33–34
മര്‍ത്യകുലമേ, നിങ്ങള്‍ നാഥനെ സൂക്ഷിക്കുകയും, ഒരു പിതാവും തന്റെ മകന്നോ ഒരു മകനും തന്റെ പിതാവിനോ യാതൊരു ഉപകാരവും ചെയ്യാത്ത അന്ത്യദിനത്തെ പേടിക്കുകയും ചെയ്യുക. അല്ലാഹുവിന്റെ വാഗ്ദാനം സത്യം തന്നെയാണ്; അതുകൊണ്ട്, ഐഹിക ജീവിതവും മഹാവഞ്ചകനായ പിശാചും അവന്റെ കാര്യത്തില്‍ നിങ്ങളെ ചതിയില്‍ വീഴ്ത്താതിരിക്കട്ടെ.18
നിശ്ചയം, അന്ത്യനാളിനെക്കുറിച്ചുള്ള ജ്ഞാനം അല്ലാഹുവിങ്കലാകുന്നു. അവന്‍ മഴ വര്‍ഷിക്കുകയും ഗര്‍ഭാശയങ്ങളിലുള്ളത് അറിയുകയും ചെയ്യുന്നു.19
താന്‍ അടുത്ത നിമിഷം എന്താണ് ചെയ്യുക എന്നും ഏത് നാട്ടിലാണ് മരിക്കുക എന്നും ഒരാള്‍ക്കുമറിയില്ല. അല്ലാഹു സര്‍വകാര്യങ്ങളുമറിയുന്നവനും സൂക്ഷ്മജ്ഞാനിയും തന്നെ, തീര്‍ച്ച.20
3 വിശദീകരണങ്ങൾ കാണുക
18. ഭൗതിക ജീവിതത്തിന്റെയും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളുടെയും കെണിയില്‍ കുടുങ്ങിയാണ് ആളുകള്‍ ദുര്‍മാര്‍ഗികളാകുന്നത്. അതിനെതിരെയുള്ള ശക്തമായ ചൂണ്ടുപലകയാണ് ഈ സൂക്തം. ദേഹേച്ഛകളിലും കളി-വിനോദങ്ങളിലും ഭൗതിക താല്‍പര്യങ്ങളിലും വ്യാപൃതരാക്കി മനുഷ്യരെ കബളിപ്പിക്കുകയാണവന്‍. സൂറത്തുന്നിസാഅ് 119,120-ാം സൂക്തവും കാണുക.
19. അദൃശ്യകാര്യങ്ങളുടെ താക്കോലുകള്‍ അഞ്ചെണ്ണമാണ്; അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും തന്നെ അവയറിയില്ല എന്നരുളിക്കൊണ്ട് നബി(സ്വ) ഈ ആയത്ത് ഓതി (ബുഖാരി). ഖിയാമനാള്‍ എന്നായിരിക്കുമെന്നോ എപ്പോള്‍, എവിടെ, എത്ര മഴ വര്‍ഷിക്കുമെന്നോ അവനു മാത്രമേ അറിയൂ. ഗര്‍ഭസ്ഥ ശിശുവിന്റെ പൂര്‍ണവിവരങ്ങളറിയുന്നതും അവനാണ്. ഉപകരണങ്ങള്‍ വെച്ച് ആ ശിശു ആണോ പെണ്ണോ എന്ന് 'പ്രവചിക്കു'ന്നതും കനത്ത തോതിലോ ലഘുവായോ, വ്യാപകമായോ ഭാഗികമായോ മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന് 'പ്രവചിക്കു'ന്നതും ആയത്തില്‍ പറയുന്നതും അജഗജാന്തരമുണ്ട്.
20. പ്രയുക്തപദം ഏത് നാട്ടില്‍ വെച്ചാണ് താന്‍ മരിക്കുക എന്ന് ഒരാള്‍ക്കും അറിഞ്ഞുകൂടാ എന്നാണ്. എത്ര ചിന്തോദ്ദീപകമാണത്. അതിവിദൂര നാടുകളില്‍ മരണം വരിക്കുന്ന എത്രയോ ആളുകളെ നമുക്കറിയാം. നാടുവിട്ട് ഏറെ കഴിഞ്ഞ ശേഷമോ ചിലപ്പോള്‍ തൊട്ടടുത്ത ദിവസമോ അത് സംഭവിക്കുന്നു. വല്ല ചെറുസൂചനയെങ്കിലുമുണ്ടെങ്കില്‍ അവന്‍ നാട്ടിലേക്ക് മടങ്ങുമല്ലോ. ഏത് സമയമാണ് മരിക്കുക എന്ന് ഒരാളുമറിയില്ല എന്ന് പിന്നെ പ്രത്യേകം പറയേണ്ടതില്ല.
يَٰٓأَيُّهَا ٱلنَّاسُ ٱتَّقُواْ رَبَّكُمۡ وَٱخۡشَوۡاْ يَوۡمٗا لَّا يَجۡزِي وَالِدٌ عَن وَلَدِهِۦ وَلَا مَوۡلُودٌ هُوَ جَازٍ عَن وَالِدِهِۦ شَيۡـًٔاۚ إِنَّ وَعۡدَ ٱللَّهِ حَقّٞۖ فَلَا تَغُرَّنَّكُمُ ٱلۡحَيَوٰةُ ٱلدُّنۡيَا وَلَا يَغُرَّنَّكُم بِٱللَّهِ ٱلۡغَرُورُ ٣٣
إِنَّ ٱللَّهَ عِندَهُۥ عِلۡمُ ٱلسَّاعَةِ وَيُنَزِّلُ ٱلۡغَيۡثَ وَيَعۡلَمُ مَا فِي ٱلۡأَرۡحَامِۖ وَمَا تَدۡرِي نَفۡسٞ مَّاذَا تَكۡسِبُ غَدٗاۖ وَمَا تَدۡرِي نَفۡسُۢ بِأَيِّ أَرۡضٖ تَمُوتُۚ إِنَّ ٱللَّهَ عَلِيمٌ خَبِيرُۢ ٣٤