Sunday, 11 October 2026 Hijri: — 02:16:57 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അൽ അൻഫാൽ الأنفال Al-Anfal

Surah 8 മദനിയ്യ • مدنية • Madaniyah 75 ആയത്തുകൾ • 75 Ayahs

സൂറത്ത് അൽ അൻഫാൽ (Al-Anfal), ഖുർആൻ അധ്യായം 8 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 75 ആയത്തുകൾ വായിക്കുക. Read Surah Al-Anfal with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

നബിയേ, താങ്കളോടവര്‍ സമരാര്‍ജിത സമ്പത്തുക്കളെ സംബന്ധിച്ചു ചോദിക്കുന്നതാണ്1
മറുപടി നല്‍കുക: യുദ്ധത്തില്‍ കിട്ടിയ സ്വത്തുക്കള്‍ അല്ലാഹുവിനും റസൂലിനുമുള്ളതാകുന്നു. അതുകൊണ്ട്, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും പരസ്പര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുകയും അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുകയും ചെയ്യണം, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍.

1 വിശദീകരണം കാണുക

1. അല്‍ അന്‍ഫാല്‍ എന്നാണ് ഈ സൂറയുടെ പേര്. പുണ്യയുദ്ധങ്ങളില്‍ ശത്രുക്കളുടെ ചേരിയില്‍ നിന്നു മുസ്‌ലിം പക്ഷത്തിനു ലഭിക്കുന്ന സമ്പത്തുക്കള്‍ എന്നര്‍ത്ഥം. നഫല്‍ (പ്ലത്തള) എന്നാണ് ഏകവചനം. ബദ്‌റ് യുദ്ധം സംബന്ധിച്ച ധാരാളം കാര്യങ്ങള്‍ ഇതില്‍ വിവരിക്കുന്നുണ്ട്. യുദ്ധം കഴിഞ്ഞപ്പോള്‍ ഖുറൈശ് പക്ഷത്തു നിന്നു കിട്ടിയ സ്വത്തുക്കളെപ്പറ്റി നബി(സ്വ)യോട് സ്വഹാബികള്‍ അന്വേഷണം നടത്തിയ കാര്യം പരാമര്‍ശിച്ചു കൊണ്ടാണ് സൂറയുടെ ആരംഭം. അതു സംബന്ധിച്ച് നിങ്ങള്‍ ഭിന്നാഭിപ്രായക്കാരാവരുത്, അല്ലാഹുവിനെ ഭയപ്പെടുകയും അവന്റെയും നബിയുടെയും കല്‍പനകളനുസരിക്കുകയും ചെയ്യണം, പരസ്പര സാഹോദര്യ ബന്ധങ്ങള്‍ വിടാതെ മുറുകെ പിടിക്കണം എന്നു കല്‍പിച്ചിരിക്കയാണ്.

يَسۡـَٔلُونَكَ عَنِ ٱلۡأَنفَالِۖ قُلِ ٱلۡأَنفَالُ لِلَّهِ وَٱلرَّسُولِۖ فَٱتَّقُواْ ٱللَّهَ وَأَصۡلِحُواْ ذَاتَ بَيۡنِكُمۡۖ وَأَطِيعُواْ ٱللَّهَ وَرَسُولَهُۥٓ إِن كُنتُم مُّؤۡمِنِينَ ۝١
2–4

അല്ലാഹുവിനെക്കുറിച്ച് അനുസ്മരിക്കപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ചു വിറകൊള്ളുകയും അവന്റെ സൂക്തങ്ങള്‍ പാരായണം ചെയ്യപ്പെട്ടാല്‍ വിശ്വാസം വര്‍ധിക്കുകയും തങ്ങളുടെ നാഥനില്‍ സമസ്തവും അര്‍പ്പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍; നമസ്‌കാരം നിലനിറുത്തുകയും നാം നല്‍കിയതില്‍ നിന്നു ചെലവഴിക്കുകയും ചെയ്യുന്നവര്‍. അവര്‍ തന്നെയാണ് സാക്ഷാല്‍ വിശ്വാസികള്‍. തങ്ങളുടെ രക്ഷിതാവിങ്കല്‍ ഒട്ടേറെ സ്ഥാനങ്ങളും പാപമോചനവും സമാദരണീയമായ ആഹാരവും അവര്‍ക്കുണ്ട്.

إِنَّمَا ٱلۡمُؤۡمِنُونَ ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتۡ قُلُوبُهُمۡ وَإِذَا تُلِيَتۡ عَلَيۡهِمۡ ءَايَٰتُهُۥ زَادَتۡهُمۡ إِيمَٰنٗا وَعَلَىٰ رَبِّهِمۡ يَتَوَكَّلُونَ ۝٢
ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقۡنَٰهُمۡ يُنفِقُونَ ۝٣
أُوْلَٰٓئِكَ هُمُ ٱلۡمُؤۡمِنُونَ حَقّٗاۚ لَّهُمۡ دَرَجَٰتٌ عِندَ رَبِّهِمۡ وَمَغۡفِرَةٞ وَرِزۡقٞ كَرِيمٞ ۝٤
5–6

സത്യവിശ്വാസികളിലൊരു സംഘം അനിഷ്ടമുള്ളവരായിരിക്കെത്തന്നെ, സത്യസന്ധമായൊരു വിഷയത്തിന് നാഥന്‍ താങ്കളെ സ്വഗൃഹത്തില്‍ നിന്നിറക്കിയപ്പോഴുണ്ടായ അവസ്ഥ പോലെത്തന്നെ. വസ്തുത വ്യക്തമായിട്ടും ന്യായമായ അക്കാര്യത്തില്‍ താങ്കളോടവര്‍ തര്‍ക്കിക്കുകയാണ്; നോക്കി നില്‍ക്കേ മരണത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നതുപോലെ.2

1 വിശദീകരണം കാണുക

2. ബദ്‌റിലെ സമരാര്‍ജിത ധനത്തിന്റെ വിഭജനത്തില്‍ സ്വഹാബികള്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു. അതുപോലെത്തന്നെ നബി(സ്വ) ബദ്‌റിലേക്കു പുറപ്പെടാനാഹ്വാനം ചെയ്തപ്പോഴും ചിലര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. കണ്‍മുന്നിലുള്ള മരണത്തിലേക്ക് നടന്നുചെല്ലാന്‍ ആരും ധൃഷ്ടരാവില്ലല്ലോ. പക്ഷെ, ഫലം മറിച്ചായിരുന്നു. ലോക ചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്ത വിജയമാണ് മുസ്‌ലിംകള്‍ക്കുണ്ടായത്. ശത്രു ചേരി തോറ്റു തരിപ്പണമായി. അല്ലാഹുവിന്റെ ക്രയവിക്രയങ്ങളുടെ രഹസ്യം നിങ്ങള്‍ക്കറിയില്ല; അവന്റെ കല്‍പനകളനുസരിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത് എന്ന് ഉണര്‍ത്തിയിരിക്കുന്നു. തുടര്‍ന്ന് ബദ്‌റിന്റെ ചില രംഗങ്ങളിലേക്ക് പ്രവേശിക്കയാണ്.

كَمَآ أَخۡرَجَكَ رَبُّكَ مِنۢ بَيۡتِكَ بِٱلۡحَقِّ وَإِنَّ فَرِيقٗا مِّنَ ٱلۡمُؤۡمِنِينَ لَكَٰرِهُونَ ۝٥
يُجَٰدِلُونَكَ فِي ٱلۡحَقِّ بَعۡدَ مَا تَبَيَّنَ كَأَنَّمَا يُسَاقُونَ إِلَى ٱلۡمَوۡتِ وَهُمۡ يَنظُرُونَ ۝٦
7–11

നിങ്ങള്‍ക്ക് രണ്ടിലൊരു സംഘത്തെ3
സ്വന്തമാക്കിത്തരാമെന്ന് അല്ലാഹു വാഗ്ദാനം ചെയ്ത സന്ദര്‍ഭം സ്മരണീയമത്രേ. ആയുധ ശേഷിയില്ലാത്ത സംഘം സ്വായത്തമാകണമെന്നായി രുന്നു നിങ്ങളുടെ ഹിതം. എന്നാല്‍, തന്റെ ഉത്തരവുകള്‍ മുഖേന സത്യസാക്ഷാല്‍ക്കരണത്തിനും നിഷേധികളുടെ ഉന്മൂലനത്തിനുമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. അധര്‍മകാരികള്‍ അനിഷ്ടപ്പെട്ടാലും ശരി, സത്യത്തെ സാക്ഷാല്‍ക്കരിക്കേണ്ടതിനും അസത്യത്തെ ശിഥിലമാക്കേണ്ടതിനും വേണ്ടിയത്രേ അത്4
നിങ്ങള്‍ നാഥനോട് സഹായമര്‍ത്ഥിച്ച സന്ദര്‍ഭം സ്മരിക്കുക. തുടര്‍ച്ചയായി ആയിരം മലക്കുകളെ അയച്ചുതന്ന് നിങ്ങള്‍ക്കു ഞാന്‍ പിന്‍ബലം നല്‍കുന്നതാണ് എന്ന് തത്സമയം നിങ്ങള്‍ക്കവന്‍ മറുപടി നല്‍കി. ഒരു ശുഭവാര്‍ത്തയായും നിങ്ങള്‍ക്കു മനസ്സമാധാനമുണ്ടാകുവാനു മാണ് അല്ലാഹു അങ്ങനെ ചെയ്തത്. അല്ലാഹുവിങ്കല്‍ നിന്നു മാത്രമാണ് ഏതൊരു സഹായവും . അവന്‍ പ്രതാപശാലിയും യുക്തിമാനും തന്നെ. തന്റെ പക്കല്‍ നിന്നുള്ള മനഃശാന്തിയായി അല്ലാഹു നിങ്ങളെ നിദ്രാമയക്കത്താല്‍ ആവരണം ചെയ്ത സന്ദര്‍ഭം സ്മരണീയമത്രേ. നിങ്ങളെ ശുദ്ധീകരിക്കാനും പൈശാചിക ദുര്‍ബോധനം ദൂരീകരിക്കാനും മനസ്സുകള്‍ ദൃഢീകരിക്കാനും കാലുറപ്പിച്ചു നിറുത്താനുമായി അവന്‍ നിങ്ങള്‍ക്ക് അന്തരീക്ഷത്തില്‍ നിന്നു മഴ വര്‍ഷിച്ചു തന്നതും ഓര്‍ക്കുക5

3 വിശദീകരണങ്ങൾ കാണുക

3. മക്കയിലെ ഖുറൈശിന്റെ നേതൃത്വത്തില്‍ നീണ്ടകാലത്തെ ക്രൂരപീഡനങ്ങളും അക്രമമര്‍ദനങ്ങളും സഹിച്ചു വരികയായിരുന്ന മുസ്‌ലിംകള്‍ മദീനയിലേക്ക് പലായനം ചെയ്തിട്ടും ശത്രുക്കള്‍ നില്‍ക്കപ്പൊറുതി നല്‍കിയില്ല. ഈ പശ്ചാത്തലത്തിലാണ് ഖുറൈശിന്റെ കച്ചവട സംഘം വന്‍തുകയുടെ ചരക്കുകളുമായി സിറിയയില്‍ നിന്നു മക്കയിലേക്കു മടങ്ങിവരുന്ന വിവരം നബി(സ്വ)ക്കു ലഭിക്കുന്നത്. ഇസ്‌ലാമിനെതിരെ വിനിയോഗിക്കപ്പെടാനുള്ള പ്രസ്തുത സാമ്പത്തിക ശേഷി തകര്‍ത്ത് കളയണമെന്ന ലക്ഷ്യത്തില്‍ നബിയും സ്വഹാബികളും ബദ്‌റിലേക്കു പുറപ്പെട്ടു. ആ സംഭവമാണിവിടെ സൂചിപ്പിക്കുന്നത്. എന്നാല്‍ അല്ലാഹുവിന്റെ വാഗ്ദാനം മറ്റൊന്നായിരുന്നു: ഒന്നുകില്‍ അബൂ സുഫ്‌യാന്റെ നേതൃത്വത്തിലുള്ള കച്ചവടസംഘവുമായി, അല്ലെങ്കില്‍ അവരുടെ സുരക്ഷക്കായി ഇറങ്ങിത്തിരിച്ചെത്തുന്ന അബൂജഹ്‌ലിന്റെ നേതൃത്വത്തിലുള്ള ആയുധ ധാരികളായ ഖുറൈശുമായി നിങ്ങള്‍ കണ്ടുമുട്ടും, അവരെ നിങ്ങള്‍ കീഴ്‌പ്പെടുത്തും എന്നതായിരുന്നു അത്. നിരായുധരായ കച്ചവട സംഘത്തെ കണ്ടുമുട്ടും എന്നതായിരുന്നു മുസ്‌ലിംകളുടെ പ്രത്യാശ, പക്ഷെ സംഭവിച്ചത് മറിച്ചാണ്.

4. വിശ്വാസികളുടെ ആഗ്രഹത്തിനു വിപരീതമായി സര്‍വായുധ വിഭൂഷിതരായ സത്യനിഷേ ധികളുമായി ഏറ്റുമുട്ടിച്ച് അല്ലാഹു യുദ്ധമുണ്ടാക്കിയത് അസത്യത്തെ പിഴുതെറിയാനും സത്യത്തെ സാക്ഷാല്‍കരിക്കാനുമാണ്- ശത്രുക്കളുടെ നായകരായ എഴുപത് വന്‍തോക്കുകള്‍ കഥാവശേഷരായി. മറ്റൊരെഴുപതു പേര്‍ പിടിക്കപ്പെട്ട് തടവിലായി. ഇസ്‌ലാം ജയഭേരി മുഴക്കി.

5. ബദ്‌റിലെ ജലാശയം ശത്രുക്കള്‍ കൈക്കലാക്കിയിരുന്നു. കുടിക്കാനും ശുചീകരണത്തിനുമൊന്നും വെള്ളമില്ലാതെ ഗുരുതര പ്രതിസന്ധിയിലായി നബിയും സ്വഹാബത്തും. ആയുധധാരികളായ ശത്രുക്കളാ കട്ടെ തങ്ങളുടെ മൂന്നിരട്ടിയുണ്ട്.. ഈ പശ്ചാത്തലത്തില്‍ അവിടെ ചില അത്യത്ഭുതങ്ങള്‍ സംഭവിച്ചു: ആയിരം മലക്കുകളെ അയച്ചു സഹായിക്കാം എന്ന് നബിയോട് അല്ലാഹു വാഗ്ദാനം ചെയ്തു. ക്ഷീണിച്ചു പരവശരായ മുസ്‌ലിംകള്‍ക്ക് യുദ്ധമുഖത്ത് ഉറക്കം കിട്ടി. ശുചീകരണത്തിനും വെള്ളം ശേഖരിച്ചുവെക്കാനും സഹായകമായി അപ്രതീക്ഷിത മഴ ലഭിച്ചു. പിശാച് ഇളക്കി വിട്ടിരുന്ന ചില ആശയക്കുഴപ്പങ്ങള്‍ ദൂരീകൃതമായി. ഇതൊക്കെ മഹത്തായ ദിവ്യാനുഗ്രഹങ്ങളായിരുന്നു.

وَإِذۡ يَعِدُكُمُ ٱللَّهُ إِحۡدَى ٱلطَّآئِفَتَيۡنِ أَنَّهَا لَكُمۡ وَتَوَدُّونَ أَنَّ غَيۡرَ ذَاتِ ٱلشَّوۡكَةِ تَكُونُ لَكُمۡ وَيُرِيدُ ٱللَّهُ أَن يُحِقَّ ٱلۡحَقَّ بِكَلِمَٰتِهِۦ وَيَقۡطَعَ دَابِرَ ٱلۡكَٰفِرِينَ ۝٧
لِيُحِقَّ ٱلۡحَقَّ وَيُبۡطِلَ ٱلۡبَٰطِلَ وَلَوۡ كَرِهَ ٱلۡمُجۡرِمُونَ ۝٨
إِذۡ تَسۡتَغِيثُونَ رَبَّكُمۡ فَٱسۡتَجَابَ لَكُمۡ أَنِّي مُمِدُّكُم بِأَلۡفٖ مِّنَ ٱلۡمَلَٰٓئِكَةِ مُرۡدِفِينَ ۝٩
وَمَا جَعَلَهُ ٱللَّهُ إِلَّا بُشۡرَىٰ وَلِتَطۡمَئِنَّ بِهِۦ قُلُوبُكُمۡۚ وَمَا ٱلنَّصۡرُ إِلَّا مِنۡ عِندِ ٱللَّهِۚ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ ۝١٠
إِذۡ يُغَشِّيكُمُ ٱلنُّعَاسَ أَمَنَةٗ مِّنۡهُ وَيُنَزِّلُ عَلَيۡكُم مِّنَ ٱلسَّمَآءِ مَآءٗ لِّيُطَهِّرَكُم بِهِۦ وَيُذۡهِبَ عَنكُمۡ رِجۡزَ ٱلشَّيۡطَٰنِ وَلِيَرۡبِطَ عَلَىٰ قُلُوبِكُمۡ وَيُثَبِّتَ بِهِ ٱلۡأَقۡدَامَ ۝١١
12–14

ഞാന്‍ നിങ്ങളൊന്നിച്ചു തന്നെയുണ്ട്, അതിനാല്‍ സത്യവിശ്വാസികളെ അടിയുറപ്പിച്ചു നിറുത്തുക; നിഷേധികളുടെ ഹൃദയങ്ങളില്‍ ഞാന്‍ ഭീതി വിതക്കുന്നതാണ്, അതുകൊണ്ട് അവരുടെ ശിരസ്സുകളും കൈകാലുകളും നിങ്ങള്‍ വിച്ഛേദിക്കുക എന്ന് താങ്കളുടെ നാഥന്‍ മലക്കുകള്‍ക്ക് സന്ദേശം നല്‍കിയ സന്ദര്‍ഭം സ്മരണീയമത്രേ. അല്ലാഹുവിനോടും അവന്റെ ദൂതനോടും അവര്‍ ശത്രുത പുലര്‍ത്തി എതിരു നിന്നതുകൊണ്ടു മാത്രമാണത്. അല്ലാഹുവിനോടും റസൂലിനോടും ആരു ശാത്രവം പുലര്‍ത്തുന്നുവോ അവരെയവന്‍ കഠിനശിക്ഷക്കു വിധേയമാക്കുക തന്നെ ചെയ്യും; അതു നിങ്ങള്‍ ആസ്വദിക്കുക. സത്യ നിഷേധികള്‍ക്ക് നരകശിക്ഷ വേറെയും ഉണ്ടായിരിക്കും6

1 വിശദീകരണം കാണുക

6. ലോക ചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്ത വിധമുള്ള അതിദയനീയ പരാജയവും അഗണ്യമായ നാശനഷ്ടങ്ങളും സത്യനിഷേധികള്‍ക്ക് വന്നു ഭവിക്കാനുള്ള കാരണം ഇവിടെ വ്യക്തമാക്കിയത് ഏറെ ശ്രദ്ധേയമത്രേ. അല്ലാഹുവിനോടും റസൂലിനോടും-അഥവാ സത്യത്തോട്-അന്ധമായ ശത്രുത പുലര്‍ത്തി എന്നതാണത്. പാരത്രിക ശിക്ഷ അവര്‍ക്ക് വേറെ ഉണ്ടാവുകയും ചെയ്യും.

إِذۡ يُوحِي رَبُّكَ إِلَى ٱلۡمَلَٰٓئِكَةِ أَنِّي مَعَكُمۡ فَثَبِّتُواْ ٱلَّذِينَ ءَامَنُواْۚ سَأُلۡقِي فِي قُلُوبِ ٱلَّذِينَ كَفَرُواْ ٱلرُّعۡبَ فَٱضۡرِبُواْ فَوۡقَ ٱلۡأَعۡنَاقِ وَٱضۡرِبُواْ مِنۡهُمۡ كُلَّ بَنَانٖ ۝١٢
ذَٰلِكَ بِأَنَّهُمۡ شَآقُّواْ ٱللَّهَ وَرَسُولَهُۥۚ وَمَن يُشَاقِقِ ٱللَّهَ وَرَسُولَهُۥ فَإِنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ ۝١٣
ذَٰلِكُمۡ فَذُوقُوهُ وَأَنَّ لِلۡكَٰفِرِينَ عَذَابَ ٱلنَّارِ ۝١٤
15–16

സത്യവിശ്വാസികളേ, നിഷേധികളുടെ സേനാവ്യൂഹവുമായി കണ്ടുമുട്ടുമ്പോള്‍ നിങ്ങള്‍ പിന്തിരിഞ്ഞോടരുത്. യുദ്ധാവശ്യാര്‍ത്ഥം മറ്റൊരിടത്തേക്ക് മാറി നില്‍ക്കാനോ വേറെയൊരു സംഘത്തില്‍ സംഗമിക്കാനോ ആയല്ലാതെ ഒരാള്‍ രണാങ്കണത്തില്‍ നിന്നു പിന്തിരിഞ്ഞോടിയാല്‍ അയാള്‍ അല്ലാഹുവിന്റെ ക്രോധത്തിനിരയായതുതന്നെ. അവന്റെ സങ്കേതം നരകമായിരിക്കും. എത്ര ഹീനമായ മടക്കസ്ഥലമാണത്!7

1 വിശദീകരണം കാണുക

7. ഏഴു മഹാപാതകങ്ങളില്‍ പെട്ടതാണ് രണാങ്കണത്തില്‍ നിന്നു പിന്തിരിഞ്ഞു പോകല്‍. മറ്റു സേനാനികളുടെ കൂടി വീര്യം ചോരാനിതു വഴി തെളിക്കും. അതുകൊണ്ട് അല്ലാഹുവിന്റെ കഠിന കോപവും തീക്ഷ്ണശിക്ഷയും അതിനുണ്ടാവും.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا لَقِيتُمُ ٱلَّذِينَ كَفَرُواْ زَحۡفٗا فَلَا تُوَلُّوهُمُ ٱلۡأَدۡبَارَ ۝١٥
وَمَن يُوَلِّهِمۡ يَوۡمَئِذٖ دُبُرَهُۥٓ إِلَّا مُتَحَرِّفٗا لِّقِتَالٍ أَوۡ مُتَحَيِّزًا إِلَىٰ فِئَةٖ فَقَدۡ بَآءَ بِغَضَبٖ مِّنَ ٱللَّهِ وَمَأۡوَىٰهُ جَهَنَّمُۖ وَبِئۡسَ ٱلۡمَصِيرُ ۝١٦
17–18

(വിശ്വാസികളേ,) നിങ്ങളല്ല ശത്രുക്കളെ വധിച്ചത്; പ്രത്യുത, അവരെ കൊന്നുകളഞ്ഞത് അല്ലാഹുവാണ്.(നബിയേ,) താങ്കളവരെ എറിഞ്ഞപ്പോള്‍, യഥാര്‍ത്ഥത്തില്‍ എറിഞ്ഞത് താങ്കളല്ല, പ്രത്യുത, അല്ലാഹുവാണ് എറിഞ്ഞത്8
തന്റെ പക്കല്‍ നിന്നു ഒരു ഉദാത്ത പരീക്ഷണം വഴി അല്ലാഹു സത്യവിശ്വാസികളെ പരീക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അത്. കാര്യങ്ങള്‍ നന്നായി കേള്‍ക്കുന്നവനും അറിയുന്നവനും തന്നെയാണ് അല്ലാഹു. ഇതെന്തിനെന്നാല്‍, നിഷേധികളുടെ കുതന്ത്രം അവന്‍ ദുര്‍ബലമാക്കുക തന്നെ ചെയ്യും.

1 വിശദീകരണം കാണുക

8. ബദ്‌റില്‍ യുദ്ധം തുടങ്ങിക്കഴിഞ്ഞ ശേഷം അവിശ്വസനീയമായ ഒരു അത്യത്ഭുതം സംഭവിച്ചു. നബി(സ്വ) ഒരു പിടി മണ്ണു വാരി ശത്രുക്കള്‍ നശിക്കട്ടെ എന്നു പറഞ്ഞു അവരുടെ നേരെ എറിഞ്ഞു. ശത്രു സേനയിലെ ഓരോ അംഗത്തിന്റെയും കണ്ണുകളിലും മൂക്കിലും മണ്‍തരികള്‍ വീണു. അവ ശരിയാക്കുന്നതിന് അനിവാര്യമായ സമയം മുസ്‌ലിംകള്‍ നന്നായി മുതലെടുപ്പ് നടത്തി. വെട്ടിയും കുത്തിയും കൊന്നും പിടിച്ചു കെട്ടിയും അവര്‍ ജേതാക്കളായി. യഥാര്‍ത്ഥത്തില്‍ അല്ലാഹുവാണ് ആ ഏറ് നിര്‍വഹിച്ചത് എന്നാണി വിടെ വ്യക്തമാക്കുന്നത്. അവിശ്വസനീയമായ ഈ വിജയം സംഭവിച്ചത് സത്യവിശ്വാസികളെ പരീക്ഷിക്കാന്‍ കൂടിയായിരുന്നു. അതോടൊപ്പം, അല്ലാഹുവിനെതിരെ നിഷേധികള്‍ നടത്തുന്ന ഗൂഢാലോചനകള്‍ വിജയം കാണുകയില്ല, അല്ലാഹു അവ അതിദയനീയമായി പരാജയപ്പെടുത്തും എന്നുകൂടി വ്യക്തമാക്കുന്നു.

فَلَمۡ تَقۡتُلُوهُمۡ وَلَٰكِنَّ ٱللَّهَ قَتَلَهُمۡۚ وَمَا رَمَيۡتَ إِذۡ رَمَيۡتَ وَلَٰكِنَّ ٱللَّهَ رَمَىٰ وَلِيُبۡلِيَ ٱلۡمُؤۡمِنِينَ مِنۡهُ بَلَآءً حَسَنًاۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٞ ۝١٧
ذَٰلِكُمۡ وَأَنَّ ٱللَّهَ مُوهِنُ كَيۡدِ ٱلۡكَٰفِرِينَ ۝١٨
19

നിഷേധികളേ, നിങ്ങള്‍ വിജയമര്‍ത്ഥിച്ചിരുന്നുവെങ്കില്‍ ഇതാ ആ വിജയം വന്നുകഴിഞ്ഞിരി ക്കുന്നു! നിഷേധം കൈയൊഴിയുന്നുവെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. അതിലേക്കു തന്നെ നിങ്ങള്‍ തിരിച്ചു വരികയാണെങ്കില്‍ ഇവ്വിധം സംഹരണം നാമും ആവര്‍ത്തിക്കും. എത്രയധികമുണ്ടെ ങ്കിലും നിങ്ങളുടെ സംഘശക്തി ഒരു ഗുണവും ചെയ്യില്ല. അല്ലാഹു സത്യവിശ്വാസികളൊന്നിച്ചു തന്നെയായിരിക്കും, തീര്‍ച്ച9

1 വിശദീകരണം കാണുക

9. ഞങ്ങളിരുകക്ഷികളില്‍ സന്മാര്‍ഗനിഷ്ഠരും സമാദരണീയരുമായ വിഭാഗത്തെ നീ വിജയിപ്പിക്കേ ണമേ എന്ന് അല്ലാഹുവോട് അബൂജഹ്ല്‍ പ്രാര്‍ത്ഥിച്ചിരുന്നു. ആ വിജയമിതാ സംഭവിച്ചിരിക്കുന്നു എന്നാണു വ്യക്തമാക്കുന്നത്. നിഷേധവും ധിക്കാരവും തുടര്‍ന്നാല്‍ മേലില്‍ ആവര്‍ത്തിക്കാന്‍ പോകുന്നതും ഇതുതന്നെയായിരിക്കും. സേനാബലം എത്ര വലിയതാണെങ്കിലും അല്ലാഹുവിനത് പ്രശ്‌നമേയല്ല.

إِن تَسۡتَفۡتِحُواْ فَقَدۡ جَآءَكُمُ ٱلۡفَتۡحُۖ وَإِن تَنتَهُواْ فَهُوَ خَيۡرٞ لَّكُمۡۖ وَإِن تَعُودُواْ نَعُدۡ وَلَن تُغۡنِيَ عَنكُمۡ فِئَتُكُمۡ شَيۡـٔٗا وَلَوۡ كَثُرَتۡ وَأَنَّ ٱللَّهَ مَعَ ٱلۡمُؤۡمِنِينَ ۝١٩
20–23

സത്യവിശ്വാസികളേ, അല്ലാഹുവിനെയും റസൂലിനെയും നിങ്ങള്‍ അനുസരിക്കുക; സത്യം ശ്രവിച്ചുകൊണ്ടിരിക്കെ റസൂലിനെവിട്ട് പിന്തിരിഞ്ഞു കളയരുത്. ഒന്നും അനുസരിക്കാതെ, 'ഞങ്ങള്‍ കേട്ടിരിക്കുന്നു' എന്നു പറഞ്ഞവരെപ്പോലെ നിങ്ങളാവരുത്. കാര്യങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കാത്ത ബധിരരും ഊമകളുമാണ് അല്ലാഹുവിങ്കല്‍ ഏറ്റം നികൃഷ്ട ജീവികള്‍10
അവരിലെന്തെങ്കിലും നന്മയുള്ളതായി അല്ലാഹുവിനറിയുമായിരുന്നെങ്കില്‍ അവനവരെ കേള്‍പ്പിക്കുമായിരുന്നു; കേള്‍പ്പിച്ചിരുന്നെങ്കില്‍ തന്നെ അതവഗണിച്ചുകൊണ്ട് അവര്‍ പിന്തിരിഞ്ഞുകളയും.

1 വിശദീകരണം കാണുക

10. സത്യനിഷേധികളുടെ അധിക്ഷേപാര്‍ഹമായ നിലപാടിന്റെ രൂക്ഷമായ ചിത്രീകരണമാണിത്: ജന്തുജാലങ്ങളും നിഷേധികളും തിന്നുന്നു, കുടിക്കുന്നു; സത്യം പറയുകയോ ശ്രവിക്കുകയോ ചെയ്യില്ല. പക്ഷെ, ജന്തുക്കള്‍ക്ക് വിശേഷ ബുദ്ധിയില്ല, സത്യനിഷേധി എന്ന ഇരുകാലി മൃഗത്തിന് വിശേഷ ബുദ്ധി എന്ന അമൂല്യ സിദ്ധിയുള്ളതോടൊപ്പം അവനത് ദുര്‍വിനിയോഗം ചെയ്യുന്നു. തന്മൂലം അവനാണ് ഏറ്റവും ഹീനന്‍!

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَرَسُولَهُۥ وَلَا تَوَلَّوۡاْ عَنۡهُ وَأَنتُمۡ تَسۡمَعُونَ ۝٢٠
وَلَا تَكُونُواْ كَٱلَّذِينَ قَالُواْ سَمِعۡنَا وَهُمۡ لَا يَسۡمَعُونَ ۝٢١
۞ إِنَّ شَرَّ ٱلدَّوَآبِّ عِندَ ٱللَّهِ ٱلصُّمُّ ٱلۡبُكۡمُ ٱلَّذِينَ لَا يَعۡقِلُونَ ۝٢٢
وَلَوۡ عَلِمَ ٱللَّهُ فِيهِمۡ خَيۡرٗا لَّأَسۡمَعَهُمۡۖ وَلَوۡ أَسۡمَعَهُمۡ لَتَوَلَّواْ وَّهُم مُّعۡرِضُونَ ۝٢٣
24–26

സത്യവിശ്വാസികളേ, അല്ലാഹുവിനും റസൂലിനും ഉത്തരം ചെയ്യുക-നിങ്ങളെ സജീവരാ ക്കാനുള്ള സല്‍പന്ഥാവിലേക്കു വിളിക്കുമ്പോള്‍. മനുഷ്യന്റെയും അവന്റെ മനസ്സിന്റെയുമിടക്ക് അല്ലാഹു മറയിടുമെന്നും11
അവങ്കലേക്ക് നിങ്ങള്‍ സംഗമിപ്പിക്കപ്പെടുമെന്നും അറിഞ്ഞുകൊള്ളുക. ഒരു ശിക്ഷ ബാധിക്കുന്നതു സംബന്ധിച്ചു നിങ്ങള്‍ ജാഗ്രത കൈക്കൊള്ളുക-നിങ്ങളിലെ അക്രമകാരികളെ മാത്രമാകില്ല അതു പിടികൂടുക12
കഠിനമായി ശിക്ഷിക്കുന്നവനാണ് അല്ലാഹു എന്ന് അറിഞ്ഞു കൊള്ളുക! ഓര്‍ക്കുക: ശത്രുജനം തട്ടിയെടുക്കുമെന്നു പേടിച്ച് നാട്ടില്‍ ദുര്‍ബലരായി ഗണിക്കപ്പെട്ടു കഴിഞ്ഞിരുന്ന ഏതാനും പേരായിരുന്നു നിങ്ങള്‍; എന്നിട്ട ്‌നിങ്ങള്‍ക്കവന്‍ അഭയമേകി, തന്റെ സഹായം കൊണ്ട് പിന്‍ബലം തന്നു, വിശിഷ്ട ഭോജ്യങ്ങളില്‍ നിന്നു ഉപജീവനം നല്‍കി- നിങ്ങള്‍ കൃതജ്ഞത പ്രകടിപ്പിക്കാന്‍ വേണ്ടി13

3 വിശദീകരണങ്ങൾ കാണുക

11. മനുഷ്യന്റെ ചിന്ത നിരന്തരം പരിവര്‍ത്തനവിധേയമായിക്കൊണ്ടിരിക്കും. അതുകൊണ്ട് ചിന്തയെ സത്യത്തിലടിയുറപ്പിച്ചു നിറുത്തണം. 'ഹൃദയങ്ങള്‍ മാറ്റിമറിക്കുന്ന അല്ലാഹുവേ, എന്റെ ഹൃദയത്തെ നിന്റെ മതത്തില്‍ സ്ഥിരീകരിച്ചു നിറുത്തേണമേ' എന്നു തിരുമേനി (സ്വ) ദുആ ചെയ്യാറുണ്ടായിരുന്നു.

12. നന്മകല്‍പിക്കുകയും തിന്മ നിരോധിക്കുകയും ചെയ്യാന്‍ സത്യവിശ്വാസി എപ്പോഴും ബാധ്യസ്ഥ നാണ്. അതുചെയ്യാതെ, സമൂഹം ദുഷ്‌ചെയ്തികളിലും അധര്‍മങ്ങളിലും നിപതിച്ചു കഴിയുമ്പോള്‍, ഒരു വേള അല്ലാഹുവിന്റെ ഗുരുതര ശിക്ഷ വന്നെത്തും. ദുര്‍ജനങ്ങളെന്നോ സജ്ജനങ്ങളെന്നോ ഉള്ള അന്തരമില്ലാതെ സകലരെയുമത് പിടികൂടും; ജാഗ്രത പുലര്‍ത്തണം എന്നാണു പറയുന്നത്.

13. മക്കയില്‍ ആദ്യം മുസ്‌ലിംകള്‍ അശരണരും ദുര്‍ബലരുമായിരുന്നു. പിന്നീട് മദീനയിലവര്‍ക്കു അഭയം കിട്ടി. ബദ്‌റില്‍ ശത്രുക്കള്‍ക്കെതിരെ അവിസ്മരണീയ വിജയം കൈവന്നു. ധാരാളം ഗനീമത്ത് കൈപ്പറ്റി. ജീവിതം സുഭിക്ഷാവസ്ഥ പ്രാപിച്ചു. അല്ലാഹുവിന്റെ അതിമഹത്തായ ഈ അനുഗ്രഹങ്ങള്‍ ഒരിക്കലും വിസ്മരിച്ചുകളയരുത് എന്നുണര്‍ത്തുന്നു.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱسۡتَجِيبُواْ لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمۡ لِمَا يُحۡيِيكُمۡۖ وَٱعۡلَمُوٓاْ أَنَّ ٱللَّهَ يَحُولُ بَيۡنَ ٱلۡمَرۡءِ وَقَلۡبِهِۦ وَأَنَّهُۥٓ إِلَيۡهِ تُحۡشَرُونَ ۝٢٤
وَٱتَّقُواْ فِتۡنَةٗ لَّا تُصِيبَنَّ ٱلَّذِينَ ظَلَمُواْ مِنكُمۡ خَآصَّةٗۖ وَٱعۡلَمُوٓاْ أَنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ ۝٢٥
وَٱذۡكُرُوٓاْ إِذۡ أَنتُمۡ قَلِيلٞ مُّسۡتَضۡعَفُونَ فِي ٱلۡأَرۡضِ تَخَافُونَ أَن يَتَخَطَّفَكُمُ ٱلنَّاسُ فَـَٔاوَىٰكُمۡ وَأَيَّدَكُم بِنَصۡرِهِۦ وَرَزَقَكُم مِّنَ ٱلطَّيِّبَٰتِ لَعَلَّكُمۡ تَشۡكُرُونَ ۝٢٦
27–28

സത്യവിശ്വാസികളേ, അറിഞ്ഞുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെയും റസൂലിനെയും വഞ്ചിക്കുകയോ വിശ്വസിച്ചേല്‍പിക്കപ്പെട്ടവയില്‍ ചതിക്കുകയോ ചെയ്യരുത്14
നിങ്ങളുടെ സമ്പത്തുക്കളും സന്താനങ്ങളും പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ് ഉദാത്തമായ പ്രതിഫല മുള്ളതെന്നും നിങ്ങള്‍ അറിഞ്ഞുകൊള്ളുക.

1 വിശദീകരണം കാണുക

14. വഞ്ചനയും ചതിയും കബളിപ്പിക്കലുമൊക്കെ ഗുരുതരമായ കുറ്റമാണ്. അതറിഞ്ഞുകൊണ്ട്, മതത്തിനു ഹാനികരമാകുന്ന കാര്യങ്ങള്‍ സത്യനിഷേധികള്‍ക്കു വേണ്ടി ചെയ്യുക എന്നതാണ് അല്ലാഹുവിനെയും റസൂലിനെയും വഞ്ചിക്കല്‍. ജനങ്ങള്‍ വിശ്വസിച്ചേല്‍പിച്ച കാര്യങ്ങളിലും വഞ്ചിക്കാന്‍ പാടില്ല. കപട വിശ്വാസികളുടെ ലക്ഷണമായാണ് നബി(സ്വ) അതു പഠിപ്പിച്ചിട്ടുള്ളത്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَخُونُواْ ٱللَّهَ وَٱلرَّسُولَ وَتَخُونُوٓاْ أَمَٰنَٰتِكُمۡ وَأَنتُمۡ تَعۡلَمُونَ ۝٢٧
وَٱعۡلَمُوٓاْ أَنَّمَآ أَمۡوَٰلُكُمۡ وَأَوۡلَٰدُكُمۡ فِتۡنَةٞ وَأَنَّ ٱللَّهَ عِندَهُۥٓ أَجۡرٌ عَظِيمٞ ۝٢٨
29–30

സത്യവിശ്വാസികളേ, അല്ലാഹുവിനെ സൂക്ഷിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കു സത്യാ സത്യവിവേചന ശേഷി അവനുണ്ടാക്കിത്തരും, പാപങ്ങള്‍ മായ്ച്ചുകളയും, പൊറുത്തു തരും. അതിമഹത്തായ ഔദാര്യമുള്ളവനത്രേ അല്ലാഹു. നബിയേ, തടങ്കലില്‍ വെക്കുകയോ വധിക്കുകയോ നാടുകടത്തുകയോ ചെയ്യാനായി അങ്ങേക്കെതിരെ നിഷേധികള്‍ കുതന്ത്രം പ്രയോഗിച്ച സന്ദര്‍ഭം സ്മരണീയമത്രേ15
അവര്‍ കുതന്ത്രം പ്രയോഗിക്കുന്നു; അല്ലാഹു അതിനു പ്രതിക്രിയ ചെയ്യുന്നു. കുതന്ത്രങ്ങള്‍ക്കു പ്രതിക്രിയ ചെയ്യാന്‍ അതിവിദഗ്ദനത്രേ അല്ലാഹു.

1 വിശദീകരണം കാണുക

15. നബി(സ്വ)ക്കും സ്വഹാബത്തിനുമെതിരെ സന്ധിയില്ലാസമരം തുടര്‍ന്നിട്ടും ക്രൂരമര്‍ദനങ്ങളഴിച്ചു വിട്ടിട്ടും യാതൊരു ഫലവുമില്ലെന്നു കണ്ട മക്കാ മുശ്‌രിക്കുകള്‍ ഒരു നിശാസമ്മേളനത്തില്‍ നബി(സ്വ)യെ ഇനി എന്തുചെയ്യണമെന്ന് അതീവ ഗൗരവമുള്ള ചര്‍ച്ചക്കു വിധേയമാക്കി. ബന്ധനസ്ഥനാക്കി തടങ്കലിലിടുക, നാടുകടത്തുക തുടങ്ങിയുള്ള അഭിപ്രായങ്ങള്‍ പൊന്തിവന്നു. അവസാനം, കൊല്ലാന്‍ തീരുമാനിച്ചു. എന്നാല്‍ അവരുടെ ഗൂഢാലോചനകളത്രയും അല്ലാഹു തകര്‍ത്തു. രാക്കുരാമാനം മക്കവിടാന്‍ നബിക്കു കല്‍പന നല്‍കി. ഒരു പിടി മണ്ണ് വാരിയെറിഞ്ഞ് അന്ധരാക്കി, കൊല്ലാന്‍ വന്നവര്‍ക്കിടയിലൂടെ നബി (സ്വ) നടന്നു പോയി. നിഷേധികളുടെയും ധിക്കാരികളുടെയും ഏതു കുതന്ത്രവും അല്ലാഹു നടുവൊടിക്കും.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِن تَتَّقُواْ ٱللَّهَ يَجۡعَل لَّكُمۡ فُرۡقَانٗا وَيُكَفِّرۡ عَنكُمۡ سَيِّـَٔاتِكُمۡ وَيَغۡفِرۡ لَكُمۡۗ وَٱللَّهُ ذُو ٱلۡفَضۡلِ ٱلۡعَظِيمِ ۝٢٩
وَإِذۡ يَمۡكُرُ بِكَ ٱلَّذِينَ كَفَرُواْ لِيُثۡبِتُوكَ أَوۡ يَقۡتُلُوكَ أَوۡ يُخۡرِجُوكَۚ وَيَمۡكُرُونَ وَيَمۡكُرُ ٱللَّهُۖ وَٱللَّهُ خَيۡرُ ٱلۡمَٰكِرِينَ ۝٣٠
31–33

നമ്മുടെ സൂക്തങ്ങള്‍ പാരായണം ചെയ്യപ്പെട്ടാല്‍ അവര്‍ തട്ടിവിടും: ഞങ്ങളിതുകേട്ടിരിക്കു ന്നു. വേണമെന്നുവിചാരിച്ചാല്‍ ഈ ഖുര്‍ആന്‍ പോലുള്ളത് ഞങ്ങളും പറയും. ഇവയത്രയും പൂര്‍വികരുടെ കെട്ടുകഥകള്‍ മാത്രമാണ്. 'അല്ലാഹുവേ, ഈ ഖുര്‍ആന്‍ നിന്റെ പക്കല്‍ നിന്നുള്ള സത്യസന്ദേശമാണ് എങ്കില്‍ ആകാശത്തുനിന്ന് ഞങ്ങളുടെ മേല്‍ കന്മഴ വര്‍ഷിക്കുകയോ വേദനയുറ്റ ശിക്ഷ കൊണ്ടുവരികയോ ചെയ്യൂ' എന്നു ആ നിഷേധികള്‍ പറഞ്ഞ സന്ദര്‍ഭം സ്മരണീയമത്രേ16
എന്നാല്‍ താങ്കള്‍ അവര്‍ക്കുമധ്യേ ജീവിച്ചിരിക്കെയോ അവര്‍ പാപമോചനമര്‍ത്ഥിച്ചു കൊണ്ടിരി ക്കെയോ അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല17

2 വിശദീകരണങ്ങൾ കാണുക

16. നിഷേധികളുടെ മൂടുറച്ച നിലപാട് എത്ര ദയനീയം! ഖുര്‍ആനും നബി(സ്വ)യും സത്യമാണെങ്കിലും ഞങ്ങള്‍ക്കുവേണ്ട; ദൈവിക ശിക്ഷ എന്തുതന്നെയാണെങ്കിലും അതു മതി! മുരത്ത അഹന്ത തന്നെ.

17. നിഷേധികള്‍ ദൈവികശിക്ഷ ചോദിക്കുന്നുണ്ടെങ്കില്‍ തന്നെയും തിരുനബി (സ്വ)യുടെ സാന്നിധ്യം മാനിച്ചുകൊണ്ട് അല്ലാഹു ഉന്മൂലന ശിക്ഷ നല്‍കുകയില്ല. ജനങ്ങള്‍ പാപമോചനം തേടിക്കൊ ണ്ടിരിക്കുമ്പോഴും ശിക്ഷ വന്നെത്തുന്നതല്ല. ഈ സൂക്താവതരണത്തിനു ശേഷവും നിരവധി നിഷേധികള്‍ ഇസ്‌ലാം സ്വീകരിച്ചു; പലരുടെയും പുത്രരോ പൗത്രരോ പുണ്യദീനിന്റെ പ്രചാരകരും സഹായികളും ധ്വജവാഹകരുമായി.

وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُنَا قَالُواْ قَدۡ سَمِعۡنَا لَوۡ نَشَآءُ لَقُلۡنَا مِثۡلَ هَٰذَآ إِنۡ هَٰذَآ إِلَّآ أَسَٰطِيرُ ٱلۡأَوَّلِينَ ۝٣١
وَإِذۡ قَالُواْ ٱللَّهُمَّ إِن كَانَ هَٰذَا هُوَ ٱلۡحَقَّ مِنۡ عِندِكَ فَأَمۡطِرۡ عَلَيۡنَا حِجَارَةٗ مِّنَ ٱلسَّمَآءِ أَوِ ٱئۡتِنَا بِعَذَابٍ أَلِيمٖ ۝٣٢
وَمَا كَانَ ٱللَّهُ لِيُعَذِّبَهُمۡ وَأَنتَ فِيهِمۡۚ وَمَا كَانَ ٱللَّهُ مُعَذِّبَهُمۡ وَهُمۡ يَسۡتَغۡفِرُونَ ۝٣٣
34–37

വിശുദ്ധ മസ്ജിദില്‍ നിന്നു വിശ്വാസികളെ ഉപരോധിച്ചു കൊണ്ടിരിക്കുമ്പോള്‍ അവരെ അല്ലാഹു ശിക്ഷിക്കാതിരിക്കുന്നതെങ്ങനെ? അവര്‍ അതിന്റെ സംരക്ഷകരല്ല താനും; അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ മാത്രമാണ് അതിന്റെ രക്ഷാകര്‍ത്താക്കള്‍. പക്ഷേ, അവരില്‍ മിക്കവരും വിവരമില്ലാത്ത വരാണ്. ചൂളം വിളിയും കൈയടിയും മാത്രമാണ് കഅ്ബത്തിങ്കലുള്ള അവരുടെ പ്രാര്‍ത്ഥന18
സത്യത്തെ നിഷേധിച്ചിരുന്നതുകൊണ്ട് നിങ്ങള്‍ ശിക്ഷ ആസ്വദിച്ചു കൊള്ളുക. അല്ലാഹുവിന്റെ വഴിയില്‍ നിന്നു മനുഷ്യരെ ഉപരോധിക്കുവാനാണ് നിഷേധികള്‍ തങ്ങളുടെ സമ്പത്തുക്കള്‍ വ്യയം ചെയ്യുന്നത്. അങ്ങനെയവര്‍ ചെലവഴിക്കുന്നതും പിന്നീടതവര്‍ക്ക് നെടും ഖേദമായിത്തീരുന്നതുമാണ്. അനന്തരമവര്‍ കീഴടക്കപ്പെടുകയും ചെയ്യും. സത്യനിഷേധികള്‍ നരകത്തിലേക്ക് സംഗമിപ്പിക്കപ്പെടു ന്നതാണ്. നല്ലതില്‍ നിന്നു ചീത്തയെ അല്ലാഹു വേര്‍തിരിക്കാനും ചീത്തയെ മേല്‍ക്കുമേല്‍ കുമിച്ചു കൂട്ടി കൂമ്പാരമാക്കി നരകത്തിലെറിയാനും വേണ്ടിയാണിത്. അവര്‍ തന്നെയത്രെ പരാജിതര്‍19

2 വിശദീകരണങ്ങൾ കാണുക

18. ജാഹിലിയ്യാകാലത്ത് കഅ്ബയുടെയടുത്തുവെച്ച് മക്കാ മുശ്‌രിക്കുകള്‍ നടത്തിയിരുന്ന ആരാധനാ രീതിയിലേക്ക് വിരല്‍ ചൂണ്ടുകയാണ്. നഗ്നരായി ഥവാഫ് ചെയ്ത് ആട്ടവും പാട്ടും ചൂളം വിളിയുമൊക്കെയാ ണവര്‍ ചെയ്തിരുന്നത്. ഇസ്‌ലാം വന്ന ശേഷം മുസ്‌ലിംകളുടെ ആരാധനകള്‍ അലങ്കോലപ്പെടുത്താന്‍ വേണ്ടിയും അവരിങ്ങനെ ചെയ്തിരുന്നു.

19. സമ്പന്നതയും ആഢ്യത്വവുമൊന്നും വിജയത്തിന്റെയും നന്മയുടെയും നിദാനമല്ല. അല്ലാഹുവിനെ യും സത്യദീനിനെയും നിഷേധിക്കുകയും അവയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത ധിക്കാരികളെ കൂട്ടം കൂട്ടമായി അല്ലാഹു നരകത്തില്‍ പ്രവേശിപ്പിക്കും. ഗുരുതരപരാജയം അവര്‍ ഏറ്റുവാങ്ങും.

وَمَا لَهُمۡ أَلَّا يُعَذِّبَهُمُ ٱللَّهُ وَهُمۡ يَصُدُّونَ عَنِ ٱلۡمَسۡجِدِ ٱلۡحَرَامِ وَمَا كَانُوٓاْ أَوۡلِيَآءَهُۥٓۚ إِنۡ أَوۡلِيَآؤُهُۥٓ إِلَّا ٱلۡمُتَّقُونَ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ ۝٣٤
وَمَا كَانَ صَلَاتُهُمۡ عِندَ ٱلۡبَيۡتِ إِلَّا مُكَآءٗ وَتَصۡدِيَةٗۚ فَذُوقُواْ ٱلۡعَذَابَ بِمَا كُنتُمۡ تَكۡفُرُونَ ۝٣٥
إِنَّ ٱلَّذِينَ كَفَرُواْ يُنفِقُونَ أَمۡوَٰلَهُمۡ لِيَصُدُّواْ عَن سَبِيلِ ٱللَّهِۚ فَسَيُنفِقُونَهَا ثُمَّ تَكُونُ عَلَيۡهِمۡ حَسۡرَةٗ ثُمَّ يُغۡلَبُونَۗ وَٱلَّذِينَ كَفَرُوٓاْ إِلَىٰ جَهَنَّمَ يُحۡشَرُونَ ۝٣٦
لِيَمِيزَ ٱللَّهُ ٱلۡخَبِيثَ مِنَ ٱلطَّيِّبِ وَيَجۡعَلَ ٱلۡخَبِيثَ بَعۡضَهُۥ عَلَىٰ بَعۡضٖ فَيَرۡكُمَهُۥ جَمِيعٗا فَيَجۡعَلَهُۥ فِي جَهَنَّمَۚ أُوْلَٰٓئِكَ هُمُ ٱلۡخَٰسِرُونَ ۝٣٧
38–40

നിഷേധത്തില്‍ നിന്നു പിന്തിരിയുകയാണെങ്കില്‍ മുമ്പ് ചെയ്തുപോയതൊക്കെ പൊറുക്കപ്പെടുമെന്ന് സത്യനിധേഷികളോട് താങ്കള്‍ പറയുക. ഇനിയവര്‍ സത്യനിഷേധത്തിലേക്കു തന്നെ വരികയാണെങ്കിലോ, മുന്‍ഗാമികളിലെ ദൈവികനടപടി കഴിഞ്ഞു പോയതാണല്ലോ20
മര്‍ദനം ഇല്ലാതാവുകയും അനുസരണമത്രയും അല്ലാഹുവിന്നായിത്തീരുകയും ചെയ്യുന്നതുവരെ നിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. ഇനി അവര്‍ വിരമിച്ചാലോ, അവര്‍ അനുവര്‍ത്തിക്കുന്ന തെല്ലാം കാണുന്നവന്‍ തന്നെയാണ് അല്ലാഹു21
ഇനി, സത്യം വിട്ട് അവര്‍ പിന്തിരിയുന്നുവെങ്കില്‍, അറിയുക: അല്ലാഹുവാണ് നിങ്ങളുടെ രക്ഷാധികാരി; ഏറ്റം നല്ല സംരക്ഷകനും സഹായിയുമത്രേ അവന്‍.

2 വിശദീകരണങ്ങൾ കാണുക

20. അതികായന്മാര്‍, ദീര്‍ഘായുഷ്മാന്‍മാര്‍, അക്രമികളായ ഭരണാധിപന്മാര്‍, മികച്ച ശാരീരിക ശക്തിയുള്ളവര്‍ തുടങ്ങി നിരവധി ധിക്കാരികള്‍ ചരിത്രത്തിന്റെ ശവപ്പറമ്പുകളില്‍ പ്ലേക്കാര്‍ഡുകളുയര്‍ത്തി അന്ത്യ വിശ്രമം കൊള്ളുന്നുണ്ടല്ലോ, അവരുടെ ദയനീയ പരിണതി തന്നെയാകും ഇവര്‍ക്കും.

21. മക്കയിലെ മുശ്‌രിക്കുകള്‍ നബി (സ്വ)യെയും സ്വഹാബികളെയും അക്രമിച്ചു, മര്‍ദിച്ചു, ക്രൂര പീഡനങ്ങളേല്‍പ്പിച്ചു; പലരെയും കൊന്നു. മുസ്‌ലിംകളെ സ്വന്തം നാട്ടില്‍ നിന്നു ആട്ടിയോടിച്ചു. എല്ലാം വിട്ടൊഴിഞ്ഞു പോയി മദീനയിലഭയം തേടിയിട്ടും വിട്ടില്ല - ഈ മുഷ്‌ക്ക് അവസാനിപ്പിക്കുന്നതുവരെയും അവരോട് അടരാടണമെന്നാണു കല്‍പന.

قُل لِّلَّذِينَ كَفَرُوٓاْ إِن يَنتَهُواْ يُغۡفَرۡ لَهُم مَّا قَدۡ سَلَفَ وَإِن يَعُودُواْ فَقَدۡ مَضَتۡ سُنَّتُ ٱلۡأَوَّلِينَ ۝٣٨
وَقَٰتِلُوهُمۡ حَتَّىٰ لَا تَكُونَ فِتۡنَةٞ وَيَكُونَ ٱلدِّينُ كُلُّهُۥ لِلَّهِۚ فَإِنِ ٱنتَهَوۡاْ فَإِنَّ ٱللَّهَ بِمَا يَعۡمَلُونَ بَصِيرٞ ۝٣٩
وَإِن تَوَلَّوۡاْ فَٱعۡلَمُوٓاْ أَنَّ ٱللَّهَ مَوۡلَىٰكُمۡۚ نِعۡمَ ٱلۡمَوۡلَىٰ وَنِعۡمَ ٱلنَّصِيرُ ۝٤٠
41

അറിയുക: ഏതുയുദ്ധമുതല്‍ നിങ്ങള്‍ക്ക് കിട്ടിയാലും അതിന്റെ അഞ്ചിലൊരംശം അല്ലാഹു വിനും റസൂലിനും അവിടത്തെ സമീപബന്ധുക്കള്‍ക്കും അനാഥകള്‍ക്കും പാവങ്ങള്‍ക്കും ഗതിയറ്റ യാത്രക്കാര്‍ക്കുമുള്ളതാണ്;22
അല്ലാഹുവിലും സത്യാസത്യവിവേചന നാളില്‍-ആ രണ്ടു സംഘങ്ങ ള്‍ ഏറ്റുമുട്ടിയ ദിനം- സ്വന്തം ദാസന്റെ മേല്‍ നാം ഇറക്കിയതിലും നിങ്ങള്‍ വിശ്വാസമര്‍പ്പിച്ചിട്ടുണ്ടെ ങ്കില്‍23
സര്‍വകാര്യങ്ങള്‍ക്കും ശേഷിയുറ്റവനത്രേ അല്ലാഹു.

2 വിശദീകരണങ്ങൾ കാണുക

22. ശത്രുക്കളുമായി നടക്കുന്ന ഏറ്റുമുട്ടലുകളില്‍ ലഭിക്കുന്ന സമ്പത്തുക്കളാണ് ഗനീമത്ത്; ഈ സൂറയുടെ നാമമായ അല്‍അന്‍ഫാല്‍ എന്ന പദത്തിന്റെ ഉദ്ദേശ്യവും അതുതന്നെ. സമരാര്‍ജിത സമ്പത്തിന്റെ അഞ്ചിലൊന്ന് (ഇരുപത് ശതമാനം) അല്ലാഹു, റസൂല്‍, അവിടത്തെ അടുത്ത കുടുംബം, അനാഥകള്‍, അഗതികള്‍, അനുവദനീയ യാത്രകളില്‍ സാമ്പത്തികാശ്രയമില്ലാത്തവര്‍ എന്നിവര്‍ക്കുള്ളതാണ്. ദഅ്‌വീ സംരംഭങ്ങള്‍, മസ്ജിദ് - മദ്രസാ നിര്‍മാണം തുടങ്ങി മുസ്‌ലിംകളുടെ പൊതു നന്മയിലാണ് അല്ലാഹുവിന്റെ യും റസൂലിന്റെയും വിഹിതം ചെലവഴിക്കേണ്ടത്. ആകെ സ്വത്തിന്റെ എണ്‍പത് ശതമാനത്തിനര്‍ഹര്‍ യുദ്ധത്തില്‍ പങ്കെടുത്ത യോദ്ധാക്കളാകുന്നു.

23. ബദ്‌റ് യുദ്ധമാണുദ്ദേശ്യം. അല്ലാഹുവിന്റെ സഹായമുണ്ടായതുകൊണ്ടു മാത്രമാണ് അവിശ്വസനീയ മാം വിധമുള്ള ആ യുദ്ധവിജയം മുസ്‌ലിംകള്‍ക്കു കൈവന്നത്. സത്യമേത്, അസത്യമേത് എന്ന് ആ സംഭവത്തിലൂടെ ലോകത്തിന് ബോധ്യപ്പെട്ടു.

۞ وَٱعۡلَمُوٓاْ أَنَّمَا غَنِمۡتُم مِّن شَيۡءٖ فَأَنَّ لِلَّهِ خُمُسَهُۥ وَلِلرَّسُولِ وَلِذِي ٱلۡقُرۡبَىٰ وَٱلۡيَتَٰمَىٰ وَٱلۡمَسَٰكِينِ وَٱبۡنِ ٱلسَّبِيلِ إِن كُنتُمۡ ءَامَنتُم بِٱللَّهِ وَمَآ أَنزَلۡنَا عَلَىٰ عَبۡدِنَا يَوۡمَ ٱلۡفُرۡقَانِ يَوۡمَ ٱلۡتَقَى ٱلۡجَمۡعَانِۗ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٌ ۝٤١
42

മദീനയോടടുത്ത താഴ്‌വരയില്‍ നിങ്ങളും അകന്ന താഴ്‌വരയില്‍ അവരും സാര്‍ത്ഥവാഹക സംഘം നിങ്ങളുടെ താഴ്ഭാഗത്തും ആയിരുന്ന സന്ദര്‍ഭം സ്മരിക്കുക. പരസ്പരം ഏറ്റുമുട്ടാന്‍ തീരുമാനിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ പേടിച്ച് വാഗ്ദാനം ലംഘിച്ചിരുന്നേനെ. പക്ഷേ, സംഭവിക്കേണ്ട ഒരു കാര്യം അല്ലാഹു നിര്‍വഹിക്കുന്നതിനുവേണ്ടിയായിരുന്നു അത്. അഥവാ സംഹാരവിധേയരാ യവര്‍ സ്പഷ്ടദൃഷ്ടാന്തം കണ്ടു നശിക്കുവാനും അവശേഷിച്ചവര്‍ വ്യക്തമായ തെളിവുകണ്ട് ജീവിക്കുവാനും വേണ്ടി. എല്ലാം കേള്‍ക്കുന്നവനും കാണുന്നവനും തന്നെയാണ് അല്ലാഹു.

إِذۡ أَنتُم بِٱلۡعُدۡوَةِ ٱلدُّنۡيَا وَهُم بِٱلۡعُدۡوَةِ ٱلۡقُصۡوَىٰ وَٱلرَّكۡبُ أَسۡفَلَ مِنكُمۡۚ وَلَوۡ تَوَاعَدتُّمۡ لَٱخۡتَلَفۡتُمۡ فِي ٱلۡمِيعَٰدِ وَلَٰكِن لِّيَقۡضِيَ ٱللَّهُ أَمۡرٗا كَانَ مَفۡعُولٗا لِّيَهۡلِكَ مَنۡ هَلَكَ عَنۢ بَيِّنَةٖ وَيَحۡيَىٰ مَنۡ حَيَّ عَنۢ بَيِّنَةٖۗ وَإِنَّ ٱللَّهَ لَسَمِيعٌ عَلِيمٌ ۝٤٢
43–44

നബിയേ, താങ്കള്‍ക്ക് സ്വപ്നത്തില്‍ ആ ശത്രുക്കളെ കുറച്ചു പേര്‍ മാത്രമായി അല്ലാഹു കാണിച്ചത് അനുസ്മരിക്കുക. അവര്‍ വളരെപ്പേരായി താങ്കള്‍ക്കവന്‍ കാണിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ പേടിക്കുകയും യുദ്ധം ചെയ്യുന്ന വിഷയത്തില്‍ തര്‍ക്കമുണ്ടാകുകയും ചെയ്യുമായിരുന്നു. പക്ഷേ, അല്ലാഹു സുരക്ഷയേകി. മനസ്സുകളിലുള്ളത് അറിയുന്നവനാണവന്‍. പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ നിങ്ങളുടെ ദൃഷ്ടിയില്‍ അവരുടെ എണ്ണം കുറച്ചു കാണിക്കുകയും, അവരുടെ കാഴ്ചയില്‍ നിങ്ങളുടെ എണ്ണം കുറച്ചു കാണിക്കുകയും ചെയ്ത സന്ദര്‍ഭം സ്മരണീയമത്രേ. നിര്‍ണയിച്ചു കഴിഞ്ഞ ഒരു സംഭവം പ്രയോഗവല്‍ക്കരിക്കാനത്രേ അല്ലാഹു ഇങ്ങനെ ചെയ്തത്. കാര്യങ്ങളൊക്കെ മടക്കപ്പെടുന്നത് അല്ലാഹുവിങ്കലേക്കുമാത്രമാകുന്നു.

إِذۡ يُرِيكَهُمُ ٱللَّهُ فِي مَنَامِكَ قَلِيلٗاۖ وَلَوۡ أَرَىٰكَهُمۡ كَثِيرٗا لَّفَشِلۡتُمۡ وَلَتَنَٰزَعۡتُمۡ فِي ٱلۡأَمۡرِ وَلَٰكِنَّ ٱللَّهَ سَلَّمَۚ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ ۝٤٣
وَإِذۡ يُرِيكُمُوهُمۡ إِذِ ٱلۡتَقَيۡتُمۡ فِيٓ أَعۡيُنِكُمۡ قَلِيلٗا وَيُقَلِّلُكُمۡ فِيٓ أَعۡيُنِهِمۡ لِيَقۡضِيَ ٱللَّهُ أَمۡرٗا كَانَ مَفۡعُولٗاۗ وَإِلَى ٱللَّهِ تُرۡجَعُ ٱلۡأُمُورُ ۝٤٤
45–47

സത്യവിശ്വാസികളേ, നിങ്ങള്‍ ഒരു സേനാവ്യൂഹത്തെ കണ്ടുമുട്ടിയാല്‍ ഉറച്ചു നിലകൊള്ളുക, അല്ലാഹുവിനെ ധാരാളമായി ഓര്‍ക്കുക-നിങ്ങള്‍ വജയികളാകാന്‍. അല്ലാഹുവിനെ യും അവന്റെ റസൂലിനെയും അനുസരിക്കുക, ഭിന്നിച്ചു പോകരുത്; അപ്പോള്‍ നിങ്ങളുടെ ധൈര്യം ക്ഷയിക്കുകയും വീര്യം നശിച്ചു പോകുകയും ചെയ്യും. ക്ഷമ കൈക്കൊള്ളുക. നിശ്ചയം ക്ഷമാശീല രോടൊപ്പമാണ് അല്ലാഹു. അഹങ്കാരികളായും ലോകമാന്യത നടിച്ചും ജനത്തെ ദൈവമാര്‍ഗത്തില്‍ നിന്നു പ്രതിരോധിക്കാനായി സ്വഗൃഹങ്ങളില്‍ നിന്നിറങ്ങിത്തിരിച്ചവരെപ്പോലെ24
നിങ്ങളാകരുത്. അവരുടെ ചെയ്തികളെക്കുറിച്ചെല്ലാം സൂക്ഷ്മ ജ്ഞാനിയാണ് അല്ലാഹു.

1 വിശദീകരണം കാണുക

24. അഹങ്കാര പ്രമത്തരായും ഇസ്‌ലാമിനെ ഭൂമുഖത്തുനിന്നു ഉന്‍മൂലനം ചെയ്യാന്‍ പ്രതിജ്ഞയെ ടുത്തും ബദ്‌റിലേക്കു പുറപ്പെട്ട മുശ്‌രിക്കുകളാണ് ഉദ്ദേശ്യം. സാര്‍ത്ഥവാഹകസംഘം അപകടരഹിതമായി രക്ഷപ്പെട്ടു മക്കയിലെത്തിയിട്ടുണ്ടെന്നും മുസ്‌ലിംകളുമായി ഏറ്റുമുട്ടലിനു നില്‍ക്കാതെ തിരിച്ചു പോരണമെ ന്നും വിവരമറിയിച്ചെങ്കിലും അബൂജഹ്ല്‍ അഹങ്കാരപൂര്‍ണമായ നിലപാടാണ് കൈക്കൊണ്ടത്. അല്ലാഹു തന്നെ സത്യം, മുഹമ്മദുമായി ഏറ്റുമുട്ടാതെ മടങ്ങുന്ന പ്രശ്‌നമേയില്ല; മുസ്‌ലിംകളെ ഉന്മൂലനം ചെയ്ത് ബദ്‌റില്‍ അത് ആഘോഷിച്ചേ മടങ്ങൂ എന്നും ആ ദുഷ്ടന്‍ വീരവാദം മുഴക്കിയിരുന്നു.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا لَقِيتُمۡ فِئَةٗ فَٱثۡبُتُواْ وَٱذۡكُرُواْ ٱللَّهَ كَثِيرٗا لَّعَلَّكُمۡ تُفۡلِحُونَ ۝٤٥
وَأَطِيعُواْ ٱللَّهَ وَرَسُولَهُۥ وَلَا تَنَٰزَعُواْ فَتَفۡشَلُواْ وَتَذۡهَبَ رِيحُكُمۡۖ وَٱصۡبِرُوٓاْۚ إِنَّ ٱللَّهَ مَعَ ٱلصَّٰبِرِينَ ۝٤٦
وَلَا تَكُونُواْ كَٱلَّذِينَ خَرَجُواْ مِن دِيَٰرِهِم بَطَرٗا وَرِئَآءَ ٱلنَّاسِ وَيَصُدُّونَ عَن سَبِيلِ ٱللَّهِۚ وَٱللَّهُ بِمَا يَعۡمَلُونَ مُحِيطٞ ۝٤٧
48–49

'ഇന്നു നിങ്ങളെ തോല്‍പിക്കാന്‍ മനുഷ്യരിലൊരാളുമില്ല, ഞാന്‍ നിങ്ങളുടെ രക്ഷകനാണ്' എന്നു പറഞ്ഞുകൊണ്ട് പിശാച് അവര്‍ക്ക് തങ്ങളുടെ പ്രവൃത്തികള്‍ സുന്ദരമായി തോന്നിച്ച ഘട്ടം സ്മരണീയമാണ്. അങ്ങനെ ആ രണ്ടു വിഭാഗങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ ഇപ്രകാരം പ്രസ്താവിച്ചു കൊണ്ട് അവന്‍ പിന്തിരിഞ്ഞോടി: 'ഞാന്‍ നിങ്ങളുമായി ഒരു വിധ ബന്ധവുമില്ല തന്നെ. നിങ്ങളുടെ ദൃഷ്ടിക്കു ഗോചരീഭവിക്കാത്തത് ഞാന്‍ കാണുന്നുണ്ട്25
ഞാന്‍ അല്ലാഹുവിനെ പേടിക്കുകയാണ്, അവന്‍ കഠിനമായി ശിക്ഷിക്കും.' കപട വിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറഞ്ഞ സന്ദര്‍ഭം സ്മരണീയമത്രേ-'ഈ മുസ്‌ലിംകളെ അവരുടെ മതവിശ്വാസം വഞ്ചിച്ചു കളഞ്ഞിരിക്കു കയാണ്26
എന്നാല്‍, ആരൊരാള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നുവോ, നിശ്ചയം അല്ലാഹു പ്രതാപശാലിയും യുക്തിമാനും തന്നെയത്രെ.

2 വിശദീകരണങ്ങൾ കാണുക

25. മലക്കുകള്‍ ഇറങ്ങിക്കണ്ടതാണ് ഇബ്‌ലീസ് അര്‍ത്ഥമാക്കുന്നത്. കിനാന ഗോത്രത്തിന്റെ സാരഥിയുടെ വേഷമിട്ടാണ് ആദ്യമവന്‍ മുശ്‌രിക്കുകളെ പ്രചോദിപ്പിച്ചത്. യുദ്ധം തുടങ്ങിയപ്പോള്‍ മലക്കുക ളുടെ വെട്ടേറ്റ് തലതെറിക്കുമെന്ന് പേടിച്ച അവന്‍ പിന്തിരിഞ്ഞോടി.

26. ആത്മരക്ഷക്ക് തരിമ്പും വിലകല്‍പിക്കാതെ മുസ്‌ലിംകള്‍ രണാങ്കണത്തില്‍ അടരാടുന്ന പിടികിട്ടാത്ത രഹസ്യത്തിന്റെ കാരണം കണ്ടെത്തുകയാണ്, പാവം കപടവിശ്വാസികള്‍. ആടെന്തറിഞ്ഞു അങ്ങാടി വാണിഭം എന്നല്ലാതെ എന്തുപറയാന്‍!

وَإِذۡ زَيَّنَ لَهُمُ ٱلشَّيۡطَٰنُ أَعۡمَٰلَهُمۡ وَقَالَ لَا غَالِبَ لَكُمُ ٱلۡيَوۡمَ مِنَ ٱلنَّاسِ وَإِنِّي جَارٞ لَّكُمۡۖ فَلَمَّا تَرَآءَتِ ٱلۡفِئَتَانِ نَكَصَ عَلَىٰ عَقِبَيۡهِ وَقَالَ إِنِّي بَرِيٓءٞ مِّنكُمۡ إِنِّيٓ أَرَىٰ مَا لَا تَرَوۡنَ إِنِّيٓ أَخَافُ ٱللَّهَۚ وَٱللَّهُ شَدِيدُ ٱلۡعِقَابِ ۝٤٨
إِذۡ يَقُولُ ٱلۡمُنَٰفِقُونَ وَٱلَّذِينَ فِي قُلُوبِهِم مَّرَضٌ غَرَّ هَٰٓؤُلَآءِ دِينُهُمۡۗ وَمَن يَتَوَكَّلۡ عَلَى ٱللَّهِ فَإِنَّ ٱللَّهَ عَزِيزٌ حَكِيمٞ ۝٤٩
50–54

മുന്നിലും പിന്നിലും വെട്ടേല്‍പിച്ചും 'ജ്വലിക്കുന്ന നരക ശിക്ഷ ആസ്വദിക്കൂ' എന്നാക്രോശിച്ചും കൊണ്ട് മലക്കുകള്‍ സത്യനിഷേധികളെ കൊന്നൊടുക്കുന്ന രംഗം അങ്ങു കണ്ടു പോയാല്‍! നിങ്ങളുടെ കരങ്ങള്‍ നേരത്തെ അനുവര്‍ത്തിച്ച ദുഷ്‌ചെയ്തികള്‍ കാരണവും, തന്റെ ദാസരോട് അല്ലാഹു ഒട്ടുമേ അനീതി ചെയ്യില്ല എന്നതിനാലുമത്രെ അത്27
ഫിര്‍ഔന്‍ പ്രഭൃതികളു ടെയും അവരുടെ മുമ്പുള്ളവരുടെയും സ്ഥിതി പോലെത്തന്നെ. അവരൊക്കെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു. തത്സമയം, തങ്ങളുടെ പാപങ്ങള്‍ മൂലം അവരെയവന്‍ ശിക്ഷിച്ചു. അല്ലാഹു ശക്തനും കഠിനശിക്ഷ നല്‍കുന്നവനും തന്നെ, തീര്‍ച്ച. ഒരു ജനപഥത്തിന്ന് താന്‍ നല്‍കിയ അനുഗ്ര ഹം, സ്വന്തം നിലപാടില്‍ അവര്‍ ഭേദപ്പെടുത്തുന്നതുവരെ അല്ലാഹു മാറ്റിക്കളയില്ല എന്നതുകൊണ്ടും, അവന്‍ സര്‍വവും കേള്‍ക്കുന്നവനും അറിയുന്നവനുമാണ് എന്നതുകൊണ്ടുമത്രേ അത്. ഫറോവ പ്രഭൃതികളുടെയും അവരുടെ പൂര്‍വഗാമികളുടെയും അവസ്ഥ തന്നെ- അവര്‍ അല്ലാഹുവിന്റെ ദൃഷ്ടാ ന്തങ്ങള്‍ വ്യാജമാക്കി. അപ്പോള്‍ തങ്ങളുടെ കുറ്റകൃത്യങ്ങള്‍ കാരണം നാം അവരെ സംഹരിച്ചു. ഫിര്‍ഔന്റെയാളുകളെ നാം മുക്കിക്കൊല്ലുകയാണു ചെയ്തത്. അവരൊക്കെയും അക്രമികളായി രുന്നു28

2 വിശദീകരണങ്ങൾ കാണുക

27. ബദ്‌റില്‍ സത്യനിഷേധികള്‍ കൂട്ടസംഹരണത്തിനു വിധേയമായതിന്റെ ന്യായീകരണമാണ് പറയുന്നത്. കുറ്റകൃത്യങ്ങളനുവര്‍ത്തിച്ചവര്‍ ശിക്ഷാവിധേയരാകണം -നീതിയുടെ താല്‍പര്യമാണത്. വിശ്വാസികളെ സഹായിക്കാമെന്ന തന്റെ വാഗ്ദാനം അല്ലാഹുവിനു നിറവേറ്റേണ്ടതുമുണ്ട്. തന്നെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരെ പരാജയപ്പെടുത്തല്‍ നീതിയല്ലല്ലോ.

28. ഖുറൈശിനും മറ്റുപല പൂര്‍വ സമൂഹങ്ങള്‍ക്കും നിരവധി അനുഗ്രഹങ്ങള്‍ അല്ലാഹു ചെയ്തിരുന്നു. അവര്‍ സ്വയം അതൊക്കെ കളഞ്ഞു കുളിച്ചു, മാറ്റിമറിച്ചു. അതുകൊണ്ട് ആ അനുഗ്രഹങ്ങളൊക്കെ അല്ലാഹു പിന്‍വലിച്ചു. അവരെ പരാജിതരാക്കി.

وَلَوۡ تَرَىٰٓ إِذۡ يَتَوَفَّى ٱلَّذِينَ كَفَرُواْ ٱلۡمَلَٰٓئِكَةُ يَضۡرِبُونَ وُجُوهَهُمۡ وَأَدۡبَٰرَهُمۡ وَذُوقُواْ عَذَابَ ٱلۡحَرِيقِ ۝٥٠
ذَٰلِكَ بِمَا قَدَّمَتۡ أَيۡدِيكُمۡ وَأَنَّ ٱللَّهَ لَيۡسَ بِظَلَّٰمٖ لِّلۡعَبِيدِ ۝٥١
كَدَأۡبِ ءَالِ فِرۡعَوۡنَ وَٱلَّذِينَ مِن قَبۡلِهِمۡۚ كَفَرُواْ بِـَٔايَٰتِ ٱللَّهِ فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمۡۚ إِنَّ ٱللَّهَ قَوِيّٞ شَدِيدُ ٱلۡعِقَابِ ۝٥٢
ذَٰلِكَ بِأَنَّ ٱللَّهَ لَمۡ يَكُ مُغَيِّرٗا نِّعۡمَةً أَنۡعَمَهَا عَلَىٰ قَوۡمٍ حَتَّىٰ يُغَيِّرُواْ مَا بِأَنفُسِهِمۡ وَأَنَّ ٱللَّهَ سَمِيعٌ عَلِيمٞ ۝٥٣
كَدَأۡبِ ءَالِ فِرۡعَوۡنَ وَٱلَّذِينَ مِن قَبۡلِهِمۡۚ كَذَّبُواْ بِـَٔايَٰتِ رَبِّهِمۡ فَأَهۡلَكۡنَٰهُم بِذُنُوبِهِمۡ وَأَغۡرَقۡنَآ ءَالَ فِرۡعَوۡنَۚ وَكُلّٞ كَانُواْ ظَٰلِمِينَ ۝٥٤
55–58

അല്ലാഹുവിങ്കല്‍ ഏറ്റം നികൃഷ്ടജീവികള്‍ സത്യനിഷേധികള്‍ തന്നെ. അവര്‍ സത്യവിശ്വാ സം സ്വീകരിക്കുകയില്ല. അവരുമായി (നബിയേ,) താങ്കള്‍ ആക്രമണമില്ലാ സന്ധിയിലേര്‍പ്പെട്ട ശേഷം തക്കം കിട്ടുമ്പോഴൊക്കെ തങ്ങളുടെ കരാര്‍ ലംഘിക്കുകയാണര്‍; അല്ലാഹുവിനെയവര്‍ സൂക്ഷിക്കു ന്നില്ല. അതുകൊണ്ട് അവരെ യുദ്ധക്കളത്തില്‍ കണ്ടുമുട്ടിയാല്‍ പിന്നിലുള്ളവരെ കൂടി തിരിച്ചോടിക്കും വിധം ശിക്ഷിക്കുക; അവരതില്‍ നിന്നു പാഠമുള്‍ക്കൊള്ളുവാന്‍ വേണ്ടി. ഏതെങ്കിലും ജനപഥത്തില്‍ നിന്നു വഞ്ചനയുണ്ടാകുമെന്നു താങ്കള്‍ ഭയപ്പെടുന്നുവെങ്കില്‍ സമനിലയില്‍ ആ കരാര്‍ അവരിലേ ക്കെറിഞ്ഞുകൊടുക്കുക. വഞ്ചകന്മാരെ അല്ലാഹു സ്‌നേഹിക്കുകയേയില്ല29

1 വിശദീകരണം കാണുക

29. മുസ്‌ലിംകള്‍ക്കും സത്യനിഷേധികള്‍ക്കുമിടയിലുണ്ടായ പല സന്ധികളും സത്യനിഷേധികള്‍ കാറ്റില്‍ പറത്തിയതായാണു ചരിത്രം. അത്തരം വഞ്ചന ആരില്‍ നിന്നെങ്കിലും പ്രതീക്ഷിച്ചാല്‍ ആ കരാര്‍ വലിച്ചെറിഞ്ഞ് ദുര്‍ബലപ്പെടുത്തണം.

إِنَّ شَرَّ ٱلدَّوَآبِّ عِندَ ٱللَّهِ ٱلَّذِينَ كَفَرُواْ فَهُمۡ لَا يُؤۡمِنُونَ ۝٥٥
ٱلَّذِينَ عَٰهَدتَّ مِنۡهُمۡ ثُمَّ يَنقُضُونَ عَهۡدَهُمۡ فِي كُلِّ مَرَّةٖ وَهُمۡ لَا يَتَّقُونَ ۝٥٦
فَإِمَّا تَثۡقَفَنَّهُمۡ فِي ٱلۡحَرۡبِ فَشَرِّدۡ بِهِم مَّنۡ خَلۡفَهُمۡ لَعَلَّهُمۡ يَذَّكَّرُونَ ۝٥٧
وَإِمَّا تَخَافَنَّ مِن قَوۡمٍ خِيَانَةٗ فَٱنۢبِذۡ إِلَيۡهِمۡ عَلَىٰ سَوَآءٍۚ إِنَّ ٱللَّهَ لَا يُحِبُّ ٱلۡخَآئِنِينَ ۝٥٨
59–61

തങ്ങള്‍ അതിജയിച്ചു കഴിഞ്ഞിരിക്കുന്നു എന്നു നിഷേധികള്‍ വിചാരിക്കേണ്ട- അല്ലാഹുവിനെ തോല്‍പിക്കാന്‍ അവര്‍ക്കാവുകയേയില്ല, തീര്‍ച്ച. വിശ്വാസികളേ, അവരെ നേരിടാനായി ആവുന്നത്ര ശക്തി നിങ്ങള്‍ തയ്യാറാക്കുകയും സമരസജ്ജരായ കുതിരകളെ ഒരുക്കുകയും ചെയ്യുക. അതു മുഖേന നിങ്ങളുടെയും അല്ലാഹുവിന്റെയും ശത്രുവിനെയും, കൂടാതെ നിങ്ങളറിയാത്തവരും അല്ലാഹു അറിയുന്നവരുമായ മറ്റുചിലരെയും ഭയപ്പെടുത്താന്‍ വേണ്ടി. അല്ലാഹുവിന്റെ വഴിയില്‍ എന്തൊരു വസ്തു ചെലവഴിച്ചാലും നിങ്ങള്‍ക്കതിന്റെ സമ്പൂര്‍ണ പ്രതിഫലം നല്‍കപ്പെടുന്നതാണ്; നിങ്ങളോട് അനീതി കാണിക്കപ്പെടുകയില്ല30
ഇനി, സമാധാന ത്തിലേക്കാണവര്‍ താല്‍പര്യം കാണിക്കുന്നതെങ്കില്‍ താങ്കളും അങ്ങോട്ട് ചായ്‌വ് കാണിക്കുകയും അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും ചെയ്യുക. അവന്‍ എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്ന വന്‍ തന്നെയാണ്, തീര്‍ച്ച.

1 വിശദീകരണം കാണുക

30. അസമാധാന പശ്ചാത്തലങ്ങളില്‍ മുസ്‌ലിംകളെ അടിച്ചൊതുക്കാന്‍ തക്കം പാര്‍ത്തു കഴിയുന്ന ശത്രുക്കളെ തിരിച്ചറിയണം; അവരെ പ്രതിരോധിക്കാനായി എല്ലാ വിധ യുദ്ധ സജ്ജീകരണങ്ങളും ചെയ്യണം. അതിനു മഹത്തായ പ്രതിഫലമാണുണ്ടാവുക.

وَلَا يَحۡسَبَنَّ ٱلَّذِينَ كَفَرُواْ سَبَقُوٓاْۚ إِنَّهُمۡ لَا يُعۡجِزُونَ ۝٥٩
وَأَعِدُّواْ لَهُم مَّا ٱسۡتَطَعۡتُم مِّن قُوَّةٖ وَمِن رِّبَاطِ ٱلۡخَيۡلِ تُرۡهِبُونَ بِهِۦ عَدُوَّ ٱللَّهِ وَعَدُوَّكُمۡ وَءَاخَرِينَ مِن دُونِهِمۡ لَا تَعۡلَمُونَهُمُ ٱللَّهُ يَعۡلَمُهُمۡۚ وَمَا تُنفِقُواْ مِن شَيۡءٖ فِي سَبِيلِ ٱللَّهِ يُوَفَّ إِلَيۡكُمۡ وَأَنتُمۡ لَا تُظۡلَمُونَ ۝٦٠
۞ وَإِن جَنَحُواْ لِلسَّلۡمِ فَٱجۡنَحۡ لَهَا وَتَوَكَّلۡ عَلَى ٱللَّهِۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡعَلِيمُ ۝٦١
62–64

ഇനി, അങ്ങയെ ചതിക്കാനാണവര്‍ വിചാരിക്കുന്നതെങ്കില്‍ (ആശങ്ക വേണ്ട,) നിശ്ചയം താങ്കള്‍ക്ക് അല്ലാഹു മതി31
തന്റെ സഹായം കൊണ്ടും സത്യവിശ്വാസികള്‍ മുഖേനയും അവനാ ണല്ലോ താങ്കള്‍ക്ക് കരുത്തേകിയിരിക്കുന്നത്; അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ അവന്‍ കൂട്ടിയിണക്കുക യുമുണ്ടായി. (നബിയേ,) ഭൂമിയിലുള്ള മുഴുവന്‍ വിഭവങ്ങളും ചെലവഴിച്ചാലും അവരുടെ മനസ്സുകള്‍ ഇണക്കിച്ചേര്‍ക്കാന്‍ താങ്കള്‍ക്കാകുമായിരുന്നില്ല. പക്ഷേ, അല്ലാഹു അവരുടെ ഹൃദയങ്ങള്‍ കൂട്ടിയി ണക്കി32
അജയ്യനും യുക്തിമാനും തന്നെയാണവന്‍. നബിയേ, താങ്കള്‍ക്കും അനുധാവകരായ സത്യവിശ്വാസികള്‍ക്കും അല്ലാഹു തന്നെ മതി!

2 വിശദീകരണങ്ങൾ കാണുക

31. സത്യവിശ്വാസികളെ നിസ്സാരരാക്കാനും അവഹേളിക്കാനുമുള്ള ഗൂഢാലോചനയായാണ് ശത്രുപക്ഷം സന്ധിക്കൊരുങ്ങുന്നതെങ്കില്‍ കരുതിയിരിക്കണം. അങ്ങനെയൊരു സന്ധി ഇസ്‌ലാമിനു വേണ്ട. അത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിന്റെ അജയ്യ സഹായം മുന്നില്‍ കണ്ട് സധൈര്യം നിലകൊള്ളണം.

32. അറബികള്‍ ഭിന്നചിന്താഗതിക്കാരും വ്യത്യസ്താശയക്കാരുമായ ഗോത്രങ്ങളും വിഭാഗങ്ങളുമായി ഛിന്നഭിന്നമായിരുന്നു. വൈരുധ്യങ്ങളൊക്കെ മറന്ന് ഇസ്‌ലാമിന്റെ കൊടിക്കൂറക്കു കീഴിലവര്‍ അണിനിരന്നു. കലിമത്തുത്തൗഹീദ് അവരെ കൂട്ടിയിണക്കി. അല്ലാഹുവിനു മാത്രമേ അത് സാധിക്കുമായിരുന്നുള്ളൂ.

وَإِن يُرِيدُوٓاْ أَن يَخۡدَعُوكَ فَإِنَّ حَسۡبَكَ ٱللَّهُۚ هُوَ ٱلَّذِيٓ أَيَّدَكَ بِنَصۡرِهِۦ وَبِٱلۡمُؤۡمِنِينَ ۝٦٢
وَأَلَّفَ بَيۡنَ قُلُوبِهِمۡۚ لَوۡ أَنفَقۡتَ مَا فِي ٱلۡأَرۡضِ جَمِيعٗا مَّآ أَلَّفۡتَ بَيۡنَ قُلُوبِهِمۡ وَلَٰكِنَّ ٱللَّهَ أَلَّفَ بَيۡنَهُمۡۚ إِنَّهُۥ عَزِيزٌ حَكِيمٞ ۝٦٣
يَٰٓأَيُّهَا ٱلنَّبِيُّ حَسۡبُكَ ٱللَّهُ وَمَنِ ٱتَّبَعَكَ مِنَ ٱلۡمُؤۡمِنِينَ ۝٦٤
65

ഓ നബീ, താങ്കള്‍ സത്യവിശ്വാസികളെ പോരാട്ടത്തിനു പ്രോത്സാഹിപ്പിക്കുക. ക്ഷമാശീല രായ ഇരുപതാളുകള്‍ നിങ്ങളിലുണ്ടെങ്കില്‍ ഇരുനൂറു പേരെ ജയിച്ചടക്കാന്‍ അവര്‍ക്കു കഴിയും; നൂറു പേരുണ്ടെങ്കില്‍ സത്യനിഷേധികളില്‍ നിന്നു ആയിരത്തെ അവര്‍ക്കു അതിജയിക്കാവുന്നതാണ് -യാഥാര്‍ത്ഥ്യം മനസ്സിലാക്കാത്ത ഒരു കൂട്ടരാണവര്‍ എന്നതുകൊണ്ടത്രേ അത്33

1 വിശദീകരണം കാണുക

33. പത്തിരട്ടിയുള്ള ശത്രുവിനെ നേരിടണമെന്നായിരുന്നു ആദ്യനിയമം. അതാണിവിടെ പറയുന്നത്. ആത്മാവിന്റെ ശക്തിയാണ് മുസ്‌ലിംകളുടെ കൈമുതല്‍. ആത്മികശക്തിയില്ലാത്തതിനാല്‍ എത്ര നിഷേധികളെയും മുസ്‌ലിംകള്‍ക്കു നേരിടാമെന്നാണ് ഇതിന്റെ ചുരുക്കം. ബദ്‌റിലെ ഐതിഹാസിക പോരാട്ടത്തിലൂടെ അത് തെളിയിക്കപ്പെട്ടു.

يَٰٓأَيُّهَا ٱلنَّبِيُّ حَرِّضِ ٱلۡمُؤۡمِنِينَ عَلَى ٱلۡقِتَالِۚ إِن يَكُن مِّنكُمۡ عِشۡرُونَ صَٰبِرُونَ يَغۡلِبُواْ مِاْئَتَيۡنِۚ وَإِن يَكُن مِّنكُم مِّاْئَةٞ يَغۡلِبُوٓاْ أَلۡفٗا مِّنَ ٱلَّذِينَ كَفَرُواْ بِأَنَّهُمۡ قَوۡمٞ لَّا يَفۡقَهُونَ ۝٦٥
66

എന്നാലിപ്പോള്‍ അല്ലാഹു നിങ്ങള്‍ക്കു ലഘൂകരിക്കുകയും നിങ്ങളില്‍ ദൗര്‍ബല്യമുണ്ടെ ന്നവന്‍ കണ്ടറിയുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട്, ക്ഷമാശീലരായ നൂറാളുകള്‍ നിങ്ങളിലുണ്ടെങ്കില്‍ ഇരുനൂറുപേരെ അവര്‍ക്കതിജയിക്കാം. ആയിരമാളുകള്‍ നിങ്ങളിലുണ്ടെങ്കില്‍ രണ്ടായിരം പേരെ അല്ലാഹുവിന്റെയനുമതിയോടെ അവര്‍ക്കു ജയിച്ചടക്കാവുന്നതാണ്. ക്ഷമാശീലരോ ടൊപ്പമാണ് അല്ലാഹു34

1 വിശദീകരണം കാണുക

34. 65-ാം ആയത്തിന്റെ കല്‍പന മുസ്‌ലിംകള്‍ക്ക് പ്രയാസകരമായനുഭവപ്പെട്ടു. അതു തീര്‍ത്തും സ്വാഭാവികവുമാണല്ലോ. ആ പശ്ചാത്തലത്തില്‍ പ്രസ്തുത നിയമം ദുര്‍ബലപ്പെടുത്തിക്കൊണ്ട് ഈ 66-ാം സൂക്തം അവതീര്‍ണമായി. ഇബ്‌നു അബ്ബാസ് (റ)വില്‍ നിന്ന് ഈ പ്രതിപാദനം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. ശത്രുക്കള്‍ ഇരട്ടിയിലേറെയുണ്ടെങ്കില്‍ യുദ്ധം നിര്‍ബന്ധമില്ലെന്ന് ഇബ്‌നുകസീറിലും (2:324) മറ്റും വിശദീകരിച്ചിരിക്കുന്നു. ഇസ്‌ലാമിലേക്ക് ധാരാളമാളുകള്‍ വന്നു കൊണ്ടേയിരുന്ന സന്ദര്‍ഭമായിരുന്നു അത്. വിശ്വാസത്തിന്റെ പൂര്‍ണമായ ദാര്‍ഢ്യം അവര്‍ക്കു ലഭിച്ചിട്ടുണ്ടാവില്ലല്ലോ. 'ഇപ്പോള്‍' എന്ന പരാമര്‍ശം ആ പശ്ചാത്തലത്തെ സൂചിപ്പിക്കുകയാണ്.

ٱلۡـَٰٔنَ خَفَّفَ ٱللَّهُ عَنكُمۡ وَعَلِمَ أَنَّ فِيكُمۡ ضَعۡفٗاۚ فَإِن يَكُن مِّنكُم مِّاْئَةٞ صَابِرَةٞ يَغۡلِبُواْ مِاْئَتَيۡنِۚ وَإِن يَكُن مِّنكُمۡ أَلۡفٞ يَغۡلِبُوٓاْ أَلۡفَيۡنِ بِإِذۡنِ ٱللَّهِۗ وَٱللَّهُ مَعَ ٱلصَّٰبِرِينَ ۝٦٦
67–69

ഒരു പ്രവാചകന്നും പ്രതിയോഗികളെ കീഴടക്കി ഭൂമിയില്‍ അധീശാധിപത്യം സ്ഥാപിക്കു ന്നതുവരെ ശത്രുക്കളായ ബന്ധനസ്ഥരുണ്ടായിക്കൂടാ. ഐഹികലോകത്തെ ക്ഷണിക നേട്ടമാണ് നിങ്ങളുടെ ഉദ്ദേശ്യം; അല്ലാഹുവാകട്ടെ പരലോകം ലക്ഷീകരിക്കുന്നു. അവന്‍ പ്രതാപശാലിയും യുക്തിമാനുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നു മുമ്പുള്ള ഒരു വിധിയുണ്ടായിരുന്നില്ലെങ്കില്‍ മോചന ദ്രവ്യം വാങ്ങിയതിന്റെ പേരില്‍ കഠിനശിക്ഷ നിങ്ങളെ പിടികൂടിയിരുന്നേനെ35
അതുകൊണ്ട്, സമരാര്‍ജിത സമ്പത്തില്‍ നിന്ന് അനുവദനീയവും ഉദാത്തവുമെന്ന നിലക്ക് നിങ്ങള്‍ ആഹരിച്ചു കൊള്ളുക. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കണം. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാമയ നുമത്രേ.

1 വിശദീകരണം കാണുക

35. ഇസ്‌ലാമിനെ ഭൂതലത്തില്‍ നിന്നു വേരോടെ പിഴുതെറിയാന്‍ ഉഗ്രപ്രതിജ്ഞയെടുത്തു വന്ന ഖുറൈശിലെ എഴുപത് വന്‍ തോക്കുകള്‍ ബദ്‌റ് യുദ്ധത്തില്‍ കൊല്ലപ്പെടുകയും മറ്റൊരു എഴുപത് നേതാക്ക ള്‍ തടവുകാരാക്കപ്പെടുകയും ചെയ്തു. സൂറത്തു മുഹമ്മദിലെ (സൂറ 47) നാലാം സൂക്ത നിയമപ്രകാരം മോചനദ്രവ്യം വാങ്ങി തടവുകാരെ വിട്ടയച്ചു. ഈ നടപടിയെ ആക്ഷേപിക്കുകയാണിവിടെ. തടവുകാരെ എന്തുചെയ്യണമെന്ന് സ്വഹാബിമാരുമായി നബി(സ്വ) കൂടിയാലോചന നടത്തിയിരുന്നു. മോചനാനന്തരവും ഇസ്‌ലാമിനെതിരെ അവര്‍ വാളോങ്ങുമെന്നതിനാല്‍, സര്‍വരെയും കൊന്നുകളയണമെന്നായിരുന്നു ഉമറുബ്‌നുല്‍ ഖത്താബ് (റ)വിന്റെ അഭിപ്രായം. എന്നാല്‍, അബൂബക്ര്‍ സിദ്ദീഖ് (റ)വും മറ്റും മോചനദ്രവ്യം വാങ്ങിവിടാം എന്നഭിപ്രായപ്പെട്ടു. നബി (സ്വ) അതംഗീകരിച്ചു. തടവുകാരത്രയും ഇസ്‌ലാമിന്റെ കൊടിയ ശത്രുക്കളാണ് എന്നതിനാലും അന്നു പുണ്യമതത്തിനു അധീശാധിപത്യം കൈവന്നു കഴിഞ്ഞിട്ടില്ലാത്തതി നാലും അവരെ വധിക്കുക തന്നെയായിരുന്നു വേണ്ടത് എന്നര്‍ത്ഥം. 47:4 ലെ അനുമതി ഉണ്ടായിരുന്നില്ലെ ങ്കില്‍ കഠിന ശിക്ഷക്കര്‍ഹമായ കുറ്റമാണതെന്നും ഉണര്‍ത്തുന്നു.

مَا كَانَ لِنَبِيٍّ أَن يَكُونَ لَهُۥٓ أَسۡرَىٰ حَتَّىٰ يُثۡخِنَ فِي ٱلۡأَرۡضِۚ تُرِيدُونَ عَرَضَ ٱلدُّنۡيَا وَٱللَّهُ يُرِيدُ ٱلۡأٓخِرَةَۗ وَٱللَّهُ عَزِيزٌ حَكِيمٞ ۝٦٧
لَّوۡلَا كِتَٰبٞ مِّنَ ٱللَّهِ سَبَقَ لَمَسَّكُمۡ فِيمَآ أَخَذۡتُمۡ عَذَابٌ عَظِيمٞ ۝٦٨
فَكُلُواْ مِمَّا غَنِمۡتُمۡ حَلَٰلٗا طَيِّبٗاۚ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٞ ۝٦٩
70–71

നബിയേ, നിങ്ങളുടെ കൈവശമുള്ള ബദ്‌റ് യുദ്ധത്തടവുകാരോടു പറയുക: 'എന്തെങ്കിലും നന്മ നിങ്ങളുടെ ഹൃദയങ്ങളിലുള്ളതായി അല്ലാഹുവിന്നറിയുമെങ്കില്‍, നിങ്ങളില്‍ നിന്നു പിടിച്ചെടുക്ക പ്പെട്ട ധനത്തേക്കാള്‍ ഉദാത്തമായത് അവന്‍ പകരം നല്‍കുകയും പൊറുത്തുതരികയും ചെയ്യും. ഏറെ പൊറുക്കുന്നവനും കരുണാമയനുമാണ് അല്ലാഹു36
ഇനി, അങ്ങയെ ചതിക്കാനാണവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍, ഇതിനുമുമ്പവര്‍ അല്ലാഹുവിനോടു തന്നെ വഞ്ചന കാണിച്ചിട്ടുണ്ട്. തന്മൂലമാണ വരെ നിങ്ങള്‍ക്കു കീഴ്‌പെടുത്തിത്തന്നത്. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമത്രേ37

2 വിശദീകരണങ്ങൾ കാണുക

36. നബി (സ്വ)യുടെ പിതൃവ്യന്‍ അബ്ബാസുബ്‌നു അബ്ദില്‍ മുത്തലിബിനെക്കുറിച്ച് അവതീര്‍ണമായ താണ് ഈ സൂക്തം. താന്‍ അന്ന് ശത്രുചേരിയിലായിരുന്നു. തടവുകാരനായ അദ്ദേഹം, മോചനദ്രവ്യം നല്‍കാന്‍ കഴിയാത്ത മഹാദരിദ്രനാണു താനെന്നു നബിയെ കണ്ടു സങ്കടമുണര്‍ത്തി. തത്സമയം, അദ്ദേഹവും ഭാര്യ ഉമ്മുല്‍ ഫദ്‌ലും പരമരഹസ്യമായി വീട്ടില്‍ കുഴിച്ചിട്ട വലിയ സ്വര്‍ണശേഖരത്തെപ്പറ്റി നബി(സ്വ) വ്യക്തമാക്കി. ഇതോടെ അദ്ദേഹം ഇസ്‌ലാം മതം സ്വീകരിക്കുകയായിരുന്നു.

37. മോചനദ്രവ്യം നല്‍കി തടിയൂരി ഇനിയും ഇസ്‌ലാമിനെതിരെ രംഗത്തിറങ്ങുകയാണ് ഗൂഢലക്ഷ്യമെ ങ്കില്‍ അതു വിജയം കാണില്ല; അല്ലാഹു ഇനിയും പാഠം പഠിപ്പിക്കും എന്നു നിഷേധികളെ താക്കീതു ചെയ്കയാണ്.

يَٰٓأَيُّهَا ٱلنَّبِيُّ قُل لِّمَن فِيٓ أَيۡدِيكُم مِّنَ ٱلۡأَسۡرَىٰٓ إِن يَعۡلَمِ ٱللَّهُ فِي قُلُوبِكُمۡ خَيۡرٗا يُؤۡتِكُمۡ خَيۡرٗا مِّمَّآ أُخِذَ مِنكُمۡ وَيَغۡفِرۡ لَكُمۡۚ وَٱللَّهُ غَفُورٞ رَّحِيمٞ ۝٧٠
وَإِن يُرِيدُواْ خِيَانَتَكَ فَقَدۡ خَانُواْ ٱللَّهَ مِن قَبۡلُ فَأَمۡكَنَ مِنۡهُمۡۗ وَٱللَّهُ عَلِيمٌ حَكِيمٌ ۝٧١
72–73

സത്യവിശ്വാസം കൈകൊള്ളുകയും അതിന്റെ സംരക്ഷണാര്‍ത്ഥം ദേശത്യാഗം ചെയ്കയും ദേഹ-ധനങ്ങള്‍ കൊണ്ട് ദൈവമാര്‍ഗത്തില്‍ ധര്‍മസമരമനുഷ്ഠിക്കുകയും ചെയ്തവരും, അവര്‍ക്ക് അഭയമേകുകയും സഹായം നല്‍കുകയും ചെയ്തവരും പരസ്പരം ഉറ്റമിത്രങ്ങളത്രേ. വിശ്വസിക്കു കയും എന്നാല്‍ നാടുവിടാതിരിക്കുകയും ചയ്തവരോട് അവര്‍ ദേശത്യാഗം ചെയ്യുന്നതുവരെ ഒരു സംരക്ഷണച്ചുമതലയും നിങ്ങള്‍ക്കില്ല. ഇനി മതകാര്യത്തിലവര്‍ സഹായമര്‍ത്ഥിക്കുന്നുവെങ്കില്‍ - നിങ്ങളുടെ സഖ്യകക്ഷികള്‍ക്ക് പ്രതികൂലമായല്ലാതെയുള്ള- സഹായ സമര്‍പ്പണം നിങ്ങളുടെ ബാധ്യതയാകുന്നു. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടറിയുന്നവനാണ് അല്ലാഹു38
സത്യനിഷേധി കളും പരസ്പരം ആത്മമിത്രങ്ങളാണ്. മേല്‍ നിര്‍ദേശം നിങ്ങള്‍ പ്രായോഗികമാക്കിയിട്ടില്ലെങ്കില്‍ നാട്ടില്‍ കുഴപ്പവും വന്‍ നാശവുമുണ്ടാകും.

1 വിശദീകരണം കാണുക

38. വിശ്വസിച്ചു ദേശത്യാഗം ചെയ്തവര്‍ എന്നതുകൊണ്ടുദ്ദേശ്യം മുഹാജിറുകളാണ്; അഭയമേകിയവര്‍ അന്‍സ്വാറും. അവര്‍ക്കിടയില്‍ നബി (സ്വ) സുദൃഢ സൗഹൃദം സ്ഥാപിച്ചു. ഓരോ മുഹാജിറും മദീനയില്‍ എത്തിയപ്പോള്‍ ഒരു അന്‍സ്വാരിയുടെ സഹോദരനായി, മരിച്ചാല്‍ സ്വത്തവകാശം വരെ ലഭിക്കും. ഈ സൂക്തം 'ആയത്തുല്‍ മുആഖാത്ത്' (സാഹോദര്യ സംസ്ഥാപന സൂക്തം) എന്ന പേരിലാണറിയപ്പെടുന്നത്. ഈ വിധമുള്ള സ്വത്തവകാശം പിന്നീട് മന്‍സൂഖ് (ദുര്‍ബലം) ആയതാകുന്നു.

إِنَّ ٱلَّذِينَ ءَامَنُواْ وَهَاجَرُواْ وَجَٰهَدُواْ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡ فِي سَبِيلِ ٱللَّهِ وَٱلَّذِينَ ءَاوَواْ وَّنَصَرُوٓاْ أُوْلَٰٓئِكَ بَعۡضُهُمۡ أَوۡلِيَآءُ بَعۡضٖۚ وَٱلَّذِينَ ءَامَنُواْ وَلَمۡ يُهَاجِرُواْ مَا لَكُم مِّن وَلَٰيَتِهِم مِّن شَيۡءٍ حَتَّىٰ يُهَاجِرُواْۚ وَإِنِ ٱسۡتَنصَرُوكُمۡ فِي ٱلدِّينِ فَعَلَيۡكُمُ ٱلنَّصۡرُ إِلَّا عَلَىٰ قَوۡمِۭ بَيۡنَكُمۡ وَبَيۡنَهُم مِّيثَٰقٞۗ وَٱللَّهُ بِمَا تَعۡمَلُونَ بَصِيرٞ ۝٧٢
وَٱلَّذِينَ كَفَرُواْ بَعۡضُهُمۡ أَوۡلِيَآءُ بَعۡضٍۚ إِلَّا تَفۡعَلُوهُ تَكُن فِتۡنَةٞ فِي ٱلۡأَرۡضِ وَفَسَادٞ كَبِيرٞ ۝٧٣
74–75

വിശ്വസിക്കുകയും ദേശത്യാഗം ചെയ്യുകയും ദൈവമാര്‍ഗത്തില്‍ പോരാടുകയും ചെയ്തവരും, അവര്‍ക്ക് അഭയവും സഹായവുമേകുകയും ചെയ്തവരും തന്നെയാണ് യഥാര്‍ത്ഥത്തി ല്‍ സത്യവിശ്വാസികള്‍. പാപമോചനവും ഉല്‍കൃഷ്ടമായ ഉപജീവനവും അവര്‍ക്കുണ്ടായിരിക്കുന്ന താണ്. അതിനു ശേഷം സത്യവിശ്വാസം പുല്‍കുകയും ദേശത്യാഗം ചെയ്കയും നിങ്ങളൊന്നിച്ച് ധര്‍മസമരത്തിലേര്‍പ്പെടുകയും ചെയ്തവരും നിങ്ങളില്‍ പെട്ടവര്‍ തന്നെയാകുന്നു. എന്നാല്‍ രക്തബ ന്ധമുള്ളവരാണ് ദൈവികനിയമത്തില്‍ പരസ്പരം കൂടുതല്‍ ബന്ധപ്പെട്ടവര്‍.39
സമസ്ത കാര്യങ്ങ ളെപ്പറ്റിയും നന്നായറിയുന്നവന്‍ തന്നെയാണ് അല്ലാഹു.

1 വിശദീകരണം കാണുക

39. മുന്‍ വിശദീകരണക്കുറിപ്പില്‍ പരാമര്‍ശിച്ച സ്വത്തവകാശം ദുര്‍ബലപ്പെടുത്തിയത് ഈ സൂക്തമാണ്. ഇതിന്റെ അവതരണം വരെയും അവര്‍ സ്വത്തവകാശം അംഗീകരിച്ചു നടപ്പാക്കിയിരുന്നതായി ഇബ്‌നു അബ്ബാസ്(റ) തുടങ്ങയിവര്‍ ഉദ്ധരിച്ചതായി കാണാം.

وَٱلَّذِينَ ءَامَنُواْ وَهَاجَرُواْ وَجَٰهَدُواْ فِي سَبِيلِ ٱللَّهِ وَٱلَّذِينَ ءَاوَواْ وَّنَصَرُوٓاْ أُوْلَٰٓئِكَ هُمُ ٱلۡمُؤۡمِنُونَ حَقّٗاۚ لَّهُم مَّغۡفِرَةٞ وَرِزۡقٞ كَرِيمٞ ۝٧٤
وَٱلَّذِينَ ءَامَنُواْ مِنۢ بَعۡدُ وَهَاجَرُواْ وَجَٰهَدُواْ مَعَكُمۡ فَأُوْلَٰٓئِكَ مِنكُمۡۚ وَأُوْلُواْ ٱلۡأَرۡحَامِ بَعۡضُهُمۡ أَوۡلَىٰ بِبَعۡضٖ فِي كِتَٰبِ ٱللَّهِۚ إِنَّ ٱللَّهَ بِكُلِّ شَيۡءٍ عَلِيمُۢ ۝٧٥