സൃഷ്ടികര്‍മം നിര്‍വഹിക്കുകയും അത് ദൃഢീകരിച്ച് സംവിധാനിക്കുകയും വ്യവസ്ഥ നിശ്ചയിച്ച് നേര്‍മാര്‍ഗം കാട്ടുകയും കാലികള്‍ക്ക് മേച്ചില്‍പുറങ്ങളുല്‍പാദിപ്പിക്കുകയും പിന്നീടത് ഉണങ്ങിയ ചണ്ടിയാക്കുകയും ചെയ്ത മഹോന്നതനായ നാഥന്റെ തിരുനാമം വാഴ്ത്തുക1
1 വിശദീകരണം കാണുക
1. നിഷേധികള്‍ അല്ലാഹുവിന്റെ ഔന്നത്യവും മഹത്ത്വവും ഗ്രഹിക്കാത്തവരും (6:91, 22:74, 39:67) അതിനു ശ്രമിക്കാത്തവരുമാണ്. ഇവിടെ അവന്റെ സൃഷ്ടിവൈഭവത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ചില കാര്യങ്ങളാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഓരോ വസ്തുവിനെയും സൃഷ്ടിക്കുകയും വ്യവസ്ഥാപിതമാക്കുകയും ചെയ്തു എന്നതാണ് ഒന്ന്. ഓരോ സൃഷ്ടിക്കും-മനുഷ്യനോ മൃഗമോ സസ്യലതാദികളോ ആകട്ടെ- ഓരോ ധര്‍മമുണ്ട്. അവ നിര്‍വിഘ്‌നം അതു നിര്‍വഹിച്ചു കൊണ്ടേയിരിക്കുന്നു. അതേ പോലെ, ഓരോന്നിനും കണക്കും നിര്‍ണയവുമുണ്ട്. പ്രായം, വലിപ്പം, അന്നപാനാദികള്‍... ഇങ്ങനെ നിരവധി. കാലികള്‍ക്കും പക്ഷി-പറവകള്‍ക്കും മേയാനും തിന്നാനും ആവശ്യമായ മേച്ചില്‍ പുറങ്ങളും പുല്‍ച്ചെടികളും സസ്യങ്ങളും ധാന്യങ്ങളും അവന്‍ ഉല്‍പാദിപ്പിക്കുന്നു. പച്ചപിടിച്ച് നിശ്ചിത സമയം നിലകൊണ്ടാല്‍ പിന്നെയവ ഉണങ്ങി ചണ്ടിയോ വൈക്കോലോ മറ്റോ ആകുന്നു. മനുഷ്യനും ഇങ്ങനെത്തന്നെ; കുറച്ചു കഴിഞ്ഞാല്‍ മരിക്കും.