Sunday, 11 October 2026 Hijri: — 11:47:53 am
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

സബഅ് سبأ Saba

Surah 34 മക്കിയ്യ • مكية • Makkiyah 54 ആയത്തുകൾ • 54 Ayahs

സൂറത്ത് സബഅ് (Saba), ഖുർആൻ അധ്യായം 34 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 54 ആയത്തുകൾ വായിക്കുക. Read Surah Saba with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–2

ഭുവന-വാനങ്ങളിലുള്ളവയത്രയും ഉടമപ്പെടുത്തിയ അല്ലാഹുവിന്നത്രേ സ്‌തോത്രങ്ങളഖിലവും; പരലോകത്തും സ്തുതി അവനു തന്നെയാകുന്നു. യുക്തിമാനും സൂക്ഷ്മജ്ഞനുമാണവന്‍. ഭൂമിയില്‍ കടക്കുന്നതും അതില്‍ നിന്ന് ബഹിര്‍ഗമിക്കുന്നതും വാനലോകത്തുനിന്ന് ഇറങ്ങിവരുന്നതും അതിലേക്ക് കയറുന്നതുമായ സര്‍വത്തെപ്പറ്റിയും അവനറിയുന്നുണ്ട്. ഏറെ കരുണാമയനും പൊറുക്കുന്നവനുമാണവന്‍.1

1 വിശദീകരണം കാണുക

1. മൃതദേഹങ്ങള്‍, നിധികള്‍, ലോഹങ്ങള്‍, എണ്ണകള്‍, കല്ലുകള്‍ തുടങ്ങി പലതും ഭൂമിക്കകത്തുണ്ട്. കൃഷികള്‍, കായ്കനികള്‍, വൃക്ഷലതാദികള്‍, പഴവര്‍ഗങ്ങള്‍ മുതലായ ഒട്ടേറെ വസ്തുക്കള്‍ അതില്‍ നിന്ന് ബഹിര്‍ഗമിക്കുന്നു. ആകാശത്തുനിന്ന് മാലാഖമാരും അല്ലാഹുവിങ്കല്‍ നിന്നുള്ള ദിവ്യസന്ദേശങ്ങളും ഇറങ്ങുകയും അന്തരീക്ഷത്തില്‍ നിന്ന് മഴ വര്‍ഷിക്കുകയും ചെയ്യുന്നു. സത്യവിശ്വാസികളുടെ സല്‍കര്‍മങ്ങളും ആത്മാക്കളും മലക്കുകളും വാനലോകത്തേക്ക് കയറിപ്പോകുന്നുമുണ്ട്. ഇവയോരോന്നും വളരെ വിസ്തൃതമായി അറിയുന്നവനാണ് അല്ലാഹു.

ٱلۡحَمۡدُ لِلَّهِ ٱلَّذِي لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ وَلَهُ ٱلۡحَمۡدُ فِي ٱلۡأٓخِرَةِۚ وَهُوَ ٱلۡحَكِيمُ ٱلۡخَبِيرُ ۝١
يَعۡلَمُ مَا يَلِجُ فِي ٱلۡأَرۡضِ وَمَا يَخۡرُجُ مِنۡهَا وَمَا يَنزِلُ مِنَ ٱلسَّمَآءِ وَمَا يَعۡرُجُ فِيهَاۚ وَهُوَ ٱلرَّحِيمُ ٱلۡغَفُورُ ۝٢
3–6

അന്ത്യനാള്‍ തങ്ങള്‍ക്കു വന്നുഭവിക്കുകയില്ലെന്ന് നിഷേധികള്‍ ജല്‍പിച്ചു. അങ്ങ് പ്രതികരിക്കുക: അല്ല, അദൃശ്യജ്ഞാനിയായ എന്റെ നാഥന്‍ തന്നെ ശപഥം, അതു നിങ്ങള്‍ക്ക് വന്നെത്തുക തന്നെ ചെയ്യുന്നതാണ്; ഭുവന-വാനങ്ങളിലുള്ള ഒരണുവിന്റെ തൂക്കമുള്ളതോ അതിനെക്കാള്‍ ചെറിയതോ വലിയതോ ആയ യാതൊരു വസ്തുവും-സുവ്യക്തമായ ഒരു രേഖയിലുള്ളതായല്ലാതെ-അവനെ വിട്ട് ഗുപ്തമാകില്ല.2
സത്യവിശ്വാസം വരിക്കുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് പ്രതിഫലം കൊടുക്കാനത്രേ അത്. അവര്‍ക്ക് പാപവിമുക്തിയും സമാദരണീയമായ ഉപജീവനവുമുണ്ട്. നമ്മെ പരാജയപ്പെടുത്താനായി നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ കുഴപ്പമുണ്ടാക്കാന്‍ തത്രപ്പെടുന്നവര്‍ക്ക് വേദനയുറ്റ ശിക്ഷയുണ്ട്. നാഥങ്കല്‍ നിന്ന് അങ്ങേക്കവതരിച്ചത് സത്യമാണെന്നും പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവിന്റെ വഴിയിലേക്കാണത് മാര്‍ഗദര്‍ശനം ചെയ്യുകയെന്നും വിജ്ഞാനികള്‍ക്ക് മനസ്സിലാക്കാം.

1 വിശദീകരണം കാണുക

2. അന്ത്യനാളും മഹ്ശറും പുനരുജ്ജീവനവുമൊക്കെ സംഭവിച്ചേതീരൂ എന്ന് നിഷേധികളെ ഉറപ്പിച്ച് ഉണര്‍ത്തുകയാണ്. 4:87 നോക്കുക. പ്രപഞ്ചത്തിലുള്ള ഏത് കാര്യവും-അദൃശ്യ വിഷയങ്ങള്‍ വരെ-അല്ലാഹു അറിയും; വലുപ്പ-ചെറുപ്പ വ്യത്യാസം അതിലില്ല. അതിസൂക്ഷ്മമായ അണുവോ അതിനെക്കാള്‍ ചെറിയ ന്യൂട്രോണോ പ്രോട്ടോണോ ഒക്കെ സ്പഷ്ടമായും അതിവിസ്തൃതമായും അറിയുന്നവനാണ് ത്രികാലജ്ഞനായ അല്ലാഹു.

وَقَالَ ٱلَّذِينَ كَفَرُواْ لَا تَأۡتِينَا ٱلسَّاعَةُۖ قُلۡ بَلَىٰ وَرَبِّي لَتَأۡتِيَنَّكُمۡ عَٰلِمِ ٱلۡغَيۡبِۖ لَا يَعۡزُبُ عَنۡهُ مِثۡقَالُ ذَرَّةٖ فِي ٱلسَّمَٰوَٰتِ وَلَا فِي ٱلۡأَرۡضِ وَلَآ أَصۡغَرُ مِن ذَٰلِكَ وَلَآ أَكۡبَرُ إِلَّا فِي كِتَٰبٖ مُّبِينٖ ۝٣
لِّيَجۡزِيَ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِۚ أُوْلَٰٓئِكَ لَهُم مَّغۡفِرَةٞ وَرِزۡقٞ كَرِيمٞ ۝٤
وَٱلَّذِينَ سَعَوۡ فِيٓ ءَايَٰتِنَا مُعَٰجِزِينَ أُوْلَٰٓئِكَ لَهُمۡ عَذَابٞ مِّن رِّجۡزٍ أَلِيمٞ ۝٥
وَيَرَى ٱلَّذِينَ أُوتُواْ ٱلۡعِلۡمَ ٱلَّذِيٓ أُنزِلَ إِلَيۡكَ مِن رَّبِّكَ هُوَ ٱلۡحَقَّ وَيَهۡدِيٓ إِلَىٰ صِرَٰطِ ٱلۡعَزِيزِ ٱلۡحَمِيدِ ۝٦
7–9

സത്യനിഷേധികള്‍ കളിയാക്കി: 'നിങ്ങള്‍ നിശ്ശേഷം ഛിന്നഭിന്നമാക്കപ്പെട്ടാലും പുതുതായി പടച്ചുണ്ടാക്കപ്പെടുക തന്നെ ചെയ്യുമെന്നു വാദിക്കുന്ന ഒരാളെ ഞങ്ങളറിയിച്ചുതരട്ടെയോ? അല്ലാഹുവിന്റെ പേരില്‍ അയാള്‍ വ്യാജനിര്‍മിതി നടത്തിയതാണോ അതോ ഭ്രാന്തുണ്ടോ അയാള്‍ക്ക്?3
വസ്തുതയതല്ല, പാരത്രിക വിശ്വാസമില്ലാത്തവര്‍ ശിക്ഷയിലും അതിവിദൂരമായ മാര്‍ഗഭ്രംശത്തിലുമാകുന്നു. തങ്ങളുടെ മുന്നിലും പിന്നിലുമുള്ള ഭൂമിയിലേക്കും ആകാശത്തേക്കും അവര്‍ നോക്കിയിട്ടില്ലേ?4
നാം വിചാരിച്ചാല്‍ അവരെ ഭൂമിയിലാഴ്ത്തുകയോ ആകാശത്തുനിന്ന് ചില കഷ്ണങ്ങള്‍ അവര്‍ക്കുമേല്‍ വീഴ്ത്തുകയോ ചെയ്യുമായിരുന്നു! ഖേദിച്ചു മടങ്ങുന്ന ഏതൊരടിമക്കും ഇതില്‍ ദൃഷ്ടാന്തമുണ്ട്, തീര്‍ച്ച.5

3 വിശദീകരണങ്ങൾ കാണുക

3. അല്ലാഹുവിങ്കല്‍ നിന്നുള്ള വഹ്‌യനുസരിച്ചാണ് ഏതുകാര്യവും തിരുനബി(സ്വ) പറയുന്നത്. അവ ഭ്രാന്തോ വ്യാജനിര്‍മിതിയോ ആണെന്ന് യാതൊരടിസ്ഥാനവുമില്ലാതെ തട്ടിവിടുകയാണ് മുശ്‌രിക്കുകള്‍. നബിയെയും ഖുര്‍ആനെയും പരിഹസിക്കുകയാണവര്‍.

4. സത്യനിഷേധിയുടെ ചിന്ത തട്ടിയുണര്‍ത്തുകയാണ് അല്ലാഹു: ഏത് ഭൂഖണ്ഡത്തിലും ഏത് രാഷ്ട്രത്തിലും ചെന്നുനോക്കിയാലും മനുഷ്യന്റെ മുന്നിലും പിന്നിലും കാണുന്നത് ഭൂമിയും ആകാശവുമാണ്. വിശേഷബുദ്ധിയുപയോഗിച്ച് അവയുടെ അന്തരംഗങ്ങളിലൂടെ ഒരു തീര്‍ത്ഥാടനം നടത്തിക്കൂടേ മനുഷ്യന്? അവയുടെ സൃഷ്ടിവൈഭവത്തെയും അതുവഴി സ്രഷ്ടാവിനെയും കണ്ടെത്താന്‍ സാധിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. 25:61,62; 79:27-33 മുതലായവ നോക്കുക.

5. നിരീശ്വരവാദികളും യുക്തിവാദികളും ബഹുദൈവ വിശ്വാസികളുമൊക്കെ അല്ലാഹുവിനെ തോല്‍പിക്കുവാന്‍ നോക്കുന്നുണ്ട്. പക്ഷേ, അവര്‍ക്കൊന്നിനും കഴിയുന്നില്ല. അല്ലാഹു ശിക്ഷിക്കാന്‍ തീരുമാനിച്ചാല്‍ നിസ്സഹായരായി അതിനുവഴങ്ങാന്‍ മാത്രമേ അവര്‍ക്കാകൂ. ഖാറൂനെ ഭൂമിയിലാഴ്ത്തിയതുപോലെ, ശുഐബ് നബിയുടെ ധിക്കാരികളായ ജനത്തിനുമേല്‍ തീമഴ വര്‍ഷിച്ച പോലെ ഇവരെയും ശിക്ഷിക്കാന്‍ അല്ലാഹുവിന്ന് കഴിയും!

وَقَالَ ٱلَّذِينَ كَفَرُواْ هَلۡ نَدُلُّكُمۡ عَلَىٰ رَجُلٖ يُنَبِّئُكُمۡ إِذَا مُزِّقۡتُمۡ كُلَّ مُمَزَّقٍ إِنَّكُمۡ لَفِي خَلۡقٖ جَدِيدٍ ۝٧
أَفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَم بِهِۦ جِنَّةُۢۗ بَلِ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ فِي ٱلۡعَذَابِ وَٱلضَّلَٰلِ ٱلۡبَعِيدِ ۝٨
أَفَلَمۡ يَرَوۡاْ إِلَىٰ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِۚ إِن نَّشَأۡ نَخۡسِفۡ بِهِمُ ٱلۡأَرۡضَ أَوۡ نُسۡقِطۡ عَلَيۡهِمۡ كِسَفٗا مِّنَ ٱلسَّمَآءِۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لِّكُلِّ عَبۡدٖ مُّنِيبٖ ۝٩
10–11

നിശ്ചയം ദാവൂദ് നബിക്ക് നാം മഹത്തായ അനുഗ്രഹം നല്‍കി. 'പര്‍വതങ്ങളേ, പക്ഷികളേ, നിങ്ങളും അദ്ദേഹത്തോടൊപ്പം സങ്കീര്‍ത്തനങ്ങള്‍ ഏറ്റുചൊല്ലൂ' എന്ന് നാം കല്‍പിച്ചു. അദ്ദേഹത്തിന് നാം ഇരുമ്പ് മൃദുലമാക്കിക്കൊടുക്കുകയും കണ്ണികള്‍ ക്രമീകൃതമാക്കി വന്‍കവചങ്ങള്‍ നിര്‍മിക്കുക എന്നും സല്‍കര്‍മങ്ങളനുഷ്ഠിക്കുക, നിങ്ങളുടെ പ്രവൃത്തികള്‍ ഞാന്‍ കാണുന്നവനാണ് എന്നും അരുളുകയുമുണ്ടായി.6

1 വിശദീകരണം കാണുക

6. പ്രവാചകത്വം, രാജപദവി, അതിസുന്ദരമായ ശബ്ദം, സാമ്പത്തിക സുഭിക്ഷത തുടങ്ങി ഒട്ടേറെ മഹത്തായ അനുഗ്രഹങ്ങള്‍ ദാവൂദ് നബി(അ)ന് നല്‍കപ്പെട്ടിരുന്നു. ഗോതമ്പുമാവ് പോലെയായിരുന്നു തന്റെ കൈയില്‍ ഉരുക്കിയ ഇരുമ്പ്; നിഷ്പ്രയാസം ആയുധങ്ങളും ഉപകരണങ്ങളുമുണ്ടാക്കാം. ലോകത്ത് ഏറ്റമാദ്യമായി പടയങ്കി നിര്‍മിച്ചത് ഇദ്ദേഹമായിരുന്നു.

۞ وَلَقَدۡ ءَاتَيۡنَا دَاوُۥدَ مِنَّا فَضۡلٗاۖ يَٰجِبَالُ أَوِّبِي مَعَهُۥ وَٱلطَّيۡرَۖ وَأَلَنَّا لَهُ ٱلۡحَدِيدَ ۝١٠
أَنِ ٱعۡمَلۡ سَٰبِغَٰتٖ وَقَدِّرۡ فِي ٱلسَّرۡدِۖ وَٱعۡمَلُواْ صَٰلِحًاۖ إِنِّي بِمَا تَعۡمَلُونَ بَصِيرٞ ۝١١
12–13

സുലൈമാന്‍ നബിക്ക് കാറ്റിനെ നാം കീഴ്‌പെടുത്തി-അതിന്റെ പ്രഭാത പ്രയാണവും പ്രദോഷ പ്രയാണവും ഓരോ മാസദൂരമാണ്-തനിക്ക് ചെമ്പിന്റെ ഉറവ നാം പ്രവഹിപ്പിച്ചു കൊടുക്കുകയും ചെയ്തു. തന്റെ നാഥന്റെ ശാസനാനുസൃതം അദ്ദേഹത്തിന്റെ സന്നിധിയില്‍ ജിന്നുകള്‍ ജോലിയെടുക്കുന്നുമുണ്ടായിരുന്നു. നമ്മുടെ ശാസനക്കെതിരായി ഏതെങ്കിലുമൊരു ജിന്ന് പ്രവര്‍ത്തിക്കുന്നുവെങ്കില്‍ ജ്വലിക്കുന്ന നരകശിക്ഷ അവനെ നാമാസ്വദിപ്പിക്കും.7
രമ്യഹര്‍മങ്ങള്‍, പ്രതിമകള്‍, ജലസംഭരണി പോലുള്ള ഭീമന്‍ തളികകള്‍, നിലത്തുറപ്പിച്ച വന്‍ പാചകപ്പാത്രങ്ങള്‍ എന്നിങ്ങനെ തന്റെ ഹിതാനുസരണം എന്തും അവരുണ്ടാക്കിക്കൊടുത്തിരുന്നു. നാമരുളി: ദാവൂദ് കുടുംബമേ, കൃതജ്ഞതാപൂര്‍വം കാര്യങ്ങള്‍ ചെയ്യുക; യഥായോഗ്യം നന്ദിപ്രകാശിപ്പിക്കുന്നവര്‍ എന്റെ അടിമകളില്‍ അപൂര്‍വമത്രേ!

1 വിശദീകരണം കാണുക

7. ദാവൂദ് നബിയുടെ പുത്രനായ സുലൈമാന്‍ നബി(അ) റസൂലും രാജാവും മറ്റു ഒട്ടേറെ അനുഗ്രഹങ്ങള്‍ നല്‍കപ്പെട്ട പുണ്യപുരുഷനുമായിരുന്നു. തനിക്ക് കീഴ്‌പെടുത്തപ്പെട്ട കാറ്റിന്റെ പുറത്ത് രാവിലെയും വൈകീട്ടും സാധാരണ കണക്കനുസരിച്ച് ഓരോ മാസത്തെ ദൂരം തനിക്ക് സഞ്ചരിക്കാന്‍ കഴിയും. ജിന്നുകള്‍ തന്റെ ആജ്ഞാനുവര്‍ത്തികളായിരുന്നു; ഉദ്ദേശിക്കുന്നതെന്തും വളരെ പെട്ടെന്ന് അവര്‍ നിര്‍വഹിച്ചുകൊടുക്കും.

وَلِسُلَيۡمَٰنَ ٱلرِّيحَ غُدُوُّهَا شَهۡرٞ وَرَوَاحُهَا شَهۡرٞۖ وَأَسَلۡنَا لَهُۥ عَيۡنَ ٱلۡقِطۡرِۖ وَمِنَ ٱلۡجِنِّ مَن يَعۡمَلُ بَيۡنَ يَدَيۡهِ بِإِذۡنِ رَبِّهِۦۖ وَمَن يَزِغۡ مِنۡهُمۡ عَنۡ أَمۡرِنَا نُذِقۡهُ مِنۡ عَذَابِ ٱلسَّعِيرِ ۝١٢
يَعۡمَلُونَ لَهُۥ مَا يَشَآءُ مِن مَّحَٰرِيبَ وَتَمَٰثِيلَ وَجِفَانٖ كَٱلۡجَوَابِ وَقُدُورٖ رَّاسِيَٰتٍۚ ٱعۡمَلُوٓاْ ءَالَ دَاوُۥدَ شُكۡرٗاۚ وَقَلِيلٞ مِّنۡ عِبَادِيَ ٱلشَّكُورُ ۝١٣
14

അങ്ങനെ അദ്ദേഹത്തിന് നാം മരണം വിധിച്ചപ്പോള്‍ തന്റെ ഊന്നുവടി തിന്നുകയായിരുന്ന ചിതല്‍ മാത്രമേ മരണവിവരം ജിന്നുകള്‍ക്ക് നല്‍കിയുള്ളൂ. മറഞ്ഞ കാര്യങ്ങള്‍ അറിയാമായിരുന്നെങ്കില്‍, ഈ ഹീനപീഡനത്തില്‍ കഴിഞ്ഞുവരേണ്ടതില്ലായിരുന്നുവെന്ന് അദ്ദേഹം നിലംപതിച്ചപ്പോഴാണ് ജിന്നുകള്‍ക്ക് സ്പഷ്ടമായത്8

1 വിശദീകരണം കാണുക

8. ജിന്നുകള്‍ അദൃശ്യകാര്യങ്ങള്‍ അറിയും എന്ന ഒരബദ്ധ ധാരണ അന്ന് മനുഷ്യര്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. അതിന്റെ വസ്തുത ബോധ്യപ്പെടുത്താനായി സുലൈമാന്‍ നബി(അ)ന്റെ മരണം അല്ലാഹു പരസ്യമാക്കിയില്ല. തന്റെ വടിയില്‍ ഊന്നിനിന്നു നമസ്‌കരിക്കവെയാണ് നബി വഫാത്താകുന്നത്. ദീര്‍ഘനാള്‍ കഴിഞ്ഞ് ഊന്നുവടി ചിതല്‍ തിന്ന് മയ്യിത്ത് നിലംപതിച്ചപ്പോള്‍ മാത്രമേ ജിന്നുകളും മറ്റുള്ളവരും ആ വിവരം അറിഞ്ഞുള്ളൂ. ഇതോടെ ജിന്നുകളുടെ അദൃശ്യജ്ഞാനം സംബന്ധിച്ച തെറ്റിദ്ധാരണ ഉന്മൂലനം ചെയ്യപ്പെടുകയുണ്ടായി.

فَلَمَّا قَضَيۡنَا عَلَيۡهِ ٱلۡمَوۡتَ مَا دَلَّهُمۡ عَلَىٰ مَوۡتِهِۦٓ إِلَّا دَآبَّةُ ٱلۡأَرۡضِ تَأۡكُلُ مِنسَأَتَهُۥۖ فَلَمَّا خَرَّ تَبَيَّنَتِ ٱلۡجِنُّ أَن لَّوۡ كَانُواْ يَعۡلَمُونَ ٱلۡغَيۡبَ مَا لَبِثُواْ فِي ٱلۡعَذَابِ ٱلۡمُهِينِ ۝١٤
15–17

ഷീബാ സാമ്രാജ്യക്കാര്‍ക്ക് തങ്ങളുടെ നിവാസ സ്ഥലത്തുതന്നെ-ഇടത്തും വലത്തുമായുള്ള ഉദ്യാനദ്വയങ്ങള്‍-ദൃഷ്ടാന്തമായുണ്ടായിരുന്നു. 'നിങ്ങളുടെ നാഥന്‍ സജ്ജീകരിച്ച ഉപജീവന മാര്‍ഗത്തില്‍ നിന്ന് ആഹരിക്കുകയും അവനു കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്യൂ; ഉദാത്തമായ നാടും ഏറെ പൊറുക്കുന്ന നാഥനും' (എന്ന് അവരോട് ഉണര്‍ത്തപ്പെട്ടു). എന്നാല്‍ പിന്തിരിഞ്ഞുകളയുകയാണവര്‍ ചെയ്തത്.9
അപ്പോള്‍ അണക്കെട്ടിന്റെ കുത്തൊഴുക്ക് അവര്‍ക്ക് നേരെ ഞാന്‍ വിട്ടു. ആ ഉദ്യാനദ്വയങ്ങള്‍ക്ക് പകരം കവര്‍പ്പുള്ള കായ്കനികളും കാറ്റാടിമരങ്ങളും ഏതാനും വാകവൃക്ഷങ്ങളുമുള്ള രണ്ടു തോട്ടങ്ങള്‍ അവര്‍ക്ക് നാം നല്‍കുകയുമുണ്ടായി. കൃതഘ്‌നത കാട്ടിയതിനു പകരം നാമവര്‍ക്ക് കൊടുത്തത് അതാണ്. ഗുരുതരമായ നന്ദികേട് കാണിക്കുന്നവന്നല്ലാതെ നാമിങ്ങനെ പ്രതിഫലം നല്‍കുമോ?10

2 വിശദീകരണങ്ങൾ കാണുക

9. അറേബ്യന്‍ ഉപദ്വീപിന്റെ തെക്കുപടിഞ്ഞാറു വശത്താണ് ഇന്നത്തെ യമന്‍; അതിന്റെ ഒരു പ്രവിശ്യയാണ് സബഅ് അഥവാ ഷീബാ. ബി.സി എട്ടാം ശതകം മുതല്‍ തുബ്ബഅ്, ഹിംയര്‍ തുടങ്ങി വിവിധ രാജവംശങ്ങളാണവിടെ ഭരിച്ചിരുന്നത്. ലോകത്ത് ആദ്യമായി അണക്കെട്ട് നിര്‍മിച്ച് ജലസേചനം നടത്തി കൃഷിയിറക്കിയത് അവരാണ്. അങ്ങനെ, ശൂന്യമായി കിടന്നിരുന്ന ആ മേഖല ഫലഭൂയിഷ്ടവും സസ്യശ്യാമളവും കായ്കനികളും ഫലവര്‍ഗങ്ങളും നിറഞ്ഞ് സമ്പല്‍സമൃദ്ധവുമായി. ഇടത്തും വലത്തുമെന്നാല്‍ സര്‍വത്ര എന്നാണ് ഒരു വ്യാഖ്യാനം. നാട്ടിന്റെ മധ്യേയുള്ള മുഖ്യപാതയിലൂടെ നടക്കുന്ന ഒരാളുടെ ഇരുവശവും എന്നുമാകാവുന്നതാണ്.

10. ഏതൊരു മാധ്യമം വഴിയാണോ സുഭിക്ഷതയുണ്ടായത് അതുകൊണ്ട് തന്നെ അവരെ ശിക്ഷിച്ചു. അണക്കെട്ട് പൊട്ടി നാടും വിഭവങ്ങളും കൃഷിയിടങ്ങളും ഗാര്‍ഹിക മേഖലകളുമൊക്കെ കുത്തിയൊലിച്ചു പോയി. അല്ലാഹുവിനോട് ധിക്കാരവും നന്ദികേടും കാട്ടി എന്നതാണ് കാരണം.

لَقَدۡ كَانَ لِسَبَإٖ فِي مَسۡكَنِهِمۡ ءَايَةٞۖ جَنَّتَانِ عَن يَمِينٖ وَشِمَالٖۖ كُلُواْ مِن رِّزۡقِ رَبِّكُمۡ وَٱشۡكُرُواْ لَهُۥۚ بَلۡدَةٞ طَيِّبَةٞ وَرَبٌّ غَفُورٞ ۝١٥
فَأَعۡرَضُواْ فَأَرۡسَلۡنَا عَلَيۡهِمۡ سَيۡلَ ٱلۡعَرِمِ وَبَدَّلۡنَٰهُم بِجَنَّتَيۡهِمۡ جَنَّتَيۡنِ ذَوَاتَيۡ أُكُلٍ خَمۡطٖ وَأَثۡلٖ وَشَيۡءٖ مِّن سِدۡرٖ قَلِيلٖ ۝١٦
ذَٰلِكَ جَزَيۡنَٰهُم بِمَا كَفَرُواْۖ وَهَلۡ نُجَٰزِيٓ إِلَّا ٱلۡكَفُورَ ۝١٧
18–19

ഷീബക്കാരുടെയും നാമനുഗ്രഹിച്ച സിറിയന്‍ നഗരങ്ങളുടെയുമിടയില്‍ മികച്ചുനിന്ന പല പട്ടണങ്ങളും നാമുണ്ടാക്കുകയും ഇടത്താവളങ്ങള്‍ നിശ്ചയിക്കുകയും ചെയ്തു. ദിനരാത്രങ്ങളില്‍ സമാധാന നിര്‍ഭരരായി നിങ്ങള്‍ യാത്രചെയ്‌തോളൂ എന്നു നാമരുളി. എന്നാല്‍, 'നാഥാ, ഞങ്ങളുടെ യാത്രാതാവളങ്ങള്‍ക്കിടയില്‍ വിദൂരതയുണ്ടാക്കേണമേ' എന്നാണ് അവര്‍ പ്രതികരിച്ചത്. സ്വന്തത്തോടു തന്നെ അക്രമം പ്രവര്‍ത്തിച്ചതിനാല്‍ അവരെ നാം കഥാവൃത്താന്തങ്ങളാക്കുകയും നിശ്ശേഷം ഛിന്നഭിന്നമാക്കുകയുമുണ്ടായി. ക്ഷമാശാലിയും കൃതജ്ഞനുമായ ഏതൊരാള്‍ക്കും ഇതില്‍ ദൃഷ്ടാന്തങ്ങളുണ്ട്, തീര്‍ച്ച!11

1 വിശദീകരണം കാണുക

11. സുഭിക്ഷതയുടെ ഫലമായി നാടും സമൂഹവും ഉണര്‍ന്നു. പുതിയ ജനവാസ കേന്ദ്രങ്ങളും പട്ടണങ്ങളും തലപൊക്കി. വിദൂരയാത്രകളില്‍ അതൊക്കെ ലഭ്യമാകുന്നതും ഇടത്താവളങ്ങളുണ്ടാകുന്നതും വലിയ ആശ്വാസവും സൗകര്യവുമാണല്ലോ. പക്ഷേ, അഹങ്കാരം മൂത്ത് 'ഞങ്ങള്‍ക്ക് ആ പഴയ മരുഭൂമിയും അനന്തവിദൂരതകളും തന്നെ മതി' എന്നാണവര്‍ പ്രതികരിച്ചത്! മന്നും സല്‍വായും പോരാ, ഉള്ളിയും പയറും മറ്റും വേണമെന്നു ശഠിച്ച ഇസ്രയേല്യരുടെ (2:61) മറ്റൊരു നന്ദികെട്ട പതിപ്പ്!

وَجَعَلۡنَا بَيۡنَهُمۡ وَبَيۡنَ ٱلۡقُرَى ٱلَّتِي بَٰرَكۡنَا فِيهَا قُرٗى ظَٰهِرَةٗ وَقَدَّرۡنَا فِيهَا ٱلسَّيۡرَۖ سِيرُواْ فِيهَا لَيَالِيَ وَأَيَّامًا ءَامِنِينَ ۝١٨
فَقَالُواْ رَبَّنَا بَٰعِدۡ بَيۡنَ أَسۡفَارِنَا وَظَلَمُوٓاْ أَنفُسَهُمۡ فَجَعَلۡنَٰهُمۡ أَحَادِيثَ وَمَزَّقۡنَٰهُمۡ كُلَّ مُمَزَّقٍۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّكُلِّ صَبَّارٖ شَكُورٖ ۝١٩
20–21

തന്റെ ധാരണ ശരിതന്നെയാണെന്ന് മനുഷ്യരില്‍ ഇബ്‌ലീസ് സാക്ഷാല്‍കൃതമാക്കി. അങ്ങനെ, അവര്‍-ഒരുപറ്റം സത്യവിശ്വാസികളൊഴികെ-അവനെ അനുധാവനം ചെയ്തു. അവര്‍ക്കുമീതെ യാതൊരധികാരവും അവന്നുണ്ടായിരുന്നില്ല; പാരത്രിക ലോകത്തില്‍ വിശ്വാസം വെച്ചുപുലര്‍ത്തുന്നവരെയും സംശയഗ്രസ്തരായവരെയും വേര്‍തിരിച്ചറിയാന്‍ വേണ്ടി മാത്രമാണിത്. താങ്കളുടെ നാഥന്‍ എല്ലാ കാര്യങ്ങളും മേല്‍നോട്ടം ചെയ്യുന്നവനാകുന്നു12

1 വിശദീകരണം കാണുക

12. മനുഷ്യനെ വഴിതെറ്റിക്കാന്‍ തനിക്കു കഴിയുമെന്ന ഇബ്‌ലീസിന്റെ ധാരണ അവിശ്വാസികളിലൂടെ സാക്ഷാല്‍കൃതമായി എന്നു വിവക്ഷ. യഥാര്‍ത്ഥത്തില്‍ ഇബ്‌ലീസിന് അങ്ങനെയൊരു കഴിവില്ല (17:65, 14:22). സത്യനിഷേധികള്‍ അവന്റെ കൈയിലെ പാവകളായി പരിണമിക്കുകയായിരുന്നു എന്നതാണ് വസ്തുത. സത്യവിശ്വാസിയെയും സത്യനിഷേധിയെയും വേര്‍തിരിച്ചറിയുക എന്നതാണിതിന്റെ മൗലിക ലക്ഷ്യം.

وَلَقَدۡ صَدَّقَ عَلَيۡهِمۡ إِبۡلِيسُ ظَنَّهُۥ فَٱتَّبَعُوهُ إِلَّا فَرِيقٗا مِّنَ ٱلۡمُؤۡمِنِينَ ۝٢٠
وَمَا كَانَ لَهُۥ عَلَيۡهِم مِّن سُلۡطَٰنٍ إِلَّا لِنَعۡلَمَ مَن يُؤۡمِنُ بِٱلۡأٓخِرَةِ مِمَّنۡ هُوَ مِنۡهَا فِي شَكّٖۗ وَرَبُّكَ عَلَىٰ كُلِّ شَيۡءٍ حَفِيظٞ ۝٢١
22–23

നബീ, പറയുക: അല്ലാഹുവിനെ വിട്ട് ദൈവമെന്നു നിങ്ങള്‍ വാദിക്കുന്നവരെ വിളിച്ചു നോക്കൂ; ഭുവന-വാനങ്ങളില്‍ ഒരണുമണിത്തൂക്കം സ്വാധീനമോ അവയില്‍ എന്തെങ്കിലും ഭാഗഭാഗിത്വമോ അവക്കില്ല; അവന്നു ഒരു സഹായിയും അക്കൂട്ടത്തില്‍ നിന്നില്ല. അവന്‍ അനുവാദം കൊടുത്തവര്‍ക്കു മാത്രമേ തന്റെയടുത്ത് ശുപാര്‍ശ ഫലപ്പെടുകയുള്ളൂ. അങ്ങനെ, മഹ്ശറില്‍ അവരുടെ ഹൃദയങ്ങളില്‍ നിന്നു മഹാസംഭ്രമം വിട്ടകന്നുകഴിഞ്ഞാല്‍ 'നിങ്ങളുടെ നാഥന്‍ എന്താണ് അരുളിയത്' എന്ന് അവര്‍ ചോദിക്കുന്നതും 'സത്യമാണ് പറഞ്ഞത്, അവന്‍ സമുന്നതനും മഹാനുമാകുന്നു' എന്ന് മലക്കുകള്‍ മറുപടി നല്‍കുന്നതുമാണ്.13

1 വിശദീകരണം കാണുക

13. മഹ്ശറിലെ സംഭീതാവസ്ഥകള്‍ കണ്ടു പരിഭ്രമിച്ച ശേഷം അമ്പിയാക്കളും ഔലിയാക്കളും അല്ലാഹുവിന്റെ മറ്റു ഇഷ്ടദാസന്മാരും പിന്നീട് ശാന്തത കൈവരിക്കുകയും ശുപാര്‍ശയെക്കുറിച്ച് അല്ലാഹുവിന്റെ ഉത്തരവ് എന്താണെന്ന് മലക്കുകളോടന്വേഷിക്കുകയും ചെയ്യും. അല്‍പമെങ്കിലും സത്യവിശ്വാസമുള്ളവര്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യാമെന്നും നിഷേധികള്‍ക്ക് അതായിക്കൂടെന്നുമുള്ള (21:28; 74:48) നീതിനിഷ്ഠവും സത്യസന്ധവുമായ നിലപാട് മലക്കുകള്‍ അറിയിക്കും.

قُلِ ٱدۡعُواْ ٱلَّذِينَ زَعَمۡتُم مِّن دُونِ ٱللَّهِ لَا يَمۡلِكُونَ مِثۡقَالَ ذَرَّةٖ فِي ٱلسَّمَٰوَٰتِ وَلَا فِي ٱلۡأَرۡضِ وَمَا لَهُمۡ فِيهِمَا مِن شِرۡكٖ وَمَا لَهُۥ مِنۡهُم مِّن ظَهِيرٖ ۝٢٢
وَلَا تَنفَعُ ٱلشَّفَٰعَةُ عِندَهُۥٓ إِلَّا لِمَنۡ أَذِنَ لَهُۥۚ حَتَّىٰٓ إِذَا فُزِّعَ عَن قُلُوبِهِمۡ قَالُواْ مَاذَا قَالَ رَبُّكُمۡۖ قَالُواْ ٱلۡحَقَّۖ وَهُوَ ٱلۡعَلِيُّ ٱلۡكَبِيرُ ۝٢٣
24–27

ഭുവന-വാനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ഉപജീവനമാര്‍ഗം നല്‍കുന്നതാരാണ് എന്ന് നബീ, താങ്കളവരോട് ചോദിക്കുക. അങ്ങ് തന്നെ പ്രതികരിക്കുക: അല്ലാഹുവാണത്; ഒന്നുകില്‍ ഞങ്ങള്‍ അല്ലെങ്കില്‍ നിങ്ങള്‍ നേര്‍വഴിയിലാകുന്നു; അല്ലെങ്കില്‍ സ്പഷ്ടമായ ദുര്‍മാര്‍ഗത്തില്‍, തീര്‍ച്ച. താങ്കള്‍ പ്രഖ്യാപിക്കുക: ഞങ്ങള്‍ പാപമനുവര്‍ത്തിച്ചതിനെക്കുറിച്ച് നിങ്ങളോ, നിങ്ങളനുവര്‍ത്തിച്ചതിനെ കുറിച്ച് ഞങ്ങളോ ചോദിക്കപ്പെടുന്നതല്ല. നാഥന്‍ നമ്മെ സംഗമിപ്പിക്കുന്നതും സത്യസന്ധമായി നമുക്കിടയില്‍ വിധി കല്‍പിക്കുന്നതുമാണ്. സര്‍വജ്ഞനായ വിധികര്‍ത്താവാണവന്‍. പങ്കാളികളായി അല്ലാഹുവിനോട് നിങ്ങള്‍ ചേര്‍ത്തിയവരെ ഒന്ന് കാണിച്ചു തരൂ! എന്നാല്‍ അങ്ങനെയൊന്നില്ല, അവന്‍ പ്രതാപശാലിയും യുക്തിമാനുമായ അല്ലാഹുവാകുന്നു.14

1 വിശദീകരണം കാണുക

14. അല്ലാഹുവിന്റെ പങ്കാളികളായി മുശ്‌രിക്കുകള്‍ വരിച്ചിരുന്ന ബിംബങ്ങളെ കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെടുന്നത് അവരെ ഉത്തരം മുട്ടിക്കാനാണ്: ആ കല്ലിന്‍കഷ്ണം അല്ലെങ്കില്‍ മരത്തുണ്ടം സൃഷ്ടികര്‍മം നടത്തുമോ, നിങ്ങള്‍ക്ക് ആഹാരം തരുമോ തുടങ്ങിയവയൊക്കെ ഞാനൊന്നു നോക്കട്ടെ എന്നു വ്യംഗ്യഭാഷ്യം. പക്ഷേ, ബിംബാരാധകര്‍ക്ക് ഇങ്ങനെയൊന്നും വാദമില്ലല്ലോ. അപ്പോള്‍, ഉത്തരം പറയാന്‍ നബി(സ്വ)യോട് തന്നെ നിര്‍ദ്ദേശിക്കയാണ്: സ്രഷ്ടാവും നിയന്താവും അന്നദാതാവും രക്ഷകനും സംഹാരകനും ആരാധ്യനുമൊക്കെ അല്ലാഹു മാത്രം!

۞ قُلۡ مَن يَرۡزُقُكُم مِّنَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ قُلِ ٱللَّهُۖ وَإِنَّآ أَوۡ إِيَّاكُمۡ لَعَلَىٰ هُدًى أَوۡ فِي ضَلَٰلٖ مُّبِينٖ ۝٢٤
قُل لَّا تُسۡـَٔلُونَ عَمَّآ أَجۡرَمۡنَا وَلَا نُسۡـَٔلُ عَمَّا تَعۡمَلُونَ ۝٢٥
قُلۡ يَجۡمَعُ بَيۡنَنَا رَبُّنَا ثُمَّ يَفۡتَحُ بَيۡنَنَا بِٱلۡحَقِّ وَهُوَ ٱلۡفَتَّاحُ ٱلۡعَلِيمُ ۝٢٦
قُلۡ أَرُونِيَ ٱلَّذِينَ أَلۡحَقۡتُم بِهِۦ شُرَكَآءَۖ كـَلَّاۚ بَلۡ هُوَ ٱللَّهُ ٱلۡعَزِيزُ ٱلۡحَكِيمُ ۝٢٧
28–30

സര്‍വമനുഷ്യര്‍ക്കും ശുഭവാര്‍ത്താവാഹകനും താക്കീതുകാരനുമായി മാത്രമേ അങ്ങയെ നാം നിയോഗിച്ചിട്ടുള്ളു. എന്നാല്‍ മിക്കവരും അത് മനസ്സിലാക്കുന്നില്ല. 'ഈ വാഗ്ദത്ത ശിക്ഷ എപ്പോഴുണ്ടാകും-നിങ്ങള്‍ സത്യവാദികളാണെങ്കില്‍' എന്നാണവരുടെ ചോദ്യം. താങ്കള്‍ പ്രതികരിക്കുക: ഒരു നിര്‍ണിത നാള്‍ നിങ്ങള്‍ക്കുണ്ട്; അത് മറികടന്ന് ഒരല്‍പനേരം മുന്നോട്ടോ പിന്നോട്ടോ നിങ്ങള്‍ പോകില്ല.15

1 വിശദീകരണം കാണുക

15. എത്ര ജാഗ്രത പുലര്‍ത്തിയാലും സുരക്ഷിതത്വ സംവിധാനങ്ങള്‍ ഏര്‍പെടുത്തിയാലും ഒരു മനുഷ്യനും അല്ലാഹുവിന്റെ നിര്‍ണയങ്ങള്‍ മറികടക്കാനാവില്ല. യഥാസമയം അവനതിനു വിധേയനായേ പറ്റൂ.

وَمَآ أَرۡسَلۡنَٰكَ إِلَّا كَآفَّةٗ لِّلنَّاسِ بَشِيرٗا وَنَذِيرٗا وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ۝٢٨
وَيَقُولُونَ مَتَىٰ هَٰذَا ٱلۡوَعۡدُ إِن كُنتُمۡ صَٰدِقِينَ ۝٢٩
قُل لَّكُم مِّيعَادُ يَوۡمٖ لَّا تَسۡتَـٔۡخِرُونَ عَنۡهُ سَاعَةٗ وَلَا تَسۡتَقۡدِمُونَ ۝٣٠
31–32

സത്യനിഷേധികള്‍ ജല്‍പിച്ചു: ഈ ഖുര്‍ആനോ ഇതിനു മുമ്പേയുള്ള വേദമോ ഞങ്ങള്‍ വിശ്വസിക്കുകയേയില്ല, തീര്‍ച്ച! നബീ, ഈ അധര്‍മകാരികള്‍ തങ്ങളുടെ നാഥങ്കല്‍ നിറുത്തപ്പെടുന്ന സന്ദര്‍ഭം അങ്ങ് കണ്ടിരുന്നുവെങ്കില്‍...! അവരില്‍ ചിലര്‍ മറ്റു ചിലരുടെ പേരില്‍ കുറ്റാരോപണം നടത്തുന്നതാണ്. 'നിങ്ങളുണ്ടായിരുന്നില്ലെങ്കില്‍ ഞങ്ങള്‍ സത്യവിശ്വാസം കൈക്കൊണ്ടവരായിരുന്നേനെ' എന്ന് അഹങ്കാരികളായ നേതാക്കളോട് ദുര്‍ബലന്‍മാര്‍ പറയും. നിങ്ങള്‍ക്ക് സന്മാര്‍ഗം വന്നുകിട്ടിയതിനു ശേഷം അതില്‍ നിന്ന് നിങ്ങളെ പ്രതിരോധിച്ചത് ഞങ്ങളാണോ? അങ്ങനെയല്ല, സ്വയമേവ നിങ്ങള്‍ അധര്‍മകാരികളായിരുന്നു എന്ന് അഹങ്കാരികള്‍ ദുര്‍ബലരോട് പ്രതികരിക്കും.16

1 വിശദീകരണം കാണുക

16. ബഹുദൈവ വിശ്വാസികള്‍ പരലോകത്ത് ചെന്ന് നരകവും ശിക്ഷകളും കാണുമ്പോള്‍ ആകെ ഭയാക്രാന്തരും സംഭീതരുമാകും. ഈ ദയനീയ പരിണതിയുടെ ഉത്തരവാദിത്വം സംബന്ധിച്ച് നേതാക്കളും നീതരും തമ്മിലും ആരാധ്യരും ആരാധകന്മാരും തമ്മിലുമൊക്കെ വാഗ്വാദങ്ങളും തര്‍ക്കങ്ങളും നടക്കും. അതാണിവിടെ കാണുന്നത്. 38:64; 39:31ലും മറ്റും ഇതുകാണാം.

وَقَالَ ٱلَّذِينَ كَفَرُواْ لَن نُّؤۡمِنَ بِهَٰذَا ٱلۡقُرۡءَانِ وَلَا بِٱلَّذِي بَيۡنَ يَدَيۡهِۗ وَلَوۡ تَرَىٰٓ إِذِ ٱلظَّٰلِمُونَ مَوۡقُوفُونَ عِندَ رَبِّهِمۡ يَرۡجِعُ بَعۡضُهُمۡ إِلَىٰ بَعۡضٍ ٱلۡقَوۡلَ يَقُولُ ٱلَّذِينَ ٱسۡتُضۡعِفُواْ لِلَّذِينَ ٱسۡتَكۡبَرُواْ لَوۡلَآ أَنتُمۡ لَكُنَّا مُؤۡمِنِينَ ۝٣١
قَالَ ٱلَّذِينَ ٱسۡتَكۡبَرُواْ لِلَّذِينَ ٱسۡتُضۡعِفُوٓاْ أَنَحۡنُ صَدَدۡنَٰكُمۡ عَنِ ٱلۡهُدَىٰ بَعۡدَ إِذۡ جَآءَكُمۖ بَلۡ كُنتُم مُّجۡرِمِينَ ۝٣٢
33

ദുര്‍ബലര്‍ അഹങ്കാരികളോടു പറയും: 'അതല്ല ശരി, അല്ലാഹുവിനെ നിഷേധിക്കാനും അവനു പങ്കാളികളെ വരിക്കാനുമായി ഞങ്ങളോട് കല്‍പിച്ചുകൊണ്ട് നിങ്ങള്‍ രാപ്പകല്‍ നടത്തിക്കൊണ്ടിരുന്ന കുതന്ത്രങ്ങളുടെ പരിണതിയാണിത്'. നരകശിക്ഷ ഗോചരീഭവിക്കുമ്പോള്‍ അവര്‍ നെടുംഖേദം ഗുപ്തമാക്കുന്നതും നിഷേധികളുടെ കണ്ഠങ്ങളില്‍ നാം ചങ്ങല ചാര്‍ത്തുന്നതുമാകുന്നു. സ്വകര്‍മങ്ങളുടെ പ്രതിഫലം മാത്രമല്ലേ അവര്‍ക്ക് നല്‍കപ്പെടുന്നുള്ളൂ?17

1 വിശദീകരണം കാണുക

17. ഗുരുതരവും ശാശ്വതവുമായ നരകശിക്ഷ അല്‍പം പരിധി കടന്നുപോയില്ലേ എന്ന് ചിലര്‍ക്ക് തോന്നാം. അതിനു മറുപടിയാണ് അവസാന വാക്യം. അല്ലാഹുവിന്റെ പരസ്സഹസ്രം അനുഗ്രഹങ്ങള്‍ അനുഭവിച്ചാസ്വദിക്കുകയും അവനോടു ധിക്കാരം കാട്ടുകയും അവന്റെ കല്‍പനകള്‍ അപഹസിച്ചു തള്ളിക്കളയുകയും ചെയ്തവര്‍ക്ക് ഏതുവലിയ ശിക്ഷയും അധികമാവില്ല. 'താങ്കളുടെ നാഥന്‍ ഒരാളോടും അതിക്രമം കാട്ടുന്നതല്ല.' അല്‍കഹ്ഫ് 49 കാണുക.

وَقَالَ ٱلَّذِينَ ٱسۡتُضۡعِفُواْ لِلَّذِينَ ٱسۡتَكۡبَرُواْ بَلۡ مَكۡرُ ٱلَّيۡلِ وَٱلنَّهَارِ إِذۡ تَأۡمُرُونَنَآ أَن نَّكۡفُرَ بِٱللَّهِ وَنَجۡعَلَ لَهُۥٓ أَندَادٗاۚ وَأَسَرُّواْ ٱلنَّدَامَةَ لَمَّا رَأَوُاْ ٱلۡعَذَابَۚ وَجَعَلۡنَا ٱلۡأَغۡلَٰلَ فِيٓ أَعۡنَاقِ ٱلَّذِينَ كَفَرُواْۖ هَلۡ يُجۡزَوۡنَ إِلَّا مَا كَانُواْ يَعۡمَلُونَ ۝٣٣
34–35

ഏതൊരു രാജ്യത്ത് താക്കീതുകാരനായ ദൂതനെ നാം നിയോഗിച്ചപ്പോഴും അവിടത്തെ സുഖലോലുപന്മാര്‍ ഇങ്ങനെ ജല്‍പിക്കാതിരുന്നിട്ടില്ല: ഏതൊരു ദര്‍ശനവുമായി നിങ്ങള്‍ അയക്കപ്പെട്ടിരിക്കുന്നുവോ, അതിനെ ഞങ്ങള്‍ നിഷേധിക്കുന്നവര്‍ തന്നെയാണ്, തീര്‍ച്ച; ഞങ്ങള്‍ക്കാണ് കൂടുതല്‍ സമ്പത്തുക്കളും സന്താനങ്ങളുമുള്ളത്; ഞങ്ങള്‍ ശിക്ഷാവിധേയരാകുന്നതല്ല!18

1 വിശദീകരണം കാണുക

18. ഭൗതിക പ്രമത്തരും സുഖലോലുപരും സമ്പന്നരുമാണ് അല്ലാഹുവിന്റെ പ്രവാചകന്മാരെയും സത്യസന്ദേശങ്ങളെയും എക്കാലവും നിഷേധിക്കാന്‍ മുന്നോട്ടു വന്നിരുന്നത്. മക്കയിലെ മുശ്‌രിക്കുകളും അങ്ങനെത്തന്നെ. മുഹമ്മദിനും അനുയായികള്‍ക്കുമുള്ളതിനെക്കാള്‍ മക്കളും സമ്പത്തും തങ്ങള്‍ക്കാണെന്ന് പലപ്പോഴും അഹന്ത പറഞ്ഞിരുന്നു മക്കക്കാര്‍. ഭൗതിക ജീവിതത്തില്‍ ഞങ്ങള്‍ക്ക് സൗഖ്യവും സുഭിക്ഷതയും തന്ന അല്ലാഹു പരലോകത്തും അതുതന്നെയല്ലേ നല്‍കുക, ആഢ്യന്മാരായതുകൊണ്ട് ഞങ്ങളെ അവന്‍ ശിക്ഷിക്കുകയില്ല എന്നാണവരുടെ ന്യായം.

وَمَآ أَرۡسَلۡنَا فِي قَرۡيَةٖ مِّن نَّذِيرٍ إِلَّا قَالَ مُتۡرَفُوهَآ إِنَّا بِمَآ أُرۡسِلۡتُم بِهِۦ كَٰفِرُونَ ۝٣٤
وَقَالُواْ نَحۡنُ أَكۡثَرُ أَمۡوَٰلٗا وَأَوۡلَٰدٗا وَمَا نَحۡنُ بِمُعَذَّبِينَ ۝٣٥
36–38

നബീ, പ്രഖ്യാപിക്കുക: എന്റെ നാഥന്‍ താനുദ്ദേശിക്കുന്നവര്‍ക്ക് ഉപജീവന മാര്‍ഗങ്ങള്‍ വിസ്തൃതമാക്കുകയും മറ്റു ചിലര്‍ക്കത് കുടുസ്സാക്കുകയും ചെയ്യുന്നു. പക്ഷേ, മനുഷ്യരില്‍ മിക്കവരും അതറിയുന്നില്ല. നിങ്ങളുടെ സമ്പത്തുക്കളും സന്താനങ്ങളുമൊന്നും നമ്മുടെയടുത്ത് സാമീപ്യമുണ്ടാക്കുന്നവയല്ല; എന്നാല്‍ സത്യവിശ്വാസം കൈക്കൊള്ളുകയും നല്ലത് പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ അങ്ങനെയല്ല; തങ്ങളുടെ കര്‍മഫലമായി അവര്‍ക്ക് ഇരട്ടി പ്രതിഫലമുണ്ടാകും. സമാധാന പൂര്‍ണരായി സമുന്നത സൗധങ്ങളില്‍ കഴിയും അവര്‍. നമ്മെ തോല്‍പിക്കാന്‍ വേണ്ടി നമ്മുടെ സൂക്തങ്ങള്‍ ശിഥിലമാക്കാന്‍ യത്‌നിക്കുന്നവര്‍ ശിക്ഷയില്‍ സന്നിഹിതരാക്കപ്പെടുന്നതാണ്.19

1 വിശദീകരണം കാണുക

19. ബഹുദൈവ വിശ്വാസികളുടെ മേല്‍ജല്‍പനത്തിന് മറുപടിയാണിത്. സമ്പത്തിന്റെയും സന്താനങ്ങളുടെയും ആധിക്യം ദൈവിക സാമീപ്യത്തിനും പ്രീതിക്കുമുള്ള ലക്ഷണമല്ല; സത്യവിശ്വാസം വരിക്കുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമുള്ളതാണ് അല്ലാഹുവുമായുള്ള സാമീപ്യം. പുറമെ, പരലോകത്ത് മഹാവിജയവും സ്വര്‍ഗവും അവര്‍ക്കുണ്ടാകും.

قُلۡ إِنَّ رَبِّي يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ۝٣٦
وَمَآ أَمۡوَٰلُكُمۡ وَلَآ أَوۡلَٰدُكُم بِٱلَّتِي تُقَرِّبُكُمۡ عِندَنَا زُلۡفَىٰٓ إِلَّا مَنۡ ءَامَنَ وَعَمِلَ صَٰلِحٗا فَأُوْلَٰٓئِكَ لَهُمۡ جَزَآءُ ٱلضِّعۡفِ بِمَا عَمِلُواْ وَهُمۡ فِي ٱلۡغُرُفَٰتِ ءَامِنُونَ ۝٣٧
وَٱلَّذِينَ يَسۡعَوۡنَ فِيٓ ءَايَٰتِنَا مُعَٰجِزِينَ أُوْلَٰٓئِكَ فِي ٱلۡعَذَابِ مُحۡضَرُونَ ۝٣٨
39–42

നബീ, പ്രഖ്യാപിക്കുക: എന്റെ നാഥന്‍ അടിമകളില്‍ നിന്ന് താനുദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനോപാധികള്‍ പ്രവിശാലമാക്കുന്നതും മറ്റു ചിലര്‍ക്ക് കുടുസ്സാക്കുന്നതുമാണ്. എന്തൊരു വസ്തു നിങ്ങള്‍ വ്യയം ചെയ്യുന്നുണ്ടെങ്കിലും അവനതിനു പകരം തരും. ഉപജീവനം നല്‍കുന്നവരില്‍ അത്യുദാത്തനത്രേ അവന്‍. അവരെയൊന്നടങ്കം അല്ലാഹു സംഗമിപ്പിക്കുന്ന നാള്‍ സ്മരണീയമാണ്. എന്നിട്ട് മലക്കുകളോടവന്‍ ചോദിക്കും: ഇവരാരാധിച്ചിരുന്നത് നിങ്ങളെയാണോ? അവര്‍ പ്രതികരിക്കും: നിന്റെ മഹത്ത്വം ഞങ്ങള്‍ പ്രകീര്‍ത്തിക്കുന്നു! അവരല്ല, നീയാണ് ഞങ്ങളുടെ സംരക്ഷകന്‍. എന്നാല്‍ അവരാരാധിച്ചിരുന്നത് ജിന്നുകളെയാണ്; അവരില്‍ മിക്കവരും ജിന്നുകളില്‍ വിശ്വസിക്കുന്നവരാകുന്നു.20
അതുകൊണ്ട്, അന്നേദിവസം പരസ്പരം ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ നിങ്ങള്‍ക്കാവില്ല. 'നിങ്ങള്‍ വ്യാജമാക്കിയിരുന്ന ആ നരകശിക്ഷ ആസ്വദിച്ചോളൂ' എന്ന് അക്രമികളോട് നാം പറയുന്നതുമാണ്.

1 വിശദീകരണം കാണുക

20. മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്ന് ജല്‍പിക്കുകയും അവരെ ആരാധിക്കുകയും ചെയ്യുന്നവര്‍ അറബി മുശ്‌രിക്കുകളിലും മറ്റും ഉണ്ടായിരുന്നു. ഞങ്ങളെയല്ല, പിശാചുക്കളെ(ജിന്നുവര്‍ഗത്തിലെ അവിശ്വാസികളാണ് പിശാചുക്കള്‍)യാണവര്‍ ആരാധിച്ചിരുന്നത് എന്നാണ് മലക്കുകളുടെ മറുപടി. മലക്കുകളുടെയോ യേശുവിന്റെയോ മറ്റു പുണ്യപുരുഷന്മാരുടെയോ പ്രതിഷ്ഠക്കു മുമ്പിലാണ് ഒരാള്‍ ആരാധിക്കുന്നതെങ്കിലും പിശാചിനെ അനുസരിക്കുകയും അവന്റെ അനുയായി ആവുകയുമാണല്ലോ അയാള്‍ ചെയ്യുന്നത്.

قُلۡ إِنَّ رَبِّي يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ مِنۡ عِبَادِهِۦ وَيَقۡدِرُ لَهُۥۚ وَمَآ أَنفَقۡتُم مِّن شَيۡءٖ فَهُوَ يُخۡلِفُهُۥۖ وَهُوَ خَيۡرُ ٱلرَّٰزِقِينَ ۝٣٩
وَيَوۡمَ يَحۡشُرُهُمۡ جَمِيعٗا ثُمَّ يَقُولُ لِلۡمَلَٰٓئِكَةِ أَهَٰٓؤُلَآءِ إِيَّاكُمۡ كَانُواْ يَعۡبُدُونَ ۝٤٠
قَالُواْ سُبۡحَٰنَكَ أَنتَ وَلِيُّنَا مِن دُونِهِمۖ بَلۡ كَانُواْ يَعۡبُدُونَ ٱلۡجِنَّۖ أَكۡثَرُهُم بِهِم مُّؤۡمِنُونَ ۝٤١
فَٱلۡيَوۡمَ لَا يَمۡلِكُ بَعۡضُكُمۡ لِبَعۡضٖ نَّفۡعٗا وَلَا ضَرّٗا وَنَقُولُ لِلَّذِينَ ظَلَمُواْ ذُوقُواْ عَذَابَ ٱلنَّارِ ٱلَّتِي كُنتُم بِهَا تُكَذِّبُونَ ۝٤٢
43–45

നമ്മുടെ സൂക്തങ്ങള്‍ വ്യക്തമായി പാരായണം ചെയ്യപ്പെട്ടാല്‍ നിഷേധികള്‍ ആളുകളോടു പറയും: നിങ്ങളെ പൂര്‍വികന്മാര്‍ ആരാധിച്ചുവന്ന ദൈവങ്ങളില്‍ നിന്ന് പ്രതിരോധിക്കാനുദ്ദേശിക്കുന്ന ഒരാളാണ് ഇവന്‍, കെട്ടിച്ചമക്കപ്പെട്ട വ്യാജം മാത്രമാണ് ഈ ഖുര്‍ആന്‍. സത്യസന്ദേശം സമാഗതമായപ്പോള്‍ 'ഇത് സുവ്യക്തമായ ആഭിചാരമല്ലാതെ മറ്റൊന്നുമല്ല' എന്ന് നിഷേധികള്‍ തട്ടിവിട്ടു. നാം അവര്‍ക്ക് പഠിക്കാന്‍ വേദഗ്രന്ഥങ്ങള്‍ നല്‍കുകയോ താങ്കള്‍ക്കുമുമ്പ് അവരിലേക്കൊരു താക്കീതുകാരനെ നിയോഗിക്കുകയോ ചെയ്തിരുന്നില്ല.21
ഇവരുടെ പൂര്‍വിക ജനപഥങ്ങളും സത്യം നിഷേധിച്ചിരുന്നു. അവര്‍ക്ക് നാം നല്‍കിയിരുന്നതിന്റെ ദശാംശം പോലും ഇവരാര്‍ജിച്ചിട്ടില്ല. അങ്ങനെ നമ്മുടെ ദൂതരെ അവര്‍ നിഷേധിച്ചപ്പോള്‍ ഞാന്‍ കൊടുത്ത ശിക്ഷ എങ്ങനെയുണ്ടായിരുന്നുവെന്ന് നോക്കൂ!22

2 വിശദീകരണങ്ങൾ കാണുക

21. മനുഷ്യ ബുദ്ധിയെ തൊട്ടുണര്‍ത്തുന്ന പ്രതിപാദന ശൈലി, അമാനുഷ ദൃഷ്ടാന്തങ്ങള്‍ കൊണ്ടു പിന്‍ബലം നല്‍കപ്പെട്ട പ്രവാചകന്‍-ഇതൊക്കെയായിട്ടും അന്ധമായി ഖുര്‍ആന്‍ അവര്‍ തള്ളി; ആഭിചാരമാണെന്ന് തട്ടിവിട്ടു. സഹതാപമര്‍ഹിക്കുന്ന മൗഢ്യം!

22. മക്കയിലുണ്ടായിരുന്ന കൊടിയ നിഷേധികളെക്കാള്‍ എത്രയോ ശക്തരും ദീര്‍ഘായുഷ്മാന്മാരും വിഭവങ്ങള്‍ നല്‍കപ്പെട്ടവരുമായിരുന്നു പൂര്‍വകാല നിഷേധീസമൂഹങ്ങള്‍. അതിരുവിട്ട് തന്നെ ധിക്കരിക്കയും വെല്ലുവിളിക്കയും ചെയ്തപ്പോള്‍ അല്ലാഹു അവരെ ഉന്മൂലനം ചെയ്തു. മക്കക്കാരും മറ്റു നിഷേധികളും ശക്തമായ പാഠം അതില്‍ നിന്നെല്ലാം ഉള്‍ക്കൊള്ളണം.

وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُنَا بَيِّنَٰتٖ قَالُواْ مَا هَٰذَآ إِلَّا رَجُلٞ يُرِيدُ أَن يَصُدَّكُمۡ عَمَّا كَانَ يَعۡبُدُ ءَابَآؤُكُمۡ وَقَالُواْ مَا هَٰذَآ إِلَّآ إِفۡكٞ مُّفۡتَرٗىۚ وَقَالَ ٱلَّذِينَ كَفَرُواْ لِلۡحَقِّ لَمَّا جَآءَهُمۡ إِنۡ هَٰذَآ إِلَّا سِحۡرٞ مُّبِينٞ ۝٤٣
وَمَآ ءَاتَيۡنَٰهُم مِّن كُتُبٖ يَدۡرُسُونَهَاۖ وَمَآ أَرۡسَلۡنَآ إِلَيۡهِمۡ قَبۡلَكَ مِن نَّذِيرٖ ۝٤٤
وَكَذَّبَ ٱلَّذِينَ مِن قَبۡلِهِمۡ وَمَا بَلَغُواْ مِعۡشَارَ مَآ ءَاتَيۡنَٰهُمۡ فَكَذَّبُواْ رُسُلِيۖ فَكَيۡفَ كَانَ نَكِيرِ ۝٤٥
46–50

നബീ, പ്രസ്താവിക്കുക: ഒരു കാര്യം മാത്രമാണ് നിങ്ങളോട് ഞാനുപദേശിക്കുന്നത്-നിങ്ങള്‍ രണ്ടുപേര്‍ വീതമോ ഓരോരുത്തരായോ അല്ലാഹുവിന് വേണ്ടി സജ്ജരാവുകയും എന്നിട്ട് ചിന്തിക്കുകയും ചെയ്യുക. നിങ്ങളുടെ കൂട്ടുകാരന്ന്-ഈ മുഹമ്മദിന്-ഒരു വിധ ഭ്രാന്തുമില്ല; കഠിനശിക്ഷ വന്നെത്തുംമുമ്പേ നിങ്ങള്‍ക്കുള്ള ഒരു താക്കീതുകാരന്‍ മാത്രമാണയാള്‍.23
എന്തെങ്കിലും പ്രതിഫലം നിങ്ങളോട് ഞാനാവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് നിങ്ങള്‍ തന്നെ എടുത്തോളൂ, എനിക്കുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ മാത്രമാണ്; എല്ലാറ്റിനും അവന്‍ സാക്ഷിയാകുന്നു. അങ്ങ് വിളംബരം ചെയ്യുക: നിശ്ചയം, എന്റെ നാഥന്‍ സത്യം അവതരിപ്പിക്കുന്നു; അദൃശ്യങ്ങള്‍ നന്നായറിയുന്നവനാണവന്‍. സത്യം സമാഗതമായിക്കഴിഞ്ഞു, മിഥ്യക്ക് ഇനിയൊരു തുടക്കമോ മടക്കമോ ഉണ്ടാകില്ല. ഞാന്‍ വഴിതെറ്റിപ്പോയിട്ടുണ്ടെങ്കില്‍ എനിക്ക് പ്രതികൂലമായി തന്നെയാണത് ഭവിക്കുക; ഇനി, സന്മാര്‍ഗ പ്രാപ്തനാകുന്നുവെങ്കിലോ, എന്റെ നാഥന്‍ ബോധനം നല്‍കുന്നതിനാലാണത്. അവന്‍ എല്ലാം കേള്‍ക്കുന്നവനും ഏറെ സമീപസ്ഥനുമാകുന്നു.24

2 വിശദീകരണങ്ങൾ കാണുക

23. നാല്‍പതു വയസ്സ് വരെ സര്‍വരാലും അംഗീകരിച്ചാദരിക്കപ്പെട്ടിരുന്ന 'അല്‍അമീന്‍' ആയിരുന്നുവല്ലോ റസൂല്‍. 'നിങ്ങളുടെ കൂട്ടുകാരന്‍' എന്ന പ്രയോഗത്തിന്റെ വിവക്ഷയതാണ്. 10:16 നോക്കുക. നബി (സ്വ)ക്ക് ഭ്രാന്തുണ്ടെന്ന് ചിലപ്പോള്‍ മക്കാമുശ്‌രിക്കുകള്‍ ജല്‍പിച്ചിരുന്നു.

24. സത്യമാര്‍ഗം അന്വേഷിക്കുകയും നിഷ്പക്ഷ ചിന്താശീലം വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന ഏതൊരു മനുഷ്യനും ഇതാ ഖുര്‍ആന്‍ വഴി അതു ലഭ്യമായിക്കഴിഞ്ഞിരിക്കുന്നു. നിഷേധത്തിന് ഒരുവിധ ബൗദ്ധിക പ്രസക്തിയും ഇനി ഇല്ലതന്നെ.

۞ قُلۡ إِنَّمَآ أَعِظُكُم بِوَٰحِدَةٍۖ أَن تَقُومُواْ لِلَّهِ مَثۡنَىٰ وَفُرَٰدَىٰ ثُمَّ تَتَفَكَّرُواْۚ مَا بِصَاحِبِكُم مِّن جِنَّةٍۚ إِنۡ هُوَ إِلَّا نَذِيرٞ لَّكُم بَيۡنَ يَدَيۡ عَذَابٖ شَدِيدٖ ۝٤٦
قُلۡ مَا سَأَلۡتُكُم مِّنۡ أَجۡرٖ فَهُوَ لَكُمۡۖ إِنۡ أَجۡرِيَ إِلَّا عَلَى ٱللَّهِۖ وَهُوَ عَلَىٰ كُلِّ شَيۡءٖ شَهِيدٞ ۝٤٧
قُلۡ إِنَّ رَبِّي يَقۡذِفُ بِٱلۡحَقِّ عَلَّٰمُ ٱلۡغُيُوبِ ۝٤٨
قُلۡ جَآءَ ٱلۡحَقُّ وَمَا يُبۡدِئُ ٱلۡبَٰطِلُ وَمَا يُعِيدُ ۝٤٩
قُلۡ إِن ضَلَلۡتُ فَإِنَّمَآ أَضِلُّ عَلَىٰ نَفۡسِيۖ وَإِنِ ٱهۡتَدَيۡتُ فَبِمَا يُوحِيٓ إِلَيَّ رَبِّيٓۚ إِنَّهُۥ سَمِيعٞ قَرِيبٞ ۝٥٠
51–54

നിഷേധികള്‍ ഭയവിഹ്വലരാകുന്ന ഘട്ടം താങ്കള്‍ കാണുകയാണെങ്കില്‍! ഒരു നിലക്കും രക്ഷപ്പെട്ടുപോകാന്‍ കഴിയില്ല, സമീപസ്ഥലത്തു വെച്ചുതന്നെയവര്‍ പിടിക്കപ്പെടുന്നതാണ്.25
ഇതില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് അവര്‍ പ്രഖ്യാപിക്കും; എന്നാല്‍ അതിവിദൂരമായ ഒരിടത്തുനിന്ന് അതെങ്ങനെ നേടാന്‍? നേരത്തെ അതവര്‍ നിഷേധിച്ചുതള്ളുകയും ദൂരെനിന്ന് ലക്ഷ്യമറിയാതെ ആരോപണമുന്നയിക്കുകയുമായിരുന്നു.26
അങ്ങനെ, അവര്‍ക്കും അവരുടെ മോഹങ്ങള്‍ക്കുമിടയില്‍-അവരുടെ കക്ഷിക്കാരെ കൊണ്ട് മുമ്പ് അനുവര്‍ത്തിക്കപ്പെട്ട പോലെ-മറയിടപ്പെടുന്നതാണ്. നിശ്ചയം അവര്‍ ഗുരുതരമായ സന്ദേഹത്തിലായിരുന്നു.27

3 വിശദീകരണങ്ങൾ കാണുക

25. സത്യനിഷേധികളുടെ പരലോകത്തെ അവസ്ഥയാണു പരാമര്‍ശിക്കുന്നത്. വിചാരണയും നരകശിക്ഷയുമൊക്കെ മുന്നില്‍കാണുമ്പോള്‍ അവര്‍ ഭയചകിതരാകും. 27:87 കാണുക.

26. മുഹമ്മദ് നബിയിലും ഖുര്‍ആനിലും വിചാരണയിലും സ്വര്‍ഗ-നരകങ്ങളിലും ഞങ്ങള്‍ വിശ്വാസം വരിച്ചിരിക്കുന്നു എന്ന് മഹ്ശറില്‍ അവര്‍ കുമ്പസാരം നടത്തും. പക്ഷേ, അതു ചെയ്യേണ്ട സ്ഥലം ഐഹിക ലോകമായിരുന്നു; ഇപ്പോള്‍ സമയം നഷ്ടപ്പെട്ടു.

27. പ്രവാചകന്മാരെയും വേദഗ്രന്ഥങ്ങളെയും സത്യവിശ്വാസികളെയും കുറിച്ച് എന്തെല്ലാം ദുര്‍മോഹങ്ങളും ഗുപ്തമായ അജണ്ടകളുമാണ് സത്യനിഷേധികള്‍ക്കുണ്ടായിരുന്നത്. അവ ഭൂമിയില്‍ നിന്ന് ഉന്മൂലനം ചെയ്യാന്‍ എന്തൊക്കെ ഹീന നടപടികളും ക്രൂരകൃത്യങ്ങളുമവര്‍ ചെയ്തു! പക്ഷേ, എല്ലാം തകര്‍ന്നടിഞ്ഞു. ഇന്നവര്‍ ശാശ്വത പരാജയത്തിലും നരകത്തിലുമായി.

وَلَوۡ تَرَىٰٓ إِذۡ فَزِعُواْ فَلَا فَوۡتَ وَأُخِذُواْ مِن مَّكَانٖ قَرِيبٖ ۝٥١
وَقَالُوٓاْ ءَامَنَّا بِهِۦ وَأَنَّىٰ لَهُمُ ٱلتَّنَاوُشُ مِن مَّكَانِۭ بَعِيدٖ ۝٥٢
وَقَدۡ كَفَرُواْ بِهِۦ مِن قَبۡلُۖ وَيَقۡذِفُونَ بِٱلۡغَيۡبِ مِن مَّكَانِۭ بَعِيدٖ ۝٥٣
وَحِيلَ بَيۡنَهُمۡ وَبَيۡنَ مَا يَشۡتَهُونَ كَمَا فُعِلَ بِأَشۡيَاعِهِم مِّن قَبۡلُۚ إِنَّهُمۡ كَانُواْ فِي شَكّٖ مُّرِيبِۭ ۝٥٤