Sunday, 11 October 2026 Hijri: — 02:16:59 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അത്തൗബ التوبة At-Tawbah

Surah 9 മദനിയ്യ • مدنية • Madaniyah 129 ആയത്തുകൾ • 129 Ayahs

സൂറത്ത് അത്തൗബ (At-Tawbah), ഖുർആൻ അധ്യായം 9 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 129 ആയത്തുകൾ വായിക്കുക. Read Surah At-Tawbah with Arabic text and മലയാളം translation.

1–2

ബഹുദൈവ വിശ്വാസികളില്‍ ആരോടൊക്കെ നിങ്ങള്‍ ഉടമ്പടി ചെയ്തിട്ടുണ്ടോ അവരോട് അല്ലാഹുവിലും റസൂലിലും നിന്നുള്ള ബാധ്യതാമോചന പ്രഖ്യാപനമാണിത്. അതുകൊണ്ട് മുശ്‌രിക്കുകളേ, നാലു മാസം നിങ്ങള്‍ക്ക് ഇഷ്ടാനുസരണം നാട്ടില്‍ സഞ്ചരിക്കാവുന്നതാണ്1
അറിയണം, അല്ലാഹുവിനെ പരാജയപ്പെടുത്താന്‍ നിങ്ങള്‍ക്കാവില്ല തന്നെ; സത്യനിഷേധികളെ അവന്‍ അപമാനിതരാക്കിവിടുകതന്നെ ചെയ്യും.

1 വിശദീകരണം കാണുക

1. വര്‍ഷങ്ങളായി മുസ്‌ലിംകള്‍ക്ക് അതിക്രൂരമായ പീഡന-മര്‍ദനങ്ങളേല്‍പിക്കുകയും ഹിജ്‌റക്കു ശേഷം നബി(സ്വ)യുമായി ചെയ്ത കരാറുകളൊക്കെ ലംഘിച്ച്, മുസ്‌ലിംകള്‍ ദുര്‍ബലരും പ്രതിരോധശേഷി ഇല്ലാത്തവരുമാണെന്ന് തെറ്റിദ്ധരിച്ച് ചതിയും വഞ്ചനയും തുടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന ബഹുദൈവ വിശ്വാസികളോടുള്ള നയമാറ്റ പ്രഖ്യാപനമാണിത്. നാലു മാസത്തെ ഇടവേളയും നല്‍കിയിരിക്കുന്നു.

بَرَآءَةٞ مِّنَ ٱللَّهِ وَرَسُولِهِۦٓ إِلَى ٱلَّذِينَ عَٰهَدتُّم مِّنَ ٱلۡمُشۡرِكِينَ ۝١
فَسِيحُواْ فِي ٱلۡأَرۡضِ أَرۡبَعَةَ أَشۡهُرٖ وَٱعۡلَمُوٓاْ أَنَّكُمۡ غَيۡرُ مُعۡجِزِي ٱللَّهِ وَأَنَّ ٱللَّهَ مُخۡزِي ٱلۡكَٰفِرِينَ ۝٢
3–4

മഹത്തായ ഹജ്ജ് സുദിനത്തില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും പക്കല്‍ നിന്നു ജനങ്ങള്‍ക്കുള്ള അറിയിപ്പാണിത്: 'അല്ലാഹുവും അവന്റെ ദൂതനും ബഹുദൈവ വിശ്വാസികളോടുള്ള ബാധ്യതകളില്‍ നിന്നു ഒഴിവായിരിക്കുന്നു. പശ്ചാത്തപിക്കുന്നുവെങ്കില്‍ അതാണു നിങ്ങള്‍ക്കു ഉത്തമം; പിന്തിരിയുകയാണെങ്കില്‍ അല്ലാഹുവിനെ പരാജയപ്പെടുത്താനാവുകയേ ഇല്ലെന്ന് നിങ്ങള്‍ ഗ്രഹിക്കണം. സത്യനിഷേധികള്‍ക്ക് വേദനാജനകമായ ശിക്ഷയാണുള്ളതെന്ന് താങ്കള്‍ ശുഭ വൃത്താന്തം അറിയിക്കുക. എന്നാല്‍ ഒരു വിഭാഗം ബഹുദൈവ വിശ്വാസികള്‍ ഇതില്‍ നിന്നൊഴിവാണ് -പരസ്പര സന്ധിക്കു ശേഷം നിങ്ങള്‍ക്ക് ഒരു വിധ നഷ്ടവും അവര്‍ വരുത്തിയിട്ടില്ല; നിങ്ങള്‍ക്കെതിരെ അവര്‍ ആരെയും സഹായിച്ചിട്ടുമില്ല. അവരുമായുള്ള കരാര്‍ അവധിയുടെ അന്ത്യം വരെ പൂര്‍ത്തീകരിക്കുക. സൂക്ഷ്മത പുലര്‍ത്തുന്നവരെ അല്ലാഹു സ്‌നേഹിക്കുക തന്നെ ചെയ്യും.2

1 വിശദീകരണം കാണുക

2. ഹിജ്‌റ ആറാം കൊല്ലമാണ് ചരിത്ര പ്രസിദ്ധമായ ഹുദൈബിയ സന്ധി നടന്നത്. മക്കക്കാര്‍ തന്നെ അതു പരസ്യമായി ലംഘിച്ചു. തല്‍ഫലമായി നബിയുടെ സഖ്യകക്ഷിയായ ബനൂ ഖുസാഅക്ക് ഗുരുതരമായ ധന-ജന നഷ്ടമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ലംഘകരോടും ചതിയന്മാരോടുമുള്ള ഈ ബന്ധവിച്ഛേദനം. അതേ സമയം, കരാറില്‍ ഉറച്ചു നില്‍ക്കുന്ന മുശ്‌രിക്ക് - ഗോത്ര വിഭാഗങ്ങളോട് ഉടമ്പടി പൂര്‍ത്തീകരിക്കുകയും വേണം. ഇവിടെ നാലു മാസത്തെ അവധി നല്‍കിയിരിക്കുന്നത് രണ്ടു തരം ലംഘകര്‍ക്കാണ്: ഒന്ന്, അവധി നിര്‍ണയിക്കാതെ സഖ്യകരാര്‍ ചെയ്തവര്‍; രണ്ട്, നേരത്തെയുള്ള കരാര്‍ തന്നെ നാലുമാസത്തിനുള്ളില്‍ അവധി തീരുന്നവര്‍. ഈ രണ്ടു വിഭാഗക്കാരോടും നാലുമാസം കഴിഞ്ഞാല്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു എന്നു താല്‍പര്യം. നബി(സ്വ) പ്രത്യേക ദൗത്യവുമായി പറഞ്ഞയച്ചതനുസരിച്ച് ഹ. അലി(റ) ഹിജ്‌റ 9-ാം കൊല്ലത്തെ ഹജ്ജില്‍ ഇത് വിളംബരം ചെയ്തു. ഇസ്‌ലാമിന്റെ നീതി നിഷ്ഠയും സത്യസന്ധതയും വിളിച്ചോതുന്നതാണ് ഈ സംഭവം.

وَأَذَٰنٞ مِّنَ ٱللَّهِ وَرَسُولِهِۦٓ إِلَى ٱلنَّاسِ يَوۡمَ ٱلۡحَجِّ ٱلۡأَكۡبَرِ أَنَّ ٱللَّهَ بَرِيٓءٞ مِّنَ ٱلۡمُشۡرِكِينَ وَرَسُولُهُۥۚ فَإِن تُبۡتُمۡ فَهُوَ خَيۡرٞ لَّكُمۡۖ وَإِن تَوَلَّيۡتُمۡ فَٱعۡلَمُوٓاْ أَنَّكُمۡ غَيۡرُ مُعۡجِزِي ٱللَّهِۗ وَبَشِّرِ ٱلَّذِينَ كَفَرُواْ بِعَذَابٍ أَلِيمٍ ۝٣
إِلَّا ٱلَّذِينَ عَٰهَدتُّم مِّنَ ٱلۡمُشۡرِكِينَ ثُمَّ لَمۡ يَنقُصُوكُمۡ شَيۡـٔٗا وَلَمۡ يُظَٰهِرُواْ عَلَيۡكُمۡ أَحَدٗا فَأَتِمُّوٓاْ إِلَيۡهِمۡ عَهۡدَهُمۡ إِلَىٰ مُدَّتِهِمۡۚ إِنَّ ٱللَّهَ يُحِبُّ ٱلۡمُتَّقِينَ ۝٤
5

അങ്ങനെ ആ നാലു മാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ കണ്ടിടത്തു വെച്ച് നിങ്ങള്‍ വധിച്ചുകളയുകയും ബന്ധനസ്ഥരായി പിടിക്കുകയും പ്രതിരോധിക്കുകയും എല്ലാ കാവല്‍സ്ഥലങ്ങളിലും അവരെയുന്നം വെച്ച് പതിയിരിക്കുകയും ചെയ്യുക. ഇനിയവര്‍ ശിര്‍ക്കില്‍ നിന്നു മടങ്ങുകയും നമസ്‌കാരം മുറപ്രകാരമനുഷ്ഠിക്കുകയും സകാത്തു നല്‍കുകയും ചെയ്യുന്നുവെങ്കില്‍ അവരുടെ വഴിക്കു വിട്ടേക്കണം. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാമയനും തന്നെയത്രേ3

1 വിശദീകരണം കാണുക

3. രണ്ടാം സൂക്തത്തില്‍ സൂചിപ്പിച്ച കാലാവധി-നാലുമാസം-കഴിഞ്ഞാല്‍ പിന്നെ പ്രഖ്യാപിത യുദ്ധമായി. ശത്രുവിനെ കണ്ടിടത്തുവെച്ചു കൊല്ലണം. പ്രതിരോധമുറകളൊക്കെ സ്വീകരിക്കണം. ഇസ്‌ലാമിനോടുള്ള ശത്രുത കൈവെടിഞ്ഞ് സത്യവിശ്വാസം കൈക്കൊണ്ടാലോ, പിന്നെ അവരുടെ പാട്ടിനു വിട്ടേക്കണം; അക്രമിക്കരുത്, നീതിരഹിതമായ സമീപനങ്ങള്‍ പാടില്ല.

فَإِذَا ٱنسَلَخَ ٱلۡأَشۡهُرُ ٱلۡحُرُمُ فَٱقۡتُلُواْ ٱلۡمُشۡرِكِينَ حَيۡثُ وَجَدتُّمُوهُمۡ وَخُذُوهُمۡ وَٱحۡصُرُوهُمۡ وَٱقۡعُدُواْ لَهُمۡ كُلَّ مَرۡصَدٖۚ فَإِن تَابُواْ وَأَقَامُواْ ٱلصَّلَوٰةَ وَءَاتَوُاْ ٱلزَّكَوٰةَ فَخَلُّواْ سَبِيلَهُمۡۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٞ ۝٥
6

ഇനി, ഏതെങ്കിലുമൊരു ബഹുദൈവ വിശ്വാസി താങ്കളുടെ സമക്ഷം അഭയം തേടി വരുന്നുവെങ്കില്‍ അല്ലാഹുവിന്റെ വചനം കേട്ടു മനസ്സിലാക്കാനായി അവനു അഭയം നല്‍കണം; പിന്നെ സുരക്ഷിതത്വമുള്ള ഒരു സ്ഥലത്ത് അവനെ എത്തിച്ചു കൊടുക്കുകയും വേണം. അറിവു കെട്ട ഒരു ജനതയാണവര്‍ എന്നതിനാലത്രേ ഇത്.

وَإِنۡ أَحَدٞ مِّنَ ٱلۡمُشۡرِكِينَ ٱسۡتَجَارَكَ فَأَجِرۡهُ حَتَّىٰ يَسۡمَعَ كَلَٰمَ ٱللَّهِ ثُمَّ أَبۡلِغۡهُ مَأۡمَنَهُۥۚ ذَٰلِكَ بِأَنَّهُمۡ قَوۡمٞ لَّا يَعۡلَمُونَ ۝٦
7

ആ ബഹുദൈവവിശ്വാസികള്‍ക്ക് അല്ലാഹുവിങ്കലും റസൂലിങ്കലും എങ്ങനെയാണൊരു ഉടമ്പടി നിലനില്‍ക്കുക! എന്നാല്‍ മസ്ജിദുല്‍ ഹറാമിനടുത്ത് വെച്ച് നിങ്ങളോടു സന്ധിചെയ്തവര്‍ ഇതില്‍ നിന്നൊഴിവാണ്.4
അവര്‍ നിങ്ങളോടു ഋജുവായി നിലകൊള്ളുന്നിടത്തോളം കാലം അവരോടു നിങ്ങളും ശരിയായി വര്‍ത്തിക്കുക. സൂക്ഷ്മാലുക്കളെ അല്ലാഹു ഇഷ്ടപ്പെടുക തന്നെ ചെയ്യുന്നു.

1 വിശദീകരണം കാണുക

4. മസ്ജിദുല്‍ ഹറാമിനടുത്ത് എന്നതിന്റെ ഉദ്ദേശ്യം ഹുദൈബിയയാണ്. മക്കാ മുശ്‌രിക്കുകള്‍ ഹുദൈബിയ സന്ധി ലംഘിച്ചുവെങ്കിലും ബനൂളംറ, ബനൂ കിനാന തുടങ്ങി ചില ഗോത്രങ്ങള്‍ ഒരു വിധ ലംഘനവും നടത്തിയില്ല; അവരെയാണിവിടെ സൂചിപ്പിക്കുന്നത്.

كَيۡفَ يَكُونُ لِلۡمُشۡرِكِينَ عَهۡدٌ عِندَ ٱللَّهِ وَعِندَ رَسُولِهِۦٓ إِلَّا ٱلَّذِينَ عَٰهَدتُّمۡ عِندَ ٱلۡمَسۡجِدِ ٱلۡحَرَامِۖ فَمَا ٱسۡتَقَٰمُواْ لَكُمۡ فَٱسۡتَقِيمُواْ لَهُمۡۚ إِنَّ ٱللَّهَ يُحِبُّ ٱلۡمُتَّقِينَ ۝٧
8–10

നിങ്ങള്‍ക്കെതിരെ വിജയം നേടുന്ന പക്ഷം ഒരുവിധ കുടുംബബന്ധവും ഉടമ്പടിയും അവര്‍ പരിഗണിക്കുകയില്ലെന്നിരിക്കെ എങ്ങനെ കരാര്‍ പ്രാബല്യത്തിലിരിക്കും! വായകൊണ്ട് നിങ്ങളെ സംതൃപ്തരാക്കുകയാണവര്‍, ഹൃദയങ്ങള്‍ വെറുക്കുകയും ചെയ്യുന്നു. അവര്‍ മിക്കവരും അധര്‍മകാരികളത്രേ. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ തുച്ഛവിലയ്ക്കു വിറ്റ്, അവന്റെ നേര്‍മാര്‍ഗത്തില്‍ നിന്ന് മാലോകരെ തടയുകയാണവര്‍. അവരുടെ ആ ചെയ്തി എത്ര ഹീനം! ഒരു സത്യവിശ്വാസിയെക്കുറിച്ചും കുടുംബബന്ധമോ കരാറോ അവര്‍ പാലിക്കില്ല; അതിക്രമകാരികള്‍ തന്നെയത്രേ അവര്‍.5

1 വിശദീകരണം കാണുക

5. ഒരു കരാറോ ഉടമ്പടിയോ ഉഭയകക്ഷികള്‍ക്കിടയിലുണ്ടായാല്‍ ഇരുവിഭാഗവും അതിലെ വ്യവസ്ഥകളനുസരിച്ചു മാത്രമേ മുന്നോട്ടു പോകാവൂ. മക്കയിലെ ബഹുദൈവവിശ്വാസികളും അവരുടെ സഖ്യകക്ഷികളും കരാര്‍ ലംഘിച്ചു കൊണ്ടേയിരിക്കുന്നവരാണ്. മുസ്‌ലിംകള്‍ക്ക് ഒരു പരിഗണനയും അവര്‍ നല്‍കുന്നില്ല. ഇന്നുവരെയും പ്രതിലോമകാരികളുടെ നിലപാട് അതാണല്ലോ. അധര്‍മകാരികളുടെ ഉടമ്പടികള്‍ വലിച്ചെറിയണമെന്നാണുദ്‌ബോധിപ്പിക്കുന്നത്. ലംഘകരുമായുള്ള കരാറിന് നിലനില്‍പില്ല.

كَيۡفَ وَإِن يَظۡهَرُواْ عَلَيۡكُمۡ لَا يَرۡقُبُواْ فِيكُمۡ إِلّٗا وَلَا ذِمَّةٗۚ يُرۡضُونَكُم بِأَفۡوَٰهِهِمۡ وَتَأۡبَىٰ قُلُوبُهُمۡ وَأَكۡثَرُهُمۡ فَٰسِقُونَ ۝٨
ٱشۡتَرَوۡاْ بِـَٔايَٰتِ ٱللَّهِ ثَمَنٗا قَلِيلٗا فَصَدُّواْ عَن سَبِيلِهِۦٓۚ إِنَّهُمۡ سَآءَ مَا كَانُواْ يَعۡمَلُونَ ۝٩
لَا يَرۡقُبُونَ فِي مُؤۡمِنٍ إِلّٗا وَلَا ذِمَّةٗۚ وَأُوْلَٰٓئِكَ هُمُ ٱلۡمُعۡتَدُونَ ۝١٠
11–12

ഇനി, അവര്‍ പശ്ചാത്തപിക്കുകയും നമസ്‌കാരം യഥാവിധി നിര്‍വഹിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്യുന്ന പക്ഷം മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളാണവര്‍. വിവരമുള്ള ജനങ്ങള്‍ക്കായി നാം ദൃഷ്ടാന്തങ്ങള്‍ പ്രതിപാദിക്കുകയാണ്. എന്നാല്‍, കരാറിലേര്‍പ്പെട്ട ശേഷം അവര്‍ സത്യങ്ങള്‍ ലംഘിക്കുകയും നിങ്ങളുടെ മതത്തെ അവഹേളിക്കുകയും ചെയ്യുന്നുവെങ്കില്‍ സത്യനിഷേധത്തിന്റെ സാരഥികളോട് നിങ്ങള്‍ പോരാടുക. കാരണം, അവരുടെ ശപഥങ്ങള്‍ക്ക് ഒട്ടുമേ നിലനില്‍പില്ല. അവര്‍ വിരമിച്ചേക്കാന്‍ സാധ്യതയുണ്ട്6

1 വിശദീകരണം കാണുക

6. എത്ര തന്നെ കൊടിയ ശത്രുവായാലും സത്യവിശ്വാസം അംഗീകരിച്ചു ശരിയായ മുസ്‌ലിമായിക്കഴിഞ്ഞാല്‍ അവന്‍ നിങ്ങളുടെ സഹോദരനായി - എത്രമാത്രം പ്രവിശാലമായ കാരുണ്യം! നീതി മുറുകെ പിടിച്ച് തിന്മയും സത്യനിഷേധവും അക്രമവുമൊക്കെ ദൂരീകരിക്കുക എന്നതു മാത്രമാണ് ഇസ്‌ലാമിലെ യുദ്ധലക്ഷ്യം; ഏതെങ്കിലും ജനവിഭാഗത്തെയോ മതാനുയായികളെയോ ഉന്മൂലനം ചെയ്യലല്ല. എക്കാലത്തെയും ഇസ്‌ലാം വിരോധികള്‍ ഇതു ഗ്രഹിക്കേണ്ടതാണ്.

فَإِن تَابُواْ وَأَقَامُواْ ٱلصَّلَوٰةَ وَءَاتَوُاْ ٱلزَّكَوٰةَ فَإِخۡوَٰنُكُمۡ فِي ٱلدِّينِۗ وَنُفَصِّلُ ٱلۡأٓيَٰتِ لِقَوۡمٖ يَعۡلَمُونَ ۝١١
وَإِن نَّكَثُوٓاْ أَيۡمَٰنَهُم مِّنۢ بَعۡدِ عَهۡدِهِمۡ وَطَعَنُواْ فِي دِينِكُمۡ فَقَٰتِلُوٓاْ أَئِمَّةَ ٱلۡكُفۡرِ إِنَّهُمۡ لَآ أَيۡمَٰنَ لَهُمۡ لَعَلَّهُمۡ يَنتَهُونَ ۝١٢
13–15

കരാറുകള്‍ ലംഘിക്കുകയും നബിയെ നാട്ടില്‍ നിന്നു പുറത്താക്കാന്‍ തീരുമാനിക്കുകയും ചെയ്ത ഒരു ജനവിഭാഗത്തോട് നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലേ? നിങ്ങളോട് ആദ്യം യുദ്ധം ചെയ്യാനാരംഭിച്ചത് അവര്‍ തന്നെയാണ്; എന്നിട്ടും നിങ്ങളവരെ പേടിക്കുകയാണോ? എന്നാല്‍, സാക്ഷാല്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ ഭയപ്പെടാന്‍ ഏറ്റമര്‍ഹന്‍ അല്ലാഹുവത്രേ! അവരോടു നിങ്ങള്‍ യുദ്ധം ചെയ്യുക. അല്ലാഹു നിങ്ങളുടെ കൈക്ക് അവരെ ശിക്ഷിച്ച് അപമാനിക്കുകയും അവര്‍ക്കെതിരെ നിങ്ങളെ സഹായിക്കുകയും വിശ്വാസികളുടെ മനോദുഃഖം ശമിപ്പിക്കുകയും രോഷം ദൂരീകരിക്കുകയും ചെയ്യുന്നതാണ്7
താനുദ്ദേശിക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നു. അവന്‍ സര്‍വജ്ഞാനിയും യുക്തിമാനുമത്രേ!

1 വിശദീകരണം കാണുക

7. സമാധാനക്കരാറുകള്‍ ലംഘിച്ച് ഇങ്ങോട്ട് യുദ്ധം ചെയ്യാനാരംഭിച്ച സത്യനിഷേധികളെ വിശ്വാസികള്‍ എന്തിനു ഭയപ്പെടണം? സര്‍വവിധ നെറികേടുകളും ചെയ്യുന്ന അവര്‍ റസൂലിനെ നാടുകടത്താനും കൊല്ലാന്‍ വരെയും തീരുമാനിച്ചു. നിഷേധികളുടെ നെടുനായകത്വം വഹിക്കുന്നവരെ ഈ പ്രഖ്യാപിതയുദ്ധവേളയില്‍ കൊന്നൊടുക്കുക-സര്‍വവിധശാന്തിയും സമാധാനവും നിങ്ങള്‍ക്കു ലഭിക്കുമെന്നാണ് അല്ലാഹു വാഗ്ദാനം ചെയ്യുന്നത്. വഴിയെ അത് പുലരുകയും ചെയ്തുവല്ലോ.
അനുശാസിതമായ ധര്‍മസമരത്തിന്റെ ഗുണഫലങ്ങള്‍ ഇവിടെ വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധേയമാണ്: 1. വധിച്ചും തടവുകാരായി പിടിച്ചും കൊണ്ട് ഭൗതിക ലോകത്തുവെച്ചു തന്നെ മുശ്‌രിക്കുകള്‍ക്കുള്ള ശിക്ഷ. 2. ഇവിടെ അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടുള്ള നിസ്സാരവല്‍ക്കരണം, പരലോകത്ത് ഹീനമായ അപമാനം. 3. നിഷേധികള്‍ക്കെതിരെയുള്ള ദൈവിക സഹായം, മേല്‍ക്കോയ്മ. 4. അല്ലാഹുവിന്റെ ശത്രുക്കളുടെ നടുവൊടിഞ്ഞതില്‍ വിശ്വാസികള്‍ക്കുണ്ടാകുന്ന മനഃസന്തുഷ്ടി. 5. വര്‍ഷങ്ങളായി തങ്ങളനുഭവിക്കുന്ന ഹൃദയ വേദനകളിലും മനഃസംഘര്‍ഷങ്ങളിലും നിന്ന് അല്ലാഹുവിന്റെ മിത്രങ്ങള്‍ക്കു മോചനം.

أَلَا تُقَٰتِلُونَ قَوۡمٗا نَّكَثُوٓاْ أَيۡمَٰنَهُمۡ وَهَمُّواْ بِإِخۡرَاجِ ٱلرَّسُولِ وَهُم بَدَءُوكُمۡ أَوَّلَ مَرَّةٍۚ أَتَخۡشَوۡنَهُمۡۚ فَٱللَّهُ أَحَقُّ أَن تَخۡشَوۡهُ إِن كُنتُم مُّؤۡمِنِينَ ۝١٣
قَٰتِلُوهُمۡ يُعَذِّبۡهُمُ ٱللَّهُ بِأَيۡدِيكُمۡ وَيُخۡزِهِمۡ وَيَنصُرۡكُمۡ عَلَيۡهِمۡ وَيَشۡفِ صُدُورَ قَوۡمٖ مُّؤۡمِنِينَ ۝١٤
وَيُذۡهِبۡ غَيۡظَ قُلُوبِهِمۡۗ وَيَتُوبُ ٱللَّهُ عَلَىٰ مَن يَشَآءُۗ وَٱللَّهُ عَلِيمٌ حَكِيمٌ ۝١٥
16–17

നിങ്ങളില്‍ യുദ്ധം ചെയ്തവര്‍ ആരാണെന്നും അല്ലാഹുവിനെയും റസൂലിനെയും വിശ്വാസികളെയും വിട്ട് മറ്റാരെയും രഹസ്യമിത്രങ്ങളാക്കാത്തവര്‍ ആരാണെന്നും വേര്‍തിരിച്ചു കണ്ടറിയാതെ അല്ലാഹു അങ്ങുവിട്ടേക്കുമെന്നാണോ നിങ്ങളുടെ ധാരണ? നിങ്ങളുടെ പ്രവൃത്തികളെ പറ്റി സൂക്ഷ്മജ്ഞാനിയാണ് അവന്‍. സത്യനിഷേധത്തിനു സ്വയം സാക്ഷികളാണെന്നിരിക്കെ അല്ലാഹുവിന്റെ മസ്ജിദുകള്‍ സംരക്ഷിക്കാന്‍ ബഹുദൈവവിശ്വാസികള്‍ക്ക് യാതൊരവകാശവുമില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ ശിഥിലമായിക്കഴിഞ്ഞിരിക്കുന്നു. നരകത്തില്‍ ശാശ്വതരത്രേ അവര്‍.

أَمۡ حَسِبۡتُمۡ أَن تُتۡرَكُواْ وَلَمَّا يَعۡلَمِ ٱللَّهُ ٱلَّذِينَ جَٰهَدُواْ مِنكُمۡ وَلَمۡ يَتَّخِذُواْ مِن دُونِ ٱللَّهِ وَلَا رَسُولِهِۦ وَلَا ٱلۡمُؤۡمِنِينَ وَلِيجَةٗۚ وَٱللَّهُ خَبِيرُۢ بِمَا تَعۡمَلُونَ ۝١٦
مَا كَانَ لِلۡمُشۡرِكِينَ أَن يَعۡمُرُواْ مَسَٰجِدَ ٱللَّهِ شَٰهِدِينَ عَلَىٰٓ أَنفُسِهِم بِٱلۡكُفۡرِۚ أُوْلَٰٓئِكَ حَبِطَتۡ أَعۡمَٰلُهُمۡ وَفِي ٱلنَّارِ هُمۡ خَٰلِدُونَ ۝١٧
18

അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും നമസ്‌കാരം യഥാവിധി നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും അല്ലാഹുവിനെയല്ലാതെ പേടിക്കാതിരിക്കുകയും ചെയ്യുന്നവര്‍ മാത്രമേ അവന്റെ മസ്ജിദുകള്‍ പരിപാലിക്കാവൂ. അവര്‍ സന്മാര്‍ഗ പ്രാപ്തരായേക്കാം.8

1 വിശദീകരണം കാണുക

8. നബി(സ്വ)യുടെ പിതൃവ്യന്‍ അബ്ബാസ് ബിന്‍ അബ്ദുല്‍ മുത്തലിബ് ബദ്‌റില്‍ തടവുകാരനായി പിടിക്കപ്പെട്ടപ്പോള്‍ മുസ്‌ലിംകള്‍ അദ്ദേഹത്തെ ശിര്‍ക്കിന്റെ പേരില്‍ അധിക്ഷേപിക്കുകയുണ്ടായി. അല്ലാഹുവിന്റെ പവിത്ര ഭവനമായ കഅ്ബയുടെ സംരക്ഷകര്‍ തങ്ങളാണല്ലോ എന്നായിരുന്നു സാഭിമാനം അദ്ദേഹത്തിന്റെ പ്രതികരണം. തല്‍സമയമാണ് ഈ പതിനേഴാം സൂക്തം അവതീര്‍ണമായത്. (ഥബരി) മസ്ജിദുകളുടെ സംരക്ഷണവും പരിപാലനവുമെന്നാല്‍ അവയുടെ നിര്‍മാണമോ കെട്ടിടങ്ങള്‍ പകിട്ടാക്കലോ അല്ലെന്നും, സത്യവിശ്വാസത്തിലും അല്ലാഹുവിനോടുള്ള ഭക്തിയിലും ഊന്നിയുള്ള നമസ്‌കാരാദികര്‍മങ്ങള്‍ അവയില്‍ നിലനിറുത്തുന്നത് മുഖേനയാണെന്നും ഈ സൂക്തം പഠിപ്പിക്കുന്നു.
തിരുമേനി(സ്വ)യുടെ ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ഒരാള്‍ പതിവായി മസ്ജിദില്‍ പോകുന്നത് നിങ്ങള്‍ കണ്ടാല്‍ അയാള്‍ ശരിയായ വിശ്വാസിയാണെന്നു നിങ്ങള്‍ സാക്ഷ്യം വഹിക്കുക. കാരണം അല്ലാഹു പറയുന്നത്, വിശ്വാസി മാത്രമേ അല്ലാഹുവിന്റെ മസ്ജിദുകള്‍ പരിപാലിക്കുകയുള്ളൂ... (ഈ ആയത്ത് അവിടന്ന് ഓതി.) എന്നാണല്ലോ.(തുര്‍മുദി)

إِنَّمَا يَعۡمُرُ مَسَٰجِدَ ٱللَّهِ مَنۡ ءَامَنَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَأَقَامَ ٱلصَّلَوٰةَ وَءَاتَى ٱلزَّكَوٰةَ وَلَمۡ يَخۡشَ إِلَّا ٱللَّهَۖ فَعَسَىٰٓ أُوْلَٰٓئِكَ أَن يَكُونُواْ مِنَ ٱلۡمُهۡتَدِينَ ۝١٨
19–22

ഹജ്ജിനെത്തുന്നവര്‍ക്കു ജലപാനം ചെയ്യിക്കലും മസ്ജിദുല്‍ഹറാം പരിപാലനവും നിങ്ങള്‍ കാണുന്നത്, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും ദൈവമാര്‍ഗത്തില്‍ പോരാടുകയും ചെയ്യുന്നതു പോലെയാണോ? ഈ രണ്ടു തരക്കാരും അല്ലാഹുവിങ്കല്‍ തുല്യരാവുകയില്ല. അക്രമികളായ ജനതയെ അല്ലാഹു നേര്‍മാര്‍ഗത്തിലാക്കുന്നതല്ല. സത്യവിശ്വാസം കൈക്കൊള്ളുക യും ദേശത്യാഗം ചെയ്യുകയും ദേഹ-ധനങ്ങള്‍ കൊണ്ട് ദൈവമാര്‍ഗത്തില്‍ പോരാട്ടം നടത്തുകയും ചെയ്തവര്‍ അല്ലാഹുവിങ്കല്‍ അത്യുദാത്ത പദവിയുള്ളവരത്രേ. അവര്‍ തന്നെയാണു ജേതാക്കള്‍. തന്റെ പക്കലുള്ള കാരുണ്യത്തെയും സംതൃപ്തിയെയും സ്വര്‍ഗീയോദ്യാനങ്ങളെയും കുറിച്ച് രക്ഷിതാവ് അവര്‍ക്ക് ശുഭവാര്‍ത്ത നല്‍കും. സുസ്ഥിര സൗഖ്യമാണവര്‍ക്ക് അവിടെയുണ്ടാവുക. അതിലവര്‍ നിത്യവാസികളായിരിക്കും. നിശ്ചയം, അല്ലാഹുവിങ്കലാണ് അതിമഹത്തായ പ്രതിഫലം.

۞ أَجَعَلۡتُمۡ سِقَايَةَ ٱلۡحَآجِّ وَعِمَارَةَ ٱلۡمَسۡجِدِ ٱلۡحَرَامِ كَمَنۡ ءَامَنَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَجَٰهَدَ فِي سَبِيلِ ٱللَّهِۚ لَا يَسۡتَوُۥنَ عِندَ ٱللَّهِۗ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلظَّٰلِمِينَ ۝١٩
ٱلَّذِينَ ءَامَنُواْ وَهَاجَرُواْ وَجَٰهَدُواْ فِي سَبِيلِ ٱللَّهِ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡ أَعۡظَمُ دَرَجَةً عِندَ ٱللَّهِۚ وَأُوْلَٰٓئِكَ هُمُ ٱلۡفَآئِزُونَ ۝٢٠
يُبَشِّرُهُمۡ رَبُّهُم بِرَحۡمَةٖ مِّنۡهُ وَرِضۡوَٰنٖ وَجَنَّٰتٖ لَّهُمۡ فِيهَا نَعِيمٞ مُّقِيمٌ ۝٢١
خَٰلِدِينَ فِيهَآ أَبَدًاۚ إِنَّ ٱللَّهَ عِندَهُۥٓ أَجۡرٌ عَظِيمٞ ۝٢٢
23–24

സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും സഹോദരങ്ങളും വിശ്വാസത്തെക്കാള്‍ നിഷേധമാണിഷ്ടപ്പെടുന്നതെങ്കില്‍ അവരെ രക്ഷാധികാരികളാക്കരുത്. നിങ്ങളാരെങ്കിലും അവരെ രക്ഷാകര്‍ത്താക്കളാക്കുന്നുവെങ്കില്‍ അവര്‍ തന്നെയാണ് അക്രമികള്‍. നബിയേ, പ്രഖ്യാപിക്കുക: നിങ്ങളുടെ പിതാക്കളും സന്താനങ്ങളും സഹോദരങ്ങളും ഇണകളും അടുത്ത കുടുംബങ്ങളും സമ്പാദ്യങ്ങളും കെട്ടിക്കിടക്കുമെന്നു നിങ്ങള്‍ ഉല്‍ക്കണ്ഠാകുലരാകുന്ന കച്ചവടച്ചരക്കും പ്രിയങ്കരമായ പാര്‍പ്പിടങ്ങളുമെല്ലാം തന്നെ, അല്ലാഹുവിനെക്കാളും റസൂലിനെക്കാളും ദൈവമാര്‍ഗത്തിലുള്ള പോരാട്ടത്തെക്കാളും നിങ്ങള്‍ക്ക് പ്രിയപ്പെട്ടതാണെങ്കില്‍ തന്റെ കല്‍പന അല്ലാഹു കൊണ്ടുവരു ന്നതു വരെ നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നുകൊള്ളുക! അധര്‍മകാരികളായ ജനതയെ അല്ലാഹു സന്മാര്‍ഗ പ്രാപ്തരാക്കുന്നതല്ല9

1 വിശദീകരണം കാണുക

9. വിശ്വാസത്തിനും തജ്ജന്യമായ കര്‍മങ്ങള്‍ക്കും മാത്രമാണ് ശാശ്വതത്വം. അതുവഴി മാത്രമേ മനുഷ്യ നു സ്വര്‍ഗീയ വിജയം നേടാനാകൂ. മാതാപിതാക്കളോ, ഭാര്യാസന്താനങ്ങളോ സ്വന്തം സമ്പാദ്യങ്ങളോ പോലും അതിനു വിഘാതമാകരുത്. കാരണം, അവയത്രയും ക്ഷണികമാണ്. ചിലപ്പോള്‍ അനുകൂലമാണെ ങ്കില്‍ മറ്റുചിലപ്പോള്‍ പ്രതികൂലമാകും. അല്ലാഹുവിങ്കലുള്ളതാണ് പുണ്യവാന്മാര്‍ക്ക് ഉല്‍കൃഷ്ടമായിട്ടുള്ളത് എന്നു ഖുര്‍ആന്‍ (3:198) പലവുരു വ്യക്തമാക്കുന്നുണ്ട്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُوٓاْ ءَابَآءَكُمۡ وَإِخۡوَٰنَكُمۡ أَوۡلِيَآءَ إِنِ ٱسۡتَحَبُّواْ ٱلۡكُفۡرَ عَلَى ٱلۡإِيمَٰنِۚ وَمَن يَتَوَلَّهُم مِّنكُمۡ فَأُوْلَٰٓئِكَ هُمُ ٱلظَّٰلِمُونَ ۝٢٣
قُلۡ إِن كَانَ ءَابَآؤُكُمۡ وَأَبۡنَآؤُكُمۡ وَإِخۡوَٰنُكُمۡ وَأَزۡوَٰجُكُمۡ وَعَشِيرَتُكُمۡ وَأَمۡوَٰلٌ ٱقۡتَرَفۡتُمُوهَا وَتِجَٰرَةٞ تَخۡشَوۡنَ كَسَادَهَا وَمَسَٰكِنُ تَرۡضَوۡنَهَآ أَحَبَّ إِلَيۡكُم مِّنَ ٱللَّهِ وَرَسُولِهِۦ وَجِهَادٖ فِي سَبِيلِهِۦ فَتَرَبَّصُواْ حَتَّىٰ يَأۡتِيَ ٱللَّهُ بِأَمۡرِهِۦۗ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلۡفَٰسِقِينَ ۝٢٤
25–27

ഒട്ടേറെ രണാങ്കണങ്ങളില്‍ അല്ലാഹു നിങ്ങളെ സഹായിക്കുകതന്നെ ചെയ്തിട്ടുണ്ട്; ഹുനൈന്‍ യുദ്ധത്തിന്റെ അന്നും - സ്വന്തം എണ്ണപ്പെരുപ്പം നിങ്ങളെയന്ന് ആഹ്ലാദ ഭരിതരാക്കി. എന്നിട്ട് നിങ്ങള്‍ക്കത് യാതൊരു ഫലവുമുണ്ടാക്കാതിരിക്കുകയും ഭൂമി പ്രവിശാലമായിട്ടു കൂടി നിങ്ങള്‍ക്കു കുടുസ്സായിത്തോന്നുകയും തുടര്‍ന്നു പിന്തിരിഞ്ഞോടുകയും ചെയ്ത സന്ദര്‍ഭം! തദനന്തരം റസൂലിനും സത്യവിശ്വാസികള്‍ക്കും തന്റെ പക്കല്‍ നിന്നുള്ള മനഃശാന്തി അല്ലാഹു ചൊരിഞ്ഞുകൊടുക്കുകയും നിങ്ങള്‍ കാണാത്ത ചില സേനകളെ ഇറക്കുകയും സത്യനിഷേധികളെ ശിക്ഷിക്കുകയുമുണ്ടായി! നിഷേധികളുടെ പ്രതിഫലം അതത്രേ. തദനന്തരം താനുദ്ദേശിക്കുന്നവരുടെ ഖേദപ്രകടനം അല്ലാഹു സ്വീകരിക്കും. ഏറെ പൊറുക്കുന്നവനും കരുണാമയനുമാണവന്‍.10

1 വിശദീകരണം കാണുക

10. ഹിജ്‌റ 8-ാം വര്‍ഷം റമളാനിലാണ് മക്കാവിജയമുണ്ടായത്. ഇത് സഖീഫ്-ഹവാസിന്‍ ഗോത്രങ്ങളെ ഉല്‍ക്കണ്‍ഠാകുലരാക്കി. അടുത്തമാസം തന്നെ അവര്‍ മുസ്‌ലിംകളെ കീഴ്‌പ്പെടുത്താനായി രംഗത്തെത്തി. ഹുനൈന്‍ എന്ന സ്ഥലത്ത് യുദ്ധം അരങ്ങേറി. മുസ്‌ലിംകള്‍ പന്ത്രണ്ടായിരമുണ്ടായിരുന്നു; ശത്രുക്കള്‍ നാലായിരം മാത്രം. ചില മുസ്‌ലിംകള്‍ എണ്ണപ്പെരുപ്പത്തില്‍ അഹങ്കരിച്ചു. തന്മൂലം ആദ്യഘട്ടത്തില്‍ തോല്‍ വിയാണുണ്ടായത്, പിന്നീട് വിജയം കണ്ടു. സേനാധിക്യമോ ആയുധ ശേഷിയോ അല്ല, അല്ലാഹുവിന്റെ സഹായമാണ് നിര്‍ണായകം എന്ന പാഠം ആ യുദ്ധം അവര്‍ക്കു നല്‍കി.

لَقَدۡ نَصَرَكُمُ ٱللَّهُ فِي مَوَاطِنَ كَثِيرَةٖ وَيَوۡمَ حُنَيۡنٍ إِذۡ أَعۡجَبَتۡكُمۡ كَثۡرَتُكُمۡ فَلَمۡ تُغۡنِ عَنكُمۡ شَيۡـٔٗا وَضَاقَتۡ عَلَيۡكُمُ ٱلۡأَرۡضُ بِمَا رَحُبَتۡ ثُمَّ وَلَّيۡتُم مُّدۡبِرِينَ ۝٢٥
ثُمَّ أَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلۡمُؤۡمِنِينَ وَأَنزَلَ جُنُودٗا لَّمۡ تَرَوۡهَا وَعَذَّبَ ٱلَّذِينَ كَفَرُواْۚ وَذَٰلِكَ جَزَآءُ ٱلۡكَٰفِرِينَ ۝٢٦
ثُمَّ يَتُوبُ ٱللَّهُ مِنۢ بَعۡدِ ذَٰلِكَ عَلَىٰ مَن يَشَآءُۗ وَٱللَّهُ غَفُورٞ رَّحِيمٞ ۝٢٧
28

ഹേ സത്യവിശ്വാസികളേ, നിശ്ചയമായും ബഹുദൈവ വിശ്വാസികള്‍ അവിശുദ്ധരാകുന്നു. അതുകൊണ്ട് ഈ കൊല്ലത്തിനുശേഷം അവര്‍ പുണ്യഹറമിനെ സമീപിച്ചു പോകരുത്. തന്മൂലം നിങ്ങള്‍ സാമ്പത്തിക ക്ഷീണം ഭയപ്പെടുന്നുണ്ടെങ്കില്‍, ഉദ്ദേശിക്കുന്ന പക്ഷം, തന്റെയനുഗ്രഹത്തില്‍ നിന്ന് അല്ലാഹു നിങ്ങള്‍ക്ക് സാമ്പത്തിക സുഭിക്ഷത നല്‍കുന്നതാണ്. അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനും തന്നെയത്രേ11

1 വിശദീകരണം കാണുക

11. ബഹുദൈവ വിശ്വാസികളുടെ ശരീരം മലിനമാണെന്നല്ല, ആത്മികമായ അവിശുദ്ധിയാണ് ഉദ്ദേശ്യം. അവരുടെ വിശ്വാസം തന്നെ ബുദ്ധിശൂന്യവും വിശുദ്ധിയില്ലാത്തതുമാണല്ലോ. അക്കാരണത്താല്‍ ഈ സൂറയവതരിക്കുന്ന ഹിജ്‌റ ഒമ്പതാം കൊല്ലത്തിനു ശേഷം മസ്ജിദുല്‍ ഹറാമിനകത്തേക്കെന്ന് മാത്രമല്ല, അതിന്റെ പ്രവിശാലമായ പരിസരപ്രദേശത്തേക്കു-മക്കാ ഹറം- പോലും മുശ്‌രിക്കിന് കടക്കാന്‍ പാടില്ല എന്നാണ് വ്യക്തമാക്കുന്നത്. ഹറം പ്രവേശനം തടയപ്പെടുമ്പോള്‍ അവര്‍ വഴിയുണ്ടാകുന്ന കച്ചവടത്തിന്റെ ലാഭം നഷ്ടപ്പെടുമെന്നും ദാരിദ്ര്യം വരുമെന്നുമുള്ള ആശങ്ക വേണ്ടെന്നും അല്ലാഹുവാണ് അന്നദാതാവെന്നും ബഹുദൈവ വിശ്വാസികളുടെ വരുമാനം മുടങ്ങിയാലും അല്ലാഹു നിങ്ങളെ സ്വയം പര്യാപ്തരാക്കുമെന്നും അറിയിച്ചിരിക്കുകയാണ്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّمَا ٱلۡمُشۡرِكُونَ نَجَسٞ فَلَا يَقۡرَبُواْ ٱلۡمَسۡجِدَ ٱلۡحَرَامَ بَعۡدَ عَامِهِمۡ هَٰذَاۚ وَإِنۡ خِفۡتُمۡ عَيۡلَةٗ فَسَوۡفَ يُغۡنِيكُمُ ٱللَّهُ مِن فَضۡلِهِۦٓ إِن شَآءَۚ إِنَّ ٱللَّهَ عَلِيمٌ حَكِيمٞ ۝٢٨
29

വേദം നല്‍കപ്പെട്ടവരില്‍ നിന്ന് അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്തവരും, അല്ലാഹുവും റസൂലും വിലക്കിയതിനെ നിഷിദ്ധമായിക്കാണാത്തവരും സത്യമതത്തിനുവിധേയരാ കാത്തവരുമായവരോട് നിങ്ങള്‍ യുദ്ധം ചെയ്യുക - അവര്‍ കീഴടങ്ങിക്കൊണ്ട് നികുതി തരുന്നതു വരെ12

1 വിശദീകരണം കാണുക

12. ഹുനൈന്‍ യുദ്ധത്തോടെ ബഹുദൈവ വിശ്വാസികളായ ഇസ്‌ലാംവിരോധികളുടെ നടുവൊടി ഞ്ഞു. ഇനിയവശേഷിക്കുന്നത് വേദക്കാരായ ശത്രുക്കളാണ്. അവരും ഇസ്‌ലാമിക സ്റ്റേറ്റിനു വിധേയരാകണം, കപ്പം നല്‍കാനും മറ്റു നിയന്ത്രണങ്ങള്‍ക്കു വിധേയരാകാനും നിയമങ്ങളനുസരിക്കാനും തയ്യാറാകണം; ഇല്ലെങ്കില്‍ യുദ്ധമാണ്. എസ്രയെയും യേശുവിനെയും ദൈവമാക്കി ആരാധിച്ച അവര്‍ എണ്ണമറ്റ കര്‍മവൈകൃ തങ്ങള്‍ കൂടിയുള്ളവരായിരുന്നു. ആ മേഖലകളൊക്കെ ശുദ്ധീകരിച്ചെടുക്കാനാണ് വേദക്കാരായ ശത്രുക്ക ളോട് യുദ്ധം ചെയ്യാന്‍ കല്‍പിക്കുന്നത്. അതേ സമയം ഇസ്‌ലാമിക സ്റ്റേറ്റിന്റെ നിയമങ്ങളനുസരിക്കയാണെ ങ്കില്‍ പൂര്‍ണ സുരക്ഷിതത്വത്തോടെ അവര്‍ക്കും ജീവിക്കാം.

قَٰتِلُواْ ٱلَّذِينَ لَا يُؤۡمِنُونَ بِٱللَّهِ وَلَا بِٱلۡيَوۡمِ ٱلۡأٓخِرِ وَلَا يُحَرِّمُونَ مَا حَرَّمَ ٱللَّهُ وَرَسُولُهُۥ وَلَا يَدِينُونَ دِينَ ٱلۡحَقِّ مِنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ حَتَّىٰ يُعۡطُواْ ٱلۡجِزۡيَةَ عَن يَدٖ وَهُمۡ صَٰغِرُونَ ۝٢٩
30–32

ഉസൈര്‍ (എസ്‌റാ) ദൈവപുത്രനാണെന്ന് ജൂതന്മാര്‍ ജല്‍പിച്ചു; മസീഹ് ഈസാ (യേശു) അല്ലാഹുവിന്റെ മകനാണെന്ന് ക്രിസ്ത്യാനികളും. മുന്‍ കഴിഞ്ഞ അവിശ്വാസികളെ അനുധാവനം ചെയ്തു കൊണ്ട് അവരുടെ വായിലൂടെ ഉരുവിടുന്ന ഒരു പ്രസ്താവം മാത്രമാണത്. അല്ലാഹു ശപിച്ചി ട്ടുണ്ടവരെ; എങ്ങോട്ടെല്ലാമാണ് അവര്‍ തെറ്റിത്തിരിക്കപ്പെടുന്നത്? വേദ പണ്ഡിതരെയും പുരോഹിതരെ യും മസീഹ് ഈസബ്‌നു മര്‍യമിനെയും അല്ലാഹുവിനെക്കൂടാതെ അവര്‍ ദൈവങ്ങളായി വരിച്ചു. അവരനുശാസിക്കപ്പെട്ടിരുന്നതാകട്ടെ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമാണ്. അവനല്ലാതെ ഒരു ദൈവവുമില്ലല്ലോ. അവര്‍ പങ്കാളികളാക്കുന്നതില്‍ നിന്നൊക്കെ പവിത്രനാണവന്‍. അല്ലാഹുവിന്റെ പ്രകാശം സ്വവക്ത്രങ്ങള്‍കൊണ്ട് ഊതിക്കെടുത്താമെന്നാണവരുടെ വിചാരം. അല്ലാഹുവാകട്ടെ- സത്യനിഷേധികളെത്ര അനിഷ്ടപ്പെട്ടാലും-തന്റെ പ്രകാശം പൂര്‍ത്തീകരിച്ചേ അടങ്ങുകയുള്ളൂ13

1 വിശദീകരണം കാണുക

13. ഉസൈറിനെക്കുറിച്ച പരാമര്‍ശം അല്‍ബഖറ 259-ലും മറ്റും കാണാം. മരിപ്പിച്ച് നൂറു കൊല്ലം കഴിഞ്ഞ് അല്ലാഹു അദ്ദേഹത്തെ പുനര്‍ജനിപ്പിച്ചതും അവിടെ പറഞ്ഞിട്ടുണ്ട്. ക്രിസ്ത്യാനികളാകട്ടെ, യേശുവിനെ ദൈവപുത്രനാക്കി, ആരാധിച്ചു. യേശുവിന്റെ ചെറുബിംബവും കുരിശും കഴുത്തിലിട്ടു നടന്നു. നേരത്തെ, മലക്കുകള്‍ അല്ലാഹുവിന്റെ പുത്രിമാരാണെന്ന് മക്കാ മുശ്‌രിക്കുകള്‍ ജല്‍പിച്ചിരുന്നതിനോടുള്ള അനുകരണമാണിത്. പുരോഹിതരെയും പാതിരിമാരെയും ദൈവങ്ങളാക്കി എന്ന ഖുര്‍ആന്റെ പ്രസ്താവം തെറ്റാണെന്നു ചിലര്‍ ജല്‍പിക്കാറുണ്ട്. എന്നാല്‍ പതിനാലു നൂറ്റാണ്ടു മുമ്പ് അദിയ്യുബ്‌നു ഹാതിം എന്ന ക്രിസ്ത്യാനിയോട് നബി(സ്വ) ഇതു വിശദീകരിച്ചു കൊടുത്തിട്ടുണ്ട്:
അദിയ്യിന്റെ കഴുത്തിലെ സ്വര്‍ണ്ണക്കുരിശ് എന്ന ബിംബത്തെ വലിച്ചെറിയാന്‍ നബി(സ്വ) നിര്‍ദ്ദേശിച്ച് ഈ 31-ാം സൂക്തം ഓതി. അപ്പോള്‍, പാതിരിമാരെ ക്രിസ്ത്യാനികള്‍ ആരാധിക്കുന്നില്ലല്ലോ എന്നായിരുന്നു അദിയ്യിന്റെ പ്രതികരണം. അവിടന്നു ചോദിച്ചു: അവര്‍ നിയമമാക്കിത്തരാറുള്ള ഹറാമുകളും ഹലാലുകളും നിങ്ങള്‍ ക്രിസ്ത്യാനികള്‍ അംഗീകരിക്കാറില്ലേ? അദിയ്യ് : 'അതെ.' അതുതന്നെയാണ് പുരോഹിതരെ ദൈവമാക്കല്‍ എന്നു നബി വിവരിച്ചു. (തുര്‍മുദി) നിയമനിര്‍മാണാധികാരം അല്ലാഹുവിന്റേതു മാത്രമാണ് എന്നു താല്‍പര്യം.

وَقَالَتِ ٱلۡيَهُودُ عُزَيۡرٌ ٱبۡنُ ٱللَّهِ وَقَالَتِ ٱلنَّصَٰرَى ٱلۡمَسِيحُ ٱبۡنُ ٱللَّهِۖ ذَٰلِكَ قَوۡلُهُم بِأَفۡوَٰهِهِمۡۖ يُضَٰهِـُٔونَ قَوۡلَ ٱلَّذِينَ كَفَرُواْ مِن قَبۡلُۚ قَٰتَلَهُمُ ٱللَّهُۖ أَنَّىٰ يُؤۡفَكُونَ ۝٣٠
ٱتَّخَذُوٓاْ أَحۡبَارَهُمۡ وَرُهۡبَٰنَهُمۡ أَرۡبَابٗا مِّن دُونِ ٱللَّهِ وَٱلۡمَسِيحَ ٱبۡنَ مَرۡيَمَ وَمَآ أُمِرُوٓاْ إِلَّا لِيَعۡبُدُوٓاْ إِلَٰهٗا وَٰحِدٗاۖ لَّآ إِلَٰهَ إِلَّا هُوَۚ سُبۡحَٰنَهُۥ عَمَّا يُشۡرِكُونَ ۝٣١
يُرِيدُونَ أَن يُطۡفِـُٔواْ نُورَ ٱللَّهِ بِأَفۡوَٰهِهِمۡ وَيَأۡبَى ٱللَّهُ إِلَّآ أَن يُتِمَّ نُورَهُۥ وَلَوۡ كَرِهَ ٱلۡكَٰفِرُونَ ۝٣٢
33–35

എല്ലാ മതത്തെയും ജയിച്ചടക്കാനായി സന്മാര്‍ഗവും സത്യമതവും കൊണ്ട് തന്റെ റസൂലിനെ അയച്ചവനാണവന്‍- ബഹുദൈവ വിശ്വാസികള്‍ക്ക് അതനിഷ്ടകരമാണെങ്കിലും. സത്യ വിശ്വാസികളേ, വേദപണ്ഡിതരിലും പുണ്യവാളന്മാരിലും നിന്ന് ഒട്ടേറെ പേര്‍ ജനങ്ങളുടെ സമ്പത്ത് ന്യായരഹിതമയി വെട്ടിവിഴുങ്ങുകയും ദൈവിക സരണിയില്‍ നിന്ന് അവരെ തടയുകയുമാണ് ചെയ്യുന്നത്. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും ദൈവമാര്‍ഗത്തിലത് ചെലവാക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന് താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക. ആ സ്വര്‍ണ-വെള്ളികള്‍ നരകത്തിലിട്ടു ചൂടുപിടിപ്പിച്ച് , അവകൊണ്ട് അവരുടെ നെറ്റിയിലും വശങ്ങളിലും മുതുകിലും ചൂടു വെക്കപ്പെടുന്നതാണ്! 'സ്വന്തത്തിനു വേണ്ടി നിങ്ങള്‍ നിക്ഷേപമാക്കി വെച്ചവയാണിത്; ഈ നിക്ഷേപം ആസ്വദിച്ചോളൂ' (എന്നവരോടു ആക്രോശിക്കപ്പെടും.)14

1 വിശദീകരണം കാണുക

14. ഇസ്‌ലാമിന്റെ ആഗമനത്തോടെ മറ്റുള്ള മതങ്ങള്‍ ദുര്‍ബലമാക്കപ്പെട്ടുവെന്നും ഇസ്‌ലാം വിജയക്കൊടി നാട്ടുമെന്നും 33-ാം സൂക്തം സൂചിപ്പിക്കുന്നുണ്ട്. 3:85-ല്‍ അതു സ്പഷ്ടമാക്കിയതായും കാണാം. വേദക്കാരിലെ പുരോഹിതര്‍ ദൈവം ചമഞ്ഞ് അവിഹിതമായി നിയമ നിര്‍മാണം നടത്തുന്നത് സൂചിപ്പിച്ച ശേഷം, ധന സമ്പാദനവും ഭൗതിക നേട്ടങ്ങളും മാത്രമാണവരുടെ ലക്ഷ്യമെന്നു വ്യക്തമാക്കുന്നു. സകാത്ത് നല്‍കാത്ത മുസ്‌ലിംകളുടെ സ്ഥിതിയും ഇതു തന്നെ. ഗുരുതരവും ഹീനവുമായ ശിക്ഷയാണ് അവര്‍ക്കുണ്ടാവുക.

هُوَ ٱلَّذِيٓ أَرۡسَلَ رَسُولَهُۥ بِٱلۡهُدَىٰ وَدِينِ ٱلۡحَقِّ لِيُظۡهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَلَوۡ كَرِهَ ٱلۡمُشۡرِكُونَ ۝٣٣
۞ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّ كَثِيرٗا مِّنَ ٱلۡأَحۡبَارِ وَٱلرُّهۡبَانِ لَيَأۡكُلُونَ أَمۡوَٰلَ ٱلنَّاسِ بِٱلۡبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِۗ وَٱلَّذِينَ يَكۡنِزُونَ ٱلذَّهَبَ وَٱلۡفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ ٱللَّهِ فَبَشِّرۡهُم بِعَذَابٍ أَلِيمٖ ۝٣٤
يَوۡمَ يُحۡمَىٰ عَلَيۡهَا فِي نَارِ جَهَنَّمَ فَتُكۡوَىٰ بِهَا جِبَاهُهُمۡ وَجُنُوبُهُمۡ وَظُهُورُهُمۡۖ هَٰذَا مَا كَنَزۡتُمۡ لِأَنفُسِكُمۡ فَذُوقُواْ مَا كُنتُمۡ تَكۡنِزُونَ ۝٣٥
36–37

അല്ലാഹു ഭുവന-വാനങ്ങളെപ്പടച്ച കാലം മുതല്‍ മാസങ്ങളുടെ എണ്ണം അവങ്കല്‍ പന്ത്രണ്ടാകുന്നു. അതില്‍ നാലെണ്ണം (യുദ്ധം നിഷിദ്ധമായ) ആദരണീയമാസങ്ങളാണ്. അതാണ് ഋജുവായ മതം. അതുകൊണ്ട് ആ വിശുദ്ധ മാസങ്ങളില്‍ നിങ്ങള്‍ (യുദ്ധത്തിനിറങ്ങി) സ്വന്തത്തോട് അതിക്രമം കാട്ടരുത്. എന്നാല്‍, ബഹുദൈവ വിശ്വാസികള്‍ ഒറ്റക്കെട്ടായി നിങ്ങളോട് യുദ്ധം ചെയ്യുന്നുവെങ്കില്‍ അതു പോലെ സംഘടിതരായി അവരോട് നിങ്ങളും പോരാടുക. നിങ്ങളറിയണം, സൂക്ഷ്മാലുക്കളോടൊപ്പമാണ് അല്ലാഹു. മാസങ്ങളുടെ വിശുദ്ധി പിന്നോട്ടു മാറ്റുന്നത് വര്‍ദ്ധിത സത്യ നിഷേധം മാത്രമാണ്. തദ്വാരാ ദുര്‍മാര്‍ഗത്തിലേക്ക് കൂപ്പു കുത്തുകയാണു നിഷേധികള്‍-അവരത് ഒരു വര്‍ഷം അനുവദനീയവും മറ്റൊന്നില്‍ നിഷിദ്ധവുമാക്കുകയാണ്. അല്ലാഹു വിലക്കിയ മാസങ്ങളുടെ എണ്ണമൊപ്പിക്കുവാനും അവന്‍ നിഷിദ്ധമാക്കിയത് അനുവദനീയമാക്കുവാനുമാണ് അവരങ്ങനെ ചെയ്യുന്നത്. തങ്ങളുടെ ദുഷ്‌ചെയ്തികള്‍ അവര്‍ക്ക് അലംകൃതമാക്കപ്പെടുകയാണ്. സത്യനിഷേധികളെ അല്ലാഹു നേര്‍വഴിയിലാക്കുന്നതല്ല.15

1 വിശദീകരണം കാണുക

15. ആദ്യകാലം മുതലേ അല്ലാഹു കാലഗണന ക്രമീകരിച്ചത് പന്ത്രണ്ടു ചാന്ദ്രമാസങ്ങളായാണ്; അവയില്‍ തന്നെ ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം, റജബ് എന്നിവ ആദരണീയവും യുദ്ധം ഹറാമായവ യുമത്രേ. എന്നാല്‍ ഈ പവിത്രമാസങ്ങളില്‍ സത്യനിഷേധികള്‍ ഇങ്ങോട്ടു യുദ്ധം ചെയ്യുന്നുവെങ്കിലോ? തത്സമയം നോക്കി നില്‍ക്കരുത്; ശത്രുവിനെ തിരിച്ചടിക്കണം. എന്നാല്‍ മുശ്‌രിക്കുകള്‍ ചിലപ്പോള്‍ ഈ നിയമത്തില്‍ തിരിമറി നടത്തിയിരുന്നു -ഇതിന്റെ വിശുദ്ധി അങ്ങോട്ടും അതിന്റേത് ഇങ്ങോട്ടുമൊക്കെയാക്കി അവര്‍ അല്ലാഹുവിന്റെ നിയമത്തെ അമ്മാനമാടി. അത് വര്‍ദ്ധിത സത്യനിഷേധമാണെന്ന് വ്യക്തമാക്കുക യാണ്.

إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثۡنَا عَشَرَ شَهۡرٗا فِي كِتَٰبِ ٱللَّهِ يَوۡمَ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ مِنۡهَآ أَرۡبَعَةٌ حُرُمٞۚ ذَٰلِكَ ٱلدِّينُ ٱلۡقَيِّمُۚ فَلَا تَظۡلِمُواْ فِيهِنَّ أَنفُسَكُمۡۚ وَقَٰتِلُواْ ٱلۡمُشۡرِكِينَ كَآفَّةٗ كَمَا يُقَٰتِلُونَكُمۡ كَآفَّةٗۚ وَٱعۡلَمُوٓاْ أَنَّ ٱللَّهَ مَعَ ٱلۡمُتَّقِينَ ۝٣٦
إِنَّمَا ٱلنَّسِيٓءُ زِيَادَةٞ فِي ٱلۡكُفۡرِۖ يُضَلُّ بِهِ ٱلَّذِينَ كَفَرُواْ يُحِلُّونَهُۥ عَامٗا وَيُحَرِّمُونَهُۥ عَامٗا لِّيُوَاطِـُٔواْ عِدَّةَ مَا حَرَّمَ ٱللَّهُ فَيُحِلُّواْ مَا حَرَّمَ ٱللَّهُۚ زُيِّنَ لَهُمۡ سُوٓءُ أَعۡمَٰلِهِمۡۗ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلۡكَٰفِرِينَ ۝٣٧
38–40

സത്യവിശ്വാസികളേ, എന്തുസംഭവിച്ചു നിങ്ങള്‍ക്ക്! ദൈവമാര്‍ഗത്തില്‍ വിശുദ്ധ സമരത്തിനിറങ്ങിപ്പുറപ്പെടുക എന്നാജ്ഞാപിക്കപ്പെടുമ്പോള്‍ അലസരായി ചടഞ്ഞു കൂടുന്നുവോ നിങ്ങള്‍! പരലോകത്തിനു പകരം ഐഹിക ജീവിതത്തില്‍ നിങ്ങള്‍ സംതൃപ്തി പൂണ്ടിരിക്കയാണോ? പാരത്രിക ജീവിതവുമായി തുലനംചെയ്യുമ്പോള്‍ ഐഹിക സൗഖ്യങ്ങള്‍ തുച്ഛം മാത്രമാകുന്നു. പുണ്യസമരത്തിനു നിങ്ങള്‍ പുറപ്പെടുന്നില്ലെങ്കില്‍ അവന്‍ വേദനാജനകമായ ശിക്ഷ തരികയും മറ്റൊരു ജനതയെ പകരം കൊണ്ടുവരികയും ചെയ്യും. അവന്ന് ഒരു ഉപദ്രവവുമേല്‍പിക്കാന്‍ നിങ്ങള്‍ക്കാവില്ല. സര്‍വകാര്യങ്ങള്‍ക്കും കഴിവുറ്റവനത്രേ അല്ലാഹു. നിങ്ങള്‍ നബിയെ സഹായിക്കു ന്നില്ലെങ്കില്‍ (ഒന്നും വരാനില്ല), നിഷേധികള്‍ നബിയെ മക്കയില്‍ നിന്നു പുറത്താക്കുകയും ഇരുവരിലൊരാളാവുകയും ചെയ്തപ്പോള്‍ -അവരിരുവരും ആ ഗുഹയിലായപ്പോള്‍- അവന്‍ നബിയെ സഹായിച്ചിട്ടുണ്ട്! 'ദുഃഖിക്കേണ്ട, അല്ലാഹു നാമൊന്നിച്ചുണ്ട്, തീര്‍ച്ച' എന്ന് അവിടന്ന് കൂട്ടുകാരനോട് പറഞ്ഞ സമയം. തന്റെ സമാധാനം തത്സയമം അല്ലാഹു നബിക്ക് ഇറക്കിക്കൊടുക്കുകയും നിങ്ങള്‍ക്കു ഗോചരീഭവിക്കാത്ത സൈന്യങ്ങള്‍ കൊണ്ട് പിന്‍ബലമേകുകയും സത്യനിഷേധികളുടെ വാക്ക് ഏറ്റം അധഃസ്ഥിതമാക്കുകയുമുണ്ടായി. അല്ലാഹുവിന്റെ മുദ്രാവാക്യമാണ് അത്യുന്നതം. അവന്‍ പ്രതാപപൂര്‍ണനും യുക്തിമാനുമത്രേ16

1 വിശദീകരണം കാണുക

16. അനിവാര്യഘട്ടങ്ങളില്‍ ദീനിന്റെ നിലനില്‍പിനായി ധര്‍മ സമരങ്ങള്‍ ചെയ്യേണ്ടതായിവരും. തത്സയമം ഭൗതികതക്ക് മുന്‍ഗണന നല്‍കി ജിഹാദില്‍ നിന്നു തടിയൂരുന്ന ഹീനപ്രവണതയെ അധിക്ഷേപി ക്കയാണ്. അല്ലാഹുവിനെയും റസൂലിനെയും സഹായിക്കലാണ് ധര്‍മ സമരം. അതിനു നിങ്ങള്‍ തയ്യാറല്ലെങ്കില്‍ വേണ്ടെന്നും അല്ലാഹു തന്നെ അവിടത്തെ സഹായിച്ചു കൊള്ളുമെന്നും താക്കീതിന്റെ ശൈലിയില്‍ പറഞ്ഞിരിക്കയാണ്. ഹിജ്‌റയാത്രാമധ്യേ നബി(സ്വ)യും സ്വിദ്ദീഖ് (റ)വും സൗര്‍ ഗുഹയില്‍ ഒളിച്ചിരുന്നപ്പോള്‍ ശത്രുക്കള്‍ ഗുഹാമുഖത്തെത്തിയിരുന്നു. തത്സമയം അല്ലാഹു അവര്‍ക്ക് സമാധാനമേകു കയും ശത്രുവിന്റെ കണ്ണില്‍ പെടാതെ രക്ഷനല്‍കുകയുമുണ്ടായി. അത്യന്തം അപകടകരമായ ആ പ്രതിസന്ധി ഘട്ടത്തില്‍ നിന്നു നബിയെ അല്ലാഹു രക്ഷപ്പെടുത്തിയത് എത്ര വലിയ മഹാദ്ഭുതമായിരുന്നു!

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ مَا لَكُمۡ إِذَا قِيلَ لَكُمُ ٱنفِرُواْ فِي سَبِيلِ ٱللَّهِ ٱثَّاقَلۡتُمۡ إِلَى ٱلۡأَرۡضِۚ أَرَضِيتُم بِٱلۡحَيَوٰةِ ٱلدُّنۡيَا مِنَ ٱلۡأٓخِرَةِۚ فَمَا مَتَٰعُ ٱلۡحَيَوٰةِ ٱلدُّنۡيَا فِي ٱلۡأٓخِرَةِ إِلَّا قَلِيلٌ ۝٣٨
إِلَّا تَنفِرُواْ يُعَذِّبۡكُمۡ عَذَابًا أَلِيمٗا وَيَسۡتَبۡدِلۡ قَوۡمًا غَيۡرَكُمۡ وَلَا تَضُرُّوهُ شَيۡـٔٗاۗ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٌ ۝٣٩
إِلَّا تَنصُرُوهُ فَقَدۡ نَصَرَهُ ٱللَّهُ إِذۡ أَخۡرَجَهُ ٱلَّذِينَ كَفَرُواْ ثَانِيَ ٱثۡنَيۡنِ إِذۡ هُمَا فِي ٱلۡغَارِ إِذۡ يَقُولُ لِصَٰحِبِهِۦ لَا تَحۡزَنۡ إِنَّ ٱللَّهَ مَعَنَاۖ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَيۡهِ وَأَيَّدَهُۥ بِجُنُودٖ لَّمۡ تَرَوۡهَا وَجَعَلَ كَلِمَةَ ٱلَّذِينَ كَفَرُواْ ٱلسُّفۡلَىٰۗ وَكَلِمَةُ ٱللَّهِ هِيَ ٱلۡعُلۡيَاۗ وَٱللَّهُ عَزِيزٌ حَكِيمٌ ۝٤٠
41

നിങ്ങള്‍ ബലഹീനരോ ശക്തരോ ആകട്ടെ, പോരാട്ടത്തിനിറങ്ങണം; ധന-ദേഹങ്ങള്‍ കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പടവെട്ടണം. വിവരമുള്ളവരാണെങ്കില്‍ അതാണു നിങ്ങള്‍ക്കു ഉത്തമം.17

1 വിശദീകരണം കാണുക

17. സാഹചര്യങ്ങള്‍ അനുകൂലമോ പ്രതികൂലമോ എന്നത് യുദ്ധം അനിവാര്യമാകുന്ന ഘട്ടങ്ങളില്‍ പ്രസക്തമല്ല. അങ്ങനെ മര്‍മം നോക്കി നിന്നാല്‍ ശത്രുക്കള്‍ അവസരങ്ങള്‍ ചൂഷണം ചെയ്ത് സത്യമതത്തെ ഉന്മൂലനം ചെയ്യും; വിശ്വാസികളതു ഗ്രഹിച്ചേ പറ്റൂ.

ٱنفِرُواْ خِفَافٗا وَثِقَالٗا وَجَٰهِدُواْ بِأَمۡوَٰلِكُمۡ وَأَنفُسِكُمۡ فِي سَبِيلِ ٱللَّهِۚ ذَٰلِكُمۡ خَيۡرٞ لَّكُمۡ إِن كُنتُمۡ تَعۡلَمُونَ ۝٤١
42–43

സമീപത്തുതന്നെയുള്ള നേട്ടമോ സുഗമമായ യുദ്ധയാത്രയോ ആണെങ്കില്‍ ആ കപടവിശ്വാസികള്‍ താങ്കളൊന്നിച്ച് വന്നേനെ. പക്ഷേ, ദൂരേക്കുള്ള യുദ്ധയാത്ര അവര്‍ക്കു ദുഷ്‌കരമായി. 'സാധിക്കുമെങ്കില്‍ നിങ്ങളൊന്നിച്ചു ഞങ്ങളും വരുമായിരുന്നു' എന്ന് അവര്‍ അല്ലാഹുവിനെ പിടിച്ച് സത്യം ചെയ്യുകയാണ്! സ്വന്തത്തിനു തന്നെ നാശം വരുത്തുകയാണവര്‍. നുണ പറയുകതന്നെയാണവര്‍ എന്ന് അല്ലാഹുവിനു നന്നായറിയാം. അല്ലാഹു താങ്കള്‍ക്ക് മാപ്പാക്കിയിരിക്കുന്നു - സത്യം പറഞ്ഞവരെയും നുണബോധിപ്പിച്ചവരെയും സ്പഷ്ടമായി തിരിച്ചറിയുന്നതുവരെ അങ്ങ് എന്തിനാണവര്‍ക്ക് അനുമതി നല്‍കിയത്?18

1 വിശദീകരണം കാണുക

18. തബൂക്കിലേക്ക് യുദ്ധത്തിനു പോകാന്‍ ആഹ്വാനമുണ്ടായപ്പോള്‍ വ്യാജമായ ഓരോ കാരണം പറഞ്ഞ് കപടവിശ്വാസികള്‍ തടിയൂരി. അതിലേക്കാണ് സൂചന. മദീനയില്‍ നിന്ന് 690 കി.മീ. ദൂരമുള്ള തബൂക്കിലേക്ക് അത്യുഷ്ണ സമയത്ത് പോകാനവര്‍ക്കു മനസ്സുവന്നില്ല. സമരാര്‍ജിത സമ്പത്ത് ലക്ഷ്യം വെച്ച്, ശരീരത്തിനു പരിക്കേല്‍ക്കാതെ മുനാഫിഖുകള്‍ ചില യുദ്ധ സ്ഥലങ്ങളില്‍ സന്നിഹിതരാകാറുണ്ടായിരുന്നു. എന്തിനനുമതി നല്‍കി എന്ന ആക്ഷേപാത്മകമായ ചോദ്യത്തിനു മുമ്പുതന്നെ മാപ്പിന്റെ കാര്യം പറഞ്ഞത് പ്രത്യേകം ശ്രദ്ധേയമായിരിക്കുന്നു. നബി(സ്വ)യോട് അല്ലാഹുവിനുള്ള വര്‍ധിത സ്‌നേഹവും സാമീപ്യവുമാണിത് സൂചിപ്പിക്കുന്നതെന്ന് വ്യാഖ്യാതാക്കള്‍ വിശദീകരിച്ചിട്ടുണ്ട്.

لَوۡ كَانَ عَرَضٗا قَرِيبٗا وَسَفَرٗا قَاصِدٗا لَّٱتَّبَعُوكَ وَلَٰكِنۢ بَعُدَتۡ عَلَيۡهِمُ ٱلشُّقَّةُۚ وَسَيَحۡلِفُونَ بِٱللَّهِ لَوِ ٱسۡتَطَعۡنَا لَخَرَجۡنَا مَعَكُمۡ يُهۡلِكُونَ أَنفُسَهُمۡ وَٱللَّهُ يَعۡلَمُ إِنَّهُمۡ لَكَٰذِبُونَ ۝٤٢
عَفَا ٱللَّهُ عَنكَ لِمَ أَذِنتَ لَهُمۡ حَتَّىٰ يَتَبَيَّنَ لَكَ ٱلَّذِينَ صَدَقُواْ وَتَعۡلَمَ ٱلۡكَٰذِبِينَ ۝٤٣
44–46

അല്ലാഹുവിലും അന്ത്യനാളിലും ശരിയായ വിശ്വാസം വെച്ചു പുലര്‍ത്തുന്നവര്‍ ധന-ദേഹങ്ങള്‍ക്കൊണ്ട് ധര്‍മസമരം അനുഷ്ഠിക്കുന്നതില്‍ നിന്ന് മാറിനില്‍ക്കാന്‍ അങ്ങയോട് അനുമതി തേടുകയില്ല. സൂക്ഷ്മത പുലര്‍ത്തുന്നവരെക്കുറിച്ച് അല്ലാഹു നന്നായി അറിയുന്നവനത്രേ. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാതിരിക്കുകയും മനസ്സുകള്‍ സംശയഗ്രസ്തമായിരി ക്കുകയും ചെയ്യുന്നവര്‍ മാത്രമേ അങ്ങയോട് അനുമതി തേടൂ; അവര്‍ തങ്ങളുടെ സന്ദേഹത്തില്‍ ചഞ്ചലരായിക്കൊണ്ടിരിക്കും. യുദ്ധത്തിനു പോകാനുദ്ദേശിച്ചിരുന്നുവെങ്കില്‍ അവര്‍ അതിനു സന്നാഹങ്ങള്‍ ചെയ്യുമായിരുന്നു. പക്ഷേ, അവര്‍ പുറപ്പെടുന്നത് അല്ലാഹുവിനിഷ്ടമില്ലാത്തതിനാല്‍ പിന്തിരിപ്പിച്ചു നിറുത്തിയതാണ്. മടിച്ചുകഴിയുന്നവരോടൊപ്പം നിങ്ങളും ഇരുന്നോളൂ എന്നവരോട് നിര്‍ദ്ദേശിക്കപ്പെടുകയുമുണ്ടായി19

1 വിശദീകരണം കാണുക

19. കപടവിശ്വാസികളുടെ മുഖം മൂടി അനാവരണം ചെയ്യുകയാണ്. യുദ്ധം കഴിഞ്ഞു ലഭിക്കുന്ന സമ്പത്തിലായിരിക്കും എപ്പോഴുമവരുടെ കണ്ണ്. എന്നാല്‍ വിശ്വാസരാഹിത്യം മൂലം രണാങ്കണത്തെയവര്‍ ഇഷ്ടപ്പെടുകയുമില്ല. തന്മൂലം മനസ്സ് നിരന്തരം ചാഞ്ചാട്ടത്തിലായിരിക്കും. എന്തെങ്കിലും ഒഴികഴിവു പറഞ്ഞ് തടിയൂരുക എന്ന് കപടവിശ്വാസികള്‍ പരസ്പരം പറഞ്ഞിരുന്നതാണ് അവസാനം സൂചിപ്പിച്ചത്.

لَا يَسۡتَـٔۡذِنُكَ ٱلَّذِينَ يُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ أَن يُجَٰهِدُواْ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡۗ وَٱللَّهُ عَلِيمُۢ بِٱلۡمُتَّقِينَ ۝٤٤
إِنَّمَا يَسۡتَـٔۡذِنُكَ ٱلَّذِينَ لَا يُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَٱرۡتَابَتۡ قُلُوبُهُمۡ فَهُمۡ فِي رَيۡبِهِمۡ يَتَرَدَّدُونَ ۝٤٥
۞ وَلَوۡ أَرَادُواْ ٱلۡخُرُوجَ لَأَعَدُّواْ لَهُۥ عُدَّةٗ وَلَٰكِن كَرِهَ ٱللَّهُ ٱنۢبِعَاثَهُمۡ فَثَبَّطَهُمۡ وَقِيلَ ٱقۡعُدُواْ مَعَ ٱلۡقَٰعِدِينَ ۝٤٦
47–48

നിങ്ങളൊന്നിച്ച് യുദ്ധത്തിനു പുറപ്പെട്ടിരുന്നെങ്കില്‍ അവര്‍ നാശം മാത്രമേ കൂടുതല്‍ നേടിത്തരുമായിരുന്നുള്ളൂ. നിങ്ങള്‍ക്കിടയില്‍ ഛിദ്രതയുണ്ടാക്കാനായി അവരങ്ങുമിങ്ങും ഓടിപ്പാഞ്ഞു നടക്കുകയും ചെയ്യുമായിരുന്നു. അവര്‍ക്ക് ചെവികൊടുക്കുന്ന ചിലര്‍ നിങ്ങളിലുണ്ട് താനും. അതിക്രമികളെപ്പറ്റി നന്നായി അറിയുന്നവനാണ് അല്ലാഹു. ഇതിനു മുമ്പും അവര്‍ കുഴപ്പമുണ്ടാക്കാ നുദ്ദേശിക്കുകയും അങ്ങേക്കെതിരെ പലകാര്യങ്ങളും തിരിച്ചും മറിച്ചും പയറ്റി നോക്കുകയും ചെയ്തിട്ടുണ്ട്. അവസാനം അവര്‍ വിമ്മിഷ്ടപ്പെട്ടിട്ടും സത്യം പ്രത്യക്ഷീഭവിക്കുകയും അല്ലാഹുവിന്റെ മതം വിജയിക്കുകയും ചെയ്തു20

1 വിശദീകരണം കാണുക

20. നേരത്തെ ഉഹുദ് യുദ്ധത്തിലേക്ക് സത്യവിശ്വാസികള്‍ നടന്നു നീങ്ങുന്നതിനിടക്ക് അബ്ദുല്ലാഹിബ് നു ഉബയ്യ് എന്ന കപട വിശ്വാസീനേതാവ് കുത്തിത്തിരിപ്പുണ്ടാക്കുകയും പാരപ്പണിയെടുക്കുകയും ചെയ്തിരുന്നു, വെറുതെ എന്തിനാണു നാം അപകടത്തിലേക്ക് ചെന്നു ചാടുന്നത് എന്നു സഹയാത്രികര്‍ ക്കിടയില്‍ പ്രചരിപ്പിച്ച് സൈന്യത്തിന്റെ മൂന്നിലൊരു ഭാഗവുമായി അയാള്‍ വഴിമധ്യേ തിരിച്ചു പോന്നു. അതും തത്തുല്യ പ്രവര്‍ത്തനങ്ങളുമാണ് ഇവിടെ സൂചിപ്പിക്കുന്നത്.

لَوۡ خَرَجُواْ فِيكُم مَّا زَادُوكُمۡ إِلَّا خَبَالٗا وَلَأَوۡضَعُواْ خِلَٰلَكُمۡ يَبۡغُونَكُمُ ٱلۡفِتۡنَةَ وَفِيكُمۡ سَمَّٰعُونَ لَهُمۡۗ وَٱللَّهُ عَلِيمُۢ بِٱلظَّٰلِمِينَ ۝٤٧
لَقَدِ ٱبۡتَغَوُاْ ٱلۡفِتۡنَةَ مِن قَبۡلُ وَقَلَّبُواْ لَكَ ٱلۡأُمُورَ حَتَّىٰ جَآءَ ٱلۡحَقُّ وَظَهَرَ أَمۡرُ ٱللَّهِ وَهُمۡ كَٰرِهُونَ ۝٤٨
49–50

'എനിക്ക് യുദ്ധത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ സമ്മതം തരണേ, പരീക്ഷണത്തിലകപ്പെടു ത്തരുതേ' എന്നു ആവശ്യപ്പെടുന്ന ചിലര്‍ അവരിലുണ്ട്21
അറിയുക, അവര്‍ മുമ്പേ പരീക്ഷണ ത്തില്‍ വീണുകഴിഞ്ഞിരിക്കുകയാണല്ലോ. നരകം സത്യനിഷേധികളെ പൊതിയുക തന്നെ ചെയ്തിരിക്കുന്നു, തീര്‍ച്ച. താങ്കള്‍ക്ക് വല്ല നന്മയും വന്നെത്തുകയാണെങ്കില്‍ അതവരെ ദുഃഖിതരാക്കുകയും, വല്ല വിപത്തും വന്നുഭവിക്കുമ്പോള്‍ 'സ്വന്തം കാര്യം മുമ്പുതന്നെ ഞങ്ങള്‍ സംരക്ഷിച്ചിട്ടുണ്ട്' എന്നു പറഞ്ഞ് ആഹ്ലാദ ഭരിതരായി അവര്‍ തിരിഞ്ഞു പോവുകയും ചെയ്യും.

1 വിശദീകരണം കാണുക

21. തബൂക്ക് യുദ്ധയാത്രക്ക് കല്‍പനയുണ്ടായപ്പോള്‍ ജദ്ദുബ്‌നു ഖൈസ് എന്ന മുനാഫിഖ് ഒരു സൂത്രമൊപ്പിച്ചു: റോമന്‍ സ്ത്രീകളുടെ സൗന്ദര്യം കാണുമ്പോള്‍ എനിക്ക് സ്വയം നിയന്ത്രിതനാകാന്‍ കഴിയില്ല, ഞാന്‍ കുഴപ്പത്തിലകപ്പെട്ടു പോകും, അതിനാല്‍ യുദ്ധത്തിനു പോകാതിരിക്കാന്‍ സമ്മതം തരണേ എന്നയാള്‍ നബി(സ്വ)യോട് ആവശ്യപ്പെട്ടു. (ഥബ്‌റാനി) തത്സമയമാണ് ഇതവതരിച്ചത്. മുനാഫിഖുകളുടെ കാപട്യം തുടര്‍ന്നു വിശദീകരിക്കുന്നുമുണ്ട്.

وَمِنۡهُم مَّن يَقُولُ ٱئۡذَن لِّي وَلَا تَفۡتِنِّيٓۚ أَلَا فِي ٱلۡفِتۡنَةِ سَقَطُواْۗ وَإِنَّ جَهَنَّمَ لَمُحِيطَةُۢ بِٱلۡكَٰفِرِينَ ۝٤٩
إِن تُصِبۡكَ حَسَنَةٞ تَسُؤۡهُمۡۖ وَإِن تُصِبۡكَ مُصِيبَةٞ يَقُولُواْ قَدۡ أَخَذۡنَآ أَمۡرَنَا مِن قَبۡلُ وَيَتَوَلَّواْ وَّهُمۡ فَرِحُونَ ۝٥٠
51–52

പറയുക: ഞങ്ങള്‍ക്ക് അല്ലാഹു നിശ്ചയിച്ചതല്ലാത്ത മറ്റൊന്നും തന്നെ സംഭവിക്കുകയില്ല, തീര്‍ച്ച; അവനാണ് ഞങ്ങളുടെ രക്ഷാകര്‍ത്താവ്. സത്യവിശ്വാസികള്‍ അല്ലാഹുവിന്റെമേല്‍ കാര്യങ്ങള്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ. ചോദിക്കുക: രക്തസാക്ഷിത്വം, വിജയം എന്നീ രണ്ടു ശ്രേഷ്ഠ കാര്യങ്ങളില്‍ ഒന്നല്ലാതെ മറ്റെന്തെങ്കിലും ഞങ്ങള്‍ക്കുണ്ടാകുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? എന്നാല്‍, തന്റെ പക്കല്‍ നിന്നു നേരിട്ടോ ഞങ്ങള്‍ കൈയായോ ഉള്ള ശിക്ഷകൊണ്ട് അല്ലാഹു നിങ്ങളെ പിടികൂടുമെന്നാണ് നിങ്ങളുടെ കാര്യത്തിലുള്ള ഞങ്ങളുടെ പ്രത്യാശ.22
അതുകൊണ്ട് അതു നിങ്ങള്‍ കാത്തിരുന്നു കൊള്ളുക. ഞങ്ങളും നിങ്ങളൊന്നിച്ച് അതു പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയാകുന്നു.

1 വിശദീകരണം കാണുക

22. യുദ്ധത്തിന്റെ അനന്തര ഫലമായി ഒന്നുകില്‍ രക്തസാക്ഷിത്വമാണുണ്ടാവുക, അല്ലെങ്കില്‍ വിജയം. മുസ്‌ലിംകളെ സംബന്ധിച്ച് രണ്ടും അമൂല്യനേട്ടമാണ്. കപട വിശ്വാസികള്‍ക്കും മറ്റു നിഷേധികള്‍ക്കുമാകട്ടെ, ഏതു നിലക്കും പരലോകത്ത് വമ്പിച്ച പരാജയമാണുണ്ടാവുക.

قُل لَّن يُصِيبَنَآ إِلَّا مَا كَتَبَ ٱللَّهُ لَنَا هُوَ مَوۡلَىٰنَاۚ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ ۝٥١
قُلۡ هَلۡ تَرَبَّصُونَ بِنَآ إِلَّآ إِحۡدَى ٱلۡحُسۡنَيَيۡنِۖ وَنَحۡنُ نَتَرَبَّصُ بِكُمۡ أَن يُصِيبَكُمُ ٱللَّهُ بِعَذَابٖ مِّنۡ عِندِهِۦٓ أَوۡ بِأَيۡدِينَاۖ فَتَرَبَّصُوٓاْ إِنَّا مَعَكُم مُّتَرَبِّصُونَ ۝٥٢
53–55

പറയുക: നിങ്ങള്‍ സ്വമേധയായോ അനിഷ്ടത്തോടെയോ ധനവ്യയം ചെയ്തുകൊള്ളുക- എങ്ങനെയാണെങ്കിലും നിങ്ങളില്‍ നിന്നത് സ്വീകരിക്കപ്പെടുന്നതേയല്ല, തീര്‍ച്ച. നിശ്ചയം, അധര്‍മകാരികളായ ഒരു ജനവിഭാഗമായിക്കഴിഞ്ഞിരിക്കുകയാണു നിങ്ങള്‍! അവരുടെ ദാനങ്ങള്‍ അസ്വീകാര്യമായിരിക്കുന്നതിന്റെ കാരണങ്ങള്‍ ഇതുമാത്രമാണ്: 'അവര്‍ അല്ലാഹുവിലും റസൂലിലും അവിശ്വസിച്ചു; അലസരായേ നമസ്‌കരിക്കാനെത്തൂ; വെറുപ്പോടെ മാത്രമേ എന്തും ചെലവു ചെയ്യൂ'! അവരുടെ സമ്പത്തുകളും സന്താനങ്ങളും നിങ്ങളെ വിസ്മയിപ്പിക്കാതിരിക്കട്ടെ. അവ നിമിത്തമായി ഐഹിക ജീവിതത്തില്‍ അവരെ ശിക്ഷാവിധേയരാക്കണമെന്നും, നിഷേധികളായിക്കൊണ്ടു തന്നെ അവര്‍ അന്ത്യശ്വാസം വലിക്കണമെന്നുമാണ് അല്ലാഹുവിന്റെ ഉദ്ദേശ്യം.23

1 വിശദീകരണം കാണുക

23. ചില നിര്‍ബന്ധിത ഘട്ടങ്ങളില്‍ മുനാഫിഖുകള്‍ നമസ്‌കരിക്കാനെത്തും, സംഭാവനകള്‍ ചെയ്യും - എന്നാല്‍ അവയത്രയും പ്രതിഫലരഹിതമായിരിക്കും. ശരിയായ വിശ്വാസവും ആത്മാര്‍ത്ഥതയുമില്ലാത്തവരുടെ സന്താനങ്ങളും സമ്പത്തുക്കളുമെല്ലാം അവര്‍ക്കും ലോകത്തിനും മാനുഷ്യകത്തിനുമൊക്കെ വിനാശകരമായി വരികയാണു ചെയ്യുക എന്നതിന് ഉദാഹരണങ്ങളാവശ്യമില്ല. സാമ്പത്തിക സുഭിക്ഷതയുടെ ഉല്‍പന്നങ്ങളായ യുദ്ധവിമാനങ്ങള്‍, ബോംബറുകള്‍, പീരങ്കികള്‍, പടക്കപ്പലുകള്‍, വിമാനവാഹിനികള്‍, മിസൈലുകള്‍, നാനാവിധ ബോംബുകള്‍ ആദിയായവ എന്തു ധര്‍മമാണു നിര്‍വഹിക്കുന്നത്? ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍ അഞ്ചുകോടിയിലധികം മനുഷ്യരെയാണ് കൊന്നത്!! ചാവേര്‍ സ്‌ഫോടനങ്ങളിലൂടെ യും മറ്റു സംഘര്‍ഷ-പോരാട്ടങ്ങളിലൂടെയും നിരപരാധികളായ എത്രയെത്രയാളുകള്‍ ദിനംപ്രതി കൊല്ലപ്പെടുന്നു.. 'അവ നിമിത്തം ഐഹിക ജീവിതത്തില്‍ അവരെ ശിക്ഷാവിധേയരാക്കണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്' എന്ന വാക്യാംശം എത്ര ചിന്തനീയം!

قُلۡ أَنفِقُواْ طَوۡعًا أَوۡ كَرۡهٗا لَّن يُتَقَبَّلَ مِنكُمۡ إِنَّكُمۡ كُنتُمۡ قَوۡمٗا فَٰسِقِينَ ۝٥٣
وَمَا مَنَعَهُمۡ أَن تُقۡبَلَ مِنۡهُمۡ نَفَقَٰتُهُمۡ إِلَّآ أَنَّهُمۡ كَفَرُواْ بِٱللَّهِ وَبِرَسُولِهِۦ وَلَا يَأۡتُونَ ٱلصَّلَوٰةَ إِلَّا وَهُمۡ كُسَالَىٰ وَلَا يُنفِقُونَ إِلَّا وَهُمۡ كَٰرِهُونَ ۝٥٤
فَلَا تُعۡجِبۡكَ أَمۡوَٰلُهُمۡ وَلَآ أَوۡلَٰدُهُمۡۚ إِنَّمَا يُرِيدُ ٱللَّهُ لِيُعَذِّبَهُم بِهَا فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَتَزۡهَقَ أَنفُسُهُمۡ وَهُمۡ كَٰفِرُونَ ۝٥٥
56–57

അവര്‍ നിങ്ങളുടെ ഗണത്തില്‍ പെട്ടവര്‍ തന്നെയാണെന്ന് അല്ലാഹുവിന്റെ പേരിലവര്‍ ശപഥം ചെയ്യുന്നു. എന്നാല്‍ അവര്‍ നിങ്ങളില്‍പെട്ടവരല്ല, ഭയന്നു കഴിയുന്ന ഒരു ജനതതിയത്രേ. വല്ല അഭയ സങ്കേതമോ ഗുഹകളോ മാളമോ കണ്ടെത്തുകയാണെങ്കില്‍ അവരങ്ങോട്ടു കുതറിയോടിപ്പോകുന്നതാണ്.24

1 വിശദീകരണം കാണുക

24. തങ്ങളുടെ കാപട്യവും സത്യനിഷേധവും ഏതു നിമിഷവും വെളിപ്പെടുത്തപ്പെടാമെന്നും തന്മൂലം വധശിക്ഷക്കുവരെ വിധേയരാകാമെന്നുമുള്ള ഭയപ്പാട് മുനാഫിഖുകള്‍ക്കു നിരന്തരമുണ്ടായിരുന്നു. കള്ള സത്യം ചെയ്താണ് ഭീഷണ രംഗങ്ങളില്‍ നിന്നൊക്കെ അവര്‍ രക്ഷപ്പെട്ടിരുന്നത്.

وَيَحۡلِفُونَ بِٱللَّهِ إِنَّهُمۡ لَمِنكُمۡ وَمَا هُم مِّنكُمۡ وَلَٰكِنَّهُمۡ قَوۡمٞ يَفۡرَقُونَ ۝٥٦
لَوۡ يَجِدُونَ مَلۡجَـًٔا أَوۡ مَغَٰرَٰتٍ أَوۡ مُدَّخَلٗا لَّوَلَّوۡاْ إِلَيۡهِ وَهُمۡ يَجۡمَحُونَ ۝٥٧
58–59

ദാന-ധര്‍മവിതരണ കാര്യത്തില്‍ താങ്കളെ അധിക്ഷേപിക്കുന്ന ചിലര്‍ അവരിലുണ്ട്- തങ്ങള്‍ക്കതില്‍ നിന്ന് യഥേഷ്ടം നല്‍കപ്പെടുന്നുവെങ്കില്‍ അവര്‍ സംതൃപ്തരാകും, നല്‍കപ്പെട്ടില്ലെങ്കിലോ, അവരതാ പ്രകോപിതരാകുന്നു!25
അവര്‍ അല്ലാഹുവും റസൂലും നല്‍കുന്നതില്‍ സംതൃപ്തരാവുകയും ഇങ്ങനെ പ്രതികരിക്കുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു: അല്ലാഹുമതി ഞങ്ങള്‍ക്ക്; തന്റെ അനുഗ്രഹത്തില്‍ നിന്ന് അവനും റസൂലും ഞങ്ങള്‍ക്കു നല്‍കിക്കൊള്ളും; അല്ലാഹുവില്‍ ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നവരാണു ഞങ്ങള്‍!

1 വിശദീകരണം കാണുക

25. ഹുനൈനിലെ സമരാര്‍ജിത സമ്പത്ത് നബി(സ്വ) വിതരണം ചെയ്യവെ ഒരു കപടവിശ്വാസി വന്ന് 'മുഹമ്മദേ, നീതി പൂര്‍വം വിഭജിക്കൂ' എന്നു പറഞ്ഞു. 'ഞാന്‍ നീതി ചെയ്യുന്നില്ല എങ്കില്‍ പിന്നെ മറ്റാരാണ് നീതി പ്രവര്‍ത്തിക്കുക' എന്ന മറുചോദ്യമായിരുന്നു അവിടത്തെ പ്രതികരണം. തത്സമയം ഉമര്‍ (റ) അയാളുടെ തലവെട്ടാനൊരുങ്ങി. നബി(സ്വ) സമാധാനിപ്പിച്ചു. (ബുഖാരി) ആ സംഭവത്തിലേക്കാണിവിടെ സൂചന.

وَمِنۡهُم مَّن يَلۡمِزُكَ فِي ٱلصَّدَقَٰتِ فَإِنۡ أُعۡطُواْ مِنۡهَا رَضُواْ وَإِن لَّمۡ يُعۡطَوۡاْ مِنۡهَآ إِذَا هُمۡ يَسۡخَطُونَ ۝٥٨
وَلَوۡ أَنَّهُمۡ رَضُواْ مَآ ءَاتَىٰهُمُ ٱللَّهُ وَرَسُولُهُۥ وَقَالُواْ حَسۡبُنَا ٱللَّهُ سَيُؤۡتِينَا ٱللَّهُ مِن فَضۡلِهِۦ وَرَسُولُهُۥٓ إِنَّآ إِلَى ٱللَّهِ رَٰغِبُونَ ۝٥٩
60

പരമദരിദ്രര്‍, അഗതികള്‍, സകാത്ത് ജോലിക്കാര്‍, ഹൃദയങ്ങള്‍ ഇണക്കപ്പെടേണ്ടവര്‍, അടിമത്ത വിമോചനം, കടബാധ്യതയില്‍ കുടുങ്ങിയവര്‍, ധര്‍മയുദ്ധത്തിനു സജ്ജരായവര്‍, ഗതിയറ്റ യാത്രക്കാര്‍ എന്നിവര്‍ക്കു മാത്രം അര്‍ഹതപ്പെട്ടതാണ് സകാത്തിന്റെ ധനം. അല്ലാഹുവിങ്കല്‍ നിന്നു നിര്‍ബന്ധമായ നിശ്ചയമാണിത്. അവന്‍ സര്‍വജ്ഞാനിയും മഹായുക്തിമാനുമത്രേ.26

1 വിശദീകരണം കാണുക

26. സമ്പന്ന മുസ്‌ലിം നിര്‍ബന്ധമായി നല്‍കേണ്ട സകാത്തിന്റെ അവകാശികളാണ് ഇവിടെ പരാമൃ ഷ്ടമായിരിക്കുന്നത്. പരമ ദരിദ്രനാണു ഫഖീര്‍. തന്റെയും ആശ്രിതരുടെയും ഉപജീവനത്തിന് ആവശ്യമായ തത്രയും ലഭിക്കാതെ ജോലിയിലൂടെയോ കച്ചവടത്തിലൂടെയോ മറ്റോ അപൂര്‍ണമായി കിട്ടുന്നവനാണ് മിസ്‌കീന്‍. ഇസ്‌ലാമിക ഗവണ്‍മെന്റിലെ സകാത്ത് വകുപ്പിലെ ഉദ്യോഗസ്ഥരാണ് മൂന്നാം വിഭാഗം, വിശ്വാസം ദൃഢീകൃതമായിട്ടില്ലാത്ത നവ മുസ്‌ലിംകളാണ് 'ഹൃദയങ്ങള്‍ ഇണക്കപ്പെടേണ്ടവര്‍'. പണ്ടു കാലത്ത് അടിമകള്‍ ധാരാളമുണ്ടായിരുന്നുവല്ലോ, അവരുടെ വിമോചനമാര്‍ഗത്തിലും സകാത്ത് മുതല്‍ വിനിയോഗിക്കാം. നല്ല കാര്യങ്ങള്‍ക്കായി കടം വാങ്ങിയിട്ട് പിന്നീട് വീട്ടാന്‍ കഴിയാത്തവരാണ് അടുത്ത വിഭാഗം. ജിഹാദിനു സജ്ജരായവര്‍ക്കും യാത്രാമധ്യേ ആശ്രയമറ്റു പ്രയാസപ്പെടുന്നവര്‍ക്കും സകാത്തിന് അവകാശമുണ്ട്.

۞ إِنَّمَا ٱلصَّدَقَٰتُ لِلۡفُقَرَآءِ وَٱلۡمَسَٰكِينِ وَٱلۡعَٰمِلِينَ عَلَيۡهَا وَٱلۡمُؤَلَّفَةِ قُلُوبُهُمۡ وَفِي ٱلرِّقَابِ وَٱلۡغَٰرِمِينَ وَفِي سَبِيلِ ٱللَّهِ وَٱبۡنِ ٱلسَّبِيلِۖ فَرِيضَةٗ مِّنَ ٱللَّهِۗ وَٱللَّهُ عَلِيمٌ حَكِيمٞ ۝٦٠
61

നബിക്ക് മനോവേദനയുണ്ടാക്കുകയും 'ആരുപറയുന്നതും കേള്‍ക്കുന്നയാളാണദ്ദേഹം' എന്നു ജല്‍പിക്കുകയും ചെയ്യുന്നവര്‍ കപടവിശ്വാസികളിലുണ്ട്. പറയുക: നബി നിങ്ങള്‍ക്കുവേണ്ടി നല്ലതു കേള്‍ക്കുന്നു, അല്ലാഹുവിലും സത്യവിശ്വാസികളെയും വിശ്വസിക്കുന്നു; നിങ്ങളില്‍ നിന്നു സത്യവിശ്വാസം കൈക്കൊണ്ടവര്‍ക്ക് മഹത്തായ അനുഗ്രഹമാണു നബി. അല്ലാഹുവിന്റെ ദൂതനു മനഃപ്രയാസമുണ്ടാക്കുന്നവര്‍ക്ക് വേദനയുറ്റ ശിക്ഷയുണ്ട്.27

1 വിശദീകരണം കാണുക

27. ജനനായകന്‍ എന്ന നിലക്ക് ആരുവന്നു പറയുന്നതും നബി(സ്വ) സശ്രദ്ധം ശ്രവിക്കും; യുക്തമായത് സ്വീകരിക്കും. ഒരു നേതാവിന്റെ നിലപാട് ഇങ്ങനെത്തന്നെയാകണമല്ലോ. പക്ഷേ, മുനാഫിഖുകള്‍ ഇതൊരു ന്യൂനതയായി എണ്ണുകയാണ്. കള്ള സത്യം ചെയ്ത് എന്തു നുണയും പറയാം, നബി സ്വീകരിക്കും എന്ന ഒരു മിഥ്യാധാരണയും കപട വിശ്വാസികള്‍ക്കുണ്ടായിരുന്നു.

وَمِنۡهُمُ ٱلَّذِينَ يُؤۡذُونَ ٱلنَّبِيَّ وَيَقُولُونَ هُوَ أُذُنٞۚ قُلۡ أُذُنُ خَيۡرٖ لَّكُمۡ يُؤۡمِنُ بِٱللَّهِ وَيُؤۡمِنُ لِلۡمُؤۡمِنِينَ وَرَحۡمَةٞ لِّلَّذِينَ ءَامَنُواْ مِنكُمۡۚ وَٱلَّذِينَ يُؤۡذُونَ رَسُولَ ٱللَّهِ لَهُمۡ عَذَابٌ أَلِيمٞ ۝٦١
62–63

നിങ്ങളെ പ്രീതിപ്പെടുത്താനായി അല്ലാഹുവിന്റെ പേരില്‍ നിങ്ങളോടവര്‍ ശപഥം ചെയ്യുന്നു. എന്നാല്‍, സത്യവിശ്വാസികളാണെങ്കില്‍ അവര്‍ പ്രീതിപ്പെടുത്താന്‍ ഏറ്റം കടപ്പെട്ടവര്‍ അല്ലാഹുവും റസൂലുമത്രേ. അല്ലാഹുവിനോടും റസൂലിനോടും ഒരാള്‍ ശത്രുത പുലര്‍ത്തുന്നുവെങ്കില്‍ നിത്യവാസം വിധിക്കപ്പെട്ടനിലയില്‍ നരകാഗ്നിയാണവനുണ്ടാവുക എന്ന് ആ കപടന്മാര്‍ക്കറിയില്ലേ? അതീവ ഹീനമായ അപമാനമത്രേ അത്.

يَحۡلِفُونَ بِٱللَّهِ لَكُمۡ لِيُرۡضُوكُمۡ وَٱللَّهُ وَرَسُولُهُۥٓ أَحَقُّ أَن يُرۡضُوهُ إِن كَانُواْ مُؤۡمِنِينَ ۝٦٢
أَلَمۡ يَعۡلَمُوٓاْ أَنَّهُۥ مَن يُحَادِدِ ٱللَّهَ وَرَسُولَهُۥ فَأَنَّ لَهُۥ نَارَ جَهَنَّمَ خَٰلِدٗا فِيهَاۚ ذَٰلِكَ ٱلۡخِزۡيُ ٱلۡعَظِيمُ ۝٦٣
64–66

തങ്ങളുടെ അന്തരംഗങ്ങളില്‍ ഗുപ്തമായ കാര്യങ്ങളെപ്പറ്റി വിളംബരപ്പെടുത്തുന്ന ഏതെങ്കിലും ഖുര്‍ആനികാധ്യായം അവതീര്‍ണമായേക്കുമോ എന്നു ഭയപ്പെടുകയാണവര്‍. 'പരിഹസിച്ചോളു, നിങ്ങള്‍ പേടിച്ചുകൊണ്ടിരിക്കുന്നത് നിശ്ചയം അല്ലാഹു പുറത്തു കൊണ്ടുവരുന്ന താണ്'എന്നു താങ്കള്‍ പറയുക. ഇതിനെക്കുറിച്ചു ചോദിക്കുമ്പോള്‍ 'ഞങ്ങള്‍ കളി തമാശകള്‍ പറഞ്ഞു വിനോദിക്കുക മാത്രമായിരുന്നു' എന്ന് അവര്‍ തട്ടിവിടും. 'അല്ലാഹുവിനെയും അവന്റെ ദൃഷ്ടാന്തങ്ങളെയും റസൂലിനെയുമാണോ നിങ്ങള്‍ പരിഹസിക്കുന്നത്' എന്നു അവരോട് ചോദിക്കുക.28
ഒഴികഴിവുകളൊന്നും പറയേണ്ട, വിശ്വാസം വരിച്ചതിനു ശേഷം നിങ്ങള്‍ അവിശ്വസിക്കുക തന്നെ ചെയ്തിരിക്കുന്നു; നിങ്ങളില്‍ ഒരു വിഭാഗത്തിനു നാം മാപ്പു നല്‍കുന്നുവെങ്കില്‍ തന്നെ, മറ്റൊരു വിഭാഗത്തെ-അവര്‍ അതിക്രമകാരികളായിട്ടുണ്ടെന്നതിനാല്‍- നാം ശിക്ഷിക്കുന്നതാണ് എന്നു താങ്കള്‍ പറയുക.

1 വിശദീകരണം കാണുക

28. തബൂക്കിലേക്കുള്ള യുദ്ധയാത്രാമധ്യേ കപടവിശ്വാസികള്‍ പലവിധ കുത്തിത്തിരിപ്പുകളുമുണ്ടാക്കി യിരുന്നു. മൂന്നിലൊന്നു സൈനികര്‍ വഴിമധ്യേ തിരിച്ചുപോന്നു എന്നതായിരുന്നു അതിന്റെ ദയനീയ പരിണതി. അത്തരം പാരപ്പണികള്‍ക്കിടെ ചിലര്‍ പറഞ്ഞു: 'ഈ മനുഷ്യന്റെ സ്ഥിതി എത്ര സഹതാപാര്‍ഹം! സിറിയയിലെ ഭരണവും കോട്ടകൊത്തളങ്ങളുമൊക്കെ കീഴടക്കാമെന്നാണ് ഇയാളുടെ വ്യാമോഹം! അതി വിദൂരമായ ദിവാസ്വപ്നം!' ഇതറിഞ്ഞു നബി(സ്വ) അവരെ വിളിച്ചന്വേഷിച്ചു - നിങ്ങള്‍ ഇങ്ങനെയൊക്കെ പറഞ്ഞോ? ഞങ്ങള്‍ വെറുതെ തമാശ പറഞ്ഞതാണ് എന്നായിരുന്നു അവരുടെ പ്രതികരണം. അപ്പോഴാണ് ഈ 65-ാം സൂക്തം അവതീര്‍ണമായത്. (ഥബരി)

يَحۡذَرُ ٱلۡمُنَٰفِقُونَ أَن تُنَزَّلَ عَلَيۡهِمۡ سُورَةٞ تُنَبِّئُهُم بِمَا فِي قُلُوبِهِمۡۚ قُلِ ٱسۡتَهۡزِءُوٓاْ إِنَّ ٱللَّهَ مُخۡرِجٞ مَّا تَحۡذَرُونَ ۝٦٤
وَلَئِن سَأَلۡتَهُمۡ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلۡعَبُۚ قُلۡ أَبِٱللَّهِ وَءَايَٰتِهِۦ وَرَسُولِهِۦ كُنتُمۡ تَسۡتَهۡزِءُونَ ۝٦٥
لَا تَعۡتَذِرُواْ قَدۡ كَفَرۡتُم بَعۡدَ إِيمَٰنِكُمۡۚ إِن نَّعۡفُ عَن طَآئِفَةٖ مِّنكُمۡ نُعَذِّبۡ طَآئِفَةَۢ بِأَنَّهُمۡ كَانُواْ مُجۡرِمِينَ ۝٦٦
67–69

കപടവിശ്വാസീ-വിശ്വാസിനികള്‍ പരസ്പരതുല്യരത്രേ. അവര്‍ തിന്മകല്‍പിക്കുകയും നന്മ നിരോധിക്കുകയും പിശുക്കുകാട്ടുകയും ചെയ്യുന്നു. അവര്‍ അല്ലാഹുവിനെ വിസ്മരിച്ചു; അപ്പോഴവന്‍ അവരെ അവഗണിച്ചു. കപടവിശ്വാസികള്‍ അധര്‍മകാരികള്‍ തന്നെയാണ്, തീര്‍ച്ച. കപടവിശ്വാസീ- വിശ്വാസിനികള്‍ക്കും സത്യനിഷേധികള്‍ക്കും നിത്യവാസം വിധിക്കപ്പെട്ട നിലയ്ക്ക് അല്ലാഹു നരകം വാഗ്ദാനം ചെയ്തിരിക്കുന്നു. അതുമതി അവര്‍ക്ക്! അവരെ അല്ലാഹു ശപിച്ചിട്ടുമുണ്ട്. സ്ഥിരമായി നിലകൊള്ളുന്ന ശിക്ഷ അവര്‍ക്കുണ്ടായിരിക്കും29
നിങ്ങളുടെ പൂര്‍വഗാമികളെപ്പോലെത്തന്നെ: നിങ്ങളെക്കാള്‍ മികച്ച ശക്തിയും കൂടുതല്‍ സ്വത്തുകളും സന്തതികളുമുള്ളവരായിരുന്നു അവര്‍. അങ്ങനെ തങ്ങളുടെ വിഹിതം കൊണ്ട് അവര്‍ സുഖിച്ചു. ആ മുന്‍ഗാമികള്‍ തങ്ങളുടെ വിഹിതം കൊണ്ടു സുഖിച്ചതുപോലെ സ്വവിഹിതം നിങ്ങളും സുഖിച്ചാസ്വദിക്കുന്നു. അവര്‍ അധര്‍മബദ്ധരായ തുപോലെ നിങ്ങളും അധര്‍മ ബദ്ധരായിക്കഴിയുകയാണ്! അത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ഇഹലോകത്തും പരലോകത്തും ഫലശൂന്യമത്രേ. നഷ്ടക്കാര്‍ അവര്‍ തന്നെയാകുന്നു.

1 വിശദീകരണം കാണുക

29. ബഹുദൈവവിശ്വാസികളെക്കാളും സത്യനിഷേധികളെക്കാളും ഗുരുതരമായ അപകടകാരികളാണ് മുനാഫിഖുകള്‍. യഥാര്‍ത്ഥത്തില്‍ നിഷേധികളായ അവര്‍ ഭൗതിക താല്‍പര്യ സംരക്ഷണത്തിനും സാമ്പത്തിക നേട്ടത്തിനുമായി വിശ്വാസികളായി അഭിനയിക്കുകയാണ്. മുസ്‌ലിംകള്‍ക്കിടയില്‍ നിഷേധികള്‍ക്കു വേണ്ടി ചാരപ്പണി നടത്തുകയാണവര്‍ ചെയ്യുക. എല്ലാ കാലങ്ങളിലും ഇത്തരക്കാരുണ്ടായിരുന്നു. കഠോരമായ ശിക്ഷയാണവര്‍ക്കെന്നു താക്കീതു ചെയ്തിരിക്കുകയാണ്.

ٱلۡمُنَٰفِقُونَ وَٱلۡمُنَٰفِقَٰتُ بَعۡضُهُم مِّنۢ بَعۡضٖۚ يَأۡمُرُونَ بِٱلۡمُنكَرِ وَيَنۡهَوۡنَ عَنِ ٱلۡمَعۡرُوفِ وَيَقۡبِضُونَ أَيۡدِيَهُمۡۚ نَسُواْ ٱللَّهَ فَنَسِيَهُمۡۚ إِنَّ ٱلۡمُنَٰفِقِينَ هُمُ ٱلۡفَٰسِقُونَ ۝٦٧
وَعَدَ ٱللَّهُ ٱلۡمُنَٰفِقِينَ وَٱلۡمُنَٰفِقَٰتِ وَٱلۡكُفَّارَ نَارَ جَهَنَّمَ خَٰلِدِينَ فِيهَاۚ هِيَ حَسۡبُهُمۡۚ وَلَعَنَهُمُ ٱللَّهُۖ وَلَهُمۡ عَذَابٞ مُّقِيمٞ ۝٦٨
كَٱلَّذِينَ مِن قَبۡلِكُمۡ كَانُوٓاْ أَشَدَّ مِنكُمۡ قُوَّةٗ وَأَكۡثَرَ أَمۡوَٰلٗا وَأَوۡلَٰدٗا فَٱسۡتَمۡتَعُواْ بِخَلَٰقِهِمۡ فَٱسۡتَمۡتَعۡتُم بِخَلَٰقِكُمۡ كَمَا ٱسۡتَمۡتَعَ ٱلَّذِينَ مِن قَبۡلِكُم بِخَلَٰقِهِمۡ وَخُضۡتُمۡ كَٱلَّذِي خَاضُوٓاْۚ أُوْلَٰٓئِكَ حَبِطَتۡ أَعۡمَٰلُهُمۡ فِي ٱلدُّنۡيَا وَٱلۡأٓخِرَةِۖ وَأُوْلَٰٓئِكَ هُمُ ٱلۡخَٰسِرُونَ ۝٦٩
70

തങ്ങളുടെ മുന്‍ഗാമികളുടെ വിവരം ഇവര്‍ക്കു ലഭിച്ചിട്ടില്ലേ?-നൂഹ് നബിയുടെ ജനതയുടെയും ആദ്-സമൂദ് വിഭാഗങ്ങളുടെയും ഇബ്രാഹീം നബിയുടെ ജനതയുടെയും മദ്‌യന്‍കാരുടെയും നാട് അട്ടിമറിക്കപ്പെട്ടവരുടെയും വിവരം. തങ്ങളിലേക്കുള്ള ദൈവദൂതന്മാര്‍ സ്പഷ്ട ദൃഷ്ടാന്തങ്ങളുമായി അവരെ സമീപിച്ചു. അല്ലാഹു അവരോട് അക്രമം കാണിച്ചിട്ടില്ല, സ്വന്തത്തോടു അവര്‍ തന്നെ അക്രമം കാട്ടുകയായിരുന്നു.

أَلَمۡ يَأۡتِهِمۡ نَبَأُ ٱلَّذِينَ مِن قَبۡلِهِمۡ قَوۡمِ نُوحٖ وَعَادٖ وَثَمُودَ وَقَوۡمِ إِبۡرَٰهِيمَ وَأَصۡحَٰبِ مَدۡيَنَ وَٱلۡمُؤۡتَفِكَٰتِۚ أَتَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِۖ فَمَا كَانَ ٱللَّهُ لِيَظۡلِمَهُمۡ وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ ۝٧٠
71–72

സത്യവിശ്വാസികളും സത്യവിശ്വാസിനികളും പരസ്പരം മിത്രങ്ങളാകുന്നു. അവര്‍ നന്മ കല്‍പിക്കുകയും തിന്മ നിരോധിക്കുകയും നമസ്‌കാരം യഥാവിധി അനുഷ്ഠിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുകയും ചെയ്യുന്നു. അവര്‍ക്ക് അല്ലാഹു വിന്റെ കാരുണ്യവര്‍ഷമുണ്ടാകുന്നതാണ്. അവന്‍ പ്രതാപശാലിയും യുക്തിമാനും തന്നെയാണ്, തീര്‍ച്ച. സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും താഴെക്കൂടി ആറുകളൊഴുകുന്ന സ്വര്‍ഗീയ ഉദ്യാനങ്ങള്‍ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അതിലവര്‍ ശാശ്വതവാസികളായിരിക്കും. സ്ഥിരവാസത്തിനുള്ള ആരാമങ്ങളില്‍ ഉത്തമവസതികളും അവന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ അല്ലാഹുവിന്റെ സംതൃപ്തിയത്രേ മഹോന്നതം! മഹത്തായ വിജയം അതാകുന്നു.30

1 വിശദീകരണം കാണുക

30. സത്യവിശ്വാസം മുറുകെപിടിച്ചു ജീവിച്ചവര്‍ക്ക് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമുണ്ടാകും; പരലോകത്ത് എണ്ണിയാലൊടുങ്ങാത്ത സുഖാനന്ദങ്ങള്‍ നിറഞ്ഞ സ്വര്‍ഗവും സര്‍വോപരി അല്ലാഹുവിന്റെ സംതൃപ്തിയും. ആഹ്ലാദഭരിതരായിക്കഴിഞ്ഞുകൂടുന്ന സ്വര്‍ഗക്കാരോട് അല്ലാഹു ചോദിക്കും: ഇതിനേക്കാള്‍ മഹോന്നതമായ പ്രതിഫലം നിങ്ങള്‍ക്കു ഞാന്‍ തരട്ടെ? അവര്‍ അത്ഭുതപരതന്ത്രരായി പ്രതികരിക്കും: ഇതിനേക്കാള്‍ വിശിഷ്ടമായത് ഇനി എന്തുണ്ട് നാഥാ? 'എന്റെ സംതൃപ്തി ഞാനിതാ നിങ്ങളില്‍ നിക്ഷേപിക്കുന്നു. ഇനിയൊരിക്കലും നിങ്ങളോടെനിക്ക് അനിഷ്ടമുണ്ടാവുന്നതല്ല!' (ബുഖാരി, മുസ്‌ലിം)

وَٱلۡمُؤۡمِنُونَ وَٱلۡمُؤۡمِنَٰتُ بَعۡضُهُمۡ أَوۡلِيَآءُ بَعۡضٖۚ يَأۡمُرُونَ بِٱلۡمَعۡرُوفِ وَيَنۡهَوۡنَ عَنِ ٱلۡمُنكَرِ وَيُقِيمُونَ ٱلصَّلَوٰةَ وَيُؤۡتُونَ ٱلزَّكَوٰةَ وَيُطِيعُونَ ٱللَّهَ وَرَسُولَهُۥٓۚ أُوْلَٰٓئِكَ سَيَرۡحَمُهُمُ ٱللَّهُۗ إِنَّ ٱللَّهَ عَزِيزٌ حَكِيمٞ ۝٧١
وَعَدَ ٱللَّهُ ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَا وَمَسَٰكِنَ طَيِّبَةٗ فِي جَنَّٰتِ عَدۡنٖۚ وَرِضۡوَٰنٞ مِّنَ ٱللَّهِ أَكۡبَرُۚ ذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ ۝٧٢
73–74

നബിയേ, സത്യനിഷേധികളോടും കപടവിശ്വാസികളോടും അടരാടുകയും പരുഷ സമീപനം പുലര്‍ത്തുകയും ചെയ്യുക. അവരുടെ ആവാസ കേന്ദ്രം നരകമത്രേ. എത്ര ദുഷിച്ച അഭയ സ്ഥലം! അങ്ങനെ തങ്ങള്‍ പറഞ്ഞിട്ടില്ലെന്ന് അല്ലാഹുവിനെ പിടിച്ച് അവര്‍ ശപഥം ചെയ്യും. അവര്‍ സത്യനിഷേധത്തിന്റെ പദം ഉച്ചരിക്കുകയും ഇസ്‌ലാം വരിച്ചതില്‍ പിന്നെ അവിശ്വസിക്കുകയും നേടാനാകാത്തതിനെ പറ്റി വിചിന്തനം നടത്തുകയും ചെയ്തിട്ടുണ്ട്, തീര്‍ച്ച31
തന്റെ ഔദാര്യം കൊണ്ട് അല്ലാഹുവും അവന്റെ ദൂതനും ഐശ്വര്യന്മാരാക്കി എന്നതു മാത്രമാണ് അവരുടെ ക്രോധത്തിന് കാരണം. പശ്ചാത്തപിക്കുകയാണെങ്കില്‍ അതാണവര്‍ക്ക് ഉത്തമം; പിന്തിരിഞ്ഞു കളയുന്നുവെങ്കിലോ, ഇഹലോകത്തും പരലോകത്തും അല്ലാഹു അവര്‍ക്ക് വേദനയുറ്റ ശിക്ഷ നല്‍കും. ഒരു രക്ഷകനും സഹായിയും അവര്‍ക്കുണ്ടാവില്ല.

1 വിശദീകരണം കാണുക

31. തബൂക്കില്‍ നിന്നു മടങ്ങിയ മുനാഫിഖ് നേതാവ് അബ്ദുല്ലാഹിബ്‌നു ഉബയ്യ് തട്ടിവിട്ടു: 'നാം മദീനയില്‍ തിരിച്ചെത്തിയാല്‍ പ്രതാപികള്‍ നിന്ദ്യരെ പുറന്തള്ളുക തന്നെ ചെയ്യും.' (ഖുര്‍ആന്‍ 63:8) നബി(സ്വ)ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍ തങ്ങളാരും തന്നെ അങ്ങനെ പറഞ്ഞിട്ടില്ലെന്നവര്‍ കള്ളസത്യം ചെയ്തു - ഇതാണ് സൂചന. മുസ്‌ലിംകളെ തങ്ങള്‍ പുറത്താക്കുമെന്നായിരുന്നു അവര്‍ വിവക്ഷിച്ചത്. എന്നാല്‍ പ്രതാപം അല്ലാഹുവിനും റസൂലിനും സത്യവിശ്വാസികള്‍ക്കുമാണെന്നവിടെ തന്നെ അല്ലാഹു പ്രതിപാദിക്കുകയുണ്ടായി.

يَٰٓأَيُّهَا ٱلنَّبِيُّ جَٰهِدِ ٱلۡكُفَّارَ وَٱلۡمُنَٰفِقِينَ وَٱغۡلُظۡ عَلَيۡهِمۡۚ وَمَأۡوَىٰهُمۡ جَهَنَّمُۖ وَبِئۡسَ ٱلۡمَصِيرُ ۝٧٣
يَحۡلِفُونَ بِٱللَّهِ مَا قَالُواْ وَلَقَدۡ قَالُواْ كَلِمَةَ ٱلۡكُفۡرِ وَكَفَرُواْ بَعۡدَ إِسۡلَٰمِهِمۡ وَهَمُّواْ بِمَا لَمۡ يَنَالُواْۚ وَمَا نَقَمُوٓاْ إِلَّآ أَنۡ أَغۡنَىٰهُمُ ٱللَّهُ وَرَسُولُهُۥ مِن فَضۡلِهِۦۚ فَإِن يَتُوبُواْ يَكُ خَيۡرٗا لَّهُمۡۖ وَإِن يَتَوَلَّوۡاْ يُعَذِّبۡهُمُ ٱللَّهُ عَذَابًا أَلِيمٗا فِي ٱلدُّنۡيَا وَٱلۡأٓخِرَةِۚ وَمَا لَهُمۡ فِي ٱلۡأَرۡضِ مِن وَلِيّٖ وَلَا نَصِيرٖ ۝٧٤
75–78

തന്റെ ഔദാര്യത്തില്‍ നിന്ന് അല്ലാഹു ഞങ്ങള്‍ക്ക് തരികയാണെങ്കില്‍ ഞങ്ങള്‍ ദാനം ചെയ്യുകയും സജ്ജനങ്ങളിലുള്‍പ്പെടുകയും ചെയ്യും, തീര്‍ച്ച എന്ന് അവനുമായി ഉടമ്പടി ചെയ്തവരും കപടവിശ്വാസികളിലുണ്ട്. എന്നിട്ട് തന്റെ ഔദാര്യത്തില്‍ നിന്ന് അവന്‍ നല്‍കിയപ്പോള്‍ അവരതില്‍ ലുബ്ധരാവുകയും അവഗണിച്ചു പിന്തിരിയുകയും ചെയ്യുന്നു!32
അതിന്റെ അനന്തരഫലം, തന്നെ അഭിമുഖീകരിക്കുന്ന ഖിയാമനാള്‍ വരെ അല്ലാഹു അവരുടെ ഹൃദയങ്ങളില്‍ കാപട്യമുണ്ടാക്കി എന്നതായിരുന്നു. അവനോട് അവര്‍ ചെയ്ത വാഗ്ദാനം ലംഘിച്ചതുകൊണ്ടും നുണപറഞ്ഞിരുന്നതു കൊണ്ടുമാണത്. തങ്ങളുടെ രഹസ്യങ്ങളെയും ഗൂഢാലോചനകളെയും കുറിച്ച് അല്ലാഹു അഭിജ്ഞ നാണെന്നും അദൃശ്യകാര്യങ്ങള്‍ നന്നായറിയുന്നവനാണെന്നും അവര്‍ മനസ്സിലാക്കിയിട്ടില്ലേ!

1 വിശദീകരണം കാണുക

32. സഅ്‌ലബ എന്ന ഒരു കപടവിശ്വാസിയെ സൂചിപ്പിച്ച് അവതീര്‍ണമായതാണീ സൂക്തങ്ങള്‍. നബി(സ്വ) യെക്കൊണ്ട് ദുആ ചെയ്യിച്ച് അയാള്‍ സമ്പന്നനായി. കാപട്യം രൂക്ഷമായി നബിയെ ധിക്കരിച്ചു. സക്കാത്ത് ചോദിച്ചപ്പോള്‍ അതൊരു ചുങ്കമാണല്ലോ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. (ബൈഹഖി, ഥബ്‌റാനി)

۞ وَمِنۡهُم مَّنۡ عَٰهَدَ ٱللَّهَ لَئِنۡ ءَاتَىٰنَا مِن فَضۡلِهِۦ لَنَصَّدَّقَنَّ وَلَنَكُونَنَّ مِنَ ٱلصَّٰلِحِينَ ۝٧٥
فَلَمَّآ ءَاتَىٰهُم مِّن فَضۡلِهِۦ بَخِلُواْ بِهِۦ وَتَوَلَّواْ وَّهُم مُّعۡرِضُونَ ۝٧٦
فَأَعۡقَبَهُمۡ نِفَاقٗا فِي قُلُوبِهِمۡ إِلَىٰ يَوۡمِ يَلۡقَوۡنَهُۥ بِمَآ أَخۡلَفُواْ ٱللَّهَ مَا وَعَدُوهُ وَبِمَا كَانُواْ يَكۡذِبُونَ ۝٧٧
أَلَمۡ يَعۡلَمُوٓاْ أَنَّ ٱللَّهَ يَعۡلَمُ سِرَّهُمۡ وَنَجۡوَىٰهُمۡ وَأَنَّ ٱللَّهَ عَلَّٰمُ ٱلۡغُيُوبِ ۝٧٨
79

വിശ്വാസികളില്‍ നിന്നു സ്വയം സന്നദ്ധരായി ദാനം ചെയ്യുന്നവരെയും സ്വന്തം തൊഴിലല്ലാതെ മറ്റൊന്നും കൈയിലില്ലാത്തവരെയും അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരാണവര്‍. അവരുടെ പരിഹാസത്തിന് അല്ലാഹു പ്രതിക്രിയ ചെയ്യും. അവര്‍ക്ക് വേദനാജനകമായ ശിക്ഷയാണുള്ളത്.33

1 വിശദീകരണം കാണുക

33. തബൂക്ക് യുദ്ധ സംരംഭത്തിലേക്ക് അബ്ദുര്‍റഹ്മാനിബ്‌നു ഔഫ് (റ) നാല്‍പത് ഊഖിയ (നാലര കിലോ) സ്വര്‍ണം സംഭാവന ചെയ്തു. ലോകമാന്യതക്കാണ് അദ്ദേഹമത് ചെയ്തതെന്ന് മുനാഫിഖുകള്‍ അധിക്ഷേപിച്ചു. സാധുവായ ഒരു അന്‍സ്വാരി നല്‍കിയത് ഒരു സ്വാഅ് (600 ഗ്രാം) കാരക്കയായിരുന്നു. ഈ നിസ്സാരദാനത്തിന് അല്ലാഹുവിനെന്ത് ആവശ്യമാണ് എന്നുമവര്‍ പരിഹസിച്ചു- തത്സമയത്താണ് ഈ സൂക്തം അവതീര്‍ണമായത്.

ٱلَّذِينَ يَلۡمِزُونَ ٱلۡمُطَّوِّعِينَ مِنَ ٱلۡمُؤۡمِنِينَ فِي ٱلصَّدَقَٰتِ وَٱلَّذِينَ لَا يَجِدُونَ إِلَّا جُهۡدَهُمۡ فَيَسۡخَرُونَ مِنۡهُمۡ سَخِرَ ٱللَّهُ مِنۡهُمۡ وَلَهُمۡ عَذَابٌ أَلِيمٌ ۝٧٩
80–82

നബിയേ, അവര്‍ക്ക് പാപമോചനത്തിനായി താങ്കള്‍ പ്രാര്‍ത്ഥിച്ചാലും ഇല്ലെങ്കിലും- എഴുപതുവട്ടം പാപമോചനം തേടിയാലും- അല്ലാഹു അവര്‍ക്ക് പൊറുത്തു കൊടുക്കുന്നതേയല്ല. അല്ലാഹുവിലും റസൂലിലും അവര്‍ അവിശ്വസിച്ചു എന്നതു കൊണ്ടത്രേ അത്. അധര്‍മകാരികളെ അവന്‍ നേര്‍വഴിയിലാക്കുന്നതല്ല. റസൂലിന്റെ ശാസന ലംഘിച്ച് യുദ്ധത്തിനു പോകാതിരുന്നവര്‍ അതില്‍ സന്തോഷിച്ചു. തങ്ങളടെ ധന-ദേഹങ്ങള്‍ കൊണ്ട് അല്ലാഹുവിന്റെ വഴിയില്‍ യുദ്ധം ചെയ്യാനവര്‍ അനിഷ്ടപ്പെട്ടു. ഈ കൊടും ചൂടില്‍ നിങ്ങള്‍ യുദ്ധത്തിനു പോകേണ്ട എന്ന് അവര്‍ പറഞ്ഞു. നരകാഗ്നി അതികഠിനമായ ചൂടുള്ളതാകുന്നു എന്നു താങ്കളവരെ ഉപദേശിക്കുക. അവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ചിരുന്നുവെങ്കില്‍! അതുകൊണ്ട്, തങ്ങളുടെ കര്‍മഫലമായി അവര്‍ കുറച്ചു ചിരിക്കുകയും ധാരാളം കരയുകയും ചെയ്യട്ടെ.

ٱسۡتَغۡفِرۡ لَهُمۡ أَوۡ لَا تَسۡتَغۡفِرۡ لَهُمۡ إِن تَسۡتَغۡفِرۡ لَهُمۡ سَبۡعِينَ مَرَّةٗ فَلَن يَغۡفِرَ ٱللَّهُ لَهُمۡۚ ذَٰلِكَ بِأَنَّهُمۡ كَفَرُواْ بِٱللَّهِ وَرَسُولِهِۦۗ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلۡفَٰسِقِينَ ۝٨٠
فَرِحَ ٱلۡمُخَلَّفُونَ بِمَقۡعَدِهِمۡ خِلَٰفَ رَسُولِ ٱللَّهِ وَكَرِهُوٓاْ أَن يُجَٰهِدُواْ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡ فِي سَبِيلِ ٱللَّهِ وَقَالُواْ لَا تَنفِرُواْ فِي ٱلۡحَرِّۗ قُلۡ نَارُ جَهَنَّمَ أَشَدُّ حَرّٗاۚ لَّوۡ كَانُواْ يَفۡقَهُونَ ۝٨١
فَلۡيَضۡحَكُواْ قَلِيلٗا وَلۡيَبۡكُواْ كَثِيرٗا جَزَآءَۢ بِمَا كَانُواْ يَكۡسِبُونَ ۝٨٢
83

ഇനി താങ്കളെ അവരിലൊരുവിഭാഗത്തിലേക്ക് അല്ലാഹു തിരിച്ചെത്തിക്കുകയും എന്നിട്ട് മറ്റൊരു യുദ്ധത്തിന് അങ്ങയോടവര്‍ സമ്മതം ചോദിക്കുകയും ചെയ്താല്‍ ഇങ്ങനെ പ്രതികരിക്കണം: എന്റെയൊപ്പം നിങ്ങള്‍ പുറപ്പെടുകയോ ഒരു ശത്രുവിനോടും പടവെട്ടുകയോ ചെയ്യേണ്ട; ആദ്യ പ്രാവശ്യം ഒഴിവായിരിക്കാനാണല്ലോ നിങ്ങളിഷ്ടപ്പെട്ടത്. അതുകൊണ്ട് മാറിനില്‍ക്കുന്നവരോടൊപ്പം ഇരിക്കുക.34

1 വിശദീകരണം കാണുക

34. കാപട്യം ദൃഢീകരിക്കാനും മുസ്‌ലിംകളുടെ മുന്നില്‍ നല്ല പിള്ള ചമയാനുമായി ഇനിയുണ്ടാകുന്ന യുദ്ധത്തിനു വരാനവര്‍ സന്നദ്ധരായേക്കാം. ആ ചതിയില്‍ കുടുങ്ങിപ്പോകരുതെന്ന് റസൂലിനു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

فَإِن رَّجَعَكَ ٱللَّهُ إِلَىٰ طَآئِفَةٖ مِّنۡهُمۡ فَٱسۡتَـٔۡذَنُوكَ لِلۡخُرُوجِ فَقُل لَّن تَخۡرُجُواْ مَعِيَ أَبَدٗا وَلَن تُقَٰتِلُواْ مَعِيَ عَدُوًّاۖ إِنَّكُمۡ رَضِيتُم بِٱلۡقُعُودِ أَوَّلَ مَرَّةٖ فَٱقۡعُدُواْ مَعَ ٱلۡخَٰلِفِينَ ۝٨٣
84

അവരില്‍ ആരുമരിച്ചാലും താങ്കള്‍ നമസ്‌കരിക്കുകയോ അവന്റെ ഖബ്‌റിന്നു സമീപം പ്രാര്‍ത്ഥിക്കാന്‍ നില്‍ക്കുകയോ ചെയ്യരുത്; നിശ്ചയം അവര്‍ അല്ലാഹുവിലും റസൂലിലും അവിശ്വസിക്കുകയും നിഷേധികളായി മൃതിയടയുകയും ചെയ്തിരിക്കുന്നു.35

1 വിശദീകരണം കാണുക

35. മുനാഫിഖുകള്‍ ആരു മരിച്ചാലും മയ്യിത്ത് നമസ്‌കരിക്കുകയോ ഖബ്‌റിനരികെ നിന്നു ചെയ്യുന്ന തല്‍ഖീന്‍, തസ്ബീത്ത്, ദുആ മുതലായവ അവര്‍ക്കുവേണ്ടി നിര്‍വഹിക്കുകയോ ചെയ്യരുതെന്ന് നബി(സ്വ) യെയും അനുയായികളെയും വിലക്കിയിരിക്കുകയാണ്. മുനാഫിഖ് നേതാവ് അബ്ദുല്ലാഹിബ്‌നു ഉബയ്യ് മരിക്കുകയും നബി(സ്വ) മയ്യിത്ത് നമസ്‌കരിക്കാനൊരുങ്ങുകയും ചെയ്തപ്പോഴാണ് ഇതവതരിച്ചത്.

وَلَا تُصَلِّ عَلَىٰٓ أَحَدٖ مِّنۡهُم مَّاتَ أَبَدٗا وَلَا تَقُمۡ عَلَىٰ قَبۡرِهِۦٓۖ إِنَّهُمۡ كَفَرُواْ بِٱللَّهِ وَرَسُولِهِۦ وَمَاتُواْ وَهُمۡ فَٰسِقُونَ ۝٨٤
85

അവരുടെ സമ്പത്തും സന്താനങ്ങളും നിങ്ങളില്‍ വിസ്മയമുണ്ടാക്കാതിരിക്കട്ടെ. അവ മുഖേന ഐഹിക ലോകത്തു തന്നെ അവരെ ശിക്ഷിക്കാനും നിഷേധികളായിക്കൊണ്ടു തന്നെ അവര്‍ അന്ത്യ ശ്വാസം വലിക്കാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.36

1 വിശദീകരണം കാണുക

36. സത്യവിശ്വാസവും ദൈവഭയവുമില്ലാത്തവരുടെ കുമിഞ്ഞുകൂടിയ സമ്പത്താണ് ലോകത്ത് സര്‍വ നാശ നഷ്ടങ്ങളുമുണ്ടാക്കുന്നത് എന്ന് ഒരല്‍പവിചിന്തനത്തില്‍ നിന്നു തന്നെ ബോധ്യമാകും.

وَلَا تُعۡجِبۡكَ أَمۡوَٰلُهُمۡ وَأَوۡلَٰدُهُمۡۚ إِنَّمَا يُرِيدُ ٱللَّهُ أَن يُعَذِّبَهُم بِهَا فِي ٱلدُّنۡيَا وَتَزۡهَقَ أَنفُسُهُمۡ وَهُمۡ كَٰفِرُونَ ۝٨٥
86–87

അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുകയും വേണം എന്നനുശാസിക്കുന്ന വല്ല ഖുര്‍ആനികാധ്യായവും അവതരിക്കുമ്പോള്‍, അവരിലെ കഴിവുള്ളവര്‍ ഒഴിവായിക്കിട്ടാന്‍ താങ്കളോട് അനുമതി തേടുകയാണ്! 'ഞങ്ങളെ മാറ്റിനിര്‍ത്തണേ, വീട്ടില്‍ കഴിയുന്നവരൊന്നിച്ച് ഞങ്ങളും ഇരുന്നുകൊള്ളാം' എന്നവര്‍ ബോധിപ്പിക്കും. ഒഴിഞ്ഞു നില്‍ക്കുന്ന പെണ്ണുങ്ങളൊന്നിച്ച് കഴിയാനാണവര്‍ക്കിഷ്ടം. തങ്ങളുടെ ഹൃദയങ്ങള്‍ മുദ്രിതമായിരിക്കുന്നതിനാല്‍ അവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിക്കുന്നില്ല.37

1 വിശദീകരണം കാണുക

37. ഇസ്‌ലാമും ഈമാനും മനസ്സില്‍ പ്രവേശിച്ചിട്ടില്ലാത്തവരാണല്ലോ മുനാഫിഖുകള്‍. ഓരോ ഒഴികഴിവുകള്‍ ബോധിപ്പിച്ച് യുദ്ധയാത്രയില്‍ നിന്ന് അവര്‍ തടിയൂരാന്‍ ശ്രമിക്കും. വിശ്വാസരാഹിത്യമാണതിനു കാരണമെന്ന് വ്യക്തമാക്കുകയാണ്.

وَإِذَآ أُنزِلَتۡ سُورَةٌ أَنۡ ءَامِنُواْ بِٱللَّهِ وَجَٰهِدُواْ مَعَ رَسُولِهِ ٱسۡتَـٔۡذَنَكَ أُوْلُواْ ٱلطَّوۡلِ مِنۡهُمۡ وَقَالُواْ ذَرۡنَا نَكُن مَّعَ ٱلۡقَٰعِدِينَ ۝٨٦
رَضُواْ بِأَن يَكُونُواْ مَعَ ٱلۡخَوَالِفِ وَطُبِعَ عَلَىٰ قُلُوبِهِمۡ فَهُمۡ لَا يَفۡقَهُونَ ۝٨٧
88–89

എന്നാല്‍ റസൂലും അവിടത്തോടൊന്നിച്ചുള്ള വിശ്വാസികളും തങ്ങളുടെ ധന-ദേഹങ്ങള്‍ കൊണ്ട് പോരാട്ടം നടത്തി. നന്മകള്‍ അവര്‍ക്കുള്ളതാണ്; ജേതാക്കളും അവര്‍ തന്നെ. താഴെക്കൂടി അരുവികളൊഴുകുന്ന ചില സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്കായി അല്ലാഹു ഒരുക്കി വെച്ചിരിക്കുന്നു; അതിലവര്‍ ശാശ്വതവാസികളായിരിക്കും. അതിമഹത്തായ വിജയമാണത്.

لَٰكِنِ ٱلرَّسُولُ وَٱلَّذِينَ ءَامَنُواْ مَعَهُۥ جَٰهَدُواْ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡۚ وَأُوْلَٰٓئِكَ لَهُمُ ٱلۡخَيۡرَٰتُۖ وَأُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ ۝٨٨
أَعَدَّ ٱللَّهُ لَهُمۡ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ ذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ ۝٨٩
90–92

മാറിനില്‍ക്കാന്‍ ഒഴികഴിവുകള്‍ ബോധിപ്പിക്കാനുള്ള ഗ്രാമീണ അറബികള്‍ നബി സമക്ഷം സമ്മതത്തിനു വന്നു. അല്ലാഹുവിനോടും റസൂലിനോടും വ്യാജം പറഞ്ഞവരാകട്ടെ സ്വഗൃഹങ്ങളില്‍ ചടഞ്ഞു കൂടുകയുമുണ്ടായി. അവരില്‍ നിഷേധികളായവരെ വേദനാജനകമായ ശിക്ഷ പിടികൂടുന്നതാണ്. ദുര്‍ബലരുടെയും രോഗികളുടെയും യുദ്ധത്തിനു ധനമൊന്നും ചെലവഴിക്കാനില്ലാത്തവരുടെയും പേരില്‍ യാതൊരു കുറ്റവുമില്ല-അല്ലാഹുവിനോടും റസൂലിനോടും അവര്‍ ഗുണകാംക്ഷയുള്ളവരാണെങ്കില്‍. പുണ്യവാന്മാരെ അധിക്ഷേപിക്കാന്‍ യാതൊരു വഴിയുമില്ല. ഇക്കൂട്ടര്‍ക്കും കുറ്റമില്ല: യുദ്ധയാത്രക്കുവേണ്ടി സവാരി മൃഗം നല്‍കാനായി അവര്‍ നേരില്‍ വന്നു അപേക്ഷിച്ചപ്പോള്‍ 'വാഹനമൊന്നും എന്റെ കൈയിലില്ലല്ലോ'എന്നു താങ്കള്‍ പ്രതികരിച്ചു; അപ്പോള്‍, യുദ്ധത്തിനു ചെലവഴിക്കാനായി തങ്ങളുടെ പക്കല്‍ ധനമൊന്നുമില്ലാതെ പോയല്ലോ എന്നോര്‍ത്ത് സങ്കടപ്പെട്ടു കണ്ണീരൊലിപ്പിച്ചുകൊണ്ട് അവര്‍ മടങ്ങിപ്പോയി.38

1 വിശദീകരണം കാണുക

38. തബൂക്ക് യുദ്ധയാത്രാവേളയില്‍ കപടവിശ്വാസികളുടെ നിറം പ്രകടമായി. വ്യാജമായി ഓരോ കാരണങ്ങള്‍ പറഞ്ഞ് അവര്‍ ഒഴിഞ്ഞു നിന്നു. തീരേ നിര്‍ധനരായ ഒരു മുസ്‌ലിം വിഭാഗമുണ്ടായിരുന്നു. യുദ്ധസന്നാഹത്തിനു യാതൊന്നും തങ്ങളുടെ പക്കലില്ലെന്നും അതിനാല്‍ സവാരീമൃഗം തന്ന് ഞങ്ങളെ യുദ്ധയാത്രക്ക് സഹായിക്കണമെന്നുമായിരുന്നു അവരുടെ അപേക്ഷ. അതില്ലെന്ന് നബി(സ്വ) അറിയിച്ച പ്പോള്‍ ദുഃഖപാരവശ്യം മൂലം അവര്‍ കണ്ണുനീരൊലിപ്പിച്ചു കരഞ്ഞു. തന്മൂലം 'അല്‍ ബക്കാഊന്‍' (വല്ലാതെ കരഞ്ഞവര്‍) എന്ന മറുപേരവര്‍ക്കു കിട്ടി. യുദ്ധത്തിനു പോയവരുടെ പ്രതിഫലം തന്നെ അല്ലാഹു അവര്‍ക്കു നല്‍കും എന്നു (ബുഖാരി, മുസ്‌ലിം) നബി തിരുമേനി ശുഭവാര്‍ത്തയറിയിക്കുകയും ചെയ്തു.

وَجَآءَ ٱلۡمُعَذِّرُونَ مِنَ ٱلۡأَعۡرَابِ لِيُؤۡذَنَ لَهُمۡ وَقَعَدَ ٱلَّذِينَ كَذَبُواْ ٱللَّهَ وَرَسُولَهُۥۚ سَيُصِيبُ ٱلَّذِينَ كَفَرُواْ مِنۡهُمۡ عَذَابٌ أَلِيمٞ ۝٩٠
لَّيۡسَ عَلَى ٱلضُّعَفَآءِ وَلَا عَلَى ٱلۡمَرۡضَىٰ وَلَا عَلَى ٱلَّذِينَ لَا يَجِدُونَ مَا يُنفِقُونَ حَرَجٌ إِذَا نَصَحُواْ لِلَّهِ وَرَسُولِهِۦۚ مَا عَلَى ٱلۡمُحۡسِنِينَ مِن سَبِيلٖۚ وَٱللَّهُ غَفُورٞ رَّحِيمٞ ۝٩١
وَلَا عَلَى ٱلَّذِينَ إِذَا مَآ أَتَوۡكَ لِتَحۡمِلَهُمۡ قُلۡتَ لَآ أَجِدُ مَآ أَحۡمِلُكُمۡ عَلَيۡهِ تَوَلَّواْ وَّأَعۡيُنُهُمۡ تَفِيضُ مِنَ ٱلدَّمۡعِ حَزَنًا أَلَّا يَجِدُواْ مَا يُنفِقُونَ ۝٩٢
93

അധിക്ഷേപ വിധേയരാകാന്‍ വഴിയുള്ളവര്‍ ഇവര്‍ മാത്രമാണ്: സമ്പന്നരായിരിക്കെ യുദ്ധത്തില്‍ നിന്നു മാറിനില്‍ക്കാന്‍ അങ്ങയോടവര്‍ അനുമതി തേടുകയും ഒഴിഞ്ഞു നില്‍ക്കുന്ന പെണ്ണുങ്ങളൊന്നിച്ച് കഴിയാനവരിഷ്ടപ്പെടുകയും ചെയ്യുന്നു. അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു മുദ്രവെച്ചിരിക്കുകയാണ്; തന്മൂലം അവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിക്കുന്നില്ല.

۞ إِنَّمَا ٱلسَّبِيلُ عَلَى ٱلَّذِينَ يَسۡتَـٔۡذِنُونَكَ وَهُمۡ أَغۡنِيَآءُۚ رَضُواْ بِأَن يَكُونُواْ مَعَ ٱلۡخَوَالِفِ وَطَبَعَ ٱللَّهُ عَلَىٰ قُلُوبِهِمۡ فَهُمۡ لَا يَعۡلَمُونَ ۝٩٣
94

യുദ്ധാനന്തരം അവരുടെയടുത്ത് തിരിച്ചെത്തിയാല്‍ നിങ്ങളോടവര്‍ ഒഴികഴിവ് ബോധിപ്പിക്കുന്നതാണ്. അങ്ങു പ്രതികരിക്കണം: നിങ്ങള്‍ ഒഴികഴിവൊന്നും സമര്‍പ്പിക്കേണ്ട. ഞങ്ങള്‍ നിങ്ങളെ വിശ്വാസത്തിലെടുക്കുന്നതേയല്ല. നിങ്ങളുടെ ചില വിവരങ്ങള്‍ അല്ലാഹു ഞങ്ങള്‍ക്കറിയിച്ചു തന്നിരിക്കുന്നു. നിങ്ങളുടെ ചെയ്തികള്‍ അല്ലാഹുവും റസൂലും കാണുന്നതുമാണ്. ദൃശ്യവും അദൃശ്യവുമറിയുന്നവന്റെയടുത്തേക്ക് പിന്നീട് നിങ്ങള്‍ മടക്കപ്പെടുന്നതും സ്വന്തം ചെയ്തികളെപ്പറ്റി അപ്പോള്‍ നിങ്ങള്‍ക്കവന്‍ വിവരം തരുന്നതുമാണ്.

يَعۡتَذِرُونَ إِلَيۡكُمۡ إِذَا رَجَعۡتُمۡ إِلَيۡهِمۡۚ قُل لَّا تَعۡتَذِرُواْ لَن نُّؤۡمِنَ لَكُمۡ قَدۡ نَبَّأَنَا ٱللَّهُ مِنۡ أَخۡبَارِكُمۡۚ وَسَيَرَى ٱللَّهُ عَمَلَكُمۡ وَرَسُولُهُۥ ثُمَّ تُرَدُّونَ إِلَىٰ عَٰلِمِ ٱلۡغَيۡبِ وَٱلشَّهَٰدَةِ فَيُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَ ۝٩٤
95–96

നിങ്ങള്‍ മടങ്ങിച്ചെല്ലുമ്പോള്‍ തങ്ങളെ വെറുതെ വിട്ടേക്കാനായി അല്ലാഹുവിനെ പിടിച്ച് അവര്‍ ശപഥം ചെയ്യും. അവരെ നിങ്ങള്‍ അവഗണിക്കുക. അശുദ്ധന്മാരത്രേ അവര്‍. സ്വന്തം കര്‍മങ്ങളുടെ ഫലമായി അവരുടെ സങ്കേതം നരകമായിരിക്കുന്നതാണ്. നിങ്ങളവരെപ്പറ്റി സംതൃപ്തരാകാനായി ശപഥം ചെയ്തുകൊണ്ടിരിക്കും അവര്‍. ഇനി നിങ്ങള്‍ അവരെക്കുറിച്ച് തൃപ്തരായാല്‍ പോലും അതിക്രമികളെ സംബന്ധിച്ച് അല്ലാഹു സംതൃപ്തനാവുകയേ ചെയ്യില്ല.39

1 വിശദീകരണം കാണുക

39. കപടവിശ്വാസികളുടെ വിവിധ മുഖങ്ങള്‍ അനാവരണം ചെയ്യുകയാണിവിടെ. അവര്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതിനു മുമ്പേയായിരുന്നു ഖുര്‍ആന്റെ ഈ പ്രവചനങ്ങള്‍. അവര്‍ അങ്ങനെ പറയും, ഇങ്ങനെ പ്രവര്‍ത്തിക്കും, ഈ രീതിയിലായിരിക്കും അവരുടെ അഭിനയം എന്നൊക്കെ പ്രവചിച്ചു; താമസിയാതെ അവയോരോന്നുമതാ സാക്ഷാല്‍കൃതമാകുന്നു! ഖുര്‍ആന്റെ വലിയൊരു അമാനുഷികതയാണത്. ഒരു കാരണവുമില്ലാതെ യുദ്ധത്തില്‍ നിന്ന് തടിയൂരിയ നൂറോളം കപടവിശ്വാസികളാണുണ്ടായിരുന്നത് എന്നു വ്യാഖ്യാതാക്കള്‍ വിശദീകരിച്ചിട്ടുണ്ട്.

سَيَحۡلِفُونَ بِٱللَّهِ لَكُمۡ إِذَا ٱنقَلَبۡتُمۡ إِلَيۡهِمۡ لِتُعۡرِضُواْ عَنۡهُمۡۖ فَأَعۡرِضُواْ عَنۡهُمۡۖ إِنَّهُمۡ رِجۡسٞۖ وَمَأۡوَىٰهُمۡ جَهَنَّمُ جَزَآءَۢ بِمَا كَانُواْ يَكۡسِبُونَ ۝٩٥
يَحۡلِفُونَ لَكُمۡ لِتَرۡضَوۡاْ عَنۡهُمۡۖ فَإِن تَرۡضَوۡاْ عَنۡهُمۡ فَإِنَّ ٱللَّهَ لَا يَرۡضَىٰ عَنِ ٱلۡقَوۡمِ ٱلۡفَٰسِقِينَ ۝٩٦
97–99

ഗ്രാമീണ അറബികള്‍ സത്യനിഷേധത്തിലും കാപട്യത്തിലും കൂടുതല്‍ തീവ്രതയുള്ളവരാണ്. റസൂലിനു അല്ലാഹു അവതരിപ്പിച്ച നിയമപരിധികള്‍ അറിയാതിരിക്കാന്‍ ഏറെ കടപ്പെട്ടവരും അവരത്രേ. അല്ലാഹു സൂക്ഷ്മജ്ഞാനിയും യുക്തിമാനുമാകുന്നു. തങ്ങള്‍ ചെലവഴിക്കുന്നത് നഷ്ടമായി വിലയിരുത്തുന്നവരും ഗ്രാമീണരിലുണ്ട്. നിങ്ങള്‍ക്കെന്തെങ്കിലും വിപത്തു ഭവിക്കുന്നത് പ്രതീക്ഷിച്ചിരിക്കുകയാണവര്‍. കാലക്കേടുകള്‍ അവര്‍ക്കു തന്നെ വന്നു പെടട്ടെ- അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. എന്നാല്‍ അല്ലാഹുവിലും അന്ത്യനാളിലും നന്നായി വിശ്വസിക്കുന്നവരും ആ ഗ്രാമീണരിലുണ്ട്. തങ്ങള്‍ ചെലവു ചെയ്യുന്നത് അവന്റെ സാമീപ്യവും റസൂലിന്റെ പ്രാര്‍ത്ഥനയും നേടാനുള്ള നിമിത്തമായാണവര്‍ ഗണിക്കുക. അറിയുക, അതവര്‍ക്കു ദൈവ സാമീപ്യമാര്‍ഗം തന്നെയത്രേ. തന്റെ കാരുണ്യത്തില്‍ അല്ലാഹു അവരെ പ്രവേശിപ്പിക്കുന്നതാണ്. ഏറെ പൊറുക്കുന്നവനും കരുണാമയനും തന്നെയത്രേ അവന്‍.

ٱلۡأَعۡرَابُ أَشَدُّ كُفۡرٗا وَنِفَاقٗا وَأَجۡدَرُ أَلَّا يَعۡلَمُواْ حُدُودَ مَآ أَنزَلَ ٱللَّهُ عَلَىٰ رَسُولِهِۦۗ وَٱللَّهُ عَلِيمٌ حَكِيمٞ ۝٩٧
وَمِنَ ٱلۡأَعۡرَابِ مَن يَتَّخِذُ مَا يُنفِقُ مَغۡرَمٗا وَيَتَرَبَّصُ بِكُمُ ٱلدَّوَآئِرَۚ عَلَيۡهِمۡ دَآئِرَةُ ٱلسَّوۡءِۗ وَٱللَّهُ سَمِيعٌ عَلِيمٞ ۝٩٨
وَمِنَ ٱلۡأَعۡرَابِ مَن يُؤۡمِنُ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَيَتَّخِذُ مَا يُنفِقُ قُرُبَٰتٍ عِندَ ٱللَّهِ وَصَلَوَٰتِ ٱلرَّسُولِۚ أَلَآ إِنَّهَا قُرۡبَةٞ لَّهُمۡۚ سَيُدۡخِلُهُمُ ٱللَّهُ فِي رَحۡمَتِهِۦٓۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٞ ۝٩٩
100

മുഹാജിറുകളിലും അന്‍സ്വാറുകളിലും നിന്ന് ഏറ്റമാദ്യം മുന്നോട്ടു വന്നവരും പുണ്യത്തിലായി അവരെ അനുധാവനം ചെയ്തവരുമുണ്ടല്ലോ, അവരെക്കുറിച്ച് അല്ലാഹു സംതൃപ്തനായിരിക്കുന്നു; അവനെപ്പറ്റി അവരും തൃപ്തിപ്പെട്ടിട്ടുണ്ട്.40
താഴ്ഭാഗങ്ങളില്‍ കൂടി ആറുകളൊഴുകുന്ന സ്വര്‍ഗം അവര്‍ക്കായി അവന്‍ സജ്ജീകരിച്ചിട്ടുമുണ്ട്. അവരതില്‍ ശാശ്വത വാസികളാണ്. മഹത്തായ വിജയമത്രേ അത്.

1 വിശദീകരണം കാണുക

40. അല്ലാഹുവിനെയും റസൂലിനെയും ദീനിനെയും മാത്രം മുറുകെ പിടിച്ച് മറ്റുള്ള സര്‍വവും ത്യജിച്ച് മദീനയിലേക്കു പോയവരാണ് മുഹാജിറുകള്‍; അവര്‍ക്ക് അഭയവും സഹായ സഹകരണങ്ങളും നല്‍കി സ്വീകരിച്ച മദീനക്കാര്‍ അന്‍സ്വാറുകളും. ഹുദൈബിയ സന്ധി (ഹി: 6-ാം വര്‍ഷം)ക്കു മുമ്പ് ഇസ്‌ലാം സ്വീകരിച്ചവരാണ് 'ആദ്യമായി മുന്നോട്ട് വന്നവര്‍' എന്നതിന്റെ വിവക്ഷ. ഇസ്‌ലാമിന്റെ ഋജുവായ പന്ഥാവില്‍ നബിയെയും സ്വഹാബത്തിനെയും പൂര്‍ണമായി പിന്‍പറ്റി ലോകാവസാനം വരെ ജീവിക്കുന്ന സത്യവിശ്വാസികളാണ് തുടര്‍ന്ന് പറയുന്നവര്‍. അല്ലാഹുവും അവരും പരസ്പരം സംതൃപ്തരാണ് എന്ന പ്രയോഗം ഏറെ ചിന്തോദ്ദീപകമായിരിക്കുന്നു.

وَٱلسَّٰبِقُونَ ٱلۡأَوَّلُونَ مِنَ ٱلۡمُهَٰجِرِينَ وَٱلۡأَنصَارِ وَٱلَّذِينَ ٱتَّبَعُوهُم بِإِحۡسَٰنٖ رَّضِيَ ٱللَّهُ عَنۡهُمۡ وَرَضُواْ عَنۡهُ وَأَعَدَّ لَهُمۡ جَنَّٰتٖ تَجۡرِي تَحۡتَهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۚ ذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ ۝١٠٠
101

നിങ്ങളുടെ പരിസരത്തുള്ള ഗ്രാമീണരിലും മദീനക്കാരില്‍ തന്നെയുമുണ്ട് കപടവിശ്വാസികള്‍. അചഞ്ചല കാപട്യത്തിലാണവര്‍; അവരെ താങ്കള്‍ക്കു മനസ്സിലാക്കാനാകില്ല, നമുക്കറിയാം. രണ്ടുവട്ടം നാമവരെ ശിക്ഷാവിധേയരാക്കുന്നതാണ്.41
പിന്നീടവര്‍ കഠിന ശിക്ഷയിലേക്ക് തിരിച്ചുവിടപ്പെടുകയും ചെയ്യും.

1 വിശദീകരണം കാണുക

41. കുതന്ത്രങ്ങള്‍ ഖുര്‍ആനിലൂടെ അനാവൃതമാകുമ്പോഴുള്ള അസഹനീയമായ അപമാനമാണ് ഒരു ശിക്ഷ; മറ്റൊന്ന് മരണാസന്ന സമയത്തെ ഭയവിഹ്വലതകളും വഴിയെ ഉണ്ടാകുന്ന ഖബ്ര്‍ ശിക്ഷയും. പരലോകത്താകട്ടെ അതീവ കഠോര ശിക്ഷയാണവര്‍ക്ക് (ഖുര്‍ആന്‍ 4: 145 കാണുക).

وَمِمَّنۡ حَوۡلَكُم مِّنَ ٱلۡأَعۡرَابِ مُنَٰفِقُونَۖ وَمِنۡ أَهۡلِ ٱلۡمَدِينَةِ مَرَدُواْ عَلَى ٱلنِّفَاقِ لَا تَعۡلَمُهُمۡۖ نَحۡنُ نَعۡلَمُهُمۡۚ سَنُعَذِّبُهُم مَّرَّتَيۡنِ ثُمَّ يُرَدُّونَ إِلَىٰ عَذَابٍ عَظِيمٖ ۝١٠١
102–104

വേറെ ചിലയാളുകളുണ്ട്: അവര്‍ സല്‍ക്കര്‍മങ്ങളും ദുഷ്‌കര്‍മങ്ങളും കൂട്ടിക്കലര്‍ത്തി അനുവര്‍ത്തിച്ചവരും കുറ്റങ്ങള്‍ സമ്മതിച്ച് ഏറ്റുപറഞ്ഞവരുമാണ്. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം; ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രേ അവന്‍. അവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്ന സകാത്ത് അവരുടെ സമ്പത്തില്‍ നിന്ന് താങ്കള്‍ വാങ്ങുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. അങ്ങയുടെ പ്രാര്‍ത്ഥന അവര്‍ക്കു മനഃശാന്തി നല്‍കുക തന്നെ ചെയ്യുന്നതാണ്. എല്ലാം അറിയുന്നവനും കേള്‍ക്കുന്നവനുമത്രേ അല്ലാഹു. തന്റെ അടിമകളുടെ പശ്ചാത്താപം സ്വീകരിക്കുന്നതും ദാനങ്ങള്‍ ഏറ്റുവാങ്ങുന്നതും അല്ലാഹുവാണെന്നും അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാമയനുമാണെന്നും അവര്‍ ഗ്രഹിച്ചുവെച്ചിട്ടില്ലേ?42

1 വിശദീകരണം കാണുക

42. പശ്ചാത്തപിച്ച് പാപമുക്തിയും ഹൃദയ വിശുദ്ധിയും നേടിയവര്‍ ഈ സൂക്തങ്ങളവതരിച്ചപ്പോള്‍ തങ്ങളുടെ സമ്പത്തു മുഴുവന്‍ നബി സന്നിധിയില്‍ സമര്‍പ്പിച്ചു. എന്നാല്‍, ഇതിനല്ല ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളതെന്ന് പറഞ്ഞ് അല്‍പം മാത്രം സ്വീകരിച്ച് സിംഹഭാഗവും തിരിച്ചുകൊടുത്ത് പ്രാര്‍ത്ഥനാപൂര്‍വം തിരുമേനി അവരെ മടക്കി വിടുകയായിരുന്നു.

وَءَاخَرُونَ ٱعۡتَرَفُواْ بِذُنُوبِهِمۡ خَلَطُواْ عَمَلٗا صَٰلِحٗا وَءَاخَرَ سَيِّئًا عَسَى ٱللَّهُ أَن يَتُوبَ عَلَيۡهِمۡۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٌ ۝١٠٢
خُذۡ مِنۡ أَمۡوَٰلِهِمۡ صَدَقَةٗ تُطَهِّرُهُمۡ وَتُزَكِّيهِم بِهَا وَصَلِّ عَلَيۡهِمۡۖ إِنَّ صَلَوٰتَكَ سَكَنٞ لَّهُمۡۗ وَٱللَّهُ سَمِيعٌ عَلِيمٌ ۝١٠٣
أَلَمۡ يَعۡلَمُوٓاْ أَنَّ ٱللَّهَ هُوَ يَقۡبَلُ ٱلتَّوۡبَةَ عَنۡ عِبَادِهِۦ وَيَأۡخُذُ ٱلصَّدَقَٰتِ وَأَنَّ ٱللَّهَ هُوَ ٱلتَّوَّابُ ٱلرَّحِيمُ ۝١٠٤
105

നബിയേ, പ്രഖ്യാപിക്കുക: നിങ്ങള്‍ കര്‍മങ്ങള്‍ അനുഷ്ഠിച്ചുകൊള്ളുക-അല്ലാഹുവും റസൂലും സത്യവിശ്വാസികളും നിങ്ങളുടെ പ്രവൃത്തികള്‍ കാണുന്നതാണ്. പ്രത്യക്ഷ-പരോക്ഷ കാര്യങ്ങളത്രയും അറിയുന്നവനിലേക്കു പിന്നെ നിങ്ങള്‍ മടക്കപ്പെടും; നിങ്ങളനുവര്‍ത്തിച്ചിരുന്നവയെക്കുറിച്ച് തത്സമയം അവന്‍ നിങ്ങളെ വിവരമറിയിച്ചുതരുന്നതാണ്.43

1 വിശദീകരണം കാണുക

43. കര്‍മ നൈരന്തര്യം ഇസ്‌ലാമിന്റെ മുഖമുദ്രയാണ്. സൃഷ്ടിപരമായ എന്തെങ്കിലും കാര്യത്തിലേ മുസ്‌ലിം വ്യാപൃതനാകാവു. ദൗര്‍ബല്യം, അലസത മുതലായവയില്‍ നിന്നു തിരുമേനി(സ്വ) കാവല്‍ തേടാറുണ്ടായിരുന്നത് പ്രസിദ്ധമാണ്. സോദ്ദേശ്യപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്നു പ്രതിഫലം കിട്ടും; നബിക്ക് അവ അവതരിപ്പിക്കപ്പെട്ടു കാണിച്ചുകൊടുക്കപ്പെടും; അവയുടെ നാനാമുഖമായ ഗുണഫലങ്ങള്‍ സത്യവിശ്വാസികള്‍ക്ക് ഉപകാരപ്രദമായി ഭവിക്കും-ഇതെല്ലാമാണ് സൂക്തത്തിന്റെ താല്‍പര്യം.

وَقُلِ ٱعۡمَلُواْ فَسَيَرَى ٱللَّهُ عَمَلَكُمۡ وَرَسُولُهُۥ وَٱلۡمُؤۡمِنُونَۖ وَسَتُرَدُّونَ إِلَىٰ عَٰلِمِ ٱلۡغَيۡبِ وَٱلشَّهَٰدَةِ فَيُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَ ۝١٠٥
106

വേറെ ചിലരുമുണ്ട് യുദ്ധത്തിനു പോകാത്തവര്‍. അല്ലാഹുവിങ്കല്‍ നിന്നുത്തരവുണ്ടാകും വരെ അവരുടെ കാര്യം മാറ്റിവെക്കപ്പെട്ടിരിക്കുകയാണ്. അവനവരെ ശിക്ഷിക്കുകയോ അവരുടെ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്യും. എല്ലാം അറിയുന്നവനും യുക്തിമാനുമാണ് അല്ലാഹു44

1 വിശദീകരണം കാണുക

44. പോകാം, പോകാം എന്നു വിചാരിച്ചിരുന്ന്, ഒടുവില്‍ യുദ്ധത്തിനു പുറപ്പെടാനാകാതിരുന്ന മൂന്നു സത്യവിശ്വാസികളുണ്ടായിരുന്നു - കഅ്ബുബ്‌നു മാലിക്, ഹിലാലുബ്‌നു ഉമയ്യ, മുറാറത്തുബ്‌നുര്‍റബീഅ് എന്നിവര്‍. യുദ്ധം കഴിഞ്ഞെത്തിയ നബി(സ്വ)യുടെ മുമ്പില്‍ ഇവര്‍ സത്യം തുറന്നു പറയുകയും കുറ്റ സമ്മതം നടത്തുകയും ചെയ്തു. അല്ലാഹുവാണ് ഇവരുടെ കാര്യത്തില്‍ തീരുമാനമെടുക്കുക എന്ന് നബി(സ്വ) പ്രഖ്യാപിച്ചു. ജനങ്ങളെല്ലാം അവരോടുള്ള ബന്ധം വിച്ഛേദിച്ചു. 50 ദിവസങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ടു കഴിഞ്ഞ ശേഷം അവരുടെ പശ്ചാത്താപം സ്വീകരിക്കപ്പെട്ടു. സൂക്തം 118-ല്‍ അതു വ്യക്തമാക്കുന്നുണ്ട്. മൂവരിലൊരാളായ കഅ്ബ്ബ്‌നു മാലിക്ക് (റ) ഈ സംഭവം വിശദമായി പ്രതിപാദിച്ചത് പ്രസിദ്ധമാണ്. (ബുഖാരി, മുസ്‌ലിം)

وَءَاخَرُونَ مُرۡجَوۡنَ لِأَمۡرِ ٱللَّهِ إِمَّا يُعَذِّبُهُمۡ وَإِمَّا يَتُوبُ عَلَيۡهِمۡۗ وَٱللَّهُ عَلِيمٌ حَكِيمٞ ۝١٠٦
107–108

കപടവിശ്വാസികളില്‍ ചിലരുണ്ട്: ദ്രോഹനടപടികള്‍ക്കും സത്യത്തെ നിഷേധിക്കാനും വിശ്വാസികള്‍ക്കിടയില്‍ ഛിദ്രതയുണ്ടാക്കാനും നേരത്തെത്തന്നെ അല്ലാഹുവിനോടും റസൂലിനോടും ശത്രുതപുലര്‍ത്തിയവന്ന് ഗൂഢ സങ്കേതമൊരുക്കാനുമായി അവരൊരു പള്ളിയുണ്ടാക്കി; നന്മമാത്രമേ തങ്ങളുദ്ദേശിച്ചിട്ടുള്ളൂ എന്ന് അവര്‍ ശപഥം ചെയ്യും. അവര്‍ നുണതന്നെയാണ് പറയുന്നതെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു. നബിയേ, ഒരിക്കലും താങ്കളതില്‍ നമസ്‌കരിക്കരുത്; തുടക്കം മുതലേ ഭക്തിയുടെ മേല്‍ അടിത്തറ പാകിയിട്ടുള്ള മസ്ജിദാണ് താങ്കള്‍ക്കു നമസ്‌കരിക്കാന്‍ ഏറ്റമനുയോജ്യം. വിശുദ്ധരാകാന്‍ തല്‍പരരായ ചില പുരുഷന്മാര്‍ അവിടെയുണ്ട്. പരിശുദ്ധന്മാരെ അല്ലാഹു സ്‌നേഹിക്കുന്നു.45

1 വിശദീകരണം കാണുക

45. മദീനയിലെ ഖസ്‌റജ് ഗോത്രത്തില്‍ അബൂആമിര്‍ എന്ന ഒരു പാതിരിയുണ്ടായിരുന്നു. നബി(സ്വ)യുടെ ബദ്ധവൈരിയായിരുന്ന അയാള്‍ കപട വിശ്വാസികള്‍ക്ക് എല്ലാ വിധ സഹായസഹകരണ ങ്ങളും നായകത്വവും നല്‍കി. നബി(സ്വ)യെയും സ്വഹാബികളെയും ഉന്മൂലനം ചെയ്യാന്‍ റോമില്‍ ചെന്ന് കൈസറിന്റെ സൈനിക സഹായവുമായി തിരിച്ചു വരാമെന്നേറ്റ് അങ്ങോട്ട് പോകാനൊരുങ്ങിയപ്പോള്‍, താന്‍ സൈന്യങ്ങളുമായി മടങ്ങി വരുമ്പോഴേക്ക് ഒരു ആസ്ഥാനം പണിയണമെന്ന് അയാള്‍ മുനാഫിഖുക ളോട് ശട്ടം ചെയ്തു. വൃദ്ധരും രോഗികളും അവശരുമായ ആളുകള്‍ക്കു വേണ്ടി ഒരു മസ്ജിദ് എന്ന വ്യാജേനയാണ് അവര്‍ ആസ്ഥാനം പണിതത്. അതാണ് മസ്ജിദുള്ളിറാര്‍. നബി(സ്വ)യെ അത് ഉദ്ഘാടനം ചെയ്യാന്‍ അവര്‍ ക്ഷണിച്ചു. പക്ഷേ, അല്ലാഹുവിന്റെ നിരോധനം വന്നു. അവിടന്ന് കല്‍പിച്ചതനുസരിച്ച് സ്വഹാബികള്‍ അത് തകര്‍ത്ത് അഗ്നിക്കിരയാക്കി.

وَٱلَّذِينَ ٱتَّخَذُواْ مَسۡجِدٗا ضِرَارٗا وَكُفۡرٗا وَتَفۡرِيقَۢا بَيۡنَ ٱلۡمُؤۡمِنِينَ وَإِرۡصَادٗا لِّمَنۡ حَارَبَ ٱللَّهَ وَرَسُولَهُۥ مِن قَبۡلُۚ وَلَيَحۡلِفُنَّ إِنۡ أَرَدۡنَآ إِلَّا ٱلۡحُسۡنَىٰۖ وَٱللَّهُ يَشۡهَدُ إِنَّهُمۡ لَكَٰذِبُونَ ۝١٠٧
لَا تَقُمۡ فِيهِ أَبَدٗاۚ لَّمَسۡجِدٌ أُسِّسَ عَلَى ٱلتَّقۡوَىٰ مِنۡ أَوَّلِ يَوۡمٍ أَحَقُّ أَن تَقُومَ فِيهِۚ فِيهِ رِجَالٞ يُحِبُّونَ أَن يَتَطَهَّرُواْۚ وَٱللَّهُ يُحِبُّ ٱلۡمُطَّهِّرِينَ ۝١٠٨
109–110

അല്ലാഹുവിലുള്ള ഭയപ്പാടിലും സംതൃപ്തിയിലുമായി ഒരാള്‍ അസ്തിവാരമുറപ്പിച്ചു കെട്ടിടം പണിതു; മറ്റൊരാള്‍ മണ്ണിടിച്ചില്‍ മൂലം ഉള്‍ഭാഗം പൊള്ളയായ നദിയുടെ കരയില്‍ കെട്ടിടമുണ്ടാക്കുകയും അതയാളെയും കൊണ്ട് നരകത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു- ഇവരില്‍ ആരാണ് ശ്രേഷ്ഠന്‍? അതിക്രമികളെ അല്ലാഹു സന്മാര്‍ഗത്തിലേക്കു നയിക്കില്ല. കപടവിശ്വാ സികള്‍ പണിത ആ സദനം സ്വന്തം ഹൃദയങ്ങളില്‍ - അവ ഛിന്നഭിന്നമാകും വരെ- ആശങ്കാജനക മായിക്കൊണ്ടേയിരിക്കും. എല്ലാം അറിയുന്നവനും യുക്തിമാനുമാണ് അല്ലാഹു.46

1 വിശദീകരണം കാണുക

46. നബി(സ്വ)യെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ച് അതിവിദഗ്ദമായ ഒരു ഗൂഢാലോചനാ കേന്ദ്രമായി മസ്ജിദുള്ളിറാര്‍ നിലനിര്‍ത്താമെന്നായിരുന്നു മുനാഫിഖുകളുടെ വ്യാമോഹം. പക്ഷേ, അതപ്പടി തകര്‍ന്നു തരിപ്പണമായി. ഗൂഢാലോചനകളത്രയും വെളിച്ചത്തുവന്നു. ഗുരുതരമായ ശിക്ഷ ഏതു നിമിഷവും വരാം എന്ന അസ്വസ്ഥാവസ്ഥയിലാണ് പിന്നെയവര്‍ കഴിഞ്ഞത്. വിശ്വാസികളുടെയും കപടന്മാരുടെയും കര്‍മങ്ങള്‍ക്ക് ചിന്തോദ്ദീപകമായ ഉപമയാണ് ഇവിടെ പറഞ്ഞിരിക്കുന്നത്.

أَفَمَنۡ أَسَّسَ بُنۡيَٰنَهُۥ عَلَىٰ تَقۡوَىٰ مِنَ ٱللَّهِ وَرِضۡوَٰنٍ خَيۡرٌ أَم مَّنۡ أَسَّسَ بُنۡيَٰنَهُۥ عَلَىٰ شَفَا جُرُفٍ هَارٖ فَٱنۡهَارَ بِهِۦ فِي نَارِ جَهَنَّمَۗ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلظَّٰلِمِينَ ۝١٠٩
لَا يَزَالُ بُنۡيَٰنُهُمُ ٱلَّذِي بَنَوۡاْ رِيبَةٗ فِي قُلُوبِهِمۡ إِلَّآ أَن تَقَطَّعَ قُلُوبُهُمۡۗ وَٱللَّهُ عَلِيمٌ حَكِيمٌ ۝١١٠
111

സ്വര്‍ഗം തരാം എന്ന വ്യവസ്ഥയില്‍ സത്യവിശ്വാസികളില്‍ നിന്ന് അവരുടെ ധന-ദേഹങ്ങള്‍ അല്ലാഹു വിലകൊടുത്ത് വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ വഴിയില്‍ യുദ്ധം ചെയ്യുകയും തദ്വാരാ വധിക്കുകയും വധിക്കപ്പെടുകയും (സ്വര്‍ഗപ്രാപ്തരാവുകയും) ചെയ്യുന്നു. തൗറാത്തിലും ഇന്‍ജീലിലും ഖുര്‍ആനിലുമുള്ള അല്ലാഹുവിന്റെ സത്യവാഗ്ദാനമത്രേ ഇത്. അവനെക്കാള്‍ വലിയ വാഗ്ദാനപാലകന്‍ ആരുണ്ട്! അതുകൊണ്ട്, അവനുമായി നടത്തിയ ഈ ഇടപാടില്‍ നിങ്ങള്‍ ആഹ്ലാദ ഭരിതരാവുക. മഹത്തായ വിജയമത്രേ അത്.47

1 വിശദീകരണം കാണുക

47. വിശുദ്ധ മതത്തിന്റെ സംരക്ഷണാര്‍ത്ഥം ത്യാഗങ്ങളും കഷ്ടപ്പാടുകളും അനുഷ്ഠിക്കുകയും ധര്‍മ സമരം ചെയ്യുകയും അതിനായി സ്വത്തുസമ്പാദ്യങ്ങളും സ്വശരീരം തന്നെയും സമര്‍പ്പിക്കുകയും ചെയ്യുന്നവര്‍ ദൃഢീകൃതമായ ഒരിടപാട് നടത്തുകയാണ്. വില്‍ക്കുന്നത് സത്യവിശ്വാസി, വാങ്ങുന്നത് അല്ലാഹു, വില സ്വര്‍ഗം, സാക്ഷികള്‍ മാലാഖമാര്‍, ഈടും പ്രമാണവും വേദഗ്രന്ഥങ്ങള്‍, മധ്യസ്ഥന്‍ നബി തിരുമേനി (സ്വ)-ഇങ്ങനെയാണ് ആ ഇടപാട്. ഇതു ചെയ്തവര്‍ മഹാവിജയം നേടിക്കഴിഞ്ഞു.

۞ إِنَّ ٱللَّهَ ٱشۡتَرَىٰ مِنَ ٱلۡمُؤۡمِنِينَ أَنفُسَهُمۡ وَأَمۡوَٰلَهُم بِأَنَّ لَهُمُ ٱلۡجَنَّةَۚ يُقَٰتِلُونَ فِي سَبِيلِ ٱللَّهِ فَيَقۡتُلُونَ وَيُقۡتَلُونَۖ وَعۡدًا عَلَيۡهِ حَقّٗا فِي ٱلتَّوۡرَىٰةِ وَٱلۡإِنجِيلِ وَٱلۡقُرۡءَانِۚ وَمَنۡ أَوۡفَىٰ بِعَهۡدِهِۦ مِنَ ٱللَّهِۚ فَٱسۡتَبۡشِرُواْ بِبَيۡعِكُمُ ٱلَّذِي بَايَعۡتُم بِهِۦۚ وَذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ ۝١١١
112

അവര്‍ പശ്ചാത്തപിക്കുന്നവരും ആരാധനാനിമഗ്‌നരും സ്തുതിഗീതങ്ങളര്‍പ്പിക്കുന്നവരും നോമ്പനുഷ്ഠിക്കുന്നവരും റുകൂഅ്-സുജൂദുകള്‍ ചെയ്യുന്നവരും നന്മകല്‍പിക്കുന്നവരും തിന്മ വിരോധിക്കുന്നവരും അല്ലാഹുവിന്റെ പരിധികള്‍ കാത്തുസൂക്ഷിക്കുന്നവരുമായിരിക്കും. സത്യവിശ്വാസികള്‍ക്ക് താങ്കള്‍ ശുഭവാര്‍ത്തയറിയിക്കുക.

ٱلتَّٰٓئِبُونَ ٱلۡعَٰبِدُونَ ٱلۡحَٰمِدُونَ ٱلسَّٰٓئِحُونَ ٱلرَّٰكِعُونَ ٱلسَّٰجِدُونَ ٱلۡأٓمِرُونَ بِٱلۡمَعۡرُوفِ وَٱلنَّاهُونَ عَنِ ٱلۡمُنكَرِ وَٱلۡحَٰفِظُونَ لِحُدُودِ ٱللَّهِۗ وَبَشِّرِ ٱلۡمُؤۡمِنِينَ ۝١١٢
113–114

ബഹുദൈവവിശ്വാസികള്‍ നരകാവകാശികളാണെന്ന് സ്പഷ്ടമായിക്കഴിഞ്ഞ ശേഷം അവര്‍ക്കുവേണ്ടി -അടുത്ത ബന്ധുക്കളായാല്‍ പോലും- പാപമോചനമര്‍ത്ഥിക്കാന്‍ പ്രവാചകനും സത്യവിശ്വാസികള്‍ക്കും പാടില്ല. എന്നാല്‍ ഇബ്രാഹീം നബി സ്വപിതാവിനുവേണ്ടി പാപമോചനം തേടിയത്, പിതാവിനോട് അങ്ങനെയൊരു വാഗ്ദാനമുണ്ടായിരുന്നതിനാല്‍ മാത്രമാണ്. അദ്ദേഹം അല്ലാഹുവിന്റെ ശത്രു തന്നെയാണെന്ന് ബോധ്യമായപ്പോള്‍ താന്‍ അതില്‍ നിന്നു പിന്മാറി. ഇബ്രാഹീം നബി വളരെ വിനീതനും സഹനശീലനും തന്നെയാകുന്നു48

1 വിശദീകരണം കാണുക

48. പിതൃവ്യന്‍ അബൂഥാലിബിന്റെ മരണ സമയത്ത് നബി (സ്വ) സത്യസാക്ഷ്യ വചനം ചൊല്ലിക്കൊടുക്കുകയുണ്ടായി. അദ്ദേഹമത് പറയാതെ മരിച്ചു. നിരോധം വരുന്നില്ലെങ്കില്‍ താങ്കള്‍ക്കുവേണ്ടി ഞാന്‍ പാപമോചനമര്‍ത്ഥിക്കുമെന്നു തത്സമയം നബി പറഞ്ഞു. അപ്പോഴാണ് ഈ സൂക്താവതരണം. (മുസ്‌ലിം). വാഗ്ദാന പാലനാര്‍ത്ഥം ഇബ്രാഹീം നബി(അ) സ്വപിതാവിനുവേണ്ടി പാപമോചനം തേടിയെങ്കിലും അദ്ദേഹം നിഷേധിതന്നെയാണെന്നു ബോധ്യമായപ്പോള്‍ അതുപേക്ഷിക്കുകയുണ്ടായി.

مَا كَانَ لِلنَّبِيِّ وَٱلَّذِينَ ءَامَنُوٓاْ أَن يَسۡتَغۡفِرُواْ لِلۡمُشۡرِكِينَ وَلَوۡ كَانُوٓاْ أُوْلِي قُرۡبَىٰ مِنۢ بَعۡدِ مَا تَبَيَّنَ لَهُمۡ أَنَّهُمۡ أَصۡحَٰبُ ٱلۡجَحِيمِ ۝١١٣
وَمَا كَانَ ٱسۡتِغۡفَارُ إِبۡرَٰهِيمَ لِأَبِيهِ إِلَّا عَن مَّوۡعِدَةٖ وَعَدَهَآ إِيَّاهُ فَلَمَّا تَبَيَّنَ لَهُۥٓ أَنَّهُۥ عَدُوّٞ لِّلَّهِ تَبَرَّأَ مِنۡهُۚ إِنَّ إِبۡرَٰهِيمَ لَأَوَّٰهٌ حَلِيمٞ ۝١١٤
115–116

ഒരു ജനപഥം കാത്തു സൂക്ഷിക്കേണ്ട കാര്യങ്ങള്‍ അവര്‍ക്കു സ്പഷ്ടമാക്കിക്കൊടുത്ത ശേഷമല്ലാതെ, താന്‍ സന്മാര്‍ഗത്തിലേക്കു നയിച്ച ആ ജനപഥത്തെ ദുര്‍മാര്‍ഗത്തിലാക്കുന്ന രീതി അല്ലാഹുവിനില്ല. സകല കാര്യങ്ങളെപ്പറ്റിയും സൂക്ഷ്മജ്ഞാനി തന്നെയാണവന്‍. ഭുവന-വാനങ്ങളുടെ ആധിപത്യം അല്ലാഹുവിനു മാത്രമാണ്. അവനാണ് ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും. അവനെക്കൂടാതെ ഒരു രക്ഷാധികാരിയും സഹായിയും നിങ്ങള്‍ക്കില്ല.

وَمَا كَانَ ٱللَّهُ لِيُضِلَّ قَوۡمَۢا بَعۡدَ إِذۡ هَدَىٰهُمۡ حَتَّىٰ يُبَيِّنَ لَهُم مَّا يَتَّقُونَۚ إِنَّ ٱللَّهَ بِكُلِّ شَيۡءٍ عَلِيمٌ ۝١١٥
إِنَّ ٱللَّهَ لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ يُحۡيِۦ وَيُمِيتُۚ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِيّٖ وَلَا نَصِيرٖ ۝١١٦
117–118

പ്രവാചകന്നും പ്രതിസന്ധിഘട്ടത്തില്‍ അവിടത്തെ അനുധാവനം ചെയ്തു ദേശത്യാഗം ചെയ്തവര്‍ക്കും അവരുടെ സഹായികളായവര്‍ക്കും അല്ലാഹു മാപ്പരുളിയിരിക്കുന്നു; അവരില്‍ ഒരു പറ്റത്തിന്റെ മനസ്സ് വഴിതെറ്റുമാറായിരുന്ന ശേഷം. പിന്നീടവന്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചു.49
അവരോട് ഏറെ ദയാലുവും കാരുണ്യവാനുമത്രേ അവന്‍. തീരുമാനം പിന്തിച്ചു വെക്കപ്പെട്ടിരുന്ന മൂന്നാള്‍ക്കും മാപ്പു നല്‍കി; തങ്ങളുടെ പ്രശ്‌നം നീട്ടി വെക്കപ്പെട്ടപ്പോള്‍ പ്രവിശാലമായ ഭൂമി അവര്‍ക്ക് ഏറെ കുടുസ്സായിരുന്നു. സ്വജീവന്‍ തന്നെ സങ്കോചിച്ചു; അല്ലാഹുവിങ്കല്‍ നിന്നു അവങ്കലേക്കു മാത്രമേ അഭയസ്ഥാനമുള്ളൂ എന്നവര്‍ക്കു ബോധ്യപ്പെട്ടു. പിന്നീട് അല്ലാഹു അവര്‍ക്ക് പശ്ചാത്താപത്തിനവസരമുണ്ടാക്കി; അവര്‍ ഖേദിച്ചു മടങ്ങുന്നവരാകാന്‍. അവന്‍ ധാരാളമായി പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാമയനുമത്രേ.50

2 വിശദീകരണങ്ങൾ കാണുക

49. തബൂക്ക് യുദ്ധയാത്രാവേളയാണ് പ്രതിസന്ധി ഘട്ടത്തിന്റെ വിവക്ഷ. കഠിന ചൂട്, സന്നാഹങ്ങളുടെ അപര്യാപ്തത, ലക്ഷ്യസ്ഥലത്തിന്റെ വിദൂരത എന്നിവയെല്ലാമായി അവര്‍ അതീവ ഗുരുതര പ്രതിസന്ധിയിലായിരുന്നു. വഴിയിലൊരിടത്ത് വിശ്രമിക്കാനിറങ്ങി ദാഹജലം കിട്ടാതെ വന്നപ്പോള്‍ ഒട്ടകത്തെയറുത്ത് അതിന്റെ വയറ്റിലെ വെള്ളം പിഴിഞ്ഞു കുടിക്കേണ്ട ബീഭല്‍സ ഘട്ടം വരെയുണ്ടായി. സ്വിദ്ദീഖ് (റ)ന്റെ ദയനീയാപേക്ഷ അനുസരിച്ച് നബി(സ്വ) ദുആ ചെയ്തപ്പോള്‍ തങ്ങള്‍ക്കു മാത്രമായി മഴ ലഭിച്ചതുകൊണ്ടാണവര്‍ കൂട്ടമരണ ത്തില്‍ നിന്നു രക്ഷപ്പെട്ടത്! (ഹാക്കിം, ബൈഹഖി).

50. കറകളഞ്ഞ സത്യവിശ്വാസികളായ മൂന്നുപേര്‍ തബൂക്ക് യുദ്ധത്തില്‍ നിന്നു ഒഴിഞ്ഞു നിന്നിരുന്നു. സൂക്തം 106-ന്റെ വിശദീകരണം കാണുക. അവരുടെ ആത്മാര്‍ത്ഥമായ പശ്ചാത്താപം അല്ലാഹു സ്വീകരിച്ചു. അമ്പത് ദിവസങ്ങള്‍ കഴിഞ്ഞായിരുന്നു അത്. ജീവിതത്തിലെ ഏറ്റം സന്തോഷകരമായ ദിനമായിരുന്നു അവര്‍ക്ക് ഈ പശ്ചാത്താപ സ്വീകാരദിവസം.

لَّقَد تَّابَ ٱللَّهُ عَلَى ٱلنَّبِيِّ وَٱلۡمُهَٰجِرِينَ وَٱلۡأَنصَارِ ٱلَّذِينَ ٱتَّبَعُوهُ فِي سَاعَةِ ٱلۡعُسۡرَةِ مِنۢ بَعۡدِ مَا كَادَ يَزِيغُ قُلُوبُ فَرِيقٖ مِّنۡهُمۡ ثُمَّ تَابَ عَلَيۡهِمۡۚ إِنَّهُۥ بِهِمۡ رَءُوفٞ رَّحِيمٞ ۝١١٧
وَعَلَى ٱلثَّلَٰثَةِ ٱلَّذِينَ خُلِّفُواْ حَتَّىٰٓ إِذَا ضَاقَتۡ عَلَيۡهِمُ ٱلۡأَرۡضُ بِمَا رَحُبَتۡ وَضَاقَتۡ عَلَيۡهِمۡ أَنفُسُهُمۡ وَظَنُّوٓاْ أَن لَّا مَلۡجَأَ مِنَ ٱللَّهِ إِلَّآ إِلَيۡهِ ثُمَّ تَابَ عَلَيۡهِمۡ لِيَتُوبُوٓاْۚ إِنَّ ٱللَّهَ هُوَ ٱلتَّوَّابُ ٱلرَّحِيمُ ۝١١٨
119–121

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യസന്ധന്മാരൊന്നിച്ചാവുകയും ചെയ്യുക. മദീനക്കാര്‍ക്കും അവരുടെ പരിസരത്തുള്ള ഗ്രാമവാസികള്‍ക്കും റസൂലിനെ വിട്ട് മാറിനില്‍ക്കാനോ അവിടത്തെയവഗണിച്ച് സ്വന്തം കാര്യങ്ങളില്‍ തല്‍പരരാകാനോ പാടില്ല.51
കാരണം, അല്ലാഹുവിന്റെ വഴിയില്‍ അവര്‍ക്ക് വിശപ്പോ ദാഹമോ ക്ഷീണമോ ഉണ്ടാവുകയോ, നിഷേധികള്‍ക്ക് രോഷമുണ്ടാക്കുന്ന ഒരിടത്ത് അവര്‍ കാലെടുത്തു വെക്കുകയോ പ്രതിയോഗിക്ക് ദ്രോഹമേല്‍പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവയത്രയും സല്‍കര്‍മമായി ഉല്ലേഖിതമാകാതിരിക്കില്ല. പുണ്യവാന്മാരുടെ പ്രതിഫലം അല്ലാഹു പാഴാക്കുന്നതല്ല, തീര്‍ച്ച. അതുപോലെ തന്നെ, ചെറിയതോ വലിയതോ ആയ ഒരു തുക അല്ലാഹുവിന്റെ വഴിയില്‍ അവര്‍ ചെലവഴിക്കുകയോ ഒരു താഴ്‌വര അവര്‍ മുറിച്ചു കടക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതും സല്‍പ്രവൃത്തികളായി അവരുടെ പേരില്‍ രേഖപ്പെടുത്താതിരിക്കില്ല തന്നെ. അവര്‍ അനുവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഉദാത്ത കൃത്യങ്ങള്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കാനാണിത്.

1 വിശദീകരണം കാണുക

51. സത്യസന്ധത വിശ്വാസിയുടെ മുഖമുദ്രയാണ്. സത്യനിഷ്ഠരായ ആളുകളൊത്താകണം മുസ്‌ലി മിന്റെ ജീവിതവും ചിന്തയും ഇടപെടലുകളുമെല്ലാം. ചാരിയാല്‍ ചാരിയതാണല്ലോ മണക്കുക. തിരുമേനി (സ്വ)യെയോ അവിടത്തെ തിരുചര്യയോ കൈവിടാന്‍ ഒരു മുസ്‌ലിമിന്ന് പാടില്ലെന്ന് ഈ സൂക്തങ്ങള്‍ സ്പഷ്ടമായി പഠിപ്പിക്കുന്നുണ്ട്. തദാവശ്യാര്‍ത്ഥം വിശ്വാസികള്‍ ചെയ്യുന്ന ഏതു പ്രവൃത്തിക്കും അതിമഹത്തായ പ്രതിഫലമുണ്ടാകും. 'ഞാന്‍ ഏതൊരാദര്‍ശവുമായി വന്നിട്ടുണ്ടോ അതുമായി സ്വമേധയാ താദാത്മ്യം പ്രാപിക്കുന്നതുവരെയും നിങ്ങളിലാരും പൂര്‍ണവിശ്വാസിയാകുന്നതല്ല' എന്ന സുപ്രസിദ്ധ നബിവചനം ഇവിടെ പ്രത്യേകം സ്മരണീയമാണ്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَكُونُواْ مَعَ ٱلصَّٰدِقِينَ ۝١١٩
مَا كَانَ لِأَهۡلِ ٱلۡمَدِينَةِ وَمَنۡ حَوۡلَهُم مِّنَ ٱلۡأَعۡرَابِ أَن يَتَخَلَّفُواْ عَن رَّسُولِ ٱللَّهِ وَلَا يَرۡغَبُواْ بِأَنفُسِهِمۡ عَن نَّفۡسِهِۦۚ ذَٰلِكَ بِأَنَّهُمۡ لَا يُصِيبُهُمۡ ظَمَأٞ وَلَا نَصَبٞ وَلَا مَخۡمَصَةٞ فِي سَبِيلِ ٱللَّهِ وَلَا يَطَـُٔونَ مَوۡطِئٗا يَغِيظُ ٱلۡكُفَّارَ وَلَا يَنَالُونَ مِنۡ عَدُوّٖ نَّيۡلًا إِلَّا كُتِبَ لَهُم بِهِۦ عَمَلٞ صَٰلِحٌۚ إِنَّ ٱللَّهَ لَا يُضِيعُ أَجۡرَ ٱلۡمُحۡسِنِينَ ۝١٢٠
وَلَا يُنفِقُونَ نَفَقَةٗ صَغِيرَةٗ وَلَا كَبِيرَةٗ وَلَا يَقۡطَعُونَ وَادِيًا إِلَّا كُتِبَ لَهُمۡ لِيَجۡزِيَهُمُ ٱللَّهُ أَحۡسَنَ مَا كَانُواْ يَعۡمَلُونَ ۝١٢١
122–123

സത്യവിശ്വാസികള്‍ ഒന്നടങ്കം യുദ്ധത്തിനു പോയിക്കൂടാ. അവരിലെ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം നബിയൊന്നിച്ചു മതവിഷയങ്ങളില്‍ ജ്ഞാനമാര്‍ജിക്കാനും തങ്ങളുടെയാളുകള്‍ യുദ്ധം കഴിഞ്ഞു മടങ്ങിയെത്തിയാല്‍ അവര്‍ക്ക് താക്കീതു നല്‍കാനും എന്തുകൊണ്ടു പുറപ്പെടുന്നില്ല?52
അവര്‍ സൂക്ഷ്മത പുലര്‍ത്തുവാന്‍ വേണ്ടി. സത്യവിശ്വാസികളേ, നിങ്ങളുടെ സമീപ വാസികളായ നിഷേധികളോട് യുദ്ധം ചെയ്യുക; നിങ്ങളുടെ പാരുഷ്യം അവര്‍ കാണട്ടെ. സൂക്ഷ്മാലുക്കളൊന്നിച്ചാണ് അല്ലാഹു എന്ന് നിങ്ങള്‍ ഗ്രഹിക്കുക.53

2 വിശദീകരണങ്ങൾ കാണുക

52. തബൂക്ക് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പിന്നീടുണ്ടായ യുദ്ധങ്ങളിലൊക്കെ സ്വഹാബികള്‍ അഹമഹമികയാ മുന്നോട്ട് വന്നു. നബി(സ്വ) പങ്കെടുക്കാത്ത യുദ്ധങ്ങളില്‍ അവിടത്തെ തനിച്ചു മദീനയിലാക്കി അവര്‍ പോയി. തത്സമയം അവതരിച്ചുകൊണ്ടിരുന്ന മതനിയമങ്ങള്‍ സ്വഹാബികള്‍ക്കു ഗ്രഹിക്കാന്‍ ഇതു തടസ്സമായി ഭവിച്ചു. ഈ പശ്ചാത്തലത്തിലാണ്, ഒന്നടങ്കം യുദ്ധത്തിനു പോകരുതെന്നും മതം പഠിക്കാനും രണാങ്കണങ്ങളില്‍ പോയി തിരിച്ചു വരുന്നവര്‍ക്ക് അതു പഠിപ്പിച്ചുകൊടുക്കാനുമായി ഒരു വിഭാഗമാളുകള്‍ മദീനയില്‍ നബിയൊന്നിച്ചു തന്നെ നിലകൊള്ളണമെന്നും കല്‍പന വന്നത്. മതപഠനത്തിന്റെ പ്രാധാന്യം ഇതു വിളിച്ചോതുന്നുണ്ട്.

53. നിഷേധികളുമായി നേരത്തെയുണ്ടായിരുന്ന സൗഹൃദവും സ്‌നേഹവും ബന്ധങ്ങളും അവസാനിപ്പിക്കണം; കാരണം, ദിവസം ചെല്ലും തോറും ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള ശത്രുതക്ക് മൂര്‍ച്ച കൂട്ടാനാണവര്‍ ശ്രമിച്ചു കൊണ്ടിരുന്നത്. ബദ്‌റിലും ഉഹുദിലും മറ്റു യുദ്ധങ്ങളിലും നിന്നൊന്നും യാതൊരു ഗുണപാഠങ്ങളും അവരുള്‍ക്കൊണ്ടില്ല. എണ്ണത്തില്‍ കുറവാണെന്നു കണ്ട് മുസ്‌ലിംകളെ സംഹരിച്ചു ഭസ്മീകരിക്കാമെന്ന നിഷേധികളുടെ വ്യാമോഹത്തിന് അറുതിവരുത്തണം; വീര്യവും ശൂരതയും ധൈര്യവും സ്ഥൈര്യവും കൈവിടരുത് എന്നെല്ലാമാണ് താല്‍പര്യം. നീണ്ട വര്‍ഷങ്ങളിലായി വിശ്വാസികള്‍ മുറുകെ പിടിച്ച സഹനത്തിനും നിസ്തുലമായ ക്ഷമക്കും സഹിഷ്ണുതാനടപടികള്‍ക്കും ശേഷമായിരുന്നു ഈ കല്‍പന എന്നത് അവിസ്മരണീയമത്രേ.

۞ وَمَا كَانَ ٱلۡمُؤۡمِنُونَ لِيَنفِرُواْ كَآفَّةٗۚ فَلَوۡلَا نَفَرَ مِن كُلِّ فِرۡقَةٖ مِّنۡهُمۡ طَآئِفَةٞ لِّيَتَفَقَّهُواْ فِي ٱلدِّينِ وَلِيُنذِرُواْ قَوۡمَهُمۡ إِذَا رَجَعُوٓاْ إِلَيۡهِمۡ لَعَلَّهُمۡ يَحۡذَرُونَ ۝١٢٢
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ قَٰتِلُواْ ٱلَّذِينَ يَلُونَكُم مِّنَ ٱلۡكُفَّارِ وَلۡيَجِدُواْ فِيكُمۡ غِلۡظَةٗۚ وَٱعۡلَمُوٓاْ أَنَّ ٱللَّهَ مَعَ ٱلۡمُتَّقِينَ ۝١٢٣
124–127

ഏതെങ്കിലുമൊരു ഖുര്‍ആനികാധ്യായം അവതീര്‍ണമാകുമ്പോള്‍ 'നിങ്ങളിലാര്‍ക്കാണിത് വിശ്വാസം വര്‍ധിപ്പിച്ചത്' എന്ന് ചില കപടവിശ്വാസികള്‍ പരിഹാസാത്മകമായി ചോദിക്കും. എന്നാല്‍, സത്യവിശ്വാസികള്‍ക്ക് അതവരുടെ വിശ്വാസം വര്‍ധിപ്പിക്കുക തന്നെയാണുണ്ടായത്. അവര്‍ സന്തോഷ ഭരിതരാവുകയും ചെയ്യും. എന്നാല്‍, ഹൃദയങ്ങളില്‍ കാപട്യ രോഗമുള്ളവര്‍ക്കത് മേല്‍ക്കുമേല്‍ മാലിന്യം വര്‍ദ്ധിപ്പിക്കുകയാണു ചെയ്യുക. സത്യനിഷേധികളായിക്കൊണ്ടുതന്നെ അവര്‍ മരിക്കുന്നതുമാണ്. ഓരോ കൊല്ലവും ഒന്നോ രണ്ടോ വട്ടം തങ്ങള്‍ പരീക്ഷണവിധേയരാവുക തന്നെ ചെയ്യുന്നുണ്ട് എന്ന് അവര്‍ കാണുന്നില്ലേ? എന്നിട്ടുമവര്‍ പശ്ചാത്തപിക്കുകയോ ആലോചിക്കുകയോ ചെയ്യുന്നില്ല. ഒരു ഖുര്‍ആനികാധ്യായമവതീര്‍ണമായാല്‍, അവരില്‍ ചിലര്‍ മറ്റുചിലരെ, നിങ്ങളെയാരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന ഭാവേന നോക്കുകയും എന്നിട്ട് തടിയൂരുകയും ചെയ്യും. വസ്തുത മനസ്സിലാക്കാത്ത ഒരു ജനവിഭാഗമാകയാല്‍ അവരുടെ ഹൃദയങ്ങള്‍ അല്ലാഹു വ്യതിചലിപ്പിച്ചിരിക്കുകയാണ്.54

1 വിശദീകരണം കാണുക

54. വിശുദ്ധഖുര്‍ആന്‍ എക്കാലത്തും നിഷേധികള്‍ക്ക് തലവേദനയായിരുന്നുവല്ലോ. കപടവിശ്വാസികളുടെ ഒരു പ്രധാനജോലി അതില്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കുകയും സംശയത്തിന്റെ പുകമറകള്‍ സൃഷ്ടിക്കുകയും ചെയ്യലായിരന്നു. അതാണിവിടെ വിവരിക്കുന്നത്. 'അവര്‍ വിധേയരായിരുന്ന പരീക്ഷണങ്ങള്‍' എന്നതു സംബന്ധിച്ചു ഭിന്നപക്ഷമുണ്ട് - ക്ഷാമം, പട്ടിണി, യുദ്ധം, അപമാനം, രോഗങ്ങള്‍ ഇങ്ങനെ പല വിവക്ഷകളും മുഫസ്സിറുകള്‍ പറഞ്ഞിട്ടുണ്ട്. സത്യം മനസ്സിലാകായ്കയല്ല, അതിനുള്ള സന്നദ്ധത ഇല്ലായ്മയാണ് ഇവരുടെ കുഴപ്പമെന്നാണിവിടെ വ്യക്തമാക്കുന്നത്. നബി (സ്വ)യുടെ സദസ്സില്‍നിന്നു പലപ്പോഴും ഊര്‍ന്നിറങ്ങി രക്ഷപ്പെടുമായിരുന്നു കപടവിശ്വാസികള്‍. അവതരിപ്പിക്കപ്പെടുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെയും പ്രവാചകീയ ഉപദേശനിര്‍ദേശങ്ങളുടെയുമൊന്നും സല്‍ഫലങ്ങള്‍ തങ്ങള്‍ക്കാവശ്യമില്ല എന്ന നിഷേധാത്മക നിലപാടിലായിരുന്നല്ലോ അവര്‍.

وَإِذَا مَآ أُنزِلَتۡ سُورَةٞ فَمِنۡهُم مَّن يَقُولُ أَيُّكُمۡ زَادَتۡهُ هَٰذِهِۦٓ إِيمَٰنٗاۚ فَأَمَّا ٱلَّذِينَ ءَامَنُواْ فَزَادَتۡهُمۡ إِيمَٰنٗا وَهُمۡ يَسۡتَبۡشِرُونَ ۝١٢٤
وَأَمَّا ٱلَّذِينَ فِي قُلُوبِهِم مَّرَضٞ فَزَادَتۡهُمۡ رِجۡسًا إِلَىٰ رِجۡسِهِمۡ وَمَاتُواْ وَهُمۡ كَٰفِرُونَ ۝١٢٥
أَوَلَا يَرَوۡنَ أَنَّهُمۡ يُفۡتَنُونَ فِي كُلِّ عَامٖ مَّرَّةً أَوۡ مَرَّتَيۡنِ ثُمَّ لَا يَتُوبُونَ وَلَا هُمۡ يَذَّكَّرُونَ ۝١٢٦
وَإِذَا مَآ أُنزِلَتۡ سُورَةٞ نَّظَرَ بَعۡضُهُمۡ إِلَىٰ بَعۡضٍ هَلۡ يَرَىٰكُم مِّنۡ أَحَدٖ ثُمَّ ٱنصَرَفُواْۚ صَرَفَ ٱللَّهُ قُلُوبَهُم بِأَنَّهُمۡ قَوۡمٞ لَّا يَفۡقَهُونَ ۝١٢٧
128

സ്വന്തത്തില്‍ നിന്നു തന്നെയുള്ള ഒരു റസൂല്‍ നിങ്ങള്‍ക്കിതാ വന്നിരിക്കുന്നു. നിങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നത് അവിടത്തേക്ക് അസഹനീയമാണ്. നിങ്ങളുടെ സന്മാര്‍ഗ പ്രാപ്തിയില്‍ അതീവേച്ഛുവും സത്യവിശ്വാസികളോട് ഏറെ ആര്‍ദ്രനും ദയാലുവുമാണ് അവിടന്ന്.55

1 വിശദീകരണം കാണുക

55. ഈ ഖുര്‍ആന്റെയും അതിന്റെ വ്യാഖ്യാതാവായി വന്ന റസൂലിന്റെയും പന്ഥാവ് ദുര്‍വഹവും പ്രയാസപൂര്‍ണവുമാണെന്ന് ചിലയാളുകല്‍ക്ക് തോന്നിയേക്കാം. അതിനുള്ള മറുപടിയാണ് ഈ സൂക്തം. മനുഷ്യരോട് അങ്ങേയറ്റത്തെ വാത്സല്യവും കാരുണ്യവും ആര്‍ദ്രതയുമെല്ലാമാണ് തിരുമേനിക്കുള്ളത്. ഈ മതത്തില്‍ ഒരു വിധ പ്രയാസവും അല്ലാഹു നിശ്ചയിച്ചിട്ടില്ല എന്നു ഖുര്‍ആന്‍ (22:78) പറയുന്നുണ്ട്. വിവിധ ഹദീസുകളിലൂടെ നബി(സ്വ)യും അതു പഠിപ്പിച്ചു. അവസാന നിമിഷങ്ങളില്‍ പോലും സ്വസമുദാ യത്തിന്റെ ശാശ്വത മോക്ഷമായിരുന്നു റസൂല്‍ (സ്വ) സംസാരിച്ചിരുന്നതെന്ന ചരിത്രം പ്രസിദ്ധമാണ്. നബി(സ്വ)യുടെ നിയോഗം തന്നെ ലോകത്തിനാകമാനം അനുഗ്രഹമാണല്ലോ. (അല്‍ അമ്പിയാഅ്: 107). സകല വിധ മാനവിക മൂല്യങ്ങളുടെയും ധാര്‍മികാധ്യാപനങ്ങളുടെയും സംസ്ഥാപനമാണു തിരുമേനി സാധിച്ചത്. (സൂറത്തുല്‍ അഅ്‌റാഫ്:157). അവിടത്തെ ജീവചരിത്രം നിഷ്പക്ഷമായി നിരൂപണ വിധേയമാക്കിയ ചരിത്രകാരന്മാര്‍ ഈ വസ്തുത അംഗീകരിച്ചു കഴിഞ്ഞതാണ്.

لَقَدۡ جَآءَكُمۡ رَسُولٞ مِّنۡ أَنفُسِكُمۡ عَزِيزٌ عَلَيۡهِ مَا عَنِتُّمۡ حَرِيصٌ عَلَيۡكُم بِٱلۡمُؤۡمِنِينَ رَءُوفٞ رَّحِيمٞ ۝١٢٨
129

ഇനി അവര്‍ വ്യതിചലിച്ചു കളയുന്നുവെങ്കില്‍ അങ്ങു പ്രതികരിക്കുക: എനിക്ക് അല്ലാഹു മതി; അവനല്ലാതെ യാതൊരാരാധ്യനുമില്ല. അവനില്‍ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു. മഹോന്നതമായ സിംഹാസനത്തിന്റെ അധിപനത്രേ അവന്‍56

1 വിശദീകരണം കാണുക

56. അതീവ ഗൗരവതരമായ ഒരു താക്കീതുമായാണ് അധ്യായം അവസാനിക്കുന്നത്. കപടവിശ്വാസിക ള്‍, ബഹുദൈവാരാധകര്‍, സത്യനിഷേധികള്‍ തുടങ്ങിയവരുമായിട്ടാണ് ഇതുവരെയും ഖുര്‍ആന്‍ സംവദിച്ചുകൊണ്ടിരുന്നത്. ബുദ്ധിയെയും ചിന്തയെയും ഇത്രയൊക്കെ തട്ടിയുണര്‍ത്തി, സത്യാന്വേഷിയായ ഏതൊരു വ്യക്തിക്കും സുഗ്രാഹ്യമാകും വിധം കാര്യങ്ങള്‍ നിരത്തിവെച്ചിട്ടും ആളുകള്‍ പുറം തിരിഞ്ഞു പോവുകയാണു ചെയ്യുന്നതെങ്കില്‍ നബിയേ, താങ്കള്‍ ഒട്ടും പരിഭവിക്കേണ്ട - എനിക്ക് അല്ലാഹു മതി എന്ന് താങ്കള്‍ പ്രഖ്യാപിച്ചുകൊള്ളുക. അല്ലാഹുവിങ്കല്‍ കാര്യങ്ങള്‍ ഭരമേല്‍പിക്കുന്ന ഒരാള്‍ക്ക് അവന്‍ തന്നെ മതി എന്നാണല്ലോ ഖുര്‍ആന്റെ (65:3) അധ്യാപനം

فَإِن تَوَلَّوۡاْ فَقُلۡ حَسۡبِيَ ٱللَّهُ لَآ إِلَٰهَ إِلَّا هُوَۖ عَلَيۡهِ تَوَكَّلۡتُۖ وَهُوَ رَبُّ ٱلۡعَرۡشِ ٱلۡعَظِيمِ ۝١٢٩