Monday, 12 October 2026 Hijri: — 02:28:46 pm
MalayalamQuran.in
Quran translation reader

അൽ അൻബിയാഅ് الأنبياء Al-Anbiya

Surah 21 മക്കിയ്യ • مكية • Makkiyah 112 ആയത്തുകൾ • 112 Ayahs

സൂറത്ത് അൽ അൻബിയാഅ് (Al-Anbiya), ഖുർആൻ അധ്യായം 21 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 112 ആയത്തുകൾ വായിക്കുക. Read Surah Al-Anbiya with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–3

മനുഷ്യര്‍ക്ക് വിചാരണാവേള സമീപസ്ഥമായിക്കഴിഞ്ഞിരിക്കുന്നു; അവരാകട്ടെ അശ്രദ്ധയിലായി പുറംതിരിഞ്ഞുപോവുകയാണ്. തങ്ങളുടെ നാഥന്റെയടുത്തുനിന്ന് ഏതൊരു പുതുസന്ദേശം വന്നുകിട്ടുകയാണെങ്കിലും അപഹസിച്ചും അശ്രദ്ധഹൃദയരായും മാത്രമേ അവരത് ശ്രവിക്കുന്നുള്ളൂ!1
ആ അക്രമികള്‍ പരസ്പരം അടക്കം പറയുകയാണ്: നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ തന്നെയല്ലേ ഈ മുഹമ്മദ്? കണ്ടറിഞ്ഞുകൊണ്ടുതന്നെ നിങ്ങള്‍ ഈ ആഭിചാരത്തില്‍ ചെന്നുചാടുകയാണോ?!2

2 വിശദീകരണങ്ങൾ കാണുക

1. ഖിയാമനാളിനെക്കുറിച്ച സൂചനയാണ് സൂറയുടെ തുടക്കം. ലോകാവസാനം സംഭവിച്ചുകഴിഞ്ഞാല്‍ മനുഷ്യരാശി ഒന്നടങ്കം മഹ്ശറില്‍ ഹാജറാക്കപ്പെട്ട് വിചാരണാവിധേയരാകും. പിന്നെ വിജയമോ പരാജയമോ ആയി, സ്വര്‍ഗമോ നരകമോ ആയി ശാശ്വതജീവിതമാണ്; അറ്റമോ അന്ത്യമോ ഇല്ലാത്ത ലോകം. അതു ഗ്രഹിക്കുവാനും വിശ്വസിക്കാനും പര്യാപ്തമായ നിരവധി ലക്ഷണങ്ങള്‍ അല്ലാഹു മനുഷ്യന് കാണിച്ചുകൊടുക്കുന്നുണ്ട്. പക്ഷേ, നിഷേധികള്‍ അവ തള്ളിക്കളയുകയും പരിഹസിക്കുകയുമാണ്.

2. നബിതിരുമേനി(സ്വ) സാധാരണ മനുഷ്യനാണെന്ന് അവര്‍ തട്ടിവിട്ടു. അതേ വാദമാണ് നമ്മുടെ ചില സുഹൃത്തുക്കള്‍ ഇന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മുഹമ്മദ് ശരിയായ പ്രവാചകന്മാരെപ്പോലെയാണെങ്കില്‍ ദൃഷ്ടാന്തങ്ങള്‍ കൊണ്ടുവരട്ടെ എന്ന് വെല്ലുവിളിക്കയാണവര്‍. എന്നാല്‍ അമാനുഷ കാര്യങ്ങള്‍ എന്തെങ്കിലും കാണിച്ചുകൊടുത്താലോ, ഇത് ആഭിചാരമാണെന്ന് തട്ടിവിടുകയും ചെയ്യും. വല്ലാത്തൊരു ദയനീയമായ ബുദ്ധിശൂന്യത!

ٱقۡتَرَبَ لِلنَّاسِ حِسَابُهُمۡ وَهُمۡ فِي غَفۡلَةٖ مُّعۡرِضُونَ ۝١
مَا يَأۡتِيهِم مِّن ذِكۡرٖ مِّن رَّبِّهِم مُّحۡدَثٍ إِلَّا ٱسۡتَمَعُوهُ وَهُمۡ يَلۡعَبُونَ ۝٢
لَاهِيَةٗ قُلُوبُهُمۡۗ وَأَسَرُّواْ ٱلنَّجۡوَى ٱلَّذِينَ ظَلَمُواْ هَلۡ هَٰذَآ إِلَّا بَشَرٞ مِّثۡلُكُمۡۖ أَفَتَأۡتُونَ ٱلسِّحۡرَ وَأَنتُمۡ تُبۡصِرُونَ ۝٣
4–5

നബി പ്രസ്താവിച്ചു: ഭുവന-വാന ലോകങ്ങളില്‍ ഉരിയാടപ്പെടുന്നതെല്ലാം എന്റെ നാഥന്‍ അറിയുന്നുണ്ട്. എല്ലാം കേള്‍ക്കുന്നവനും സര്‍വജ്ഞനുമാണവന്‍. നിഷേധികള്‍ ജല്‍പിച്ചു: പേക്കിനാവുകള്‍ കണ്ട കാര്യമാണ് മുഹമ്മദ് പറയുന്നത്; അല്ല, അതവന്റെ സ്വയനിര്‍മിതിയത്രേ; അതുമല്ല, അവനൊരു കവിയാണ്.3
സത്യവാനാണെങ്കില്‍ മുന്‍പ്രവാചകരെപ്പോലെ അവന്‍ നമുക്ക് ദൃഷ്ടാന്തം ഹാജറാക്കട്ടെ.

1 വിശദീകരണം കാണുക

3. വ്യത്യസ്ത സമയങ്ങളില്‍ നബിയെയും ഖുര്‍ആനെയും ഇസ്‌ലാമിനെയും കുറിച്ച് അവര്‍ പ്രകടിപ്പിക്കുമായിരുന്ന ഭിന്നമായ അഭിപ്രായഗതികളാണിത്. ഇതിനൊക്കെ ഖുര്‍ആന്‍ സ്പഷ്ടമായ മറുപടി പറഞ്ഞിട്ടുണ്ട്. പാഴ്കിനാവുകളോ സിഹ്‌റോ കവിതയോ സ്വയം നിര്‍മിതിയോ ഒന്നുമല്ല ഇതെന്ന് അവര്‍തന്നെ സമ്മതിച്ചുകഴിഞ്ഞതാണ്. മനുഷ്യരും ജിന്നുകളും സഹകരിച്ച് തത്തുല്യമായ ഒരു സൂക്തമെങ്കിലും കൊണ്ടുവരാനായി ഖുര്‍ആന്‍ ഉയര്‍ത്തിയ വെല്ലുവിളി, പതിനാലു നൂറ്റാണ്ടായി സ്വീകരിക്കാന്‍ ഇന്നുവരെ ആര്‍ക്കും സാധിച്ചിട്ടില്ല.

قَالَ رَبِّي يَعۡلَمُ ٱلۡقَوۡلَ فِي ٱلسَّمَآءِ وَٱلۡأَرۡضِۖ وَهُوَ ٱلسَّمِيعُ ٱلۡعَلِيمُ ۝٤
بَلۡ قَالُوٓاْ أَضۡغَٰثُ أَحۡلَٰمِۭ بَلِ ٱفۡتَرَىٰهُ بَلۡ هُوَ شَاعِرٞ فَلۡيَأۡتِنَا بِـَٔايَةٖ كَمَآ أُرۡسِلَ ٱلۡأَوَّلُونَ ۝٥
6–10

ഇവര്‍ക്കു മുമ്പു നാം സംഹരിച്ചുകളഞ്ഞ ഒരു നാട്ടുകാരും സത്യവിശ്വാസം കൈക്കൊണ്ടിട്ടില്ലെന്നിരിക്കെ, ഇവര്‍ എങ്ങനെ വിശ്വസിക്കാന്‍? നബീ, അങ്ങേക്കുമുമ്പ് ആണുങ്ങളെ മാത്രമേ നാം ദൂതന്മാരായി അയച്ചിട്ടുള്ളൂ-അവര്‍ക്ക് നാം ദിവ്യബോധനം നല്‍കും. ഇതറിയാത്തവരാണ് നിങ്ങളെങ്കില്‍ വേദക്കാരോട് അന്വേഷിച്ചുനോക്കുക. അവരെ നാം ആഹരിക്കാത്ത ശരീരങ്ങളാക്കിയിട്ടില്ല; ചിരഞ്ജീവികളായിരുന്നതുമില്ല അവര്‍.4
പിന്നീട് അവരോടുള്ള വാഗ്ദാനം നാം പാലിക്കുകയും അവരെയും നാമുദ്ദേശിച്ചവരെയും രക്ഷപ്പെടുത്തുകയും അതിക്രമകാരികളെ സംഹരിക്കുകയുമുണ്ടായി. നിശ്ചയം, നിങ്ങളോടുള്ള ഉദ്‌ബോധനവുമായി ഒരു വേദഗ്രന്ഥം നിങ്ങള്‍ക്കു നാം അവതരിപ്പിച്ചുതന്നിരിക്കുകയാണ്. എന്നിട്ടും ചിന്തിക്കുന്നില്ലേ നിങ്ങള്‍?

1 വിശദീകരണം കാണുക

4. മനുഷ്യനെ എങ്ങനെയാണ് അല്ലാഹു ദൂതനായി അയക്കുക, മലക്കിനെയല്ലേ നിയോഗിക്കേണ്ടത് എന്ന മക്കയിലെ നിഷേധികളുടെ ജല്‍പനത്തിന് മറുപടിയാണിത്: മനുഷ്യരാശിയുടെ ആരംഭം മുതലേ ദൈവദൂതന്മാര്‍ നിയുക്തരായിരുന്നു; അവരൊന്നും മലക്കുകളായിരുന്നില്ല, മനുഷ്യരായിരുന്നു; അവരില്‍ നിന്നു തന്നെ ആണുങ്ങളും. മാനുഷിക ലക്ഷണങ്ങളായ ആഹാര - നീഹാരാദികള്‍, ഉറക്കം, മരണം തുടങ്ങിയവയൊക്കെ അവര്‍ക്കുമുണ്ടായിരുന്നു. മുഹമ്മദ് നബി(സ്വ)യുടെ കാര്യത്തില്‍ മാത്രം എന്ത്‌കൊണ്ട് മലക്കുകള്‍ എന്നാണു ചോദ്യം. ധിക്കാരവും ദുശ്ശാഠ്യവും ഉപേക്ഷിക്കുന്നുവെങ്കില്‍ ഖുര്‍ആനും നബി(സ്വ)യെയും ആര്‍ക്കും നിഷ്പ്രയാസം ഗ്രഹിക്കാം.

مَآ ءَامَنَتۡ قَبۡلَهُم مِّن قَرۡيَةٍ أَهۡلَكۡنَٰهَآۖ أَفَهُمۡ يُؤۡمِنُونَ ۝٦
وَمَآ أَرۡسَلۡنَا قَبۡلَكَ إِلَّا رِجَالٗا نُّوحِيٓ إِلَيۡهِمۡۖ فَسۡـَٔلُوٓاْ أَهۡلَ ٱلذِّكۡرِ إِن كُنتُمۡ لَا تَعۡلَمُونَ ۝٧
وَمَا جَعَلۡنَٰهُمۡ جَسَدٗا لَّا يَأۡكُلُونَ ٱلطَّعَامَ وَمَا كَانُواْ خَٰلِدِينَ ۝٨
ثُمَّ صَدَقۡنَٰهُمُ ٱلۡوَعۡدَ فَأَنجَيۡنَٰهُمۡ وَمَن نَّشَآءُ وَأَهۡلَكۡنَا ٱلۡمُسۡرِفِينَ ۝٩
لَقَدۡ أَنزَلۡنَآ إِلَيۡكُمۡ كِتَٰبٗا فِيهِ ذِكۡرُكُمۡۚ أَفَلَا تَعۡقِلُونَ ۝١٠
11–15

അക്രമകാരികളായ എത്രയെത്ര നാടുകളെയാണ് നാം തകര്‍ത്തുതരിപ്പണമാക്കിയത്! തദനന്തരം മറ്റൊരു ജനപഥത്തെ നാമവിടെ വളര്‍ത്തിയെടുക്കുകയമുണ്ടായി. അങ്ങനെ നമ്മുടെ ശിക്ഷവരുന്നുവെന്നുകണ്ടപ്പോള്‍ അവരതാ കുതിച്ചോടുന്നു! (അപ്പോഴവരോടു വിളിച്ചുപറയപ്പെട്ടു:) 'കുതിച്ചോടേണ്ട, സ്വവസതികളിലേക്കും നിങ്ങളനുഭവിച്ചുകൊണ്ടിരുന്ന ആസ്വാദനങ്ങളിലേക്കും തിരിച്ചുവരൂ; നിങ്ങള്‍ ചോദിക്കപ്പെട്ടേക്കാം.' അവര്‍ വിലപിച്ചു: 'കഷ്ടം, ഞങ്ങള്‍ തീര്‍ച്ചയായും അതിക്രമകാരികളായി പോയിരിക്കുന്നു!'5
അങ്ങനെ, കൊയ്തിട്ട വിളപോലെ നാം നിശ്ചലരാക്കും വരെയും അവരുടെ മുറവിളി ഇതുതന്നെയായിരുന്നു.

1 വിശദീകരണം കാണുക

5. സുഖലോലുപരും ധിക്കാരികളും അഹങ്കാരികളുമായ സത്യനിഷേധികള്‍ അല്ലാഹുവിന്റെ ശിക്ഷവരുമെന്നു ബോധ്യപ്പെടുമ്പോള്‍ ആത്മരക്ഷാര്‍ഥം കുതിച്ചോടി രക്ഷപ്പെടാന്‍ പാഴ്ശ്രമം നടത്തും. ഏതു ധീരനും ഭീരുവാകുന്ന പ്രതിസന്ധിഘട്ടമാണത്. അപ്പോള്‍ അല്ലാഹുവിങ്കല്‍ നിന്നുണ്ടാവുന്ന പരിഹാസാത്മകമായ തിരിച്ചുവിളിയാണിത്: ഹേ, ധീര ശൂര വീര ശിരോമണികളേ, എങ്ങോട്ടാണ് ഈ തിരിഞ്ഞോട്ടം? സ്വന്തം രമ്യഹര്‍മങ്ങളിലേക്കും സുഖാഡംബരലോകത്തേക്കും തിരിച്ചുവരൂ, അവയുടെ അനുഭൂതികളെപ്പറ്റിയും മറ്റും ആളുകള്‍ക്ക് നിങ്ങളോട് ചോദിച്ചറിയാനുണ്ടാകും, നിങ്ങളിങ്ങനെ പോയ്ക്കളഞ്ഞാലോ? പശ്ചാത്താപ പ്രകടനവും നിലവിളികളുമായി മോചനത്തിന് വേണ്ടി അന്തിമശ്രമം നടത്തിനോക്കുമവര്‍. പക്ഷേ, സമയം കഴിഞ്ഞുപോയി!

وَكَمۡ قَصَمۡنَا مِن قَرۡيَةٖ كَانَتۡ ظَالِمَةٗ وَأَنشَأۡنَا بَعۡدَهَا قَوۡمًا ءَاخَرِينَ ۝١١
فَلَمَّآ أَحَسُّواْ بَأۡسَنَآ إِذَا هُم مِّنۡهَا يَرۡكُضُونَ ۝١٢
لَا تَرۡكُضُواْ وَٱرۡجِعُوٓاْ إِلَىٰ مَآ أُتۡرِفۡتُمۡ فِيهِ وَمَسَٰكِنِكُمۡ لَعَلَّكُمۡ تُسۡـَٔلُونَ ۝١٣
قَالُواْ يَٰوَيۡلَنَآ إِنَّا كُنَّا ظَٰلِمِينَ ۝١٤
فَمَا زَالَت تِّلۡكَ دَعۡوَىٰهُمۡ حَتَّىٰ جَعَلۡنَٰهُمۡ حَصِيدًا خَٰمِدِينَ ۝١٥
16–17

ആകാശവും ഭൂമിയും അവക്കിടയിലുള്ളതും നൊമൊരു വിനോദമായി പടച്ചുണ്ടാക്കിയതല്ല. ഒരു വിനോദത്തിനു നമുക്കുദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ നമ്മുടെയടുത്ത് നിന്നുതന്നെയത് സംവിധാനിച്ചിരുന്നേനെ. പക്ഷേ, നാമതു ചെയ്തില്ല.6

1 വിശദീകരണം കാണുക

6. പ്രപഞ്ചവും അതിലെ കോടാനുകോടി വസ്തുക്കളും സൃഷ്ടിച്ചത് മനുഷ്യന് വേണ്ടിയാണ്. അവന്‍ അവയില്‍ നിന്ന് പാഠങ്ങളുള്‍ക്കൊണ്ട് അല്ലാഹുവിനെ അറിഞ്ഞ് ആരാധനകളര്‍പ്പിക്കുന്നതിനാണത്; എന്നല്ലാതെ വ്യര്‍ഥമോ വിനോദത്തിനോ ആയി സൃഷ്ടിച്ചതല്ല. മക്കളെയോ പങ്കുകാരെയോ മറ്റെന്തെങ്കിലുമോ വേണമെങ്കില്‍ തനിക്കു അനുയോജ്യമായ വിധത്തില്‍ താന്‍ തന്നെ അത് സൃഷ്ടിക്കുമായിരുന്നു എന്നാണ് അല്ലാഹു വ്യക്തമാക്കുന്നത്. ജൂത-ക്രിസ്ത്യാനികള്‍ക്കും മറ്റു ബഹുദൈവ വിശ്വാസികള്‍ക്കുമുള്ള മറുപടിയാണിത്.

وَمَا خَلَقۡنَا ٱلسَّمَآءَ وَٱلۡأَرۡضَ وَمَا بَيۡنَهُمَا لَٰعِبِينَ ۝١٦
لَوۡ أَرَدۡنَآ أَن نَّتَّخِذَ لَهۡوٗا لَّٱتَّخَذۡنَٰهُ مِن لَّدُنَّآ إِن كُنَّا فَٰعِلِينَ ۝١٧
18

എന്നാല്‍ നാം സത്യമെടുത്ത് അസത്യത്തിന്‍മേലിടുകയും അങ്ങനെയത് അസത്യത്തിന്റെ തലതകര്‍ക്കുകയും ക്രമേണയത് തിരോഭവിക്കുകയും ചെയ്യുന്നു. അല്ലാഹുവിനെക്കുറിച്ചു അരുതായ്മകള്‍ പുലമ്പുന്നതു മൂലം നിങ്ങള്‍ക്കു മഹാനാശമാണു ഭവിക്കുക.7

1 വിശദീകരണം കാണുക

7. അസത്യത്തിനു മേല്‍ എറിയപ്പെടുന്ന ഭാരിച്ച ഒരു വസ്തുവായി സത്യത്തെ ചിത്രീകരിച്ചിരിക്കുകയാണ്. അങ്ങനെ അസത്യം ശിഥിലവും അസ്തിത്വം നഷ്ടപ്പെട്ടതുമായിത്തീരും. ബഹുദൈവ വിശ്വാസികളുടെ ലാത്തും ഉസ്സായും മനാത്തും മനുഷ്യനാല്‍ ആരാധിക്കപ്പെടുന്ന മറ്റേതു ദൈവങ്ങളും ഇങ്ങനെത്തന്നെ. കണ്ണും കാതും കഴിവും ശേഷിയുമില്ലാത്ത അവ ചിന്താബന്ധുരമായ ബുദ്ധിക്കുമുമ്പില്‍ ധൂളിയായിപ്പോകും.

بَلۡ نَقۡذِفُ بِٱلۡحَقِّ عَلَى ٱلۡبَٰطِلِ فَيَدۡمَغُهُۥ فَإِذَا هُوَ زَاهِقٞۚ وَلَكُمُ ٱلۡوَيۡلُ مِمَّا تَصِفُونَ ۝١٨
19–20

ഭുവന-വാനങ്ങളിലുള്ളവയത്രയും അല്ലാഹുവിന്റേതാണ്. തന്റെ സന്നിധിയിലുള്ള മാലാഖമാര്‍ അവനെ ആരാധിക്കുന്നതില്‍ നിന്നു അഹങ്കരിക്കുകയോ പരവശരാവുകയോ ചെയ്യുന്നില്ല; അവര്‍ രാത്രിയും പകലും അവന്റെ മഹത്ത്വം വാഴ്ത്തുന്നു, ഒട്ടും ക്ഷീണിച്ചുപോകുന്നില്ല.8

1 വിശദീകരണം കാണുക

8. മലക്കുകളെ ആരാധ്യരാക്കി വെച്ചവര്‍ക്കുള്ള മറുപടികൂടിയാണിത്. പ്രപഞ്ചത്തിലുള്ള സകലതും സൃഷ്ടിക്കപ്പെട്ട വസ്തുക്കളാണ്. അപ്പോള്‍ അവയൊന്നും തന്നെ ആരാധ്യരാകില്ല. മലക്കുകള്‍ പോലും അല്ലാഹുവിന്റെ അടിമകളും വിധേയരും ആരാധകരുമാണ്. മനുഷ്യന്റെ ശ്വാസോച്ഛ്വാസം പോലെയാണ് മലക്കുകളുടെ തസ്ബീഹ്. ഏത് അവസരത്തിലുമത് വേര്‍പെടില്ല.

وَلَهُۥ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَمَنۡ عِندَهُۥ لَا يَسۡتَكۡبِرُونَ عَنۡ عِبَادَتِهِۦ وَلَا يَسۡتَحۡسِرُونَ ۝١٩
يُسَبِّحُونَ ٱلَّيۡلَ وَٱلنَّهَارَ لَا يَفۡتُرُونَ ۝٢٠
21–25

അതല്ല, പരേതരെ പുനരുജ്ജീവിപ്പിക്കുന്ന ചില ദൈവങ്ങളെ ഭൂമിയില്‍ നിന്ന് അവര്‍ വരിച്ചിട്ടുണ്ടോ? ഭുവന-വാനങ്ങളില്‍ അല്ലാഹുവിനു പുറമെ മറ്റുദൈവങ്ങളുണ്ടായിരുന്നെങ്കില്‍ അവരണ്ടും നശിച്ചുപോയേനെ. അതിനാല്‍, ദിവ്യസിംഹാസനത്തിന്റെ അധിപനായ അല്ലാഹു അവര്‍ ചാര്‍ത്തുന്ന വിശേഷണങ്ങളില്‍ നിന്നെല്ലാം എത്രമേല്‍ പവിത്രന്‍! തന്റെ പ്രവൃത്തികളെക്കുറിച്ച് അവന്‍ ചോദ്യംചെയ്യപ്പെടില്ല; എന്നാല്‍ സൃഷ്ടികളാകട്ടെ, ചോദ്യം ചെയ്യപ്പെടുന്നതുമാണ്.9
അതല്ല, അവനുപുറമെ മറ്റുദൈവങ്ങളെ വരിച്ചിരിക്കയാണോ അവര്‍? പറയുക: എങ്കില്‍ നിങ്ങളുടെ പ്രമാണം ഹാജറാക്കുക! ഞാനൊന്നിച്ചുള്ളവരുടെയും എന്റെ പൂര്‍വികരുടെയും പ്രമാണം ഇതാണ്.10
എന്നാല്‍ അവരില്‍ മിക്കവരും സത്യം അറിയുന്നില്ല. തന്മൂലമവര്‍ പിന്തിരിഞ്ഞുപോകുന്നു. ഞാനല്ലാതെ ഒരു ദൈവവുമില്ലെന്നും അതിനാല്‍ നിങ്ങളെന്നെ ആരാധിക്കണമെന്നും ദിവ്യസന്ദേശം നല്‍കിക്കൊണ്ടുമാത്രമേ താങ്കള്‍ക്കുമുമ്പുള്ള ഏതൊരു ദൂതനെയും നാം നിയോഗിച്ചിട്ടുള്ളൂ.11

3 വിശദീകരണങ്ങൾ കാണുക

9. പ്രപഞ്ചത്തിന് ഒന്നിലധികം ദൈവങ്ങളാണ് അധിപന്മാരായി ഉണ്ടായിരുന്നതെങ്കില്‍ പരസ്പരം പോരടിച്ച് അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായി അവരണ്ടും നശിച്ചുപോകും. ലോക ചരിത്രം ഇപ്പറഞ്ഞതിനു സാക്ഷിയാണ്. സത്യത്തില്‍, സ്രഷ്ടാവും നിയന്താവുമായ അല്ലാഹു മാത്രമാണ് പ്രപഞ്ചത്തിന്റെ സര്‍വാധിപതി. അവന്റെ ചെയ്തികളെപ്പറ്റി ആരും ചോദ്യം ചെയ്യില്ല; എന്നാല്‍ സൃഷ്ടികള്‍ ഒന്നടങ്കം വിചാരണക്ക് വിധേയരായിത്തീരുമല്ലോ.

10. അല്ലാഹു, പ്രവാചകത്വം, പാരത്രിക ജീവിതം എന്നീ മൗലിക സ്തംഭങ്ങളിലധിഷ്ഠിതമാണ് വിശുദ്ധ ഖുര്‍ആന്‍. പൂര്‍വ വേദങ്ങളും ഇങ്ങനെത്തന്നെ. അതാണ് 'എന്റെയും പൂര്‍വികരുടെയും പ്രമാണമിതാണ്' എന്നതിന്റെ വിവക്ഷ.

11. മാനവകുലത്തിലേക്ക് നിരവധി പ്രവാചകന്മാരും ദൂതന്മാരും വന്നിട്ടുണ്ട്. അവരത്രയും മുറുകെപിടിച്ച മുദ്രാവാക്യം ഒന്നു മാത്രമായിരുന്നു - അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല, അതുകൊണ്ട് അവനെ മാത്രമേ ആരാധിക്കാവൂ.

أَمِ ٱتَّخَذُوٓاْ ءَالِهَةٗ مِّنَ ٱلۡأَرۡضِ هُمۡ يُنشِرُونَ ۝٢١
لَوۡ كَانَ فِيهِمَآ ءَالِهَةٌ إِلَّا ٱللَّهُ لَفَسَدَتَاۚ فَسُبۡحَٰنَ ٱللَّهِ رَبِّ ٱلۡعَرۡشِ عَمَّا يَصِفُونَ ۝٢٢
لَا يُسۡـَٔلُ عَمَّا يَفۡعَلُ وَهُمۡ يُسۡـَٔلُونَ ۝٢٣
أَمِ ٱتَّخَذُواْ مِن دُونِهِۦٓ ءَالِهَةٗۖ قُلۡ هَاتُواْ بُرۡهَٰنَكُمۡۖ هَٰذَا ذِكۡرُ مَن مَّعِيَ وَذِكۡرُ مَن قَبۡلِيۚ بَلۡ أَكۡثَرُهُمۡ لَا يَعۡلَمُونَ ٱلۡحَقَّۖ فَهُم مُّعۡرِضُونَ ۝٢٤
وَمَآ أَرۡسَلۡنَا مِن قَبۡلِكَ مِن رَّسُولٍ إِلَّا نُوحِيٓ إِلَيۡهِ أَنَّهُۥ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعۡبُدُونِ ۝٢٥
26–29

കരുണാമയനായ അല്ലാഹു സന്താനത്തെ വരിച്ചിട്ടുണ്ട് എന്ന് അവര്‍ ജല്‍പിച്ചു; എത്രമേല്‍ പരിശുദ്ധനാണവന്‍! എന്നാല്‍ അവന്റെ ബഹുവന്ദ്യദാസന്മാര്‍ മാത്രമാണ് മലക്കുകള്‍. അവനെ മറികടന്ന് യാതൊന്നും അവര്‍ ഉരിയാടില്ല; അവന്റെ ആജ്ഞാനുസൃതമേ പ്രവര്‍ത്തിക്കൂ. അവരുടെ മുന്നിലും പിന്നിലുമുള്ളതൊക്കെ അവനറിയും. അവന്റെ പ്രീതിക്കു വിധേയരായവര്‍ക്കേ അവര്‍ ശിപാര്‍ശചെയ്യൂ. അവരാകട്ടെ അവനെക്കുറിച്ച ഭയപ്പാടുമൂലം വിറകൊള്ളുന്നു. ഞാന്‍ അല്ലാഹുവിനു പുറമെയുള്ള ദൈവമാണ് എന്ന് അവരിലാരെങ്കിലും ജല്‍പിക്കുന്നുവെങ്കില്‍ അവനു നാം നരകം കൂലികൊടുക്കും. അക്രമികള്‍ക്കു അങ്ങനെയാണു നാം പ്രതിഫലം നല്‍കുക.12

1 വിശദീകരണം കാണുക

12. മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്ന് ജല്‍പിക്കുകയും അവര്‍ക്ക് ആരാധനകളര്‍പ്പിക്കുകയും ചെയ്യുന്ന ചില അറേബ്യന്‍ ഗോത്രങ്ങളുണ്ടായിരുന്നു. അത്തരം മൂഢവിശ്വാസികള്‍ക്കുള്ള സവിസ്തര മറുപടിയാണ് ഈ സൂക്തം. അല്ലാഹുവിന്റെ അടിമകളാണ് മലക്കുകള്‍. ആ അടിമത്തവും നിരന്തര ആരാധനയുമായി കടുകിട വ്യതിചലിക്കാതെ മാത്രമാണ് അവര്‍ കഴിഞ്ഞുകൂടുക. ബഹുദൈവാരാധകരുടെ അബദ്ധവിശ്വാസമനുസരിച്ച്, 'ഞാന്‍ ദൈവമാണ്' എന്ന് ഒരു മലക്ക് പറയുന്നുവെന്നു സങ്കല്‍പിച്ചാല്‍ നരകമാകും ഫലം.

وَقَالُواْ ٱتَّخَذَ ٱلرَّحۡمَٰنُ وَلَدٗاۗ سُبۡحَٰنَهُۥۚ بَلۡ عِبَادٞ مُّكۡرَمُونَ ۝٢٦
لَا يَسۡبِقُونَهُۥ بِٱلۡقَوۡلِ وَهُم بِأَمۡرِهِۦ يَعۡمَلُونَ ۝٢٧
يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡ وَلَا يَشۡفَعُونَ إِلَّا لِمَنِ ٱرۡتَضَىٰ وَهُم مِّنۡ خَشۡيَتِهِۦ مُشۡفِقُونَ ۝٢٨
۞ وَمَن يَقُلۡ مِنۡهُمۡ إِنِّيٓ إِلَٰهٞ مِّن دُونِهِۦ فَذَٰلِكَ نَجۡزِيهِ جَهَنَّمَۚ كَذَٰلِكَ نَجۡزِي ٱلظَّٰلِمِينَ ۝٢٩
30–33

സത്യനിഷേധികള്‍ മനസ്സിലാക്കുന്നില്ലേ?-ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു; എന്നിട്ട് നാമവ വേര്‍പ്പെടുത്തി. സര്‍വ ജീവവസ്തുക്കളെയും ജലത്തില്‍ നിന്ന് നാം സൃഷ്ടിച്ചു. എന്നിട്ടും അവര്‍ സത്യവിശ്വാസം കൈക്കൊള്ളുന്നില്ലേ?13
അവരെയും കൊണ്ട് ഭൂമി ചലിക്കാതിരിക്കാനായി അതില്‍ നാം പര്‍വതങ്ങള്‍ സൃഷ്ടിച്ചു. അവര്‍ക്കു വഴികണ്ടുപിടിക്കാന്‍ മലകളില്‍ നാം വിസ്തൃതപാതകളുണ്ടാക്കുകയും ആകാശത്തെ സുരക്ഷിതമായ ഒരു മേല്‍പുരയാക്കുകയും ചെയ്തു. അവരാകട്ടെ, വാനലോക ദൃഷ്ടാന്തങ്ങള്‍ അവഗണിക്കുകയാണ്. അവനത്രേ രാപ്പകലുകളും സൂര്യചന്ദ്രന്മാരെയും സൃഷ്ടിച്ചത്. അവയൊക്കെ ഓരോ ഭ്രമണപഥത്തില്‍ ദ്രുതസഞ്ചാരം നടത്തുകയാണ്.14

2 വിശദീകരണങ്ങൾ കാണുക

13. ആകാശഭൂമികളുള്‍പ്പെടെയുള്ള പ്രപഞ്ചത്തിന്റെ ഉല്‍പത്തിയിലേക്ക് ഖുര്‍ആന്‍ മര്‍ത്യകുലത്തിന്റെ, വിശിഷ്യ നിഷേധികളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. വാനലോകങ്ങളും ഭൂഗോളവും ഒട്ടിച്ചേര്‍ന്നു നില്‍ക്കുകയായിരുന്നു ആദ്യം. പിന്നീട് അല്ലാഹു അവ വേര്‍പ്പെടുത്തുകയും മലക്കുകള്‍ക്കും ജിന്നുകള്‍ക്കും മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. മഹാവിസ്‌ഫോടന സിദ്ധാന്ത (ബിഗ്ബാങ് തിയറി)ത്തിലൂടെ ആധുനിക ശാസ്ത്രം പറയുന്നതും ഇതു തന്നെ. ഏതൊരു ജീവകോശത്തിന്റെയും മുഖ്യഘടകം ജലമാണ്; അതിന്റെ അഭാവത്തില്‍ ഏതു ജീവനും പൊലിഞ്ഞുപോകും. ഇന്ദ്രിയത്തില്‍ നിന്നാണ് മുഴുവന്‍ ജീവികളും ജനിക്കുന്നത് എന്ന് ഇവിടെ വിവക്ഷിച്ചവരും പണ്ഡിതന്മാരിലുണ്ട്. പതിനാല് നൂറ്റാണ്ടു മുമ്പുള്ള ഈ ഖുര്‍ആനിക പ്രതിപാദനങ്ങള്‍ സത്യനിഷേധികള്‍ ഗൗരവചിന്തക്കു വിധേയമാക്കണം.

14. ഭൂചലനം പ്രതിരോധിക്കാനാണ് മലകള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഭൂമിക്ക് അവ ആണിയാണെന്നാണ് മലകളെപറ്റി പലേടത്തും ഖുര്‍ആന്റെ പ്രസ്താവം. ഉദാ: 78:7, 16:15, 21:31, 31:10. സൂര്യന്‍, ചന്ദ്രന്‍, രാപ്പകലുകളുടെ മാറ്റം, ദുര്‍ഘടമായ പര്‍വതങ്ങളിലൂടെ സുഗമസഞ്ചാരത്തിന്നു സഹായകമായ മലമ്പാതകള്‍, തൂണുകളില്ലാതെ സുരക്ഷിതമായി സംവിധാനിക്കപ്പെട്ട ആകാശം മുതലായവയിലൊക്കെ ധാരാളം ദൃഷ്ടാന്തങ്ങളും പാഠങ്ങളുമുണ്ട്. അവമുഖേന സ്രഷ്ടാവിനെ കണ്ടെത്താനാണ് ആഹ്വാനം.

أَوَلَمۡ يَرَ ٱلَّذِينَ كَفَرُوٓاْ أَنَّ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ كَانَتَا رَتۡقٗا فَفَتَقۡنَٰهُمَاۖ وَجَعَلۡنَا مِنَ ٱلۡمَآءِ كُلَّ شَيۡءٍ حَيٍّۚ أَفَلَا يُؤۡمِنُونَ ۝٣٠
وَجَعَلۡنَا فِي ٱلۡأَرۡضِ رَوَٰسِيَ أَن تَمِيدَ بِهِمۡ وَجَعَلۡنَا فِيهَا فِجَاجٗا سُبُلٗا لَّعَلَّهُمۡ يَهۡتَدُونَ ۝٣١
وَجَعَلۡنَا ٱلسَّمَآءَ سَقۡفٗا مَّحۡفُوظٗاۖ وَهُمۡ عَنۡ ءَايَٰتِهَا مُعۡرِضُونَ ۝٣٢
وَهُوَ ٱلَّذِي خَلَقَ ٱلَّيۡلَ وَٱلنَّهَارَ وَٱلشَّمۡسَ وَٱلۡقَمَرَۖ كُلّٞ فِي فَلَكٖ يَسۡبَحُونَ ۝٣٣
34–37

നബീ, അങ്ങേക്കു മുമ്പ് ഒരാള്‍ക്കും നാം ശാശ്വതത്വം നല്‍കിയിട്ടില്ലെന്നിരിക്കെ, താങ്കള്‍ മരിച്ചിട്ട് അവര്‍ നിത്യവാസികളായിരിക്കുമോ? എല്ലാ വ്യക്തികളും മരണം രുചിച്ചറിയും. പരിശോധിച്ചറിയാനായി നിങ്ങളെ നന്മകൊണ്ടും തിന്മകൊണ്ടും നാം പരീക്ഷണവിധേയരാക്കുന്നതാണ്. നിങ്ങളെ മടക്കപ്പെടുക നമ്മിലേക്ക് തന്നെയായിരിക്കും.15
അവിശ്വാസികള്‍ താങ്കളെ കണ്ടാല്‍ 'ഇവനാണോ നിങ്ങളുടെ ദൈവങ്ങളെ അധിക്ഷേപിക്കുന്നവന്‍' എന്നുപറഞ്ഞു പരിഹസിക്കുന്നു. എന്നാല്‍ അവരാകട്ടെ, കരുണാമയനായ അല്ലാഹുവിന്റെ സന്ദേശത്തെ നിഷേധിക്കുന്നവരാണ്.16
മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് തന്നെ ധൃതികൂട്ടുന്നവനായാണ്. എന്നാല്‍ എന്നോട് ധൃതികൂട്ടേണ്ട, എന്റെ ദൃഷ്ടാന്തങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് വഴിയെ കാണിക്കാം.17

3 വിശദീകരണങ്ങൾ കാണുക

15. അസഹനീയത രൂക്ഷമാകുമ്പോള്‍ 'മുഹമ്മദിനു എന്തെങ്കിലും വിപത്തുവന്ന് കഥാവശേഷനാകുമെന്നാണു പ്രതീക്ഷ' എന്നു നിഷേധികള്‍ തട്ടിവിടുമായിരുന്നു. (ഖുര്‍ആന്‍ 52:30, 23:25) അതിനു മറുപടിയാണിത് - നബിമരിച്ചിട്ട്, തങ്ങളിവിടെ ശാശ്വതരായിരിക്കുമെന്നാണോ ശത്രുക്കളുടെ വിചാരം? ആ വ്യാമോഹം വേണ്ട, സകലരും മരിക്കുമെന്നു ചുരുക്കം. മനുഷ്യരുടെ ജീവിതം പരീക്ഷിക്കാനുള്ള ഒരു വേദി മാത്രമാണ് ഐഹികലോകം.

16. നബി(സ്വ) ബിംബങ്ങളെ അധിക്ഷേപിക്കുന്നത് നിഷേധികള്‍ വലിയ കുറ്റമായി കണുന്നു. എന്നാല്‍ പ്രപഞ്ചനാഥനും സ്രഷ്ടാവും സംരക്ഷകനും അന്നദാതാവുമൊക്കെയായ അല്ലാഹുവിനെ നിഷേധിക്കുന്നതോ കല്ലിനെയും മണ്ണിനെയും ദൈവമാക്കി ആരാധിക്കുന്നതോ ഒരു കുഴപ്പമായി അവര്‍ക്ക് കാണാനാകുന്നുമില്ല. എന്തൊരു വൈരുദ്ധ്യം!

17. ദൈവിക ദൃഷ്ടാന്തങ്ങള്‍ക്കും വാഗ്ദത്തശിക്ഷക്കുമായി നിഷേധികള്‍ ധൃതികൂട്ടേണ്ട, താമസംവിനാ അവ സാക്ഷാല്‍ക്കരിച്ചുകൊടുക്കാം എന്നാണു പറയുന്നത്. പലവിധ ദൃഷ്ടാന്തങ്ങളും ശിക്ഷകളും വന്നു. ബദ്‌റില്‍ അവരുടെ എഴുപത് പ്രമുഖ നേതാക്കള്‍ കൊല്ലപ്പെട്ടു; അത്രയും പേര്‍ മുസ്‌ലിംകളുടെ തടവിലുമായി. അതോടെ ശത്രു നാമാവശേഷമായി.

وَمَا جَعَلۡنَا لِبَشَرٖ مِّن قَبۡلِكَ ٱلۡخُلۡدَۖ أَفَإِيْن مِّتَّ فَهُمُ ٱلۡخَٰلِدُونَ ۝٣٤
كُلُّ نَفۡسٖ ذَآئِقَةُ ٱلۡمَوۡتِۗ وَنَبۡلُوكُم بِٱلشَّرِّ وَٱلۡخَيۡرِ فِتۡنَةٗۖ وَإِلَيۡنَا تُرۡجَعُونَ ۝٣٥
وَإِذَا رَءَاكَ ٱلَّذِينَ كَفَرُوٓاْ إِن يَتَّخِذُونَكَ إِلَّا هُزُوًا أَهَٰذَا ٱلَّذِي يَذۡكُرُ ءَالِهَتَكُمۡ وَهُم بِذِكۡرِ ٱلرَّحۡمَٰنِ هُمۡ كَٰفِرُونَ ۝٣٦
خُلِقَ ٱلۡإِنسَٰنُ مِنۡ عَجَلٖۚ سَأُوْرِيكُمۡ ءَايَٰتِي فَلَا تَسۡتَعۡجِلُونِ ۝٣٧
38–41

അവര്‍ ചോദിക്കുകയാണ്: നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ ഈ വാഗ്ദാനസാക്ഷാല്‍ക്കാരം എപ്പോഴാണ്? തങ്ങളുടെ മുഖങ്ങളിലും മുതുകിലും നിന്നു നരകാഗ്നി പ്രതിരോധിക്കാനാവാത്ത, തങ്ങള്‍ക്ക് ഒരു സഹായവും ലഭ്യമല്ലാത്ത ഒരു ഘട്ടത്തെക്കുറിച്ച് സത്യനിഷേധികള്‍ ഗ്രഹിച്ചിരുന്നെങ്കില്‍...! അല്ല, യദൃച്ഛയാ അത് സമാഗതമാവുകയും അവരെ അമ്പരപ്പിക്കുകയും ചെയ്യും. അതിനെ പ്രതിരോധിക്കാന്‍ അവര്‍ക്ക് കഴിയുകയോ അവധി നല്‍കപ്പെടുകയോ ചെയ്യില്ല. താങ്കള്‍ക്കു മുമ്പ് പല ദൂതന്മാരും അപഹാസവിധേയരായിട്ടുണ്ട്. എന്നിട്ട്, അവരെ കളിയാക്കിയവര്‍ക്ക് തങ്ങള്‍ പരിഹസിച്ചുകൊണ്ടിരുന്ന ദൈവികശിക്ഷ വന്നെത്തുകയുണ്ടായി.18

1 വിശദീകരണം കാണുക

18. നിഷേധികള്‍ അല്ലാഹുവിന്റെ ദൂതരെ പരിഹസിക്കുകയും അവഹേളിക്കുകയും തള്ളിപ്പറയുകയും ചെയ്യുകയെന്നത് പണ്ടുമുതലേ ഉള്ളതാണ്. അതില്‍ പരിഭവിക്കേണ്ട, ക്ഷമിക്കുക. വാഗ്ദത്ത ശിക്ഷ അവര്‍ക്ക് വന്നെത്തുകതന്നെ ചെയ്യും.

وَيَقُولُونَ مَتَىٰ هَٰذَا ٱلۡوَعۡدُ إِن كُنتُمۡ صَٰدِقِينَ ۝٣٨
لَوۡ يَعۡلَمُ ٱلَّذِينَ كَفَرُواْ حِينَ لَا يَكُفُّونَ عَن وُجُوهِهِمُ ٱلنَّارَ وَلَا عَن ظُهُورِهِمۡ وَلَا هُمۡ يُنصَرُونَ ۝٣٩
بَلۡ تَأۡتِيهِم بَغۡتَةٗ فَتَبۡهَتُهُمۡ فَلَا يَسۡتَطِيعُونَ رَدَّهَا وَلَا هُمۡ يُنظَرُونَ ۝٤٠
وَلَقَدِ ٱسۡتُهۡزِئَ بِرُسُلٖ مِّن قَبۡلِكَ فَحَاقَ بِٱلَّذِينَ سَخِرُواْ مِنۡهُم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ ۝٤١
42–45

കരുണാമയനായ അല്ലാഹുവിന്റെ പിടിയില്‍ നിന്നു രാത്രിയും പകലും നിങ്ങള്‍ക്ക് സുരക്ഷിതത്വം തരാനാരാണുള്ളത് എന്നു താങ്കള്‍ ചോദിക്കുക. അല്ല, ആ നിഷേധികള്‍ തങ്ങളുടെ നാഥന്റെ ഉദ്‌ബോധനങ്ങളില്‍ നിന്ന് വ്യതിചലിച്ചുപോവുകയാകുന്നു. അതല്ല, സംരക്ഷണമേകുന്ന വല്ല ദൈവങ്ങളും നാമല്ലാതെ അവര്‍ക്കുണ്ടോ? സ്വന്തത്തിനു തന്നെ ഉപകാരം ചെയ്യാന്‍ അവക്കാകില്ല; നമ്മുടെ ഭാഗത്തുനിന്ന് അവ പിന്തുണക്കപ്പെടുന്നതുമല്ല.19
അല്ല, ഇവര്‍ക്കും പൂര്‍വിക പിതാക്കള്‍ക്കും നാം സുഖാസ്വാദനങ്ങള്‍ നല്‍കുകയും അങ്ങനെ അവര്‍ ദീര്‍ഘകാല ജീവിതം നയിക്കുകയുമുണ്ടായി. എന്നാല്‍ ആ നാടുകള്‍ നാനാഭാഗങ്ങളില്‍ നിന്നുമായി നാം ചുരുക്കിക്കൊണ്ട് വരുന്നത് ഇവര്‍ കാണുന്നില്ലേ?20
കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ ഇവര്‍തന്നെയാണോ അജയ്യരാവുക?! ദിവ്യബോധനാനുസൃതമേ നിങ്ങളെ ഞാന്‍ താക്കീത്‌ചെയ്യുന്നുള്ളൂവെന്ന് താങ്കള്‍ പ്രഖ്യാപിക്കുക. താക്കീത് ചെയ്യപ്പെടുമ്പോള്‍ ബധിരന്മാര്‍ ആ വിളി ശ്രദ്ധിക്കുന്നതല്ല.21

3 വിശദീകരണങ്ങൾ കാണുക

19. ഓരോ നിമിഷത്തിലും അല്ലാഹുവിന്റെ സംരക്ഷണത്തിലാണ് മനുഷ്യന്‍. അതില്ലാതെ പോയാല്‍ ഒരാള്‍ക്കുമവനെ രക്ഷിക്കാനാവില്ല. ജലയാനങ്ങളിലും ശബ്ദാതിവേഗ വിമാനങ്ങളിലും മുങ്ങിക്കപ്പലുകളിലും മറ്റും യാത്രചെയ്യുന്നവരും മറ്റു സാഹസിക സംരംഭങ്ങളിലേര്‍പ്പെടുന്നവരും സുരക്ഷിതരായി തിരിച്ചെത്തുന്നു. പ്രത്യുത ഭൂതലത്തില്‍ നിര്‍ഭയരായി സഞ്ചരിക്കുന്ന പലരും അപകടങ്ങളില്‍ പെടുന്നു. ആരാണീ കാവലേകുന്നവന്‍? സ്വശരീരത്തില്‍ നിന്ന് ഈച്ചയെ ആട്ടാനാകാത്ത ബിംബങ്ങളോ? അല്ലാഹു അല്ലാത്ത ഒരു സംരക്ഷകനും അവര്‍ക്ക് ഉണ്ടാകുന്നതല്ല. (ഖുര്‍ആന്‍: 10:27, 40:33, 13:37, 86:4)

20. അല്ലാഹുവിനെ നിഷേധിച്ച് ധിക്കാര ജീവിതം നയിക്കുന്നവര്‍ നിശ്ശേഷം ദുര്‍ബലരാണ്. അവരുടെ അധീനതയിലുണ്ടായിരുന്ന അറേബ്യന്‍ ഉപദ്വീപിന്റെ പല ഭാഗങ്ങളും ക്രമേണ സത്യവിശ്വാസികളുടെ കൈയിലെത്തുന്നതവര്‍ കാണുന്നില്ലേ? ഖുര്‍ആന്റെ അവതരണാരംഭസമയം പ്രവിശാലമായ അറേബ്യ ബഹുദൈവവിശ്വാസികളുടെ ആധിപത്യത്തിലായിരുന്നു; എന്നാല്‍ രണ്ടുപതിറ്റാണ്ടു പിന്നിട്ടപ്പോഴേക്കത് വിശ്വാസികളുടെ കീഴിലായി-ഇതാണിവിടെ ഉദ്ദേശ്യമെന്നാണ് വ്യാഖ്യാതാക്കള്‍ പറയുന്നത്. മറ്റുചില അഭിപ്രായങ്ങളുമുണ്ട്.

21. ഇസ്‌ലാമിന്റെ സന്ദേശങ്ങളും ഖുര്‍ആനികാധ്യാപനങ്ങളും എന്റ സ്വന്തം വകയല്ല, അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന ദിവ്യബോധനങ്ങള്‍ മാത്രമാണ് എന്നു ലോകത്തോടു പ്രഖ്യാപിക്കാന്‍ നബിയോടു കല്‍പിക്കുകയാണ്. എന്നാല്‍ നിഷേധത്തിന്റെ മത്തുപിടിച്ച് ബധിരരായവര്‍ അതു ശ്രവിക്കയില്ല. സത്യത്തിനുനേരെ അവരുടെ കണ്ണുകളും കാതുകളുമൊക്കെ പ്രവര്‍ത്തനരഹിതമായിരിക്കും.

قُلۡ مَن يَكۡلَؤُكُم بِٱلَّيۡلِ وَٱلنَّهَارِ مِنَ ٱلرَّحۡمَٰنِۚ بَلۡ هُمۡ عَن ذِكۡرِ رَبِّهِم مُّعۡرِضُونَ ۝٤٢
أَمۡ لَهُمۡ ءَالِهَةٞ تَمۡنَعُهُم مِّن دُونِنَاۚ لَا يَسۡتَطِيعُونَ نَصۡرَ أَنفُسِهِمۡ وَلَا هُم مِّنَّا يُصۡحَبُونَ ۝٤٣
بَلۡ مَتَّعۡنَا هَٰٓؤُلَآءِ وَءَابَآءَهُمۡ حَتَّىٰ طَالَ عَلَيۡهِمُ ٱلۡعُمُرُۗ أَفَلَا يَرَوۡنَ أَنَّا نَأۡتِي ٱلۡأَرۡضَ نَنقُصُهَا مِنۡ أَطۡرَافِهَآۚ أَفَهُمُ ٱلۡغَٰلِبُونَ ۝٤٤
قُلۡ إِنَّمَآ أُنذِرُكُم بِٱلۡوَحۡيِۚ وَلَا يَسۡمَعُ ٱلصُّمُّ ٱلدُّعَآءَ إِذَا مَا يُنذَرُونَ ۝٤٥
46–47

താങ്കളുടെ നാഥന്റെ ഒരു ശിക്ഷാലാഞ്ചന സ്പര്‍ശിക്കുമ്പോഴേക്ക് അവരതാ കേഴുന്നു: 'മഹാകഷ്ടം, നിശ്ചയം ഞങ്ങള്‍ അതിക്രമകാരികളായല്ലോ!' പുനരുത്ഥാനനാള്‍ നീതിനിഷ്ഠമായ തുലാസുകള്‍ നാം സംവിധാനിക്കും. അപ്പോള്‍ ആരോടും ഒട്ടുമേ അനീതി കാണിക്കപ്പെടില്ല. ഒരു കടുകുമണിത്തൂക്കമാണ് ഒരാളുടെ കര്‍മമുള്ളതെങ്കിലും നാമത് ഹാജറാക്കുന്നതാണ്. വിചാരണ നടത്താന്‍ നാം തന്നെ ധാരാളം!22

1 വിശദീകരണം കാണുക

22. ഏതു കൊടിയ ധിക്കാരിയും ദൈവികശിക്ഷയുടെ ഒരു കാറ്റടിക്കുമ്പോഴേക്കും പരിഭ്രമിച്ച് നിലവിളിച്ച് വിധേയത്വവും അനുസരണയും പ്രഖ്യാപിക്കും. ഫറോവ പോലും അങ്ങനെയാണു ചെയ്തത്. (സൂറ യൂനുസ് 90-92). ഓരോരുത്തരെയും പരലോകത്ത് അല്ലാഹു വിചാരണചെയ്യുകയും അര്‍ഹിക്കുന്ന പ്രതിഫലം നല്‍കുകയും ചെയ്യം. കടുകിട അനീതി അവിടെ കാണിക്കപ്പെടില്ല. ഓരോരുത്തര്‍ക്കും അര്‍ഹിക്കുന്ന പ്രതിഫലം അല്ലെങ്കില്‍ ശിക്ഷ യഥോചിതം നല്‍കപ്പെടും.

وَلَئِن مَّسَّتۡهُمۡ نَفۡحَةٞ مِّنۡ عَذَابِ رَبِّكَ لَيَقُولُنَّ يَٰوَيۡلَنَآ إِنَّا كُنَّا ظَٰلِمِينَ ۝٤٦
وَنَضَعُ ٱلۡمَوَٰزِينَ ٱلۡقِسۡطَ لِيَوۡمِ ٱلۡقِيَٰمَةِ فَلَا تُظۡلَمُ نَفۡسٞ شَيۡـٔٗاۖ وَإِن كَانَ مِثۡقَالَ حَبَّةٖ مِّنۡ خَرۡدَلٍ أَتَيۡنَا بِهَاۗ وَكَفَىٰ بِنَا حَٰسِبِينَ ۝٤٧
48–50

മൂസാ നബിക്കും ഹാറൂന്‍ നബിക്കും നാം സത്യാസത്യ വിവേചക വേദവും ദിവ്യവെളിച്ചവുമേകി; അദൃശ്യാവസ്ഥയില്‍ തങ്ങളുടെ നാഥനെ ഭയപ്പെടുകയും അന്ത്യനാളിനെപ്പറ്റി ഉത്കണ്ഠപ്പെടുകയും ചെയ്യുന്ന സൂക്ഷ്മാലുക്കള്‍ക്കുള്ള ഉദ്‌ബോധനവും നല്‍കയുണ്ടായി. ഈ ഖുര്‍ആന്‍ നാമിറക്കിയ അനുഗൃഹീത ബോധനമത്രേ. എന്നിട്ടും നിങ്ങളതു തള്ളിക്കളയുകയാണോ?23

1 വിശദീകരണം കാണുക

23. മര്‍ത്യകുലത്തിലെ വലിയൊരു ജനവിഭാഗമായ ഇസ്രാഈല്യര്‍ക്ക് തൗറാത്തും മറ്റൊരു മഹാ ജനപഥമായ ഇസ്മാഈല്യര്‍ക്ക് ഖുര്‍ആനും നല്‍കിയത് പരാമര്‍ശിക്കയാണ്. അല്ലാഹുവിങ്കല്‍ നിന്നുള്ള ദിവ്യബോധനമാണ് രണ്ടിലുമുള്ളത്. ഇസ്രയേല്യര്‍ മൂസാനബിയെയും ഹാറൂന്‍നബി(അ)യെയും തൗറാത്തും നിഷേധിക്കാന്‍ പാടില്ലായിരുന്നു; മുഹമ്മദ് നബി(സ്വ)യുടെ ആഗമനാനന്തരം സര്‍വമനുഷ്യരും ഖുര്‍ആന്‍ വിശ്വസിക്കയാണു വേണ്ടത് എന്നു താല്‍പര്യം.

وَلَقَدۡ ءَاتَيۡنَا مُوسَىٰ وَهَٰرُونَ ٱلۡفُرۡقَانَ وَضِيَآءٗ وَذِكۡرٗا لِّلۡمُتَّقِينَ ۝٤٨
ٱلَّذِينَ يَخۡشَوۡنَ رَبَّهُم بِٱلۡغَيۡبِ وَهُم مِّنَ ٱلسَّاعَةِ مُشۡفِقُونَ ۝٤٩
وَهَٰذَا ذِكۡرٞ مُّبَارَكٌ أَنزَلۡنَٰهُۚ أَفَأَنتُمۡ لَهُۥ مُنكِرُونَ ۝٥٠
51–58

അതിനുമുമ്പുതന്നെ ഇബ്രാഹീം നബിക്ക് നാം സന്മാര്‍ഗം നല്‍കുകയുണ്ടായി. താന്‍ അതിന്നര്‍ഹനാണെന്നു നമുക്കറിയാമായിരുന്നു.24
തന്റെ പിതാവിനോടും സ്വന്തം ജനത്തോടും അദ്ദേഹം ചോദിച്ച ഘട്ടം സ്മര്‍ത്തവ്യമത്രേ: നിങ്ങള്‍ ആരാധനയിലായി ചടഞ്ഞുകൂടിക്കൊണ്ടിരിക്കുന്ന ഈ ബിംബങ്ങള്‍ എന്താണ്? അവര്‍ പ്രതികരിച്ചു: ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചിരുന്നത് ഇവയാണെന്നാണ് ഞങ്ങള്‍ കണ്ടത്. അദ്ദേഹം വ്യക്തമാക്കി: നിങ്ങളും പിതാക്കളും സ്പഷ്ടമായ ദുര്‍മാര്‍ഗത്തില്‍ തന്നെ ആയിരിക്കുന്നു, തീര്‍ച്ച. അവര്‍ ചോദിച്ചു: സത്യവും കൊണ്ടാണോ നീ ഞങ്ങള്‍ക്കു മുമ്പില്‍ വന്നിരിക്കുന്നത്, അതോ തമാശ പറയുകയാണോ? അദ്ദേഹം മറുപടി നല്‍കി: നിങ്ങളുടെ വിശ്വാസമല്ല ശരി, ഭുവന-വാനങ്ങളുടെ സ്രഷ്ടാവായ നാഥനാണ് നിങ്ങളുടെ രക്ഷിതാവ്. അതിനു സാക്ഷിയാണു ഞാന്‍. അല്ലാഹു തന്നെ ശപഥം, നിങ്ങള്‍ പിരിഞ്ഞുപോയിക്കഴിഞ്ഞാല്‍ ഈ ബിംബങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഒരു സൂത്രപ്പണി ഒപ്പിക്കുന്നതാണ്. അങ്ങനെ അദ്ദേഹമവ-വലിയതിനെയൊഴികെ-തുണ്ടം തുണ്ടമാക്കി; വിവരമറിയാന്‍ വലിയതിനടുത്തേക്ക് അവര്‍ക്ക് ചെല്ലാമല്ലോ!25

2 വിശദീകരണങ്ങൾ കാണുക

24. മൂസാനബിക്കും ഹാറൂന്‍ നബി(അ)ക്കും പ്രവാചകത്വം നല്‍കിയ കാര്യമാണ് തൊട്ടുമുമ്പ് പരാമര്‍ശിച്ചത്. അതിനുമുമ്പായിരുന്നു ഇബ്രാഹീം നബി(അ)യുടെ നിയോഗം. വിശ്വാസികളുടെ പിതാവ് എന്നും സമുദായ സമാനന്‍ എന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന മഹാനും (ഖുര്‍ആന്‍ 16:120, 22:78) അല്ലാഹുവിന്റെ മിത്രവുമാണദ്ദേഹം.

25. കണ്ണും കാതുമില്ലാത്ത, ആര്‍ക്കും യാതൊരു ഉപകാരവും ഉപദ്രവും ചെയ്യാനാകാത്ത ബിംബങ്ങളെ ദൈവമാക്കുകയും ആരാധിക്കുകയും ചെയ്യുന്നതിലെ ബുദ്ധിശൂന്യതയും മൗഢ്യവും സ്വന്തം ജനതയെ ഗുണകാംക്ഷയോടെ മനസ്സിലാക്കാന്‍ നോക്കുകയാണ് ഇബ്രാഹീം നബി(അ). അതിനായി ആരാധനാ കേന്ദ്രത്തില്‍ നിന്ന് ആളുകള്‍ പിരിഞ്ഞുപോയ ശേഷം സുചിന്തിതമായ ഒരു പണിയൊപ്പിച്ചു: ഒരു മഴുവെടുത്തു എല്ലാ ബിംബങ്ങളെയും കൊത്തിനുറുക്കി കഷ്ണിച്ചു തുണ്ടങ്ങളാക്കി. വലിയ ബിംബത്തെ മാത്രം ഒന്നും ചെയ്തില്ല - ദൈവനിന്ദകാട്ടിയ കുറ്റവാളിയെക്കുറിച്ച് പെരിയദൈവത്തോട് അന്വേഷിച്ചറിയാനുള്ള(?) ഒരവസരം അവര്‍ക്കദ്ദേഹം ബാക്കിവെച്ചു!

۞ وَلَقَدۡ ءَاتَيۡنَآ إِبۡرَٰهِيمَ رُشۡدَهُۥ مِن قَبۡلُ وَكُنَّا بِهِۦ عَٰلِمِينَ ۝٥١
إِذۡ قَالَ لِأَبِيهِ وَقَوۡمِهِۦ مَا هَٰذِهِ ٱلتَّمَاثِيلُ ٱلَّتِيٓ أَنتُمۡ لَهَا عَٰكِفُونَ ۝٥٢
قَالُواْ وَجَدۡنَآ ءَابَآءَنَا لَهَا عَٰبِدِينَ ۝٥٣
قَالَ لَقَدۡ كُنتُمۡ أَنتُمۡ وَءَابَآؤُكُمۡ فِي ضَلَٰلٖ مُّبِينٖ ۝٥٤
قَالُوٓاْ أَجِئۡتَنَا بِٱلۡحَقِّ أَمۡ أَنتَ مِنَ ٱللَّٰعِبِينَ ۝٥٥
قَالَ بَل رَّبُّكُمۡ رَبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ ٱلَّذِي فَطَرَهُنَّ وَأَنَا۠ عَلَىٰ ذَٰلِكُم مِّنَ ٱلشَّٰهِدِينَ ۝٥٦
وَتَٱللَّهِ لَأَكِيدَنَّ أَصۡنَٰمَكُم بَعۡدَ أَن تُوَلُّواْ مُدۡبِرِينَ ۝٥٧
فَجَعَلَهُمۡ جُذَٰذًا إِلَّا كَبِيرٗا لَّهُمۡ لَعَلَّهُمۡ إِلَيۡهِ يَرۡجِعُونَ ۝٥٨
59–68

അവര്‍ അന്വേഷിച്ചു: നമ്മുടെ ദൈവങ്ങളെക്കൊണ്ട് ഇപ്പണി ചെയ്തവന്‍ ആര്? അതിക്രമി തന്നെയാണവന്‍, തീര്‍ച്ച. ചിലര്‍ പ്രതികരിച്ചു: ഇബ്രാഹീം എന്നു പേരുള്ള ഒരു യുവാവ് ഇവയെ അധിക്ഷേപിക്കുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്. നേതാക്കള്‍ ഉത്തരവിട്ടു: എങ്കില്‍ അവനെ പിടിച്ചു നിങ്ങള്‍ ജനസമക്ഷം ഹാജറാക്കൂ, അവരവനെ കാണട്ടെ. (ഹാജറാക്കപ്പെട്ടപ്പോള്‍) അവര്‍ ചോദിച്ചു: ഹേ ഇബ്രാഹീം, ഞങ്ങളുടെ ദൈവങ്ങളെക്കൊണ്ട് ഇപ്പണി ചെയ്തത് നീയാണോ? അദ്ദേഹം പ്രതികരിച്ചു: പക്ഷേ, ഇവരുടെ കൂട്ടത്തിലെ പെരിയവനാണിത് ചെയ്തത്; അവ എന്തെങ്കിലും ഉരിയാടുമെങ്കില്‍ അവയോടുതന്നെ ചോദിച്ചുനോക്കൂ! തത്സമയമവര്‍ സ്വമനസ്സാക്ഷികളിലേക്കു തിരിയുകയും 'നിങ്ങള്‍ തന്നെയാണ് അതിക്രമികള്‍, തീര്‍ച്ച'എന്നു ആത്മഗതം ചെയ്കയുമുണ്ടായി. എന്നാല്‍ പിന്നീട് ചിന്താഗതി കീഴ്‌മേല്‍മറിഞ്ഞ് അവര്‍ പറഞ്ഞു: ഇവ സംസാരിക്കുകയില്ലെന്ന് നിനക്ക് അറിയാമല്ലോ! അദ്ദേഹം ചോദിച്ചു: അപ്പോള്‍ നിങ്ങള്‍ക്ക് യാതൊരുവിധ ഗുണവും ദോഷവും ചെയ്യാത്തവയെയാണോ അല്ലാഹുവിനെ വിട്ട് നിങ്ങളാരാധിക്കുന്നത്? ഛെ, നിങ്ങളുടെയും അല്ലാഹുവിനെ വിട്ട് നിങ്ങളാരാധിക്കുന്ന ബിംബങ്ങളുടെയും കാര്യം അധിക്ഷേപാര്‍ഹം തന്നെ! ചിന്തിക്കുന്നില്ലേ നിങ്ങള്‍? അവര്‍ ആക്രോശിച്ചു: നിങ്ങള്‍ക്കെന്തെങ്കിലും ചെയ്യാനാകുമെങ്കില്‍ ഇവനെ അഗ്നിക്കിരയാക്കുകയും ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക.26

1 വിശദീകരണം കാണുക

26. ക്ഷേത്രത്തിലെത്തിയവര്‍ ദൈവങ്ങള്‍ക്കുവന്ന ദുരന്തംകണ്ട് നിലവിളിച്ച് അട്ടഹസിച്ചു. ഏതു ധിക്കാരിയാണിത് ചെയ്തതെന്ന് ചര്‍ച്ചനടത്തി. ഇബ്രാഹീം നബിയുടെ പേര് പൊന്തിവരികയും താന്‍ ഹാജറാക്കപ്പെടുകയും ചെയ്തു. വിചാരണാവേളയില്‍ ജനങ്ങളുടെ ചിന്താശേഷി തൊട്ടുണര്‍ത്താനായി അദ്ദേഹം പറഞ്ഞു: ഈ വലിയ ബിംബമാണിത് ചെയ്തിട്ടുണ്ടാവുക. തെളിവായി അതാ മഴു അതിന്റെ കഴുത്തില്‍. മാത്രമല്ല, പെരിയവനായ തന്നോടൊപ്പം ഈ കൊച്ചുകൊച്ചുദൈവങ്ങള്‍ ആരാധിക്കപ്പെടുന്നത് പെരിയവന്‍ ഇഷ്ടപ്പെടുന്നുമുണ്ടാകില്ല!.. ഇബ്രാഹീം നബിയുടെ ചിന്തോദ്ദീപകമായ സംസാരം ഒരുവേള അവരെ പിടിച്ചുനിര്‍ത്തി. ബിംബാരാധന തികച്ചും ബുദ്ധിശൂന്യമാണ് എന്ന് അവര്‍ക്ക് തോന്നി. പക്ഷേ, വീണ്ടുമവര്‍ പഴയ ചിന്താഗതിയിലേക്ക് മടങ്ങുകയും ഇബ്രാഹീം നബിയെ അഗ്നികുണ്ഡത്തിലിട്ട് കരിച്ചുകളയാന്‍ തീരുമാനിക്കുകയും ചെയ്തു. ഇന്നെത്തെ തുര്‍ക്കിയില്‍പെട്ട ഉര്‍ഫ എന്ന സ്ഥലത്ത് ഈ സംഭവത്തിന്റെ ചില ശേഷിപ്പുകള്‍ ഇന്നും കാണാം.

قَالُواْ مَن فَعَلَ هَٰذَا بِـَٔالِهَتِنَآ إِنَّهُۥ لَمِنَ ٱلظَّٰلِمِينَ ۝٥٩
قَالُواْ سَمِعۡنَا فَتٗى يَذۡكُرُهُمۡ يُقَالُ لَهُۥٓ إِبۡرَٰهِيمُ ۝٦٠
قَالُواْ فَأۡتُواْ بِهِۦ عَلَىٰٓ أَعۡيُنِ ٱلنَّاسِ لَعَلَّهُمۡ يَشۡهَدُونَ ۝٦١
قَالُوٓاْ ءَأَنتَ فَعَلۡتَ هَٰذَا بِـَٔالِهَتِنَا يَٰٓإِبۡرَٰهِيمُ ۝٦٢
قَالَ بَلۡ فَعَلَهُۥ كَبِيرُهُمۡ هَٰذَا فَسۡـَٔلُوهُمۡ إِن كَانُواْ يَنطِقُونَ ۝٦٣
فَرَجَعُوٓاْ إِلَىٰٓ أَنفُسِهِمۡ فَقَالُوٓاْ إِنَّكُمۡ أَنتُمُ ٱلظَّٰلِمُونَ ۝٦٤
ثُمَّ نُكِسُواْ عَلَىٰ رُءُوسِهِمۡ لَقَدۡ عَلِمۡتَ مَا هَٰٓؤُلَآءِ يَنطِقُونَ ۝٦٥
قَالَ أَفَتَعۡبُدُونَ مِن دُونِ ٱللَّهِ مَا لَا يَنفَعُكُمۡ شَيۡـٔٗا وَلَا يَضُرُّكُمۡ ۝٦٦
أُفّٖ لَّكُمۡ وَلِمَا تَعۡبُدُونَ مِن دُونِ ٱللَّهِۚ أَفَلَا تَعۡقِلُونَ ۝٦٧
قَالُواْ حَرِّقُوهُ وَٱنصُرُوٓاْ ءَالِهَتَكُمۡ إِن كُنتُمۡ فَٰعِلِينَ ۝٦٨
69–73

(നബിയെ തീകുണ്ഡത്തിലെറിയപ്പെട്ടപ്പോള്‍) നാമരുളി: ഓ അഗ്നീ, ഇബ്രാഹീമിനു നീ ശൈത്യവും സമാധാനവും ആകൂ. അദ്ദേഹത്തെക്കൊണ്ട് ഒരു കുതന്ത്രപ്രയോഗമാണ് അവരുദ്ദേശിച്ചത്; എന്നാല്‍ നാമവരെ ഏറ്റം പരാജിതരാക്കി.27
അദ്ദേഹത്തെയും ലൂഥ് നബിയെയും ലോകര്‍ക്കായി നാമനുഗൃഹീതമാക്കിയ ശാം നാട്ടിലേക്ക് രക്ഷപ്പെടുത്തി. അദ്ദേഹത്തിന്നു ഇസ്ഹാഖിനെയും പുറമെ യഅ്ഖൂബിനെയും കനിഞ്ഞേകുകയും അവരെയൊക്കെ സദ്‌വൃത്തരാക്കുകയും നമ്മുടെ ശാസനാനുസൃതം ലോകരെ നേര്‍വഴികാട്ടുന്ന സാരഥികളാക്കുകയും ചെയ്തു. ഉദാത്തകര്‍മങ്ങളനുഷ്ഠിക്കാനും നമസ്‌കാരം മുറപോലെ നിര്‍വഹിക്കാനും സകാത്ത് കൊടുക്കാനും നാമവര്‍ക്ക് ദിവ്യസന്ദേശം നല്‍കി. നമുക്ക് ആരാധനകളര്‍പ്പിക്കുന്നവരായിരുന്നു അവര്‍.28

2 വിശദീകരണങ്ങൾ കാണുക

27. ഉര്‍ഫയിലെ ചെങ്കുത്തായി ഉയര്‍ന്ന് നില്‍ക്കുന്ന ഒരു പാറക്കുന്നില്‍ നിന്നു തൊട്ടുതാഴെ തയ്യാറാക്കിയ വലിയ അഗ്നികുണ്ഡത്തിലേക്ക് തെറ്റുവില്ല് എന്ന ഒരു യന്ത്രത്തിന്റെ സഹായത്തോടെയാണവര്‍ ഇബ്രാഹീം നബി(അ)യെ എറിഞ്ഞത്. തല്‍ക്ഷണം അഗ്നിയോട് അല്ലാഹുവിന്റെ ഉത്തരവുണ്ടായി - നബിയ്ക്ക് തണുപ്പും ശാന്തിയുമാവുക! ഇമാം ഇബ്‌നു അബ്ബാസ്(റ) പറയുന്നു: 'തണുപ്പാവുക എന്ന ശാസനക്കൊപ്പം ശാന്തി(സലാം)യുമാവുക എന്ന് അല്ലാഹു പറഞ്ഞിരുന്നില്ലെങ്കില്‍ അഗ്നിയുടെ അതിശൈത്യം മൂലം നബി മരിച്ചുപോകുമായിരുന്നു!' ഏതായാലും അത്യത്ഭുതകരമാം വിധം ആത്മമിത്രം ഇബ്രാഹീം നബി(അ)യെ അല്ലാഹു രക്ഷപ്പെടുത്തി. ദുഷ്ടലാക്കുവെച്ച പ്രതിയോഗികള്‍ ഇളിഭ്യരും പരാജിതരുമായി.

28. ഇറാഖിലായിരുന്ന ഇബ്രാഹീം നബിയെ സഹോദര പുത്രന്‍ ലൂഥ് നബിയൊന്നിച്ച് അല്ലാഹു ശാമിലേക്ക് രക്ഷപ്പെടുത്തുകയാണുണ്ടായത്. തുടര്‍ന്ന് സാറാബീവിയില്‍ ഇസ്ഹാഖ് നബി ജനിച്ചു. അദ്ദേഹത്തിന് യഅ്ഖൂബ് നബിയുമുണ്ടായി. ഇവരുടെ സന്തതീപരമ്പരയാണ് ഇസ്രയേല്യര്‍. ഒട്ടേറെ പ്രവാചകന്മാരും ദൈവദൂതന്മാരും ഭരണസാരഥികളും ഇവരിലുണ്ടായി. ആ പ്രവാചകര്‍ സദ്‌വൃത്തരും ധര്‍മനിഷ്ഠരും അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരുമായിരുന്നു. ശാമിനെകുറിച്ച് 'അനുഗൃഹീത ഭൂമി' എന്ന പ്രയോഗം മറ്റുചില സൂക്തങ്ങളിലുമുണ്ട്.

قُلۡنَا يَٰنَارُ كُونِي بَرۡدٗا وَسَلَٰمًا عَلَىٰٓ إِبۡرَٰهِيمَ ۝٦٩
وَأَرَادُواْ بِهِۦ كَيۡدٗا فَجَعَلۡنَٰهُمُ ٱلۡأَخۡسَرِينَ ۝٧٠
وَنَجَّيۡنَٰهُ وَلُوطًا إِلَى ٱلۡأَرۡضِ ٱلَّتِي بَٰرَكۡنَا فِيهَا لِلۡعَٰلَمِينَ ۝٧١
وَوَهَبۡنَا لَهُۥٓ إِسۡحَٰقَ وَيَعۡقُوبَ نَافِلَةٗۖ وَكُلّٗا جَعَلۡنَا صَٰلِحِينَ ۝٧٢
وَجَعَلۡنَٰهُمۡ أَئِمَّةٗ يَهۡدُونَ بِأَمۡرِنَا وَأَوۡحَيۡنَآ إِلَيۡهِمۡ فِعۡلَ ٱلۡخَيۡرَٰتِ وَإِقَامَ ٱلصَّلَوٰةِ وَإِيتَآءَ ٱلزَّكَوٰةِۖ وَكَانُواْ لَنَا عَٰبِدِينَ ۝٧٣
74–77

ലൂഥ് നബിക്ക് നാം പ്രവാചകത്വവും തത്ത്വജ്ഞാനവും നല്‍കുകയും ഹീനകൃത്യങ്ങള്‍ അനുവര്‍ത്തിച്ചു കൊണ്ടിരുന്ന ആ നാട്ടില്‍ നിന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തു. തദ്ദേശീയര്‍ അധര്‍മകാരികളായ ഹീന ജനം തന്നെയായിരുന്നു. എന്നാല്‍, അദ്ദേഹത്തെ നമ്മുടെ ദയാവായ്പില്‍ ഉള്‍പ്പെടുത്തി; താന്‍ സദ്‌വൃത്തരില്‍ പെട്ടയാളായിരുന്നു.29
നൂഹ് നബിയെയും അനുസ്മരിക്കുക; മുമ്പ് താന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍. അദ്ദേഹത്തിന് നാം ഉത്തരം നല്‍കുകയും തന്നെയും കുടുംബത്തെയും ആ ഗുരുതര ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയുമുണ്ടായി. നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയവരില്‍ നിന്ന് അദ്ദേഹത്തിനു നാം സഹായമേകി. അവരൊരു ഹീന ജനം തന്നെയായിരുന്നു; തന്മൂലം അവരെയൊന്നടങ്കം നാം മുക്കിക്കൊന്നു.30

2 വിശദീകരണങ്ങൾ കാണുക

29. ഫിലസ്ഥീനിലെ ഖുദ്‌സ് നഗരത്തിന്റെ തെക്കു ഭാഗത്തുള്ള സദൂം കേന്ദ്രീകരിച്ചായിരുന്നു ലൂഥ് നബി(അ)യുടെ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍, ജനങ്ങളുടെ സംസ്‌കാരശൂന്യമായ ജീവിതവും ഹീനമായ ദുര്‍നടപ്പും മൂലം അല്ലാഹു സദൂമും പരിസര സ്ഥലങ്ങളും ഉള്‍പ്പെടെ കീഴ്‌മേല്‍ മറിച്ച് ഗുരുതര ശിക്ഷയിറക്കി അവരെ നശിപ്പിച്ചു. ലൂഥ് നബിയും സത്യവിശ്വാസികളും രക്ഷപ്പെട്ടു. ഈ സ്ഥലത്താണ് ചാവുകടല്‍. (ഖുര്‍: 11:82, 11:74 നോക്കുക).

30. നൂഹ് നബി(അ)യുടെ സമൂഹത്തിന്റെ ചരിത്രം പലേടത്തും ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. കടുത്ത നിഷേധ മനസ്‌കരായ അവര്‍ -വളരെ തുച്ഛം പേരൊഴിച്ച്- നബിയെ ധിക്കരിച്ചു. ഫലമോ? വലിയ വെള്ളപ്പൊക്കമുണ്ടായി നിഷേധികള്‍ ഉന്മൂലനം ചെയ്യപ്പെട്ടു. ഇവിടെ സൂചിപ്പിക്കപ്പെട്ട പ്രാര്‍ത്ഥന, തന്റെ നിഷേധികളും ധിക്കാരികളുമായ ജനത്തെ വിപാടനം ചെയ്യാന്‍ വേണ്ടി, ഗത്യന്തരമില്ലാതെ നബി ദുആ ചെയ്തതാകുന്നു. സൂറത്തു നൂഹ് 26-28 കാണുക.

وَلُوطًا ءَاتَيۡنَٰهُ حُكۡمٗا وَعِلۡمٗا وَنَجَّيۡنَٰهُ مِنَ ٱلۡقَرۡيَةِ ٱلَّتِي كَانَت تَّعۡمَلُ ٱلۡخَبَٰٓئِثَۚ إِنَّهُمۡ كَانُواْ قَوۡمَ سَوۡءٖ فَٰسِقِينَ ۝٧٤
وَأَدۡخَلۡنَٰهُ فِي رَحۡمَتِنَآۖ إِنَّهُۥ مِنَ ٱلصَّٰلِحِينَ ۝٧٥
وَنُوحًا إِذۡ نَادَىٰ مِن قَبۡلُ فَٱسۡتَجَبۡنَا لَهُۥ فَنَجَّيۡنَٰهُ وَأَهۡلَهُۥ مِنَ ٱلۡكَرۡبِ ٱلۡعَظِيمِ ۝٧٦
وَنَصَرۡنَٰهُ مِنَ ٱلۡقَوۡمِ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَآۚ إِنَّهُمۡ كَانُواْ قَوۡمَ سَوۡءٖ فَأَغۡرَقۡنَٰهُمۡ أَجۡمَعِينَ ۝٧٧
78–82

ദാവൂദ് നബിയെയും മകന്‍ സുലൈമാന്‍ നബിയെയും അനുസ്മരിക്കുക. ഒരു കൂട്ടരുടെ ആടുകള്‍ കൃഷിയിടത്തില്‍ പ്രവേശിച്ച് മേഞ്ഞുതിന്ന പ്രശ്‌നത്തില്‍ ഇരുവരും വിധി പറഞ്ഞപ്പോള്‍ നാം സന്നിഹിതരായിരുന്നു. എന്നിട്ട് സുലൈമാന്‍ നബിക്ക് നാമത് മനസ്സിലാക്കിക്കൊടുത്തു. ഇരുവര്‍ക്കും വിധികര്‍തൃത്വവും വിജ്ഞാനവും നാം നല്‍കിയിരുന്നു.31
താനൊന്നിച്ച് ദൈവപ്രകീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്ന പര്‍വതങ്ങളെയും പക്ഷികളെയും ദാവൂദ് നബിക്ക് നാം അധീനപ്പെടുത്തിക്കൊടുത്തു. അതൊക്കെ പ്രയോഗവത്കരിച്ചത് നാമായിരുന്നു. യുദ്ധങ്ങളില്‍ നിങ്ങള്‍ക്ക് പ്രതിരോധം നേടാനായി പടയങ്കിയുണ്ടാക്കാന്‍ അദ്ദേഹത്തെ നാം പഠിപ്പിച്ചു. എന്നിട്ട് നിങ്ങള്‍ കൃതജ്ഞത പ്രകടിപ്പിക്കുന്നവരാണോ?32
ശക്തമായടിക്കുന്ന കാറ്റും സുലൈമാന്‍ നബിക്ക് നാം കീഴ്‌പ്പെടുത്തി. തന്റെയാജ്ഞാനുസൃതം നാമനുഗ്രഹം ചൊരിഞ്ഞ നാട്ടിലേക്കത് അടിച്ചുവീശും. സര്‍വ കാര്യങ്ങളെപ്പറ്റിയും അറിയുന്നവനാണ് നാം. മുങ്ങല്‍ വിദഗ്ധരും ഇതര ജോലികള്‍ നിര്‍വഹിക്കുന്നവരുമായ പിശാചുക്കളെയും അദ്ദേഹത്തിനു നാം വിധേയരാക്കി. അവരെയത്രയും സംരക്ഷിച്ചത് നാമായിരുന്നു.33

3 വിശദീകരണങ്ങൾ കാണുക

31. കൗതുകകരമായ ഒരു സംഭവവും വിധിയുമായിരുന്നു ഇത്. ഇമാം ഇബ്‌നു മസ്ഊദ്(റ) ഉദ്ധരിക്കുന്നതനുസരിച്ച് അതിങ്ങനെയാണ്: രണ്ടു വിഭാഗമാളുകളാണ് നബി സന്നിധിയിലെത്തിയത്. ഒരു വിഭാഗത്തിന്റെ മുന്തിരിത്തോട്ടത്തില്‍ മറുകക്ഷിയുടെ ആട്ടിന്‍കൂട്ടങ്ങള്‍ രാത്രി കടന്ന് നിശ്ശേഷം തിന്നു നശിപ്പിച്ചു. ഈ കേസില്‍ ദാവൂദ് നബി(അ) വിധിപറഞ്ഞത് കര്‍ഷകന്‍ പാപ്പരായതിനാല്‍ ആടുകളെ അദ്ദേഹത്തിന് നല്‍കണമെന്നാണ്. എന്നാല്‍, മടക്കത്തിലവര്‍ സുലൈമാന്‍ നബി(അ)യെ കണ്ടു. അദ്ദേഹം കുട്ടിയാണന്ന്. സംഭവവും വിധിയും വിവരങ്ങളും അവര്‍ പരസ്പരം കൈമാറി.
ഇതു കേട്ട സുലൈമാന്‍ നബി നേരെ ദാവൂദ് നബി(അ)യുടെയടുത്തേക്ക് ചെന്ന് ബോധിപ്പിച്ചു: പിതാവേ, മറ്റൊരു വിധിയാണ് ഈ സംഭവത്തില്‍ കൂടുതല്‍ ആര്‍ദ്രതാപൂര്‍ണമെന്ന് തോന്നുന്നു. ആടുകളും ഭൂമിയും അങ്ങ് പരസ്പരം കൈമാറാന്‍ കല്‍പിക്കുക. ഈ ഘട്ടത്തില്‍ കര്‍ഷകന്‍ ആടുകളുടെ പാല്, കുഞ്ഞുങ്ങള്‍, രോമം മുതലായവ അനുഭവിക്കട്ടെ. തത്സമയം ആടുകളുടെ ഉടമ കൃഷിഭൂമി ഏറ്റെടുത്ത് പുതിയ വിളയിറക്കി ആവശ്യമായ ശുശ്രൂഷകളും മറ്റും ചെയ്ത് പൂര്‍വസ്ഥിതിയിലെത്തിക്കണം. അന്നേരം ഓരോരുത്തരും അവരവരുടേത് തിരിച്ച് ഏറ്റെടുക്കുക. 'ഇതു തന്നെയാണ് മകനേ, ശരിയായ വിധി' എന്നു പറഞ്ഞ് ദാവൂദ് നബി മകനെ പ്രശംസിക്കുകയും ആ വിധി നടപ്പാക്കുകയും ചെയ്തു.

32. പക്ഷികള്‍, പര്‍വതങ്ങള്‍ മുതലായ പലതും ദാവൂദ് നബി(അ)ക്ക് കീഴ്‌പ്പെടുത്തപ്പെട്ടിരുന്നു. ലോകത്ത് ആദ്യമായി ചെറിയ കണ്ണികള്‍ കൊണ്ട് പടയങ്കികള്‍ നിര്‍മിച്ചത് ദാവൂദ് നബിയാണ്. യോദ്ധാവിന് ശാരീരിക ചലനങ്ങള്‍ക്ക് തടസ്സമില്ലാത്ത പടയങ്കിയായിരുന്നു അത്. മെഴുകും ഗോതമ്പുമാവും പോലെ അതിലോലമായി തന്റെ കൈയില്‍ ഇരുമ്പ് പരിണമിക്കുമായിരുന്നു. ഖുര്‍ആന്‍ 34:10ല്‍ ഇത് സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്.

33. സുലൈമാന്‍ നബി(അ)ക്ക് അസാധാരണമായ പല സവിശേഷതകളും അല്ലാഹു നല്‍കിയിരുന്നു. സവാരിക്കായി കാറ്റ് കീഴ്‌പ്പെടുത്തിയതും രാവിലെയും വൈകുന്നേരവും ഓരോ മാസത്തെ ദൂരം അത് സഞ്ചരിച്ചിരുന്നുവെന്നും സൂറത്ത് സബഅ് 12ല്‍ കാണാം. യമനിലേക്കും അനുഗൃഹീതമായ ശാമിലേക്കും മറ്റും നബി ഇങ്ങനെ കാറ്റിലൂടെ സഞ്ചരിച്ചിരുന്നു. സമുദ്രങ്ങളില്‍ മുങ്ങി മുത്തുകളെടുക്കുക, കെട്ടിട നിര്‍മാണം മുതലായ ആവശ്യമായ ഇതര ജോലികള്‍ ചെയ്യുക തുടങ്ങിയവക്കായി പിശാചുക്കളെയും നബിക്ക് അല്ലാഹു കീഴ്‌പ്പെടുത്തിക്കൊടുത്തിരുന്നു. (ഖുര്‍. 34:12,13 നോക്കുക.)

وَدَاوُۥدَ وَسُلَيۡمَٰنَ إِذۡ يَحۡكُمَانِ فِي ٱلۡحَرۡثِ إِذۡ نَفَشَتۡ فِيهِ غَنَمُ ٱلۡقَوۡمِ وَكُنَّا لِحُكۡمِهِمۡ شَٰهِدِينَ ۝٧٨
فَفَهَّمۡنَٰهَا سُلَيۡمَٰنَۚ وَكُلًّا ءَاتَيۡنَا حُكۡمٗا وَعِلۡمٗاۚ وَسَخَّرۡنَا مَعَ دَاوُۥدَ ٱلۡجِبَالَ يُسَبِّحۡنَ وَٱلطَّيۡرَۚ وَكُنَّا فَٰعِلِينَ ۝٧٩
وَعَلَّمۡنَٰهُ صَنۡعَةَ لَبُوسٖ لَّكُمۡ لِتُحۡصِنَكُم مِّنۢ بَأۡسِكُمۡۖ فَهَلۡ أَنتُمۡ شَٰكِرُونَ ۝٨٠
وَلِسُلَيۡمَٰنَ ٱلرِّيحَ عَاصِفَةٗ تَجۡرِي بِأَمۡرِهِۦٓ إِلَى ٱلۡأَرۡضِ ٱلَّتِي بَٰرَكۡنَا فِيهَاۚ وَكُنَّا بِكُلِّ شَيۡءٍ عَٰلِمِينَ ۝٨١
وَمِنَ ٱلشَّيَٰطِينِ مَن يَغُوصُونَ لَهُۥ وَيَعۡمَلُونَ عَمَلٗا دُونَ ذَٰلِكَۖ وَكُنَّا لَهُمۡ حَٰفِظِينَ ۝٨٢
83–88

തന്റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് 'ദുരിതം എന്നെ പിടികൂടുക തന്നെ ചെയ്തിരിക്കുന്നു; നീ ഏറ്റം വലിയ കാരുണ്യവാനാണല്ലോ' എന്ന് അയ്യൂബ് നബി പ്രാര്‍ത്ഥിച്ച സന്ദര്‍ഭവും സ്മരണീയമത്രേ. അപ്പോള്‍ നാം തന്റെ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കുകയും തന്നെ ബാധിച്ച ദുരിതം ദൂരീകരിക്കുകയും കുടുംബാംഗങ്ങളെയും അവരൊന്നിച്ച് അത്രയും പേരെ വേറെയും അദ്ദേഹത്തിനു നല്‍കുകയും ചെയ്തു- നമ്മുടെ പക്കല്‍ നിന്നുള്ള ഒരനുഗ്രഹവും ധ്യാനനിരതര്‍ക്ക് ഒരനുസ്മരണവുമായി.34
ഇസ്മാഈല്‍ നബി, ഇദ്‌രീസ് നബി, ദുല്‍കിഫ്‌ല് നബി എന്നിവരെയും -ഇവരൊക്കെ ക്ഷമാശീലരില്‍ പെട്ടവരായിരുന്നു- അനുസ്മരിക്കുക. നമ്മുടെ അനുഗ്രഹത്തില്‍ അവരെ നാം പ്രവേശിപ്പിച്ചു; സദ്‌വൃത്തരില്‍ പെട്ടവര്‍ തന്നെയാണവര്‍. ദുന്നൂന്‍ എന്ന യൂനുസ് നബിയെയും ഓര്‍ക്കുക. രോഷാകുലനായി ദേശത്യാഗം ചെയ്തപ്പോള്‍ തന്റെ മേല്‍ അല്ലാഹു ഇടുക്കമുണ്ടാക്കുകയില്ലെന്നദ്ദേഹം വിചാരിച്ചു.35
അങ്ങനെ തിമിംഗലവയറ്റിലെ അന്ധകാരങ്ങളില്‍ നിന്നദ്ദേഹം പ്രാര്‍ത്ഥിച്ചു: 'നാഥാ, നീയല്ലാതെ ഒരു ദൈവവുമില്ല; എത്രമേല്‍ പരിശുദ്ധനാണു നീ! നിശ്ചയം, ഞാന്‍ അതിക്രമികളില്‍ അകപ്പെട്ടു കഴിഞ്ഞിരിക്കുന്നു!' തത്സമയം അദ്ദേഹത്തിനു നാം ഉത്തരം നല്‍കുകയും ദുഃഖപാരമ്യത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയുമുണ്ടായി. സത്യവിശ്വാസികളെ അങ്ങനെയാണ് നാം സുരക്ഷിതരാക്കുക.36

3 വിശദീകരണങ്ങൾ കാണുക

34. അയ്യൂബ് നബി(അ)ക്ക് സമ്പത്തും സന്താനങ്ങളും സ്ഥാനമാനങ്ങളുമായി ഒട്ടേറെ അനുഗ്രഹങ്ങള്‍ അല്ലാഹു നല്‍കിയിരുന്നു. പരീക്ഷണാര്‍ത്ഥം അവയത്രയും അവന്‍ തിരിച്ചുപിടിച്ചു. നാനാവിധ പ്രതിസന്ധികളും പ്രയാസങ്ങളും കഷ്ടപ്പാടുകളുമുണ്ടായി. എന്നാല്‍, അവയത്രയും കാരിരുമ്പിന്റെ ശക്തിയുള്ള ഹൃദയവുമായി ആ മഹാന്‍ നേരിട്ടു; ക്ഷമയുടെ പ്രതീകവും പര്യായവുമായി മാറി. പരീക്ഷണത്തില്‍ വിജയശ്രീലാളിതനായ നബിശ്രേഷ്ഠന്ന് തന്റെ മഹത്തായ അനുഗ്രഹവും ഔദാര്യവുമായി അവയത്രയും കുറേയധികവും അല്ലാഹു തിരിച്ചു നല്‍കി. അവനെ ആരാധിക്കുകയും ക്ഷമ കൈക്കൊള്ളുകയും ചെയ്യുന്ന സര്‍വര്‍ക്കും ഏറ്റം വലിയ പാഠമാണ് ഇതിലുള്ളത്.

35. പുരാതന ചരിത്രത്തിലെ ഒരു സുപ്രധാന നഗരമായ 'നീനവ'യിലേക്കാണ് യൂനുസ് നബി(അ) നിയുക്തനായിരുന്നത്. ഇറാഖിന്റെ വടക്കുഭാഗത്തുള്ള അല്‍ മൗസ്വിലിനു സമീപമാണിത്. പണ്ട് അസീറിയയുടെ തലസ്ഥാനമായിരുന്നു. തന്റെ സത്യപ്രബോധനം ജനം നിരന്തരം തള്ളിക്കളയുകയും നിഷേധിക്കുകയും ചെയ്തപ്പോള്‍ അവരോടുള്ള അരിശവും ക്രോധവും നിമിത്തം അല്ലാഹുവിന്റെ അനുമതി ലഭിക്കാതെ അദ്ദേഹം നാടുവിട്ടു. ജനങ്ങളോടുള്ള കോപത്താലാണ് നാടുവിട്ടത് എന്നതിനാല്‍ കുടുസ്സായ ഒരവസ്ഥയും അല്ലാഹുവിന്റെ ഭാഗത്തു നിന്ന് തനിക്കുണ്ടാവില്ല എന്നായിരുന്നു നബി(അ)യുടെ ധാരണ. എന്നാല്‍, കടല്‍യാത്രാമധ്യേ പുറത്തേക്കു ചാടിയ അദ്ദേഹത്തെ ഒരു തിമിംഗലം വിഴുങ്ങി. അതിന്റെ വയറ്റില്‍ കഴിഞ്ഞതു കൊണ്ടാണ് ദുന്നൂന്‍ (മത്സ്യത്തിന്റെ ആള്‍) എന്ന മറുപേര് വന്നത്.

36. യൂനുസ് നബി(അ)യെ ഭക്ഷണമാക്കുകയോ പരിക്കേല്‍പിക്കുകയോ ചെയ്യരുതെന്ന് മത്സ്യത്തിന് അല്ലാഹു പ്രത്യേക ബോധനം നല്‍കിയിരുന്നു. അതിന്റെ പ്രവിശാലമായ വയര്‍ നബിക്ക് ഒരു തടവറയാക്കുകയാണ് അല്ലാഹു ചെയ്തത്. തത്സമയം അദ്ദേഹത്തിന് കുറ്റബോധമുണ്ടായി, പശ്ചാത്തപിച്ചു. അത് സ്വീകരിക്കപ്പെടുകയും തിമിംഗലം 'തടവുപുള്ളി'യെ കടല്‍തീരത്തെ ശൂന്യസ്ഥലത്ത് കൊണ്ടുവന്ന് പുറത്തേക്ക് തള്ളുകയുമുണ്ടായി. (37:139-148 നോക്കുക.)

۞ وَأَيُّوبَ إِذۡ نَادَىٰ رَبَّهُۥٓ أَنِّي مَسَّنِيَ ٱلضُّرُّ وَأَنتَ أَرۡحَمُ ٱلرَّٰحِمِينَ ۝٨٣
فَٱسۡتَجَبۡنَا لَهُۥ فَكَشَفۡنَا مَا بِهِۦ مِن ضُرّٖۖ وَءَاتَيۡنَٰهُ أَهۡلَهُۥ وَمِثۡلَهُم مَّعَهُمۡ رَحۡمَةٗ مِّنۡ عِندِنَا وَذِكۡرَىٰ لِلۡعَٰبِدِينَ ۝٨٤
وَإِسۡمَٰعِيلَ وَإِدۡرِيسَ وَذَا ٱلۡكِفۡلِۖ كُلّٞ مِّنَ ٱلصَّٰبِرِينَ ۝٨٥
وَأَدۡخَلۡنَٰهُمۡ فِي رَحۡمَتِنَآۖ إِنَّهُم مِّنَ ٱلصَّٰلِحِينَ ۝٨٦
وَذَا ٱلنُّونِ إِذ ذَّهَبَ مُغَٰضِبٗا فَظَنَّ أَن لَّن نَّقۡدِرَ عَلَيۡهِ فَنَادَىٰ فِي ٱلظُّلُمَٰتِ أَن لَّآ إِلَٰهَ إِلَّآ أَنتَ سُبۡحَٰنَكَ إِنِّي كُنتُ مِنَ ٱلظَّٰلِمِينَ ۝٨٧
فَٱسۡتَجَبۡنَا لَهُۥ وَنَجَّيۡنَٰهُ مِنَ ٱلۡغَمِّۚ وَكَذَٰلِكَ نُـۨجِي ٱلۡمُؤۡمِنِينَ ۝٨٨
89–91

തന്റെ നാഥനോട് സകരിയ്യാ നബി (സന്താനത്തിനായി) ഇപ്രകാരം പ്രാര്‍ത്ഥിച്ച സന്ദര്‍ഭവും അനുസ്മരിക്കുക: 'എന്റെ രക്ഷിതാവേ, എന്നെ ഏകനാക്കി നീ വിടരുതേ; അനന്തരാവകാശമെടുക്കുന്നവരില്‍ ഏറ്റം ഉദാത്തന്‍ നീയാണല്ലോ.' തത്സമയം തനിക്കു നാം ഉത്തരം നല്‍കുകയും പുത്രന്‍ യഹ്‌യായെ കനിഞ്ഞേകുകയും അതിനു സഹധര്‍മിണിയെ യോഗ്യയാക്കുകയുമുണ്ടായി. നിശ്ചയം അവര്‍ ശ്രേഷ്ഠ കര്‍മങ്ങള്‍ക്ക് തത്രപ്പെടുകയും ആശിച്ചും ആശങ്കിച്ചും നമ്മോട് പ്രാര്‍ത്ഥിക്കുകയും താഴ്മ കാണിക്കുകയും ചെയ്യുന്നവരായിരുന്നു. ചാരിത്ര്യം പരിരക്ഷിച്ച ആ മഹിള(മര്‍യം ബീവി)യെയും ഓര്‍ക്കുക. നമ്മുടെ ആത്മാവില്‍ നിന്ന് അവരില്‍ നാം നിക്ഷേപിക്കുകയും അവരെയും പുത്രനെയും ലോകര്‍ക്ക് ദൃഷ്ടാന്തമാക്കുകയും ചെയ്തു.37

1 വിശദീകരണം കാണുക

37. സകരിയ്യാ നബി(അ)യുടെയും മര്‍യം ബീവിയുടെയും കഥ അല്‍പം മുമ്പ് 19ാം അധ്യായത്തിന്റെ ആദ്യഭാഗത്ത് പറഞ്ഞുപോയിട്ടുണ്ട്. സഹധര്‍മിണി വന്ധ്യയും വയോവൃദ്ധയായതിനാല്‍ സാധാരണഗതിയില്‍ ഗര്‍ഭധാരണത്തിന് അശക്തയും ആയിരുന്നത് സൂചിപ്പിച്ചാണ് ഗര്‍ഭം ധരിക്കുന്നതിന് 'യോഗ്യയാക്കി' എന്ന് പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നത്. ഗര്‍ഭധാരണത്തിനാവശ്യമായ പാകത അവരില്‍ പുതുതായി ഉണ്ടാക്കി എന്നു വിവക്ഷ.

وَزَكَرِيَّآ إِذۡ نَادَىٰ رَبَّهُۥ رَبِّ لَا تَذَرۡنِي فَرۡدٗا وَأَنتَ خَيۡرُ ٱلۡوَٰرِثِينَ ۝٨٩
فَٱسۡتَجَبۡنَا لَهُۥ وَوَهَبۡنَا لَهُۥ يَحۡيَىٰ وَأَصۡلَحۡنَا لَهُۥ زَوۡجَهُۥٓۚ إِنَّهُمۡ كَانُواْ يُسَٰرِعُونَ فِي ٱلۡخَيۡرَٰتِ وَيَدۡعُونَنَا رَغَبٗا وَرَهَبٗاۖ وَكَانُواْ لَنَا خَٰشِعِينَ ۝٩٠
وَٱلَّتِيٓ أَحۡصَنَتۡ فَرۡجَهَا فَنَفَخۡنَا فِيهَا مِن رُّوحِنَا وَجَعَلۡنَٰهَا وَٱبۡنَهَآ ءَايَةٗ لِّلۡعَٰلَمِينَ ۝٩١
92–94

നിശ്ചയം, ഇതാണ് നിങ്ങളുടെ ഒറ്റക്കെട്ടായ സമുദായം; ഞാന്‍ നിങ്ങളുടെ നാഥനുമാകുന്നു. അതുകൊണ്ട് എന്നെ നിങ്ങള്‍ ആരാധിക്കണം. പക്ഷേ, തങ്ങള്‍ക്കിടയിലുള്ള പരസ്പര ബന്ധം മനുഷ്യര്‍ ഛിന്നഭിന്നമാക്കി. സര്‍വരും മടങ്ങിവരിക നമ്മിലേക്കു തന്നെ. സത്യവിശ്വാസിയായിക്കൊണ്ട് ആരെങ്കിലും വല്ല പുണ്യകര്‍മവും അനുവര്‍ത്തിച്ചാല്‍ തന്റെ പ്രയത്‌നഫലം അവനു നിഷേധിക്കപ്പെടില്ല; നാമത് രേഖപ്പെടുത്തി വെക്കുക തന്നെ ചെയ്യുന്നതാണ്.38

1 വിശദീകരണം കാണുക

38. വിവിധ പ്രവാചകരുടെ ചരിത്രം പറഞ്ഞുവല്ലോ; അവരൊക്കെയും ഒറ്റ സമുദായമാണ്- അല്ലാഹുവിന്റെ സമുദായം. ഒരേ സ്രഷ്ടാവിന്റെ അടിമകളും ഒരേ ദൈവിക ജീവിതവ്യവസ്ഥയുടെ അനുയായികളും. തങ്ങള്‍ക്കിടയില്‍ ഛിദ്രതയും ഭിന്നിപ്പും അനൈക്യവുമൊക്കെ ഉണ്ടാക്കിയത് മനുഷ്യര്‍ തന്നെയാണ്. എന്നാല്‍, അവസാനം സര്‍വരും ഒരിടത്ത്-പരലോകത്ത്-തന്നെയാണ് അന്തിമ സംഗമത്തിനെത്തുക. ഓരോരുത്തര്‍ക്കും അവരവരുടെ കര്‍മഫലങ്ങള്‍ ഒരുവിധ അനീതിയുമില്ലാതെ നല്‍കപ്പെടും. സല്‍ക്കര്‍മങ്ങള്‍ക്ക് പരലോകത്ത് പ്രതിഫലം ലഭിക്കാന്‍ സത്യവിശ്വാസം കൂടിയേ തീരൂ എന്നാണ് 94-ാം വചനം പഠിപ്പിക്കുന്നത്.

إِنَّ هَٰذِهِۦٓ أُمَّتُكُمۡ أُمَّةٗ وَٰحِدَةٗ وَأَنَا۠ رَبُّكُمۡ فَٱعۡبُدُونِ ۝٩٢
وَتَقَطَّعُوٓاْ أَمۡرَهُم بَيۡنَهُمۡۖ كُلٌّ إِلَيۡنَا رَٰجِعُونَ ۝٩٣
فَمَن يَعۡمَلۡ مِنَ ٱلصَّٰلِحَٰتِ وَهُوَ مُؤۡمِنٞ فَلَا كُفۡرَانَ لِسَعۡيِهِۦ وَإِنَّا لَهُۥ كَٰتِبُونَ ۝٩٤
95–97

നാം സംഹരിച്ചു കളഞ്ഞ ഏതൊരു നാട്ടുകാരും മടങ്ങിവരിക എന്നത് സംഭവിക്കുകയില്ല. അങ്ങനെ യഅ്ജൂജ്- മഅ്ജൂജിനെ തുറന്നുവിട്ടാല്‍ എല്ലാ ഉയര്‍ന്ന സ്ഥലങ്ങളില്‍ നിന്നും അവര്‍ താഴോട്ട് കുതിച്ചിറങ്ങും. സത്യസന്ധമായ ആ വാഗ്ദത്ത ദിനം വന്നെത്തിയാല്‍ തത്സമയം നിഷേധികളുടെ നയനങ്ങള്‍ തുറിച്ച് മേലോട്ടുയരുന്നതാണ്. അവര്‍ കേണു നിലവിളിക്കും: ഹാ കഷ്ടം, ഞങ്ങളുടെയൊരു നാശം! ഇതെക്കുറിച്ച് ഞങ്ങള്‍ അശ്രദ്ധര്‍ തന്നെയായിരുന്നു; എന്നല്ല, അതിക്രമികള്‍ തന്നെയായിരുന്നു ഞങ്ങള്‍.39

1 വിശദീകരണം കാണുക

39. സത്യനിഷേധവും ധിക്കാരവും ദുര്‍നടപ്പുമായി കഴിയുന്ന നിഷേധികള്‍ ദൈവിക ശിക്ഷക്കും സംഹരണത്തിനും വിധേയരായാല്‍ പിന്നെ നല്ല നടപ്പിനായി ഭൂമിയിലേക്കവര്‍ക്ക് വരാനാകില്ല. അതിനവര്‍ അപേക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യും. (26:99-102, 39:57-59) അവസാനം അന്ത്യനാളിന്റെ സുപ്രധാന ലക്ഷണങ്ങളിലൊന്നായ യഅ്ജൂജ്-മഅ്ജൂജിന്റെ വിളയാട്ടവും തേരോട്ടവും കണ്ടുകഴിയുമ്പോള്‍ (അല്‍ കഹ്ഫ് 99,100 നോക്കുക) നിഷേധികള്‍ ഭഗ്നാശരാവുകയും സ്വന്തം നിഷേധാത്മക നിലപാടോര്‍ത്ത് കൊടും സങ്കടത്തിലകപ്പെടുകയും വിലപിക്കുകയും അട്ടഹസിക്കുകയും ചെയ്യും.

وَحَرَٰمٌ عَلَىٰ قَرۡيَةٍ أَهۡلَكۡنَٰهَآ أَنَّهُمۡ لَا يَرۡجِعُونَ ۝٩٥
حَتَّىٰٓ إِذَا فُتِحَتۡ يَأۡجُوجُ وَمَأۡجُوجُ وَهُم مِّن كُلِّ حَدَبٖ يَنسِلُونَ ۝٩٦
وَٱقۡتَرَبَ ٱلۡوَعۡدُ ٱلۡحَقُّ فَإِذَا هِيَ شَٰخِصَةٌ أَبۡصَٰرُ ٱلَّذِينَ كَفَرُواْ يَٰوَيۡلَنَا قَدۡ كُنَّا فِي غَفۡلَةٖ مِّنۡ هَٰذَا بَلۡ كُنَّا ظَٰلِمِينَ ۝٩٧
98–103

നിങ്ങളും, അല്ലാഹുവിനെ വിട്ട് നിങ്ങളാരാധിക്കുന്നവയും നരകത്തിന്റെ വിറക് തന്നെയാണ്; നിങ്ങളവിടെ ചെന്നെത്തുക തന്നെ ചെയ്യും; അവ ദൈവങ്ങളായിരുന്നെങ്കില്‍ അവിടെ വരികയില്ലല്ലോ. സര്‍വരും അതില്‍ ശാശ്വതരുമാണ്. അവരവിടെ തേങ്ങിക്കരയുകയാകും; മറ്റൊന്നും ശ്രവിക്കയില്ല. എന്നാല്‍, നമ്മുടെ പക്കല്‍ നിന്ന് നേരത്തെ സൗഭാഗ്യ നിര്‍ണയം കൈവരിച്ചവര്‍ ആരോ അവര്‍ നരകത്തില്‍ നിന്ന് ദൂരീകരിക്കപ്പെടുന്നതാണ്. അതിന്റെ ലഘു ശബ്ദം പോലും അവര്‍ ശ്രവിക്കില്ല. മനസ്സ് മോഹിക്കുന്ന ആസ്വാദനങ്ങളിലായി ശാശ്വതരായിരിക്കും അവര്‍. ആ കൊടും സംഭ്രമം അവരെ ദുഃഖാകുലരാക്കില്ല.40
മലക്കുകള്‍ അവര്‍ക്ക് സ്വാഗതമോതിക്കൊണ്ട് പറയും: നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന സുദിനമാണിത്!

1 വിശദീകരണം കാണുക

40. പരലോകത്ത് നിഷേധികള്‍ നരകം കാണുകയും അതിന്റെ ഭീകരാരവം കേള്‍ക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്നതാണ് 'കൊടും സംഭ്രമം'. എന്നാല്‍, സത്യവിശ്വാസികള്‍ സന്തുഷ്ടരാരിയിരിക്കും; മലക്കുകള്‍ അവരെ സ്വാഗതം ചെയ്ത് സ്വര്‍ഗത്തിലേക്ക് ആനയിക്കുകയും 'ഇതാണ് നിങ്ങള്‍ക്കുള്ള വാഗ്ദത്ത സ്വര്‍ഗം' എന്നു പറഞ്ഞ് ആശീര്‍വദിക്കുകയും അഭിനന്ദിക്കുകയും ചെയ്യും.

إِنَّكُمۡ وَمَا تَعۡبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ أَنتُمۡ لَهَا وَٰرِدُونَ ۝٩٨
لَوۡ كَانَ هَٰٓؤُلَآءِ ءَالِهَةٗ مَّا وَرَدُوهَاۖ وَكُلّٞ فِيهَا خَٰلِدُونَ ۝٩٩
لَهُمۡ فِيهَا زَفِيرٞ وَهُمۡ فِيهَا لَا يَسۡمَعُونَ ۝١٠٠
إِنَّ ٱلَّذِينَ سَبَقَتۡ لَهُم مِّنَّا ٱلۡحُسۡنَىٰٓ أُوْلَٰٓئِكَ عَنۡهَا مُبۡعَدُونَ ۝١٠١
لَا يَسۡمَعُونَ حَسِيسَهَاۖ وَهُمۡ فِي مَا ٱشۡتَهَتۡ أَنفُسُهُمۡ خَٰلِدُونَ ۝١٠٢
لَا يَحۡزُنُهُمُ ٱلۡفَزَعُ ٱلۡأَكۡبَرُ وَتَتَلَقَّىٰهُمُ ٱلۡمَلَٰٓئِكَةُ هَٰذَا يَوۡمُكُمُ ٱلَّذِي كُنتُمۡ تُوعَدُونَ ۝١٠٣
104–112

എഴുതപ്പെട്ട കടലാസുകളുടെ ഏടുകള്‍ ചുരുട്ടുന്നതു പോലെ ആകാശത്തെ നാം ചുരുട്ടുന്ന നാള്‍ സ്മരണീയമത്രേ. ആദ്യം ആരംഭിച്ചതു പോലെത്തന്നെ സൃഷ്ടിപ്പ് നാം ആവര്‍ത്തിക്കും. അത് സ്വന്തം ഉത്തരവാദിത്വത്തിലുള്ള ഒരു വാഗ്ദാനമാണ്; നാമത് നിര്‍വഹിച്ചേ തീരൂ.41
ഭൂമിക്ക് അനന്തരാവകാശികളാകുന്നത് ഉദാത്ത കര്‍മികളായ എന്റെ അടിമകളായിരിക്കും എന്ന് മൂലഗ്രന്ഥത്തിനു ശേഷം സബൂറിലും നാം രേഖപ്പെടുത്തിയിട്ടുണ്ട്.42
നിശ്ചയം, ഇതില്‍ അല്ലാഹുവിനെ ആരാധിക്കുന്നവര്‍ക്കുള്ള ഉദ്‌ബോധനമുണ്ട്. നബീ, പ്രപഞ്ചത്തിന് അനുഗ്രഹമായി മാത്രമാണ് താങ്കളെ നാം നിയോഗിച്ചിട്ടുള്ളത്.43
പ്രഖ്യാപിക്കുക: നിങ്ങളുടെ ദൈവം ഏകനായ ദൈവം മാത്രമാണെന്നാണ് എനിക്ക് ദിവ്യസന്ദേശം ലഭിക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ ഈ സന്ദേശത്തിന് വിധേയരാകുന്നില്ലേ? ഇനി അവര്‍ വ്യതിചലിച്ചു പോകുന്നുവെങ്കില്‍ ഇങ്ങനെ വിളംബരം ചെയ്യുക: തുല്യമായാണ് നിങ്ങളോട് ഞാന്‍ സന്ദേശബോധനം നടത്തിയിട്ടുള്ളത്. വാഗ്ദത്ത കാര്യം ആസന്നമോ വിദൂരമോ എന്ന് എനിക്കറിഞ്ഞു കൂടാ;44
നിശ്ചയം, നിങ്ങളുടെ ഉച്ചൈസ്തര പ്രസ്താവങ്ങളും ഗുപ്തവര്‍ത്തമാനങ്ങളും അല്ലാഹു അറിയുന്നുണ്ട്. എനിക്കറിയില്ല, ഈ ശിക്ഷാവിളംബം ഒരുവേള നിങ്ങള്‍ക്കൊരു പരീക്ഷണമോ നിശ്ചിതാവധി വരെ സുഖാസ്വാദനങ്ങളനുഭവിക്കാനുള്ള ഒരവസരമോ ആയിരിക്കാം. പ്രവാചകന്‍ പ്രാര്‍ത്ഥിച്ചു: എന്റെ നാഥാ, സത്യപ്രകാരം ഞങ്ങള്‍ക്കിടയില്‍ നീ വിധി കല്‍പിക്കേണമേ. നമ്മുടെ രക്ഷിതാവ് പരമ ദയാലുവും നിങ്ങളുടെ വ്യാജപ്രസ്താവങ്ങള്‍ക്കെതിരെ സഹായമര്‍ത്ഥിക്കപ്പെടേണ്ടവനുമാകുന്നു.45

5 വിശദീകരണങ്ങൾ കാണുക

41. അന്ത്യനാള്‍ സമാഗതമാകുമ്പോള്‍ പ്രപഞ്ചമാകെ തകര്‍ന്ന് തരിപ്പണമാകും; ആകാശം പിളരും; നക്ഷത്രങ്ങളുതിര്‍ന്ന് വീഴും; സമുദ്രങ്ങള്‍ക്കു തീ പിടിക്കും; പര്‍വതങ്ങള്‍ ധൂളീകരിക്കപ്പെടും... മനുഷ്യനും ശാസ്ത്രത്തിനും ഇന്നുവരെ ഒരെത്തും പിടിയും കിട്ടാത്ത ഭീമാകാര വസ്തുക്കളായ ആകാശങ്ങള്‍ കടലാസു തുണ്ടുകള്‍ പോലെ ചുരുട്ടി മടക്കപ്പെടുന്നതാണ്. സൃഷ്ടികളെയൊക്കെ അന്ന് അല്ലാഹു പുനരുല്‍പാദിപ്പിക്കും. നിഷേധികളെ സംബന്ധിച്ചിടത്തോളം ഏറ്റം ദുര്‍ഗ്രഹ സമസ്യയാണല്ലോ ഈ പുനരുത്ഥാനം.
ഇമാം ഇബ്‌നു അബ്ബാസ് (റ) ഉദ്ധരിക്കുന്നു: തിരുമേനി(സ്വ) ഒരിക്കല്‍ പ്രസംഗിക്കവെ പ്രസ്താവിച്ചു: മനുഷ്യരേ, നഗ്നപാദരും വിവസ്ത്രരും ചേലാകര്‍മം ചെയ്യപ്പെടാത്തവരുമായി നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് സംഗമിപ്പിക്കപ്പെടുന്നതാണ്. എന്നിട്ട് അവിടന്ന് ഈ 104ാം സൂക്തം ഓതി... (ബുഖാരി)

42. മൂലഗ്രന്ഥമെന്നാല്‍ 'ലൗഹുല്‍ മഹ്ഫൂള്' ആണ്. അതിലും ദാവൂദ് നബിക്ക് നല്‍കപ്പെട്ട 'സബൂറി'ലും (സങ്കീര്‍ത്തനങ്ങള്‍) ഉള്ളതാണ് 'ഭൂമിയുടെ അവകാശം സത്യവിശ്വാസികള്‍ക്കാണെ'ന്ന്. ഏതെങ്കിലും കാരണത്താല്‍ നിഷേധികളുടെ പക്കല്‍ അതുണ്ടെങ്കില്‍ തന്നെ താമസിയാതെ അതിന്റെ ആധിപത്യം വിശ്വാസികളുടെ കൈകളിലേക്ക് നീങ്ങും. വിശുദ്ധ ഖുര്‍ആനും ഇക്കാര്യം സംശയാതീതമായി പ്രഖ്യാപിച്ചിട്ടുണ്ട്- നിങ്ങളില്‍ സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവരോട്, 'അവരെ നാം ഭൂമിയില്‍ പ്രതിനിധികളാക്കുക തന്നെ ചെയ്യും, തീര്‍ച്ച' എന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. (സൂറത്തുന്നൂര്‍ 55)

43. അറേബ്യക്കോ മുസ്‌ലിംകള്‍ക്കോ മാത്രമല്ല, ലോകത്തിനാകമാനം അനുഗ്രഹമാണ് തിരുമേനി (സ്വ). ഒരിക്കല്‍ തന്റെയും അനുയായികളുടെയും ബദ്ധവൈരികളായിരുന്ന ബഹുദൈവ വിശ്വാസികള്‍ക്കു വേണ്ടി സംഹാര പ്രാര്‍ത്ഥന നടത്താന്‍ ഒരാള്‍ നബി(സ്വ)യോട് ആവശ്യപ്പെട്ടു. എങ്കില്‍ അവരെ കൊണ്ടുള്ള ശല്യം അവസാനിച്ചു കിട്ടുമല്ലോ. അവിടന്ന് പ്രതികരിച്ചു: ശപിക്കുന്നവനായല്ല, കാരുണ്യമായിട്ടാണ് ഞാന്‍ നിയുക്തനായിരിക്കുന്നത്. (ബുഖാരി, മുസ്‌ലിം)

44. എല്ലാവര്‍ക്കും ലഭിക്കത്തക്ക വിധം സത്യസന്ദേശങ്ങളുടെ പ്രബോധന-പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുല്യമായി ഞാന്‍ നിര്‍വഹിച്ചിട്ടുണ്ടെന്നും അതിനാല്‍ എല്ലാവരും അവയംഗീകരിച്ച് മുസ്‌ലിം (അനുസരിക്കുന്നവന്‍) ആകണമെന്നുമാണ് നബി(സ്വ) ആവശ്യപ്പെടുന്നത്. ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ ധിക്കാരം കാട്ടുകയും നീ താക്കീത് ചെയ്യുന്ന ആ ശിക്ഷയിങ്ങ് കൊണ്ടുവാ.. എന്ന് പരിഹസിക്കുകയുമാണവര്‍ ചെയ്തിരുന്നത്. 'വാഗ്ദത്തകാര്യം' എന്നതിന്റെ വിവക്ഷ അതാണ്. 'അത് വരുമെന്ന് തീര്‍ച്ച; പക്ഷേ, എപ്പോഴാണെന്ന് എനിക്കറിയില്ല' എന്നായിരുന്നു നബി(സ്വ)യുടെ മറുപടി. ഒടുവിലത് വന്നു. ബദ്‌റില്‍ അവരുടെ നടുവൊടിഞ്ഞു. ഇസ്‌ലാം വിജയ വൈജയന്തി പറത്തി.

45. നിഷേധികള്‍ കുത്സിതനീക്കങ്ങളും പ്രതിലോമ പ്രവര്‍ത്തനങ്ങളും തുടര്‍ന്നപ്പോള്‍ നബി(സ്വ) അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയാണ്. നാഥാ, ഞങ്ങള്‍ക്കിടയില്‍ സത്യനിഷ്ഠമായ തീര്‍പ്പുണ്ടാക്കിത്തരേണമേ എന്ന്. ഇസ്‌ലാമും അതിന്റെ മുഴുവന്‍ സിദ്ധാന്തങ്ങളും സത്യത്തിലും നീതിയിലും മാത്രം അധിഷ്ഠിതമാണ്. സത്യമല്ലാത്തതൊക്കെ കേവലം ദുര്‍മാര്‍ഗമത്രേ എന്നാണ് ഖുര്‍ആന്‍ (യൂനുസ്: 32) പഠിപ്പിക്കുന്നത്. നബി(സ്വ)യുടെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചു. അസത്യം ഉന്മൂലനം ചെയ്യപ്പെടുകയും അറേബ്യന്‍ ഉപദ്വീപ് മുഴുവനും താമസമന്യേ ഇസ്‌ലാമിന്റെ കൊടിക്കൂറക്കു കീഴില്‍ വരികയും ചെയ്തു. ഇന്ന് ഭൂതലത്തിലെങ്ങും ഇസ്‌ലാം വ്യാപിച്ചു. അതിന്റെ സാന്നിധ്യമില്ലാത്ത ഒരൊറ്റ രാജ്യവും ഭൂതലത്തില്‍ ഇല്ലെന്ന അവസ്ഥ സംജാതമായി. ലഹുല്‍ ഹംദു വശ്ശുക്ര്‍.

يَوۡمَ نَطۡوِي ٱلسَّمَآءَ كَطَيِّ ٱلسِّجِلِّ لِلۡكُتُبِۚ كَمَا بَدَأۡنَآ أَوَّلَ خَلۡقٖ نُّعِيدُهُۥۚ وَعۡدًا عَلَيۡنَآۚ إِنَّا كُنَّا فَٰعِلِينَ ۝١٠٤
وَلَقَدۡ كَتَبۡنَا فِي ٱلزَّبُورِ مِنۢ بَعۡدِ ٱلذِّكۡرِ أَنَّ ٱلۡأَرۡضَ يَرِثُهَا عِبَادِيَ ٱلصَّٰلِحُونَ ۝١٠٥
إِنَّ فِي هَٰذَا لَبَلَٰغٗا لِّقَوۡمٍ عَٰبِدِينَ ۝١٠٦
وَمَآ أَرۡسَلۡنَٰكَ إِلَّا رَحۡمَةٗ لِّلۡعَٰلَمِينَ ۝١٠٧
قُلۡ إِنَّمَا يُوحَىٰٓ إِلَيَّ أَنَّمَآ إِلَٰهُكُمۡ إِلَٰهٞ وَٰحِدٞۖ فَهَلۡ أَنتُم مُّسۡلِمُونَ ۝١٠٨
فَإِن تَوَلَّوۡاْ فَقُلۡ ءَاذَنتُكُمۡ عَلَىٰ سَوَآءٖۖ وَإِنۡ أَدۡرِيٓ أَقَرِيبٌ أَم بَعِيدٞ مَّا تُوعَدُونَ ۝١٠٩
إِنَّهُۥ يَعۡلَمُ ٱلۡجَهۡرَ مِنَ ٱلۡقَوۡلِ وَيَعۡلَمُ مَا تَكۡتُمُونَ ۝١١٠
وَإِنۡ أَدۡرِي لَعَلَّهُۥ فِتۡنَةٞ لَّكُمۡ وَمَتَٰعٌ إِلَىٰ حِينٖ ۝١١١
قَٰلَ رَبِّ ٱحۡكُم بِٱلۡحَقِّۗ وَرَبُّنَا ٱلرَّحۡمَٰنُ ٱلۡمُسۡتَعَانُ عَلَىٰ مَا تَصِفُونَ ۝١١٢