തങ്ങളുടെ നമസ്‌കാരത്തില്‍ ഭയപ്പാടുള്ളവരും വ്യര്‍ത്ഥ വിഷയങ്ങളില്‍ നിന്നു തിരിഞ്ഞു കളയുന്നവരും സകാത്ത് നിര്‍വഹിക്കുന്നവരും.1
ഭാര്യമാര്‍, സ്വന്തം അടിമ സ്ത്രീകള്‍ എന്നിവരില്‍ നിന്നൊഴികെ ജനനേന്ദ്രിയങ്ങള്‍ കാത്തു സൂക്ഷിക്കുക വഴി അനധിക്ഷേപാര്‍ഹരും-ഇതിനപ്പുറം ആരെങ്കിലും ആഗ്രഹിച്ചാല്‍ അവര്‍ അതിക്രമകാരികള്‍ തന്നെ.2
തങ്ങളുടെ ഉത്തരവാദിത്വങ്ങളും കരാറുകളും പാലിക്കുന്നവരും3
നമസ്‌കാരത്തില്‍ നിഷ്ഠ പുലര്‍ത്തുന്നവരുമായ സത്യവിശ്വാസികള്‍ വിജയം വരിക്കുക തന്നെ ചെയ്തിരിക്കുന്നു. ഇവര്‍ തന്നെയാണ് സമുന്നത സ്വര്‍ഗമായ ഫിര്‍ദൗസ് അനന്തരാവകാശമായി സ്വായത്തമാക്കുന്നവര്‍; അതിലവര്‍ ശാശ്വത വാസികളായിരിക്കും.4
4 വിശദീകരണങ്ങൾ കാണുക
1. അല്‍മുഅ്മിനൂന്‍ (വിശ്വാസികള്‍) എന്നാണ് ഈ അദ്ധ്യായത്തിന്റെ പേര്. വിശ്വാസികളുടെ ചില സുപ്രധാന ലക്ഷണങ്ങള്‍ പ്രതിപാദിച്ചു കൊണ്ടാണ് ഇതിന്റെ തുടക്കം. ഈമാനിന്റെ ബഹിര്‍ സ്ഫുരണമാണ് സല്‍കര്‍മങ്ങള്‍. അതിലേറ്റം മഹത്താണ് ഫര്‍ളായ നമസ്‌കാരങ്ങള്‍. അല്ലാഹുവുമായുള്ള കൂടിക്കാഴ്ചയാണെന്നതിനാല്‍ നമസ്‌കാരത്തില്‍ മികച്ച ഭയപ്പാടും ഭക്തിയുമുണ്ടാവണം. അനാവശ്യ കാര്യത്തിലൊന്നും വിശ്വാസി ഇടപെട്ടു കൂടാ. സകാത്ത് നിയമാനുസൃതം നല്‍കണം.
2. സത്യവിശ്വാസികള്‍ വികാര ശമനത്തിനായി ഭാര്യമാരെയോ സ്വന്തം അടിമ സ്ത്രീകളേയോ (ഇസ്‌ലാമിന്റ ആരംഭ കാലത്ത് ലോകത്തുടനീളം അടിമസമ്പ്രദായം ഉണ്ടായിരുന്നു; പിന്നീടത് നിഷ്‌കാസിതമായി.) മാത്രമേ ആശ്രയിക്കാവൂ. മറ്റേതു രീതിയും അധര്‍മവും അനനുവദനീയവുമാണ്.
3. അമാനത്ത് എന്നാല്‍ വിശ്വസിച്ച് ഏല്‍പിക്കപ്പെടുന്ന കാര്യങ്ങളാണ്. അല്ലാഹുവിന്റെ നിയമ-നിരോധങ്ങളെ പറ്റിയും അങ്ങനെ പറയും. (ഖുര്‍ആന്‍ 32:72) സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള മുഴുവന്‍ ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കുകയാണ് വിവക്ഷ. വിശ്വാസിയുടെ ജീവിതത്തെ ആമൂലാഗ്രം ചൂഴ്ന്നു നില്‍ക്കുന്ന വ്യാപകമായ കല്‍പനയാണിതെന്ന് കാണാം.
4. സ്വര്‍ഗീയാരാമങ്ങളിലെ അത്യുന്നതമായ ശ്രേണിയാണ് ഫിര്‍ദൗസ്. നിങ്ങള്‍ അല്ലാഹുവിനോടര്‍ത്ഥിക്കുമ്പോള്‍ ഫിര്‍ദൗസ് ചോദിക്കുക, കാരണം സ്വര്‍ഗത്തിലെ ഏറ്റം ഉന്നതമത്രേ അത്; സ്വര്‍ഗീയ ആറുകള്‍ ഉറവയെടുക്കുന്നത് അവിടെ നിന്നാകുന്നു എന്ന് തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.(മുസ്‌ലിം). ഈ പത്ത് സൂക്തങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ യഥാവിധി അനുഷ്ഠിക്കുന്നവര്‍ സ്വര്‍ഗപ്രാപ്തരായി എന്നും ഹദീസില്‍ കാണാം(തുര്‍മുദി, അഹ്മദ്)