ഥൂര്‍ പര്‍വതം, ലോല തുകല്‍പാളിയില്‍ ഉല്ലേഖിതമായ ഗ്രന്ഥം, അല്‍ബൈത്തുല്‍മഅ്മൂര്‍ പുണ്യഗേഹം, ഉയര്‍ത്തപ്പെട്ട വാനമേല്‍ക്കൂര, ജ്വലിപ്പിക്കപ്പെടുന്ന സമുദ്രം എന്നിവ തന്നെ ശപഥം, അങ്ങയുടെ നാഥന്റെ ശിക്ഷ സംഭവിക്കുന്നത് തന്നെയാണ്; പ്രതിരോധിക്കാന്‍ ഒരാളുമുണ്ടാവില്ല. ആകാശം പ്രകമ്പനം കൊള്ളുകയും ഭൂമിക്ക് സ്ഥാനചലനം വരികയും ചെയ്യുന്ന ദിവസം. മിഥ്യാവിനോദങ്ങളില്‍ വിലയം പ്രാപിച്ചിരുന്ന നിഷേധികള്‍ക്ക് അന്ന് മഹാനാശമാണുണ്ടാവുക- നരകാഗ്നിയിലേക്ക് അവര്‍ തള്ളിവിടപ്പെടുന്ന നാള്‍! 'നിങ്ങള്‍ വ്യാജമാക്കിയിരുന്ന നരകമാണിത്! മായാജാലമാണോ ഇത്, അതോ നിങ്ങളിത് കാണുന്നില്ലെന്നോ? ഇതില്‍ കടന്ന് എരിയുക, എന്നിട്ട് സഹിക്കുകയോ സഹിക്കാതിരിക്കുകയോ ഏതുമാകാം; രണ്ടും തുല്യമാണ് നിങ്ങള്‍ക്ക്! സ്വന്തം ചെയ്തികള്‍ക്കുള്ള പ്രതിഫലം മാത്രമാണീ നല്‍കപ്പെടുന്നത്.'1
1 വിശദീകരണം കാണുക
1. സത്യനിഷേധികളോട് വിശിഷ്യ മരണാനന്തരമുള്ള ഉയിര്‍ത്തെഴുന്നേല്‍പിന്റെ കാര്യം ശ്രദ്ധേയമായ നാലുകാര്യമെടുത്ത് സത്യം ചെയ്തു പ്രസ്താവിക്കുകയാണ്. അതില്‍ ഒന്നാമത്തേതാണ് ഥൂര്‍ പര്‍വതം. ഈ സൂറയുടെ പേരും അതാണ്. ഈജിപ്തിന്റെ ഏഷ്യന്‍ ഭാഗമായ സീനാ ഉപദ്വീപിന്റെ ദക്ഷിണഭാഗത്തെ പര്‍വത ശൃംഖലകളാണ് ഥൂര്‍. മൂസാ നബിയും ജൂതമതവും തൗറാത്തുമൊക്കെയായി വളരെ ബന്ധമുണ്ട് ഥൂറിന്ന്. തുകല്‍പാളിയിലെഴുതിയ ഗ്രന്ഥം വിശുദ്ധ ഖുര്‍ആനാണ്. ആകാശലോകത്തെ ഒരു പുണ്യഗേഹമാണ് അല്‍ബൈത്തുല്‍മഅ്മൂര്‍. ഓരോ ദിവസവും എഴുപതിനായിരം മലക്കുകള്‍ അതില്‍ വരുന്നുണ്ട്; പിന്നീടൊരിക്കല്‍ പോലും അവരതിലേക്ക് വരില്ല എന്ന് മിഅ്‌റാജിന്റെ വിവരണത്തില്‍ നബി(സ്വ) പ്രസ്താവിച്ചിട്ടുണ്ട് (മുസ്‌ലിം). ഖിയാമനാളില്‍ സമുദ്രങ്ങളില്‍ അഗ്നിജ്വാലകള്‍ പടരുമെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. 81:6 നോക്കുക. പുനരുത്ഥാനവും വിചാരണയും സ്വര്‍ഗ-നരകങ്ങളും നിഷേധികളുടെ ശിക്ഷയുമെല്ലാം പരമയാഥാര്‍ത്ഥ്യം തന്നെയാണെന്നാണ് വ്യക്തമാക്കുന്നത്.