ഭുവന-വാനങ്ങള്‍ മുന്‍മാതൃകയില്ലാതെ പടച്ചുണ്ടാക്കുകയും രണ്ടും മൂന്നും നാലും വീതം ചിറകുകളുള്ള മലക്കുകളെ ദൗത്യവാഹകരായി നിയോഗിക്കുകയും ചെയ്ത അല്ലാഹുവിനത്രേ സമസ്ത സ്‌തോത്രങ്ങളും. സൃഷ്ടി കര്‍മത്തില്‍ താനുദ്ദേശിക്കുന്നത് അവന്‍ വര്‍ധിപ്പിക്കുന്നു. സര്‍വ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണവന്‍. മനുഷ്യര്‍ക്ക് എന്തെങ്കിലും അനുഗ്രഹം അല്ലാഹു തുറന്നുകൊടുക്കുന്നുവെങ്കില്‍ അത് തടഞ്ഞുവെക്കാനോ, പിടിച്ചുവെക്കുന്നുവെങ്കില്‍ പിന്നീടത് വിട്ടുകൊടുക്കാനോ ഒരാളും തന്നെയില്ല. പ്രതാപശാലിയും യുക്തിമാനുമാണവന്‍.1
1 വിശദീകരണം കാണുക
1. പ്രവിശാലമായ ബ്രഹ്മാണ്ഡകടാഹത്തിന്റെ വ്യവസ്ഥാപിതവും അത്യത്ഭുതകരവുമായ ഭരണ-നിയന്ത്രണ സംവിധാനങ്ങള്‍ നിര്‍വഹിക്കുന്നതിനായി രണ്ടും മൂന്നും നാലും അതിലേറെയും ചിറകുകളും വ്യത്യസ്ത ആകാര-രൂപങ്ങളുമുള്ള മാലാഖമാരെ അല്ലാഹു ഉപയോഗപ്പെടുത്തുന്നു. തിരുമേനി(സ്വ) ഒരിക്കല്‍ ജിബ്‌രീലിനെ കണ്ടപ്പോള്‍ അറുനൂറു ചിറകുകളുണ്ടായിരുന്നു (ബുഖാരി). അല്ലാഹുവിന്റെ സൃഷ്ടി വൈഭവവും മഹത്വവുമാണ് ഇതൊക്കെ വിളിച്ചോതുന്നത്. ബുദ്ധിജീവിയായ മനുഷ്യന്‍ ഇത് ചിന്തിച്ചിരുന്നെങ്കില്‍...!