാക്കിയതിനാല്‍ അവരൊക്കെ കൂട്ടസംഹരണത്തിന് വിധേയരാവുകയായിരുന്നു.

كَذَّبَتۡ قَبۡلَهُمۡ قَوۡمُ نُوحٖ وَأَصۡحَٰبُ ٱلرَّسِّ وَثَمُودُ ۝١٢
وَعَادٞ وَفِرۡعَوۡنُ وَإِخۡوَٰنُ لُوطٖ ۝١٣
وَأَصۡحَٰبُ ٱلۡأَيۡكَةِ وَقَوۡمُ تُبَّعٖۚ كُلّٞ كَذَّبَ ٱلرُّسُلَ فَحَقَّ وَعِيدِ ۝١٤
أَفَعَيِينَا بِٱلۡخَلۡقِ ٱلۡأَوَّلِۚ بَلۡ هُمۡ فِي لَبۡسٖ مِّنۡ خَلۡقٖ جَدِيدٖ ۝١٥
16–22

നിശ്ചയം, മാനവനെ നാം സൃഷ്ടിച്ചുണ്ടാക്കി; അവന്റെ മാനസമന്ത്രങ്ങള്‍ നാമറിയുന്നുണ്ട്; കണ്ഠനാഡിയെക്കാള്‍ അവനുമായി സമീപസ്ഥനാണ് നാം. രണ്ട് സ്വീകര്‍ത്താക്കള്‍ അവന്റെ ഇടത്തും വലത്തുമിരുന്ന് എല്ലാം ഏറ്റുവാങ്ങുന്നത് സ്മരണീയമത്രേ. ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെയടുത്ത് രേഖപ്പെടുത്താനൊരുങ്ങിയ നിരീക്ഷകനുണ്ടാകാതിരിക്കില്ല.5
നീ ഒഴിഞ്ഞുമാറി നടന്നിരുന്ന മരണത്തിന്റെ വെപ്രാളം യാഥാര്‍ത്ഥ്യമായി വന്നണയും; കാഹളത്തില്‍ ഊതപ്പെടുന്നതും-അതാണ് താക്കീത് ദിനം- സര്‍വരും സന്നിഹിതരാകുന്നതുമാകുന്നു; കൂടെ ആനയിക്കുന്നവനും സാക്ഷിയുമുണ്ടായിരിക്കും. അരുളപ്പെടും. 'ഇതു സംബന്ധിച്ച അവഗണനയില്‍ തന്നെയായിരുന്നു നീ; ആ മൂടി ഇപ്പോള്‍ നാം അനാവരണം ചെയ്തിരിക്കയാണ്. ഇന്ന് നിന്റെ ദൃഷ്ടിക്ക് നല്ല മൂര്‍ച്ചയുണ്ട്!'.6

2 വിശദീകരണങ്ങൾ കാണുക

5. മനുഷ്യന്റെ നല്ലതും ചീത്തയുമായ സകല ചിന്തകളും വാക്കുകളും പ്രവൃത്തികളും രണ്ടു മലക്കുകള്‍ രേഖപ്പെടുത്തിവെക്കുന്നുണ്ട്. റഖീബ്, അത്തീദ് എന്ന് ഇവിടെ പ്രയോഗിക്കപ്പെട്ട വിശേഷണ പദങ്ങളിലാണ് അവര്‍ വിളിക്കപ്പെടുന്നത്.

6. ശ്മശാനങ്ങളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു പോകുന്ന രണ്ടാമത്തെ ഊത്ത് ആണിവിടെ വിവക്ഷ. ഓരോ വ്യക്തിയും അന്ന് രണ്ട് മലക്കുകളുടെ അകമ്പടിയോടെയാണ് മഹ്ശറിലേക്ക് ആനയിക്കപ്പെടുക. ദുന്‍യാവില്‍ നിന്ന് സത്യം കാണാന്‍ നിനക്കു കഴിയുമായിരുന്നില്ല; ഇന്നാകട്ടെ, ജനകോടികള്‍ സംഭീതരായി അണിനിരന്ന മഹ്ശറും ഉയര്‍ന്ന തീജ്വാലകളോടെ തിളച്ചുകത്തുന്ന നരകവും എല്ലാം നീ ശരിക്കു കാണുന്നുണ്ട്-നല്ല മൂര്‍ച്ചയുള്ള ദൃഷ്ടി!

وَلَقَدۡ خَلَقۡنَا ٱلۡإِنسَٰنَ وَنَعۡلَمُ مَا تُوَسۡوِسُ بِهِۦ نَفۡسُهُۥۖ وَنَحۡنُ أَقۡرَبُ إِلَيۡهِ مِنۡ حَبۡلِ ٱلۡوَرِيدِ ۝١٦
إِذۡ يَتَلَقَّى ٱلۡمُتَلَقِّيَانِ عَنِ ٱلۡيَمِينِ وَعَنِ ٱلشِّمَالِ قَعِيدٞ ۝١٧
مَّا يَلۡفِظُ مِن قَوۡلٍ إِلَّا لَدَيۡهِ رَقِيبٌ عَتِيدٞ ۝١٨
وَجَآءَتۡ سَكۡرَةُ ٱلۡمَوۡتِ بِٱلۡحَقِّۖ ذَٰلِكَ مَا كُنتَ مِنۡهُ تَحِيدُ ۝١٩
وَنُفِخَ فِي ٱلصُّورِۚ ذَٰلِكَ يَوۡمُ ٱلۡوَعِيدِ ۝٢٠
وَجَآءَتۡ كُلُّ نَفۡسٖ مَّعَهَا سَآئِقٞ وَشَهِيدٞ ۝٢١
لَّقَدۡ كُنتَ فِي غَفۡلَةٖ مِّنۡ هَٰذَا فَكَشَفۡنَا عَنكَ غِطَآءَكَ فَبَصَرُكَ ٱلۡيَوۡمَ حَدِيدٞ ۝٢٢
23–30

അവന്റെ കൂട്ടാളി മലക്ക് ബോധിപ്പിക്കും. എന്റെ പക്കല്‍ തയ്യാറുള്ള രേഖയിതാ. ഇരുമാലാഖമാരോടും അല്ലാഹു കല്‍പിക്കും: നന്മ മുടക്കുന്നവനും പരിധി ലംഘിക്കുന്നവനും സംശയാലുവും അല്ലാഹുവൊന്നിച്ച് മറ്റുദൈവത്തെ വരിച്ചവനും നിഷേധിയും അഹങ്കാരിയുമായ സര്‍വരെയും നരകത്തിലെ കഠിനശിക്ഷയിലേക്ക് നിങ്ങളിരുവരും വലിച്ചെറിയുക.7
അവന്റെ കൂട്ടാളിപ്പിശാച് ബോധിപ്പിക്കും: ഞങ്ങളുടെ നാഥാ, ഞാനവനെ ദുര്‍മാര്‍ഗത്തിലാക്കിയിട്ടില്ല; പ്രത്യുത, അവന്‍ സ്വയമേവ വിദൂരവഴികേടിലായിരുന്നു. അല്ലാഹു അരുളും: എന്റെ മുമ്പാകെ നിങ്ങള്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ നടത്തേണ്ട; മുമ്പ് തന്നെ നിങ്ങള്‍ക്കു ഞാന്‍ മുന്നറിയിപ്പ് തന്നിട്ടുണ്ട്. എന്റെയടുത്ത് വാക്ക് മാറ്റപ്പെടുകയോ അടിമകളോട് ഞാന്‍ ഒട്ടുമേ അനീതി കാട്ടുകയോ ചെയ്യില്ല. നീ നിറഞ്ഞുകഴിഞ്ഞുവോ എന്ന് നരകത്തോട് നാം അന്വേഷിക്കുകയും 'ഇനിയും അധികമുണ്ടോ' എന്ന് അത് ചോദിക്കുകയും ചെയ്യുന്ന ദിനമാണതുണ്ടാവുക.8

2 വിശദീകരണങ്ങൾ കാണുക

7. മഹ്ശറില്‍ ഹാജറാക്കപ്പെടുന്നത് കണക്കുചോദ്യത്തിനും വിചാരണക്കുമാണ്. ആനയിച്ചു കൊണ്ടുവന്ന മലക്ക് നന്മ-തിന്മകളെഴുതിയ രേഖ അവന്റെ കൈയില്‍ കൊടുത്തിട്ട് വായിക്കാന്‍ പറയും. അന്ന് നിഷേധികളുടെ ദൗര്‍ഭാഗ്യം വിവരണാതീതമാണ്. 69:25, 17:14 മുതലായവ കാണുക. ആനയിച്ചു കൊണ്ടുവന്ന ഇരു മലക്കുകളോട് ദാക്ഷിണ്യലേശമന്യേ അവരെ നരകത്തിലേക്ക് വലിച്ചെറിയാന്‍ അല്ലാഹു ആജ്ഞാപിക്കും.

8. ഓരോ മനുഷ്യനെയും വഴിതെറ്റിക്കാനായി സന്തത സഹചാരിയായി ഉണ്ടായിരുന്ന പിശാചിനെക്കുറിച്ചാണിവിടെ 'ഖരീന്‍' സന്തതസഹചാരി എന്നു പറഞ്ഞത്. അവനും ഈ വ്യക്തിയും തമ്മില്‍ അവിടെ തര്‍ക്കവിതര്‍ക്കങ്ങളും വാഗ്വാദവുമുണ്ടാകും. 38:60-64, 39:31, 26:96 തുടങ്ങിയവയില്‍ ഇതു പറഞ്ഞുപോയിട്ടുണ്ട്. കുറ്റവാളികളെക്കൊണ്ട് നീ നിറഞ്ഞുവോ എന്ന് അല്ലാഹു നരകത്തോട് ചോദിക്കുമ്പോള്‍ കൂടുതലാളുകള്‍ ഇനിയുമുണ്ടോ എന്ന് അത് പ്രതികരിക്കും!.

وَقَالَ قَرِينُهُۥ هَٰذَا مَا لَدَيَّ عَتِيدٌ ۝٢٣
أَلۡقِيَا فِي جَهَنَّمَ كُلَّ كَفَّارٍ عَنِيدٖ ۝٢٤
مَّنَّاعٖ لِّلۡخَيۡرِ مُعۡتَدٖ مُّرِيبٍ ۝٢٥
ٱلَّذِي جَعَلَ مَعَ ٱللَّهِ إِلَٰهًا ءَاخَرَ فَأَلۡقِيَاهُ فِي ٱلۡعَذَابِ ٱلشَّدِيدِ ۝٢٦
۞ قَالَ قَرِينُهُۥ رَبَّنَا مَآ أَطۡغَيۡتُهُۥ وَلَٰكِن كَانَ فِي ضَلَٰلِۭ بَعِيدٖ ۝٢٧
قَالَ لَا تَخۡتَصِمُواْ لَدَيَّ وَقَدۡ قَدَّمۡتُ إِلَيۡكُم بِٱلۡوَعِيدِ ۝٢٨
مَا يُبَدَّلُ ٱلۡقَوۡلُ لَدَيَّ وَمَآ أَنَا۠ بِظَلَّٰمٖ لِّلۡعَبِيدِ ۝٢٩
يَوۡمَ نَقُولُ لِجَهَنَّمَ هَلِ ٱمۡتَلَأۡتِ وَتَقُولُ هَلۡ مِن مَّزِيدٖ ۝٣٠
31–35

ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തിയവര്‍ക്ക് ദൂരെയല്ലാതെ സ്വര്‍ഗം സമീപസ്ഥമാക്കപ്പെടുന്നതാണ്. 'നന്നായി ഖേദിച്ചു മടങ്ങുകയും നിയമങ്ങള്‍ കാത്തുസൂക്ഷിക്കുകയും ചെയ്ത -അദൃശ്യതയില്‍ പരമ കാരുണികനെ പേടിക്കുകയും വിനയാന്വിത ഹൃദയവുമായി വരികയും ചെയ്ത- നിങ്ങള്‍ക്കുള്ള വാഗ്ദത്ത സ്വര്‍ഗമിതാ! സമാധാനസമേതം നിങ്ങൡില്‍ പ്രവേശിച്ചുകൊള്ളുക'. ശാശ്വത നിവാസ ദിനമാണത്. തങ്ങളുദ്ദേശിക്കുന്നതെന്തും അവര്‍ക്കവിടെയുണ്ടാകും; നമ്മുടെയടുത്താകട്ടെ കൂടുതല്‍ നല്‍കാനുമുണ്ട്!9

1 വിശദീകരണം കാണുക

9. ഏത് ആഡംബര ജീവിതത്തെയും അമൂല്യവിഭവങ്ങളെയും മറികടക്കുന്ന മഹാസൗഭാഗ്യമാണ് അല്ലാഹുവിന്റെ തിരുദര്‍ശനം ലഭ്യമാവുക എന്നത്. അതാണിവിടെ വിവക്ഷ. തിരുനബി(സ്വ) പറഞ്ഞു: ...അങ്ങനെ അവര്‍ക്കും അല്ലാഹുവിനുമിടയ്ക്കുള്ള മറ അനാവൃതമാകുന്നതും അവര്‍ അവനെ കാണുന്നതുമാണ്. ആ തിരുദര്‍ശനത്തെക്കാള്‍ പ്രിയങ്കരമായ മറ്റൊന്നും തന്നെ അവര്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ടായിരുന്നില്ല (മുസ്‌ലിം).

وَأُزۡلِفَتِ ٱلۡجَنَّةُ لِلۡمُتَّقِينَ غَيۡرَ بَعِيدٍ ۝٣١
هَٰذَا مَا تُوعَدُونَ لِكُلِّ أَوَّابٍ حَفِيظٖ ۝٣٢
مَّنۡ خَشِيَ ٱلرَّحۡمَٰنَ بِٱلۡغَيۡبِ وَجَآءَ بِقَلۡبٖ مُّنِيبٍ ۝٣٣
ٱدۡخُلُوهَا بِسَلَٰمٖۖ ذَٰلِكَ يَوۡمُ ٱلۡخُلُودِ ۝٣٤
لَهُم مَّا يَشَآءُونَ فِيهَا وَلَدَيۡنَا مَزِيدٞ ۝٣٥
36–40

ഇവര്‍ക്കുമുമ്പ് എത്രയെത്ര തലമുറകള്‍ നാം സംഹരിച്ചിട്ടുണ്ട്. ഇവരെക്കാള്‍ കടുത്ത ശക്തരായിരുന്നു അവര്‍. എന്നിട്ട് വല്ല സുരക്ഷാതാവളവുമുണ്ടോ എന്ന് പല നാടുകളിലും അവര്‍ കൂലങ്കഷമായന്വേഷിച്ചു. ഹൃദയസാന്നിധ്യമുണ്ടാവുകയോ മനസ്സിരുത്തി ചെവികൊടുത്ത് ശ്രവിക്കുകയോ ചെയ്യുന്നവന്ന് ഇതില്‍ ഉദ്‌ബോധനമുണ്ടെന്ന കാര്യം തീര്‍ച്ച.10
ഭുവന-വാനങ്ങളും അവയ്ക്കിടയിലുള്ളതും ആറു നാളുകള്‍ക്കകം നാം സൃഷ്ടിച്ചു; യാതൊരു ക്ഷീണവും നമ്മെ ബാധിച്ചിട്ടില്ല. അതുകൊണ്ട്, ആ നിഷേധികളുടെ ജല്‍പനങ്ങളില്‍ താങ്കള്‍ ക്ഷമിക്കുക. സൂര്യോദയത്തിനും അസ്തമനത്തിനും മുമ്പും രാത്രിയും നമസ്‌കാരങ്ങളുടെ ശേഷവും നാഥനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ മഹത്ത്വപ്രകീര്‍ത്തനം നടത്തുക.11

2 വിശദീകരണങ്ങൾ കാണുക

10. മുങ്ങിച്ചാകാന്‍ പോകുന്നയാള്‍ പിടിച്ചുതൂങ്ങാന്‍ ഒരു പുല്‍ക്കൊടിയെങ്കിലും കിട്ടുമോ എന്നന്വേഷിക്കും. ചരിത്രത്തിന്റെ ശവപ്പറമ്പില്‍ അന്ത്യവിശ്രമം കൊള്ളുന്ന സകലനിഷേധികളും ഇതുതന്നെ ചെയ്തിരുന്നു. നാടാകെ പരതിയിട്ടും ഒരു പിടിവള്ളിയും അവര്‍ക്കു ലഭിച്ചില്ല. ചിന്താശീലര്‍ ഇതില്‍ നിന്നു പാഠമുള്‍ക്കൊള്ളണം.

11. അല്ലാഹുവിന്റെ ശക്തി അജയ്യമാണ്. അതുഗ്രഹിക്കാതെ അവനെയും പ്രവാചകനെയും ഇസ്‌ലാമിനെയും നിഷേധിച്ചവഹേളിക്കുന്ന മുശ്‌രിക്കുകളെ അവഗണിക്കുകയാണ് വേണ്ടത്. കാര്യങ്ങളെല്ലാം അല്ലാഹുവിനെ ഭരമേല്‍പിക്കുകയും അവങ്കല്‍ നിന്ന് സഹായമര്‍ത്ഥിക്കുകയും ചെയ്യുക. നിരന്തരം അവനെക്കുറിച്ച സ്മരണയിലായിരിക്കണം വിശ്വാസി. പുലര്‍ച്ചെയും സന്ധ്യക്കും തഹജ്ജുദിലും എല്ലാ നമസ്‌കാരാനന്തരവും ദിക്ര്‍-തസ്ബീഹുകള്‍ പ്രത്യേകം സുന്നത്തുണ്ടെന്ന് ഹദീസുകളില്‍ കാണാം. ഇടതടവില്ലാതെ അല്ലാഹുവിനെക്കുറിച്ച ഓര്‍മ വേണമെന്നും അശ്രദ്ധരിലാകരുതെന്നും ഖുര്‍ആന്‍ 7:205ല്‍ പ്രത്യേകം പഠിപ്പിച്ചിട്ടുണ്ട്.

وَكَمۡ أَهۡلَكۡنَا قَبۡلَهُم مِّن قَرۡنٍ هُمۡ أَشَدُّ مِنۡهُم بَطۡشٗا فَنَقَّبُواْ فِي ٱلۡبِلَٰدِ هَلۡ مِن مَّحِيصٍ ۝٣٦
إِنَّ فِي ذَٰلِكَ لَذِكۡرَىٰ لِمَن كَانَ لَهُۥ قَلۡبٌ أَوۡ أَلۡقَى ٱلسَّمۡعَ وَهُوَ شَهِيدٞ ۝٣٧
وَلَقَدۡ خَلَقۡنَا ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَا فِي سِتَّةِ أَيَّامٖ وَمَا مَسَّنَا مِن لُّغُوبٖ ۝٣٨
فَٱصۡبِرۡ عَلَىٰ مَا يَقُولُونَ وَسَبِّحۡ بِحَمۡدِ رَبِّكَ قَبۡلَ طُلُوعِ ٱلشَّمۡسِ وَقَبۡلَ ٱلۡغُرُوبِ ۝٣٩
وَمِنَ ٱلَّيۡلِ فَسَبِّحۡهُ وَأَدۡبَٰرَ ٱلسُّجُودِ ۝٤٠
41–45

സമീപസ്ഥമായ ഒരിടത്തു നിന്ന് ഒരു വക്താവ് വിളിച്ചു പറയുന്ന ദിനത്തെക്കുറിച്ച് സശ്രദ്ധം ശ്രവിക്കുക; അതായത്, ആ ഭീകര നാദം സത്യമായും ശ്രവിക്കുന്ന നാള്‍. അതത്രേ ശ്മശാന നിര്‍ഗമന ദിവസം. നിശ്ചയം, നാം ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യും; നമ്മിലേക്കു തന്നെയാണ് മടക്കം. അതായത് അവരെ വിട്ട് ഭൂമി അതിദ്രുതം പിളരുന്ന നാള്‍! നമ്മെ സംബന്ധിച്ച് സുഗമമായൊരു സംഘാടനമാണത്. അവര്‍ ജല്‍പിച്ചു കൊണ്ടിരിക്കുന്നതിനെ കുറിച്ചെല്ലാം നമുക്ക് നന്നായറിയാം. താങ്കളവരില്‍ അധികാരം ചെലുത്തേണ്ടയാളൊന്നുമല്ല. അതുകൊണ്ട് എന്റെ മുന്നറിയിപ്പ് ഭയപ്പെടുന്നവരെ ഈ ഖുര്‍ആന്‍ കൊണ്ട് താങ്കള്‍ ഉദ്‌ബോധിപ്പിക്കുക.

وَٱسۡتَمِعۡ يَوۡمَ يُنَادِ ٱلۡمُنَادِ مِن مَّكَانٖ قَرِيبٖ ۝٤١
يَوۡمَ يَسۡمَعُونَ ٱلصَّيۡحَةَ بِٱلۡحَقِّۚ ذَٰلِكَ يَوۡمُ ٱلۡخُرُوجِ ۝٤٢
إِنَّا نَحۡنُ نُحۡيِۦ وَنُمِيتُ وَإِلَيۡنَا ٱلۡمَصِيرُ ۝٤٣
يَوۡمَ تَشَقَّقُ ٱلۡأَرۡضُ عَنۡهُمۡ سِرَاعٗاۚ ذَٰلِكَ حَشۡرٌ عَلَيۡنَا يَسِيرٞ ۝٤٤
نَّحۡنُ أَعۡلَمُ بِمَا يَقُولُونَۖ وَمَآ أَنتَ عَلَيۡهِم بِجَبَّارٖۖ فَذَكِّرۡ بِٱلۡقُرۡءَانِ مَن يَخَافُ وَعِيدِ ۝٤٥