Monday, 12 October 2026 Hijri: — 02:27:50 pm
MalayalamQuran.in
Quran translation reader

അദ്ദാരിയാത്ത് الذاريات Adh-Dhariyat

Surah 51 മക്കിയ്യ • مكية • Makkiyah 60 ആയത്തുകൾ • 60 Ayahs

സൂറത്ത് അദ്ദാരിയാത്ത് (Adh-Dhariyat), ഖുർആൻ അധ്യായം 51 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 60 ആയത്തുകൾ വായിക്കുക. Read Surah Adh-Dhariyat with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–6

ശക്തിയായി പൊടിപാറ്റുന്ന കാറ്റുകളും ജലഭാരം പേറുന്ന മേഘങ്ങളും അനായാസമോടുന്ന ജലയാനങ്ങളും ദൈവിക കല്‍പന സൃഷ്ടികളില്‍ വീതിച്ചുകൊടുക്കുന്ന മലക്കുകളും തന്നെ ശപഥം, നിങ്ങള്‍ക്ക് താക്കീതു നല്‍കപ്പെടുന്ന പുനരുത്ഥാനം യാഥാര്‍ത്ഥ്യവും ന്യായവിധി സംഭവ്യവും തന്നെയത്രേ.1

1 വിശദീകരണം കാണുക

1. പുനരുത്ഥാനവും വിചാരണാദിവസവും സ്വര്‍ഗനരകവുമൊക്കെ നിഷേധിക്കുന്ന ബഹുദൈവ വിശ്വാസികളോട് അവയൊക്കെ സത്യവും യാഥാര്‍ത്ഥ്യവും തന്നെയാണെന്ന് ശപഥം ചെയ്തു പറയുകയാണ്. മണ്‍പൊടികളും മണല്‍തരികളും പാറ്റിപ്പറത്തുന്ന കാറ്റ് അന്നത്തെ അറബികള്‍ക്കും മറ്റെല്ലാവര്‍ക്കും സുപരിചിതമാണ്- ഇവയെവിടെ നിന്ന് ഉദ്ഭവിക്കുന്നു, ഇവയ്ക്കു പിന്നിലെ അധൃഷ്യമായ ശക്തിയുടെ സ്രോതസ്സ് എന്ത്, ഇവയുടെ പര്യവസാനം എങ്ങനെ-ചിന്തിക്കുന്ന മനുഷ്യനു മുമ്പില്‍ ഇവ്വിധം ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട് കാറ്റുകള്‍. അതുകൊണ്ടാണ് അതിനെ മുന്‍നിറുത്തി സത്യം ചെയ്തു പറയുന്നത്. പരലക്ഷം ജലകണങ്ങള്‍ വഹിച്ചുകൊണ്ടു പോകുന്ന ഭാരിച്ച മേഘങ്ങള്‍, മഹാസമുദ്രങ്ങളുടെ ഉപരിതലത്തിലൂടെ നിഷ്പ്രയാസം സഞ്ചരിക്കുന്ന ജലയാനങ്ങള്‍, ഭൂതലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ചെറുതും വലുതുമായ അനേകകോടി കാര്യങ്ങള്‍ വിഭജനം നടത്തിക്കൊണ്ടിരിക്കുന്ന മലക്കുകള്‍ എന്നിവയൊക്കെ മേല്‍ക്കുമേല്‍ ചിന്തോദ്ദീപകങ്ങളാണ്.

وَٱلذَّٰرِيَٰتِ ذَرۡوٗا ۝١
فَٱلۡحَٰمِلَٰتِ وِقۡرٗا ۝٢
فَٱلۡجَٰرِيَٰتِ يُسۡرٗا ۝٣
فَٱلۡمُقَسِّمَٰتِ أَمۡرًا ۝٤
إِنَّمَا تُوعَدُونَ لَصَادِقٞ ۝٥
وَإِنَّ ٱلدِّينَ لَوَٰقِعٞ ۝٦
7–14

ബലിഷ്ഠ സുന്ദരമായ ആകാശം തന്നെ സത്യം, നിശ്ചയം നിങ്ങള്‍ ഭിന്നപക്ഷക്കാരായിരിക്കുകയാണ്; ഭ്രഷ്ടരായവര്‍ ആ ഖുര്‍ആനില്‍ നിന്ന് വ്യതിചലിപ്പിക്കപ്പെടുന്നു! അന്ധതയില്‍ മതിമറന്നുകഴിയുന്ന ഊഹക്കാര്‍ അഭിശപ്തരാകട്ടെ. പ്രതിഫലദാന ദിവസം എന്നാണെന്ന് അവര്‍ ചോദിക്കുന്നു. അവര്‍ നരകത്തീയില്‍ പരീക്ഷിക്കപ്പെടുന്ന അന്നുതന്നെയാണത്. 'നിങ്ങളുടെ ഈ ശിക്ഷ അനുഭവിച്ചോളൂ, ധൃതിപ്പെട്ട് നിങ്ങളാവശ്യപ്പെട്ടിരുന്നതാണിത്!'2

1 വിശദീകരണം കാണുക

2. അത്യദ്ഭുതങ്ങള്‍ നിറഞ്ഞ ഒരു സങ്കീര്‍ണലോകമാണ് ആകാശങ്ങള്‍ എന്ന് ആധുനിക ശാസ്ത്രം സ്ഥിരീകരിച്ചിട്ടുണ്ട്. ആ ആകാശത്തെ മുന്‍നിറുത്തിയാണ് മറ്റൊരു ശപഥം: ഖുര്‍ആനെയും തിരുനബി(സ്വ)യെയും ഇസ്‌ലാമിനെയും കുറിച്ച് പരസ്പര ഭിന്നമായ ഓരോ അഭിപ്രായങ്ങള്‍-പദ്യമാണ്, ആഭിചാരമാണ്, പൂര്‍വികരുടെ കെട്ടുകഥകളാണ്, ആദിമ വേദസിദ്ധാന്തങ്ങള്‍ മറ്റുചിലര്‍ പഠിപ്പിച്ചുകൊടുക്കുകയാണ് എന്നിങ്ങനെ-തോന്നിയപോലെ കാച്ചിവിടുകയാണ് മുശ്‌രിക്കുകള്‍! ഖുര്‍ആന്റെ മാര്‍ഗദര്‍ശന സൗഭാഗ്യം ലഭിക്കാതെ പോയവര്‍ വഴിപിഴച്ചുകൊണ്ടേയിരിക്കുകയാണ്. ആ വ്യാജവാദികള്‍ക്ക് മഹാനാശമാണുണ്ടാവുക. വിചാരണാദിനത്തെ അവഹേളിക്കുന്ന അവര്‍ ഒരു ദിവസം അവിടെയും നരകത്തിലുമൊക്കെ വന്നെത്തുക തന്നെ ചെയ്യും! ധൃതികൂട്ടേണ്ട.

وَٱلسَّمَآءِ ذَاتِ ٱلۡحُبُكِ ۝٧
إِنَّكُمۡ لَفِي قَوۡلٖ مُّخۡتَلِفٖ ۝٨
يُؤۡفَكُ عَنۡهُ مَنۡ أُفِكَ ۝٩
قُتِلَ ٱلۡخَرَّٰصُونَ ۝١٠
ٱلَّذِينَ هُمۡ فِي غَمۡرَةٖ سَاهُونَ ۝١١
يَسۡـَٔلُونَ أَيَّانَ يَوۡمُ ٱلدِّينِ ۝١٢
يَوۡمَ هُمۡ عَلَى ٱلنَّارِ يُفۡتَنُونَ ۝١٣
ذُوقُواْ فِتۡنَتَكُمۡ هَٰذَا ٱلَّذِي كُنتُم بِهِۦ تَسۡتَعۡجِلُونَ ۝١٤
15–19

നിശ്ചയം, ജീവിതത്തില്‍ സൂക്ഷ്മത പാലിച്ചിരുന്നവര്‍-അവരുടെ നാഥന്‍ കനിഞ്ഞേകിയ ഔദാര്യമേറ്റുവാങ്ങി-സ്വര്‍ഗീയാരാമങ്ങളിലും അരുവികളിലുമായിരിക്കും. നേരത്തെ തന്നെ പുണ്യവാന്മാരായിരുന്നു അവര്‍; രാത്രിയില്‍ നിന്ന് അല്‍പം മാത്രം ഉറങ്ങുകയും അതിന്റെ അന്തിമയാമങ്ങളില്‍ പാപമോചനമര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവരുടെ സ്വത്തുകളിലാകട്ടെ, ചോദിക്കുന്നവനും ഉപജീവനം നിഷേധിക്കപ്പെട്ടവനും ഓഹരിയുണ്ടായിരിക്കും.3

1 വിശദീകരണം കാണുക

3. അല്ലാഹുവിന്റെയും റസൂലിന്റെയും ഖുര്‍ആന്റെയും മാര്‍ഗദര്‍ശനമനുസരിച്ച് സൂക്ഷ്മ ജീവിതം നയിക്കുന്ന സൗഭാഗ്യവാന്മാര്‍ക്ക് സ്വര്‍ഗീയാരാമങ്ങള്‍ പ്രതിഫലമായുണ്ടാകും. ഭൗതിക ലോകത്ത് അവര്‍ നയിച്ചിരുന്ന സൂക്ഷ്മജീവിതത്തിന്റെ ചില പാര്‍ശ്വങ്ങളാണിവിടെ പരാമര്‍ശിച്ചിരിക്കുന്നത്. സാമ്പത്തിക പരീക്ഷണങ്ങളിലും ഈ വിശ്വാസികള്‍ ജേതാക്കളായിരിക്കുമെന്ന് -അവര്‍ പിശുക്കന്മാരായിരിക്കില്ലെന്ന്- പ്രത്യേകം പറഞ്ഞിരിക്കുന്നു.

إِنَّ ٱلۡمُتَّقِينَ فِي جَنَّٰتٖ وَعُيُونٍ ۝١٥
ءَاخِذِينَ مَآ ءَاتَىٰهُمۡ رَبُّهُمۡۚ إِنَّهُمۡ كَانُواْ قَبۡلَ ذَٰلِكَ مُحۡسِنِينَ ۝١٦
كَانُواْ قَلِيلٗا مِّنَ ٱلَّيۡلِ مَا يَهۡجَعُونَ ۝١٧
وَبِٱلۡأَسۡحَارِ هُمۡ يَسۡتَغۡفِرُونَ ۝١٨
وَفِيٓ أَمۡوَٰلِهِمۡ حَقّٞ لِّلسَّآئِلِ وَٱلۡمَحۡرُومِ ۝١٩
20–23

ദൃഢവിശ്വാസികള്‍ക്ക് ഭൂമിയിലും നിങ്ങളില്‍ തന്നെയും വിവിധ ദൃഷ്ടാന്തങ്ങളുണ്ട്; എന്നിട്ട് അവ കണ്ടറിയുന്നില്ലേ നിങ്ങള്‍? വാനലോകത്ത് നിങ്ങളുടെ ഉപജീവനവും വാഗ്ദത്ത വിഷയങ്ങളുമുണ്ട്. അപ്പോള്‍, ആകാശ-ഭൂമിയുടെ നാഥന്‍ തന്നെ ശപഥം, ഇത് നിങ്ങള്‍ സംസാരിക്കുന്നതുപോലെ സത്യമാകുന്നു.4

1 വിശദീകരണം കാണുക

4. അനന്തമജ്ഞാതമവര്‍ണനീയമായ ബ്രഹ്മാണ്ഡകടാഹത്തിലെ അനേകായിരം ഗാലക്‌സികളിലെ കൊച്ചുതുരുത്തായ സൗരയൂഥത്തിലെ ഒരു ചെറുകണമായ ഭൂമിയിലെ നിവാസിയാണ് ദുര്‍ബലനായ മനുഷ്യന്‍. ഈ ഭൂമിയില്‍ തന്നെ ചിന്തോദ്ദീപകമായ എന്തെല്ലാം വൈജാത്യങ്ങള്‍! മനുഷ്യന്‍ തന്നെ ഏതെല്ലാം വര്‍ഗം, വര്‍ണം, ദേശം, ഭാഷ, പ്രകൃതം!! അതില്‍ സ്വന്തം ശരീരത്തിന്റെ കാര്യമെടുത്താല്‍ തന്നെ കണ്ണ്, കാത്, നാക്ക്, മൂക്ക്, ഹൃദയം, കരള്‍, കിഡ്‌നി, ആമാശയം, രക്തചംക്രമണം, ദഹനപ്രക്രിയ, കോശഘടന... ഇവയില്‍ തന്നെ ഒരു തുള്ളി രക്തമോ ഒരു കോശമോ കൈയില്‍ വെച്ച് വലിയൊരു ലബോറട്ടറിയില്‍ പോയാലോ?!!!
മനുഷ്യന്റെ ഉപജീവന മാര്‍ഗങ്ങളുടെ മാധ്യമമായ മഴ, ഇഹലോകത്തെയും പരലോകത്തെയും വ്യത്യസ്തമായ ഭാഗധേയങ്ങള്‍ ഇവയൊക്കെ ആകാശത്തിലാണുള്ളത്-ലൗഹുല്‍മഹ്ഫൂളും അര്‍ശും പ്രാപഞ്ചിക നിയന്ത്രണങ്ങളുമെല്ലാം വാനലോകങ്ങള്‍ കേന്ദ്രീകരിച്ചാണല്ലോ. 32:5, 6 നോക്കുക. താന്‍ സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്ന വസ്തുത ഒരാളും നിഷേധിക്കുകയില്ലല്ലോ. അതുപോലെ അയാള്‍ ചെന്നെത്തുന്നിടത്തൊക്കെ സംസാരവുമുണ്ടാകും. ഇപ്രകാരം അനിഷേധ്യമായി പുലര്‍ന്നുവരുന്ന നഗ്നയാഥാര്‍ത്ഥ്യമാണ് പരലോകത്തെ പുനരുത്ഥാനം.

وَفِي ٱلۡأَرۡضِ ءَايَٰتٞ لِّلۡمُوقِنِينَ ۝٢٠
وَفِيٓ أَنفُسِكُمۡۚ أَفَلَا تُبۡصِرُونَ ۝٢١
وَفِي ٱلسَّمَآءِ رِزۡقُكُمۡ وَمَا تُوعَدُونَ ۝٢٢
فَوَرَبِّ ٱلسَّمَآءِ وَٱلۡأَرۡضِ إِنَّهُۥ لَحَقّٞ مِّثۡلَ مَآ أَنَّكُمۡ تَنطِقُونَ ۝٢٣
24–30

ഇബ്‌റാഹീം നബിയുടെ വിശിഷ്ടാതിഥികളെക്കുറിച്ചുള്ള വൃത്താന്തം താങ്കള്‍ക്ക് ലഭിച്ചുവോ? അവര്‍ തന്റെ സന്നിധിയിലെത്തി സലാം പറഞ്ഞപ്പോള്‍ അദ്ദേഹം പ്രതികരിച്ചു: അല്ലാഹുവിന്റെ രക്ഷ നിങ്ങള്‍ക്കുണ്ടാവട്ടെ, അപരിചിതരാണല്ലോ? അങ്ങനെയദ്ദേഹം വേഗം സഹധര്‍മിണിയുടെയടുത്ത് ചെന്നു. എന്നിട്ട് തടിച്ച കാളക്കുട്ടിയെ പാകം ചെയ്ത് കൊണ്ടുവന്ന് അവരുടെയടുത്തേക്ക് വെച്ച് 'കഴിക്കുകയല്ലേ' എന്ന് ചോദിച്ചു. തത്സമയം അവരെക്കുറിച്ച് അദ്ദേഹത്തിന് അന്തര്‍ഭയമുണ്ടായി. 'താങ്കള്‍ ഭയപ്പെടേണ്ട' എന്ന് അവര്‍ പ്രതികരിക്കുകയും അഭിജ്ഞനായ ഒരാണ്‍കുട്ടിയെപ്പറ്റി അദ്ദേഹത്തിന് ശുഭവാര്‍ത്ത നല്‍കുകയും ചെയ്തു. തത്സമയം തന്റെ സഹധര്‍മിണി ആഹ്ലാദാരവമുയര്‍ത്തി വരികയും വിസ്മയസൂചകമായി മുഖത്തടിച്ച് 'വന്ധ്യയായ കിഴവി പ്രസവിക്കുകയോ' എന്ന് ചോദിക്കയുമുണ്ടായി. ദൂതര്‍ പ്രതികരിച്ചു. അങ്ങനെത്തന്നെയാണ് നിങ്ങളുടെ നാഥന്റെയുത്തരവ്. അവന്‍ യുക്തിമാനും സര്‍വജ്ഞനും തന്നെയാണ്.5

1 വിശദീകരണം കാണുക

5. കടുത്ത ധിക്കാരികളും തെമ്മാടികളുമായിക്കഴിഞ്ഞിരുന്ന സദൂമുകാരെ (ലൂഥ് നബി-അ-ന്റെ ജനത) ഉന്മൂലനം ചെയ്യാന്‍ നിയുക്തരായ മലക്കുകള്‍ വഴിമധ്യേ ഇബ്‌റാഹീം നബി(അ)ന്റെ അടുത്തു വന്ന സംഭവമാണിത്. മനുഷ്യരൂപത്തിലായിരുന്നു ആഗമമെന്നതിനാലും അല്ലാഹു നബിയെ അറിയിക്കാതിരുന്നതിനാലുമാണ് സദ്യയൊരുക്കിയത്. 'അപരിചിതരാണല്ലോ' എന്ന് അവരോട് പറഞ്ഞിട്ടില്ല. മനസാ ചിന്തിച്ചു, ആത്മഗതം ചെയ്തു എന്നാണ് വിവക്ഷ. 11:70ല്‍ നിന്ന് സ്പഷ്ടമാകുന്നത് അതാണ്. ദൈവദൂതരുടെയടുത്ത് ആരെല്ലാം വരും. അപരിചിതര്‍ ധാരാളമുണ്ടാകുമല്ലോ.
സഹധര്‍മിണി സാറ ബീവി(റ)യില്‍ ഇസ്ഹാഖ് എന്ന പുത്രന്‍ ജനിക്കാന്‍ പോകുന്ന ശുഭവാര്‍ത്തയാണ് മലക്കുകള്‍ അറിയിച്ചത്. ഇതുകേട്ട ബീവി അദ്ഭുതപരതന്ത്രയായി: പണ്ടേ വന്ധ്യ, ഇപ്പോള്‍ പടുകിഴവിയും! ഞാന്‍ പ്രസവിക്കുകയോ? സാധാരണ രീതി വെച്ച് ഇങ്ങനെയായിരുന്നു ബീവിയുടെ കാഴ്ചപ്പാട്. പക്ഷേ, അല്ലാഹുവിന്റെ തീരുമാനം നടപ്പിലായി. അവര്‍ക്ക് ഇസ്ഹാഖ് എന്ന കുഞ്ഞ് പിറന്നു. 11:71, 37:112, 14:39 നോക്കുക.

هَلۡ أَتَىٰكَ حَدِيثُ ضَيۡفِ إِبۡرَٰهِيمَ ٱلۡمُكۡرَمِينَ ۝٢٤
إِذۡ دَخَلُواْ عَلَيۡهِ فَقَالُواْ سَلَٰمٗاۖ قَالَ سَلَٰمٞ قَوۡمٞ مُّنكَرُونَ ۝٢٥
فَرَاغَ إِلَىٰٓ أَهۡلِهِۦ فَجَآءَ بِعِجۡلٖ سَمِينٖ ۝٢٦
فَقَرَّبَهُۥٓ إِلَيۡهِمۡ قَالَ أَلَا تَأۡكُلُونَ ۝٢٧
فَأَوۡجَسَ مِنۡهُمۡ خِيفَةٗۖ قَالُواْ لَا تَخَفۡۖ وَبَشَّرُوهُ بِغُلَٰمٍ عَلِيمٖ ۝٢٨
فَأَقۡبَلَتِ ٱمۡرَأَتُهُۥ فِي صَرَّةٖ فَصَكَّتۡ وَجۡهَهَا وَقَالَتۡ عَجُوزٌ عَقِيمٞ ۝٢٩
قَالُواْ كَذَٰلِكِ قَالَ رَبُّكِۖ إِنَّهُۥ هُوَ ٱلۡحَكِيمُ ٱلۡعَلِيمُ ۝٣٠
31–34

ഇബ്‌റാഹീം നബി ചോദിച്ചു: ദൂതരേ, നിങ്ങളെന്താണ് വന്നത്? അവര്‍ മറുപടി നല്‍കി: നിശ്ചയം പാപികളായ ഒരു ജനതയിലേക്ക്-അതിക്രമികള്‍ക്കായി താങ്കളുടെ നാഥങ്കല്‍ മുദ്രിതമായ കളിമണ്‍ശിലകള്‍ അവര്‍ക്കു നേരെ തൊടുത്തുവിടാനായി- നിയുക്തരാണ് ഞങ്ങള്‍.

۞ قَالَ فَمَا خَطۡبُكُمۡ أَيُّهَا ٱلۡمُرۡسَلُونَ ۝٣١
قَالُوٓاْ إِنَّآ أُرۡسِلۡنَآ إِلَىٰ قَوۡمٖ مُّجۡرِمِينَ ۝٣٢
لِنُرۡسِلَ عَلَيۡهِمۡ حِجَارَةٗ مِّن طِينٖ ۝٣٣
مُّسَوَّمَةً عِندَ رَبِّكَ لِلۡمُسۡرِفِينَ ۝٣٤
35–40

അങ്ങനെ അവിടെ സത്യവിശ്വാസികളായി ഉണ്ടായിരുന്നവരെയത്രയും നാം പുറത്തുകൊണ്ടുവന്നു; ഒരൊറ്റ മുസ്‌ലിം ഗൃഹമേ അവിടെ കണ്ടെത്തിയുള്ളു. വേദനയുറ്റ പാരത്രിക ശിക്ഷ പേടിക്കുന്നവര്‍ക്കായി അവിടെ ഒരു ദൃഷ്ടാന്തം നാം വിട്ടേക്കുകയും ചെയ്തു.6
സ്പഷ്ടമായ പ്രമാണവുമായി മൂസാനബിയെ ഫിര്‍ഔന്റെയടുത്തേക്ക് നാമയച്ചതിലും ചിന്തിക്കാന്‍ വകയുണ്ട്. തത്സമയമവന്‍ തന്റെ സേനാശേഷിയുമായി പിന്തിരിയുകയും മൂസാനബി ആഭിചാരകനോ മാനസികമായി സമനില തെറ്റിയവനോ ആണെന്ന് തട്ടിവിടുകയും ചെയ്തു. അതിനാല്‍ അധിക്ഷേപാര്‍ഹനായിരിക്കെ അവനെയും അവന്റെ സൈന്യങ്ങളെയും നാം പിടികൂടുകയും ചെങ്കടലില്‍ തള്ളുകയുമുണ്ടായി.

1 വിശദീകരണം കാണുക

6. ആഗതര്‍ മനുഷ്യവേഷത്തില്‍ വന്ന മാലാഖമാരാണെന്നു ബോധ്യമായപ്പോള്‍ അവരുടെ ദൗത്യമെന്താണെന്നന്വേഷിച്ച ഇബ്‌റാഹീം നബി(അ)നോട് അവരത് വിശദീകരിച്ചു. സദൂം മേഖലയില്‍ ഒരൊറ്റ മുസ്‌ലിം ഗൃഹമേ -ലൂത്ത് നബിയുടെ- ഉണ്ടായിരുന്നുള്ളു. ചുരുക്കത്തില്‍ വിശ്വാസികളെ മാറ്റിനിറുത്തിയ ശേഷം നിഷേധികളായ ധിക്കാരികള്‍ ഒന്നടങ്കം നശിപ്പിക്കപ്പെട്ടു.

فَأَخۡرَجۡنَا مَن كَانَ فِيهَا مِنَ ٱلۡمُؤۡمِنِينَ ۝٣٥
فَمَا وَجَدۡنَا فِيهَا غَيۡرَ بَيۡتٖ مِّنَ ٱلۡمُسۡلِمِينَ ۝٣٦
وَتَرَكۡنَا فِيهَآ ءَايَةٗ لِّلَّذِينَ يَخَافُونَ ٱلۡعَذَابَ ٱلۡأَلِيمَ ۝٣٧
وَفِي مُوسَىٰٓ إِذۡ أَرۡسَلۡنَٰهُ إِلَىٰ فِرۡعَوۡنَ بِسُلۡطَٰنٖ مُّبِينٖ ۝٣٨
فَتَوَلَّىٰ بِرُكۡنِهِۦ وَقَالَ سَٰحِرٌ أَوۡ مَجۡنُونٞ ۝٣٩
فَأَخَذۡنَٰهُ وَجُنُودَهُۥ فَنَبَذۡنَٰهُمۡ فِي ٱلۡيَمِّ وَهُوَ مُلِيمٞ ۝٤٠
41–46

ആദ് സമുദായത്തിലുമുണ്ട് ദൃഷ്ടാന്തങ്ങള്‍. കടന്നുപോകുന്ന ഏതൊരു സാധനത്തെയും ദ്രവിപ്പിച്ചു മാത്രം വിടുന്ന വന്ധ്യമായ കാറ്റ് അവര്‍ക്കു നേരെ നാം തിരിച്ചുവിട്ടപ്പോള്‍! സമൂദ് ഗോത്രക്കാരിലുമുണ്ട് ദൃഷ്ടാന്തങ്ങള്‍; ഒരു നിര്‍ണിതവേള വരെ നിങ്ങള്‍ സുഖമനുഭവിച്ചോളൂ എന്ന് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെട്ടപ്പോള്‍! എന്നിട്ട് തങ്ങളുടെ നാഥന്റെ ശാസനകള്‍ക്ക് വിപരീതമായി അവര്‍ ധിക്കാരികളായി. അതിനാല്‍ കണ്ടുകൊണ്ടിരിക്കെത്തന്നെ ആ ഇടിത്തീ അവരെ പിടികൂടി. തത്സമയം എഴുന്നേറ്റ് ഓടിപ്പോകാനോ സ്വന്തം രക്ഷാമാര്‍ഗം നേടാനോ അവര്‍ക്കായില്ല. അതിനുമുമ്പ് നൂഹ് നബിയുടെ ജനത്തെ നാം ഉന്മൂലനം ചെയ്തതിലുമുണ്ട് ദൃഷ്ടാന്തങ്ങള്‍. അധര്‍മകാരികളായ ഒരു ജനപഥം തന്നെയായിരുന്നു അവര്‍.7

1 വിശദീകരണം കാണുക

7. ഫിര്‍ഔന്‍ (8:54, 20:78) ആദ് ഗോത്രം (11:50-60) സമൂദ് സമുദായം (11:61-69, 26:141-158) നൂഹ് നബിയുടെ ജനത (11:25-48) എന്നിവരുടെ ഉന്മൂലന ചരിത്രങ്ങള്‍ പലേടത്തും പറഞ്ഞുപോയിട്ടുണ്ട്.

وَفِي عَادٍ إِذۡ أَرۡسَلۡنَا عَلَيۡهِمُ ٱلرِّيحَ ٱلۡعَقِيمَ ۝٤١
مَا تَذَرُ مِن شَيۡءٍ أَتَتۡ عَلَيۡهِ إِلَّا جَعَلَتۡهُ كَٱلرَّمِيمِ ۝٤٢
وَفِي ثَمُودَ إِذۡ قِيلَ لَهُمۡ تَمَتَّعُواْ حَتَّىٰ حِينٖ ۝٤٣
فَعَتَوۡاْ عَنۡ أَمۡرِ رَبِّهِمۡ فَأَخَذَتۡهُمُ ٱلصَّٰعِقَةُ وَهُمۡ يَنظُرُونَ ۝٤٤
فَمَا ٱسۡتَطَٰعُواْ مِن قِيَامٖ وَمَا كَانُواْ مُنتَصِرِينَ ۝٤٥
وَقَوۡمَ نُوحٖ مِّن قَبۡلُۖ إِنَّهُمۡ كَانُواْ قَوۡمٗا فَٰسِقِينَ ۝٤٦
47–51

വന്‍ശേഷി കൊണ്ടാണ് നാം ആകാശം സൃഷ്ടിച്ചത്; നാമത് വികസിപ്പിച്ചുകൊണ്ടിരിക്കുക തന്നെ ചെയ്യും. ഭൂമിയെ നാം വിരിപ്പാക്കി-അങ്ങനെ വിതാനിച്ചവന്‍ എത്ര ഉദാത്തന്‍! ഓരോ വസ്തുവിലും നിന്ന് രണ്ടുവീതം ഇണകളെ-നിങ്ങള്‍ ചിന്തിക്കാന്‍ വേണ്ടി- നാം പടച്ചു.8
അതിനാല്‍ അല്ലാഹുവിങ്കലേക്ക് നിങ്ങള്‍ ദ്രുതസഞ്ചാരം നടത്തുക. അവങ്കല്‍ നിന്ന് നിങ്ങളിലേക്കുള്ള സ്പഷ്ടമായ മുന്നറിയിപ്പുകാരനാണ് ഞാന്‍. അല്ലാഹുവൊന്നിച്ച് മറ്റൊരു ദൈവത്തെ നിങ്ങള്‍ വരിക്കരുത്; ഞാന്‍ നിങ്ങളുടെ സന്നിധിയിലേക്ക് അവന്റെയടുത്തുനിന്നുള്ള വ്യക്തമായ താക്കീതുകാരനത്രേ.9

2 വിശദീകരണങ്ങൾ കാണുക

8. പ്രപഞ്ചത്തിലെ ഓരോ വസ്തുവും ജോടികളായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഭിന്നരീതികളിലുള്ള ഐക്യം അവയില്‍ കാണാം: ആണ് പെണ്ണ്, കറുത്തത് വെളുത്തത്, പുളി മധുരം, പോസിറ്റീവ് നെഗറ്റീവ്... എന്നിങ്ങനെ. ഹൈഡ്രജന്‍ ഓക്‌സിജന്‍ എന്നീ ഇണകള്‍ സംഗമിച്ച് വെള്ളം ഉണ്ടാകുന്നു; ബീജവും അണ്ഡവും ചേര്‍ന്ന് മനുഷ്യന്‍. ബുദ്ധിജീവിയാണ് താനെന്ന് അഹന്ത പറയുന്നവന്‍ പാഠമുള്‍ക്കൊള്ളുന്നുണ്ടോ? ഭുവന-വാനങ്ങളും പ്രപഞ്ചവും സൃഷ്ടിച്ചുവെന്നു മാത്രമല്ല, അല്ലാഹു അവ വികസിപ്പിക്കുന്നുമുണ്ട്. ആധുനിക ശാസ്ത്രം ശരിവെച്ചുകഴിഞ്ഞ യാഥാര്‍ത്ഥ്യമാണിത്.

9. നിഷേധികള്‍ സത്യത്തില്‍ നിന്ന് ബഹുദൂരമകലെയാണ്. മേല്‍സൂചിപ്പിച്ചതുപോലുള്ള പ്രാപഞ്ചിക പ്രതിഭാസങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് സര്‍വശക്തനായ അല്ലാഹുവിങ്കലേക്ക് ഓരോരുത്തരും പ്രയാണം ചെയ്യണം. അങ്ങനെ ഇഹ-പര സൗഭാഗ്യം നേടണം.

وَٱلسَّمَآءَ بَنَيۡنَٰهَا بِأَيۡيْدٖ وَإِنَّا لَمُوسِعُونَ ۝٤٧
وَٱلۡأَرۡضَ فَرَشۡنَٰهَا فَنِعۡمَ ٱلۡمَٰهِدُونَ ۝٤٨
وَمِن كُلِّ شَيۡءٍ خَلَقۡنَا زَوۡجَيۡنِ لَعَلَّكُمۡ تَذَكَّرُونَ ۝٤٩
فَفِرُّوٓاْ إِلَى ٱللَّهِۖ إِنِّي لَكُم مِّنۡهُ نَذِيرٞ مُّبِينٞ ۝٥٠
وَلَا تَجۡعَلُواْ مَعَ ٱللَّهِ إِلَٰهًا ءَاخَرَۖ إِنِّي لَكُم مِّنۡهُ نَذِيرٞ مُّبِينٞ ۝٥١
52–55

അങ്ങയുടെ സ്ഥിതി പോലെത്തന്നെ ഈ ജനത്തിന്റെ പൂര്‍വഗാമികളില്‍ ഏതൊരു ദൂതന്‍ വന്നപ്പോഴും ആഭിചാരകനെന്നോ കിറുക്കനെന്നോ അവര്‍ തട്ടിവിടാതിരുന്നിട്ടില്ല. അങ്ങനെ ജല്‍പിക്കാന്‍ വല്ല പരസ്പര ധാരണയിലുമെത്തിയതാണോ അവര്‍? അല്ല, വഴിതെറ്റിയ ഒരു ജനപഥമാണവര്‍. അതുകൊണ്ട് അങ്ങ് അധിക്ഷേപാര്‍ഹനല്ല, അവരെ വിട്ട് തിരിഞ്ഞുകളയുക! താങ്കള്‍ ഉദ്‌ബോധനം നിര്‍വഹിക്കണം, നിശ്ചയം, സത്യവിശ്വാസികള്‍ക്കത് ഫലദായകമാകുന്നു10

1 വിശദീകരണം കാണുക

10. സത്യസന്ദേശവുമായി അല്ലാഹു അയച്ച പ്രവാചകന്മാരോട് അവിശ്വാസികള്‍ സ്വീകരിച്ച നിഷേധാത്മക നിലപാടുകള്‍ എല്ലായിടത്തും ഒരുപോലെയായിരുന്നു. ഒരു പ്രവാചകനും നിഷേധിക്കപ്പെടാതിരുന്നിട്ടില്ല; വാദമുഖങ്ങളൊക്കെയും ഒന്നു തന്നെ! അതുകൊണ്ട്, നിഷേധികളുടെ നിലപാടില്‍ പരിഭവിക്കാതെ, ക്ഷമാപൂര്‍വം സത്യപ്രബോധനവുമായി വിഘ്‌നമന്യേ മുന്നേറണം.

كَذَٰلِكَ مَآ أَتَى ٱلَّذِينَ مِن قَبۡلِهِم مِّن رَّسُولٍ إِلَّا قَالُواْ سَاحِرٌ أَوۡ مَجۡنُونٌ ۝٥٢
أَتَوَاصَوۡاْ بِهِۦۚ بَلۡ هُمۡ قَوۡمٞ طَاغُونَ ۝٥٣
فَتَوَلَّ عَنۡهُمۡ فَمَآ أَنتَ بِمَلُومٖ ۝٥٤
وَذَكِّرۡ فَإِنَّ ٱلذِّكۡرَىٰ تَنفَعُ ٱلۡمُؤۡمِنِينَ ۝٥٥
56–58

ജിന്നുകളെയും മാനവരെയും എന്നെ ആരാധിക്കാനായി മാത്രമേ ഞാന്‍ സൃഷ്ടിച്ചിട്ടുള്ളു. അവരില്‍ നിന്ന് ഒരുവിധ ഉപജീവനവും ഞാന്‍ കാംക്ഷിക്കുന്നില്ല; അവര്‍ എന്നെ ആഹരിപ്പിക്കണമെന്നും എനിക്കുദ്ദേശ്യമില്ല. അല്ലാഹു തന്നെയാണ് ഭക്ഷണം നല്‍കുന്നവനും ശക്തിയുള്ളവനും ദാര്‍ഢ്യനും.11

1 വിശദീകരണം കാണുക

11. നിഷേധികള്‍ ദൈവങ്ങള്‍ക്ക് ആഹാരങ്ങളും നിവേദ്യങ്ങളും സമര്‍പിക്കാറുള്ളതാണ് പശ്ചാത്തലം. എന്നിട്ട് അവ തിന്നാന്‍ എലിയും പട്ടിയും പൂച്ചയും വവ്വാലുമൊക്കെ വരും. നെയ്യും നിവേദ്യവും കഴിച്ച് ബിംബത്തിന്റെ തിരുവദനത്തില്‍ മൂത്രമൊഴിച്ച് നായ്ക്കള്‍ തിരിച്ചുപോകും. എന്നാല്‍, എനിക്കവരുടെ ഭക്ഷണം വേണ്ട, അവര്‍ക്കുള്ള ഭക്ഷണം ഞാനാണ് നല്‍കുന്നത് എന്നാണ് അല്ലാഹു വ്യക്തമാക്കുന്നത്.

وَمَا خَلَقۡتُ ٱلۡجِنَّ وَٱلۡإِنسَ إِلَّا لِيَعۡبُدُونِ ۝٥٦
مَآ أُرِيدُ مِنۡهُم مِّن رِّزۡقٖ وَمَآ أُرِيدُ أَن يُطۡعِمُونِ ۝٥٧
إِنَّ ٱللَّهَ هُوَ ٱلرَّزَّاقُ ذُو ٱلۡقُوَّةِ ٱلۡمَتِينُ ۝٥٨
59–60

ഇഹലോകത്ത് അതിക്രമം കാട്ടിയവര്‍ക്ക് തങ്ങളുടെ മുന്‍കാല കൂട്ടാളികളുടേതു പോലുള്ള വിഹിതമുണ്ടായിരിക്കും; അതുകൊണ്ട് എന്നോടവര്‍ തത്രപ്പെടേണ്ട. അപ്പോള്‍ തങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കപ്പെട്ടിരുന്ന ദിവസം വഴി സത്യനിഷേധികള്‍ക്കു മഹാനാശമാണുണ്ടാവുക!

فَإِنَّ لِلَّذِينَ ظَلَمُواْ ذَنُوبٗا مِّثۡلَ ذَنُوبِ أَصۡحَٰبِهِمۡ فَلَا يَسۡتَعۡجِلُونِ ۝٥٩
فَوَيۡلٞ لِّلَّذِينَ كَفَرُواْ مِن يَوۡمِهِمُ ٱلَّذِي يُوعَدُونَ ۝٦٠