ഓ നബീ, അങ്ങ് അല്ലാഹുവിനെ സൂക്ഷിക്കുകയും നിഷേധികളെയും കപടവിശ്വാസികളെയും അനുസരിക്കാതിരിക്കുകയും ചെയ്യുക. നിശ്ചയം, അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമത്രേ. രക്ഷിതാവിങ്കല്‍ നിന്ന് താങ്കള്‍ക്ക് ബോധനം നല്‍കപ്പെടുന്നത് അനുധാവനം ചെയ്യുക; നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ പറ്റി സൂക്ഷ്മജ്ഞാനി തന്നെയാണ് അല്ലാഹു. കാര്യങ്ങളൊക്കെ അവനെ ഭരമേല്‍പിക്കുക; സംരക്ഷകനായി അവന്‍ തന്നെ ധാരാളം!
അൽ അഹ്സാബ് الأحزاب Al-Ahzab
സൂറത്ത് അൽ അഹ്സാബ് (Al-Ahzab), ഖുർആൻ അധ്യായം 33 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 73 ആയത്തുകൾ വായിക്കുക. Read Surah Al-Ahzab with Arabic text and മലയാളം translation.
ഒരാളുടെയും അന്തരംഗത്ത് രണ്ട് ഹൃദയങ്ങള്‍ അല്ലാഹു സൃഷ്ടിച്ചിട്ടില്ല.1
നിങ്ങള്‍ മാതൃതുല്യരായി പ്രഖ്യാപിക്കുന്ന സ്വപത്‌നിമാരെ നിങ്ങളുടെ ഉമ്മമാരോ, ദത്തുപുത്രന്മാരെ നിങ്ങളുടെ മക്കളോ ആക്കിയിട്ടുമില്ല അവന്‍; നിങ്ങളുടെ വായ കൊണ്ടുള്ള ചില പ്രസ്താവനകള്‍ മാത്രമാണത്.2
അല്ലാഹു സത്യം പറയുകയും നേര്‍മാര്‍ഗം കാട്ടുകയും ചെയ്യുന്നു. ആ ദത്തുപുത്രരെ അവരുടെ പിതാക്കളോട് ചേര്‍ത്ത് പറയുക; അല്ലാഹുവിങ്കല്‍ ഏറ്റവും നീതിനിഷ്ഠമായത് അതാണ്. ഇനി, അവരുടെ പിതാക്കള്‍ നിങ്ങള്‍ക്ക് അജ്ഞാതരാണെങ്കില്‍ തന്നെ, അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമത്രേ. ബോധപൂര്‍വം നിങ്ങള്‍ ചെയ്തതിനെ പറ്റിയാണ് ഇപ്പറഞ്ഞത്, അബദ്ധവശാല്‍ സംഭവിച്ചതില്‍ കുറ്റമില്ല. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാമയനുമാകുന്നു.
2 വിശദീകരണങ്ങൾ കാണുക
1. അതിസമര്‍ത്ഥരും ബുദ്ധിമാന്മാരുമായവര്‍ക്ക് രണ്ടു ഹൃദയമുണ്ട് എന്ന ഒരന്ധവിശ്വാസം അറബികള്‍ക്കുണ്ടായിരുന്നു. ജമീലുബ്‌നുമഅ്മര്‍ എന്ന അത്തരമൊരാള്‍ക്ക് അവര്‍ നല്‍കിയിരുന്ന സ്ഥാനപ്പേര് തന്നെ ഇരട്ടഹൃദയന്‍ (ദുല്‍ഖല്‍ബൈന്‍) എന്നാണ്. ആ അബദ്ധധാരണ തിരുത്തുകയാണിവിടെ. മാത്രമല്ല രണ്ടുഹൃദയമുണ്ടാകുമ്പോഴേ പരസ്പര വിരുദ്ധമായ രണ്ടു കാര്യങ്ങള്‍ ഒരാള്‍ക്ക് തന്നെ ചിന്തിക്കാനും വിശ്വസിക്കാനും അനുവര്‍ത്തിക്കാനും കഴിയൂ. ഉദാഹരണത്തിന് ഒരു സ്ത്രീ തന്റെ ഉമ്മയാണെന്നും ഭാര്യയാണെന്നും പറയാന്‍ പറ്റില്ല. താഴെ പ്രതിപാദിക്കുന്ന ഒരു കാര്യത്തിന്റെ അടിത്തറ കൂടിയായാണിത് പരാമര്‍ശിച്ചിട്ടുള്ളത്.
2. 'ളിഹാര്‍' എന്ന ഒരു സമ്പ്രദായം ജാഹിലിയ്യ അറബികളിലുണ്ടായിരുന്നു. നീ എന്റെ മാതാവിന്റെ മുതുക് പോലെയാണ് എന്ന് സ്വന്തം ഭാര്യയോട് പറഞ്ഞാല്‍ അവള്‍ വിവാഹമോചിതയായി പരിഗണിക്കപ്പെടും. വളര്‍ത്തുമക്കളെ എല്ലാ കാര്യങ്ങളിലും സ്വന്തം മക്കളായി കണക്കാക്കുന്ന രീതിയും നടപ്പുണ്ടായിരുന്നു. ഭാര്യ മാതാവാകില്ലെന്ന പോലെ ദത്തുപുത്രര്‍ സ്വന്തം മക്കളാകില്ലെന്ന് വ്യക്തമാക്കുകയാണ്. വലിയ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുമെന്നതിനാല്‍ അതുരണ്ടും ഖുര്‍ആന്‍ നിരോധിച്ചു. ളിഹാറിന്റെ പ്രായശ്ചിത്ത കാര്യങ്ങള്‍ 58:1-4ല്‍ വിവരിച്ചതായി കാണാം.
സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം സ്വന്തത്തെക്കാല്‍ സമീപസ്ഥരാണ് നബി തിരുമേനി; പ്രവാചക പത്‌നിമാര്‍ അവരുടെ ഉമ്മമാരുമത്രേ. രക്തബന്ധമുള്ളവരാകട്ടെ, ദൈവിക നിയമത്തില്‍ മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെക്കാളും പരസ്പരം കൂടുതല്‍ സമീപസ്ഥരാകുന്നു.3
എന്നാല്‍ സ്വന്തം മിത്രങ്ങള്‍ക്ക് എന്തെങ്കിലും ഗുണം ചെയ്യുന്നുവെങ്കില്‍ ഇപ്പറഞ്ഞതില്‍ നിന്ന് അതൊഴിവാണ്. അല്ലാഹുവിന്റെ നിയമത്തില്‍ ഉല്ലേഖിതമാണിത്.4
2 വിശദീകരണങ്ങൾ കാണുക
3. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം നബിയുടെ ബന്ധം സുജ്ഞാതമാണ്. ദുന്‍യാവിലും ആഖിറത്തിലും ഓരോ വിശ്വാസിയുമായും ഏറ്റം കടപ്പെട്ടവന്‍ ഞാനാണ് എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട് (ബുഖാരി). പ്രവാചക ചരിത്രം വായിക്കുന്ന ആര്‍ക്കും ഇക്കാര്യം സംശയലേശമന്യേ ബോധ്യപ്പെടുന്നതാണ്.
4. മക്കയില്‍ നിന്ന് ആസ്തികളും സമ്പാദ്യങ്ങളും വലിച്ചെറിഞ്ഞ് മദീനയിലേക്ക് ഹിജ്‌റ വന്ന മുഹാജിറിന്റെയും അന്‍സാരിയുടെയുമിടക്ക് നബി(സ്വ) പ്രത്യേക സാഹോദര്യബന്ധം സ്ഥാപിച്ചിരുന്നു. ഈ സുഹൃത്തുക്കള്‍ തമ്മില്‍ സ്വത്തവകാശ ബന്ധം വരെയുണ്ടായിരുന്നു. പിന്നീടത് ദുര്‍ബലപ്പെടുത്തുകയും രക്തബന്ധത്തിലൂടെയേ അതുണ്ടാകൂ എന്ന് നിയമമാക്കുകയും ചെയ്തു. എന്നാല്‍ ഔദാര്യമായോ പുണ്യമെന്ന നിലക്കോ അത്തരക്കാര്‍ക്ക് എന്തെങ്കിലും നല്‍കുന്നതിന് തെറ്റില്ല.
പ്രവാചകന്‍മാരിലും താങ്കളിലും നൂഹ്, ഇബ്‌റാഹീം, മൂസാ, ഈസബ്‌നുമര്‍യം എന്നിവരിലും നിന്ന് നാം ഉടമ്പടി വാങ്ങിയ സന്ദര്‍ഭം സ്മരണീയമത്രേ. ബലിഷ്ഠമായ ഒരു കരാറാണ് അവരുമായി നാം ചെയ്തത്. ആ സത്യവാന്മാരോട് അവരുടെ സത്യസന്ധതയെക്കുറിച്ച് അല്ലാഹുവിന്നു ചോദിക്കാന്‍ വേണ്ടിയത്രേ ഈ കരാര്‍. നിഷേധികള്‍ക്ക് വേദനാജനകമായ ശിക്ഷ അവന്‍ സജ്ജീകരിച്ചിരിക്കുന്നു.5
1 വിശദീകരണം കാണുക
5. ദുന്‍യാവില്‍ വെച്ച് പ്രബോധിത സമൂഹം നിങ്ങളോട് എങ്ങനെയാണ് പ്രതികരിച്ചത് എന്ന് പ്രവാചകന്മാരോട് പരലോകത്ത് അല്ലാഹു ചോദിക്കും (5:109). സത്യസന്ധമായി അവര്‍ മറുപടി നല്‍കുന്നതുമാണ്. മേല്‍സൂചിപ്പിച്ച ഉടമ്പടിയുടെ -ദീന്‍ പ്രബോധനം ചെയ്യും എന്നതാണത്- അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുക. നിഷേധികളെ അവഹേളിക്കാനും അപമാനിതരാക്കാനുമാണിത്; അല്ലാഹുവിന്നറിയാഞ്ഞിട്ടല്ല.
സത്യവിശ്വാസികളേ, അല്ലാഹു നിങ്ങള്‍ക്ക് ചെയ്തുതന്ന മഹാഅനുഗ്രഹം ഓര്‍ക്കുക: നിങ്ങളുടെ സമീപം കുറേ സൈന്യങ്ങള്‍ ആഗതരാവുകയും അപ്പോള്‍ അവര്‍ക്കു നേരെ ഒരു കാറ്റും നിങ്ങള്‍ക്ക് ഗോചരീഭവിക്കാത്ത സൈന്യങ്ങളെയും നാമയക്കുകയും ചെയ്തു -നിങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം അവന്‍ കണ്ടറിയുന്നുണ്ട്-അതായത്, മേല്‍ഭാഗത്തുകൂടിയും താഴ്ഭാഗത്തുകൂടിയും നിങ്ങളുടെയടുത്ത് അവരെത്തി6
കണ്ണുകള്‍ തള്ളിപ്പോവുകയും ഹൃദയങ്ങള്‍ തൊണ്ടകളിലെത്തുകയും അല്ലാഹുവിനെ കുറിച്ച് നിങ്ങള്‍ പലതും വിചാരിക്കുകയും ചെയ്ത ഘട്ടം. സത്യവിശ്വാസികള്‍ തന്മൂലം പരീക്ഷണ വിധേയരാവുകയും കഠിനമായി പ്രകമ്പിതരാവുകയുമുണ്ടായി.7
2 വിശദീകരണങ്ങൾ കാണുക
6. അഹ്‌സാബ് അഥവാ ഖന്‍ദഖ് യുദ്ധ സംഭവമാണ് സൂചിപ്പിക്കുന്നത്. വ്യത്യസ്ത കക്ഷികളിലും വിഭാഗങ്ങളിലും നിന്നുള്ള പതിനായിരത്തിലേറെ സൈനികര്‍ മദീനയിലേക്ക് തള്ളിക്കയറി നബി(സ്വ)യെയും മുസ്‌ലിംകളെയും ഒന്നടങ്കം ഉന്മൂലനം ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. മുകളില്‍ നിന്ന് എന്നുവെച്ചാല്‍ കിഴക്കു ഭാഗത്തു നിന്ന് എന്നും താഴ്ഭാഗത്തുനിന്ന് എന്നാല്‍ പടിഞ്ഞാറു വശത്തുനിന്ന് എന്നുമാണ്. യുദ്ധമുഖത്തെത്തിയപ്പോള്‍ ശത്രുപാളയത്തില്‍ അതിശക്തമായ ശീതക്കാറ്റ് അടിച്ചുവീശുകയും തമ്പുകളും മറ്റും പറന്നുപോവുകയുമുണ്ടായി. വലിയ സംഘം മലക്കുകളും വന്നു. ശത്രുക്കള്‍ ഭയന്നുവിറച്ച് പിന്തിരിഞ്ഞോടി. മുസ്‌ലിംകള്‍ക്ക് യുദ്ധം ചെയ്യേണ്ടി വന്നില്ല.
7. ഗുരുതരമായൊരു പരീക്ഷണവും പ്രതിസന്ധിയുമായിരുന്നു ഖന്‍ദഖ് യുദ്ധം. ഖുറൈശും ജൂതന്മാരും അവര്‍ പാട്ടിലാക്കിയ വിവിധ അറബി ഗോത്രങ്ങളും സഖ്യകക്ഷികളായി മദീനയില്‍ നിന്ന് മുസ്‌ലിംകളെ നക്കിത്തുടച്ചെടുക്കാനായി മക്കയില്‍ നിന്നെത്തിയിരിക്കുകയാണ്. ആയതിന് കഅ്ബക്കുള്ളിലിരുന്ന് പരസ്പരം അവര്‍ ഉടമ്പടി ചെയ്തിരുന്നു. പ്രവാചകന്റെ പരിസരത്തുണ്ടായിരുന്ന കപടവിശ്വാസികള്‍ സര്‍വകുതന്ത്രങ്ങളും പയറ്റുകയും ചെയ്തു. അല്ലാഹു വാഗ്ദാനം ലംഘിച്ചു, പതിനായിരത്തിലധികം യോദ്ധാക്കളാല്‍ മുസ്‌ലിംകള്‍ കൂട്ടക്കശാപ്പ് നടത്തപ്പെടും എന്നൊക്കെ പ്രചരിപ്പിച്ചു അവര്‍.
എന്നാല്‍ ഹസ്രത്ത് സല്‍മാനുല്‍ഫാരിസി(റ)വിന്റെ അഭിപ്രായാനുസൃതം നബി(സ്വ)യുടെ നേതൃത്വത്തില്‍ വലിയ കിടങ്ങുകുഴിച്ചാണ് മുസ്‌ലിംകള്‍ സുരക്ഷ നേടിയത്. മക്കയില്‍ നിന്ന് വരുന്നവര്‍ മദീനയിലേക്ക് പ്രവേശിക്കുന്ന രണ്ട് പര്‍വതങ്ങള്‍(വാഖിം, വബ്‌റ)ക്കിടയിലെ സമതലത്തിലായിരുന്നു ഇത്. കിടങ്ങ് അഞ്ചര കിലോമീറ്റര്‍ നീളവും ശരാശരി നാലര മീറ്റര്‍ വീതിയും മൂന്നേകാല്‍ മീറ്റര്‍ ആഴവുമുണ്ടായിരുന്നു.
അല്ലാഹുവും റസൂലും നമ്മോടു ചെയ്ത വാഗ്ദാനം കേവലവഞ്ചനയാണെന്ന് കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും തട്ടിവിട്ട സന്ദര്‍ഭം സ്മരണീയമത്രേ. അവരിലൊരു വിഭാഗം വിളംബരം ചെയ്തതും ഓര്‍ക്കുക: 'യസ്‌രിബുകാരേ, നിങ്ങള്‍ക്ക് യാതൊരു നിലനില്‍പുമില്ല, അതുകൊണ്ട് തിരിച്ചു പോയിക്കൊള്ളുക!' മറ്റൊരു കൂട്ടര്‍ 'തങ്ങളുടെ വീടുകള്‍ അരക്ഷിതാവസ്ഥയിലാണെ'ന്ന് പറഞ്ഞ് യുദ്ധരംഗം വിടാന്‍ നബിയോട് അനുമതി തേടുകയാണ്, യഥാര്‍ത്ഥത്തിലവ അരക്ഷിതാവസ്ഥയിലൊന്നുമല്ല, രണാങ്കണത്തില്‍ നിന്ന് പിന്തിരിഞ്ഞോടാന്‍ അവരുദ്ദേശിക്കുന്നു എന്ന് മാത്രം. മദീനയുടെ ഭിന്നദിക്കുകളിലൂടെ ശത്രുസേന ഇവരെ സമീപിക്കുകയും കുഴപ്പമുണ്ടാക്കാനാവശ്യപ്പെടുകയുമായിരുന്നെങ്കില്‍ -പറയത്തക്ക താമസമൊന്നുമില്ലാതെ- അവരത് നിര്‍വഹിച്ചേനെ.8
1 വിശദീകരണം കാണുക
8. കപട വിശ്വാസികളുടെ നാനാവിധ കുത്തിത്തിരിപ്പുകളും പ്രതിലോമ പ്രവര്‍ത്തനങ്ങളുമാണിവിടെ സൂചിപ്പിച്ചത്. എന്നാല്‍, മുസ്‌ലിംകള്‍ക്കിടയിലും മദീനയിലും നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഏല്‍പിക്കപ്പെടുകയാണെങ്കില്‍ വിളംബംവിനാ അവരത് നടപ്പാക്കും. അപ്പോള്‍ ഒരുവിധ അരക്ഷിതാവസ്ഥയും അവര്‍ക്കുണ്ടാവില്ല.
തങ്ങള്‍ പിന്തിരിഞ്ഞു പോകില്ലെന്ന് അല്ലാഹുവിനോട് നേരത്തെ ഉടമ്പടി ചെയ്തിരുന്നു അവര്‍. അവനോട് ചെയ്ത കരാര്‍ ചോദ്യം ചെയ്യപ്പെടുന്നതാകുന്നു. നബീ, പ്രഖ്യാപിക്കുക: മരണത്തിലോ വധത്തിലോ നിന്ന് ഓടിപ്പോകുന്നുവെങ്കില്‍ അതു നിങ്ങള്‍ക്ക് ഫലപ്പെടുന്നതേയല്ല. അതുണ്ടായാല്‍ തന്നെ വളരെക്കുറച്ചുമാത്രം ജീവിത സൗഖ്യമേ നിങ്ങള്‍ക്ക് കിട്ടൂ.9
ചോദിക്കുക: നിങ്ങള്‍ക്ക് എന്തെങ്കിലും ദൂഷ്യമേല്‍പിക്കാന്‍ -അല്ലെങ്കില്‍ അനുഗ്രഹമേകാന്‍- അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവനില്‍ നിന്ന് നിങ്ങളെയാര് കാത്തുരക്ഷിക്കും? അവനല്ലാതെ യാതൊരു സംരക്ഷകനെയും സഹായിയെയും തങ്ങള്‍ക്കു കണ്ടെത്താന്‍ അവര്‍ക്കാകുന്നതല്ല.10
2 വിശദീകരണങ്ങൾ കാണുക
9. യുദ്ധസന്നാഹ വേളയിലും സമരയാത്രയിലുമൊക്കെ പ്രതിലോമ പ്രവര്‍ത്തനങ്ങളും കുത്തിത്തിരിപ്പുകളും നടത്തിയ കപടവിശ്വാസികളോടാണ് ഈ പ്രഖ്യാപനം. തല്‍ക്കാലം രക്ഷപ്പെട്ടാല്‍ തന്നെ മരണം നിങ്ങളെ സമീപഭാവിയില്‍ കീഴടക്കും; അകത്തു കത്തിയും പുറത്തു പത്തിയുമായി നടക്കുന്നതുകൊണ്ട് ഒരു സ്വസ്ഥതയും മനഃശാന്തിയും ലഭിക്കുകയുമില്ല.
10. അല്ലാഹു മനുഷ്യനു നിശ്ചയിച്ച പരീക്ഷണങ്ങളോ വിപത്തുകളോ തടയാന്‍ മറ്റാര്‍ക്കുമാകില്ല; അവന്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും അനുഗ്രഹം ചെയ്യുന്നുവെങ്കില്‍ അത് പ്രതിരോധിച്ചു നിറുത്താനും ഒരു ശക്തിക്കുമാകില്ല. സര്‍വരും അംഗീകരിക്കുന്നതാണ് ഇക്കാര്യം.
നിങ്ങളിലുള്ള പിന്തിരിപ്പന്മാരെയും 'ഞങ്ങളുടെ പക്ഷത്തേക്ക് വരൂ' എന്ന് സ്വന്തക്കാരെ പ്രലോഭിപ്പിക്കുന്നവരെയും അല്ലാഹുവിന്നറിയാം- വളരെ പരിമിതമായേ അവര്‍ യുദ്ധത്തിനെത്തൂ. നിങ്ങളുടെ കാര്യത്തിലവര്‍ ലുബ്ധരായിരിക്കും. യുദ്ധഭീതിയുണ്ടാകുമ്പോള്‍ നബിയേ, താങ്കളെയവര്‍ നോക്കുന്നതുകാണാം, മരണവെപ്രാളത്തില്‍ മോഹാലസ്യമുണ്ടായവനെ പോലെ അവരുടെ നയനങ്ങള്‍ ചുറ്റിത്തിരിയും. എന്നാല്‍ യുദ്ധഭീതി വിട്ടകന്നാലോ, സമരാര്‍ജിത സമ്പത്തില്‍ അത്യാഗ്രഹം വെച്ച് മൂര്‍ച്ചയുള്ള നാക്കുകള്‍ കൊണ്ട് നിങ്ങളെയവര്‍ അലോസരപ്പെടുത്തുന്നതാണ്. ശരിയായ സത്യവിശ്വാസം കൈക്കൊണ്ടിട്ടില്ലെന്നതിനാല്‍ അവരുടെ കര്‍മങ്ങള്‍ അല്ലാഹു ഫലശൂന്യമാക്കിയിരിക്കുന്നു. അവനെ സംബന്ധിച്ച് അത് എളുപ്പമത്രേ.11
1 വിശദീകരണം കാണുക
11. വിശുദ്ധ സമരങ്ങളുടെ പശ്ചാത്തലങ്ങളില്‍ കപടവിശ്വാസികള്‍ പ്രകടിപ്പിച്ചിരുന്ന ഇരട്ടമുഖ ശൈലികളാണ് പറയുന്നത്. രണാങ്കണമെന്ന് കേട്ടാലവര്‍ക്ക് വലിയ പേടിയാണ്; എന്നാല്‍ സമരാര്‍ജ്ജിത സമ്പത്തില്‍ നിന്ന് വിഹിതം ലഭിക്കാന്‍ എല്ലാ അടവും കുതന്ത്രവും അവര്‍ പയറ്റുകയും നബി(സ്വ)യെയും മറ്റും അധിക്ഷേപിക്കുകയും ചെയ്യും; ഇഖ്‌ലാസ്വിന്റെ അഭാവം കൊണ്ട് അവരുടെ ഒരു കര്‍മവും സ്വീകരിക്കപ്പെടില്ല.
സഖ്യകക്ഷികള്‍ പിരിഞ്ഞുപോയിട്ടില്ലെന്നാണ് ഇവരുടെ വിചാരം. ഇനിയുമവര്‍ തിരിച്ചെത്തുകയാണെങ്കില്‍ നിങ്ങളുടെ യുദ്ധവൃത്താന്തങ്ങളന്വേഷിച്ചുകൊണ്ട് ഏതെങ്കിലും ഗ്രാമവാസികളായ അറബികളൊന്നിച്ച് കഴിഞ്ഞുകൂടാനാണ് കപടവിശ്വാസികളാഗ്രഹിക്കുക. പ്രത്യുത, നിങ്ങളൊന്നിച്ചുണ്ടെങ്കില്‍ തന്നെ അത്യപൂര്‍വമായേ അവര്‍ യുദ്ധം ചെയ്യൂ. നിശ്ചയം അല്ലാഹുവിന്റെ ദൂതനില്‍ നിങ്ങള്‍ക്ക്-അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും അവനെ ധാരാളം അനുസ്മരിക്കുകയും ചെയ്യുന്നവര്‍ക്ക്-ഉദാത്തമാതൃകയുണ്ട്. സഖ്യകക്ഷികളെ കണ്ടപ്പോള്‍ സത്യവിശ്വാസികള്‍ പ്രതികരിച്ചു: 'അല്ലാഹുവും ദൂതനും നമ്മോട് വാഗ്ദാനം ചെയ്തതാണ് ഇത്; അവനും ദൂതനും പ്രസ്താവിച്ചിട്ടുള്ളത് സത്യമാകുന്നു.' അവര്‍ക്കത് വിശ്വാസവും വിധേയത്വവും വര്‍ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.12
1 വിശദീകരണം കാണുക
12. സത്യവിശ്വാസികളുടെ ചിത്രം തീര്‍ത്തും വ്യത്യസ്തമാണ്. തിരുമേനി(സ്വ)യെ പ്രത്യക്ഷരം മാതൃകയായി സ്വീകരിച്ച് ഞാന്‍ മുമ്പേ എന്ന ഭാവേന രണാങ്കണങ്ങളില്‍ അടരാടി അല്ലാഹുവിന്റെ സംതൃപ്തിയും സ്വര്‍ഗവും കരസ്ഥമാക്കുന്ന മഹാഭാഗ്യവാന്മാരായിരിക്കും അവര്‍. പരീക്ഷണത്തിന്റെയും ത്യാഗസഹനത്തിന്റെയും രംഗങ്ങള്‍ വന്നെത്തുമ്പോള്‍ 'ഇതൊക്കെ അല്ലാഹുവും റസൂലും നേരത്തെ വാഗ്ദാനം ചെയ്ത വിജയമാധ്യമങ്ങളാണ്' എന്ന് പ്രഖ്യാപിച്ച് സസന്തോഷം അവരത് ഏറ്റുവാങ്ങും.
അല്ലാഹുവുമായി ചെയ്ത കരാര്‍ പൂര്‍ത്തീകരിച്ച ചിലയാളുകള്‍ സത്യവിശ്വാസികളിലുണ്ട്. രക്തസാക്ഷിത്വം വരിച്ചവരും അതു കാത്തിരിക്കുന്നവരുമുണ്ട് അവരില്‍. യാതൊരു ഭേദഗതിയും അവര്‍ വരുത്തിയിട്ടില്ല.13
1 വിശദീകരണം കാണുക
13. ഇടക്കുവെച്ച് ഉഹുദ് യുദ്ധത്തിന്റെ സ്മരണ പുതുക്കുകയാണിവിടെ. അവിടെ വികാരോജ്ജ്വലമായ രംഗങ്ങള്‍ കാഴ്ച വെച്ച് ധീരധീരം അടരാടി എണ്‍പതിലധികം വെട്ടും കുത്തും മുറിവുമേറ്റ് രക്തസാക്ഷിത്വം വരിച്ച ഹസ്രത്ത് അനസുബ്‌നുന്നള്ര്‍ എന്ന സ്വഹാബിയെ കുറിച്ചാണ് സൂക്താവതരണം (മുസ്‌ലിം, അഹ്മദ്).
സത്യനിഷ്ഠര്‍ക്ക് അവരുടെ സത്യസന്ധതക്കുള്ള പ്രതിഫലം അല്ലാഹു നല്‍കാനും അവനുദ്ദേശിക്കുന്ന പക്ഷം കപടവിശ്വാസികള്‍ക്ക് ശിക്ഷനല്‍കുകയോ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്യാനും വേണ്ടിയത്രേ പരീക്ഷണങ്ങള്‍. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമാകുന്നു. സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെ -ഒരു നന്മയും നേടാതെ-അല്ലാഹു തിരിച്ചയക്കുകയും സത്യവിശ്വാസികള്‍ക്ക് യുദ്ധത്തിന്റെ ആവശ്യമില്ലാതാക്കുകയും ചെയ്തു. അവന്‍ ശക്തനും പ്രതാപശാലിയുമാകുന്നു.14
ബഹുദൈവ വിശ്വാസികള്‍ക്ക് പിന്‍ബലമേകിയ വേദക്കാരെ തങ്ങളുടെ കോട്ടകൊത്തളങ്ങളില്‍ നിന്ന് അവന്‍ ഇറക്കിവിടുകയും അവരുടെ മനസ്സുകളില്‍ ഭയം നിക്ഷേപിക്കുകയുമുണ്ടായി. അവരിലൊരു കൂട്ടരെ നിങ്ങള്‍ വധിക്കുകയും മറ്റൊരു കൂട്ടരെ തടവുകാരാക്കുകയും ചെയ്തു; അവരുടെ വീടും പറമ്പും സ്വത്തുകളും, ഇതുവരെ നിങ്ങള്‍ പ്രവേശിച്ചിട്ടില്ലാത്ത ഒരു ഭൂപ്രദേശവും നിങ്ങള്‍ക്കവന്‍ അവകാശപ്പെടുത്തിത്തന്നു. അല്ലാഹു സര്‍വകാര്യങ്ങള്‍ക്കും കഴിവുറ്റവനാകുന്നു.15
2 വിശദീകരണങ്ങൾ കാണുക
14. ഖന്‍ദഖ് യുദ്ധസംഭവത്തില്‍ ആത്മാര്‍ത്ഥത പുലര്‍ത്തിയവര്‍ക്കെല്ലാം അല്ലാഹു തക്ക പ്രതിഫലം നല്‍കും. കപടവിശ്വാസികള്‍ ഖേദിച്ചു മടങ്ങി പാപമോചനമര്‍ത്ഥിച്ചാല്‍ അവന്‍ പൊറുക്കും; ഇല്ലെങ്കിലവര്‍ കടുത്ത ശിക്ഷക്ക് പാത്രീഭൂതരാകും. പതിനായിരം യോദ്ധാക്കളുമായി മുസ്‌ലിംകളെ വേരോടെ പിഴുതെറിയാന്‍ വന്നവര്‍ കോപിഷ്ഠരും നിരാശരുമായാണ് മടങ്ങിയത്.
15. മുശ്‌രിക്കുകള്‍ക്ക് പിന്‍ബലമേകിയ വേദക്കാര്‍ മദീനയിലെ ബനൂഖുറൈള ജൂതരാണ്. വീടുകളും പറമ്പുകളും വാസസ്ഥലങ്ങളുമെല്ലാം വിട്ടേച്ച് അവര്‍ സിറിയയിലേക്ക് ഓടിപ്പോയി. 'ഇതുവരെ കടന്നു ചെന്നിട്ടില്ലാത്ത ഭൂമി' മദീനയില്‍ നിന്ന് 140 കിലോമീറ്റര്‍ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ജൂതഭൂരിപക്ഷ കേന്ദ്രമായിരുന്ന ഖൈബര്‍ ആണ്. നിരവധി അദ്ഭുത സംഭവങ്ങള്‍ ഖന്‍ദഖുമായി ബന്ധപ്പെട്ട് നമുക്ക് കാണാം. പത്തോ ഇരുപതോ ആളുകള്‍ക്കുള്ള ഭക്ഷണം ആയിരം പേര്‍ കഴിച്ച് വിസ്മയകരമായ മുഅ്ജിസത്ത് സംഭവിച്ചതും ഇതിലാണ് (ബുഖാരി).
ഓ നബീ, അങ്ങ് സ്വപത്‌നിമാരോട് ഇങ്ങനെ പറയുക: ഐഹിക ജീവിതവും അതിന്റെ അലങ്കാരാര്‍ഭാടങ്ങളുമാണ് നിങ്ങള്‍ ഇച്ഛിക്കുന്നതെങ്കില്‍ വരൂ, നിങ്ങള്‍ക്കു ഞാന്‍ സുഖജീവിത വിഭവങ്ങള്‍ തരികയും ഭംഗിയായി വിമോചിപ്പിച്ചയക്കുകയും ചെയ്യാം. ഇനി, അല്ലാഹുവിനെയും ദൂതനെയും പാരത്രിക ഭവനവുമാണ് നിങ്ങളുദ്ദേശിക്കുന്നത് എങ്കില്‍ സദ്‌വൃത്തരായ നിങ്ങള്‍ക്ക് മഹത്തായ പ്രതിഫലം അല്ലാഹു സജ്ജീകരിച്ചിരിക്കുന്നു.16
1 വിശദീകരണം കാണുക
16. ഖന്‍ദഖ് യുദ്ധം കഴിഞ്ഞപ്പോള്‍ മുസ്‌ലിംകള്‍ക്ക് വലിയ സാമ്പത്തികാശ്വാസം കൈവന്നു. ആ പശ്ചാത്തലത്തില്‍, തങ്ങള്‍ക്കും മുന്തിയ ജീവിത സൗകര്യങ്ങള്‍ വേണമെന്ന് സഹധര്‍മിണിമാര്‍ തിരുനബി(സ്വ)യോട് ആവശ്യപ്പെട്ടു. ഹസ്രത്ത് ജാബിര്‍(റ)വില്‍ നിന്ന് ഇമാം മുസ്‌ലിം സംഭവം വിശദമായി ഉദ്ധരിച്ചിട്ടുണ്ട്. തത്സമയമാണ് ഇതവതരിച്ചത്. അപ്പോള്‍ അവരൊന്നടങ്കം അല്ലാഹുവിനെയും റസൂലിനെയും തെരഞ്ഞെടുക്കുകയുണ്ടായി.
പ്രവാചക സഹധര്‍മിണിമാരേ, നിങ്ങളിലൊരു വ്യക്തി സ്പഷ്ടമായ ഹീനകൃത്യം ചെയ്യുന്നുവെങ്കില്‍ അവള്‍ക്ക് ഇരട്ടി ശിക്ഷയാണ് നല്‍കപ്പെടുക; അല്ലാഹുവിന്നത് സുഗമനടപടിയത്രേ. ഇനി നിങ്ങളിലൊരാള്‍ അല്ലാഹുവിനോടും ദൂതനോടും അനുസരണം കാട്ടുകയും സല്‍കര്‍മമനുഷ്ഠിക്കുകയും ചെയ്യുന്നുവെങ്കില്‍ അവള്‍ക്ക് നാം ഇരട്ടി പ്രതിഫലം കൊടുക്കുകയും ഉദാത്തമായ ഉപജീവനം സജ്ജീകരിക്കുകയും ചെയ്യും. നബിപത്‌നിമാരേ, മറ്റൊരു വനിതയെയും പോലെയല്ല നിങ്ങള്‍; ധര്‍മനിഷ്ഠരാണെങ്കില്‍ അപരരോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ വിധേയത്വപ്രകടനം നടത്തരുത്. അങ്ങനെ ചെയ്താല്‍ ഹൃദയത്തില്‍ രോഗമുള്ളവന് ദുര്‍മോഹം ജനിക്കും.17
നിങ്ങള്‍ ഉദാത്തമായ സംസാരം നടത്തുകയും സ്വഗൃഹങ്ങളില്‍ അടങ്ങിയൊതുങ്ങിക്കഴിയുകയും ചെയ്യുക; പുരാതന അജ്ഞാനയുഗത്തിലേതു പോലുള്ള സൗന്ദര്യപ്രകടനം നടത്തരുത്; മുറപ്രകാരം നമസ്‌കാരമനുഷ്ഠിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിനെയും ദൂതനെയും അനുസരിക്കുകയും ചെയ്യുക. ഹേ പ്രവാചക ഗൃഹസ്ഥരേ, നിങ്ങളെ മാലിന്യമുക്തരാക്കാനും ശരിയാംവണ്ണം ശുദ്ധീകരിക്കാനുമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. സ്വഗൃഹങ്ങളില്‍ പാരായണം ചെയ്യപ്പെടുന്ന ദൈവികസൂക്തങ്ങളും തത്ത്വജ്ഞാനവും നിങ്ങള്‍ അനുസ്മരിക്കുക. അല്ലാഹു ആര്‍ദ്രതയുറ്റവനും സൂക്ഷ്മജ്ഞാനിയുമത്രേ.18
2 വിശദീകരണങ്ങൾ കാണുക
17. സൂക്തം 30-ലെ ഹീന കൃത്യം എന്നതിന്റെ വിവക്ഷ നബിയുമായുള്ള പിണക്കവും സ്വഭാവ ദൂഷ്യവുമാണ് എന്ന് ഇമാം ഇബ്‌നുഅബ്ബാസ്(റ) വ്യക്തമാക്കിയിട്ടുണ്ട്. പ്രവാചക പത്‌നീപദത്തിലിരിക്കുന്നതുകൊണ്ട് വലിയ മഹത്വമാണവര്‍ക്കുള്ളത്- ഗുണം ചെയ്താല്‍ ഇരട്ടി പ്രതിഫലം, കുറ്റം ചെയ്താല്‍ ഇരട്ടി ശിക്ഷയും. അന്യരോട് സംസാരിക്കുമ്പോഴും മറ്റു സന്ദര്‍ഭങ്ങളിലുമെല്ലാം ഈ വിശേഷാവസ്ഥ അവര്‍ വിസ്മരിച്ചു പോകാന്‍ പാടില്ലാത്തതാണ്.
18. സ്വഗൃഹങ്ങളില്‍ ഒതുങ്ങിക്കഴിയുക എന്നാല്‍ ഹിജാബും സ്ത്രീത്വത്തിന്റെ മൂല്യങ്ങളും കാത്തുസൂക്ഷിച്ച് ജീവിക്കുക എന്നാണ്. ഖുര്‍ആനും ഹദീസും മറ്റും പഠിച്ച് വിജ്ഞാനം വര്‍ദ്ധിപ്പിക്കുകയും വേണം. സര്‍വവിധ മാലിന്യങ്ങളിലും സാംസ്‌കാരിക ജീര്‍ണതകളിലും നിന്ന് വനിതാവിഭാഗത്തെ ഉയരങ്ങളിലേക്ക് കൈപിടിക്കുകയാണ് ഇസ്‌ലാമിന്റെ ലക്ഷ്യം എന്ന് വിവക്ഷ.
നിശ്ചയം, അല്ലാഹുവിന് കീഴ്‌പെടുന്നവരായ ആണുങ്ങളും പെണ്ണുങ്ങളും, സത്യവിശ്വാസം കൈക്കൊള്ളുന്ന ആണുങ്ങളും പെണ്ണുങ്ങളും, ആരാധകരായ ആണുങ്ങളും പെണ്ണുങ്ങളും, സത്യസന്ധരായ ആണുങ്ങളും പെണ്ണുങ്ങളും, ക്ഷമാശീലരായ ആണുങ്ങളും പെണ്ണുങ്ങളും, വിനയാന്വിതരായ ആണുങ്ങളും പെണ്ണുങ്ങളും, ധര്‍മിഷ്ഠരായ ആണുങ്ങളും പെണ്ണുങ്ങളും, വ്രതാനുഷ്ഠാനികളായ ആണുങ്ങളും പെണ്ണുങ്ങളും, സ്വന്തം ഗുഹ്യസ്ഥാനങ്ങള്‍ സൂക്ഷിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും, അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും-ഇവര്‍ക്കെല്ലാം പാപമോചനവും വമ്പിച്ച പ്രതിഫലവും അല്ലാഹു സജ്ജീകരിച്ചിരിക്കുന്നു.19
1 വിശദീകരണം കാണുക
19. ഒരിക്കല്‍ പ്രിയപത്‌നി ഉമ്മുസലമ(റ) ചോദിച്ചു: പ്രവാചകരേ, ഖുര്‍ആനിക പരാമര്‍ശങ്ങളത്രയും പുരുഷന്മാരെ പറ്റിയാണല്ലോ; സ്ത്രീകളെ കുറിച്ച് ഒന്നും പറയാത്തതെന്താണ്? തത്സമയം അവതരിച്ചതാണ് സവിശേഷ ശൈലിയിലുള്ള ഈ സൂക്തം. ഖുര്‍ആനിക അനുശാസനകളില്‍ പൊതുവെ എല്ലാവരും തുല്യരാകുന്നു.
ഒരു വിഷയത്തില്‍ അല്ലാഹുവും ദൂതനും ഒരു വിധി പ്രസ്താവിച്ചുകഴിഞ്ഞാല്‍, തങ്ങളുടെ കാര്യത്തില്‍ സ്വേച്ഛാനുസൃതമുള്ള മറ്റൊരു തീരുമാനമെടുക്കാന്‍ ഒരു സത്യവിശ്വാസിക്കും വിശ്വാസിനിക്കും പാടില്ല. അവന്നും ദൂതന്നും ആരൊരാള്‍ എതിരു പ്രവര്‍ത്തിക്കുന്നുവോ, അയാള്‍ സ്പഷ്ടമായ മാര്‍ഗഭ്രംശത്തില്‍ നിപതിച്ചുകഴിഞ്ഞു!20
1 വിശദീകരണം കാണുക
20. ഖുറൈശ് വംശജയായ സൈനബ് ബീവി(റ)യെ വിമോചിത അടിമയും പ്രവാചക സേവകനുമായ സൈദുബ്‌നുഹാരിസ(റ)ക്ക് നബി(സ്വ) വിവാഹാലോചന നടത്തി. ബീവിയും ബന്ധുക്കളും അതിന്ന് വിസമ്മതിച്ചു. അപ്പോഴാണ് സൂക്തമവതരിച്ചത്. തത്സമയം അവരെല്ലാം തന്നെ സമ്മതവും സംതൃപ്തിയും രേഖപ്പെടുത്തുകയുണ്ടായി. അവതരണ കാരണം ഇതാണെങ്കിലും നിയമം പൊതുസ്വഭാവമുള്ളതു തന്നെയാകുന്നു.
നബീ, താങ്കളും അല്ലാഹുവും അനുഗ്രഹം ചെയ്ത ആ വ്യക്തിയോട് 'സ്വപത്‌നിയെ നീ കൂടെ നിറുത്തുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക' എന്ന് താങ്കള്‍ നിര്‍ദ്ദേശിച്ച സന്ദര്‍ഭം സ്മരണീയമത്രേ. അല്ലാഹു പ്രത്യക്ഷീഭവിപ്പിക്കാന്‍ പോകുന്ന ഒരു വിഷയം താങ്കള്‍ മനസ്സില്‍ രഹസ്യമാക്കി വെക്കുകയും ആളുകളെ പേടിക്കുകയും ചെയ്യുന്നു. എന്നാല്‍ അങ്ങ് ഭയപ്പെടാന്‍ ഏറ്റം അര്‍ഹന്‍ അല്ലാഹുവത്രേ. അങ്ങനെ സെയ്ദ് അവളില്‍ നിന്ന് ആവശ്യനിര്‍വഹണം നടത്തിക്കഴിഞ്ഞപ്പോള്‍ അവളെ താങ്കള്‍ക്കു നാം വിവാഹം ചെയ്തുതരികയുണ്ടായി. ദത്തുപുത്രന്മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന് ആവശ്യനിര്‍വഹണം നടത്തിക്കഴിഞ്ഞാല്‍ അവരെ വേള്‍ക്കുന്നതില്‍ വിശ്വാസികള്‍ക്ക് ഒരുവിധ പ്രയാസവും ഉണ്ടാകാതിരിക്കാനത്രേ ഇത്. അല്ലാഹുവിന്റെ കല്‍പനകള്‍ പ്രയോഗവല്‍കൃതമാകേണ്ടതാകുന്നു.21
1 വിശദീകരണം കാണുക
21. പുരാതന അറബികള്‍ വളര്‍ത്തുപുത്രന്മാരെ സ്വന്തം മക്കളായി ഗണിച്ചിരുന്നതിനാല്‍ അവരുടെ വിമോചിത ഭാര്യമാരെ പിതാവ് പിന്നീട് വേള്‍ക്കുന്നത് വന്‍ സാമൂഹിക പാതകമായി കണ്ടു. അത് തിരുത്തുകയാണ് ഇസ്‌ലാം. ഇതേ അധ്യായം 4, 5 സൂക്തങ്ങളില്‍ അത് സൂചിപ്പിച്ചിരുന്നു. സെയ്ദുബ്‌നുഹാരിസ(റ)വിന്റെ വിമോചിത ഭാര്യയായ സൈനബ് ബീവി(റ)യെ പ്രവാചക തിരുമേനിക്ക് വിവാഹം ചെയ്തുകൊടുത്തുകൊണ്ടായിരുന്നു അത്.
തനിക്കായി അല്ലാഹു നിയമമാക്കുന്ന കാര്യങ്ങളില്‍ നബിക്ക് ഒരു പ്രയാസവും തോന്നേണ്ടതില്ല. പൂര്‍വഗാമികളില്‍ -അല്ലാഹുവിന്റെ സന്ദേശങ്ങള്‍ പ്രബോധനം ചെയ്യുകയും അവനെ ഭയപ്പെടുകയും അവനല്ലാത്ത മറ്റൊരാളെയും പേടിക്കാതിരിക്കുകയും ചെയ്യുന്നവരില്‍- അവന്‍ നടപ്പാക്കിയിരുന്ന അതേ നടപടിയാണത്. അവന്റെ കല്‍പനകള്‍ ഖണ്ഡിതവിധിയത്രേ.22
1 വിശദീകരണം കാണുക
22. സൈനബ് ബീവിയെയും മറ്റു സഹധര്‍മിണിമാരെയും അല്ലാഹു നബി(സ്വ)ക്ക് അനുവദിച്ചു കൊടുത്തതാണ്. ശത്രുക്കള്‍ എന്താക്കെ അധിക്ഷേപിച്ചാലും അപഹസിച്ചാലും അതില്‍ മനഃപ്രയാസമുണ്ടാവേണ്ടതില്ല. മുന്‍പ്രവാചകരിലൊക്കെ ഉണ്ടായിരുന്നതാണത്. ജൂത-ക്രിസ്ത്യാനികള്‍ക്ക് സംപൂജ്യരായ ഒട്ടേറെ പ്രവാചകര്‍ ബഹുഭാര്യമാരുള്ളവരായിരുന്നു. ഉല്‍പത്തി 20:17, 30-ാം അധ്യായം, പുറപ്പാട് 12:10, ആവര്‍ത്തനം 21-ാമധ്യായം, രണ്ടാം ശമുവേല്‍ 12:18 മുതലായവ നോക്കുക.
മുഹമ്മദ് നബി നിങ്ങളിലെ പുരുഷന്മാരില്‍ ഒരാളുടെയും പിതാവല്ല, പ്രത്യുത, അല്ലാഹുവിന്റെ ദൂതനും അവസാന പ്രവാചകനുമത്രേ. ഏതു വിഷയത്തെ സംബന്ധിച്ചും നന്നായി അറിയുന്നവനാണ് അല്ലാഹു. സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ ധാരാളമായി അനുസ്മരിക്കുകയും പ്രഭാത-പ്രദോഷങ്ങളില്‍ അവന്റെ മഹത്ത്വം വാഴ്ത്തുകയും ചെയ്യുക. അന്ധകാരങ്ങളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ വേണ്ടി അവനാണ് നിങ്ങള്‍ക്കുമേല്‍ അനുഗ്രഹം വര്‍ഷിക്കുന്നത്; അവന്റെ മാലാഖമാര്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അവന്‍ സത്യവിശ്വാസികളോട് ഏറെ ആര്‍ദ്രതയുറ്റവനത്രേ. അവനെ അഭിമുഖീകരിക്കുന്ന നാള്‍ അവരുടെ അഭിവാദനം സലാം ആയിരിക്കും. അവര്‍ക്ക് സമാദരണീയ പ്രതിഫലം അവന്‍ സജ്ജീകരിച്ചിരിക്കുന്നു.23
1 വിശദീകരണം കാണുക
23. സെയ്ദുബ്‌നുഹാരിസ(റ)യെ നബിയുടെ മകന്‍ എന്ന് നേരത്തെ അറബികള്‍ വിളിച്ചിരുന്നു. അതിനെ നിരോധിക്കുകയാണ്- നിങ്ങളില്‍ ഒരു പുരുഷനും നബിയുടെ പുത്രനായി ഇല്ലതന്നെ. എന്നാല്‍ അവിടന്ന് അതിശ്രേഷ്ഠ പദവിയിലുള്ള അന്തിമറസൂലാണ്. അവിടത്തെ അനുയായികള്‍ പരലോകത്ത് മഹാവിജയം നേടും. പ്രത്യേക അഭിവാദനങ്ങളോടെയാണ് അവരെ അല്ലാഹു അവിടെ സ്വീകരിക്കുക. സൂറ യാസീന്‍ 55-58 കാണുക.
ഓ നബീ, നിശ്ചയം താങ്കളെ നാം സത്യസാക്ഷിയും ശുഭവാര്‍ത്താവാഹകനും മുന്നറിയിപ്പുകാരനും അല്ലാഹുവിന്റെ അനുമതിയോടെ അവങ്കലേക്കു ക്ഷണിക്കുന്നയാളും വെളിച്ചം തെളിക്കുന്ന ദീപവുമായി നിയോഗിച്ചിരിക്കുന്നു.24
സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിങ്കല്‍നിന്ന് മഹത്തായ ഔദാര്യമുണ്ട് എന്ന് ശുഭവാര്‍ത്ത നല്‍കുക. സത്യനിഷേധികളെയും കപടവിശ്വാസികളെയും അങ്ങ് അനുസരിക്കരുത്; അവരുടെ പീഡനങ്ങള്‍ അവഗണിക്കുകയും അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും ചെയ്യുക. ഭരമേല്‍പിക്കപ്പെടുന്നവനായി അവന്‍തന്നെ ധാരാളം!
1 വിശദീകരണം കാണുക
24. പ്രവാചക തിരുമേനി(സ്വ)യുടെ നിയോഗത്തിന്റെ സുപ്രധാന ലക്ഷ്യങ്ങളാണിവിടെ പ്രതിപാദിച്ചിരിക്കുന്നത്. ഉമ്മത്തിന്റെ വിജയത്തിനുള്ള സാക്ഷിയാണെന്നതാണ് ഒന്നാമത് പറഞ്ഞത്. മറ്റു ഉമ്മത്തുകള്‍ക്കും നബി തന്നെ സാക്ഷിയായിരിക്കും. വിശ്വാസികള്‍ക്കു സ്വര്‍ഗം കൊണ്ടുള്ള സന്തോഷവും, നിഷേധികള്‍ക്ക് നരകം കൊണ്ടുള്ള മുന്നറിയിപ്പും സവിസ്തരം അവിടന്ന് പഠിപ്പിച്ചു. ഐഹികവും പാരത്രികവുമായ വിജയത്തിലേക്കുള്ള ക്ഷണനിര്‍വഹണവും നബി നിറവേറ്റി. ലോകത്തിനാകമാനം വെളിച്ചം ചുരത്തുന്ന ഒരു ജാജ്ജ്വല്യദീപം കൂടിയത്രേ റസൂല്‍.
സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം ചെയ്യുകയും ഇണചേരുന്നതിന് മുമ്പായി അവരെ മോചനം നടത്തുകയും ചെയ്താല്‍ എണ്ണിത്തിട്ടപ്പെടുത്തിയ ഇദ്ദ ആചരിക്കേണ്ട ബാധ്യത അവര്‍ക്കില്ല. അപ്പോള്‍ അവര്‍ക്കു നിങ്ങള്‍ 'മതാഅ്' നല്‍കുകയും ഭംഗിയായി വിട്ടയക്കുകയും ചെയ്യുക.25
1 വിശദീകരണം കാണുക
25. നിക്കാഹ് നടന്ന ശേഷം ദമ്പതിമാര്‍ സഹശയനം നടത്തും മുമ്പ് തന്നെ വിവാഹമോചനം നടത്തപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടാകുമ്പോഴുള്ള നിയമം വ്യക്തമാക്കുകയാണ്. അങ്ങനെയും അപൂര്‍വമായി നടന്നേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ വിവാഹമോചിതക്ക് ഇദ്ദ വേണ്ടതില്ല. അവരുടെ മാനസിക സംഘര്‍ഷങ്ങളും പ്രയാസങ്ങളും ലഘൂകരിക്കാനായി 'മതാഅ്' (ജീവനാംശം) ആയി എന്തെങ്കിലും നല്‍കണം. അല്‍ബഖറ 241-ഉം കാണുക.
നബീ, താങ്കള്‍ മഹ്‌റ് നല്‍കിയ സഹധര്‍മിണിമാര്‍, അല്ലാഹു യുദ്ധത്തടവുകാരാക്കിത്തന്ന താങ്കളുടെ അടിയാത്തിമാര്‍, താങ്കളൊന്നിച്ച് ഹിജ്‌റ പോന്ന പിതൃവ്യ പുത്രിമാര്‍, പിതൃസഹോദരീപുത്രിമാര്‍, അമ്മാവന്റെ പുത്രിമാര്‍, മാതൃസഹോദരീപുത്രിമാര്‍, ഒരു സത്യവിശ്വാസിനി സ്വദേഹം നബിക്കു സമര്‍പിക്കുന്ന പക്ഷം നബി അവളെ വേള്‍ക്കാനുദ്ദേശിക്കുന്നുവെങ്കില്‍ അത് -ഇത് അങ്ങേക്കുമാത്രമുള്ളതാണ്, മറ്റു വിശ്വാസികള്‍ക്കില്ല- എന്നിവരെ താങ്കള്‍ക്കു നാം അനുവദിച്ചു തന്നിരിക്കുന്നു.26
വിശ്വാസികളുടെ സഹധര്‍മിണിമാരുടെയും അടിയാത്തികളുടെയും കാര്യത്തില്‍ നിയമനിര്‍മാണം നടത്തിയതിനെ പറ്റി നമുക്കറിയാം -താങ്കള്‍ക്ക് ഒരുവിധ പ്രയാസവും ഇല്ലാതിരിക്കാനാണിത്. അല്ലാഹു ധാരാളമായി പൊറുക്കുന്നവനും കരുണാമയനുമാകുന്നു. ഇവരില്‍ താങ്കള്‍ ഉദ്ദേശിക്കുന്നവരെ മാറ്റി നിറുത്തുകയോ സഹവസിപ്പിക്കുകയോ ആവാം. മാറ്റിനിറുത്തിയിരുന്നവരില്‍ നിന്ന് ആരെയെങ്കിലും സഹവസിപ്പിക്കുവാനാഗ്രഹമുണ്ടെങ്കില്‍ അതിനും കുഴപ്പമില്ല- അവര്‍ ആഹ്ലാദഭരിതരാകാനും സങ്കടപ്പെടാതിരിക്കാനും താങ്കള്‍ നല്‍കുന്നതില്‍ സംതൃപ്തി പൂണ്ടവരാകാനും നല്ല രീതിയതാണ്. അല്ലാഹു നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അറിയും; അവന്‍ സര്‍വജ്ഞനും സഹിഷ്ണുവും ആകുന്നു.27
ഇനിമേല്‍, വേറെ വിവാഹം ചെയ്യാനോ ഇവര്‍ക്കു പകരം വേറെ പത്‌നിമാരെ -അവരുടെ സൗന്ദര്യം ആകര്‍ഷിച്ചാലും- സ്വീകരിക്കാനോ താങ്കള്‍ക്ക് അനുവാദമില്ല; എന്നാല്‍ അടിയാത്തികള്‍ ഇതില്‍നിന്നൊഴിവാണ്. ഓരോ കാര്യവും സൂക്ഷ്മ നിരീക്ഷണം നടത്തുന്നവനാണ് അല്ലാഹു.28
3 വിശദീകരണങ്ങൾ കാണുക
26. സൂക്തം 50-ല്‍ പറഞ്ഞത് നബിക്ക് വിവാഹം ചെയ്യല്‍ അനുവദനീയമായ വനിതകളാണ്; അപ്പറഞ്ഞവരൊക്കെ ഭാര്യമാരായിരുന്നു എന്നല്ല. വിവാഹക്കാര്യത്തില്‍ നബിക്കും ഉമ്മത്തിനും വ്യത്യസ്ത നിയമങ്ങളുണ്ട്. നിയമനിര്‍മാണം, സാമൂഹികം, വിദ്യാഭ്യാസപരം, രാഷ്ട്രീയം തുടങ്ങിയ പല വിശാല ലക്ഷ്യങ്ങളും തിരുനബിയുടെ വിവാഹ പശ്ചാത്തലങ്ങളായി ഉണ്ടായിരുന്നു.
27. നിലവിലുള്ളവരില്‍ ഏതെങ്കിലും ഭാര്യയെ മാറ്റി നിറുത്തുകയോ സഹശയനമനുവദിക്കുകയോ അനുവദിക്കാതിരിക്കുകയോ ഒക്കെയാകാം. തിരുമേനി(സ്വ)യുടെ സവിശേഷതയാണിത്. ഈ സൂക്തം അവതീര്‍ണമായപ്പോള്‍ ഹസ്രത്ത് ആഇശ ബീവി പ്രതികരിച്ചത് പ്രസിദ്ധമാണ്: അങ്ങയുടെ അഭീഷ്ടമെന്തുതന്നെയുമാകട്ടെ, അത് അല്ലാഹു അതിദ്രുതം സാക്ഷാല്‍ക്കരിച്ചു തരുന്നതായാണ് ഞാന്‍ കാണുന്നത് (ബുഖാരി).
28. ഈ അമ്പത്തിരണ്ടാം സൂക്തമവതരിച്ച ശേഷം, മേല്‍പറഞ്ഞവക്ക് മാറ്റമുണ്ടായി. ഇനി വേറെ വിവാഹം ചെയ്യാനോ ആരെയെങ്കിലും ഒഴിവാക്കാനോ പറ്റുകയില്ല. എന്നാല്‍ അടിമസ്ത്രീകളുടെ നിയമം സാധാരണത്തേതു തന്നെയായിരിക്കും. നേരത്തെ സൂചിപ്പിച്ച (കുറിപ്പ് 16) സംഭവത്തില്‍ പ്രവാചകപത്‌നിമാരൊക്കെയും നബിയൊന്നിച്ചുള്ള ജീവിതം തെരഞ്ഞെടുത്തപ്പോള്‍ അല്ലാഹു അവരെ ആ പവിത്ര പദവിയില്‍ ഉറപ്പിച്ചു നിറുത്തുകയുണ്ടായി.
സത്യവിശ്വാസികളേ, നബിയുടെ വീടുകളില്‍ അനുമതി കൂടാതെ നിങ്ങള്‍ പ്രവേശിക്കരുത്; ഭക്ഷണത്തിന് ക്ഷണിക്കപ്പെട്ടാലല്ലാതെ. അപ്പോള്‍ തന്നെ അത് പാകമാകുന്നതു നോക്കി ചടഞ്ഞുകൂടരുത്. എന്നാല്‍, വിളിക്കപ്പെടുകയാണെങ്കില്‍ കടന്നുചെല്ലുക; ആഹരിച്ചു കഴിഞ്ഞാല്‍ പിരിഞ്ഞുപോവുകയും വേണം; സംസാരിച്ചു വിനോദിച്ചിരിക്കരുത്- ഇതൊക്കെ നബിയെ അലോസരപ്പെടുത്തുന്നതാണ്. എന്നാല്‍ നബി നിങ്ങളോട് ഇതുണര്‍ത്താന്‍ ലജ്ജിക്കും. സത്യം തുറന്നുവ്യക്തമാക്കാന്‍ അല്ലാഹുവിന് സങ്കോചമില്ല.29
ഇനി, പ്രവാചക പത്‌നിമാരോട് നിങ്ങളെന്തെങ്കിലും ആവശ്യപ്പെടുകയാണെങ്കില്‍ മറയുടെ പിന്നില്‍ നിന്ന് ചോദിക്കണം. അതാണ് നിങ്ങളുടെയും അവരുടെയും ഹൃദയങ്ങള്‍ക്ക് ഏറെ സംശുദ്ധമായിട്ടുള്ളത്. അവിടത്തെ പ്രയാസപ്പെടുത്താനോ നിര്യാണാനന്തരം നബിയുടെ സഹധര്‍മിണിമാരെ ഒരിക്കലും വേള്‍ക്കാനോ നിങ്ങള്‍ക്കു പാടില്ലാത്തതാണ്. ഇതൊക്കെ അല്ലാഹുവിങ്കല്‍ ഗുരുതരമായ പാതകമത്രേ. എന്തെങ്കിലും വിഷയം നിങ്ങള്‍ വെളിപ്പെടുത്തുകയോ ഗോപ്യമാക്കുകയോ ചെയ്താലും ശരി, നിശ്ചയം, അല്ലാഹു ഏതുകാര്യവും സൂക്ഷ്മമായി അറിയുന്നവനാകുന്നു.
1 വിശദീകരണം കാണുക
29. നബി തിരുമേനി(സ്വ)യുടെ വീടുകളില്‍ പുലര്‍ത്തേണ്ട സാമാന്യ മര്യാദകളും സാംസ്‌കാരിക രീതികളുമാണ് പറയുന്നത്. സമ്മതമില്ലാതെ ഒരു വീട്ടിലും പ്രവേശിക്കരുത്. സൂറത്തുന്നൂര്‍ 28,29 സൂക്തങ്ങള്‍ നോക്കുക.
എന്നാല്‍ അവര്‍ക്ക് സ്വന്തം പിതാക്കള്‍, പുത്രന്മാര്‍, സഹോദരങ്ങള്‍, സഹോദര-സഹോദരീ പുത്രന്മാര്‍, തങ്ങളുടെ സ്ത്രീകള്‍, സ്വന്തം അടിമകള്‍ എന്നിവരെ കാണുന്നതിന് തെറ്റില്ല. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കണം; എല്ലാ കാര്യങ്ങള്‍ക്കും സന്നിഹിതനാണവന്‍.30
നബിയുടെ മേല്‍ അല്ലാഹു അനുഗ്രഹം വര്‍ഷിക്കുന്നു, മലക്കുകള്‍ പ്രാര്‍ത്ഥിക്കുന്നു; സത്യവിശ്വാസികളേ, നബിക്ക് അനുഗ്രഹ-സമാധാന വര്‍ഷത്തിനായി നിങ്ങളും പ്രാര്‍ത്ഥിക്കുക.31
അല്ലാഹുവിനെയും ദൂതനെയും അലോസരപ്പെടുത്തുന്നവരെ ഐഹിക-പാരത്രിക ലോകത്ത് അല്ലാഹു ശപിക്കുകയും ഹീനമായ ശിക്ഷ അവര്‍ക്ക് സജ്ജീകരിക്കുകയും ചെയ്തിരിക്കുന്നു. സത്യവിശ്വാസികളായ സ്ത്രീപുരുഷന്മാരെ അവരനുവര്‍ത്തിക്കാത്ത കുറ്റത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നവര്‍ ആരോ, അപവാദവും സ്പഷ്ടമായ പാപവും വഹിച്ചിരിക്കുകയാണവര്‍.
2 വിശദീകരണങ്ങൾ കാണുക
30. ഹിജാബിന്റെ നിയമം പറഞ്ഞ 53-ാം സൂക്തമവതരിച്ചപ്പോള്‍ രക്തബന്ധമുള്ളവരും മറയുടെ പിന്നില്‍ നിന്നാണോ സ്ത്രീകളോട് സംസാരിക്കേണ്ടത് എന്ന ചിലര്‍ ചോദിക്കുകയുണ്ടായി. തത്സമയം അവതരിച്ചതാണിത്.
31. തിരുനബി(സ്വ) തങ്ങളുടെ പേരിലുള്ള സ്വലാത്ത് അല്ലാഹുവിന്റേതാകുമ്പോല്‍ അനുഗ്രഹവര്‍ഷവും മലക്കുകള്‍ക്കിടയിലുള്ള പ്രകീര്‍ത്തനവുമാണ്; മലക്കുകള്‍ അതിന്നായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. നമ്മുടേത് സ്വലാത്ത് ചൊല്ലലാണ്.
നബീ, സ്വപത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസിനികളായ വനിതകളോടും തങ്ങളുടെ മൂടുപടങ്ങള്‍ താഴ്ത്തിയിടാന്‍ അങ്ങ് അനുശാസിക്കുക; തിരിച്ചറിയപ്പെടാനും അലോസരം ചെയ്യപ്പെടാതിരിക്കാനും അവര്‍ക്കതാണ് ഏറ്റം അനുയോജ്യം. ഏറെ പൊറുക്കുന്നവനും കരുണാമയനുമാണ് അല്ലാഹു.32
1 വിശദീകരണം കാണുക
32. പ്രവാചകപത്‌നിമാരോടും പുത്രിമാരോടും സര്‍വ സത്യവിശ്വാസിനികളോടുമുള്ള കല്‍പനയാണിത്. ഇതാണ് ഹിജാബ്. സ്ത്രീത്വത്തിന്റെ പവിത്രതയും ആദരവും ഉയര്‍ത്തിപ്പിടിക്കാനും അവരുടെ സുരക്ഷിതത്വം മുന്നില്‍ കണ്ടുമാണ് ശരീഅത്ത് ഇതനുശാസിക്കുന്നത്.
കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും നുണപ്രചരണത്തിലൂടെ മദീനയില്‍ കുഴപ്പമുണ്ടാക്കുന്നവരും പിന്തിരിപ്പന്‍പണി നിറുത്തുന്നില്ലെങ്കില്‍ അവരെ തുരത്തിവിടാന്‍ താങ്കളെ നാം ചുമതലപ്പെടുത്തുക തന്നെ ചെയ്യും; പിന്നെ വളരെ കുറച്ചുമാത്രമേ നിങ്ങളൊന്നിച്ചു കഴിയാന്‍ അവര്‍ക്ക് സാധിക്കുകയുള്ളൂ. എവിടെ കാണപ്പെട്ടാലും പിടിക്കപ്പെടുകയും നിര്‍ദ്ദയം കൊന്നൊടുക്കപ്പെടുകയും ചെയ്യുന്ന അഭിശപ്തരാകും അവര്‍. പൂര്‍വികരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിച്ച അതേ നടപടിയാണിത്; അവന്റെ രീതികള്‍ക്ക് യാതൊരു മാറ്റവും താങ്കള്‍ കണ്ടെത്തുന്നതല്ല.33
1 വിശദീകരണം കാണുക
33. അതീവ ഗുരുതരമായ വഞ്ചനകളും കാപട്യങ്ങളും കുത്തിത്തിരിപ്പുകളുമാണ് മുനാഫിഖുകളും ദുര്‍ബലഹൃദയരായ ചില ശിങ്കിടികളും മദീനയില്‍ ചെയ്തിരുന്നത്. സൂറത്തുത്തൗബ നോക്കുക. അത് നിറുത്താനുള്ള അന്ത്യശാസനയാണിത്. മുസ്‌ലിംകളാണ് തങ്ങളെന്ന് അവകാശവാദമുന്നയിച്ചാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്നൊക്കെ അവര്‍ തലയൂരിയിരുന്നത്.
അന്ത്യനാളിനെക്കുറിച്ച് അങ്ങയോടവര്‍ ചോദിക്കുന്നു. അതു സംബന്ധിച്ച ജ്ഞാനം അല്ലാഹുവിങ്കല്‍ മാത്രമാണെന്ന് പ്രതികരിക്കുക. ഒരുവേള സമീപസ്ഥമായിരിക്കാം അത്- താങ്കളെന്തറിഞ്ഞു! നിശ്ചയം, സത്യനിഷേധികളെ അല്ലാഹു ശപിക്കുകയും കത്തിജ്ജ്വലിക്കുന്ന നരകം അവര്‍ക്കായി സജ്ജീകരിക്കുകയും ചെയ്തിരിക്കുന്നു. അവരതില്‍ ശാശ്വത വാസികളായിരിക്കുന്നതാണ്. ഒരുവിധ സംരക്ഷകനെയും സഹായിയെയും അവര്‍ക്ക് കണ്ടെത്താനാവില്ല.
തങ്ങള്‍ അല്ലാഹുവിനെയും ദൂതനെയും അനുസരിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നുവെന്ന്, തങ്ങളുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്‌മേല്‍ മറിച്ചിടപ്പെടുന്ന നാളില്‍ അവര്‍ കേഴുന്നതും ഇങ്ങനെ പരിതപിക്കുന്നതുമാണ്: നാഥാ, ഞങ്ങള്‍ നേതാക്കന്മാരെയും ആഢ്യന്മാരെയും അനുസരിക്കുകയും അവര്‍ ഞങ്ങളെ ദുര്‍മാര്‍ഗത്തിലാക്കുകയുമാണുണ്ടായത്; നാഥാ, അവര്‍ക്ക് നീ ഇരട്ടിശിക്ഷ നല്‍കുകയും ശാപം ചൊരിയുകയും ചെയ്യേണമേ.34
1 വിശദീകരണം കാണുക
34. അന്ത്യനാളും മഹ്ശറും വിചാരണയും മറ്റും നിഷേധിക്കുന്നവരായിരുന്നല്ലോ ബഹുദൈവ വിശ്വാസികള്‍. ഇവിടെ നബി(സ്വ)യെയും ഖുര്‍ആനെയും പരിഹസിച്ചു കൊണ്ടാണവര്‍ ഖിയാമനാളിനെ കുറിച്ച് അന്വേഷണം നടത്തുന്നത്; അതില്‍ വിശ്വസിക്കാനോ തയ്യാറെടുപ്പ് നടത്താനോ അല്ല. നബി(സ്വ)യോട് അതിന്റെ ഗൗരവാവസ്ഥയെപ്പറ്റി പഠിപ്പിച്ചു കൊടുക്കാനാണ് അല്ലാഹു നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാനബിയെ പീഡിപ്പിച്ചവരെ പോലെയാകരുത്. അങ്ങനെ അവരുടെ ജല്‍പനങ്ങളില്‍ നിന്ന് അദ്ദേഹത്തെയവന്‍ വിമുക്തനാക്കുകയുണ്ടായി.35
അല്ലാഹുവിങ്കല്‍ അദ്ദേഹം ഉല്‍കൃഷ്ടനാകുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുവിനെയും ദൂതനെയും ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.36
2 വിശദീകരണങ്ങൾ കാണുക
35. സൈനബ് ബീവി(റ)യെ വിവാഹം ചെയ്തതിലും മറ്റു പല കാര്യങ്ങളിലും തിരുമേനി(സ്വ)യെ പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്ന മുശ്‌രിക്കുകളോടും മുനാഫിഖുകളോടുമാണ് നിരോധം: ജൂതന്മാര്‍ മൂസാനബിയെ ബുദ്ധിമുട്ടിച്ചതു പോലെ, നിങ്ങള്‍ നബിയെ ബുദ്ധിമുട്ടിക്കരുത്.
മൂസാനബി(അ)ന് വെള്ളപ്പാണ്ടുണ്ടെന്നും അതിനാലാണ് എപ്പോഴും വസ്ത്രം ധരിച്ചു നടക്കുന്നതെന്നുമായിരുന്നു ആ വിഡ്ഢികളുടെ ജല്‍പനം. എന്നാല്‍, അത് തിരുത്തിയ സംഭവം ബുഖാരിയും മറ്റും ഉദ്ധരിച്ച ഹദീസിലുണ്ട്.
36. അല്ലാഹുവില്‍ വിശ്വസിക്കുക, അവനെ സൂക്ഷിച്ചു ജീവിക്കുക, റസൂലിനെ അനുസരിക്കുക, സത്യസന്ധമായി മാത്രം സംസാരിക്കുക-ഇതൊക്കെ ഇസ്‌ലാമിന്റെ മൗലിക കാര്യങ്ങളാണ്. ഒരാളുടെ ജീവിതം ഈ വിധം ക്രമീകൃതമായാല്‍ അവന്‍ മഹത്തായ വിജയം നേടുക തന്നെ ചെയ്യും.
ഭുവന-വാനങ്ങള്‍ക്കും പര്‍വതങ്ങള്‍ക്കും മുമ്പാകെ ആ വിശ്വസ്ത ദൗത്യ നിര്‍വഹണച്ചുമതല നാം അവതരിപ്പിച്ചു. എന്നാല്‍ അതിനെപ്പറ്റി അവ ഭയപ്പെടുകയും ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയുമാണുണ്ടായത്. എന്നാല്‍ മനുഷ്യന്‍ അതേറ്റെടുത്തു. അവന്‍ വലിയ അതിക്രമിയും വിവേകശൂന്യനുമായിരിക്കുന്നു!37
കപടവിശ്വാസവും ബഹുദൈവത്വവും സ്വീകരിച്ച സ്ത്രീ-പുരുഷന്മാരെ അല്ലാഹു ശിക്ഷിക്കാന്‍ വേണ്ടിയും സത്യവിശ്വാസികളായ സ്ത്രീ-പുരുഷന്മാരുടെ പശ്ചാത്താപം അവന്‍ സ്വീകരിക്കുന്നതിനുവേണ്ടിയുമത്രേ ഇത്. വളരെയധികം മാപ്പരുളുന്നവനും കരുണാവാരിധിയുമത്രേ അവന്‍.38
2 വിശദീകരണങ്ങൾ കാണുക
37. അല്ലാഹുവിന്റെ സര്‍വ ശാസനാ നിരോധങ്ങളും ഉള്‍ക്കൊള്ളുന്ന ശരീഅത്ത് വ്യവസ്ഥിതിയാണ് പരാമൃഷ്ട അമാനത്ത് അഥവാ വിശ്വസ്ത ദൗത്യനിര്‍വഹണച്ചുമതല. അതിന്റെ ഗൗരവവും പ്രാധാന്യവും വ്യക്തമാക്കുകയാണ് ഈ ഉപമയുടെ ഉദ്ദേശ്യം. ഭുവന-വാനങ്ങളും മാമലകളും വരെ അത് ഏറ്റെടുക്കാന്‍ സന്നദ്ധമാകില്ല, ഭയന്നു പിന്‍വാങ്ങും എന്നര്‍ത്ഥം. ആത്മദ്രോഹം ചെയ്യുന്ന പ്രകൃതമാണ് മനുഷ്യന്ന്; കാര്യങ്ങളുടെ ഭവിഷ്യത്ത് പലപ്പോഴും അവന്‍ ചിന്തിച്ചു നോക്കില്ല. അങ്ങനെയാണ് അവനത് ഏറ്റെടുത്തത്.
38. സത്യാസത്യ വിവേചനത്തിനുള്ള കഴിവും അറിവും തന്റേടവുമൊക്കെ കനിഞ്ഞേകപ്പെട്ട മനുഷ്യ വര്‍ഗത്തിന്ന് ഇങ്ങനെയൊരു അമാനത്ത് ഏല്‍പിച്ചത് എന്തിനായിരുന്നു എന്ന ചോദ്യത്തിന്റെ മറുപടിയാണ് ഈ അവസാന സൂക്തം. സത്യവിശ്വാസികള്‍ക്ക് പാപമോചനവും ദൈവപ്രീതിയും സ്വര്‍ഗീയ നേട്ടവും കൈവരിക്കാനവസരമുണ്ടാക്കുക. ധിക്കാരികളും സത്യനിഷേധികളും കപടവിശ്വാസികളുമായ ആളുകളെ അവരുടെ ദുഷ്‌ചെയ്തികള്‍ക്കു ശിക്ഷിക്കുക