Monday, 12 October 2026 Hijri: — 01:27:21 pm
MalayalamQuran.in
Quran translation reader

അന്നൂർ النور An-Nur

Surah 24 മദനിയ്യ • مدنية • Madaniyah 64 ആയത്തുകൾ • 64 Ayahs

സൂറത്ത് അന്നൂർ (An-Nur), ഖുർആൻ അധ്യായം 24 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 64 ആയത്തുകൾ വായിക്കുക. Read Surah An-Nur with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

നിങ്ങള്‍ ചിന്തിച്ചുഗ്രഹിക്കുന്നതിനായി, നാം അവതരിപ്പിക്കുകയും നിയമമാക്കിവെക്കുകയും സ്പഷ്ട ദൃഷ്ടാന്തങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്ത ഒരധ്യായമത്രേ ഇത്.1

1 വിശദീകരണം കാണുക

1. എല്ലാ സൂറകളും അവതരിപ്പിച്ചത് അല്ലാഹു തന്നെയാണ്; അവയൊക്കെയും മതത്തിന്റെ ശാസനകളുമാണ്. എന്നാല്‍ ഇവിടെ അക്കാര്യം സവിശേഷമായി എടുത്തുപറഞ്ഞുകൊണ്ട് ആരംഭിച്ചിരിക്കുന്നതിനു കാരണമുണ്ട്: സാമൂഹിക ഭദ്രതക്ക് അനിവാര്യമായ പല കാര്യങ്ങളും ഇതില്‍ കാണാം. അവ പ്രയോഗവല്‍ക്കരിക്കുന്നവര്‍ക്ക് സമാധാനപൂര്‍ണവും സന്തോഷനിര്‍ഭരവുമായ സാമൂഹികാന്തരീക്ഷത്തില്‍ ജീവിതം നയിക്കാനാകും. അവ അവഗണിക്കുന്നര്‍ക്കോ, ദുന്‍യാവ് സംഘര്‍ഷനിര്‍ഭരവും നരകതുല്യവുമാകും. പാശ്ചാത്യന്‍ രാജ്യങ്ങളും സമൂഹങ്ങളും ഇതിന്ന് ഒന്നാം തരം സാക്ഷികളാണ്.

سُورَةٌ أَنزَلۡنَٰهَا وَفَرَضۡنَٰهَا وَأَنزَلۡنَا فِيهَآ ءَايَٰتِۭ بَيِّنَٰتٖ لَّعَلَّكُمۡ تَذَكَّرُونَ ۝١
2–5

വ്യഭിചാരിയെയും വ്യഭിചാരിണിയെയും-അവരില്‍ ഓരോരുത്തരെയും-നിങ്ങള്‍ നൂറുവീതം അടിക്കുക. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്റെ മതശാസനാനിര്‍വഹണത്തില്‍ അവരോടുള്ള ഒരുവിധ ദയാവായ്പും നിങ്ങളെ ബാധിക്കരുത്. അവരുടെ ശിക്ഷ നടപ്പാക്കുന്നിടത്ത് ഒരു സംഘം സത്യവിശ്വാസികള്‍ സന്നിഹിതരാവുകയും വേണം.2
വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ മാത്രമേ വ്യഭിചാരി വിവാഹം ചെയ്യാറുള്ളൂ. (അതുപോലെ) വ്യഭിചാരിയോ ബഹുദൈവ വിശ്വാസിയോ മാത്രമേ വേശ്യയെ കല്യാണം കഴിക്കൂ. ഇത് സത്യവിശ്വാസികള്‍ക്ക് നിഷിദ്ധമത്രേ.3
നാലു സാക്ഷികളെ ഹാജറാക്കാതെ, പതിവ്രതകളെ വ്യഭിചാരാരോപണം നടത്തുന്നവരെ നിങ്ങള്‍ എണ്‍പത് പ്രാവശ്യം പ്രഹരിക്കുക; അവരുടെ സാക്ഷ്യം ഒരിക്കലും സ്വീകരിക്കയുമരുത്. അധര്‍മകാരികള്‍ തന്നെയാണവര്‍-വഴിയെ, പശ്ചാത്തപിക്കുകയും ഉത്തമന്മാരായിത്തീരുകയും ചെയ്തവരൊഴികെ. നിശ്ചയം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രേ.4

3 വിശദീകരണങ്ങൾ കാണുക

2. വ്യഭിചാരം അതീവഗുരുതരവും അത്യന്തം നിഷ്ഠുരവുമായ സാമൂഹിക ദുരാചാരമാണ്. തലമുറകളിലേക്ക് പടര്‍ന്നു പിടിക്കുന്ന വിഷലിപ്തമായ ഘോരപാതകമത്രേ അത്: ജാരസന്തതികളുടെ പരമ്പര നീണ്ടുനീണ്ടുപോകും; അനര്‍ഹര്‍ നിരപരാധികളുടെ അനന്തരാവകാശ സ്വത്തുക്കള്‍ കൈയടക്കും. സംസ്‌കാര സമ്പന്നനും മാന്യനും ശ്രേഷ്ഠനുമായ മനുഷ്യന്‍ ഈ ദുഷ്‌ചെയ്തി വഴി മൃഗങ്ങളെക്കാള്‍ അധഃപതിച്ചുപോകും...അതുകൊണ്ട് ഇത് ചെയ്യുന്ന പാതകികള്‍ക്ക് തീക്ഷ്ണ ശിക്ഷ നല്‍കണം-അവിവാഹിതര്‍ക്ക് നൂറുവീതം പ്രഹരം; വിവാഹിതരാണെങ്കില്‍ വധശിക്ഷ. അതുതന്നെ പരമാവധി തീവ്രതരമാകാനായി എറിഞ്ഞുവേണം കൊല്ലാന്‍. ഒരു കൂട്ടം സത്യവിശ്വാസികള്‍ ഇതിനു സാക്ഷികളാവുകയും വേണം!

3. സത്യവിശ്വാസവും വ്യഭിചാരവും ഉത്തരദക്ഷിണ ധ്രുവങ്ങളുടെ അകല്‍ചയുള്ളവയാണ്. വ്യഭിചാരിണിയെ അവരെപ്പോലെ ദുര്‍നടപ്പുകാരായവരേ വേള്‍ക്കൂ. അത്തരക്കാര്‍ക്കാകട്ടെ ജീവിത പങ്കാളികളായി വരിക വ്യഭിചരിക്കുന്ന സ്തീകളുമായിരിക്കും.ഇത്തരം വൈവാഹിക ബന്ധം സത്യവിശ്വാസികള്‍ക്ക് പരിവര്‍ജ്യമത്രേ. നികാഹ് ശരിയാകില്ല എന്ന ഉദ്ദേശ്യത്തിലല്ല പ്രയോഗം. സാമ്പത്തിക ശേഷിയില്ലാത്ത ചില സ്വഹാബികള്‍ പതിവ്രതകളല്ലാത്ത ചില സ്ത്രീകളെ വിവാഹം ചെയ്യാന്‍ നബി(സ്വ)യോട് സമ്മതം തേടി. തത്സമയമായിരുന്നു ഈ സൂക്താവതരണം.

4. വ്യഭിചാരം നടപ്പുള്ള സമൂഹത്തിന്റെ ഉപോല്‍പന്നവും അനിവാര്യതയുമായിരിക്കും പതിവ്രതകളും ചാരിത്ര്യവതികളുമായ മഹിളകള്‍ ദുരാരോപണവിധേയരാകല്‍. അത്തരം ആരോപകന്‍ അതുതെളിയിക്കാന്‍ നലു സാക്ഷികളെ ഹാജറാക്കണം, ഇല്ലെങ്കില്‍ പ്രഹര ശിക്ഷ ലഭിക്കും-80 അടി. തുടര്‍ന്നയാള്‍ അവിശ്വസ്തനായി മുദ്രയടിക്കപ്പെടുന്നതുമാണ്.

ٱلزَّانِيَةُ وَٱلزَّانِي فَٱجۡلِدُواْ كُلَّ وَٰحِدٖ مِّنۡهُمَا مِاْئَةَ جَلۡدَةٖۖ وَلَا تَأۡخُذۡكُم بِهِمَا رَأۡفَةٞ فِي دِينِ ٱللَّهِ إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۖ وَلۡيَشۡهَدۡ عَذَابَهُمَا طَآئِفَةٞ مِّنَ ٱلۡمُؤۡمِنِينَ ۝٢
ٱلزَّانِي لَا يَنكِحُ إِلَّا زَانِيَةً أَوۡ مُشۡرِكَةٗ وَٱلزَّانِيَةُ لَا يَنكِحُهَآ إِلَّا زَانٍ أَوۡ مُشۡرِكٞۚ وَحُرِّمَ ذَٰلِكَ عَلَى ٱلۡمُؤۡمِنِينَ ۝٣
وَٱلَّذِينَ يَرۡمُونَ ٱلۡمُحۡصَنَٰتِ ثُمَّ لَمۡ يَأۡتُواْ بِأَرۡبَعَةِ شُهَدَآءَ فَٱجۡلِدُوهُمۡ ثَمَٰنِينَ جَلۡدَةٗ وَلَا تَقۡبَلُواْ لَهُمۡ شَهَٰدَةً أَبَدٗاۚ وَأُوْلَٰٓئِكَ هُمُ ٱلۡفَٰسِقُونَ ۝٤
إِلَّا ٱلَّذِينَ تَابُواْ مِنۢ بَعۡدِ ذَٰلِكَ وَأَصۡلَحُواْ فَإِنَّ ٱللَّهَ غَفُورٞ رَّحِيمٞ ۝٥
6–7

സ്വപത്‌നിമാരുടെ മേല്‍ വ്യഭിചാരാരോപണം നടത്തുകയും മറ്റു സാക്ഷികളൊന്നുമില്ലാതിരിക്കുകയും ചെയ്യുന്നവര്‍ ആരോ, അവര്‍ നിര്‍വഹിച്ചിരിക്കേണ്ട സാക്ഷ്യ സമര്‍പ്പണം ഇപ്രകാരമാണ്-താന്‍ സത്യസന്ധന്മാരില്‍ പെട്ടവന്‍ തന്നെയാകുന്നു എന്ന് നാലു പ്രാവശ്യം സാക്ഷ്യം പറയുക; അഞ്ചാമതായി, വ്യാജമാണു ബോധിപ്പിക്കുന്നതെങ്കില്‍ അല്ലാഹുവിന്റെ ശാപം എന്റെ മേല്‍ വര്‍ഷിച്ചുകൊള്ളട്ടെ എന്നും പറയണം.

وَٱلَّذِينَ يَرۡمُونَ أَزۡوَٰجَهُمۡ وَلَمۡ يَكُن لَّهُمۡ شُهَدَآءُ إِلَّآ أَنفُسُهُمۡ فَشَهَٰدَةُ أَحَدِهِمۡ أَرۡبَعُ شَهَٰدَٰتِۭ بِٱللَّهِ إِنَّهُۥ لَمِنَ ٱلصَّٰدِقِينَ ۝٦
وَٱلۡخَٰمِسَةُ أَنَّ لَعۡنَتَ ٱللَّهِ عَلَيۡهِ إِن كَانَ مِنَ ٱلۡكَٰذِبِينَ ۝٧
8–9

അവന്‍ നുണയന്മാരില്‍ പെട്ടവന്‍ തന്നെയാണ് എന്ന് നാലുവട്ടം സാക്ഷ്യം വഹിക്കുകയും അഞ്ചാമതായി 'അവന്‍ സത്യസന്ധരില്‍ പെട്ടവനാണെങ്കില്‍ അല്ലാഹുവിന്റെ ക്രോധം തന്റെ മേല്‍ വര്‍ഷിച്ചുകൊള്ളട്ടെ' എന്നു പറയുകയും ചെയ്താല്‍ അവളില്‍ നിന്നത് ശിക്ഷയെ പ്രതിരോധിക്കുന്നതാണ്.

وَيَدۡرَؤُاْ عَنۡهَا ٱلۡعَذَابَ أَن تَشۡهَدَ أَرۡبَعَ شَهَٰدَٰتِۭ بِٱللَّهِ إِنَّهُۥ لَمِنَ ٱلۡكَٰذِبِينَ ۝٨
وَٱلۡخَٰمِسَةَ أَنَّ غَضَبَ ٱللَّهِ عَلَيۡهَآ إِن كَانَ مِنَ ٱلصَّٰدِقِينَ ۝٩
10

അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും നിങ്ങള്‍ക്കില്ലാതിരിക്കുകയും അവന്‍ വലിയ പശ്ചാത്താപസ്വീകര്‍ത്താവും യുക്തിമാനും അല്ലാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍(നിങ്ങള്‍ നശിച്ചിരുന്നേനെ!)5

1 വിശദീകരണം കാണുക

5. ആറുമുതല്‍ പത്തുവരെ വാക്യങ്ങള്‍ 'ലിആന്‍' വിശദീകരിക്കുകയാണ്. സ്വന്തം സഹധര്‍മിണിയെപ്പറ്റി വ്യഭിചാരമാരോപിക്കുകയും സാക്ഷികളെ ഹാജറാക്കാന്‍ പറ്റാതിരിക്കുകയും ചെയ്യുന്ന ദുര്‍ഘടഘട്ടങ്ങളില്‍ ഇരുവര്‍ക്കും ശിക്ഷയില്‍ നിന്നു രക്ഷപ്പെടാനുള്ള അറ്റകൈ പ്രയോഗമാണ് ലിആന്‍. താന്‍ സത്യമാണു പറയുന്നതെന്ന് അല്ലാഹുവിനെ മുന്‍നിറുത്തി ഭര്‍ത്താവ് നാലുവട്ടം പറയണം; അഞ്ചാമതായി, വ്യാജനാണെങ്കില്‍ ദൈവശാപം തന്റെ മേല്‍ വര്‍ഷിക്കട്ടെ എന്ന് ആത്മശാപപ്രാര്‍ത്ഥനയും നടത്തണം. 8,9 സൂക്തങ്ങളിലുള്ളത് ആ സ്ത്രീ പറയുമ്പോള്‍ ശിക്ഷയില്‍ നിന്ന് അവളും വിമോചിതയാകും.
ശരീകുബ്‌നു സഹ്മാ എന്നയാള്‍ എന്റെ ഭാര്യയെ വ്യഭിചരിച്ചു എന്ന് ഹിലാലുബ്‌നു ഉമയ്യ തിരുമേനി(സ്വ)യോട് പരാതി പറഞ്ഞപ്പോഴാണ് ഈ സൂക്തങ്ങളിറങ്ങിയത്.(ബുഖാരി). അപ്പോള്‍ അവര്‍ക്കിടയില്‍ 'ലിആന്‍' നിര്‍വഹിച്ചുകൊണ്ട് ആ ഭര്യാഭര്‍ത്താക്കളെ എന്നെന്നേക്കുമായി നബി വേര്‍പിരിച്ചു. പരസ്പര ശാപം(ലിആന്‍) നിര്‍വഹിച്ച ദമ്പതിമാര്‍ക്ക് ജീവിതാന്ത്യം വരെ പുനഃസംഗമിക്കാന്‍ ശരീഅത്ത് അനുവദിക്കുന്നില്ല. അത്രമാത്രം ഗുരുതരമായി അവരുടെ മനസ്സുകള്‍ അകന്നു കഴിഞ്ഞു എന്നതാണ് അതിനുള്ള പ്രത്യേക കാരണം.

وَلَوۡلَا فَضۡلُ ٱللَّهِ عَلَيۡكُمۡ وَرَحۡمَتُهُۥ وَأَنَّ ٱللَّهَ تَوَّابٌ حَكِيمٌ ۝١٠
11–15

നിശ്ചയം, ആ വ്യാജവൃത്താന്തം ഇറക്കുമതി ചെയ്തവര്‍ നിങ്ങളില്‍ പെട്ട ഒരു സംഘം തന്നെയത്രേ. സ്വന്തത്തിന്നത് ദോഷകരമാണെന്നു നിങ്ങള്‍ ധരിക്കേണ്ട, ഗുണകരം തന്നെയാണ്6
അവരില്‍ ഓരോ വ്യക്തിക്കും താനാര്‍ജിച്ച പാപമുണ്ടാകും, എന്നാല്‍ അതിന്റെ കുഞ്ചികസ്ഥാനം വഹിച്ചയാള്‍ക്ക് ഗുരുതര ശിക്ഷയാണുണ്ടാവുക!7
സത്യവിശ്വാസികളും സത്യവിശ്വാസിനികളും അതു കേട്ടമാത്രയില്‍, സ്വന്തക്കാരെപ്പറ്റി എന്തുകൊണ്ട് ഉദാത്ത ധാരണ പുലര്‍ത്തുകയും 'ഇതു പ്രസ്പഷ്ട വ്യാജം തന്നെ' എന്ന് പറയുകയും ചെയ്തില്ല? ആരോപകര്‍ എന്തുകൊണ്ടതിന്ന് നാലു സാക്ഷികളെ ഹാജറാക്കിയില്ല? സാക്ഷികളെ കൊണ്ടുവരായ്ക മൂലം അല്ലാഹുവിങ്കല്‍ അവര്‍ തന്നെയത്രേ വ്യാജന്മാര്‍. ഐഹിക-പാരത്രിക ലോകത്ത് അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും നിങ്ങള്‍ക്കില്ലായിരുന്നുവെങ്കില്‍, ഈ വൃത്താന്തത്തിലേര്‍പ്പെട്ടതിനാല്‍ ഘോരശിക്ഷ നിങ്ങളെ പിടികൂടിയിരുന്നേനെ! സ്വജിഹ്വകള്‍ കൊണ്ട് അതേറ്റുപാടുകയും ഒരു വിവരവുമില്ലാതെ സ്വന്തം വായകൊണ്ടത് ഉച്ചരിക്കുകയും ചെയ്തത് ഒന്നോര്‍ത്തുനോക്കൂ! അതൊരു നിസ്സാര വിഷയമെന്നു നിങ്ങള്‍ കരുതുന്നു; എന്നാല്‍ അല്ലാഹുവിങ്കല്‍ അത് ഗൗരവമത്രേ8

3 വിശദീകരണങ്ങൾ കാണുക

6. പ്രവാചക സഹധര്‍മിണി ആഇശ ബിവി(റ)യെപ്പറ്റി കപടവിശ്വാസികള്‍ ലൈംഗികാപവാദം പ്രചരിപ്പിച ഗുരുതര സംഭവത്തിലേക്കാണിവിടെ സൂചന. ഇത്തരമൊരു കള്ളക്കഥ അവര്‍ പറഞ്ഞു പരത്തുകയും കൊട്ടിഗ്‌ഘോഷിക്കുകയും ചെയ്തത് നിങ്ങള്‍ക്കു ദോഷമല്ല, ഗുണമാണ് എന്നു വ്യക്തമാക്കുകയാണ്. കപടന്മാരുടെ വ്യാജമുഖാവരണം പിച്ചിച്ചീന്തി ആഇശ ബിവി(റ)യുടെ പവിത്രതയും ഔന്നത്യവും സ്പഷ്ടമാക്കുന്ന പതിനഞ്ചു ദിവ്യവചനങ്ങള്‍ അന്ത്യനാള്‍ വരെ ലോകമെങ്ങും പാരായണം ചെയ്യപ്പെടും വിധം ഇക്കാര്യത്തില്‍ അവതീര്‍ണമായി എന്നത് ഏറ്റം മഹത്തരമത്രേ.

7. അബ്ദുല്ലാഹിബ്‌നു ഉബയ്യിബ്‌നി സലൂല്‍ എന്ന മുനാഫിഖ് നേതാവാണ് ഈ കഥാകൈതവത്തിന്റെ വ്യാപക പ്രചരണത്തിന്നു പ്രവര്‍ത്തിച്ചത്. ഇവിടെ സൂചിപ്പിച്ച ഗുരുതര ശിക്ഷയുടെ അവകാശി അയാള്‍ തന്നെയാണെന്നാണ് വ്യാഖ്യാതാക്കളുടെയും ചരിത്രകാരന്മാരുടെയും അഭിപ്രായം.

8. ഹിജ്‌റ ആറാം വര്‍ഷമുണ്ടായ ബനുല്‍ മുസ്വ്ഥലഖ്(അല്‍മുറൈസീഅ്) യുദ്ധയാത്രയില്‍ നബി(സ്വ)യോടൊപ്പം ആഇശ ബീവിയും പോയിരുന്നു. മടങ്ങി വരവെ രാത്രി വിശ്രമിച്ച ഒരു സ്ഥലത്തു വെച്ച് അവര്‍ കക്കൂസില്‍ പോയപ്പോള്‍ കഴുത്തിലെ മാല വീണുപോയി. തിരിച്ചു താമസസ്ഥലത്തിനടുത്തെത്തിയപ്പോഴാണതറിയുന്നത്. മാല തെരയാനായി അതേ സ്ഥലത്തേക്കുതന്നെ തിരിച്ചുപോയി സമയം കുറേ വൈകി. ഇതിനിടെ സംഘം പുറപ്പെട്ടു കഴിഞ്ഞിരുന്നു. പ്രവാചക സഹധര്‍മിണി തന്റെ ഒട്ടകക്കട്ടിലിനകത്തുണ്ടെന്ന ധാരണയില്‍ പരിചാരകര്‍ അത് വാഹനപ്പുറത്ത് കയറ്റിവെച്ചതാണ് അബദ്ധം സംഭവിക്കാന്‍ കാരണമായത്.
ബീവി മടങ്ങിയെത്തിയപ്പോള്‍ യാത്രാസംഘം സ്ഥലം വിട്ടിരിക്കുന്നു! വിജനമായ നിശ്ശൂന്യ സ്ഥലത്ത് ഒറ്റപ്പെട്ടുപോയ ഒരു യുവതിയുടെ മാനസികാവസ്ഥ എന്തായിരിക്കും? ഉറക്കച്ചടവില്‍ ഒരിടത്ത് വിശ്രമിക്കാനിരുന്ന അവര്‍ ഉറങ്ങിപ്പോയി... യുദ്ധ സംഘത്തിന്റെ പിന്നാലെ യാത്രചെയ്യാന്‍ നിയുക്തനായിരുന്ന സ്വഫ്‌വാനുബ്‌നുല്‍ മുഅത്ത്വല്‍(റ) എന്ന സ്വഹാബി അവിടെയെത്തി നബിപത്‌നിയെ കണ്ടപ്പോള്‍ വിപല്‍സൂചകമായ ദിവ്യസൂക്തം(ഇന്നാലില്ലാഹി....) ഉരുവിട്ടതു കേട്ടുകൊണ്ട് ബീവി ഞെട്ടിയുണര്‍ന്നു. ഉടന്‍ തന്നെ തന്റെ ഒട്ടകപ്പുറത്ത് അവരെ കയറ്റിക്കൊണ്ട് സ്വഫ്‌വാന്‍(റ) ഒട്ടകത്തെ തെളിച്ചുനടന്നു സംഘത്തോടൊപ്പമെത്തി.
നബി(സ്വ)യെയും സ്വഹാബികളെയും അവഹേളിക്കാനും അധിക്ഷേപിക്കാനും തക്കം പാര്‍ത്തുനടന്നിരുന്ന കപടവിശ്വാസികള്‍ ഇത് പൊക്കിപ്പിടിച്ച് ആഘോഷം തന്നെയാക്കി. സ്വഫ്‌വാനെയും ബീവി(റ)യെയും സംബന്ധിച്ച് അവര്‍ അപവാദങ്ങള്‍ പ്രചരിപ്പിച്ചു. മുനാഫിഖ് നേതാവ് അബ്ദുല്ലാഹുബ്‌നു ഉബയ്യ് ഇതിന്നു സമര്‍ത്ഥമായി നേതൃത്വം നല്‍കി. ബുഖാരി 8:452 യുള്‍പ്പെടെയുള്ള ഹദീസ് ഗ്രന്ഥങ്ങളില്‍ സംഭവത്തിന്റെ വിശദവിവരങ്ങള്‍ കാണാം. കരഞ്ഞു കണ്ണുകലങ്ങി ഹൃദയം തകര്‍ന്ന് മനസ്സ് നുറുങ്ങി ഏകാന്തയായി ബീവി ഒരു മാസം കഴിച്ചുകൂട്ടി. പിന്നീടാണ് അവരുടെ നിരപരാധിത്വവും പവിത്രതയും വിളംബരം ചെയ്തുകൊണ്ട് ഈ വിശുദ്ധ സൂക്തങ്ങള്‍ അവതീര്‍ണമാകുന്നത്-അവര്‍ പോലും പ്രതീക്ഷിക്കാത്ത വിധം അന്ത്യനാള്‍വരെ ജനകോടികള്‍ പാരായണം ചെയ്യുന്ന ദൈവികമായ പുണ്യസാക്ഷ്യ വചനങ്ങള്‍!

إِنَّ ٱلَّذِينَ جَآءُو بِٱلۡإِفۡكِ عُصۡبَةٞ مِّنكُمۡۚ لَا تَحۡسَبُوهُ شَرّٗا لَّكُمۖ بَلۡ هُوَ خَيۡرٞ لَّكُمۡۚ لِكُلِّ ٱمۡرِيٕٖ مِّنۡهُم مَّا ٱكۡتَسَبَ مِنَ ٱلۡإِثۡمِۚ وَٱلَّذِي تَوَلَّىٰ كِبۡرَهُۥ مِنۡهُمۡ لَهُۥ عَذَابٌ عَظِيمٞ ۝١١
لَّوۡلَآ إِذۡ سَمِعۡتُمُوهُ ظَنَّ ٱلۡمُؤۡمِنُونَ وَٱلۡمُؤۡمِنَٰتُ بِأَنفُسِهِمۡ خَيۡرٗا وَقَالُواْ هَٰذَآ إِفۡكٞ مُّبِينٞ ۝١٢
لَّوۡلَا جَآءُو عَلَيۡهِ بِأَرۡبَعَةِ شُهَدَآءَۚ فَإِذۡ لَمۡ يَأۡتُواْ بِٱلشُّهَدَآءِ فَأُوْلَٰٓئِكَ عِندَ ٱللَّهِ هُمُ ٱلۡكَٰذِبُونَ ۝١٣
وَلَوۡلَا فَضۡلُ ٱللَّهِ عَلَيۡكُمۡ وَرَحۡمَتُهُۥ فِي ٱلدُّنۡيَا وَٱلۡأٓخِرَةِ لَمَسَّكُمۡ فِي مَآ أَفَضۡتُمۡ فِيهِ عَذَابٌ عَظِيمٌ ۝١٤
إِذۡ تَلَقَّوۡنَهُۥ بِأَلۡسِنَتِكُمۡ وَتَقُولُونَ بِأَفۡوَاهِكُم مَّا لَيۡسَ لَكُم بِهِۦ عِلۡمٞ وَتَحۡسَبُونَهُۥ هَيِّنٗا وَهُوَ عِندَ ٱللَّهِ عَظِيمٞ ۝١٥
16–20

അതു ശ്രവിച്ച മാത്രയില്‍ 'ഞങ്ങള്‍ക്കിതിനെക്കുറിച്ച് സംസാരിക്കാന്‍ പാടില്ല, (അല്ലാഹുവേ) നീ എത്ര പരിശുദ്ധന്‍! അത്യന്തം ഹീനമായ ഒരപവാദം തന്നെയത്രേ ഇത്' എന്ന് എന്തുകൊണ്ട് നിങ്ങള്‍ പ്രതികരിച്ചില്ല? തത്തുല്യമായൊരു കാര്യം മേലില്‍ ആവര്‍ത്തിക്കാതിരിക്കാനായി നിങ്ങള്‍ക്ക് അല്ലാഹു ഉപദേശം തരികയും ദൃഷ്ടാന്തങ്ങള്‍ വിവരിക്കുകയുമാണ്-സത്യവിശ്വാസികളാണ് നിങ്ങള്‍ എങ്കില്‍! സര്‍വജ്ഞനും യുക്തിമാനുമാണ് അല്ലാഹു. സത്യവിശ്വാസികളില്‍ ഹീനകൃത്യം വ്യാപിക്കുന്നത് ഇഷ്ടപ്പെടുന്നതാരോ അവര്‍ക്ക് ഐഹിക-പാരത്രിക ലോകത്ത് വേദനയുറ്റ ശിക്ഷയുണ്ട്, തീര്‍ച്ച. അല്ലാഹു അറിയുന്നു, നിങ്ങള്‍ അറിയുന്നില്ല. നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും ഉണ്ടാകാതിരിക്കുകയും അവന്‍ വത്സലനും കരുണാമയനും ആകാതിരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ (നിങ്ങളെ കഠോര ശിക്ഷ പിടികൂടിയിരുന്നേനെ!)

وَلَوۡلَآ إِذۡ سَمِعۡتُمُوهُ قُلۡتُم مَّا يَكُونُ لَنَآ أَن نَّتَكَلَّمَ بِهَٰذَا سُبۡحَٰنَكَ هَٰذَا بُهۡتَٰنٌ عَظِيمٞ ۝١٦
يَعِظُكُمُ ٱللَّهُ أَن تَعُودُواْ لِمِثۡلِهِۦٓ أَبَدًا إِن كُنتُم مُّؤۡمِنِينَ ۝١٧
وَيُبَيِّنُ ٱللَّهُ لَكُمُ ٱلۡأٓيَٰتِۚ وَٱللَّهُ عَلِيمٌ حَكِيمٌ ۝١٨
إِنَّ ٱلَّذِينَ يُحِبُّونَ أَن تَشِيعَ ٱلۡفَٰحِشَةُ فِي ٱلَّذِينَ ءَامَنُواْ لَهُمۡ عَذَابٌ أَلِيمٞ فِي ٱلدُّنۡيَا وَٱلۡأٓخِرَةِۚ وَٱللَّهُ يَعۡلَمُ وَأَنتُمۡ لَا تَعۡلَمُونَ ۝١٩
وَلَوۡلَا فَضۡلُ ٱللَّهِ عَلَيۡكُمۡ وَرَحۡمَتُهُۥ وَأَنَّ ٱللَّهَ رَءُوفٞ رَّحِيمٞ ۝٢٠
21–22

സത്യവിശ്വാസികളേ, പിശാചിന്റെ കാല്‍പാടുകള്‍ നിങ്ങള്‍ അനുധാവനം ചെയ്യരുത്. ആരെങ്കിലും അവന്റെ കാലടികള്‍ പിന്‍പറ്റുന്നുവെങ്കില്‍, അവന്റെ ശാസന ദുര്‍വൃത്തിയും ഹീനകൃത്യവും അനുവര്‍ത്തിക്കാനായിരിക്കും. നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളിലൊരാള്‍ പോലും ഒരിക്കലും വിശുദ്ധി നേടുമായിരുന്നില്ല. എന്നാല്‍ താനുദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു പരിശുദ്ധി നല്‍കുന്നു. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രേ. നിങ്ങളില്‍ മഹത്ത്വവും സാമ്പത്തിക ശേഷിയുമുള്ളവര്‍, കുടുംബക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ദൈവമാര്‍ഗത്തില്‍ എല്ലാം വെടിഞ്ഞ് നാടുവിടുന്നവര്‍ക്കും ഒന്നും ദാനം ചെയ്കയില്ലെന്ന് ശപഥം ചെയ്യരുത്9
മാപ്പരുളുകയും വിട്ടുവീഴ്ച ചെയ്യുകയുമാണു വേണ്ടത്. അല്ലാഹു പൊറുത്തു തരുന്നത് നിങ്ങളിഷ്ടപ്പെടുകയില്ലേ? അവന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രേ.

1 വിശദീകരണം കാണുക

9. മിസ്ഥഹ് ഇബ്‌നു ഉബാബ(റ) എന്ന മുഹാജിറായ പാവപ്പെട്ട സ്വഹാബിക്ക് അബുബക്ര്‍ സിദ്ദീഖ്(റ) കൈയയച്ചു സഹായിച്ചിരുന്നു. എന്നാല്‍ പ്രിയപുത്രി ആഇശബിവി(റ)ക്കെതിരെയുള്ള അപവാദപ്രചരണത്തില്‍ മിസ്ഥഹും പങ്കാളിയായിട്ടുണ്ടെന്നറിഞ്ഞപ്പോള്‍, ഇനിമേല്‍ അദ്ദേഹത്തിനു ചില്ലിക്കാശുപോലും നല്‍കില്ലെന്ന സിദ്ദീഖ്(റ) ശപഥം ചെയ്തു. അദ്ദേഹത്തെക്കുറിച്ചാണ് ഈ 22-ാം സൂക്തം അവതീര്‍ണമായത്. ഈ നിലപാടില്‍ നിന്നു പിന്തിരിയാനാണിവിടെ കല്‍പന. ആ മഹാന്‍ അത് അപ്പടി അനുസരിച്ചു.

۞ يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّبِعُواْ خُطُوَٰتِ ٱلشَّيۡطَٰنِۚ وَمَن يَتَّبِعۡ خُطُوَٰتِ ٱلشَّيۡطَٰنِ فَإِنَّهُۥ يَأۡمُرُ بِٱلۡفَحۡشَآءِ وَٱلۡمُنكَرِۚ وَلَوۡلَا فَضۡلُ ٱللَّهِ عَلَيۡكُمۡ وَرَحۡمَتُهُۥ مَا زَكَىٰ مِنكُم مِّنۡ أَحَدٍ أَبَدٗا وَلَٰكِنَّ ٱللَّهَ يُزَكِّي مَن يَشَآءُۗ وَٱللَّهُ سَمِيعٌ عَلِيمٞ ۝٢١
وَلَا يَأۡتَلِ أُوْلُواْ ٱلۡفَضۡلِ مِنكُمۡ وَٱلسَّعَةِ أَن يُؤۡتُوٓاْ أُوْلِي ٱلۡقُرۡبَىٰ وَٱلۡمَسَٰكِينَ وَٱلۡمُهَٰجِرِينَ فِي سَبِيلِ ٱللَّهِۖ وَلۡيَعۡفُواْ وَلۡيَصۡفَحُوٓاْۗ أَلَا تُحِبُّونَ أَن يَغۡفِرَ ٱللَّهُ لَكُمۡۚ وَٱللَّهُ غَفُورٞ رَّحِيمٌ ۝٢٢
23–25

ചാരിത്ര്യവതികളും ദുര്‍നടപ്പിനെപ്പറ്റി നിനക്കുകപോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെക്കുറിച്ച് അപവാദം പറയുന്നതാരോ, ഐഹിക-പാരത്രിക ലോകങ്ങളില്‍ അവര്‍ അഭിശപ്തരായിക്കഴിഞ്ഞിരിക്കുന്നു; തങ്ങളുടെ ചെയ്തികളെപ്പറ്റി അവരുടെ നാവുകളും കരചരണങ്ങളും പ്രതികൂല സാക്ഷ്യം വഹിക്കുന്ന ദിനം ഘോരശിക്ഷയാണവര്‍ക്കുണ്ടാവുക. തങ്ങളുടെ യഥാര്‍ഥ പ്രതിഫലം അവര്‍ക്കു അല്ലാഹു നിറവേറ്റിക്കൊടുക്കുന്നതാണ്; പ്രത്യക്ഷമായ സത്യം അല്ലാഹു തന്നെയാണെന്ന് അവര്‍ അറിയുകയും ചെയ്യും.10

1 വിശദീകരണം കാണുക

10. സത്യത്തിലും നീതിയിലും നിന്ന് കടുകിട വ്യതിചലിക്കാത്ത വിധം അല്ലാഹു പരലോകത്ത് മനുഷ്യര്‍ക്ക് പ്രതിഫലം നല്‍കും. അത് നേര്‍ക്കുനേരെ അനുഭവിച്ച് ബോധ്യപ്പെട്ടു കഴിയുമ്പോള്‍ അധര്‍മകാരികള്‍ക്കു പോലും അല്ലാഹുവിന്റെ മഹത്ത്വം മനസ്സിലാകും.

إِنَّ ٱلَّذِينَ يَرۡمُونَ ٱلۡمُحۡصَنَٰتِ ٱلۡغَٰفِلَٰتِ ٱلۡمُؤۡمِنَٰتِ لُعِنُواْ فِي ٱلدُّنۡيَا وَٱلۡأٓخِرَةِ وَلَهُمۡ عَذَابٌ عَظِيمٞ ۝٢٣
يَوۡمَ تَشۡهَدُ عَلَيۡهِمۡ أَلۡسِنَتُهُمۡ وَأَيۡدِيهِمۡ وَأَرۡجُلُهُم بِمَا كَانُواْ يَعۡمَلُونَ ۝٢٤
يَوۡمَئِذٖ يُوَفِّيهِمُ ٱللَّهُ دِينَهُمُ ٱلۡحَقَّ وَيَعۡلَمُونَ أَنَّ ٱللَّهَ هُوَ ٱلۡحَقُّ ٱلۡمُبِينُ ۝٢٥
26

ദുര്‍വൃത്തരായ സ്ത്രീകള്‍ ദുര്‍വൃത്തന്മാരായ പുരുഷന്മാര്‍ക്കും ദുര്‍വൃത്തന്മാരായ പുരുഷന്മാര്‍ ദുര്‍വൃത്ത സ്ത്രീകള്‍ക്കുമാകുന്നു; ഉദാത്തരായ വനിതകള്‍ ഉദാത്തന്മാരായ ആണുങ്ങള്‍ക്കും ഉദാത്തന്മാരായ ആണുങ്ങള്‍ ഉദാത്ത വനിതകള്‍ക്കുമത്രേ. ഈ ഹീനരുടെ അപവാദങ്ങളില്‍ നിന്നു ഉദാത്തര്‍ വിമോചിതരാകുന്നു. അവര്‍ക്ക് പാപവിമുക്തിയും സമാദൃതമായ ഉപജീവനവുമുണ്ട്.11

1 വിശദീകരണം കാണുക

11. ആഇശ ബീവി(റ)യെ കപടവിശ്വാസികളുടെ അപവാദ ശരങ്ങളില്‍ നിന്നു പ്രതിരോധിക്കുന്ന അവസാനവാക്യമാണിത്. ദമ്പതിമാര്‍ ഉദാത്ത ഗുണങ്ങളിലെന്ന പോലെ സ്വഭാവവൈകൃതങ്ങളിലും ഐക്യമുള്ളവരായിരിക്കും എന്ന പൊതുരീതിയാണിവിടെ സ്പഷ്ടമാക്കിയിരിക്കുന്നത്.

ٱلۡخَبِيثَٰتُ لِلۡخَبِيثِينَ وَٱلۡخَبِيثُونَ لِلۡخَبِيثَٰتِۖ وَٱلطَّيِّبَٰتُ لِلطَّيِّبِينَ وَٱلطَّيِّبُونَ لِلطَّيِّبَٰتِۚ أُوْلَٰٓئِكَ مُبَرَّءُونَ مِمَّا يَقُولُونَۖ لَهُم مَّغۡفِرَةٞ وَرِزۡقٞ كَرِيمٞ ۝٢٦
27–29

സത്യവിശ്വാസികളേ, അനുമതിയാവശ്യപ്പെടുകയും സലാം പറയുകയും ചെയ്തല്ലാതെ സ്വന്തമല്ലാത്ത അന്യവീടുകളില്‍ നിങ്ങള്‍ പ്രവേശിക്കരുത്. ഈ രീതിയാണ് ഉത്തമം-നിങ്ങള്‍ ചിന്തിച്ചുഗ്രഹിക്കുന്നുവെങ്കില്‍. ഇനി, ഒരാളെയുമവിടെ കണ്ടില്ലെങ്കില്‍, അനുമതി ലഭിക്കുന്നതുവരെ നിങ്ങളങ്ങോട്ട് കടക്കരുത്. തിരിച്ചുപോയ്‌ക്കൊള്ളൂ എന്നു നിര്‍ദേശിക്കപ്പെടുകയാണെങ്കില്‍ മടങ്ങിപ്പോകണം-അതാണ് നിങ്ങള്‍ക്ക് ഉദാത്തം.12
നിങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് നന്നായറിയുന്നവനാണ് അല്ലാഹു. എന്നാല്‍ ജനവാസമില്ലാത്തതും നിങ്ങളുടെ സാധനങ്ങളുള്ളതുമായ ഗൃഹങ്ങളില്‍ കടക്കുന്നതുകൊണ്ട് നിങ്ങള്‍ക്കു കുറ്റമില്ല.13
നിങ്ങള്‍ സ്പഷ്ടമാക്കുന്നതും ഗോപ്യമാക്കുന്നതും അല്ലാഹു അറിയുന്നുണ്ട്.

2 വിശദീകരണങ്ങൾ കാണുക

12. ഇസ്‌ലാമിലെ ശ്രദ്ധേയമായൊരു സാമൂഹ്യ മര്യാദയാണിവിടെ പ്രതിപാദിക്കുന്നത്. സലാം പറഞ്ഞും അനുമതി തേടിയും മാത്രമേ അന്യരുടെ വീടുകളില്‍ പ്രവേശിക്കാവൂ. ഇന്നത്തെ രീതിയില്‍ കാളിംഗ് ബെല്‍ അടിക്കുന്നത് അനുമതി തേടലാണ്. ഇതു പാലിക്കാതെ അന്യ വീടുകള്‍ക്കുള്ളിലേക്കു കടന്നുചെല്ലുകയും സ്വതന്ത്രമായി പെരുമാറുകയും ചെയ്യുന്ന ചിലയാളുകള്‍ ആ വീട്ടുകാരെ ഗുരുതരമായി അസ്വസ്ഥരാക്കുകയാണ്. ഇത് തന്റെ സ്വയം ഗൃഹം തന്നെയാണ് എന്നു മാനസികമായി ന്യായീകരിക്കയാണവര്‍ ചെയ്യുക. ഈ ദുഃസ്വഭാവം വര്‍ജിച്ചേ പറ്റൂ.

13. അവനവന്റെ സാധന സാമഗ്രികളോ ചരക്കുകളോ സൂക്ഷിച്ച വാടക ഗൃഹങ്ങളിലോ ഗോഡൗണുകളിലോ-നിവാസികളില്ലെങ്കില്‍-അനുമതിയില്ലാതെ കടന്നുചെല്ലാവുന്നതാണ്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَدۡخُلُواْ بُيُوتًا غَيۡرَ بُيُوتِكُمۡ حَتَّىٰ تَسۡتَأۡنِسُواْ وَتُسَلِّمُواْ عَلَىٰٓ أَهۡلِهَاۚ ذَٰلِكُمۡ خَيۡرٞ لَّكُمۡ لَعَلَّكُمۡ تَذَكَّرُونَ ۝٢٧
فَإِن لَّمۡ تَجِدُواْ فِيهَآ أَحَدٗا فَلَا تَدۡخُلُوهَا حَتَّىٰ يُؤۡذَنَ لَكُمۡۖ وَإِن قِيلَ لَكُمُ ٱرۡجِعُواْ فَٱرۡجِعُواْۖ هُوَ أَزۡكَىٰ لَكُمۡۚ وَٱللَّهُ بِمَا تَعۡمَلُونَ عَلِيمٞ ۝٢٨
لَّيۡسَ عَلَيۡكُمۡ جُنَاحٌ أَن تَدۡخُلُواْ بُيُوتًا غَيۡرَ مَسۡكُونَةٖ فِيهَا مَتَٰعٞ لَّكُمۡۚ وَٱللَّهُ يَعۡلَمُ مَا تُبۡدُونَ وَمَا تَكۡتُمُونَ ۝٢٩
30–31

ഓ നബീ, തങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്താനും ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കാനും സത്യവിശ്വാസികളോട് താങ്കളനുശാസിക്കുക. അവര്‍ക്കേറ്റം പവിത്രമായത് അതത്രേ. അവരുടെ ചെയ്തികളെക്കുറിച്ചു സൂക്ഷ്മജ്ഞാനിയാണ് അല്ലാഹു. സത്യവിശ്വാസികളോടും തങ്ങളുടെ നയനങ്ങള്‍ താഴ്ത്താനും ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കാനും സ്വയമേവ വെളിവാകുന്നതൊഴിച്ചുള്ള അലങ്കാരം പ്രത്യക്ഷപ്പെടുത്താതിരിക്കാനും താങ്കള്‍ കല്‍പിക്കുക; തങ്ങളുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്കു മീതെ അവര്‍ താഴിത്തിയിടുകയും വേണം.14
തങ്ങളുടെ ഭര്‍ത്താക്കള്‍, പിതാക്കള്‍, ഭര്‍തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍തൃപുത്രന്മാര്‍, സഹോദരന്മാര്‍, സഹോദരപുത്രന്മാര്‍, സഹോദരീ പുത്രന്മാര്‍, മുസ്‌ലിം സ്ത്രീകള്‍, സ്വന്തം അടിമകള്‍.15
വികാരമില്ലാത്ത പുരുഷഭൃത്യര്‍, പെണ്ണുങ്ങളുടെ ലൈംഗിക രഹസ്യങ്ങള്‍ ഗ്രഹിച്ചിട്ടില്ലാത്ത കുട്ടികള്‍ എന്നിവരല്ലാത്ത വേറൊരാള്‍ക്കും തങ്ങളുടെ അലങ്കാരം അവര്‍ വെളിവാക്കരുത്; ഗുപ്തസൗന്ദര്യം അറിയപ്പെടാനായി കാലിട്ടടിക്കയുമരുത്. സത്യവിശ്വാസികളേ, നിങ്ങള്‍ സര്‍വരും-വിജയപ്രാപ്തരാകാനായി-അല്ലാഹുവിങ്കലേക്കു ഖേദിച്ചുമടങ്ങുക.

2 വിശദീകരണങ്ങൾ കാണുക

14. അന്യസ്ത്രീകളും പുരുഷന്മാരും കണ്ടുമുട്ടുമ്പോഴും നോക്കുമ്പോഴും പാലിക്കേണ്ട ഇസ്‌ലാമിക സദാചാരരീതിയാണിവിടെ പ്രതിപാദിക്കുന്നത്. ദൃഷ്ടിതാഴ്ത്തുക, കണ്ണുചിമ്മുക എന്നൊക്കെ പറഞ്ഞാല്‍ ലൈംഗികച്ചുവയോടെയുള്ള നോട്ടം ഉപേക്ഷിക്കുക എന്നാണ്. സ്ത്രീകള്‍ അലങ്കാരം പ്രകടിപ്പിക്കരുത് എന്നാല്‍ മുന്‍കൈയും മുഖവും അല്ലാത്ത ഭാഗങ്ങള്‍ വെളിയില്‍ കാണിക്കരുത് എന്നര്‍ത്ഥം; സൂക്തത്തില്‍ എടുത്തുപറഞ്ഞ സ്വന്തക്കാരുടെ(മഹ്‌റമുകള്‍) മുമ്പിലേ അത് ആകാവൂ.

15. സ്വന്തം ഉടമസ്ഥതയിലുള്ള അടിയാത്തികളെ സാമ്പത്തിക ലക്ഷ്യം വെച്ച് വേശ്യാവൃത്തി ചെയ്യിക്കുന്ന സമ്പ്രദായം പണ്ട് അറേബ്യയിലുണ്ടായിരുന്നു. ദുര്‍വൃത്തിക്കു സന്നദ്ധരല്ലാത്ത പതിവ്രതകളായിരുന്നു അവര്‍. മുനാഫിഖ് നേതാവ് അബ്ദുല്ലാഹിബ്‌നു ഉബയ്യ് ഇങ്ങനെ ചെയ്ത പശ്ചാത്തലത്തിലായിരുന്നു സൂക്താവതരണം.

قُل لِّلۡمُؤۡمِنِينَ يَغُضُّواْ مِنۡ أَبۡصَٰرِهِمۡ وَيَحۡفَظُواْ فُرُوجَهُمۡۚ ذَٰلِكَ أَزۡكَىٰ لَهُمۡۚ إِنَّ ٱللَّهَ خَبِيرُۢ بِمَا يَصۡنَعُونَ ۝٣٠
وَقُل لِّلۡمُؤۡمِنَٰتِ يَغۡضُضۡنَ مِنۡ أَبۡصَٰرِهِنَّ وَيَحۡفَظۡنَ فُرُوجَهُنَّ وَلَا يُبۡدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنۡهَاۖ وَلۡيَضۡرِبۡنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّۖ وَلَا يُبۡدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوۡ ءَابَآئِهِنَّ أَوۡ ءَابَآءِ بُعُولَتِهِنَّ أَوۡ أَبۡنَآئِهِنَّ أَوۡ أَبۡنَآءِ بُعُولَتِهِنَّ أَوۡ إِخۡوَٰنِهِنَّ أَوۡ بَنِيٓ إِخۡوَٰنِهِنَّ أَوۡ بَنِيٓ أَخَوَٰتِهِنَّ أَوۡ نِسَآئِهِنَّ أَوۡ مَا مَلَكَتۡ أَيۡمَٰنُهُنَّ أَوِ ٱلتَّٰبِعِينَ غَيۡرِ أُوْلِي ٱلۡإِرۡبَةِ مِنَ ٱلرِّجَالِ أَوِ ٱلطِّفۡلِ ٱلَّذِينَ لَمۡ يَظۡهَرُواْ عَلَىٰ عَوۡرَٰتِ ٱلنِّسَآءِۖ وَلَا يَضۡرِبۡنَ بِأَرۡجُلِهِنَّ لِيُعۡلَمَ مَا يُخۡفِينَ مِن زِينَتِهِنَّۚ وَتُوبُوٓاْ إِلَى ٱللَّهِ جَمِيعًا أَيُّهَ ٱلۡمُؤۡمِنُونَ لَعَلَّكُمۡ تُفۡلِحُونَ ۝٣١
32–33

നിങ്ങളില്‍ നിന്നു ഇണകളില്ലാത്തവരെയും അടിമകളായ ഉത്തമ സ്ത്രീപുരുഷന്മാരെയും നിങ്ങള്‍ രക്ഷിതാക്കള്‍ വിവാഹ ബന്ധത്തിലേര്‍പ്പെടുത്തുക. അവര്‍ ദരിദ്രരാണെങ്കില്‍, തന്റെ ഔദാര്യത്താല്‍ അല്ലാഹു അവരെ ഐശ്വര്യരാക്കും. വിപുലമായ കഴിവുറ്റവനും സര്‍വജ്ഞനുമത്രേ അല്ലാഹു. വിവാഹം ചെയ്യാന്‍ കഴിവില്ലാത്തവര്‍ തന്റെ ഔദാര്യത്താല്‍ അല്ലാഹു കഴിവു നല്‍കുന്നതു വരെ തങ്ങളുടെ ചാരിത്ര്യം കാത്തുസൂക്ഷിച്ചുകൊള്ളട്ടെ. നിങ്ങളുടെ അടിമകളില്‍ നിന്നു വിമോചനക്കരാറിലേര്‍പ്പെടാനാവശ്യപ്പെടുന്നവര്‍ക്ക്-അവരില്‍ നന്മയുണ്ടെന്നറിഞ്ഞാല്‍-നിങ്ങള്‍ മോചനപത്രമെഴുതിക്കൊടുക്കുക. അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ ധനത്തില്‍ നിന്ന് അവര്‍ക്ക് നല്‍കുകയും വേണം. നിങ്ങളുടെ അടിയാത്തികളെ-ചാരിത്ര്യവതികളാകാന്‍ അവരാഗ്രഹിക്കുമ്പോള്‍-ഭൗതിക വിഭവം കാംക്ഷിച്ച് വേശ്യാടനത്തിനു നിങ്ങള്‍ നിര്‍ബന്ധിക്കരുത്.16
അവരെ ആരെങ്കിലും അങ്ങനെ അടിച്ചേല്‍പിക്കുന്നുവെങ്കില്‍, ആ നിര്‍ബന്ധിതാവസ്ഥക്കു ശേഷം അല്ലാഹു അവര്‍ക്ക് ഏറെ പൊറുക്കുന്നവനും കരുണ വര്‍ഷിക്കുന്നവനുമത്രേ.

1 വിശദീകരണം കാണുക

16. കുന്നായ പ്രദേശത്തിന്റെ ഉച്ചിയിലുള്ളതും എപ്പോഴും സൂര്യപ്രകാശം ലഭിച്ചുകൊണ്ടിരിക്കുന്നതുമായ വൃക്ഷം എന്നു വിവക്ഷ. അത്തരം ഒലീവിന്റെ എണ്ണ കൂടുതല്‍ തെളിമയാര്‍ന്നതാകും. കുന്നിന്റെ കിഴക്കോ പടിഞ്ഞാറോ ആണെങ്കില്‍ കുറഞ്ഞ സമയമേ വെയിലേല്‍ക്കുകയുള്ളുവല്ലോ.

وَأَنكِحُواْ ٱلۡأَيَٰمَىٰ مِنكُمۡ وَٱلصَّٰلِحِينَ مِنۡ عِبَادِكُمۡ وَإِمَآئِكُمۡۚ إِن يَكُونُواْ فُقَرَآءَ يُغۡنِهِمُ ٱللَّهُ مِن فَضۡلِهِۦۗ وَٱللَّهُ وَٰسِعٌ عَلِيمٞ ۝٣٢
وَلۡيَسۡتَعۡفِفِ ٱلَّذِينَ لَا يَجِدُونَ نِكَاحًا حَتَّىٰ يُغۡنِيَهُمُ ٱللَّهُ مِن فَضۡلِهِۦۗ وَٱلَّذِينَ يَبۡتَغُونَ ٱلۡكِتَٰبَ مِمَّا مَلَكَتۡ أَيۡمَٰنُكُمۡ فَكَاتِبُوهُمۡ إِنۡ عَلِمۡتُمۡ فِيهِمۡ خَيۡرٗاۖ وَءَاتُوهُم مِّن مَّالِ ٱللَّهِ ٱلَّذِيٓ ءَاتَىٰكُمۡۚ وَلَا تُكۡرِهُواْ فَتَيَٰتِكُمۡ عَلَى ٱلۡبِغَآءِ إِنۡ أَرَدۡنَ تَحَصُّنٗا لِّتَبۡتَغُواْ عَرَضَ ٱلۡحَيَوٰةِ ٱلدُّنۡيَاۚ وَمَن يُكۡرِههُّنَّ فَإِنَّ ٱللَّهَ مِنۢ بَعۡدِ إِكۡرَٰهِهِنَّ غَفُورٞ رَّحِيمٞ ۝٣٣
34

നിങ്ങള്‍ക്കു നാം സ്പഷ്ടമായ ദൃഷ്ടാന്തങ്ങളും മുന്‍ഗാമികളുടെ ഉപമകളും സൂക്ഷ്മാലുക്കള്‍ക്കുള്ള സദുപദേശവും അവതരിപ്പിച്ചുതരികതന്നെ ചെയ്തിരിക്കുന്നു.

وَلَقَدۡ أَنزَلۡنَآ إِلَيۡكُمۡ ءَايَٰتٖ مُّبَيِّنَٰتٖ وَمَثَلٗا مِّنَ ٱلَّذِينَ خَلَوۡاْ مِن قَبۡلِكُمۡ وَمَوۡعِظَةٗ لِّلۡمُتَّقِينَ ۝٣٤
35–38

ഭുവന-വാനങ്ങളുടെ പ്രകാശമാണ് അല്ലാഹു. അവന്റെ പ്രകാശത്തിന്റെ ഉപമ ഇതാണ്: വിളക്കുവെച്ചിരിക്കുന്ന ഒരു വിളക്കുമാടം. നക്ഷത്രതുല്യം ജാജ്ജ്വല്യമാനമായ ഒരു സ്ഫടികത്തിനകത്താണ് വിളക്ക്. പാശ്ചാത്യമോ പൗരസ്ത്യമോ അല്ലാത്ത ഒരനുഗൃഹീത ഒലീവു ചെടിയുടെ എണ്ണയാണതിന്റെ ഇന്ധനം.17
തീ സ്പര്‍ശിച്ചിട്ടില്ലെങ്കില്‍ തന്നെ അതിന്റെ എണ്ണ സ്വയം പ്രകാശിക്കുമാറാകുന്നതാണ്-മേല്‍ക്കുമേല്‍ പ്രകാശം. താനുദ്ദേശിക്കുന്നവരെ തന്റെ പ്രകാശത്തിലേക്ക് അല്ലാഹു നയിക്കുകയും ജനങ്ങള്‍ക്കു ഉപമകള്‍ പ്രതിപാദിക്കുകയും ചെയ്യുന്നു. സര്‍വകാര്യങ്ങളെ സംബന്ധിച്ചും നന്നായറിയുന്നവനത്രേ അല്ലാഹു. പടുത്തുയര്‍ത്തപ്പെടാനും തന്റെ നാമം അവിടെയനുസ്മരിക്കപ്പെടാനും അല്ലാഹു അനുമതി നല്‍കിയ ചില ഗേഹങ്ങളിലത്രേ ആ പ്രകാശം.18
പ്രഭാത-പ്രദോഷങ്ങളില്‍ ചില പുരുഷന്മാര്‍ അവന്റെ മഹത്ത്വം അവിടെ പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാണ്. ദൈവസ്മരണയിലോ നമസ്‌കാരം യഥാക്രമം അനുഷ്ഠിക്കുന്നതിലോ സകാത്ത് നല്‍കുന്നതിലോ നിന്ന് ക്രയവിക്രയ-വാണിഭങ്ങള്‍ അവരെ അശ്രദ്ധരാക്കുന്നതല്ല. ഹൃദയങ്ങളും ദൃഷ്ടികളും കീഴ്‌മേല്‍ മറിയുന്ന ഒരു ദിനം ഭയന്നുകൊണ്ടിരിക്കുന്നവരാണവര്‍. ഇത്, തങ്ങള്‍ അനുഷ്ഠിച്ച കര്‍മങ്ങള്‍ക്കായി അല്ലാഹു അവര്‍ക്ക് ഉദാത്തമായ കൂലികൊടുക്കാനും തന്റെ വര്‍ധിതാനുഗ്രഹം നല്‍കാനുമത്രേ. താനുദ്ദേശിക്കുന്നവര്‍ക്ക് കണക്കില്ലാതെ അല്ലാഹു നല്‍കുന്നതാണ്.

2 വിശദീകരണങ്ങൾ കാണുക

17. ആരാധനകളും അധ്യയനാധ്യാപനങ്ങളും ഇഅ്തികാഫും ഖുര്‍ആന്‍ പാരായണവും മറ്റുമായി സജീവവും ചൈതന്യപൂര്‍ണവുമായ മസ്ജിദുകള്‍ ആണ് ഉദ്ദേശ്യം. ഇമാം ഇബ്‌നു അബ്ബാസും മറ്റും ഇങ്ങനെ വ്യാഖ്യാനിച്ചിട്ടുണ്ട്.

18. ഭൗതിക ലോകത്തെ നൈമിഷികമോ താല്‍ക്കാലികമോ കൃത്രിമമോ ആയ വെളിച്ചമല്ല, ശാശ്വതമായ ഹൃദയവെളിച്ചമാണ് ഇവിടെ വിവക്ഷ. സല്‍കര്‍മങ്ങള്‍ക്ക് പാരത്രിക പ്രതിഫലവും സ്വര്‍ഗവും ലഭിക്കാനും ദൈവപ്രീതി കരഗതമാകാനും സത്യവിശ്വാസം അനിവാര്യമാണ്. അത് ഇല്ലാത്തതാണ് നിഷേധികളുടെ കര്‍മങ്ങള്‍ നിഷ്ഫലമാകാന്‍ കാരണം. ഇവിടെ പറഞ്ഞ രണ്ട് ഉപമകളും ഏറെ ചിന്തനീയമാണ്.

۞ ٱللَّهُ نُورُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ مَثَلُ نُورِهِۦ كَمِشۡكَوٰةٖ فِيهَا مِصۡبَاحٌۖ ٱلۡمِصۡبَاحُ فِي زُجَاجَةٍۖ ٱلزُّجَاجَةُ كَأَنَّهَا كَوۡكَبٞ دُرِّيّٞ يُوقَدُ مِن شَجَرَةٖ مُّبَٰرَكَةٖ زَيۡتُونَةٖ لَّا شَرۡقِيَّةٖ وَلَا غَرۡبِيَّةٖ يَكَادُ زَيۡتُهَا يُضِيٓءُ وَلَوۡ لَمۡ تَمۡسَسۡهُ نَارٞۚ نُّورٌ عَلَىٰ نُورٖۚ يَهۡدِي ٱللَّهُ لِنُورِهِۦ مَن يَشَآءُۚ وَيَضۡرِبُ ٱللَّهُ ٱلۡأَمۡثَٰلَ لِلنَّاسِۗ وَٱللَّهُ بِكُلِّ شَيۡءٍ عَلِيمٞ ۝٣٥
فِي بُيُوتٍ أَذِنَ ٱللَّهُ أَن تُرۡفَعَ وَيُذۡكَرَ فِيهَا ٱسۡمُهُۥ يُسَبِّحُ لَهُۥ فِيهَا بِٱلۡغُدُوِّ وَٱلۡأٓصَالِ ۝٣٦
رِجَالٞ لَّا تُلۡهِيهِمۡ تِجَٰرَةٞ وَلَا بَيۡعٌ عَن ذِكۡرِ ٱللَّهِ وَإِقَامِ ٱلصَّلَوٰةِ وَإِيتَآءِ ٱلزَّكَوٰةِ يَخَافُونَ يَوۡمٗا تَتَقَلَّبُ فِيهِ ٱلۡقُلُوبُ وَٱلۡأَبۡصَٰرُ ۝٣٧
لِيَجۡزِيَهُمُ ٱللَّهُ أَحۡسَنَ مَا عَمِلُواْ وَيَزِيدَهُم مِّن فَضۡلِهِۦۗ وَٱللَّهُ يَرۡزُقُ مَن يَشَآءُ بِغَيۡرِ حِسَابٖ ۝٣٨
39–40

സത്യനിഷേധികളുടെ അനുഷ്ഠാനങ്ങള്‍ മരുഭൂമിയിലെ മരീചികാതുല്യമത്രേ-ദാഹാര്‍ത്തന്‍ അത് വെള്ളമാണെന്നു വിചാരിക്കും. അങ്ങനെ അതിനു സമീപത്തേക്ക് ചെല്ലുമ്പോള്‍ അപ്രകാരമൊന്നുള്ളതായി അവനു കാണാനേ കഴില്ല; തന്റെയടുത്ത് അല്ലാഹുവിനെയവന്‍ കാണും. തല്‍സമയം കണക്കുതീര്‍ത്ത് അല്ലാഹു അവന് നല്‍കുന്നതാണ്! അതിദ്രുതം കണക്കുനോക്കുന്നവനത്രേ അല്ലാഹു. അല്ലെങ്കില്‍ ആഴക്കടലിലെ അന്ധകാരങ്ങള്‍ക്കു തുല്യമാണ് സത്യനിഷേധികളുടെ പ്രവര്‍ത്തനങ്ങള്‍. തിരമാല ആഴിയെ ആവരണം ചെയ്യുന്നുണ്ട്. അതിനുമീതെ പിന്നെയും തിരമാലയും കാര്‍മേഘവും-മേല്‍ക്കുമേല്‍ അന്ധകാരങ്ങള്‍! സ്വഹസ്തം പുറത്തേക്കു നീട്ടിയാല്‍ പോലും കാണുമാറാകില്ല. ആരൊരാള്‍ക്ക് അല്ലാഹു പ്രകാശം നല്‍കിയിട്ടില്ലയോ അവനു യാതൊരുവിധ വെളിച്ചവുമുണ്ടാവുകയില്ല.

وَٱلَّذِينَ كَفَرُوٓاْ أَعۡمَٰلُهُمۡ كَسَرَابِۭ بِقِيعَةٖ يَحۡسَبُهُ ٱلظَّمۡـَٔانُ مَآءً حَتَّىٰٓ إِذَا جَآءَهُۥ لَمۡ يَجِدۡهُ شَيۡـٔٗا وَوَجَدَ ٱللَّهَ عِندَهُۥ فَوَفَّىٰهُ حِسَابَهُۥۗ وَٱللَّهُ سَرِيعُ ٱلۡحِسَابِ ۝٣٩
أَوۡ كَظُلُمَٰتٖ فِي بَحۡرٖ لُّجِّيّٖ يَغۡشَىٰهُ مَوۡجٞ مِّن فَوۡقِهِۦ مَوۡجٞ مِّن فَوۡقِهِۦ سَحَابٞۚ ظُلُمَٰتُۢ بَعۡضُهَا فَوۡقَ بَعۡضٍ إِذَآ أَخۡرَجَ يَدَهُۥ لَمۡ يَكَدۡ يَرَىٰهَاۗ وَمَن لَّمۡ يَجۡعَلِ ٱللَّهُ لَهُۥ نُورٗا فَمَا لَهُۥ مِن نُّورٍ ۝٤٠
41–42

ഭുവന-വാനങ്ങളിലുള്ളവരും ചിറകുവിടര്‍ത്തിപ്പിടിച്ചുകൊണ്ടു പക്ഷികളും അല്ലാഹുവിന്റെ മഹത്ത്വം പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് താങ്കള്‍ കാണുന്നില്ലേ! എല്ലാവര്‍ക്കും അവരവരുടെ പ്രാര്‍ഥനയും പ്രകീര്‍ത്തനവും നന്നായറിയാം19
അവരുടെ പ്രവൃത്തികളെപ്പറ്റി ഉത്തമജ്ഞാനിയത്രേ അല്ലാഹു. ഭുവന-വാനങ്ങളുടെ രാജാധിപത്യം അല്ലാഹുവിനാകുന്നു. അവങ്കലേക്കാണ് എല്ലാറ്റിന്റെയും മടക്കം.

1 വിശദീകരണം കാണുക

19. അല്ലാഹുവിന് സ്തുതി കീര്‍ത്തനങ്ങളര്‍പ്പിക്കാത്ത യാതൊരു വസ്തുവുമില്ല; പക്ഷേ, അവയുടെ പ്രകീര്‍ത്തനങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാനാകുന്നില്ല (ഇസ്രാഅ്:44) എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയതായി കാണാം.

أَلَمۡ تَرَ أَنَّ ٱللَّهَ يُسَبِّحُ لَهُۥ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱلطَّيۡرُ صَٰٓفَّٰتٖۖ كُلّٞ قَدۡ عَلِمَ صَلَاتَهُۥ وَتَسۡبِيحَهُۥۗ وَٱللَّهُ عَلِيمُۢ بِمَا يَفۡعَلُونَ ۝٤١
وَلِلَّهِ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ وَإِلَى ٱللَّهِ ٱلۡمَصِيرُ ۝٤٢
43–44

താങ്കള്‍ കാണുന്നില്ലേ: അല്ലാഹു മേഘത്തെ തെളിച്ചുകൊണ്ടുവരികയും എന്നിട്ടവ കൂട്ടിച്ചേര്‍ക്കുകയും കൂമ്പാരമാക്കുയും ചെയ്യുന്നു. അപ്പോള്‍ അതിനിടയിലൂടെ മഴ ബഹിര്‍ഗമിക്കുന്നതു കാണാം. ആകാശത്തെ മേഘപര്‍വതങ്ങളില്‍ നിന്നു അവന്‍ ആലിപ്പഴം വര്‍ഷിക്കയും താനുദ്ദേശിക്കുന്ന ചിലര്‍ക്കത് വീഴ്ത്തുകയും മറ്റുചിലരില്‍ നിന്നത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍പ്രഭ കണ്ണുകളെ റാഞ്ചിയെടുക്കുമാറാകുന്നതാണ്. രാപ്പകലുകള്‍ അല്ലാഹു മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. കണ്ണുകളുള്ളവര്‍ക്ക് അതില്‍ തീര്‍ച്ചയായും പാഠങ്ങളുണ്ട്20

1 വിശദീകരണം കാണുക

20. ചിന്നിച്ചിതറിക്കിടക്കുന്ന കാര്‍മേഘങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് മലപോലെ കുമിഞ്ഞുകൂടി -വിമാനയാത്രയില്‍ ഇതുവളരെ വ്യക്തമായി കാണാം- അതില്‍ നിന്നു പരസ്പര വിരുദ്ധമായ മഴയും മിന്നലും ഉല്‍പാദിതമാകുന്നു; ആലിപ്പഴം വര്‍ഷിക്കുന്നു. ചിലപ്പോള്‍ ആലിപ്പഴം വീണു മനുഷ്യനും മറ്റു ജീവികള്‍ക്കും വീടുകള്‍ക്കും നാശനഷ്ടമുണ്ടാകും; പലരും അതില്‍ നിന്ന് സുരക്ഷിതരാകും. രാത്രിയും പകലും വ്യവസ്ഥാപിതമായി മാറിവന്നുകൊണ്ടിരിക്കുന്നു. ഇതിലൊക്കെ അകക്കാഴ്ചയുള്ളവര്‍ക്ക് നിരവധി പാഠങ്ങളുണ്ട്.

أَلَمۡ تَرَ أَنَّ ٱللَّهَ يُزۡجِي سَحَابٗا ثُمَّ يُؤَلِّفُ بَيۡنَهُۥ ثُمَّ يَجۡعَلُهُۥ رُكَامٗا فَتَرَى ٱلۡوَدۡقَ يَخۡرُجُ مِنۡ خِلَٰلِهِۦ وَيُنَزِّلُ مِنَ ٱلسَّمَآءِ مِن جِبَالٖ فِيهَا مِنۢ بَرَدٖ فَيُصِيبُ بِهِۦ مَن يَشَآءُ وَيَصۡرِفُهُۥ عَن مَّن يَشَآءُۖ يَكَادُ سَنَا بَرۡقِهِۦ يَذۡهَبُ بِٱلۡأَبۡصَٰرِ ۝٤٣
يُقَلِّبُ ٱللَّهُ ٱلَّيۡلَ وَٱلنَّهَارَۚ إِنَّ فِي ذَٰلِكَ لَعِبۡرَةٗ لِّأُوْلِي ٱلۡأَبۡصَٰرِ ۝٤٤
45–46

എല്ലാ ജീവജാലങ്ങളെയും വെള്ളത്തില്‍ നിന്നാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. ഉദരത്തിലിഴഞ്ഞു സഞ്ചരിക്കുന്നവയും രണ്ടുകാലിലും നാലുകാലിലും നടക്കുന്നവയും അവയിലുണ്ട്. താന്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. അവന്‍ സര്‍വകാര്യങ്ങള്‍ക്കും കഴിവുറ്റവനത്രേ. സ്പഷ്ടമാകുന്ന ദൃഷ്ടാന്തങ്ങള്‍ നാം അവതരിപ്പിക്കുക തന്നെ ചെയ്തിട്ടുണ്ട്; താനുദ്ദേശിക്കുന്നവരെ അല്ലാഹു സല്‍പന്ഥാവിലേക്ക് നയിക്കുന്നു.21

1 വിശദീകരണം കാണുക

21. ജന്തുജാലങ്ങളുടെ സൃഷ്ടിപ്പിലേക്കും അതുവഴി അല്ലാഹുവിന്റെ ശക്തിയിലേക്കും മനുഷ്യന്റെ ശ്രദ്ധ ക്ഷണിക്കുകയാണ്. കൂടുതല്‍ ചിന്തോദ്ദീപകമായ ഇഴജന്തുക്കളെയാണ് ആദ്യം പറഞ്ഞിരിക്കുന്നത്. എത്ര കട്ടിയുള്ള ചര്‍മമാണെങ്കിലും നിലത്തിഴഞ്ഞു സഞ്ചരിച്ചാല്‍ അതു താമസിയാതെ പൊട്ടിപ്പൊളിയും; എന്നാല്‍, സര്‍പ്പങ്ങളും ഉരഗവര്‍ഗത്തിലെ മറ്റുള്ളവയും ജീവിതകാലം മുഴുക്കെയും വയറ്റിലിഴയുകയാണ്! മനുഷ്യനും പക്ഷികളും രണ്ടുകാലില്‍ നടക്കുമ്പോള്‍ കാലികളും മറ്റു ജീവികളും നാലു കാലുകളില്‍ സഞ്ചരിക്കുന്നു. ചിന്തിക്കുന്നവര്‍ക്ക് ഇതിലൊക്കെ ഒട്ടേറെ ഗുണപാഠങ്ങളുണ്ട്.

وَٱللَّهُ خَلَقَ كُلَّ دَآبَّةٖ مِّن مَّآءٖۖ فَمِنۡهُم مَّن يَمۡشِي عَلَىٰ بَطۡنِهِۦ وَمِنۡهُم مَّن يَمۡشِي عَلَىٰ رِجۡلَيۡنِ وَمِنۡهُم مَّن يَمۡشِي عَلَىٰٓ أَرۡبَعٖۚ يَخۡلُقُ ٱللَّهُ مَا يَشَآءُۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ۝٤٥
لَّقَدۡ أَنزَلۡنَآ ءَايَٰتٖ مُّبَيِّنَٰتٖۚ وَٱللَّهُ يَهۡدِي مَن يَشَآءُ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ ۝٤٦
47–50

ഞങ്ങള്‍ അല്ലാഹുവിലും ദൂതനിലും വിശ്വാസമര്‍പ്പിക്കുകയും അവരോടനുസരണയുള്ളവരാവുകയും ചെയ്തിരിക്കുന്നു എന്നു കപടവിശ്വാസികള്‍ പറയും. തദനന്തരവും അവരിലൊരു വിഭാഗം പിന്തിരിഞ്ഞുപോകുന്നു; അവര്‍ വിശ്വാസികളേയല്ല. തങ്ങള്‍ക്കിടയില്‍ വിധികല്‍പിക്കാനായി അല്ലാഹുവിലേക്കും റസൂലിലേക്കും ക്ഷണിക്കപ്പെടുമ്പോള്‍ അവരതാ അവഗണിച്ചുകളയുന്നു! എന്നാല്‍ സത്യം തങ്ങള്‍ക്കനുകൂലമാണെങ്കിലോ, നബിസന്നിധിയിലേക്കവര്‍ വിധേയത്വമുള്ളവരായി വന്നെത്തുന്നതുമാണ്! അവരുടെ ഹൃദയങ്ങളില്‍ എന്തെങ്കിലും രോഗമുണ്ടോ? അതോ, സംശയഗ്രസ്തരാണോ അവര്‍? അതുമല്ല, തങ്ങളോട് അല്ലാഹുവും റസൂലും അനീതികാട്ടുമെന്ന പേടിയുണ്ടോ അവര്‍ക്ക്? അതൊന്നുമല്ല, അക്രമികള്‍ തന്നെയാണവര്‍.22

1 വിശദീകരണം കാണുക

22. കപടവിശ്വാസികളുടെ ഇരട്ടമുഖമാണിവിടെ അനാവരണം ചെയ്യുന്നത്. മദീനയില്‍ ഇവരെക്കൊണ്ടുള്ള ശല്യം അതിരൂക്ഷമായിരുന്നു. അല്‍ബഖറയുടെ ആരംഭത്തിലും (8-20) സൂറത്തുത്തൗബയിലും മറ്റും ഇവരുടെ ഹീനചെയ്തികളെയും ഇരട്ട നിലപാടുകളെയും സവിസ്തരം പരാമര്‍ശിച്ചിട്ടുണ്ട്. ദാനധര്‍മങ്ങളുടെ വിതരണം, ഗനീമത്ത് വിഭജനം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഇവര്‍ മുന്‍നിരയില്‍ തന്നെയുണ്ടാകും. ന്യായം തങ്ങളുടെ പക്ഷത്താകുന്ന ഘട്ടങ്ങളില്‍ നബി(സ്വ)യുടെ സ്വന്തക്കാരാകും; മറ്റു ഘട്ടങ്ങളില്‍ നിഷേധികളുടെ പാളയത്തിലെത്തും.

وَيَقُولُونَ ءَامَنَّا بِٱللَّهِ وَبِٱلرَّسُولِ وَأَطَعۡنَا ثُمَّ يَتَوَلَّىٰ فَرِيقٞ مِّنۡهُم مِّنۢ بَعۡدِ ذَٰلِكَۚ وَمَآ أُوْلَٰٓئِكَ بِٱلۡمُؤۡمِنِينَ ۝٤٧
وَإِذَا دُعُوٓاْ إِلَى ٱللَّهِ وَرَسُولِهِۦ لِيَحۡكُمَ بَيۡنَهُمۡ إِذَا فَرِيقٞ مِّنۡهُم مُّعۡرِضُونَ ۝٤٨
وَإِن يَكُن لَّهُمُ ٱلۡحَقُّ يَأۡتُوٓاْ إِلَيۡهِ مُذۡعِنِينَ ۝٤٩
أَفِي قُلُوبِهِم مَّرَضٌ أَمِ ٱرۡتَابُوٓاْ أَمۡ يَخَافُونَ أَن يَحِيفَ ٱللَّهُ عَلَيۡهِمۡ وَرَسُولُهُۥۚ بَلۡ أُوْلَٰٓئِكَ هُمُ ٱلظَّٰلِمُونَ ۝٥٠
51–52

തങ്ങളുടെ കാര്യങ്ങളിലെ വിധി പ്രസ്താവത്തിനായി അല്ലാഹുവിലേക്കും റസൂലിങ്കലേക്കും വിളിക്കപ്പെടുമ്പോള്‍ സത്യവിശ്വാസികളുടെ നിലപാട് ഇതുമാത്രമേ ആകാവൂ: 'ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു.' അവര്‍ തന്നെയാണു വിജയികള്‍. ആര് അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുകയും അല്ലാഹുവിനെ ഭയപ്പെടുകയും സൂക്ഷിക്കുകയും ചെയ്യുന്നുവോ അവര്‍ തന്നെയത്രേ വിജയം കൈവരിച്ചവര്‍.23

1 വിശദീകരണം കാണുക

23. അല്ലാഹുവിനോടും റസൂലി(സ്വ)നോടുമുള്ള ഉപാധികളില്ലാത്ത അനുസരണയാണ് സാക്ഷാല്‍ സത്യവിശ്വാസികളുടെ ലക്ഷണം. അത്തരക്കാര്‍ ഇഹ-പര വിജയികളുമായിരിക്കും. അല്ലാഹുവിനോടുള്ള ഭയവും ഭക്തിയും അവരുടെ മുഖമുദ്രയത്രേ.

إِنَّمَا كَانَ قَوۡلَ ٱلۡمُؤۡمِنِينَ إِذَا دُعُوٓاْ إِلَى ٱللَّهِ وَرَسُولِهِۦ لِيَحۡكُمَ بَيۡنَهُمۡ أَن يَقُولُواْ سَمِعۡنَا وَأَطَعۡنَاۚ وَأُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ ۝٥١
وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ وَيَخۡشَ ٱللَّهَ وَيَتَّقۡهِ فَأُوْلَٰٓئِكَ هُمُ ٱلۡفَآئِزُونَ ۝٥٢
53–54

അങ്ങ് കല്‍പിക്കുന്നുവെങ്കില്‍ യുദ്ധത്തിന്നു പുറപ്പെടുക തന്നെ ചെയ്യുമെന്ന് അവര്‍ പരമാവധി അല്ലാഹുവിനെപ്പിടിച്ച് ആണയിട്ടുറപ്പിച്ചു പറയുന്നു. താങ്കള്‍ പ്രതികരിക്കുക: നിങ്ങള്‍ ശപഥമൊന്നും ചെയ്യേണ്ട; ഉദാത്തമായ അനുസരണമാണാവശ്യം. നിങ്ങളുടെ ചെയ്തികളെപ്പറ്റി സൂക്ഷ്മജ്ഞന്‍ തന്നെയാണ് അല്ലാഹു.24
അങ്ങ് പ്രഖ്യാപിക്കുക: അല്ലാഹുവിനെയും റസൂലിനെയും നിങ്ങള്‍ അനുസരിക്കുക. ഇനി, നിങ്ങള്‍ പിന്തിരിയുന്നുവെങ്കിലോ? തന്നെ ഭരമേല്‍പിക്കപ്പെട്ട വിഷയത്തിലേ റസൂലിനു കടപ്പാടുള്ളൂ; നിങ്ങള്‍ ചുമതലപ്പെടുത്തപ്പെട്ടതിലാണ് നിങ്ങളുടെ ബാധ്യത. റസൂലിനെ അനുസരിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കു സന്മാര്‍ഗപ്രാപ്തരാകാം. സ്പഷ്ടമായ പ്രബോധനമേ അവിടത്തേക്കു ഉത്തരാദിത്വമുള്ളൂ.25

2 വിശദീകരണങ്ങൾ കാണുക

24. വ്യത്യസ്ത സംഭവങ്ങളിലൂടെ മുനാഫിഖുകളുടെ ഇരട്ടമുഖം പ്രകടമായപ്പോള്‍, സംശയത്തിന്റെ നിഴലില്‍ നിന്ന് രക്ഷപ്പെടാനുള്ള വൃഥാശ്രമമായി നബിയുടെയടുത്ത് വന്ന് അവര്‍ സത്യം ചെയ്തു പറഞ്ഞു, അങ്ങ് പറയുമ്പോള്‍ ഞങ്ങള്‍ യുദ്ധത്തിനു പുറപ്പെടുമെന്നുറപ്പ്! തത്സമയമാണ് ഈ സൂക്തമിറങ്ങിയത്.

25. കള്ളസത്യം ചെയ്ത്, വൃഥാവിലുള്ള അധരവ്യായാമങ്ങളല്ല വേണ്ടത്, അല്ലാഹുവിനോടും റസൂലി(സ്വ)നോടുമുള്ള ആത്മാര്‍ത്ഥമായ അനുസരണമാണ്. നബി(സ്വ)യുടെ ചുമതല പ്രബോധനമാണ്, നിങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വാസവും അനുസരണവും കൊണ്ടുവന്നു പ്രതിഷ്ഠിക്കലല്ല. സത്യവിശ്വാസം മുറുകെപ്പിടിച്ച്, സല്‍കര്‍മങ്ങളനുഷ്ഠിച്ച് ആത്മാര്‍ത്ഥരായി ജീവിക്കുക എന്നതാണ് മനുഷ്യരുടെ ബാധ്യതയും ഉത്തരവാദിത്വവും.

۞ وَأَقۡسَمُواْ بِٱللَّهِ جَهۡدَ أَيۡمَٰنِهِمۡ لَئِنۡ أَمَرۡتَهُمۡ لَيَخۡرُجُنَّۖ قُل لَّا تُقۡسِمُواْۖ طَاعَةٞ مَّعۡرُوفَةٌۚ إِنَّ ٱللَّهَ خَبِيرُۢ بِمَا تَعۡمَلُونَ ۝٥٣
قُلۡ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَۖ فَإِن تَوَلَّوۡاْ فَإِنَّمَا عَلَيۡهِ مَا حُمِّلَ وَعَلَيۡكُم مَّا حُمِّلۡتُمۡۖ وَإِن تُطِيعُوهُ تَهۡتَدُواْۚ وَمَا عَلَى ٱلرَّسُولِ إِلَّا ٱلۡبَلَٰغُ ٱلۡمُبِينُ ۝٥٤
55

നിങ്ങളില്‍ നിന്ന് സത്യവിശ്വാസം വരിക്കുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്കിതാ ദൈവികവാഗ്ദാനം: പൂര്‍വികര്‍ക്കെന്ന പോലെ ഇവര്‍ക്കും ഭൂമിയിലവന്‍ പ്രാതിനിധ്യം നല്‍കും; അവര്‍ക്കവന്‍ സംതൃപ്തമായി സമര്‍പ്പിച്ച മതകാര്യത്തില്‍ ഇവര്‍ക്കും സ്വാധീനമേകും; ഭയപ്പാടുകള്‍ക്കു ശേഷം ഇവര്‍ക്ക് നിര്‍ഭയത്വം പകരം വെക്കും. എന്നെയാകണം ഇവരാരാധിക്കേണ്ടത്; മറ്റാരെയും എന്റെ പങ്കാളികളാക്കരുത്. ഈ വാഗ്ദാന ശേഷവും ആരെങ്കിലും നിഷേധം വച്ചുപുലര്‍ത്തുന്നുവെങ്കില്‍ അധര്‍മകാരികള്‍ അവര്‍ തന്നെയത്രേ.26

1 വിശദീകരണം കാണുക

26. മക്കയില്‍ നിന്ന് ഹിജ്‌റ ചെയ്ത് മദീനയിലെത്തിയിട്ടും നബി(സ്വ)ക്കും സ്വഹാബത്തിനും സ്വസ്ഥതയുണ്ടായില്ല. ശത്രുക്കള്‍ നാലുഭാഗത്തുനിന്നും അവരുടെ ഉറക്കം കെടുത്തി. രാത്രിയും പകലും ആയുധപാണികളായി നടക്കേണ്ടിവന്ന അനുചരവൃന്ദം നബി(സ്വ)യോട് പരിഭവം ബോധിപ്പിച്ചു: നമുക്കൊരു നാളും സുരക്ഷിതത്വം കൈവരിക്കാനാവില്ലേ? തത്സമയമാണ് ഈ വാഗ്ദാന സൂക്തമവതരിച്ചത്. താമസിയാതെത്തന്നെ ഇവയത്രയും പുലരുകയുമുണ്ടായി- സ്ത്രീകള്‍ക്ക് ഒറ്റക്ക് യാത്രചെയ്യാവുന്ന സുരക്ഷിതത്വവും സാമൂഹിക അച്ചടക്കവും കൈവന്നു. അറേബ്യന്‍ ഉപദ്വീപ് മുഴുക്കെയും റോമന്‍ സാമ്രാജ്യവും കിസ്രായുടെ കോട്ടകൊത്തളങ്ങളും നബി(സ്വ)യുടെ അധീനതയിലായി. ഖുലഫാഉര്‍റാശിദുകളുടെ കാലത്ത് ഇസ്‌ലാം വിജയക്കൊടി പറത്തി വന്‍കരകള്‍ താണ്ടി. സാമ്പത്തിക സുഭിക്ഷത കൈവന്നു.

وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُواْ مِنكُمۡ وَعَمِلُواْ ٱلصَّٰلِحَٰتِ لَيَسۡتَخۡلِفَنَّهُمۡ فِي ٱلۡأَرۡضِ كَمَا ٱسۡتَخۡلَفَ ٱلَّذِينَ مِن قَبۡلِهِمۡ وَلَيُمَكِّنَنَّ لَهُمۡ دِينَهُمُ ٱلَّذِي ٱرۡتَضَىٰ لَهُمۡ وَلَيُبَدِّلَنَّهُم مِّنۢ بَعۡدِ خَوۡفِهِمۡ أَمۡنٗاۚ يَعۡبُدُونَنِي لَا يُشۡرِكُونَ بِي شَيۡـٔٗاۚ وَمَن كَفَرَ بَعۡدَ ذَٰلِكَ فَأُوْلَٰٓئِكَ هُمُ ٱلۡفَٰسِقُونَ ۝٥٥
56–57

നിങ്ങള്‍ നമസ്‌കാരം യഥാവിധി നിര്‍വഹിക്കുകയും സകാത്ത് കൊടുക്കുകയും തിരുദൂതരെ അനുസരിക്കുകയും ചെയ്യുക-നിങ്ങള്‍ക്കു കരുണ ചെയ്യപ്പെടാന്‍ വേണ്ടി. ഭൂമുഖത്ത് സത്യനിഷേധികള്‍ അല്ലാഹുവെ ദുര്‍ബലനാക്കുന്നവരാണെന്ന് നിങ്ങള്‍ ധരിക്കേണ്ട; നരകമാണവരുടെ ആവാസകേന്ദ്രം. ആ താമസസ്ഥലം എത്ര നികൃഷ്ടം!

وَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ وَأَطِيعُواْ ٱلرَّسُولَ لَعَلَّكُمۡ تُرۡحَمُونَ ۝٥٦
لَا تَحۡسَبَنَّ ٱلَّذِينَ كَفَرُواْ مُعۡجِزِينَ فِي ٱلۡأَرۡضِۚ وَمَأۡوَىٰهُمُ ٱلنَّارُۖ وَلَبِئۡسَ ٱلۡمَصِيرُ ۝٥٧
58

സത്യവിശ്വാസികളേ, നിങ്ങളുടെ അടിമകളും പ്രായപൂര്‍ത്തിയാകാത്തവരും മൂന്ന് അവസരങ്ങളില്‍ പ്രവേശനാനുമതി വാങ്ങണം-സുബ്ഹ് നമസ്‌കാരത്തിനു മുമ്പും ഉച്ചയുറക്കത്തിന് വസ്ത്രം മാറിയിരിക്കുമ്പോഴും ഇശാനമസ്‌കാരാനന്തരവും. നിങ്ങളുടെ മൂന്നു സ്വകാര്യതകളാണപ്പോള്‍. ഇവയല്ലാത്ത മറ്റു നേരങ്ങളില്‍ സങ്കലന ജീവിതത്തിനു കുഴപ്പമില്ല; നിങ്ങള്‍ പരസ്പരം ചുറ്റിപ്പറ്റി നടക്കുന്നവരാണല്ലോ. ഇപ്രകാരം നിങ്ങള്‍ക്ക് അല്ലാഹു തെളിവുകള്‍ പ്രതിപാദിച്ചുതരുന്നു; അവന്‍ സര്‍വജ്ഞനും യുക്തിമാനുമത്രേ.27

1 വിശദീകരണം കാണുക

27. ഉദാത്തമായൊരു സംസ്‌കാരം പഠിപ്പിക്കുകയാണിവിടെ. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍, സ്വന്തം അടിമകള്‍- അടിയാത്തികള്‍ എന്നിവര്‍ ഇവിടെ പറഞ്ഞ സന്ദര്‍ഭങ്ങളില്‍ അനുമതി തേടിയിട്ടേ അകത്ത് പ്രവേശിക്കാവൂ. (മറ്റുള്ളവര്‍ എപ്പോഴും സമ്മതം വാങ്ങണം.) വസ്ത്രങ്ങളഴിച്ച് വിശ്രമത്തിലും ഉറക്കത്തിലുമായി സ്വകാര്യതയില്‍ കഴിയുന്ന ഘട്ടങ്ങളാണവ. അനുമതിയില്ലാതെ ചെന്നാല്‍ അസംതൃപ്താവസ്ഥയാണ് എല്ലാവര്‍ക്കും ഉണ്ടാവുക.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لِيَسۡتَـٔۡذِنكُمُ ٱلَّذِينَ مَلَكَتۡ أَيۡمَٰنُكُمۡ وَٱلَّذِينَ لَمۡ يَبۡلُغُواْ ٱلۡحُلُمَ مِنكُمۡ ثَلَٰثَ مَرَّٰتٖۚ مِّن قَبۡلِ صَلَوٰةِ ٱلۡفَجۡرِ وَحِينَ تَضَعُونَ ثِيَابَكُم مِّنَ ٱلظَّهِيرَةِ وَمِنۢ بَعۡدِ صَلَوٰةِ ٱلۡعِشَآءِۚ ثَلَٰثُ عَوۡرَٰتٖ لَّكُمۡۚ لَيۡسَ عَلَيۡكُمۡ وَلَا عَلَيۡهِمۡ جُنَاحُۢ بَعۡدَهُنَّۚ طَوَّٰفُونَ عَلَيۡكُم بَعۡضُكُمۡ عَلَىٰ بَعۡضٖۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلۡأٓيَٰتِۗ وَٱللَّهُ عَلِيمٌ حَكِيمٞ ۝٥٨
59–60

നിങ്ങളുടെ കുട്ടികള്‍ പ്രായപൂര്‍ത്തി പ്രാപിച്ചാല്‍, വലിയവരെപ്പോലെത്തന്നെ അവരും അനുമതി തേടണം. ഇപ്രകാരം തന്റെ സൂക്തങ്ങള്‍ അല്ലാഹു നിങ്ങള്‍ക്കു പ്രതിപാദിച്ചുതരികയാണ്. സര്‍വജ്ഞനും യുക്തിമാനുമാണവന്‍. വിവാഹജീവിതമാശിക്കാത്ത വൃദ്ധകള്‍ അലങ്കാര പ്രകടനമില്ലാത്തവരായി മേല്‍വസ്ത്രങ്ങള്‍ അഴിച്ചുവെക്കുന്നതില്‍ കുറ്റമില്ല. തങ്ങളുടെ ലജ്ജാശീലം കാത്തുസൂക്ഷിക്കുന്നതു തന്നെയാണവര്‍ക്ക് ഉത്തമം. സര്‍വവും കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവനാണ് അല്ലാഹു.28

1 വിശദീകരണം കാണുക

28. ചെറിയ കുട്ടികള്‍ക്ക് അനുമതിയില്ലാതെ പ്രവേശിക്കാമെന്നു മുന്‍സൂക്തത്തില്‍ പറഞ്ഞുവല്ലോ. അതേ വിഭാഗം, പ്രായപൂര്‍ത്തി പ്രാപിച്ചാല്‍ നിയമം മാറുന്നു എന്നാണിവിടെ വ്യക്തമാക്കുന്നത്. പല ഗൃഹനാഥന്മാരും രക്ഷിതാക്കളും അവഗണിക്കുന്ന ഒരു വശമാണിത്. മഹ്‌റം അല്ലാത്തവര്‍ ഗൃഹാന്തരങ്ങളില്‍ സൈ്വരവിഹാരം നടത്തുന്ന ദയനീയ രംഗമാണ് പിന്നെ സാര്‍വത്രികമാകുന്നത്. മൂടുപടം (പര്‍ദ) അണിയുന്നതില്‍ നിന്ന് വൃദ്ധകള്‍ക്ക് വിട്ടുവീഴ്ചയുണ്ടെന്നാണ് 60-ാം സൂക്തപരാമര്‍ശം. അവിടെയും അലങ്കാര പ്രകടനവും സൗന്ദര്യപ്രദര്‍ശനവുമുണ്ടാകരുത്. കിഴവികള്‍ പോലും ബലാത്സംഗം ചെയ്യപ്പെടുന്ന നമ്മുടെ സാമൂഹിക പശ്ചാത്തലത്തില്‍ ഇതുസംബന്ധിച്ച മികച്ച ജാഗ്രത അനിവാര്യമാണെന്നു പറഞ്ഞേപറ്റൂ. നമ്മുടെ മറ്റൊരു സാമുദായിക വൈകൃതവും തിരുത്തേണ്ടതുണ്ട്: യുവതികള്‍ അര്‍ധ നഗ്നരായും പര്‍ദയില്ലാതെയും നടക്കുന്നതും വയസ്സായാല്‍ പര്‍ദയുടെ പ്രായമായെന്നു ധരിക്കുന്നതും വല്ലാത്ത വിരോധാഭാസമാണ്!

وَإِذَا بَلَغَ ٱلۡأَطۡفَٰلُ مِنكُمُ ٱلۡحُلُمَ فَلۡيَسۡتَـٔۡذِنُواْ كَمَا ٱسۡتَـٔۡذَنَ ٱلَّذِينَ مِن قَبۡلِهِمۡۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمۡ ءَايَٰتِهِۦۗ وَٱللَّهُ عَلِيمٌ حَكِيمٞ ۝٥٩
وَٱلۡقَوَٰعِدُ مِنَ ٱلنِّسَآءِ ٱلَّٰتِي لَا يَرۡجُونَ نِكَاحٗا فَلَيۡسَ عَلَيۡهِنَّ جُنَاحٌ أَن يَضَعۡنَ ثِيَابَهُنَّ غَيۡرَ مُتَبَرِّجَٰتِۭ بِزِينَةٖۖ وَأَن يَسۡتَعۡفِفۡنَ خَيۡرٞ لَّهُنَّۗ وَٱللَّهُ سَمِيعٌ عَلِيمٞ ۝٦٠
61

അന്ധനോ മുടന്തനോ രോഗിക്കോ ധര്‍മസമരമൊഴിവാക്കുന്നതില്‍ കുറ്റമില്ല.29
സ്വഗൃഹങ്ങളില്‍ നിന്നോ പിതാക്കളുടെയോ മാതാക്കളുടെയോ സഹോദരീ-സഹോദരന്മാരുടെയോ പിതൃസഹോദരന്മാരുടെയോ അമ്മായി-അമ്മാവന്മാരുടെയോ മാതൃസഹോദരിമാരുടെയോ വസതികളില്‍ നിന്നോ നിങ്ങളുടെ കൈവശം താക്കോല്‍ നിക്ഷിപ്തമായ വീടുകളില്‍ നിന്നോ സ്‌നേഹിതരുടെ ഭവനങ്ങളില്‍ നിന്നോ ഒന്നിച്ചോ വെവ്വേറെയോ ആഹാരം കഴിക്കുന്നതില്‍ നിങ്ങള്‍ക്ക് കുഴപ്പമില്ല.30
വീടുകളിലേക്കു കടക്കുമ്പോള്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗൃഹീതവും ഉദാത്തവുമായ ഉപഹാരമെന്ന നിലക്ക് നിങ്ങള്‍ പരസ്പരം സലാം പറയണം. ചിന്തിച്ചു ഗ്രഹിക്കാനായി ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങള്‍ പ്രതിപാദിച്ചു തരികയാണ്.31

3 വിശദീകരണങ്ങൾ കാണുക

29. ശാരീരിക വൈകല്യമുള്ളയാളുകള്‍ക്ക് പുണ്യസമര യാത്ര പോലുള്ള നിര്‍ബന്ധാനുഷ്ഠാനങ്ങളില്‍ നിന്ന് വിടുതിയുണ്ടെന്നാണിവിടെ വിവക്ഷ. അവ്വിധം ആവലാതികള്‍ തിരുനബി(സ്വ)യുടെ മുമ്പില്‍ അത്തരക്കാര്‍ സമര്‍പ്പിച്ച് പരിഭവപ്പെടാറുണ്ടായിരുന്നു. അതാണ് അവതരണത്തിന്റെ പശ്ചാത്തലം.

30. ഹിജാബിന്റെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വസതികളില്‍ നിന്നും സ്വന്തം അധീനതയിലുള്ള വീടുകളില്‍ നിന്നും ഒറ്റക്കോ കൂട്ടമായോ ഭക്ഷണം കഴിക്കുന്നതിനു തെറ്റില്ല. സ്വഹാബികള്‍ താല്‍ക്കാലികമായി വീടുവിട്ടുപോകുമ്പോള്‍ അയല്‍ക്കാരെ താക്കോല്‍ ഏല്‍പിക്കാറുണ്ടായിരുന്നതാണ് അവതരണ പശ്ചാത്തലം.

31. ഇസ്‌ലാമിന്റെ അനുഗൃഹീതവും ഉദാത്തവും ഹൃദ്യവുമായ സംസ്‌കാരമാണിത്. വീട്ടുകാര്‍ക്ക് സലാം പറഞ്ഞുകൊണ്ടായിരിക്കണം അങ്ങോട്ടു പ്രവേശിക്കുക. പല മുസ്‌ലിം ഗൃഹങ്ങളിലും തീര്‍ത്തും അജ്ഞാതമായിരിക്കുന്നു ഇത്. വീടിനും അവിടെയുള്ളവര്‍ക്കും ക്ഷേമൈശ്വര്യങ്ങള്‍ കിട്ടാന്‍ സഹായകമത്രേ സലാം പറയല്‍.

لَّيۡسَ عَلَى ٱلۡأَعۡمَىٰ حَرَجٞ وَلَا عَلَى ٱلۡأَعۡرَجِ حَرَجٞ وَلَا عَلَى ٱلۡمَرِيضِ حَرَجٞ وَلَا عَلَىٰٓ أَنفُسِكُمۡ أَن تَأۡكُلُواْ مِنۢ بُيُوتِكُمۡ أَوۡ بُيُوتِ ءَابَآئِكُمۡ أَوۡ بُيُوتِ أُمَّهَٰتِكُمۡ أَوۡ بُيُوتِ إِخۡوَٰنِكُمۡ أَوۡ بُيُوتِ أَخَوَٰتِكُمۡ أَوۡ بُيُوتِ أَعۡمَٰمِكُمۡ أَوۡ بُيُوتِ عَمَّٰتِكُمۡ أَوۡ بُيُوتِ أَخۡوَٰلِكُمۡ أَوۡ بُيُوتِ خَٰلَٰتِكُمۡ أَوۡ مَا مَلَكۡتُم مَّفَاتِحَهُۥٓ أَوۡ صَدِيقِكُمۡۚ لَيۡسَ عَلَيۡكُمۡ جُنَاحٌ أَن تَأۡكُلُواْ جَمِيعًا أَوۡ أَشۡتَاتٗاۚ فَإِذَا دَخَلۡتُم بُيُوتٗا فَسَلِّمُواْ عَلَىٰٓ أَنفُسِكُمۡ تَحِيَّةٗ مِّنۡ عِندِ ٱللَّهِ مُبَٰرَكَةٗ طَيِّبَةٗۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلۡأٓيَٰتِ لَعَلَّكُمۡ تَعۡقِلُونَ ۝٦١
62

അല്ലാഹുവിലും അവന്റെ ദൂതരിലും വിശ്വാസമര്‍പ്പിച്ചവര്‍ മാത്രമാണ് സത്യവിശ്വാസികള്‍.അവര്‍ നബിയൊന്നിച്ച് ഏതെങ്കിലും പൊതുകാര്യത്തില്‍ വ്യാപൃതരാവുകയാണെങ്കില്‍ അവിടത്തോടനുമതി തേടാതെ പിരിഞ്ഞുപോകില്ല. ഇങ്ങനെ, അങ്ങയോട് അനുമതിതേടുന്നവര്‍ തന്നെയാണ് അല്ലാഹുവിലും ദൂതനിലും വിശ്വസിക്കുന്നവര്‍. ഏതെങ്കിലും കാര്യത്തിന്ന് അങ്ങയോടവര്‍ സമ്മതം ചോദിച്ചാല്‍ താങ്കളുദ്ദേശിക്കുന്നവര്‍ക്കത് നല്‍കുകയും അവര്‍ക്കു പാപമോചനമര്‍ഥിക്കുകയും ചെയ്യുക. ഏറെ പൊറുക്കുന്നവനും കരുണാമയമനുമത്രേ അല്ലാഹു.32

1 വിശദീകരണം കാണുക

32. ഖന്‍ദഖ് യുദ്ധ പശ്ചാത്തലത്തില്‍, മതിയായ കാരണങ്ങളുണ്ടായിരുന്ന ചില സത്യവിശ്വാസികള്‍ നബി(സ്വ)യോട് കാര്യങ്ങള്‍ വിവരിച്ചുകൊടുത്ത് വിടുതി കരസ്ഥമാക്കി. എന്നാല്‍, കപട വിശ്വാസികള്‍ അനുമതി തേടാതെ ഉള്‍വലിഞ്ഞു; യുദ്ധയാത്രയിലവര്‍ പങ്കെടുത്തില്ല. ഈ സന്ദര്‍ഭത്തിലാണ് സൂക്തം അവതീര്‍ണമായത്.

إِنَّمَا ٱلۡمُؤۡمِنُونَ ٱلَّذِينَ ءَامَنُواْ بِٱللَّهِ وَرَسُولِهِۦ وَإِذَا كَانُواْ مَعَهُۥ عَلَىٰٓ أَمۡرٖ جَامِعٖ لَّمۡ يَذۡهَبُواْ حَتَّىٰ يَسۡتَـٔۡذِنُوهُۚ إِنَّ ٱلَّذِينَ يَسۡتَـٔۡذِنُونَكَ أُوْلَٰٓئِكَ ٱلَّذِينَ يُؤۡمِنُونَ بِٱللَّهِ وَرَسُولِهِۦۚ فَإِذَا ٱسۡتَـٔۡذَنُوكَ لِبَعۡضِ شَأۡنِهِمۡ فَأۡذَن لِّمَن شِئۡتَ مِنۡهُمۡ وَٱسۡتَغۡفِرۡ لَهُمُ ٱللَّهَۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٞ ۝٦٢
63

റസൂലിനോടുള്ള അഭിസംബോധന നിങ്ങള്‍ പരസ്പരം വിളിക്കുന്നതുപോലെയാകരുത്. അന്യന്റെ മറപിടിച്ച് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഊര്‍ന്നിറങ്ങുന്നവരെ അല്ലാഹു അറിയുന്നുണ്ട്. അതുകൊണ്ട്, നബിയുടെ ശാസനക്ക് എതിരുചെയ്യുന്നവര്‍ തങ്ങള്‍ക്കെന്തെങ്കിലും ആപത്തുവരികയോ വേദനാജനകമായ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നതില്‍ ജാഗ്രതപുലര്‍ത്തിക്കൊള്ളട്ടെ.33

1 വിശദീകരണം കാണുക

33. ആളുകള്‍ പരസ്പരം പേരെടുത്ത് വിളിക്കുന്നത് പോലെ തിരുനബിയെ അഭിസംബോധന ചെയ്യരുത്. അവിടത്തോടു പാലിക്കേണ്ട ആദരത്തിനു വിരുദ്ധമാണത്. രാഷ്ട്രീയ- ഭൗതിക പ്രസക്തിയുള്ളവരെ അമിതാദരങ്ങളോടെ സംബോധന ചെയ്യുകയും വന്ദ്യറസൂലിനെ സാധാരണക്കാരെ പോലെ പരാമര്‍ശിക്കുകയും ചെയ്യുന്ന ചില നിര്‍ഭാഗ്യരെ നമുക്കിടയില്‍ തന്നെ കാണാം. എന്തൊരു ബോധശൂന്യര്‍!

لَّا تَجۡعَلُواْ دُعَآءَ ٱلرَّسُولِ بَيۡنَكُمۡ كَدُعَآءِ بَعۡضِكُم بَعۡضٗاۚ قَدۡ يَعۡلَمُ ٱللَّهُ ٱلَّذِينَ يَتَسَلَّلُونَ مِنكُمۡ لِوَاذٗاۚ فَلۡيَحۡذَرِ ٱلَّذِينَ يُخَالِفُونَ عَنۡ أَمۡرِهِۦٓ أَن تُصِيبَهُمۡ فِتۡنَةٌ أَوۡ يُصِيبَهُمۡ عَذَابٌ أَلِيمٌ ۝٦٣
64

അറിയണം, ഭുവന-വാനങ്ങളിലുള്ളവയത്രയും അല്ലാഹുവിന്റേതാണ്. നിങ്ങളുടെ നിലപാട് എന്തെന്നും അവങ്കലേക്ക് അവര്‍ തിരിച്ചയക്കപ്പെടുന്ന നാളും അവന്നറിയാം. അപ്പോള്‍, അവരനുവര്‍ത്തിച്ചിരുന്ന കാര്യങ്ങളെക്കുറിച്ച് അവരെയവന്‍ അറിയിക്കുന്നതാണ്. സര്‍വകാര്യങ്ങളെക്കുറിച്ചും ജ്ഞാനിയത്രേ അല്ലാഹു.34

1 വിശദീകരണം കാണുക

34. വ്യാജ മൂടുപടമണിഞ്ഞ് സമുദായത്തിനകത്ത് കുത്തിത്തിരിപ്പുകളുണ്ടാക്കിയിരുന്ന കപട വിശ്വാസികളാണ് വിവക്ഷ. ഭൗതികതയുടെ ഏതു മറയുണ്ടെങ്കിലും അവരുടെ കാപട്യവും ഹീന നീക്കങ്ങളും അല്ലാഹുവിനറിയും. കപട വിശ്വാസികള്‍ക്ക് വേദനയുറ്റ ശിക്ഷ പരലോകത്തുണ്ടാകുന്നതാണ്.

أَلَآ إِنَّ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ قَدۡ يَعۡلَمُ مَآ أَنتُمۡ عَلَيۡهِ وَيَوۡمَ يُرۡجَعُونَ إِلَيۡهِ فَيُنَبِّئُهُم بِمَا عَمِلُواْۗ وَٱللَّهُ بِكُلِّ شَيۡءٍ عَلِيمُۢ ۝٦٤