Monday, 12 October 2026 Hijri: — 02:28:41 pm
MalayalamQuran.in
Quran translation reader

അൽ ഖസസ് القصص Al-Qasas

Surah 28 മക്കിയ്യ • مكية • Makkiyah 88 ആയത്തുകൾ • 88 Ayahs

സൂറത്ത് അൽ ഖസസ് (Al-Qasas), ഖുർആൻ അധ്യായം 28 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 88 ആയത്തുകൾ വായിക്കുക. Read Surah Al-Qasas with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–3

ഥാ സീന്‍ മീം. വ്യക്തമായ ദിവ്യവേദത്തിലെ സൂക്തങ്ങളത്രേ ഇവ. സത്യവിശ്വാസം കൈക്കൊള്ളുന്ന ജനവിഭാഗത്തിനായി മൂസാ നബിയുടെയും ഫറോവയുടെയും വൃത്താന്തങ്ങളില്‍ നിന്നു സത്യസന്ധമായി താങ്കള്‍ക്കു നാം പാരായണം ചെയ്തു തരികയാണ്.

طسٓمٓ ۝١
تِلۡكَ ءَايَٰتُ ٱلۡكِتَٰبِ ٱلۡمُبِينِ ۝٢
نَتۡلُواْ عَلَيۡكَ مِن نَّبَإِ مُوسَىٰ وَفِرۡعَوۡنَ بِٱلۡحَقِّ لِقَوۡمٖ يُؤۡمِنُونَ ۝٣
4–6

നിശ്ചയം, ഫറോവ ഈജിപ്ഷ്യന്‍ ഭൂമിയില്‍ അഹന്ത കാട്ടുകയും തദ്ദേശീയരെ ഭിന്ന ചേരികളാക്കുകയുമുണ്ടായി; ഒരു ചേരിയെ ബലഹീനരാക്കി അവരുടെ ആണ്‍ശിശുക്കളെ അറുകൊല നടത്തുകയും പെണ്‍മക്കളെ ജീവിക്കാന്‍ വിടുകയും ചെയ്തുകൊണ്ട്. അവന്‍ വിനാശകാരികളിലകപ്പെടുക തന്നെ ചെയ്തു.1
നാമുദ്ദേശിച്ചതാകട്ടെ, അന്നാട്ടില്‍ അടിച്ചമര്‍ത്തപ്പെട്ടവരോട് ഔദാര്യം പ്രകടിപ്പിക്കാനും അവരെ നായകരാക്കാനും അനന്തരാവകാശികളാക്കി വാഴിക്കാനും ഭൂമിയില്‍ സ്വാധീനമുണ്ടാക്കിക്കൊടുക്കാനും ഫറോവക്കും ഹാമാനും സേനാനികള്‍ക്കും തങ്ങളാശങ്കിച്ചിരുന്നതെന്തോ അത് ആ അടിച്ചമര്‍ത്തപ്പെട്ടവരില്‍ നിന്ന് ഗോചരീഭവിപ്പിക്കാനുമത്രേ.2

2 വിശദീകരണങ്ങൾ കാണുക

1. യൂസുഫ് നബി(അ)യുടെ ഭരണകാലത്ത് ഈജിപ്തിലേക്ക് കുടിയേറിയിരുന്ന ഇസ്രയേല്യര്‍ (യഅ്ഖൂബ് നബിയുടെ മക്കള്‍) പിന്നീടവിടെ വ്യാപിച്ചു. എന്നാല്‍ ഭരണകൂടങ്ങള്‍ മാറി ഫറോവമാര്‍ വന്നപ്പോള്‍ അവര്‍ ഇസ്രയേല്യരെ അടിച്ചമര്‍ത്തുകയും അവരോട് അടിമതുല്യം പെരുമാറുകയും ചെയ്തു. അവസാനം പിറന്നുവീഴുന്ന ഇസ്രയേലീ ആണ്‍ശിശുക്കളെ കൊന്ന് വംശനശീകരണത്തിനുള്ള നിഷ്ഠുര പദ്ധതി നടപ്പാക്കി.

2. കരുണാമയനായ അല്ലാഹു ഇസ്രയേലികളെ നേതാക്കളും പ്രതാപശാലികളുമാക്കാനാണുദ്ദേശിച്ചിരുന്നത്. അതിന്നാവശ്യമായ പദ്ധതികള്‍ അതിസമര്‍ത്ഥമാംവിധം അവന്‍ നടപ്പാക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഇസ്രയേല്യരുടെ രക്ഷകനായി അല്ലാഹു നിയോഗിച്ചയക്കാന്‍ പോകുന്ന മൂസാനബി(അ)ന്റെ ജന്മവും അനന്തരകാര്യങ്ങളും അത്യദ്ഭുതകരമായി സംഭവിക്കുന്നത്.

إِنَّ فِرۡعَوۡنَ عَلَا فِي ٱلۡأَرۡضِ وَجَعَلَ أَهۡلَهَا شِيَعٗا يَسۡتَضۡعِفُ طَآئِفَةٗ مِّنۡهُمۡ يُذَبِّحُ أَبۡنَآءَهُمۡ وَيَسۡتَحۡيِۦ نِسَآءَهُمۡۚ إِنَّهُۥ كَانَ مِنَ ٱلۡمُفۡسِدِينَ ۝٤
وَنُرِيدُ أَن نَّمُنَّ عَلَى ٱلَّذِينَ ٱسۡتُضۡعِفُواْ فِي ٱلۡأَرۡضِ وَنَجۡعَلَهُمۡ أَئِمَّةٗ وَنَجۡعَلَهُمُ ٱلۡوَٰرِثِينَ ۝٥
وَنُمَكِّنَ لَهُمۡ فِي ٱلۡأَرۡضِ وَنُرِيَ فِرۡعَوۡنَ وَهَٰمَٰنَ وَجُنُودَهُمَا مِنۡهُم مَّا كَانُواْ يَحۡذَرُونَ ۝٦
7–9

ശിശുവിന്നു നീ മുലയൂട്ടുക എന്നു മൂസാ നബിയുടെ മാതാവിനു നാം ബോധനമേകി. 'അവനെപ്പറ്റി ആശങ്ക തോന്നുന്നുവെങ്കില്‍ നദിയില്‍ ഇട്ടേക്കുക; ഭയപ്പെടുകയോ സങ്കടപ്പെടുകയോ വേണ്ട. അവനെ നിങ്കലേക്കു തന്നെ നാം തിരിച്ചെത്തിക്കുന്നതും ദൈവദൂതരില്‍ ഒരാളാക്കുന്നതുമാകുന്നു.' എന്നിട്ട് ഫറോവയുടെയാള്‍ക്കാര്‍ അവനെ നൈല്‍ നദിയില്‍ നിന്നെടുത്തു. അതിന്റെ പരിണതി, ആ ശിശു അവരുടെ പ്രതിയോഗിയും ദുഃഖകാരണവും ആവുക എന്നതായി. നിശ്ചയം, ഫറോവയും ഹാമാനും അവരുടെ സൈന്യങ്ങളും പിഴച്ചുപോയവരായിരുന്നു.3
ശിശുവിനെ കണ്ട് ഫറോവാപത്‌നി പറഞ്ഞു. 'എനിക്കും താങ്കള്‍ക്കും ആഹ്ലാദ ദായകമത്രേ ഇവന്‍. അതിനാല്‍ ഇവനെ കൊല്ലരുത്; നമുക്കിവന്‍ ഉപകരിച്ചേക്കാം. അല്ലെങ്കില്‍, വളര്‍ത്തുപുത്രനായി വരിക്കാം.' അവര്‍ വസ്തുത മനസ്സിലാക്കിയിട്ടില്ലായിരുന്നു.4

2 വിശദീകരണങ്ങൾ കാണുക

3. അധര്‍മകാരികളും അക്രമികളുമായ ഭരണാധികാരികളുടെ ഹീനപദ്ധതികള്‍ നീണ്ടകാലം നിലനില്‍ക്കില്ല. ചരിത്രം അതിന്ന് സാക്ഷിയാണ്. കുറച്ചുകാലത്തെ നഗ്നതാണ്ഡവങ്ങള്‍ക്ക് ശേഷം അതസ്തമിക്കും; അട്ടിമറിക്കപ്പെടും. അത്തരമൊരു പദ്ധതിയാണ് ഇവിടെ അ ല്ലാഹു നടപ്പാക്കാന്‍ പോകുന്നത്.

4. മൂസാനബി(അ)ന്റെ ജന്മ പശ്ചാത്തലങ്ങളും സംരക്ഷണത്തിനായി ഫറോവയുടെ കൊട്ടാരത്തിലെത്തിയതും മറ്റും നേരത്തെ വിശദീകരിച്ചുപോയിട്ടുണ്ട്. (7:103-155; 10:75-93ഉം വിശദീകരണങ്ങളും നോക്കുക).

وَأَوۡحَيۡنَآ إِلَىٰٓ أُمِّ مُوسَىٰٓ أَنۡ أَرۡضِعِيهِۖ فَإِذَا خِفۡتِ عَلَيۡهِ فَأَلۡقِيهِ فِي ٱلۡيَمِّ وَلَا تَخَافِي وَلَا تَحۡزَنِيٓۖ إِنَّا رَآدُّوهُ إِلَيۡكِ وَجَاعِلُوهُ مِنَ ٱلۡمُرۡسَلِينَ ۝٧
فَٱلۡتَقَطَهُۥٓ ءَالُ فِرۡعَوۡنَ لِيَكُونَ لَهُمۡ عَدُوّٗا وَحَزَنًاۗ إِنَّ فِرۡعَوۡنَ وَهَٰمَٰنَ وَجُنُودَهُمَا كَانُواْ خَٰطِـِٔينَ ۝٨
وَقَالَتِ ٱمۡرَأَتُ فِرۡعَوۡنَ قُرَّتُ عَيۡنٖ لِّي وَلَكَۖ لَا تَقۡتُلُوهُ عَسَىٰٓ أَن يَنفَعَنَآ أَوۡ نَتَّخِذَهُۥ وَلَدٗا وَهُمۡ لَا يَشۡعُرُونَ ۝٩
10–13

മൂസാ നബിയുടെ ഉമ്മ(ശിശുവെക്കുറിച്ച അസ്വസ്ഥത മൂലം) മനശ്ശൂന്യയായി. അവരുടെ ഹൃദയത്തിനു നാം ദാര്‍ഢ്യമേകിയിട്ടില്ലായിരുന്നെങ്കില്‍ ശിശുവിന്റെ കാര്യമവര്‍ പരസ്യപ്പെടുത്തിയേനെ. അവര്‍ സത്യവിശ്വാസികളിലായിരിക്കാന്‍ വേണ്ടിയത്രേ നാമങ്ങനെ ചെയ്തത്. 'നീ പോയി അവനെയന്വേഷിച്ചു നോക്ക്' എന്ന് ശിശുവിന്റെ സഹോദരിയോടവര്‍ നിര്‍ദേശിക്കുകയും അവള്‍ പോയി അകലെ നിന്ന് അവനെ കാണുകയുമുണ്ടായി. മുലയൂട്ടുന്നവര്‍ അവനു മുല കൊടുക്കുന്നത് നേരത്തെ നാം പ്രതിരോധിച്ചിരുന്നു.5
കൊട്ടാരത്തിലുള്ളവരോട് സഹോദരി ബോധിപ്പിച്ചു. 'നിങ്ങള്‍ക്കു വേണ്ടി ഈ ശിശുവിനെ സംരക്ഷിക്കുന്ന ഒരു വീട്ടുകാരെക്കുറിച്ച് ഞാന്‍ വിവരം തരട്ടെയോ? ഇവനു നന്മയാഗ്രഹിക്കുന്നവരാണ് അവര്‍.' അങ്ങനെ അവന്റെ ഉമ്മ ആഹ്ലാദിക്കാനും ദുഃഖിക്കാതിരിക്കാനും അല്ലാഹുവിന്റെ കരാര്‍ സത്യസന്ധമാണെന്നവള്‍ ഗ്രഹിക്കാനുമായി ശിശുവിനെ നാം അവള്‍ക്ക് തിരിച്ചുനല്‍കി. പക്ഷേ, അവരില്‍ മിക്കവരും വസ്തുത അറിയുന്നില്ലായിരുന്നു.6

2 വിശദീകരണങ്ങൾ കാണുക

5. കുട്ടിയെ നദിയിലിട്ടത് ഒരു പരമരഹസ്യമായിരുന്നു. സാധാരണ ഗതിയില്‍ അസ്വസ്ഥത കൂടിക്കൂടി വരുമ്പോള്‍ ശിശുവിന്റെ ഉമ്മ അത് വെളിപ്പെടുത്തുകയും വിഷയം നാട്ടില്‍ പാട്ടാവുകയും ചെയ്യും. അങ്ങനെ സംഭവിച്ചില്ല; അല്ലാഹുവിന്റെ ക്രമീകരണങ്ങള്‍ അപ്പടി നടക്കുകയാണുണ്ടായത്. ഏതായാലും ശിശുവിന്റെ വിവരങ്ങള്‍ സ്വകാര്യമായി പരതിനോക്കുവാന്‍ സ്വന്തം മകളെ മാതാവ് പറഞ്ഞുവിടുകയാണ്. ശിശുവിനെ അടക്കം ചെയ്ത പേടകം ഫറോവയുടെ കൊട്ടാരത്തിലെത്തിയെങ്കിലും ഒരു സ്ത്രീയുടെയും മുലപ്പാല്‍ സ്വീകരിക്കാനതു കൂട്ടാക്കാതിരുന്നത് വലിയ പ്രശ്‌നമായവശേഷിച്ചു.

6. ശിശുവിന്റെ സംരക്ഷണത്തിന് മതിയായ ഗുണകാംക്ഷികളെ തരാമെന്ന് പറഞ്ഞ് കൊട്ടാരത്തിലെത്തിയ മൂസാസഹോദരിയുടെ വാക്കുകള്‍ അവര്‍ക്ക് വല്ലാത്തൊരു ആശ്വാസമായി. ആവശ്യമായ സംഭാഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷം പിഞ്ചു പൈതലിനെ ഫറോവയുടെ ചെലവില്‍ തന്നെ മുലയൂട്ടി സംരക്ഷിച്ച് പരിപാലിക്കാന്‍ സാക്ഷാല്‍ ഉമ്മയെ തന്നെ-ആ വസ്തുതയറിയാതെ-അവര്‍ ഏല്‍പിച്ചു.

وَأَصۡبَحَ فُؤَادُ أُمِّ مُوسَىٰ فَٰرِغًاۖ إِن كَادَتۡ لَتُبۡدِي بِهِۦ لَوۡلَآ أَن رَّبَطۡنَا عَلَىٰ قَلۡبِهَا لِتَكُونَ مِنَ ٱلۡمُؤۡمِنِينَ ۝١٠
وَقَالَتۡ لِأُخۡتِهِۦ قُصِّيهِۖ فَبَصُرَتۡ بِهِۦ عَن جُنُبٖ وَهُمۡ لَا يَشۡعُرُونَ ۝١١
۞ وَحَرَّمۡنَا عَلَيۡهِ ٱلۡمَرَاضِعَ مِن قَبۡلُ فَقَالَتۡ هَلۡ أَدُلُّكُمۡ عَلَىٰٓ أَهۡلِ بَيۡتٖ يَكۡفُلُونَهُۥ لَكُمۡ وَهُمۡ لَهُۥ نَٰصِحُونَ ۝١٢
فَرَدَدۡنَٰهُ إِلَىٰٓ أُمِّهِۦ كَيۡ تَقَرَّ عَيۡنُهَا وَلَا تَحۡزَنَ وَلِتَعۡلَمَ أَنَّ وَعۡدَ ٱللَّهِ حَقّٞ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ ۝١٣
14–17

അങ്ങനെ മൂസാ നബി ശക്തനും പക്വതയുള്ളവനുമായിക്കഴിഞ്ഞപ്പോള്‍ നാം ജ്ഞാനവും വിവേകവും നല്‍കി. പുണ്യവാന്മാര്‍ക്ക് അങ്ങനെയാണു നാം പ്രതിഫലം കൊടുക്കുക. ഒരിക്കല്‍ പട്ടണനിവാസികള്‍ അശ്രദ്ധരായിരുന്നപ്പോള്‍ അദ്ദേഹം അവിടെച്ചെന്നു. തത്സമയം, രണ്ടു പേര്‍ സംഘട്ടനത്തിലേര്‍പ്പെട്ടതായി അദ്ദേഹം കണ്ടു-ഒരു വ്യക്തി തന്റെയാളും അപരന്‍ ശത്രുപക്ഷക്കാരനുമാണ്. അപ്പോള്‍ തന്റെയാള്‍ പ്രതിയോഗിക്കെതിരെ അദ്ദേഹത്തോട് സഹായാര്‍ത്ഥന നടത്തി. തത്സമയം, മൂസാ നബി അവനെ മുഷ്ടി ചുരുട്ടി ഇടിക്കുകയും അതവനെ കഥാവശേഷനാക്കുകയുമുണ്ടായി. മൂസാ നബി പരിതപിച്ചു. പിശാചിന്റെ ചെയ്തിയത്രേ ഇത്; നിശ്ചയം, സ്പഷ്ടമായും വഴിതെറ്റിക്കുന്ന പ്രതിയോഗി തന്നെയാണവന്‍. മൂസാ നബി പശ്ചാത്തപിച്ചു. 'നാഥാ, നിശ്ചയം ഞാന്‍ ആത്മദ്രോഹം ചെയ്തിരിക്കുന്നു. തന്മൂലം എനിക്കു നീ പൊറുത്തു തരേണമേ.'7
അങ്ങനെ അദ്ദേഹത്തിനവന്‍ പാപമോചനമേകി. ഏറെ മാപ്പരുളുന്നവനും കരുണാമയനും തന്നെയത്രേ അവന്‍. അദ്ദേഹം പ്രതികരിച്ചു. നാഥാ, എനിക്കു നീ അനുഗ്രഹമേകിയതിനാല്‍, ഇനിമേല്‍ അധര്‍മികള്‍ക്കു ഞാന്‍ തുണ നല്‍കുന്നവനാകില്ല തന്നെ.

1 വിശദീകരണം കാണുക

7. പട്ടണം ജനശൂന്യമായ സമയത്താണ് മൂസാനബി(അ) അങ്ങോട്ട് ചെല്ലുന്നത്. ഉച്ചഭക്ഷണാനന്തരം ഉള്ള വിശ്രമവേളയാണതെന്ന് മിക്ക മുഫസ്സിറുകളും വ്യക്തമാക്കിയിട്ടുണ്ട്. ഫിര്‍ഔന്റെ കക്ഷിയായ ഖിബ്ഥിയെ മൂസാനബി(അ) ബോധപൂര്‍വം വധിച്ചതല്ല. അദ്ദേഹം മുഷ്ടി ചുരുട്ടി ഒരിടി കൊടുത്തപ്പോള്‍ അതപ്രതീക്ഷിതമായി മരണത്തിനിടയാക്കി. ഇതിനദ്ദേഹം അല്ലാഹുവിനോട് മാപ്പിരക്കുകയുമുണ്ടായി. അവനത് പൊറുത്തു കൊടുത്തു.

وَلَمَّا بَلَغَ أَشُدَّهُۥ وَٱسۡتَوَىٰٓ ءَاتَيۡنَٰهُ حُكۡمٗا وَعِلۡمٗاۚ وَكَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ ۝١٤
وَدَخَلَ ٱلۡمَدِينَةَ عَلَىٰ حِينِ غَفۡلَةٖ مِّنۡ أَهۡلِهَا فَوَجَدَ فِيهَا رَجُلَيۡنِ يَقۡتَتِلَانِ هَٰذَا مِن شِيعَتِهِۦ وَهَٰذَا مِنۡ عَدُوِّهِۦۖ فَٱسۡتَغَٰثَهُ ٱلَّذِي مِن شِيعَتِهِۦ عَلَى ٱلَّذِي مِنۡ عَدُوِّهِۦ فَوَكَزَهُۥ مُوسَىٰ فَقَضَىٰ عَلَيۡهِۖ قَالَ هَٰذَا مِنۡ عَمَلِ ٱلشَّيۡطَٰنِۖ إِنَّهُۥ عَدُوّٞ مُّضِلّٞ مُّبِينٞ ۝١٥
قَالَ رَبِّ إِنِّي ظَلَمۡتُ نَفۡسِي فَٱغۡفِرۡ لِي فَغَفَرَ لَهُۥٓۚ إِنَّهُۥ هُوَ ٱلۡغَفُورُ ٱلرَّحِيمُ ۝١٦
قَالَ رَبِّ بِمَآ أَنۡعَمۡتَ عَلَيَّ فَلَنۡ أَكُونَ ظَهِيرٗا لِّلۡمُجۡرِمِينَ ۝١٧
18–19

അങ്ങനെ, പേടിച്ചും പ്രതികരണങ്ങള്‍ നിരീക്ഷിച്ചും അദ്ദേഹം പട്ടണത്തില്‍ കഴിയവെയതാ, കഴിഞ്ഞ ദിവസം തന്നോട് പിന്തുണ തേടിയവന്‍ സഹായിക്കാനായി വീണ്ടും മുറവിളി കൂടുകയാണ്. മൂസാ നബി അവനോട് പറഞ്ഞു. 'സ്പഷ്ടമായും ഒരു ദുര്‍മാര്‍ഗി തന്നെയാണ് നീ!' എന്നിട്ട്, ഇരുവരുടെയും പ്രതിയോഗിയായ ഖിബ്ഥിയെ പിടിക്കാന്‍ അദ്ദേഹം ഉദ്ദേശിച്ചപ്പോള്‍ ഇസ്രയേലി ചോദിച്ചു. 'ഹേ മൂസാ, കഴിഞ്ഞ ദിവസം ഒരാളെ വധിച്ചതു പോലെ നീ എന്നെയും വധിക്കാനുദ്ദേശിക്കുകയാണോ? ഇന്നാട്ടില്‍ ഒരു ധിക്കാരിയാകണമെന്നു മാത്രമാണ് നിന്റെ ഉള്ളിലിരിപ്പ്; പരിഷ്‌കര്‍ത്താക്കളില്‍ പെട്ടവനാകണമെന്നല്ല!'8

1 വിശദീകരണം കാണുക

8. രാജകുമാരനായി കൊട്ടാരത്തില്‍ കഴിയവെയാണ് അബദ്ധവധം സംഭവിച്ചത്. മൂസാനബി(അ) വല്ലാതെ പരിഭ്രമിച്ചു. ഫറോവയറിഞ്ഞാല്‍ ജീവന്‍ നഷ്ടമാകുമെന്ന് തീര്‍ച്ച. ഇത്തരം ഒരരക്ഷിതാവസ്ഥയില്‍ സംഭവങ്ങളും ചലനങ്ങളുമൊക്കെ നിരീക്ഷിച്ച് കഴിയവെ, കഴിഞ്ഞ ദിവസ സംഭവത്തിലെ ഇസ്രയേലി മറ്റൊരു ഖിബ്ഥിയുമായി ശണ്ഠയും അടിപിടിയും കൂടുകയാണ്. മൂസാനബിയെ കണ്ട അവന്‍ മുമ്പത്തെ പോലെ സഹായാര്‍ത്ഥന നടത്തി. അദ്ദേഹം ഖിബ്ഥിയെ പിടിക്കാന്‍ ചെന്നതായിരുന്നു. പക്ഷേ, തന്നെയാണ് പിടിക്കുന്നതെന്ന് ഇസ്രയേലി തെറ്റിദ്ധരിച്ചു. അവന്റെ പ്രതികരണത്തിലൂടെ അജ്ഞാതനായിരുന്ന ഘാതകന്‍ മൂസാനബിയാണെന്ന് പട്ടണത്തില്‍ പാട്ടായി. ഫറോവ രോഷാകുലനും ക്രുദ്ധനുമായിത്തീര്‍ന്നു.

فَأَصۡبَحَ فِي ٱلۡمَدِينَةِ خَآئِفٗا يَتَرَقَّبُ فَإِذَا ٱلَّذِي ٱسۡتَنصَرَهُۥ بِٱلۡأَمۡسِ يَسۡتَصۡرِخُهُۥۚ قَالَ لَهُۥ مُوسَىٰٓ إِنَّكَ لَغَوِيّٞ مُّبِينٞ ۝١٨
فَلَمَّآ أَنۡ أَرَادَ أَن يَبۡطِشَ بِٱلَّذِي هُوَ عَدُوّٞ لَّهُمَا قَالَ يَٰمُوسَىٰٓ أَتُرِيدُ أَن تَقۡتُلَنِي كَمَا قَتَلۡتَ نَفۡسَۢا بِٱلۡأَمۡسِۖ إِن تُرِيدُ إِلَّآ أَن تَكُونَ جَبَّارٗا فِي ٱلۡأَرۡضِ وَمَا تُرِيدُ أَن تَكُونَ مِنَ ٱلۡمُصۡلِحِينَ ۝١٩
20–22

പട്ടണത്തിന്റെ അങ്ങേയറ്റത്തു നിന്ന് ഒരു പുരുഷന്‍ ഓടിയെത്തി ബോധിപ്പിച്ചു. 'ഹേ മൂസാ, അങ്ങയെ വധിക്കാനായി പ്രമുഖന്മാര്‍ കൂടിയാലോചന നടത്തുകയാണ്; അതുകൊണ്ട് ഉടന്‍ നാടുവിടുക. ഞാന്‍ അങ്ങയുടെ ഗുണകാംക്ഷി തന്നെയാണ്, തീര്‍ച്ച.' അങ്ങനെ പരിസരം നിരീക്ഷിച്ച്, ഭയപ്പാടോടെ 'നാഥാ, അക്രമികളായ ജനങ്ങളില്‍ നിന്ന് എന്നെ രക്ഷിക്കേണമേ' എന്ന പ്രാര്‍ത്ഥനയുമായി അദ്ദേഹം നാടുവിട്ടു. മദ്‌യനെ അഭിമുഖീകരിച്ചു നീങ്ങിയപ്പോള്‍ 'എന്റെ നാഥന്‍ ഋജുവായ പന്ഥാവിലേക്ക് എന്നെ നയിച്ചേക്കാം' എന്നദ്ദേഹം പ്രത്യാശിച്ചു.9

1 വിശദീകരണം കാണുക

9. ഫറോവയുടെയാള്‍ക്കാരിലുണ്ടായിരുന്ന ഒരു രഹസ്യ സത്യവിശ്വാസി(ഗാഫിര്‍:28)യാണ് രാജദര്‍ബാറില്‍ നടക്കുന്ന മൂസാവധം സംബന്ധിച്ച കൂടിയാലോചനാവിവരം തല്‍ക്ഷണം റിപ്പോര്‍ട്ട് ചെയ്യുന്നത്. തികച്ചും അപ്രതീക്ഷിതമായി ലഭിച്ച ഈ വിവരം കേട്ട് മൂസാനബി(അ) സ്തംഭിച്ചുപോയി. എന്തുചെയ്യും? എങ്ങോട്ടുപോകും? രാജകുമാരനായി വളരുന്ന ഒരാള്‍ക്ക് ഒറ്റക്ക് എന്തുചെയ്യാനാകും? ഏതായാലും എല്ലാം അല്ലാഹുവിലര്‍പിച്ച് പുറപ്പെട്ടു. മദ്‌യനിലേക്കുള്ള വഴിയിലാണ് താന്‍ പ്രവേശിച്ചത്. തലസ്ഥാനമായ ഹെലിയോപോളിസില്‍ നിന്ന് സുമാര്‍ 400 കിലോമീറ്റര്‍ ദൂരെയാണത്. ഒരുവിധ യാത്രാസന്നാഹങ്ങളും മുന്നൊരുക്കങ്ങളുമില്ലാതെ പുറപ്പെടുന്ന അദ്ദേഹം അല്ലാഹുവിന്റെ മുമ്പില്‍ മനമുരുകി പ്രാര്‍ത്ഥിച്ചു; കാര്യങ്ങളെല്ലാം അവനെ ഭരമേല്‍പിച്ചു. ഒരു നേരത്തെ ഭക്ഷണമോ ഒരിറക്ക് കുടിവെള്ളമോ ഇല്ലാത്ത സുദീര്‍ഘ യാത്ര!

وَجَآءَ رَجُلٞ مِّنۡ أَقۡصَا ٱلۡمَدِينَةِ يَسۡعَىٰ قَالَ يَٰمُوسَىٰٓ إِنَّ ٱلۡمَلَأَ يَأۡتَمِرُونَ بِكَ لِيَقۡتُلُوكَ فَٱخۡرُجۡ إِنِّي لَكَ مِنَ ٱلنَّٰصِحِينَ ۝٢٠
فَخَرَجَ مِنۡهَا خَآئِفٗا يَتَرَقَّبُۖ قَالَ رَبِّ نَجِّنِي مِنَ ٱلۡقَوۡمِ ٱلظَّٰلِمِينَ ۝٢١
وَلَمَّا تَوَجَّهَ تِلۡقَآءَ مَدۡيَنَ قَالَ عَسَىٰ رَبِّيٓ أَن يَهۡدِيَنِي سَوَآءَ ٱلسَّبِيلِ ۝٢٢
23–24

മദ്‌യനിലെ ജലസ്രോതസ്സിനു സമീപമെത്തിയപ്പോള്‍ കാലിക്കൂട്ടങ്ങളെ ജലപാനം ചെയ്യിക്കയായിരുന്ന ഒരുസംഘം ആളുകളെ അദ്ദേഹം അവിടെ കണ്ടു. അവരില്‍ നിന്നകലെയായി തങ്ങളുടെ ആട്ടിന്‍പറ്റത്തെ തടുത്തുനിറുത്തിക്കൊണ്ടിരുന്ന രണ്ടു സ്ത്രീകളും തന്റെ ദൃഷ്ടിയില്‍ പെട്ടു. എന്താണ് നിങ്ങളുടെ പ്രശ്‌നമെന്നദ്ദേഹമന്വേഷിച്ചതിന് അവരിരുവരും പ്രതികരിച്ചു. 'ഇടയന്മാര്‍ തങ്ങളുടെ കാലികള്‍ക്ക് പാനം ചെയ്യിച്ച് മടങ്ങിപ്പോകുന്നതു വരെ ഞങ്ങള്‍ വെള്ളം കുടിപ്പിക്കില്ല; ഞങ്ങളുടെ പിതാവാകട്ടെ, വയോവൃദ്ധനുമാണ്.' അങ്ങനെ, അവരുടെ കാലികള്‍ക്കദ്ദേഹം വെള്ളം കുടിപ്പിച്ച ശേഷം തണലിലേക്ക് പോയി ഇരുന്ന് 'നാഥാ, നീ സമര്‍പ്പിക്കുന്ന ഏതൊരു നന്മക്കും ഞാന്‍ ആവശ്യക്കാരനാണ്' എന്നു പ്രാര്‍ത്ഥിച്ചു.10

1 വിശദീകരണം കാണുക

10. സസ്യലതാദികള്‍ മാത്രം തിന്ന് ഏഴ് ദിവസത്തെ യാത്ര ചെയ്ത് മൂസാനബി(അ) ക്ഷീണിതനും പരവശനുമായി മദ്‌യനിലെത്തി. അവിടത്തെ ജലസ്രോതസ്സില്‍ നിന്നു കാലികള്‍ക്ക് വെള്ളം കുടിപ്പിക്കുന്ന ഒരു സംഘം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. അല്‍പം മാറി തങ്ങളുടെ ആടുകളെ തടഞ്ഞുനിറുത്തിക്കഴിയുകയായിരുന്ന രണ്ട് വനിതകളെയും താന്‍ കണ്ടു. നിസ്സഹായാവസ്ഥ വെളിപ്പെടുത്തിയ അവര്‍ക്ക് അദ്ദേഹം മുന്‍കൈയെടുത്ത് ജലപാനം ചെയ്യിച്ച് സഹായിച്ചു. ശേഷം, കഠിനവിശപ്പും ദാഹവും മൂലം അല്ലാഹുവിനോട് സഹായമര്‍ത്ഥിച്ചു.

وَلَمَّا وَرَدَ مَآءَ مَدۡيَنَ وَجَدَ عَلَيۡهِ أُمَّةٗ مِّنَ ٱلنَّاسِ يَسۡقُونَ وَوَجَدَ مِن دُونِهِمُ ٱمۡرَأَتَيۡنِ تَذُودَانِۖ قَالَ مَا خَطۡبُكُمَاۖ قَالَتَا لَا نَسۡقِي حَتَّىٰ يُصۡدِرَ ٱلرِّعَآءُۖ وَأَبُونَا شَيۡخٞ كَبِيرٞ ۝٢٣
فَسَقَىٰ لَهُمَا ثُمَّ تَوَلَّىٰٓ إِلَى ٱلظِّلِّ فَقَالَ رَبِّ إِنِّي لِمَآ أَنزَلۡتَ إِلَيَّ مِنۡ خَيۡرٖ فَقِيرٞ ۝٢٤
25

ആ ഇരുവനിതകളിലൊരാള്‍ ലജ്ജാവതിയായി മൂസാ നബിയുടെ സമീപം വന്നു ബോധിപ്പിച്ചു. 'ഞങ്ങളുടെയാടുകള്‍ക്ക് ജലപാനം നടത്തിത്തന്നതിനുള്ള പ്രതിഫലം നല്‍കാനായി പിതാവ് താങ്കളെ ക്ഷണിക്കുന്നുണ്ട്.' എന്നിട്ട് ശുഐബ് നബിയുടെയടുത്തെത്തി മൂസാ നബി സംഭവങ്ങള്‍ വിശദീകരിച്ചു കൊടുത്തപ്പോള്‍ അദ്ദേഹം പ്രതികരിച്ചു. ഒട്ടും പേടിക്കരുത്; അക്രമികളായ ജനത്തില്‍ നിന്ന് നിങ്ങള്‍ രക്ഷപ്പെട്ടിരിക്കുന്നു!11

1 വിശദീകരണം കാണുക

11. ശുഐബ് നബി(അ)ന്റെ മക്കളായിരുന്നു ആ രണ്ട് വനിതകള്‍. വീട്ടില്‍ ചെന്ന് പിതാവിനോട് വിവരങ്ങള്‍ കേള്‍പിച്ചപ്പോള്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വരാനായി ശുഐബ് നബി മകളെ പറഞ്ഞയച്ചു. വളരെ മാന്യവും അത്യുല്‍കൃഷ്ടവുമായ സമീപനങ്ങളാണ് അവര്‍ മൂസാനബി(അ)യില്‍ ദര്‍ശിച്ചത്. കൂലി തരാന്‍ വേണ്ടി എന്ന് സ്പഷ്ടമാക്കിയത് തെറ്റിദ്ധാരണകള്‍ ഉണ്ടാകാതിരിക്കാനാണെന്ന് മുഫസ്സിറുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

فَجَآءَتۡهُ إِحۡدَىٰهُمَا تَمۡشِي عَلَى ٱسۡتِحۡيَآءٖ قَالَتۡ إِنَّ أَبِي يَدۡعُوكَ لِيَجۡزِيَكَ أَجۡرَ مَا سَقَيۡتَ لَنَاۚ فَلَمَّا جَآءَهُۥ وَقَصَّ عَلَيۡهِ ٱلۡقَصَصَ قَالَ لَا تَخَفۡۖ نَجَوۡتَ مِنَ ٱلۡقَوۡمِ ٱلظَّٰلِمِينَ ۝٢٥
26–28

ഇരുവനിതകളിലൊരുത്തി അപേക്ഷിച്ചു. ബാപ്പാ, ഇദ്ദേഹത്തെ നിങ്ങള്‍ കൂലിക്കാരനായി നിശ്ചയിച്ചോളൂ. താങ്കള്‍ കൂലിക്കാരനായി നിയമിക്കുന്നവരില്‍ ഉദാത്തന്‍ ശക്തനും വിശ്വസ്തനുമായവനത്രേ. ശുഐബ് നബി പറഞ്ഞു. എട്ടുകൊല്ലം എന്റെ കൂലിക്കാരനാകണമെന്ന ഉപാധിയോടെ ഇരുപുത്രികളിലൊരുത്തിയെ നിങ്ങള്‍ക്ക് വിവാഹം ചെയ്തുതരാന്‍ ഞാനാഗ്രഹിക്കുകയാണ്; പത്തുകൊല്ലം തികക്കുകയാണെങ്കില്‍ അത് നിങ്ങളുടെയിഷ്ടം; നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല. സദ്‌വൃത്തനായ ഒരു വ്യക്തിയായി-ഇന്‍ ശാഅല്ലാഹ്-നിങ്ങള്‍ക്കെന്നെ കാണാം12
മൂസാനബി പ്രതികരിച്ചു. നമുക്കിടയിലുള്ള തീരുമാനം അതുതന്നെ. രണ്ടില്‍ ഏതവധി പൂര്‍ത്തീകരിച്ചാലും എന്നോട് അതിക്രമമരുത്. നമ്മുടെ ഈ ഇടപാടിന് അല്ലാഹുവാണ് സാക്ഷി.13

2 വിശദീകരണങ്ങൾ കാണുക

12. തനിക്ക് ആണ്‍മക്കളുണ്ടായിരുന്നില്ലെന്നതിനാലാണ് ആടുമേയ്ക്കാന്‍ ശുഐബ്‌നബി(അ) പെണ്‍മക്കളെ പറഞ്ഞയച്ചത്. അവരെ സംബന്ധിച്ച് ഏറെ ദുഷ്‌കരമായിരുന്നു ഇതെന്ന് വ്യക്തം. ഈ പശ്ചാത്തലത്തിലാണ് വിവാഹാലോചന നടത്തുന്നത്. എട്ടോ പത്തോ കൊല്ലം ആടുമേച്ചു കൊടുക്കണമെന്നാണു വ്യവസ്ഥ.

13. ശുഐബ് നബി(അ)യുടെ ഉപാധി മൂസാ നബി അംഗീകരിച്ചു. തദടിസ്ഥാനത്തില്‍ വിവാഹം നടന്നു. താന്‍ സുരക്ഷിതനായി മദ്‌യനില്‍ കുടുംബജീവിതം ആരംഭിച്ചു. പരമമായി വിലയിരുത്തുമ്പോള്‍ മൂസാനബിയെ പ്രവാചകനാക്കാനുള്ള ഒരു പരിശീലനമായിരുന്നു ഈ അജപാലനം. 'ആടു മേയ്ക്കാത്ത ഒറ്റ നബിയുമില്ല; മക്കയിലെ ചിലയാളുകള്‍ക്ക് കൂലി നിശ്ചയിച്ച് ഞാനും ആടുകളെ മേച്ചിരുന്നു' എന്ന തിരുനബിയുടെ പ്രസ്താവം ഇവിടെ ശ്രദ്ധേയമത്രേ.

قَالَتۡ إِحۡدَىٰهُمَا يَٰٓأَبَتِ ٱسۡتَـٔۡجِرۡهُۖ إِنَّ خَيۡرَ مَنِ ٱسۡتَـٔۡجَرۡتَ ٱلۡقَوِيُّ ٱلۡأَمِينُ ۝٢٦
قَالَ إِنِّيٓ أُرِيدُ أَنۡ أُنكِحَكَ إِحۡدَى ٱبۡنَتَيَّ هَٰتَيۡنِ عَلَىٰٓ أَن تَأۡجُرَنِي ثَمَٰنِيَ حِجَجٖۖ فَإِنۡ أَتۡمَمۡتَ عَشۡرٗا فَمِنۡ عِندِكَۖ وَمَآ أُرِيدُ أَنۡ أَشُقَّ عَلَيۡكَۚ سَتَجِدُنِيٓ إِن شَآءَ ٱللَّهُ مِنَ ٱلصَّٰلِحِينَ ۝٢٧
قَالَ ذَٰلِكَ بَيۡنِي وَبَيۡنَكَۖ أَيَّمَا ٱلۡأَجَلَيۡنِ قَضَيۡتُ فَلَا عُدۡوَٰنَ عَلَيَّۖ وَٱللَّهُ عَلَىٰ مَا نَقُولُ وَكِيلٞ ۝٢٨
29–35

അങ്ങനെ മൂസാനബി നിശ്ചിതാവധി പൂര്‍ത്തീകരിക്കുകയും കുടുംബവുമൊത്ത് യാത്രയാവുകയും ചെയ്തപ്പോള്‍ സീനാമലയുടെ പാര്‍ശ്വത്തുനിന്ന് ഒരു അഗ്നി കണ്ടു. താന്‍ കുടുംബത്തോട് പറഞ്ഞു. 'നിങ്ങളിവിടെ നില്‍ക്കൂ. ഞാനൊരു തീ കണ്ടിരിക്കുന്നു; അവിടെ നിന്ന് എന്തെങ്കിലും വിവരമോ ഒരു തീക്കൊള്ളിയോ ഞാന്‍ കൊണ്ടുവന്നു തന്നേക്കാം, നിങ്ങള്‍ക്ക് തീക്കായാമല്ലോ'14
അങ്ങനെ അദ്ദേഹം അതിനു സമീപമെത്തിയപ്പോള്‍ അനുഗൃഹീത പ്രദേശത്തെ താഴ്‌വരയുടെ വലതുഭാഗത്തെ ഒരു മരത്തില്‍ നിന്ന് അശരീരി വിളിച്ചു. 'ഓ മൂസാ, നിശ്ചയം, പ്രപഞ്ച പരിപാലകനായ അല്ലാഹുവാണ് ഞാന്‍. നിങ്ങളുടെ വടി താഴെയിടുക!' എന്നിട്ട് ഒരു സര്‍പ്പം കണക്കെ അത് ഇഴയുന്നത് കണ്ടപ്പോള്‍ അദ്ദേഹം പിന്തിരിഞ്ഞോടി; തിരിഞ്ഞു നോക്കിയതേയില്ല! അല്ലാഹു നിര്‍ദ്ദേശിച്ചു. ഓ മൂസാ, മുന്നോട്ടു വരൂ, ഭയപ്പെടുകയേ വേണ്ട; നിശ്ചയം, നിങ്ങള്‍ സുരക്ഷിതനാകുന്നു. നിങ്ങളുടെ കൈ കുപ്പായമാറിലേക്കിടൂ, ഒരു വിധ ദൂഷ്യവുമില്ലാതെ ശുഭ്രമായി അതു പുറത്തുവരും15
ആശങ്കയുണ്ടായാല്‍ പാര്‍ശ്വഭാഗം ശരീരത്തോട് ചേര്‍ത്തുപിടിക്കുക. ഈ രണ്ടു ദൃഷ്ടാന്തങ്ങളും ഫിര്‍ഔന്നും അവന്റെ ശിങ്കിടികള്‍ക്കുമുള്ള, നിങ്ങളുടെ നാഥന്റെ പ്രമാണങ്ങളാണ്. നിശ്ചയം അവര്‍ ധിക്കാരികളായ ഒരു കൂട്ടരായിക്കഴിഞ്ഞിരിക്കുന്നു16
അദ്ദേഹം ബോധിപ്പിച്ചു. നാഥാ, അവരിലൊരു വ്യക്തിയെ ഞാന്‍ വധിച്ചുകളഞ്ഞിരിക്കയാല്‍ അവരെന്നെ കൊല്ലുമെന്ന് ഞാന്‍ ഭയപ്പെടുന്നുണ്ട്. എന്നെക്കാള്‍ സ്പഷ്ടമായ സംസാരവൈഭവമുള്ളയാളാണ് എന്റെ സഹോദരന്‍ ഹാറൂന്‍. അതുകൊണ്ട് എന്നെ പിന്തുണക്കുന്ന സഹായിയായി അദ്ദേഹത്തെ ഞാനൊന്നിച്ച് നിയോഗിക്കേണമേ. അവരെന്നെ വ്യാജനാക്കിത്തള്ളുമെന്ന് നിശ്ചയം ഞാന്‍ ഭയപ്പെടുന്നു17
അല്ലാഹു പ്രതികരിച്ചു. സ്വസഹോദരന്‍ വഴി നിങ്ങള്‍ക്ക് നാം പിന്‍ബലമേകുകയും ഒരു അജയ്യശേഷി നിങ്ങളിരുവര്‍ക്കും നാം തരികയും ചെയ്യും; അപ്പോള്‍ നിങ്ങളെ പ്രാപിക്കാന്‍ അവര്‍ക്കാകില്ല. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ മുഖേന നിങ്ങളിരുവരും അനുധാവകരും തന്നെയാകും ജേതാക്കള്‍!18

5 വിശദീകരണങ്ങൾ കാണുക

14. മൂസാനബി(അ) പത്തുവര്‍ഷം തന്നെ ശുഐബ് നബിയൊന്നിച്ചു താമസിച്ചു എന്നാണ് മിക്ക മുഫസ്സിറുകളും രേഖപ്പെടുത്തുന്നത്. പിന്നീടദ്ദേഹം കുടുംബസമേതം സ്വന്തം നാടായ ഈജിപ്തിലേക്ക് പുറപ്പെട്ടു. സീനാ പര്‍വതനിരകള്‍ക്കു സമീപത്തുകൂടിയായിരുന്നു യാത്ര. ഇടക്ക് അവര്‍ക്ക് വഴിതെറ്റി. കഠിന ശൈത്യവുമുണ്ട്. അപ്പോഴാണ് വലതുഭാഗത്ത് ഒരു മലയില്‍ നിന്ന് തീ കാണുന്നത്.

15. മൂസാനബി(അ)യെ തന്റെ റസൂലായി നിയോഗിക്കാന്‍ പോവുകയാണ് അല്ലാഹു. പ്രഥമവും പ്രധാനവുമായ ദൗത്യം ഫറോവയെ അഭിമുഖീകരിക്കലാണ്. അതിന്നാവശ്യമായ പരിശീലനങ്ങളും മുഅ്ജിസത്തുകളും പരിചയപ്പെടുത്തേണ്ടത് അനിവാര്യമാണല്ലോ. തന്റെ കൈയിലുള്ള വടി നിലത്തിട്ടാല്‍ വന്‍സര്‍പ്പമായി മാറുക, സ്വകരം കുപ്പായമാറിനകത്തിട്ട് പുറത്തെടുത്താല്‍ ചന്ദ്രബിംബം പോലെ പ്രകാശിക്കുക എന്നിവയാണ് രണ്ട് മുഅ്ജിസത്തുകള്‍.

16. തിളങ്ങുന്ന കൈ പൂര്‍വസ്ഥിതിയിലാകാന്‍ മാത്രമല്ല, ഏതുവിധ ഭയം പിടികൂടുമ്പോഴും കൈ ഉള്ളിലേക്കിട്ട് പുറത്തെടുത്താല്‍ ഭയപ്പാടുകള്‍ നീങ്ങും; തിളങ്ങുന്ന കൈ പൂര്‍വസ്ഥിതിയിലാവുകയും ചെയ്യും.

17. സഹോദരന്‍ ഹാറൂന്‍ നബി(അ)യെക്കൂടി താനൊന്നിച്ച് റസൂലാക്കുന്നതിന് രണ്ട് കാരണങ്ങളാണ് മൂസാനബി(അ) പറയുന്നത്-ഒന്ന്, താന്‍ ഖിബ്ഥിയെ കൊന്നതുകൊണ്ട് അവരെന്നെ വധിക്കും. രണ്ട്, എനിക്ക് സംസാര വൈഭവമോ വിഷയാവതരണ നൈപുണ്യമോ ഇല്ല; ഹാറൂന്‍ നബിക്ക് അതുണ്ട്. അപേക്ഷിച്ചതനുസരിച്ച് സ്വസഹോദരനെയും അല്ലാഹു റസൂലാക്കി.

18. ഞാന്‍ നിങ്ങള്‍ക്ക് സവിശേഷമായ ദിവ്യശേഷി നല്‍കുന്നതുകൊണ്ട് ഒട്ടും ഭയപ്പെടേണ്ടതില്ലെന്നും വിജയം നിങ്ങള്‍ക്കും സത്യവിശ്വാസികള്‍ക്കുമായിരിക്കുമെന്നും അല്ലാഹു ഉറപ്പുകൊടുക്കുകയാണ്. കാര്യങ്ങള്‍ അങ്ങനെത്തന്നെയാണല്ലോ കലാശിച്ചത്.

۞ فَلَمَّا قَضَىٰ مُوسَى ٱلۡأَجَلَ وَسَارَ بِأَهۡلِهِۦٓ ءَانَسَ مِن جَانِبِ ٱلطُّورِ نَارٗاۖ قَالَ لِأَهۡلِهِ ٱمۡكُثُوٓاْ إِنِّيٓ ءَانَسۡتُ نَارٗا لَّعَلِّيٓ ءَاتِيكُم مِّنۡهَا بِخَبَرٍ أَوۡ جَذۡوَةٖ مِّنَ ٱلنَّارِ لَعَلَّكُمۡ تَصۡطَلُونَ ۝٢٩
فَلَمَّآ أَتَىٰهَا نُودِيَ مِن شَٰطِيِٕ ٱلۡوَادِ ٱلۡأَيۡمَنِ فِي ٱلۡبُقۡعَةِ ٱلۡمُبَٰرَكَةِ مِنَ ٱلشَّجَرَةِ أَن يَٰمُوسَىٰٓ إِنِّيٓ أَنَا ٱللَّهُ رَبُّ ٱلۡعَٰلَمِينَ ۝٣٠
وَأَنۡ أَلۡقِ عَصَاكَۚ فَلَمَّا رَءَاهَا تَهۡتَزُّ كَأَنَّهَا جَآنّٞ وَلَّىٰ مُدۡبِرٗا وَلَمۡ يُعَقِّبۡۚ يَٰمُوسَىٰٓ أَقۡبِلۡ وَلَا تَخَفۡۖ إِنَّكَ مِنَ ٱلۡأٓمِنِينَ ۝٣١
ٱسۡلُكۡ يَدَكَ فِي جَيۡبِكَ تَخۡرُجۡ بَيۡضَآءَ مِنۡ غَيۡرِ سُوٓءٖ وَٱضۡمُمۡ إِلَيۡكَ جَنَاحَكَ مِنَ ٱلرَّهۡبِۖ فَذَٰنِكَ بُرۡهَٰنَانِ مِن رَّبِّكَ إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦٓۚ إِنَّهُمۡ كَانُواْ قَوۡمٗا فَٰسِقِينَ ۝٣٢
قَالَ رَبِّ إِنِّي قَتَلۡتُ مِنۡهُمۡ نَفۡسٗا فَأَخَافُ أَن يَقۡتُلُونِ ۝٣٣
وَأَخِي هَٰرُونُ هُوَ أَفۡصَحُ مِنِّي لِسَانٗا فَأَرۡسِلۡهُ مَعِيَ رِدۡءٗا يُصَدِّقُنِيٓۖ إِنِّيٓ أَخَافُ أَن يُكَذِّبُونِ ۝٣٤
قَالَ سَنَشُدُّ عَضُدَكَ بِأَخِيكَ وَنَجۡعَلُ لَكُمَا سُلۡطَٰنٗا فَلَا يَصِلُونَ إِلَيۡكُمَا بِـَٔايَٰتِنَآۚ أَنتُمَا وَمَنِ ٱتَّبَعَكُمَا ٱلۡغَٰلِبُونَ ۝٣٥
36–37

അങ്ങനെ സ്പഷ്ട ദൃഷ്ടാന്തങ്ങളുമായി മൂസാ നബി ചെന്നപ്പോള്‍ അവര്‍ തട്ടിവിട്ടു. വ്യാജനിര്‍മിത ജാലവിദ്യ മാത്രമാണിത്. ഇത്തരമൊരു ഏകദൈവ വാദം പൂര്‍വികരിലൊന്നും ഞങ്ങള്‍ ശ്രവിച്ചിട്ടില്ല. മൂസാ നബി ഉണര്‍ത്തി. തന്റെയടുത്തുനിന്ന് നേര്‍മാര്‍ഗവുമായി വന്നിട്ടുള്ളവന്‍ ആരാണെന്നും പാരത്രിക പരിസമാപ്തി ആര്‍ക്കനുകൂലമാണെന്നും എന്റെ നാഥന്‍ നന്നായറിയും. നിശ്ചയം, അക്രമികള്‍ വിജയം നേടുന്നതേയല്ല19

1 വിശദീകരണം കാണുക

19. ഇരുവരും ഫറോവസന്നിധിയിലെത്തി ദൗത്യം നിര്‍വഹിക്കുകയും മുഅ്ജിസത്ത് കാണിക്കുകയും ചെയ്തപ്പോള്‍ നിഷേധികളുടെ സ്ഥിരംപല്ലവി തന്നെ: ഇതൊക്കെ വ്യാജ നിര്‍മിതമാണ്, ആഭിചാരമാണ്-അവര്‍ തട്ടിവിട്ടു. അല്ലാഹുവിന്റെ മഹത്വവും പാരത്രിക കാര്യങ്ങളുമൊക്കെ മൂസാനബി(അ) സംസാരിച്ചു. എല്ലാം നിഷ്ഫലമായിരുന്നു.

فَلَمَّا جَآءَهُم مُّوسَىٰ بِـَٔايَٰتِنَا بَيِّنَٰتٖ قَالُواْ مَا هَٰذَآ إِلَّا سِحۡرٞ مُّفۡتَرٗى وَمَا سَمِعۡنَا بِهَٰذَا فِيٓ ءَابَآئِنَا ٱلۡأَوَّلِينَ ۝٣٦
وَقَالَ مُوسَىٰ رَبِّيٓ أَعۡلَمُ بِمَن جَآءَ بِٱلۡهُدَىٰ مِنۡ عِندِهِۦ وَمَن تَكُونُ لَهُۥ عَٰقِبَةُ ٱلدَّارِۚ إِنَّهُۥ لَا يُفۡلِحُ ٱلظَّٰلِمُونَ ۝٣٧
38–42

ഫറോവ ജല്‍പിച്ചു. 'വരിഷ്ഠരേ, ഞാനല്ലാത്തൊരു ദൈവം നിങ്ങള്‍ക്കുള്ളതായി എനിക്കറിയില്ല. അതുകൊണ്ട്, ഹേ ഹാമാന്‍, കളിമണ്ണിന്റെ ചുട്ടെടുത്ത ഇഷ്ടിക കൊണ്ട് എനിക്കൊരു സൗധം പണിയൂ; മൂസായുടെ ദൈവത്തിലേക്ക് എനിക്കൊന്ന് എത്തിനോക്കാനായെങ്കിലോ! ഇവന്‍ നുണ പറയുകതന്നെയാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്.' അവനും പട്ടാളവും നാട്ടില്‍ അനര്‍ഹമായി അഹന്ത നടിക്കുകയും നമ്മിലേക്ക് മടങ്ങി വരില്ലെന്നവര്‍ ധരിക്കുകയും ചെയ്തു. അങ്ങനെ അവനെയും സൈന്യത്തെയും നാം പിടികൂടി ചെങ്കടലിലെറിഞ്ഞു. ആ അതിക്രമികളുടെ പരിണതി എങ്ങനെയുണ്ടായിരുന്നുവെന്ന് ചിന്തിച്ചു നോക്കൂ!20
അവരെ നാം ജനങ്ങളെ നരകത്തിലേക്ക് ക്ഷണിക്കുന്ന നായകരാക്കി. പുനരുത്ഥാനദിനം യാതൊരു വിധ സഹായവും അവര്‍ക്ക് നല്‍കപ്പെടുന്നതല്ല. ഈ ലോകത്ത് അവര്‍ക്ക് പിന്നാലെ നാം ശാപമയച്ചു. അന്ത്യനാളില്‍ അപകൃഷ്ടരില്‍ പെട്ടവരായിരിക്കും അവര്‍21

2 വിശദീകരണങ്ങൾ കാണുക

20. ഫിര്‍ഔനും ശിങ്കിടികളും ബഹുജനങ്ങളെ കബളിപ്പിക്കുകയാണ്. അത്യുന്നതിയിലുള്ള ഒരു സൗധം പണിത് അതിന്നുമുകളില്‍ കയറി അല്ലാഹുവിനെ നോക്കണമെന്ന് ജല്‍പിക്കയാണവന്‍. അല്ലാഹു മുകളിലിരിക്കുകയാണെന്ന മൗഢ്യവും അവന്‍ വിളമ്പുകയാണ്. തുടര്‍ന്നുള്ള സംഭവങ്ങള്‍ വിട്ടുകളഞ്ഞ് അവരെ ചെങ്കടലില്‍ മുക്കിക്കൊന്നത് മാത്രം ഇവിടെ സംഗ്രഹിച്ചു പറഞ്ഞിരിക്കുന്നു. മുമ്പ് കഴിഞ്ഞ പല സൂറകളിലും സംഭവങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഫറോവയുടെ ഒരു മന്ത്രിയായിരുന്നു ഹാമാന്‍.

21. ആളുകളെ നരകത്തില്‍ വീഴ്ത്തുക എന്ന ഒരു പണിയാണ് അവര്‍ ചെയ്തത്. അന്ത്യനാളില്‍ തങ്ങളുടെ മാത്രമല്ല, അനുയായികളുടെ കൂടി പാതകങ്ങളുടെ ശിക്ഷയവര്‍ക്കുണ്ടാകും! അന്ത്യനാള്‍ വരെയും ഭൗതികലോകത്ത് വിശ്വാസികളുടെയും സജ്ജനങ്ങളുടെയും ശാപം അവരില്‍ വര്‍ഷിക്കുന്നതാണ്.

وَقَالَ فِرۡعَوۡنُ يَٰٓأَيُّهَا ٱلۡمَلَأُ مَا عَلِمۡتُ لَكُم مِّنۡ إِلَٰهٍ غَيۡرِي فَأَوۡقِدۡ لِي يَٰهَٰمَٰنُ عَلَى ٱلطِّينِ فَٱجۡعَل لِّي صَرۡحٗا لَّعَلِّيٓ أَطَّلِعُ إِلَىٰٓ إِلَٰهِ مُوسَىٰ وَإِنِّي لَأَظُنُّهُۥ مِنَ ٱلۡكَٰذِبِينَ ۝٣٨
وَٱسۡتَكۡبَرَ هُوَ وَجُنُودُهُۥ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّ وَظَنُّوٓاْ أَنَّهُمۡ إِلَيۡنَا لَا يُرۡجَعُونَ ۝٣٩
فَأَخَذۡنَٰهُ وَجُنُودَهُۥ فَنَبَذۡنَٰهُمۡ فِي ٱلۡيَمِّۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلظَّٰلِمِينَ ۝٤٠
وَجَعَلۡنَٰهُمۡ أَئِمَّةٗ يَدۡعُونَ إِلَى ٱلنَّارِۖ وَيَوۡمَ ٱلۡقِيَٰمَةِ لَا يُنصَرُونَ ۝٤١
وَأَتۡبَعۡنَٰهُمۡ فِي هَٰذِهِ ٱلدُّنۡيَا لَعۡنَةٗۖ وَيَوۡمَ ٱلۡقِيَٰمَةِ هُم مِّنَ ٱلۡمَقۡبُوحِينَ ۝٤٢
43–47

പൂര്‍വിക തലമുറകളെ സംഹരിച്ച ശേഷം ജനങ്ങള്‍ക്ക് ഉള്‍ക്കാഴ്ചയേകുന്ന പ്രമാണങ്ങളും സന്മാര്‍ഗ ദര്‍ശനവും അനുഗ്രഹവുമായി മൂസാനബിക്ക് നാം വേദഗ്രന്ഥം നല്‍കി; അവരത് ചിന്താവിധേയമാക്കാന്‍ വേണ്ടി22
നബീ, മൂസാ നബിക്ക് നാം ദൗത്യമേല്‍പിച്ചു കൊടുക്കുമ്പോള്‍ ആ പശ്ചിമപര്‍വതത്തിന്റെ പാര്‍ശ്വത്തില്‍ താങ്കളില്ലായിരുന്നു; അതിന്റെ സാക്ഷികളിലും താങ്കളുണ്ടായിരുന്നില്ല. പക്ഷേ, പല തലമുറകളെയും പിന്നീട് നാം സൃഷ്ടിക്കുകയും അവര്‍ക്ക് കാലദൈര്‍ഘ്യമുണ്ടാവുകയും ചെയ്തു. നമ്മുടെ സൂക്തങ്ങള്‍ പാരായണം ചെയ്തുകൊടുക്കാനായി മദ്‌യന്‍ നിവാസികളില്‍ താങ്കള്‍ കഴിഞ്ഞുകൂടിയിട്ടുമില്ലായിരുന്നു. എന്നാല്‍ ദൂതനിയോഗം നാം നിര്‍വഹിച്ചുകൊണ്ടേയിരുന്നു.23
മൂസാ നബിയെ നാം വിളിച്ച സമയം സീനാമലഞ്ചെരിവില്‍ താങ്കളുണ്ടായിരുന്നില്ല; പക്ഷേ, നാഥന്റെ അനുഗ്രഹമായി ഇതൊക്കെ ബോധനം നല്‍കുന്നു. ഒരു മുന്നറിയിപ്പുകാരനും നിയുക്തനായിട്ടില്ലാത്ത ജനസമൂഹത്തിന് താങ്കള്‍ താക്കീത് നല്‍കാനാണ് ഇത്. അവര്‍ ചിന്തിച്ച് ഗ്രഹിച്ചേക്കാമല്ലോ.24
തങ്ങളുടെ തന്നെ സ്വയംകൃതാനര്‍ത്ഥങ്ങളുടെ ഫലമായി വല്ല വിപത്തുകളും ബാധിക്കുമ്പോള്‍ അവര്‍ ഇങ്ങനെ പരിഭവിക്കാതിരിക്കാനാണ് ദൂതനിയോഗമുണ്ടായത്. നാഥാ, ഞങ്ങളുടെയടുത്തേക്ക് ഒരു റസൂലിനെ നിനക്ക് അയച്ചുകൂടായിരുന്നോ? എങ്കില്‍ ഞങ്ങള്‍ നിന്റെ ദൃഷ്ടാന്തങ്ങള്‍ അനുധാവനം ചെയ്യുകയും സത്യവിശ്വാസികളില്‍ ഉള്‍പെടുകയും ചെയ്യുമായിരുന്നുവല്ലോ.25

4 വിശദീകരണങ്ങൾ കാണുക

22. ആദ്, സമൂദ്, നൂഹ് നബിയുടെ ജനത തുടങ്ങിയ നിഷേധീസമൂഹങ്ങളെ ചിന്തിക്കുന്ന ആര്‍ക്കും ഗുണപാഠമാകും വിധം കൂട്ടസംഹരണത്തിന് ശേഷം മൂസാനബി(അ)ക്ക് അല്ലാഹു തൗറാത്ത് നല്‍കിയത്, ഇസ്രയേല്യര്‍ സന്മാര്‍ഗ പ്രാപ്തരാകാന്‍ വേണ്ടിയാണ് എന്ന് വ്യക്തമാക്കുകയാണ്. പക്ഷെ, നന്ദികേട് കാട്ടുകയാണവര്‍ ചെയ്തത്. മാനവ ചരിത്രത്തിലെ ഏറ്റം വലിയ നന്ദികെട്ടവര്‍!

23. മദ്‌യനില്‍ നിന്ന് മിസ്വ്‌റിലേക്കു പോകുന്ന മൂസാനബി(അ)യുടെ വലതുഭാഗത്തായിരുന്നു രിസാലത്ത് ലഭിച്ച പര്‍വതം. ആ വൃത്താന്തവും മദ്‌യനിലെ സംഭവങ്ങളും മറ്റും മുഹമ്മദ് നബി(സ്വ) വിവരിക്കുന്നത് എങ്ങനെ എന്ന ചോദ്യത്തിന്റെ മറുപടിയാണിവിടെ പറയുന്നത്. നബി(സ്വ) അക്കാലത്ത് ജീവിച്ചിരുന്നില്ല. ആ പ്രദേശങ്ങളില്‍ പോയിട്ടുമില്ല. ദിവ്യസന്ദേശത്തിലൂടെയാണ് ഇതൊക്കെ അവിടന്ന് പ്രതിപാദിക്കുന്നത് എന്നാണ് വിവക്ഷ.

24. നൂറ്റാണ്ടുകള്‍ മുമ്പ് നടന്ന സംഭവങ്ങള്‍ സത്യസന്ധമായും കൃത്യമായും വിവരിക്കുന്ന നബി(സ്വ)യെ മക്കക്കാര്‍ യഥായോഗ്യം മനസ്സിലാക്കണം. മക്കാനിവാസികളിലേക്ക് ഇദംപ്രഥമമായാണ് ഒരു ദൂതനിയോഗം. അവരുടെ പൂര്‍വികര്‍ക്ക് ആ സൗഭാഗ്യം ലഭിച്ചിട്ടില്ല. ഈ അമൂല്യാനുഗ്രഹത്തിന് നന്ദിപ്രകാശിപ്പിക്കാനും ആ സന്ദേശം ജീവിതത്തില്‍ പകര്‍ത്താനും അവര്‍ക്കു പ്രത്യേക ബാധ്യതയുണ്ട്.

25. എത്ര ശക്തവും ഫലപ്രദവും ചിന്തോദ്ദീപകവുമായ ഉദ്‌ബോധനങ്ങള്‍ നല്‍കിയാലും അമാനുഷ കൃത്യങ്ങള്‍ കാണിച്ചാലും നിഷേധികള്‍ അവഗണിക്കും. ഒരു ദൂതന്റെ അഭാവമുണ്ടായാലോ? പരലോകത്ത് ആ പിടിവള്ളിയില്‍ അവര്‍ പിടിച്ചുകയറും. അതില്ലാതിരിക്കാനാണ് നബി(സ്വ)യെ റസൂലായി നിയോഗിച്ചത് എന്നു താല്‍പര്യം.

وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ مِنۢ بَعۡدِ مَآ أَهۡلَكۡنَا ٱلۡقُرُونَ ٱلۡأُولَىٰ بَصَآئِرَ لِلنَّاسِ وَهُدٗى وَرَحۡمَةٗ لَّعَلَّهُمۡ يَتَذَكَّرُونَ ۝٤٣
وَمَا كُنتَ بِجَانِبِ ٱلۡغَرۡبِيِّ إِذۡ قَضَيۡنَآ إِلَىٰ مُوسَى ٱلۡأَمۡرَ وَمَا كُنتَ مِنَ ٱلشَّٰهِدِينَ ۝٤٤
وَلَٰكِنَّآ أَنشَأۡنَا قُرُونٗا فَتَطَاوَلَ عَلَيۡهِمُ ٱلۡعُمُرُۚ وَمَا كُنتَ ثَاوِيٗا فِيٓ أَهۡلِ مَدۡيَنَ تَتۡلُواْ عَلَيۡهِمۡ ءَايَٰتِنَا وَلَٰكِنَّا كُنَّا مُرۡسِلِينَ ۝٤٥
وَمَا كُنتَ بِجَانِبِ ٱلطُّورِ إِذۡ نَادَيۡنَا وَلَٰكِن رَّحۡمَةٗ مِّن رَّبِّكَ لِتُنذِرَ قَوۡمٗا مَّآ أَتَىٰهُم مِّن نَّذِيرٖ مِّن قَبۡلِكَ لَعَلَّهُمۡ يَتَذَكَّرُونَ ۝٤٦
وَلَوۡلَآ أَن تُصِيبَهُم مُّصِيبَةُۢ بِمَا قَدَّمَتۡ أَيۡدِيهِمۡ فَيَقُولُواْ رَبَّنَا لَوۡلَآ أَرۡسَلۡتَ إِلَيۡنَا رَسُولٗا فَنَتَّبِعَ ءَايَٰتِكَ وَنَكُونَ مِنَ ٱلۡمُؤۡمِنِينَ ۝٤٧
48

അങ്ങനെ നമ്മില്‍ നിന്നുള്ള സത്യം വന്നെത്തിയപ്പോഴോ, അവര്‍ ജല്‍പിച്ചു. 'മൂസാനബിക്ക് നല്‍കപ്പെട്ടതുപോലുള്ളവ ഇയാള്‍ക്ക് നല്‍കപ്പെടാത്തത് എന്തുകൊണ്ട്?' എന്നാല്‍ മുമ്പ് മൂസാ നബിക്ക് നല്‍കപ്പെട്ടത് ഇക്കൂട്ടര്‍ നിഷേധിച്ചിട്ടില്ലേ? അവര്‍ തട്ടിവിട്ടു. പരസ്പര സഹായകങ്ങളായ ആഭിചാരദ്വയങ്ങള്‍! ഒക്കെയും ഞങ്ങള്‍ നിഷേധിച്ചു തള്ളുകയാണ്26

1 വിശദീകരണം കാണുക

26. ഉത്തരം മുട്ടിയപ്പോള്‍ കൊഞ്ഞനം കാട്ടുകയാണ് മക്കാ മുശ്‌രിക്കുകള്‍. മൂസാ നബിയെപ്പോലെ മുഹമ്മദ് നബിക്ക് കൈയും വടിയുമില്ലാത്തതെന്ത് എന്നവര്‍ ചോദിക്കുന്നു. ഇനി, അവ ഉണ്ടായാലോ? ആഭിചാരമാണെന്നു തട്ടിവിടും. ഞങ്ങള്‍ ഏതും എന്തും നിഷേധിച്ചു തള്ളുകയാണ് എന്ന നിര്‍ലജ്ജ നിലപാടാണ് അവരിവിടെ വ്യക്തമാക്കിയിട്ടുള്ളത്: മൂസാ നബിയുടേതും മുഹമ്മദ് നബിയുടെതും സിഹ്‌റ് തന്നെ!

فَلَمَّا جَآءَهُمُ ٱلۡحَقُّ مِنۡ عِندِنَا قَالُواْ لَوۡلَآ أُوتِيَ مِثۡلَ مَآ أُوتِيَ مُوسَىٰٓۚ أَوَلَمۡ يَكۡفُرُواْ بِمَآ أُوتِيَ مُوسَىٰ مِن قَبۡلُۖ قَالُواْ سِحۡرَانِ تَظَٰهَرَا وَقَالُوٓاْ إِنَّا بِكُلّٖ كَٰفِرُونَ ۝٤٨
49–50

നബീ, താങ്കള്‍ വിളംബരം ചെയ്യുക. എങ്കില്‍, അവ രണ്ടിനേക്കാളും സന്മാര്‍ഗ ദര്‍ശകമായ ഒരു വേദം അല്ലാഹുവിങ്കല്‍ നിന്ന് നിങ്ങള്‍ കൊണ്ടുവരൂ; അത് ഞാന്‍ പിന്തുടര്‍ന്നുകൊള്ളാം-നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍. ഇതിനവര്‍ താങ്കള്‍ക്ക് മറുപടി തരുന്നില്ലെങ്കില്‍ ഒരു കാര്യം ഗ്രഹിക്കുക-സ്വേച്ഛകളെ മാത്രമാണവര്‍ അനുധാവനം ചെയ്യുന്നത്. അല്ലാഹുവിന്റെ മാര്‍ഗദര്‍ശനങ്ങളൊന്നുമില്ലാതെ, സ്വേച്ഛകള്‍ പിന്തുടര്‍ന്നവനേക്കാള്‍ ദുര്‍മാര്‍ഗി ആരുണ്ട്! അക്രമികളായ ജനതയെ അല്ലാഹു സന്മാര്‍ഗദര്‍ശനം ചെയ്യില്ല തന്നെ27

1 വിശദീകരണം കാണുക

27. ഏതു റസൂലിനെയും വേദവും അമാനുഷ കൃത്യങ്ങളും അനിഷേധ്യമാംവിധം ബോധ്യമായിട്ടും വ്യാജമാക്കിത്തള്ളി സ്വേച്ഛയെ പിന്‍പറ്റുന്നവര്‍ സത്യാന്വേഷികളോ സന്മാര്‍ഗമാഗ്രഹിക്കുന്നവരോ അല്ല. അത്തരം അഹങ്കാരികളും മൂരാച്ചികളും നബി(സ്വ)യെയും ഖുര്‍ആനെയും എങ്ങനെ അംഗീകരിക്കും? ഉറക്കം നടിക്കുകയാണെന്നതിനാല്‍ അവരെ ഉണര്‍ത്താന്‍ ആര്‍ക്കുമാകില്ല. ഈ മുഹമ്മദും ഖുര്‍ആനും സത്യമാണെങ്കില്‍, ഞങ്ങളംഗീകരിക്കില്ല; കന്മഴ വര്‍ഷിച്ച് ഞങ്ങളെ സംഹരിക്കുക എന്ന് അല്ലാഹുവിനോട് നേരിട്ട് പറഞ്ഞവരാണല്ലോ അവര്‍ (ഖുര്‍ആന്‍ 8:32).

قُلۡ فَأۡتُواْ بِكِتَٰبٖ مِّنۡ عِندِ ٱللَّهِ هُوَ أَهۡدَىٰ مِنۡهُمَآ أَتَّبِعۡهُ إِن كُنتُمۡ صَٰدِقِينَ ۝٤٩
فَإِن لَّمۡ يَسۡتَجِيبُواْ لَكَ فَٱعۡلَمۡ أَنَّمَا يَتَّبِعُونَ أَهۡوَآءَهُمۡۚ وَمَنۡ أَضَلُّ مِمَّنِ ٱتَّبَعَ هَوَىٰهُ بِغَيۡرِ هُدٗى مِّنَ ٱللَّهِۚ إِنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلظَّٰلِمِينَ ۝٥٠
51–55

ചിന്തിച്ചു ഗ്രഹിക്കുന്നതിനുവേണ്ടി ഉദ്‌ബോധന വചനങ്ങള്‍ അവര്‍ക്ക് നിരന്തരം നാമെത്തിച്ചുകൊടുത്തിരിക്കുന്നു. ഇതിനുമുമ്പ് വേദം നല്‍കപ്പെട്ടവരും അതില്‍ വിശ്വസിക്കുന്നുണ്ട്. ഇത് പാരായണം ചെയ്യപ്പെടുമ്പോള്‍ അവര്‍ പ്രതികരിക്കും. ഞങ്ങളിത് വിശ്വസിച്ചിരിക്കുന്നു; ഞങ്ങളുടെ നാഥങ്കല്‍ നിന്നുള്ള സത്യം തന്നെയത്രേ ഇത്. മുമ്പുതന്നെ ഞങ്ങളിതിന്നു വിധേയരായിക്കഴിഞ്ഞിട്ടുണ്ടായിരുന്നു!28
ക്ഷമ കൈക്കൊണ്ടതിന്റെ ഫലമായി ഇരട്ടി പ്രതിഫലമാണവര്‍ക്ക് നല്‍കപ്പെടുക.29
അവര്‍ നന്മകൊണ്ട് തിന്മയെ പ്രതിരോധിക്കുകയും നാം നല്‍കിയ സമ്പത്ത് ചെലവഴിക്കുകയും ചെയ്യും. അനാവശ്യവാക്കുകള്‍ ശ്രവിക്കുമ്പോള്‍ അതവഗണിച്ചുകൊണ്ട് അവര്‍ പ്രതികരിക്കും. ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മങ്ങള്‍, നിങ്ങള്‍ക്ക് നിങ്ങളുടേതും; നിങ്ങള്‍ക്ക് സലാം. മൂഢന്മാരില്‍ ഞങ്ങള്‍ തല്‍പരരല്ല.30

3 വിശദീകരണങ്ങൾ കാണുക

28. മക്കക്കാരെയും അറബികളെയും രണ്ട് പതിറ്റാണ്ടിലേറെ കാലം നിരന്തരമായി അഭിസംബോധന ചെയ്കയായിരുന്നുവല്ലോ വിശുദ്ധ ഖുര്‍ആന്‍. ശിര്‍ക്ക് വലിച്ചെറിഞ്ഞ് സല്‍പന്ഥാവില്‍ പ്രവേശിക്കുന്ന അറബികളെ പോലെ വേദക്കാരായ ജൂതന്മാരും ക്രിസ്ത്യാനികളും ഈ പുണ്യഗ്രന്ഥമംഗീകരിച്ച് പുണ്യമതത്തിന്റെ ശാദ്വലതീരമണയുന്നുണ്ട്. കഠിനമനസ്‌കരായ സത്യനിഷേധികള്‍ക്ക് മികച്ച ഒരു പാഠവും ചിന്തോദ്ദീപകവും ആയിരിക്കണം ഇത് എന്നാണിവിടെ സൂചിപ്പിക്കുന്നത്.

29. രണ്ടു ദൂതന്മാരിലും രണ്ടു വേദങ്ങളിലും വിശ്വസിച്ചു എന്നതും തദനുസൃതമായ ഉദാത്ത കര്‍മങ്ങളനുവര്‍ത്തിച്ചു എന്നതുമാണ് രണ്ട് പ്രതിഫലങ്ങള്‍ക്ക് കാരണം. മൂന്ന് വിഭാഗമാളുകള്‍ക്ക് ഇരട്ടി പ്രതിഫലമുണ്ട് എന്ന് തിരുനബി പഠിപ്പിച്ചിട്ടുണ്ട്. അതിലൊരു വിഭാഗമാണ് ഇവര്‍ (ബുഖാരി, മുസ്‌ലിം).

30. ഈ സൂക്തങ്ങളുടെ അവതരണ പശ്ചാത്തലം ശ്രദ്ധേയമാണ്: എത്യോപ്യയില്‍ നിന്ന് ഇരുപത് പേരുള്ള ഒരു ക്രിസ്തീയ സംഘം മക്കയില്‍ നബിയെ കാണാന്‍ വന്നു. ഹറമില്‍ നബിയൊന്നിച്ചിരുന്ന് സംസാരിക്കുകയും ആശയ വിനിമയം നടത്തുകയും സംശയനിവാരണം നടത്തുകയും ചെയ്ത അവര്‍ ഇസ്‌ലാം മതം സ്വീകരിച്ചു. പുറത്തുവന്ന അവരെ അബൂജഹ്‌ലിന്റെ നേതൃത്വത്തിലുള്ള സഹികെട്ട ഒരു സംഘം ഖുറൈശ് പിന്തുടര്‍ന്ന് ഗുരുതരമായി അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തു. 'നിങ്ങളോട് ചങ്ങാത്തമോ സംസാരമോ വേണ്ട; മൂഢന്മാരില്‍ ഞങ്ങള്‍ ഒട്ടുമേ തല്‍പരരല്ല' എന്ന് പ്രതികരിച്ച് അവര്‍ തിരിഞ്ഞുപോയി (സീറ ഇബ്‌നുഇസ്ഹാഖ്).

۞ وَلَقَدۡ وَصَّلۡنَا لَهُمُ ٱلۡقَوۡلَ لَعَلَّهُمۡ يَتَذَكَّرُونَ ۝٥١
ٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ مِن قَبۡلِهِۦ هُم بِهِۦ يُؤۡمِنُونَ ۝٥٢
وَإِذَا يُتۡلَىٰ عَلَيۡهِمۡ قَالُوٓاْ ءَامَنَّا بِهِۦٓ إِنَّهُ ٱلۡحَقُّ مِن رَّبِّنَآ إِنَّا كُنَّا مِن قَبۡلِهِۦ مُسۡلِمِينَ ۝٥٣
أُوْلَٰٓئِكَ يُؤۡتَوۡنَ أَجۡرَهُم مَّرَّتَيۡنِ بِمَا صَبَرُواْ وَيَدۡرَءُونَ بِٱلۡحَسَنَةِ ٱلسَّيِّئَةَ وَمِمَّا رَزَقۡنَٰهُمۡ يُنفِقُونَ ۝٥٤
وَإِذَا سَمِعُواْ ٱللَّغۡوَ أَعۡرَضُواْ عَنۡهُ وَقَالُواْ لَنَآ أَعۡمَٰلُنَا وَلَكُمۡ أَعۡمَٰلُكُمۡ سَلَٰمٌ عَلَيۡكُمۡ لَا نَبۡتَغِي ٱلۡجَٰهِلِينَ ۝٥٥
56–57

നബീ, താങ്കള്‍ ആഗ്രഹിക്കുന്നവരെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുവാന്‍ താങ്കള്‍ക്ക് കഴിയില്ല. എന്നാല്‍ താനുദ്ദേശിക്കുന്നവരെ അല്ലാഹു സന്മാര്‍ഗ ദര്‍ശനം ചെയ്യുന്നു. സന്മാര്‍ഗ പ്രാപ്തരെ അവന്‍ നന്നായറിയും.31
അവര്‍ ജല്‍പിക്കുകയാണ്-'നീയൊന്നിച്ച് ഈ സന്മാര്‍ഗം പിന്തുടരുന്നുവെങ്കില്‍ ഞങ്ങള്‍ നാട്ടില്‍ നിന്ന് റാഞ്ചിയെടുക്കപ്പെടും!' സുരക്ഷിതത്വപൂര്‍ണമായ ഒരു ഹറം അവര്‍ക്കു നാം അധീനപ്പെടുത്തിയിട്ടില്ലേ? എല്ലാ തരം ഫലങ്ങളും നമ്മുടെ പക്കല്‍നിന്നുള്ള ആഹാരമായി അവിടെ ശേഖരിക്കപ്പെടുന്നു. പക്ഷേ, അവരില്‍ മിക്കവരും വസ്തുതകള്‍ ഗ്രഹിക്കുന്നില്ല.32

2 വിശദീകരണങ്ങൾ കാണുക

31. പിതൃവ്യന്‍ അബൂഥാലിബ് മരണാസന്നനായപ്പോള്‍ നബി(സ്വ) അദ്ദേഹത്തിന്നടുത്തെത്തുകയും തൗഹീദിന്റെ വചനം ഉച്ചരിക്കാനാവശ്യപ്പെടുകയുമുണ്ടായി. എന്നാല്‍ തൊട്ടടുത്തുണ്ടായിരുന്ന അബൂജഹ്‌ലും മറ്റും അതിന് സമ്മതിച്ചില്ല. പഴയ മതത്തിലായി അദ്ദേഹം മരണപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് 56-ാം സൂക്തമവതരിച്ചത് (ബുഖാരി, മുസ്‌ലിം).

32. ഞങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ മറ്റു ഗോത്രക്കാരായ അറബികള്‍ ഞങ്ങളെ തട്ടിക്കൊണ്ടു പോകുകയും അപകടപ്പെടുത്തുകയും ചെയ്യുമെന്ന് തട്ടിവിടുകയാണ് മക്കാമുശ്‌രിക്കുകള്‍. അതിന് വായടപ്പന്‍ മറുപടി നല്‍കുകയാണ് അല്ലാഹു: മുശ്‌രിക്കുകളായിട്ടു പോലും ഹറമില്‍ സുരക്ഷിതരാണവര്‍. ഫലവര്‍ഗങ്ങളും കായ്കനികളും മറ്റു രാജ്യങ്ങളില്‍ നിന്നു ഇറക്കുമതി ചെയ്യപ്പെട്ട് സുഖജീവിതമാണ് മക്കക്കാര്‍ നയിക്കുന്നത്. ഇനി, മുസ്‌ലിംകളാവുകയാണെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള വര്‍ധിതാനുഗ്രഹങ്ങള്‍ ലഭിക്കുകയല്ലേ ചെയ്യുക എന്നാണ് ചോദിക്കുന്നത്; സര്‍വോപരി, ലോകത്തിന് അനുഗ്രഹവും സൂര്യവിളക്കുമായ മുഹമ്മദ് നബി(സ്വ) അവരിലെ ഒരംഗമാണ്. എത്ര വലിയ അഭിമാനം! പക്ഷെ, ഇതൊന്നുമവര്‍ ഗ്രഹിക്കുന്നില്ല.

إِنَّكَ لَا تَهۡدِي مَنۡ أَحۡبَبۡتَ وَلَٰكِنَّ ٱللَّهَ يَهۡدِي مَن يَشَآءُۚ وَهُوَ أَعۡلَمُ بِٱلۡمُهۡتَدِينَ ۝٥٦
وَقَالُوٓاْ إِن نَّتَّبِعِ ٱلۡهُدَىٰ مَعَكَ نُتَخَطَّفۡ مِنۡ أَرۡضِنَآۚ أَوَلَمۡ نُمَكِّن لَّهُمۡ حَرَمًا ءَامِنٗا يُجۡبَىٰٓ إِلَيۡهِ ثَمَرَٰتُ كُلِّ شَيۡءٖ رِّزۡقٗا مِّن لَّدُنَّا وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ ۝٥٧
58–61

എത്രയെത്ര നാടുകളാണ് നാം സംഹരിച്ചിട്ടുള്ളത്-തങ്ങളുടെ ജീവിതത്തില്‍ തദ്ദേശീയര്‍ മതിമറന്നഹങ്കരിക്കുകയായിരുന്നു. അവരുടെ ആവാസകേന്ദ്രങ്ങളതാ, അത്യപൂര്‍വമായേ അവര്‍ക്കുശേഷമവിടെ ജനവാസമുണ്ടായിട്ടുള്ളൂ; നാം തന്നെയായി അവയുടെ അനന്തരാവകാശി! രാജ്യങ്ങളുടെ ആസ്ഥാനത്ത് ആളുകള്‍ക്ക് നമ്മുടെ സൂക്തങ്ങള്‍ ഓതിക്കൊടുക്കുന്ന ഒരു ദൂതനെ നിയോഗിക്കുന്നതുവരെ താങ്കളുടെ നാഥന്‍ അന്നാടുകള്‍ സംഹരിക്കുന്നതല്ല. തദ്ദേശീയര്‍ അതിക്രമികളായിക്കഴിയുമ്പോള്‍ മാത്രമേ ആ രാജ്യങ്ങള്‍ നാം നശിപ്പിക്കൂ. നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ളതെന്തും ഐഹിക ജീവിതത്തിന്റെ സുഖഭോഗങ്ങളും അലങ്കാരങ്ങളുമത്രേ; അല്ലാഹുവിങ്കലുള്ളതാണ് കൂടുതല്‍ ഉദാത്തവും ശാശ്വതവുമായത്-നിങ്ങള്‍ ചിന്തിക്കുന്നില്ലേ?33
നാമൊരാളോട് ഒരുത്തമ വാഗ്ദാനം ചെയ്തു, അതയാള്‍ക്ക് ലഭിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ളൊരു വ്യക്തി, നാം ഭൗതിക ജീവിതത്തിന്റെ സുഖാസ്വാദനങ്ങള്‍ കൊടുത്തിട്ട് ഖിയാമനാളില്‍ ശിക്ഷക്ക് ഹാജറാക്കപ്പെടുന്നവനെപ്പോലെയാകുമോ?34

2 വിശദീകരണങ്ങൾ കാണുക

33. ഭൗതിക ജീവിതം എത്ര ക്ഷണികവും നശ്വരവുമാണ്-മിക്ക മനുഷ്യരും ചിന്തിക്കുന്നില്ല. തിരുനബി പ്രസ്താവിച്ചു: പരലോകവുമായി തുലനം ചെയ്യുമ്പോള്‍ ഐഹിക ലോകത്തിന്റെ ഉപമ ഇതാണ്: ഒരാള്‍ കൈവിരല്‍ മഹാസമുദ്രത്തില്‍ മുക്കി പുറത്തെടുക്കുമ്പോള്‍ എത്ര ജലാംശമാണതിലുണ്ടാവുക? ഇതുപോലെയാണ് ദുന്‍യാവും ആഖിറവും (മുസ്‌ലിം, തുര്‍മുദി).

34. സത്യവിശ്വാസികള്‍ക്ക് ജീവിത വിജയവും ശാശ്വത സ്വര്‍ഗവുമുണ്ടെന്നതാണ് അല്ലാഹുവിന്റെ ഉത്തമ വാഗ്ദാനം. അതവന്‍ ലംഘിക്കുകയില്ല (3:9). പരലോകത്ത് അതവര്‍ക്ക് ലഭിക്കും. നിഷേധികള്‍ക്ക് ഭൗതിക സുഖങ്ങളുണ്ടാകാം, ഖിയാമനാളില്‍ കാലാകാലത്തേക്കുമുള്ള നരക ശിക്ഷയാണ് ലഭിക്കുക-ഈ രണ്ട് വിഭാഗങ്ങളും സമന്മാരാണോ?

وَكَمۡ أَهۡلَكۡنَا مِن قَرۡيَةِۭ بَطِرَتۡ مَعِيشَتَهَاۖ فَتِلۡكَ مَسَٰكِنُهُمۡ لَمۡ تُسۡكَن مِّنۢ بَعۡدِهِمۡ إِلَّا قَلِيلٗاۖ وَكُنَّا نَحۡنُ ٱلۡوَٰرِثِينَ ۝٥٨
وَمَا كَانَ رَبُّكَ مُهۡلِكَ ٱلۡقُرَىٰ حَتَّىٰ يَبۡعَثَ فِيٓ أُمِّهَا رَسُولٗا يَتۡلُواْ عَلَيۡهِمۡ ءَايَٰتِنَاۚ وَمَا كُنَّا مُهۡلِكِي ٱلۡقُرَىٰٓ إِلَّا وَأَهۡلُهَا ظَٰلِمُونَ ۝٥٩
وَمَآ أُوتِيتُم مِّن شَيۡءٖ فَمَتَٰعُ ٱلۡحَيَوٰةِ ٱلدُّنۡيَا وَزِينَتُهَاۚ وَمَا عِندَ ٱللَّهِ خَيۡرٞ وَأَبۡقَىٰٓۚ أَفَلَا تَعۡقِلُونَ ۝٦٠
أَفَمَن وَعَدۡنَٰهُ وَعۡدًا حَسَنٗا فَهُوَ لَٰقِيهِ كَمَن مَّتَّعۡنَٰهُ مَتَٰعَ ٱلۡحَيَوٰةِ ٱلدُّنۡيَا ثُمَّ هُوَ يَوۡمَ ٱلۡقِيَٰمَةِ مِنَ ٱلۡمُحۡضَرِينَ ۝٦١
62–67

അല്ലാഹു നിഷേധികളെ വിളിച്ച് 'നിങ്ങള്‍ ജല്‍പിച്ചിരുന്ന എന്റെ പങ്കാളികള്‍ എവിടെ' എന്ന് ചോദിക്കുന്ന നാള്‍ സ്മരണീയമത്രേ. ശിക്ഷാവചനം സ്ഥിരപ്പെട്ടവര്‍ പ്രതികരിക്കും. നാഥാ, ഇവരെയാണ് ഞങ്ങള്‍ ദുര്‍മാര്‍ഗികളാക്കിയത്. സ്വയം വഴിപിഴച്ചതുപോലെ ഞങ്ങള്‍ അവരെയും വഴിതെറ്റിച്ചു. നീ മുഖേന ആ ബാധ്യതയില്‍ നിന്ന് ഞങ്ങളൊഴിവാകുകയാണ്. അവര്‍ ആരാധിച്ചത് ഞങ്ങളെയായിരുന്നില്ല. 'നിങ്ങളുടെ പങ്കാളികളെ വിളിച്ചോളൂ' എന്ന് ബഹുദൈവാരാധകരോട് കല്‍പിക്കപ്പെടുമ്പോള്‍ അവര്‍ വിളിച്ചുനോക്കും, പക്ഷേ, അവ മറുപടി നല്‍കില്ല; ഇവര്‍ നരകശിക്ഷ നേരില്‍ കാണുകയും ചെയ്യും! മുമ്പ് ഇവര്‍ സന്മാര്‍ഗ പ്രാപ്തരായിരുന്നെങ്കില്‍! അല്ലാഹു ഇവരെ വിളിക്കുകയും മുര്‍സലുകള്‍ക്ക് എന്ത് പ്രതികരണമാണ് നിങ്ങള്‍ നല്‍കിയിരുന്നത് എന്ന് ചോദിക്കുകയും ചെയ്യുന്ന നാള്‍ സ്മരണീയമത്രേ. അന്നവര്‍ക്ക് വൃത്താന്തങ്ങള്‍ ഗുപ്തമാകുന്നതും പരസ്പരം ചോദിച്ചറിയാന്‍ പോലും കഴിയാതെ വരുന്നതുമാണ്. എന്നാല്‍ പശ്ചാത്തപിക്കുകയും സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവന്‍ വിജയികളുടെ ഗണത്തിലായിരിക്കും.35

1 വിശദീകരണം കാണുക

35. സത്യനിഷേധികളുടെ പാരത്രിക ലോകത്തെ അവസ്ഥ, ശാശ്വത നരകത്തിനര്‍ഹരായിത്തീരുന്ന അവരിലെ നേതാക്കള്‍ക്കും അനുയായികള്‍ക്കുമിടയിലുണ്ടാകുന്ന സംവാദം തുടങ്ങിയവയാണിവിടെ പരാമര്‍ശിച്ചിരിക്കുന്നത്. സത്യമാര്‍ഗം നേരത്തെ പുല്‍കിയിരുന്നെങ്കില്‍ ഈ ദുര്‍ഗതിയൊന്നും അവര്‍ക്ക് വന്നെത്തുകയില്ലായിരുന്നു.

وَيَوۡمَ يُنَادِيهِمۡ فَيَقُولُ أَيۡنَ شُرَكَآءِيَ ٱلَّذِينَ كُنتُمۡ تَزۡعُمُونَ ۝٦٢
قَالَ ٱلَّذِينَ حَقَّ عَلَيۡهِمُ ٱلۡقَوۡلُ رَبَّنَا هَٰٓؤُلَآءِ ٱلَّذِينَ أَغۡوَيۡنَآ أَغۡوَيۡنَٰهُمۡ كَمَا غَوَيۡنَاۖ تَبَرَّأۡنَآ إِلَيۡكَۖ مَا كَانُوٓاْ إِيَّانَا يَعۡبُدُونَ ۝٦٣
وَقِيلَ ٱدۡعُواْ شُرَكَآءَكُمۡ فَدَعَوۡهُمۡ فَلَمۡ يَسۡتَجِيبُواْ لَهُمۡ وَرَأَوُاْ ٱلۡعَذَابَۚ لَوۡ أَنَّهُمۡ كَانُواْ يَهۡتَدُونَ ۝٦٤
وَيَوۡمَ يُنَادِيهِمۡ فَيَقُولُ مَاذَآ أَجَبۡتُمُ ٱلۡمُرۡسَلِينَ ۝٦٥
فَعَمِيَتۡ عَلَيۡهِمُ ٱلۡأَنۢبَآءُ يَوۡمَئِذٖ فَهُمۡ لَا يَتَسَآءَلُونَ ۝٦٦
فَأَمَّا مَن تَابَ وَءَامَنَ وَعَمِلَ صَٰلِحٗا فَعَسَىٰٓ أَن يَكُونَ مِنَ ٱلۡمُفۡلِحِينَ ۝٦٧
68–70

താങ്കളുടെ നാഥന്‍ താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്യുന്നു; തെരഞ്ഞെടുക്കാന്‍ സൃഷ്ടികള്‍ക്ക് പറ്റില്ല. അല്ലാഹു പരിശുദ്ധനും അവര്‍ പങ്കാളികളാക്കുന്നതില്‍ നിന്നൊക്കെ സമുന്നതനുമത്രേ. അവരുടെ ഹൃദയങ്ങള്‍ രഹസ്യമാക്കിവെക്കുന്നതും അവര്‍ പരസ്യമാക്കുന്നതുമെല്ലാം താങ്കളുടെ നാഥന്‍ അറിയുന്നുണ്ട്. അവനാണ് അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. ഐഹിക-പാരത്രിക ലോകങ്ങളിലെ സ്‌തോത്രങ്ങളും വിധികര്‍തൃത്വവും അവനാകുന്നു. നിങ്ങള്‍ തിരിച്ചയക്കപ്പെടുന്നതും അവങ്കലേക്കുതന്നെ.36

1 വിശദീകരണം കാണുക

36. അന്തിമ രിസാലത്തിന് മുഹമ്മദ് നബിയെ തെരഞ്ഞടുത്തതാണ് മുശ്‌രിക്കുകള്‍ക്ക് നിശ്ശേഷം ദഹിക്കാതെ പോയത്. അബൂഥാലിബിന്റെ ഈ അനാഥയെയല്ലാതെ നബിയാക്കാന്‍ അല്ലാഹുവിന് മറ്റാരെയും കിട്ടിയില്ലേ എന്നായിരുന്നു അവരുടെ പരിഹാസം. അല്ലാഹുവാണ് പ്രപഞ്ച സ്രഷ്ടാവും സംരക്ഷകനും; അവന്റെ ഉദ്ദേശ്യങ്ങളും തീരുമാനങ്ങളും തെരഞ്ഞടുപ്പുകളുമാണ് ഇവിടെ നടക്കുക. പ്രവാചകത്വം ആരിലാണ് നിക്ഷേപിക്കേണ്ടതെന്ന് അവന്ന് നന്നായറിയും (6:124). അതിനൊക്കെ വിധേയരാവുകയാണ് സൃഷ്ടികള്‍ ചെയ്യേണ്ടത് എന്നാണ് വിവക്ഷ.

وَرَبُّكَ يَخۡلُقُ مَا يَشَآءُ وَيَخۡتَارُۗ مَا كَانَ لَهُمُ ٱلۡخِيَرَةُۚ سُبۡحَٰنَ ٱللَّهِ وَتَعَٰلَىٰ عَمَّا يُشۡرِكُونَ ۝٦٨
وَرَبُّكَ يَعۡلَمُ مَا تُكِنُّ صُدُورُهُمۡ وَمَا يُعۡلِنُونَ ۝٦٩
وَهُوَ ٱللَّهُ لَآ إِلَٰهَ إِلَّا هُوَۖ لَهُ ٱلۡحَمۡدُ فِي ٱلۡأُولَىٰ وَٱلۡأٓخِرَةِۖ وَلَهُ ٱلۡحُكۡمُ وَإِلَيۡهِ تُرۡجَعُونَ ۝٧٠
71–73

നബീ, പ്രഖ്യാപിക്കുക-നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ. പുനരുത്ഥാന നാള്‍ വരെ അല്ലാഹു സ്ഥിരമായ രാത്രിയാക്കിയാല്‍ അവനല്ലാത്ത വേറെ ഏതൊരു ദൈവമാണ് നിങ്ങള്‍ക്ക് വെളിച്ചം കൊണ്ടുവന്നുതരിക? നിങ്ങളിതു ശ്രവിച്ചു ഗ്രഹിക്കുന്നില്ലേ? നിങ്ങളാലോചിച്ചിട്ടുണ്ടോ. പുനരുജ്ജീവന ദിനം വരെ അല്ലാഹു നിങ്ങള്‍ക്ക് നിരന്തര പകലാക്കിയാല്‍ മറ്റേതൊരു ദൈവമാണ് വിശ്രമിക്കാന്‍ നിങ്ങള്‍ക്കു രാത്രിയുണ്ടാക്കിത്തരിക? നിങ്ങളിത് ദര്‍ശിച്ച് ഗ്രഹിക്കുന്നില്ലേ?37
തന്റെ കാരുണ്യത്താല്‍ നിങ്ങള്‍ക്കവന്‍ രാപ്പകലുകള്‍ സംവിധാനിച്ചുതരുന്നു-രാത്രി വിശ്രമിക്കാനും പകല്‍ അവന്റെ ഔദാര്യമന്വേഷിക്കാനും കൃതജ്ഞത പ്രകാശിപ്പിക്കുന്നവരാകാനും വേണ്ടി.38

2 വിശദീകരണങ്ങൾ കാണുക

37. രാത്രിയും പകലും മാറിമാറി വന്നുകൊണ്ടിരിക്കുന്ന അത്യദ്ഭുതകരമായ പ്രാപഞ്ചിക ഘടനയിലേക്ക് മനുഷ്യന്റെ ഗൗരവശ്രദ്ധ ക്ഷണിക്കുകയാണ്. ശൈശവം മുതലേ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന ഈ മഹാവിസ്മയം പഠനത്തിനും ചിന്തക്കും വിധേയമാക്കുകയാണെങ്കില്‍ ഏതു മനുഷ്യനും അതിന്റെ പിന്നിലെ മഹച്ഛക്തിയെ കണ്ടെത്താനാകുമെന്ന് പഠിപ്പിക്കുകയാണ്.

38. ഓരോ സമുദായത്തിന്റെയും പ്രവാചകനാണ് ഈ സാക്ഷി. സാക്ഷി പറയുമ്പോള്‍ അദ്ദേഹത്തിനെതിരെയും നിഷേധികളായ അനുയായികള്‍ വ്യാജം തട്ടിവിടും-ഇദ്ദേഹം ഞങ്ങള്‍ക്ക് വിജയത്തിന്റെയും സത്യത്തിന്റെയും മാര്‍ഗം പഠിപ്പിച്ചുതന്നിരുന്നില്ലെന്ന് വാദിച്ചു നോക്കും. എന്നാല്‍ നമ്മുടെ നബി(സ്വ) ആ നബിമാര്‍ക്ക് അനുകൂലമായി സാക്ഷി നില്‍ക്കുന്നതും അല്ലാഹു അത് സ്വീകരിക്കുന്നതുമാണ്. ഇക്കാര്യമാണ് ഖുര്‍ആന്‍ 16:89-ലും മറ്റും വ്യക്തമാക്കിയിട്ടുള്ളത്. സമയം കഴിഞ്ഞതിനു ശേഷമുള്ള ബോധോദയം കൊണ്ട് എന്തു ഫലം?

قُلۡ أَرَءَيۡتُمۡ إِن جَعَلَ ٱللَّهُ عَلَيۡكُمُ ٱلَّيۡلَ سَرۡمَدًا إِلَىٰ يَوۡمِ ٱلۡقِيَٰمَةِ مَنۡ إِلَٰهٌ غَيۡرُ ٱللَّهِ يَأۡتِيكُم بِضِيَآءٍۚ أَفَلَا تَسۡمَعُونَ ۝٧١
قُلۡ أَرَءَيۡتُمۡ إِن جَعَلَ ٱللَّهُ عَلَيۡكُمُ ٱلنَّهَارَ سَرۡمَدًا إِلَىٰ يَوۡمِ ٱلۡقِيَٰمَةِ مَنۡ إِلَٰهٌ غَيۡرُ ٱللَّهِ يَأۡتِيكُم بِلَيۡلٖ تَسۡكُنُونَ فِيهِۚ أَفَلَا تُبۡصِرُونَ ۝٧٢
وَمِن رَّحۡمَتِهِۦ جَعَلَ لَكُمُ ٱلَّيۡلَ وَٱلنَّهَارَ لِتَسۡكُنُواْ فِيهِ وَلِتَبۡتَغُواْ مِن فَضۡلِهِۦ وَلَعَلَّكُمۡ تَشۡكُرُونَ ۝٧٣
74–75

അല്ലാഹു നിഷേധികളെ വിളിക്കുകയും 'നിങ്ങള്‍ ജല്‍പിച്ചിരുന്ന എന്റെ പങ്കുകാരെവിടെ' എന്ന് ചോദിക്കുകയും ചെയ്യുന്ന നാള്‍, ഓരോ ജനപഥത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ടുവരികയും 'നിങ്ങളുടെ പ്രമാണം ഹാജറാക്കൂ' എന്നാവശ്യപ്പെടുകയും ചെയ്യും. അല്ലാഹുവിന്റെ പക്ഷത്താണ് സത്യം എന്ന് തത്സമയം അവര്‍ക്ക് ബോധ്യപ്പെടുന്നതാണ്. തങ്ങളുടെ വ്യാജനിര്‍മിത ദൈവങ്ങളെല്ലാം അവരില്‍ നിന്ന് അപ്രത്യക്ഷമാകും39

1 വിശദീകരണം കാണുക

39. ഇസ്രയേല്യരില്‍ പെട്ട ഒരു വ്യക്തിയായിരുന്നു ഖാറൂന്‍; എന്നല്ല, മൂസാനബിയുടെ പിതൃവ്യപുത്രന്‍ കൂടിയാണ്. തൗറാത്തില്‍ വലിയ പരിജ്ഞാനമുണ്ടായിരുന്നതോടൊപ്പം ശ്രവണസുന്ദരമായി അത് പാരായണം നടത്തുക കൂടി ചെയ്തിരുന്നു. ക്രമപ്രവൃദ്ധമായി സമ്പത്ത് കുമിഞ്ഞുകൂടി വന്ന അവന്‍ മൂസാനബി(അ) സകാത്ത് ചോദിച്ചപ്പോള്‍ അത് നല്‍കിയില്ലെന്ന് മാത്രമല്ല കപടവിശ്വാസിയായി മാറുകയും ധിക്കാരവും അഹന്തയുമായി വിശ്വാസികളെ പുച്ഛിക്കുകയും ചെയ്തു.

وَيَوۡمَ يُنَادِيهِمۡ فَيَقُولُ أَيۡنَ شُرَكَآءِيَ ٱلَّذِينَ كُنتُمۡ تَزۡعُمُونَ ۝٧٤
وَنَزَعۡنَا مِن كُلِّ أُمَّةٖ شَهِيدٗا فَقُلۡنَا هَاتُواْ بُرۡهَٰنَكُمۡ فَعَلِمُوٓاْ أَنَّ ٱلۡحَقَّ لِلَّهِ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ ۝٧٥
76–77

നിശ്ചയം, മൂസാനബിയുടെ ആളുകളില്‍ പെട്ടവനായിരുന്നു ഖാറൂന്‍. എന്നിട്ട് അവരോടവന്‍ അതിക്രമം കാണിക്കുകയുണ്ടായി(40). അവന്ന് നാം ധാരാളം നിക്ഷേപങ്ങള്‍ കൊടുത്തു-അവയുടെ താക്കോലുകള്‍ തന്നെ ഒരു പ്രബലസംഘത്തിന് വഹിക്കാന്‍ മാത്രമുണ്ടായിരുന്നു! തന്റെ ജനത അവനോട് പറഞ്ഞ ഘട്ടം സ്മരണീയമത്രേ: നീ ഹര്‍ഷപുളകിതനാകേണ്ട കേട്ടോ, മതിമറക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നതേയല്ല. അല്ലാഹു കനിഞ്ഞേകിയിട്ടുള്ള ഭൗതിക വിഭവങ്ങളിലൂടെ നീ പാരത്രിക മോക്ഷം കാംക്ഷിക്കുക. ഐഹികജീവിതത്തിലുള്ള വിഹിതം നീ വിസ്മരിക്കരുത്. അല്ലാഹു നിനക്ക് നന്മ കനിഞ്ഞതുപോലെ ലോകര്‍ക്ക് നീയും പുണ്യം ചെയ്യുക; നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ തുനിയരുത്. വിനാശകാരികളെ അല്ലാഹു ഒട്ടുമേ സ്‌നേഹിക്കയില്ല.40

1 വിശദീകരണം കാണുക

40. അഹന്തയും തന്‍പോരിമയുമായി കണ്ണുമഞ്ഞളിച്ച് വിളയാട്ടം നടത്തിയ ഖാറൂനെ സാത്വികരായ ചിലര്‍ ഗുണദോഷിച്ചു; അല്ലാഹുവിനെ മറക്കരുതെന്നും ബാധ്യതകള്‍ നിര്‍വഹിക്കണമെന്നും ജനങ്ങള്‍ക്ക് കാരുണ്യഹസ്തം നീട്ടണമെന്നുമെല്ലാം അവര്‍ ഉപദേശിച്ചു നോക്കി.

۞ إِنَّ قَٰرُونَ كَانَ مِن قَوۡمِ مُوسَىٰ فَبَغَىٰ عَلَيۡهِمۡۖ وَءَاتَيۡنَٰهُ مِنَ ٱلۡكُنُوزِ مَآ إِنَّ مَفَاتِحَهُۥ لَتَنُوٓأُ بِٱلۡعُصۡبَةِ أُوْلِي ٱلۡقُوَّةِ إِذۡ قَالَ لَهُۥ قَوۡمُهُۥ لَا تَفۡرَحۡۖ إِنَّ ٱللَّهَ لَا يُحِبُّ ٱلۡفَرِحِينَ ۝٧٦
وَٱبۡتَغِ فِيمَآ ءَاتَىٰكَ ٱللَّهُ ٱلدَّارَ ٱلۡأٓخِرَةَۖ وَلَا تَنسَ نَصِيبَكَ مِنَ ٱلدُّنۡيَاۖ وَأَحۡسِن كَمَآ أَحۡسَنَ ٱللَّهُ إِلَيۡكَۖ وَلَا تَبۡغِ ٱلۡفَسَادَ فِي ٱلۡأَرۡضِۖ إِنَّ ٱللَّهَ لَا يُحِبُّ ٱلۡمُفۡسِدِينَ ۝٧٧
78–79

അവന്‍ പ്രതികരിച്ചു. 'എന്റെ പക്കലുള്ള വിദ്യകൊണ്ട് മാത്രമാണ് ഇതെനിക്ക് ലഭ്യമായിട്ടുള്ളത്.' ഇതിനുമുമ്പ് അവനെക്കാള്‍ ശക്തരും സംഘബലമുള്ളവരുമായ ഒട്ടേറെ തലമുറകളെ അല്ലാഹു ഉന്മൂലനം ചെയ്തു കഴിഞ്ഞിട്ടുണ്ടെന്ന് അവനറിയില്ലേ? കുറ്റവാളികളോട് അവരുടെ പാപകൃത്യങ്ങളെ പറ്റി അന്വേഷിക്കപ്പെടേണ്ടതില്ല(അല്ലാഹുവിന്ന് നന്നായറിയാം)41
അങ്ങനെ അലങ്കാരാര്‍ഭാടങ്ങളോടെ ഒരിക്കല്‍ അവന്റെ എഴുന്നള്ളത്ത് ഉണ്ടായി. ഇതുകണ്ട് ഭൗതിക ജീവിത പ്രൗഢി ആഗ്രഹിക്കുന്നവര്‍ അഭിലാഷം പ്രകടിപ്പിച്ചു. ഖാറൂന്ന് ലഭിച്ചതുപോലുള്ള സമ്പത്ത് നമുക്കുമുണ്ടായിരുന്നുവെങ്കില്‍! അവന്‍ മഹാസൗഭാഗ്യവാന്‍ തന്നെ, തീര്‍ച്ച42

2 വിശദീകരണങ്ങൾ കാണുക

41. അഹങ്കാരികളായ പല സമ്പന്നരെയും പോലെ തന്നെ ഖാറൂന്‍ തട്ടിവിട്ടു: ഈ സമ്പാദ്യങ്ങളൊക്കെ എന്റെ സാമ്പത്തിക പരിജ്ഞാനവും സമ്പാദ്യസാമര്‍ത്ഥ്യവും കൊണ്ട് നേടാനായതാണ്! എന്നാല്‍ ഇവനേക്കാള്‍ വലിയ എത്ര അഹങ്കാരികളെ നാം നടുവൊടിച്ചു കളഞ്ഞിട്ടുണ്ടെന്ന് ഇവന്നറിയാമല്ലോ എന്നാണ് അല്ലാഹു പറയുന്നത്.

42. ആളുകളെ വ്യാമോഹിപ്പിക്കാനും തന്റെ പളപളപ്പ് പ്രകടിപ്പിക്കാനും തന്‍പോരിമ നടിക്കാനുമായി ഒരിക്കല്‍ അവന്‍ ഒരെഴുന്നള്ളത്ത് നടത്തി. ഇതുകണ്ട മാത്രയില്‍ ഭൗതിക പ്രമത്തരുടെ കണ്ണുതള്ളിപ്പോയി! തങ്ങളും ഇങ്ങനെ സമ്പന്നരായിരുന്നെങ്കില്‍ എന്നവര്‍ കൊതിച്ചു.

قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلۡمٍ عِندِيٓۚ أَوَلَمۡ يَعۡلَمۡ أَنَّ ٱللَّهَ قَدۡ أَهۡلَكَ مِن قَبۡلِهِۦ مِنَ ٱلۡقُرُونِ مَنۡ هُوَ أَشَدُّ مِنۡهُ قُوَّةٗ وَأَكۡثَرُ جَمۡعٗاۚ وَلَا يُسۡـَٔلُ عَن ذُنُوبِهِمُ ٱلۡمُجۡرِمُونَ ۝٧٨
فَخَرَجَ عَلَىٰ قَوۡمِهِۦ فِي زِينَتِهِۦۖ قَالَ ٱلَّذِينَ يُرِيدُونَ ٱلۡحَيَوٰةَ ٱلدُّنۡيَا يَٰلَيۡتَ لَنَا مِثۡلَ مَآ أُوتِيَ قَٰرُونُ إِنَّهُۥ لَذُو حَظٍّ عَظِيمٖ ۝٧٩
80–82

ജ്ഞാനലബ്ധരായവര്‍ പ്രതികരിച്ചു. 'നിങ്ങള്‍ മഹാപരാജിതര്‍ തന്നെ. സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലമാണ് ഏറെ ഉദാത്തം. എന്നാല്‍ ക്ഷമാശീലര്‍ക്കേ അത് കൈവരിക്കാനാകൂ.'43
അങ്ങനെ അവനെയും കൊട്ടാരവും നാം ഭൂമിയിലാഴ്ത്തിക്കളയുകയുണ്ടായി. അപ്പോള്‍ അല്ലാഹുവല്ലാതെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവന്നുണ്ടായില്ല. സ്വയം സുരക്ഷിതനാകാനും അവന്ന് കഴിയാതെപോയി44
കഴിഞ്ഞ ദിവസം അവന്റെ പ്രൗഢസ്ഥാനം അഭിലഷിച്ചവര്‍ പരിഭവിച്ചു. മഹാകഷ്ടം, സ്വന്തം ദാസന്മാരില്‍ താനുദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു ഉപജീവനം പ്രവിശാലമാക്കുകയും മറ്റു ചിലര്‍ക്കത് സങ്കുചിതമാക്കുകയും ചെയ്യുന്നു. അവന്‍ ഔദാര്യം കാണിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളെയും ആഴ്ത്തിയിരുന്നു. കഷ്ടം തന്നെ, നിഷേധികള്‍ വിജയം നേടുന്നതേയല്ല.

2 വിശദീകരണങ്ങൾ കാണുക

43. ഹൃദയത്തില്‍ അകക്കാഴ്ചയുള്ളവര്‍ക്കേ ഭൗതിക ജീവിതത്തിന്റെ കെണിവലകളും ചതിക്കുഴികളും ദീര്‍ഘദര്‍ശനം ചെയ്യാനാവൂ. അതാണ് രണ്ട് കക്ഷികളുടെയും പ്രതികരണങ്ങളില്‍ നമുക്ക് കാണാനാകുന്നത്. മാത്രമല്ല, ആഴത്തില്‍ ചിന്തിക്കാതെ, ഉപരിപ്ലവമായി വിഷയങ്ങള്‍ കാണുന്ന വിശ്വാസികള്‍ തന്നെ പലപ്പോഴും കബളിപ്പിക്കപ്പെടും. വിവിധ ഖുര്‍ആന്‍ സൂക്തങ്ങളില്‍ ഇതു കാണാം. ഉദാ:-7:151, 57:14, 31:33 നോക്കുക.

44. ധിക്കാരം മൂത്ത് അഹന്ത തിളച്ചുമറിഞ്ഞ് ഖാറൂന്‍ ഒരു കെണിയൊപ്പിച്ചു-ഒരു വേശ്യയെ വശത്താക്കി മൂസാനബിക്കെതിരെ ദുരാരോപണം പരത്തി. ജനമധ്യേ നബിയുടെ മുമ്പാകെ അവള്‍ ആരോപണത്തിന്റെ അസ്ത്രമെയ്തു! മൂസാനബി മനംപൊട്ടി സുജൂദില്‍ വീണ് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. അവനും കൊട്ടാരങ്ങളും സമ്പാദ്യങ്ങളും ശിങ്കിടികളുമൊന്നടങ്കം ഭൂമിയിലേക്ക് ആണ്ടുപോയി! (ഇമാം ഇബ്‌നുഅബ്ബാസ്-ഹാകിം, ഇബ്‌നുല്‍മുന്‍ദിര്‍).

وَقَالَ ٱلَّذِينَ أُوتُواْ ٱلۡعِلۡمَ وَيۡلَكُمۡ ثَوَابُ ٱللَّهِ خَيۡرٞ لِّمَنۡ ءَامَنَ وَعَمِلَ صَٰلِحٗاۚ وَلَا يُلَقَّىٰهَآ إِلَّا ٱلصَّٰبِرُونَ ۝٨٠
فَخَسَفۡنَا بِهِۦ وَبِدَارِهِ ٱلۡأَرۡضَ فَمَا كَانَ لَهُۥ مِن فِئَةٖ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مِنَ ٱلۡمُنتَصِرِينَ ۝٨١
وَأَصۡبَحَ ٱلَّذِينَ تَمَنَّوۡاْ مَكَانَهُۥ بِٱلۡأَمۡسِ يَقُولُونَ وَيۡكَأَنَّ ٱللَّهَ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ مِنۡ عِبَادِهِۦ وَيَقۡدِرُۖ لَوۡلَآ أَن مَّنَّ ٱللَّهُ عَلَيۡنَا لَخَسَفَ بِنَاۖ وَيۡكَأَنَّهُۥ لَا يُفۡلِحُ ٱلۡكَٰفِرُونَ ۝٨٢
83–84

ആ പാരത്രിക സൗഭാഗ്യം നാം സംവിധാനിച്ചുകൊടുക്കുക ഭൂമിയില്‍ ഔദ്ധത്യമോ വിനാശമോ ആഗ്രഹിക്കാത്തവര്‍ക്കാണ്. ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്കത്രേ അന്തിമമായ ശുഭപരിണാമമുണ്ടാവുക45
ആരൊരാള്‍ നന്മയനുവര്‍ത്തിക്കുന്നുവോ, അതിനേക്കാള്‍ ഉദാത്തമായ പ്രതിഫലം അവന്നുണ്ടായിരിക്കും. ഇനി, ഒരാള്‍ തിന്മ ചെയ്യുന്നുവെങ്കില്‍ ആ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലമേ അവന്നുണ്ടാകൂ46

2 വിശദീകരണങ്ങൾ കാണുക

45. വിനയം, ഗുണകാംക്ഷ, നന്മയുടെ വ്യാപനം തുടങ്ങിയവ സത്യവിശ്വാസിയുടെ ലക്ഷണങ്ങളില്‍ പെട്ടതാണ്; അഹങ്കാരം, അസൂയ, തിന്മ മുതലായവ സത്യവിശ്വാസത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവുമത്രേ. അതിനാല്‍ ധിക്കാരികളും വിനാശകാരികളും അധര്‍മകാരികളുമായവര്‍ക്ക് സ്വര്‍ഗം പ്രാപിക്കാനാകില്ല. അതാണ് സൂക്തത്തിന്റെ താല്‍പര്യം. സര്‍വശക്തനെ ഭയന്ന്, അവന്റെ പൊരുത്തം ലക്ഷീകരിച്ച്, അവനോട് സമ്പൂര്‍ണ വിധേയത്വമുള്ളവരായി ജീവിച്ചവര്‍ക്കാണ് പാരത്രിക മോക്ഷവും സ്വര്‍ഗവും.

46. ഒരു നന്മ ചെയ്ത വ്യക്തിക്ക് അതിനേക്കാളെത്രയോ മെച്ചപ്പെട്ട പ്രതിഫലമുണ്ട്. 'ഏതൊരു നന്മക്കും പത്തിരട്ടി പ്രതിഫലമുണ്ടാകും' (അല്‍അന്‍ആം 160); ചിലപ്പോള്‍ അതിലേറെ ഇരട്ടിപ്പിക്കപ്പെടും. അല്ലാഹുവിന്റെ ഔദാര്യവും അനുഗ്രഹവുമാണിത്. എന്നാല്‍ ഒരു തിന്മ ചെയ്യുന്ന വ്യക്തിക്ക് അതിനുള്ള ശിക്ഷയേ നല്‍കപ്പെടൂ; ഇരട്ടിപ്പുണ്ടാവില്ല. ഇത് അല്ലാഹുവിന്റെ മഹനീയ നീതിയും മാന്യതയുമത്രേ.

تِلۡكَ ٱلدَّارُ ٱلۡأٓخِرَةُ نَجۡعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوّٗا فِي ٱلۡأَرۡضِ وَلَا فَسَادٗاۚ وَٱلۡعَٰقِبَةُ لِلۡمُتَّقِينَ ۝٨٣
مَن جَآءَ بِٱلۡحَسَنَةِ فَلَهُۥ خَيۡرٞ مِّنۡهَاۖ وَمَن جَآءَ بِٱلسَّيِّئَةِ فَلَا يُجۡزَى ٱلَّذِينَ عَمِلُواْ ٱلسَّيِّـَٔاتِ إِلَّا مَا كَانُواْ يَعۡمَلُونَ ۝٨٤
85

നബീ, ഈ ഖുര്‍ആന്‍ താങ്കള്‍ക്ക് നിയമമാക്കിയവന്‍ മടക്കസ്ഥാനത്തേക്ക് അങ്ങയെ തിരിച്ചെത്തിക്കുക തന്നെ ചെയ്യുന്നതാണ്.47
നേര്‍മാര്‍ഗവുമായി വന്നത് ആരാണെന്നും വ്യക്തമായ വഴികേടില്‍ നിപതിച്ചു പോയിരിക്കുന്നത് ആരാണെന്നും എന്റെ നാഥന്‍ നന്നായറിയുന്നവനാണെന്ന് താങ്കള്‍ പ്രഖ്യാപിക്കുക.

1 വിശദീകരണം കാണുക

47. മടക്കസ്ഥാനം (മആദ്) എന്നാല്‍ മക്കയാണെന്ന് ഇമാം ഇബ്‌നുഅബ്ബാസില്‍ നിന്ന് ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. ഇമാം ളഹ്ഹാക്ക് നിവേദനം: ഹിജ്‌റ പുറപ്പെട്ട് മക്കയില്‍ നിന്ന് ജുഹ്ഫ (ഇന്നത്തെ അബ്‌യാര്‍ അലി)യിലെത്തിയപ്പോഴേക്കും മക്ക കാണാന്‍ നബിക്ക് കടുത്ത അഭിനിവേശമുണ്ടായി. തത്സമയമാണ് ഈ സൂക്താവതരണം (ഇബ്‌നുഅബീഹാതിം). അന്നത്തെ ഒരാള്‍ക്കും വിശ്വസിക്കാനാകാത്ത ഒരദ്ഭുത പ്രവചനമായിരുന്നു ഇത്. എന്നാല്‍ ഈ വാഗ്ദാനം സാക്ഷാല്‍കൃതമാവുകയും ഹിജ്‌റ 8-ാം വര്‍ഷം തിരിച്ചെത്തി മക്ക രക്തരഹിത വിപ്ലവത്തിലൂടെ കീഴടക്കി നബി(സ്വ) ജേതാവായി ചരിത്രം രചിക്കുകയുംചെയ്തു.

إِنَّ ٱلَّذِي فَرَضَ عَلَيۡكَ ٱلۡقُرۡءَانَ لَرَآدُّكَ إِلَىٰ مَعَادٖۚ قُل رَّبِّيٓ أَعۡلَمُ مَن جَآءَ بِٱلۡهُدَىٰ وَمَنۡ هُوَ فِي ضَلَٰلٖ مُّبِينٖ ۝٨٥
86–87

ഈ ഖുര്‍ആന്‍ നല്‍കപ്പെടുമെന്ന് താങ്കള്‍ ആഗ്രഹിച്ചിട്ടില്ലായിരുന്നു; എന്നാല്‍ താങ്കളുടെ നാഥങ്കല്‍ നിന്നുള്ള കാരുണ്യമായിട്ടാണിത് കിട്ടിയത്. അതുകൊണ്ട് ഒരിക്കലും താങ്കള്‍ സത്യനിഷേധികള്‍ക്ക് സഹായിയാകരുത്48
അല്ലാഹുവിന്റെ സൂക്തങ്ങള്‍ അവതീര്‍ണമായതിന് ശേഷം അതില്‍ നിന്ന് നിഷേധികള്‍ അങ്ങയെ പ്രതിരോധിക്കാതിരിക്കട്ടെ. നാഥന്റെ പന്ഥാവിലേക്ക് താങ്കള്‍ മാനുഷ്യകത്തെ ക്ഷണിക്കുക; ബഹുദൈവ വിശ്വാസികളിലുള്‍പെട്ടുപോകരുത്.49

2 വിശദീകരണങ്ങൾ കാണുക

48. താന്‍ നബിയോ റസൂലോ ആകുമെന്ന പ്രതീക്ഷയോ ആകണമെന്ന അഭിലാഷമോ തിരുമേനിക്ക് ഇല്ലായിരുന്നു. അങ്ങനെയുള്ള പശ്ചാത്തലത്തില്‍ നബി(സ്വ) വളര്‍ന്നിട്ടുമുണ്ടായിരുന്നില്ലല്ലോ. എന്നാല്‍ തന്റെയനുഗ്രഹം അവിടത്തേക്കും മാനുഷ്യകത്തിന്നൊന്നടങ്കമായും കരുണാമയനായ അല്ലാഹു വര്‍ഷിക്കുകയായിരുന്നു. സത്യനിഷേധികളാകട്ടെ, ഖുര്‍ആന്റെയും നബിയുടെയും ബദ്ധവൈരികളാണ്. അതുകൊണ്ട് യാതൊരു കാരണവശാലും അവര്‍ക്ക് സഹായിയായിത്തീരരുതെന്ന് അവിടത്തോട് അനുശാസിക്കയാണ്.

49. ശത്രുക്കളുമായി ചങ്ങാത്തമാവുകയോ സത്യനിഷേധത്തില്‍ സംതൃപ്തിയടയുകയോ ചെയ്യുന്നത് അതീവഗുരുതരമായ പാതകമാണെന്നുണര്‍ത്തുകയാണ്. അന്തസ്സാര്‍ന്ന അസ്തിത്വത്തിനും ഭൗതിക-പാരത്രിക പുരോഗതികള്‍ക്കും ഈ ദിവ്യഗ്രന്ഥവും നബി തിരുമേനി(സ്വ)യും തന്നെ ധാരാളമാണല്ലോ.

وَمَا كُنتَ تَرۡجُوٓاْ أَن يُلۡقَىٰٓ إِلَيۡكَ ٱلۡكِتَٰبُ إِلَّا رَحۡمَةٗ مِّن رَّبِّكَۖ فَلَا تَكُونَنَّ ظَهِيرٗا لِّلۡكَٰفِرِينَ ۝٨٦
وَلَا يَصُدُّنَّكَ عَنۡ ءَايَٰتِ ٱللَّهِ بَعۡدَ إِذۡ أُنزِلَتۡ إِلَيۡكَۖ وَٱدۡعُ إِلَىٰ رَبِّكَۖ وَلَا تَكُونَنَّ مِنَ ٱلۡمُشۡرِكِينَ ۝٨٧
88

അല്ലാഹുവൊന്നിച്ച് മറ്റൊരു ദൈവത്തെയും നിങ്ങള്‍ ആരാധിക്കരുത്; അവനല്ലാതെ മറ്റൊരു ദൈവവും ഇല്ല. അവന്റെ തിരുസത്തയൊഴിച്ചുള്ളതൊക്കെയും നശിച്ചുപോകും. വിധികര്‍തൃത്വം അവന്നവകാശപ്പെട്ടതാണ്. അവങ്കലേക്കുതന്നെയാണ് നിങ്ങള്‍ മടക്കപ്പെടുക.50

1 വിശദീകരണം കാണുക

50. ഭൂതലത്തിലെ മനുഷ്യരില്‍ ഭൂരിഭാഗവും അനുവര്‍ത്തിക്കുന്ന ഗുരുതര പാതകമാണ് ശിര്‍ക്ക് അഥവാ ബഹുദൈവ വിശ്വാസം. അതൊരിക്കലും പാടില്ലെന്നും സര്‍വശക്തനും ശാശ്വതനും അന്തിമ വിധിദിനത്തിന്റെ അധിപനുമായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നുമുള്ള സമൂര്‍ത്ത സത്യം പ്രതിപാദിച്ചു കൊണ്ടാണ് ഈ അധ്യായം അവസാനിക്കുന്നത്.

وَلَا تَدۡعُ مَعَ ٱللَّهِ إِلَٰهًا ءَاخَرَۘ لَآ إِلَٰهَ إِلَّا هُوَۚ كُلُّ شَيۡءٍ هَالِكٌ إِلَّا وَجۡهَهُۥۚ لَهُ ٱلۡحُكۡمُ وَإِلَيۡهِ تُرۡجَعُونَ ۝٨٨