Monday, 12 October 2026 Hijri: — 01:27:29 pm
MalayalamQuran.in
Quran translation reader

അശ്ശുഅറാഅ് الشعراء Ash-Shuara

Surah 26 മക്കിയ്യ • مكية • Makkiyah 227 ആയത്തുകൾ • 227 Ayahs

സൂറത്ത് അശ്ശുഅറാഅ് (Ash-Shuara), ഖുർആൻ അധ്യായം 26 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 227 ആയത്തുകൾ വായിക്കുക. Read Surah Ash-Shuara with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–6

ഥാ സീന്‍ മീം. ഇവ സ്പഷ്ടമായ വേദഗ്രന്ഥത്തിലെ വാക്യങ്ങളാണ്. നബീ, ആ നിഷേധികള്‍ സത്യവിശ്വാസം കൈവരിക്കാത്തതിന്റെ പേരില്‍ താങ്കള്‍ ജീവത്യാഗം വരെ ചെയ്‌തേക്കാവുന്നതാണ്.1
നാമുദ്ദേശിക്കുന്നുവെങ്കില്‍ വാനലോകത്തുനിന്ന് ഒരു ദൃഷ്ടാന്തം അവര്‍ക്കവതരിപ്പിച്ചുകൊടുക്കുകയും തത്സമയം അതിന്നവര്‍ വിധേയരായിത്തീരുകയും ചെയ്യും. കരുണാമയന്റെയടുത്തുനിന്നു ഏതൊരു നവബോധനം വന്നെത്തുമ്പോഴും അതില്‍ നിന്നവര്‍ മുഖം തിരിക്കുകമാത്രമേ ചെയ്തിട്ടുള്ളൂ. അങ്ങനെയവര്‍ സത്യം നിഷേധിച്ചു തള്ളി; തന്മൂലം ഏതൊന്നിനെയവര്‍ പരിഹസിച്ചിരുന്നുവോ, അതു സംബന്ധിച്ച വിവരങ്ങള്‍ അവര്‍ക്ക് വന്നെത്തുന്നതാണ്.2

2 വിശദീകരണങ്ങൾ കാണുക

1. മാനുഷ്യകത്തിന്റെ ഗുണകാംക്ഷിയും വിമോചകനുമാണ് മുഹമ്മദ് നബി(സ്വ); കരുണയുടെ കരകാണാക്കടല്‍. എത്ര സുഗ്രാഹ്യവും സുതാര്യവുമായി മോക്ഷമാര്‍ഗം കാണിച്ചുകൊടുത്തിട്ടും മിക്കവരും അനുസരിക്കുന്നില്ല; പരിഹസിക്കയും അവഹേളിക്കയും മാര്‍ഗതടസ്സം സൃഷ്ടിക്കയുമാണ്. ഏതൊരു മനുഷ്യനും ഇച്ഛാഭംഗവും കടുത്ത മനഃസംഘര്‍ഷവും നിരാശയും മൂലം ആത്മഹത്യ വരെ ചെയ്‌തേക്കുന്ന പ്രതിസന്ധി ഘട്ടം. അതിന്റെ രൂക്ഷത സൂചിപ്പിക്കയാണിവിടെ; നബി(സ്വ) ആത്മഹത്യ ചെയ്യുമെന്നല്ല വിവക്ഷ.

2. ദുര്‍വാശി മൂലം നിഷേധികള്‍ ഓരോ തര്‍ക്കുത്തരം പറയും; ഡിമാന്റുകള്‍ ഉന്നയിക്കും. എന്നാല്‍, എന്റെ ദൃഷ്ടാന്തങ്ങള്‍ ശിക്ഷയായി പെയ്തിറങ്ങുമ്പോള്‍ ഏതു മുരത്ത നിഷേധിയും അതിനു മുമ്പില്‍ തല കുനിക്കുകയല്ലാതെ ഗത്യന്തരമുണ്ടാകില്ല എന്നാണ് അല്ലാഹു വ്യക്തമാക്കുന്നത്. ചരിത്രം അതിനു സാക്ഷിയാണല്ലോ.

طسٓمٓ ۝١
تِلۡكَ ءَايَٰتُ ٱلۡكِتَٰبِ ٱلۡمُبِينِ ۝٢
لَعَلَّكَ بَٰخِعٞ نَّفۡسَكَ أَلَّا يَكُونُواْ مُؤۡمِنِينَ ۝٣
إِن نَّشَأۡ نُنَزِّلۡ عَلَيۡهِم مِّنَ ٱلسَّمَآءِ ءَايَةٗ فَظَلَّتۡ أَعۡنَٰقُهُمۡ لَهَا خَٰضِعِينَ ۝٤
وَمَا يَأۡتِيهِم مِّن ذِكۡرٖ مِّنَ ٱلرَّحۡمَٰنِ مُحۡدَثٍ إِلَّا كَانُواْ عَنۡهُ مُعۡرِضِينَ ۝٥
فَقَدۡ كَذَّبُواْ فَسَيَأۡتِيهِمۡ أَنۢبَٰٓؤُاْ مَا كَانُواْ بِهِۦ يَسۡتَهۡزِءُونَ ۝٦
7–9

ഭൂതലത്തിലേക്കവര്‍ നോക്കുന്നില്ലേ? എല്ലാ ഉദാത്ത ജോടികളിലും നിന്ന് എത്രയെത്ര സസ്യലതാദികളെയാണ് നാമതില്‍ മുളപ്പിച്ചിരിക്കുന്നത്! മഹത്തായ ദൃഷ്ടാന്തം അതിലുണ്ടെന്നു തീര്‍ച്ച.3
എന്നാല്‍ അവരില്‍ മിക്കവരും സത്യവിശ്വാസികളായില്ല. താങ്കളുടെ നാഥന്‍ തന്നെയാണ് പ്രതാപശാലിയും കരുണാമയനും.

1 വിശദീകരണം കാണുക

3. ഒരു കൊച്ചു സസ്യത്തിന്റെ കുഞ്ഞിലയില്‍ വരെ എത്രയെത്ര അദ്ഭുത ദൃഷ്ടാന്തങ്ങളാണുള്ളത്? ശാസ്ത്രം അവയനാവരണം ചെയ്തിട്ടുണ്ട്. കോടാനുകോടി വൃക്ഷ-സസ്യ-ലതാദികള്‍ ചിന്താശീലരുടെ മുമ്പില്‍ ശക്തമായ ചൂണ്ടുപലക തന്നെയല്ലേ? പക്ഷേ, ആരും അവയൊന്നും ചിന്താവിധേയമാക്കുന്നില്ല.

أَوَلَمۡ يَرَوۡاْ إِلَى ٱلۡأَرۡضِ كَمۡ أَنۢبَتۡنَا فِيهَا مِن كُلِّ زَوۡجٖ كَرِيمٍ ۝٧
إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ ۝٨
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ ۝٩
10–11

താങ്കളുടെ നാഥന്‍ മൂസാനബിയെ വിളിച്ച് നിര്‍ദേശിച്ച സന്ദര്‍ഭം സ്മരണീയമത്രേ-അതിക്രമികളായ ആ ജനതയിലേക്ക്, ഫിര്‍ഔന്റെയാളുകളിലേക്ക് താങ്കള്‍ ചെല്ലുകയും അവര്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ എന്നു ചോദിക്കുകയും ചെയ്യണം.

وَإِذۡ نَادَىٰ رَبُّكَ مُوسَىٰٓ أَنِ ٱئۡتِ ٱلۡقَوۡمَ ٱلظَّٰلِمِينَ ۝١٠
قَوۡمَ فِرۡعَوۡنَۚ أَلَا يَتَّقُونَ ۝١١
12–14

മൂസാനബി അപേക്ഷിച്ചു: നാഥാ, എന്നെയവര്‍ നിഷേധിച്ചു കളയുമെന്നും എന്റെ മനസ്സിടുങ്ങി നാക്കു വഴങ്ങാതാകുമെന്നും ഞാന്‍ ഭയപ്പെടുകതന്നെ ചെയ്യുന്നുണ്ട്; അതുകൊണ്ട് ഹാറൂനിനെയും റസൂലാക്കി എന്റെ കൂടെ അയക്കണം. അവര്‍ എനിക്കെതിരെ ഒരു കുറ്റമാരോപിക്കുകയും അതുവഴി എന്നെ കൊന്നുകളയുകയും ചെയ്യുമെന്ന് എനിക്ക് പേടിയുണ്ട്.4

1 വിശദീകരണം കാണുക

4. മൂസാ നബിയെയും ഹാറൂന്‍ നബി(അ)യെയും ഫിര്‍ഔന്റെയും ശിങ്കിടികളുടെയുമടുത്തേക്ക് ദൈവദൂതരായി നിയോഗിച്ചയക്കുകയാണ്. പണ്ട് ഈജിപ്ത് വിടും മുമ്പ് അബദ്ധവശാല്‍ ഖിബ്ഥി കൊല്ലപ്പെട്ടതിനു പ്രതികാരമായി തന്നെ അവര്‍ വധിക്കുമെന്നാണ് മൂസാ നബി(അ) ആശങ്കപ്പെടുന്നത്. ഥാഹാ: 40, അല്‍ ഖസ്വസ്വ്:15 മുതലായവ നോക്കുക.

قَالَ رَبِّ إِنِّيٓ أَخَافُ أَن يُكَذِّبُونِ ۝١٢
وَيَضِيقُ صَدۡرِي وَلَا يَنطَلِقُ لِسَانِي فَأَرۡسِلۡ إِلَىٰ هَٰرُونَ ۝١٣
وَلَهُمۡ عَلَيَّ ذَنۢبٞ فَأَخَافُ أَن يَقۡتُلُونِ ۝١٤
15–17

അല്ലാഹു കല്‍പിച്ചു: ഒരിക്കലുമില്ല, നിങ്ങളിരുവരും നമ്മുടെ ദൃഷ്ടാന്തങ്ങളുമായി പോയ്‌ക്കൊള്ളുക. നിങ്ങളൊന്നിച്ച് എല്ലാം നാം നന്നായി കേള്‍ക്കും. അങ്ങനെ ഫറോവയുടെയടുത്തു ചെന്ന് 'ഇസ്രയേല്യരെ ഞങ്ങളൊന്നിച്ച് വിട്ടുതരാനായി പ്രപഞ്ചനാഥനാല്‍ നിയുക്തരായ ദൂതന്മാരാണു ഞങ്ങള്‍' എന്നു ബോധിപ്പിക്കുക.

قَالَ كـَلَّاۖ فَٱذۡهَبَا بِـَٔايَٰتِنَآۖ إِنَّا مَعَكُم مُّسۡتَمِعُونَ ۝١٥
فَأۡتِيَا فِرۡعَوۡنَ فَقُولَآ إِنَّا رَسُولُ رَبِّ ٱلۡعَٰلَمِينَ ۝١٦
أَنۡ أَرۡسِلۡ مَعَنَا بَنِيٓ إِسۡرَٰٓءِيلَ ۝١٧
18–19

ഫറോവ ചോദിച്ചു: കുട്ടിയായിരുന്നപ്പോള്‍ നിന്നെ ഞങ്ങളുടെ കൂടെ നാം വളര്‍ത്തിയില്ലേ? ആയുസ്സില്‍ ഏറെ വര്‍ഷങ്ങള്‍ നീ ഞങ്ങളൊന്നിച്ചു കഴിയുകയുമുണ്ടായി. നന്ദിയില്ലാത്തവനായിക്കൊണ്ട് നീ ചെയ്ത അപ്പണി നടപ്പാക്കുകയും ചെയ്തു.5

1 വിശദീകരണം കാണുക

5. മൂസാ നബി(അ)യെ ഫറോവ സ്വന്തം കൊട്ടാരത്തില്‍ വളര്‍ത്തി രാജകുമാരനു തുല്യം സംരക്ഷിച്ചതും അദ്ദേഹം ഖിബ്ഥിയെ കൊന്നതുമാണ് സൂചിപ്പിക്കുന്നത്. കൃതഘ്‌നതയായിരുന്നു അതെന്നാണ് ഫറോവാഭാഷ്യം.

قَالَ أَلَمۡ نُرَبِّكَ فِينَا وَلِيدٗا وَلَبِثۡتَ فِينَا مِنۡ عُمُرِكَ سِنِينَ ۝١٨
وَفَعَلۡتَ فَعۡلَتَكَ ٱلَّتِي فَعَلۡتَ وَأَنتَ مِنَ ٱلۡكَٰفِرِينَ ۝١٩
29–31

ഫറോവ ആക്രോശിച്ചു: ഞാനല്ലാത്ത ഏതെങ്കിലും ദൈവത്തെ വരിക്കുന്നുവെങ്കില്‍ നിന്നെ ഞാന്‍ ജയിലിലടക്കുക തന്നെ ചെയ്യും!8

1 വിശദീകരണം കാണുക

8. സ്വേച്ഛാധിപതികളുടെയും ധിക്കാരികളുടെയും സ്ഥിരം ശൈലിയാണിത്. ഉത്തരം മുട്ടുമ്പോള്‍ ഉരുക്കുമുഷ്ടി കാണിക്കുക, ശിക്ഷയും വധവും പറഞ്ഞു ഭീഷണിപ്പെടുത്തുക; തുടര്‍ന്ന് കണ്ണില്‍ചോരയില്ലാതെ അത് നടപ്പാക്കുക.

قَالَ لَئِنِ ٱتَّخَذۡتَ إِلَٰهًا غَيۡرِي لَأَجۡعَلَنَّكَ مِنَ ٱلۡمَسۡجُونِينَ ۝٢٩
قَالَ أَوَلَوۡ جِئۡتُكَ بِشَيۡءٖ مُّبِينٖ ۝٣٠
قَالَ فَأۡتِ بِهِۦٓ إِن كُنتَ مِنَ ٱلصَّٰدِقِينَ ۝٣١
20–22

മൂസാ നബി പ്രതികരിച്ചു: അന്നു ഞാനത് അബദ്ധവശാല്‍ ചെയ്തുപോയതാണ്. അങ്ങനെ നിങ്ങളെപ്പേടിച്ച് ഞാന്‍ ഒളിച്ചോടി. എന്നിട്ട് നാഥന്‍ എനിക്ക് തത്ത്വജ്ഞാനം നല്‍കുകയും എന്നെ ദൈവദൂതരിലുള്‍പ്പെടുത്തുകയും ചെയ്തു. എന്നോടു കാണിച്ച ഔദാര്യം ഇസ്രയേല്യരെ നീ അടിമകളാക്കിവെച്ചു എന്നതാണല്ലോ!6

1 വിശദീകരണം കാണുക

6. യഥാര്‍ത്ഥത്തില്‍ ഇത് ഫറോവയുടെ ഔദാര്യമല്ല. ഇസ്രയേല്യരെ അടിമകളാക്കി അടിച്ചമര്‍ത്തുകയും അവരുടെ നവജാത ശിശുക്കളെ അവന്‍ കൊന്നൊടുക്കുകയും ചെയ്തപ്പോള്‍ ഉണ്ടായൊരു പ്രതിപ്രവര്‍ത്തനമാണ്.

قَالَ فَعَلۡتُهَآ إِذٗا وَأَنَا۠ مِنَ ٱلضَّآلِّينَ ۝٢٠
فَفَرَرۡتُ مِنكُمۡ لَمَّا خِفۡتُكُمۡ فَوَهَبَ لِي رَبِّي حُكۡمٗا وَجَعَلَنِي مِنَ ٱلۡمُرۡسَلِينَ ۝٢١
وَتِلۡكَ نِعۡمَةٞ تَمُنُّهَا عَلَيَّ أَنۡ عَبَّدتَّ بَنِيٓ إِسۡرَٰٓءِيلَ ۝٢٢
23–28

ഫറോവ ചോദിച്ചു: ഈ ലോകനാഥന്‍ എന്നാല്‍ എന്താണ്? മൂസാ നബി പ്രതികരിച്ചു: ഭുവന-വാനങ്ങളുടെയും അവക്കിടയിലുള്ളതിന്റെയും നാഥനാണവന്‍; നിങ്ങള്‍ ദൃഢവിശ്വാസമുള്ളവരാണെങ്കില്‍. ഫറോവ ചുറ്റുമുള്ളവരോട് പരിഹാസാത്മകമായി ചോദിച്ചു: നന്നായി കേള്‍ക്കുന്നില്ലേ നിങ്ങള്‍! മൂസാ നബി തുടര്‍ന്നു: നിങ്ങളുടെയും ആദിമപിതാക്കളുടെയും നാഥന്‍ അവന്‍ തന്നെ. ഫറോവ: നിങ്ങളിലേക്ക് നിയുക്തനായ ഈ ദൂതന്‍ ഒരു ഭ്രാന്തന്‍ തന്നെ!7
മൂസാ നബി മറുപടി നല്‍കി: ഉദയാസ്തമന സ്ഥാനങ്ങളുടെയും അവക്കിടയിലുള്ളതിന്റെയും നാഥനാണവന്‍; നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുന്നവരാണെങ്കില്‍.
മൂസാ നബി: സ്പഷ്ടമായ ദൃഷ്ടാന്തം നിനക്കു ഞാന്‍ കാണിച്ചു തന്നാലും? ഫറോവ: എങ്കില്‍, നീ സത്യവാദിയാണെങ്കില്‍ അതുകൊണ്ടുവാ..

1 വിശദീകരണം കാണുക

7. പ്രപഞ്ചത്തെ സൃഷ്ടിച്ചു സംരക്ഷിച്ചുവരുന്ന ഒരു നാഥനെക്കുറിച്ച് ധിക്കാരിയായ ഫിര്‍ഔന്‍ പൂര്‍ണമായ അജ്ഞത നടിക്കുകയാണ്-എന്താണത് എന്ന ചോദ്യം ശ്രദ്ധിക്കുക. മൂസാ നബി(അ) അല്ലാഹുവിന്റെ ശക്തിവിശേഷങ്ങള്‍ സൂചിപ്പിച്ചുകൊണ്ട്, ചിന്തോദ്ദീപകമായ മറുപടികളാണ് പറഞ്ഞുകൊടുക്കുന്നത്.

قَالَ فِرۡعَوۡنُ وَمَا رَبُّ ٱلۡعَٰلَمِينَ ۝٢٣
قَالَ رَبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَآۖ إِن كُنتُم مُّوقِنِينَ ۝٢٤
قَالَ لِمَنۡ حَوۡلَهُۥٓ أَلَا تَسۡتَمِعُونَ ۝٢٥
قَالَ رَبُّكُمۡ وَرَبُّ ءَابَآئِكُمُ ٱلۡأَوَّلِينَ ۝٢٦
قَالَ إِنَّ رَسُولَكُمُ ٱلَّذِيٓ أُرۡسِلَ إِلَيۡكُمۡ لَمَجۡنُونٞ ۝٢٧
قَالَ رَبُّ ٱلۡمَشۡرِقِ وَٱلۡمَغۡرِبِ وَمَا بَيۡنَهُمَآۖ إِن كُنتُمۡ تَعۡقِلُونَ ۝٢٨
32–33

അപ്പോള്‍ മൂസാ നബി വടി താഴെയിട്ടു. തത്സമയമതാ, അത് വ്യക്തമായൊരു സര്പ്പിമായി പരിണമിച്ചു; കൈ പുറത്തെടുത്തു, അപ്പോഴതാ, ദ്രഷ്ടാക്കള്‍ക്കത് ശുദ്ധ വെള്ള നിറമായിരിക്കുന്നു!

فَأَلۡقَىٰ عَصَاهُ فَإِذَا هِيَ ثُعۡبَانٞ مُّبِينٞ ۝٣٢
وَنَزَعَ يَدَهُۥ فَإِذَا هِيَ بَيۡضَآءُ لِلنَّٰظِرِينَ ۝٣٣
34–35

തന്റെ ആഭിചാരവൃത്തി വഴി നിങ്ങളെ നാട്ടില്‍ നിന്ന് ബഹിഷ്‌കരിക്കാനുദ്ദേശിക്കുന്ന അഭിജ്ഞനായ ഒരു ജാലവിദ്യക്കാരന്‍ തന്നെയാണ് ഇവനെന്ന് തനിക്കുചുറ്റുമുള്ള പ്രധാനികളോട് ഫറോവ തട്ടിവിട്ടു9
അതിനാല്‍ ഇവന്റെ കാര്യത്തില്‍ നിങ്ങള്ക്കെ്ന്താണു നിര്ദേ്ശിക്കാനുള്ളത്?

1 വിശദീകരണം കാണുക

9. ഥൂര്‍ പര്‍വതത്തില്‍ വെച്ച് മൂസാനബി(അ)യെ റസൂലായി നിയോഗിച്ചപ്പോള്‍ അല്ലാഹു കാണിച്ചുകൊടുത്ത രണ്ടു സുപ്രധാന ദൈവിക ദൃഷ്ടാന്തങ്ങള്‍ ഇവിടെ ഫറോവാ സമക്ഷം പ്രദര്‍ശിപ്പിക്കുകയാണ്. വടി പാമ്പായി പരിണമിച്ചു; കൈ കുപ്പായ മാറിലിട്ടു പുറത്തെടുത്തപ്പോള്‍ ശക്തമായി വെട്ടിത്തിളങ്ങിക്കൊണ്ടിരിക്കുന്നു! ഇതോടെ ഫിര്‍ഔന്ന് കലി കയറി. നിഷേധികളുടെ സ്ഥിരം പല്ലവി അവന്‍ തട്ടിവിട്ടു: നിങ്ങളെയൊക്കെ നാട്ടില്‍ നിന്നു ബഹിഷ്‌കരിക്കാനായി സമര്‍ത്ഥമായ ആഭിചാരവേലയുമായി വന്നിരിക്കുകയാണ് മൂസാ!

قَالَ لِلۡمَلَإِ حَوۡلَهُۥٓ إِنَّ هَٰذَا لَسَٰحِرٌ عَلِيمٞ ۝٣٤
يُرِيدُ أَن يُخۡرِجَكُم مِّنۡ أَرۡضِكُم بِسِحۡرِهِۦ فَمَاذَا تَأۡمُرُونَ ۝٣٥
36–37

അവര്‍ പ്രതികരിച്ചു: തിരുമനസ്സ് അവന്നും സഹോദരന്നും അവസരം നല്കിളയാലും! വ്യത്യസ്ത നാടുകളിലേക്ക് ആഭിചാരകരെ ക്ഷണിക്കാനായി ദൂതരെ അയച്ചാലും. അവര്‍ സര്വവ ആഭിചാര സമ്രാട്ടുക്കളെയും അങ്ങയുടെ സന്നിധിയില്‍ ഹാജരാക്കട്ടെ.

قَالُوٓاْ أَرۡجِهۡ وَأَخَاهُ وَٱبۡعَثۡ فِي ٱلۡمَدَآئِنِ حَٰشِرِينَ ۝٣٦
يَأۡتُوكَ بِكُلِّ سَحَّارٍ عَلِيمٖ ۝٣٧
38–40

അങ്ങനെ, ഒരു സുജ്ഞാത നാളില്‍ നിശ്ചയിക്കപ്പെട്ടൊരു മുഹൂര്ത്തംി ആഭിചാരകന്മാര്‍ സമ്മേളിച്ചു. ജനങ്ങളോടുള്ള വിളംബരമുയര്ന്നു : നിങ്ങളൊക്കെ ഒറ്റക്കെട്ടാവുകയല്ലേ? ആഭിചാരകന്മാര്‍ വിജയിക്കുകയാണെങ്കില്‍ നമുക്കവരെ അനുധാവനം ചെയ്യാം.10

1 വിശദീകരണം കാണുക

10. മൂസാ നബി(അ)യുടെ പതനം ഏറ്റമധികം ആളുകളുടെ മുമ്പില്‍ വെച്ചാകാന്‍ വേണ്ടി അവരുടെ വലിയ ഒരുത്സവ ദിവസമാണ് ഫിര്‍ഔന്‍ മത്സരം നിശ്ചയിച്ചത്. (സൂറത്തു ഥാഹാ:59) സാമ്രാജ്യത്തിന്റെ അഷ്ടദിക്കുകളിലും നിന്നായി ജാലവിദ്യാരംഗത്തെ സര്‍വകലാവല്ലഭന്മാര്‍ നിശ്ചിത ദിവസം സംഗമിച്ചു.

فَجُمِعَ ٱلسَّحَرَةُ لِمِيقَٰتِ يَوۡمٖ مَّعۡلُومٖ ۝٣٨
وَقِيلَ لِلنَّاسِ هَلۡ أَنتُم مُّجۡتَمِعُونَ ۝٣٩
لَعَلَّنَا نَتَّبِعُ ٱلسَّحَرَةَ إِن كَانُواْ هُمُ ٱلۡغَٰلِبِينَ ۝٤٠
41–42

അങ്ങനെ ആഭിചാരകര്‍ വന്നെത്തിയപ്പോള്‍, ഫറോവയോടവര്‍ ചോദിച്ചു: വിജയികളാകുന്നത് ഞങ്ങളാണെങ്കില്‍ പ്രതിഫലമുണ്ടായിരിക്കുമോ? അവന്‍ പ്രതികരിച്ചു: അതെ, നിങ്ങളെന്റെ സമീപസ്ഥര്‍ കൂടിയായിരിക്കും.

فَلَمَّا جَآءَ ٱلسَّحَرَةُ قَالُواْ لِفِرۡعَوۡنَ أَئِنَّ لَنَا لَأَجۡرًا إِن كُنَّا نَحۡنُ ٱلۡغَٰلِبِينَ ۝٤١
قَالَ نَعَمۡ وَإِنَّكُمۡ إِذٗا لَّمِنَ ٱلۡمُقَرَّبِينَ ۝٤٢
43–44

മൂസാ നബി അവരോടാവശ്യപ്പെട്ടു: നിങ്ങള്‍ക്ക് എന്തൊക്കെയുണ്ടോ, അവയൊക്കെ നിക്ഷേപിച്ചു കൊള്ളുക! അപ്പോഴവര്‍ തങ്ങളുടെ കയറുകളും വടികളും നിലത്തിടുകയും 'ഫറോവയുടെ ആഢ്യത്വം തന്നെ ശപഥം, ഞങ്ങള്‍ തന്നെയാണ് ജേതാക്കളാവുക' എന്നു പ്രഖ്യാപിക്കുകയും ചെയ്തു.11

1 വിശദീകരണം കാണുക

11. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ആഭിചാര സമ്രാട്ടുക്കള്‍ മത്സരത്തിനൊരുങ്ങുന്നത്. ഫറോവയുടെ പ്രതാപം മുന്‍നിറുത്തി ശപഥവും ചെയ്തു അവര്‍, തങ്ങളാണ് വിജയ കിരീടം ചൂടുക എന്ന്. തുടര്‍ന്ന് അവര്‍ നിലത്തിട്ട കയറുകളും വടികളുമൊക്കെ ദ്രഷ്ടാക്കള്‍ക്ക് പാമ്പുകളായി ഇഴയുകയാണെന്നു തോന്നി.

قَالَ لَهُم مُّوسَىٰٓ أَلۡقُواْ مَآ أَنتُم مُّلۡقُونَ ۝٤٣
فَأَلۡقَوۡاْ حِبَالَهُمۡ وَعِصِيَّهُمۡ وَقَالُواْ بِعِزَّةِ فِرۡعَوۡنَ إِنَّا لَنَحۡنُ ٱلۡغَٰلِبُونَ ۝٤٤
45–48

പിന്നീട് മൂസാ നബി തന്റെ വടി താഴെയിട്ടു. തത്സമയമതാ, അവര്‍ വ്യാജനിര്‍മിതി നടത്തിയവയെല്ലാം അതു വിഴുങ്ങിക്കളയുന്നു! ഉടനെ ആഭിചാരകര്‍ സാഷ്ടാംഗമായി വീഴുകയും, മൂസാ നബിയുടെയും ഹാറൂന്‍ നബിയുടെയും നാഥനായ സര്‍വലോക രക്ഷിതാവില്‍ ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു എന്നു പ്രഖ്യാപിക്കുകയുമുണ്ടായി.

فَأَلۡقَىٰ مُوسَىٰ عَصَاهُ فَإِذَا هِيَ تَلۡقَفُ مَا يَأۡفِكُونَ ۝٤٥
فَأُلۡقِيَ ٱلسَّحَرَةُ سَٰجِدِينَ ۝٤٦
قَالُوٓاْ ءَامَنَّا بِرَبِّ ٱلۡعَٰلَمِينَ ۝٤٧
رَبِّ مُوسَىٰ وَهَٰرُونَ ۝٤٨
49–51

ഫിര്‍ഔന്‍ ആക്രോശിച്ചു: ഞാന്‍ സമ്മതം തരുംമുമ്പേ നിങ്ങളിവനില്‍ വിശ്വസിക്കുകയോ? നിങ്ങള്‍ക്കു മാരണം പഠിപ്പിച്ച തലവനാണിവന്‍. ഇതിന്റെ തിക്തഫലം നിങ്ങളറിയാന്‍ പോകയാണ്. നിങ്ങളുടെ കൈകാലുകള്‍ ഭിന്ന പാര്‍ശ്വങ്ങളില്‍ നിന്നു ഞാന്‍ ഛേദിച്ചുകളയുകയും നിങ്ങളെയൊന്നടങ്കം കുരിശില്‍ തറച്ചു കൊല്ലുകയും ചെയ്യും, തീര്‍ച്ച. അവര്‍ പ്രതികരിച്ചു: യാതൊരു കുഴപ്പവുമില്ല; ഞങ്ങള്‍ നിശ്ചയം, രക്ഷിതാവിന്റെ സന്നിധിയിലേക്ക് തിരിച്ചുപോവുകയാകുന്നു. പ്രഥമ വിശ്വാസീ വൃന്ദമായതുകൊണ്ട് ഞങ്ങളുടെ ദോഷങ്ങള്‍ നാഥന്‍ പൊറുത്തുതരുമെന്നാണ് ഞങ്ങള്‍ പ്രത്യാശിക്കുന്നത്.12

1 വിശദീകരണം കാണുക

12. തന്നെ പ്രതിരോധിക്കാന്‍ വന്ന ആഭിചാരകര്‍ ഒന്നടങ്കം അല്ലാഹുവില്‍ വിശ്വസിച്ചപ്പോള്‍ ഫിര്‍ഔനു കലികയറി ഭ്രാന്തുപിടിച്ച പോലെയായി. കരചരണങ്ങള്‍ ഭിന്ന പാര്‍ശ്വങ്ങളില്‍ നിന്ന് വിച്ഛേദിക്കുക എന്നാല്‍, വലതു കൈയും ഇടതു കാലും, അല്ലെങ്കില്‍ മറിച്ച് എന്നാണ്. ഭീഷണിപ്പെടുത്തിയതൊക്കെ അവന്‍ നിഷ്‌കരുണം ചെയ്തു. ഇമാം ഇബ്‌നു അബ്ബാസ്(റ) പറയുന്നു: രാവിലെ അവര്‍ ആഭിചാരകരായിരുന്നു; സന്ധ്യക്ക് പുണ്യരക്തസാക്ഷികളും.

قَالَ ءَامَنتُمۡ لَهُۥ قَبۡلَ أَنۡ ءَاذَنَ لَكُمۡۖ إِنَّهُۥ لَكَبِيرُكُمُ ٱلَّذِي عَلَّمَكُمُ ٱلسِّحۡرَ فَلَسَوۡفَ تَعۡلَمُونَۚ لَأُقَطِّعَنَّ أَيۡدِيَكُمۡ وَأَرۡجُلَكُم مِّنۡ خِلَٰفٖ وَلَأُصَلِّبَنَّكُمۡ أَجۡمَعِينَ ۝٤٩
قَالُواْ لَا ضَيۡرَۖ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ ۝٥٠
إِنَّا نَطۡمَعُ أَن يَغۡفِرَ لَنَا رَبُّنَا خَطَٰيَٰنَآ أَن كُنَّآ أَوَّلَ ٱلۡمُؤۡمِنِينَ ۝٥١
52–56

മൂസാ നബിക്ക് നാം ബോധനം നല്‍കി: 'എന്റെ അടിമകളുമായി താങ്കള്‍ നിശാസഞ്ചാരം നടത്തുക. ശത്രുക്കളാല്‍ പിന്തുടരപ്പെടാന്‍ പോവുക തന്നെയാണു നിങ്ങള്‍'. തത്സമയം, ജനങ്ങളെ സംഗമിപ്പിക്കാനായി പട്ടണങ്ങളിലേക്ക് ഫിര്‍ഔന്‍ ദൂതരെ അയച്ചു. ഇസ്രയേല്യര്‍ ചെറുസംഘവും എന്നാല്‍ നമ്മെ പ്രകോപിതരാക്കിയവരുമാണ്; നാമാകട്ടെ, ഒറ്റക്കെട്ടും ജാഗ്രതയുള്ളവരുമാണ് എന്നവന്‍ ശിങ്കിടികളില്‍ വിളംബരപ്പെടുത്തി.13

1 വിശദീകരണം കാണുക

13. മൂസാ നബി(അ) ഇസ്രയേല്യരെക്കൂട്ടി പുറപ്പെടുന്ന വിവരമറിഞ്ഞ് ഫിര്‍ഔന്‍ പ്രജകളെയൊന്നടങ്കം സമ്മേളിപ്പിച്ച് അവരുടെ പിന്നാലെക്കൂട്ടി; അവരെ ഉന്മൂലനം ചെയ്യുകയായിരുന്നു ലക്ഷ്യം. ഇസ്രാഈല്യര്‍ ന്യൂനപക്ഷവും നിരായുധരും നമ്മെ പ്രകോപിപ്പിച്ചവരുമാണെന്നും മറ്റും ജനമധ്യേ ഉദ്‌ഘോഷിച്ച് അവന്‍ പ്രജകളെ ആവേശഭരിതരാക്കി.

۞ وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَسۡرِ بِعِبَادِيٓ إِنَّكُم مُّتَّبَعُونَ ۝٥٢
فَأَرۡسَلَ فِرۡعَوۡنُ فِي ٱلۡمَدَآئِنِ حَٰشِرِينَ ۝٥٣
إِنَّ هَٰٓؤُلَآءِ لَشِرۡذِمَةٞ قَلِيلُونَ ۝٥٤
وَإِنَّهُمۡ لَنَا لَغَآئِظُونَ ۝٥٥
وَإِنَّا لَجَمِيعٌ حَٰذِرُونَ ۝٥٦
57–59

അങ്ങനെ ഫറോവയെയും സംഘത്തെയും അവരുടെ ഉദ്യാനങ്ങളിലും അരുവികളിലും ഭണ്ഡാരങ്ങളിലും വിശിഷ്ട സങ്കേതങ്ങളിലും നിന്നു നാം പുറം തള്ളി; പിന്നീട് അവയത്രയും ഇസ്രയേല്യര്‍ക്ക് അവകാശപ്പെടുത്തിക്കൊടുത്തു.14

1 വിശദീകരണം കാണുക

14. നൈലിന്റെ ഇരുകരകളിലുമായുണ്ടായിരുന്ന നയനാഭിരാമമായ ഉദ്യാനങ്ങളും കായ്കനികള്‍ നിറഞ്ഞ തോട്ടങ്ങളും അമൂല്യമായ രമ്യഹര്‍മങ്ങളും സാമ്പത്തിക നിക്ഷേപങ്ങളുമൊക്കെ കോപ്റ്റിക്കുകളുടെ ഉന്മൂലനത്തോടെ അനാഥമായി. ഇസ്രയേല്യര്‍ക്കാണ് അവയുടെ ഉടമാവകാശം ലഭ്യമായത്.

فَأَخۡرَجۡنَٰهُم مِّن جَنَّٰتٖ وَعُيُونٖ ۝٥٧
وَكُنُوزٖ وَمَقَامٖ كَرِيمٖ ۝٥٨
كَذَٰلِكَۖ وَأَوۡرَثۡنَٰهَا بَنِيٓ إِسۡرَٰٓءِيلَ ۝٥٩
60–62

എന്നിട്ട് ഫറോവയും സംഘവും സൂര്യോദയവേളയില്‍ ഇസ്രയേല്യരുടെ തൊട്ടുപിറകെയെത്തി. ഇരുകൂട്ടരും അന്യോന്യം കണ്ടപ്പോള്‍ 'നാം ശത്രുവിന്റെ പിടിയിലകപ്പെട്ടു പോയതു തന്നെ' എന്നു മൂസാ നബിയുടെയാളുകള്‍ പരിതപിച്ചു. അദ്ദേഹം പ്രതികരിച്ചു: ഇല്ല, ഒരിക്കലുമതുണ്ടാവില്ല! എന്റെ നാഥന്‍ ഞാനൊന്നിച്ചു തന്നെയുണ്ട്; എനിക്കവന്‍ സന്മാര്‍ഗദര്‍ശനം ചെയ്യുന്നതാണ്!

فَأَتۡبَعُوهُم مُّشۡرِقِينَ ۝٦٠
فَلَمَّا تَرَٰٓءَا ٱلۡجَمۡعَانِ قَالَ أَصۡحَٰبُ مُوسَىٰٓ إِنَّا لَمُدۡرَكُونَ ۝٦١
قَالَ كـَلَّآۖ إِنَّ مَعِيَ رَبِّي سَيَهۡدِينِ ۝٦٢
63–68

തത്സമയം, 'താങ്കളുടെ വടി കൊണ്ട് കടലില്‍ അടിക്കുക' എന്ന് മൂസാ നബിക്കു നാം സന്ദേശം നല്‍കി. അടിച്ചപ്പോള്‍ അതു പിളരുകയും ഓരോ കടല്‍പാളിയും ഭീമന്‍ മലപോലെയാവുകയും മൂസാ നബിയെയും കൂടെയുള്ളവരെയത്രയും നാം രക്ഷിക്കുകയും ഫറോവാ സംഘത്തെ അതിനു സമീപമെത്തിക്കുകയും പിന്നെയവരെ മുക്കിക്കൊല്ലുകയുമുണ്ടായി. ഇതില്‍ വന്‍ദൃഷ്ടാന്തമുണ്ട്, തീര്‍ച്ച. എന്നിട്ടും മിക്കവരും സത്യവിശ്വാസം കൈക്കൊണ്ടവരായില്ല. താങ്കളുടെ നാഥന്‍ പ്രതാപശാലിയും കരുണാമയനും തന്നെയത്രേ15

1 വിശദീകരണം കാണുക

15. അല്ലാഹുവിലുള്ള ദൃഢവിശ്വാസം മാത്രമാണ് മൂസാനബിയുടെ കൈമുതല്‍. ശത്രുവിന്റെ പിടിയില്‍ നാമകപ്പെടുകയേ ഇല്ല തീര്‍ച്ച എന്നദ്ദേഹം ഉറപ്പിച്ചു പ്രഖ്യാപിക്കുന്നത് അങ്ങനെയാണ്. ഏതായാലും മുഅ്ജിസത്തിന്റെ വടി കൊണ്ടടിച്ചപ്പോള്‍ ചെങ്കടല്‍ പന്ത്രണ്ടു ശാഖയായി പിളര്‍ന്നു. പന്ത്രണ്ടു ഗോത്രക്കാരായിരുന്ന ഇസ്രയേല്യര്‍ മുഴുക്കെ അതിലൂടെ അക്കര പറ്റി രക്ഷപ്പെട്ടു. അതേ കടല്‍പാളികള്‍ കൂട്ടിച്ചേര്‍ത്ത് ഫറോവ സംഘത്തെ അല്ലാഹു സംഹരിച്ചു. ആറു ലക്ഷം പേരുണ്ടായിരുന്നു അവരെന്ന് ചരിത്രങ്ങളില്‍ കാണാം. (ബൈബ്ള്‍ പഴയ നിയമം, പുറപ്പാട്, അധ്യായം 14 കാണുക)

فَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنِ ٱضۡرِب بِّعَصَاكَ ٱلۡبَحۡرَۖ فَٱنفَلَقَ فَكَانَ كُلُّ فِرۡقٖ كَٱلطَّوۡدِ ٱلۡعَظِيمِ ۝٦٣
وَأَزۡلَفۡنَا ثَمَّ ٱلۡأٓخَرِينَ ۝٦٤
وَأَنجَيۡنَا مُوسَىٰ وَمَن مَّعَهُۥٓ أَجۡمَعِينَ ۝٦٥
ثُمَّ أَغۡرَقۡنَا ٱلۡأٓخَرِينَ ۝٦٦
إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ ۝٦٧
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ ۝٦٨
69–74

ഇബ്രാഹീം നബിയുടെ വൃത്താന്തം അവര്‍ക്ക് ഓതിക്കൊടുക്കുക. തന്റെ പിതാവിനോടും ജനത്തോടും അദ്ദേഹം ചോദിച്ച സന്ദര്‍ഭം: നിങ്ങള്‍ എന്തിനെയാണ് ആരാധിച്ചു കൊണ്ടിരിക്കുന്നത്? അവര്‍ പ്രതികരിച്ചു: ഞങ്ങള്‍ ചില ബിംബങ്ങള്‍ക്ക് ആരാധനകളര്‍പ്പിക്കുകയും അവയുടെ മുമ്പില്‍ ചടഞ്ഞുകൂടുകയുമാണ്. അദ്ദേഹം ചോദിച്ചു: നിങ്ങള്‍ ആരാധിക്കുമ്പോള്‍ അവയതു ശ്രവിക്കുകയോ നിങ്ങള്‍ക്കു ഉപദ്രവമോ ഉപകാരമോ ഉണ്ടാക്കുകയോ ചെയ്യുമോ? അവര്‍ പ്രതികരിച്ചു: അതല്ല, പൂര്‍വ പിതാക്കള്‍ അങ്ങനെ ചെയ്യുന്നതായാണ് ഞങ്ങള്‍ കണ്ടിരിക്കുന്നത്.16

1 വിശദീകരണം കാണുക

16. തന്റെ ജനതയുടെ ബഹുദൈവ വിശ്വാസവും ബിംബാരാധനയും നന്നായറിയുന്ന ഇബ്രാഹീം നബി(അ) ഇങ്ങനെ ചോദിക്കുന്നത് അവരുടെ ബുദ്ധിയും ചിന്തയും തൊട്ടുണര്‍ത്താനാണ്. എന്തെങ്കിലും ഗുണമോ ദോഷമോ ചെയ്യുകയോ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത ശിലകള്‍ക്കും മണ്‍കട്ടകള്‍ക്കും ആരാധിക്കുന്നതിന്റെ ബുദ്ധിശൂന്യത എത്ര ഗുരുതരമാണെന്നു സൂചിപ്പിക്കുകയാണദ്ദേഹം.

وَٱتۡلُ عَلَيۡهِمۡ نَبَأَ إِبۡرَٰهِيمَ ۝٦٩
إِذۡ قَالَ لِأَبِيهِ وَقَوۡمِهِۦ مَا تَعۡبُدُونَ ۝٧٠
قَالُواْ نَعۡبُدُ أَصۡنَامٗا فَنَظَلُّ لَهَا عَٰكِفِينَ ۝٧١
قَالَ هَلۡ يَسۡمَعُونَكُمۡ إِذۡ تَدۡعُونَ ۝٧٢
أَوۡ يَنفَعُونَكُمۡ أَوۡ يَضُرُّونَ ۝٧٣
قَالُواْ بَلۡ وَجَدۡنَآ ءَابَآءَنَا كَذَٰلِكَ يَفۡعَلُونَ ۝٧٤
75–82

ഇബ്രാഹീം നബി ചോദിച്ചു: അപ്പോള്‍, നിങ്ങളും പൂര്‍വ പിതാക്കളും പൂജിച്ചുകൊണ്ടിരിക്കുന്നത് എന്തിനെയാണെന്ന് ആലോചിച്ചുനോക്കിയിട്ടുണ്ടോ നിങ്ങള്‍? എന്റെ വൈരികളാണവയൊക്കെയും. എന്നാല്‍, എന്നെ സൃഷ്ടിക്കുകയും എനിക്ക് നേര്‍വഴി കാട്ടുകയും അന്നപാനാദികള്‍ തരികയും ഞാന്‍ രോഗബാധിതനായാല്‍ ശമിപ്പിക്കുകയും എന്നെ മരിപ്പിക്കുകയും വഴിയെ ജീവിപ്പിക്കുകയും അന്ത്യനാളില്‍ എന്റെ പാപങ്ങള്‍ പൊറുത്തു തരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും ചെയ്യുന്ന ലോകരക്ഷിതാവായ എന്റെ നാഥന്‍ അങ്ങനെയല്ല.17

1 വിശദീകരണം കാണുക

17. പരദൈവങ്ങളുടെ ദൈന്യത ചൂണ്ടിക്കാട്ടിയ ശേഷം സ്രഷ്ടാവും നിയന്താവും അനുഗ്രഹദാതാവുമായ അല്ലാഹുവിന്റെ ചില സുപ്രധാന വിശേഷണങ്ങള്‍ ഏതു സാധാരണക്കാരനും സുഗ്രാഹ്യമാംവിധം വ്യക്തമാക്കുകയാണ് ഇബ്രാഹീം നബി(അ). സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ അദ്ദേഹത്തിന്റെ പന്ഥാവില്‍ നിന്ന് മറ്റാരാണ് വ്യതിചലിക്കുക? (ഖുര്‍ആന്‍ 2:130)

قَالَ أَفَرَءَيۡتُم مَّا كُنتُمۡ تَعۡبُدُونَ ۝٧٥
أَنتُمۡ وَءَابَآؤُكُمُ ٱلۡأَقۡدَمُونَ ۝٧٦
فَإِنَّهُمۡ عَدُوّٞ لِّيٓ إِلَّا رَبَّ ٱلۡعَٰلَمِينَ ۝٧٧
ٱلَّذِي خَلَقَنِي فَهُوَ يَهۡدِينِ ۝٧٨
وَٱلَّذِي هُوَ يُطۡعِمُنِي وَيَسۡقِينِ ۝٧٩
وَإِذَا مَرِضۡتُ فَهُوَ يَشۡفِينِ ۝٨٠
وَٱلَّذِي يُمِيتُنِي ثُمَّ يُحۡيِينِ ۝٨١
وَٱلَّذِيٓ أَطۡمَعُ أَن يَغۡفِرَ لِي خَطِيٓـَٔتِي يَوۡمَ ٱلدِّينِ ۝٨٢
83–89

നാഥാ, എനിക്കു നീ തത്ത്വജ്ഞാനം തരികയും സജ്ജനങ്ങളോടൊപ്പം എന്നെ ചേര്‍ക്കുകയും പിന്‍ഗാമികളില്‍ എനിക്ക് സല്‍പേരുണ്ടാക്കുകയും ചെയ്യേണമേ. എന്നെ നീ സുഖാസ്വാദനങ്ങള്‍ നിറഞ്ഞ സ്വര്‍ഗത്തിന്റെ അവകാശികളില്‍ പെടുത്തുകയും എന്റെ പിതാവിന് -അദ്ദേഹം വഴിപിഴച്ചവരില്‍ പെട്ടയാള്‍ തന്നെയായിരിക്കുന്നു-മാപ്പരുളുകയും ചെയ്യേണമേ. സുരക്ഷിത ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെല്ലുന്നവര്‍ക്കല്ലാതെ ധനമോ സന്താനങ്ങളോ ഉപകാരപ്പെടാത്ത ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ എന്നെ നീ അപമാനിക്കരുതേ.18

1 വിശദീകരണം കാണുക

18. താങ്കളുടെ പാപമോചനത്തിനായി ഞാന്‍ പ്രാര്‍ത്ഥിച്ചു കൊള്ളാമെന്ന് പിതാവിനോട് ഇബ്രാഹീം നബി(അ) വാഗ്ദാനം ചെയ്തിരുന്നു. (19:47) അതനുസരിച്ചാണ് ഈ പ്രാര്‍ത്ഥന. പക്ഷേ, അയാളില്‍ പ്രബോധനം ഫലിച്ചില്ല. പിന്നീട് നബി ഈ പ്രാര്‍ത്ഥന ഉപേക്ഷിക്കയും ചെയ്തിട്ടുണ്ട്. (അത്തൗബ 114 നോക്കുക.) പരലോകത്ത് താന്‍ വലിയ പദവിയിലും പിതാവ് നരകത്തിലുമാവുക എന്ന അപമാനത്തില്‍ നിന്നുള്ള സുരക്ഷയായിരുന്നു നബി ചോദിച്ചത്. ഒരിക്കല്‍ തിരുനബി(സ്വ) പ്രസ്താവിച്ചു: ഇബ്രാഹീം നബി പരലോകത്ത് പിതാവിനെ കണ്ടുമുട്ടും. അപ്പോഴദ്ദേഹം അല്ലാഹുവിനോടു ചോദിക്കും- നാഥാ, പുനരുത്ഥാനനാളില്‍ എന്നെ അപമാനിക്കയില്ലെന്ന് എന്നോടു നീ വാഗ്ദാനം ചെയ്തിരുന്നില്ലേ? അല്ലാഹു പ്രതികരിക്കും: സ്വര്‍ഗം സത്യനിഷേധികള്‍ക്കു ഞാന്‍ നിഷിദ്ധമാക്കിയിരിക്കുന്നു. (ബുഖാരി)

رَبِّ هَبۡ لِي حُكۡمٗا وَأَلۡحِقۡنِي بِٱلصَّٰلِحِينَ ۝٨٣
وَٱجۡعَل لِّي لِسَانَ صِدۡقٖ فِي ٱلۡأٓخِرِينَ ۝٨٤
وَٱجۡعَلۡنِي مِن وَرَثَةِ جَنَّةِ ٱلنَّعِيمِ ۝٨٥
وَٱغۡفِرۡ لِأَبِيٓ إِنَّهُۥ كَانَ مِنَ ٱلضَّآلِّينَ ۝٨٦
وَلَا تُخۡزِنِي يَوۡمَ يُبۡعَثُونَ ۝٨٧
يَوۡمَ لَا يَنفَعُ مَالٞ وَلَا بَنُونَ ۝٨٨
إِلَّا مَنۡ أَتَى ٱللَّهَ بِقَلۡبٖ سَلِيمٖ ۝٨٩
90–95

സൂക്ഷ്മജീവിതം നയിച്ചവര്‍ക്ക് അന്ന് സ്വര്‍ഗം സമീപസ്ഥമാക്കപ്പെടുന്നതും ദുര്‍മാര്‍ഗികള്‍ക്ക് നരകം പ്രദര്‍ശിപ്പിക്കപ്പെടുന്നതുമാണ്; അല്ലാഹുവിനെ വിട്ട് നിങ്ങളാരാധിച്ചിരുന്ന ദൈവങ്ങളെവിടെ? അവര്‍ നിങ്ങളെ സഹായിക്കുകയോ സ്വയം വിജയം നേടുകയോ ചെയ്യുന്നുണ്ടോ എന്ന് നരകക്കാരോട് ചോദിക്കപ്പെടുന്നതും അങ്ങനെ ആ ആരാധ്യരും മാര്‍ഗ ഭ്രഷ്ടരായ അനുയായികളും പിശാചിന്റെ സേനാനികള്‍ മുഴുക്കെയും നരകത്തില്‍ മൂഖം കുത്തി വീഴ്ത്തപ്പെടുന്നതുമാണ്.19

1 വിശദീകരണം കാണുക

19. പരലോകത്ത് വരാന്‍ പോകുന്നതും ആര്‍ക്കും തട്ടിമാറ്റാനാകാത്തതുമായ ഈ വന്‍പരാജയം നേരത്തെ മനസ്സിലാക്കി വിജയപന്ഥാവില്‍ അടിയുറച്ചുജീവിച്ചു മരിക്കുന്നതിനു വേണ്ടിയാണ് ബുദ്ധിമാനായ മനുഷ്യനെ നിരന്തരം ഈ വസ്തുത കരുണാമയനായ അല്ലാഹു ഉണര്‍ത്തിക്കൊണ്ടിരിക്കുന്നത്.

وَأُزۡلِفَتِ ٱلۡجَنَّةُ لِلۡمُتَّقِينَ ۝٩٠
وَبُرِّزَتِ ٱلۡجَحِيمُ لِلۡغَاوِينَ ۝٩١
وَقِيلَ لَهُمۡ أَيۡنَ مَا كُنتُمۡ تَعۡبُدُونَ ۝٩٢
مِن دُونِ ٱللَّهِ هَلۡ يَنصُرُونَكُمۡ أَوۡ يَنتَصِرُونَ ۝٩٣
فَكُبۡكِبُواْ فِيهَا هُمۡ وَٱلۡغَاوُۥنَ ۝٩٤
وَجُنُودُ إِبۡلِيسَ أَجۡمَعُونَ ۝٩٥
96–101

നരകത്തില്‍ പരസ്പരം ശണ്ഠ കൂടവേ അവര്‍ പരിതപിക്കും: അല്ലാഹു തന്നെ സത്യം, പ്രപഞ്ചനാഥനോടൊപ്പം നിങ്ങളെ തുല്യരാക്കിയപ്പോള്‍ ഞങ്ങള്‍ സ്പഷ്ട ദുര്‍മാര്‍ഗത്തില്‍ തന്നെയായിരുന്നു. ആ അധര്‍മകാരികള്‍ മാത്രമാണ് ഞങ്ങളെ വഴിപിഴപ്പിച്ചത്. ഇപ്പോള്‍ ശുപാര്‍ശകരോ ആത്മമിത്രങ്ങളോ ആയി ഞങ്ങള്‍ക്ക് യാതൊരാളും ഇല്ല തന്നെ!20

1 വിശദീകരണം കാണുക

20. ബഹുദൈവാരാധകരും ആരാധ്യരും തമ്മിലും വഴിതെറ്റിയവരും തെറ്റിച്ചവരും തമ്മിലുമൊക്കെ നരകത്തില്‍ തര്‍ക്കവിതര്‍ക്കങ്ങളും ശണ്ഠകൂടലുകളും നടക്കും. അതിനു അല്ലാഹുവിന്റെ ഭാഗത്തുനിന്നു പ്രതികരണമുണ്ടാകും: എന്റെയടുത്തുവെച്ചു നിങ്ങള്‍ ശണ്ഠ കൂടേണ്ട; ഞാന്‍ നേരത്തെ തന്നെ (ദുന്‍യാവില്‍) നിങ്ങള്‍ക്ക് ഇതു സംബന്ധിച്ച മുന്നറിയിപ്പ് തന്നിരുന്നുവല്ലോ. ഇനി, ആ വാക്ക് മാറ്റിമറിക്കാനാകില്ല. അടിമകളോട് ഒട്ടുമേ അക്രമം കാട്ടുന്നവനല്ല ഞാന്‍. (ഖാഫ്:29). 3:18, 8:51, 22:10, 26:209 എന്നിവയും നോക്കുക.

قَالُواْ وَهُمۡ فِيهَا يَخۡتَصِمُونَ ۝٩٦
تَٱللَّهِ إِن كُنَّا لَفِي ضَلَٰلٖ مُّبِينٍ ۝٩٧
إِذۡ نُسَوِّيكُم بِرَبِّ ٱلۡعَٰلَمِينَ ۝٩٨
وَمَآ أَضَلَّنَآ إِلَّا ٱلۡمُجۡرِمُونَ ۝٩٩
فَمَا لَنَا مِن شَٰفِعِينَ ۝١٠٠
وَلَا صَدِيقٍ حَمِيمٖ ۝١٠١
102–104

അതിനാല്‍ ഞങ്ങള്‍ക്കൊന്നു ദുന്‍യാവിലേക്കു തിരിച്ചുപോകാനായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു; എങ്കില്‍ സത്യവിശ്വാസികളുടെ ഗണത്തില്‍ ഞങ്ങള്‍ ഉള്‍പ്പെട്ടേനെ. നിശ്ചയം, ഇതില്‍ വന്‍ ദൃഷ്ടാന്തമുണ്ട്; എന്നാല്‍ മനുഷ്യരില്‍ മിക്കവരും സത്യവിശ്വാസം കൈക്കൊണ്ടവരായില്ല. താങ്കളുടെ നാഥന്‍ പ്രതാപശാലിയും കരുണാമയനും തന്നെയത്രേ.21

1 വിശദീകരണം കാണുക

21. ഭൗതിക ലോകത്ത് ചിന്താശൂന്യമായി സത്യനിഷേധത്തില്‍ കഴിച്ചുകൂട്ടിയ ശേഷം പരലോകത്ത് പരാജയവും നരകവും കണ്ടുബോധ്യപ്പെടുമ്പോള്‍ ഏതൊരു മനുഷ്യനും മടക്കയാത്രാനുമതിക്കായി കേഴും; അതുതന്നെ വ്യാജാവകാശവാദവുമായിരിക്കും. ഖുര്‍ആന്‍ ഒട്ടേറെ സ്ഥലങ്ങളില്‍ ഇതു സ്പഷ്ടമാക്കിയിട്ടുണ്ട്. (23:99, 26:102, 39:58, 6:27-28,7:53, 42:44 മുതലായവ നോക്കുക.)

فَلَوۡ أَنَّ لَنَا كَرَّةٗ فَنَكُونَ مِنَ ٱلۡمُؤۡمِنِينَ ۝١٠٢
إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ ۝١٠٣
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ ۝١٠٤
105–110

നൂഹ് നബിയുടെ ജനം ദൈവദൂതരെ നിഷേധിച്ചു കളഞ്ഞു. തങ്ങളുടെ സഹോദരന്‍ നൂഹ് നബി അവരോട് പറഞ്ഞ സന്ദര്‍ഭം സ്മരണീയമത്രേ: നിങ്ങള്‍ ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നില്ലേ? നിങ്ങളിലേക്കുള്ള വിശ്വസ്തനായ ഒരു ദൈവദൂതന്‍ തന്നെയാണു ഞാന്‍. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക. ഈ സത്യപ്രബോധനത്തിന്റെ പേരില്‍ യാതൊരു കൂലിയും ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല; എന്റെ പ്രതിഫലം പ്രപഞ്ചനാഥങ്കല്‍ മാത്രമാണ്. അതിനാല്‍ അല്ലാഹുവിനോട് നിങ്ങള്‍ ഭയഭക്തിയുള്ളവരാവുകയും ഞാന്‍ നിര്‍ദേശിക്കുന്നത് അനുസരിക്കുകയും ചെയ്യുക.22

1 വിശദീകരണം കാണുക

22. ഏറെ ത്യാഗപൂര്‍ണവും നിസ്തുലവുമായ ചരിത്രമാണ് നൂഹ് നബി(അ)യുടേത്. സ്വന്തം ജനതയിലേക്ക് നിയുക്തനായ ആ മഹാന്‍ ഒമ്പതര നൂറ്റാണ്ടു കാലം നിസ്തന്ദ്ര പരിശ്രമങ്ങള്‍ നടത്തിയിട്ടും (അല്‍ അന്‍കബൂത്ത് 14) വളരെക്കുറച്ചു പേരേ സത്യം ശ്രവിച്ചുള്ളൂ. ഖുര്‍ആനിലെ 71ാം അധ്യായം തന്റെ സഹസ്രാബ്ദം നീണ്ട പ്രവര്‍ത്തനങ്ങളുടെ ഹ്രസ്വ ചരിത്രമാണ്.

كَذَّبَتۡ قَوۡمُ نُوحٍ ٱلۡمُرۡسَلِينَ ۝١٠٥
إِذۡ قَالَ لَهُمۡ أَخُوهُمۡ نُوحٌ أَلَا تَتَّقُونَ ۝١٠٦
إِنِّي لَكُمۡ رَسُولٌ أَمِينٞ ۝١٠٧
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ۝١٠٨
وَمَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍۖ إِنۡ أَجۡرِيَ إِلَّا عَلَىٰ رَبِّ ٱلۡعَٰلَمِينَ ۝١٠٩
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ۝١١٠
111–115

അവര്‍ ചോദിച്ചു: നിന്നെ അനുധാവനം ചെയ്തിരിക്കുന്നവര്‍ ഏറ്റം അധഃസ്ഥിതരാണെന്നിരിക്കെ ഞങ്ങളെങ്ങനെ നിന്നില്‍ വിശ്വസിക്കും? അദ്ദേഹം പ്രതികരിച്ചു: അവരെന്തൊക്കെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്നതു സംബന്ധിച്ച് എനിക്ക് എന്തറിയും? അവരെക്കുറിച്ച കണക്കെടുപ്പിന്റെ ചുമതല എന്റെ നാഥനു മാത്രമാണ്. നിങ്ങള്‍ വസ്തുതകള്‍ ഗ്രഹിച്ചിരുന്നുവെങ്കില്‍...! സത്യവിശ്വാസികളെ ആട്ടിയകറ്റാന്‍ എനിക്കാവില്ല; സ്പഷ്ടമായ മുന്നറിയിപ്പുകാരന്‍ മാത്രമാണു ഞാന്‍.23

1 വിശദീകരണം കാണുക

23. അല്ലാഹുവിങ്കലേക്കു നിങ്ങളെ ഞാന്‍ ക്ഷണിക്കുന്നതു തികച്ചും ആത്മാര്‍ത്ഥതയോടെയും നിങ്ങളുടെ ശാശ്വത വിജയം കാംക്ഷിച്ചുമാണെന്നു നൂഹ് നബി(അ) സ്പഷ്ടമാക്കിയപ്പോള്‍ സ്വജനത പുതിയ തന്ത്രം മെനയുകയാണ്- നിന്നെ പിന്‍പറ്റിയിരിക്കുന്നത് സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരും പാവങ്ങളുമാണെന്നും അവരെ മാറ്റി നിര്‍ത്തിയെങ്കിലേ ഞങ്ങള്‍ക്ക് വരാനാകൂ എന്നുമാണവര്‍ ജല്‍പിക്കുന്നത്. തിരുനബി(സ്വ)യോട് മക്കയിലെ ആഢ്യന്മാരും ഇതു തന്നെ പറഞ്ഞിരുന്നു. അവര്‍ക്ക് മറുപടി പലപ്പോഴും ഖുര്‍ആന്‍ നല്‍കിയിട്ടുമുണ്ട്. (6:52-53, 18:28) ഈ ദുരാഭിജാത്യവും അഹങ്കാരവും തന്‍പോരിമയും എക്കാലത്തും നിഷേധികളുടെ മുഖമുദ്രയായിരുന്നു.

۞ قَالُوٓاْ أَنُؤۡمِنُ لَكَ وَٱتَّبَعَكَ ٱلۡأَرۡذَلُونَ ۝١١١
قَالَ وَمَا عِلۡمِي بِمَا كَانُواْ يَعۡمَلُونَ ۝١١٢
إِنۡ حِسَابُهُمۡ إِلَّا عَلَىٰ رَبِّيۖ لَوۡ تَشۡعُرُونَ ۝١١٣
وَمَآ أَنَا۠ بِطَارِدِ ٱلۡمُؤۡمِنِينَ ۝١١٤
إِنۡ أَنَا۠ إِلَّا نَذِيرٞ مُّبِينٞ ۝١١٥
116–118

ജനം ആക്രോശിച്ചു: നൂഹേ, ഈ ഏര്‍പ്പാടില്‍ നിന്ന് വിരമിക്കുന്നില്ലെങ്കില്‍ നീ എറിഞ്ഞുകൊല്ലപ്പെടുന്നവരിലായിപ്പോകും, തീര്‍ച്ച! അദ്ദേഹം അപേക്ഷിച്ചു: നാഥാ, സ്വജനത എന്നെ വ്യാജനാക്കുക തന്നെ ചെയ്തിരിക്കയാണ്; അതിനാല്‍ എനിക്കും അവര്‍ക്കും മധ്യേ നീയൊരു വിജയ തീരുമാനമുണ്ടാക്കുകയും എന്നെയും സഹചാരികളായ വിശ്വാസികളെയും രക്ഷപ്പെടുത്തുകയും ചെയ്യേണമേ.

قَالُواْ لَئِن لَّمۡ تَنتَهِ يَٰنُوحُ لَتَكُونَنَّ مِنَ ٱلۡمَرۡجُومِينَ ۝١١٦
قَالَ رَبِّ إِنَّ قَوۡمِي كَذَّبُونِ ۝١١٧
فَٱفۡتَحۡ بَيۡنِي وَبَيۡنَهُمۡ فَتۡحٗا وَنَجِّنِي وَمَن مَّعِيَ مِنَ ٱلۡمُؤۡمِنِينَ ۝١١٨
119–122

അപ്പോള്‍ അദ്ദേഹത്തെയും സഹചാരികളെയും നിര്‍ഭരമായ ജലയാനത്തില്‍ നാം രക്ഷിച്ചു. ശിഷ്ടജനത്തെ പിന്നീട് നാം മുക്കിക്കൊന്നു. നിശ്ചയം ഇതില്‍ വന്‍ ദൃഷ്ടാന്തമുണ്ട്. എന്നാല്‍, മനുഷ്യരില്‍ മിക്കവരും സത്യവിശ്വാസം കൈക്കൊണ്ടവരായില്ല. താങ്കളുടെ നാഥന്‍ പ്രതാപശാലിയും കരുണാമയനും തന്നെയത്രേ.24

1 വിശദീകരണം കാണുക

24. നൂഹ് നബി(അ)യുടെ ഗുണകാംക്ഷയും സദുപദേശവും ആര്‍ദ്ര സമീപനങ്ങളുമൊന്നും ഫലം ചെയ്തില്ല. അവരുടെ അഹന്തയും ധിക്കാരവും പതഞ്ഞുപൊങ്ങി. നിസ്സഹായാവസ്ഥയില്‍ ഹൃദയം നുറുങ്ങി കൈയുയര്‍ത്തിയ നൂഹ് നബി(അ)യുടെ അപേക്ഷ അല്ലാഹു ശ്രവിച്ചു. വന്‍പ്രളയമുണ്ടായി. നിഷേധികള്‍ മുങ്ങിനശിച്ചു. അല്‍പമെങ്കിലും ബുദ്ധിയുള്ള ആര്‍ക്കും ചിന്തിക്കാനും പാഠമുള്‍ക്കൊള്ളാനും വകയുള്ളതാണല്ലോ ഈ ദൃഷ്ടാന്തം.

فَأَنجَيۡنَٰهُ وَمَن مَّعَهُۥ فِي ٱلۡفُلۡكِ ٱلۡمَشۡحُونِ ۝١١٩
ثُمَّ أَغۡرَقۡنَا بَعۡدُ ٱلۡبَاقِينَ ۝١٢٠
إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ ۝١٢١
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ ۝١٢٢
123–135

ആദ് ഗോത്രം ദൈവദൂതന്മാരെ വ്യാജരാക്കി- നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്നില്ലേ എന്നു സ്വസഹോദരന്‍ ഹൂദ് നബി അവരോടു ചോദിച്ചപ്പോള്‍. ഞാന്‍ നിങ്ങളിലേക്ക് നിയുക്തനായ വിശ്വസ്ത ദൂതന്‍ തന്നെയാണ്; അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക എന്നദ്ദേഹം പറഞ്ഞ സന്ദര്‍ഭം സ്മരണീയമത്രേ:25
ഇതിന്റെ പേരില്‍ യാതൊരു കൂലിയും നിങ്ങളോട് ഞാന്‍ ചോദിക്കുന്നില്ല; പ്രപഞ്ചനാഥങ്കല്‍ മാത്രമാണ് എന്റെ പ്രതിഫലം. വെറുതെ തന്‍പോരിമ കാട്ടാനായി ഓരോ കുന്നിന്‍പുറത്തും നിങ്ങള്‍ ഗോപുരം പണിയുകയാണോ? ശാശ്വതമായി നിവസിക്കാമെന്നു ധരിച്ച് നിങ്ങള്‍ രമ്യഹര്‍മങ്ങള്‍ നിര്‍മിക്കുകയാണോ? ജനങ്ങളോടു ബലപ്രയോഗം നടത്തുന്നുവെങ്കില്‍ അതിനിഷ്ഠുരന്മാരായാണോ നിങ്ങളതു ചെയ്യുന്നത്? അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും വേണം. നിങ്ങള്‍ക്കു നന്നായറിയുന്ന പോലെ, കാലികളും സന്താനങ്ങളും ഉദ്യാനങ്ങളും അരുവികളും കനിഞ്ഞേകി നിങ്ങളെ അനുഗ്രഹിച്ച അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുക; ഭീകരമായ ഒരു നാളിലെ ശിക്ഷ നിങ്ങളെ ബാധിക്കുമെന്നു ഞാന്‍ ഭയപ്പെടുകയാണ്.26

2 വിശദീകരണങ്ങൾ കാണുക

25. ആദ് ഗോത്രക്കാരുടെ കഥ 7:65, 9:70, 11:50 തുടങ്ങി പലേടത്തും പറഞ്ഞുപോയിട്ടുണ്ട്; ഇനിയും വരുന്നുമുണ്ട്. അറേബ്യന്‍ ഉപദ്വീപിന്റെ തെക്കുവശത്ത് അല്‍ അഹ്ഖാഫ് പ്രവിശ്യയിലായിരുന്നു ഇവര്‍. (ഖുര്‍ആന്‍ 46:21) കൊടിയ അഹന്തയും ധിക്കാരവും നിഷേധവും മൂലം അവര്‍ ഉന്മൂലനം ചെയ്യപ്പെടുകയായിരുന്നു.

26. പകിട്ടും പ്രൗഢിയും പ്രാബല്യവും പ്രകടിപ്പിക്കാനായി അവിശ്വാസികളും സമ്പന്നരും ഓരോന്നു ചെയ്തുകൊണ്ടിരിക്കും. എക്കാലവും അവരുടെ മുഖമുദ്രയാണത്. ആദ് ഗോത്രക്കാരും ചെയ്യുന്നത് അതാണ്. ജനങ്ങള്‍ കാണാന്‍ മാത്രമായി വന്‍ രമ്യഹര്‍മങ്ങള്‍ പണിയുന്നവര്‍ ഇന്നു സാര്‍വത്രികമാണല്ലോ. കണ്ണില്‍ ചോരയില്ലാതെ അക്രമ-മര്‍ദനങ്ങള്‍ പതിവാക്കിയവരെയും കാണാം.

كَذَّبَتۡ عَادٌ ٱلۡمُرۡسَلِينَ ۝١٢٣
إِذۡ قَالَ لَهُمۡ أَخُوهُمۡ هُودٌ أَلَا تَتَّقُونَ ۝١٢٤
إِنِّي لَكُمۡ رَسُولٌ أَمِينٞ ۝١٢٥
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ۝١٢٦
وَمَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍۖ إِنۡ أَجۡرِيَ إِلَّا عَلَىٰ رَبِّ ٱلۡعَٰلَمِينَ ۝١٢٧
أَتَبۡنُونَ بِكُلِّ رِيعٍ ءَايَةٗ تَعۡبَثُونَ ۝١٢٨
وَتَتَّخِذُونَ مَصَانِعَ لَعَلَّكُمۡ تَخۡلُدُونَ ۝١٢٩
وَإِذَا بَطَشۡتُم بَطَشۡتُمۡ جَبَّارِينَ ۝١٣٠
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ۝١٣١
وَٱتَّقُواْ ٱلَّذِيٓ أَمَدَّكُم بِمَا تَعۡلَمُونَ ۝١٣٢
أَمَدَّكُم بِأَنۡعَٰمٖ وَبَنِينَ ۝١٣٣
وَجَنَّٰتٖ وَعُيُونٍ ۝١٣٤
إِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٍ عَظِيمٖ ۝١٣٥
136–140

ജനം പ്രതികരിച്ചു: 'നീ ഉപദേശം നല്‍കിയാലും ഇല്ലെങ്കിലും ഞങ്ങള്‍ക്കു തുല്യമാണ്. പൂര്‍വികന്മാരുടെ ആചാര രീതികള്‍ മാത്രമാണ് ഞങ്ങളീ ചെയ്യുന്നത്; തന്മൂലം ഞങ്ങള്‍ ശിക്ഷിക്കപ്പെടുകയൊന്നുമില്ല!' അങ്ങനെ അദ്ദേഹത്തെയവര്‍ നിഷേധിച്ചു തള്ളി. തന്നിമിത്തം അവരെ നാം സംഹരിച്ചു കളഞ്ഞു. ഇതില്‍ വന്‍ ദൃഷ്ടാന്തമുണ്ട്, തീര്‍ച്ച. എന്നാല്‍, മനുഷ്യരില്‍ മിക്കവരും സത്യവിശ്വാസം കൈക്കൊണ്ടവരായില്ല. താങ്കളുടെ നാഥന്‍ കരുണാമയനും പ്രതാപശാലിയും തന്നെയത്രേ.27

1 വിശദീകരണം കാണുക

27. ഹൂദ് നബി(അ)യെ ജനങ്ങള്‍ വ്യാജനാക്കി തള്ളി. അദ്ദേഹത്തിന്റെ സ്‌നേഹാര്‍ദ്രമായ താക്കീതുകളെ ആദ് സമൂഹം പരിഹാസപൂര്‍വം അവഗണിച്ചു. മതിമറന്ന ജീവിതം ഏറെ മുന്നോട്ടുപോയില്ല; ഒരാഴ്ച നീണ്ട അതിശക്തമായ ശീതക്കാറ്റു മൂലം അവര്‍ ഭൂതലത്തില്‍ നിന്നു ഒരവശിഷ്ടവും ബാക്കിവരാത്തവിധം വിപാടനം ചെയ്യപ്പെട്ടു. (ഖുര്‍ആന്‍ 69:1-8) ഇങ്ങനെ നിഷേധീ സമൂഹങ്ങളുടെ ദയനീയ പരിണതി എത്ര പ്രതിപാദിച്ചിട്ടും അവര്‍ സത്യം ഗ്രഹിക്കുന്നില്ല, കഷ്ടം!

قَالُواْ سَوَآءٌ عَلَيۡنَآ أَوَعَظۡتَ أَمۡ لَمۡ تَكُن مِّنَ ٱلۡوَٰعِظِينَ ۝١٣٦
إِنۡ هَٰذَآ إِلَّا خُلُقُ ٱلۡأَوَّلِينَ ۝١٣٧
وَمَا نَحۡنُ بِمُعَذَّبِينَ ۝١٣٨
فَكَذَّبُوهُ فَأَهۡلَكۡنَٰهُمۡۚ إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ ۝١٣٩
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ ۝١٤٠
141–149

സമൂദ് ഗോത്രം ദൈവദൂതന്മാരെ വ്യാജരാക്കി- സ്വന്തം സഹോദരന്‍ സ്വാലിഹ് നബി അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്തി ജീവിക്കുന്നില്ലേ? ഞാന്‍ നിങ്ങളിലേക്കു നിയുക്തനായ വിശ്വസ്ത ദൂതന്‍ തന്നെയാണ്; അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക. ഇതിന്റെ പേരില്‍ യാതൊരു കൂലിയും നിങ്ങളോടു ഞാന്‍ ചോദിക്കുന്നില്ല; പ്രപഞ്ചനാഥങ്കല്‍ മാത്രമാണ് എന്റെ പ്രതിഫലം. ഈ ഭൗതിക ജീവിതത്തില്‍ വിശ്വസ്തരായി, ഈ ഉദ്യാനങ്ങളിലും അരുവികളിലും കൃഷിയിടങ്ങളിലും വന്‍കുലകള്‍ തൂങ്ങുന്ന ഈന്തമരങ്ങളിലും വിട്ടേക്കപ്പെടുമെന്നാണോ നിങ്ങളുടെ വിചാരം? ആഹ്ലാദപ്രമത്തരായി മലകള്‍ തുരന്നുവീടുകള്‍ നിര്‍മിക്കയാണോ നിങ്ങള്‍?28

1 വിശദീകരണം കാണുക

28. ഇന്നത്തെ സഊദി അറേബ്യയുടെ വടക്കു ഭാഗത്ത് അല്‍ ഉലായുടെ സമീപമുള്ള മദാഇന്‍ സ്വാലിഹില്‍ (പഴയ പേര് അല്‍ ഹിജ്ര്‍) വസിച്ചിരുന്നവരാണിവര്‍. പാറമല തുരന്നുണ്ടാക്കിയ നിരവധി വീടുകളും അവരുടെ ജലസ്രോതസ്സും ഇന്നും അവിടെ കാണാം. ഒട്ടേറെ സന്ദര്‍ശകര്‍ അവിടെ വന്നുകൊണ്ടിരിക്കുന്നു. ഈയുള്ളവനും ആ മേഖല ചുറ്റിക്കറങ്ങാനും ഗുഹാവീടുകളില്‍ കടന്നുകാണാനും അവസരം ലഭിച്ചിട്ടുണ്ട്. സുഭിക്ഷ ജീവിതം നയിച്ചിരുന്ന അവര്‍ മതിമറന്ന് അഹങ്കരിച്ച് സ്വാലിഹ് നബി(അ)യെ നിഷേധിച്ചു. അല്‍അഅ്‌റാഫ് 73-79ല്‍ ഇവരുടെ ചരിത്രവും ഉന്മൂലന വൃത്താന്തവും പറഞ്ഞിട്ടുണ്ട്.

كَذَّبَتۡ ثَمُودُ ٱلۡمُرۡسَلِينَ ۝١٤١
إِذۡ قَالَ لَهُمۡ أَخُوهُمۡ صَٰلِحٌ أَلَا تَتَّقُونَ ۝١٤٢
إِنِّي لَكُمۡ رَسُولٌ أَمِينٞ ۝١٤٣
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ۝١٤٤
وَمَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍۖ إِنۡ أَجۡرِيَ إِلَّا عَلَىٰ رَبِّ ٱلۡعَٰلَمِينَ ۝١٤٥
أَتُتۡرَكُونَ فِي مَا هَٰهُنَآ ءَامِنِينَ ۝١٤٦
فِي جَنَّٰتٖ وَعُيُونٖ ۝١٤٧
وَزُرُوعٖ وَنَخۡلٖ طَلۡعُهَا هَضِيمٞ ۝١٤٨
وَتَنۡحِتُونَ مِنَ ٱلۡجِبَالِ بُيُوتٗا فَٰرِهِينَ ۝١٤٩
150–152

അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക; നാട്ടില്‍ കുഴപ്പമുണ്ടാക്കുകയും ഒരുവിധ നന്മയും അനുവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന അതിക്രമകാരികളെ അനുസരിച്ചു പോകരുത്.29

1 വിശദീകരണം കാണുക

29. സാമ്പത്തിക ഭദ്രതയും അഹങ്കാരവും ഒത്തുചേരുമ്പോള്‍ മനുഷ്യനു നിശ്ശേഷം ബോധമസ്തമിച്ചുപോകും. അക്രമവും അനീതിയും തെമ്മാടിത്തവും അവരുടെ കൈമുതലാകും. ഇത്തരക്കാരായ കുറേയാളുകള്‍ അവിടെയുണ്ടായിരുന്നു. എല്ലാവിധ അധര്‍മ പ്രവൃത്തികള്‍ക്കും നേതൃത്വം വഹിച്ചിരുന്ന കൊടുംകുറ്റവാളികളായ ഒരു ഒമ്പതംഗ സംഘത്തെക്കുറിച്ച് 27:48-52ല്‍ പറയുന്നുണ്ട്. എക്കാലത്തെയും തെമ്മാടികള്‍ക്ക് ഇതൊക്കെ ഗുണപാഠമായിരിക്കേണ്ടതാകുന്നു.

فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ۝١٥٠
وَلَا تُطِيعُوٓاْ أَمۡرَ ٱلۡمُسۡرِفِينَ ۝١٥١
ٱلَّذِينَ يُفۡسِدُونَ فِي ٱلۡأَرۡضِ وَلَا يُصۡلِحُونَ ۝١٥٢
153–154

അവര്‍ പ്രതികരിച്ചു: ഒരു മാരണബാധിതന്‍ മാത്രമാണ് നീ. ഞങ്ങളെപ്പോലെ ഒരു കേവല മനുഷ്യനല്ലാതെ നീ മറ്റൊന്നുമല്ല. അതുകൊണ്ട്, സത്യവാനാണു നീയെങ്കില്‍ എന്തെങ്കിലും ദൃഷ്ടാന്തം കൊണ്ടുവാ!30

1 വിശദീകരണം കാണുക

30. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുക എന്ന വിവേകശൂന്യമായ രീതി എക്കാലവും സത്യനിഷേധികളുടെ മുഖമുദ്രയാണ്. ഇവിടെ സ്വാലിഹ് നബി(അ)യെ മാരണവേലകള്‍ ബാധിച്ച ഒരാളായി ചിത്രീകരിക്കുകയാണവര്‍. മക്കയിലെ നിഷേധികള്‍ തിരുനബി(സ്വ)യോടും ഇങ്ങനെ ജല്‍പിച്ചിരുന്നു.

قَالُوٓاْ إِنَّمَآ أَنتَ مِنَ ٱلۡمُسَحَّرِينَ ۝١٥٣
مَآ أَنتَ إِلَّا بَشَرٞ مِّثۡلُنَا فَأۡتِ بِـَٔايَةٍ إِن كُنتَ مِنَ ٱلصَّٰدِقِينَ ۝١٥٤
155–159

സ്വാലിഹ് നബി പറഞ്ഞു: ഇതാ, അത്യത്ഭുതകരമായ ഒരൊട്ടകം! അതിന്റെ ജലപാനത്തിന് ഒരു ഊഴമുണ്ട്; നിര്‍ണിത നാളില്‍ നിങ്ങള്‍ക്കുമുണ്ടൊരു ഊഴം. ഒരുവിധ പീഡനവും നിങ്ങളതിന് ഏല്‍പിക്കരുത്. അങ്ങനെ സംഭവിക്കുന്നുവെങ്കില്‍ ഒരു കഠോരനാളിലെ ശിക്ഷ നിങ്ങളെ പിടികൂടുന്നതാണ്. എന്നാല്‍ അവരതിനെ കുത്തിയറുത്തു. അങ്ങനെയവര്‍ നെടുംഖേദത്തിലാണ്ടു. തല്‍ക്ഷണം ശിക്ഷ അവരെ പിടികൂടി.31
ഇതില്‍ വലിയ ദൃഷ്ടാന്തമുണ്ട്, തീര്‍ച്ച; പക്ഷേ, മനുഷ്യരില്‍ മിക്കവരും വിശ്വാസം കൈവരിക്കുന്നവരായില്ല. നിശ്ചയം, താങ്കളുടെ നാഥന്‍ തന്നെയത്രേ പ്രതാപശാലിയും കരുണാമയനും.32

2 വിശദീകരണങ്ങൾ കാണുക

31. വലിയൊരു പാറ ചൂണ്ടിക്കാണിച്ചിട്ട് അവര്‍ തട്ടിവിട്ടു: ഇതില്‍ നിന്ന് പൂര്‍ണ ഗര്‍ഭിണിയായ ഒരൊട്ടകം പുറത്തുവരിക എന്ന ദൃഷ്ടാന്തം നീ കാണിച്ചുതന്നാല്‍ ഞങ്ങള്‍ വിശ്വസിക്കാം! സ്വാലിഹ് നബി(അ) അല്ലാഹുവിനോട് ദുആ ചെയ്ത് അപേക്ഷിച്ചപ്പോള്‍ ആ അത്യത്ഭുതവും സംഭവിച്ചു. പക്ഷേ, അവര്‍ വാക്കുമാറ്റി; എന്നല്ല, ഒട്ടകത്തെ അവര്‍ കുത്തിക്കൊന്നു. ഫലമോ? ഘോരശിക്ഷയിറങ്ങി. അവരുടെ ഖേദം പശ്ചാത്താപത്തിന്റേതല്ല, ശിക്ഷാകാഠിന്യത്തിന്റേതാണ്. ശക്തരും അഹങ്കാരികളുമായിരുന്ന അവര്‍ ഉന്മൂലനം ചെയ്യപ്പെട്ടു.

32. ചരിത്രത്തിന്റെ നാള്‍വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഇങ്ങനെ നിരവധി ധിക്കാരികളെയും അവരുടെ ശവപ്പറമ്പുകളും കാണാം. എന്നിട്ടും സത്യം അംഗീകരിക്കാന്‍ സന്നദ്ധനാകാത്ത മനുഷ്യന്‍ എത്ര വലിയ ബുദ്ധിശൂന്യന്‍!

قَالَ هَٰذِهِۦ نَاقَةٞ لَّهَا شِرۡبٞ وَلَكُمۡ شِرۡبُ يَوۡمٖ مَّعۡلُومٖ ۝١٥٥
وَلَا تَمَسُّوهَا بِسُوٓءٖ فَيَأۡخُذَكُمۡ عَذَابُ يَوۡمٍ عَظِيمٖ ۝١٥٦
فَعَقَرُوهَا فَأَصۡبَحُواْ نَٰدِمِينَ ۝١٥٧
فَأَخَذَهُمُ ٱلۡعَذَابُۚ إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ ۝١٥٨
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ ۝١٥٩
160–166

ലൂത്ത് നബിയുടെ ഗോത്രവും ദൈവദൂതന്മാരെ വ്യാജരാക്കി-തങ്ങളുടെ സോദരന്‍ ലൂത്ത് നബി അവരോട് ഉണര്‍ത്തിയ സന്ദര്‍ഭം സ്മരണീയമത്രേ: നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ? നിങ്ങളിലേക്കുള്ള വിശ്വസ്ത ദൂതന്‍ തന്നെയാണു ഞാന്‍. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക. ഈ ദൗത്യനിര്‍വഹണത്തിന് ഒരുവിധ പ്രതിഫലവും നിങ്ങളോടു ഞാനാവശ്യപ്പെടുന്നില്ല. പ്രപഞ്ചസംരക്ഷകന്റെയടുത്താണ് എന്റെ പ്രതിഫലം. നിങ്ങള്‍ മാലോകരില്‍ നിന്ന് ആണുങ്ങളെ പ്രാപിക്കുകയും, നാഥന്‍ നിങ്ങള്‍ക്ക് സൃഷ്ടിച്ചുണ്ടാക്കിയ പെണ്ണിണകളെ വര്‍ജിക്കുകയുമാണോ? അല്ല, അതിക്രമികളായൊരു കൂട്ടര്‍ തന്നെയത്രേ നിങ്ങള്‍!33

1 വിശദീകരണം കാണുക

33. സ്വവര്‍ഗഭോഗത്തിന്റെ ലഹരി മൂത്തവരായിരുന്നു ലൂത്ത് നബി(അ)യുടെ ജനത. നബിയവരെ സത്യമാര്‍ഗത്തിലേക്ക് ക്ഷണിക്കുകയും ആത്മാര്‍ത്ഥമായ തന്റെ നിലപാട് വ്യക്തമാക്കുകയുമുണ്ടായി. ലൈംഗിക ദാഹത്തിന്റെ നിവൃത്തിക്കായി അല്ലാഹു സംവിധാനിച്ച രീതി കൈവെടിഞ്ഞ് സ്വവര്‍ഗഭോഗമെന്ന അതിഹീനമായ ദുര്‍വൃത്തിക്കെതിരെ അവരുടെ ശ്രദ്ധ ക്ഷണിച്ചു. പക്ഷേ, അന്ധത ബാധിച്ച ജനം നബിയെ നിഷേധിച്ചു തള്ളി. പരിഹസിക്കുകയും അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തു.

كَذَّبَتۡ قَوۡمُ لُوطٍ ٱلۡمُرۡسَلِينَ ۝١٦٠
إِذۡ قَالَ لَهُمۡ أَخُوهُمۡ لُوطٌ أَلَا تَتَّقُونَ ۝١٦١
إِنِّي لَكُمۡ رَسُولٌ أَمِينٞ ۝١٦٢
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ۝١٦٣
وَمَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍۖ إِنۡ أَجۡرِيَ إِلَّا عَلَىٰ رَبِّ ٱلۡعَٰلَمِينَ ۝١٦٤
أَتَأۡتُونَ ٱلذُّكۡرَانَ مِنَ ٱلۡعَٰلَمِينَ ۝١٦٥
وَتَذَرُونَ مَا خَلَقَ لَكُمۡ رَبُّكُم مِّنۡ أَزۡوَٰجِكُمۚ بَلۡ أَنتُمۡ قَوۡمٌ عَادُونَ ۝١٦٦
167–175

അവര്‍ ആക്രോശിച്ചു: ലൂത്തേ, ഇപ്പണി നിര്‍ത്തുന്നില്ലെങ്കില്‍ നിന്നെ ഞങ്ങള്‍ നാട്ടില്‍ നിന്ന് പുറത്താക്കുക തന്നെ ചെയ്യുന്നതാണ്! അദ്ദേഹം പ്രതികരിച്ചു: നിങ്ങളുടെ ഈ ഹീനവൃത്തിയോട് എനിക്ക് വല്ലാത്ത വിദ്വേഷം തന്നെയുണ്ട്. 'നാഥാ, എന്നെയും കുടുംബത്തെയും ഇവരുടെ ഹീനവൃത്തിയില്‍ നിന്ന് നീ രക്ഷപ്പെടുത്തേണമേ!' അങ്ങനെ അദ്ദേഹത്തെയും കുടുംബത്തെയും ഒന്നടങ്കം-പിന്തിരിഞ്ഞുനിന്ന ഒരു വൃദ്ധയൊഴിച്ച്-34
നാം രക്ഷപ്പെടുത്തി. പിന്നെ ശേഷിച്ചവരെ നാം സംഹരിച്ചുകളഞ്ഞു. അവര്‍ക്കു മീതെ നാമൊരു മഴ വര്‍ഷിപ്പിച്ചു. ഭീഷണിപ്പെടുത്തപ്പെട്ടിരുന്ന ആ സമൂഹത്തിനു മീതെ ചൊരിഞ്ഞ ആ മഴ എത്രമേല്‍ ഹീനം!35
ഇതില്‍ വലിയ ദൃഷ്ടാന്തമുണ്ട്, തീര്‍ച്ച. പക്ഷേ, മനുഷ്യരില്‍ മിക്കവരും വിശ്വാസം വരിക്കുന്നവരായില്ല. നിശ്ചയം, താങ്കളുടെ നാഥന്‍ തന്നെയത്രേ പ്രതാപശാലിയും കരുണാമയനും.

2 വിശദീകരണങ്ങൾ കാണുക

34. പിന്തിരിഞ്ഞുനിന്ന വൃദ്ധ ലൂത്ത് നബി(അ)യുടെ ഭാര്യ തന്നെയായിരുന്നു. നിഷേധികളുടെ കൈയിലെ പാവയായി ആ നിര്‍ഭാഗ്യവതി മാറിപ്പോയിരുന്നു. ശിക്ഷയിറങ്ങിയപ്പോള്‍ അവള്‍ ശിലയായി പരിണമിച്ചു എന്ന് ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഫലസ്ഥീനിലെ ചാവുകടലില്‍ നിന്ന് ഈജിപ്തിന്റെ ഥാബാ അതിര്‍ത്തിയിലേക്കുള്ള റോഡിന്റെ വലതു വശത്ത് ഒരു മലയില്‍ ഇന്നും ഇവളുടേതെന്നു പറയപ്പെടുന്ന ഒരു മനുഷ്യശിലാരൂപം കാണാം.

35. അന്തരീക്ഷത്തില്‍ നിന്ന് അത്യുഷ്ണമുള്ള ചുടുകല്ലുകള്‍ ഉതിര്‍ന്നുവീണ ഘോര ശിക്ഷയായിരുന്നു അത്. അല്‍ ഹിജ്ര്‍ 57-77ലും മറ്റും ഇവരുടെ ധിക്കാരവും ദുരന്തപൂര്‍ണമായ നിഷ്‌കാസനക്കഥയും പ്രതിപാദിച്ചിട്ടുണ്ട്.

قَالُواْ لَئِن لَّمۡ تَنتَهِ يَٰلُوطُ لَتَكُونَنَّ مِنَ ٱلۡمُخۡرَجِينَ ۝١٦٧
قَالَ إِنِّي لِعَمَلِكُم مِّنَ ٱلۡقَالِينَ ۝١٦٨
رَبِّ نَجِّنِي وَأَهۡلِي مِمَّا يَعۡمَلُونَ ۝١٦٩
فَنَجَّيۡنَٰهُ وَأَهۡلَهُۥٓ أَجۡمَعِينَ ۝١٧٠
إِلَّا عَجُوزٗا فِي ٱلۡغَٰبِرِينَ ۝١٧١
ثُمَّ دَمَّرۡنَا ٱلۡأٓخَرِينَ ۝١٧٢
وَأَمۡطَرۡنَا عَلَيۡهِم مَّطَرٗاۖ فَسَآءَ مَطَرُ ٱلۡمُنذَرِينَ ۝١٧٣
إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ ۝١٧٤
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ ۝١٧٥
176–184

ഐക്കത്തു കാരും ദൈവദൂതന്മാരെ വ്യാജരാക്കി.36
ശുഐബ് നബി അവരോട് ഉണര്‍ത്തിയ ഘട്ടം സ്മരണീയമത്രേ: നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ? നിങ്ങളിലേക്കുള്ള വിശ്വസ്ത ദൂതന്‍ തന്നെയാണു ഞാന്‍. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക. ഈ ദൗത്യനിര്‍വഹണത്തിനു ഒരുവിധ പ്രതിഫലവും നിങ്ങളോട് ഞാനാവശ്യപ്പെടുന്നില്ല. പ്രപഞ്ചസംരക്ഷകന്റെയടുത്താണ് എന്റെ പ്രതിഫലം. നിങ്ങള്‍ അളവ് പൂര്‍ണമായി നല്‍കണം; ആളുകള്‍ക്ക് നഷ്ടം വരുത്തുന്നവരാകരുത്; നേരെചൊവ്വേയുള്ള ത്രാസ് കൊണ്ട് വേണം തൂക്കാന്‍. ആളുകള്‍ക്ക് അവരുടെ വസ്തുക്കളില്‍ കുറവ് വരുത്തരുത്. വിനാശകാരികളായി നിങ്ങള്‍ നാട്ടില്‍ അതിക്രമം കാട്ടരുത്. നിങ്ങളെയും പൂര്‍വിക തലമുറകളെയും പടച്ച നാഥനെ സൂക്ഷിക്കുക.37

2 വിശദീകരണങ്ങൾ കാണുക

36. ഐക്കത്ത് എന്ന പദത്തിനര്‍ത്ഥം മരക്കൂട്ടം എന്നാണ്. മരുഭൂമിയിലെ മരുപ്പച്ചകളില്‍ ചെടികളും മരങ്ങളും ജലാശയവും മറ്റുമുണ്ടാകും. അത്തരമൊരിടത്താണ് ശുഐബ് നബി(അ)യുടെ ജനത നിവസിച്ചിരുന്നത്. ഉപദ്വീപിന്റെ ഉത്തരഭാഗത്തെ മദ്‌യന്‍ എന്ന മേഖലയിലായിരുന്നു ഇത്.

37. കച്ചവടത്തിലുള്ള ചൂഷണം, പൂഴ്ത്തിവെപ്പ്, വ്യാജവും കൃത്രിമവുമായ അളവു-തൂക്ക മാധ്യമങ്ങളുപയോഗിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കല്‍, മറ്റു വ്യത്യസ്ത നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിമഗ്നരായിരുന്നു അവര്‍. അതാണ് അവ പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നത്.

كَذَّبَ أَصۡحَٰبُ لۡـَٔيۡكَةِ ٱلۡمُرۡسَلِينَ ۝١٧٦
إِذۡ قَالَ لَهُمۡ شُعَيۡبٌ أَلَا تَتَّقُونَ ۝١٧٧
إِنِّي لَكُمۡ رَسُولٌ أَمِينٞ ۝١٧٨
فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ۝١٧٩
وَمَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍۖ إِنۡ أَجۡرِيَ إِلَّا عَلَىٰ رَبِّ ٱلۡعَٰلَمِينَ ۝١٨٠
۞ أَوۡفُواْ ٱلۡكَيۡلَ وَلَا تَكُونُواْ مِنَ ٱلۡمُخۡسِرِينَ ۝١٨١
وَزِنُواْ بِٱلۡقِسۡطَاسِ ٱلۡمُسۡتَقِيمِ ۝١٨٢
وَلَا تَبۡخَسُواْ ٱلنَّاسَ أَشۡيَآءَهُمۡ وَلَا تَعۡثَوۡاْ فِي ٱلۡأَرۡضِ مُفۡسِدِينَ ۝١٨٣
وَٱتَّقُواْ ٱلَّذِي خَلَقَكُمۡ وَٱلۡجِبِلَّةَ ٱلۡأَوَّلِينَ ۝١٨٤
185–187

അവര്‍ പ്രതികരിച്ചു: ഒരു മാരണബാധിതന്‍ മാത്രമാണു നീ; ഞങ്ങളെപ്പോലെ ഒരു കേവല മനുഷ്യനല്ലാതെ മറ്റാരുമല്ല. നീ നുണയന്മാരില്‍ പെട്ടവന്‍ തന്നെയാണെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. അതുകൊണ്ട് സത്യവാദിയാണെങ്കില്‍ ആകാശത്തിന്റെ കഷ്ണങ്ങള്‍ ഞങ്ങള്‍ക്കു മീതെ വീഴ്ത്തൂ!38

1 വിശദീകരണം കാണുക

38. മുമ്പ് ചില നിഷേധികള്‍ ജല്‍പിച്ചതു പോലുള്ള നിരര്‍ത്ഥക വാദങ്ങളാണ് ഇവരും സമര്‍പ്പിക്കുന്നത്. ഇനി, നീ സത്യവാദിയാണെങ്കില്‍ ആകാശം പൊട്ടിച്ചിതറി അതിന്റെ കഷ്ണങ്ങള്‍ തങ്ങളുടെ മീതെ വീഴ്ത്തിക്കൊടുക്കണമെന്നാണവരുടെ വാദം. അഹങ്കാരം മൂത്ത് ചോദിച്ചുവാങ്ങുന്ന ആ ശിക്ഷ ഇതാ വരവായി!

قَالُوٓاْ إِنَّمَآ أَنتَ مِنَ ٱلۡمُسَحَّرِينَ ۝١٨٥
وَمَآ أَنتَ إِلَّا بَشَرٞ مِّثۡلُنَا وَإِن نَّظُنُّكَ لَمِنَ ٱلۡكَٰذِبِينَ ۝١٨٦
فَأَسۡقِطۡ عَلَيۡنَا كِسَفٗا مِّنَ ٱلسَّمَآءِ إِن كُنتَ مِنَ ٱلصَّٰدِقِينَ ۝١٨٧
188–191

ശുഐബ് നബി പ്രതികരിച്ചു: നിങ്ങളുടെ ദുഷ്‌ചെയ്തികളെക്കുറിച്ച് എന്റെ നാഥന്‍ സൂക്ഷ്മജ്ഞനത്രേ. അങ്ങനെ അദ്ദേഹത്തെയവര്‍ വ്യാജനാക്കി. തന്മൂലം മേഘത്താല്‍ ആവരണം ചെയ്തനാളിന്റെ ഘോരശിക്ഷ അവരെ ബാധിച്ചു.39
ഒരു ഭയാനക നാളിന്റെ കഠോരശിക്ഷ തന്നെയായിരുന്നു അത്. ഇതില്‍ വലിയ ദൃഷ്ടാന്തമുണ്ട്, തീര്‍ച്ച. പക്ഷേ, മനുഷ്യരില്‍ മിക്കവരും വിശ്വാസം വരിക്കുന്നവരായില്ല. നിശ്ചയം, താങ്കളുടെ നാഥന്‍ തന്നെയത്രേ പ്രതാപശാലിയും കരുണാമയനും.

1 വിശദീകരണം കാണുക

39. അതികഠിനമായ ചൂടായിരുന്നു ശിക്ഷയുടെ ആദ്യപടി. തീക്കാറ്റ് ശ്വസിക്കാനാകാതെ വീടുകള്‍ വിട്ട് അവര്‍ മരുഭൂമിയിലേക്ക് ഓടി. അവിടെയതാ ശീതളമായ മേഘത്തണല്‍! എല്ലാവരും അങ്ങോട്ട് ഓടിക്കൂടി. മുഴുവനാളുകളും സമ്മേളിച്ചു കഴിഞ്ഞപ്പോള്‍ അതാ മേഘത്തില്‍ നിന്നു ശക്തമായ അഗ്നിവര്‍ഷം. സര്‍വരും ചത്തുമലച്ചു. അല്ലാഹുവിനോട് ഏറ്റുമുട്ടിയ ധിക്കാരികളുടെ അതീവ ദയനീയമായ ഈ പരിണതി ആര്‍ക്കും ചിന്താര്‍ഹമല്ലേ?

قَالَ رَبِّيٓ أَعۡلَمُ بِمَا تَعۡمَلُونَ ۝١٨٨
فَكَذَّبُوهُ فَأَخَذَهُمۡ عَذَابُ يَوۡمِ ٱلظُّلَّةِۚ إِنَّهُۥ كَانَ عَذَابَ يَوۡمٍ عَظِيمٍ ۝١٨٩
إِنَّ فِي ذَٰلِكَ لَأٓيَةٗۖ وَمَا كَانَ أَكۡثَرُهُم مُّؤۡمِنِينَ ۝١٩٠
وَإِنَّ رَبَّكَ لَهُوَ ٱلۡعَزِيزُ ٱلرَّحِيمُ ۝١٩١
192–199

നിശ്ചയം, ഈ ഖുര്‍ആന്‍ പ്രപഞ്ചനാഥന്‍ അവതരിപ്പിച്ചത് തന്നെയാണ്! അങ്ങയുടെ ഹൃദയത്തില്‍ ജിബ്‌രീല്‍ അതുമായി ഇറങ്ങിയിരിക്കുന്നു. സ്ഫുടമായ അറബി ഭാഷയില്‍ താക്കീതു നല്‍കുന്നവരില്‍ താങ്കള്‍ ആയിരിക്കാന്‍ വേണ്ടിയത്രേ അത്. പൂര്‍വഗാമികളുടെ വേദങ്ങളിലും ഖുര്‍ആന്റെ പരാമര്‍ശങ്ങളുണ്ട്.40
ഇസ്രയേലീ വിദ്വാന്മാര്‍ക്ക് ഇതിനെപ്പറ്റി അറിയാമെന്ന വസ്തുത ഈ നിഷേധികള്‍ക്കെന്താണ് ദൃഷ്ടാന്തമാകാത്തത്? ഏതെങ്കിലും ഒരു അനറബിക്ക് നാം ഇതവതരിപ്പിക്കുകയും അയാള്‍ അവര്‍ക്കത് പാരായണം ചെയ്തുകൊടുക്കുകയും ചെയ്തിരുന്നുവെങ്കില്‍ അതിലവര്‍ ഒട്ടുമേ വിശ്വസിക്കുമായിരുന്നില്ല.41

2 വിശദീകരണങ്ങൾ കാണുക

40. നിഷേധികളില്‍ പലരുടെയും ചരിത്രങ്ങള്‍ പ്രതിപാദിച്ച ശേഷം ഖുര്‍ആന്റെ സത്യതയും ന്യായതയും ദൃഢീകരിക്കുകയാണ്. തിരുമേനി(സ്വ) നിരക്ഷരനായിരുന്നതുകൊണ്ടാണ് ഖുര്‍ആനുമായി ജിബ്‌രീല്‍ 'ഹൃദയത്തിലിറങ്ങി ' എന്നു വ്യക്തമാക്കിയത്. തൗറാത്തിലും ഇന്‍ജീലിലും സബൂറിലുമെല്ലാം ഖുര്‍ആനെക്കുറിച്ച പരാമര്‍ശങ്ങളും പ്രവചനങ്ങളുമുണ്ട്. പലരുടെയും കൈയായുണ്ടായ മാറ്റത്തിരുത്തലുകള്‍ക്കു ശേഷവും അത്തരം വസ്തുതകള്‍ നിലകൊള്ളുന്നതായി കാണാം.

41. പ്രവാചക കാലത്തെയും പില്‍ക്കാലത്തെയും നിഷേധികളില്‍ പലര്‍ക്കും ഖുര്‍ആന്‍ സത്യസന്ധമാണെന്നറിയാം. അന്നും ഇന്നുമുള്ള പല ജൂത-ക്രിസ്തീയരും മറ്റും ഇതിന്റെ പേരില്‍ ഇസ്‌ലാമാശ്ലേഷിക്കുന്നത് നിഷേധികള്‍ക്ക് ഒരു ചൂണ്ടുപലകയാകേണ്ടതാണ് എന്നു വ്യക്തമാക്കുകയാണിവിടെ. തങ്ങള്‍ക്കു സ്പഷ്ടമായി ഗ്രഹിക്കാന്‍ കഴിയുന്ന ശുദ്ധ അറബിയില്‍ ആയിട്ടും മക്കക്കാര്‍ അതിനെ തള്ളിക്കളഞ്ഞുവെങ്കില്‍ മറ്റൊരു ഭാഷയിലുള്ളത് അവരെങ്ങനെ അംഗീകരിക്കും?

وَإِنَّهُۥ لَتَنزِيلُ رَبِّ ٱلۡعَٰلَمِينَ ۝١٩٢
نَزَلَ بِهِ ٱلرُّوحُ ٱلۡأَمِينُ ۝١٩٣
عَلَىٰ قَلۡبِكَ لِتَكُونَ مِنَ ٱلۡمُنذِرِينَ ۝١٩٤
بِلِسَانٍ عَرَبِيّٖ مُّبِينٖ ۝١٩٥
وَإِنَّهُۥ لَفِي زُبُرِ ٱلۡأَوَّلِينَ ۝١٩٦
أَوَلَمۡ يَكُن لَّهُمۡ ءَايَةً أَن يَعۡلَمَهُۥ عُلَمَٰٓؤُاْ بَنِيٓ إِسۡرَٰٓءِيلَ ۝١٩٧
وَلَوۡ نَزَّلۡنَٰهُ عَلَىٰ بَعۡضِ ٱلۡأَعۡجَمِينَ ۝١٩٨
فَقَرَأَهُۥ عَلَيۡهِم مَّا كَانُواْ بِهِۦ مُؤۡمِنِينَ ۝١٩٩
200–204

അധര്‍മകാരികളുടെ ഹൃദയത്തില്‍ ഇങ്ങനെയാണ് നാം ഖുര്‍ആന്‍ സന്നിവേശിപ്പിച്ചത്- കഠിനശിക്ഷ വന്നെത്തുന്നതു വരെയും അവരത് വിശ്വസിക്കയില്ല. അങ്ങനെ, നിനച്ചിരിക്കാത്തവിധം യദൃച്ഛയാ ശിക്ഷ വന്നെത്തുമ്പോള്‍ 'ഞങ്ങള്‍ക്കല്‍പം അവധി കിട്ടുമോ' എന്നവര്‍ കേഴും. എന്നിട്ടും നമ്മുടെ ശിക്ഷയ്ക്ക് ധൃതി കൂട്ടുകയാണോ അവര്‍?!42

1 വിശദീകരണം കാണുക

42. ശിക്ഷയില്‍ കുടുങ്ങി എന്നു ബോധ്യപ്പെടുമ്പോള്‍ ഏത് അവിശ്വാസിയുടെയും അഹന്തയും തന്‍പോരിമയുമൊക്കെ ചോര്‍ന്നുപോകും. ചെറിയൊരവധി അനുവദിച്ചു തന്നാല്‍ സത്യവിശ്വാസിയായി ഉദാത്ത ജീവിതം നയിച്ചുകൊള്ളാമെന്ന് അവര്‍ പശ്ചാത്തപിക്കും. പക്ഷേ, സമയം കഴിഞ്ഞുപോയല്ലോ. ഈ ദുര്‍ബലരാണ് ശിക്ഷയ്ക്ക് ധൃതികൂട്ടുന്നത്.

كَذَٰلِكَ سَلَكۡنَٰهُ فِي قُلُوبِ ٱلۡمُجۡرِمِينَ ۝٢٠٠
لَا يُؤۡمِنُونَ بِهِۦ حَتَّىٰ يَرَوُاْ ٱلۡعَذَابَ ٱلۡأَلِيمَ ۝٢٠١
فَيَأۡتِيَهُم بَغۡتَةٗ وَهُمۡ لَا يَشۡعُرُونَ ۝٢٠٢
فَيَقُولُواْ هَلۡ نَحۡنُ مُنظَرُونَ ۝٢٠٣
أَفَبِعَذَابِنَا يَسۡتَعۡجِلُونَ ۝٢٠٤
205–207

നിങ്ങളൊന്നു പറയൂ- നാമവര്‍ക്ക് നീണ്ട വര്‍ഷങ്ങള്‍ സുഖാസ്വാദനങ്ങള്‍ നല്‍കുകയും തദനന്തരം, താക്കീതു നല്‍കപ്പെട്ടിരുന്ന ശിക്ഷ അവരെ പിടികൂടുകയും ചെയ്യുന്നുവെങ്കില്‍, ആ സുഖസൗകര്യങ്ങള്‍ യാതൊരു നേട്ടവും അവര്‍ക്ക് കൈവരിച്ചു കൊടുക്കുമായിരുന്നില്ല.43

1 വിശദീകരണം കാണുക

43. നിഷേധി എത്ര നീണ്ട കാലം ആഡംബര ജീവിതം നയിച്ചാലും പാരത്രിക ശിക്ഷ വരുമ്പോള്‍ അതൊക്കെ വിസ്മരിച്ചുപോകും. ഭൗതിക ലോകത്ത് എത്ര ദീര്‍ഘായുഷ്മാന്മാരായാലും നിഷേധികള്‍ നരകശിക്ഷയില്‍ നിന്നൊഴിവാകില്ല. (2:96 കാണുക.) ഒരിക്കല്‍ തിരുനബി(സ്വ) പറഞ്ഞു: നരകാവകാശിയും ഭൗതികലോകത്ത് ഏറ്റം സുഖാഡംബര ജീവിതം നയിച്ചവനുമായ ഒരാളെ അന്ത്യനാളില്‍ ഹാജരാക്കപ്പെടുകയും നരകത്തില്‍ ഒന്നു മുക്കിയെടുക്കപ്പെടുകയും ചെയ്തിട്ട് അയാളോട് അല്ലാഹു ചോദിക്കും: മനുഷ്യാ, ദുന്‍യാവില്‍ എന്തെങ്കിലും നന്മകള്‍ നിനക്കുണ്ടായിരുന്നോ? എന്തെങ്കിലും സുഖസൗകര്യങ്ങള്‍ നീ ആസ്വദിച്ചിരുന്നോ? അയാളുടെ മറുപടി: അല്ലാഹു തന്നെ സത്യം, ഒരിക്കലുമങ്ങനെ സംഭവിച്ചിട്ടില്ല നാഥാ..! (മുസ്‌ലിം)

أَفَرَءَيۡتَ إِن مَّتَّعۡنَٰهُمۡ سِنِينَ ۝٢٠٥
ثُمَّ جَآءَهُم مَّا كَانُواْ يُوعَدُونَ ۝٢٠٦
مَآ أَغۡنَىٰ عَنۡهُم مَّا كَانُواْ يُمَتَّعُونَ ۝٢٠٧
208–212

താക്കീതു നല്‍കുന്നവരുണ്ടായിട്ടല്ലാതെ ഒരു നാടും നാം സംഹരിച്ചിട്ടില്ല- ആ സംഹരണം തന്നെ മറ്റുള്ളവര്‍ക്ക് ഉദ്‌ബോധനമായിട്ടാണ്; നാം അക്രമമനുവര്‍ത്തിക്കുന്നവരായിട്ടില്ല. ഈ ഖുര്‍ആനുമായി പിശാചുക്കള്‍ ഇറങ്ങിവന്നിട്ടില്ല; അവര്‍ക്കത് പാടില്ലാത്തതാണ്, സാധിക്കുന്നതുമല്ല. നിശ്ചയം, ദിവ്യസന്ദേശ ശ്രവണത്തില്‍ നിന്നു ദൂരീകൃതരത്രേ അവര്‍.44

1 വിശദീകരണം കാണുക

44. മുഹമ്മദിനു ലഭിക്കുന്ന പൈശാചിക ബോധനമാണ് ഖുര്‍ആന്‍ എന്ന നിഷേധികളുടെ നിരര്‍ത്ഥക ജല്‍പനത്തിനുള്ള മറുപടിയാണിത്. വഹ്‌യിന്റെ പ്രഭവകേന്ദ്രമായ വാനലോകങ്ങളിലേക്കുള്ള പ്രവേശനം തന്നെ നബി(സ്വ)യുടെ നിയോഗശേഷം പിശാചുക്കള്‍ക്ക് നിരോധിക്കപ്പെട്ടിരിക്കയാണ്. (അല്‍ ഹിജ്ര്‍ 16-18, അല്‍ ജിന്ന് 8-9 നോക്കുക.) പണ്ട് ഉപരിലോകങ്ങളിലെത്തി മലക്കുകളില്‍ നിന്നു ചില ദിവ്യസന്ദേശങ്ങള്‍ പിശാചുക്കള്‍ മനസ്സിലാക്കിയിരുന്നു-ഇതാണ് ആരോപണത്തിന്റെ നിദാനം.

وَمَآ أَهۡلَكۡنَا مِن قَرۡيَةٍ إِلَّا لَهَا مُنذِرُونَ ۝٢٠٨
ذِكۡرَىٰ وَمَا كُنَّا ظَٰلِمِينَ ۝٢٠٩
وَمَا تَنَزَّلَتۡ بِهِ ٱلشَّيَٰطِينُ ۝٢١٠
وَمَا يَنۢبَغِي لَهُمۡ وَمَا يَسۡتَطِيعُونَ ۝٢١١
إِنَّهُمۡ عَنِ ٱلسَّمۡعِ لَمَعۡزُولُونَ ۝٢١٢
213–216

അതുകൊണ്ട്, അല്ലാഹുവൊന്നിച്ച് മറ്റൊരു ദൈവത്തെയും താങ്കള്‍ ആരാധിക്കരുത്. അങ്ങനെ ചെയ്താല്‍ അങ്ങ് ശിക്ഷാവിധേയനാകും. അടുത്ത ബന്ധുക്കള്ക്ക്് താങ്കള്‍ താക്കീതുനല്കുടകയും അനുധാവനം ചെയ്ത സത്യവിശ്വാസികളോട് ആര്ദ്രക സമീപനം പുലര്ത്തു കയും ചെയ്യുക; ഇനി അവര്‍ അനുസരണരാഹിത്യം കാട്ടുന്നുവെങ്കില്‍ 'നിങ്ങളുടെ ചെയ്തികളില്‍ നിന്ന് ഞാനൊഴിവാണ്' എന്നു പറയുക.47

1 വിശദീകരണം കാണുക

47. സ്വന്തം അനുയായികളോട് പുലര്‍ത്തേണ്ട വശ്യവും മാന്യവുമായ രീതി നബി (സ)യെ ഉണര്‍ത്തുകയാണ്. ഇങ്ങോട്ട് അപമര്യാദ കാട്ടിയാലും അവരുടെ ഗുണം കാംക്ഷിച്ച് തിരുത്തിക്കൊടുക്കണം. അത്തരം അപമര്യാദയും സംസ്‌കാരശ്യൂന്യതയുമൊന്നും താനുമായി ബന്ധപ്പെട്ടതല്ലെന്നും തനിക്കതിന്റെ ഉത്തരവാദിത്വമില്ലെന്നും പറഞ്ഞു ഒഴിഞ്ഞുമാറണം; അനുസരണമാര്‍ഗം നിര്‍ദേശിക്കണം.

فَلَا تَدۡعُ مَعَ ٱللَّهِ إِلَٰهًا ءَاخَرَ فَتَكُونَ مِنَ ٱلۡمُعَذَّبِينَ ۝٢١٣
وَأَنذِرۡ عَشِيرَتَكَ ٱلۡأَقۡرَبِينَ ۝٢١٤
وَٱخۡفِضۡ جَنَاحَكَ لِمَنِ ٱتَّبَعَكَ مِنَ ٱلۡمُؤۡمِنِينَ ۝٢١٥
فَإِنۡ عَصَوۡكَ فَقُلۡ إِنِّي بَرِيٓءٞ مِّمَّا تَعۡمَلُونَ ۝٢١٦
217–220

നമസ്‌കരിക്കുമ്പോള്‍ നിറുത്തത്തിലും സുജൂദിലാകുമ്പോഴുമൊക്കെ താങ്കളെ കണ്ടുകൊണ്ടിരിക്കുന്ന കരുണാമയനും പ്രതാപശാലിയുമായ അല്ലാഹുവിന്റെ മേല്‍ മുഴുകാര്യങ്ങളും ഭരമേല്പിിക്കുക. നിശ്ചയം, സര്വംജ ശ്രദ്ധിക്കുന്നവനും അറിയുന്നവനുമത്രേ അവന്‍.48

1 വിശദീകരണം കാണുക

48. ഏതു സമയവും മനുഷ്യനെയും പ്രപഞ്ചത്തിലെ സകല വസ്തുക്കളെയും ചൂഴ്ന്നുനില്‍ക്കുന്ന സമഗ്ര വിജ്ഞാനമാണല്ലോ അല്ലാഹുവിന്റേത്. അതാണിവിടെ ഉദ്ദേശ്യം. നമസ്‌കാരവും സുജൂദും ഉദാഹരണമായി പറഞ്ഞതാണ്. വിശിഷ്യ, രാത്രിയുടെ നിശ്ശബ്ദ യാമങ്ങളില്‍ തഹജ്ജുദ് നമസ്‌കരിക്കുമ്പോള്‍ മറ്റാരുമുണ്ടാവില്ല. പരിസരം സുഖസുഷുപ്തിയിലും ഘനീഭവിച്ച ഇരുട്ടിലുമാകും. അപ്പോഴും നബിയുടെ ഓരോ ചലനവും അല്ലാഹു അറിയുന്നുണ്ട് എന്നാണു വിവക്ഷ.

وَتَوَكَّلۡ عَلَى ٱلۡعَزِيزِ ٱلرَّحِيمِ ۝٢١٧
ٱلَّذِي يَرَىٰكَ حِينَ تَقُومُ ۝٢١٨
وَتَقَلُّبَكَ فِي ٱلسَّٰجِدِينَ ۝٢١٩
إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡعَلِيمُ ۝٢٢٠
221–226

നബീ, പ്രഖ്യാപിക്കുക: പിശാചുക്കളുടെ അവരോഹണം ആരിലേക്കാണുണ്ടാവുക എന്ന് നിങ്ങള്ക്ക്ല ഞാനറിയിച്ചു തരട്ടെയോ? മഹാവ്യാജരും കുറ്റവാളികളുമായ സകലരുടെ മേലും പിശാച് ഇറങ്ങുന്നതാണ്. തങ്ങള്‍ കേട്ടത് മറ്റുള്ളവരിലേക്കവര്‍ നിക്ഷേപിക്കുന്നു; എന്നാല്‍ മിക്കവരും നുണയന്മാരാണ്. കവികളോ, അവരെ അനുധാവനം ചെയ്യുക ദുര്മാപര്ഗിലകളാണ്. താങ്കള്ക്കരറിയാമല്ലോ, അവര്‍ സര്വമതാഴ്‌വരകളിലും അലഞ്ഞുതിരിഞ്ഞു നടക്കുകയും അനുവര്തിര ക്കാത്തത് പറയുകയും ചെയ്യും

هَلۡ أُنَبِّئُكُمۡ عَلَىٰ مَن تَنَزَّلُ ٱلشَّيَٰطِينُ ۝٢٢١
تَنَزَّلُ عَلَىٰ كُلِّ أَفَّاكٍ أَثِيمٖ ۝٢٢٢
يُلۡقُونَ ٱلسَّمۡعَ وَأَكۡثَرُهُمۡ كَٰذِبُونَ ۝٢٢٣
وَٱلشُّعَرَآءُ يَتَّبِعُهُمُ ٱلۡغَاوُۥنَ ۝٢٢٤
أَلَمۡ تَرَ أَنَّهُمۡ فِي كُلِّ وَادٖ يَهِيمُونَ ۝٢٢٥
وَأَنَّهُمۡ يَقُولُونَ مَا لَا يَفۡعَلُونَ ۝٢٢٦
227

എന്നാല്‍ സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും അല്ലാഹുവിനെ അനല്‍പമായനുസ്മരിക്കുകയും അക്രമവിധേയരായതിനു ശേഷമായി ആത്മസുരക്ഷാ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തവര്‍ ഇവരില്‍ പെടില്ല.45
തങ്ങളുടെ തിക്തമായ പരിണതി എന്തായിരിക്കുമെന്ന് അക്രമകാരികള്‍ക്ക് അനുഭവബോധ്യമായിക്കൊള്ളുന്നതാണ്.46

2 വിശദീകരണങ്ങൾ കാണുക

45. സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങള്‍ ചെയ്കയും അതിലധിഷ്ഠിതമായി കവനം നടത്തുകയും ചെയ്യുന്നവര്‍ അധിക്ഷേപാര്‍ഹരല്ല. ശത്രുക്കളെ പ്രതിരോധിച്ചു കവിത രചിക്കാനും ആലപിക്കാനുമായി തിരുമേനി(സ്വ)ക്കു തന്നെ പല കവികളുമുണ്ടായിരുന്നു. അവരില്‍ പ്രമുഖനായിരുന്ന ഹസ്സാന്‍ ബിന്‍ സാബിത്തി(റ)നോടു നേരിട്ടു തന്നെ നബി നിര്‍ദേശിച്ചു: ബഹുദൈവ വിശ്വാസികളെ അധിക്ഷേപിച്ച് കവിതയാലപിച്ചോളൂ; ജിബ്‌രീല്‍ നിങ്ങളൊന്നിച്ചുണ്ട്. (ബുഖാരി). അതിനായി ഹസ്സാന് മസ്ജിദുന്നബവിയില്‍ നബി(സ്വ) പ്രത്യേകമായൊരു പീഠം തന്നെ വെച്ചുകൊടുത്തിരുന്നതായി ബീവി ആഇശ(റ) ഉദ്ധരിച്ചതും കാണാം. (തുര്‍മുദി.)

46. മക്കയിലെ അവിശ്വാസികള്‍ നബിക്കും മുസ്‌ലിംകള്‍ക്കുമെതിരെ അതിനിഷ്ഠുരമായ നിരവധി അക്രമപ്രവര്‍ത്തനങ്ങളാണ് ചെയ്തത്. കാലാകാലങ്ങളായി ലോകത്തിന്റെ നാനാ ഭാഗങ്ങളിലും അക്രമപ്രവര്‍ത്തനങ്ങളില്‍ മുഴുകിയ നിരവധിയാളുകളെ കാണാം. അവര്‍ക്കൊന്നടങ്കമുള്ള ഗുരുതര താക്കീതാണിത്. ഇന്നല്ലെങ്കില്‍ നാളെ ഓരോ അക്രമിയും രക്തദാഹിയും അതിന്റെ തീക്ഷ്ണമായ ഭവിഷ്യല്‍ഫലങ്ങള്‍ അനുഭവിച്ചേ തീരൂ. 'അധര്‍മകാരികളോട് നാം പ്രതികാരം ചെയ്യും, തീര്‍ച്ച.'

إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَذَكَرُواْ ٱللَّهَ كَثِيرٗا وَٱنتَصَرُواْ مِنۢ بَعۡدِ مَا ظُلِمُواْۗ وَسَيَعۡلَمُ ٱلَّذِينَ ظَلَمُوٓاْ أَيَّ مُنقَلَبٖ يَنقَلِبُونَ ۝٢٢٧