23–32
സമൂദ് ഗോത്രം മുന്നറിയിപ്പുകള്‍ കള്ളമാക്കുകയും 'നമ്മില്‍ പെട്ട ഒരൊറ്റയാനെ പിന്‍പറ്റുകയാണെങ്കില്‍ വന്‍ദുര്‍മാര്‍ഗത്തിലും അവിവേകത്തിലും തന്നെയാണ് നാം നിപതിക്കുക, നമുക്കിടയില്‍ നിന്ന് അവനുമാത്രമായി ഉദ്‌ബോധനം ലഭിച്ചുവെന്നോ, അഹങ്കാരിയായ ഒരു പെരും നുണയനാണവന്‍' എന്ന് അവര്‍ തട്ടിവിടുകയുംചെയ്തു.7
എന്നാല്‍ 'അഹങ്കാരിയായ പെരുംനുണയന്‍' ആരാണെന്ന് വഴിയെ അവര്‍ വിവരമറിയും. അവരുടെ ദൂതന്‍ സ്വാലിഹ് നബിയോട് നാമരുളി. അവര്‍ക്കൊരു പരീക്ഷണമായി നാം ഒട്ടകത്തെ നിയോഗിക്കുക തന്നെയാണ്. താങ്കള്‍ ക്ഷമാപൂര്‍വം അവരെ നിരീക്ഷണവിധേയരാക്കുകയും 'നാട്ടിലെ വെള്ളം അവര്‍ക്കും ഒട്ടകത്തിനുമിടയില്‍ പങ്കിടപ്പെട്ടതാണ്; ഓരോ കക്ഷിയും സ്വന്തം ഊഴത്തില്‍ വരണം' എന്ന് അറിയിക്കുകയും ചെയ്യുക.8
അങ്ങനെ തങ്ങളുടെ കൂട്ടാളിയെ അവര്‍ വിളിക്കുകയും അവനതേറ്റെടുക്കുകയും ഒട്ടകത്തെ അറുകൊല നടത്തുകയും ചെയ്തു. അപ്പോള്‍ എന്റെ ശിക്ഷയും മുന്നറിയിപ്പുകളും എങ്ങനെയുണ്ടായിരുന്നു? അവര്‍ക്കു നേരെ നാമൊരു കഠോരശബ്ദമയച്ചു. അപ്പോഴവര്‍ ആലപണിയുന്നവന്റെ ചുള്ളിക്കമ്പുകള്‍ പോലെയായി.9
നിശ്ചയം, ഈ ഖുര്‍ആന്‍ ചിന്തിച്ചു ഗ്രഹിക്കാന്‍ നാം സുഗമമാക്കിയിട്ടുണ്ട്; പക്ഷേ, സുചിന്തിതമായി കാര്യങ്ങള്‍ ഗ്രഹിക്കുന്ന ആരെങ്കിലുമുണ്ടോ?
3 വിശദീകരണങ്ങൾ കാണുക
7. സ്വാലിഹ് നബി(അ)യുടെ ജനതയാണ് സമൂദ്. സാമൂഹ്യദ്രോഹികളും ഏകാധിപതികളുമൊക്കെ സത്യത്തിന്റെ വാഹകരെയും പരിഷ്‌കര്‍ത്താക്കളെയും ഒറ്റപ്പെടുത്തുകയും അരക്ഷിതരാക്കുകയും ചെയ്യുന്ന രീതി ഇവിടെ പ്രകടമായികാണാം. ഇവനൊരു ഒറ്റയാനാണ്, സഹപ്രവര്‍ത്തകരോ അനുയായികളോ ഇല്ല, സാമൂഹികമോ സാമുദായികമോ ആയ അംഗീകാരമില്ല എന്നൊക്കെ തട്ടിവിട്ടുകൊണ്ട് സ്വാലിഹ് നബി(അ)യെ നിസ്സംഗനും അരക്ഷിതനുമാക്കാനുള്ള ആസൂത്രിത വിദ്യയാണവര്‍ ഒപ്പിക്കുന്നത്. വിവിധ തലങ്ങളിലുള്ള ആളുകള്‍ സാര്‍വത്രികമായി ഇന്നും ഈ തന്ത്രം പയറ്റിക്കൊണ്ടിരിക്കുന്നത് കാണാം.
8. മരുപ്രദേശങ്ങളില്‍ ജലസ്രോതസ്സുകള്‍ വളരെ കുറവായിരിക്കുമല്ലോ. സമൂദ് ഗോത്രാംഗങ്ങള്‍ക്ക് ഒരു ജലാശയമാണുണ്ടായിരുന്നത്. ഈ പശ്ചാത്തലത്തിലാണ് മുഅ്ജിസത്തിന്റെ ഒട്ടകം വരുന്നത്. 7:73, 11:64, 17:59, 91:13. നാട്ടുകാര്‍ക്കും ഒട്ടകത്തിനുമായി അല്ലാഹുവിന്റെ ശാസനാനുസൃതം നബി ജലസ്രോതസ്സ് വീതം വെച്ചു. നിശ്ചിത ദിവസവും സമയവും ബന്ധപ്പെട്ടവര്‍ ജലം ശേഖരിക്കണം.
9. നിഷേധികളിലെ ദുര്‍മൂര്‍ത്തിയായിരുന്ന ഖുദാറുബ്‌നുസാലിഫ് ഒട്ടകത്തിന്റെ കഥകഴിക്കുന്ന കാര്യമേറ്റെടുത്തു. ദൈവിക താക്കീത് കാറ്റില്‍പറത്തി ദാക്ഷിണ്യലേശമന്യേ അവനതിനെ കുത്തിക്കൊന്നു. ഏറെ കഴിഞ്ഞില്ല; ആ ഭാഗ്യശൂന്യര്‍ ഒന്നടങ്കം നാശമടഞ്ഞു. കാലികളെ താമസിപ്പിക്കാന്‍ ആല പണിയുന്നയാള്‍ വൃക്ഷങ്ങളുടെയും ചെടികളുടെയും ചില്ലകളും കമ്പുകളും തയ്യാറാക്കുകയും അവ ഘടിപ്പിച്ചു കൊണ്ട് ആല പണിയുകയും ചെയ്യുമല്ലോ. ഈ കൊള്ളിക്കോലുകളും ചുള്ളിക്കമ്പുകളും പോലെയായി സമൂദുകാര്‍.
كَذَّبَتۡ ثَمُودُ بِٱلنُّذُرِ ٢٣
فَقَالُوٓاْ أَبَشَرٗا مِّنَّا وَٰحِدٗا نَّتَّبِعُهُۥٓ إِنَّآ إِذٗا لَّفِي ضَلَٰلٖ وَسُعُرٍ ٢٤
أَءُلۡقِيَ ٱلذِّكۡرُ عَلَيۡهِ مِنۢ بَيۡنِنَا بَلۡ هُوَ كَذَّابٌ أَشِرٞ ٢٥
سَيَعۡلَمُونَ غَدٗا مَّنِ ٱلۡكَذَّابُ ٱلۡأَشِرُ ٢٦
إِنَّا مُرۡسِلُواْ ٱلنَّاقَةِ فِتۡنَةٗ لَّهُمۡ فَٱرۡتَقِبۡهُمۡ وَٱصۡطَبِرۡ ٢٧
وَنَبِّئۡهُمۡ أَنَّ ٱلۡمَآءَ قِسۡمَةُۢ بَيۡنَهُمۡۖ كُلُّ شِرۡبٖ مُّحۡتَضَرٞ ٢٨
فَنَادَوۡاْ صَاحِبَهُمۡ فَتَعَاطَىٰ فَعَقَرَ ٢٩
فَكَيۡفَ كَانَ عَذَابِي وَنُذُرِ ٣٠
إِنَّآ أَرۡسَلۡنَا عَلَيۡهِمۡ صَيۡحَةٗ وَٰحِدَةٗ فَكَانُواْ كَهَشِيمِ ٱلۡمُحۡتَظِرِ ٣١
وَلَقَدۡ يَسَّرۡنَا ٱلۡقُرۡءَانَ لِلذِّكۡرِ فَهَلۡ مِن مُّدَّكِرٖ ٣٢