Sunday, 11 October 2026 Hijri: — 11:47:54 am
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അർ റൂം الروم Ar-Rum

Surah 30 മക്കിയ്യ • مكية • Makkiyah 60 ആയത്തുകൾ • 60 Ayahs

സൂറത്ത് അർ റൂം (Ar-Rum), ഖുർആൻ അധ്യായം 30 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 60 ആയത്തുകൾ വായിക്കുക. Read Surah Ar-Rum with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–7

അലിഫ് ലാം മീം. സമീപനാട്ടില്‍ വെച്ച് റോമക്കാര്‍ പരാജിതരായിരിക്കുന്നു.1
എന്നാല്‍, ഈ തോല്‍വിക്കു ശേഷം ഏതാനും വര്‍ഷങ്ങള്‍ക്കകം തന്നെ അവര്‍ വിജയം കൈവരിക്കും-കാര്യങ്ങളുടെ നിയന്ത്രണം മുമ്പും ശേഷവും അല്ലാഹുവിന് തന്നെയാകുന്നു-അവന്റെ സഹായത്തില്‍ അന്ന് സത്യവിശ്വാസികള്‍ സന്തുഷ്ടരാകും. താനുദ്ദേശിക്കുന്നവരെ അവന്‍ സഹായിക്കുന്നു. പ്രതാപശാലിയും കരുണാമയനുമാണവന്‍. അല്ലാഹുവിന്റെ വാഗ്ദത്തവിജയമത്രേ അത്. തന്റെ വാഗ്ദാനം അവന്‍ ലംഘിക്കുകയില്ല. എന്നാല്‍ മിക്ക മനുഷ്യരും വസ്തുതയറിയുന്നില്ല. ഐഹിക ജീവിതത്തിന്റെ ബാഹ്യവശം മാത്രമേ അവര്‍ മനസ്സിലാക്കുന്നുള്ളൂ; പാരത്രിക ജീവിതത്തെക്കുറിച്ച് അശ്രദ്ധയിലാണവര്‍.2

2 വിശദീകരണങ്ങൾ കാണുക

1. സൂറത്തുര്‍റൂം എന്നാണ് ഈ അധ്യായത്തിന്റെ നാമം. റോമാ സാമ്രാജ്യമാണ് വിവക്ഷ. പണ്ട് റോം, പേര്‍ഷ്യ എന്നീ വന്‍ ശക്തികളാണ് ലോകത്തുണ്ടായിരുന്നത്. അവര്‍ തമ്മില്‍ റോമിന് സമീപത്തെ സിറിയന്‍ ദേശത്ത് യുദ്ധമുണ്ടായി. പേര്‍ഷ്യക്കാര്‍ വിജയിച്ചു. എന്നാല്‍ താമസിയാതെ തന്നെ റോമക്കാര്‍ വിജയം തിരിച്ചുപിടിക്കുമെന്ന് ഖുര്‍ആന്‍ പ്രവചിക്കുകയാണ്. അന്ന് ലോകത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു ദീര്‍ഘദര്‍ശനമായിരുന്നു ഇത്. ഏഴു വര്‍ഷം കൊണ്ട് അത് പുലരുകയുമുണ്ടായി.

2. നാലാം സൂക്തത്തിലെ 'ബിള്അ്' എന്ന പദം മൂന്ന് മുതല്‍ ഒമ്പത് വരെയുള്ള അക്കങ്ങള്‍ സൂചിപ്പിക്കാനുള്ളതാണ്. പരമാവധി ഒമ്പതു വര്‍ഷത്തിനകം റോമിന്റെ അട്ടിമറി ജയം ഉണ്ടാകുമെന്ന് താല്‍പര്യം. മക്കാമുശ്‌രിക്കുകളും പേര്‍ഷ്യക്കാരും ബിംബാരാധകരായിരുന്നു; മുസ്‌ലിംകളും റോമക്കാരും ദിവ്യഗ്രന്ഥത്തിന്റെയാളുകളും. ആ നിലക്കുള്ള ഒരനുഭാവമനഃസ്ഥിതി ഇരു കക്ഷികള്‍ക്കുമിടയിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ റോമക്കാരുടെ പരാജയത്തില്‍ മുശ്‌രിക്കുകള്‍ ആഹ്ലാദിക്കുകയും മുസ്‌ലിംകള്‍ ദുഃഖിക്കുകയും ചെയ്തു. എന്നാല്‍ അവിശ്വസനീയമാം വിധം, സമീപ ഭാവിയില്‍ തന്നെ പേര്‍ഷ്യക്കാര്‍ പരാജയപ്പെടുകയും റോം വിജയിക്കുകയും ചെയ്യുമെന്ന് ഖുര്‍ആന്‍ പ്രവചിച്ചപ്പോള്‍, അത്തരമൊരു വ്യാമോഹം നടക്കില്ലെന്ന് പറഞ്ഞ് മക്കക്കാര്‍ മുസ്‌ലിംകളെ പരിഹസിക്കുകയും നബി(സ്വ)യെയും വിശുദ്ധ ഗ്രന്ഥത്തെയും അവഹേളിക്കുകയുമുണ്ടായി. ഈ പശ്ചാത്തലത്തില്‍ ഹസ്രത്ത് അബൂബക്ര്‍ സ്വിദ്ദീഖ്(റ) അവരുമായി നൂറ് ഒട്ടകത്തിന് പന്തയം വെച്ചു. ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞാല്‍ അത് സംഭവിച്ചേ തീരൂ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച പ്രഖ്യാപനം. ഏഴാമത്തെ വര്‍ഷം വീണ്ടും യുദ്ധമുണ്ടായപ്പോള്‍ പ്രവചനം പുലര്‍ന്നു. പേര്‍ഷ്യന്‍ ചക്രവര്‍ത്തി ഷാപ്പൂര്‍ സ്വപുത്രന്‍ ശേറവൈഹിയുടെ കൈയാല്‍ ചിത്രവധം നടത്തപ്പെടുകയും സാമ്രാജ്യം ഛിന്നഭിന്നമാവുകയും ചെയ്തു. പന്തയം ജയിച്ചുകിട്ടിയ നൂറ് ഒട്ടകം സ്വിദ്ദീഖ്(റ) ദാനം ചെയ്തു. പുണ്യഗ്രന്ഥത്തിന്റെ സുപ്രധാന അമാനുഷികതകളിലൊന്നാണ് ഗൗരവതരമായ ഈ പ്രവചനം.

الٓمٓ ۝١
غُلِبَتِ ٱلرُّومُ ۝٢
فِيٓ أَدۡنَى ٱلۡأَرۡضِ وَهُم مِّنۢ بَعۡدِ غَلَبِهِمۡ سَيَغۡلِبُونَ ۝٣
فِي بِضۡعِ سِنِينَۗ لِلَّهِ ٱلۡأَمۡرُ مِن قَبۡلُ وَمِنۢ بَعۡدُۚ وَيَوۡمَئِذٖ يَفۡرَحُ ٱلۡمُؤۡمِنُونَ ۝٤
بِنَصۡرِ ٱللَّهِۚ يَنصُرُ مَن يَشَآءُۖ وَهُوَ ٱلۡعَزِيزُ ٱلرَّحِيمُ ۝٥
وَعۡدَ ٱللَّهِۖ لَا يُخۡلِفُ ٱللَّهُ وَعۡدَهُۥ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ۝٦
يَعۡلَمُونَ ظَٰهِرٗا مِّنَ ٱلۡحَيَوٰةِ ٱلدُّنۡيَا وَهُمۡ عَنِ ٱلۡأٓخِرَةِ هُمۡ غَٰفِلُونَ ۝٧
8–10

ഈ നിഷേധികള്‍ സ്വയമേവ ചിന്തിച്ചു നോക്കുന്നില്ലേ? ഭുവന-വാനങ്ങളും അവയ്ക്കിടയിലുള്ളതും സത്യനിഷ്ഠയോടും നിശ്ചിതാവധിയോടും കൂടിയല്ലാതെ അല്ലാഹു സൃഷ്ടിച്ചിട്ടില്ല. മനുഷ്യരില്‍ മിക്കവരും തങ്ങളുടെ നാഥനുമായുള്ള പാരത്രിക ദര്‍ശനത്തില്‍ അവിശ്വസിക്കുന്നവര്‍ തന്നെയത്രേ. ഭൂമിയില്‍ യാത്ര ചെയ്ത് തങ്ങളുടെ പൂര്‍വികരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് അവര്‍ ചിന്തിച്ചു നോക്കുന്നില്ലേ? അവര്‍ ഇവരെക്കാള്‍ അതിശക്തരായിരുന്നു. അവര്‍ ഭൂമി ഉഴുതുമറിക്കുകയും ഇവരെക്കാളേറെ അതിനെ പരിപാലിക്കുകയും ചെയ്തു. പ്രവാചകന്മാര്‍ ദിവ്യദൃഷ്ടാന്തങ്ങളുമായി അവരെ സമീപിക്കുകയുമുണ്ടായി. അല്ലാഹു യാതൊരക്രമവും അവരോട് ചെയ്തിട്ടില്ല; പ്രത്യുത അവര്‍ സ്വന്തത്തോടുതന്നെ അതിക്രമം കാട്ടുകയായിരുന്നു. പിന്നെ ആ അധര്‍മകാരികളുടെ പരിണതി ഏറെ ഹീനമായിരുന്നു-അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്തുകൊണ്ടിരുന്നതിനാലത്രേ അത്.3

1 വിശദീകരണം കാണുക

3. ഏതു നിഷേധിയും പ്രാപഞ്ചിക പ്രതിഭാസങ്ങളെ പറ്റി ചിന്തിക്കുകയാണെങ്കില്‍ അല്ലാഹു കനിഞ്ഞേകിയ സന്മാര്‍ഗം പുല്‍കാന്‍ സന്നദ്ധനാകും. ഭൂമി, ആകാശം, സൂര്യ-ചന്ദ്ര-നക്ഷത്രങ്ങള്‍, തോട്-നദി-സമുദ്രം, പര്‍വതങ്ങള്‍, മരുഭൂമികള്‍, മരുപ്പച്ചകള്‍, പക്ഷിപറവകള്‍, ജന്തുജാലങ്ങള്‍... എന്തെല്ലാം! സ്വശരീരത്തിലെ ഒരു കോശം, ഒരു തുള്ളി രക്തത്തിന്റെ ഉള്ളടക്കങ്ങള്‍!... ധിക്കാരവും നിഷേധവും മൂത്തപ്പോള്‍, ഇവരെക്കാള്‍ ശക്തരായിരുന്ന പല ജനപഥങ്ങളെയും താന്‍ നശിപ്പിച്ചിട്ടുണ്ടെന്ന തിക്തവസ്തുതയിലേക്ക് അല്ലാഹു ശ്രദ്ധ ക്ഷണിക്കുകയാണ്.

أَوَلَمۡ يَتَفَكَّرُواْ فِيٓ أَنفُسِهِمۗ مَّا خَلَقَ ٱللَّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَآ إِلَّا بِٱلۡحَقِّ وَأَجَلٖ مُّسَمّٗىۗ وَإِنَّ كَثِيرٗا مِّنَ ٱلنَّاسِ بِلِقَآيِٕ رَبِّهِمۡ لَكَٰفِرُونَ ۝٨
أَوَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبۡلِهِمۡۚ كَانُوٓاْ أَشَدَّ مِنۡهُمۡ قُوَّةٗ وَأَثَارُواْ ٱلۡأَرۡضَ وَعَمَرُوهَآ أَكۡثَرَ مِمَّا عَمَرُوهَا وَجَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِۖ فَمَا كَانَ ٱللَّهُ لِيَظۡلِمَهُمۡ وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ ۝٩
ثُمَّ كَانَ عَٰقِبَةَ ٱلَّذِينَ أَسَٰٓـُٔواْ ٱلسُّوٓأَىٰٓ أَن كَذَّبُواْ بِـَٔايَٰتِ ٱللَّهِ وَكَانُواْ بِهَا يَسۡتَهۡزِءُونَ ۝١٠
11–19

അല്ലാഹു സൃഷ്ടികര്‍മം ആരംഭിക്കുകയും അതാവര്‍ത്തിക്കുകയും ചെയ്യുന്നു. പിന്നീട് അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുക. ഖിയാമനാള്‍ നിലവില്‍ വരുമ്പോള്‍ അധര്‍മകാരികള്‍ ഭഗ്നാശരായിത്തീരുന്നതാണ്. തങ്ങള്‍ പങ്കാളികളാക്കിവെച്ചവയില്‍ നിന്ന് അവര്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ ആരുമുണ്ടാകുന്നതല്ല. ആ പങ്കാളികളെ തന്നെ അവര്‍ നിഷേധിക്കുന്നവരാകും. അന്ത്യനാള്‍ സംജാതമാകുന്ന അന്ന് അവര്‍ വേര്‍പിരിയുന്നതായിരിക്കും.4
എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ സ്വര്‍ഗീയോദ്യാനത്തില്‍ ആഹ്ലാദിക്കുന്നതാണ്. സത്യത്തെ നിഷേധിക്കുകയും നമ്മുടെ സൂക്തങ്ങളും പാരത്രിക സംഗമവും വ്യാജമാക്കുകയും ചെയ്തവരാരോ, അവര്‍ ശിക്ഷയില്‍ സന്നിഹിതരാക്കപ്പെടും. അതുകൊണ്ട് പ്രഭാത-പ്രദോഷങ്ങളിലും സായാഹ്ന-മധ്യാഹ്നങ്ങളിലും നിങ്ങള്‍ അല്ലാഹുവിന്റെ മഹത്ത്വം വാഴ്ത്തുക; ഭുവന-വാനങ്ങളിലുള്ള സ്‌തോത്രങ്ങളത്രയും അവന്നുള്ളതാണ്. ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതിനെയും ജീവനുള്ളതില്‍ നിന്ന് നിര്‍ജീവമായതിനെയും അവന്‍ പുറത്തുകൊണ്ടുവരുന്നു. നിര്‍ജീവാവസ്ഥക്കു ശേഷം ഭൂമിയെ അവന്‍ ഉജ്ജീവിപ്പിക്കുന്നു-ഇതുപോലെ, നിങ്ങളും പുറത്തുകൊണ്ടുവരപ്പെടും.5

2 വിശദീകരണങ്ങൾ കാണുക

4. ചിരിച്ചുകളിച്ച് ആനന്ദിച്ചാഹ്ലാദിച്ച് ഒറ്റക്കെട്ടായി ദുര്‍മാര്‍ഗത്തില്‍ കഴിഞ്ഞ നിഷേധികള്‍ ഖിയാമനാളില്‍ ആശമുറിഞ്ഞവരും ഛിന്നഭിന്നരുമായിത്തീരും. മഹ്ശറില്‍ ഹാജറാക്കപ്പെടുന്ന മനുഷ്യ കുലത്തിലെ വിശ്വാസികള്‍ സമുന്നത സ്വര്‍ഗങ്ങളിലും അവിശ്വാസികള്‍ നരകഗര്‍ത്തങ്ങളിലുമായി വേര്‍പെടുമെന്നാണ് ഇമാം ഹസനുല്‍ബസ്വ്‌രീയുടെ വ്യാഖ്യാനം.

5. എത്ര ചിന്തോദ്ദീപകമായ പ്രക്രിയകളാണ് അനുനിമിഷം മനുഷ്യനു മുമ്പില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്! ചെടിയില്‍ നിന്നു വിത്ത്, വിത്തില്‍ നിന്ന് ചെടി; മരത്തില്‍ നിന്ന് കുരു, കുരുവില്‍ നിന്ന് മരം; മനുഷ്യനില്‍ നിന്ന് ഇന്ദ്രിയം, ഇന്ദ്രിയത്തില്‍ നിന്ന് മനുഷ്യന്‍; പക്ഷിയില്‍ നിന്നു മുട്ട, മുട്ട വിരിഞ്ഞ് പക്ഷി... ഈ പ്രക്രിയ നിരന്തരമായി ലോകത്ത് നടക്കുന്നു. അല്ലാഹുവാണല്ലോ ഇതൊക്കെ സംവിധാനിച്ചിരിക്കുന്നത്. ഇത്തരമൊരു മഹച്ഛക്തിക്ക് മരിച്ചുപോയ മനുഷ്യനെ പുനര്‍ജീവിപ്പിക്കാന്‍ കഴിയുമോ എന്നതില്‍ സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും സന്ദേഹം പ്രകടിപ്പിക്കുകയോ തര്‍ക്കം നടത്തുകയോ ചെയ്യുമോ?

ٱللَّهُ يَبۡدَؤُاْ ٱلۡخَلۡقَ ثُمَّ يُعِيدُهُۥ ثُمَّ إِلَيۡهِ تُرۡجَعُونَ ۝١١
وَيَوۡمَ تَقُومُ ٱلسَّاعَةُ يُبۡلِسُ ٱلۡمُجۡرِمُونَ ۝١٢
وَلَمۡ يَكُن لَّهُم مِّن شُرَكَآئِهِمۡ شُفَعَٰٓؤُاْ وَكَانُواْ بِشُرَكَآئِهِمۡ كَٰفِرِينَ ۝١٣
وَيَوۡمَ تَقُومُ ٱلسَّاعَةُ يَوۡمَئِذٖ يَتَفَرَّقُونَ ۝١٤
فَأَمَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ فَهُمۡ فِي رَوۡضَةٖ يُحۡبَرُونَ ۝١٥
وَأَمَّا ٱلَّذِينَ كَفَرُواْ وَكَذَّبُواْ بِـَٔايَٰتِنَا وَلِقَآيِٕ ٱلۡأٓخِرَةِ فَأُوْلَٰٓئِكَ فِي ٱلۡعَذَابِ مُحۡضَرُونَ ۝١٦
فَسُبۡحَٰنَ ٱللَّهِ حِينَ تُمۡسُونَ وَحِينَ تُصۡبِحُونَ ۝١٧
وَلَهُ ٱلۡحَمۡدُ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَعَشِيّٗا وَحِينَ تُظۡهِرُونَ ۝١٨
يُخۡرِجُ ٱلۡحَيَّ مِنَ ٱلۡمَيِّتِ وَيُخۡرِجُ ٱلۡمَيِّتَ مِنَ ٱلۡحَيِّ وَيُحۡيِ ٱلۡأَرۡضَ بَعۡدَ مَوۡتِهَاۚ وَكَذَٰلِكَ تُخۡرَجُونَ ۝١٩
20–27

നിങ്ങളെ മണ്ണില്‍ നിന്നാണവന്‍ സൃഷ്ടിച്ചത്; എന്നിട്ട് നിങ്ങളതാ എങ്ങും സഞ്ചരിച്ചെത്തുന്ന മര്‍ത്യകുലമായിരിക്കുന്നു! അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണിത്.6
ഇണകളുമായി സംഗമിച്ച് സമാധാന ജീവിതമാസ്വദിക്കാനായി സ്വന്തത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചു തന്നതും പരസ്പര സ്‌നേഹവും കാരുണ്യവും നിക്ഷേപിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയത്രേ. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ഇതില്‍ പാഠങ്ങളുണ്ട്, തീര്‍ച്ച. ഭുവന-വാനങ്ങളുടെ സൃഷ്ടിപ്പും നിങ്ങളുടെ ഭാഷാ-വര്‍ണ വൈജാത്യവും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്; അറിവുള്ളവര്‍ക്ക് അതില്‍ തീര്‍ച്ചയായും പാഠങ്ങളുണ്ട്. നിങ്ങള്‍ രാത്രിയും പകലും നിദ്രകൊള്ളുന്നതും അവന്റെ ഔദാര്യങ്ങളില്‍ നിന്ന് ഉപജീവനമന്വേഷിക്കുന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. സത്യം ശ്രവിച്ച് വസ്തുതകള്‍ ഗ്രഹിക്കുന്നവര്‍ക്ക് അതില്‍ പാഠങ്ങളുണ്ട്. ആശങ്കയും ആശയും ജനിപ്പിച്ച് നിങ്ങള്‍ക്ക് മിന്നല്‍ കാണിക്കുന്നതും അന്തരീക്ഷത്തില്‍ നിന്ന് മഴ വര്‍ഷിക്കയും തന്മൂലം നിര്‍ജീവസ്ഥിതിക്കു ശേഷം ഉജ്ജീവനം നല്‍കുകയും ചെയ്യുന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രേ. ചിന്തിച്ച് വിഷയങ്ങള്‍ ഗ്രഹിക്കുന്നവര്‍ക്ക് ഇതില്‍ പാഠങ്ങളുണ്ട്, തീര്‍ച്ച! അവന്റെ വിധിയനുസരിച്ച് ആകാശങ്ങളും ഭൂമിയും നിലനിന്നു വരുന്നതും ദൈവിക ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെ. ഇനി, ഒരു വിളിയുണ്ടാകുമ്പോള്‍ നിങ്ങളതാ ഭൂഗര്‍ഭത്തില്‍ നിന്ന് ബഹിര്‍ഗമിക്കുന്നു!7
ഭുവന-വാനങ്ങളിലുള്ളവരൊക്കെയും അവന്റേതാണ്; സര്‍വരും അവന്നു കീഴടങ്ങുന്നവരത്രേ. അവനാണ് സൃഷ്ടികര്‍മം ആരംഭിക്കുന്നത്; ഇനിയതാവര്‍ത്തിക്കുകയും ചെയ്യും-അതവന് ഏറെ സുഗമമത്രേ. ഭുവന-വാനങ്ങളില്‍ അത്യുന്നത വിശേഷണമാണവന്നുള്ളത്. പ്രതാപശാലിയും യുക്തിമാനുമാണവന്‍8

3 വിശദീകരണങ്ങൾ കാണുക

6. നിഷ്പക്ഷനായി ചിന്തിക്കുന്ന മനുഷ്യന് ഗ്രഹിച്ച് പാഠമുള്‍ക്കൊള്ളാന്‍ പര്യാപ്തമായ ഏതാനും സംഗതികളിലേക്ക് ശ്രദ്ധ ക്ഷണിക്കയാണിവിടെ അല്ലാഹു. മനുഷ്യപിതാവ് ആദംനബി(അ)യെ മണ്ണില്‍ നിന്നു സൃഷ്ടിച്ചു എന്നതാണ് ആദ്യം പറയുന്നത്. എന്നിട്ട് ആ മനുഷ്യന്‍ ഇന്ന് ഉദയസൂര്യന്റെ ചുവട്ടിലെങ്ങും പടര്‍ന്ന് പന്തലിച്ചിരിക്കുകയാണ്. ശാസ്ത്ര-സാങ്കേതിക നേട്ടങ്ങളും ലോകത്തിന്റെ സര്‍വതോന്മുഖ പുരോഗതിയും ഈ മാനവിക സഞ്ചാരത്തിലൂടെയാണല്ലോ സംജാതമാകുന്നത്!

7. അന്യസ്ത്രീയും പുരുഷനും വിവാഹത്തിലൂടെ സംഗമിച്ച് പുതിയ തലമുറയും സമൂഹവും രൂപപ്പെടുന്നത്, ആകാശങ്ങളും ഭൂമിയും അവയിലുള്ളതും അത്യദ്ഭുതകരമായി ആവിഷ്‌കരിച്ചത്, ഒരേ മാതാപിതാക്കളുടെ മക്കള്‍ ഭിന്നഭാഷക്കാരും വര്‍ണക്കാരുമാകുന്നത്, കാറ്റും മഴയും, ഇടിയും മിന്നലും മഴയുമുണ്ടാകുന്നത്, രാത്രിയും പകലുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മനുഷ്യന്‍ ഉപജീവനം തേടുന്നത് തുടങ്ങി സര്‍വര്‍ക്കും സുപരിചിതമായ എന്തെല്ലാം ചിന്തോദ്ദീപക കാര്യങ്ങളുണ്ട്! പക്ഷേ, മിക്ക മനുഷ്യരും അതൊന്നും ചിന്താവിധേയമാക്കുന്നില്ല. മഹാ കഷ്ടം തന്നെ.

8. ഐഹിക ലോകത്ത് ചിന്താരാഹിത്യത്തിലും പൂര്‍ണാശ്രദ്ധയിലുമായി കഴിയുന്നവര്‍ പരലോകത്ത് ഹതാശരാകും. അല്ലാഹുവിന്റെ ഒരു വിളിയുണ്ടാവുകയേ വേണ്ടൂ- ക്ഷണ നേരം കൊണ്ട് സര്‍വരുമവിടെ ഹാജറാകും. 'പുനഃസൃഷ്ടി അല്ലാഹുവിന്ന് കൂടുതല്‍ എളുപ്പമാണ്' എന്ന പ്രയോഗം മനുഷ്യന്റെ സുപരിചിത രീതി പരിഗണിച്ചു പറഞ്ഞതാണ്. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഏത് സൃഷ്ടിപ്പായാലും സുഗമവും തുല്യവും തന്നെ.

وَمِنۡ ءَايَٰتِهِۦٓ أَنۡ خَلَقَكُم مِّن تُرَابٖ ثُمَّ إِذَآ أَنتُم بَشَرٞ تَنتَشِرُونَ ۝٢٠
وَمِنۡ ءَايَٰتِهِۦٓ أَنۡ خَلَقَ لَكُم مِّنۡ أَنفُسِكُمۡ أَزۡوَٰجٗا لِّتَسۡكُنُوٓاْ إِلَيۡهَا وَجَعَلَ بَيۡنَكُم مَّوَدَّةٗ وَرَحۡمَةًۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَتَفَكَّرُونَ ۝٢١
وَمِنۡ ءَايَٰتِهِۦ خَلۡقُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱخۡتِلَٰفُ أَلۡسِنَتِكُمۡ وَأَلۡوَٰنِكُمۡۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّلۡعَٰلِمِينَ ۝٢٢
وَمِنۡ ءَايَٰتِهِۦ مَنَامُكُم بِٱلَّيۡلِ وَٱلنَّهَارِ وَٱبۡتِغَآؤُكُم مِّن فَضۡلِهِۦٓۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَسۡمَعُونَ ۝٢٣
وَمِنۡ ءَايَٰتِهِۦ يُرِيكُمُ ٱلۡبَرۡقَ خَوۡفٗا وَطَمَعٗا وَيُنَزِّلُ مِنَ ٱلسَّمَآءِ مَآءٗ فَيُحۡيِۦ بِهِ ٱلۡأَرۡضَ بَعۡدَ مَوۡتِهَآۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَعۡقِلُونَ ۝٢٤
وَمِنۡ ءَايَٰتِهِۦٓ أَن تَقُومَ ٱلسَّمَآءُ وَٱلۡأَرۡضُ بِأَمۡرِهِۦۚ ثُمَّ إِذَا دَعَاكُمۡ دَعۡوَةٗ مِّنَ ٱلۡأَرۡضِ إِذَآ أَنتُمۡ تَخۡرُجُونَ ۝٢٥
وَلَهُۥ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ كُلّٞ لَّهُۥ قَٰنِتُونَ ۝٢٦
وَهُوَ ٱلَّذِي يَبۡدَؤُاْ ٱلۡخَلۡقَ ثُمَّ يُعِيدُهُۥ وَهُوَ أَهۡوَنُ عَلَيۡهِۚ وَلَهُ ٱلۡمَثَلُ ٱلۡأَعۡلَىٰ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ ۝٢٧
28–29

നിങ്ങളില്‍ നിന്നു തന്നെയുള്ള ഒരു ഉപമ ഇതാ അവന്‍ പ്രതിപാദിച്ചിരിക്കയാണ്: നിങ്ങള്‍ ഉടമപ്പെടുത്തിയിട്ടുള്ള അടിമകളില്‍ നാം നിങ്ങള്‍ക്കേകിയവയില്‍ തുല്യപങ്കാളിത്തമുള്ളവരും സ്വന്തക്കാരെയെന്ന പോലെ നിങ്ങള്‍ ഭയപ്പെടുന്നവരുമായി ആരെങ്കിലുമുണ്ടോ? ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ഇവ്വിധം നാം ദൃഷ്ടാന്തങ്ങള്‍ പ്രതിപാദിച്ചുകൊടുക്കുന്നു. പക്ഷേ, അതിക്രമകാരികള്‍ അജ്ഞരായി സ്വേച്ഛകള്‍ പിന്തുടരുകയാണ്. അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കിയവനെ ആര്‍ക്കാണ് മാര്‍ഗദര്‍ശനം ചെയ്യാനാവുക? അത്തരക്കാര്‍ക്ക് യാതൊരു സഹായിയും ഉണ്ടായിരിക്കയില്ല9

1 വിശദീകരണം കാണുക

9. തന്റെ സമ്പാദ്യങ്ങളിലും സ്വത്തുക്കളിലും സ്വന്തം അടിമയെ പങ്കാളിയാക്കുകയോ അവനെ എന്തിന്റെയെങ്കിലും പേരില്‍ ഭയപ്പെടുകയോ ചെയ്യുന്ന ഒരു ധനികനുമുണ്ടാവില്ല. എന്നാല്‍, മനുഷ്യരെല്ലാം അല്ലാഹുവിന്റെ അടിമകളായിട്ടും അവനുള്ള തൗഹീദിലും ആരാധനയിലും ചിലയാളുകള്‍ മറ്റുള്ളവരെ പങ്കുചേര്‍ക്കുന്നു. എന്തൊരു മൗഢ്യമാണിത്? സ്വന്തം കാര്യത്തിന് ഒരു നിലപാട്, അല്ലാഹുവിന്റെ കാര്യത്തില്‍ നേരെ മറിച്ചും-ഈ ഇരട്ടത്താപ്പ് എങ്ങനെ ന്യായീകരിക്കും?

ضَرَبَ لَكُم مَّثَلٗا مِّنۡ أَنفُسِكُمۡۖ هَل لَّكُم مِّن مَّا مَلَكَتۡ أَيۡمَٰنُكُم مِّن شُرَكَآءَ فِي مَا رَزَقۡنَٰكُمۡ فَأَنتُمۡ فِيهِ سَوَآءٞ تَخَافُونَهُمۡ كَخِيفَتِكُمۡ أَنفُسَكُمۡۚ كَذَٰلِكَ نُفَصِّلُ ٱلۡأٓيَٰتِ لِقَوۡمٖ يَعۡقِلُونَ ۝٢٨
بَلِ ٱتَّبَعَ ٱلَّذِينَ ظَلَمُوٓاْ أَهۡوَآءَهُم بِغَيۡرِ عِلۡمٖۖ فَمَن يَهۡدِي مَنۡ أَضَلَّ ٱللَّهُۖ وَمَا لَهُم مِّن نَّٰصِرِينَ ۝٢٩
30–34

അതുകൊണ്ട് താങ്കള്‍ ഋജുമനസ്‌കനായി സ്വന്തത്തെ ദീനിന്നുനേരെ-അല്ലാഹു മനുഷ്യരെ സൃഷ്ടിച്ച ശുദ്ധപ്രകൃതത്തില്‍-പ്രതിഷ്ഠിക്കുക. അവന്റെ സൃഷ്ടിവ്യവസ്ഥക്ക് യാതൊരു ഭേദഗതിയുമുണ്ടാവില്ല. അതത്രേ നേര്‍ക്കുനേരെയുള്ള മതം; പക്ഷേ, മിക്കവരും യാഥാര്‍ത്ഥ്യം ഗ്രഹിക്കുന്നില്ല.10
അവനിലേക്ക് മടങ്ങിയവരാവുകയും അവനെ സൂക്ഷിക്കുകയും നമസ്‌കാരം നിലനിറുത്തുകയും ചെയ്യുക; ബഹുദൈവ വിശ്വാസികളിലുള്‍പെടരുത്-അതായത്, സ്വന്തം മതത്തെ ഛിദ്രിപ്പിച്ച് ഭിന്നവിഭാഗങ്ങളായവരില്‍. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ള വിശ്വാസാദര്‍ശങ്ങളില്‍ സന്തുഷ്ടരത്രേ.11
എന്തെങ്കിലും ദുരിതബാധയുണ്ടാകുമ്പോള്‍ മനുഷ്യര്‍ നാഥനിലേക്ക് തിരിഞ്ഞു ദുആചെയ്യും; എന്നാല്‍ തന്റെ കാരുണ്യം അവര്‍ക്കനുഭവിപ്പിക്കുമ്പോഴോ, അവരിലൊരു വിഭാഗമതാ ബഹുദൈവ വിശ്വാസികളായിത്തീരുന്നു! നാം നല്‍കിയ അനുഗ്രഹത്തിന് നന്ദികേട് കാട്ടുക എന്നതായിരിക്കും അതിന്റെ പരിണതി. അതുകൊണ്ട്, സുഖാസ്വാദനം നടത്തിക്കൊള്ളൂ, വഴിയെ നിങ്ങള്‍ വിവരമറിയുന്നതാണ്!12

3 വിശദീകരണങ്ങൾ കാണുക

10. മനുഷ്യപ്രകൃതി താല്‍പര്യപ്പെടുന്ന വിശ്വാസ-കര്‍മ സംഹിതകളാണ് ഇസ്‌ലാം. അത് സ്വമേധയാ സ്വീകരിക്കാന്‍പാകത്തില്‍ ജനിക്കുന്ന മാനവന്‍ പിന്നീട് പശ്ചാത്തല സമ്മര്‍ദ്ദങ്ങളാല്‍ വഴി തെറ്റിക്കപ്പെടുകയാണ് ചെയ്യുന്നത്: ഓരോ ശിശുവും പിറന്നുവീഴുന്നത് ശുദ്ധപ്രകൃതിയിലാണ്; പിന്നീട് മാതാപിതാക്കളാണ് അവനെ ജൂതനോ ക്രിസ്ത്യാനിയോ പാഴ്‌സിയോ ആക്കുന്നത് എന്ന നബിവചനം (ബുഖാരി) പ്രസിദ്ധമാണല്ലോ.

11. ജനങ്ങള്‍ ഒറ്റ സമുദായവും മതവുമായിരുന്നു(2:213). പിന്നീട് അവര്‍ തന്നെയാണ് ഛിദ്രതയും ഭിന്നിപ്പുമുണ്ടാക്കിയത്. ഓരോരുത്തരും തങ്ങളുടേതാണ് ശരിയും സത്യവുമെന്ന് പറയുന്നു. എന്നാല്‍ പ്രകൃതി ദൃഷ്ടാന്തങ്ങള്‍ ചിന്തിച്ച്, ദൈവിക മാര്‍ഗദര്‍ശനം സ്വീകരിച്ച് ജീവിക്കുകയാണ് വേണ്ടത്. അതാണ് ഇസ്‌ലാം.

12. അപകടങ്ങളും പ്രതിസന്ധികളുമുണ്ടാകുമ്പോള്‍ മുശ്‌രിക്കുകള്‍ ബിംബങ്ങളെ കൈവെടിഞ്ഞ് അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനോട് സഹായമര്‍ത്ഥിക്കുകയും ചെയ്യും; സുഭിക്ഷാവസ്ഥയില്‍ നിലപാട് മാറ്റും. ഇതിന്റെ അനന്തരഫലം ശാശ്വത നരകമായിരിക്കുമെന്ന് താക്കീത് നല്‍കുകയാണ്. സൂറത്തുല്‍അന്‍കബൂത്ത് സൂക്തം 65, 66ഉം വിശദീകരണവും നോക്കുക.

فَأَقِمۡ وَجۡهَكَ لِلدِّينِ حَنِيفٗاۚ فِطۡرَتَ ٱللَّهِ ٱلَّتِي فَطَرَ ٱلنَّاسَ عَلَيۡهَاۚ لَا تَبۡدِيلَ لِخَلۡقِ ٱللَّهِۚ ذَٰلِكَ ٱلدِّينُ ٱلۡقَيِّمُ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ۝٣٠
۞ مُنِيبِينَ إِلَيۡهِ وَٱتَّقُوهُ وَأَقِيمُواْ ٱلصَّلَوٰةَ وَلَا تَكُونُواْ مِنَ ٱلۡمُشۡرِكِينَ ۝٣١
مِنَ ٱلَّذِينَ فَرَّقُواْ دِينَهُمۡ وَكَانُواْ شِيَعٗاۖ كُلُّ حِزۡبِۭ بِمَا لَدَيۡهِمۡ فَرِحُونَ ۝٣٢
وَإِذَا مَسَّ ٱلنَّاسَ ضُرّٞ دَعَوۡاْ رَبَّهُم مُّنِيبِينَ إِلَيۡهِ ثُمَّ إِذَآ أَذَاقَهُم مِّنۡهُ رَحۡمَةً إِذَا فَرِيقٞ مِّنۡهُم بِرَبِّهِمۡ يُشۡرِكُونَ ۝٣٣
لِيَكۡفُرُواْ بِمَآ ءَاتَيۡنَٰهُمۡۚ فَتَمَتَّعُواْ فَسَوۡفَ تَعۡلَمُونَ ۝٣٤
35–37

അതല്ല, അല്ലാഹുവിന് പങ്കാളികളെ വരിക്കാന്‍ നിര്‍ദ്ദേശിക്കുന്ന എന്തെങ്കിലും പ്രമാണം നാമവര്‍ക്ക് അവതരിപ്പിച്ചുകൊടുത്തിട്ടുണ്ടോ?13
എന്തെങ്കിലും അനുഗ്രഹം മനുഷ്യര്‍ക്കു നാം ആസ്വദിപ്പിക്കുന്നുവെങ്കില്‍ അവരതില്‍ ആഹ്ലാദഭരിതരാകും; പ്രത്യുത, സ്വയംകൃതാനര്‍ത്ഥഫലമായി വല്ല വിപത്തും പിടികൂടിയാലോ, അവരതാ ഭഗ്നാശരായിത്തീരുന്നു! താനുദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു ഉപജീവനം പ്രവിശാലമാക്കുകയും മറ്റുചിലര്‍ക്ക് സങ്കുചിതമാക്കുകയും ചെയ്യുന്നതവര്‍ കാണുന്നില്ലേ? വിശ്വാസം കൈക്കൊള്ളുന്നവര്‍ക്ക് നിശ്ചയം ഇതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.14

2 വിശദീകരണങ്ങൾ കാണുക

13. മര്‍ത്യകുലത്തിലെ മിക്കവരും ബഹുദൈവാരാധകരാണ്. ചിന്താശേഷി കനിഞ്ഞേകപ്പെട്ട മനുഷ്യരാണ് ഈ ബുദ്ധിശൂന്യനടപടി ചെയ്യുന്നത്. ഇതിന്നനുകൂലമായ എന്തെങ്കിലും പ്രമാണം അവരുടെ പക്കലുണ്ടോ എന്നു ചോദിക്കുകയാണ്. യാതൊരു പിന്‍ബലവുമില്ലാത്ത ബുദ്ധിശൂന്യതയും മൗഢ്യവുമാണതെന്നര്‍ത്ഥം.

14. അല്ലാഹുവിന്റെ ക്രമീകരണങ്ങള്‍ മാത്രമാണ് സൃഷ്ടികളില്‍ നടക്കുക. മനുഷ്യനും അങ്ങനെ തന്നെ. സുഭിക്ഷതയില്‍ അഹങ്കരിക്കാനോ പരീക്ഷണങ്ങളില്‍ ഇച്ഛാഭംഗമുണ്ടാകാനോ പാടില്ല. നന്മകൊണ്ടും തിന്മകൊണ്ടും നിങ്ങളെ നാം പരീക്ഷിക്കും; നമ്മിലേക്കാണ് നിങ്ങള്‍ മടക്കപ്പെടുക- ഖുര്‍ആന്‍ 21:35.

أَمۡ أَنزَلۡنَا عَلَيۡهِمۡ سُلۡطَٰنٗا فَهُوَ يَتَكَلَّمُ بِمَا كَانُواْ بِهِۦ يُشۡرِكُونَ ۝٣٥
وَإِذَآ أَذَقۡنَا ٱلنَّاسَ رَحۡمَةٗ فَرِحُواْ بِهَاۖ وَإِن تُصِبۡهُمۡ سَيِّئَةُۢ بِمَا قَدَّمَتۡ أَيۡدِيهِمۡ إِذَا هُمۡ يَقۡنَطُونَ ۝٣٦
أَوَلَمۡ يَرَوۡاْ أَنَّ ٱللَّهَ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يُؤۡمِنُونَ ۝٣٧
38–39

അതുകൊണ്ട് അടുത്ത ബന്ധുക്കള്‍ക്കും അഗതികള്‍ക്കും യാത്രക്കാര്‍ക്കും അവരുടെ അവകാശം താങ്കള്‍ നല്‍കുക; അല്ലാഹുവിന്റെ സംതൃപ്തി കാംക്ഷിക്കുന്നവര്‍ക്ക് അതാണ് ശ്രേഷ്ഠം. അവര്‍ തന്നെയത്രേ വിജയികള്‍. ജനങ്ങളുടെ സമ്പത്തില്‍ നിന്ന് എന്തെങ്കിലും വര്‍ധനവ് തിരിച്ചുലഭിക്കാനായി നിങ്ങള്‍ നല്‍കുന്നുവെങ്കില്‍ അല്ലാഹുവിന്റെയടുത്ത് യാതൊരു വര്‍ധനവും അതിലുണ്ടാവുകയില്ല; പ്രത്യുത അവന്റെ സംതൃപ്തി കാംക്ഷിച്ചു കൊടുത്താല്‍, അവര്‍ തന്നെയത്രേ ഇരട്ടിപ്പിക്കുന്നവര്‍.15

1 വിശദീകരണം കാണുക

15. ഇന്നത്തെ ശാസ്ത്രീയ ജാഹിലിയ്യത്തിലെന്ന പോലെ പുരാതന അറേബ്യന്‍ ജാഹിലിയ്യത്തിലും പലിശ സാര്‍വത്രികമായിരുന്നു. അത് നിരുത്സാഹപ്പെടുത്തിയും അധിക്ഷേപിച്ചുമുള്ള ആദ്യ മക്കീ ഖുര്‍ആന്‍ സൂക്തമാണിത്. തുടര്‍ന്ന് മദീനയില്‍ വെച്ച് ആലുഇംറാന്‍ 130ലും അല്‍ബഖറ 275-281 ലും ഒട്ടേറെ നബിവചനങ്ങളിലുമായി ഹീനമായ ഈ ചൂഷണം ഇസ്‌ലാം നിരോധിച്ചു. ജലരേഖയാകുന്ന നിയമപ്രഖ്യാപനമല്ല, വിജയകരമായ പ്രയോഗ വല്‍ക്കരണം തന്നെയായിരുന്നു അത്.

فَـَٔاتِ ذَا ٱلۡقُرۡبَىٰ حَقَّهُۥ وَٱلۡمِسۡكِينَ وَٱبۡنَ ٱلسَّبِيلِۚ ذَٰلِكَ خَيۡرٞ لِّلَّذِينَ يُرِيدُونَ وَجۡهَ ٱللَّهِۖ وَأُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ ۝٣٨
وَمَآ ءَاتَيۡتُم مِّن رِّبٗا لِّيَرۡبُوَاْ فِيٓ أَمۡوَٰلِ ٱلنَّاسِ فَلَا يَرۡبُواْ عِندَ ٱللَّهِۖ وَمَآ ءَاتَيۡتُم مِّن زَكَوٰةٖ تُرِيدُونَ وَجۡهَ ٱللَّهِ فَأُوْلَٰٓئِكَ هُمُ ٱلۡمُضۡعِفُونَ ۝٣٩
40–41

അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചതും പിന്നീട് ഉപജീവനം നല്‍കുന്നതും പിന്നെ മരിപ്പിക്കുന്നതും വഴിയെ പുനര്‍ജീവിപ്പിക്കുന്നതും. ഇതിലേതെങ്കിലുമൊന്ന് ചെയ്യുന്ന ആരെങ്കിലും നിങ്ങളുടെ പരദൈവങ്ങളിലുണ്ടോ? അല്ലാഹു എത്രമേല്‍ പരിശുദ്ധന്‍! അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നൊക്കെ സമുന്നതനത്രേ അവന്‍. മനുഷ്യന്റെ സ്വയംകൃതാനര്‍ത്ഥങ്ങള്‍ മൂലമാണ് കരയിലും കടലിലും വിനാശം പ്രകടമായിരിക്കുന്നത്. തങ്ങളുടെ ചില ചെയ്തികളുടെ ഫലം അവര്‍ക്കാസ്വദിപ്പിക്കാനത്രേ ഇത്; ഒരുവേള അവര്‍ മടങ്ങിയേക്കാമല്ലോ.16

1 വിശദീകരണം കാണുക

16. എത്രയെത്ര നാശ-നഷ്ടങ്ങളും അഹിതകാര്യങ്ങളും കുഴപ്പങ്ങളുമാണ് അനുനിമിഷം ലോകത്ത് നടക്കുന്നത്! അപകടങ്ങള്‍, അത്യാഹിതങ്ങള്‍, ഭൂകമ്പങ്ങള്‍, കൊടുങ്കാറ്റുകള്‍, അതിവൃഷ്ടി.... മനുഷ്യരുടെ പാപ കര്‍മങ്ങളും കുറ്റകൃത്യങ്ങളും പാതകങ്ങളുമാണിതിന്നു കാരണം. അല്‍പമെങ്കിലും ചിന്തിക്കാന്‍ തയ്യാറാകുന്നവര്‍ അല്ലാഹുവിനോടുള്ള വിധേയത്വവും പ്രതിബദ്ധതയും അടിമത്തവും കണ്ടെത്തി സന്മാര്‍ഗ പ്രാപ്തരാകാന്‍ ഇതു വഴിതെളിക്കും. ഇത്തരം അനുഭവങ്ങള്‍ പലര്‍ക്കുമുണ്ടാകും. 29-ാം അധ്യായത്തിലെ 40-ാം വചനത്തിന്റെ കുറിപ്പ് (നമ്പര്‍:19) കാണുക.

ٱللَّهُ ٱلَّذِي خَلَقَكُمۡ ثُمَّ رَزَقَكُمۡ ثُمَّ يُمِيتُكُمۡ ثُمَّ يُحۡيِيكُمۡۖ هَلۡ مِن شُرَكَآئِكُم مَّن يَفۡعَلُ مِن ذَٰلِكُم مِّن شَيۡءٖۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشۡرِكُونَ ۝٤٠
ظَهَرَ ٱلۡفَسَادُ فِي ٱلۡبَرِّ وَٱلۡبَحۡرِ بِمَا كَسَبَتۡ أَيۡدِي ٱلنَّاسِ لِيُذِيقَهُم بَعۡضَ ٱلَّذِي عَمِلُواْ لَعَلَّهُمۡ يَرۡجِعُونَ ۝٤١
42–46

നബീ, പ്രഖ്യാപിക്കുക: നിങ്ങള്‍ ഭൂമിയില്‍ യാത്ര ചെയ്യുകയും പൂര്‍വികരുടെ പരിണതി എങ്ങനെയായിരുന്നു എന്ന് നോക്കുകയും ചെയ്യുക. അവര്‍ മിക്കവരും ബഹുദൈവ വിശ്വാസികളായിരുന്നു. അതുകൊണ്ട്, അല്ലാഹുവിങ്കല്‍ നിന്ന്, അപ്രതിരോധ്യമായൊരു നാള്‍ വന്നെത്തും മുമ്പേ സ്വന്തത്തെ ഋജുവായ മതത്തില്‍ അടിയുറപ്പിച്ചു നിറുത്തുക. ആളുകള്‍ അന്ന് വേര്‍പെട്ടു നില്‍ക്കുന്നതാണ്.17
ആരെങ്കിലും നന്ദികേട് കാട്ടിയാല്‍ ആ നിഷേധത്തിന്റെ ഫലം അവന്നുതന്നെ. വല്ലവരും ഉദാത്തകര്‍മങ്ങളനുഷ്ഠിക്കുന്നുവെങ്കില്‍ സ്വന്തത്തിന് വേണ്ടിത്തന്നെ സുഖജീവിതം സജ്ജീകരിക്കുകയാണവര്‍. സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് തന്റെ ഔദാര്യത്താല്‍ പ്രതിഫലം നല്‍കുന്നതിനത്രേ ഇത്. നിഷേധികളെ അവന്‍ ഇഷ്ടപ്പെടുകയേയില്ല. അവന്‍ കാറ്റുകളയക്കുന്നത് മഹാദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രേ-മഴയെക്കുറിച്ച ശുഭസൂചകമായും തന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങളെ ആസ്വദിപ്പിക്കാനായും തന്റെ ആജ്ഞാനുസൃതം ജലയാനങ്ങള്‍ സഞ്ചരിപ്പിക്കാനായും തന്റെ ഔദാര്യത്തില്‍ നിന്ന് നിങ്ങള്‍ ഉപജീവന മാര്‍ഗങ്ങള്‍ തേടാനായും നിങ്ങള്‍ കൃതജ്ഞത പ്രകാശിപ്പിക്കുന്നവരാകാനും.18

2 വിശദീകരണങ്ങൾ കാണുക

17. അഹങ്കാരത്തിന്റെയും നിഷേധത്തിന്റെയും സകലസീമകളും മദോന്മത്തരായി മറികടന്ന നിരവധി നിഷേധീസമൂഹങ്ങളെ അല്ലാഹു കൂട്ടസംഹരണത്തിന് വിധേയമാക്കിയ ഒട്ടേറെ സംഭവങ്ങളും സ്ഥലങ്ങളുമുണ്ട്. അവയൊക്കെ നടന്നുകണ്ട് ചിന്തിച്ചു പാഠമുള്‍ക്കൊള്ളണം. ഇനി, പരലോകത്ത് അപ്രതിരോധ്യ ശിക്ഷയും നരകവും അത്തരക്കാര്‍ക്ക് വരാനുണ്ട്. വിജയികളും പരാജിതരുമായി രണ്ട് ചേരിയായി മനുഷ്യര്‍ വേര്‍തിരിച്ചു നിറുത്തപ്പെടുന്ന ആ ഭയാനക ദിനത്തിലെ മോക്ഷത്തിനായി ഇവിടന്നുതന്നെ വഴിയൊരുക്കേണ്ടതുണ്ട്.

18. കാറ്റ് എന്ന മഹാ പ്രതിഭാസത്തെ പറ്റിയുള്ള ഒരു ചെറുസൂചനയാണിവിടെ നല്‍കുന്നത്. അങ്ങനെയൊന്നില്ലായിരുന്നുവെങ്കില്‍ ഒരു ജന്തുവിഭാഗത്തിനും നിലനില്‍പ്പുണ്ടാവില്ല. ഇനി 48, 49 സൂക്തങ്ങളിലും ഇത് പരാമര്‍ശിക്കുന്നുണ്ട്. ദൈനംദിനം കണ്ടുകൊണ്ടിരിക്കുന്നതാകയാല്‍ ആരുംതന്നെ ഈ മഹാപ്രതിഭാസം ചിന്താവിധേയമാക്കുന്നില്ല. സൃഷ്ടിവ്യൂഹത്തിന്റെ നിലനില്‍പിന് അനിവാര്യമായ ഈ കാറ്റുതന്നെ ശക്തികൂടിയാലോ? കൊടുങ്കാറ്റായി മാറുന്നു; സര്‍വജീവികളും ഭയന്ന് വിറക്കുന്നു; ഏത് വന്‍ശക്തിയും ദുര്‍ബലമായിത്തീരുന്നു. അല്ലാഹു എത്ര മഹോന്നതന്‍!

قُلۡ سِيرُواْ فِي ٱلۡأَرۡضِ فَٱنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبۡلُۚ كَانَ أَكۡثَرُهُم مُّشۡرِكِينَ ۝٤٢
فَأَقِمۡ وَجۡهَكَ لِلدِّينِ ٱلۡقَيِّمِ مِن قَبۡلِ أَن يَأۡتِيَ يَوۡمٞ لَّا مَرَدَّ لَهُۥ مِنَ ٱللَّهِۖ يَوۡمَئِذٖ يَصَّدَّعُونَ ۝٤٣
مَن كَفَرَ فَعَلَيۡهِ كُفۡرُهُۥۖ وَمَنۡ عَمِلَ صَٰلِحٗا فَلِأَنفُسِهِمۡ يَمۡهَدُونَ ۝٤٤
لِيَجۡزِيَ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ مِن فَضۡلِهِۦٓۚ إِنَّهُۥ لَا يُحِبُّ ٱلۡكَٰفِرِينَ ۝٤٥
وَمِنۡ ءَايَٰتِهِۦٓ أَن يُرۡسِلَ ٱلرِّيَاحَ مُبَشِّرَٰتٖ وَلِيُذِيقَكُم مِّن رَّحۡمَتِهِۦ وَلِتَجۡرِيَ ٱلۡفُلۡكُ بِأَمۡرِهِۦ وَلِتَبۡتَغُواْ مِن فَضۡلِهِۦ وَلَعَلَّكُمۡ تَشۡكُرُونَ ۝٤٦
47

അങ്ങേയ്ക്കു മുമ്പ് പല ദൂതന്മാരെയും അവരുടെ സമൂഹങ്ങളിലേക്ക് നാം നിയോഗിച്ചിട്ടുണ്ട്; എന്നിട്ട്, പ്രസ്പഷ്ട ദൃഷ്ടാന്തങ്ങളുമായി അവര്‍ ആ ജനപഥങ്ങളെ സമീപിച്ചു. അങ്ങനെ, അധര്‍മകാരികളില്‍ നാം ശിക്ഷാവിധി നടപ്പാക്കി. സത്യവിശ്വാസികളെ സഹായിക്കുക എന്നത് നമ്മുടെ ബാധ്യതയത്രേ.19

1 വിശദീകരണം കാണുക

19. ഈ സൂക്തത്തിലെ അന്തിമ വചനം ഏറെ ചിന്തോദ്ദീപകവും അതേ സമയം സന്തോഷദായകവുമാണ്. ശരിയായ സത്യവിശ്വാസം വെച്ചുപുലര്‍ത്തുന്നവര്‍ ആരോ, അവരെ സഹായിയാക്കുക എന്നത് നമ്മുടെ ബാധ്യതയാണെന്നാണ് അല്ലാഹു പറയുന്നത്. നാമമാത്ര വിശ്വാസമല്ല, അടിയുറച്ച ഈമാന്‍. ഏത് പ്രതിസന്ധിയും അത്തരക്കാര്‍ നിഷ്പ്രയാസം തരണം ചെയ്യുന്നതാണ്.

وَلَقَدۡ أَرۡسَلۡنَا مِن قَبۡلِكَ رُسُلًا إِلَىٰ قَوۡمِهِمۡ فَجَآءُوهُم بِٱلۡبَيِّنَٰتِ فَٱنتَقَمۡنَا مِنَ ٱلَّذِينَ أَجۡرَمُواْۖ وَكَانَ حَقًّا عَلَيۡنَا نَصۡرُ ٱلۡمُؤۡمِنِينَ ۝٤٧
48–51

കാറ്റടിപ്പിക്കുന്നവന്‍ അല്ലാഹുവാണ്; അവ മേഘങ്ങളെ ഇളക്കിവിടുകയും താനുദ്ദേശിക്കും വിധം അന്തരീക്ഷത്തിലവ വ്യാപിപ്പിക്കുകയും ഛിന്നഭിന്നമാക്കുകയും ചെയ്യുന്നു. അങ്ങനെ, അവക്കിടയില്‍ നിന്ന് മഴത്തുള്ളികള്‍ ബഹിര്‍ഗമിക്കുന്നത് നിനക്കു കാണാം. തന്റെ ദാസരില്‍ നിന്ന് താനുദ്ദേശിച്ചവര്‍ക്ക് അവന്‍ അതെത്തിച്ചുകൊടുക്കുമ്പോള്‍ അവരതാ ആഹ്ലാദഭരിതരാകുന്നു; അത് വര്‍ഷിക്കുന്നതിന് മുമ്പ് അവര്‍ നിരാശര്‍ തന്നെയായിരുന്നു.20
അതുകൊണ്ട്, അല്ലാഹുവിന്റെ അനുഗ്രഹ ഫലങ്ങള്‍ നോക്കൂ: നിര്‍ജീവാവസ്ഥക്കു ശേഷം ഭൂമി എങ്ങനെയാണവന്‍ ഉജ്ജീവിപ്പിക്കുന്നത്? നിശ്ചയം, അവന്‍ മരണപ്പെട്ടവരെ പുനര്‍ജനിപ്പിക്കുക തന്നെ ചെയ്യും. സര്‍വകാര്യങ്ങള്‍ക്കും കഴിവുറ്റവനത്രേ അവന്‍. ഇനി, മറ്റൊരു കാറ്റടിപ്പിച്ചിട്ട് അവരുടെ കൃഷി നാം മഞ്ഞ നിറത്തിലുള്ളതാക്കിയാലോ, തദനന്തരവും നന്ദികേട് കാട്ടിക്കൊണ്ടേയിരിക്കും അവര്‍.21

2 വിശദീകരണങ്ങൾ കാണുക

20. അന്തരീക്ഷത്തില്‍ ഘനീഭവിച്ചു നില്‍ക്കുന്ന കാര്‍മേഘങ്ങളെ കാറ്റുകള്‍ ഛിന്നഭിന്നമാക്കി വ്യത്യസ്ത മേഖലകളിലെത്തിക്കുകയും മഴ വര്‍ഷിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ പ്രതീക്ഷക്കോ ആവശ്യത്തിനോ അനുസരിച്ചല്ല മഴ പെയ്യുന്നത്. ചിലപ്പോള്‍ കനത്ത കാര്‍മേഘം കണ്ടു മഴ കാത്തിരിക്കും; പെട്ടെന്നതപ്രത്യക്ഷമാവുകയും ചെയ്യും; പ്രത്യേക ലക്ഷണങ്ങളില്ലാതെ മഴ വര്‍ഷിക്കുന്നതും സാധാരണമാണ്.

21. ഊഷരഭൂമി ഹരിതാഭമാക്കുന്നതും പൂത്തുലഞ്ഞു നില്‍ക്കുന്ന കൃഷിയിടം കൊടുങ്കാറ്റോ തീക്കാറ്റോ മൂലം നശിപ്പിക്കുന്നതും അല്ലാഹുവാണ്. ഇതില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ അവിശ്വാസികള്‍ക്കാകുന്നില്ല. പുനരുത്ഥാനം നിഷേധിക്കുന്നവര്‍ക്കുള്ള ബൗദ്ധികവും സുഗ്രാഹ്യവുമായ ഉപമയാണിത്. മറ്റു ചില സ്ഥലങ്ങളിലും ഈ ഉപമ കാണാം. ഖുര്‍ആന്‍ 35:9 നോക്കുക. വാടിക്കരിഞ്ഞ് കൃഷി ഉണങ്ങുക എന്നാണ് മഞ്ഞ നിറമാവുക എന്നതിന്റെ ഉദ്ദേശ്യം.

ٱللَّهُ ٱلَّذِي يُرۡسِلُ ٱلرِّيَٰحَ فَتُثِيرُ سَحَابٗا فَيَبۡسُطُهُۥ فِي ٱلسَّمَآءِ كَيۡفَ يَشَآءُ وَيَجۡعَلُهُۥ كِسَفٗا فَتَرَى ٱلۡوَدۡقَ يَخۡرُجُ مِنۡ خِلَٰلِهِۦۖ فَإِذَآ أَصَابَ بِهِۦ مَن يَشَآءُ مِنۡ عِبَادِهِۦٓ إِذَا هُمۡ يَسۡتَبۡشِرُونَ ۝٤٨
وَإِن كَانُواْ مِن قَبۡلِ أَن يُنَزَّلَ عَلَيۡهِم مِّن قَبۡلِهِۦ لَمُبۡلِسِينَ ۝٤٩
فَٱنظُرۡ إِلَىٰٓ ءَاثَٰرِ رَحۡمَتِ ٱللَّهِ كَيۡفَ يُحۡيِ ٱلۡأَرۡضَ بَعۡدَ مَوۡتِهَآۚ إِنَّ ذَٰلِكَ لَمُحۡيِ ٱلۡمَوۡتَىٰۖ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ۝٥٠
وَلَئِنۡ أَرۡسَلۡنَا رِيحٗا فَرَأَوۡهُ مُصۡفَرّٗا لَّظَلُّواْ مِنۢ بَعۡدِهِۦ يَكۡفُرُونَ ۝٥١
52–53

എന്നാല്‍ മരിച്ചവരെ കേള്‍പിക്കാന്‍ താങ്കള്‍ക്കാവില്ല തന്നെ. പിന്തിരിഞ്ഞു പോകുന്നുവെങ്കില്‍ ബധിരരെ ശ്രവിപ്പിക്കാനും താങ്കള്‍ക്ക് കഴിയില്ല. അന്ധരെ തങ്ങളുടെ ദുര്‍മാര്‍ഗത്തില്‍ നിന്ന് സന്മാര്‍ഗ പ്രാപ്തരാക്കാനും താങ്കള്‍ക്ക് സാധിക്കുന്നതല്ല. നമ്മുടെ സൂക്തങ്ങളില്‍ വിശ്വസിക്കുകയും വിധേയത്വം പ്രകടിപ്പിക്കുന്നവരാവുകയും ചെയ്തവരെ മാത്രമേ താങ്കള്‍ക്ക് കേള്‍പിക്കാനാകൂ.22

1 വിശദീകരണം കാണുക

22. ഹൃദയം മരിച്ച നിഷേധികളാണ് വിവക്ഷ; മരണപ്പെട്ടവര്‍ എന്നല്ല. സിയാറത്ത് ചെയ്യുമ്പോഴും സലാം പറയുമ്പോഴും മരിച്ചുപോയ വ്യക്തി സന്തോഷിക്കുകയും സലാം മടക്കുകയും ചെയ്യും എന്നത് പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ടതാണ്. ഉദാഹരണത്തിന് ഇബ്‌നുകസീര്‍ 3:438, 439 നോക്കുക. സൂറത്തുന്നംല് സൂക്തം 80, 81ഉം വിശദീകരണവും കാണുക.

فَإِنَّكَ لَا تُسۡمِعُ ٱلۡمَوۡتَىٰ وَلَا تُسۡمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوۡاْ مُدۡبِرِينَ ۝٥٢
وَمَآ أَنتَ بِهَٰدِ ٱلۡعُمۡيِ عَن ضَلَٰلَتِهِمۡۖ إِن تُسۡمِعُ إِلَّا مَن يُؤۡمِنُ بِـَٔايَٰتِنَا فَهُم مُّسۡلِمُونَ ۝٥٣
54–57

ദുര്‍ബലാവസ്ഥയില്‍ നിന്ന് നിങ്ങളെ പടച്ചവനാണ് അല്ലാഹു. പിന്നീട്, ദുര്‍ബലാവസ്ഥക്ക് ശേഷം ശക്തിയുണ്ടാക്കുകയും തദനന്തരം ശക്തിക്ഷയവും നരയുമുണ്ടാക്കുകയും ചെയ്തു. താനുദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. സൂക്ഷ്മജ്ഞനും സര്‍വശക്തനുമത്രേ അവന്‍.23
അന്ത്യനാള്‍ വരുമ്പോള്‍, കുറഞ്ഞ നേരമേ തങ്ങള്‍ ദുന്‍യാവില്‍ കഴിഞ്ഞിട്ടുള്ളൂവെന്ന് അധര്‍മകാരികള്‍ ശപഥം ചെയ്തുപറയും. അങ്ങനെയാണവര്‍ സത്യത്തില്‍ നിന്നു വ്യതിചലിക്കപ്പെട്ടിരുന്നത്.24
എന്നാല്‍ വിജ്ഞാനവും വിശ്വാസവുമുള്ളവര്‍ പ്രസ്താവിക്കും: 'അല്ലാഹുവിന്റെ നിര്‍ണയാനുസൃതം പുനരുത്ഥാന നാള്‍വരെ നിങ്ങളവിടെ അധിവസിക്കുക തന്നെ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, പുനരുജ്ജീവനത്തിന്റെ ദിവസം സമാഗതമയിരിക്കുന്നു. എന്നാല്‍, നിങ്ങള്‍ വസ്തുത ഗ്രഹിച്ചിട്ടുണ്ടായിരുന്നില്ല'. അധര്‍മകാരികള്‍ക്ക് അന്നേദിവസം തങ്ങളുടെ ഒഴികഴിവ് ഫലപ്രദമാവുകയോ അവരോട് ക്ഷമാപണം ആവശ്യപ്പെടുകയോ ചെയ്യില്ല.25

3 വിശദീകരണങ്ങൾ കാണുക

23. അഹന്തയും തന്‍പോരിമയും സത്യനിഷേധവും ധിക്കാരവുമായി നടക്കുന്ന മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ ദൗര്‍ബല്യങ്ങളുടെ പര്യായമാണ് (4:28; 76:1, 2). ഇന്ദ്രിയ കണം, രക്തപിണ്ഡം, മാംസപിണ്ഡം, ഗര്‍ഭസ്ഥ ശിശു, കൈക്കുഞ്ഞ്, കൊച്ചുകുട്ടി ഇതൊക്കെയായിരുന്നു അവന്റെ പൂര്‍വാവസ്ഥ. ഏതാനും സമയം അന്നപാനാദികള്‍ ലഭിക്കാതിരുന്നാല്‍, നല്ലൊരു പനിയോ തലകറക്കമോ പല്ലുവേദനയോ മറ്റോ ഉണ്ടായാല്‍ ഏവനും ഒതുങ്ങും. വയറിളക്കമുണ്ടായാല്‍ ഒരു മിനിട്ട് പിടിച്ചുനില്‍ക്കാനാവില്ല. അരോഗ ദൃഢഗാത്രര്‍ പിന്നീട് വയസ്സരും വയോവൃദ്ധരുമായി നിസ്സഹായരായിത്തീരുന്നു. അപകടങ്ങള്‍ക്കും രോഗങ്ങള്‍ക്കും മരണത്തിനും മുമ്പില്‍ തീര്‍ത്തും നിസ്സഹായന്‍!

24. അമ്പതും എഴുപത്തഞ്ചും അതിലേറെയും കൊല്ലം ഭൗതികലോകത്ത് ജീവിച്ചവര്‍ പരലോകത്ത് ചെല്ലുമ്പോള്‍ അതൊക്കെ മറക്കും. വളരെ ഹ്രസ്വനേരം മാത്രമേ തങ്ങളവിടെ അധിവസിച്ചിട്ടുള്ളൂ എന്ന് അവര്‍ ജല്‍പിക്കും. 20:102, 103; 79:46 നോക്കുക. ഇതുപോലെ ഭൗതിക ലോകത്തുവെച്ച് പുനരുത്ഥാനവും പാരത്രിക ജീവിതവും പറ്റെ നിഷേധിക്കയാണവര്‍ ചെയ്തിരുന്നത്- അല്‍ജാസിയ 32 കാണുക.

25. ക്ഷമാപണം ചെയ്യുന്ന കുറ്റവാളികള്‍ക്ക് മാപ്പുനല്‍കുന്ന രീതി എല്ലാവര്‍ക്കുമറിയാവുന്നതാണ്. എന്നാല്‍ പരലോകത്ത് അങ്ങനെയൊരു ക്ഷമാപണ രീതിയുണ്ടാവില്ല. സ്വന്തം കര്‍മങ്ങളുടെ ഫലം എന്താണോ അത് ഏറ്റുവാങ്ങുക തന്നെ!

۞ ٱللَّهُ ٱلَّذِي خَلَقَكُم مِّن ضَعۡفٖ ثُمَّ جَعَلَ مِنۢ بَعۡدِ ضَعۡفٖ قُوَّةٗ ثُمَّ جَعَلَ مِنۢ بَعۡدِ قُوَّةٖ ضَعۡفٗا وَشَيۡبَةٗۚ يَخۡلُقُ مَا يَشَآءُۚ وَهُوَ ٱلۡعَلِيمُ ٱلۡقَدِيرُ ۝٥٤
وَيَوۡمَ تَقُومُ ٱلسَّاعَةُ يُقۡسِمُ ٱلۡمُجۡرِمُونَ مَا لَبِثُواْ غَيۡرَ سَاعَةٖۚ كَذَٰلِكَ كَانُواْ يُؤۡفَكُونَ ۝٥٥
وَقَالَ ٱلَّذِينَ أُوتُواْ ٱلۡعِلۡمَ وَٱلۡإِيمَٰنَ لَقَدۡ لَبِثۡتُمۡ فِي كِتَٰبِ ٱللَّهِ إِلَىٰ يَوۡمِ ٱلۡبَعۡثِۖ فَهَٰذَا يَوۡمُ ٱلۡبَعۡثِ وَلَٰكِنَّكُمۡ كُنتُمۡ لَا تَعۡلَمُونَ ۝٥٦
فَيَوۡمَئِذٖ لَّا يَنفَعُ ٱلَّذِينَ ظَلَمُواْ مَعۡذِرَتُهُمۡ وَلَا هُمۡ يُسۡتَعۡتَبُونَ ۝٥٧
58–60

മാനവതക്കായി ഈ ഖുര്‍ആനില്‍ സര്‍വവിധ ഉപമയും നാം പ്രതിപാദിച്ചിട്ടുണ്ട്.26
എന്തൊരു ദൃഷ്ടാന്തവുമായി താങ്കളവരെ സമീപിക്കുന്നുവെങ്കിലും 'നിങ്ങള്‍ മിഥ്യാവാദികള്‍ മാത്രമാണ്' എന്ന് സത്യനിഷേധികള്‍ ജല്‍പിക്കുന്നതാണ്. വസ്തുതകള്‍ ഗ്രഹിക്കാത്തവരുടെ മനസ്സില്‍ അങ്ങനെയാണ് അല്ലാഹു മുദ്രചാര്‍ത്തുക. അതുകൊണ്ട് അങ്ങ് ക്ഷമ കൈക്കൊള്ളുക. അല്ലാഹുവിന്റെ വാഗ്ദാനം സത്യം തന്നെ, തീര്‍ച്ച. വിശ്വാസദാര്‍ഢ്യം ഇല്ലാത്തവര്‍ താങ്കളില്‍ ചാഞ്ചല്യമുണ്ടാക്കാതിരിക്കട്ടെ.27

2 വിശദീകരണങ്ങൾ കാണുക

26. സദുപദേശ ശൈലി, ബൗദ്ധികമായ പ്രതിപാദന രീതി, പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ അവതരിപ്പിച്ചുകൊണ്ടുള്ള വിവരണം, ധിക്കാരികളെ ശിക്ഷിച്ച സംഭവങ്ങള്‍.... തുടങ്ങി എന്തെല്ലാം രീതിയിലാണ് ഖുര്‍ആന്‍ മനുഷ്യനെ മാര്‍ഗദര്‍ശനം ചെയ്യുന്നത്. പക്ഷേ, നിഷേധികള്‍ സത്യം ആഗ്രഹിക്കുന്നേയില്ല.

27. അന്തിമ വിജയം സത്യത്തിന് മാത്രമാണ് എന്നതത്രേ അല്ലാഹുവിന്റെ വാഗ്ദാനം. നൂറ്റാണ്ടുകളിലൂടെ നടന്ന ചരിത്ര സംഭവങ്ങള്‍ അതിന്ന് സാക്ഷിയാണ്. നബി(സ്വ)യെയും അനുയായികളെയും അടിച്ചൊതുക്കി സംഹാരനൃത്തമാടിയ മക്കാമുശ്‌രിക്കുകളുടെ പരിണതിയും അങ്ങനെത്തന്നെയായിരുന്നു. സഹിക്കാനും ക്ഷമിക്കാനും നബിയോടുള്ള ഈ നിര്‍ദ്ദേശം സത്യവിശ്വാസികള്‍ക്കും ബാധകമത്രേ. നിഷേധികളുടെ സംഹാര താണ്ഡവങ്ങള്‍ ക്ഷണികമായിരിക്കുമെന്ന് താല്‍പര്യം.

وَلَقَدۡ ضَرَبۡنَا لِلنَّاسِ فِي هَٰذَا ٱلۡقُرۡءَانِ مِن كُلِّ مَثَلٖۚ وَلَئِن جِئۡتَهُم بِـَٔايَةٖ لَّيَقُولَنَّ ٱلَّذِينَ كَفَرُوٓاْ إِنۡ أَنتُمۡ إِلَّا مُبۡطِلُونَ ۝٥٨
كَذَٰلِكَ يَطۡبَعُ ٱللَّهُ عَلَىٰ قُلُوبِ ٱلَّذِينَ لَا يَعۡلَمُونَ ۝٥٩
فَٱصۡبِرۡ إِنَّ وَعۡدَ ٱللَّهِ حَقّٞۖ وَلَا يَسۡتَخِفَّنَّكَ ٱلَّذِينَ لَا يُوقِنُونَ ۝٦٠