Sunday, 11 October 2026 Hijri: — 02:16:59 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അൽ ഫുർഖാൻ الفرقان Al-Furqan

Surah 25 മക്കിയ്യ • مكية • Makkiyah 77 ആയത്തുകൾ • 77 Ayahs

സൂറത്ത് അൽ ഫുർഖാൻ (Al-Furqan), ഖുർആൻ അധ്യായം 25 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 77 ആയത്തുകൾ വായിക്കുക. Read Surah Al-Furqan with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–2

തന്റെ അടിമ മുഹമ്മദ് നബിക്ക്-അവിടന്ന് ലോകര്‍ക്കു താക്കീതുകാരനാവാന്‍ വേണ്ടി-സത്യാസത്യ വിവേചക വേദം അവതരിപ്പിച്ചവന്‍ അനുഗ്രഹപൂര്‍ണനത്രേ. ഭുവന-വാനങ്ങളുടെ അധിപനും സന്താനത്തെ വരിക്കാത്തവനും രാജാധികാരത്തില്‍ ഒരുവിധ പങ്കാളിയുമില്ലാത്തവനുമാണ് അല്ലാഹു. അവന്‍ സമസ്ത വസ്തുക്കളെയും സൃഷ്ടിക്കുകയും ശരിയായ രീതിയില്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നുചെയ്തിരിക്കുന്നു1

1 വിശദീകരണം കാണുക

1. സത്യാസത്യ വിവേചനം എന്നാണ് ഈ സൂറയുടെ നാമമായ അല്‍ ഫുര്‍ഖാന്‍ എന്ന പദത്തിനര്‍ഥം. വിശുദ്ധ ഖുര്‍ആന്റെ വിവിധ നാമങ്ങളിലൊന്നുകൂടിയാണത്. സത്യവിശ്വാസത്തില്‍ നിന്നു വ്യതിചലിച്ചവരെ ശക്തമായി ഇരുത്തിച്ചിന്തിപ്പിക്കുന്നവയാണ് ആദ്യ സൂക്തങ്ങള്‍ തന്നെ. പ്രപഞ്ചത്തിന്റെ അധിപന്‍ അല്ലാഹുവാണ്; സ്രഷ്ടാവും നിയന്താവും അവന്‍ തന്നെ. അവന്റെ ഇംഗിതാനുസരണമേ എന്തും സംഭവിക്കുന്നുള്ളൂ. ഈ പശ്ചാത്തലത്തില്‍, പരദൈവങ്ങളെ വിശ്വസിക്കുന്നതും ആരാധിക്കുന്നതും എന്തൊരു മൗഢ്യമാണ്!

تَبَارَكَ ٱلَّذِي نَزَّلَ ٱلۡفُرۡقَانَ عَلَىٰ عَبۡدِهِۦ لِيَكُونَ لِلۡعَٰلَمِينَ نَذِيرًا ۝١
ٱلَّذِي لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَلَمۡ يَتَّخِذۡ وَلَدٗا وَلَمۡ يَكُن لَّهُۥ شَرِيكٞ فِي ٱلۡمُلۡكِ وَخَلَقَ كُلَّ شَيۡءٖ فَقَدَّرَهُۥ تَقۡدِيرٗا ۝٢
3

അല്ലാഹുവല്ലാത്ത മറ്റുപല ദൈവങ്ങളെയും അവര്‍ വരിച്ചു; അവ യാതൊന്നിനെയും സൃഷ്ടിക്കുന്നില്ല! അവതന്നെ പടച്ചുണ്ടാക്കപ്പെട്ടിരിക്കുകയാണ്. സ്വന്തത്തിനു പോലും ഉപകാരമോ ഉപദ്രവമോ അവ സ്വായത്തമാക്കുന്നില്ല; മരണമോ ജീവിതമോ ഉയിര്‍ത്തെഴുന്നേല്‍പോ അധീനമാക്കുന്നില്ല.2

1 വിശദീകരണം കാണുക

2. ബഹുദൈവ വിശ്വാസികള്‍ ആരാധിക്കുന്നവ ജീവനുള്ളവയോ അല്ലാത്തവയോ ആകാം; ഏതാണെങ്കിലും സൃഷ്ടിച്ചുണ്ടാക്കപ്പെട്ടവയാണ്. അവയെങ്ങനെ ദൈവമാകും? ദേഹത്തില്‍ വന്നിരിക്കുന്ന ഈച്ചകളെ ആട്ടാന്‍ പോലുമാകാത്ത ബിംബങ്ങളും പ്രതിഷ്ഠകളും(ഖുര്‍ആന്‍ 22:73 കാണുക) സംപൂജ്യമായി ആരാധിക്കപ്പെടുന്നതിന്റെ അര്‍ത്ഥ ശൂന്യത ചിന്താവിധേയമാക്കേണ്ടതല്ലേ?

وَٱتَّخَذُواْ مِن دُونِهِۦٓ ءَالِهَةٗ لَّا يَخۡلُقُونَ شَيۡـٔٗا وَهُمۡ يُخۡلَقُونَ وَلَا يَمۡلِكُونَ لِأَنفُسِهِمۡ ضَرّٗا وَلَا نَفۡعٗا وَلَا يَمۡلِكُونَ مَوۡتٗا وَلَا حَيَوٰةٗ وَلَا نُشُورٗا ۝٣
4–5

ഖുര്‍ആന്‍ മുഹമ്മദ് കെട്ടിച്ചമച്ച വ്യാജം മാത്രമാണ്, മറ്റുചിലര്‍ അതിനവനെ സഹായിച്ചിട്ടുമുണ്ട് എന്ന് സത്യനിഷേധികള്‍ ജല്‍പിച്ചു. ന്യായരഹിതവും നുണയുമായ പ്രസ്താവം മാത്രമാണവര്‍ നടത്തിയിരിക്കുന്നത്! പൂര്‍വികരുടെ കെട്ടുകഥകളാണിത്, അതവന്‍ രേഖപ്പെടുത്തിവെച്ചിരിക്കയാണ്; എന്നിട്ട് പ്രഭാത-പ്രദോഷങ്ങളില്‍ അതവന്ന് വായിച്ചുകൊടുക്കപ്പെടുകയാണ് എന്നും അവര്‍ തട്ടിവിട്ടു.3

1 വിശദീകരണം കാണുക

3. സത്യത്തിനു നേരെ കണ്ണുചിമ്മുന്ന തീക്ഷ്ണമായ കുടില മനസ്‌കത മൂലം സത്യനിഷേധികള്‍ നബിക്കെതിരെ പിച്ചും പേയും പറയുകയായിരുന്നു. കവിയാണെന്നും ഭ്രാന്തനാണെന്നും തട്ടിവിടും. മറ്റു ചിലരുടെ സഹായത്തോടെ പൂര്‍വിക വൃത്താന്തങ്ങള്‍ മുഹമ്മദ് നബി നിര്‍മിച്ചുണ്ടാക്കുന്നതാണ് ഖുര്‍ആന്‍ എന്നു ചിലപ്പോഴവര്‍ ജല്‍പിക്കും.(ഖുര്‍ആന്‍ 6:25,68:51,27:36)

وَقَالَ ٱلَّذِينَ كَفَرُوٓاْ إِنۡ هَٰذَآ إِلَّآ إِفۡكٌ ٱفۡتَرَىٰهُ وَأَعَانَهُۥ عَلَيۡهِ قَوۡمٌ ءَاخَرُونَۖ فَقَدۡ جَآءُو ظُلۡمٗا وَزُورٗا ۝٤
وَقَالُوٓاْ أَسَٰطِيرُ ٱلۡأَوَّلِينَ ٱكۡتَتَبَهَا فَهِيَ تُمۡلَىٰ عَلَيۡهِ بُكۡرَةٗ وَأَصِيلٗا ۝٥
6

നബീ, പ്രഖ്യാപിക്കുക: ഭുവന-വാനങ്ങളിലെ രഹസ്യങ്ങളറിയുന്നവനാണ് ഇതവതരിപ്പിച്ചത്. ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രേ അവന്‍.

قُلۡ أَنزَلَهُ ٱلَّذِي يَعۡلَمُ ٱلسِّرَّ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ إِنَّهُۥ كَانَ غَفُورٗا رَّحِيمٗا ۝٦
7–8

നിഷേധികള്‍ ജല്‍പിച്ചു: ഇതെന്തു റസൂല്‍? ഇയാള്‍ ആഹാരം കഴിക്കുകയും അങ്ങാടികളില്‍ നടക്കുകയും ചെയ്യുന്നുണ്ടല്ലോ. താനൊന്നിച്ചൊരു മുന്നറിയിപ്പുകാരനായിരിക്കുമാറ് ഒരു മാലാഖയെ ഇയാളിലേക്കിറക്കപ്പെടാത്തതെന്ത്? അഥവാ എന്തുകൊണ്ടിയാള്‍ക്ക് ഒരു നിക്ഷേപം നല്‍കപ്പെടുന്നില്ല? അല്ലെങ്കില്‍ ഫലഭോജനത്തിനുതകുംവിധം ഒരു തോട്ടമുണ്ടാകുന്നില്ല? ആഭിചാരവിധേയനായൊരു വ്യക്തിയെ മാത്രമാണ് നിങ്ങള്‍ പിന്‍പറ്റുന്നത് എന്ന് അക്രമികള്‍ തട്ടിവിട്ടു.4

1 വിശദീകരണം കാണുക

4. അങ്ങാടികളിലൂടെ സഞ്ചരിക്കുകയും അന്നപാനാദികള്‍ ഭുജിക്കുകയും ചെയ്യുന്നവര്‍ നബിയാകുമോ എന്നാണ് മറ്റു ചിലപ്പോള്‍ നിഷേധികള്‍ പറയുക. ഇദ്ദേഹമൊന്നിച്ച് ഒരു മലക്ക് വരാത്തതെന്ത്, ഇദ്ദേഹത്തിനു ഫലസമൃദ്ധമായ തോട്ടമില്ലാതിരിക്കാന്‍ എന്താണു കാരണം, ആഭിചാരവിധേയനായ ഒരാളെയാണല്ലോ മുസ്‌ലിംകളേ നിങ്ങള്‍ പിന്തുടരുന്നത്... എന്നിങ്ങനെ പോയി അവരുടെ ജല്‍പനങ്ങള്‍! തികച്ചും മാതൃകായോഗ്യനും ചരിത്രത്തിന്റെ ഭാഗധേയം തന്നെ തിരുത്തിക്കുറിച്ച സര്‍വാംഗീകൃതനുമായ മുഹമ്മദ് നബി(സ്വ)യെ പ്രവാചകനായംഗീകരിക്കാന്‍ അവരുടെ യുക്തി സമ്മതിക്കുന്നില്ല. എന്നാല്‍ കല്ലിലും ലോഹത്തിലും കൊത്തിയെടുത്ത 'ദൈവ'ങ്ങളെ ആരാധിക്കുന്നതില്‍ ഒരു യുക്തിശൂന്യതയും അവര്‍ക്കനുഭവപ്പെടുന്നുമില്ല! എന്തൊരു വൈചിത്ര്യം! നിഷേധികളുടെ മനഃശാസ്ത്രം ഇന്നും ഇതുതന്നെയാണ്. ഇസ്‌ലാമും മുഹമ്മദ് നബിയും ഖുര്‍ആനുമൊക്കെ ശരിയും സത്യവുമാണെന്ന് ബോധ്യമായിട്ടും ഓരോരോ ഞൊണ്ടിന്യായങ്ങള്‍ കണ്ടെത്തി അവരതു തിരസ്‌കരിക്കുന്നു. ചിലര്‍ അസഹിഷ്ണുക്കളായി അരുതാത്തവ പലതും ചെയ്യുന്നു... കണ്ണുകാണുന്നവനും അന്ധനും തുല്യരാകുമോ? അന്ധകാരവും പ്രകാശവും സമമാണോ?(ഖുര്‍ആന്‍, അര്‍റഅ്ദ്:16)

وَقَالُواْ مَالِ هَٰذَا ٱلرَّسُولِ يَأۡكُلُ ٱلطَّعَامَ وَيَمۡشِي فِي ٱلۡأَسۡوَاقِ لَوۡلَآ أُنزِلَ إِلَيۡهِ مَلَكٞ فَيَكُونَ مَعَهُۥ نَذِيرًا ۝٧
أَوۡ يُلۡقَىٰٓ إِلَيۡهِ كَنزٌ أَوۡ تَكُونُ لَهُۥ جَنَّةٞ يَأۡكُلُ مِنۡهَاۚ وَقَالَ ٱلظَّٰلِمُونَ إِن تَتَّبِعُونَ إِلَّا رَجُلٗا مَّسۡحُورًا ۝٨
9–10

എന്തൊക്കെ ഉപമകളാണ് അങ്ങയെക്കുറിച്ച് നിഷേധികള്‍ നിരത്തിയതെന്ന് നോക്കൂ; അങ്ങനെയവര്‍ വഴിതെറ്റിപ്പോയി. അതിനാല്‍ അവര്‍ക്ക് സന്മാര്‍ഗം കണ്ടെത്തുവാന്‍ ഒട്ടുമേ ആകില്ല. ഒരു നാഥന്‍ അനുഗ്രഹപൂര്‍ണനത്രേ-അവനുദ്ദേശിച്ചിരുന്നുവെങ്കില്‍ അവരുന്നയിച്ച ഭൗതിക വിഭവങ്ങളെക്കാള്‍ ഉദാത്തമായത്, അഥവാ അടിയിലൂടെ ആറുകളൊഴുകുന്ന ആരാമങ്ങളും കൊട്ടാരങ്ങളും താങ്കള്‍ക്കവന്‍ നിര്‍മിച്ചു തരും.5

1 വിശദീകരണം കാണുക

5. നിഷേധികള്‍ സന്മാര്‍ഗ പ്രാപ്തി ഉദ്ദേശിക്കാത്തവരാണ്. അതുകൊണ്ട് സത്യത്തിനെതിരെ ഓരോന്ന് ജല്‍പിച്ച് അവര്‍ കൊഞ്ഞനം കാട്ടും. നേര്‍വഴിയിലെത്താന്‍ അവര്‍ക്കാവില്ല. കൊട്ടാരങ്ങളും ആരാമങ്ങളും സിംഹാസനങ്ങളും ഭൗതിക പ്രൗഢിയുമൊന്നും ആസ്വദിച്ചു വിരാജിക്കാനല്ല നബി(സ്വ) നിയുക്തനായിട്ടുള്ളത്; ശാശ്വത വിജയത്തിന്റെ പന്ഥാവ് മാനവതക്ക് വെട്ടിത്തെളിച്ചുകൊടുക്കാനാണ്.

ٱنظُرۡ كَيۡفَ ضَرَبُواْ لَكَ ٱلۡأَمۡثَٰلَ فَضَلُّواْ فَلَا يَسۡتَطِيعُونَ سَبِيلٗا ۝٩
تَبَارَكَ ٱلَّذِيٓ إِن شَآءَ جَعَلَ لَكَ خَيۡرٗا مِّن ذَٰلِكَ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ وَيَجۡعَل لَّكَ قُصُورَۢا ۝١٠
11–14

അല്ല, അന്ത്യനാളിനെ നിഷേധിക്കയാണവര്‍ ചെയ്യുന്നത്; അതിനെ വ്യാജമാക്കുന്നവര്‍ക്ക് നാം നരകം സജ്ജീകരിച്ചിട്ടുണ്ട്. അതവരെ വിദൂരതയില്‍ വെച്ച് കാണുമ്പോള്‍ തന്നെ ക്ഷോഭിച്ചു പ്രകമ്പിതമാകുന്നതും ഇരമ്പുന്നതും അവര്‍ കേള്‍ക്കുന്നതാണ്. അതിലെ കുടുസ്സായൊരിടത്ത് വിലങ്ങുകളില്‍ ബന്ധിതരായി വലിച്ചെറിയപ്പെട്ടാല്‍ അഹോ, എന്തൊരു നാശം എന്നവര്‍ വിളിച്ചുകേഴും. (തത്സമയ മറുപടിയുണ്ടാകും:) ഇവിടെ ഒരു നാശത്തെയല്ല, ഒട്ടേറെ നാശങ്ങളെ വിളിച്ചോളൂ!6

1 വിശദീകരണം കാണുക

6. നിഷേധികളെ കാത്തിരിക്കുന്നത് ശാശ്വത പരാജയവും നിത്യനരകവുമാണ്. അതിലെത്തിയ ശേഷം പരിതപിച്ചിട്ടും നിലവിളികൂട്ടിയിട്ടും കാര്യമുണ്ടാകില്ല. നരക വിമോചനത്തിനും സ്വര്‍ഗപ്രാപ്തിക്കുമുള്ള അര്‍ഹത ഇവിടന്നു നേടിയെടുക്കണം.

بَلۡ كَذَّبُواْ بِٱلسَّاعَةِۖ وَأَعۡتَدۡنَا لِمَن كَذَّبَ بِٱلسَّاعَةِ سَعِيرًا ۝١١
إِذَا رَأَتۡهُم مِّن مَّكَانِۭ بَعِيدٖ سَمِعُواْ لَهَا تَغَيُّظٗا وَزَفِيرٗا ۝١٢
وَإِذَآ أُلۡقُواْ مِنۡهَا مَكَانٗا ضَيِّقٗا مُّقَرَّنِينَ دَعَوۡاْ هُنَالِكَ ثُبُورٗا ۝١٣
لَّا تَدۡعُواْ ٱلۡيَوۡمَ ثُبُورٗا وَٰحِدٗا وَٱدۡعُواْ ثُبُورٗا كَثِيرٗا ۝١٤
15–16

നബീ, ചോദിക്കുക: ഇതാണോ ഉദാത്തം; അതോ സൂക്ഷ്മാലുക്കള്‍ക്കുള്ള വാഗ്ദത്ത നിത്യസ്വര്‍ഗമോ? അവര്‍ക്കുള്ള പ്രതിഫലവും ആവാസകേന്ദ്രവുമതാണ്; തങ്ങളിച്ഛിക്കുന്നതെന്തും അവിടെയുണ്ട്. അതിലവര്‍ ശാശ്വത നിവാസികളായിരിക്കും. അപേക്ഷിക്കപ്പെടാവുന്നതും താങ്കളുടെ നാഥന്‍ ഏറ്റെടുത്ത വാഗ്ദാനവുമാണത്.

قُلۡ أَذَٰلِكَ خَيۡرٌ أَمۡ جَنَّةُ ٱلۡخُلۡدِ ٱلَّتِي وُعِدَ ٱلۡمُتَّقُونَۚ كَانَتۡ لَهُمۡ جَزَآءٗ وَمَصِيرٗا ۝١٥
لَّهُمۡ فِيهَا مَا يَشَآءُونَ خَٰلِدِينَۚ كَانَ عَلَىٰ رَبِّكَ وَعۡدٗا مَّسۡـُٔولٗا ۝١٦
17–18

ആ നിഷേധികളെയും അല്ലാഹുവിനെ വിട്ട് അവര്‍ ആരാധിക്കുന്നവയെയും അവന്‍ സംഗമിപ്പിക്കുന്ന ദിനം സ്മരണീയമത്രേ. എന്നിട്ടവന്‍ ആരാധ്യരോടു ചോദിക്കും: നിങ്ങളാണോ എന്റെ ഈ അടിമകളെ വഴിതെറ്റിച്ചത്, അതോ അവര്‍ക്ക് സ്വയം മാര്‍ഗഭ്രംശം സംഭവിച്ചതോ? ആരാധ്യര്‍ പ്രതികരിക്കും: നീ എത്ര പരിശുദ്ധന്‍! നീയല്ലാത്ത മറ്റു രക്ഷാധികാരികളെ വരിക്കുക എന്നത് ഞങ്ങള്‍ക്ക് ഉചിതമല്ല. എന്നാല്‍ അവര്‍ക്കും അവരുടെ പൂര്‍വികര്‍ക്കും നീ സുഖാസ്വാദനങ്ങളേകി. അങ്ങനെയവര്‍ ഉദ്‌ബോധനം വിസ്മരിക്കുകയും നശിച്ച ഒരു ജനവിഭാഗമായിത്തീരുകയും ചെയ്തു.

وَيَوۡمَ يَحۡشُرُهُمۡ وَمَا يَعۡبُدُونَ مِن دُونِ ٱللَّهِ فَيَقُولُ ءَأَنتُمۡ أَضۡلَلۡتُمۡ عِبَادِي هَٰٓؤُلَآءِ أَمۡ هُمۡ ضَلُّواْ ٱلسَّبِيلَ ۝١٧
قَالُواْ سُبۡحَٰنَكَ مَا كَانَ يَنۢبَغِي لَنَآ أَن نَّتَّخِذَ مِن دُونِكَ مِنۡ أَوۡلِيَآءَ وَلَٰكِن مَّتَّعۡتَهُمۡ وَءَابَآءَهُمۡ حَتَّىٰ نَسُواْ ٱلذِّكۡرَ وَكَانُواْ قَوۡمَۢا بُورٗا ۝١٨
19

(തല്‍സമയം, ആരാധകരോട് അല്ലാഹു പറയും:) നിങ്ങളുടെ ജല്‍പനം ഇവര്‍ നിഷേധിച്ചിരിക്കുന്നു. ശിക്ഷ തിരിച്ചുവിടാനോ എന്തെങ്കിലും സഹായം നേടാനോ ഇനി നിങ്ങള്‍ക്കു കഴിയുന്നതല്ല! നിങ്ങളില്‍ അക്രമം ചെയ്തവരാരോ അവര്‍ക്ക് നാം കഠിന ശിക്ഷ ആസ്വദിപ്പിക്കും7

1 വിശദീകരണം കാണുക

7. അല്ലാഹുവിന്റെ നൂറുനൂറായിരം അനുഗ്രഹങ്ങളാസ്വദിച്ചുകൊണ്ടുതന്നെ ബഹുഭൂരിഭാഗമാളുകളും അവന്റെ സന്മാര്‍ഗം കൈവിട്ട് ബഹുദൈവ വിശ്വാസികളും സത്യനിഷേധികളുമായി കഴിയുകയാണ്. ജീവനുള്ളതും ഇല്ലാത്തതുമായ'ദൈവ'ങ്ങളെയാണ് ബുദ്ധിജീവിയായ മാനവന്‍ ആരാധിക്കുന്നത്. ഈ ചിന്താരാഹിത്യത്തിനവന്‍ കനത്ത വിലയാണു നല്‍കേണ്ടി വരിക. പരലോകത്തെ വിചാരണ കഴിഞ്ഞ് അവര്‍ ശാശ്വത നരക ശിക്ഷ ഏറ്റുവാങ്ങാന്‍ നിര്‍ബന്ധിതരാകും.
ബഹുദൈവ വിശ്വാസികളെയും ആരാധ്യരെയും അല്ലാഹു പരലോകത്ത് വിചാരണ ചെയ്യും. തങ്ങള്‍ പറഞ്ഞിട്ടല്ല ഇവര്‍ ഞങ്ങളെ ആരാധിച്ചതെന്നും പ്രത്യുത, ഭൗതിക ജീവിതത്തിലും സുഖാഡംബരങ്ങളിലും മതിമറന്ന് ചിന്താശൂന്യരായി, സത്യസന്ദേശ വാഹകരെ അവഗണിച്ചു തള്ളിക്കളഞ്ഞ് സ്വയം വഴിതെറ്റുകയാണവര്‍ ചെയ്തതെന്നും 'ആരാധ്യരായിരുന്ന ദൈവങ്ങള്‍' അല്ലാഹുവിന്റെ മുമ്പില്‍ സത്യപ്രസ്താവന നടത്തും.

فَقَدۡ كَذَّبُوكُم بِمَا تَقُولُونَ فَمَا تَسۡتَطِيعُونَ صَرۡفٗا وَلَا نَصۡرٗاۚ وَمَن يَظۡلِم مِّنكُمۡ نُذِقۡهُ عَذَابٗا كَبِيرٗا ۝١٩
20

ആഹാരം കഴിക്കുകയും അങ്ങാടികളിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നവരായി മാത്രമേ അങ്ങേക്കു മുമ്പ് ഏതൊരു ദൂതനെയും നാമയച്ചിട്ടുള്ളൂ. നിങ്ങളില്‍ ചിലരെ മറ്റു ചിലര്‍ക്ക് നാമൊരു പരീക്ഷണമാക്കും-നിങ്ങള്‍ ക്ഷമ കൈക്കൊള്ളുമോ എന്ന് നിരീക്ഷിക്കാനാണത്. താങ്കളുട നാഥന്‍ സസൂക്ഷ്മം കാണുന്നവനത്രേ.8

1 വിശദീകരണം കാണുക

8. പ്രവാചകന്മാരും ദൂതന്മാരുമൊക്കെ മനുഷ്യരായിരുന്നു. അതുകൊണ്ട് അന്നപാനാദികള്‍ കഴിക്കലും അങ്ങാടികളില്‍ പോയി കച്ചവടം ചെയ്യലും സാധനങ്ങള്‍ വില്‍ക്കലും വാങ്ങലും മറ്റും അവര്‍ക്കും അനിവാര്യമാണ്. അതിന്റെ പേരില്‍ മുന്‍ പ്രവാചകന്മാരുടെയോ മുഹമ്മദ് നബി(സ്വ)യുടെയോ പ്രവചാകത്വം നിഷേധിക്കല്‍ മൗഢ്യമാണ്. ഓരോ മനുഷ്യന്റെ ജീവിതവും പരീക്ഷണമാണെന്നു കാണാം. അതില്‍ ക്ഷമ കൈകൊള്ളുന്നവരാണ് വിജയികള്‍.

وَمَآ أَرۡسَلۡنَا قَبۡلَكَ مِنَ ٱلۡمُرۡسَلِينَ إِلَّآ إِنَّهُمۡ لَيَأۡكُلُونَ ٱلطَّعَامَ وَيَمۡشُونَ فِي ٱلۡأَسۡوَاقِۗ وَجَعَلۡنَا بَعۡضَكُمۡ لِبَعۡضٖ فِتۡنَةً أَتَصۡبِرُونَۗ وَكَانَ رَبُّكَ بَصِيرٗا ۝٢٠
21–24

നാമുമായുള്ള കൂടിക്കാഴ്ചയില്‍ വിശ്വാസമില്ലാത്തവര്‍ തട്ടിവിട്ടു: 'നമ്മിലേക്ക് മലക്കുകള്‍ ഇറക്കപ്പെടാത്തതെന്ത്, നാം രക്ഷിതാവിനെ നേരില്‍ കാണാതിരിക്കുന്നതെന്ത്?' നിശ്ചയം, അവര്‍ സ്വയം അഹങ്കാരം നടിക്കുകയും കടുത്ത ധിക്കാരം കാട്ടുകയുമാണ് ചെയ്തിരിക്കുന്നത്.9
മലക്കുകളെ അവര്‍ കാണുന്ന ദിനം (വരുന്നുണ്ട്;) അധര്‍മകാരികള്‍ക്ക് അന്നേ ദിവസം യാതൊരു ശുഭ വാര്‍ത്തയുമുണ്ടാകില്ല. 'കര്‍ശന വിലക്ക് ' എന്നാണവരോട് മലക്കുകള്‍ ആക്രോശിക്കുക. അവരനുവര്‍ത്തിച്ച കര്‍മങ്ങളിലേക്കു നാം തിരിയുന്നതും അവ വിതറപ്പെട്ട ധൂളിപോലെയാകുന്നതുമാണ്.10
അന്ന് ഉദാത്തമായ വാസസ്ഥലവും മെച്ചപ്പെട്ട വിശ്രമസങ്കേതവുമുള്ളവര്‍ സ്വര്‍ഗക്കാരായിരിക്കും.

2 വിശദീകരണങ്ങൾ കാണുക

9. മലക്കുകളിറങ്ങിവന്ന്, അല്ലാഹു നേരിട്ടെത്തി മുഹമ്മദിന്റെ പ്രവാചകത്വം സാക്ഷ്യപ്പെടുത്തണമെന്ന് ബഹുദൈവ വിശ്വാസികള്‍ ജല്‍പിച്ചിരുന്നു. എന്തൊരു മൗഢ്യവും ധിക്കാരവുമാണിത്! ചിന്താശൂന്യതമൂലം രൂക്ഷമായി കാടുകയറുകയായിരുന്നു അവര്‍.

10. നിഷേധികള്‍ ശഠിക്കുന്നതുപോലെ ഇനിയൊരിക്കല്‍ സംഭവിക്കും. മലക്കുകളെ അവര്‍ കാണാനിരിക്കുകയാണ്; മരണമാസന്നമാകുമ്പോഴും ഖബ്‌റിലും ഖിയാമനാളിലും മഹ്ശറിലുമെല്ലാം. എന്നാല്‍ അപ്പോഴൊക്കെയും, സ്വര്‍ഗവും വിജയവും ദൈവപ്രീതിയും നിങ്ങള്‍ക്കു കര്‍ശനമായി വിലക്കപ്പെട്ടിരിക്കുന്നു എന്നാണ് മലക്കുള്‍ അവരോടു പറയുക. ശാശ്വത പരാജയം അവര്‍ ഏറ്റുവാങ്ങും.

۞ وَقَالَ ٱلَّذِينَ لَا يَرۡجُونَ لِقَآءَنَا لَوۡلَآ أُنزِلَ عَلَيۡنَا ٱلۡمَلَٰٓئِكَةُ أَوۡ نَرَىٰ رَبَّنَاۗ لَقَدِ ٱسۡتَكۡبَرُواْ فِيٓ أَنفُسِهِمۡ وَعَتَوۡ عُتُوّٗا كَبِيرٗا ۝٢١
يَوۡمَ يَرَوۡنَ ٱلۡمَلَٰٓئِكَةَ لَا بُشۡرَىٰ يَوۡمَئِذٖ لِّلۡمُجۡرِمِينَ وَيَقُولُونَ حِجۡرٗا مَّحۡجُورٗا ۝٢٢
وَقَدِمۡنَآ إِلَىٰ مَا عَمِلُواْ مِنۡ عَمَلٖ فَجَعَلۡنَٰهُ هَبَآءٗ مَّنثُورًا ۝٢٣
أَصۡحَٰبُ ٱلۡجَنَّةِ يَوۡمَئِذٍ خَيۡرٞ مُّسۡتَقَرّٗا وَأَحۡسَنُ مَقِيلٗا ۝٢٤
25–26

ആകാശം പൊട്ടിപ്പിളര്‍ന്ന് വെളുത്ത ലോല മേഘം ബഹിര്‍ഗമിക്കുകയും കൂട്ടം കൂട്ടമായി മലക്കുകള്‍ ഇറക്കപ്പെടുകയും ചെയ്യുന്ന ദിനം സംഭ്രമ ജനകമത്രേ. യഥാര്‍ത്ഥ മേല്‍ക്കോയ്മ അന്ന് കരുണാമയനായ അല്ലാഹുവിന്നായിരിക്കും. സത്യനിഷേധികള്‍ക്ക് അത്യന്തം കഠോരമായ ദിവസമാകും അത്11

1 വിശദീകരണം കാണുക

11. ഖിയാമനാളാണ് സൂചന. ആര്‍ക്കാണിന്ന് രജാധികാരം എന്ന് അല്ലാഹു അന്ന് വിളിച്ചു ചോദിക്കും. ഒരാളും മറുപടി പറയാന്‍ ധൈര്യപ്പെടില്ല. സര്‍വാധിപത്യം തനിക്കു തന്നെ എന്നു അല്ലാഹു പ്രഖ്യാപിക്കും.(ഖുര്‍ആന്‍, ഗാഫിര്‍:16). സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരു ഫര്‍ളു നമസ്‌കാരത്തിന്റെയത്ര ലഘുവായിരിക്കും ആ ദിവസമെന്ന് തിരുനബി(സ്വ) പ്രസ്താവിച്ചിരിക്കുന്നു. (അഹ്മദ്)

وَيَوۡمَ تَشَقَّقُ ٱلسَّمَآءُ بِٱلۡغَمَٰمِ وَنُزِّلَ ٱلۡمَلَٰٓئِكَةُ تَنزِيلًا ۝٢٥
ٱلۡمُلۡكُ يَوۡمَئِذٍ ٱلۡحَقُّ لِلرَّحۡمَٰنِۚ وَكَانَ يَوۡمًا عَلَى ٱلۡكَٰفِرِينَ عَسِيرٗا ۝٢٦
27–29

ആ അധര്‍മകാരി തന്റെ കൈകള്‍ കടിക്കുന്ന നാള്‍ സ്മരണീയമത്രേ. അവന്‍ സങ്കടപ്പെടും: റസൂലിന്റെയൊപ്പം ഞാനാമാര്‍ഗം സ്വീകരിച്ചിരുന്നുവെങ്കില്‍...! ഹാ, കഷ്ടം, ഇന്നയാളെ ഞാന്‍ മിത്രമാക്കിയിട്ടില്ലായിരുന്നുവെങ്കില്‍...! ഖുര്‍ആനിക സന്ദേശം കൈവന്ന ശേഷം അതില്‍ നിന്ന് എന്നെ വഴിതെറ്റിച്ചത് അവനായിരുന്നു. മനുഷ്യനെ ദുര്‍മാര്‍ഗിയാക്കുന്നവനത്രേ പിശാച്.12

1 വിശദീകരണം കാണുക

12. ഉഖ്ബത്തുബ്‌നു അബീ മുഐത്ത് എന്ന മുശ്‌രിക് നേതാവിനെക്കുറിച്ചാണ് സൂക്തം അവതരിച്ചത്. ഒരിരക്കല്‍ അയാള്‍ നബി(സ്വ)യെ വിശ്വസിച്ചതായി പ്രഖ്യാപിച്ചു. എന്നാല്‍, തന്റെ ഉറ്റ മിത്രമായിരുന്ന ഉബയ്യുബ്‌നു ഖലഫ് എന്ന നേതാവിന്റെ ആവശ്യവും നിര്‍ബന്ധവും പരിഗണിച്ച് പിന്നീട്, അയാള്‍ വിശ്വാസം കൈവെടിയുകയും നബിയെ അവഹേളിക്കുകയും ചെയ്തു.
സുഹൃത്തുക്കള്‍ക്കും സ്വന്തക്കാര്‍ക്കും വേണ്ടി സത്യവിശ്വാസം നിരാകരിക്കുന്ന എല്ലാ അധര്‍മകാരികളും ഇതിലുള്‍പ്പെടുന്നു. പരലോകത്ത് നരകം കാണുമ്പോള്‍ അവര്‍ കൈകടിക്കും, പശ്ചാത്തപിക്കും. യാതൊരു ഫലവുമുണ്ടാകില്ല. പിശാചിന്റെ കെണി അതീവ ഗൗരവതരമത്രേ.

وَيَوۡمَ يَعَضُّ ٱلظَّالِمُ عَلَىٰ يَدَيۡهِ يَقُولُ يَٰلَيۡتَنِي ٱتَّخَذۡتُ مَعَ ٱلرَّسُولِ سَبِيلٗا ۝٢٧
يَٰوَيۡلَتَىٰ لَيۡتَنِي لَمۡ أَتَّخِذۡ فُلَانًا خَلِيلٗا ۝٢٨
لَّقَدۡ أَضَلَّنِي عَنِ ٱلذِّكۡرِ بَعۡدَ إِذۡ جَآءَنِيۗ وَكَانَ ٱلشَّيۡطَٰنُ لِلۡإِنسَٰنِ خَذُولٗا ۝٢٩
30–31

അന്ന് ദൈവദൂതന്‍ പരിഭവിക്കും: 'നാഥാ, എന്റെ ജനം ഈ ഖുര്‍ആനെ അവഗണിച്ചിരിക്കുന്നു.' അങ്ങനെ, ഓരോ പ്രവാചകന്നും അധര്‍മകാരികളില്‍ നിന്നു ചില പ്രതിയോഗികളെ നാം നിശ്ചയിച്ചിട്ടുണ്ട്. വഴികാട്ടിയും സഹായിയുമായി താങ്കള്‍ക്കു നാഥന്‍ തന്നെ ധാരാളം!13

1 വിശദീകരണം കാണുക

13. വിശുദ്ധ ഖുര്‍ആന്റെ വെളിച്ചം കൊണ്ട് ജനങ്ങളെ അന്ധകാരങ്ങളില്‍ നിന്നു രക്ഷപ്പെടുത്താനാണ് നബിതിരുമേനി(സ്വ) നിയുക്തരായത്. എന്നാല്‍ മാലോകര്‍-വിശിഷ്യ സ്വന്തം ജനതയായ ഖുറൈശ്-ഈ ദിവ്യവേദം അഗണ്യകോടിയിലേക്ക് തള്ളുകയാണല്ലോ ചെയ്തത് എന്ന് അവിടന്ന് പരലോകത്ത് അല്ലാഹുവിനോട് സങ്കടം ബോധിപ്പിക്കും. റസൂല്‍(സ്വ) പരിതപിക്കുന്നു എന്നത് ജനതയുടെ അങ്ങേയറ്റത്തെ ദൗര്‍ഭാഗ്യവും പരാജയവുമാണ് വ്യക്തമാക്കുന്നത്.

وَقَالَ ٱلرَّسُولُ يَٰرَبِّ إِنَّ قَوۡمِي ٱتَّخَذُواْ هَٰذَا ٱلۡقُرۡءَانَ مَهۡجُورٗا ۝٣٠
وَكَذَٰلِكَ جَعَلۡنَا لِكُلِّ نَبِيٍّ عَدُوّٗا مِّنَ ٱلۡمُجۡرِمِينَۗ وَكَفَىٰ بِرَبِّكَ هَادِيٗا وَنَصِيرٗا ۝٣١
32–34

സത്യനിഷേധികള്‍ ജല്‍പിച്ചു: 'ഇയാള്‍ക്ക് ഒറ്റത്തവണയായി ഖുര്‍ആന്‍ അവതീര്‍ണമാകാത്തതെന്ത്?' എന്നാല്‍, താങ്കളുടെ ഹൃദയത്തെ ദൃഢീകരിക്കാനായി, അത് ഇങ്ങനെത്തന്നെയാണ് ഇറക്കേണ്ടത്. വ്യത്യസ്ത ഘട്ടങ്ങളിലായി അവധാനതയോടെ നാമതവതരിപ്പിച്ചു. ഏതു ഉപമയുമായി താങ്കളുടെയടുത്ത് നിഷേധികള്‍ വരികയാണെങ്കിലും (അതിന്റെ മുനയൊടിക്കുന്ന) ഉദാത്ത പ്രതിപാദനമുള്ള സത്യമായ മറുപടി താങ്കള്‍ക്കു നാമവതരിപ്പിച്ചുതരാതിരിക്കില്ല. മുഖംകുത്തി ഇഴഞ്ഞു നരകത്തിലേക്ക് തെളിക്കപ്പെടുന്നവരാണ് ഏറ്റം ഹീനസ്ഥലത്തുള്ളവരും മാര്‍ഗഭ്രംശം സംഭവിച്ചവരും.14

1 വിശദീകരണം കാണുക

14. ഓരോ ഘട്ടത്തിലും പോഴത്തങ്ങള്‍ പറയുകയാണ് മുശ്‌രിക്കുകള്‍ ചെയ്തിരുന്നത്. മുന്‍വേദങ്ങളെപ്പോലെ, ഒറ്റയടിക്ക് എന്തുകൊണ്ട് ഖുര്‍ആനിറങ്ങിയില്ല എന്നായിരുന്നു ഒരിക്കലുന്നയിച്ച ചോദ്യം. ഇതിനു മറുപടി അല്‍ഇസ്‌റാഅ് 105,106 പറഞ്ഞിട്ടുണ്ട്: ഇരുപത്തിമൂന്നു വര്‍ഷങ്ങളിലായി അവതീര്‍ണമായതിനാല്‍, സാവകാശം പഠിക്കാനും പഠിപ്പിക്കാനും മനഃപാഠമാക്കാനും കൈമാറ്റം ചെയ്യപ്പെടാനും സര്‍വോപരി തിരുമേനി(സ്വ)ക്ക് മാനസിക സ്ഥൈര്യമുണ്ടാകാനും നിമിത്തമായി. ഖുര്‍ആന്റെ ശത്രുക്കള്‍ അമ്പേ പരാജയപ്പെട്ടവരും അതീവ നിര്‍ഭാഗ്യവാന്മാരും തന്നെ.

وَقَالَ ٱلَّذِينَ كَفَرُواْ لَوۡلَا نُزِّلَ عَلَيۡهِ ٱلۡقُرۡءَانُ جُمۡلَةٗ وَٰحِدَةٗۚ كَذَٰلِكَ لِنُثَبِّتَ بِهِۦ فُؤَادَكَۖ وَرَتَّلۡنَٰهُ تَرۡتِيلٗا ۝٣٢
وَلَا يَأۡتُونَكَ بِمَثَلٍ إِلَّا جِئۡنَٰكَ بِٱلۡحَقِّ وَأَحۡسَنَ تَفۡسِيرًا ۝٣٣
ٱلَّذِينَ يُحۡشَرُونَ عَلَىٰ وُجُوهِهِمۡ إِلَىٰ جَهَنَّمَ أُوْلَٰٓئِكَ شَرّٞ مَّكَانٗا وَأَضَلُّ سَبِيلٗا ۝٣٤
35–36

മൂസാനബിക്കു നാം വേദഗ്രന്ഥം നല്‍കുകയും സഹോദരന്‍ ഹാറൂന്‍ നബിയെ താനൊന്നിച്ച് സഹായിയായി നിശ്ചയിക്കുകയും 'നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയ ഒരു ജനതയിലേക്ക് നിങ്ങളിരുവരും പോകുകക' എന്ന് അനുശാസിക്കുകയും ചെയ്തു. പിന്നീട് ആ ജനസഞ്ചയത്തെ നാം തകര്‍ത്തു തരിപ്പണമാക്കി.15

1 വിശദീകരണം കാണുക

15. മൂസാനബിയുടെയും ഹാറൂന്‍ നബിയുടെയും ചരിത്രം മുമ്പ് പലേടത്തും പ്രതിപാദിച്ചിട്ടുണ്ട്. വലിയൊരു ശക്ത സാമ്രാജ്യമായിട്ടും ഫറോവയെയും ശിങ്കിടികളെയും നിഷേധികളെയുമൊന്നടങ്കം തന്നെ സത്യനിഷേധം കാരണമായി സംഹരിച്ചു കളഞ്ഞു എന്ന മികച്ച പാഠം ഉദ്ധരിക്കുകയാണിവിടെ.

وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ وَجَعَلۡنَا مَعَهُۥٓ أَخَاهُ هَٰرُونَ وَزِيرٗا ۝٣٥
فَقُلۡنَا ٱذۡهَبَآ إِلَى ٱلۡقَوۡمِ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا فَدَمَّرۡنَٰهُمۡ تَدۡمِيرٗا ۝٣٦
37–39

ദൈവദൂതന്മാരെ വ്യാജരാക്കി തള്ളിയപ്പോള്‍ നൂഹ് നബിയുടെ ജനത്തെയും നാം മുക്കി നശിപ്പിക്കുകയും അവരെ മാനുഷ്യകത്തിന് ദൃഷ്ടാന്തമാക്കുകയും ചെയ്തു. അതിക്രമകാരികള്‍ക്ക് വേദനയുറ്റ പാരത്രിക ശിക്ഷ നാം സജ്ജീകരിച്ചിട്ടുണ്ട്. ആദ്-സമൂദ്-റസ്സ് സമുദായങ്ങളെയും അവയ്ക്കിടയില്‍ വിവിധ തലമുറകളെയും നം സംഹരിച്ചിട്ടുണ്ട്-സര്‍വര്‍ക്കും ഉപമകള്‍ നാം പ്രതിപാദിച്ചു നല്‍കിയിരുന്നു; അവ നിഷേധിച്ചപ്പോള്‍ നാമവരെ ഉന്മൂലനം ചെയ്തു.16

1 വിശദീകരണം കാണുക

16. പ്രവാചകന്മാരെ വ്യാജരാക്കുക വഴി അല്ലാഹുവിന്റെ സത്യസന്ദേശങ്ങള്‍ തള്ളിക്കളഞ്ഞ ചില സംഹൃത സമൂഹങ്ങളിലേക്ക് വിരല്‍ചൂണ്ടുകയാണിവിടെ. നൂഹ് നബിയുടെ സമൂഹം അവഗണിച്ചത് അദ്ദേഹത്തെ മാത്രമായിരുന്നിട്ടും 'ദൈവദൂതന്മാരെ' എന്നു ബഹുവചനമാക്കിയാണിവിടത്തെ പ്രയോഗം. ദൈവദര്‍ശനത്തിലും വിശ്വാസപ്രമാണങ്ങളിലുമുള്ള ഏക സ്വഭാവം കാരണം, ഒരാളെ തള്ളിപ്പറയുന്നത് സര്‍വരെയും വ്യാജരാക്കുന്നതിനു തുല്യമാണ് എന്നതാണതിനു കാരണം. ആദ്-സമൂദിന്റെ കഥാകഥനവും കഴിഞ്ഞുപോയിട്ടണ്ട്. അറേബ്യന്‍ ഉപദ്വീപിന്റെ വടക്കെ അറ്റത്ത് മദ്‌യനില്‍ താമസിച്ചിരുന്നവരാണ് 'റസ്സു' കാര്‍. ഭൂകമ്പമുണ്ടായി അവരും വീടുകളും മറ്റും അഗാധതകളിലേക്ക് ആഴ്ന്നിറങ്ങിപ്പോവുകയായിരുന്നു.

وَقَوۡمَ نُوحٖ لَّمَّا كَذَّبُواْ ٱلرُّسُلَ أَغۡرَقۡنَٰهُمۡ وَجَعَلۡنَٰهُمۡ لِلنَّاسِ ءَايَةٗۖ وَأَعۡتَدۡنَا لِلظَّٰلِمِينَ عَذَابًا أَلِيمٗا ۝٣٧
وَعَادٗا وَثَمُودَاْ وَأَصۡحَٰبَ ٱلرَّسِّ وَقُرُونَۢا بَيۡنَ ذَٰلِكَ كَثِيرٗا ۝٣٨
وَكُلّٗا ضَرَبۡنَا لَهُ ٱلۡأَمۡثَٰلَۖ وَكُلّٗا تَبَّرۡنَا تَتۡبِيرٗا ۝٣٩
40–42

ഹീനമായ ആ പേമാരി വര്‍ഷിച്ച പ്രദേശത്തുകൂടി അവര്‍ വന്നിട്ടുണ്ട്; എന്നിട്ടും അവരത് വീക്ഷിച്ചിരുന്നില്ലേ?17
അല്ല, പുനരുത്ഥാനത്തില്‍ വിശ്വാസമില്ലാത്തവരായിരുന്നു അവര്‍. അല്ലാഹു റസൂലായി നിയോഗിച്ചിട്ടുള്ളത് ഇവനെയാണോ എന്ന് അങ്ങയെ കേവലം പരിഹാസ പാത്രമാക്കി ചോദിക്കുക മാത്രമാണവര്‍ ചെയ്യുക.18
'നമ്മുടെ ആരാധ്യരുടെ വിഷയത്തില്‍ ക്ഷമാപൂര്‍വം ഉറച്ചു നിന്നിട്ടില്ലെങ്കില്‍ ഇവന്‍ നമ്മെ മാര്‍ഗഭ്രഷ്ടരാക്കിയേക്കുക തന്നെ ചെയ്യും' എന്നും അവര്‍ ജല്‍പിച്ചു. എന്നാല്‍, പാരത്രിക ശിക്ഷ നേരില്‍ കാണുമ്പോള്‍, ഏറ്റവും വഴിതെറ്റിയവര്‍ ആരാണെന്നവര്‍ക്ക് ബോധ്യപ്പെടും.

2 വിശദീകരണങ്ങൾ കാണുക

17. അല്ലാഹുവിന്റെ ശിക്ഷയായി കന്മഴ വര്‍ഷിച്ച 'സദൂം' ആണ് വിവക്ഷിത പ്രദേശം. മക്കയിലെ മുശ്‌രിക്കുകള്‍ സിറിയയിലേക്ക് കച്ചവട യാത്രകള്‍ നടത്തിയിരുന്നത് ഇതുവഴിയാണ്.

18. തിരുനബി(സ്വ)യെ വളരെയടുത്തറിയുന്ന ഖുറൈശിന്റ ദുരാഭിജാത്യം സത്യവിശ്വാസം സ്വീകരിക്കുന്നതില്‍ നിന്നവരെ തടഞ്ഞു നിറുത്തി. അബൂഥാലിബിന്റെ ഈ യത്തീമിനെയല്ലാതെ റസൂലാക്കാന്‍ മറ്റാരെയും അല്ലാഹുവിന്ന് കിട്ടിയില്ലേ എന്ന് പരിഹാസാത്മകമായി എപ്പോഴും അവര്‍ തട്ടിവിടുമായിരുന്നു.

وَلَقَدۡ أَتَوۡاْ عَلَى ٱلۡقَرۡيَةِ ٱلَّتِيٓ أُمۡطِرَتۡ مَطَرَ ٱلسَّوۡءِۚ أَفَلَمۡ يَكُونُواْ يَرَوۡنَهَاۚ بَلۡ كَانُواْ لَا يَرۡجُونَ نُشُورٗا ۝٤٠
وَإِذَا رَأَوۡكَ إِن يَتَّخِذُونَكَ إِلَّا هُزُوًا أَهَٰذَا ٱلَّذِي بَعَثَ ٱللَّهُ رَسُولًا ۝٤١
إِن كَادَ لَيُضِلُّنَا عَنۡ ءَالِهَتِنَا لَوۡلَآ أَن صَبَرۡنَا عَلَيۡهَاۚ وَسَوۡفَ يَعۡلَمُونَ حِينَ يَرَوۡنَ ٱلۡعَذَابَ مَنۡ أَضَلُّ سَبِيلًا ۝٤٢
43–44

സ്വന്തം ദേഹേച്ഛയെ ദൈവമാക്കിയവനെക്കുറിച്ച് താങ്കള്‍ ചിന്തിച്ചിരിക്കുന്നുവോ? അവന്റെ വക്കാലത്തേല്‍ക്കാന്‍ അങ്ങേക്കാകുമോ? അവരില്‍ മിക്കവരും ശ്രവിക്കുകയോ ഗ്രഹിക്കുകയോ ചെയ്യുന്നുണ്ടെന്നു താങ്കള്‍ ധരിക്കുന്നുണ്ടോ? വെറും കാലികളെപ്പോലെ-അല്ല, അവയെക്കാള്‍ വഴിപിഴച്ചവര്‍-മാത്രമാണ് അവര്‍.19

1 വിശദീകരണം കാണുക

19. ഖുര്‍ആന്റെ സാരവത്തായ അധ്യാപനങ്ങള്‍, തിരുനബി(സ്വ)യുടെ ജാജ്ജ്വല്യമാനമായ മാര്‍ഗദര്‍ശനങ്ങള്‍ തുടങ്ങിയവയൊക്കെ വ്യാജവും അഗണ്യവും ബുദ്ധിശൂന്യവുമാക്കി തള്ളിക്കളഞ്ഞ ബഹുദൈവവിശ്വാസികള്‍ മണ്ണാങ്കട്ടയെ ദൈവമാക്കുന്നതിലും ആരാധിക്കുന്നതിലും യാതൊരു അനൗചിത്യവും കണ്ടില്ല! ഇമാം ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ജാഹിലിയ്യാ കാലത്ത് ഒരാള്‍ കല്ലിനെ ദൈവമാക്കി ആരാധിക്കും; അതിനെക്കാള്‍ മെച്ചപ്പെട്ട ഒരു ശില കണ്ടാല്‍ ആദ്യത്തേത് വലിച്ചെറിഞ്ഞ് ഇതിനെ വാരിപ്പുണരും. ഇക്കാരണത്താലാണ് മൃഗങ്ങളെക്കാള്‍ അധഃപതിച്ചവരാണ് അവരെന്നു പ്രയോഗിച്ചിരിക്കുന്നത്.

أَرَءَيۡتَ مَنِ ٱتَّخَذَ إِلَٰهَهُۥ هَوَىٰهُ أَفَأَنتَ تَكُونُ عَلَيۡهِ وَكِيلًا ۝٤٣
أَمۡ تَحۡسَبُ أَنَّ أَكۡثَرَهُمۡ يَسۡمَعُونَ أَوۡ يَعۡقِلُونَۚ إِنۡ هُمۡ إِلَّا كَٱلۡأَنۡعَٰمِ بَلۡ هُمۡ أَضَلُّ سَبِيلًا ۝٤٤
45–46

താങ്കളുടെ നാഥന്‍ നിഴലിനെ നീട്ടിപ്പരത്തിത്തരുന്നത് ഏതുപ്രകാരമാണെന്ന് ചിന്തിച്ചുനോക്കിയിട്ടില്ലേ? താനുദ്ദേശിച്ചിരുന്നുവെങ്കില്‍ അതിനെയവന്‍ ചലിക്കാത്തതാക്കുമായിരുന്നു. പിന്നീട് സൂര്യനെ ആ നിഴലിന്റെ അടയാളമാക്കി; പിന്നെ നമ്മിലേക്കതിനെ അല്‍പാല്‍പമായി ചുരുക്കിക്കൊണ്ടുവരുന്നു.20

1 വിശദീകരണം കാണുക

20. നിഴലും തണലും ചിന്തോദ്ദീപകമായൊരു പ്രതിഭാസമാണ്. ചെറുപ്പം മുതലേ സാര്‍വത്രികമായി കണ്ടുവരുന്നതുകൊണ്ട് മനുഷ്യന്‍ അതിനെപ്പറ്റി ചിന്തിക്കുന്നില്ല. ദിനം തുടങ്ങും മുമ്പ് ഇരുട്ടും വെയിലുമില്ലാത്ത നീണ്ട സമയമുണ്ട്. പിന്നീട് ഉദയം ചെയ്യുന്ന സൂര്യന്‍ ഇരുട്ടിന്റെയും തണലിന്റെയും മേലുള്ള തെളിവാണ്. നിഴലും തണലും സൂര്യസഞ്ചാരാനുസൃതം നീളുകയും ചുരുങ്ങുകയും ചെയ്യുന്നു. മനുഷ്യന്നും ജന്തുജാലങ്ങള്‍ക്കുമൊക്കെ വലിയ അനുഗ്രഹമാണിത്.

أَلَمۡ تَرَ إِلَىٰ رَبِّكَ كَيۡفَ مَدَّ ٱلظِّلَّ وَلَوۡ شَآءَ لَجَعَلَهُۥ سَاكِنٗا ثُمَّ جَعَلۡنَا ٱلشَّمۡسَ عَلَيۡهِ دَلِيلٗا ۝٤٥
ثُمَّ قَبَضۡنَٰهُ إِلَيۡنَا قَبۡضٗا يَسِيرٗا ۝٤٦
47–49

നിങ്ങള്‍ക്കായി രാത്രിയെ ഒരു വസ്ത്രവും നിദ്രയെ വിശ്രമവുമാക്കിത്തന്നവന്‍ അല്ലാഹുവത്രേ; പകലിനെ അവന്‍ നവോന്മേഷ ഘട്ടവുമാക്കി. തന്റെ കാരുണ്യത്തിനു മുന്നോടിയായി കാറ്റുകളെ ശുഭസൂചകമായി അയച്ചതും അവനാണ്. നിര്‍ജീവ പ്രദേശങ്ങള്‍ക്ക് സജീവത നല്‍കുവാനും നാം പടച്ച ഒട്ടേറെ കാലികള്‍ക്കും മനുഷ്യര്‍ക്കും കുടിപ്പിക്കാനുമായി അന്തരീക്ഷത്തില്‍ നിന്നു ശുദ്ധജലം നാം വര്‍ഷിക്കുകയുമുണ്ടായി.21

1 വിശദീകരണം കാണുക

21. അല്ലാഹുവിന്റെ കാരുണ്യം എന്നതിന്റെ വിവക്ഷ മഴയാണ്; മഴയുടെ ലഭ്യതയില്‍ വലിയ പങ്കാണ് കാറ്റിനുള്ളത്. മഴമേഘങ്ങള്‍ പ്രധാനമായി ഉല്‍പാദിതമാകുന്നത് കടലുകളിലും മഹാ സമുദ്രങ്ങളിലുമാണ്. അവിടെ നിന്ന് ഭൂമിയുടെ മറ്റു ഭാഗങ്ങളിലേക്ക് അവ നീക്കം ചെയ്യപ്പെടുന്നത് അതിദ്രുതം അടിച്ചുവീശുന്ന കാറ്റുകളിലൂടെയത്രേ.

وَهُوَ ٱلَّذِي جَعَلَ لَكُمُ ٱلَّيۡلَ لِبَاسٗا وَٱلنَّوۡمَ سُبَاتٗا وَجَعَلَ ٱلنَّهَارَ نُشُورٗا ۝٤٧
وَهُوَ ٱلَّذِيٓ أَرۡسَلَ ٱلرِّيَٰحَ بُشۡرَۢا بَيۡنَ يَدَيۡ رَحۡمَتِهِۦۚ وَأَنزَلۡنَا مِنَ ٱلسَّمَآءِ مَآءٗ طَهُورٗا ۝٤٨
لِّنُحۡـِۧيَ بِهِۦ بَلۡدَةٗ مَّيۡتٗا وَنُسۡقِيَهُۥ مِمَّا خَلَقۡنَآ أَنۡعَٰمٗا وَأَنَاسِيَّ كَثِيرٗا ۝٤٩
50–52

മനുഷ്യര്‍ ചിന്തിക്കുന്നതിനായി സത്യസന്ദേശങ്ങള്‍ അവര്‍ക്കിടയില്‍ നാം പ്രചരിപ്പിച്ചു; എന്നാല്‍ മിക്കവര്‍ക്കും കൃതഘ്‌നരാകാനേ കഴിഞ്ഞുള്ളൂ! നാമുദ്ദേശിച്ചിരുന്നുവെങ്കില്‍ ഓരോ നാട്ടിലേക്കും ഓരോ താക്കീതുകാരനെ അയച്ചേനെ. അതുകൊണ്ട്, സത്യനിഷേധികളെ താങ്കള്‍ അനുസരിച്ചുപോകരുത്; ഈ ഖുര്‍ആന്‍ കൊണ്ട് അവരുമായി വന്‍ ജിഹാദ് നടത്തുക.22

1 വിശദീകരണം കാണുക

22. ചിന്തോദ്ദീപകങ്ങളായ ആശയങ്ങളും സിദ്ധാന്തങ്ങളുമാണ് വിശുദ്ധ ഖുര്‍ആന്‍ ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കുന്നത്. അതിന്റെ അവതാരകനോ? സുഗ്രാഹ്യമാം വിധം മനുഷ്യന്നത് പ്രതിപാദിച്ചുകൊടുക്കാന്‍ കഴിയുന്ന പ്രവാചകനും. മാനുഷ്യകത്തിനൊന്നടങ്കം ആ ഒരു ഖുര്‍ആനും ഒരു നബിയും മതി. ഓരോ നാട്ടിലേക്കും ഓരോ പ്രവാചകനെ നിയോഗിക്കാന്‍ അല്ലാഹു അശക്തനൊന്നുമല്ല. അതുകൊണ്ട്, അവന്‍ കല്‍പിക്കുന്നത് ഇതാണ്: സുചിന്തിതമല്ലാത്ത ആശയങ്ങളും ദുര്‍ഗ്രഹ സിദ്ധാന്തങ്ങളുമായി ബഹുദൈവ വിശ്വാസവും ദൈവനിഷേധവും വച്ചുപുലര്‍ത്തുന്നവരെ നിങ്ങള്‍ അനുസരിച്ചുപോകരുത്; ഈ ഖുര്‍ആന്‍ മുറുകെ പിടിച്ച് അതിന്റെ യുക്തിഭദ്രവും സുസമ്മതവുമായ ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് അവരുമായി ധര്‍മസമരം-ജിഹാദ്-അനുഷ്ഠിക്കുക. ബൗദ്ധിക ഭാഷയിലുള്ള ആശയപ്രചാരണമാണ് ഏറ്റം ഫലപ്രദമാവുക എന്നര്‍ഥം.

وَلَقَدۡ صَرَّفۡنَٰهُ بَيۡنَهُمۡ لِيَذَّكَّرُواْ فَأَبَىٰٓ أَكۡثَرُ ٱلنَّاسِ إِلَّا كُفُورٗا ۝٥٠
وَلَوۡ شِئۡنَا لَبَعَثۡنَا فِي كُلِّ قَرۡيَةٖ نَّذِيرٗا ۝٥١
فَلَا تُطِعِ ٱلۡكَٰفِرِينَ وَجَٰهِدۡهُم بِهِۦ جِهَادٗا كَبِيرٗا ۝٥٢
53–54

രണ്ടു ജലാശയങ്ങള്‍-ഒന്നു തെളിഞ്ഞ ശുദ്ധ വെള്ളവും മറ്റേത് കവര്‍പ്പുള്ള ഉപ്പുവെള്ളവും-കൂട്ടിക്കലര്‍ത്തിയത് അല്ലാഹുവാണ്. ശക്തമായൊരു മറയും കരുത്തുള്ളൊരു തടസ്സവും അവരണ്ടിനുമിടയ്ക്ക് അവനുണ്ടാക്കുകയും ചെയ്തു. ഇന്ദ്രിയത്തില്‍ നിന്ന് മനുഷ്യനെ പടക്കുകയും എന്നിട്ടവനെ രക്തബന്ധവും വൈവാഹികബന്ധവുമുള്ളവനാക്കുകയും ചെയ്തതും അവനത്രേ. താങ്കളുടെ നാഥന്‍ ഏറെ കഴിവുറ്റവനാകുന്നു.23

1 വിശദീകരണം കാണുക

23. പൊതുവെ നദികളില്‍ ശുദ്ധ ജലവും കടലില്‍ ഉപ്പുവെള്ളവുമാണ്; ചില അപവാദങ്ങളും കാണാം. ഇവ കൂടിക്കലരാതിരിക്കുന്നത് വലിയൊരു ദൈവിക ദൃഷ്ടാന്തമാണ്. ഭൂതലത്തിന്റെ 70 ശതമാനത്തിലധികം ഉപ്പുജലസമുദ്രമാണ്. എന്നാല്‍ മുഴുവന്‍ ജലസ്രോതസ്സുകളും ഉപ്പുരസമുള്ളതായാല്‍ ജന്തുലോകത്തിനു നിലനില്‍ക്കാന്‍ കഴിയില്ലെന്നു തീര്‍ച്ച. ഇന്ദ്രിയ കണത്തില്‍ നിന്നു രൂപം പ്രാപിച്ച മനുഷ്യന്‍ തന്നെ ചിന്തോദ്ദീപകമായ ഒരദ്ഭുത പ്രതിഭാസമാണ്.

۞ وَهُوَ ٱلَّذِي مَرَجَ ٱلۡبَحۡرَيۡنِ هَٰذَا عَذۡبٞ فُرَاتٞ وَهَٰذَا مِلۡحٌ أُجَاجٞ وَجَعَلَ بَيۡنَهُمَا بَرۡزَخٗا وَحِجۡرٗا مَّحۡجُورٗا ۝٥٣
وَهُوَ ٱلَّذِي خَلَقَ مِنَ ٱلۡمَآءِ بَشَرٗا فَجَعَلَهُۥ نَسَبٗا وَصِهۡرٗاۗ وَكَانَ رَبُّكَ قَدِيرٗا ۝٥٤
55

അല്ലാഹുവിനെ വിട്ട്, താങ്കള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാനാകാത്തവയെ അവര്‍ ആരാധിക്കുന്നു. സത്യനിഷേധി തന്റെ രക്ഷിതാവിനെതിരെ പിശാചിനെ സഹായിക്കുന്നവനായിരിക്കുകയാണ്!24

1 വിശദീകരണം കാണുക

24. മനുഷ്യന്റെ നിലപാടിലൂടെ സംഭവിക്കുന്നത് ഇതാണ് എന്നര്‍ത്ഥം. ഇമാം മുജാഹിദ്(റ) പറയുന്നു: അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് വിരോധം ചെയ്യുന്നതില്‍ പിശാചിനെ പിന്തുണക്കുകയും സഹായിക്കുകയുമാണ് മനുഷ്യന്‍ ചെയ്യുന്നത്.

وَيَعۡبُدُونَ مِن دُونِ ٱللَّهِ مَا لَا يَنفَعُهُمۡ وَلَا يَضُرُّهُمۡۗ وَكَانَ ٱلۡكَافِرُ عَلَىٰ رَبِّهِۦ ظَهِيرٗا ۝٥٥
56–57

നബീ, ശുഭവാര്‍ത്താവാഹകനും താക്കീതുകാരനും മാതമായാണ് താങ്കളെ നാം അയച്ചിരിക്കുന്നത്. അങ്ങ് പ്രഖ്യാപിക്കുക: ഈ സത്യസന്ദേശപ്രചാരണത്തിന്ന് ഒരു പ്രതിഫലവും നിങ്ങളോട് നാം ആവശ്യപ്പെടുന്നില്ല; തന്റെ നാഥങ്കലേക്കുള്ള മാര്‍ഗം സ്വീകരിക്കണമെന്ന് ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍ അതാകാമെന്നു മാത്രം.25

1 വിശദീകരണം കാണുക

25. ആത്മരക്ഷയുടെയും ശാശ്വത വിജയത്തിന്റെയും സത്യപാത ഞാന്‍ കാണിച്ചു തരുന്നു; ഇഷ്ടമുള്ളവര്‍ക്കത് സ്വീകരിച്ച് വിജയം നേടാം. അതുതന്നെയാണ് എന്റെ നേട്ടം; എന്നല്ലാതെ ഭൗതിക പ്രതിഫലം മോഹിച്ചുള്ള ഒരേര്‍പ്പാടല്ല എന്റേത്.

وَمَآ أَرۡسَلۡنَٰكَ إِلَّا مُبَشِّرٗا وَنَذِيرٗا ۝٥٦
قُلۡ مَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍ إِلَّا مَن شَآءَ أَن يَتَّخِذَ إِلَىٰ رَبِّهِۦ سَبِيلٗا ۝٥٧
58–59

അമരനായി, എന്നും ജീവിച്ചിരിക്കുന്ന അല്ലാഹുവിനെ താങ്കള്‍ കാര്യങ്ങളൊക്കെയും ഭരമേല്‍പിക്കുക. അവനെ സ്തുതിച്ചുകൊണ്ട് പ്രകീര്‍ത്തിക്കുക. തന്റെ അടിമകളുടെ കുറ്റകൃത്യങ്ങളെപ്പറ്റി സൂക്ഷ്മജ്ഞാനിയായി അവന്‍ തന്നെ ധാരാളം! ഭുവന-വാനങ്ങളും അവക്കിടയിലുള്ളതും ആറു നാളുകളിലായി പടച്ചുണ്ടാക്കിയവനത്രേ അവന്‍; പിന്നീട് സിംഹാസനത്തില്‍ ആധിപത്യം ചെലുത്തി. പരമകാരുണികനാണവന്‍. സൂക്ഷ്മജ്ഞാനിയോടു തന്നെ ഇതിനെക്കുറിച്ച് അന്വേഷിക്കുക26

1 വിശദീകരണം കാണുക

26. സര്‍വശക്തനായ അല്ലാഹുവിനെയും പ്രാപഞ്ചിക പ്രതിഭാസങ്ങളെയും സംബന്ധിച്ച് സത്യാന്വേഷണ തൃഷ്ണയോടെ ചിന്തിക്കുന്ന ആര്‍ക്കും നേര്‍മാര്‍ഗം പ്രാപിക്കാനാകും. 'സൂക്ഷ്മജ്ഞനോടു ചോദിക്കുക' എന്നാല്‍ അല്ലാഹുവിന്റെ സൃഷ്ടിവൈഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുക, സംശയങ്ങള്‍ക്ക് നിവാരണം കണ്ടെത്തുക എന്നാണ്. പ്രവാചകീയാധ്യാപനങ്ങളും ദിവ്യഗ്രന്ഥത്തിന്റെ മാര്‍ഗദര്‍ശനങ്ങളും ഇങ്ങനെത്തന്നെ. 'സൂക്ഷ്മജ്ഞാനിയെപ്പോലെ മറ്റാരും നിനക്കത് പറഞ്ഞുതരുന്നതല്ല!' (ഖുര്‍ആന്‍, ഫാഥിര്‍:14)

وَتَوَكَّلۡ عَلَى ٱلۡحَيِّ ٱلَّذِي لَا يَمُوتُ وَسَبِّحۡ بِحَمۡدِهِۦۚ وَكَفَىٰ بِهِۦ بِذُنُوبِ عِبَادِهِۦ خَبِيرًا ۝٥٨
ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَا فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ ٱلرَّحۡمَٰنُ فَسۡـَٔلۡ بِهِۦ خَبِيرٗا ۝٥٩
60

സാഷ്ടാംഗപ്രണാമം കരുണാമയനായ അല്ലാഹുവിന്ന് അര്‍പ്പിക്കൂ എന്ന് ബഹുദൈവ വിശ്വാസികളോട് പറയപ്പെട്ടാല്‍, എന്താണ് ഈ കരുണാമയന്‍, നീ കല്‍പിക്കുന്നതിന്നു ഞങ്ങള്‍ സുജൂദ് ചെയ്യുകയോ എന്ന് അവര്‍ ചോദിക്കുന്നു. അതവര്‍ക്ക് ധിക്കാരം വര്‍ധിപ്പിക്കുകയുണ്ടായി.27

1 വിശദീകരണം കാണുക

27. മനുഷ്യന്‍ അല്ലാഹുവുമായി ഏറ്റം സമീപസ്ഥനാകുന്ന പവിത്രാരാധനയാണ് സുജൂദ്. കല്ലും മണ്ണും ലോഹവുമായ ബിംബങ്ങള്‍ക്ക് വേണ്ടി അവനിതു ചെയ്യുന്നു; അതില്‍ ഒരുവിധ യുക്തിശൂന്യതയുമില്ല. കരുണാമയനായ അല്ലാഹുവിന് വേണ്ടി അതു ചെയ്യാന്‍ അവന്‍ സന്നദ്ധനുമല്ല. വല്ലാത്ത ബുദ്ധിശൂന്യതയും ധിക്കാരവും!

وَإِذَا قِيلَ لَهُمُ ٱسۡجُدُواْۤ لِلرَّحۡمَٰنِ قَالُواْ وَمَا ٱلرَّحۡمَٰنُ أَنَسۡجُدُ لِمَا تَأۡمُرُنَا وَزَادَهُمۡ نُفُورٗا۩ ۝٦٠
61–62

ആകാശത്ത് നക്ഷത്ര ഭ്രമണപഥങ്ങള്‍ സൃഷ്ടിച്ചവന്‍ അനുഗ്രഹ സമ്പൂര്‍ണനത്രേ. അതിലവന്‍ ഒരു സൂര്യവിളക്കും പ്രകാശദായകമായ ചന്ദ്രനെയും സൃഷ്ടിച്ചു. ചിന്തിച്ചു ഗ്രഹിക്കുകയോ കൃതജ്ഞത പ്രകാശിപ്പിക്കുകയോ ചെയ്യാനുദ്ദേശിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമായി, രാപ്പകലുകള്‍ മാറിമാറിവരുന്നതാക്കിയതും അവനാണ്.28

1 വിശദീകരണം കാണുക

28. പരസ്സഹസ്രം ഗാലക്‌സികളും അവയിലുള്ള ഓരോ നക്ഷത്രത്തിനും നിശ്ചിത ഭ്രമണ പഥങ്ങളും വിശിഷ്യ സൂര്യനെയും ചന്ദ്രനെയുമൊക്കെ പടച്ച അല്ലാഹുവിന്റെ സൃഷ്ടിവൈഭവത്തിലേക്കു വിരല്‍ചൂണ്ടുകയാണ്. ഇവയില്‍ ആഴത്തില്‍ ചിന്തിക്കുന്തോറും മനുഷ്യന്‍ അദ്ഭുത പരതന്ത്രനാകും. ആധുനിക ശാസ്ത്രം അതു വെട്ടിത്തുറന്നു പറയുന്നുണ്ട്.

تَبَارَكَ ٱلَّذِي جَعَلَ فِي ٱلسَّمَآءِ بُرُوجٗا وَجَعَلَ فِيهَا سِرَٰجٗا وَقَمَرٗا مُّنِيرٗا ۝٦١
وَهُوَ ٱلَّذِي جَعَلَ ٱلَّيۡلَ وَٱلنَّهَارَ خِلۡفَةٗ لِّمَنۡ أَرَادَ أَن يَذَّكَّرَ أَوۡ أَرَادَ شُكُورٗا ۝٦٢
63–67

കരുണാമയനായ അല്ലാഹുവിന്റെ ദാസന്മാര്‍ വിനയാന്വിതരായി ഭൂമിയില്‍ സഞ്ചരിക്കുന്നവരും അവിവേകികള്‍ തങ്ങളോട് അഭിമുഖ സംഭാഷണം നടത്തിയാല്‍ സമാധാനപൂര്‍വം പ്രതികരിക്കുന്നവരുമാകുന്നു. തങ്ങളുടെ നാഥന് സാഷ്ടാംഗം ചെയ്തും നമസ്‌കരിച്ചും കൊണ്ട് രാത്രി കഴിച്ചുകൂട്ടുകയും ചെയ്യും അവര്‍. നാഥാ, ഞങ്ങളില്‍ നിന്ന് നരകശിക്ഷ തിരിച്ചുവിടേണമേ, അതൊരു ഹീനമായ ആസ്ഥാനവും പാര്‍പ്പിടവും ശാശ്വതത്വമുള്ളതുമത്രേ എന്നു അവര്‍ പ്രാര്‍ഥിക്കുന്നതും ധനം ചെലവഴിക്കുമ്പോള്‍ അമിതവ്യയമോ ലുബ്‌ധോ കാണിക്കാതെ മിതത്വം പാലിക്കുന്നതുമാണ്.29

1 വിശദീകരണം കാണുക

29. അമിതവ്യയവും ധൂര്‍ത്തുമെന്നപോലെ പിശുക്കും ഇസ്‌ലാം നിരോധിച്ചിട്ടുണ്ട്; മിതത്വം പാലിച്ചാണ് ധനം ചെലവഴിക്കേണ്ടത്. മഹത്തായ ആ അനുഗ്രഹത്തെപ്പറ്റി ഓരോ മനുഷ്യനും ചോദ്യം ചെയ്യപ്പെടും. ധാരാളിത്തം ശീലിച്ചുവളരുന്ന ആധുനിക തലമുറ ഇവിടെ സഗൗരവം ചിന്തിക്കണം. സാമ്പത്തിക അച്ചടക്കം പാലിക്കാതെ ജീവിക്കുന്നവര്‍ താമസിയാതെ പശ്ചാത്തപിക്കേണ്ടി വരും.

وَعِبَادُ ٱلرَّحۡمَٰنِ ٱلَّذِينَ يَمۡشُونَ عَلَى ٱلۡأَرۡضِ هَوۡنٗا وَإِذَا خَاطَبَهُمُ ٱلۡجَٰهِلُونَ قَالُواْ سَلَٰمٗا ۝٦٣
وَٱلَّذِينَ يَبِيتُونَ لِرَبِّهِمۡ سُجَّدٗا وَقِيَٰمٗا ۝٦٤
وَٱلَّذِينَ يَقُولُونَ رَبَّنَا ٱصۡرِفۡ عَنَّا عَذَابَ جَهَنَّمَۖ إِنَّ عَذَابَهَا كَانَ غَرَامًا ۝٦٥
إِنَّهَا سَآءَتۡ مُسۡتَقَرّٗا وَمُقَامٗا ۝٦٦
وَٱلَّذِينَ إِذَآ أَنفَقُواْ لَمۡ يُسۡرِفُواْ وَلَمۡ يَقۡتُرُواْ وَكَانَ بَيۡنَ ذَٰلِكَ قَوَامٗا ۝٦٧
68–71

അല്ലാഹുവിനോടൊപ്പം മറ്റൊരു ദൈവത്തെ ആരാധിക്കാത്തവരും അവന്‍ വിശുദ്ധികല്‍പിച്ച ഒരു ജീവനെ അന്യായമായി വധിക്കാത്തവരും വ്യഭിചരിക്കാത്തവരുമാണവര്‍; ആരൊരാള്‍ ഇവ അനുവര്‍ത്തിക്കുന്നുവോ അവന്‍ കഠോര ശിക്ഷ കണ്ടെത്തുന്നതും അന്ത്യനാളില്‍ ഇരട്ടി ശിക്ഷ നല്‍കപ്പെടുന്നതും ഹീനനായി അവനതില്‍ ശാശ്വതവാസം നയിക്കുന്നതുമാണ്; എന്നാല്‍ പശ്ചാത്തപിക്കുകയും സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ ഇതില്‍നിന്നൊഴിവാണ്; അവരുടെ പാപങ്ങള്‍ക്കു അല്ലാഹു സല്‍കര്‍മങ്ങള്‍ പകരമാക്കിക്കൊടുക്കും.30
ഏറെ മാപ്പരുളുന്നവനും കരുണാമയനുമത്രെ അല്ലാഹു. ആരെങ്കിലും പാപമോചനമര്‍ഥിക്കുകയും സല്‍കര്‍മങ്ങളനുവര്‍ത്തിക്കുകയും ചെയ്യുന്നുവെങ്കില്‍ നേരാംവണ്ണം അല്ലാഹുവിലേക്ക് മടങ്ങുകതന്നെയാണവന്‍.

1 വിശദീകരണം കാണുക

30. പാപങ്ങള്‍ പൊറുത്തു കൊടുക്കുകയും നന്മചെയ്യാന്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും എന്നാണു വിവക്ഷ എന്നു ചില വ്യാഖ്യാതാക്കള്‍ പറയുന്നു; കുറ്റകൃത്യം തന്നെ നന്മയാക്കി മാറ്റുമെന്നും അഭിപ്രായമുണ്ട്. ഏറ്റവുമവസാനം നരകവിമുക്തനായി സ്വര്‍ഗപ്രാപ്തനാകുന്ന ഒരാളെപ്പറ്റി ഹദീസിലുണ്ട്- '...അവനോട് അല്ലാഹു പറയും: ഓരോ പാപത്തിനും പകരമായി നിനക്കു പുണ്യമുണ്ട്! അവന്‍ പ്രതികരിക്കും: നാഥാ, ഞാനൊരുപാട് കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്നു; അവയൊന്നും ഇപ്പോള്‍ കാണുന്നില്ലല്ലോ?' അപ്പോള്‍ അണപ്പല്ലുകള്‍ പ്രത്യക്ഷപ്പെടും വിധം തിരുനബി(സ്വ) ചിരിക്കുകയുണ്ടായി. (മുസ്‌ലിം)

وَٱلَّذِينَ لَا يَدۡعُونَ مَعَ ٱللَّهِ إِلَٰهًا ءَاخَرَ وَلَا يَقۡتُلُونَ ٱلنَّفۡسَ ٱلَّتِي حَرَّمَ ٱللَّهُ إِلَّا بِٱلۡحَقِّ وَلَا يَزۡنُونَۚ وَمَن يَفۡعَلۡ ذَٰلِكَ يَلۡقَ أَثَامٗا ۝٦٨
يُضَٰعَفۡ لَهُ ٱلۡعَذَابُ يَوۡمَ ٱلۡقِيَٰمَةِ وَيَخۡلُدۡ فِيهِۦ مُهَانًا ۝٦٩
إِلَّا مَن تَابَ وَءَامَنَ وَعَمِلَ عَمَلٗا صَٰلِحٗا فَأُوْلَٰٓئِكَ يُبَدِّلُ ٱللَّهُ سَيِّـَٔاتِهِمۡ حَسَنَٰتٖۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا ۝٧٠
وَمَن تَابَ وَعَمِلَ صَٰلِحٗا فَإِنَّهُۥ يَتُوبُ إِلَى ٱللَّهِ مَتَابٗا ۝٧١
72–76

കള്ളസാക്ഷ്യം പറയാത്തവരും അനാവശ്യവൃത്തികള്‍ക്കടുത്തുകൂടി പോകുമ്പോള്‍ മാന്യന്മാരായി നടന്നുനീങ്ങുന്നവരും തങ്ങളുടെ നാഥന്റെ ദൃഷ്ടാന്തങ്ങള്‍ അനുസ്മരിപ്പിക്കപ്പെട്ടാല്‍ ബധിരന്മാരെയും അന്ധന്മാരെയും പോലെയായി അവയെ അവഗണിക്കാത്തവരുമാണവര്‍.31
നാഥാ, സ്വന്തം സഹധര്‍മിണിമാരിലും സന്താനങ്ങളിലും നിന്ന് ഞങ്ങള്‍ക്കു നീ ആനന്ദം നല്‍കുകയും സൂക്ഷ്മാലുക്കളായി ജീവിതം നയിക്കുന്നവര്‍ക്ക് ഞങ്ങളെ മാതൃകയാക്കുകയും ചെയ്യേണമേ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യും അവര്‍.32
ക്ഷമയവലംബിച്ചതിന്റെ പേരില്‍ അവര്‍ക്ക് ഉന്നതമായ സ്വര്‍ഗീയ സൗധം പ്രതിഫലം നല്‍കപ്പെടും. അവരതില്‍ ശാശ്വത വാസികളായിരിക്കുന്നതാണ്. എത്ര ഉദാത്തമായ ആസ്ഥാനവും ആവാസഗേഹവുമാണത്!33

3 വിശദീകരണങ്ങൾ കാണുക

31. നുണപറയുക, കള്ളസാക്ഷ്യം ബോധിപ്പിക്കുക തുടങ്ങിയവയൊക്കെയാണ് വിവക്ഷിതം. നിഷിദ്ധ കാര്യങ്ങള്‍, വിനോദസ്ഥലങ്ങള്‍, അധര്‍മവും തെമ്മാടിത്തവും നടക്കുന്ന കേന്ദ്രങ്ങള്‍ മുതലായവയുമായി രാജിയാകാന്‍ സത്യവിശ്വാസികള്‍ക്കാകില്ല; അവര്‍ പെട്ടെന്നു സ്ഥലം വിടും. ഖുര്‍ആന്‍ സൂക്തങ്ങള്‍ പാരായണം ചെയ്യപ്പെടുകയോ അല്ലാഹുവിന്റെ സൃഷ്ടിവൈഭവങ്ങളനുസ്മരിപ്പിക്കപ്പെടുകയോ ചെയ്യുമ്പോള്‍ അവ കേള്‍ക്കാത്തതുപോലെ, കാണാത്തതുപോലെ അവഗണിച്ചു തള്ളില്ല അവര്‍.

32. ശരിയായ സത്യവിശ്വാസിയുടെ ലക്ഷണമാണിത്-ഭാര്യമാരും മക്കളുമൊക്കെ ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും നിദര്‍ശനങ്ങളും സ്രോതസ്സുകളുമാകണമെന്നും ഏറ്റം മാതൃകായോഗ്യമായ ജീവിതത്തിന്റെ ഉടമകളാകണം തങ്ങളെന്നും അവര്‍ നിരന്തരമായി ആഗ്രഹിക്കും; അതിനായി പ്രാര്‍ഥിക്കും.

33. മേല്‍പറഞ്ഞവിധമുള്ള ജീവിതം നയിക്കാന്‍ അങ്ങേയറ്റത്തെ ക്ഷമ കൈക്കൊള്ളണം. അതിനു പകരമായി സുഖ-സന്തോഷ സമൃദ്ധമായ സ്വര്‍ഗലോകം അവര്‍ക്കു പ്രതിഫലമായി നല്‍കപ്പെടും.

وَٱلَّذِينَ لَا يَشۡهَدُونَ ٱلزُّورَ وَإِذَا مَرُّواْ بِٱللَّغۡوِ مَرُّواْ كِرَامٗا ۝٧٢
وَٱلَّذِينَ إِذَا ذُكِّرُواْ بِـَٔايَٰتِ رَبِّهِمۡ لَمۡ يَخِرُّواْ عَلَيۡهَا صُمّٗا وَعُمۡيَانٗا ۝٧٣
وَٱلَّذِينَ يَقُولُونَ رَبَّنَا هَبۡ لَنَا مِنۡ أَزۡوَٰجِنَا وَذُرِّيَّٰتِنَا قُرَّةَ أَعۡيُنٖ وَٱجۡعَلۡنَا لِلۡمُتَّقِينَ إِمَامًا ۝٧٤
أُوْلَٰٓئِكَ يُجۡزَوۡنَ ٱلۡغُرۡفَةَ بِمَا صَبَرُواْ وَيُلَقَّوۡنَ فِيهَا تَحِيَّةٗ وَسَلَٰمًا ۝٧٥
خَٰلِدِينَ فِيهَاۚ حَسُنَتۡ مُسۡتَقَرّٗا وَمُقَامٗا ۝٧٦
77

നബീ, പ്രഖ്യാപിക്കുക: നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നില്ലെങ്കില്‍ എന്റെ നാഥന്‍ യാതൊരു വിധ പരിഗണനയും നിങ്ങള്‍ക്കു നല്‍കുന്നതല്ല! എന്നാല്‍ നിങ്ങള്‍ സത്യ സന്ദേശം വ്യാജമാക്കി തള്ളിക്കളഞ്ഞിരിക്കുകയാണ്. തന്മൂലം അതിനുള്ള ശിക്ഷ അനിവാര്യമാകുന്നു.34

1 വിശദീകരണം കാണുക

34. അല്ലാഹുവിലുള്ള വിശ്വാസം, തദനുസൃതമായ ആരാധനകള്‍, പ്രയാസങ്ങളില്‍ നിന്നു വിമോചനത്തിനും ശാശ്വത വിജയത്തിനുമായി ആ യജമാനനോടുള്ള പ്രാര്‍ഥന-ഇതാണ് ഒരു വിശ്വാസിയെ വ്യതിരിക്തനാക്കുന്നത്. അതില്ലെങ്കില്‍ ഒരാളെയും അല്ലാഹു പരിഗണിക്കില്ല. എന്നാല്‍ ഈ സത്യമതവും സത്യവേദവുമായി നബി(സ്വ) വന്നിട്ട് മക്കയിലെ മുശ്‌രിക്കുകളും പില്‍ക്കാലക്കാരായ പല അവിശ്വാസികളും അതു തള്ളിക്കളയുകയാണ് ചെയ്തത്. അതിനുള്ള കടുത്ത ശിക്ഷ-നരകം-അവര്‍ ഏറ്റുവാങ്ങുക തന്നെ ചെയ്യും.

قُلۡ مَا يَعۡبَؤُاْ بِكُمۡ رَبِّي لَوۡلَا دُعَآؤُكُمۡۖ فَقَدۡ كَذَّبۡتُمۡ فَسَوۡفَ يَكُونُ لِزَامَۢا ۝٧٧