Sunday, 11 October 2026 Hijri: — 02:16:56 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അന്നംൽ النمل An-Naml

Surah 27 മക്കിയ്യ • مكية • Makkiyah 93 ആയത്തുകൾ • 93 Ayahs

സൂറത്ത് അന്നംൽ (An-Naml), ഖുർആൻ അധ്യായം 27 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 93 ആയത്തുകൾ വായിക്കുക. Read Surah An-Naml with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–3

ഥാ, സീന്‍. ഖുര്‍ആനിലെ, അതായത് വിഷയങ്ങള്‍ വ്യക്തമാക്കുന്ന വേദത്തിലെ വാക്യങ്ങളത്രേ ഇവ. നമസ്‌കാരം യഥായോഗ്യം നിര്‍വഹിക്കുകയും സകാത്ത് കൊടുക്കുകയും പാരത്രിക ജീവിതത്തില്‍ ദൃഢവിശ്വാസം വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും ശുഭവാര്‍ത്തയുമത്രേ ഇത്1

1 വിശദീകരണം കാണുക

1. മനുഷ്യ സമൂഹത്തിന് ഇഹലോകത്തും പരലോകത്തും സന്തോഷനിര്‍ഭരവും വിജയകരവുമായ ജീവിതം കൈവരിക്കുന്നതിനാവശ്യമായ സ്പഷ്ടവും സുഗ്രാഹ്യവുമായ അധ്യാപനങ്ങളാണ് ഖുര്‍ആന്‍. അതിനെക്കുറിച്ച സംശയരഹിതവും അടിയുറച്ചതുമായ വിശ്വാസം മനുഷ്യന് ഉണ്ടായിരിക്കണം. അത്തരക്കാരുടെ സമഗ്ര വഴികാട്ടിയാണ് ഖുര്‍ആന്‍. 'ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കാതെ ഒരൊറ്റ കാര്യവും നാം വിട്ടുകളഞ്ഞിട്ടില്ല.' (6:38)

طسٓۚ تِلۡكَ ءَايَٰتُ ٱلۡقُرۡءَانِ وَكِتَابٖ مُّبِينٍ ۝١
هُدٗى وَبُشۡرَىٰ لِلۡمُؤۡمِنِينَ ۝٢
ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤۡتُونَ ٱلزَّكَوٰةَ وَهُم بِٱلۡأٓخِرَةِ هُمۡ يُوقِنُونَ ۝٣
4–6

പരലോകത്തില്‍ വിശ്വാസമില്ലാത്തവര്‍ക്ക് അവരുടെ കര്‍മങ്ങള്‍ നാം അലംകൃതമാക്കിയിരിക്കയാണ്; അതില്‍ അഭിരമിക്കുകയാണവര്‍. ഹീനശിക്ഷയുള്ളവര്‍ അവരാണ്. പരലോകത്ത് ഏറ്റം നഷ്ടപ്പെട്ടവരും അവര്‍ തന്നെ. നബീ, യുക്തിമാനും സര്‍വജ്ഞനുമായവന്റെയടുത്ത് നിന്നാണ് താങ്കള്‍ക്ക് ഈ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്നത്.2

1 വിശദീകരണം കാണുക

2. സത്യാന്വേഷണ ബുദ്ധിയുമായി സമീപിക്കുന്ന ആര്‍ക്കും ഖുര്‍ആന്‍ സന്മാര്‍ഗം വെട്ടിത്തെളിച്ചുകൊടുക്കും. യുക്തിമാനും സര്‍വജ്ഞാനിയുമായ അല്ലാഹുവിന്റെ വചനങ്ങളാണവ. ഒരുവിധ അബദ്ധവും അതില്‍ സംഭവിക്കില്ല. (ഫുസ്സ്വിലത്ത്: 42) എന്നാല്‍, ഖുര്‍ആനെയും പരലോകത്തെയും മറ്റും നിഷേധിക്കുന്ന മാര്‍ഗഭ്രഷ്ടര്‍ ഭൗതികതയില്‍ കണ്ണു മഞ്ഞളിച്ചവരായിരിക്കും. സത്യം ബോധ്യപ്പെട്ടാലും അവരംഗീകരിക്കില്ല. മരണാനന്തരം കഠിനശിക്ഷയാണ് അവര്‍ക്കുണ്ടാവുക.

إِنَّ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ زَيَّنَّا لَهُمۡ أَعۡمَٰلَهُمۡ فَهُمۡ يَعۡمَهُونَ ۝٤
أُوْلَٰٓئِكَ ٱلَّذِينَ لَهُمۡ سُوٓءُ ٱلۡعَذَابِ وَهُمۡ فِي ٱلۡأٓخِرَةِ هُمُ ٱلۡأَخۡسَرُونَ ۝٥
وَإِنَّكَ لَتُلَقَّى ٱلۡقُرۡءَانَ مِن لَّدُنۡ حَكِيمٍ عَلِيمٍ ۝٦
7–9

മൂസാ നബി സ്വകുടുംബത്തോടു പറഞ്ഞ സന്ദര്‍ഭം സ്മരണീയമത്രേ: 'ഞാനൊരു അഗ്നി കണ്ടു; അതിനടുത്തു നിന്ന് എന്തെങ്കിലും വിവരമോ തീ കായാനായി അതില്‍ നിന്ന് കത്തിച്ചെടുത്ത ഒരു തീനാളമോ നിങ്ങള്‍ക്കു ഞാന്‍ കൊണ്ടുവരാം.' അങ്ങനെ താനതിനു സമീപമെത്തിയപ്പോള്‍ ഇങ്ങനെ അശരീരിയുണ്ടായി: അഗ്നിക്കടുത്തും പരിസരത്തുമുള്ളവര്‍ അനുഗൃഹീതരാവട്ടെ! പ്രപഞ്ചനാഥനായ അല്ലാഹു പരിശുദ്ധനാകുന്നു. ഓ മൂസാ, പ്രതാപശാലിയും യുക്തിമാനുമായ അല്ലാഹുവാണു ഞാന്‍.3

1 വിശദീകരണം കാണുക

3. ഈജിപ്തില്‍ നിന്ന് മദ്‌യനിലെത്തി പത്തു വര്‍ഷം കഴിഞ്ഞ് സകുടുംബം മടങ്ങവെയാണ് ഥൂര്‍ സീനാ പര്‍വത നിരകളിലൊന്നില്‍ നിന്ന് തീ കാണുന്നത്. കടുത്ത ശൈത്യമുള്ള രാത്രിയില്‍ അവര്‍ വഴിതെറ്റിപ്പോയിരുന്നു എന്നു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പച്ച മരത്തില്‍ നിന്നു കണ്ട അഗ്നി ദൈവിക പ്രഭയായിരുന്നു. അവിടെ വെച്ച് മൂസാനബി(അ)യെ അല്ലാഹു ഇസ്രയേല്യരിലേക്കുള്ള റസൂലായി അവരോധിച്ചു.

إِذۡ قَالَ مُوسَىٰ لِأَهۡلِهِۦٓ إِنِّيٓ ءَانَسۡتُ نَارٗا سَـَٔاتِيكُم مِّنۡهَا بِخَبَرٍ أَوۡ ءَاتِيكُم بِشِهَابٖ قَبَسٖ لَّعَلَّكُمۡ تَصۡطَلُونَ ۝٧
فَلَمَّا جَآءَهَا نُودِيَ أَنۢ بُورِكَ مَن فِي ٱلنَّارِ وَمَنۡ حَوۡلَهَا وَسُبۡحَٰنَ ٱللَّهِ رَبِّ ٱلۡعَٰلَمِينَ ۝٨
يَٰمُوسَىٰٓ إِنَّهُۥٓ أَنَا ٱللَّهُ ٱلۡعَزِيزُ ٱلۡحَكِيمُ ۝٩
10–11

'താങ്കളുടെ വടി താഴെയിടുക!' തത്സമയമത് ഒരു പാമ്പിനെപ്പോലെ ദ്രുതസഞ്ചാരം നടത്തുന്നതു കണ്ടപ്പോള്‍ അദ്ദേഹം തിരിഞ്ഞുനോക്കാതെ പിന്നോട്ടോടി. അല്ലാഹു പറഞ്ഞു: ഹേ മൂസാ, പേടിക്കേണ്ട; ദൂതന്മാര്‍ എന്റെ സമീപത്ത് ഭയപ്പെടുകയേ വേണ്ടതില്ല. എന്നാല്‍, ആരെങ്കിലും അതിക്രമം ചെയ്യുകയും തിന്മക്കു പകരം പിറകെ നന്മയനുവര്‍ത്തിക്കുകയും ചെയ്യുന്നുവെങ്കില്‍ ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു.4

1 വിശദീകരണം കാണുക

4. ഫിര്‍ഔന്റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കാനുള്ള അമാനുഷ ദൃഷ്ടാന്തങ്ങളായാണ് പാമ്പായിത്തീരുന്ന വടിയും പ്രകാശിച്ചു വെട്ടിത്തിളങ്ങുന്ന കൈയും കാണിച്ചു കൊടുക്കുന്നത്. ഒരു മുന്‍ധാരണയില്ലാതെ പെട്ടെന്ന് ഇവ പ്രത്യക്ഷപ്പെടുമ്പോള്‍ സ്വാഭാവികമായും ആരാണെങ്കിലും ഭയാക്രാന്തരും അസ്വസ്ഥരുമായിത്തീരും. ഇവിടെത്തന്നെ വടി പാമ്പായപ്പോള്‍ അല്ലാഹുവിന്റെ സന്നിധിയിലായിട്ടും മൂസാ നബി(അ) പേടിച്ചോടുകയുണ്ടായല്ലോ.

وَأَلۡقِ عَصَاكَۚ فَلَمَّا رَءَاهَا تَهۡتَزُّ كَأَنَّهَا جَآنّٞ وَلَّىٰ مُدۡبِرٗا وَلَمۡ يُعَقِّبۡۚ يَٰمُوسَىٰ لَا تَخَفۡ إِنِّي لَا يَخَافُ لَدَيَّ ٱلۡمُرۡسَلُونَ ۝١٠
إِلَّا مَن ظَلَمَ ثُمَّ بَدَّلَ حُسۡنَۢا بَعۡدَ سُوٓءٖ فَإِنِّي غَفُورٞ رَّحِيمٞ ۝١١
12

താങ്കള്‍ കുപ്പായമാറിലൂടെ കൈ പ്രവേശിപ്പിക്കുക! യാതൊരു ദൂഷ്യവുമില്ലാതെ വെളുത്തതായി അതു പുറത്തുവരും. ഫറോവക്കും അവന്റെയാളുകളിലേക്കുമുള്ള ഒമ്പതു ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണിവ. അധര്‍മകാരികളായ ജനതയായിക്കഴിഞ്ഞിരിക്കയാണവര്‍.5

1 വിശദീകരണം കാണുക

5. രണ്ടാമത്തെ ദൃഷ്ടാന്തമാണ് തിളങ്ങുന്ന കൈ. കുപ്പായമാറിലൂടെ അകത്തേക്കിട്ടാല്‍ ജാജ്ജ്വല്യമാനമായി അത് പുറത്തുവരും; പൂര്‍വസ്ഥിതിയിലാകാന്‍ ഒന്നുകൂടി പ്രവേശിപ്പിച്ച് പുറത്തെടുത്താല്‍ മതി. ആകെ ഒമ്പത് പ്രമുഖ ദൃഷ്ടാന്തങ്ങളാണ് മൂസാ നബി(അ)ക്ക് നല്‍കപ്പെട്ടിരുന്നത്. അല്‍ അഅ്‌റാഫ് 130, 133 നോക്കുക.

وَأَدۡخِلۡ يَدَكَ فِي جَيۡبِكَ تَخۡرُجۡ بَيۡضَآءَ مِنۡ غَيۡرِ سُوٓءٖۖ فِي تِسۡعِ ءَايَٰتٍ إِلَىٰ فِرۡعَوۡنَ وَقَوۡمِهِۦٓۚ إِنَّهُمۡ كَانُواْ قَوۡمٗا فَٰسِقِينَ ۝١٢
13–14

അങ്ങനെ ചിന്തോദ്ദീപകമായി നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വന്നെത്തിയപ്പോള്‍, ഇത് സ്പഷ്ടമായ മാരണവിദ്യയാകുന്നു എന്ന് അവര്‍ ജല്‍പിച്ചു. സ്വമനസ്സാലെ ദൃഢമായി ബോധ്യപ്പെട്ടിട്ടും അതിക്രമവും അഹന്തയും നിമിത്തം അവരത് നിഷേധിച്ചുതളളി. ആ നാശകാരികളുടെ ഭവിഷ്യത്ത് എങ്ങനെയായിരുന്നു എന്ന് താങ്കള്‍ ചിന്തിച്ചുനോക്കൂ!6

1 വിശദീകരണം കാണുക

6. അമാനുഷ കൃത്യങ്ങള്‍ കണ്ടപ്പോള്‍ ആഭിചാരമാണെന്നു തട്ടിവിട്ടുവെങ്കിലും അത് മാരണവിദ്യയല്ലെന്നും അതുകൊണ്ട് ഇങ്ങനെ ചെയ്യാന്‍ സാധിക്കില്ലെന്നും അവര്‍ക്ക് നന്നായറിയാമായിരുന്നു. മക്കയിലെ ബഹുദൈവ വിശ്വാസികളും മറ്റു സര്‍വവിധ നിഷേധികളും ഇങ്ങനെത്തന്നെ-ദുഃശാഠ്യവും അഹന്തയും മാത്രം.

فَلَمَّا جَآءَتۡهُمۡ ءَايَٰتُنَا مُبۡصِرَةٗ قَالُواْ هَٰذَا سِحۡرٞ مُّبِينٞ ۝١٣
وَجَحَدُواْ بِهَا وَٱسۡتَيۡقَنَتۡهَآ أَنفُسُهُمۡ ظُلۡمٗا وَعُلُوّٗاۚ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلۡمُفۡسِدِينَ ۝١٤
15–16

ദാവൂദ് നബിക്കും സുലൈമാന്‍ നബിക്കും നാം വിജ്ഞാനം കനിഞ്ഞേകുകയുണ്ടായി. തന്റെ സത്യവിശ്വാസികളായ അടിമകളില്‍ മിക്കവരെക്കാളും ഞങ്ങളെ ശ്രേഷ്ഠരാക്കിയ അല്ലാഹുവിനാണ് സര്‍വ സ്തുതിയും എന്ന് അവര്‍ പറഞ്ഞു.7
ദാവൂദ് നബിയുടെ അനന്തരാവകാശിയായി സുലൈമാന്‍ നബി വരികയുണ്ടായി. താന്‍ പ്രസ്താവിച്ചു:8
ജനങ്ങളേ, നമുക്ക് പക്ഷികളുടെ ഭാഷ അഭ്യസിപ്പിക്കപ്പെടുകയും സര്‍വ അനുഗ്രഹവും നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു. സ്പഷ്ടമായ ദിവ്യാനുഗ്രഹം തന്നെയത്രേ ഇത്.

2 വിശദീകരണങ്ങൾ കാണുക

7. രാജാക്കന്മാരായിരുന്നു ഇരുവരുമെങ്കിലും രാജാധിരാജനായ അല്ലാഹുവിന്റെ മഹത്ത്വവും പദവിയും അവര്‍ യഥായോഗ്യം ഗ്രഹിക്കുകയും അവനോടുള്ള വിധേയത്വവും അടിമത്തവും അവര്‍ നിരുപാധികം പ്രഖ്യാപിക്കുകയും ചെയ്തു.

8. പ്രപഞ്ചം അടക്കിഭരിച്ച ചക്രവര്‍ത്തിയായിരുന്നു സുലൈമാന്‍ നബി(അ). അതുകൊണ്ട് പലവിധ അസാധാരണ കഴിവുകളും തനിക്കു നല്‍കപ്പെട്ടു. പക്ഷി-ജന്തുജാല ഭാഷാജ്ഞാനം, അതിവേഗതയുള്ള കാറ്റിലെ സഞ്ചാരം, ചെമ്പ് ദ്രവസമാനമാക്കിയത്, പിശാചുക്കളെ കീഴ്‌പ്പെടുത്തിയത്, വിപുലമായ സാമ്പത്തിക ശേഷി .... ഇങ്ങനെ പലതും.

وَلَقَدۡ ءَاتَيۡنَا دَاوُۥدَ وَسُلَيۡمَٰنَ عِلۡمٗاۖ وَقَالَا ٱلۡحَمۡدُ لِلَّهِ ٱلَّذِي فَضَّلَنَا عَلَىٰ كَثِيرٖ مِّنۡ عِبَادِهِ ٱلۡمُؤۡمِنِينَ ۝١٥
وَوَرِثَ سُلَيۡمَٰنُ دَاوُۥدَۖ وَقَالَ يَٰٓأَيُّهَا ٱلنَّاسُ عُلِّمۡنَا مَنطِقَ ٱلطَّيۡرِ وَأُوتِينَا مِن كُلِّ شَيۡءٍۖ إِنَّ هَٰذَا لَهُوَ ٱلۡفَضۡلُ ٱلۡمُبِينُ ۝١٦
17–19

സുലൈമാന്‍ നബിക്ക് ജിന്നിലും മനുഷ്യരിലും പക്ഷികളിലും നിന്നുള്ള സൈന്യങ്ങള്‍ സംഗമിപ്പിക്കപ്പെടുകയും ക്രമീകൃതമായി നിറുത്തപ്പെടുകയുമുണ്ടായി. അങ്ങനെയവര്‍ ഉറുമ്പുകളുടെ താഴ്‌വരയിലെത്തിയപ്പോള്‍ ഒരു ഉറുമ്പ് വിളിച്ചുപറഞ്ഞു: 'ഹേ ഉറുമ്പുകളേ, നിങ്ങള്‍ സ്വഗേഹങ്ങളില്‍ കടന്നുകൊള്ളൂ! തങ്ങളറിയാത്തവിധം, സുലൈമാന്‍ നബിയും സേനയും നിങ്ങളെ ചവിട്ടിയരക്കാതിരിക്കട്ടെ!' തത്സമയം അതിന്റെ പ്രസ്താവം കേട്ട് അദ്ദേഹം മന്ദസ്മിതംതൂകിച്ചിരിച്ചു, ഇങ്ങനെ പറഞ്ഞു: നാഥാ, എനിക്കും മാതാപിതാക്കള്‍ക്കും നീ കനിഞ്ഞേകിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കാനും നിന്റെ സംതൃപ്തിക്കു പാത്രീഭൂതമാകുന്ന സല്‍കര്‍മങ്ങളനുഷ്ഠിക്കാനും എനിക്കവസരം നല്‍കേണമേ. നിന്റെ സദ്‌വൃത്തരായ അടിമകളിലുള്‍പ്പെടുത്തി എന്നെ അനുഗ്രഹിക്കേണമേ.9

1 വിശദീകരണം കാണുക

9. മനുഷ്യരും ജിന്നുകളും പക്ഷികളും സംഗമിച്ച ഒരു സൈനിക യാത്രക്ക് സുലൈമാന്‍ നബി(അ) സാരഥ്യം വഹിക്കുകയാണിവിടെ. വഴിമധ്യേ ഒരു ഉറുമ്പ് അനുയായികള്‍ക്ക് ആത്മരക്ഷാ നിര്‍ദേശം നല്‍കുന്ന അത്ഭുത സംഭവം നടക്കുകയുണ്ടായി.

وَحُشِرَ لِسُلَيۡمَٰنَ جُنُودُهُۥ مِنَ ٱلۡجِنِّ وَٱلۡإِنسِ وَٱلطَّيۡرِ فَهُمۡ يُوزَعُونَ ۝١٧
حَتَّىٰٓ إِذَآ أَتَوۡاْ عَلَىٰ وَادِ ٱلنَّمۡلِ قَالَتۡ نَمۡلَةٞ يَٰٓأَيُّهَا ٱلنَّمۡلُ ٱدۡخُلُواْ مَسَٰكِنَكُمۡ لَا يَحۡطِمَنَّكُمۡ سُلَيۡمَٰنُ وَجُنُودُهُۥ وَهُمۡ لَا يَشۡعُرُونَ ۝١٨
فَتَبَسَّمَ ضَاحِكٗا مِّن قَوۡلِهَا وَقَالَ رَبِّ أَوۡزِعۡنِيٓ أَنۡ أَشۡكُرَ نِعۡمَتَكَ ٱلَّتِيٓ أَنۡعَمۡتَ عَلَيَّ وَعَلَىٰ وَٰلِدَيَّ وَأَنۡ أَعۡمَلَ صَٰلِحٗا تَرۡضَىٰهُ وَأَدۡخِلۡنِي بِرَحۡمَتِكَ فِي عِبَادِكَ ٱلصَّٰلِحِينَ ۝١٩
20–21

അദ്ദേഹം പക്ഷിവിഭാഗത്തെ നിരീക്ഷിച്ചു. എന്നിട്ടുപറഞ്ഞു: എന്തുപറ്റി, മരംകൊത്തിയെ കാണുന്നില്ലല്ലോ? അതോ, അവന്‍ അപ്രത്യക്ഷനായോ? ഈ വീഴ്ചക്കു കാരണമായി സ്പഷ്ടമായ തെളിവു കൊണ്ടുവന്നില്ലെങ്കില്‍ അവനെ ഞാന്‍ കഠിനമായി ശിക്ഷിക്കുകയോ അറുത്തുകളയുക തന്നെയോ ചെയ്യും, തീര്‍ച്ച!10

1 വിശദീകരണം കാണുക

10. മരംകൊത്തിക്കായിരുന്നു വെള്ളം കണ്ടുപിടിച്ചുകൊടുക്കേണ്ട ചുമതല. വെള്ളത്തിനാവശ്യമുണ്ടായപ്പോഴാണ് അതിനെ നബി അന്വേഷിച്ചത് എന്ന് മുഫസ്സിറുകള്‍ രേഖപ്പെടുത്തിയതായി കാണാം. ഒരു ഭരണാധികാരിയുടെ ചുമതലാബോധമാണ് നബി പ്രകടമാക്കുന്നത്.

وَتَفَقَّدَ ٱلطَّيۡرَ فَقَالَ مَالِيَ لَآ أَرَى ٱلۡهُدۡهُدَ أَمۡ كَانَ مِنَ ٱلۡغَآئِبِينَ ۝٢٠
لَأُعَذِّبَنَّهُۥ عَذَابٗا شَدِيدًا أَوۡ لَأَاْذۡبَحَنَّهُۥٓ أَوۡ لَيَأۡتِيَنِّي بِسُلۡطَٰنٖ مُّبِينٖ ۝٢١
22–26

എന്നാല്‍, ഏറെ വൈകാതെ മരംകൊത്തി സന്നിഹിതനായി; അത് പറഞ്ഞു: താങ്കള്‍ക്കു പരിജ്ഞാനമില്ലാത്ത ഒരു വിഷയം ഞാന്‍ സൂക്ഷ്മമായി ഗ്രഹിക്കുകയുണ്ടായി. ഷീബാ സാമ്രാജ്യത്തില്‍ നിന്ന് ഒരു നിജവൃത്താന്തവുമായാണ് ഞാന്‍ അങ്ങയുടെയടുത്ത് വന്നെത്തിയിട്ടുള്ളത്. ഒരു വനിത അവരെ ഭരിക്കുന്നതായി ഞാന്‍ കണ്ടു. സര്‍വ കഴിവുകളും അവര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നു; ഒരു ഗംഭീര സിംഹാസനവും അവള്‍ക്കുണ്ട്.11
അവളും സ്വജനതയും അല്ലാഹുവിനെ വിട്ട് സൂര്യപ്രണാമം നടത്തുന്നവരായാണ് ഞാന്‍ കണ്ടത്. തങ്ങളുടെ നടപടികള്‍ പിശാച് അവര്‍ക്ക് അലംകൃതമാക്കിക്കൊടുക്കുകയും സന്മാര്‍ഗത്തില്‍ നിന്ന് അവരെയവന്‍ പ്രതിരോധിക്കുകയും ചെയ്തിരിക്കുന്നു. തന്മൂലം ഋജുവായ പന്ഥാവ് കണ്ടെത്തുവാന്‍ അവര്‍ക്കാകുന്നില്ല. ഭുവന-വാനങ്ങളില്‍ ഒളിഞ്ഞുകിടക്കുന്നവ പുറത്തുകൊണ്ടുവരികയും നിങ്ങളുടെ രഹസ്യ-പരസ്യങ്ങള്‍ അറിയുകയും ചെയ്യുന്ന അല്ലാഹുവിന്ന് അവര്‍ സാഷ്ടാംഗം ചെയ്യാതിരിക്കുന്നതെന്ത്? മഹത്തായ 'അര്‍ശി'ന്റെ അധിപനായ അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനുമില്ല.12

2 വിശദീകരണങ്ങൾ കാണുക

11. ചരിത്രത്തിന്റെ ഗതിമാറ്റത്തിനു തുടക്കം കുറിക്കുന്നത് പലപ്പോഴും ചില ചെറുകാര്യങ്ങളായിരിക്കും. അത്തരമൊന്നാണിത്. ഒരു സാമ്രാജ്യത്തിന്റെ സാംസ്‌കാരികാവസ്ഥയുടെ സൂചകങ്ങള്‍ പകര്‍ത്തിയെടുത്ത് സുലൈമാന്‍ നബി(അ)നു മുമ്പില്‍ ബോധ്യപ്പെടുത്തപ്പെടുകയാണ്; അതു നിര്‍വഹിക്കുന്നതോ, ഒരു മരംകൊത്തി. അതിന്റെ പരിണതി അതിഗംഭീരമായിരുന്നു: ഷീബാ സാമ്രാജ്യത്തിലെ (ബി.സി 950-115) പ്രസിദ്ധ ഭരണകര്‍ത്രിയായിരുന്ന ബില്‍ഖീസ് രാജ്ഞിയും സാമ്രാജ്യമൊന്നടങ്കവും ഇസ്‌ലാമിന്റെ ശാദ്വലതീരം പുല്‍കി വിജയം വരിച്ചു.

12. സാമ്പത്തിക സുസ്ഥിതിയും ഭൗതിക നേട്ടങ്ങളുമൊക്കെയുണ്ടെങ്കിലും ബില്‍ഖീസ് രാജ്ഞിയും പരിവാരങ്ങളും പ്രജകളുമെല്ലാം സന്മാര്‍ഗത്തില്‍ നിന്നു വ്യതിചലിച്ചവരാണ്. അനുഗ്രഹദാതാവായ അല്ലാഹുവിനെ അറിഞ്ഞ് അനുസരിച്ച് ആരാധിക്കേണ്ടതിനു പകരം സൂര്യനെയാണവര്‍ ദൈവമാക്കിയിരിക്കുന്നത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് പിശാച് അവരെയൊന്നടങ്കം വഴിതെറ്റിച്ചിരിക്കുകയാണ്.

فَمَكَثَ غَيۡرَ بَعِيدٖ فَقَالَ أَحَطتُ بِمَا لَمۡ تُحِطۡ بِهِۦ وَجِئۡتُكَ مِن سَبَإِۭ بِنَبَإٖ يَقِينٍ ۝٢٢
إِنِّي وَجَدتُّ ٱمۡرَأَةٗ تَمۡلِكُهُمۡ وَأُوتِيَتۡ مِن كُلِّ شَيۡءٖ وَلَهَا عَرۡشٌ عَظِيمٞ ۝٢٣
وَجَدتُّهَا وَقَوۡمَهَا يَسۡجُدُونَ لِلشَّمۡسِ مِن دُونِ ٱللَّهِ وَزَيَّنَ لَهُمُ ٱلشَّيۡطَٰنُ أَعۡمَٰلَهُمۡ فَصَدَّهُمۡ عَنِ ٱلسَّبِيلِ فَهُمۡ لَا يَهۡتَدُونَ ۝٢٤
أَلَّاۤ يَسۡجُدُواْۤ لِلَّهِ ٱلَّذِي يُخۡرِجُ ٱلۡخَبۡءَ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَيَعۡلَمُ مَا تُخۡفُونَ وَمَا تُعۡلِنُونَ ۝٢٥
ٱللَّهُ لَآ إِلَٰهَ إِلَّا هُوَ رَبُّ ٱلۡعَرۡشِ ٱلۡعَظِيمِ۩ ۝٢٦
27–28

സുലൈമാന്‍ നബി പ്രതികരിച്ചു: നീ നേരാണോ പറഞ്ഞത്, അതോ നുണയന്മാരില്‍ ഉള്‍പ്പെട്ടുവോ എന്നു നാം പരിശോധിച്ചു നോക്കുന്നതാണ്. എന്റെ ഈ കത്ത് കൊണ്ടുപോയി അവര്‍ക്കു നീ ഇട്ടുകൊടുക്കുക; ശേഷം മാറിനിന്ന് എന്താണവരുടെ പ്രതികരണം എന്നു നിരീക്ഷിക്കുക.

۞ قَالَ سَنَنظُرُ أَصَدَقۡتَ أَمۡ كُنتَ مِنَ ٱلۡكَٰذِبِينَ ۝٢٧
ٱذۡهَب بِّكِتَٰبِي هَٰذَا فَأَلۡقِهۡ إِلَيۡهِمۡ ثُمَّ تَوَلَّ عَنۡهُمۡ فَٱنظُرۡ مَاذَا يَرۡجِعُونَ ۝٢٨
29–31

റാണി പറഞ്ഞു: ഹേ വരിഷ്ഠരേ, എനിക്കിതാ മാന്യമായ ഒരു കത്ത് ലഭിച്ചിരിക്കുന്നു.13
സുലൈമാന്‍ നബിയുടേതാണത്; ഉള്ളടക്കമിതാണ്: പരമദയാലുവും കരുണാമയനുമായ അല്ലാഹുവിന്റെ നാമത്തില്‍; എനിക്കെതിരെ നിങ്ങള്‍ അഹങ്കാരപ്രകടനം നടത്തേണ്ട, കീഴൊതുങ്ങിക്കൊണ്ട് എന്റെ സന്നിധിയിലേക്കു വരിക!

1 വിശദീകരണം കാണുക

13. രാജാക്കന്മാര്‍ പരസ്പരമയക്കുന്ന കത്തുകളിലെ എല്ലാ മുറകളും പാലിച്ചുകൊണ്ടുള്ളതായിരുന്നു സുലൈമാന്‍ നബി(അ) ബില്‍ഖീസ് റാണിക്കയച്ചത്; അതാണ് മാന്യമായ കത്ത് എന്നു വിശേഷിപ്പിച്ചത്.

قَالَتۡ يَٰٓأَيُّهَا ٱلۡمَلَؤُاْ إِنِّيٓ أُلۡقِيَ إِلَيَّ كِتَٰبٞ كَرِيمٌ ۝٢٩
إِنَّهُۥ مِن سُلَيۡمَٰنَ وَإِنَّهُۥ بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ ۝٣٠
أَلَّا تَعۡلُواْ عَلَيَّ وَأۡتُونِي مُسۡلِمِينَ ۝٣١
32–33

റാണി അരുളി: ഹേ പ്രമുഖരേ, ഇവ്വിഷയത്തില്‍ എനിക്ക് നിങ്ങളുടെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കൂ. നിങ്ങളില്ലാതെ ഒരു കാര്യത്തിലും ഞാന്‍ ഖണ്ഡിത തീരുമാനം എടുക്കാറില്ലല്ലോ. അവര്‍ പ്രതികരിച്ചു: ശക്തിയും തീവ്ര സമരശേഷിയുമുള്ളവരാണ് നാം. ആധിപത്യം ഭവതിയുടെ കരങ്ങളിലായതുകൊണ്ട് സുചിന്തിതമായി തീരുമാനം കണ്ടാലും!14

1 വിശദീകരണം കാണുക

14. കത്തു കൈപ്പറ്റിയ റാണി തന്റെ ഉപദേഷ്ടാക്കളെയും മന്ത്രിമാരെയും മറ്റും സമ്മേളിപ്പിച്ച് വിഷയം ചര്‍ച്ച ചെയ്യുകയാണ്. വിശ്രുതനും കരുത്തനുമായ സുലൈമാന്‍ നബിയുടെ രാജദൂത് തള്ളിക്കളയാന്‍ പറ്റില്ലല്ലോ. എല്ലാ ഭരണാധികാരികളുടെയും ശിങ്കിടികളെപ്പോലെത്തന്നെ റാണിയുടെയാള്‍ക്കാരും സ്വന്തം അഭിമാനവും ആത്മധൈര്യവും പ്രകടിപ്പിക്കുകയാണ്-ഒരുകൈ നോക്കാന്‍ നമുക്ക് എന്തിന്റെ കുറവാണുള്ളത്? എന്നാല്‍, യുദ്ധക്കെടുതികള്‍ സൂചിപ്പിച്ചുകൊണ്ട്, എടുത്തുചാട്ടം ഒഴിവാക്കാനും ആദ്യപടി എന്ന നിലയില്‍ സുലൈമാന്‍ നബി(അ)ക്ക് അമൂല്യമായ ചില പാരിതോഷികങ്ങള്‍ കൊടുത്തയക്കാനുമാണ് റാണി തീരുമാനമെടുക്കുന്നത്.

قَالَتۡ يَٰٓأَيُّهَا ٱلۡمَلَؤُاْ أَفۡتُونِي فِيٓ أَمۡرِي مَا كُنتُ قَاطِعَةً أَمۡرًا حَتَّىٰ تَشۡهَدُونِ ۝٣٢
قَالُواْ نَحۡنُ أُوْلُواْ قُوَّةٖ وَأُوْلُواْ بَأۡسٖ شَدِيدٖ وَٱلۡأَمۡرُ إِلَيۡكِ فَٱنظُرِي مَاذَا تَأۡمُرِينَ ۝٣٣
34–35

റാണി പ്രസ്താവിച്ചു: രാജാക്കന്മാര്‍ ഒരു നാട്ടില്‍ കടന്നുകയറ്റം നടത്തിയാല്‍ ആ പ്രദേശമവര്‍ സംഹരിച്ചു കളയുകയും അവിടത്തെ പ്രതാപശാലികളെ നിസ്സാരരാക്കുകയും ചെയ്യും. ഇവിടെയും അതു തന്നെയാണവര്‍ അനുവര്‍ത്തിക്കുക. ഞാനവര്‍ക്കൊരു പാരിതോഷികം കൊടുത്തയക്കുകയാണ്; എന്നിട്ട് എന്തു പ്രതികരണവുമായാണ് ദൂതര്‍ വരുന്നതെന്നു നോക്കട്ടെ.15

1 വിശദീകരണം കാണുക

15. ചക്രവര്‍ത്തിമാരും രാജാക്കന്മാരും പരസ്പരം പാരിതോഷികങ്ങള്‍ കൈമാറുന്ന രീതി പണ്ടുമുതലേ നിലവിലുള്ളതാണ്. ഇവിടെ ബുദ്ധിപൂര്‍വകമായ ഒരു നിലപാടിലാണ് റാണി എത്തിച്ചേരുന്നത്: അമൂല്യമായ കാഴ്ചവസ്തുക്കള്‍ സ്വീകരിക്കുന്നുവെങ്കില്‍ അദ്ദേഹം ഭൗതികപ്രമത്തനാണ്; മറിച്ചാണെങ്കില്‍ സത്യപ്രബോധകനും ദൈവദൂതനുമത്രേ!

قَالَتۡ إِنَّ ٱلۡمُلُوكَ إِذَا دَخَلُواْ قَرۡيَةً أَفۡسَدُوهَا وَجَعَلُوٓاْ أَعِزَّةَ أَهۡلِهَآ أَذِلَّةٗۚ وَكَذَٰلِكَ يَفۡعَلُونَ ۝٣٤
وَإِنِّي مُرۡسِلَةٌ إِلَيۡهِم بِهَدِيَّةٖ فَنَاظِرَةُۢ بِمَ يَرۡجِعُ ٱلۡمُرۡسَلُونَ ۝٣٥
36–37

അങ്ങനെ ദൂതന്‍ സുലൈമാന്‍ നബിയുടെയടുത്തെത്തിയപ്പോള്‍ അദ്ദേഹം ചോദിച്ചു: നിങ്ങളെനിക്കു ധനം തന്ന് സഹായിക്കുകയാണോ? എന്നാല്‍ എനിക്ക് അല്ലാഹു കനിഞ്ഞേകിയതാണ് നിങ്ങള്‍ക്കവന്‍ തന്നതിനെക്കാള്‍ ഉദാത്തമായത്. പക്ഷേ, സ്വന്തം പാരിതോഷികത്തില്‍ നിങ്ങള്‍ ആഹ്ലാദം കണ്ടെത്തുകയാണ്. നീ അവരുടെയടുത്തേക്കു തന്നെ തിരിച്ചുപോവുക. അവര്‍ക്ക് അഭിമുഖീകരിക്കാനാവാത്ത വിധമുള്ള ഒരു സൈനിക ശേഖരവുമായി നാമങ്ങോട്ട് ചെല്ലുന്നതും നിന്ദ്യരും നിസ്സാരരുമായി അവിടെ നിന്നു അവരെ ബഹിഷ്‌കരിക്കുന്നതുമാണ്.16

1 വിശദീകരണം കാണുക

16. അതീവ വിലപിടിപ്പുള്ള മുത്തുകളും സ്വര്‍ണപ്പാത്രങ്ങളും മറ്റുമായുള്ള പാരിതോഷികമായിരുന്നു ബില്‍ഖീസിന്റേത്. എന്നാല്‍, നബിയത് സ്വീകരിക്കാതെ സംഘത്തെ തിരിച്ചയച്ചു. സത്യത്തിന്റെ പന്ഥാവായ ഇസ്‌ലാം സ്വയമേവ നിങ്ങള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം, നിങ്ങളുമായെനിക്ക് ഏറ്റുമുട്ടേണ്ടിവരുമെന്നും ഉണര്‍ത്തി. അങ്ങനെ, നബി സത്യസന്ദേശവാഹകനും ദൈവദൂതനുമാണെന്നു തിരിച്ചറിഞ്ഞ റാണി പന്ത്രണ്ടായിരം പരിവാരങ്ങളുമായി സുലൈമാന്‍ നബിയുടെ ദര്‍ബാറിലേക്ക് പുറപ്പെടുകയുണ്ടായി എന്ന് ഇമാം ഇബ്‌നുഅബ്ബാസ്(റ) പ്രസ്താവിച്ചതായി കാണാം.

فَلَمَّا جَآءَ سُلَيۡمَٰنَ قَالَ أَتُمِدُّونَنِ بِمَالٖ فَمَآ ءَاتَىٰنِۦَ ٱللَّهُ خَيۡرٞ مِّمَّآ ءَاتَىٰكُمۚ بَلۡ أَنتُم بِهَدِيَّتِكُمۡ تَفۡرَحُونَ ۝٣٦
ٱرۡجِعۡ إِلَيۡهِمۡ فَلَنَأۡتِيَنَّهُم بِجُنُودٖ لَّا قِبَلَ لَهُم بِهَا وَلَنُخۡرِجَنَّهُم مِّنۡهَآ أَذِلَّةٗ وَهُمۡ صَٰغِرُونَ ۝٣٧
38–40

സുലൈമാന്‍ നബി ആവശ്യപ്പെട്ടു: ഹേ വരിഷ്ഠരേ, വിധേയത്വം പ്രകടിപ്പിച്ചവരായിക്കൊണ്ട് എന്റെയടുത്തവര്‍ വന്നെത്തും മുമ്പ് അവളുടെ സിംഹാസനം നിങ്ങളിലാരാണ് എനിക്കു കൊണ്ടുവന്നുതരിക? ജിന്നുകളില്‍ പെട്ട ഒരതിശക്തന്‍ പ്രതികരിച്ചു: 'അങ്ങ് ഈ ദര്‍ബാറില്‍ നിന്ന് എണീക്കുംമുമ്പ് ഞാന്‍ കൊണ്ടുവരാം. അതിന്നു കഴിവുറ്റവനും വിശ്വസ്തനും തന്നെയത്രേ ഞാന്‍!' വേദജ്ഞാനം ലഭ്യമായ ഒരാള്‍ പറഞ്ഞു: 'താങ്കള്‍ കണ്ണിമയ്ക്കും മുമ്പ് ഞാനതു ഹാജരാക്കാം!'17
അങ്ങനെ തന്റെ മുമ്പാകെയത് നിലയുറപ്പിച്ചതായി കണ്ടപ്പോള്‍ നബി പ്രതികരിച്ചു: ഞാന്‍ കൃതജ്ഞനാകുമോ അതോ കൃതഘ്‌നനാകുമോ എന്നെന്നെ പരീക്ഷിക്കാനായി നാഥന്‍ കനിഞ്ഞേകിയ അനുഗ്രഹങ്ങളില്‍ പെട്ടതത്രേ ഇത്. ഒരാള്‍ നന്ദി കാട്ടുന്നുവെങ്കില്‍ സ്വഗുണത്തിനു വേണ്ടി തന്നെയാണത്; ഇനിയവന്‍ നന്ദികേട് കാട്ടുന്നുവെങ്കിലോ, എന്റെ നാഥന്‍ ഐശ്വര്യനും ഉദാത്തനുമത്രേ.18

2 വിശദീകരണങ്ങൾ കാണുക

17. പാരിതോഷികങ്ങളുമായി ദൗത്യസംഘം തിരിച്ചെത്തിയത് ഒട്ടേറെ തിക്തസന്ദേശങ്ങളുമായിട്ടായിരുന്നു. ഇവയത്രയും സ്പഷ്ടമായി ഗ്രഹിച്ച റാണി തന്റെയും പ്രജകളുടെയും സുരക്ഷയോര്‍ത്ത് നബിയോട് വിധേയത്വം പ്രഖ്യാപിക്കാനും അതിനു ദര്‍ബാറിലേക്കു പോകാനും തീരുമാനിച്ചു. ഇതിനിടെയാണ് അല്ലാഹു തനിക്ക് കൈവരുത്തിത്തരുന്ന മുഅ്ജിസത്ത് വഴി റാണിയെ സ്തബ്ധയാക്കാനായി, പരശ്ശതം കിലോമീറ്ററുകള്‍ക്കപ്പുറത്തു നിന്ന് അവരുടെ സിംഹാസനം കൊണ്ടുവരാന്‍ നബി ശ്രമിക്കുന്നത്. വേദജ്ഞാനമുള്ളയാള്‍ ആസ്വിഫുബ്‌നു ബര്‍ഖിയാ എന്ന വലിയ്യ് ആയിരുന്നു എന്നാണ് പല വ്യാഖ്യാതാക്കളും രേഖപ്പെടുത്തിയിട്ടുള്ളത്.

18. കണ്‍പോളകള്‍ അടച്ചുതുറക്കുന്നതിനകം ഭീമസിംഹാസനം രാജദര്‍ബാറിലെത്തി. തികഞ്ഞ ഒരു വിശ്വാസിയുടെ നിലപാട് സുലൈമാന്‍ നബി(അ) അവിടെ പ്രഖ്യാപിച്ചു: ഈ മഹാത്ഭുതം അല്ലാഹു സാധിപ്പിച്ചുതന്നത് എന്നെ പരീക്ഷിക്കാന്‍ വേണ്ടിയത്രേ. നന്ദി പ്രകാശിപ്പിക്കുന്നതിന്റെ ഗുണം അവനു തന്നെയാണ് ലഭിക്കുക; അല്ലാഹുവിന് ഒരാളുടെയും കൃതജ്ഞതാപ്രകാശനത്തിന്റെയാവശ്യമില്ല. സൂറ ലുഖ്മാന്‍ 12 കാണുക.

قَالَ يَٰٓأَيُّهَا ٱلۡمَلَؤُاْ أَيُّكُمۡ يَأۡتِينِي بِعَرۡشِهَا قَبۡلَ أَن يَأۡتُونِي مُسۡلِمِينَ ۝٣٨
قَالَ عِفۡرِيتٞ مِّنَ ٱلۡجِنِّ أَنَا۠ ءَاتِيكَ بِهِۦ قَبۡلَ أَن تَقُومَ مِن مَّقَامِكَۖ وَإِنِّي عَلَيۡهِ لَقَوِيٌّ أَمِينٞ ۝٣٩
قَالَ ٱلَّذِي عِندَهُۥ عِلۡمٞ مِّنَ ٱلۡكِتَٰبِ أَنَا۠ ءَاتِيكَ بِهِۦ قَبۡلَ أَن يَرۡتَدَّ إِلَيۡكَ طَرۡفُكَۚ فَلَمَّا رَءَاهُ مُسۡتَقِرًّا عِندَهُۥ قَالَ هَٰذَا مِن فَضۡلِ رَبِّي لِيَبۡلُوَنِيٓ ءَأَشۡكُرُ أَمۡ أَكۡفُرُۖ وَمَن شَكَرَ فَإِنَّمَا يَشۡكُرُ لِنَفۡسِهِۦۖ وَمَن كَفَرَ فَإِنَّ رَبِّي غَنِيّٞ كَرِيمٞ ۝٤٠
41–43

സുലൈമാന്‍ നബി കല്‍പിച്ചു: സിംഹാസനം അവള്‍ക്കു തിരിച്ചറിയാത്തവിധം ഭേദഗതി വരുത്തുക; അവള്‍ യാഥാര്‍ത്ഥ്യം ഗ്രഹിക്കുമോ അതോ വസ്തുത മനസ്സിലാക്കാത്തവരില്‍ പെടുമോ എന്നു നമുക്ക് നിരീക്ഷിക്കണം. അങ്ങനെ ദര്‍ബാറിലെത്തിയപ്പോള്‍ 'ഭവതിയുടെ സിംഹാസനം ഇതുപോലെയാണോ' എന്നു ചോദിക്കപ്പെട്ടു. അവള്‍ പ്രതികരിച്ചു: 'അതുപോലെത്തന്നെയുണ്ട് ഇത്!'19
ശരിയായ ജ്ഞാനം ഞങ്ങള്‍ക്കു ഇതിനുമുമ്പ് തന്നെ നല്‍കപ്പെടുകയും ഞങ്ങള്‍ മുസ്‌ലിംകളാവുകയും ചെയ്തിട്ടുണ്ട്. അല്ലാഹുവിനെ വിട്ട് തനിക്കുണ്ടായിരുന്ന ആരാധ്യവസ്തുക്കളാണ് അവളെ നേര്‍വഴിയില്‍ നിന്ന് ഉപരോധിച്ചത്. സത്യനിഷേധികളായ സമൂഹത്തില്‍ അകപ്പെട്ടതു തന്നെയായിരുന്നു അവള്‍.20

2 വിശദീകരണങ്ങൾ കാണുക

19. ബില്‍ഖീസ് റാണിയുടെ ബുദ്ധിയും സാമര്‍ത്ഥ്യവും ഗ്രഹിക്കാനായി, സിംഹാസനം പെട്ടെന്നു മനസ്സിലാകാത്തവിധം ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ നബി കല്‍പിക്കുകയും അങ്ങനെ മാറ്റുകയും ചെയ്തു. 'ഭവതിയുടെ സിംഹാസനം ഇതുപോലെയാണോ' എന്ന ചോദ്യത്തിന് 'അതുപോലെത്തന്നെയുണ്ടിത്' എന്നവര്‍ മറുപടി നല്‍കി. അമാനുഷിക കഴിവിലൂടെ തന്റെ സിംഹാസനം സുലൈമാന്‍ നബി(അ) ഇവിടെ എത്തിച്ചിരിക്കുന്നു എന്നവര്‍ക്ക് ഗ്രഹിക്കാനായി.

20. ഈ വാക്കുകള്‍ സുലൈമാന്‍ നബിയുടേതാണ്. അല്ലാഹുവിനെയും സത്യമതത്തെയും കുറിച്ച അറിവ് ഞങ്ങള്‍ക്ക് നേരത്തെ തന്നെ ലഭിക്കുകയും തദനുസൃതം ഞങ്ങള്‍ ആ മതം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട് എന്നു വിവക്ഷ.

قَالَ نَكِّرُواْ لَهَا عَرۡشَهَا نَنظُرۡ أَتَهۡتَدِيٓ أَمۡ تَكُونُ مِنَ ٱلَّذِينَ لَا يَهۡتَدُونَ ۝٤١
فَلَمَّا جَآءَتۡ قِيلَ أَهَٰكَذَا عَرۡشُكِۖ قَالَتۡ كَأَنَّهُۥ هُوَۚ وَأُوتِينَا ٱلۡعِلۡمَ مِن قَبۡلِهَا وَكُنَّا مُسۡلِمِينَ ۝٤٢
وَصَدَّهَا مَا كَانَت تَّعۡبُدُ مِن دُونِ ٱللَّهِۖ إِنَّهَا كَانَتۡ مِن قَوۡمٖ كَٰفِرِينَ ۝٤٣
44

കൊട്ടാരത്തിലേക്ക് പ്രവേശിക്കാം എന്ന് അവള്‍ ക്ഷണിക്കപ്പെട്ടു; കണ്ടപ്പോള്‍ അതൊരു ജലാശയമാണെന്നവള്‍ വിചാരിക്കുകയും കണങ്കാലുകളില്‍ നിന്ന് വസ്ത്രം പൊക്കുകയുമുണ്ടായി. സുലൈമാന്‍ നബി വ്യക്തമാക്കി: 'പളുങ്ക് മിനുക്കിയുണ്ടാക്കിയ കൊട്ടാരമാണിത്!' അവള്‍ പരിതപിച്ചു: നാഥാ, സ്വന്തത്തോടു തന്നെ അതിക്രമം ചെയ്തിരിക്കയാണു ഞാന്‍; സുലൈമാന്‍ നബിയോടൊപ്പം സര്‍വലോക സംരക്ഷകനായ അല്ലാഹുവിന്ന് ഞാനിതാ കീഴൊതുങ്ങിയിരിക്കുന്നു!21

1 വിശദീകരണം കാണുക

21. ബില്‍ഖീസ് റാണിയും പരിവാരവും പുറപ്പെടുന്ന വിവരമറിഞ്ഞ സുലൈമാന്‍ നബി(അ) പ്രൗഢവും അതിസുന്ദരവും നയനമനോഹരവുമായ ഒരു പ്രത്യേക കൊട്ടാരമുണ്ടാക്കാന്‍ ജിന്നുകള്‍ക്ക് കല്‍പന കൊടുത്തു. അവരെത്തിയപ്പോള്‍ റാണി അകത്തേക്കു ക്ഷണിക്കപ്പെട്ടു. അവര്‍ക്കു തന്നെ കണ്ണുതള്ളിപ്പോയി! സുലൈമാന്‍ നബി(അ)യെ അംഗീകരിച്ച് അവരത്രയും മുസ്‌ലിംകളായിത്തീര്‍ന്നു. ഷേബാറാണിയുടെ സിറിയന്‍ യാത്ര ബൈബിളിലും ചില വ്യത്യാസങ്ങളോടെ കാണാം. ഒന്നാം രാജാക്കന്മാര്‍ 10:1-10 നോക്കുക.

قِيلَ لَهَا ٱدۡخُلِي ٱلصَّرۡحَۖ فَلَمَّا رَأَتۡهُ حَسِبَتۡهُ لُجَّةٗ وَكَشَفَتۡ عَن سَاقَيۡهَاۚ قَالَ إِنَّهُۥ صَرۡحٞ مُّمَرَّدٞ مِّن قَوَارِيرَۗ قَالَتۡ رَبِّ إِنِّي ظَلَمۡتُ نَفۡسِي وَأَسۡلَمۡتُ مَعَ سُلَيۡمَٰنَ لِلَّهِ رَبِّ ٱلۡعَٰلَمِينَ ۝٤٤
45–46

അല്ലാഹുവിനെ മാത്രം നിങ്ങളാരാധിക്കുക എന്ന സന്ദേശവുമായി സമൂദ് സമുദായത്തിലേക്ക് സ്വസഹോദരന്‍ സ്വാലിഹ് നബിയെ നാം നിയോഗിക്കുകയുണ്ടായി. തത്സമയമതാ, രണ്ടു കക്ഷികളായി അവരന്യോന്യം പോരടിക്കുന്നു! അദ്ദേഹം ചോദിച്ചു: എന്റെ ജനമേ, നന്മക്കു മുമ്പായി തിന്മ കിട്ടാന്‍ നിങ്ങളെന്തിനു ധൃതികൂട്ടുന്നു? അല്ലാഹുവോട് നിങ്ങള്‍ പാപമോചനമര്‍ത്ഥിക്കാത്തതെന്ത്? എങ്കില്‍ നിങ്ങളുടെ മേല്‍ കരുണ ചൊരിയപ്പെട്ടേക്കാമല്ലോ?22

1 വിശദീകരണം കാണുക

22. ഇന്ന് അല്‍ഉലാ എന്നും മദാഇന്‍ സ്വാലിഹ് എന്നും അറിയപ്പെടുന്ന ഹിജ്‌റ് പ്രവിശ്യയിലേക്ക് നിയുക്തരായ സ്വാലിഹ് നബി(അ)യുടെ ലഘുചരിത്രം പരാമര്‍ശിക്കയാണ്. മക്കയില്‍ നിന്ന് എണ്ണൂറു കിലോമീറ്റര്‍ വടക്കു മാറിയുള്ള പ്രദേശമാണ് അല്‍ ഹിജ്ര്‍. മുന്‍അധ്യായം 141-158 കാണുക. രണ്ടു കക്ഷികള്‍ എന്നു പറഞ്ഞത് സത്യവിശ്വാസികളും നിഷേധികളുമാണ്. രണ്ടാം കക്ഷി ഒന്നാം കക്ഷിയെ തത്ത്വദീക്ഷയും ന്യായീകരണവുമില്ലാതെ എതിര്‍ക്കുകയും വിമര്‍ശിക്കുകയും അവര്‍ക്കെതിരെ അക്രമ-മര്‍ദനങ്ങളഴിച്ചുവിടുകയും ചെയ്യുമ്പോള്‍ മറുകക്ഷി അതിനെ പ്രതിരോധിക്കുമല്ലോ. അതാണ് രണ്ടു കക്ഷികളുടെ പോര് കൊണ്ടുള്ള വിവക്ഷ.

وَلَقَدۡ أَرۡسَلۡنَآ إِلَىٰ ثَمُودَ أَخَاهُمۡ صَٰلِحًا أَنِ ٱعۡبُدُواْ ٱللَّهَ فَإِذَا هُمۡ فَرِيقَانِ يَخۡتَصِمُونَ ۝٤٥
قَالَ يَٰقَوۡمِ لِمَ تَسۡتَعۡجِلُونَ بِٱلسَّيِّئَةِ قَبۡلَ ٱلۡحَسَنَةِۖ لَوۡلَا تَسۡتَغۡفِرُونَ ٱللَّهَ لَعَلَّكُمۡ تُرۡحَمُونَ ۝٤٦
47

അവര്‍ പ്രതികരിച്ചു: നീയും അനുയായികളും കാരണമായി ഞങ്ങള്‍ക്ക് ശകുനപ്പിഴയേറ്റിരിക്കയാണ്. അദ്ദേഹം മറുപടി നല്‍കി: നിങ്ങളുടെ ദുഃശകുനം അല്ലാഹുവിങ്കല്‍ സ്ഥിരീകൃതമത്രേ. അതല്ല വസ്തുത, ദൈവിക പരീക്ഷണത്തിനു പാത്രീഭവിക്കാന്‍ പോകുന്ന ഒരു ജനസഞ്ചയമത്രേ നിങ്ങള്‍!

قَالُواْ ٱطَّيَّرۡنَا بِكَ وَبِمَن مَّعَكَۚ قَالَ طَٰٓئِرُكُمۡ عِندَ ٱللَّهِۖ بَلۡ أَنتُمۡ قَوۡمٞ تُفۡتَنُونَ ۝٤٧
48–53

നാട്ടില്‍ കുഴപ്പമുണ്ടാക്കുകയും യാതൊരു നന്മയും അനുവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന ഒരൊമ്പതംഗ നേതൃസംഘം സ്വാലിഹ് നബിയുടെ പട്ടണമായ ഹിജ്‌റിലുണ്ടായിരുന്നു. അവര്‍ പരസ്പരം പറഞ്ഞു: അല്ലാഹുവിനെ പിടിച്ചു ശപഥം ചെയ്യൂ-സ്വാലിഹിനെയും സ്വന്തക്കാരെയും നമുക്ക് നിശാവധം നടത്തുക തന്നെ വേണം. എന്നിട്ട് അവന്റെ അവകാശിയോട് നമുക്കിങ്ങനെ ബോധിപ്പിക്കാം: 'നിന്റെ ബന്ധുവിന്റെ വധത്തില്‍ ഞങ്ങള്‍ പങ്കാളികളായിട്ടില്ല. നേര് തന്നെയാണ് ഞങ്ങള്‍ പറയുന്നത്.' അവര്‍ ഒരു കുതന്ത്രമൊപ്പിച്ചു; നിനച്ചിരിക്കാത്തവിധം അവരോട് നാമതിനു പ്രതിക്രിയയും ചെയ്തു. നോക്കൂ, അവരുടെ കുതന്ത്രത്തിന്റെ പരിണതി എങ്ങനെയായിരുന്നു? അവരെയും സ്വന്തക്കാരെയും ഒന്നടങ്കം നാം സംഹരിച്ചു കളഞ്ഞു. അവരുടെ ഗേഹങ്ങളതാ തകര്‍ന്നടിഞ്ഞു കിടക്കുന്നു-അവര്‍ അതിക്രമം കാട്ടിയതിന്റെ തിക്തഫലമത്രേ അത്. കാര്യവിവരമുള്ളവര്‍ക്ക് ഇതില്‍ ദൃഷ്ടാന്തമുണ്ട്, തീര്‍ച്ച. സത്യവിശ്വാസം കൈക്കൊള്ളുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്തവരെ നാം രക്ഷപ്പെടുത്തുകയുമുണ്ടായി.23

1 വിശദീകരണം കാണുക

23. മുന്‍അധ്യായത്തില്‍ (141-158) അവര്‍ അതിനെ അറുത്തു എന്നു സംഗ്രഹിച്ചു പറഞ്ഞതിന്റെ വിശദീകരണമാണിത്. ധിക്കാരികളും തെമ്മാടികളും ശക്തരുമായിരുന്ന ഒമ്പതംഗ നേതൃസംഘത്തിലെ ഖുദാര്‍ ബിന്‍ സാലിഫ് എന്ന അതീവ നിര്‍ഭാഗ്യനാണ് ഒട്ടകത്തെ ഗളച്ഛേദം ചെയ്തത്. തുടര്‍ന്നവര്‍ സ്വാലിഹ് നബി(അ)യെ കൊല്ലാന്‍ ഗൂഢാലോചന നടത്തി. എന്നാല്‍, ഇനിയൊട്ടും അവരെ വിട്ടുകൂടാ എന്ന് അല്ലാഹു തീരുമാനിച്ചു. ജിബ്‌രീലിന്റെ അതിശക്തമായ അട്ടഹാസം, അതീവ ഗുരുതരമായ ഭൂമികുലുക്കം-അവരത്രയും നശിച്ചു മണ്ണടിഞ്ഞു! സ്വാലിഹ് നബി(അ)യെയും സത്യവിശ്വാസികളെയും അല്ലാഹു രക്ഷപ്പെടുത്തി.

وَكَانَ فِي ٱلۡمَدِينَةِ تِسۡعَةُ رَهۡطٖ يُفۡسِدُونَ فِي ٱلۡأَرۡضِ وَلَا يُصۡلِحُونَ ۝٤٨
قَالُواْ تَقَاسَمُواْ بِٱللَّهِ لَنُبَيِّتَنَّهُۥ وَأَهۡلَهُۥ ثُمَّ لَنَقُولَنَّ لِوَلِيِّهِۦ مَا شَهِدۡنَا مَهۡلِكَ أَهۡلِهِۦ وَإِنَّا لَصَٰدِقُونَ ۝٤٩
وَمَكَرُواْ مَكۡرٗا وَمَكَرۡنَا مَكۡرٗا وَهُمۡ لَا يَشۡعُرُونَ ۝٥٠
فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ مَكۡرِهِمۡ أَنَّا دَمَّرۡنَٰهُمۡ وَقَوۡمَهُمۡ أَجۡمَعِينَ ۝٥١
فَتِلۡكَ بُيُوتُهُمۡ خَاوِيَةَۢ بِمَا ظَلَمُوٓاْۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لِّقَوۡمٖ يَعۡلَمُونَ ۝٥٢
وَأَنجَيۡنَا ٱلَّذِينَ ءَامَنُواْ وَكَانُواْ يَتَّقُونَ ۝٥٣
54–58

ലൂത്ത് നബി തന്റെ ജനതയോടു പറഞ്ഞ സന്ദര്‍ഭം സ്മരണീയമത്രേ: നിങ്ങള്‍ ബോധമുള്ളവരായിക്കൊണ്ട് മ്ലേച്ഛവൃത്തി ചെയ്യുകയാണോ? കാമപൂരണത്തിനായി പെണ്ണുങ്ങളെ വിട്ട് ആണുങ്ങളെ പുല്‍കുകയോ? മൗഢ്യം കാണിക്കുന്ന ഒരു കൂട്ടര്‍ തന്നെയത്രേ നിങ്ങള്‍. ജനത്തിന്റെ പ്രതികരണം ഇതു മാത്രമായിരുന്നു: ലൂത്തിന്റെയാളുകളെ നാട്ടില്‍ നിന്നു പുറന്തള്ളുക! വിശുദ്ധി കാത്തുസൂക്ഷിക്കുന്ന ആളുകളാണവര്‍ എന്നും അവര്‍ പരിഹസിച്ചു. അപ്പോള്‍ അദ്ദേഹത്തെയും-സഹധര്‍മിണിയൊഴിച്ചുള്ള-സ്വന്തക്കാരെയും നാം രക്ഷപ്പെടുത്തി. അവളെ പിന്തിരിഞ്ഞുനിന്നവരിലായാണ് നാം കണക്കാക്കിയിരുന്നത്. അവര്‍ക്കുമീതെ നാമൊരു പേമാരി വര്‍ഷിപ്പിച്ചു. താക്കീതിനു വിധേയരായിരുന്ന ആ ജനതക്കു മേല്‍ നിപതിച്ച ആ മഴ എത്ര ഹീനം!24

1 വിശദീകരണം കാണുക

24. ലൂത്ത് നബി(അ)യുടെ ചരിത്രം മുന്‍സൂറയില്‍ 160-174ലും മറ്റും പറഞ്ഞുപോയിട്ടുണ്ട്. ഫലസ്ഥീനിലെ ചാവുകടലിന്റെ പരിസരങ്ങളിലുള്ള അഞ്ചു പ്രദേശങ്ങളിലാണ് അവര്‍ നിവസിച്ചിരുന്നത്.

وَلُوطًا إِذۡ قَالَ لِقَوۡمِهِۦٓ أَتَأۡتُونَ ٱلۡفَٰحِشَةَ وَأَنتُمۡ تُبۡصِرُونَ ۝٥٤
أَئِنَّكُمۡ لَتَأۡتُونَ ٱلرِّجَالَ شَهۡوَةٗ مِّن دُونِ ٱلنِّسَآءِۚ بَلۡ أَنتُمۡ قَوۡمٞ تَجۡهَلُونَ ۝٥٥
۞ فَمَا كَانَ جَوَابَ قَوۡمِهِۦٓ إِلَّآ أَن قَالُوٓاْ أَخۡرِجُوٓاْ ءَالَ لُوطٖ مِّن قَرۡيَتِكُمۡۖ إِنَّهُمۡ أُنَاسٞ يَتَطَهَّرُونَ ۝٥٦
فَأَنجَيۡنَٰهُ وَأَهۡلَهُۥٓ إِلَّا ٱمۡرَأَتَهُۥ قَدَّرۡنَٰهَا مِنَ ٱلۡغَٰبِرِينَ ۝٥٧
وَأَمۡطَرۡنَا عَلَيۡهِم مَّطَرٗاۖ فَسَآءَ مَطَرُ ٱلۡمُنذَرِينَ ۝٥٨
59–60

നബീ, പ്രഖ്യാപിക്കുക: സമസ്ത സ്‌തോത്രവും അല്ലാഹുവിന്നത്രേ. അവന്റെ സവിശേഷ തെരഞ്ഞെടുപ്പിനു വിധേയരായ അടിമകള്‍ക്കു സുരക്ഷയുണ്ടാകട്ടെ. അല്ലാഹുവാണോ ഉദാത്തന്‍, അതോ അവര്‍ പങ്കാളികളാക്കുന്നവയോ? അതോ ഭുവന-വാനങ്ങള്‍ സൃഷ്ടിക്കുകയും അന്തരീക്ഷത്തില്‍ നിന്നു നിങ്ങള്‍ക്ക് ജലം വര്‍ഷിക്കുകയും ചെയ്യുന്നവനോ? എന്നിട്ട് ആ വെള്ളം മുഖേന സുന്ദരമായ തോട്ടങ്ങള്‍ നാം ഉണ്ടാക്കി. അവയിലെ മരങ്ങള്‍ മുളപ്പിക്കാന്‍ നിങ്ങള്‍ക്കാകുമായിരുന്നില്ല. അല്ലാഹുവൊന്നിച്ച് മറ്റേതെങ്കിലും ആരാധ്യനുണ്ടോ? അല്ല, അവര്‍ സന്മാര്‍ഗവ്യതിയാനം സംഭവിച്ച ഒരു കൂട്ടരത്രേ.25

1 വിശദീകരണം കാണുക

25. സുഗ്രാഹ്യവും ചിന്തോദ്ദീപകവുമായ ശൈലിയില്‍ പ്രബോധനം നിര്‍വഹിക്കുകയും അല്ലാഹുവിന്റെ പന്ഥാവ് അനിഷേധ്യമാംവിധം വെട്ടിത്തെളിച്ചു കൊടുക്കുകയും ചെയ്തിട്ടും വരട്ടുവാദങ്ങളുന്നയിച്ചും ദൈവദൂതരെ തള്ളിപ്പറഞ്ഞും കഴിഞ്ഞുകൂടുകയായിരുന്നുവല്ലോ നിഷേധികള്‍. അത്തരക്കാര്‍ക്കു മധ്യേ ആശങ്കയില്ലാതെ പിടിച്ചുനിന്ന മുര്‍സലുകളുടെ സ്ഥൈര്യത്തെയും ദൃഢനിലപാടിനെയും ശ്ലാഘിക്കുകയാണ് അല്ലാഹു. തുടര്‍ന്ന് ഖുര്‍ആന്റെ പ്രഥമ അഭിസംബോധിതര്‍ മുതല്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ട് വരെയുള്ള സകലര്‍ക്കും സുഗ്രാഹ്യമാംവിധം അല്ലാഹുവിനെ കണ്ടെത്താന്‍ പര്യാപ്തമായ അഞ്ചു ദൃഷ്ടാന്തങ്ങളിലൂടെ (സൂക്തം 60-64) മര്‍ത്യകുലത്തെ അഭിസംബോധന ചെയ്യുകയാണ് ഖുര്‍ആന്‍.

قُلِ ٱلۡحَمۡدُ لِلَّهِ وَسَلَٰمٌ عَلَىٰ عِبَادِهِ ٱلَّذِينَ ٱصۡطَفَىٰٓۗ ءَآللَّهُ خَيۡرٌ أَمَّا يُشۡرِكُونَ ۝٥٩
أَمَّنۡ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَأَنزَلَ لَكُم مِّنَ ٱلسَّمَآءِ مَآءٗ فَأَنۢبَتۡنَا بِهِۦ حَدَآئِقَ ذَاتَ بَهۡجَةٖ مَّا كَانَ لَكُمۡ أَن تُنۢبِتُواْ شَجَرَهَآۗ أَءِلَٰهٞ مَّعَ ٱللَّهِۚ بَلۡ هُمۡ قَوۡمٞ يَعۡدِلُونَ ۝٦٠
61

അതോ ഭൂതലത്തെ നിവാസയോഗ്യമാക്കുകയും അതിനിടയില്‍ നിന്ന് പുഴകളുല്‍പാദിപ്പിക്കുകയും ഭൂമിക്ക് ദാര്‍ഢ്യമേകുന്ന മലകള്‍ സൃഷ്ടിക്കുകയും രണ്ടുവിധം ജലാശയങ്ങള്‍ക്കിടയില്‍ ഒരു മറയുണ്ടാക്കുകയും ചെയ്തവനോ ഉദാത്തന്‍?(അതോ, ബഹുദൈവങ്ങളോ?) അല്ലാഹുവൊന്നിച്ച് വേറെ ഏതെങ്കിലും ആരാധ്യനുണ്ടോ? അല്ല, അവരില്‍ മിക്കവരും യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നില്ല.26

1 വിശദീകരണം കാണുക

26. ഭൂമി ഗോളാകൃതിയിലാണെങ്കിലും മനുഷ്യനു വാസത്തിനുതകുംവിധം പരത്തി സൃഷ്ടിച്ചിരക്കയാണ് അല്ലാഹു. 'ഭൂമിയെ അവന്‍ പരത്തി' എന്ന ഖുര്‍ആനിക പ്രസ്താവത്തിന്റെ (79:30, 51:48,2:22) താല്‍പര്യം അതാണ്. നദികളും പര്‍വതങ്ങളുമൊക്കെ എത്ര ചിന്തോദ്ദീപകമാണ്. പുഴകളും കടലുകളും സംഗമിക്കുന്നുണ്ടെങ്കിലും ഉപ്പുവെള്ളം മേലോട്ടടിച്ചുകയറി അവ ഉപയോഗശൂന്യമാകുന്നില്ല. അല്ലാഹുവിന്റെ ഒരു മറയുണ്ടവിടെ. മറ്റു ചില ജലാശയങ്ങളും ഇങ്ങനെയുണ്ട്. 25:53 കാണുക.

أَمَّن جَعَلَ ٱلۡأَرۡضَ قَرَارٗا وَجَعَلَ خِلَٰلَهَآ أَنۡهَٰرٗا وَجَعَلَ لَهَا رَوَٰسِيَ وَجَعَلَ بَيۡنَ ٱلۡبَحۡرَيۡنِ حَاجِزًاۗ أَءِلَٰهٞ مَّعَ ٱللَّهِۚ بَلۡ أَكۡثَرُهُمۡ لَا يَعۡلَمُونَ ۝٦١
62

അതോ പ്രതിസന്ധിയിലകപ്പെട്ടവന്‍ പ്രാര്‍ത്ഥിച്ചാല്‍ അവനു ഉത്തരമേകുകയും കഷ്ടപ്പാട് ദൂരീകരിക്കുകയും ഭൂമിയില്‍ നിങ്ങളെ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ ഉദാത്തന്‍? അല്ലാഹുവൊന്നിച്ച് വേറെ ഏതെങ്കിലും ആരാധ്യന്‍ ഉണ്ടോ? വളരെക്കുറച്ചുമാത്രമേ നിങ്ങള്‍ ചിന്തിക്കുന്നുള്ളൂ.27

1 വിശദീകരണം കാണുക

27. ഏതു ദൈവനിഷേധിയും യുക്തിവാദിയും ഗുരുതര പ്രതിസന്ധികളുണ്ടാകുമ്പോള്‍ ദൈവത്തെ വിളിച്ച് ശരണം തേടും. ഒരു സാര്‍വത്രിക പ്രതിഭാസമാണിത്. സൃഷ്ടികളുടെ കഷ്ടപ്പാടുകളിലെ ദീനരോദനം കേള്‍ക്കുകയും ഉത്തരമേകുകയും ചെയ്യുന്നത് അല്ലാഹുവാണ്. ബിംബങ്ങളാണെന്ന് അവയുടെ ആരാധകര്‍ പോലും പറയില്ല.

أَمَّن يُجِيبُ ٱلۡمُضۡطَرَّ إِذَا دَعَاهُ وَيَكۡشِفُ ٱلسُّوٓءَ وَيَجۡعَلُكُمۡ خُلَفَآءَ ٱلۡأَرۡضِۗ أَءِلَٰهٞ مَّعَ ٱللَّهِۚ قَلِيلٗا مَّا تَذَكَّرُونَ ۝٦٢
63–64

അതോ കരയിലെയും കടലിലെയും ഇരുട്ടുകളില്‍ നിങ്ങള്‍ക്ക് വഴികാട്ടുകയും തന്റെ കാരുണ്യമഴക്കു മുമ്പേ സന്തോഷസൂചകമായി കാറ്റടിപ്പിക്കുകയും ചെയ്യുന്നവനോ ഉദാത്തന്‍?(അതോ, ബഹുദൈവങ്ങളോ?) അല്ലാഹുവൊന്നിച്ച് വേറെയേതെങ്കിലും ആരാധ്യനുണ്ടോ? അവര്‍ പങ്കാളികളാക്കുന്നതില്‍ നിന്നൊക്കെ അല്ലാഹു മഹോന്നതനത്രേ. അതോ സൃഷ്ടികര്‍മം തുടങ്ങിവെച്ച് പിന്നീട് ആവര്‍ത്തിക്കുകയും അന്തരീക്ഷത്തിലും ഭൂമിയിലും നിന്ന് നിങ്ങള്‍ക്ക് ആഹാരം തരികയും ചെയ്യുന്നവനോ ഉദാത്തന്‍?(അതോ ബഹുദൈവങ്ങളോ?) അല്ലാഹുവൊന്നിച്ച് വേറെ ഏതെങ്കിലും ആരാധ്യനുണ്ടോ? നബീ, പ്രഖ്യാപിക്കുക: സത്യവാദികളാണെങ്കില്‍ നിങ്ങളുടെ പ്രമാണം ഹാജറാക്കുക!28

1 വിശദീകരണം കാണുക

28. മേഘങ്ങളില്‍ നിന്ന് മഴ വര്‍ഷിച്ച് സസ്യ ലതാദികളും കായ്കനികളും പഴവര്‍ഗങ്ങളും കൃഷികളുമുണ്ടാകുന്നു. കോടാനുകോടി ജന്തുജാലങ്ങള്‍ക്ക് ആഹാര വിഭവങ്ങളൊരുങ്ങുന്നത് അങ്ങനെയാണല്ലോ. കൃത്രിമ മഴ പെയ്യിക്കുമെന്ന് വീമ്പിളക്കിയ ശാസ്ത്രം എന്തേ ഉള്‍വലിഞ്ഞു? ബുദ്ധിമാനും സത്യാന്വേഷിയുമായ മനുഷ്യന്‍ നിര്‍ബന്ധമായും അല്ലാഹുവിനെ കണ്ടെത്തും, തീര്‍ച്ച. ബിംബങ്ങള്‍ക്ക് എന്തിനു കഴിയും?

أَمَّن يَهۡدِيكُمۡ فِي ظُلُمَٰتِ ٱلۡبَرِّ وَٱلۡبَحۡرِ وَمَن يُرۡسِلُ ٱلرِّيَٰحَ بُشۡرَۢا بَيۡنَ يَدَيۡ رَحۡمَتِهِۦٓۗ أَءِلَٰهٞ مَّعَ ٱللَّهِۚ تَعَٰلَى ٱللَّهُ عَمَّا يُشۡرِكُونَ ۝٦٣
أَمَّن يَبۡدَؤُاْ ٱلۡخَلۡقَ ثُمَّ يُعِيدُهُۥ وَمَن يَرۡزُقُكُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِۗ أَءِلَٰهٞ مَّعَ ٱللَّهِۚ قُلۡ هَاتُواْ بُرۡهَٰنَكُمۡ إِن كُنتُمۡ صَٰدِقِينَ ۝٦٤
65–66

നബീ, പ്രഖ്യാപിക്കുക: ഭുവന-വാനങ്ങളിലുള്ളവരൊന്നും മറഞ്ഞ കാര്യമറിയില്ല, അല്ലാഹുവൊഴികെ; തങ്ങളുടെ പുനരുത്ഥാനം എപ്പോഴായിരിക്കുമെന്നും അവര്‍ക്കജ്ഞാതമാണ്. അല്ല, അവരുടെ ജ്ഞാനം എത്തിനില്‍ക്കുന്നത് പരലോക നിഷേധത്തിലാണ്; എന്നല്ല, അതെക്കുറിച്ച സന്ദേഹത്തിലാണവര്‍; അതുമല്ല, അതിനെ സംബന്ധിച്ച് പൂര്‍ണ അന്ധതയിലത്രേ അവര്‍.29

1 വിശദീകരണം കാണുക

29. സമഗ്ര ജ്ഞാനം അല്ലാഹുവിനു മാത്രമേയുള്ളൂ; ഒരൊറ്റ സൃഷ്ടിക്കും അതറിയില്ല. അല്ലാഹു അറിയിച്ചു കൊടുക്കുന്നവയേ അവരറിയൂ. (ഖുര്‍ആന്‍ 24:19) എന്നാല്‍, സത്യനിഷേധികള്‍ക്കുള്ള ആകെ അറിവ് പരലോക ജീവിതത്തെ നിഷേധിക്കണമെന്നതു മാത്രമാണെന്നാണ് പരിഹാസാത്മകമായി ഇവിടെ വ്യക്തമാക്കുന്നത്. അതുതന്നെ ബാലിശ വാദങ്ങളിലൂടെ മാത്രം. തികഞ്ഞ അന്ധതയാണവര്‍ വെച്ചുപുലര്‍ത്തുന്നത്; സത്യത്തിനെതിരെ ഹൃദയവും കണ്ണും കാതും അടച്ചുപിടിച്ച മുരത്ത അന്ധത!

قُل لَّا يَعۡلَمُ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ ٱلۡغَيۡبَ إِلَّا ٱللَّهُۚ وَمَا يَشۡعُرُونَ أَيَّانَ يُبۡعَثُونَ ۝٦٥
بَلِ ٱدَّٰرَكَ عِلۡمُهُمۡ فِي ٱلۡأٓخِرَةِۚ بَلۡ هُمۡ فِي شَكّٖ مِّنۡهَاۖ بَلۡ هُم مِّنۡهَا عَمُونَ ۝٦٦
67–68

സത്യനിഷേധികള്‍ ചോദിക്കയാണ്: ഞങ്ങളും പൂര്‍വ പിതാക്കളും മരിച്ചു മണ്ണടിഞ്ഞാല്‍ ഉയിര്‍ത്തെഴുന്നേല്‍പിച്ച് പുറത്തുകൊണ്ടുവരപ്പെടുമെന്നോ? ഞങ്ങളോടും നേരത്തെ ഞങ്ങളുടെ പിതാക്കളോടുമുള്ള വാഗ്ദത്തകാര്യം തന്നെയാണിത്. ഇതൊന്നും പൂര്‍വികരുടെ കെട്ടുകഥകളല്ലാതെ മറ്റൊന്നുമല്ല.

وَقَالَ ٱلَّذِينَ كَفَرُوٓاْ أَءِذَا كُنَّا تُرَٰبٗا وَءَابَآؤُنَآ أَئِنَّا لَمُخۡرَجُونَ ۝٦٧
لَقَدۡ وُعِدۡنَا هَٰذَا نَحۡنُ وَءَابَآؤُنَا مِن قَبۡلُ إِنۡ هَٰذَآ إِلَّآ أَسَٰطِيرُ ٱلۡأَوَّلِينَ ۝٦٨
69–72

നബീ, പറയുക: 'ഭൂമിയില്‍ യാത്ര ചെയ്ത് അധര്‍മകാരികളുടെ പരിണതി എങ്ങനെയായിരുന്നുവെന്ന് ചിന്തിച്ചുനോക്കുക.' ഈ നിഷേധികളുടെ പേരില്‍ അങ്ങ് ദുഃഖിക്കുകയോ അവരുടെ ഗൂഢാലോചനകളെപ്പറ്റി മനഃസംഘര്‍ഷത്തിലാവുകയോ വേണ്ട. അവര്‍ ചോദിക്കുന്നു: നിങ്ങള്‍ സത്യവാദികളാണെങ്കില്‍, ഒന്നുപറയൂ, എപ്പോഴാണ് ഈ വാഗ്ദത്ത ശിക്ഷ സംഭവിക്കുക? അങ്ങ് പ്രതികരിക്കുക: നിങ്ങള്‍ പെട്ടെന്ന് ആവശ്യപ്പെടുന്നവയില്‍ ചിലത് ഒരുവേള, നിങ്ങളുടെ വഴിയെത്തന്നെ വന്നിരിക്കാം.30

1 വിശദീകരണം കാണുക

30. ദുശ്ശാഠ്യവും അഹന്തയുമായി നിഷേധത്തിലടിയുറച്ചു നില്‍ക്കുന്നവര്‍ എന്ത് അത്യത്ഭുതം സംഭവിച്ചാലും നയം മാറ്റില്ല. (ഖുര്‍. 6:109-111 നോക്കുക.) കൂട്ടസംഹരണത്തിനു വിധേയരായ നിഷേധീ സമൂഹങ്ങളുടെ ശവപ്പറമ്പുകള്‍ സന്ദര്‍ശിക്കാനും ചരിത്രങ്ങളില്‍ നിന്നു പാഠമുള്‍ക്കൊള്ളാനും അത്തരക്കാരെ അല്ലാഹു ഗുണദോഷിക്കുകയാണ്. ഏതു ഗുരുതര പ്രതിസന്ധിയിലും സ്ഥൈര്യത്തോടെ നിലകൊള്ളാന്‍ പറഞ്ഞ് നബി(സ്വ)യെ സാന്ത്വനിപ്പിക്കുകയാണിവിടെ.

قُلۡ سِيرُواْ فِي ٱلۡأَرۡضِ فَٱنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلۡمُجۡرِمِينَ ۝٦٩
وَلَا تَحۡزَنۡ عَلَيۡهِمۡ وَلَا تَكُن فِي ضَيۡقٖ مِّمَّا يَمۡكُرُونَ ۝٧٠
وَيَقُولُونَ مَتَىٰ هَٰذَا ٱلۡوَعۡدُ إِن كُنتُمۡ صَٰدِقِينَ ۝٧١
قُلۡ عَسَىٰٓ أَن يَكُونَ رَدِفَ لَكُم بَعۡضُ ٱلَّذِي تَسۡتَعۡجِلُونَ ۝٧٢
73–75

നിശ്ചയം താങ്കളുടെ നാഥന്‍ മര്‍ത്യരോട് ഉദാരന്‍ തന്നെ; പക്ഷേ, അവരില്‍ മിക്കവരും കൃതജ്ഞരാകുന്നില്ല. അവരുടെ മാനസങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതുമൊക്കെ താങ്കളുടെ നാഥന്‍ അറിയുകതന്നെ ചെയ്യുന്നുണ്ട്. ആകാശത്തിലോ ഭൂമിയിലോ ഉള്ള ഏതൊരു ഗുപ്ത കാര്യവും സ്പഷ്ടമായൊരു രേഖയിലുണ്ട്, തീര്‍ച്ച.31

1 വിശദീകരണം കാണുക

31. മനുഷ്യരോടുള്ള അല്ലാഹുവിന്റെ കാരുണ്യവും വാത്സല്യവും ആര്‍ദ്രതയും എത്രമാത്രം മികച്ചതാണ്! ആഴവും പരപ്പും അളക്കാനാവാത്ത അത്യഗാധമായ പാരാവാരമാണത്. ആ കാരുണ്യത്തിന്റെ തണലിലാണ് ഏതു കൊടിയ ധിക്കാരിയും അഹങ്കാരിയും അല്ലാഹു സജ്ജീകരിച്ച സുഖസൗകര്യങ്ങളാസ്വദിച്ച് കഴിഞ്ഞുകൂടുന്നത്. പ്രവാചകന്മാര്‍ക്കും സത്യവിശ്വാസികള്‍ക്കുമെതിരെ എന്തൊക്കെ പാരപ്പണികളാണത്തരക്കാര്‍ ചെയ്യുന്നത്. എന്നാല്‍, സര്‍വ ഗൂഢാലോചനകളും ദുഷ്‌ചെയ്തികളും അവന്‍ നന്നായറിയുന്നുണ്ട്; പുറമെ ലൗഹുല്‍ മഹ്ഫൂള് എന്ന സമഗ്ര രേഖയില്‍ അവയുണ്ട് താനും. തക്ക പ്രതിഫലം ഓരോരുത്തര്‍ക്കുമുണ്ടാകും.

وَإِنَّ رَبَّكَ لَذُو فَضۡلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكۡثَرَهُمۡ لَا يَشۡكُرُونَ ۝٧٣
وَإِنَّ رَبَّكَ لَيَعۡلَمُ مَا تُكِنُّ صُدُورُهُمۡ وَمَا يُعۡلِنُونَ ۝٧٤
وَمَا مِنۡ غَآئِبَةٖ فِي ٱلسَّمَآءِ وَٱلۡأَرۡضِ إِلَّا فِي كِتَٰبٖ مُّبِينٍ ۝٧٥
76–79

നിശ്ചയം ഈ ഖുര്‍ആന്‍ ഇസ്രയേല്യര്‍ ഭിന്നപക്ഷക്കാരായിരിക്കുന്ന മിക്ക കാര്യങ്ങളും പ്രതിപാദിച്ചു കൊടുക്കുന്നുണ്ട്. സത്യവിശ്വാസികള്‍ക്കിത് മാര്‍ഗദര്‍ശകവും കാരുണ്യവും തന്നെയത്രേ. താങ്കളുടെ നാഥന്‍ തന്റെ ഉത്തരവിലൂടെ അവര്‍ക്കിടയില്‍ വിധി കല്‍പിക്കുക തന്നെ ചെയ്യും, തീര്‍ച്ച. പ്രതാപശാലിയും സര്‍വജ്ഞനുമത്രേ അവന്‍. അതുകൊണ്ട് അങ്ങ് കാര്യങ്ങളത്രയും അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊള്ളുക. വ്യക്തമായ സത്യപഥത്തില്‍ തന്നെയാണു താങ്കള്‍.32

1 വിശദീകരണം കാണുക

32. തൗറാത്തിലെയും ഇന്‍ജീലിലെയും പുസ്തകങ്ങളെയും ഭാഗങ്ങളെയും അധ്യായങ്ങളെയും കുറിച്ചുവരെ വേദക്കാര്‍ വ്യത്യസ്താഭിപ്രായക്കാരാണ്. യേശു ക്രിസ്തു മനുഷ്യനോ ദൈവമോ ദൈവപുത്രനോ എന്നോ ക്രൂശീകരണ സംഭവമോ മറ്റോ ഖണ്ഡിതമായി പറയാന്‍ ക്രിസ്ത്യാനികള്‍ക്കാകുന്നില്ല. ഇത്തരം നിരവധി വിഷയങ്ങള്‍ ഖുര്‍ആന്‍ സ്പഷ്ടമാക്കുന്നുണ്ട്. ആത്മാര്‍ത്ഥമായി സത്യത്തിന്റെ പന്ഥാവ് അന്വേഷിക്കുന്നവര്‍ക്ക് ഈ ഖുര്‍ആന്‍ തന്നെ മതി.

إِنَّ هَٰذَا ٱلۡقُرۡءَانَ يَقُصُّ عَلَىٰ بَنِيٓ إِسۡرَٰٓءِيلَ أَكۡثَرَ ٱلَّذِي هُمۡ فِيهِ يَخۡتَلِفُونَ ۝٧٦
وَإِنَّهُۥ لَهُدٗى وَرَحۡمَةٞ لِّلۡمُؤۡمِنِينَ ۝٧٧
إِنَّ رَبَّكَ يَقۡضِي بَيۡنَهُم بِحُكۡمِهِۦۚ وَهُوَ ٱلۡعَزِيزُ ٱلۡعَلِيمُ ۝٧٨
فَتَوَكَّلۡ عَلَى ٱللَّهِۖ إِنَّكَ عَلَى ٱلۡحَقِّ ٱلۡمُبِينِ ۝٧٩
80–81

മൃതതുല്യരെയോ, ചെകിടന്മാര്‍ പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍ അവരെയോ അങ്ങേക്കു വിളി കേള്‍പ്പിക്കാനാവില്ല. അന്ധന്മാരെ അവരുടെ വഴികേടില്‍ നിന്ന് സന്മാര്‍ഗദര്‍ശനം ചെയ്യാനും താങ്കള്‍ക്കാകില്ല;33
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വാസമര്‍പ്പിക്കുകയും അങ്ങനെ ശാസനകള്‍ക്കു വിധേയരാവുകയും ചെയ്യുന്നവരെ മാത്രമേ താങ്കള്‍ക്ക് ശ്രവിപ്പിക്കാനാകൂ.34

2 വിശദീകരണങ്ങൾ കാണുക

33. ഖുര്‍ആന്റെ അര്‍ത്ഥഗര്‍ഭമായ ഒരു ആലങ്കാരിക പ്രയോഗമാണിത്. സാക്ഷാല്‍ മൃതരും അന്ധരും ബധിരരും ഉദ്ദേശ്യമേയല്ല. ബദ്‌റില്‍ കൊല്ലപ്പെട്ട മുശ്‌രികുകളെപ്പറ്റി 'അവര്‍ നിങ്ങളെക്കാള്‍ നന്നായി കേള്‍ക്കും' (ബുഖാരി) എന്നു നബി(സ്വ) പറഞ്ഞത് പ്രസിദ്ധമാണ്. കണ്ണുപൊട്ടനായ അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂം(റ) സത്യം ശ്രവിച്ച് ഇസ്‌ലാം സ്വീകരിച്ച മഹാനാണല്ലോ. അന്ധരും ബധിരരുമായ എത്രയെത്ര സത്യവിശ്വാസികള്‍ നമുക്കിടയില്‍ തന്നെയുണ്ട്! ഹൃദയവും കണ്ണും കാതുമൊന്നും സത്യമുള്‍ക്കൊള്ളുന്നതിലേക്ക് തിരിച്ചുവിടാത്ത നിഷേധികളാണിവിടെ വിവക്ഷ. ഖുര്‍ആന്‍ 7:179 കാണുക.

34. സന്മാര്‍ഗം കൈവരിക്കണമെന്ന അഭിവാഞ്ഛയും തദനുസൃതമായ മനഃസ്ഥിതിയും പ്രവര്‍ത്തനങ്ങളുമുണ്ടാകുമ്പോഴേ അങ്ങോട്ടെത്തിച്ചേരൂ. വിശ്വാസ സന്നദ്ധതയും വിധേയത്വ ചിന്തയും അനിവാര്യമാണെന്നു താത്പര്യം. മറിച്ചാണെങ്കില്‍ ഏതു ശ്രമവും പരാജയമായിരിക്കും. ഖുര്‍ആന്‍ 7:146 കാണുക.

إِنَّكَ لَا تُسۡمِعُ ٱلۡمَوۡتَىٰ وَلَا تُسۡمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوۡاْ مُدۡبِرِينَ ۝٨٠
وَمَآ أَنتَ بِهَٰدِي ٱلۡعُمۡيِ عَن ضَلَٰلَتِهِمۡۖ إِن تُسۡمِعُ إِلَّا مَن يُؤۡمِنُ بِـَٔايَٰتِنَا فَهُم مُّسۡلِمُونَ ۝٨١
82–86

ആ നിര്‍ണായക ഉത്തരവ് അവരില്‍ സംജാതമാകുമ്പോള്‍ ഭൂമിയില്‍ നിന്ന് ഒരു ജീവിയെ നാമവരിലേക്ക് പുറപ്പെടുവിക്കുന്നതും 'ജനങ്ങള്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഉറപ്പിക്കാതിരിക്കുകയായിരുന്നു' എന്ന് അവരോടത് സംസാരിക്കുന്നതുമാകുന്നു.35
ഓരോ ജനപഥത്തില്‍ നിന്നും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വ്യാജമാക്കിയിരുന്ന ഓരോ സംഘത്തെ നാം സംഗമിപ്പിക്കുന്നതും തടഞ്ഞുനിറുത്തപ്പെടുന്നതുമായ ദിവസം സ്മരണീയമത്രേ. അങ്ങനെ അവര്‍ സന്നിഹിതരായാല്‍ അല്ലാഹു ചോദിക്കും: ചിന്തിച്ചു ഗ്രഹിക്കാതെ എന്റെ ദൃഷ്ടാന്തങ്ങള്‍ വ്യാജമാക്കുകയാണോ നിങ്ങള്‍ ചെയ്തത്? അതല്ല, മറ്റെന്താണ് നിങ്ങളനുവര്‍ത്തിച്ചിരുന്നത്? അക്രമകാരികളായിരുന്നതിനാല്‍ ശിക്ഷാഉത്തരവ് അവരില്‍ സംഭവിച്ചു കഴിയും; അതിനാല്‍ യാതൊന്നുമവര്‍ ഉരുവിടുന്നതല്ല.36
അവര്‍ ചിന്തിച്ചു നോക്കുന്നില്ലേ: നാമവര്‍ക്ക് നിശയെ ശാന്തിനേടാനുള്ള അവസരവും പകലിനെ പ്രകാശനവുമാക്കി. വിശ്വാസം കൈക്കൊള്ളുന്ന ജനത്തിനു ഇതില്‍ ദൃഷ്ടാന്തങ്ങളുണ്ട്, തീര്‍ച്ച.37

3 വിശദീകരണങ്ങൾ കാണുക

35. അന്ത്യനാള്‍ സംഭവിക്കുക തന്നെ ചെയ്യും എന്നു നിരവധി തവണ ഖുര്‍ആന്‍ ഉണര്‍ത്തിയിട്ടുണ്ട്. ആ ഉത്തരവാണു വിവക്ഷ. അവസാനമായി പത്തു ദൃഷ്ടാന്തങ്ങള്‍ പ്രകടമാകുമെന്ന് ഇമാം മുസ്‌ലിമിന്റെയും മറ്റും ഹദീസുകളിലുണ്ട്. അവയിലൊന്നാണ് ദാബ്ബത്തുല്‍ അര്‍ള് എന്ന മൃഗം പുറപ്പെടല്‍.

36. മഹ്ശറിലെ വിചാരണയും അനന്തരമുണ്ടാകുന്ന ശിക്ഷാവിധിയുമാണിവിടെ പരാമര്‍ശിച്ചിരിക്കുന്നത്. ശിക്ഷയുടെ ലക്ഷണങ്ങള്‍ കാണുമ്പോഴേക്കു തന്നെ അവര്‍ അസ്ത പ്രജ്ഞരായിപ്പോകും; മിണ്ടാന്‍ പോലുമാകില്ല. ഖുര്‍ആന്‍ 89:21-26, 11:105 കാണുക.

37. രാപ്പകലുകള്‍ മാറിമറിഞ്ഞുവരിക എന്ന അല്ലാഹുവിന്റെ പ്രാപഞ്ചിക ക്രമീകരണം അത്യത്ഭുതകരമാണ്. ജന്തുലോകത്തിന്റെ നിലനില്‍പിനു പോലും അതാണ് നിദാനം. അതുകൊണ്ടാണ് ഒറ്റവാക്കില്‍ ഈ ദിവ്യാനുഗ്രഹം എടുത്തുപറഞ്ഞ് മനുഷ്യന്റെ ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത്.

۞ وَإِذَا وَقَعَ ٱلۡقَوۡلُ عَلَيۡهِمۡ أَخۡرَجۡنَا لَهُمۡ دَآبَّةٗ مِّنَ ٱلۡأَرۡضِ تُكَلِّمُهُمۡ أَنَّ ٱلنَّاسَ كَانُواْ بِـَٔايَٰتِنَا لَا يُوقِنُونَ ۝٨٢
وَيَوۡمَ نَحۡشُرُ مِن كُلِّ أُمَّةٖ فَوۡجٗا مِّمَّن يُكَذِّبُ بِـَٔايَٰتِنَا فَهُمۡ يُوزَعُونَ ۝٨٣
حَتَّىٰٓ إِذَا جَآءُو قَالَ أَكَذَّبۡتُم بِـَٔايَٰتِي وَلَمۡ تُحِيطُواْ بِهَا عِلۡمًا أَمَّاذَا كُنتُمۡ تَعۡمَلُونَ ۝٨٤
وَوَقَعَ ٱلۡقَوۡلُ عَلَيۡهِم بِمَا ظَلَمُواْ فَهُمۡ لَا يَنطِقُونَ ۝٨٥
أَلَمۡ يَرَوۡاْ أَنَّا جَعَلۡنَا ٱلَّيۡلَ لِيَسۡكُنُواْ فِيهِ وَٱلنَّهَارَ مُبۡصِرًاۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يُؤۡمِنُونَ ۝٨٦
87–90

കാഹളത്തില്‍ ഊതപ്പെടുന്ന നാള്‍ സ്മരണീയമത്രേ. തത്സമയം-അല്ലാഹു ഉദ്ദേശിച്ചവരൊഴിച്ച്-ഭുവന-വാനങ്ങളിലുള്ളവരെല്ലാം പരിഭ്രമിച്ചു പോകുന്നതും വിനയാന്വിതരായി സര്‍വരും അവന്റെ സന്നിധിയില്‍ വരുന്നതുമാണ്. പര്‍വതങ്ങള്‍ ദൃഷ്ടിയില്‍ പെടുമ്പോള്‍ അടിയുറച്ചു നില്‍ക്കുകയാണെന്നാണ് തോന്നുക. എന്നാലവ മേഘം കണക്കെ ദ്രുതസഞ്ചാരം നടത്തുകയാണ്. മുഴുകാര്യങ്ങളും നന്നായി ദൃഢീകരിച്ച അല്ലാഹുവിന്റെ പ്രവൃത്തിയത്രേ അത്.38
നിങ്ങളനുവര്‍ത്തിക്കുന്നവയെപ്പറ്റി സൂക്ഷ്മജ്ഞനാണവന്‍. ആരൊരാള്‍ നന്മയുമായി സന്നിഹിതനാകുന്നുവോ, അവന്ന് അതിനെക്കാള്‍ ഉദാത്ത പ്രതിഫലമാണുണ്ടാവുക; അന്നവര്‍ പരിഭ്രമത്തില്‍ നിന്ന് സുരക്ഷിതരായിരിക്കുന്നതാണ്. ആരൊരാള്‍ തിന്മയുമായി വന്നെത്തുന്നുവോ, നരകത്തിലവര്‍ മുഖംകുത്തി വീഴ്ത്തപ്പെടും. സ്വയം അനുവര്‍ത്തിച്ചുകൊണ്ടിരുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലം തന്നെയല്ലേ നിങ്ങള്‍ക്കു നല്‍കപ്പെടുന്നുള്ളൂ എന്നവരോട് ചോദിക്കപ്പെടുന്നതാണ്.39

2 വിശദീകരണങ്ങൾ കാണുക

38. കാഹളത്തില്‍ ഊതപ്പെടുമ്പോള്‍ സകല ജന്തുജാലങ്ങളും ഭയാക്രാന്തരായിപ്പോകും. മഹ്ശര്‍ സംഗമം ആസന്നമാകുന്നതോര്‍ത്ത് ഖബ്‌റുകളിലുള്ളവരെയും പരമ സംഭ്രമം പിടികൂടും. അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് മുഴുവന്‍ സൃഷ്ടിജാലങ്ങളും മഹ്ശറില്‍ സമ്മേളിക്കും. പര്‍വതങ്ങള്‍ മേഘം കണക്കെ ശീഘ്രസഞ്ചാരം നടത്തുന്നത് പരലോകക്കാഴ്ചയാണെന്നാണ് പുരാതന മുഫസ്സിറുകള്‍ വ്യാഖ്യാനിച്ചിരിക്കുന്നത്. 18:47-49; 20:105-110 നോക്കുക. എന്നാല്‍, ഭൂമിയുടെ കറക്കത്തിനനുസരിച്ച് പര്‍വതങ്ങളും സഞ്ചരിക്കുന്ന പ്രതിഭാസം ഖുര്‍ആന്‍ പരാമര്‍ശിച്ചതാണ് ഇത് എന്നു ചില ആധുനിക വ്യാഖ്യാതാക്കള്‍ പ്രതിപാദിച്ചതായി കാണാം.

39. കര്‍മങ്ങള്‍ക്കനുസരിച്ച് മനുഷ്യര്‍ക്ക് പ്രതിഫലം നല്‍കുന്ന നീതിമാനാണ് അല്ലാഹു. വിചാരണാനന്തരം ഒരു വിഭാഗം സ്വര്‍ഗത്തിലേക്കും മറ്റൊരു വിഭാഗം നരകത്തിലേക്കും നയിക്കപ്പെടും. നിഷേധികള്‍ പോലും അവിടെവെച്ച് ഇതു സമ്മതിക്കും. നിശ്ചയം, ഞങ്ങള്‍ അക്രമകാരികളായിരുന്നു എന്ന അവരുടെ കുമ്പസാരം ഖുര്‍ആന്‍ ഒട്ടേറെ സ്ഥലങ്ങളില്‍ ഉദ്ധരിച്ചതായി കാണാം. 90-ാം സൂക്തത്തിലെ 'തിന്മ'യുടെ വിവക്ഷ ബഹുദൈവ വിശ്വാസമാണെന്ന് ഇമാം ഇബ്‌നു അബ്ബാസ്(റ) വിശദീകരിച്ചിട്ടുണ്ട്.

وَيَوۡمَ يُنفَخُ فِي ٱلصُّورِ فَفَزِعَ مَن فِي ٱلسَّمَٰوَٰتِ وَمَن فِي ٱلۡأَرۡضِ إِلَّا مَن شَآءَ ٱللَّهُۚ وَكُلٌّ أَتَوۡهُ دَٰخِرِينَ ۝٨٧
وَتَرَى ٱلۡجِبَالَ تَحۡسَبُهَا جَامِدَةٗ وَهِيَ تَمُرُّ مَرَّ ٱلسَّحَابِۚ صُنۡعَ ٱللَّهِ ٱلَّذِيٓ أَتۡقَنَ كُلَّ شَيۡءٍۚ إِنَّهُۥ خَبِيرُۢ بِمَا تَفۡعَلُونَ ۝٨٨
مَن جَآءَ بِٱلۡحَسَنَةِ فَلَهُۥ خَيۡرٞ مِّنۡهَا وَهُم مِّن فَزَعٖ يَوۡمَئِذٍ ءَامِنُونَ ۝٨٩
وَمَن جَآءَ بِٱلسَّيِّئَةِ فَكُبَّتۡ وُجُوهُهُمۡ فِي ٱلنَّارِ هَلۡ تُجۡزَوۡنَ إِلَّا مَا كُنتُمۡ تَعۡمَلُونَ ۝٩٠
91–93

നബീ, പറയുക: ഈ മക്കാ നാടിനെ പവിത്രവല്‍ക്കരിച്ച നാഥനെ മാത്രം ആരാധിക്കാനാണ് ഞാന്‍ അനുശാസിക്കപ്പെട്ടിരിക്കുന്നത്-സമസ്ത വസ്തുക്കളും അവന്നുള്ളതത്രേ-വിധേയത്വമുള്ളവരുടെ ഗണത്തിലാകണമെന്നും ഖുര്‍ആന്‍ പാരായണം ചെയ്യാനും ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു.40
അപ്പോള്‍, ആരെങ്കിലും സല്‍പന്ഥാവ് പ്രാപിക്കുന്നുവെങ്കില്‍ സ്വന്തം നേട്ടത്തിനു തന്നെയാണവന്റെ നേര്‍മാര്‍ഗപ്രാപ്തി. ആരൊരാള്‍ വ്യതിചലിക്കുന്നുവോ, 'ഞാനൊരു മുന്നറിയിപ്പുകാരനല്ലാതെ മറ്റാരുമല്ല' എന്നു താങ്കള്‍ പറയുക. അല്ലാഹുവിനാകുന്നു സര്‍വ സ്‌തോത്രങ്ങളും എന്നു അങ്ങ് പ്രഖ്യാപിക്കുക: തന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കവന്‍ ഗോചരീഭവിപ്പിച്ചു തരുന്നതാണ്; തത്സമയം അവ നിങ്ങള്‍ക്ക് സുഗ്രാഹ്യമായിത്തീരും. നിങ്ങളനുവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യാതൊന്നിനെപ്പറ്റിയും താങ്കളുടെ നാഥന്‍ അശ്രദ്ധനല്ല തന്നെ.41

2 വിശദീകരണങ്ങൾ കാണുക

40. തിരുനബി(സ്വ)യുടെ പിതാമഹന്‍ ഇബ്രാഹീം നബി(അ)യാണല്ലോ മക്കയെ വിശുദ്ധ ഭൂമിയായി പ്രഖ്യാപിച്ചതും അതിരുകള്‍ നിര്‍ണയിച്ചതും. മനുഷ്യരാശിക്ക് ഒന്നടങ്കമായി അത്തരമൊരു സുരക്ഷാകേന്ദ്രം അല്ലാഹു അനുവദിച്ചത് അമൂല്യമായ ഒരനുഗ്രഹമാണ്. ആ അല്ലാഹുവിനെ മാത്രം ദൈവമാക്കി അവനെ മാത്രം ആരാധിച്ച് അവനോടു മാത്രം പരമവിധേയത്വം കാണിക്കണം; മാനവ സമൂഹത്തിന്റെ ഭരണഘടനയും മാര്‍ഗദര്‍ശിയുമായ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യണം-ഇതാണു മാനവന്റെ ധര്‍മം. സ്വന്തമായുള്ള പാരായണവും മറ്റുള്ളവര്‍ക്ക് ഖുര്‍ആന്‍ പഠിപ്പിച്ചു കൊടുക്കുന്നതും ഇതിലുള്‍പ്പെടുന്നുണ്ട്.

41. ആളുകള്‍ക്ക് സന്മാര്‍ഗം അടിച്ചേല്‍പിക്കുക എന്നത് പ്രവാചകരുടെ ബാധ്യതയല്ല; ഒരാളത് സ്വീകരിച്ചാല്‍ അതിന്റെ ഗുണവും നേട്ടവും അയാള്‍ക്കു തന്നെയാണ്. അതു സ്വീകരിക്കാനാവശ്യമായ നിരവധി ദൃഷ്ടാന്തങ്ങള്‍-വായിക്കപ്പെടുന്നതും ഗ്രഹിക്കപ്പെടുന്നതുമുള്‍പ്പെടെ-അല്ലാഹു പ്രപഞ്ചത്തില്‍ അനാവരണം ചെയ്തിട്ടുണ്ട്. യഥാസമയം അവ ഉപയോഗപ്പെടുത്തണം. സമയം കഴിഞ്ഞ ശേഷം-പരലോകത്തു ചെന്ന്-ബോധമുദിച്ചിട്ടോ കണ്ണു തുറന്നിട്ടോ കാര്യമില്ല.

إِنَّمَآ أُمِرۡتُ أَنۡ أَعۡبُدَ رَبَّ هَٰذِهِ ٱلۡبَلۡدَةِ ٱلَّذِي حَرَّمَهَا وَلَهُۥ كُلُّ شَيۡءٖۖ وَأُمِرۡتُ أَنۡ أَكُونَ مِنَ ٱلۡمُسۡلِمِينَ ۝٩١
وَأَنۡ أَتۡلُوَاْ ٱلۡقُرۡءَانَۖ فَمَنِ ٱهۡتَدَىٰ فَإِنَّمَا يَهۡتَدِي لِنَفۡسِهِۦۖ وَمَن ضَلَّ فَقُلۡ إِنَّمَآ أَنَا۠ مِنَ ٱلۡمُنذِرِينَ ۝٩٢
وَقُلِ ٱلۡحَمۡدُ لِلَّهِ سَيُرِيكُمۡ ءَايَٰتِهِۦ فَتَعۡرِفُونَهَاۚ وَمَا رَبُّكَ بِغَٰفِلٍ عَمَّا تَعۡمَلُونَ ۝٩٣