Sunday, 11 October 2026 Hijri: — 11:47:56 am
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അൽ അൻകബൂത് العنكبوت Al-Ankabut

Surah 29 മക്കിയ്യ • مكية • Makkiyah 69 ആയത്തുകൾ • 69 Ayahs

സൂറത്ത് അൽ അൻകബൂത് (Al-Ankabut), ഖുർആൻ അധ്യായം 29 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 69 ആയത്തുകൾ വായിക്കുക. Read Surah Al-Ankabut with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–4

അലിഫ് ലാം മീം. ഞങ്ങള്‍ സത്യവിശ്വാസികളായിരിക്കുന്നു എന്ന കേവല പ്രസ്താവം കൊണ്ട്, പരീക്ഷണ വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് ആളുകള്‍ ധരിച്ചുവെച്ചിരിക്കകുകയാണോ! അവരുടെ പൂര്‍വികരെ നാം പരീക്ഷിച്ചു- അങ്ങനെ, സത്യനിഷ്ഠ പുലര്‍ത്തിയവരെയും വ്യാജന്മാരെയും അല്ലാഹു കണ്ടറിയുക തന്നെ ചെയ്യും. അതല്ല, നമ്മെ മറികടന്നു കളയാമെന്ന് അധര്‍മകാരികള്‍ വിചാരിക്കുകയാണോ? അവരുടെ ആ വിധി എത്ര ഹീനം.1

1 വിശദീകരണം കാണുക

1. സത്യവിശ്വാസം കൈക്കൊണ്ടതിന്റെ പേരില്‍ നബിയുടെ കാലത്ത് ചില മുസ്‌ലിംകള്‍ ശത്രുക്കളുടെ ഗുരുതരപീഡനങ്ങള്‍ക്ക് വിധേയരായി. അക്ഷന്തവ്യവും അസ്വസ്ഥ ജനകവുമായിരുന്ന ആ ദുരവസ്ഥയില്‍ സാന്ത്വനമായി അവതരിച്ചതാണീ സൂക്തങ്ങള്‍. അക്രമികളും അധര്‍മകാരികളും അല്ലാഹുവിനെ വെട്ടിച്ച് കടന്നുകളയാമെന്ന് വിചാരിക്കരുതെന്ന് താക്കീത് ചെയ്യുകയാണ്.

الٓمٓ ۝١
أَحَسِبَ ٱلنَّاسُ أَن يُتۡرَكُوٓاْ أَن يَقُولُوٓاْ ءَامَنَّا وَهُمۡ لَا يُفۡتَنُونَ ۝٢
وَلَقَدۡ فَتَنَّا ٱلَّذِينَ مِن قَبۡلِهِمۡۖ فَلَيَعۡلَمَنَّ ٱللَّهُ ٱلَّذِينَ صَدَقُواْ وَلَيَعۡلَمَنَّ ٱلۡكَٰذِبِينَ ۝٣
أَمۡ حَسِبَ ٱلَّذِينَ يَعۡمَلُونَ ٱلسَّيِّـَٔاتِ أَن يَسۡبِقُونَاۚ سَآءَ مَا يَحۡكُمُونَ ۝٤
5–7

അല്ലാഹുവിനെ കണ്ട് പാരത്രിക പ്രതിഫലം നേടണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍, അല്ലാഹുവിന്റെ നിര്‍ണിതാവധി സമാഗതമാകുക തന്നെ ചെയ്യും. എല്ലാം നന്നായി കേള്‍ക്കുകയും കാണുകകയും ചെയ്യുന്നവനത്രേ അവന്‍. ദൈവമാര്‍ഗത്തില്‍ ഒരാള്‍ സമരമനുഷ്ഠിക്കുന്നുവെങ്കില്‍ സ്വനന്മക്കുവേണ്ടി തന്നെയാണ് അവനത് ചെയ്യുന്നത്. നിശ്ചയം സൃഷ്ടികളില്‍ നിന്നൊക്കെ പര്യാപ്തനത്രേ അല്ലാഹു. സത്യവിശ്വാസം കൈവരിക്കുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവരാരോ, അവരുടെ പാപങ്ങള്‍ നാം പൊറുക്കുക തന്നെ ചെയ്യുന്നതും ഉദാത്ത കര്‍മങ്ങള്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും അവര്‍ക്ക് നല്‍കുന്നതുമാകുന്നു.2

1 വിശദീകരണം കാണുക

2. വിശ്വാസികള്‍ക്ക് വിജയവും സ്വര്‍ഗവും സുനിശ്ചിതമാണ്. ഖിയാമ നാള്‍ വരികയും മഹ്ശറിലെ വിചാരണ നടക്കുകയും ചെയ്താല്‍ ഉടനെയത് ലഭ്യമാകും. അതിനായി ദുന്‍യാവില്‍ ത്യാഗങ്ങളും കഷ്ടപ്പാടുകളും സഹിച്ചേ മതിയാകൂ.

مَن كَانَ يَرۡجُواْ لِقَآءَ ٱللَّهِ فَإِنَّ أَجَلَ ٱللَّهِ لَأٓتٖۚ وَهُوَ ٱلسَّمِيعُ ٱلۡعَلِيمُ ۝٥
وَمَن جَٰهَدَ فَإِنَّمَا يُجَٰهِدُ لِنَفۡسِهِۦٓۚ إِنَّ ٱللَّهَ لَغَنِيٌّ عَنِ ٱلۡعَٰلَمِينَ ۝٦
وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ لَنُكَفِّرَنَّ عَنۡهُمۡ سَيِّـَٔاتِهِمۡ وَلَنَجۡزِيَنَّهُمۡ أَحۡسَنَ ٱلَّذِي كَانُواْ يَعۡمَلُونَ ۝٧
8–9

മാതാപിതാക്കളോട് ഉത്തമ സമീപനം വെച്ചുപുലര്‍ത്തണമെന്ന് മനുഷ്യരോട് നാം കല്‍പിച്ചിരിക്കുന്നു. എന്നാല്‍ നിനക്കറിയാത്ത എന്തിനെയെങ്കിലും എന്നോട് പങ്കുചേര്‍ക്കണമെന്ന് നിന്നെയവര്‍ നിര്‍ബന്ധിക്കുന്നുവെങ്കില്‍ തത്സമയം അവരോട് അനുസരണമരുത്3
എന്റെയടുത്തേക്കാണ് നിങ്ങളുടെ മടക്കം. നിങ്ങളുടെ ചെയ്തികളെക്കുറിച്ച് അപ്പോള്‍ നിങ്ങള്‍ക്കു ഞാന്‍ വിവരിച്ചു തരുന്നതാണ്. സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവരാരോ, സദ്‌വൃത്തരുടെ ഗണത്തില്‍ അവരെ നാം പ്രവേശിപ്പിക്കുന്നതാകുന്നു.

1 വിശദീകരണം കാണുക

3. 'നിനക്കറിയാത്തതിനെ അല്ലാഹുവുമായി പങ്കുചേര്‍ക്കുക' എന്നത് വളരെ ശ്രദ്ധേയമായൊരു പ്രയോഗമാണ്. അവന്ന് ഏതെങ്കിലും നിലക്കുള്ള ഒരു പങ്കാളിയുണ്ടെന്ന് മനുഷ്യരില്‍ ഒരാള്‍ക്കും കണ്ടുപിടിക്കാനോ മനസ്സിലാക്കാനോ കഴിയില്ല, അങ്ങനെയൊന്ന് ഒട്ടുമേ ഇല്ല എന്നാണ് വ്യംഗ്യഭാഷ്യം. അല്ലാഹുവിന്ന് പങ്കുകാരുണ്ടെന്ന മുശ്‌രിക്കുകളുടെ വിതണ്ഡവാദത്തിന്ന് ബഹുമുഖ ശൈലികളില്‍ ഖുര്‍ആന്‍ മറുപടി നല്‍കിക്കഴിഞ്ഞിട്ടുണ്ട്.
ഹ. സഅ്ദുബ്‌നുഅബീവഖ്ഖാസ്വ്(റ) എന്ന സ്വഹാബി ഇസ്‌ലാം സ്വീകരിച്ചത് മാതാവിനെ ശുണ്ഠി പിടിപ്പിച്ചു. പുതിയ മതം വലിച്ചെറിയുന്നില്ലെങ്കില്‍ ഞാന്‍ മരണം വരെ നിരാഹാരം കിടക്കുമെന്ന് അവര്‍ മകന്ന് അന്ത്യശാസനം നല്‍കി. ഇരുപത്തിനാല് മണിക്കൂര്‍ പിന്നിട്ടു; മാതാവ് പട്ടിണിയില്‍ തന്നെ. പരമാവധി മാതൃവന്ദനം നടത്തിയിരുന്ന അദ്ദേഹം എല്ലാ വിധ ശ്രമങ്ങളും നടത്തി അനുനയിപ്പിക്കാന്‍ കഠിനശ്രമം നടത്തി. വീണ്ടും ഒരുദിനം ഉദിച്ചസ്തമിച്ചു. ഒടുവില്‍ സഅ്ദ്(റ) അറുത്തുമുറിച്ച് പറഞ്ഞു: 'ഉമ്മാ, നിങ്ങള്‍ക്ക് നൂറ് ആത്മാവുണ്ടാവുകയും ഓരോന്നോരോന്നായി അവ വേര്‍പ്പെട്ടുകൊണ്ടിരിക്കുകയും ചെയ്താലും ഞാന്‍ ഈ മതം ഉപേക്ഷിക്കുന്ന പ്രശ്‌നമില്ല!' മകന്റെ നിശ്ചയദാര്‍ഢ്യത്തില്‍ ഭഗ്നാശയായ അവര്‍ നിരാഹാരമവസാനിപ്പിച്ചു- ഈ പശ്ചാത്തലത്തിലായിരുന്നു സൂക്താവതരണം (മുസ്‌ലിം).

وَوَصَّيۡنَا ٱلۡإِنسَٰنَ بِوَٰلِدَيۡهِ حُسۡنٗاۖ وَإِن جَٰهَدَاكَ لِتُشۡرِكَ بِي مَا لَيۡسَ لَكَ بِهِۦ عِلۡمٞ فَلَا تُطِعۡهُمَآۚ إِلَيَّ مَرۡجِعُكُمۡ فَأُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَ ۝٨
وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ لَنُدۡخِلَنَّهُمۡ فِي ٱلصَّٰلِحِينَ ۝٩
10–11

ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു എന്ന് അവകാശവാദം ഉന്നയിക്കുന്ന ചില മനുഷ്യരുണ്ട്; എന്നാല്‍, ദൈവമാര്‍ഗത്തില്‍ പീഡനങ്ങള്‍ ഏല്‍ക്കേണ്ടതായി വന്നാല്‍ ആളുകളില്‍ നിന്നുണ്ടാകുന്ന മര്‍ദ്ദനം അല്ലാഹുവിന്റെ ശിക്ഷപോലെയാണവര്‍ കണക്കാക്കുക. ഇനി, താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള എന്തെങ്കിലും സഹായം ലഭ്യമാകുമ്പോള്‍ വിശ്വാസികളോടവര്‍ പറയും: 'നിശ്ചയം, നിങ്ങളൊന്നിച്ചു തന്നെയായിരുന്നു ഞങ്ങള്‍!' ജനമനസ്സുകളിലുള്ളവ സംബന്ധിച്ച് നന്നായി കണ്ടറിയുന്നവന്‍ തന്നെയല്ലേ അല്ലാഹു? യഥാര്‍ത്ഥ വിശ്വാസികളാരാണെന്നും കാപട്യം വെച്ചുപുലര്‍ത്തുന്നവരാരാണെന്നും അവന്‍ വേര്‍തിരിച്ചറിയുക തന്നെ ചെയ്യുന്നതാണ്.4

1 വിശദീകരണം കാണുക

4. കപട വിശ്വാസികളാണ് പ്രതിപാദ്യം. നബിയൊന്നിച്ചും മസ്ജിദിലും മുസ്‌ലിം സംഗമങ്ങളിലും യുദ്ധയാത്രകളിലുമൊക്കെ അവരുണ്ടാകും; ഭൗതിക താല്‍പര്യ സംരക്ഷണമാണ് ലക്ഷ്യം. എന്നാല്‍ ദീനിന്റെയോ വിശ്വാസത്തിന്റെയോ പേരില്‍ എന്തെങ്കിലും പ്രയാസങ്ങളനുഭവിക്കേണ്ടി വരുമ്പോള്‍ അസഹനീയത കാട്ടി കൂറുമാറും; വിശ്വാസം തന്നെ വലിച്ചെറിയും (4:137, 3:72, 3:190 മുതലായവ നോക്കുക).

وَمِنَ ٱلنَّاسِ مَن يَقُولُ ءَامَنَّا بِٱللَّهِ فَإِذَآ أُوذِيَ فِي ٱللَّهِ جَعَلَ فِتۡنَةَ ٱلنَّاسِ كَعَذَابِ ٱللَّهِۖ وَلَئِن جَآءَ نَصۡرٞ مِّن رَّبِّكَ لَيَقُولُنَّ إِنَّا كُنَّا مَعَكُمۡۚ أَوَلَيۡسَ ٱللَّهُ بِأَعۡلَمَ بِمَا فِي صُدُورِ ٱلۡعَٰلَمِينَ ۝١٠
وَلَيَعۡلَمَنَّ ٱللَّهُ ٱلَّذِينَ ءَامَنُواْ وَلَيَعۡلَمَنَّ ٱلۡمُنَٰفِقِينَ ۝١١
12–13

നിഷേധികള്‍ വിശ്വാസികളോട് പറഞ്ഞു: 'ഞങ്ങളുടെ മതം അനുധാവനം ചെയ്യൂ, എങ്കില്‍ നിങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ ഏറ്റെടുക്കാം.' എന്നാല്‍ അവരുടെ പാപങ്ങളില്‍ നിന്ന് ഇവര്‍ ഏറ്റെടുക്കില്ല; നുണ പറയുന്നവര്‍ തന്നെയത്രേ അവര്‍. തങ്ങളുടെ പാപഭാരങ്ങളും സ്വന്തത്തിന്റേതൊന്നിച്ച് മറ്റു പാപഭാരങ്ങളും അവര്‍ വഹിക്കേണ്ടതായി വരും, തീര്‍ച്ച. സ്വന്തമായി കെട്ടിച്ചമച്ചുകൊണ്ടിരുന്ന കൃത്രിമകാര്യങ്ങളെപ്പറ്റി പുനരുത്ഥാനനാളില്‍ അവര്‍ ചോദ്യം ചെയ്യപ്പെടുന്നതാകുന്നു.5

1 വിശദീകരണം കാണുക

5. നിഷേധികള്‍ക്ക് എന്തും തട്ടിവിടാമല്ലോ. സ്വന്തം ദുര്‍മാര്‍ഗ പ്രവര്‍ത്തനങ്ങളുടെ മാത്രമല്ല, അനേകം അനുയായികളുടെ ശിക്ഷാഭാരങ്ങളും നേതാക്കല്‍ക്കുണ്ടാകും. ഒരാളുടെ ശിക്ഷ മറ്റൊരാള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ല (35:18, 6:164). ഒരാള്‍ ദുര്‍മാര്‍ഗത്തിലേക്ക് മറ്റുള്ളവരെ ക്ഷണിച്ചാല്‍ ഖിയാമനാള്‍ വരെയുള്ള അനുയായീവൃന്ദത്തിന്റെ മുഴുവന്‍ ശിക്ഷയും -അവരുടേതിന്ന് ഒരു കുറവുമില്ലാതെ- നേതാവിന്നുണ്ടാകുമെന്ന് തിരുനബി(സ്വ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് (മുസ്‌ലിം).

وَقَالَ ٱلَّذِينَ كَفَرُواْ لِلَّذِينَ ءَامَنُواْ ٱتَّبِعُواْ سَبِيلَنَا وَلۡنَحۡمِلۡ خَطَٰيَٰكُمۡ وَمَا هُم بِحَٰمِلِينَ مِنۡ خَطَٰيَٰهُم مِّن شَيۡءٍۖ إِنَّهُمۡ لَكَٰذِبُونَ ۝١٢
وَلَيَحۡمِلُنَّ أَثۡقَالَهُمۡ وَأَثۡقَالٗا مَّعَ أَثۡقَالِهِمۡۖ وَلَيُسۡـَٔلُنَّ يَوۡمَ ٱلۡقِيَٰمَةِ عَمَّا كَانُواْ يَفۡتَرُونَ ۝١٣
14–15

സ്വന്തം ജനതയിലേക്ക് നൂഹ് നബിയെ നാം നിയോഗിക്കുകയും തൊള്ളായിരത്തി അമ്പത് വര്‍ഷം അവര്‍ക്കിടയിലദ്ദേഹം കഴിച്ചുകൂട്ടുകയുമുണ്ടായി. അങ്ങനെ, അതിക്രമകാരികളായിരിക്കെ മഹാപ്രളയം അവരെ പിടികൂടി. അപ്പോള്‍ അദ്ദേഹത്തെയും പെട്ടകത്തിലുണ്ടായിരുന്നവരെയും നാം രക്ഷപ്പെടുത്തുകയും ആ സംഭവം ലോകര്‍ക്ക് ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്തു6

1 വിശദീകരണം കാണുക

6. നൂഹ് നബി(അ)യുടെയും ജനതയുടെയും കഥ പലേടത്തായി ഖുര്‍ആന്‍ വിസ്തരിച്ച് പറഞ്ഞിട്ടുണ്ട്. സൂറത്തുഹൂദ് 25-48, യൂനുസ് 71-74, ശുഅറാഅ് 105-121 മുതലായവ നോക്കുക.

وَلَقَدۡ أَرۡسَلۡنَا نُوحًا إِلَىٰ قَوۡمِهِۦ فَلَبِثَ فِيهِمۡ أَلۡفَ سَنَةٍ إِلَّا خَمۡسِينَ عَامٗا فَأَخَذَهُمُ ٱلطُّوفَانُ وَهُمۡ ظَٰلِمُونَ ۝١٤
فَأَنجَيۡنَٰهُ وَأَصۡحَٰبَ ٱلسَّفِينَةِ وَجَعَلۡنَٰهَآ ءَايَةٗ لِّلۡعَٰلَمِينَ ۝١٥
16–18

ഇബ്‌റാഹീം നബിയെയും നാം ദൂതനാക്കി. താന്‍ സ്വജനതയെ ഇങ്ങനെ ഉദ്‌ബോധിച്ച സന്ദര്‍ഭം സ്മരണീയമത്രേ: നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുകയും സൂക്ഷിക്കുകയും ചെയ്യുക. ബോധമുള്ളവരാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉദാത്തമായിട്ടുള്ളത്. അവനെ വിട്ട് നിങ്ങള്‍ ചില ബിംബങ്ങളെ ആരാധിക്കുകയും വ്യാജം കെട്ടിച്ചമക്കുകയുമാണ്. അവനെ വിട്ട് ആരെയാണോ നിങ്ങള്‍ ആരാധിക്കുന്നത്, അവ നിങ്ങളുടെ ജീവനോപാധി സ്വായത്തമാക്കുന്നില്ല; അതുകൊണ്ട് അവങ്കല്‍ നിങ്ങള്‍ ഉപജീവനമാര്‍ഗം അന്വേഷിക്കുകയും അവനെ ആരാധിക്കുകയും അവനു നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുക. നിങ്ങള്‍ മടക്കപ്പെടുക അവങ്കലേക്കാകുന്നു.7
ഇനി എന്നെ നിങ്ങള്‍ വ്യാജനാക്കുന്നുവെങ്കിലോ, നിങ്ങള്‍ക്ക് മുമ്പുള്ള വിവിധ ജനപഥങ്ങള്‍ ദൂതരെ തള്ളിക്കളഞ്ഞിട്ടുണ്ട്. റസൂലിന്റെ ബാധ്യത സ്പഷ്ടമായ പ്രബോധനം മാത്രമാണ്.

1 വിശദീകരണം കാണുക

7. നാല് അടിസ്ഥാന കാര്യങ്ങളാണ് ഇബ്‌റാഹീം നബി(അ) സ്വജനതയെ ബോധ്യപ്പെടുത്തുന്നത്. ഒന്ന് തൗഹീദും അല്ലാഹുവിന്റെ ശിക്ഷയും. രണ്ട് വിവേകവും ബുദ്ധിയുമുണ്ടെങ്കില്‍ എന്റെ ആദര്‍ശമാണ് ഉദാത്തമെന്ന് നിങ്ങള്‍ക്ക് ഗ്രഹിക്കാം. മൂന്ന് നിങ്ങളുടെ ബഹുദൈവ വിശ്വാസം ബുദ്ധിശൂന്യമാണ്. നാല് അന്നദാതാവും അനുഗ്രഹങ്ങള്‍ കനിഞ്ഞേകുന്നവനും അല്ലാഹു മാത്രമാകയാല്‍ അവനെയല്ലാതെ ആരാധിക്കാവതല്ല. ഏത് നിഷ്പക്ഷ ബുദ്ധിയും സമ്മതിക്കുന്നതാണല്ലോ ഇവയത്രയും.

وَإِبۡرَٰهِيمَ إِذۡ قَالَ لِقَوۡمِهِ ٱعۡبُدُواْ ٱللَّهَ وَٱتَّقُوهُۖ ذَٰلِكُمۡ خَيۡرٞ لَّكُمۡ إِن كُنتُمۡ تَعۡلَمُونَ ۝١٦
إِنَّمَا تَعۡبُدُونَ مِن دُونِ ٱللَّهِ أَوۡثَٰنٗا وَتَخۡلُقُونَ إِفۡكًاۚ إِنَّ ٱلَّذِينَ تَعۡبُدُونَ مِن دُونِ ٱللَّهِ لَا يَمۡلِكُونَ لَكُمۡ رِزۡقٗا فَٱبۡتَغُواْ عِندَ ٱللَّهِ ٱلرِّزۡقَ وَٱعۡبُدُوهُ وَٱشۡكُرُواْ لَهُۥٓۖ إِلَيۡهِ تُرۡجَعُونَ ۝١٧
وَإِن تُكَذِّبُواْ فَقَدۡ كَذَّبَ أُمَمٞ مِّن قَبۡلِكُمۡۖ وَمَا عَلَى ٱلرَّسُولِ إِلَّا ٱلۡبَلَٰغُ ٱلۡمُبِينُ ۝١٨
19–23

അല്ലാഹു സൃഷ്ടി കര്‍മം എങ്ങനെ ആരംഭിക്കുകയും പിന്നീട് എങ്ങനെ ആവര്‍ത്തിക്കുകയും ചെയ്യുന്നു എന്ന് അവര്‍ ആലോചിക്കുന്നില്ലേ? നിശ്ചയം അല്ലാഹുവിന്നത് സുഗമമത്രേ. നബീ, പ്രഖ്യാപിക്കുക: ഭൂമിയില്‍ സഞ്ചരിച്ച് അവന്‍ സൃഷ്ടികര്‍മത്തിന് എങ്ങനെ തുടക്കം കുറിച്ചു എന്ന് ചിന്തിച്ചു നോക്കൂ.ഇനി മറ്റൊരു സൃഷ്ടികര്‍മം കൂടി അവന്‍ നിര്‍വഹിക്കുന്നതാണ്. അവന്‍ സര്‍വകാര്യത്തിനും കഴിവുറ്റവന്‍ തന്നെ, തീര്‍ച്ച8
താനുദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ഉദ്ദേശിക്കുന്നവര്‍ക്ക് കരുണ വര്‍ഷിക്കുകയും ചെയ്യുന്നു. നിങ്ങള്‍ തിരിച്ചയക്കപ്പെടുക അവങ്കലേക്ക് തന്നെ. ഭൂമിയിലോ ആകാശത്തോ അവനെ ദുര്‍ബലനാക്കാന്‍ നിങ്ങള്‍ക്കാവില്ല. അവനല്ലാതെ ഒരു സംരക്ഷകനോ സഹായിയോ നിങ്ങള്‍ക്കില്ല. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെയും അവനെ കാണുമെന്നതും നിഷേധിച്ചവര്‍ ആരോ, എന്റെ അനുഗ്രഹത്തില്‍ നിന്നവര്‍ ആശമുറിഞ്ഞവരത്രേ. അവര്‍ക്ക് തന്നെയാണ് വേദനയുറ്റ ശിക്ഷയുള്ളത്9

2 വിശദീകരണങ്ങൾ കാണുക

8. പ്രപഞ്ചവും അതിലുള്ള സകലതും സൃഷ്ടിച്ചത് അല്ലാഹു തന്നെയാണെന്ന് മക്കയിലെ ബഹുദൈവ വിശ്വാസികള്‍ സമ്മതിച്ചിരുന്നു (31:25, 39:38, 43:9). ഒരിക്കല്‍ സൃഷ്ടികര്‍മം നടത്തിയവന് അതാവര്‍ത്തിക്കുക എന്നത് സുഗമമാണെന്ന് ഏത് മനുഷ്യനും സമ്മതിക്കും. അതാണിവിടെ വിവക്ഷ. ഭൂമിയില്‍ സഞ്ചരിക്കുകയും വിവിധ പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ വിലയിരുത്തുകയും ചെയ്യുമ്പോള്‍ അത് ബോധ്യമാകും. അതാണ് ആധുനികശാസ്ത്രം ദൈവബോധത്തെ പിന്തുണക്കുന്നത്.

9. അല്ലാഹുവിന്റെ അധ്യാപനങ്ങള്‍ ദൈവദൂതന്മാര്‍ പഠിപ്പിക്കുമ്പോള്‍ അതംഗീകരിക്കുകയാണ് ബുദ്ധിജീവിയായ മനുഷ്യന്‍ ചെയ്യേണ്ടത്. പ്രത്യുത, അവനെ മറികടക്കാനും പരാജയപ്പെടുത്താനും മനുഷ്യന് കഴിയില്ല. ആധുനിക മനുഷ്യനും അധുനാതന സംഭവങ്ങളുമൊക്കെ അത് ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുന്നുണ്ട്.

أَوَلَمۡ يَرَوۡاْ كَيۡفَ يُبۡدِئُ ٱللَّهُ ٱلۡخَلۡقَ ثُمَّ يُعِيدُهُۥٓۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ ۝١٩
قُلۡ سِيرُواْ فِي ٱلۡأَرۡضِ فَٱنظُرُواْ كَيۡفَ بَدَأَ ٱلۡخَلۡقَۚ ثُمَّ ٱللَّهُ يُنشِئُ ٱلنَّشۡأَةَ ٱلۡأٓخِرَةَۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ۝٢٠
يُعَذِّبُ مَن يَشَآءُ وَيَرۡحَمُ مَن يَشَآءُۖ وَإِلَيۡهِ تُقۡلَبُونَ ۝٢١
وَمَآ أَنتُم بِمُعۡجِزِينَ فِي ٱلۡأَرۡضِ وَلَا فِي ٱلسَّمَآءِۖ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِيّٖ وَلَا نَصِيرٖ ۝٢٢
وَٱلَّذِينَ كَفَرُواْ بِـَٔايَٰتِ ٱللَّهِ وَلِقَآئِهِۦٓ أُوْلَٰٓئِكَ يَئِسُواْ مِن رَّحۡمَتِي وَأُوْلَٰٓئِكَ لَهُمۡ عَذَابٌ أَلِيمٞ ۝٢٣
24–27

ഇവനെ വധിക്കുകയോ ചുട്ടെരിക്കുകയോ ചെയ്യുക എന്ന് മാത്രമായിരുന്നു ഇബ്‌റാഹീം നബിയുടെ ജനത്തിന്റെ പ്രതികരണം. എന്നാല്‍ അല്ലാഹു തീയില്‍ നിന്ന് അദ്ദേഹത്തിനു സുരക്ഷയേകി. സത്യവിശ്വാസം കൈക്കൊള്ളുന്നവര്‍ക്ക് തീര്‍ച്ചയായും ഇതില്‍ ദൃഷ്ടാന്തങ്ങളുണ്ട്10
ഇബ്‌റാഹീം നബി അവരോട് പറഞ്ഞു: അല്ലാഹുവിനെ കൂടാതെ ബിംബങ്ങളെ നിങ്ങള്‍ വരിച്ചിട്ടുള്ളത് ഭൗതിക ലോകത്തെ പരസ്പര സ്‌നേഹബന്ധത്തിന്റെയടിസ്ഥാനത്തിലത്രേ. ഇനി, പുനരുത്ഥാനനാളില്‍ നിങ്ങളില്‍ ചിലര്‍ മറ്റു ചിലരെ തള്ളിപ്പറയുന്നതും ശപിക്കുന്നതുമാണ്. നിങ്ങളുടെ അഭയകേന്ദ്രം നരകമായിരിക്കും; ഒരുവിധ സഹായികളും നിങ്ങള്‍ക്കുണ്ടാവില്ല. അങ്ങനെ, ലൂഥ് അദ്ദേഹത്തില്‍ വിശ്വസിച്ചു. ഇബ്‌റാഹീം നബി പ്രഖ്യാപിച്ചു: എല്ലാം വെടിഞ്ഞ് ഞാന്‍ എന്റെ നാഥങ്കലേക്ക് പോവുകയാകുന്നു; അവന്‍ പ്രതാപശാലിയും യുക്തിമാനും തന്നെയത്രേ. അദ്ദേഹത്തിനു ഇസ്ഹാഖിനെയും യഅ്ഖൂബിനെയും നാം കനിഞ്ഞേകുകയും തന്റെ സന്തതീ പരമ്പരയില്‍ പ്രവാചകത്വവും ദിവ്യഗ്രന്ഥവും നല്‍കുകയുമുണ്ടായി11
ഐഹികലോകത്ത് തനിക്ക് നാം പ്രതിഫലം നല്‍കി; പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ ഗണത്തിലായിരിക്കുക തന്നെ ചെയ്യുന്നതുമാണ്.12

3 വിശദീകരണങ്ങൾ കാണുക

10. ഇബ്‌റാഹീം നബി(അ)യുടെ ചിന്തോദ്ദീപകമായ ഉദ്‌ബോധനങ്ങള്‍ക്ക് യാതൊരു മറുപടിയും ഒരാളും പറഞ്ഞില്ല. പകരം രോഷാകുലരായി കുറേയാളുകള്‍ 'ഇവനെ കൊല്ലുക' എന്നാര്‍ത്തുവിളിച്ചു. കേവല വധമല്ല, ചുട്ടുകരിച്ചു കൊല്ലുകയാണ് വേണ്ടതെന്ന് ചില തീവ്രവാദികള്‍! ഏതായാലും സര്‍വശക്തനായ അല്ലാഹു അഗ്നികുണ്ഡത്തില്‍ നിന്ന് അത്യദ്ഭുതകരമാം വിധം നബിയെ രക്ഷിച്ചു (ഖുര്‍ആന്‍ 21:70, 37:98 നോക്കുക).

11. ഇബ്‌റാഹീം നബിയുടെ സഹോദരീപുത്രനായ ലൂഥ് നബി(അ) വിശ്വാസം പുല്‍കി. നാടുവിടാന്‍ തീരുമാനിച്ച അദ്ദേഹം സഹധര്‍മിണി സാറാ ബീവിയെയും ലൂഥ് നബിയെയും കൂട്ടി ഇറാഖില്‍ നിന്ന് ഫലസ്ഥീനിലേക്ക് തിരിച്ചു. വന്ധ്യയും വയോവൃദ്ധയുമായിരുന്ന സാറാ ബീവി അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമായി ഇസ്ഹാഖ് നബിയെ പ്രസവിച്ചു. അദ്ദേഹത്തിന്റെ മകനാണ് യഅ്ഖൂബ് അഥവാ ഇസ്‌റാഈല്‍. തന്റെ പൗത്രരായിരുന്നു ഇസ്‌റയേല്യരിലേക്ക് നിയുക്തരായ മുഴുവന്‍ പ്രവാചകന്മാരും.

12. ഒരു സാമ്രാജ്യത്തിനെതിരെ ഏകനും അചഞ്ചലനുമായി നിലകൊണ്ട ഇബ്‌റാഹീം നബി(അ) യഥാര്‍ത്ഥത്തില്‍ വ്യക്തിയല്ല, സമുദായസമാനനായിരുന്നു (അന്നഹ്‌ല് 120). 'അദ്ദേഹമര്‍ഹിക്കുന്ന പ്രതിഫലം ഇഹലോകത്ത് നാം നല്‍കി' എന്നാണ് സൂക്തം 27-ലെ പ്രയോഗം. ലോകത്തെ മഹാ ഭൂരിഭാഗം ജനങ്ങളും -മുസ്‌ലിംകളും ക്രിസ്ത്യാനികളും ജൂതരും- ആ മഹാനെ സാദരം അനുസ്മരിക്കുന്നു. മുസ്‌ലിംകള്‍ മാത്രം പരകോടി തവണ ദൈനംദിനം ഇബ്‌റാഹീം നബിയെ പ്രകീര്‍ത്തിക്കുന്നുണ്ടല്ലോ. തനിക്കു ശേഷം നിയുക്തരായ മുഴുവന്‍ പ്രവാചകരും തന്റെ പൗത്രരായിരുന്നു. വേദഗ്രന്ഥങ്ങള്‍ നല്‍കപ്പെട്ടതും അവര്‍ക്കു തന്നെ.

فَمَا كَانَ جَوَابَ قَوۡمِهِۦٓ إِلَّآ أَن قَالُواْ ٱقۡتُلُوهُ أَوۡ حَرِّقُوهُ فَأَنجَىٰهُ ٱللَّهُ مِنَ ٱلنَّارِۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يُؤۡمِنُونَ ۝٢٤
وَقَالَ إِنَّمَا ٱتَّخَذۡتُم مِّن دُونِ ٱللَّهِ أَوۡثَٰنٗا مَّوَدَّةَ بَيۡنِكُمۡ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۖ ثُمَّ يَوۡمَ ٱلۡقِيَٰمَةِ يَكۡفُرُ بَعۡضُكُم بِبَعۡضٖ وَيَلۡعَنُ بَعۡضُكُم بَعۡضٗا وَمَأۡوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّٰصِرِينَ ۝٢٥
۞ فَـَٔامَنَ لَهُۥ لُوطٞۘ وَقَالَ إِنِّي مُهَاجِرٌ إِلَىٰ رَبِّيٓۖ إِنَّهُۥ هُوَ ٱلۡعَزِيزُ ٱلۡحَكِيمُ ۝٢٦
وَوَهَبۡنَا لَهُۥٓ إِسۡحَٰقَ وَيَعۡقُوبَ وَجَعَلۡنَا فِي ذُرِّيَّتِهِ ٱلنُّبُوَّةَ وَٱلۡكِتَٰبَ وَءَاتَيۡنَٰهُ أَجۡرَهُۥ فِي ٱلدُّنۡيَاۖ وَإِنَّهُۥ فِي ٱلۡأٓخِرَةِ لَمِنَ ٱلصَّٰلِحِينَ ۝٢٧
28–32

ലൂഥ് നബിയെയും നാം റസൂലാക്കി. സ്വജനതയെ താന്‍ ഉദ്‌ബോധിപ്പിച്ച സന്ദര്‍ഭം സ്മരണീയമത്രേ. ലോകരില്‍ നിങ്ങള്‍ക്കു മുമ്പ് ഒരു വ്യക്തി പോലും അനുവര്‍ത്തിച്ചിട്ടില്ലാത്ത നീചകൃത്യം തന്നെയാണ് നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്- കാമപൂരണത്തിനായി ആണുങ്ങളെ സമീപിക്കുകയും യാത്രക്കാരെ കൊള്ളയടിക്കുകയും ജനസദസ്സുകളില്‍ വെച്ച് മ്ലേച്ഛവൃത്തി ചെയ്യുകയുമാണോ നിങ്ങള്‍?13
'നീ സത്യവാന്മാരുടെ ഗണത്തിലാണെങ്കില്‍ ഞങ്ങള്‍ക്ക് അല്ലാഹുവിന്റെ ശിക്ഷ കൊണ്ടുവാ' എന്ന് മാത്രമായിരുന്നു തന്റെ ജനത്തിന്റെ പ്രതികരണം. ലൂഥ് നബി പ്രാര്‍ത്ഥിച്ചു: എന്റെ നാഥാ, വിനാശകാരികളായ ഈ ജനത്തിനെതിരെ എന്നെ നീ സഹായിക്കേണമേ! അങ്ങനെ ഇബ്‌റാഹീം നബിയുടെയടുത്ത് നമ്മുടെ ദൂതന്മാര്‍ ശുഭവൃത്താന്തവുമായി ചെന്നപ്പോള്‍ 'ഞങ്ങള്‍ ഇന്നാട്ടുകാരെ സംഹരിക്കുകയാണ്; നിശ്ചയം, ഇവര്‍ അതിക്രമകാരികളായിരിക്കുന്നു' എന്ന് ദൂതന്മാര്‍ വ്യക്തമാക്കി14
ലൂഥ് അവിടെയുണ്ടല്ലോ എന്ന് ഇബ്‌റാഹീം നബി ഉണര്‍ത്തിയപ്പോള്‍ അവര്‍ പ്രതികരിച്ചു: അവിടെയുള്ളവരെ കുറിച്ച് ഞങ്ങള്‍ക്ക് നന്നായറിയാം. അദ്ദേഹത്തെയും കുടുംബത്തെയും-തന്റെ ഭാര്യയൊഴികെ; അവള്‍ ശിക്ഷിക്കപ്പെടുന്നവരിലാണ്- ഞങ്ങള്‍ രക്ഷപ്പെടുത്തുക തന്നെ ചെയ്യും, തീര്‍ച്ച.

2 വിശദീകരണങ്ങൾ കാണുക

13. തന്റെ അമ്മാവന്‍ കൂടിയായ ഇബ്‌റാഹീം നബി(അ)യില്‍ വിശ്വസിച്ച ശേഷം പിന്നീട് ലൂഥ് നബി(അ)യെ അല്ലാഹു റസൂലാക്കി. സ്വവര്‍ഗഭോഗം സാര്‍വത്രികമാക്കിയ ഒരു ഹീനവിഭാഗമായിരുന്നു അവര്‍. കൊള്ളയും കവര്‍ച്ചയും മറ്റു അധര്‍മങ്ങളുമൊക്കെ വാരിപ്പുണര്‍ന്നിരുന്നു ആ നിഷ്ഠുര സമൂഹം.

14. ഒരു സന്താന ജന്മത്തെക്കുറിച്ച ശുഭവാര്‍ത്തയറിയിക്കാനാണ് മലക്കുകള്‍ ചെന്നത്. ഖുര്‍ആന്‍ 15:51-55, 51:24-30 തുടങ്ങിയ സൂക്തങ്ങളിലും ഇതു കാണാം. അതോടൊപ്പം ലൂഥ് നബിയുടെ സംസ്‌കാര ശൂന്യരും നിഷേധികളും ധിക്കാരികളുമായ ജനങ്ങളുടെ സംഹരണ വിവരവും അവര്‍ വ്യക്തമാക്കി.

وَلُوطًا إِذۡ قَالَ لِقَوۡمِهِۦٓ إِنَّكُمۡ لَتَأۡتُونَ ٱلۡفَٰحِشَةَ مَا سَبَقَكُم بِهَا مِنۡ أَحَدٖ مِّنَ ٱلۡعَٰلَمِينَ ۝٢٨
أَئِنَّكُمۡ لَتَأۡتُونَ ٱلرِّجَالَ وَتَقۡطَعُونَ ٱلسَّبِيلَ وَتَأۡتُونَ فِي نَادِيكُمُ ٱلۡمُنكَرَۖ فَمَا كَانَ جَوَابَ قَوۡمِهِۦٓ إِلَّآ أَن قَالُواْ ٱئۡتِنَا بِعَذَابِ ٱللَّهِ إِن كُنتَ مِنَ ٱلصَّٰدِقِينَ ۝٢٩
قَالَ رَبِّ ٱنصُرۡنِي عَلَى ٱلۡقَوۡمِ ٱلۡمُفۡسِدِينَ ۝٣٠
وَلَمَّا جَآءَتۡ رُسُلُنَآ إِبۡرَٰهِيمَ بِٱلۡبُشۡرَىٰ قَالُوٓاْ إِنَّا مُهۡلِكُوٓاْ أَهۡلِ هَٰذِهِ ٱلۡقَرۡيَةِۖ إِنَّ أَهۡلَهَا كَانُواْ ظَٰلِمِينَ ۝٣١
قَالَ إِنَّ فِيهَا لُوطٗاۚ قَالُواْ نَحۡنُ أَعۡلَمُ بِمَن فِيهَاۖ لَنُنَجِّيَنَّهُۥ وَأَهۡلَهُۥٓ إِلَّا ٱمۡرَأَتَهُۥ كَانَتۡ مِنَ ٱلۡغَٰبِرِينَ ۝٣٢
33–35

നമ്മുടെ ദൂതന്മാര്‍ ലൂഥ് നബിയുടെ സമീപമെത്തിയപ്പോള്‍ അവരെ കുറിച്ച് അദ്ദേഹത്തിന് ദുഃഖവും മനഃസംഘര്‍ഷവുമുണ്ടായി. അവര്‍ വ്യക്തമാക്കി: 'താങ്കള്‍ പേടിക്കുകയോ സങ്കടപ്പെടുകയോ വേണ്ട. താങ്കളെയും കുടുംബത്തെയും -താങ്കളുടെ ഭാര്യയൊഴികെ; അവര്‍ ശിക്ഷിക്കപ്പെടുന്നവരിലാണ്-ഞങ്ങള്‍ തീര്‍ച്ചയായും സുരക്ഷിതരാക്കും. ഇന്നാട്ടുകാരില്‍-ഇവരുടെ സ്വയംകൃതാധര്‍മഫലമായി-ഞങ്ങള്‍ ആകാശത്തുനിന്ന് ശിക്ഷയിറക്കുകയാണ്'15
ചിന്തിക്കുന്ന ജനങ്ങള്‍ക്ക് സ്പഷ്ടമായ ഒരു ദൃഷ്ടാന്തം തീര്‍ച്ചയായും ഇതില്‍ നാം വിട്ടേച്ചുപോയിരിക്കുകയാണ്.16

2 വിശദീകരണങ്ങൾ കാണുക

15. സുമുഖരും അതീവസുന്ദരരുമായ യുവകോമളന്മാരുടെ രൂപത്തിലായിരുന്നു മലക്കുകള്‍ ലൂഥ് നബി(അ)യുടെയടുത്ത് ചെന്നത്. തന്റെ ജനം ഇവരെ വെറുതെവിടില്ല എന്ന വസ്തുത മനസ്സിലാക്കിയാണ് നബിക്ക് മനഃസംഘര്‍ഷവും ഭയപ്പാടുമുണ്ടായത്. അല്‍ഹിജ്ര്‍ 57-77ല്‍ വിശദമായി സംഭവം പറഞ്ഞുപോയിട്ടുണ്ട്.

16. ഫലസ്ഥീനിലെ ചാവുകടലും പരിസരവുമാണ് ലൂഥ്‌നബി(അ)യുടെ ജനതയുടെ ശവപ്പറമ്പുകള്‍. മക്കക്കാര്‍ സിറിയയിലേക്ക് കച്ചവടത്തിനും മറ്റുമായി യാത്ര ചെയ്തിരുന്ന മരുപ്പാതയിലാണ് ഇവയത്രയും (ഖുര്‍ആന്‍ 15:76). ചിന്താശീലരായ ജനങ്ങള്‍ക്ക് ലോകാവസാനം വരെയും ഇതൊരു മഹാദൃഷ്ടാന്തമായവശേഷിക്കുന്നു.

وَلَمَّآ أَن جَآءَتۡ رُسُلُنَا لُوطٗا سِيٓءَ بِهِمۡ وَضَاقَ بِهِمۡ ذَرۡعٗاۖ وَقَالُواْ لَا تَخَفۡ وَلَا تَحۡزَنۡ إِنَّا مُنَجُّوكَ وَأَهۡلَكَ إِلَّا ٱمۡرَأَتَكَ كَانَتۡ مِنَ ٱلۡغَٰبِرِينَ ۝٣٣
إِنَّا مُنزِلُونَ عَلَىٰٓ أَهۡلِ هَٰذِهِ ٱلۡقَرۡيَةِ رِجۡزٗا مِّنَ ٱلسَّمَآءِ بِمَا كَانُواْ يَفۡسُقُونَ ۝٣٤
وَلَقَد تَّرَكۡنَا مِنۡهَآ ءَايَةَۢ بَيِّنَةٗ لِّقَوۡمٖ يَعۡقِلُونَ ۝٣٥
36–38

മദ്‌യനിലേക്ക് തദ്ദേശീയരുടെ സഹോദരന്‍ ശുഐബ് നബിയെ നാം റസൂലാക്കി. അദ്ദേഹം അവരെ ഉദ്‌ബോധിപ്പിച്ചു: എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് ആരാധനകളര്‍പ്പിക്കുകയും അന്ത്യനാളിനെ പ്രതീക്ഷിക്കുകയും ചെയ്യൂ; വിനാശകാരികളായിക്കൊണ്ട് നാട്ടില്‍ കുഴപ്പമുണ്ടാക്കരുത്. തദ്‌സമയം, അവരദ്ദേഹത്തെ വ്യാജനാക്കി; തന്മൂലം അവരെ ഭൂമികുലുക്കം ബാധിച്ചു. അങ്ങനെയവര്‍ സ്വഗൃഹങ്ങളില്‍ മുട്ടുകുത്തിനിന്ന് മരിച്ചവരായിത്തീര്‍ന്നു.17
ആദ്-സമൂദ് ജനപഥങ്ങളെയും നാം സംഹരിക്കുകയുണ്ടായി. അവരുടെ ആവാസഗേഹങ്ങളില്‍ നിന്ന് നിങ്ങള്‍ക്കത് സ്പഷ്ടമായി സുഗ്രാഹ്യമായതാണ്. തങ്ങളുടെ ചെയ്തികള്‍ പിശാച് അവര്‍ക്ക് അലംകൃതമായി തോന്നിക്കുകയും അങ്ങനെ ഋജുവായ പന്ഥാവില്‍ നിന്ന് അവരെയവന്‍ പ്രതിരോധിക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ വസ്തുക്കള്‍ കണ്ടറിയുവാന്‍ കഴിവുറ്റവരായിരുന്നു അവര്‍;(പക്ഷെ, ചെയ്തില്ല.)18

2 വിശദീകരണങ്ങൾ കാണുക

17. പണ്ട് ഒരു ഗോത്രവും ഉപഗോത്രങ്ങളും ഒരിടം കേന്ദ്രീകരിച്ചാണ് താമസിച്ചിരുന്നത്. ഒരു ഗോത്രനായകന്റെ പുത്രരും പൗത്രരും പ്രപൗത്രന്മാരുമായിരിക്കും അവര്‍. 'അവരുടെ സഹോദരന്‍ ശുഐബ്' തുടങ്ങിയ പ്രയോഗങ്ങളുടെ താല്‍പര്യം അതാണ്. നിഷേധം അതിരുകടന്നപ്പോള്‍ ശക്തമായ ഭൂകമ്പമുണ്ടായിട്ടാണവര്‍ നശിച്ചത്.

18. വിഷയങ്ങളുടെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ബുദ്ധിമാനായ മനുഷ്യനു കഴിയും, കഴിയണം. അവിടെയാണവന്റെ മികവ്. ആദ്, സമൂദ് ഗോത്രക്കാരൊക്കെ ഒട്ടേറെ ദിവ്യാനുഗ്രഹങ്ങള്‍ക്ക് പാത്രീഭൂതരായിരുന്നു. പക്ഷേ, ബുദ്ധിയുപയോഗിച്ച് അവര്‍ ചിന്തിച്ചില്ല. പ്രത്യുത നിഷേധികളായി. അഹന്തയും തന്‍പോരിമയും സകലസീമകളും ലംഘിച്ചു. ഫലം ഉന്മൂലനമായിരുന്നു.

وَإِلَىٰ مَدۡيَنَ أَخَاهُمۡ شُعَيۡبٗا فَقَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ وَٱرۡجُواْ ٱلۡيَوۡمَ ٱلۡأٓخِرَ وَلَا تَعۡثَوۡاْ فِي ٱلۡأَرۡضِ مُفۡسِدِينَ ۝٣٦
فَكَذَّبُوهُ فَأَخَذَتۡهُمُ ٱلرَّجۡفَةُ فَأَصۡبَحُواْ فِي دَارِهِمۡ جَٰثِمِينَ ۝٣٧
وَعَادٗا وَثَمُودَاْ وَقَد تَّبَيَّنَ لَكُم مِّن مَّسَٰكِنِهِمۡۖ وَزَيَّنَ لَهُمُ ٱلشَّيۡطَٰنُ أَعۡمَٰلَهُمۡ فَصَدَّهُمۡ عَنِ ٱلسَّبِيلِ وَكَانُواْ مُسۡتَبۡصِرِينَ ۝٣٨
39–40

ഖാറൂന്‍, ഫിര്‍ഔന്‍, ഹാമാന്‍ എന്നിവരെയും നാം സംഹരണവിധേയരാക്കി. സ്പഷ്ട ദൃഷ്ടാന്തങ്ങളുമായി മൂസാനബി സമീപിച്ചപ്പോള്‍ അവര്‍ അഹങ്കരിച്ചു നടക്കുകയാണ് ചെയ്തത്; നമ്മെ അതിജയിക്കുന്നവരായില്ല താനും. അങ്ങനെ ഓരോരുത്തരെയും അവരുടെ പാപങ്ങളുടെ പേരില്‍ നാം പിടികൂടി ശിക്ഷിച്ചു- ചിലരുടെ മേല്‍ ചരല്‍കാറ്റയച്ചു. ചിലരെ ഒരു ഘോരഗര്‍ജ്ജനം പിടികൂടുയകായിരുന്നു. ചിലരെ ഭൂമിയില്‍ ആഴ്ത്തി, ചിലരെ മുക്കിക്കൊന്നു. അല്ലാഹു അവരോട് അക്രമം കാട്ടുകയായിരുന്നില്ല; പ്രത്യുത, അവര്‍ സ്വന്തത്തോടു തന്നെ അക്രമം പ്രവര്‍ത്തിക്കുകയായിരുന്നു.19

1 വിശദീകരണം കാണുക

19. ഖിയാമ നാള്‍ വരെയുള്ള സകല അവിശ്വാസികള്‍ക്കും ധിക്കാരികള്‍ക്കും പാഠമാകാനാണ് അല്ലാഹു ഇത് വിവരിക്കുന്നത്. 'നമ്മെ മറികടക്കാന്‍ ആര്‍ക്കുമായില്ല' എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധേയമാണ്. പ്രപഞ്ചം കീഴടക്കി, ജിനോംരഹസ്യങ്ങള്‍ കണ്ടുപിടിച്ചു തുടങ്ങി പല ഗീര്‍വാണങ്ങളും മുഴക്കുന്ന മനുഷ്യന്‍ ഇപ്പോഴും ദുര്‍ബലന്‍ തന്നെയാണ്. അല്ലാഹു എന്ന മഹച്ഛക്തിയുടെ ആശ്രിതനും വിധേയനുമായല്ലാതെ അവനു കഴിഞ്ഞുകൂടാനാകില്ല. നിരവധി സംഭവങ്ങള്‍ അതിന് സാക്ഷിയാണ്.

وَقَٰرُونَ وَفِرۡعَوۡنَ وَهَٰمَٰنَۖ وَلَقَدۡ جَآءَهُم مُّوسَىٰ بِٱلۡبَيِّنَٰتِ فَٱسۡتَكۡبَرُواْ فِي ٱلۡأَرۡضِ وَمَا كَانُواْ سَٰبِقِينَ ۝٣٩
فَكُلًّا أَخَذۡنَا بِذَنۢبِهِۦۖ فَمِنۡهُم مَّنۡ أَرۡسَلۡنَا عَلَيۡهِ حَاصِبٗا وَمِنۡهُم مَّنۡ أَخَذَتۡهُ ٱلصَّيۡحَةُ وَمِنۡهُم مَّنۡ خَسَفۡنَا بِهِ ٱلۡأَرۡضَ وَمِنۡهُم مَّنۡ أَغۡرَقۡنَاۚ وَمَا كَانَ ٱللَّهُ لِيَظۡلِمَهُمۡ وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ ۝٤٠
41–44

അല്ലാഹുവിനെ വിട്ട് മറ്റു പല സംരക്ഷകരെയും വരിച്ചവരുടെ ഉപമ വലനെയ്ത് ഗേഹമുണ്ടാക്കിയ എട്ടുകാലിയുടേതാണ്. ഏറ്റം ദുര്‍ബലസദനം എട്ടുകാലിയുടേത് തന്നെ. അവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ചിരുന്നുവെങ്കില്‍...! തന്നെ വിട്ട് അവര്‍ ആരാധിക്കുന്ന ഏതൊരു വസ്തുവിനെയും അല്ലാഹു അറിയുക തന്നെ ചെയ്യുന്നുണ്ട്. പ്രതാപശാലിയും യുക്തിമാനും അവനത്രേ.20
ഈ ഉപമകള്‍ മാനവര്‍ക്കുവേണ്ടി പ്രതിപാദിക്കുകയാണ് നാം. എന്നാല്‍ വിജ്ഞാനികള്‍ മാത്രമേ അവയെ പറ്റി യഥായോഗ്യം ഗ്രഹിക്കുകയുള്ളൂ. ഭുവന-വാനങ്ങള്‍ സത്യനിഷ്ഠമായാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. സത്യവിശ്വാസികള്‍ക്ക് അതില്‍ ദൃഷ്ടാന്തമുണ്ട്, തീര്‍ച്ച21

2 വിശദീകരണങ്ങൾ കാണുക

20. ബിംബങ്ങളെയും കല്ലുകളെയും ദൈവങ്ങളാക്കുന്ന മുശ്‌രിക്കുകളെ കുറിച്ചാണ് ഈ സൂക്തത്തിലെ പരാമര്‍ശമെന്ന് മുഫസ്സിറുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. സത്യവിശ്വാസികളുടെ ആരാധ്യനും സംരക്ഷകനും അല്ലാഹു മാത്രമാണല്ലോ. നിഷേധികളുടേതാകട്ടെ, ബിംബങ്ങളും. 2:257 നോക്കുക.

21. ഭുവന-വാനങ്ങളും സൂര്യ-ചന്ദ്ര-നക്ഷത്രാദികളും മറ്റും സോദ്ദേശ്യപരവും വ്യവസ്ഥാവിധേയവും സത്യനിഷ്ഠവുമായാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. ചിന്തിക്കുന്നവര്‍ക്ക് അവയിലെ ഓരോ കണികയിലും നിരവധി ദൃഷ്ടാന്തങ്ങളാണുള്ളത്.

مَثَلُ ٱلَّذِينَ ٱتَّخَذُواْ مِن دُونِ ٱللَّهِ أَوۡلِيَآءَ كَمَثَلِ ٱلۡعَنكَبُوتِ ٱتَّخَذَتۡ بَيۡتٗاۖ وَإِنَّ أَوۡهَنَ ٱلۡبُيُوتِ لَبَيۡتُ ٱلۡعَنكَبُوتِۚ لَوۡ كَانُواْ يَعۡلَمُونَ ۝٤١
إِنَّ ٱللَّهَ يَعۡلَمُ مَا يَدۡعُونَ مِن دُونِهِۦ مِن شَيۡءٖۚ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ ۝٤٢
وَتِلۡكَ ٱلۡأَمۡثَٰلُ نَضۡرِبُهَا لِلنَّاسِۖ وَمَا يَعۡقِلُهَآ إِلَّا ٱلۡعَٰلِمُونَ ۝٤٣
خَلَقَ ٱللَّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لِّلۡمُؤۡمِنِينَ ۝٤٤
45–47

നബീ, അങ്ങേക്ക് അവതീര്‍ണമായ ഈ ഖുര്‍ആന്‍ പാരായണം ചെയ്യുകയും നമസ്‌കാരം യഥായോഗ്യം നിര്‍വഹിക്കുകയും ചെയ്യുക. നീചവൃത്തികളിലും നിഷിദ്ധകര്‍മങ്ങളിലും നിന്ന് തീര്‍ച്ചയായും നമസ്‌കാരം തടയുന്നതാണ്. അല്ലാഹുവിനെ സ്മരിക്കുക എന്നത് ഏറ്റം മഹത്തായ കാര്യം തന്നെ. നിങ്ങള്‍ എന്തൊക്കെ അനുവര്‍ത്തിക്കുന്നുവോ, അതെല്ലാം അല്ലാഹു അറിയും22
വേദക്കാരോട് ഏറ്റവും ഉദാത്തരീതിയിലേ നിങ്ങള്‍ സംവദിക്കാവൂ. അവരിലെ ധിക്കാരികളോടൊഴികെ. 'ഞങ്ങള്‍ക്കവതീര്‍ണമായതിലും നിങ്ങള്‍ക്കവതീര്‍ണമായതിലും ഞങ്ങള്‍ വിശ്വാസമര്‍പിച്ചിരിക്കുന്നു; ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനത്രേ; അവനോട് വിധേയത്വമുള്ളവരാണ് ഞങ്ങള്‍' എന്ന് നിങ്ങള്‍ പ്രഖ്യാപിക്കുക.23
അപ്രകാരം താങ്കള്‍ക്കും നാം വേദമവതരിപ്പിച്ചുതന്നു, അപ്പോള്‍ നേരത്തെ നാം വേദം നല്‍കിയവര്‍ ഖുര്‍ആന്‍ വിശ്വസിക്കുന്നു; ഈ മക്കക്കാരിലും അത് വിശ്വസിക്കുന്നവരുണ്ട്. അവിശ്വാസികള്‍ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ തള്ളിക്കളയുകയുള്ളൂ.24

3 വിശദീകരണങ്ങൾ കാണുക

22. ഖുര്‍ആന്‍ പാരായണം, നമസ്‌കാര നിര്‍വഹണം, അല്ലാഹുവിനെ പറയുകയും സ്മരിക്കുകയും ചെയ്യുക തുടങ്ങിയവ അതിമഹത്തായ കാര്യങ്ങളാണ്. ദൂരവ്യാപകമായ ഗുണഫലങ്ങളാണവ വിശ്വാസിയുടെ ജീവിതത്തിലുണ്ടാക്കുക. ആത്മാര്‍ത്ഥതയോടെയും മനസ്സാന്നിധ്യത്തോടെയും ഭയഭക്തിയോടെയും നിര്‍വഹിക്കണമെന്നു മാത്രം. അവയുടെ അഭാവത്തില്‍ സൃഷ്ടിഫലമായ മാറ്റങ്ങള്‍ കാണാനാകില്ല. വിശ്വാസവും കര്‍മങ്ങളും ശക്തമായി പരസ്പര ബന്ധിതമായിരിക്കേണ്ടതാണ്.

23. വേദക്കാര്‍ തൗറാത്ത് ഹിബ്രുവില്‍ വായിച്ച് അറബി ഭാഷയില്‍ മുസ്‌ലിംകള്‍ക്ക് പ്രതിപാദിച്ചുകൊടുക്കുമായിരുന്നു. ഇതറിഞ്ഞ റസൂല്‍(സ്വ) നിര്‍ദ്ദേശിച്ചു: നിങ്ങള്‍ വേദക്കാരെ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ വേണ്ട; അവരോട് ഇങ്ങനെ പറയുക: ഞങ്ങള്‍ക്കവതീര്‍ണമായതിലും.... വിധേയത്വമുള്ളവരാണ് ഞങ്ങള്‍ (ബുഖാരി).

24. പൂര്‍വ സമുദായങ്ങളില്‍ നിയുക്തരായ മുര്‍സലുകള്‍ക്ക് വേദം നല്‍കിയതുപോലെ, അവയുടെ ആശയങ്ങളിലൂന്നിത്തന്നെ മുഹമ്മദ് നബി(സ്വ)ക്ക് ഖുര്‍ആന്‍ അവതീര്‍ണമായി. അതുകൊണ്ട് പൂര്‍വവേദക്കാരില്‍ പലരും അത് വിശ്വസിച്ചു. മക്കാ മുശ്‌രിക്കുകളില്‍ നിന്നു തന്നെ ഒട്ടേറെയാളുകള്‍ ഖുര്‍ആന്റെ തണലിലേക്ക് വന്നു. സത്യമംഗീകരിക്കാന്‍ കൂട്ടാക്കാത്ത നിഷേധികളേ അതിനെ തള്ളുകയുള്ളൂ.

ٱتۡلُ مَآ أُوحِيَ إِلَيۡكَ مِنَ ٱلۡكِتَٰبِ وَأَقِمِ ٱلصَّلَوٰةَۖ إِنَّ ٱلصَّلَوٰةَ تَنۡهَىٰ عَنِ ٱلۡفَحۡشَآءِ وَٱلۡمُنكَرِۗ وَلَذِكۡرُ ٱللَّهِ أَكۡبَرُۗ وَٱللَّهُ يَعۡلَمُ مَا تَصۡنَعُونَ ۝٤٥
۞ وَلَا تُجَٰدِلُوٓاْ أَهۡلَ ٱلۡكِتَٰبِ إِلَّا بِٱلَّتِي هِيَ أَحۡسَنُ إِلَّا ٱلَّذِينَ ظَلَمُواْ مِنۡهُمۡۖ وَقُولُوٓاْ ءَامَنَّا بِٱلَّذِيٓ أُنزِلَ إِلَيۡنَا وَأُنزِلَ إِلَيۡكُمۡ وَإِلَٰهُنَا وَإِلَٰهُكُمۡ وَٰحِدٞ وَنَحۡنُ لَهُۥ مُسۡلِمُونَ ۝٤٦
وَكَذَٰلِكَ أَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَۚ فَٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يُؤۡمِنُونَ بِهِۦۖ وَمِنۡ هَٰٓؤُلَآءِ مَن يُؤۡمِنُ بِهِۦۚ وَمَا يَجۡحَدُ بِـَٔايَٰتِنَآ إِلَّا ٱلۡكَٰفِرُونَ ۝٤٧
48–52

താങ്കള്‍ ഇതിനുമുമ്പ് ഏതെങ്കിലും ഗ്രന്ഥം വായിക്കുകയോ സ്വകരം കൊണ്ട് അതെഴുതുകയോ ചെയ്തിരുന്നില്ല. അതുണ്ടായിരുന്നെങ്കില്‍ അസത്യവാദികള്‍ക്ക് സന്ദേഹിക്കാമായിരുന്നു.25
എന്നാല്‍ വിജ്ഞാനികളുടെ മനസ്സുകളില്‍ സ്പഷ്ടമായ ദൃഷ്ടാന്തങ്ങളത്രേ ഖുര്‍ആന്‍. അക്രമികള്‍ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയുള്ളൂ. 'മുഹമ്മദിന് തന്റെ രക്ഷിതാവിങ്കല്‍ നിന്ന് ദൃഷ്ടാന്തങ്ങള്‍ അവതരിപ്പിക്കപ്പെടാത്തതെന്തു കൊണ്ട്' എന്ന് നിഷേധികള്‍ ചോദിക്കുന്നു. അങ്ങ് പ്രതികരിക്കുക: ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിങ്കല്‍ മാത്രമാണ്; ഞാനാകട്ടെ, കേവലം സ്പഷ്ടമായ ഒരു താക്കീതുകാരനാകുന്നു. ഓതിക്കേള്‍പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഖുര്‍ആന്‍ താങ്കള്‍ക്ക് അവതീര്‍ണമായിരിക്കുന്നു എന്നത് തന്നെ ദൃഷ്ടാന്തമായി പര്യാപ്തമല്ലേ അവര്‍ക്ക്? സത്യവിശ്വാസം കൈക്കൊള്ളുന്ന ജനത്തിന് അതിലനുഗ്രഹവും ഉദ്‌ബോധനവുമുണ്ട്. നബീ, പ്രഖ്യാപിക്കുക: എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി; ഭുവന-വാനങ്ങളിലുള്ളത് അവനറിയുന്നുണ്ട്. മിഥ്യയില്‍ വിശ്വസിക്കുകയും അല്ലാഹുവിനെ അവിശ്വസിക്കുകയും ചെയ്തവര്‍ തന്നെയത്രേ പരാജിതര്‍.

1 വിശദീകരണം കാണുക

25. നബി തിരുമേനി(സ്വ)ക്ക് അക്ഷരാഭ്യാസമില്ലായിരുന്നു. എഴുതാനും വായിക്കാനുമറിയില്ല (ഖുര്‍ആന്‍ 7:15, 62:2). ഏതു മനുഷ്യനും ഇത് ന്യൂനതയാണെങ്കില്‍ നബിക്ക് നിസ്തുല മികവാണ്. നുബുവ്വത്ത് ലഭിച്ച് ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ തുടങ്ങുമ്പോള്‍ അതൊരു ദിവ്യാദ്ഭുതമായി വിലയിരുത്തപ്പെടാനായി നബിയെ അല്ലാഹു അങ്ങനെ വളര്‍ത്തിക്കൊണ്ടു വരികയായിരുന്നു. പ്രത്യുത, അവിടന്ന് എഴുതുകയും വായിക്കുകയും ചെയ്തിരുന്നുവെങ്കില്‍ നിഷേധികള്‍ അത് പൊക്കിപ്പിടിക്കും. തൗറാത്തും ഇന്‍ജീലും മറ്റും വായിച്ച് അതിന്റെ ആശയം സ്വന്തം വകയായി അവതരിപ്പിക്കുകയാണെന്ന് ജല്‍പിക്കും. നിരക്ഷരനായിട്ടു പോലും അങ്ങനെ ആരോപിച്ചുവെങ്കില്‍ (സൂറത്തുല്‍ഫുര്‍ഖാന്‍ 5) പിന്നെയെന്തു പറയാന്‍? നബി(സ്വ)ക്കു അക്ഷരജ്ഞാനമുണ്ടായിരുന്നു എന്ന നുണ പ്രചരിപ്പിക്കാന്‍ ഓറിയന്റലിസ്റ്റുകള്‍ കുറേ പേജുകള്‍ എഴുതിക്കറുപ്പിച്ചതായി കാണാം. നബി(സ്വ)യുടെ മഹത്ത്വം ഇടിച്ചു താഴ്ത്താന്‍ വേണ്ടി ഒപ്പിച്ച അതിവിദഗ്ദമായ ഒരു ഗൂഢാലോചനയാണത്.

وَمَا كُنتَ تَتۡلُواْ مِن قَبۡلِهِۦ مِن كِتَٰبٖ وَلَا تَخُطُّهُۥ بِيَمِينِكَۖ إِذٗا لَّٱرۡتَابَ ٱلۡمُبۡطِلُونَ ۝٤٨
بَلۡ هُوَ ءَايَٰتُۢ بَيِّنَٰتٞ فِي صُدُورِ ٱلَّذِينَ أُوتُواْ ٱلۡعِلۡمَۚ وَمَا يَجۡحَدُ بِـَٔايَٰتِنَآ إِلَّا ٱلظَّٰلِمُونَ ۝٤٩
وَقَالُواْ لَوۡلَآ أُنزِلَ عَلَيۡهِ ءَايَٰتٞ مِّن رَّبِّهِۦۚ قُلۡ إِنَّمَا ٱلۡأٓيَٰتُ عِندَ ٱللَّهِ وَإِنَّمَآ أَنَا۠ نَذِيرٞ مُّبِينٌ ۝٥٠
أَوَلَمۡ يَكۡفِهِمۡ أَنَّآ أَنزَلۡنَا عَلَيۡكَ ٱلۡكِتَٰبَ يُتۡلَىٰ عَلَيۡهِمۡۚ إِنَّ فِي ذَٰلِكَ لَرَحۡمَةٗ وَذِكۡرَىٰ لِقَوۡمٖ يُؤۡمِنُونَ ۝٥١
قُلۡ كَفَىٰ بِٱللَّهِ بَيۡنِي وَبَيۡنَكُمۡ شَهِيدٗاۖ يَعۡلَمُ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ وَٱلَّذِينَ ءَامَنُواْ بِٱلۡبَٰطِلِ وَكَفَرُواْ بِٱللَّهِ أُوْلَٰٓئِكَ هُمُ ٱلۡخَٰسِرُونَ ۝٥٢
53–55

ശിക്ഷയിറക്കാനായി അങ്ങയോടവര്‍ ധൃതികൂട്ടുകയാണ്. ഒരു നിശ്ചിത അവധിയില്ലായിരുന്നുവെങ്കില്‍ ഇതിനകം തന്നെ ശിക്ഷയവര്‍ക്ക് വന്നുകഴിഞ്ഞേനെ. നിനച്ചിരിക്കാത്തവിധം യാദൃച്ഛികമായി അതവര്‍ക്ക് വരിക തന്നെ ചെയ്യും. ശിക്ഷക്കായി താങ്കളോടവര്‍ ധൃതികൂട്ടുകയാണ്. നരകം അവിശ്വാസികളെ വലയം ചെയ്യുന്നതാണ്, തീര്‍ച്ച26
അവരുടെ മുകളിലും കാലുകള്‍ക്കടിയിലും നിന്ന് ശിക്ഷ അവരെ ആവരണം ചെയ്യുന്ന ദിനം 'സ്വയംകൃതപ്രവര്‍ത്തനങ്ങളുടെ ഫലം നിങ്ങളാസ്വദിച്ചോളൂ' എന്ന് അല്ലാഹു അരുളും.27

2 വിശദീകരണങ്ങൾ കാണുക

26. നിഷേധീസമൂഹങ്ങള്‍ സര്‍വസീമകളും ലംഘിച്ച് ധിക്കാരം തുടരുമ്പോള്‍ ഭൗതിക ലോകത്തുതന്നെ അല്ലാഹു ശിക്ഷയിറക്കും. പരലോകത്ത് ഭയാനകമായ നരകവും അവര്‍ക്കുണ്ടാകും. മക്കാമുശ്‌രിക്കുകള്‍ ഇതുരണ്ടിനുവേണ്ടിയും ധൃതികൂട്ടിയിരുന്നു (8:32 നോക്കുക). അതാണ് രണ്ട് സൂക്തങ്ങളിലായി അതാവര്‍ത്തിച്ചിരിക്കുന്നത്. അവരുടെ മൗഢ്യവും ബുദ്ധിശൂന്യതയും എത്ര ഗുരുതരം! ബദ്‌റും മക്കാവിജയവും മറ്റുമൊക്കെ അവര്‍ക്കേറ്റ ഭൗതിക ശിക്ഷകളായിരുന്നുവല്ലോ.

27. നരകക്കാരെ നാനാഭാഗങ്ങളിലും നിന്നായി വേദനാജനകവും അസഹനീയവുമായ ബഹുവിധ ശിക്ഷകളാണ് ആവരണം ചെയ്യുക. അല്ലാഹു അവരോട് അക്രമം ചെയ്യുകയല്ല. ഭൗതിക ലോകത്തെ സ്വയംകൃതാനര്‍ത്ഥങ്ങളുടെ പ്രതിഫലം മാത്രമാണിത്. അവയോരോന്നും നിരന്തരം മുന്നറിയിപ്പ് നല്‍കപ്പെട്ടതുമായിരുന്നല്ലോ.

وَيَسۡتَعۡجِلُونَكَ بِٱلۡعَذَابِ وَلَوۡلَآ أَجَلٞ مُّسَمّٗى لَّجَآءَهُمُ ٱلۡعَذَابُۚ وَلَيَأۡتِيَنَّهُم بَغۡتَةٗ وَهُمۡ لَا يَشۡعُرُونَ ۝٥٣
يَسۡتَعۡجِلُونَكَ بِٱلۡعَذَابِ وَإِنَّ جَهَنَّمَ لَمُحِيطَةُۢ بِٱلۡكَٰفِرِينَ ۝٥٤
يَوۡمَ يَغۡشَىٰهُمُ ٱلۡعَذَابُ مِن فَوۡقِهِمۡ وَمِن تَحۡتِ أَرۡجُلِهِمۡ وَيَقُولُ ذُوقُواْ مَا كُنتُمۡ تَعۡمَلُونَ ۝٥٥
56–59

സത്യവിശ്വാസം കൈവരിച്ച എന്റെ അടിമകളേ, നിശ്ചയം എന്റെ ഭൂമി പ്രവിശാലമത്രേ; അതുെകൊണ്ട് എനിക്ക് മാത്രം നിങ്ങള്‍ ആരാധനകളര്‍പിക്കുക. ഏതൊരു ശരീരവും മരണം രുചിച്ചുനോക്കും; അനന്തരം നമ്മുടെയടുത്തേക്കാണ് നിങ്ങള്‍ മടക്കപ്പെടുക. സത്യവിശ്വാസം വരിക്കുകയും ഉദാത്തകര്‍മങ്ങള്‍ അനുവര്‍ത്തിക്കുകയും ചെയ്തവര്‍ ആരോ, അവര്‍ക്ക് അടിയിലൂടെ അരുവികള്‍ പ്രവഹിക്കുന്ന സമുന്നത സ്വര്‍ഗസൗധങ്ങളില്‍ നാം നിവാസസൗകര്യമേര്‍പെടുത്തുന്നതും അവിടെയവര്‍ ശാശ്വതരായിരിക്കുന്നതുമാണ്. കര്‍മങ്ങളനുഷ്ഠിക്കുന്നവരുടെ പ്രതിഫലം എത്ര ഉദാത്തം! ക്ഷമ കൈക്കൊള്ളുകയും നാഥനില്‍ തങ്ങളുടെ കാര്യങ്ങള്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവരത്രേ അവര്‍.28

1 വിശദീകരണം കാണുക

28. നബിയും സ്വഹാബികളും മദീനയിലേക്ക് ഹിജ്‌റ ചെയ്ത ശേഷം മക്കയിലവശേഷിച്ച പാവപ്പെട്ട പീഡിതമുസ്‌ലിംകളെക്കുറിച്ചവതരിച്ചതാണിതെന്ന് ഇമാം ഖതാദ പറഞ്ഞിട്ടുണ്ട്. ഏതുപ്രതിസന്ധികളും ക്ഷമാപൂര്‍വം തരണം ചെയ്യണം. അല്ലെങ്കില്‍ പ്രവിശാലമായ ഭൂതലത്തിലെ മറ്റെവിടേക്കെങ്കിലും മാറിത്താമസിക്കണം. അത്തരം സത്യവിശ്വാസികള്‍ക്ക് അവര്‍ണനീയമായ സുഖലോക സ്വര്‍ഗങ്ങള്‍ അല്ലാഹു സജ്ജീകരിച്ചിട്ടുണ്ടെന്നും അതാണ് മഹാവിജയമെന്നും വ്യക്തമാക്കുകയാണ്.

يَٰعِبَادِيَ ٱلَّذِينَ ءَامَنُوٓاْ إِنَّ أَرۡضِي وَٰسِعَةٞ فَإِيَّٰيَ فَٱعۡبُدُونِ ۝٥٦
كُلُّ نَفۡسٖ ذَآئِقَةُ ٱلۡمَوۡتِۖ ثُمَّ إِلَيۡنَا تُرۡجَعُونَ ۝٥٧
وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ لَنُبَوِّئَنَّهُم مِّنَ ٱلۡجَنَّةِ غُرَفٗا تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ نِعۡمَ أَجۡرُ ٱلۡعَٰمِلِينَ ۝٥٨
ٱلَّذِينَ صَبَرُواْ وَعَلَىٰ رَبِّهِمۡ يَتَوَكَّلُونَ ۝٥٩
60–62

എത്രയെത്ര ജീവജാലങ്ങളാണുള്ളത്! അവയൊന്നും സ്വന്തം ആഹാരവും പേറിയല്ല കഴിയുന്നത്. അവര്‍ക്കും നിങ്ങള്‍ക്കും ഭക്ഷണം നല്‍കുന്നത് അല്ലാഹുവത്രേ. എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവനാണ് അവന്‍.29
ഭുവന-വാനങ്ങള്‍ പടക്കുകയും സൂര്യ-ചന്ദ്രന്മാരെ അധീനപ്പെടുത്തുകയും ചെയ്തത് ആരാണെന്ന് ബഹുദൈവ വിശ്വാസികളോട് ചോദിച്ചാല്‍ അല്ലാഹുവാണെന്ന് അവര്‍ മറുപടി തരും, തീര്‍ച്ച. പിന്നെ എങ്ങനെയാണവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത്? തന്റെ അടിമകളില്‍ താനുദ്ദേശിക്കുന്നവര്‍ക്ക് ജീവനോപാധികള്‍ പ്രവിശാലമാക്കുന്നതും താനുദ്ദേശിക്കുന്ന മറ്റു ചിലര്‍ക്കത് സങ്കുചിതമാക്കുന്നതും അല്ലാഹുവാകുന്നു. ഏതൊന്നിനെക്കുറിച്ചും സൂക്ഷ്മജ്ഞനത്രേ അവന്‍30

2 വിശദീകരണങ്ങൾ കാണുക

29. ഹിജ്‌റ ചെയ്യാനുള്ള വ്യംഗ്യസൂചന സൂക്തം 56-ല്‍ കണ്ടുവല്ലോ. നാടുവിട്ടാല്‍ ഉപജീവന മാര്‍ഗങ്ങള്‍ അടഞ്ഞുപോകുമോ എന്നൊന്നും ആശങ്കിക്കേണ്ട; ഭൂമിയിലെ പരസ്സഹസ്രം ജന്തുജാലങ്ങള്‍ ആഹാരം വഹിച്ചുകൊണ്ടു നടക്കുകയല്ല; അല്ലാഹുവാണവക്ക് വെള്ളവും ഭക്ഷണവും നല്‍കുന്നത്. സൂക്തം 11:6 നോക്കുക. ഈ നിലക്ക് അല്ലാഹുവില്‍ വിശ്വസിക്കുകയും അവനെ ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരാള്‍ എന്തിന് ആശങ്കിക്കണം?

30. ഭൂതലത്തില്‍ മനുഷ്യാരംഭം മുതല്‍ വ്യത്യസ്ത സ്വഭാവമുള്ള നിരവധി തരം ബഹുദൈവ വിശ്വാസികള്‍ കഴിഞ്ഞുപോയിട്ടുണ്ട്. അവര്‍ സര്‍വരുമെന്ന് പറയാം, പ്രപഞ്ച സ്രഷ്ടാവായ ഒരു മഹച്ഛക്തിയുണ്ടെന്ന് വിശ്വസിച്ചവരാണ്. ഇന്നത്തെ ബഹുദൈവ വിശ്വാസികളുടെ സ്ഥിതിയും ഭിന്നമല്ല. ആകാശങ്ങളും ഭൂമിയും സൂര്യ-ചന്ദ്ര-നക്ഷത്രാദികളും ഗാലക്‌സികളും മറ്റും സൃഷ്ടിച്ച് സംരക്ഷിച്ച് അതിസൂക്ഷ്മ വ്യവസ്ഥയോടെ പരിപാലിക്കുന്നത് സ്വന്തം കണ്ണിലെ ഈച്ചയെ തട്ടാനാകാത്ത ബിംബമാണെന്ന് ബുദ്ധിയുള്ള ഒരാളും പറയില്ല. ആ സ്രഷ്ടാവും ദൈവവുമാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്ന അല്ലാഹു. വസ്തുത ഇതായിട്ടും മനുഷ്യന്‍ പിന്നെയുമെങ്ങനെയാണ് ബഹുദൈവ വിശ്വാസിയാകുന്നത് എന്നാണിവിടെ ചോദിക്കുന്നത്. സര്‍വക്കും സുഭിക്ഷമായി ഭൗതിക വിഭവങ്ങള്‍ നല്‍കിയാല്‍ എല്ലാ മനുഷ്യരും ധിക്കാരികളും അഹങ്കാരികളുമായിത്തീരുമെന്ന് നമുക്ക് തന്നെ അനുമാനിക്കാനാകും. അതുകൊണ്ട് ചിലര്‍ക്കത് പ്രവിശാലവും മറ്റു ചിലര്‍ക്ക് സങ്കുചിതവുമായി അല്ലാഹു വിഹിതം വെച്ചിരിക്കുകയാണ്. ശൂറാ 27-ല്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്.

وَكَأَيِّن مِّن دَآبَّةٖ لَّا تَحۡمِلُ رِزۡقَهَا ٱللَّهُ يَرۡزُقُهَا وَإِيَّاكُمۡۚ وَهُوَ ٱلسَّمِيعُ ٱلۡعَلِيمُ ۝٦٠
وَلَئِن سَأَلۡتَهُم مَّنۡ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَسَخَّرَ ٱلشَّمۡسَ وَٱلۡقَمَرَ لَيَقُولُنَّ ٱللَّهُۖ فَأَنَّىٰ يُؤۡفَكُونَ ۝٦١
ٱللَّهُ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ مِنۡ عِبَادِهِۦ وَيَقۡدِرُ لَهُۥٓۚ إِنَّ ٱللَّهَ بِكُلِّ شَيۡءٍ عَلِيمٞ ۝٦٢
63–66

അന്തരീക്ഷത്തില്‍ നിന്ന് ജലം വര്‍ഷിക്കുന്നതും അചേതനമായിരുന്നതില്‍ പിന്നെ ഭൂമിയെ സചേതനമാക്കുന്നതും ആരാണെന്ന് താങ്കള്‍ ചോദിച്ചാല്‍ അല്ലാഹുവാണെന്ന് അവര്‍ മറുപടി തരും, തീര്‍ച്ച. പറയുക: 'സര്‍വ സ്‌തോത്രവും അല്ലാഹുവിന്നാകുന്നു'. പക്ഷേ, അവരില്‍ മിക്കവരും യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നില്ല31
ഈ ഭൗതികലോകത്തെ ജീവിതം കളിതമാശകള്‍ മാത്രമാകുന്നു; പരലോകത്തുള്ളതുതന്നെയാണ് സാക്ഷാല്‍ ജീവിതം, തീര്‍ച്ച! അവര്‍ ഈ വസ്തുത ഗ്രഹിച്ചിരുന്നുവെങ്കില്‍! ജലയാനങ്ങളില്‍ കയറിയാല്‍ നിഷ്‌കളങ്കരായി വിധേയത്വമുള്ളവരായി അല്ലാഹുവിനോടവര്‍ പ്രാര്‍ത്ഥിക്കും; അവനവരെ കരയിലേക്ക് രക്ഷപ്പെടുത്തുമ്പോഴോ, അവരതാ അവനു പങ്കുകാരെ വരിക്കുന്നു!32
ശരി, നാം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് ഇങ്ങനെയവര്‍ നന്ദികേട് കാട്ടുകയും സുഖമനുഭവിക്കുകയും ചെയ്യട്ടെ; അതിന്റെ തിക്തഫലം പിന്നീടവര്‍ അറിഞ്ഞുകൊള്ളും!

2 വിശദീകരണങ്ങൾ കാണുക

31. പ്രപഞ്ചം സൃഷ്ടിച്ച് സംരക്ഷിക്കുന്നതും അന്നപാനാദികള്‍ തരുന്നതുമൊക്കെ അല്ലാഹുവാണെന്ന് ബഹുദൈവ വിശ്വാസികള്‍ തന്നെ സമ്മതിക്കുക; ദൈവമാക്കുന്നതും ആരാധിക്കുന്നതും നിര്‍ജീവ പ്രതിഷ്ഠകളെയും അചേതന വസ്തുക്കളെയും-എന്തൊരു ചിന്താ ശൂന്യതയും മൗഢ്യവുമാണിത് എന്നാണ് വ്യക്തമാക്കുന്നത്.

32. ഇമാം ഇക്‌രിമ(റ) പറയുന്നു: ജാഹിലിയ്യ മുശ്‌രിക്കുകള്‍ സമുദ്രയാത്രകളില്‍ ബിംബങ്ങളെ കൂടെകരുതും; എന്നാല്‍ കടല്‍ക്ഷോഭമുണ്ടായി ആത്മഭയം ജനിച്ചാല്‍ ബിംബങ്ങള്‍ കടലിലേക്ക് വലിച്ചെറിഞ്ഞ് അല്ലാഹുവിനെ വിളിച്ച് അവര്‍ കേണു പ്രാര്‍ത്ഥിക്കും. അധുനാതന യുക്തിവാദികള്‍ വരെ പ്രതിസന്ധികളില്‍ ദൈവത്തെ വിളിക്കാറുണ്ടല്ലോ.
ഇതേ ഇക്‌രിമ ബിന്‍ അബീജഹ്ല്‍ നബി(സ്വ) മക്ക കീഴടക്കിയപ്പോള്‍ അബ്‌സീനിയയിലേക്ക് ഒളിച്ചോടി. അന്നദ്ദേഹം പഴയ മതത്തിലാണ്. യാത്രാമധ്യേ കൊടുങ്കാറ്റടിച്ച് കപ്പല്‍ മുങ്ങുമെന്നായപ്പോള്‍ 'അല്ലാഹുവിനെ വിളിക്കൂ, അവന്‍ മാത്രമേ രക്ഷപ്പെടുത്തൂ' എന്ന് എല്ലാവരും ആര്‍ത്തട്ടഹസിച്ചു. ആത്മവിചിന്തനം നടത്തിയ ഇക്‌രിമ ദൃഢപ്രതിജ്ഞ ചെയ്തു: 'അല്ലാഹുവേ, ഈ വിപത്തില്‍ നിന്ന് നീയെന്നെ രക്ഷപ്പെടുത്തിയാല്‍ നബി(സ്വ)യെ നേരില്‍ കണ്ട് ഞാന്‍ ഇസ്‌ലാം സ്വീകരിക്കും, തീര്‍ച്ച.' സുരക്ഷിതനായി കരക്കിറങ്ങിയ ഇക്‌രിമ പ്രതിജ്ഞ പാലിച്ച് ഇസ്‌ലാം മതം സ്വീകരിച്ചു (ഇബ്‌നുകസീര്‍).

وَلَئِن سَأَلۡتَهُم مَّن نَّزَّلَ مِنَ ٱلسَّمَآءِ مَآءٗ فَأَحۡيَا بِهِ ٱلۡأَرۡضَ مِنۢ بَعۡدِ مَوۡتِهَا لَيَقُولُنَّ ٱللَّهُۚ قُلِ ٱلۡحَمۡدُ لِلَّهِۚ بَلۡ أَكۡثَرُهُمۡ لَا يَعۡقِلُونَ ۝٦٣
وَمَا هَٰذِهِ ٱلۡحَيَوٰةُ ٱلدُّنۡيَآ إِلَّا لَهۡوٞ وَلَعِبٞۚ وَإِنَّ ٱلدَّارَ ٱلۡأٓخِرَةَ لَهِيَ ٱلۡحَيَوَانُۚ لَوۡ كَانُواْ يَعۡلَمُونَ ۝٦٤
فَإِذَا رَكِبُواْ فِي ٱلۡفُلۡكِ دَعَوُاْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمۡ إِلَى ٱلۡبَرِّ إِذَا هُمۡ يُشۡرِكُونَ ۝٦٥
لِيَكۡفُرُواْ بِمَآ ءَاتَيۡنَٰهُمۡ وَلِيَتَمَتَّعُواْۚ فَسَوۡفَ يَعۡلَمُونَ ۝٦٦
67–69

അവര്‍ക്ക് നിര്‍ഭയത്വമുള്ള ഒരു പവിത്ര സങ്കേതം നാം നിര്‍ണയിച്ചുകൊടുത്തതവര്‍ കാണുന്നില്ലേ? പരിസര പ്രദേശക്കാര്‍ റാഞ്ചിയെടുക്കപ്പെടുന്ന സന്ദര്‍ഭത്തിലാണുതാനും ഇത്. എന്നിട്ടുമവര്‍ മിഥ്യയില്‍ വിശ്വസിച്ച് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് കൃതഘ്‌നത കാട്ടുകയാണോ?33
അല്ലാഹുവിനെ കുറിച്ച് വ്യാജം കെട്ടിച്ചമക്കുകയും സത്യം വന്നെത്തിയിട്ടും അത് നിഷേധിച്ച് തള്ളുകയും ചെയ്തവനേക്കാള്‍ വലിയ അക്രമിയായി ആരുണ്ട്? സത്യം നിഷേധിക്കുന്നവര്‍ക്ക് നരകത്തില്‍ വാസസ്ഥലം ഇല്ലേ? നമ്മുടെ പന്ഥാവില്‍ ധര്‍മസമരമനുഷ്ഠിക്കുന്നവര്‍ക്ക് നാം നിശ്ചയം, നേര്‍മാര്‍ഗം കാണിച്ചുകൊടുക്കുക തന്നെ ചെയ്യുന്നതാണ്. പുണ്യമനുവര്‍ത്തിക്കുന്നവരോടൊപ്പം തന്നെയാണ് അല്ലാഹു, തീര്‍ച്ച34

2 വിശദീകരണങ്ങൾ കാണുക

33. മക്കയിലെ വിശുദ്ധ ഹറം ഭൂതലത്തിലെ നിസ്തുലമായ ഒരു വിശ്വസ്ത സങ്കേതമാണ്. അവിടെ വെച്ച് ഒരു കുറ്റം ചെയ്യാനായി ചിന്തിക്കുന്നതുപോലും ശിക്ഷാര്‍ഹമത്രേ- ഖുര്‍ആന്‍ 22:25 അത്തരമൊരു കേന്ദ്രത്തില്‍ ഖുര്‍ആന്റെ പ്രഥമാഭിസംബോധിതരായ ഖുറൈശിന് ആവാസമൊരുക്കിയത് ഏറ്റം വലിയ അനുഗ്രഹമാണെന്ന് അനുസ്മരിപ്പിക്കുകയാണ്. അറേബ്യന്‍ ഉപദ്വീപിന്റെ മറ്റു ഭാഗങ്ങളിലൊക്കെ അന്ന് യുദ്ധങ്ങളും സംഘര്‍ഷങ്ങളും ആളുകളെ തട്ടിക്കൊണ്ടുപോകലുമൊക്കെ സാധാരണമായിരുന്നു. ആ ശാന്തിയും സ്വസ്ഥതയും സംബന്ധിച്ച് ഖുറൈശിന്റെ പേരില്‍ തന്നെയുള്ള സൂറയിലും പ്രത്യേക പരാമര്‍ശമുള്ളതായി കാണാം-സൂക്തം 4.

34. അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചമച്ചവനെക്കാള്‍ വലിയ അക്രമി ആരുണ്ട് എന്ന ചോദ്യം ഒരുപാട് തവണ ഖുര്‍ആന്‍ ആവര്‍ത്തിച്ചിരിക്കുന്നു. അത്തരക്കാര്‍ക്കെതിരെയും സ്വന്തം ദേഹേച്ഛകള്‍ക്കെതിരെയും പിശാചിനെതിരെയും വിശ്വാസി സമരം ചെയ്യേണ്ടതുണ്ട്. സൂറത്തുല്‍ഫുര്‍ഖാന്‍ 52-ന്റെ വിവരണം നോക്കുക. അവര്‍ക്ക് അല്ലാഹുവിന്റെ പ്രത്യക സഹായവും അനുഗ്രഹവുമുണ്ടാകും. പുണ്യവാന്മാരോടൊപ്പം തന്നെ അല്ലാഹുവുണ്ട് എന്ന പ്രസ്താവം അതാണ് വ്യക്തമാക്കുന്നത്. അവരുടെ ശ്രദ്ധേയമായ വിജയങ്ങളുടെ നിദാനവും ഈ ദിവ്യസഹായം തന്നെ.

أَوَلَمۡ يَرَوۡاْ أَنَّا جَعَلۡنَا حَرَمًا ءَامِنٗا وَيُتَخَطَّفُ ٱلنَّاسُ مِنۡ حَوۡلِهِمۡۚ أَفَبِٱلۡبَٰطِلِ يُؤۡمِنُونَ وَبِنِعۡمَةِ ٱللَّهِ يَكۡفُرُونَ ۝٦٧
وَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَوۡ كَذَّبَ بِٱلۡحَقِّ لَمَّا جَآءَهُۥٓۚ أَلَيۡسَ فِي جَهَنَّمَ مَثۡوٗى لِّلۡكَٰفِرِينَ ۝٦٨
وَٱلَّذِينَ جَٰهَدُواْ فِينَا لَنَهۡدِيَنَّهُمۡ سُبُلَنَاۚ وَإِنَّ ٱللَّهَ لَمَعَ ٱلۡمُحۡسِنِينَ ۝٦٩