Monday, 12 October 2026 Hijri: — 02:28:30 pm
MalayalamQuran.in
Quran translation reader

അൽ ഹജ്ജ് الحج Al-Hajj

Surah 22 മദനിയ്യ • مدنية • Madaniyah 78 ആയത്തുകൾ • 78 Ayahs

സൂറത്ത് അൽ ഹജ്ജ് (Al-Hajj), ഖുർആൻ അധ്യായം 22 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 78 ആയത്തുകൾ വായിക്കുക. Read Surah Al-Hajj with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–2

ഹേ ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിച്ചുകൊള്ളുക; നിശ്ചയം, അന്ത്യനാളിന്റെ പ്രകമ്പനം അതീവ ഭയാനകം തന്നെയാണ്. നിങ്ങളതു കാണുന്ന നാള്‍ മുലയൂട്ടുന്ന ഓരോ സ്ത്രീയും ശിശുവിനെപ്പറ്റി അന്ധാളിച്ച് അശ്രദ്ധയാകും; ഓരോ ഗര്‍ഭിണിയും ഗര്‍ഭസ്ഥശിശുവിനെ വിസര്‍ജിച്ചുകളയും; മനുഷ്യരെ മത്ത് പിടിച്ചവരായാണ് നീ കാണുക- എന്നാല്‍ ഉന്മത്തരല്ല അവര്‍; പ്രത്യുത, അല്ലാഹുവിന്റെ ശിക്ഷ അത്യന്തം കഠോരമാകുന്നു.1

1 വിശദീകരണം കാണുക

1. അതീവ ഗുരുതരമാംവിധം ഭയാനകവും കഠിനകഠോരവുമായ ലോകാവസാനത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കിക്കൊണ്ട്, അതിന്റെ ഭീകരതയില്‍ നിന്ന് രക്ഷ നേടാനായി അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കണമെന്നാണ് പഠിപ്പിക്കുന്നത്. അന്ത്യനാളിനോടനുബന്ധിച്ച് അതീവ ഗുരുതരവും ഭീഷണവുമായ ഒട്ടേറെ സംഭവങ്ങളുണ്ടാകും. ഖുര്‍ആനില്‍ വ്യത്യസ്ത സ്ഥലങ്ങളിലായി അതു സംബന്ധിച്ച വിസ്തൃത പരാമര്‍ശങ്ങള്‍ കാണാം. ദാബ്ബത്തുല്‍ അര്‍ള് 27:82, അന്തരീക്ഷമാകെ ആവരണം ചെയ്യുന്ന പുക 44:10, ആകാശം പൊട്ടിപ്പിളരുകയും മൃതദേഹങ്ങള്‍ ഭൂമി പുറംതള്ളുകയും ചെയ്യുക 84:1-5, നക്ഷത്രങ്ങള്‍ ഉതിര്‍ന്ന് വീഴുകയും സമുദ്രങ്ങള്‍ തിളച്ചുമറിയുകയും ചെയ്യുക 81:1-5, തുടങ്ങിയവയൊക്കെ കണ്ടുകഴിയുമ്പോള്‍ മനുഷ്യരൊക്കെ മത്തുപിടിച്ചവരായിത്തീരും; മുലയൂട്ടുന്ന ഉമ്മമാര്‍ അന്ധാളിപ്പിന്റെ കാഠിന്യത്താല്‍ ശിശുക്കളെ മറന്നുപോകും; ഗര്‍ഭിണികളുടെ ഉദരത്തില്‍ കുട്ടികളവശേഷിക്കില്ല, അവരത് അറിയാതെ വിസര്‍ജിച്ചു കളയും-ഇതൊക്കെയാകും അന്ത്യനാളിന്റെ ആഗമത്തോടെയുണ്ടാവുക. ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏകമാര്‍ഗം അല്ലാഹുവില്‍ വിശ്വസിക്കുകയും അവനെ സൂക്ഷിച്ചു ജീവിക്കുകയും ചെയ്യുക എന്നത് മാത്രമാണ്.

يَٰٓأَيُّهَا ٱلنَّاسُ ٱتَّقُواْ رَبَّكُمۡۚ إِنَّ زَلۡزَلَةَ ٱلسَّاعَةِ شَيۡءٌ عَظِيمٞ ۝١
يَوۡمَ تَرَوۡنَهَا تَذۡهَلُ كُلُّ مُرۡضِعَةٍ عَمَّآ أَرۡضَعَتۡ وَتَضَعُ كُلُّ ذَاتِ حَمۡلٍ حَمۡلَهَا وَتَرَى ٱلنَّاسَ سُكَٰرَىٰ وَمَا هُم بِسُكَٰرَىٰ وَلَٰكِنَّ عَذَابَ ٱللَّهِ شَدِيدٞ ۝٢
3–4

യാതൊരു നിജവിജ്ഞാനവുമില്ലാതെ അല്ലാഹുവിനെക്കുറിച്ച് തര്‍ക്കവിതര്‍ക്കങ്ങള്‍ നടത്തുകയും ധിക്കാരികളായ സര്‍വ പിശാചുക്കളെയും പിന്‍പറ്റുകയും ചെയ്യുന്ന ചിലര്‍ മനുഷ്യരിലുണ്ട്. തന്നെ മിത്രമായി വരിക്കുന്നവരെ പിശാച് വഴിതെറ്റിക്കുകയും നരകശിക്ഷയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്‌തേ തീരൂ തീര്‍ച്ച എന്ന് അവനെ സംബന്ധിച്ച് വിധി കല്‍പിക്കപ്പെട്ടു കഴിഞ്ഞിട്ടുള്ളതാണ്.2

1 വിശദീകരണം കാണുക

2. ബുദ്ധിമാനായ മനുഷ്യന്റെ അശ്രദ്ധയും ചിന്താശൂന്യതയുമാണ് സൂചിപ്പിക്കുന്നത്. പിശാച് മനുഷ്യനെ നാശത്തിലേക്കും നരകത്തിലേക്കുമേ നയിക്കൂ എന്നുറപ്പാണെങ്കിലും മഹാഭൂരിഭാഗമാളുകളും അവന്റെ ആജ്ഞാനുവര്‍ത്തികളും അനുയായികളുമായിക്കഴിയുകയാണ്; അല്ലാഹുവിനെക്കുറിച്ച തര്‍ക്കവിതര്‍ക്കങ്ങളാണവര്‍ നടത്തുന്നത്.

وَمِنَ ٱلنَّاسِ مَن يُجَٰدِلُ فِي ٱللَّهِ بِغَيۡرِ عِلۡمٖ وَيَتَّبِعُ كُلَّ شَيۡطَٰنٖ مَّرِيدٖ ۝٣
كُتِبَ عَلَيۡهِ أَنَّهُۥ مَن تَوَلَّاهُ فَأَنَّهُۥ يُضِلُّهُۥ وَيَهۡدِيهِ إِلَىٰ عَذَابِ ٱلسَّعِيرِ ۝٤
5–7

മനുഷ്യരേ, പുനരുത്ഥാനത്തെക്കുറിച്ച് സംശയഗ്രസ്തരാണ് നിങ്ങളെങ്കില്‍ ഒന്നോര്‍ക്കുക.3
മണ്ണില്‍ നിന്നും പിന്നീട് ഇന്ദ്രിയ കണത്തില്‍ നിന്നും അനന്തരം രക്തപിണ്ഡത്തില്‍ നിന്നും അതിനുശേഷം, രൂപം നല്‍കപ്പെട്ടതും അല്ലാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും നാം തന്നെയാണ് നിങ്ങളെ സൃഷ്ടിച്ചത്- വസ്തുതകള്‍ നിങ്ങള്‍ക്ക് സ്പഷ്ടമാകാനാണിത് പറയുന്നത്- നാം ഉദ്ദേശിക്കുന്നവയെ ഉമ്മമാരുടെ ഗര്‍ഭാശയങ്ങളില്‍ ഒരു നിശ്ചിതാവധി വരെ സൂക്ഷിക്കുകയും തദനന്തരം ശിശുക്കളായി പുറത്തുകൊണ്ടുവരികയും ചെയ്യുന്നു. പിന്നീട് നിങ്ങള്‍ പൂര്‍ണ യൗവനം പ്രാപിക്കും. ചിലര്‍ ഇടയ്ക്കുവെച്ച് മരിക്കുകയും മറ്റുചിലര്‍ -എല്ലാം അറിഞ്ഞ ശേഷം ഒരുവിധ ജ്ഞാനവും ഇല്ലാതായിത്തീരുമാറ്- വാര്‍ധക്യത്തിന്റെ അധോതലത്തിലേക്ക് മടക്കപ്പെടുകയും ചെയ്യുന്നുണ്ട്.4
ഭൂമി വരണ്ടുണങ്ങിക്കിടക്കുന്നതായി നിനക്ക് കാണാം. പിന്നെ നാമതില്‍ മഴ വര്‍ഷിച്ചാല്‍ അത് ചൈതന്യവത്തായിത്തീരുകയും വികസിക്കുകയും ഇമ്പമാര്‍ന്ന സകലയിനം ചെടികളെയും മുളപ്പിക്കുകയും ചെയ്യുന്നു. ഈ അത്യദ്ഭുത സൃഷ്ടികര്‍മം നിങ്ങള്‍ പ്രാമാണികമായി ഗ്രഹിക്കാനത്രേ: നിശ്ചയം അല്ലാഹുവാണ് സത്യസന്ധമായ അസ്തിത്വം; അവന്‍ മരിച്ചവരെ ജീവിപ്പിക്കുക തന്നെ ചെയ്യും; സകല കാര്യത്തിനും കഴിവുറ്റവനാണവന്‍; നിസ്സംശയം അന്ത്യനാള്‍ വന്നെത്തുക തന്നെ ചെയ്യും; തീര്‍ച്ചയായും ശ്മശാനങ്ങളിലുള്ളവരെ അല്ലാഹു പുനര്‍ജീവിപ്പിക്കുന്നതുമാകുന്നു!5

3 വിശദീകരണങ്ങൾ കാണുക

3. ശാസ്ത്രലോകത്തെ പോലും അമ്പരപ്പിക്കും വിധം മനുഷ്യപ്രജനനത്തിന്റെ അത്ഭുതകരവും ചിന്തോദ്ദീപകവുമായ വിവിധ ഘട്ടങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ്. പതിനാലു നൂറ്റാണ്ട് മുമ്പാണ് ഈ പ്രതിപാദനം എന്നത് വിസ്മരിക്കരുത്. സൂറത്തുല്‍ മുഅ്മിനൂന്‍ 12-16 വാക്യങ്ങളും കാണുക.

4. സര്‍വകലാവല്ലഭന്മാരും ബുദ്ധിരാക്ഷസന്മാരും അത്യുന്നത പദവികള്‍ പ്രാപിച്ചവരുമായ പലരും വയോവൃദ്ധന്മാരായോ പാര്‍ക്കിന്‍സന്‍സിന്റെയോ മറ്റോ പിടിയിലമര്‍ന്നോ കഴിയുമ്പോള്‍ യാതൊന്നുമറിയാത്ത ചെറിയ കുട്ടികളെ പോലെ പരിണമിക്കുന്നത് എല്ലാവര്‍ക്കും സുപരിചിതമാണല്ലോ-ദൈന്യതയാര്‍ന്ന ആ നിസ്സഹായാവസ്ഥയാണിവിടെ പരാമര്‍ശിച്ചിരിക്കുന്നത്.

5. വരണ്ടുണങ്ങി തരിശായി കിടക്കുന്ന ഭൂമിയില്‍ മഴ പെയ്താല്‍ എത്ര വലിയ മാറ്റമാണ് വരുന്നത്! സസ്യശ്യാമളവും ചേതോഹരവും കായ്കനികളും ഫലവര്‍ഗങ്ങളും നിറഞ്ഞതുമായ പുതിയൊരു ഭൂമിയായി അത് പരിണമിക്കുന്നു. പരസഹസ്രം വൃക്ഷങ്ങളും സസ്യലതാദികളും മരങ്ങളും സൃഷ്ടിക്കുന്നത് അല്ലാഹുവാണല്ലോ.
തിരുമേനി(സ്വ)യോടൊരാള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, മരിച്ചവരെ അല്ലാഹു എങ്ങനെയാണ് പുനര്‍ജീവിപ്പിക്കുക? സൃഷ്ടികളില്‍ നിന്ന് അതിനു വല്ല തെളിവും കണ്ടെത്താനാകുമോ? അവിടന്നു ചോദിച്ചു: നീ താമസിക്കുന്ന മലഞ്ചെരിവ് വരള്‍ച്ചാ സമയത്ത് നീ കണ്ടിട്ടില്ലേ? 'അതെ.' പിന്നീട് മഴ പെയ്ത് അത് ഹരിതാഭമാകുമ്പോള്‍ അതുവഴി നീ നടക്കാറുണ്ടോ? 'അതെ.' നബി: അങ്ങനെയാണ് അല്ലാഹു മരിച്ചവരെ പുനര്‍ജനിപ്പിക്കുക, സൃഷ്ടികളില്‍ അതിനുള്ള തെളിവത്രേ ഇത്. (അഹ്മദ്)

يَٰٓأَيُّهَا ٱلنَّاسُ إِن كُنتُمۡ فِي رَيۡبٖ مِّنَ ٱلۡبَعۡثِ فَإِنَّا خَلَقۡنَٰكُم مِّن تُرَابٖ ثُمَّ مِن نُّطۡفَةٖ ثُمَّ مِنۡ عَلَقَةٖ ثُمَّ مِن مُّضۡغَةٖ مُّخَلَّقَةٖ وَغَيۡرِ مُخَلَّقَةٖ لِّنُبَيِّنَ لَكُمۡۚ وَنُقِرُّ فِي ٱلۡأَرۡحَامِ مَا نَشَآءُ إِلَىٰٓ أَجَلٖ مُّسَمّٗى ثُمَّ نُخۡرِجُكُمۡ طِفۡلٗا ثُمَّ لِتَبۡلُغُوٓاْ أَشُدَّكُمۡۖ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرۡذَلِ ٱلۡعُمُرِ لِكَيۡلَا يَعۡلَمَ مِنۢ بَعۡدِ عِلۡمٖ شَيۡـٔٗاۚ وَتَرَى ٱلۡأَرۡضَ هَامِدَةٗ فَإِذَآ أَنزَلۡنَا عَلَيۡهَا ٱلۡمَآءَ ٱهۡتَزَّتۡ وَرَبَتۡ وَأَنۢبَتَتۡ مِن كُلِّ زَوۡجِۭ بَهِيجٖ ۝٥
ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلۡحَقُّ وَأَنَّهُۥ يُحۡيِ ٱلۡمَوۡتَىٰ وَأَنَّهُۥ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ۝٦
وَأَنَّ ٱلسَّاعَةَ ءَاتِيَةٞ لَّا رَيۡبَ فِيهَا وَأَنَّ ٱللَّهَ يَبۡعَثُ مَن فِي ٱلۡقُبُورِ ۝٧
8–10

ഒരുവിധ ജ്ഞാനവും മാര്‍ഗദര്‍ശനവും പ്രകാശമായൊരു വേദവുമില്ലാതെ ദൈവിക മാര്‍ഗത്തില്‍ നിന്ന് മാലോകരെ വഴിതെറ്റിക്കാനായി അഹങ്കാരം പ്രകടിപ്പിച്ചുകൊണ്ട് അല്ലാഹുവിനെപ്പറ്റി വാഗ്വാദം നടത്തുന്ന ചിലര്‍ മനുഷ്യരിലുണ്ട്. ഐഹികലോകത്ത് നിന്ദ്യതയാണ് അവനുണ്ടാവുക; പുനരുത്ഥാനനാളില്‍ ചുട്ടെരിക്കുന്ന ശിക്ഷ അവനെ നാം ആസ്വദിപ്പിക്കുന്നതുമാണ്. 'നിന്റെ ദുഷ്‌ചെയ്തികള്‍ മൂലവും അല്ലാഹു തന്റെ ദാസന്മാരോട് തീരേ അക്രമം ചെയ്യില്ലെന്നതിനാലുമത്രേ ഈ ശിക്ഷ' (എന്നവനോട് പറയപ്പെടും.)6

1 വിശദീകരണം കാണുക

6. സത്യനിഷേധികളെ പറ്റിയാണ് പറയുന്നത്. പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍ അവഗണിച്ച്, ബുദ്ധി യഥായോഗ്യം ഉപയോഗപ്പെടുത്താതെ തികച്ചും അടിസ്ഥാന രഹിതമായി പ്രപഞ്ചനാഥനെ നിഷേധിച്ച് ദുര്‍വാദങ്ങള്‍ നടത്തുകയാണവര്‍. സ്വയം കൃതാനര്‍ത്ഥം മാത്രമാണവര്‍ പ്രവേശിക്കുന്ന നരകം.

وَمِنَ ٱلنَّاسِ مَن يُجَٰدِلُ فِي ٱللَّهِ بِغَيۡرِ عِلۡمٖ وَلَا هُدٗى وَلَا كِتَٰبٖ مُّنِيرٖ ۝٨
ثَانِيَ عِطۡفِهِۦ لِيُضِلَّ عَن سَبِيلِ ٱللَّهِۖ لَهُۥ فِي ٱلدُّنۡيَا خِزۡيٞۖ وَنُذِيقُهُۥ يَوۡمَ ٱلۡقِيَٰمَةِ عَذَابَ ٱلۡحَرِيقِ ۝٩
ذَٰلِكَ بِمَا قَدَّمَتۡ يَدَاكَ وَأَنَّ ٱللَّهَ لَيۡسَ بِظَلَّٰمٖ لِّلۡعَبِيدِ ۝١٠
11–13

ഒരു തെല്ലിലായിക്കൊണ്ട് ദാര്‍ഢ്യമില്ലാതെ അല്ലാഹുവിനെ ആരാധിക്കുന്ന ചിലര്‍ മനുഷ്യരിലുണ്ട്. നന്മ കൈവരുമ്പോള്‍ അവന്‍ സംതൃപ്തനാകും; പ്രത്യുത, വല്ല വിപത്തും വന്നുപെട്ടാലോ, തത്സമയം അവനതാ മുഖം തിരിക്കുന്നു- ഇഹലോകവും പരലോകവും അവന് വിനഷ്ടമായി. എത്ര സ്പഷ്ടമായ പരാജയമാണത്!7
അല്ലാഹുവിനെ വിട്ട്, തനിക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്തവയെ അവനാരാധിക്കുന്നു. എത്ര പരമമായ മാര്‍ഗഭ്രംശമാണത്! താനാരാധിക്കുന്നവയുടെ ഉപദ്രവമാണ് ഉപകാരത്തെക്കാള്‍ സമീപസ്ഥം. അതീവദുഷ്ടസഹായി, അത്യന്തം ഹീനബന്ധു!8

2 വിശദീകരണങ്ങൾ കാണുക

7. സത്യവിശ്വാസികളെ കുറിച്ച് പറഞ്ഞ ശേഷം കപടവിശ്വാസികളെയാണ് പരാമര്‍ശിക്കുന്നത്. ഭൗതിക നേട്ടങ്ങളുള്ളിടത്തേക്ക് തിരിയാനായി ഒരു തെല്ലിലാണവര്‍ നിലകൊള്ളുക. യഥാര്‍ത്ഥത്തില്‍ അതീവ ഗുരുതരമായ പരാജയമാണ് അവര്‍ക്കുണ്ടാവുക. ഖുര്‍ആന്‍ അന്നിസാഅ് 145ഉം മറ്റും നോക്കുക.

8. അല്ലാഹു അല്ലാത്ത ആരാധ്യര്‍ക്ക് എന്തെങ്കിലും ഗുണമോ ദോഷമോ ചെയ്യാന്‍ കഴിയും എന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ, ദ്രോഹമാണ് ഏറ്റം സമീപസ്ഥവും കൂടുതല്‍ സാധ്യതയുള്ളതും. ഈ ആരാധകന്‍ വഴിതെറ്റുന്നുവെന്നത് തന്നെ ഏറ്റം വലിയ അപകടമാണല്ലോ. ആരാധനക്കര്‍ഹന്‍ അല്ലാഹു മാത്രമാണ്; ആ ബിന്ദുവില്‍ നിന്ന് ആര് വ്യതിചലിക്കുന്നുവോ, അവന്റെ പാരത്രിക പരാജയം സുനിശ്ചിതം.

وَمِنَ ٱلنَّاسِ مَن يَعۡبُدُ ٱللَّهَ عَلَىٰ حَرۡفٖۖ فَإِنۡ أَصَابَهُۥ خَيۡرٌ ٱطۡمَأَنَّ بِهِۦۖ وَإِنۡ أَصَابَتۡهُ فِتۡنَةٌ ٱنقَلَبَ عَلَىٰ وَجۡهِهِۦ خَسِرَ ٱلدُّنۡيَا وَٱلۡأٓخِرَةَۚ ذَٰلِكَ هُوَ ٱلۡخُسۡرَانُ ٱلۡمُبِينُ ۝١١
يَدۡعُواْ مِن دُونِ ٱللَّهِ مَا لَا يَضُرُّهُۥ وَمَا لَا يَنفَعُهُۥۚ ذَٰلِكَ هُوَ ٱلضَّلَٰلُ ٱلۡبَعِيدُ ۝١٢
يَدۡعُواْ لَمَن ضَرُّهُۥٓ أَقۡرَبُ مِن نَّفۡعِهِۦۚ لَبِئۡسَ ٱلۡمَوۡلَىٰ وَلَبِئۡسَ ٱلۡعَشِيرُ ۝١٣
14–16

സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരെ അടിയിലൂടെ ആറുകളൊഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗീയാരാമങ്ങളില്‍ അല്ലാഹു പ്രവേശിപ്പിക്കുക തന്നെ ചെയ്യും. നിശ്ചയം, താനുദ്ദേശിച്ചത് അവന്‍ പ്രാവര്‍ത്തികമാക്കുന്നു. ഐഹിക ലോകത്തും പാരത്രിക ലോകത്തും നബിയെ അല്ലാഹു സഹായിക്കുകയേ ചെയ്യില്ലെന്ന് ആരെങ്കിലും ധരിക്കുന്നുവെങ്കില്‍ അവന്‍ മുകളിലേക്ക് ഒരു കയര്‍ നീട്ടിക്കെട്ടി ജീവിതം വിച്ഛേദിച്ചു കൊള്ളട്ടെ. എന്നിട്ട്, തന്നെ ക്രുദ്ധനാക്കുന്ന കാര്യം തന്റെ കുതന്ത്രം വഴി ഇല്ലായ്മ ചെയ്യാനാകുമോ എന്നവന്‍ ചിന്തിക്കട്ടെ.9
ഇപ്രകാരം സ്പഷ്ടമായ ദൃഷ്ടാന്തങ്ങളായിക്കൊണ്ട് ഈ ഖുര്‍ആന്‍ നാമവതരിപ്പിച്ചു. താനുദ്ദേശിക്കുന്നവരെ അല്ലാഹു സന്മാര്‍ഗത്തിലേക്ക് നയിക്കുന്നതാണ്.

1 വിശദീകരണം കാണുക

9. സൂക്തം 8,9,10ല്‍ ബഹുദൈവാരാധകരെയും 11,12,13ല്‍ കപടവിശ്വാസികളെയും പരാമര്‍ശിച്ചുവല്ലോ. ഇസ്‌ലാമിനെയും നബി(സ്വ)യെയും അങ്ങേയറ്റം വെറുക്കുന്നവരാണവര്‍. ഇന്നല്ലെങ്കില്‍ നാളെ നബിയും ഇസ്‌ലാമും ഉന്മൂലനം ചെയ്യപ്പെടുമെന്നും അല്ലാഹുവിന്റെ സഹായം നബിക്കുണ്ടാവില്ലെന്നുമായിരുന്നു അവരുടെ ദിവാസ്വപ്നം. എന്നാല്‍ ഇസ്‌ലാം അജയ്യത തെളിയിച്ചു; പരലോകത്താണെങ്കില്‍ നബി(സ്വ)ക്ക് സമുന്നത പദവിയാണുണ്ടാവുക. അത്തരക്കാര്‍ ഒരു കയറെടുത്ത് തൂങ്ങിച്ചത്തുകൊള്ളട്ടെ എന്നാണ് പറയുന്നത്. എന്നാലെങ്കിലും തങ്ങളുടെ പതഞ്ഞുപൊങ്ങുന്ന തീവ്രരോഷം കെട്ടടങ്ങുമോ എന്നവര്‍ ചിന്തിക്കട്ടെ. സത്യത്തിനു നേരെ കൊഞ്ഞനം കാട്ടുന്ന ബുദ്ധിശൂന്യരും മൂഢശിരോമണികളുമായ നിഷേധികളോടുള്ള പരിഹാസമാണിത്. ആവനാഴിയിലെ അവസാന അസ്ത്രവുമെടുത്ത് പയറ്റിയെങ്കിലും ആ ശത്രുക്കള്‍ അപമാനിതരായി നശിച്ച് നാമാവശേഷമായല്ലോ.

إِنَّ ٱللَّهَ يُدۡخِلُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۚ إِنَّ ٱللَّهَ يَفۡعَلُ مَا يُرِيدُ ۝١٤
مَن كَانَ يَظُنُّ أَن لَّن يَنصُرَهُ ٱللَّهُ فِي ٱلدُّنۡيَا وَٱلۡأٓخِرَةِ فَلۡيَمۡدُدۡ بِسَبَبٍ إِلَى ٱلسَّمَآءِ ثُمَّ لۡيَقۡطَعۡ فَلۡيَنظُرۡ هَلۡ يُذۡهِبَنَّ كَيۡدُهُۥ مَا يَغِيظُ ۝١٥
وَكَذَٰلِكَ أَنزَلۡنَٰهُ ءَايَٰتِۭ بَيِّنَٰتٖ وَأَنَّ ٱللَّهَ يَهۡدِي مَن يُرِيدُ ۝١٦
17–18

സത്യവിശ്വാസികള്‍, ജൂതന്മാര്‍, സ്വാബിഉകള്‍, ക്രിസ്ത്യാനികള്‍, അഗ്നിയാരാധകര്‍, ബഹുദൈവവിശ്വാസികള്‍ എന്നിവര്‍ക്കിടയില്‍ പുനരുത്ഥാനദിനം അല്ലാഹു തീര്‍പ്പുകല്‍പിക്കുന്നതാണ്.10
സകല കാര്യങ്ങള്‍ക്കും സാക്ഷി തന്നെയാണവന്‍. നീ കാണുന്നില്ലേ: ഭുവന-വാന നിവാസികളും സൂര്യ-ചന്ദ്ര-നക്ഷത്രങ്ങളും മലകളും മരങ്ങളും ധാരാളമാളുകളും അല്ലാഹുവിന് സാഷ്ടാംഗം ചെയ്യുന്നുണ്ട്.11
വേറെ ഒട്ടേറെപ്പേര്‍ ശിക്ഷക്ക് അര്‍ഹരായിരിക്കുന്നു. ഒരാളെ അല്ലാഹു നിന്ദ്യനാക്കുന്നുവെങ്കില്‍ അവനെ വന്ദ്യനാക്കാന്‍ ആര്‍ക്കുമാവില്ല. നിശ്ചയം, താനുദ്ദേശിക്കുന്നത് അല്ലാഹു പ്രാവര്‍ത്തികമാക്കുന്നു.

2 വിശദീകരണങ്ങൾ കാണുക

10. സത്യവിശ്വാസികളെയും ചില പ്രത്യേക മതക്കാരെയും ഏതുതരം ബഹുദൈവ വിശ്വാസികളെയും പറഞ്ഞ് അവര്‍ക്കിടയില്‍ അന്ത്യനാളില്‍ അല്ലാഹു അന്തിമ വിധിപ്രഖ്യാപനം നടത്തി വേര്‍തിരിക്കുമെന്നാണ് വ്യക്തമാക്കുന്നത്. 'ഒരു വിഭാഗം സ്വര്‍ഗത്തിലും മറുവിഭാഗം നരകത്തിലും. (ഖുര്‍. അശ്ശൂറാ: 7) നക്ഷത്രാരാധകരായിരുന്നു സ്വാബിഉകള്‍ എന്നാണ് ചിലരുടെ പക്ഷം.

11. പ്രപഞ്ചത്തിലുള്ള സകല വസ്തുക്കളും അല്ലാഹുവിന്റെ ആജ്ഞാനുവര്‍ത്തികളാണ്. അവന്റെ നിയമ വ്യവസ്ഥകളും ഭരണ സംവിധാനങ്ങളുമനുസരിച്ച് മാത്രമാണവ നിലകൊള്ളുന്നത്. പരസഹസ്രം നക്ഷത്രങ്ങളുള്ള ഗ്യാലക്‌സികള്‍ പോലും ഇതിനപവാദമല്ല. ഒട്ടേറെ മനുഷ്യരും അവന് സാഷ്ടാംഗം പ്രണമിക്കുന്നു. എത്രമാത്രം ചിന്തോദ്ദീപകവും പഠനാര്‍ഹവുമായ കാര്യമാണിതെന്നാണ് സൂചിപ്പിക്കുന്നത്. ബുദ്ധിമാന്മാര്‍ ചിന്തിക്കട്ടെ.

إِنَّ ٱلَّذِينَ ءَامَنُواْ وَٱلَّذِينَ هَادُواْ وَٱلصَّٰبِـِٔينَ وَٱلنَّصَٰرَىٰ وَٱلۡمَجُوسَ وَٱلَّذِينَ أَشۡرَكُوٓاْ إِنَّ ٱللَّهَ يَفۡصِلُ بَيۡنَهُمۡ يَوۡمَ ٱلۡقِيَٰمَةِۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ شَهِيدٌ ۝١٧
أَلَمۡ تَرَ أَنَّ ٱللَّهَ يَسۡجُدُۤ لَهُۥۤ مَن فِي ٱلسَّمَٰوَٰتِ وَمَن فِي ٱلۡأَرۡضِ وَٱلشَّمۡسُ وَٱلۡقَمَرُ وَٱلنُّجُومُ وَٱلۡجِبَالُ وَٱلشَّجَرُ وَٱلدَّوَآبُّ وَكَثِيرٞ مِّنَ ٱلنَّاسِۖ وَكَثِيرٌ حَقَّ عَلَيۡهِ ٱلۡعَذَابُۗ وَمَن يُهِنِ ٱللَّهُ فَمَا لَهُۥ مِن مُّكۡرِمٍۚ إِنَّ ٱللَّهَ يَفۡعَلُ مَا يَشَآءُ۩ ۝١٨
19–22

ഈ വിശ്വാസികളും അവിശ്വാസികളും രണ്ടു എതിര്‍ചേരികളാണ്. തങ്ങളുടെ നാഥന്റെ വിഷയത്തിലാണിവര്‍ തര്‍ക്കക്കാരായിരിക്കുന്നത്.12
നിഷേധികള്‍ ആരോ, അവര്‍ക്ക് അഗ്നിയാടകള്‍ മുറിച്ചു നല്‍കപ്പെടുന്നതും ശിരസ്സിനു മീതെ തിളക്കുന്ന വെള്ളമൊഴിക്കപ്പെടുന്നതും തന്മൂലം അവരുടെ ഉദരങ്ങളിലുള്ളതും തൊലികളും ഉരുകിപ്പോകുന്നതുമാണ്. അവര്‍ക്ക് ഇരുമ്പുദണ്ഡുകളുമുണ്ടാകും. കഠിന സംഭ്രമത്തോടെ നരകത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ഉദ്ദേശിക്കുമ്പോഴൊക്കെയും അതിലേക്ക് തന്നെ അവര്‍ മടക്കപ്പെടുന്നതും ജ്വലിക്കുന്ന ശിക്ഷ ആസ്വദിച്ചോളൂ എന്ന് പറയപ്പെടുന്നതുമാണ്.13

2 വിശദീകരണങ്ങൾ കാണുക

12. മനുഷ്യര്‍ ആകെ രണ്ടു വിഭാഗമേയുള്ളൂ- വിശ്വാസി, നിഷേധി. സത്യവിശ്വാസം കൈമുതലായുള്ളവര്‍ ശാശ്വത വിജയത്തിനര്‍ഹരാണ്. നിഷേധികള്‍ക്കുള്ളതാകട്ടെ കാലാകാലത്തേക്കുള്ള പരാജയവും ഘോരശിക്ഷാ സങ്കേതമായ നരകവും. അല്ലാഹുവിന്റെ കാര്യത്തില്‍ രണ്ടു ചേരികളിലായി എന്നതാണ് ഈ അവസ്ഥകളിലേക്ക് അവരെ എത്തിച്ചത്.

13. വൈവിധ്യമാര്‍ന്ന ദുരന്തങ്ങളാല്‍ നിറഞ്ഞതാണ് നരകം. അവിടത്തെ ശിക്ഷാമുറകളും പീഡന-താഡനങ്ങളും ഖുര്‍ആന്‍ പലേടത്തും വിവരിച്ചിട്ടുണ്ട്. കരുണാമയനായ റബ്ബ് നമ്മെ അതില്‍ നിന്നു കാത്തുരക്ഷിക്കുമാറാകട്ടെ.

۞ هَٰذَانِ خَصۡمَانِ ٱخۡتَصَمُواْ فِي رَبِّهِمۡۖ فَٱلَّذِينَ كَفَرُواْ قُطِّعَتۡ لَهُمۡ ثِيَابٞ مِّن نَّارٖ يُصَبُّ مِن فَوۡقِ رُءُوسِهِمُ ٱلۡحَمِيمُ ۝١٩
يُصۡهَرُ بِهِۦ مَا فِي بُطُونِهِمۡ وَٱلۡجُلُودُ ۝٢٠
وَلَهُم مَّقَٰمِعُ مِنۡ حَدِيدٖ ۝٢١
كُلَّمَآ أَرَادُوٓاْ أَن يَخۡرُجُواْ مِنۡهَا مِنۡ غَمٍّ أُعِيدُواْ فِيهَا وَذُوقُواْ عَذَابَ ٱلۡحَرِيقِ ۝٢٢
23–25

സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരെ അടിയിലൂടെ ആറുകളൊഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗീയാരാമങ്ങളില്‍ അല്ലാഹു പ്രവേശിപ്പിക്കുക തന്നെ ചെയ്യും. സ്വര്‍ണവളകളും മുത്തും അവര്‍ക്കവിടെ അണിയിക്കപ്പെടുന്നതാണ്. അതിലവരുടെ ഉടയാടകള്‍ പട്ടായിരിക്കും. ഉദാത്ത സംസാരത്തിലേക്കും ശ്ലാഘ്യ പന്ഥാവിലേക്കുമാണ് അവര്‍ നയിക്കപ്പെടുക. സത്യം നിഷേധിക്കുകയും സ്വദേശികള്‍ക്കും വിദേശികള്‍ക്കുമെല്ലാം നാം സമാവകാശം നല്‍കിയിട്ടുള്ള സമാദരണീയ മസ്ജിദില്‍ നിന്നും അല്ലാഹുവിന്റെ പന്ഥാവില്‍ നിന്നും ജനങ്ങളെ തടയുകയും ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണം- അക്രമമായി എന്തെങ്കിലും അധര്‍മപ്രവര്‍ത്തനം അവിടെ വെച്ച് ഒരാള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ വേദനയുറ്റ ശിക്ഷ അവനു നാം രുചിപ്പിക്കുന്നതാണ്.14

1 വിശദീകരണം കാണുക

14. ഹിജ്‌റ ആറാം വര്‍ഷം നബി(സ്വ)യും സ്വഹാബികളും ഉംറ നിര്‍വഹണമുദ്ദേശിച്ച് മദീനയില്‍ നിന്ന് മക്കയിലെത്തി. എന്നാല്‍, മക്കാ മുശ്‌രിക്കുകള്‍ അന്യായമായി അവരെ തടഞ്ഞുവെക്കുകയും ഉംറ നിര്‍വഹണം വിസമ്മതിക്കുകയും ചെയ്തു. ആ സന്ദര്‍ഭത്തിലാണ് ഈ സൂക്തമിറങ്ങിയത്. ഹുദൈബിയ (ഇന്നത്തെ ശുമൈസി)യില്‍ നിന്ന് സന്ധി ചെയ്ത് അവര്‍ മടങ്ങി. ഹറമില്‍ വെച്ച് അക്രമം ചെയ്യണമെന്നില്ല, അങ്ങനെ ഉദ്ദേശിക്കുന്നത് പോലും ശിക്ഷാര്‍ഹമാണ്. മറ്റൊരു പാതകത്തിനും ഇങ്ങനെയില്ല. വിശുദ്ധ ഹറമിന്റെ സമുന്നതമായ പവിത്രതയാണിത് സൂചിപ്പിക്കുന്നത്.

إِنَّ ٱللَّهَ يُدۡخِلُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ يُحَلَّوۡنَ فِيهَا مِنۡ أَسَاوِرَ مِن ذَهَبٖ وَلُؤۡلُؤٗاۖ وَلِبَاسُهُمۡ فِيهَا حَرِيرٞ ۝٢٣
وَهُدُوٓاْ إِلَى ٱلطَّيِّبِ مِنَ ٱلۡقَوۡلِ وَهُدُوٓاْ إِلَىٰ صِرَٰطِ ٱلۡحَمِيدِ ۝٢٤
إِنَّ ٱلَّذِينَ كَفَرُواْ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَٱلۡمَسۡجِدِ ٱلۡحَرَامِ ٱلَّذِي جَعَلۡنَٰهُ لِلنَّاسِ سَوَآءً ٱلۡعَٰكِفُ فِيهِ وَٱلۡبَادِۚ وَمَن يُرِدۡ فِيهِ بِإِلۡحَادِۭ بِظُلۡمٖ نُّذِقۡهُ مِنۡ عَذَابٍ أَلِيمٖ ۝٢٥
26–29

ഇബ്രാഹീം നബിക്ക് കഅ്ബാമന്ദിരത്തിന്റെ സ്ഥാനം നാം സൗകര്യപ്പെടുത്തിയ സന്ദര്‍ഭം സ്മരണീയമാണ്. അദ്ദേഹത്തോട് നാം അരുളി: താങ്കള്‍ യാതൊരു വസ്തുവിനെയും എന്റെ പങ്കാളിയാക്കരുത്; കഅ്ബാ പ്രദക്ഷിണക്കാര്‍ക്കും, നിന്നും കുനിഞ്ഞും സാഷ്ടാംഗം നമിച്ചും പ്രാര്‍ത്ഥന നിര്‍വഹിക്കുന്നവര്‍ക്കും വേണ്ടി എന്റെ ഭവനം ശുദ്ധിയാക്കിവെക്കുക; മാലോകരില്‍ ഹജ്ജ് വിളംബരം നിര്‍വഹിക്കുക- കാല്‍നടക്കാരായും വിദൂരദിക്കുകള്‍ താണ്ടിയെത്തുന്ന മെലിഞ്ഞ സവാരിമൃഗപ്പുറത്തേറിയും താങ്കളുടെയടുത്തേക്കവര്‍ വരുന്നതാണ്.15
തങ്ങള്‍ക്ക് ഉപകാരപ്രദമായ സ്ഥലങ്ങളിലവര്‍ ഹാജരാകാനും അല്ലാഹു കനിഞ്ഞേകിയ കാലികളെ നിര്‍ണിതനാളുകളില്‍ അവന്റെ പേരുച്ചരിച്ച് ബലിയറുക്കാനും വേണ്ടിയത്രേ അത്. ആ ബലിമാംസം നിങ്ങള്‍ ആഹരിക്കുകയും ദരിദ്രനും അഗതിക്കും ഭക്ഷിപ്പിക്കുകയും ചെയ്യുക. അനന്തരമവര്‍ തങ്ങളുടെ മാലിന്യം നീക്കുകയും നേര്‍ച്ചകള്‍ വീട്ടുകയും ആ ചിരപുരാതന സദനം പ്രദക്ഷിണം നടത്തുകയും ചെയ്യട്ടെ.16

2 വിശദീകരണങ്ങൾ കാണുക

15. കഅ്ബ നിര്‍മാണം നിര്‍വഹിക്കാന്‍ ഇബ്രാഹീം നബി(അ)ക്ക് അല്ലാഹു ദിവ്യബോധനം നല്‍കുകയും സ്ഥലം നിര്‍ണയിച്ചുകൊടുക്കുകയും മറ്റു അവശ്യ സൗകര്യങ്ങള്‍ സംവിധാനിക്കുകയും ചെയ്തത് വളരെ വലിയ അനുഗ്രഹമാണ്. ജൂത-ക്രിസ്തീയ-മുസ്‌ലിം ജനവിഭാഗങ്ങളുടെ മാര്‍ഗദര്‍ശിയും ആത്മിക പിതാവുമാണ് മഹാനായ ഇബ്രാഹീം നബി(അ). മാനവതയുടെ ജന്മത്തിനു മുമ്പ് മുതലേ സമാദരിക്കപ്പെട്ടിരുന്ന കഅ്ബയെ പരകോടികള്‍ ഹജ്ജ്-ഉംറകള്‍ക്കായി ഇന്നും ലക്ഷ്യം വെക്കുന്നു; മുസ്‌ലിം പരസ്സഹസ്രങ്ങള്‍ സര്‍വ നമസ്‌കാരങ്ങളിലും അതിലേക്ക് മുഖം തിരിക്കുന്നു.

16. ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഭൗതികവും പാരത്രികവുമായ നിരവധി ഗുണങ്ങളും നേട്ടങ്ങളും ലഭിക്കുന്നുണ്ട്. ഹജ്ജിനോടനുബന്ധിച്ച് നിര്‍വഹിക്കുന്ന ബലികളും ഇഫാദത്തിന്റെ ത്വവാഫുമാണ് സൂചിപ്പിച്ചിരിക്കുന്നത്. തഹല്ലുല്‍ (ഔദ്യോഗിക വിരാമം) ആയിക്കഴിഞ്ഞാല്‍ മുടിയും നഖവും നീക്കി കുളിച്ചു വൃത്തിയായി വസ്ത്രം മാറ്റി, ഉമ്മ പെറ്റ നാളിലെപ്പോലെ വിശുദ്ധനായി പുതിയൊരു മനുഷ്യനായി മാറുകയാണ് ഹജ്ജ് നിര്‍വഹിച്ചവന്‍.

وَإِذۡ بَوَّأۡنَا لِإِبۡرَٰهِيمَ مَكَانَ ٱلۡبَيۡتِ أَن لَّا تُشۡرِكۡ بِي شَيۡـٔٗا وَطَهِّرۡ بَيۡتِيَ لِلطَّآئِفِينَ وَٱلۡقَآئِمِينَ وَٱلرُّكَّعِ ٱلسُّجُودِ ۝٢٦
وَأَذِّن فِي ٱلنَّاسِ بِٱلۡحَجِّ يَأۡتُوكَ رِجَالٗا وَعَلَىٰ كُلِّ ضَامِرٖ يَأۡتِينَ مِن كُلِّ فَجٍّ عَمِيقٖ ۝٢٧
لِّيَشۡهَدُواْ مَنَٰفِعَ لَهُمۡ وَيَذۡكُرُواْ ٱسۡمَ ٱللَّهِ فِيٓ أَيَّامٖ مَّعۡلُومَٰتٍ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلۡأَنۡعَٰمِۖ فَكُلُواْ مِنۡهَا وَأَطۡعِمُواْ ٱلۡبَآئِسَ ٱلۡفَقِيرَ ۝٢٨
ثُمَّ لۡيَقۡضُواْ تَفَثَهُمۡ وَلۡيُوفُواْ نُذُورَهُمۡ وَلۡيَطَّوَّفُواْ بِٱلۡبَيۡتِ ٱلۡعَتِيقِ ۝٢٩
30–33

ഇത് മുറുകെപ്പിടിക്കുക. അല്ലാഹു ആദരിച്ചവയെ ഒരാള്‍ ബഹുമാനിക്കുന്നുവെങ്കില്‍ തന്റെ നാഥങ്കല്‍ അവനത് ഉദാത്തമാകുന്നു. ഖുര്‍ആനില്‍ പാരായണം ചെയ്യപ്പെടുന്നതൊഴികെയുള്ള കാലികള്‍ നിങ്ങള്‍ക്ക് അനുവദനീയമാണ്.17
അതുകൊണ്ട് ഋജുമാനസരായും അല്ലാഹുവോട് യാതൊന്നും പങ്കുചേര്‍ക്കാത്തവരായും കൊണ്ട് ബിംബമാലിന്യങ്ങളിലും വ്യാജസാക്ഷ്യത്തിലും നിന്ന് നിങ്ങള്‍ അകന്നുനില്‍ക്കുക. ആരൊരാള്‍ അല്ലാഹുവിനോട് എന്തിനെയെങ്കിലും പങ്കുചേര്‍ക്കുന്നുവോ, അവന്‍ മുകളില്‍ നിന്ന് താഴോട്ട് വീണ് ഛിന്നഭിന്നമായി പക്ഷികള്‍ റാഞ്ചിയെടുക്കുകയോ കാറ്റുകൊണ്ടുപോയി അഗാധതകളിലെറിയുകയോ ചെയ്യപ്പെട്ടവനെപ്പോലെയാകുന്നു.18
ഇത് കൈവിടരുത്: അല്ലാഹുവിന്റെ മതചിഹ്നങ്ങള്‍ ഒരാള്‍ ആദരിക്കുന്നുവെങ്കില്‍ അത് ഹൃദയങ്ങളിലെ സൂക്ഷ്മതയില്‍ നിന്നുത്ഭൂതമാകുന്നതു തന്നെയത്രേ! ആ കാലികളെ ഒരു നിശ്ചിത സമയം വരെ നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്; എന്നാല്‍, പിന്നീടവയെ ബലി നടത്തേണ്ടത് പുരാതന ഗേഹമായ കഅ്ബത്തിങ്കലാകുന്നു.19

3 വിശദീകരണങ്ങൾ കാണുക

17. സ്വാഭാവികമായോ തലക്കടിയേറ്റോ ശ്വാസം മുട്ടിയോ മറ്റു നിലക്കോ ചത്തതും ബിംബങ്ങള്‍ക്കു വേണ്ടി ബലി നല്‍കപ്പെട്ടതുമായ കാലികള്‍ നിഷിദ്ധമാണെന്ന് ഖുര്‍ആനില്‍ പലേടത്തും (5:3, 6:145) വിവരിച്ചിട്ടുണ്ട്. അതാണ് ഇവിടെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

18. വളരെ ഉയരത്തില്‍ നിന്ന് നിപതിക്കുന്ന ഒരാളുടെ അവസ്ഥയെന്താകും? ശരീരം ചിന്നിച്ചിതറി പക്ഷികള്‍ റാഞ്ചിക്കൊണ്ടുപോകും. അല്ലെങ്കില്‍ എവിടെയോ ചെന്നുപതിച്ച് ആരുടെയും ദൃഷ്ടിയില്‍ പെടാതെ കഥാവശേഷനാകും. ബഹുദൈവ വിശ്വാസികളുടെയും ബിംബാരാധകരുടെയും ദയനീയ പരിണതി ഇങ്ങനെത്തന്നെയായിരിക്കും. വിശ്വാസത്തിന്റെ കൊടുമുടിയില്‍ നിന്ന് നിഷേധത്തിന്റെ അഗാധതകളിലേക്ക് കൂപ്പുകുത്തി നശിക്കയാണവന്‍.

19. മുകളില്‍ പറഞ്ഞ കല്‍പനകളും സിദ്ധാന്തങ്ങളും കര്‍മങ്ങളും അല്ലാഹുവിന്റെ മതവും ശരീഅത്തുമാണ്. അവ ഏറ്റക്കുറച്ചിലും ഭേദഗതിയും വരുത്താതെ അപ്പടി പ്രയോഗവത്കരിക്കുകയാണ് ഹൃദയത്തില്‍ ഭക്തിയും അല്ലാഹുവിനെക്കുറിച്ച പേടിയുമുള്ളവര്‍ ചെയ്യേണ്ടത്.

ذَٰلِكَۖ وَمَن يُعَظِّمۡ حُرُمَٰتِ ٱللَّهِ فَهُوَ خَيۡرٞ لَّهُۥ عِندَ رَبِّهِۦۗ وَأُحِلَّتۡ لَكُمُ ٱلۡأَنۡعَٰمُ إِلَّا مَا يُتۡلَىٰ عَلَيۡكُمۡۖ فَٱجۡتَنِبُواْ ٱلرِّجۡسَ مِنَ ٱلۡأَوۡثَٰنِ وَٱجۡتَنِبُواْ قَوۡلَ ٱلزُّورِ ۝٣٠
حُنَفَآءَ لِلَّهِ غَيۡرَ مُشۡرِكِينَ بِهِۦۚ وَمَن يُشۡرِكۡ بِٱللَّهِ فَكَأَنَّمَا خَرَّ مِنَ ٱلسَّمَآءِ فَتَخۡطَفُهُ ٱلطَّيۡرُ أَوۡ تَهۡوِي بِهِ ٱلرِّيحُ فِي مَكَانٖ سَحِيقٖ ۝٣١
ذَٰلِكَۖ وَمَن يُعَظِّمۡ شَعَٰٓئِرَ ٱللَّهِ فَإِنَّهَا مِن تَقۡوَى ٱلۡقُلُوبِ ۝٣٢
لَكُمۡ فِيهَا مَنَٰفِعُ إِلَىٰٓ أَجَلٖ مُّسَمّٗى ثُمَّ مَحِلُّهَآ إِلَى ٱلۡبَيۡتِ ٱلۡعَتِيقِ ۝٣٣
34–35

എല്ലാ ജനപഥങ്ങള്‍ക്കും ഓരോ ബലികര്‍മം നാം നിശ്ചയിച്ചുകൊടുത്തിട്ടുണ്ട്. തങ്ങളുടെ അഹോവൃത്തിക്കായി അല്ലാഹു നല്‍കിയ കാലികളെ അവന്റെ തിരുനാമം മൊഴിഞ്ഞ് അറുക്കാനത്രേ അത്. നിങ്ങള്‍ മനുഷ്യരുടെ ദൈവം ഒരേയൊരുവനാണ്. അതുകൊണ്ട്, അവനോട് മാത്രം വിധേയത്വം പ്രകടിപ്പിക്കുക. അല്ലാഹുവിന്റെ പേരനുസ്മരിക്കപ്പെടുമ്പോള്‍ ഹൃദയം ഭയക്കുകയും തങ്ങള്‍ക്ക് വന്നുഭവിക്കുന്ന വിപത്തുകളില്‍ ക്ഷമ കൈക്കൊള്ളുകയും നമസ്‌കാരം കൃത്യമായനുഷ്ഠിക്കുകയും നാം നല്‍കിയതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്ന ഭക്തരും വിനയാന്വിതരുമായവര്‍ക്ക് നബീ, താങ്കള്‍ ശുഭവാര്‍ത്ത നല്‍കുക.20

1 വിശദീകരണം കാണുക

20. ഇബ്രാഹീം നബി(അ)യുടെ കാലം മുതലുള്ള എല്ലാ ശരീഅത്തുകളിലും മൃഗബലി ഒരാരാധനയായി നിലവിലുണ്ടായിരുന്നു. പുരാതന കാലത്തെ ആ സമൂഹങ്ങളുടെ അവിഭാജ്യ ഘടകമായിരുന്നു കാലികള്‍. അവയെ സ്രഷ്ടാവിന്റെ പ്രീതിക്കായി ബലിയറുക്കുകയും അതുവഴി ദൈവസാമീപ്യം കരസ്ഥമാക്കുകയും ചെയ്യാനുള്ള വഴിയാണിത്. അല്ലാഹുവിനെക്കുറിച്ച ശരിയായ ബോധം ഹൃദയത്തില്‍ രൂഢമൂലമായ വിശ്വാസിയുടെ ലക്ഷണങ്ങളാണ് അവസാനം പറഞ്ഞത്. അത്തരക്കാര്‍ക്ക് ഐഹിക-പാരത്രിക വിജയമുണ്ടെന്നു തീര്‍ച്ച.

وَلِكُلِّ أُمَّةٖ جَعَلۡنَا مَنسَكٗا لِّيَذۡكُرُواْ ٱسۡمَ ٱللَّهِ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلۡأَنۡعَٰمِۗ فَإِلَٰهُكُمۡ إِلَٰهٞ وَٰحِدٞ فَلَهُۥٓ أَسۡلِمُواْۗ وَبَشِّرِ ٱلۡمُخۡبِتِينَ ۝٣٤
ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتۡ قُلُوبُهُمۡ وَٱلصَّٰبِرِينَ عَلَىٰ مَآ أَصَابَهُمۡ وَٱلۡمُقِيمِي ٱلصَّلَوٰةِ وَمِمَّا رَزَقۡنَٰهُمۡ يُنفِقُونَ ۝٣٥
36–37

ബലിയൊട്ടകങ്ങളെ നിങ്ങള്‍ക്കു നാം ദൈവിക ചിഹ്നങ്ങളില്‍ പെട്ടതാക്കിത്തന്നിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ നന്മയുണ്ട്. അതിനാല്‍ അണിയൊപ്പിച്ചുനിര്‍ത്തി അല്ലാഹുവിന്റെ പേര് മൊഴിഞ്ഞ് അവയെ ബലിയര്‍പ്പിക്കുക. അങ്ങനെ അവ നിലംപതിച്ച് ജീവന്‍വെടിഞ്ഞാല്‍ അതില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും യാചിക്കാതെ സ്വയം പര്യാപ്തനാകുന്നവനും യാചിച്ചുവരുന്നവനുമായ സാധുക്കള്‍ക്ക് ആഹരിപ്പിക്കുകയും ചെയ്യുക.21
അവയെ ഇങ്ങനെ കീഴ്‌പ്പെടുത്തിത്തന്നിരിക്കുന്നത് നിങ്ങള്‍ കൃതജ്ഞത പ്രകാശിപ്പിക്കുന്നവരാകാന്‍ വേണ്ടിയത്രേ. അവയുടെ മാംസങ്ങളോ രക്തങ്ങളോ അല്ലാഹുവിങ്കല്‍ എത്തിച്ചേരുകയേ ചെയ്യില്ല; പ്രത്യുത, നിങ്ങളുടെ സൂക്ഷ്മതയാണ് ദൈവസന്നിധി പ്രാപിക്കുക. അല്ലാഹു നേര്‍വഴി കാട്ടിത്തന്നതിന്റെ പേരില്‍ അവന്റെ മഹത്ത്വപ്രകീര്‍ത്തനം നിര്‍വഹിക്കേണ്ടതിനായി അപ്രകാരം അവ നിങ്ങള്‍ക്കു വിധേയമാക്കിത്തന്നിരിക്കയാണ്.22
നബീ, പുണ്യവാന്മാര്‍ക്ക് താങ്കള്‍ ശുഭവൃത്താന്തമറിയിക്കുക.

2 വിശദീകരണങ്ങൾ കാണുക

21. 'ബുദ്ന്‍' -ഏകവചനം ബദനത്ത്- എന്ന പദത്തിനാണ് ബലിയൊട്ടകം എന്നു അര്‍ത്ഥം നല്‍കിയിരിക്കുന്നത്. ഭീമ ശരീരമുള്ള കാലി എന്ന സൂചകമാണ് പദം. അതുകൊണ്ട് തന്നെ പോത്ത്-കാള വര്‍ഗവും അതിലുള്‍പ്പെടുമെന്ന് ഇമാം അബൂഹനീഫ(റ)യും മറ്റും അഭിപ്രായപ്പെട്ടിട്ടുണ്ട്. വിശുദ്ധ മക്കയില്‍ ഹജ്ജ് കര്‍മത്തോടനുബന്ധിച്ചും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ഹിയ്യത്തായും ബലിനല്‍കപ്പെടുന്ന കാലികള്‍ ദീനിന്റെ ചിഹ്നങ്ങളാണ്. അല്ലാഹുവിന്റെ തിരുനാമം ഉച്ചരിച്ച് അവന്റെ സംതൃപ്തിക്കു മാത്രമായാണ് ബലി നടത്തേണ്ടത്. എന്നിട്ട് അര്‍ഹരായ ആളുകള്‍ക്ക് നിയമാനുസൃതം അവയുടെ മാംസം വിതരണം ചെയ്യണം. ഹജ്ജത്തുല്‍ വിദാഇല്‍ തിരുമേനി(സ്വ) നൂറ് ഒട്ടകങ്ങളാണ് അറുത്ത് കൊടുത്തത്.

22. കാലികളെ കീഴ്‌പ്പെടുത്തിയത് വളരെ വലിയ ഒരനുഗ്രഹമായതു കൊണ്ടാണ് അതാവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നത്. ഭീമാകാരന്മാരായ കാളകളെയും പോത്തുകളെയും ഒട്ടകങ്ങളെയും മറ്റും മനുഷ്യന്റെ ആജ്ഞാനുവര്‍ത്തികളാക്കിയിരിക്കുകയാണ് അല്ലാഹു. വല്ലപ്പോഴും ചിലതൊക്കെ വിരണ്ടോടുകയും വ്യാപക നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്യുന്നതു കാണുമ്പോള്‍ ഈ 'അനുസരണ'ത്തിന്റെ ചിത്രം കൂടുതല്‍ വ്യക്തമാകും. പണ്ടുകാലങ്ങളില്‍ വ്യത്യസ്തമായ ആവശ്യങ്ങള്‍ക്ക് മനുഷ്യര്‍ കാലികളെ സാര്‍വത്രികമായി ഉപയോഗപ്പെടുത്തിയിരുന്നു; പരിമിതമായാണെങ്കിലും ഇന്നും അതുണ്ട്.

وَٱلۡبُدۡنَ جَعَلۡنَٰهَا لَكُم مِّن شَعَٰٓئِرِ ٱللَّهِ لَكُمۡ فِيهَا خَيۡرٞۖ فَٱذۡكُرُواْ ٱسۡمَ ٱللَّهِ عَلَيۡهَا صَوَآفَّۖ فَإِذَا وَجَبَتۡ جُنُوبُهَا فَكُلُواْ مِنۡهَا وَأَطۡعِمُواْ ٱلۡقَانِعَ وَٱلۡمُعۡتَرَّۚ كَذَٰلِكَ سَخَّرۡنَٰهَا لَكُمۡ لَعَلَّكُمۡ تَشۡكُرُونَ ۝٣٦
لَن يَنَالَ ٱللَّهَ لُحُومُهَا وَلَا دِمَآؤُهَا وَلَٰكِن يَنَالُهُ ٱلتَّقۡوَىٰ مِنكُمۡۚ كَذَٰلِكَ سَخَّرَهَا لَكُمۡ لِتُكَبِّرُواْ ٱللَّهَ عَلَىٰ مَا هَدَىٰكُمۡۗ وَبَشِّرِ ٱلۡمُحۡسِنِينَ ۝٣٧
38–41

സത്യവിശ്വാസികളുടെ നേര്‍ക്കുള്ള അക്രമങ്ങള്‍ക്ക് അല്ലാഹു പ്രതിരോധമേര്‍പ്പെടുത്തുക തന്നെ ചെയ്യുന്നതാണ്. കൃതഘ്‌നരായ വഞ്ചകന്മാരെയൊന്നും തന്നെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. അക്രമവിധേയരായിരിക്കുന്നു എന്ന കാരണത്താല്‍ യുദ്ധം അടിച്ചേല്‍പിക്കപ്പെടുന്നവര്‍ക്ക് തിരിച്ചടിക്കാന്‍ ഇതാ അനുമതി നല്‍കുകയാണ്. അവരെ സഹായിക്കുവാന്‍ കഴിവുള്ളവന്‍ തന്നെയാണ് അല്ലാഹു.23
'തങ്ങളുടെ നാഥന്‍ അല്ലാഹുവാണ്' എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം, തീര്‍ത്തും ന്യായരഹിതമായി സ്വഗൃഹങ്ങളില്‍ നിന്ന് ബഹിഷ്‌കൃതരായവരത്രേ അവര്‍. ചിലയാളുകളെ മറ്റു ചിലരെ കൊണ്ട് അവന്‍ പ്രതിരോധിക്കുന്നില്ലായിരുന്നെങ്കില്‍ ഒട്ടേറെ സന്യാസീ മഠങ്ങളും ക്രിസ്തീയ ദേവാലയങ്ങളും ജൂതസിനഗോഗുകളും ദൈവനാമം ധാരാളമായനുസ്മരിക്കപ്പെടുന്ന മസ്ജിദുകളും തകര്‍ക്കപ്പെട്ടിരുന്നേനെ. തന്നെ സഹായിക്കുന്നവരെ നിശ്ചയം അല്ലാഹു സഹായിക്കും; ശക്തനും പ്രതാപിയും തന്നെയത്രേ അവന്‍. ആ മര്‍ദിതരുടെ അവസ്ഥ ഇതാണ്: നാട്ടില്‍ നാമവര്‍ക്ക് ആധിപത്യം കൊടുത്താല്‍ മുറപോലെ നമസ്‌കാരമനുഷ്ഠിക്കുകയും സകാത്ത് കൊടുക്കുകയും നന്മ കല്‍പിക്കുകയും തിന്മ നിരോധിക്കുകയും ചെയ്യും അവര്‍. സര്‍വ കാര്യങ്ങളുടെയും പരിണാമം അല്ലാഹുവിങ്കലേക്കാകുന്നു.24

2 വിശദീകരണങ്ങൾ കാണുക

23. മുസ്‌ലിംകള്‍ക്ക് യുദ്ധം അനുവദനീയമാക്കിക്കൊണ്ട് അവതീര്‍ണമായ ആദ്യ ഖുര്‍ആന്‍ സൂക്തമാണിത്. തങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്നു വിശ്വസിക്കുകയും അത് പറയുകയും ചെയ്തു എന്ന ഒറ്റക്കാരണത്താലാണ് മക്കാമുശ്‌രിക്കുകള്‍ സത്യവിശ്വാസികളോട് ശാത്രവം പുലര്‍ത്തുകയും അക്രമ-മര്‍ദനമുറകള്‍ കൈക്കൊള്ളുകയും അവസാനമവരെ സ്വഗൃഹങ്ങളിലും സ്വന്തം നാട്ടില്‍ നിന്നുതന്നെയും ബഹിഷ്‌കരിക്കുകയും ചെയ്തത്. എന്നാല്‍, അവര്‍ക്കെതിരെ അല്ലാഹു പ്രതിരോധമേര്‍പ്പെടുത്തുക തന്നെ ചെയ്യും എന്നാണിവിടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഹജ്ജിന്റെ കാര്യങ്ങള്‍ പരാമര്‍ശിച്ച ശേഷം അവ ദീനിന്റെ ചിഹ്നങ്ങളും മുഖമുദ്രകളുമാണെന്നും അവ നിര്‍ബന്ധമായും സംരക്ഷിക്കപ്പെടേണ്ടതാണെന്നുമാണല്ലോ പറഞ്ഞത്. ആ സംരക്ഷണം അല്ലാഹു തന്നെ നിര്‍വഹിക്കുമെന്ന് സൂക്തം 38 വ്യക്തമാക്കി. ആയതിനു അനിവാര്യമെങ്കില്‍ യുദ്ധം വരെ ആകാമെന്നും അല്ലാഹു അനുമതി നല്‍കുകയുണ്ടായി.

24. അധര്‍മികളും അക്രമികളും ധിക്കാരികളുമായവര്‍ എന്നും സത്യവിശ്വാസികളുടെ ബദ്ധവൈരികളായിരുന്നു. സര്‍വ പ്രവാചകന്മാരും തങ്ങളുടെ ജീവിതകാലത്ത് അനുഭവിച്ചതാണത്. ഇനി അന്ത്യനാള്‍ വരെയുമത് തുടരുകയും ചെയ്യും. എന്നാല്‍, അത്തരം സന്ദര്‍ഭങ്ങള്‍ തീക്ഷ്ണവും രൂക്ഷവുമാകുമ്പോള്‍ അല്ലാഹുവിന്റെ സഹായം വരും; അവന്‍ ഏതെങ്കിലും നിലക്ക് പ്രതിരോധമേര്‍പ്പെടുത്തും. അധികാരമുഷ്‌ക്കും ആയുധബലവും സൈനികശേഷിയുമുപയോഗിച്ച് സത്യവിശ്വാസികളെ അടിച്ചൊതുക്കുന്ന ലോകപോലീസായ അമേരിക്കയെ കൊടുങ്കാറ്റും കാട്ടുതീയും ഭൂകമ്പവും അഭ്യന്തര അരാജകത്വവും ധാര്‍മിക ദാരിദ്ര്യവും കുടുംബഛിദ്രതയും മറ്റും മുഖേന അല്ലാഹു പ്രതിരോധിക്കുന്നത് ഉദാഹരണം. ഈയൊരു സംവിധാനമില്ലെങ്കില്‍ ലോകം നശിച്ച് മണ്ണടിഞ്ഞുപോകും.

۞ إِنَّ ٱللَّهَ يُدَٰفِعُ عَنِ ٱلَّذِينَ ءَامَنُوٓاْۗ إِنَّ ٱللَّهَ لَا يُحِبُّ كُلَّ خَوَّانٖ كَفُورٍ ۝٣٨
أُذِنَ لِلَّذِينَ يُقَٰتَلُونَ بِأَنَّهُمۡ ظُلِمُواْۚ وَإِنَّ ٱللَّهَ عَلَىٰ نَصۡرِهِمۡ لَقَدِيرٌ ۝٣٩
ٱلَّذِينَ أُخۡرِجُواْ مِن دِيَٰرِهِم بِغَيۡرِ حَقٍّ إِلَّآ أَن يَقُولُواْ رَبُّنَا ٱللَّهُۗ وَلَوۡلَا دَفۡعُ ٱللَّهِ ٱلنَّاسَ بَعۡضَهُم بِبَعۡضٖ لَّهُدِّمَتۡ صَوَٰمِعُ وَبِيَعٞ وَصَلَوَٰتٞ وَمَسَٰجِدُ يُذۡكَرُ فِيهَا ٱسۡمُ ٱللَّهِ كَثِيرٗاۗ وَلَيَنصُرَنَّ ٱللَّهُ مَن يَنصُرُهُۥٓۚ إِنَّ ٱللَّهَ لَقَوِيٌّ عَزِيزٌ ۝٤٠
ٱلَّذِينَ إِن مَّكَّنَّٰهُمۡ فِي ٱلۡأَرۡضِ أَقَامُواْ ٱلصَّلَوٰةَ وَءَاتَوُاْ ٱلزَّكَوٰةَ وَأَمَرُواْ بِٱلۡمَعۡرُوفِ وَنَهَوۡاْ عَنِ ٱلۡمُنكَرِۗ وَلِلَّهِ عَٰقِبَةُ ٱلۡأُمُورِ ۝٤١
42–44

നബിയേ, അങ്ങയെ ഇവര്‍ വ്യാജനാക്കുന്നുവെങ്കില്‍ അതത്ര കാര്യമാക്കേണ്ട- ഇവര്‍ക്കു മുമ്പ് നൂഹ് നബിയുടെ സമൂഹവും ആദും സമൂദും ഇബ്രാഹീം നബിയുടെയും ലൂത്വ് നബിയുടെയും ജനതയും മദ്‌യന്‍കാരും പ്രവാചകന്മാരെ നിഷേധിച്ചിട്ടുണ്ട്; മൂസാ നബിയും വ്യാജനാക്കപ്പെടുകയുണ്ടായി. തല്‍സന്ദര്‍ഭങ്ങളിലൊക്കെ നിഷേധികള്‍ക്കു നാം സമയം നീട്ടിക്കൊടുക്കുകയും പിന്നീടവരെ പിടികൂടുകയുമാണ് ചെയ്തത്. അപ്പോള്‍, എങ്ങനെയുണ്ടായിരുന്നു എന്റെ പ്രതിഷേധ ശിക്ഷ?25

1 വിശദീകരണം കാണുക

25. തിരുനബി(സ്വ)യെ സാന്ത്വനിപ്പിക്കുകയാണ്. സ്വന്തക്കാരെയും നാട്ടുകാരെയും മാത്രമല്ല, മാലോകരെ ഒന്നടങ്കം സര്‍വ നാശത്തില്‍ നിന്ന് രക്ഷിക്കാനും അവര്‍ക്കനുഗ്രഹം ചൊരിയാനുമായി വന്ന തന്നെ സ്വകുടുംബവും ജന്മദേശക്കാരും വരെ അക്രമ-മര്‍ദന മുറകളുമായി നേരിടുമ്പോള്‍ ആരുടെയും ഹൃദയം തകര്‍ന്നുപോകും. എന്നാല്‍, നിഷേധികളുടെ കുലത്തൊഴിലും വര്‍ഗസ്വഭാവവുമാണിതെന്നും ക്ഷമ കൈക്കൊള്ളണമെന്നും നബി(സ്വ)യെ ഉണര്‍ത്തുകയാണ്. ഇന്നല്ലെങ്കില്‍ നാളെ ശത്രുചേരി നടുവൊടിഞ്ഞ് പത്തിമടക്കും.

وَإِن يُكَذِّبُوكَ فَقَدۡ كَذَّبَتۡ قَبۡلَهُمۡ قَوۡمُ نُوحٖ وَعَادٞ وَثَمُودُ ۝٤٢
وَقَوۡمُ إِبۡرَٰهِيمَ وَقَوۡمُ لُوطٖ ۝٤٣
وَأَصۡحَٰبُ مَدۡيَنَۖ وَكُذِّبَ مُوسَىٰۖ فَأَمۡلَيۡتُ لِلۡكَٰفِرِينَ ثُمَّ أَخَذۡتُهُمۡۖ فَكَيۡفَ كَانَ نَكِيرِ ۝٤٤
45–48

അങ്ങനെ, അക്രമമനുവര്‍ത്തിച്ചുകൊണ്ടിരിക്കെ എത്രയെത്ര നാടുകളെയാണ് നാം സംഹരിച്ചു കളഞ്ഞത്! തത്സമയം, മേല്‍ക്കൂരയോടെ അവ തകര്‍ന്നടിഞ്ഞു. ഉപകാരശൂന്യമായ എത്ര കിണറുകള്‍, പടുത്തുയര്‍ത്തപ്പെട്ട എത്ര കോട്ടകള്‍!26
ഭൂമിയിലൂടെ സഞ്ചരിക്കാറില്ലേ ഈ നിഷേധികള്‍? എങ്കില്‍ ചിന്തിച്ചു ഗ്രഹിക്കാവുന്ന ഹൃദയങ്ങളോ ശ്രവിച്ചറിയാവുന്ന കാതുകളോ അവര്‍ക്കുണ്ടായേനെ. നിശ്ചയം, കണ്ണുകളെയല്ല, നെഞ്ചകങ്ങളിലെ ഹൃദയങ്ങളെയാണ് അന്ധത ബാധിക്കുക.27
നബീ, അങ്ങയോടവര്‍ ശിക്ഷക്ക് ധൃതി കൂട്ടുകയാണ്. എന്നാല്‍, തന്റെ വാഗ്ദാനം അല്ലാഹു ലംഘിക്കുകയേയില്ല. താങ്കളുടെ നാഥങ്കലെ ഒരു നാള്‍ നിങ്ങള്‍ കണക്കാക്കുന്ന ആയിരം കൊല്ലം പോലെയാണ്. അധര്‍മം അനുവര്‍ത്തിച്ചുകൊണ്ടിരിക്കെ എത്രയെത്ര നാടുകള്‍ക്ക് ഞാന്‍ കാലവിളംബം നല്‍കുകയും പിന്നെ പിടികൂടി ശിക്ഷിക്കുകയുമുണ്ടായി! സര്‍വരുടെയും മടക്കം എന്നിലേക്കത്രേ.28

3 വിശദീകരണങ്ങൾ കാണുക

26. പ്രവാചക നിന്ദയും ദൈവനിഷേധവും അധര്‍മജീവിതവുമായിക്കഴിഞ്ഞ നിരവധി സമൂഹങ്ങള്‍ ഉന്മൂലന വിധേയമായിട്ടുണ്ട്. അപൂര്‍വമായുണ്ടായിരുന്ന ജലസ്രോതസ്സുകള്‍ അവരെ സംബന്ധിച്ചിടത്തോളം നിധിതുല്യമായിരുന്നു; അതാണ് കിണറുകളുടെ കാര്യം പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നത്. അവരുടെ നഗരങ്ങളും ജനവാസകേന്ദ്രങ്ങളുമാകട്ടെ വെള്ളരിക്കാപട്ടണവും ശവപ്പറമ്പുമായി. 'അതാ, അവരുടെ ആവാസഗേഹങ്ങള്‍! അവര്‍ക്കു ശേഷം അത്യപൂര്‍വമായല്ലാതെ അവിടെ ആരും നിവാസികളായെത്തിയില്ല!' (ഖുര്‍ആന്‍- അല്‍ഖസ്വസ്വ് 58)

27. ഉപരിസൂചിത സംഹൃത സമൂഹങ്ങളില്‍ പലതിന്റെയും തിക്തകഥകള്‍ മക്കയിലെ ബഹുദൈവ വിശ്വാസികള്‍ക്കും നിഷേധികള്‍ക്കും നന്നായറിയാം. പക്ഷേ, അവരുടെ ഹൃദയങ്ങളുടെ കണ്ണ് പൊട്ടിയിരിക്കുന്നു. ദുശ്ശാഠ്യം മൂലം സത്യം കണ്ടെത്താന്‍ കഴിയാതെ പോവുകയാണവര്‍.

28. നിഷേധികള്‍ക്കുള്ള വാഗ്ദത്ത ശിക്ഷ അല്‍പം വൈകിപ്പോവുക മാത്രമാണ്, റദ്ദ് ചെയ്യപ്പെട്ടിട്ടില്ല. അഞ്ചോ പത്തോ വര്‍ഷം വൈകുന്നുവെങ്കില്‍ തന്നെ അല്ലാഹുവിങ്കല്‍ ഏതാനും മിനിറ്റുകള്‍ മാത്രമാണത്. കാരണം അവങ്കല്‍ ഒരു നാള്‍ മനുഷ്യരുടെ ആയിരം വര്‍ഷങ്ങള്‍ക്കു സമാനമത്രേ. ഈ വസ്തുത മനസ്സിലാക്കാതെയാണ് നിഷേധികള്‍ ഊറ്റംകൊള്ളുന്നത്.

فَكَأَيِّن مِّن قَرۡيَةٍ أَهۡلَكۡنَٰهَا وَهِيَ ظَالِمَةٞ فَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا وَبِئۡرٖ مُّعَطَّلَةٖ وَقَصۡرٖ مَّشِيدٍ ۝٤٥
أَفَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَتَكُونَ لَهُمۡ قُلُوبٞ يَعۡقِلُونَ بِهَآ أَوۡ ءَاذَانٞ يَسۡمَعُونَ بِهَاۖ فَإِنَّهَا لَا تَعۡمَى ٱلۡأَبۡصَٰرُ وَلَٰكِن تَعۡمَى ٱلۡقُلُوبُ ٱلَّتِي فِي ٱلصُّدُورِ ۝٤٦
وَيَسۡتَعۡجِلُونَكَ بِٱلۡعَذَابِ وَلَن يُخۡلِفَ ٱللَّهُ وَعۡدَهُۥۚ وَإِنَّ يَوۡمًا عِندَ رَبِّكَ كَأَلۡفِ سَنَةٖ مِّمَّا تَعُدُّونَ ۝٤٧
وَكَأَيِّن مِّن قَرۡيَةٍ أَمۡلَيۡتُ لَهَا وَهِيَ ظَالِمَةٞ ثُمَّ أَخَذۡتُهَا وَإِلَيَّ ٱلۡمَصِيرُ ۝٤٨
49–51

നബീ, പ്രഖ്യാപിക്കുക: ജനങ്ങളേ, ഞാന്‍ നിങ്ങള്‍ക്കുള്ള സ്പഷ്ടമായൊരു താക്കീതുകാരന്‍ മാത്രമാണ്. സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളനുവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് പാപമോചനവും സമാദരണീയമായ ജീവിതവിഭവങ്ങളുമുണ്ടായിരിക്കും. നമ്മെ ദുര്‍ബലരാക്കിക്കളയാമെന്ന ഭാവേന നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഫലശൂന്യമാക്കാന്‍ പാടുപെടുന്നവര്‍ നരകത്തിന്റെയാളുകളത്രേ.29

1 വിശദീകരണം കാണുക

29. ഖുര്‍ആനെ നിഷ്ഫലവും നിഷ്പ്രഭവുമാക്കാന്‍ സാഹസിക യജ്ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പൗരാണികരോ ആധുനികരോ ആയ ഏതു പ്രതിയോഗികളും പരാജയപ്പെടും. കഷ്ടപ്പാടുകളുടെ ശാശ്വത കേന്ദ്രമായ നരകത്തില്‍ ചെന്നെത്തുക എന്നതായിരിക്കും അവരുടെ അന്തിമ പരിണതി. അല്ലാഹുവിനെ തോല്‍പിക്കാന്‍ ആര്‍ക്കുമാവില്ല.

قُلۡ يَٰٓأَيُّهَا ٱلنَّاسُ إِنَّمَآ أَنَا۠ لَكُمۡ نَذِيرٞ مُّبِينٞ ۝٤٩
فَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ لَهُم مَّغۡفِرَةٞ وَرِزۡقٞ كَرِيمٞ ۝٥٠
وَٱلَّذِينَ سَعَوۡاْ فِيٓ ءَايَٰتِنَا مُعَٰجِزِينَ أُوْلَٰٓئِكَ أَصۡحَٰبُ ٱلۡجَحِيمِ ۝٥١
52–54

നബീ, താങ്കള്‍ക്കു മുമ്പ് ഏത് പ്രവാചകനെയും ദൂതനെയും നാം നിയോഗിച്ചപ്പോഴും അദ്ദേഹം പാരായണം നിര്‍വഹിച്ചപ്പോള്‍ പിശാച് അതില്‍ ചില ദുര്‍ബോധനങ്ങള്‍ നിക്ഷേപിക്കാതെ പോയിട്ടില്ല. എന്നാല്‍ അത്തരം പൈശാചിക നിക്ഷിപ്തങ്ങള്‍ അല്ലാഹു മായ്ച്ചുകളയുകയും തന്റെ സൂക്തങ്ങള്‍ ദൃഢീകരിക്കുകയും ചെയ്യും.30
സര്‍വജ്ഞനും യുക്തിമാനുമാണവന്‍. ഈ പൈശാചിക നിക്ഷേപം സംഭവിക്കുന്നത്, ഹൃദയങ്ങള്‍ രോഗാതുരമാവുകയും കടുത്തുപോവുകയും ചെയ്തവര്‍ക്ക് ഒരു പരീക്ഷണമായാണ്. അതിവിദൂരമായ ഛിദ്രതയില്‍ തന്നെയാണ് അക്രമികളകപ്പെട്ടിരിക്കുന്നത്. ഈ ഖുര്‍ആന്‍ താങ്കളുടെ നാഥനില്‍ നിന്നുള്ളത് തന്നെയാണെന്ന് വിജ്ഞാനികള്‍ക്ക് ബോധ്യമാകാന്‍ കൂടിയാണ് ഈ പരീക്ഷണം. അപ്പോള്‍ അവര്‍ യഥായോഗ്യമത് വിശ്വസിക്കുന്നതും ഹൃദയാത്മനാ അതിന് വിധേയരാവുന്നതുമാണ്. സത്യവിശ്വാസികളെ അല്ലാഹു സന്മാര്‍ഗത്തിലേക്ക് നയിക്കുക തന്നെ ചെയ്യും, തീര്‍ച്ച.31

2 വിശദീകരണങ്ങൾ കാണുക

30. പ്രവാചകന്മാര്‍ ഗ്രന്ഥവചനങ്ങളോ മറ്റു ദൈവിക നിര്‍ദേശങ്ങളോ ജനസമക്ഷം സമര്‍പ്പിക്കുമ്പോള്‍ പിശാച് അതലങ്കോലപ്പെടുത്താന്‍ ശ്രോതാക്കളില്‍ സംശയങ്ങളും ദുര്‍വാദങ്ങളും ഇളക്കിവിട്ടും മറ്റു പലവിധേനയും ശ്രമിക്കും. എന്നാല്‍, തന്റെ സൂക്തങ്ങള്‍ അല്ലാഹു ദൃഢീകരിക്കുന്നതും പൈശാചിക ദുര്‍ബോധനങ്ങള്‍ മായ്ച്ചു കളയുന്നതുമാണ്. നിഷേധികള്‍ക്കും കപടവിശ്വാസികള്‍ക്കുമുള്ള ഒരു പരീക്ഷണമാണിത്. പ്രത്യുത, വിശ്വാസികളുടെ നിലപാട് ദൃഢീകൃതമാവുകയായിരിക്കും.

31. നിഷേധികളും കപട വിശ്വാസികളും ഓരോരോ കുതര്‍ക്കങ്ങളും ദുര്‍വാദങ്ങളുമുന്നയിച്ച് ഖുര്‍ആനെ തള്ളിക്കളയും. എന്നാല്‍, ഹൃദയങ്ങളില്‍ സത്യവിശ്വാസത്തിന്റെ അമൂല്യ വെളിച്ചമുള്ളവര്‍ക്കാകട്ടെ, ഖുര്‍ആനോട് വിധേയത്വവും ഭക്തിയും വര്‍ധിക്കുകയാണ് ചെയ്യുക.

وَمَآ أَرۡسَلۡنَا مِن قَبۡلِكَ مِن رَّسُولٖ وَلَا نَبِيٍّ إِلَّآ إِذَا تَمَنَّىٰٓ أَلۡقَى ٱلشَّيۡطَٰنُ فِيٓ أُمۡنِيَّتِهِۦ فَيَنسَخُ ٱللَّهُ مَا يُلۡقِي ٱلشَّيۡطَٰنُ ثُمَّ يُحۡكِمُ ٱللَّهُ ءَايَٰتِهِۦۗ وَٱللَّهُ عَلِيمٌ حَكِيمٞ ۝٥٢
لِّيَجۡعَلَ مَا يُلۡقِي ٱلشَّيۡطَٰنُ فِتۡنَةٗ لِّلَّذِينَ فِي قُلُوبِهِم مَّرَضٞ وَٱلۡقَاسِيَةِ قُلُوبُهُمۡۗ وَإِنَّ ٱلظَّٰلِمِينَ لَفِي شِقَاقِۭ بَعِيدٖ ۝٥٣
وَلِيَعۡلَمَ ٱلَّذِينَ أُوتُواْ ٱلۡعِلۡمَ أَنَّهُ ٱلۡحَقُّ مِن رَّبِّكَ فَيُؤۡمِنُواْ بِهِۦ فَتُخۡبِتَ لَهُۥ قُلُوبُهُمۡۗ وَإِنَّ ٱللَّهَ لَهَادِ ٱلَّذِينَ ءَامَنُوٓاْ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ ۝٥٤
55–57

യാദൃച്ഛികമായി അന്ത്യദിനമോ ഭാഗ്യശൂന്യമായ ഒരു നാളിലെ ശിക്ഷയോ തങ്ങള്‍ക്ക് ആഗതമാകുന്നതുവരെ ആ നിഷേധികള്‍ ഈ ഖുര്‍ആനെ കുറിച്ച് സംശയഗ്രസ്തരായിക്കൊണ്ടേയിരിക്കും. അന്ന് ആധിപത്യം അല്ലാഹുവിന്നായിരിക്കുന്നതും അവര്‍ക്കിടയില്‍ അവന്‍ വിധികല്‍പിക്കുന്നതുമാണ്. എന്നാല്‍, സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ സുഖാസ്വാദനങ്ങളുടെ സ്വര്‍ഗീയാരാമങ്ങളിലായിരിക്കും. സത്യം നിഷേധിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വ്യാജമാക്കുകയും ചെയ്തവര്‍ക്ക് അപമാനകരമായ ശിക്ഷയാണുണ്ടാവുക.32

1 വിശദീകരണം കാണുക

32. അവിശ്വാസികള്‍ തങ്ങളുടെ ഭൗതിക ഭ്രമങ്ങളിലും അശ്രദ്ധയിലും നിന്ന് മരണം വരെ ഉണരില്ല. പ്രതീക്ഷിക്കാത്തവിധം അന്ത്യനാള്‍ വന്നെത്തുകയോ അല്ലാഹുവിന്റെ ഏതെങ്കിലും ഉന്മൂലനശിക്ഷക്ക് പാത്രീഭൂതരാവുകയോ ചെയ്യുക എന്നതാകും അവരുടെ ഭാഗ്യശൂന്യമായ പരിണതി. സര്‍വാധിപത്യം അല്ലാഹുവിനു മാത്രമായ അവിടെ സത്യനിഷേധികള്‍ നരകശിക്ഷയിലും വിശ്വാസികള്‍ സുഖാസ്വാദനങ്ങള്‍ നിറഞ്ഞ സ്വര്‍ഗത്തോപ്പുകളിലുമായിരിക്കും.

وَلَا يَزَالُ ٱلَّذِينَ كَفَرُواْ فِي مِرۡيَةٖ مِّنۡهُ حَتَّىٰ تَأۡتِيَهُمُ ٱلسَّاعَةُ بَغۡتَةً أَوۡ يَأۡتِيَهُمۡ عَذَابُ يَوۡمٍ عَقِيمٍ ۝٥٥
ٱلۡمُلۡكُ يَوۡمَئِذٖ لِّلَّهِ يَحۡكُمُ بَيۡنَهُمۡۚ فَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ فِي جَنَّٰتِ ٱلنَّعِيمِ ۝٥٦
وَٱلَّذِينَ كَفَرُواْ وَكَذَّبُواْ بِـَٔايَٰتِنَا فَأُوْلَٰٓئِكَ لَهُمۡ عَذَابٞ مُّهِينٞ ۝٥٧
58–60

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദേശത്യാഗം ചെയ്ത ശേഷം വധിക്കപ്പെടുകയോ, സ്വാഭാവിക മരണം വരിക്കുകയോ ചെയ്തവര്‍ക്ക് അവന്‍ ഉദാത്തമായ ജീവിതവിഭവം നല്‍കുക തന്നെ ചെയ്യുന്നതാണ്. ഉപജീവനം നല്‍കുന്നവരില്‍ അത്യുത്തമന്‍ അല്ലാഹു തന്നെ, തീര്‍ച്ച. തങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു സ്ഥലത്ത് അവരെയവന്‍ പ്രവേശിപ്പിക്കുക തന്നെ ചെയ്യും. അല്ലാഹു സര്‍വജ്ഞനും സഹിഷ്ണുവും തന്നെയത്രേ. ഇതാണ് അവന്റെ നിയമം:33
താന്‍ അക്രമവിധേയനായതിനു തുല്യമായ ശിക്ഷയിലൂടെ ഒരാള്‍ പ്രതികാരം ചെയ്യുകയും വീണ്ടും അക്രമവിധേയനാവുകയും ചെയ്താല്‍ അല്ലാഹു ഈ മര്‍ദിതനെ സഹായിക്കുക തന്നെ ചെയ്യും. ഏറെ മാപ്പരുളുന്നവനും പൊറുക്കുന്നവനും തന്നെയത്രേ അവന്‍.

1 വിശദീകരണം കാണുക

33. സത്യമതത്തിന്റെ സംരക്ഷണത്തിനു വേണ്ടി സ്വദേശം വെടിഞ്ഞ് പലായനം നിര്‍വഹിച്ചവര്‍ക്ക് ഏതവസ്ഥയിലും-രക്തസാക്ഷ്യം വരിച്ചാലും സ്വാഭാവിക മരണമായാലും- വളരെ മികച്ച പ്രതിഫലമാണ് അല്ലാഹു നല്‍കുക-സുഖലോക സ്വര്‍ഗം. അതുപോലെ, ഒരു സത്യവിശ്വാസി അക്രമവിധേയനായി; ആത്മരക്ഷാര്‍ത്ഥം അവന്‍ പ്രതിരോധ നടപടികള്‍ ചെയ്തു- അതിനു കുഴപ്പമൊന്നുമില്ല. എന്നാല്‍, ആ അക്രമി വീണ്ടും ഈ മര്‍ദിതനു നേരെ തിരിയുന്നുവെങ്കില്‍ ഈ വിശ്വാസിയെ അല്ലാഹു സഹായിക്കുക തന്നെ ചെയ്യും. അക്രമപ്രവര്‍ത്തനങ്ങള്‍ ഉന്മൂലനം ചെയ്‌തേ തീരൂ എന്ന പൊതുതത്ത്വമനുസരിച്ചാണത്.

وَٱلَّذِينَ هَاجَرُواْ فِي سَبِيلِ ٱللَّهِ ثُمَّ قُتِلُوٓاْ أَوۡ مَاتُواْ لَيَرۡزُقَنَّهُمُ ٱللَّهُ رِزۡقًا حَسَنٗاۚ وَإِنَّ ٱللَّهَ لَهُوَ خَيۡرُ ٱلرَّٰزِقِينَ ۝٥٨
لَيُدۡخِلَنَّهُم مُّدۡخَلٗا يَرۡضَوۡنَهُۥۚ وَإِنَّ ٱللَّهَ لَعَلِيمٌ حَلِيمٞ ۝٥٩
۞ ذَٰلِكَۖ وَمَنۡ عَاقَبَ بِمِثۡلِ مَا عُوقِبَ بِهِۦ ثُمَّ بُغِيَ عَلَيۡهِ لَيَنصُرَنَّهُ ٱللَّهُۚ إِنَّ ٱللَّهَ لَعَفُوٌّ غَفُورٞ ۝٦٠
61–62

രാവിനെ പകലിലും പകലിനെ രാവിലും കടത്തിവിടുന്നത് അല്ലാഹുവാണ് എന്നതിനാലാണത്. എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നവനുമാണവന്‍. അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍ എന്നതിനാലുമത്രേ അത്. അവനെക്കൂടാതെ ഏതൊരു വസ്തുവിനെ അവരാരാധിക്കുന്നുവോ അതുതന്നെയാണ് ശിഥിലം. അവന്‍ തന്നെയാണ് ഉന്നതനും മഹാനും.34

1 വിശദീകരണം കാണുക

34. പ്രപഞ്ചത്തിന്റെ സര്‍വാധിപത്യവും നിയന്ത്രണവും അത്യദ്ഭുതകരമായ ക്രമീകരണങ്ങളുമൊക്കെ അധീനപ്പെടുത്തിയ രാജാധിരാജനാണ് അല്ലാഹു. അതുകൊണ്ട് അവനെ വിശ്വസിച്ച് ആരാധിക്കുക മാത്രമേ മോക്ഷം പ്രതീക്ഷിക്കുന്ന മനുഷ്യന് ചെയ്യാനാകൂ. അവനല്ലാത്ത മറ്റു ദൈവങ്ങളെ സ്വീകരിച്ച് ആരാധിക്കുന്നവര്‍ നിസ്സംശയം, സ്പഷ്ടമായ ദുര്‍മാര്‍ഗികളാകുന്നു.

ذَٰلِكَ بِأَنَّ ٱللَّهَ يُولِجُ ٱلَّيۡلَ فِي ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِي ٱلَّيۡلِ وَأَنَّ ٱللَّهَ سَمِيعُۢ بَصِيرٞ ۝٦١
ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلۡحَقُّ وَأَنَّ مَا يَدۡعُونَ مِن دُونِهِۦ هُوَ ٱلۡبَٰطِلُ وَأَنَّ ٱللَّهَ هُوَ ٱلۡعَلِيُّ ٱلۡكَبِيرُ ۝٦٢
63–66

നീ കാണുന്നില്ലേ: അല്ലാഹു അന്തരീക്ഷത്തില്‍ നിന്ന് മഴ വര്‍ഷിച്ചിട്ട് അതുവഴിയാണ് ഭൂതലം ഹരിതാഭമായിത്തീരുന്നത്. നിശ്ചയം അവന്‍ ആര്‍ദ്രതയുറ്റവനും സൂക്ഷ്മജ്ഞാനിയുമാകുന്നു. ഭുവന-വാനങ്ങളിലുള്ളത് അവന്റേതാണ്. സ്തുത്യര്‍ഹനും ഐശ്വര്യനുമത്രേ അവന്‍.35
നീ മനസ്സിലാക്കുന്നില്ലേ: ഭൂമിയിലുള്ളതും അവന്റെ ആജ്ഞാനുസൃതം സമുദ്രത്തിലോടുന്ന ജലയാനങ്ങളും നിങ്ങള്‍ക്കവന്‍ അധീനപ്പെടുത്തിത്തന്നിരിക്കുന്നു. അവന്റെ സമ്മതമില്ലാതെ ഭൂമിക്കു മേല്‍ നിപതിക്കുന്നതില്‍ നിന്ന് ആകാശത്തെ അവന്‍ തടഞ്ഞുനിര്‍ത്തിയിട്ടുണ്ട്. മര്‍ത്യരോട് അളവറ്റ ദയയും കാരുണ്യവുമുള്ളവനത്രേ അവന്‍. നിങ്ങളെ ജീവിപ്പിച്ചവന്‍ അവനാണ്; ഇനി മരിപ്പിക്കുകയും പിന്നീട് പുനര്‍ജീവിപ്പിക്കുകയും ചെയ്യും. ഏറെ കൃതഘ്‌നന്‍ തന്നെയാണ് മനുഷ്യന്‍!36

2 വിശദീകരണങ്ങൾ കാണുക

35. ഭൂമി വരണ്ടുണങ്ങിക്കിടന്ന ശേഷം മഴ വര്‍ഷിച്ചുകഴിഞ്ഞാല്‍ പരസഹസ്രം സസ്യലതാദികളും പുല്‍ച്ചെടികളും മരങ്ങളും തഴച്ചുവളരുന്നു. ഇത് എത്ര വലിയ മഹാദ്ഭുതമാണ്! മനുഷ്യന്‍ മരിച്ചശേഷം പുനര്‍ജീവിപ്പിക്കപ്പെടുന്നത് നിഷേധിക്കുന്ന ചിന്താശൂന്യര്‍ക്ക് ഒന്നാന്തരം ദൃഷ്ടാന്തമാണിത്.

36. മനുഷ്യന് ചെയ്തുകൊടുത്ത മഹത്തായ ചില അനുഗ്രഹങ്ങള്‍ എടുത്തുപറഞ്ഞ ശേഷം അല്ലാഹു അവിശ്വാസികളിലേക്ക് വിരല്‍ ചൂണ്ടുകയാണ്. അല്‍പമെങ്കിലും കൃതജ്ഞതാബോധമുണ്ടെങ്കില്‍ മനുഷ്യന്‍ ഈ അനുഗ്രഹദാതാവും സര്‍വശക്തനുമായ അല്ലാഹുവിനെ നിഷേധിക്കുമോ?

أَلَمۡ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَتُصۡبِحُ ٱلۡأَرۡضُ مُخۡضَرَّةًۚ إِنَّ ٱللَّهَ لَطِيفٌ خَبِيرٞ ۝٦٣
لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۚ وَإِنَّ ٱللَّهَ لَهُوَ ٱلۡغَنِيُّ ٱلۡحَمِيدُ ۝٦٤
أَلَمۡ تَرَ أَنَّ ٱللَّهَ سَخَّرَ لَكُم مَّا فِي ٱلۡأَرۡضِ وَٱلۡفُلۡكَ تَجۡرِي فِي ٱلۡبَحۡرِ بِأَمۡرِهِۦ وَيُمۡسِكُ ٱلسَّمَآءَ أَن تَقَعَ عَلَى ٱلۡأَرۡضِ إِلَّا بِإِذۡنِهِۦٓۚ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٞ رَّحِيمٞ ۝٦٥
وَهُوَ ٱلَّذِيٓ أَحۡيَاكُمۡ ثُمَّ يُمِيتُكُمۡ ثُمَّ يُحۡيِيكُمۡۗ إِنَّ ٱلۡإِنسَٰنَ لَكَفُورٞ ۝٦٦
67–69

ഓരോ ജനപഥത്തിനും ഓരോ ആരാധനാ വ്യവസ്ഥിതി നാം നിര്‍ണയിച്ചു കൊടുത്തിട്ടുണ്ട്. അത് പ്രയോഗവത്കരിക്കേണ്ടവരാണവര്‍. അതിനാല്‍, ഈ മതകാര്യത്തില്‍ അങ്ങയോടവര്‍ തര്‍ക്കിക്കാതിരിക്കട്ടെ. താങ്കള്‍ രക്ഷിതാവിങ്കലേക്കുള്ള ക്ഷണം നിര്‍വഹിച്ചു കൊള്ളുക. അങ്ങ് ഋജുവായ സല്‍പന്ഥാവില്‍ തന്നെയാണ്.37
താങ്കളോടവര്‍ തര്‍ക്കിക്കുകയാണെങ്കില്‍ ഇങ്ങനെ പറയുക: നിങ്ങളുടെ ചെയ്തികളെ കുറിച്ച് ഉത്തമജ്ഞാനിയാണ് അല്ലാഹു. നിങ്ങള്‍ അഭിപ്രായ ഭിന്നത പുലര്‍ത്തിക്കൊണ്ടിരുന്ന കാര്യങ്ങളില്‍ പുനരുത്ഥാനനാള്‍ അവന്‍ തീര്‍പ്പ് കല്‍പിച്ചുകൊള്ളുന്നതാണ്.

1 വിശദീകരണം കാണുക

37. മനുഷ്യരാശിക്കു വേണ്ടി അല്ലാഹു തെരഞ്ഞെടുത്തതും ഇഷ്ടപ്പെട്ടതുമായ മതം ഇസ്‌ലാം മാത്രമാണ്. (5:3,3:19,3:85) എന്നാല്‍, വിവിധ ജനസമൂഹങ്ങള്‍ക്ക് വ്യത്യസ്ത ജീവിത വ്യവസ്ഥിതികള്‍ അല്ലാഹു നിശ്ചയിച്ചിട്ടുണ്ടായിരുന്നു; മൂസവി ശരീഅത്ത്, ഈസവി ശരീഅത്ത് എന്നിങ്ങനെ. അതുപോലെ മുഹമ്മദ് നബി(സ്വ)യുടെ ശരീഅത്ത് (ജീവിത വ്യവസ്ഥിതി) മുമ്പുണ്ടായിരുന്നവയില്‍ നിന്ന് വ്യത്യസ്തമാണ്. ഖുര്‍ആന്‍ 5:48, 45:18ലും ഇതു വ്യക്തമാക്കിയിട്ടുണ്ട്.
67-ാം സൂക്തത്തിലെ 'മന്‍സക്' എന്ന പദത്തിനാണ് ആരാധനാവ്യവസ്ഥിതി അഥവാ ശരീഅത്ത് എന്ന അര്‍ത്ഥം നല്‍കിയത്. എന്നാല്‍, ഇതേ അധ്യായം 34ാം സൂക്തത്തിലെ ഇതേ പദത്തിന് ബലികര്‍മം എന്ന് അര്‍ത്ഥം കൊടുത്തിരുന്നു. ഇങ്ങനെ വ്യത്യസ്തമായി രണ്ടിനും സന്ദര്‍ഭോചിതം അത് പ്രയോഗിക്കാറുള്ളതാണ്.

لِّكُلِّ أُمَّةٖ جَعَلۡنَا مَنسَكًا هُمۡ نَاسِكُوهُۖ فَلَا يُنَٰزِعُنَّكَ فِي ٱلۡأَمۡرِۚ وَٱدۡعُ إِلَىٰ رَبِّكَۖ إِنَّكَ لَعَلَىٰ هُدٗى مُّسۡتَقِيمٖ ۝٦٧
وَإِن جَٰدَلُوكَ فَقُلِ ٱللَّهُ أَعۡلَمُ بِمَا تَعۡمَلُونَ ۝٦٨
ٱللَّهُ يَحۡكُمُ بَيۡنَكُمۡ يَوۡمَ ٱلۡقِيَٰمَةِ فِيمَا كُنتُمۡ فِيهِ تَخۡتَلِفُونَ ۝٦٩
70–72

ഭൂമിയിലും ആകാശത്തിലുമുള്ളതൊക്കെയും അല്ലാഹുവിന്റെ സമഗ്ര ജ്ഞാനത്തിലുള്ളതാണെന്ന് താങ്കള്‍ക്കറിയില്ലേ? നിശ്ചയം, അവ ഒരു ഗ്രന്ഥത്തിലുണ്ട്. അല്ലാഹുവിന്നത് സുഗമമത്രേ.38
അല്ലാഹു യാതൊരു തെളിവും നല്‍കിയിട്ടില്ലാത്തതും തങ്ങള്‍ക്ക് തന്നെ യാതൊരു ജ്ഞാനവും ഇല്ലാത്തതുമായ വസ്തുക്കളെ നിഷേധികള്‍ അവനു പുറമെ ആരാധിച്ചു കൊണ്ടിരിക്കുകയാണ്!- അക്രമികള്‍ക്ക് ഒരു സഹായിയും ഉണ്ടാവില്ല.39
നമ്മുടെ സ്പഷ്ട ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് പാരായണം ചെയ്യപ്പെടുകയാണെങ്കില്‍ നിഷേധികളുടെ വദനങ്ങളിലെ നീരസം നിനക്കു ഗ്രഹിക്കാം; നമ്മുടെ സൂക്തങ്ങള്‍ ഓതുന്നവരെ കൈയേറ്റം ചെയ്യാന്‍ വരെ അവര്‍ ധൃഷ്ടരാകും. താങ്കള്‍ ചോദിക്കുക: ഇതിനെക്കാള്‍ ഹീനമായത് ഞാന്‍ പറഞ്ഞു തരട്ടെ? നരകമത്രേ അത്- നിഷേധികള്‍ക്ക് അല്ലാഹു വാഗ്ദാനം ചെയ്തത് അതാണ്. എത്ര ദുഷിച്ച മടക്ക സ്ഥലമാണത്!40

3 വിശദീകരണങ്ങൾ കാണുക

38. പ്രപഞ്ചത്തില്‍ നടക്കുന്ന ചെറുതോ വലുതോ ആയ ഏതൊരു കാര്യവും സര്‍വശക്തന്റെ അറിവും ക്രമീകരണങ്ങളുമനുസരിച്ചാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അവയത്രയും ലൗഹുല്‍ മഹ്ഫൂളില്‍ ഉല്ലേഖിതമാണ്. ഈ സമഗ്ര സംവിധാനം അവനെ സംബന്ധിച്ചിടത്തോളം അയത്‌നലളിതമത്രേ.

39. ബിംബാരാധനക്ക് അനുകൂലമായ ഒരു തെളിവും അല്ലാഹു അവതരിപ്പിച്ചിട്ടില്ലെന്നു മാത്രമല്ല, അവയുടെ ആരാധകന്മാര്‍ക്കു പോലും അതുസംബന്ധിച്ച് ഒരു നിജ വിജ്ഞാനമില്ല. ലാത്ത്, മനാത്ത്, ഉസ്സാ, വദ്ദ്, സുവാഅ്, യഗൂസ്, യഊഖ്, നസ്ര്‍.. എന്നിങ്ങനെ തോന്നിയവര്‍ തോന്നിയപോലെ വ്യത്യസ്ത ദൈവങ്ങളെ വിഭിന്ന രീതികളില്‍ ആരാധിച്ചുകൊണ്ടിരിക്കുകയാണ്, എന്തൊരു ബുദ്ധിശൂന്യത! കേള്‍വിയോ കാഴ്ചയോ മറ്റു ഇന്ദ്രിയങ്ങളോ അശേഷമില്ലാത്ത, കല്ലിന്റെയും ലോഹത്തിന്റെയും മറ്റും പാകപ്പെടുത്തിയ കഷ്ണങ്ങള്‍!

40. ദോഷൈകദൃക്കുകളായിരുന്നു മക്കയിലെ നിഷേധികള്‍- നബി(സ്വ)യും ഖുര്‍ആനും മുസ്‌ലിംകളുമൊക്കെ ദോഷവും ഭാഗ്യശൂന്യവും അവലക്ഷണവും ഹീനവും! എന്നാല്‍, നിങ്ങള്‍ക്ക് വരാനിരിക്കുന്ന നരകജീവിതമാണ് അതീവ ഹീനവും അത്യന്തം അപകടകരവുമായിട്ടുള്ളത് എന്നുണര്‍ത്തുകയാണ്.

أَلَمۡ تَعۡلَمۡ أَنَّ ٱللَّهَ يَعۡلَمُ مَا فِي ٱلسَّمَآءِ وَٱلۡأَرۡضِۚ إِنَّ ذَٰلِكَ فِي كِتَٰبٍۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ ۝٧٠
وَيَعۡبُدُونَ مِن دُونِ ٱللَّهِ مَا لَمۡ يُنَزِّلۡ بِهِۦ سُلۡطَٰنٗا وَمَا لَيۡسَ لَهُم بِهِۦ عِلۡمٞۗ وَمَا لِلظَّٰلِمِينَ مِن نَّصِيرٖ ۝٧١
وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُنَا بَيِّنَٰتٖ تَعۡرِفُ فِي وُجُوهِ ٱلَّذِينَ كَفَرُواْ ٱلۡمُنكَرَۖ يَكَادُونَ يَسۡطُونَ بِٱلَّذِينَ يَتۡلُونَ عَلَيۡهِمۡ ءَايَٰتِنَاۗ قُلۡ أَفَأُنَبِّئُكُم بِشَرّٖ مِّن ذَٰلِكُمُۚ ٱلنَّارُ وَعَدَهَا ٱللَّهُ ٱلَّذِينَ كَفَرُواْۖ وَبِئۡسَ ٱلۡمَصِيرُ ۝٧٢
73–74

ഹേ മനുഷ്യരേ, ഇതാ ഒരു ഉപമാവതരണം, സശ്രദ്ധം ശ്രവിക്കുക: അല്ലാഹുവിനെ വിട്ട് നിങ്ങളാരാധിക്കുന്നവ -എല്ലാം സംഘടിച്ചാല്‍ തന്നെ-ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല തീര്‍ച്ച; അവയില്‍ നിന്ന് ഈച്ച എന്തെങ്കിലും തട്ടിയെടുത്താല്‍ അത് വീണ്ടെടുക്കാന്‍ പോലും അവക്കാവില്ല. സഹായം അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെട്ടവയും ദുര്‍ബലര്‍! ഇക്കൂട്ടര്‍ യഥായോഗ്യം അല്ലാഹുവിനെ ആദരിച്ചില്ല. അതീവ ശക്തനും പ്രതാപശാലിയും തന്നെയത്രേ അവന്‍.41

1 വിശദീകരണം കാണുക

41. ഏതു വിലപിടിപ്പുള്ള പ്രതിഷ്ഠയാണെങ്കിലും ബലിഷ്ഠമായ കരിങ്കല്ലു കൊണ്ട് നിര്‍മിച്ച പടുകൂറ്റന്‍ ബിംബമാണെങ്കിലും ചെറുതും നിസ്സാരവും വെറുക്കപ്പെടുന്നതുമായ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കാന്‍ അവക്കൊന്നും കഴിയില്ല. അവയിലെ നിവേദ്യങ്ങള്‍ ഭക്ഷിക്കാനെത്തുന്ന ഈച്ചയെ ആട്ടിയകറ്റാന്‍ പോലും അശക്തമാണവ. എത്ര ദൈന്യതയര്‍ഹിക്കുന്ന ദൈവങ്ങള്‍, എന്തൊരു പാവം ആരാധകര്‍!

يَٰٓأَيُّهَا ٱلنَّاسُ ضُرِبَ مَثَلٞ فَٱسۡتَمِعُواْ لَهُۥٓۚ إِنَّ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ لَن يَخۡلُقُواْ ذُبَابٗا وَلَوِ ٱجۡتَمَعُواْ لَهُۥۖ وَإِن يَسۡلُبۡهُمُ ٱلذُّبَابُ شَيۡـٔٗا لَّا يَسۡتَنقِذُوهُ مِنۡهُۚ ضَعُفَ ٱلطَّالِبُ وَٱلۡمَطۡلُوبُ ۝٧٣
مَا قَدَرُواْ ٱللَّهَ حَقَّ قَدۡرِهِۦٓۚ إِنَّ ٱللَّهَ لَقَوِيٌّ عَزِيزٌ ۝٧٤
75–76

മലക്കുകളിലും മനുഷ്യരിലും നിന്ന് അല്ലാഹു ദൂതന്മാരെ തെരഞ്ഞെടുക്കുന്നു; എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നവനാണവന്‍. അവരുടെ മുന്നിലും പിന്നിലുമുള്ളത് അവന്‍ നന്നായറിയും. അവങ്കലേക്കാണ് കാര്യങ്ങളെല്ലാം മടക്കപ്പെടുക.42

1 വിശദീകരണം കാണുക

42. നബി(സ്വ)യുടെ ദൗത്യത്തെ(രിസാലത്ത്) നിഷേധിച്ചുകൊണ്ട്, എന്തുകൊണ്ട് മലക്കിനെ റസൂലാക്കി അയക്കുന്നില്ല എന്നു ചോദിച്ച മുശ്‌രിക്കുകള്‍ക്ക് മറുപടിയാണിത്. തന്റെ ദൗത്യനിര്‍വഹണത്തിനായി മനുഷ്യരെയും മലക്കുകളെയും അല്ലാഹു തെരഞ്ഞെടുക്കാറുണ്ട്. അതാണവന്റെ രീതി എന്നു താത്പര്യം. ആ മലക്കുകളുടെയും ദൂതന്മാരുടെയുമെന്നല്ല, മനുഷ്യരുടെയും മറ്റു സമസ്ത സൃഷ്ടിജാലങ്ങളുടെയും എല്ലാ കാര്യങ്ങളും വിസ്തരിച്ചറിയുന്നവനാണല്ലാഹു.

ٱللَّهُ يَصۡطَفِي مِنَ ٱلۡمَلَٰٓئِكَةِ رُسُلٗا وَمِنَ ٱلنَّاسِۚ إِنَّ ٱللَّهَ سَمِيعُۢ بَصِيرٞ ۝٧٥
يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡۚ وَإِلَى ٱللَّهِ تُرۡجَعُ ٱلۡأُمُورُ ۝٧٦
77–78

സത്യവിശ്വാസികളേ, വിജയം കൈവരിക്കാനായി നിങ്ങള്‍ റുകൂഉം സുജൂദും ചെയ്ത് നമസ്‌കരിക്കുകയും നാഥനെ ആരാധിക്കുകയും ഉല്‍കൃഷ്ട കര്‍മങ്ങളനുവര്‍ത്തിക്കുകയും ചെയ്യുക.43
യഥായോഗ്യം നിങ്ങള്‍ ദൈവമാര്‍ഗത്തില്‍ സമരം അനുഷ്ഠിക്കുക.44
നിങ്ങളെയവന്‍ ഉല്‍കൃഷ്ടരായി തെരഞ്ഞെടുത്തിട്ടുണ്ട്; മതത്തിന്റെ കാര്യത്തില്‍ യാതൊരുവിധ വൈഷമ്യവും നിങ്ങള്‍ക്കു മേല്‍ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്രാഹീം നബിയുടെ മാര്‍ഗമാണിത്.45
മുന്‍വേദങ്ങളിലും ഈ ഖുര്‍ആനിലും 'മുസ്‌ലിംകള്‍' എന്നാണ് അല്ലാഹു നിങ്ങള്‍ക്ക് നാമകരണം ചെയ്തിരിക്കുന്നത്-റസൂല്‍ നിങ്ങള്‍ക്കും നിങ്ങള്‍ സകല ജനപഥങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്നവരാകാന്‍ വേണ്ടി.46
അതുകൊണ്ട് നിങ്ങള്‍ നമസ്‌കാരം യഥായോഗ്യം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിന്റെ ദീനും വേദവും മുറുകെ പിടിക്കുകയും ചെയ്യുക. അവനാണ് നിങ്ങളുടെ സംരക്ഷകന്‍. എത്ര ഉല്‍കൃഷ്ടനായ രക്ഷാധികാരിയും സഹായിയുമാണവന്‍!47

5 വിശദീകരണങ്ങൾ കാണുക

43. നമസ്‌കാരത്തില്‍ കുമ്പിട്ടുനില്‍ക്കുന്ന പ്രക്രിയയാണല്ലോ റുകൂഅ്; സുജൂദ് എന്നത് സാഷ്ടാംഗപ്രണാമവും. അടിമ അല്ലാഹുവോടു പ്രകടിപ്പിക്കുന്ന മികച്ച വിധേയത്വ പ്രകടനരീതിയാണിത്. പ്രത്യേക പരാമര്‍ശത്തിന്റെ പ്രസക്തി അതാണ്. ഒതുക്കത്തോടും ഭക്തിപാരവശ്യത്തോടും കൂടിയാണത് നിര്‍വഹിക്കേണ്ടത്. ഒരടിമ തന്റെ നാഥനോട് ഏറ്റം സമീപസ്ഥനായിരിക്കുന്ന അവസ്ഥ അവന്‍ സുജൂദിലായിരിക്കുമ്പോഴാണ് എന്ന ഹദീസ് (മുസ്‌ലിം) സുപ്രസിദ്ധമത്രേ.

44. ജിഹാദ് എന്ന ധാതുവില്‍ നിന്നുള്ള ശാസനാസൂചകക്രിയയാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. പല മൂഢന്മാരും ധരിച്ചിരിക്കുന്നതുപോലെ വാളെടുത്തു വെട്ടുക, യുദ്ധം ചെയ്യുക എന്നല്ല അതിന്റെയര്‍ത്ഥം; സ്വന്തമായതൊക്കെ-അറിവ്, കഴിവ്, സമ്പാദ്യം, സന്താനങ്ങള്‍..- സത്യത്തിന്റെ വചനങ്ങളും സന്ദേശങ്ങളും ഉയര്‍ത്തിക്കാട്ടാനും പ്രചരിപ്പിക്കാനുമായി വ്യയം ചെയ്യുക എന്നാണ്. 'താങ്കള്‍ സത്യനിഷേധികളുടെ ആജ്ഞാനുവര്‍ത്തിയാകരുത്; ഈ ഖുര്‍ആന്‍ കൊണ്ട് അവരോട് മഹാസമരം നടത്തിക്കൊള്ളുക' എന്ന കല്‍പന (സൂറ ഫുര്‍ഖാന്‍ 52) സ്മര്‍ത്തവ്യമത്രേ.

45. സ്രഷ്ടാവായ അല്ലാഹുവിന്റെ ആജ്ഞകളനുസരിച്ചവര്‍ മാനവതയുടെ ഉത്തുംഗത പ്രാപിച്ചു എന്നു താത്പര്യം. സഹസ്രാബ്ദങ്ങളായി ഇബ്രാഹീം നബി(അ) പഠിപ്പിച്ചുതരുന്ന മാനവിക സന്ദേശമാണിത്. ദൈവവിശ്വാസിയായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഒട്ടുമേ പ്രയാസകരമല്ല ഇതിന്റെ അനുഷ്ഠാനകര്‍മങ്ങള്‍. സ്വതേ മടിയന്മാരായ പലരും മതസിദ്ധാന്തങ്ങള്‍ ദുര്‍വഹമാണെന്നു വിചാരിക്കാറുണ്ട്; അത് വാസ്തവ വിരുദ്ധമാണ്.

46. അല്ലാഹുവിനെ അനുസരിക്കുന്നവര്‍ എന്നാണ് 'മുസ്‌ലിംകള്‍' എന്ന പദത്തിന്റെ അര്‍ത്ഥം. മൂസാനബി(അ)യുടെ ജൂതമതവും ഈസാനബി(അ)യുടെ ക്രിസ്തുമതവും പൂര്‍ണമായി അല്ലാഹുവിനെ അനുസരിക്കാനാണ് പഠിപ്പിക്കുന്നത്. മുഹമ്മദ് നബി(സ്വ)യുടെ അനുയായികളും ഇങ്ങനെത്തന്നെ. ഈ മൂന്നു മതസ്ഥരുടെയും പൂര്‍വിക പിതാവായ ഇബ്രാഹീം നബി(അ)യുടെ മതമത്രേ അത്. ഈ ഏകീഭാവത്തിന്റെ അടയാളമായി പരലോകത്ത് സകല ജനപഥങ്ങള്‍ക്കും സാക്ഷിയാവുക ഖുര്‍ആന്റെ അനുയായികളാണ്. മുഹമ്മദ് നബി(സ്വ) തന്റെ സ്വന്തം അനുയായികള്‍ക്കു വേണ്ടിയും സാക്ഷ്യം വഹിക്കും.

47. തങ്ങളെക്കാള്‍ ശതാബ്ദങ്ങളും സഹസ്രാബ്ദങ്ങളും മുമ്പ് ജീവിച്ചുമരിച്ചുപോയവര്‍ക്കു വേണ്ടിയാണ് മുഹമ്മദ് നബി(സ്വ)യുടെ സമുദായം സാക്ഷ്യം ബോധിപ്പിക്കുക. അതിമഹത്തായ ഒരംഗീകാരമാണത്. അത്തരമൊരു പവിത്ര വ്യക്തിത്വം കൈവരിക്കുന്നതിനും അതു നിലനിറുത്തുന്നതിനുമായി അല്ലാഹുവിന്റെ കല്‍പനകള്‍ ശിരസാവഹിക്കുകയും അവനെ മാത്രം അവലംബമാക്കുകയും ചെയ്യണമെന്നു താത്പര്യം.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱرۡكَعُواْ وَٱسۡجُدُواْۤ وَٱعۡبُدُواْ رَبَّكُمۡ وَٱفۡعَلُواْ ٱلۡخَيۡرَ لَعَلَّكُمۡ تُفۡلِحُونَ۩ ۝٧٧
وَجَٰهِدُواْ فِي ٱللَّهِ حَقَّ جِهَادِهِۦۚ هُوَ ٱجۡتَبَىٰكُمۡ وَمَا جَعَلَ عَلَيۡكُمۡ فِي ٱلدِّينِ مِنۡ حَرَجٖۚ مِّلَّةَ أَبِيكُمۡ إِبۡرَٰهِيمَۚ هُوَ سَمَّىٰكُمُ ٱلۡمُسۡلِمِينَ مِن قَبۡلُ وَفِي هَٰذَا لِيَكُونَ ٱلرَّسُولُ شَهِيدًا عَلَيۡكُمۡ وَتَكُونُواْ شُهَدَآءَ عَلَى ٱلنَّاسِۚ فَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ وَٱعۡتَصِمُواْ بِٱللَّهِ هُوَ مَوۡلَىٰكُمۡۖ فَنِعۡمَ ٱلۡمَوۡلَىٰ وَنِعۡمَ ٱلنَّصِيرُ ۝٧٨