Monday, 12 October 2026 Hijri: — 02:27:39 pm
MalayalamQuran.in
Quran translation reader

അന്നജ്മ് النجم An-Najm

Surah 53 മക്കിയ്യ • مكية • Makkiyah 62 ആയത്തുകൾ • 62 Ayahs

സൂറത്ത് അന്നജ്മ് (An-Najm), ഖുർആൻ അധ്യായം 53 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 62 ആയത്തുകൾ വായിക്കുക. Read Surah An-Najm with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–11

നിപതിക്കുന്ന നക്ഷത്രം തന്നെ ശപഥം.1
നിങ്ങളുടെ സഹവാസി വഴിതെറ്റുകയോ ദുര്‍മാര്‍ഗിയാവുകയോ ചെയ്തിട്ടില്ല. ദിവ്യസന്ദേശമായി കിട്ടുന്ന വഹ്‌യല്ലാതെ അവിടന്ന് തന്നിഷ്ടപ്രകാരം യാതൊന്നും ഉരിയാടുകയില്ല. പ്രബലശേഷിയുള്ള കരുത്തുറ്റ ജിബ്‌രീലാണത് അവിടത്തെ പഠിപ്പിച്ചത്. എന്നിട്ടദ്ദേഹം അത്യുന്നത മണ്ഡലത്തിലായി തനതുരൂപത്തില്‍ നിലകൊണ്ടു; പിന്നെ കൂടുതലടുത്തുവന്നു സമീപസ്ഥനായി; അങ്ങനെ രണ്ടു വില്ലുകളുടെയത്രയോ അതിലേറെയോ അടുത്തുവന്നു. തത്സമയം അല്ലാഹു തന്റെ അടിമ മുഹമ്മദ് നബിക്ക് ബോധനം നല്‍കേണ്ടതൊക്കെയും അറിയിച്ചുകൊടുത്തു. ആ ദൃശ്യം അവിടത്തെ ഹൃദയം വ്യാജമാക്കിയിട്ടില്ല.2

2 വിശദീകരണങ്ങൾ കാണുക

1. അന്നജ്മ് എന്നാല്‍ നക്ഷത്രം എന്നര്‍ത്ഥം. ആദ്യസൂക്തത്തിലെ ഈ പദമാണ് നാമകരണത്തിന് നിദാനം. മലക്കുകളുടെ സംസാരങ്ങള്‍ കട്ടുകേള്‍ക്കാനായി വാനലോകങ്ങളിലെത്തുന്ന പിശാചുക്കളെ പിന്തുടരുന്ന നക്ഷത്രങ്ങള്‍ കൊണ്ടാണ് ഈ സത്യം ചെയ്തിരിക്കുന്നത് എന്നാണ് ഇബ്‌നുഅബ്ബാസ്(റ) പ്രസ്താവിച്ചിരിക്കുന്നത്.

2. തിരുനബി(സ്വ)ക്ക് ജിബ്‌രീല്‍ എന്ന മലക്കിനെ തനതായ രൂപത്തില്‍ കാണാനാഗ്രഹമുണ്ടായിരുന്നു. അങ്ങനെ രണ്ടു പ്രാവശ്യം കണ്ടു- ഒന്ന് ഭൂമിയില്‍ വെച്ചും മറ്റൊന്ന് മിഅ്‌റാജ് രാവില്‍ സിദ്‌റത്തുല്‍മുന്‍തഹായുടെ സമീപത്തും. അറുനൂറ് ചിറകുകളുണ്ടായിരുന്നു അപ്പോഴെന്നും നബിയല്ലാതെ മറ്റൊരു മനുഷ്യനും ആ നിലക്ക് കണ്ടിട്ടില്ലെന്നും ഹദീസുകളിലുണ്ട് (ബുഖാരി). വഹ്‌യനുസരിച്ചല്ലാതെ അവിടന്ന് യാതൊന്നും ഉച്ചരിക്കയില്ലെന്ന ഖുര്‍ആനിക സാക്ഷ്യം പ്രത്യേകം ശ്രദ്ധേയമാണ്.

وَٱلنَّجۡمِ إِذَا هَوَىٰ ۝١
مَا ضَلَّ صَاحِبُكُمۡ وَمَا غَوَىٰ ۝٢
وَمَا يَنطِقُ عَنِ ٱلۡهَوَىٰٓ ۝٣
إِنۡ هُوَ إِلَّا وَحۡيٞ يُوحَىٰ ۝٤
عَلَّمَهُۥ شَدِيدُ ٱلۡقُوَىٰ ۝٥
ذُو مِرَّةٖ فَٱسۡتَوَىٰ ۝٦
وَهُوَ بِٱلۡأُفُقِ ٱلۡأَعۡلَىٰ ۝٧
ثُمَّ دَنَا فَتَدَلَّىٰ ۝٨
فَكَانَ قَابَ قَوۡسَيۡنِ أَوۡ أَدۡنَىٰ ۝٩
فَأَوۡحَىٰٓ إِلَىٰ عَبۡدِهِۦ مَآ أَوۡحَىٰ ۝١٠
مَا كَذَبَ ٱلۡفُؤَادُ مَا رَأَىٰٓ ۝١١
12–18

നിങ്ങളക്കാഴ്ചയെപ്പറ്റി നബിയോട് തര്‍ക്കം നടത്തുകയാണോ? മറ്റൊരു പ്രാവശ്യവും-'സിദ്‌റത്തുല്‍മുന്‍തഹാ'ക്കു സമീപം-അവിടന്ന് ജിബ്‌രീലിനെ ദര്‍ശിച്ചിട്ടുണ്ട്. അതിന്റെ ചാരത്താണ് നിവാസത്തിനുള്ള സ്വര്‍ഗം. ആ ഇലന്തമരത്തെ ഗൗരവതരമായൊരു ദൈവികകാര്യം ആവരണം ചെയ്തപ്പോള്‍ നബിയുടെ ദൃഷ്ടി വ്യതിചലിക്കുകയോ പരിധിവിട്ടുപോവുകയോ ചെയ്തിട്ടില്ല. തന്റെ നാഥന്റെ അതിമഹത്തായ ചില ദൃഷ്ടാന്തങ്ങള്‍ അവിടന്ന് കാണുകയുണ്ടായി.3

1 വിശദീകരണം കാണുക

3. സിദ്‌റത്ത് എന്നാല്‍ ഒരുതരം വൃക്ഷമാണ്-ഇലന്തമരം. അറബിയില്‍ നബ്ഖ് എന്നും പറയും. അല്‍മുന്‍തഹാ എന്നാല്‍ അന്തിമസ്ഥലം. അല്ലാഹുവിന്റെ സിംഹാസനവും സ്വര്‍ഗലോകങ്ങളും ഇതിനടുത്താണ്. വാനാരോഹണ രാത്രി നബി(സ്വ) അതുകണ്ടതായി ഹദീസിലുണ്ട് (മുസ്‌ലിം). സ്വര്‍ഗം, നരകം, അല്‍ബൈത്തുല്‍മഅ്മൂര്‍, സിദ്‌റ തുടങ്ങി പല മഹാദ്ഭുതങ്ങളും നബി കണ്ടു.

أَفَتُمَٰرُونَهُۥ عَلَىٰ مَا يَرَىٰ ۝١٢
وَلَقَدۡ رَءَاهُ نَزۡلَةً أُخۡرَىٰ ۝١٣
عِندَ سِدۡرَةِ ٱلۡمُنتَهَىٰ ۝١٤
عِندَهَا جَنَّةُ ٱلۡمَأۡوَىٰٓ ۝١٥
إِذۡ يَغۡشَى ٱلسِّدۡرَةَ مَا يَغۡشَىٰ ۝١٦
مَا زَاغَ ٱلۡبَصَرُ وَمَا طَغَىٰ ۝١٧
لَقَدۡ رَأَىٰ مِنۡ ءَايَٰتِ رَبِّهِ ٱلۡكُبۡرَىٰٓ ۝١٨
19–23

ലാത്തിനെയും ഉസ്സായെയും മൂന്നാമത്തെ മനാത്തിനെയും കുറിച്ച് നിങ്ങള്‍ ആലോചിച്ചു നോക്കിയിട്ടുണ്ടോ? മക്കളായി നിങ്ങള്‍ക്ക് ആണ്, അല്ലാഹുവിന് പെണ്ണ് എന്നിങ്ങനെയാണോ? വല്ലാത്തൊരു നെറികെട്ട വിഭജനം തന്നെയാണത്! നിങ്ങളും പൂര്‍വികരും നാമകരണം നിര്‍വഹിച്ച ചില പേരുകളല്ലാതെ അവ മറ്റൊന്നുമല്ല, അല്ലാഹു അതുസംബന്ധമായി ഒരുവിധ പ്രമാണവും അവതരിപ്പിച്ചിട്ടില്ല. ഊഹവും സ്വേച്ഛകളും അനുധാവനം ചെയ്യുക മാത്രമാണവര്‍; തങ്ങളുടെ നാഥങ്കല്‍ നിന്നുള്ള നേര്‍മാര്‍ഗം അവര്‍ക്കു കരഗതമായിട്ടുണ്ട് താനും.4

1 വിശദീകരണം കാണുക

4. ഋജുവായ പന്ഥാവും സത്യമതവും വിശുദ്ധ ഖുര്‍ആനുമായി തിരുനബി(സ്വ) എന്ന ദിവ്യാനുഗ്രഹം വന്നുകഴിഞ്ഞ ശേഷമാണ് മക്കയിലെ മുശ്‌രിക്കുകള്‍ പിന്നെയും ദുര്‍മാര്‍ഗികളായി നടക്കുന്നത്. എത്ര വലിയ ധിക്കാരവും ദൗര്‍ഭാഗ്യവുമാണത്!

أَفَرَءَيۡتُمُ ٱللَّٰتَ وَٱلۡعُزَّىٰ ۝١٩
وَمَنَوٰةَ ٱلثَّالِثَةَ ٱلۡأُخۡرَىٰٓ ۝٢٠
أَلَكُمُ ٱلذَّكَرُ وَلَهُ ٱلۡأُنثَىٰ ۝٢١
تِلۡكَ إِذٗا قِسۡمَةٞ ضِيزَىٰٓ ۝٢٢
إِنۡ هِيَ إِلَّآ أَسۡمَآءٞ سَمَّيۡتُمُوهَآ أَنتُمۡ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلۡطَٰنٍۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَمَا تَهۡوَى ٱلۡأَنفُسُۖ وَلَقَدۡ جَآءَهُم مِّن رَّبِّهِمُ ٱلۡهُدَىٰٓ ۝٢٣
24–30

അതല്ല, മനുഷ്യന്ന് താന്‍ മോഹിക്കുന്നതെല്ലാം ലഭിക്കുമോ? എന്നാല്‍ പരലോകവും ഇഹലോകവും അല്ലാഹുവിന്റേത് മാത്രമാകുന്നു. വാനലോകങ്ങളില്‍ എത്രയെത്ര മാലാഖമാരുണ്ട്. താനുദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹു ശുപാര്‍ശാസമ്മതം നല്‍കിയതിനു ശേഷമേ അവരുടെ ശുപാര്‍ശ ഫലപ്രദമാകൂ.5
പരലോക വിശ്വാസമില്ലാത്തയാളുകള്‍ മലക്കുകള്‍ക്ക് നാമകരണം ചെയ്യുന്നത് സ്ത്രീകളുടെ പേരുകളാണ്. അതുസംബന്ധിച്ച്-ഊഹങ്ങള്‍ പിന്‍പറ്റുകയല്ലാതെ- യാതൊരറിവും അവര്‍ക്കില്ലതന്നെ. വസ്തുതയെ സംബന്ധിച്ചിടത്തോളം ഊഹം ഒട്ടുമേ പ്രയോജനപ്രദമല്ല. അതുകൊണ്ട് നമ്മുടെ ഖുര്‍ആനില്‍ നിന്ന് തിരിഞ്ഞുകളയുകയും ഐഹിക ജീവിതം മാത്രം ലക്ഷീകരിക്കുകയും ചെയ്തവരെ അങ്ങ് അവഗണിക്കുക. അവര്‍ക്ക് അത്രയേ അറിവുള്ളു. തന്റെ പന്ഥാവില്‍ നിന്ന് വ്യതിചലിച്ചവരെക്കുറിച്ച് താങ്കളുടെ നാഥന്‍ ഏറെ അഭിജ്ഞനത്രേ. സന്മാര്‍ഗ പ്രാപ്തരെപ്പറ്റിയും അവനു നന്നായറിയാം.

1 വിശദീകരണം കാണുക

5. തങ്ങള്‍ അന്ധമായി നാമകരണം ചെയ്ത ബിംബങ്ങള്‍ പരലോകത്ത് ശുപാര്‍ശകരാകുമെന്നാണ് മുശ്‌രിക്കുകള്‍ പറയുന്നത്! എന്തൊരു മൗഢ്യമാണിത്! അല്ലാഹുവിന്റെ സമീപസ്ഥരായ മലക്കുകള്‍ക്ക് പോലും പ്രത്യേകാനുമതിയോടെ മാത്രമേ ശുപാര്‍ശക്കനുമതിയുണ്ടാകൂ- അതും സത്യവിശ്വാസികള്‍ക്ക് വേണ്ടി മാത്രം.

أَمۡ لِلۡإِنسَٰنِ مَا تَمَنَّىٰ ۝٢٤
فَلِلَّهِ ٱلۡأٓخِرَةُ وَٱلۡأُولَىٰ ۝٢٥
۞ وَكَم مِّن مَّلَكٖ فِي ٱلسَّمَٰوَٰتِ لَا تُغۡنِي شَفَٰعَتُهُمۡ شَيۡـًٔا إِلَّا مِنۢ بَعۡدِ أَن يَأۡذَنَ ٱللَّهُ لِمَن يَشَآءُ وَيَرۡضَىٰٓ ۝٢٦
إِنَّ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ لَيُسَمُّونَ ٱلۡمَلَٰٓئِكَةَ تَسۡمِيَةَ ٱلۡأُنثَىٰ ۝٢٧
وَمَا لَهُم بِهِۦ مِنۡ عِلۡمٍۖ إِن يَتَّبِعُونَ إِلَّا ٱلظَّنَّۖ وَإِنَّ ٱلظَّنَّ لَا يُغۡنِي مِنَ ٱلۡحَقِّ شَيۡـٔٗا ۝٢٨
فَأَعۡرِضۡ عَن مَّن تَوَلَّىٰ عَن ذِكۡرِنَا وَلَمۡ يُرِدۡ إِلَّا ٱلۡحَيَوٰةَ ٱلدُّنۡيَا ۝٢٩
ذَٰلِكَ مَبۡلَغُهُم مِّنَ ٱلۡعِلۡمِۚ إِنَّ رَبَّكَ هُوَ أَعۡلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعۡلَمُ بِمَنِ ٱهۡتَدَىٰ ۝٣٠
31–32

ഭുവന-വാനങ്ങളിലുള്ളവയത്രയും അല്ലാഹുവിന്റേതാകുന്നു-തിന്മ ചെയ്തവര്‍ക്ക് അവരുടെ കര്‍മങ്ങള്‍ക്കനുസരിച്ചും നന്മയനുവര്‍ത്തിച്ചവര്‍ക്ക് അവരുടെ സല്‍പ്രവൃത്തികളനുസരിച്ചും പ്രതിഫലം നല്‍കാന്‍ വേണ്ടി- വന്‍പാതകങ്ങളിലും നിസ്സാരവീഴ്ചയല്ലാത്ത നീചകൃത്യങ്ങളിലും നിന്ന് അകന്നു കഴിയുന്നവരാണവര്‍. നിശ്ചയം, താങ്കളുടെ നാഥന്‍ വിശാലമായി പാപം പൊറുക്കുന്നവനത്രേ. ഭൂമിയില്‍ നിന്ന് നിങ്ങളെ പടച്ചുണ്ടാക്കിയപ്പോഴും മാതാക്കളുടെ ഉദരങ്ങളില്‍ ഗര്‍ഭസ്ഥ ശിശുക്കളായിരുന്നപ്പോഴും അവനാണ് നിങ്ങളെക്കുറിച്ച അത്യഭിജ്ഞന്‍. അതുകൊണ്ട് നിങ്ങള്‍ സ്വന്തത്തെ പ്രശംസിക്കുന്നവരാകേണ്ട, സൂക്ഷ്മ ജീവിതം നയിക്കുന്നതാരാണെന്ന് അവന്നു നന്നായറിയാം.6

1 വിശദീകരണം കാണുക

6. ഭൂമിയില്‍ നിന്ന് നിങ്ങളെ പടച്ചു എന്ന് പറഞ്ഞത് ആദിപിതാവ് ആദംനബി(അ)നെ കുറിച്ചാണ്. ഓരോ വ്യക്തിയെ പ്പറ്റിയും അല്ലാഹുവിന്ന് വളരെ സമഗ്രമായി അറിയാം എന്നതിനാല്‍ ആരും ആത്മപ്രശംസകന്‍ ആകേണ്ടതില്ല എന്ന് ഉണര്‍ത്തുകയാണ്. മിക്ക മനുഷ്യരുടെയും ഒരു ദൗര്‍ബല്യമാണത്.

وَلِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ لِيَجۡزِيَ ٱلَّذِينَ أَسَٰٓـُٔواْ بِمَا عَمِلُواْ وَيَجۡزِيَ ٱلَّذِينَ أَحۡسَنُواْ بِٱلۡحُسۡنَى ۝٣١
ٱلَّذِينَ يَجۡتَنِبُونَ كَبَٰٓئِرَ ٱلۡإِثۡمِ وَٱلۡفَوَٰحِشَ إِلَّا ٱللَّمَمَۚ إِنَّ رَبَّكَ وَٰسِعُ ٱلۡمَغۡفِرَةِۚ هُوَ أَعۡلَمُ بِكُمۡ إِذۡ أَنشَأَكُم مِّنَ ٱلۡأَرۡضِ وَإِذۡ أَنتُمۡ أَجِنَّةٞ فِي بُطُونِ أُمَّهَٰتِكُمۡۖ فَلَا تُزَكُّوٓاْ أَنفُسَكُمۡۖ هُوَ أَعۡلَمُ بِمَنِ ٱتَّقَىٰٓ ۝٣٢
33–54

പിന്തിരിഞ്ഞുപോയ ഒരു വ്യക്തിയെ താങ്കള്‍ കണ്ടുവോ? കുറച്ച് അവന്‍ ദാനം ചെയ്യുകയും എന്നിട്ടത് നിറുത്തുകയുമുണ്ടായി. അവന്ന് അദൃശ്യവിവരമുണ്ടായിട്ട് അതുവഴി വസ്തുത കണ്ടറിഞ്ഞുകൊണ്ടിരിക്കുകയാണോ?.7
അതല്ല, മൂസാനബിയുടെയും ബാധ്യതകള്‍ പൂര്‍ത്തീകരിച്ച ഇബ്‌റാഹീം നബിയുടെയും ഗ്രന്ഥത്തിലുള്ളത് സംബന്ധിച്ച് അവന്ന് അറിവു ലഭിച്ചിട്ടില്ലേ?- പാപം പേറുന്ന ഒരാളും മറ്റൊരാളുടെ കുറ്റം വഹിക്കയില്ല; താന്‍ അനുവര്‍ത്തിച്ചതേ മനുഷ്യനുണ്ടാകൂ;8
അവന്റെ കര്‍മരേഖ പിന്നീടവന്ന് സമര്‍പ്പിക്കപ്പെടുകയും ശേഷം പൂര്‍ണ പ്രതിഫലം നല്‍കപ്പെടുകയും ചെയ്യും; താങ്കളുടെ നാഥങ്കലേക്കാണ് എല്ലാം ചെന്നെത്തുന്നതും അവന്‍ തന്നെയാണ് ചിരിപ്പിക്കുന്നതും കരയിക്കുന്നതും മരിപ്പിക്കുന്നതും ജീവിപ്പിക്കുന്നതും; ഗര്‍ഭാശയത്തില്‍ സ്രവിപ്പിക്കപ്പെടുന്ന ബീജത്തില്‍ നിന്ന് ആണും പെണ്ണുമായ ജോടികളെ അവനാണ് സൃഷ്ടിച്ചത്; മറ്റൊരു പുനരുത്ഥാനം അവന്റേതുതന്നെ; സമ്പന്നനാക്കുന്നതും ദരിദ്രനാക്കുന്നതും ചോതി നക്ഷത്രത്തിന്റെ നാഥനും അവനാണ്;9
ഒന്നും അവശേഷിപ്പിക്കാതെ ആദിമജനപഥമായ ആദിനെയും സമൂദ് ഗോത്രത്തെയും മുമ്പ് നൂഹ് നബിയുടെ ജനത-അവര്‍ കടുത്ത അതിക്രമവും ധിക്കാരവും കാട്ടി-യെയും കീഴ്‌മേല്‍ മറിഞ്ഞ സദൂം നാട്ടിനെയും-അങ്ങനെ അന്നാടിനെ ഗുരുതര നാശം ആവരണം ചെയ്തു-സംഹരിച്ചു കളഞ്ഞത് അല്ലാഹുവാണ് എന്നൊന്നും അവന്നറിയില്ലേ?

3 വിശദീകരണങ്ങൾ കാണുക

7. വലീദുബ്‌നുല്‍മുഗീറ എന്ന മുശ്‌രിക്ക് നേതാവിനെക്കുറിച്ചാണ് സൂക്തങ്ങളവതരിച്ചത്. ഒരിക്കലയാള്‍ നബി(സ്വ)യില്‍ നിന്ന് ഖുര്‍ആന്‍ ശ്രവിച്ച് മനഃപരിവര്‍ത്തന വിധേയനായി. 'അല്ലാഹുവിന്റെ ക്രോധവും ശിക്ഷയും ഞാന്‍ ഭയപ്പെടുന്നു' എന്നയാള്‍ പറഞ്ഞപ്പോള്‍ മറ്റൊരു മുശ്‌രിക്ക് പ്രതികരിച്ചു. 'എനിക്കു നീ നിശ്ചിത സംഖ്യ തന്നാല്‍ അത് ഞാന്‍ ഏറ്റെടുക്കാം'. അങ്ങനെ തന്റെ പരലോക ശിക്ഷ വഹിക്കാനായി വലീദ് അയാള്‍ക്ക് കുറച്ചു പണം കൊടുത്തു; പിന്നെ ബാക്കി കൊടുത്തതുമില്ല. ഇസ്‌ലാമിനോടുണ്ടായ ആഭിമുഖ്യം കൈവെടിയുകയും ചെയ്തു. ഈ ലക്ഷണങ്ങളുള്ള സര്‍വരും ഈ സൂക്തങ്ങളുടെ പരിധിയില്‍ വരുന്നതാണ്.

8. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം പരലോകത്ത് തനിക്ക് ലഭിക്കുമെന്ന് ഉറപ്പിക്കാവുന്നത് സ്വന്തം സല്‍കര്‍മങ്ങള്‍ മാത്രമാണ്, മറ്റാരെങ്കിലും തനിക്കു വേണ്ടി എന്തെങ്കിലും ചെയ്യുമോ എന്നു ഒരു ഉറപ്പുമില്ലല്ലോ-ഇത്രയേ ഇതിനര്‍ത്ഥമുള്ളു. മറ്റുള്ളവര്‍ ചെയ്യുന്നതിന്റെ പ്രതിഫലവും വിശ്വാസിക്ക് ലഭിക്കുകയും ഫലപ്പെടുകയും ചെയ്യുമെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. പരേതര്‍ക്കു വേണ്ടി മറ്റുള്ളവര്‍ മയ്യിത്ത് നമസ്‌കരിക്കുന്നത് ഒരു ഉദാഹരണം. ഹസ്രത്ത് സഅ്ദുബ്‌നുഉബാദ(റ) ചോദിച്ചു. നബിയേ, എന്റെ ഉമ്മ മരിച്ചത് ഞാന്‍ നാട്ടിലില്ലാതിരുന്നപ്പോഴാണ്. ഉമ്മക്കായി ഞാന്‍ എന്തെങ്കിലും ദാനം ചെയ്യുകയാണെങ്കില്‍ അതവര്‍ക്ക് ലഭിക്കുമോ? നബി. 'അതെ.' തന്റെ ഫലഭൂയിഷ്ഠമായ തോട്ടം അദ്ദേഹം മാതാവിന്റെ പേരില്‍ ദാനം ചെയ്തു (ബുഖാരി).

9. ചോതി അഥവാ സ്വാതി (ARCTURUS) നക്ഷത്രമാണ് അശ്ശിഅ്‌റാ. ഉത്തരാര്‍ധഗോളത്തില്‍ കാണുന്ന വെട്ടിത്തിളങ്ങുന്ന ഒരു നക്ഷത്രമാണിത്. നേരിയ ഓറഞ്ചുനിറം. സൂര്യന്റെ ഇരുപതിരട്ടി പിണ്ഡവും അമ്പതിരട്ടി പ്രകാശവുമുള്ള ഇത് ഭൂമിയില്‍ നിന്ന് നാല്‍പത് പ്രകാശവര്‍ഷം (ഒരു പ്രകാശ സെക്കന്റ്:1,86,000 നാഴിക) വിദൂരതയിലാണ്. ചില അറബികള്‍ ഇതിനെ ആരാധിച്ചിരുന്നു. അതാണ് പ്രത്യേക പരാമര്‍ശത്തിന്റെ പ്രസക്തി. ആ നക്ഷത്രത്തെയും മറ്റെല്ലാ നക്ഷത്രങ്ങളെയും പ്രപഞ്ചം തന്നെയും സൃഷ്ടിച്ച അല്ലാഹുവിനെ ആരാധിക്കലാണല്ലോ ബുദ്ധിയും ന്യായവും എന്നു വ്യംഗ്യമായി സൂചിപ്പിക്കുകയാണ്.

أَفَرَءَيۡتَ ٱلَّذِي تَوَلَّىٰ ۝٣٣
وَأَعۡطَىٰ قَلِيلٗا وَأَكۡدَىٰٓ ۝٣٤
أَعِندَهُۥ عِلۡمُ ٱلۡغَيۡبِ فَهُوَ يَرَىٰٓ ۝٣٥
أَمۡ لَمۡ يُنَبَّأۡ بِمَا فِي صُحُفِ مُوسَىٰ ۝٣٦
وَإِبۡرَٰهِيمَ ٱلَّذِي وَفَّىٰٓ ۝٣٧
أَلَّا تَزِرُ وَازِرَةٞ وِزۡرَ أُخۡرَىٰ ۝٣٨
وَأَن لَّيۡسَ لِلۡإِنسَٰنِ إِلَّا مَا سَعَىٰ ۝٣٩
وَأَنَّ سَعۡيَهُۥ سَوۡفَ يُرَىٰ ۝٤٠
ثُمَّ يُجۡزَىٰهُ ٱلۡجَزَآءَ ٱلۡأَوۡفَىٰ ۝٤١
وَأَنَّ إِلَىٰ رَبِّكَ ٱلۡمُنتَهَىٰ ۝٤٢
وَأَنَّهُۥ هُوَ أَضۡحَكَ وَأَبۡكَىٰ ۝٤٣
وَأَنَّهُۥ هُوَ أَمَاتَ وَأَحۡيَا ۝٤٤
وَأَنَّهُۥ خَلَقَ ٱلزَّوۡجَيۡنِ ٱلذَّكَرَ وَٱلۡأُنثَىٰ ۝٤٥
مِن نُّطۡفَةٍ إِذَا تُمۡنَىٰ ۝٤٦
وَأَنَّ عَلَيۡهِ ٱلنَّشۡأَةَ ٱلۡأُخۡرَىٰ ۝٤٧
وَأَنَّهُۥ هُوَ أَغۡنَىٰ وَأَقۡنَىٰ ۝٤٨
وَأَنَّهُۥ هُوَ رَبُّ ٱلشِّعۡرَىٰ ۝٤٩
وَأَنَّهُۥٓ أَهۡلَكَ عَادًا ٱلۡأُولَىٰ ۝٥٠
وَثَمُودَاْ فَمَآ أَبۡقَىٰ ۝٥١
وَقَوۡمَ نُوحٖ مِّن قَبۡلُۖ إِنَّهُمۡ كَانُواْ هُمۡ أَظۡلَمَ وَأَطۡغَىٰ ۝٥٢
وَٱلۡمُؤۡتَفِكَةَ أَهۡوَىٰ ۝٥٣
فَغَشَّىٰهَا مَا غَشَّىٰ ۝٥٤
55–62

അപ്പോള്‍, നിന്റെ നാഥന്റെ ഏതനുഗ്രഹത്തെ സംബന്ധിച്ചാണ് മനുഷ്യാ നീ കുതര്‍ക്കം നടത്തുന്നത്?10
പൂര്‍വഗാമികളായ മുന്നറിയിപ്പുകാരില്‍ ഒരാള്‍ തന്നെയാണ് ഈ മുഹമ്മദ് നബി.11
സമീപസ്ഥമായ ആ ഗുരുതര സംഭവം ഇതാ ആസന്നമായിരിക്കുന്നു. അല്ലാഹുവല്ലാതെ അതിന്റെ വിഹ്വലത തട്ടിമാറ്റാന്‍ മറ്റാരുമില്ല.12
അപ്പോള്‍ ഈ വൃത്താന്തത്തെക്കുറിച്ച് നിങ്ങള്‍ അദ്ഭുതം കൂറുകയും കളിയാക്കിച്ചിരിക്കുകയും കരയാതിരിക്കുകയും ബോധമില്ലാത്തവരായിക്കഴിയുകയുമാണോ? അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിന്ന് സാഷ്ടാംഗം ചെയ്യുകയും ആരാധനകളര്‍പ്പിക്കുകയും ചെയ്യുക.13

4 വിശദീകരണങ്ങൾ കാണുക

10. അല്ലാഹു മനുഷ്യനു ചെയ്ത അനുഗ്രഹങ്ങള്‍ അസംഖ്യവും തിട്ടപ്പെടുത്താനാകാത്തതുമാണ് (14.34, 16.18). സര്‍വരും അവ അനുഭവിച്ചാസ്വദിക്കുന്നു. പ്രത്യുപകാരമോ, മുരത്ത നിഷേധം! എന്തൊരു ബുദ്ധിശൂന്യസമീപനമാണിത് എന്നാണ് മൂഢനായ നിഷേധിയോട് ചോദിക്കുന്നത്.

11. നിഷേധത്തിനും അവഹേളനത്തിനും വിധേയനാകാന്‍ മുഹമ്മദ് നബിക്ക് അയോഗ്യതയോ ന്യൂനതയോ യാതൊന്നുമില്ല. മുന്‍കാല പ്രവാചകരെയും ദൂതരെയും പോലെത്തന്നെയാണ് നബിയും (46:9). മാത്രമല്ല, സര്‍വദൂതരിലും ഏറ്റവും ശ്രേഷ്ഠതയും ഔന്നത്യവും തിരുനബി(സ്വ)ക്ക് ആകുന്നു.

12. അന്ത്യനാള്‍ ഇതാ സമീപസ്ഥമായിരിക്കുന്നു. അതിന്റെ അപ്രതിരോധ്യമായ കെടുതികളില്‍ നിന്ന് രക്ഷപ്പെടാന്‍ അല്ലാഹുവിങ്കലേക്ക് മടങ്ങുക മാത്രമേ രക്ഷയുള്ളു. അവനല്ലാതെ മറ്റാര്‍ക്കും അതിന്റെ ബീഭത്സതകളില്‍ നിന്ന് ഒരാളെയും സുരക്ഷിതനാക്കാന്‍ കഴിയില്ല.

13. ഖുര്‍ആന്‍ ശ്രവിക്കുമ്പോള്‍ വിസ്മയ ഗോഷ്ടികള്‍ കാണിക്കുകയും കോപ്രായങ്ങളും പരിഹാസപ്രകടനങ്ങളും നടത്തുകയും ചെയ്യുന്ന നിഷേധികളോടാണ് സംബോധന. നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും ഖുര്‍ആന്‍ അംഗീകരിക്കുകയും നമസ്‌കാരവും സാഷ്ടാംഗവും മറ്റാരാധനകളും നിര്‍വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുക.

فَبِأَيِّ ءَالَآءِ رَبِّكَ تَتَمَارَىٰ ۝٥٥
هَٰذَا نَذِيرٞ مِّنَ ٱلنُّذُرِ ٱلۡأُولَىٰٓ ۝٥٦
أَزِفَتِ ٱلۡأٓزِفَةُ ۝٥٧
لَيۡسَ لَهَا مِن دُونِ ٱللَّهِ كَاشِفَةٌ ۝٥٨
أَفَمِنۡ هَٰذَا ٱلۡحَدِيثِ تَعۡجَبُونَ ۝٥٩
وَتَضۡحَكُونَ وَلَا تَبۡكُونَ ۝٦٠
وَأَنتُمۡ سَٰمِدُونَ ۝٦١
فَٱسۡجُدُواْۤ لِلَّهِۤ وَٱعۡبُدُواْ۩ ۝٦٢