Sunday, 11 October 2026 Hijri: — 11:47:57 am
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

യൂനുസ് يونس Yunus

Surah 10 മക്കിയ്യ • مكية • Makkiyah 109 ആയത്തുകൾ • 109 Ayahs

സൂറത്ത് യൂനുസ് (Yunus), ഖുർആൻ അധ്യായം 10 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 109 ആയത്തുകൾ വായിക്കുക. Read Surah Yunus with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–2

അലിഫ് ലാം റാ. ഇവ വിജ്ഞാന സമ്പൂര്‍ണമായ വേദഗ്രന്ഥത്തിലെ വാക്യങ്ങളാകുന്നു. മാനവതക്കു താക്കീതു നല്‍കുകയും വിശ്വാസികള്‍ക്കു തങ്ങളുടെ നാഥങ്കല്‍ സമുല്‍കൃഷ്ട പദവിയുണ്ടെന്ന ശുഭവാര്‍ത്തയറിയിക്കുകയും ചെയ്യുക എന്ന ദൗത്യവുമായി മനുഷ്യരില്‍ നിന്നു തന്നെയുള്ള ഒരാള്‍ക്കു നാം ബോധനം നല്‍കിയതില്‍ അവര്‍ക്കു വിസ്മയം തോന്നുകയാണോ? ഇദ്ദേഹം സ്പഷ്ടമായ ഒരാഭിചാരകന്‍ തന്നെയാണെന്ന കാര്യം തീര്‍ച്ച എന്നു സത്യ നിഷേധികള്‍ തട്ടിവിട്ടു1

1 വിശദീകരണം കാണുക

1. സൂറത്തു യൂനുസ് എന്നാണ് ഈ അധ്യായത്തിന്റെ പേര്. ചില കേവലാക്ഷരങ്ങള്‍ കൊണ്ടാണ് ആരംഭം. അതു സംബന്ധിച്ച് അല്‍ബഖറയുടെ തുടക്കത്തിലും മറ്റും വിവരിച്ചിട്ടുണ്ടല്ലോ. പ്രവാചകരില്‍ പ്രമുഖരായിരുന്ന യൂനുസ് നബി(അ)യുടെ ജനത സത്യ നിഷേധത്തില്‍ ഉറച്ച് നിന്നപ്പോള്‍ ഉന്‍മൂലനാശത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ തുടങ്ങി. തത്സമയം അവര്‍ പശ്ചാത്തപിച്ച് മടങ്ങി സത്യവിശ്വാസികളായി. അപ്പോള്‍ അല്ലാഹു അവരെ രക്ഷപ്പെടുത്തിയ സംഭവം പരാമര്‍ശിക്കുന്നത് കൊണ്ടാണ് ആ പേര് സൂറയ്ക്കു ലഭിച്ചത്.
ജനങ്ങളുടെ സന്‍മാര്‍ഗ ദര്‍ശനത്തിനായി അവരില്‍ നിന്ന് തന്നെയുള്ള ദൂതന്‍മാരെ നിയമിക്കുക എന്നത് അല്ലാഹുവിന്റെ സമ്പ്രദായം തന്നെയാണ്; അതില്‍ അത്ഭുതപ്പെടാന്‍ യാതൊന്നുമില്ലെന്ന് മക്കക്കാരെ സൂചിപ്പിച്ചാണ് പറയുന്നത്. അബ്ദുല്‍ മുത്തലിബിന്റെ ഈ യത്തീമിനെയല്ലാതെ അല്ലാഹുവിന്ന് മറ്റാരെയും റസൂലാക്കാന്‍ കിട്ടിയില്ലേ എന്നായിരുന്നു മക്കാമുശ്‌രിക്കുകളുടെ പരിഹാസം.

الٓرۚ تِلۡكَ ءَايَٰتُ ٱلۡكِتَٰبِ ٱلۡحَكِيمِ ۝١
أَكَانَ لِلنَّاسِ عَجَبًا أَنۡ أَوۡحَيۡنَآ إِلَىٰ رَجُلٖ مِّنۡهُمۡ أَنۡ أَنذِرِ ٱلنَّاسَ وَبَشِّرِ ٱلَّذِينَ ءَامَنُوٓاْ أَنَّ لَهُمۡ قَدَمَ صِدۡقٍ عِندَ رَبِّهِمۡۗ قَالَ ٱلۡكَٰفِرُونَ إِنَّ هَٰذَا لَسَٰحِرٞ مُّبِينٌ ۝٢
3–4

നിശ്ചയം, നിങ്ങളുടെ നാഥന്‍ അല്ലാഹുവാകുന്നു. ഭുവന-വാനങ്ങള്‍ ആറു ദിവസങ്ങളിലായി സൃഷ്ടിക്കുകയും അനന്തരം പ്രാപഞ്ചിക കാര്യങ്ങള്‍ നിയന്ത്രിച്ചു കൊണ്ട് സിംഹാസനാധിപത്യമേല്‍ക്കുകയും ചെയ്തവനാണവന്‍. അവന്റെ അനുമതിയനുസരിച്ചല്ലാതെ ഒരാളും ശുപാര്‍ശ ചെയ്യാനുണ്ടാവില്ല. അവനാണ് നിങ്ങളുടെ നാഥനായ അല്ലാഹു. അതിനാല്‍ അവനെ ആരാധിക്കുക, നിങ്ങള്‍ ചിന്തിച്ചു യാഥാര്‍ഥ്യം ഗ്രഹിക്കുന്നില്ലേ? നിങ്ങള്‍ സര്‍വരുടെയും മടക്കം അവങ്കലേക്കാകുന്നു. അല്ലാഹുവിന്റെ യഥാര്‍ഥ വാഗ്ദാനമാണിത്. സൃഷ്ടികര്‍മം ആരംഭിക്കുന്നത് അവനാണ്; വിശ്വസിക്കുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് നീതിപൂര്‍വം പ്രതിഫലം നല്‍കാനായി പിന്നീട് അതവന്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍ സത്യനിഷേധികള്‍ക്ക് അത്യുഷ്ണ പാനീയവും വേദനയുറ്റ ശിക്ഷയുമാണുണ്ടാവുക-സബോധം അവര്‍ സത്യനിഷേധം വരിച്ചിരുന്നതാണ് കാരണം2

1 വിശദീകരണം കാണുക

2. ഭൗതിക ജീവിതം ശാശ്വതമല്ലെന്നുണര്‍ത്തിയും സ്ഥിരജീവിത കേന്ദ്രമായ പാരത്രിക ലോകത്തെ സമ്പൂര്‍ണ ജയത്തിനുള്ള വസ്തുവഹകള്‍ ഇവിടെ വെച്ചു ശേഖരിക്കണമെന്ന് കല്‍പിച്ചും അതുസംബന്ധിച്ച മാര്‍ഗ ദര്‍ശനത്തിനു പ്രവാചകരെ അയച്ചുകൊണ്ടാണ് മനുഷ്യനിവിടെ അല്ലാഹു ആവാസമൊരുക്കിയത്. പക്ഷേ, സ്വന്തം കണ്‍മുമ്പില്‍ സത്യം ജ്വലിച്ചു പുലര്‍ന്നിട്ടും അവന്‍ നിഷേധിയായി, ബോധപൂര്‍വം തന്നെ. അതീവ ഗൗരവമായ കുറ്റം തന്നെയാണത്; തന്‍മൂലം കഠിന കഠോരമായ ശിക്ഷ അവര്‍ക്കുണ്ടായിരിക്കും.

إِنَّ رَبَّكُمُ ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ يُدَبِّرُ ٱلۡأَمۡرَۖ مَا مِن شَفِيعٍ إِلَّا مِنۢ بَعۡدِ إِذۡنِهِۦۚ ذَٰلِكُمُ ٱللَّهُ رَبُّكُمۡ فَٱعۡبُدُوهُۚ أَفَلَا تَذَكَّرُونَ ۝٣
إِلَيۡهِ مَرۡجِعُكُمۡ جَمِيعٗاۖ وَعۡدَ ٱللَّهِ حَقًّاۚ إِنَّهُۥ يَبۡدَؤُاْ ٱلۡخَلۡقَ ثُمَّ يُعِيدُهُۥ لِيَجۡزِيَ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ بِٱلۡقِسۡطِۚ وَٱلَّذِينَ كَفَرُواْ لَهُمۡ شَرَابٞ مِّنۡ حَمِيمٖ وَعَذَابٌ أَلِيمُۢ بِمَا كَانُواْ يَكۡفُرُونَ ۝٤
5–6

സൂര്യനെ ജ്വലിക്കുന്ന വെളിച്ചവും ചന്ദ്രനെ പ്രഭയുമാക്കിയത് അവനാണ്. വര്‍ഷങ്ങളുടെ എണ്ണവും കണക്കും നിങ്ങള്‍ക്കു ഗ്രഹിക്കാനായി അതിനവന്‍ വിവിധ സഞ്ചാര പഥങ്ങള്‍ നിര്‍ണയിച്ചു. ന്യായമായ ആവശ്യാര്‍ത്ഥം മാത്രമേ അല്ലാഹു അവ സൃഷ്ടിച്ചിട്ടുള്ളൂ. വസ്തുതകള്‍ ഗ്രഹിക്കുന്നവര്‍ക്കായി അവന്‍ ദൃഷ്ടാന്തങ്ങള്‍ പ്രതിപാദിക്കുന്നു. രാപ്പകലുകള്‍ മാറി വരുന്നതിലും ഭുവന-വാനങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളവയിലും സൂക്ഷ്മാലുക്കളായ ജനങ്ങള്‍ക്കു ദൃഷ്ടാന്തങ്ങളുണ്ട്3

1 വിശദീകരണം കാണുക

3. സ്വയം പ്രകാശിക്കുന്ന ജോതിര്‍ഗോളമാണു സൂര്യന്‍; അതിന്റെ പ്രഭ കടമെടുക്കുകയാണ് ചന്ദ്രന്‍ ചെയ്യുന്നത്. ഈ വ്യത്യസ്തതയിലേക്ക് പതിനാല് നൂറ്റാണ്ട് മുമ്പ് ഖുര്‍ആന്‍ വിരല്‍ ചൂണ്ടിയത് ഏറെ ശ്രദ്ധേയമാണ്. രണ്ടിനെയും ഖുര്‍ആനിലുടനീളം ഇങ്ങനെ ഭിന്ന രീതിയില്‍ തന്നെയാണു പരിചയപ്പെടുത്തുന്നത്: 'ആകാശത്ത് അവന്‍ ചന്ദ്രനെ ഒരു പ്രഭയും സൂര്യനെ ഒരു വിളക്കും ആക്കിയിരിക്കുന്നു' എന്നാണ് 71:16 ലെ പരാമര്‍ശം. രാപ്പകലുകളുടെ ആഗമന നിര്‍ഗമനങ്ങളുണ്ടായിരുന്നില്ലെങ്കില്‍ ഇവിടെ ജീവിതം തീര്‍ത്തും അസാധ്യമാകുമായിരുന്നു.

هُوَ ٱلَّذِي جَعَلَ ٱلشَّمۡسَ ضِيَآءٗ وَٱلۡقَمَرَ نُورٗا وَقَدَّرَهُۥ مَنَازِلَ لِتَعۡلَمُواْ عَدَدَ ٱلسِّنِينَ وَٱلۡحِسَابَۚ مَا خَلَقَ ٱللَّهُ ذَٰلِكَ إِلَّا بِٱلۡحَقِّۚ يُفَصِّلُ ٱلۡأٓيَٰتِ لِقَوۡمٖ يَعۡلَمُونَ ۝٥
إِنَّ فِي ٱخۡتِلَٰفِ ٱلَّيۡلِ وَٱلنَّهَارِ وَمَا خَلَقَ ٱللَّهُ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ لَأٓيَٰتٖ لِّقَوۡمٖ يَتَّقُونَ ۝٦
7–10

നാമുമായുള്ള കൂടിക്കാഴ്ചയെ ആഗ്രഹിക്കാത്തവരും ഐഹിക ജീവിതത്തില്‍ സംതൃപ്തി പൂണ്ട് അതില്‍ സമാധാനം കണ്ടെത്തിയവരും നമ്മുടെ ദൃഷ്ടാന്തങ്ങളെ കുറിച്ച് അശ്രദ്ധരായവരും ആരോ, തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പകരമായി അവര്‍ക്കുള്ള സങ്കേതം നരകം തന്നെയാകുന്നു4
എന്നാല്‍ സത്യവിശ്വാസം കൈകൊള്ളുകയും സല്‍കര്‍മങ്ങളനുവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, തങ്ങളുടെ വിശ്വാസം കാരണമായി നാഥന്‍ അവര്‍ക്ക് സന്‍മാര്‍ഗം കാട്ടിക്കൊടുക്കുക തന്നെ ചെയ്യുന്നതാണ്. അനുഗ്രഹ പൂര്‍ണമായ സ്വര്‍ഗപൂന്തോപ്പുകളില്‍ അവരുടെ താഴെ കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അവിടെ അവരുടെ പ്രാര്‍ഥന 'അല്ലാഹുവേ നീ എത്ര പരിശുദ്ധന്‍' എന്നാണ്. അതിലവരുടെ അഭിവാദ്യം 'സലാം' ആയിരിക്കും. ലോക രക്ഷിതാവായ അല്ലാഹുവിനാണ് സര്‍വ സ്‌ത്രോത്രങ്ങളും എന്നായിരിക്കും അവരുടെ പ്രാര്‍ഥനാ സമാപനം5

2 വിശദീകരണങ്ങൾ കാണുക

4. പ്രവാചകന്‍മാര്‍ വരികയും പാരത്രിക ജീവിതത്തെയും സ്വര്‍ഗ-നരകങ്ങളെയും കുറിച്ച് അനിഷേധ്യമാംവിധം പഠിപ്പിക്കുകയും ചെയ്തിട്ടും അവയൊക്കെ അവഗണിച്ച് ക്ഷണികവും നശ്വരവുമായ ഭൗതിക ജീവിതത്തെ പൂജിക്കുന്നവര്‍ക്ക് ഗുരുതരമായ നഷ്ടമാണ് വരാനിരിക്കുന്നതെന്ന് താക്കീത് ചെയ്യുകയാണ്. അല്ലാഹു കനിഞ്ഞേകിയ ബുദ്ധി ഉപയോഗിച്ച് ജയ-പരാജയങ്ങള്‍ ചിന്തിച്ചു മനസിലാക്കാതെ പ്രവര്‍ത്തിക്കുകയും അങ്ങനെ ശാശ്വത പരാജയത്തിനു വിധേയരാവുകയും ചെയ്തതിന്റെ ഉത്തരവാദിത്വം അവര്‍ക്കു തന്നെയാണെന്നും സ്പഷ്ടമാക്കുന്നു.

5. സത്യത്തിന്റെയും നന്മയുടെയും മാര്‍ഗം സ്വന്തം താല്‍പര്യപ്പെട്ട് ഉത്തമ മനുഷ്യനായി ജീവിച്ചവര്‍ക്ക് ശാശ്വത വിജയമാണ്, അനുഗ്രഹ പൂര്‍ണമായ സ്വര്‍ഗം. അവിടത്തെ അനിര്‍വചനീയമായ സുഖ സൗകര്യങ്ങളിലും ആനന്ദാഹ്ലാദങ്ങളിലും ആറാടി, അല്ലഹുവിന് സ്തുതികീര്‍ത്തനങ്ങള്‍ മൊഴിഞ്ഞ്, പരസ്പരം അഭിവാദ്യങ്ങളര്‍പ്പിച്ച് എന്നെന്നും അവരവിടെ കഴിയും. മഹത്തായ ഈ നേട്ടങ്ങളെ കുറിച്ച് നിരന്തരം ബോധവാന്‍മാരായി സര്‍വഥാ അല്ലാഹുവിനുള്ള സ്തുതി കീര്‍ത്തനങ്ങളിലായിക്കഴിഞ്ഞു കൊണ്ടിരിക്കും അവര്‍.

إِنَّ ٱلَّذِينَ لَا يَرۡجُونَ لِقَآءَنَا وَرَضُواْ بِٱلۡحَيَوٰةِ ٱلدُّنۡيَا وَٱطۡمَأَنُّواْ بِهَا وَٱلَّذِينَ هُمۡ عَنۡ ءَايَٰتِنَا غَٰفِلُونَ ۝٧
أُوْلَٰٓئِكَ مَأۡوَىٰهُمُ ٱلنَّارُ بِمَا كَانُواْ يَكۡسِبُونَ ۝٨
إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ يَهۡدِيهِمۡ رَبُّهُم بِإِيمَٰنِهِمۡۖ تَجۡرِي مِن تَحۡتِهِمُ ٱلۡأَنۡهَٰرُ فِي جَنَّٰتِ ٱلنَّعِيمِ ۝٩
دَعۡوَىٰهُمۡ فِيهَا سُبۡحَٰنَكَ ٱللَّهُمَّ وَتَحِيَّتُهُمۡ فِيهَا سَلَٰمٞۚ وَءَاخِرُ دَعۡوَىٰهُمۡ أَنِ ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ ۝١٠
11–12

നന്മ കൈവരാനുള്ള മനുഷ്യരുടെ പ്രാര്‍ഥനക്ക് അല്ലാഹു പെട്ടെന്നുത്തരം ചെയ്യുന്നത് പോലെ, തിന്മ തേടിക്കൊണ്ടുള്ളതിന് അവന്‍ ധൃതിയില്‍ മറുപടി നല്‍കുകയാണെങ്കില്‍ അവരുടെ അവധി അവസാനിച്ചു പോയിരുന്നേനെ! അതു കൊണ്ട് നാമുമായുള്ള കൂടിക്കാഴ്ച ആഗ്രഹിക്കാത്തവരെ തങ്ങളുടെ ധിക്കാരത്തില്‍ അന്ധമായി വിഹരിക്കുവാന്‍ നാം വിടുകയാണ്6
തനിക്ക് കഷ്ടപ്പാടുണ്ടാകുമ്പോള്‍ കിടന്നോ ഇരുന്നോ നിന്നോ മനുഷ്യന്‍ നമ്മോട് പ്രാര്‍ഥിക്കും. വിപത്ത് നാം നീക്കിയാലോ, തന്നെ പിടികൂടിയ ആ ആപത്തിന്റെ കാര്യത്തില്‍ നമ്മോട് പ്രാര്‍ഥിച്ചിട്ടേയില്ലെന്ന ഭാവേന അവന്‍ കടന്നു പോകുന്നു! ഇങ്ങനെ, അതിക്രമകാരികള്‍ക്ക് തങ്ങളുടെ ചെയ്തികള്‍ അലംകൃതമാക്കി കാണിക്കപ്പെടുകയാണ്7

2 വിശദീകരണങ്ങൾ കാണുക

6. നന്മക്കുവേണ്ടിയുള്ള പ്രാര്‍ഥനകള്‍ അല്ലാഹു എളുപ്പത്തില്‍ സ്വീകരിക്കും. എന്നാല്‍ ചിലയാളുകള്‍ വൈരനിര്യാതനത്തിനായി മറ്റു ചിലരുടെ മേല്‍ ദുരന്തങ്ങള്‍ക്കായി പ്രാര്‍ഥിക്കും; വേറെ ചില മുരത്ത അവിശ്വാസികള്‍ ശിക്ഷയിറക്കാനായി അല്ലാഹുവിനോട് തന്നെ ചോദിക്കും. (ഉദാഹരണം അല്‍ അന്‍ഫാല്‍ 32, അല്‍ അന്‍കബൂത്ത് 29) ഇത്തരം ബുദ്ധി ശൂന്യവും വിവേക രഹിതവുമായ പ്രാര്‍ഥനകള്‍ക്ക് കരുണയുടെ കേദാരമായ അല്ലാഹുവിങ്കല്‍ നിന്നു പ്രതികരണമുണ്ടാവില്ല. ഇമാം മുജാഹിദ്(റ) പറയുന്നു: 'ഒരാള്‍ സ്വന്തത്തിനെതിരായോ മക്കളോട് കോപമുണ്ടാകുമ്പോള്‍ അവര്‍ക്കെതിരായോ നടത്തുന്ന പ്രതികൂല പ്രാര്‍ഥനയാണിത്'. മനുഷ്യരുടെ ഉന്‍മൂലനത്തിന് തന്നെ ഇതു വഴിതെളിക്കും എന്നാണല്ലാഹു പറയുന്നത്.

7. ദുരവസ്ഥകളിലും പ്രയാസ വേളകളിലും ദൈവവും മതവും വേണം, സുഭിക്ഷാവസ്ഥകളില്‍ നേരെ മറിച്ചും-മിക്ക മനുഷ്യരുടെയും സ്വഭാവമാണിത്. അതിക്രമകാരികളുടെയും നിഷേധികളുടെയും ഈ വഴി ഗര്‍ഹണീയമാണെന്നര്‍ഥം.

۞ وَلَوۡ يُعَجِّلُ ٱللَّهُ لِلنَّاسِ ٱلشَّرَّ ٱسۡتِعۡجَالَهُم بِٱلۡخَيۡرِ لَقُضِيَ إِلَيۡهِمۡ أَجَلُهُمۡۖ فَنَذَرُ ٱلَّذِينَ لَا يَرۡجُونَ لِقَآءَنَا فِي طُغۡيَٰنِهِمۡ يَعۡمَهُونَ ۝١١
وَإِذَا مَسَّ ٱلۡإِنسَٰنَ ٱلضُّرُّ دَعَانَا لِجَنۢبِهِۦٓ أَوۡ قَاعِدًا أَوۡ قَآئِمٗا فَلَمَّا كَشَفۡنَا عَنۡهُ ضُرَّهُۥ مَرَّ كَأَن لَّمۡ يَدۡعُنَآ إِلَىٰ ضُرّٖ مَّسَّهُۥۚ كَذَٰلِكَ زُيِّنَ لِلۡمُسۡرِفِينَ مَا كَانُواْ يَعۡمَلُونَ ۝١٢
13–14

നിങ്ങളുടെ മുമ്പുള്ള പല തലമുറകളെയും അതിക്രമം ചെയ്തതിനാല്‍ നാം സംഹരിച്ച് കളയുക തന്നെ ചെയ്തിട്ടുണ്ട്. അവരുടെയടുത്ത് സ്പഷ്ട ദൃഷ്ടാന്തങ്ങളുമായി നമ്മുടെ ദൂതന്‍മാര്‍ ചെന്നെങ്കിലും അവര്‍ വിശ്വസിക്കുകയുണ്ടായില്ല. കുറ്റവാളികളായ ജനങ്ങള്‍ക്ക് അങ്ങനെയാണ് നാം പ്രതിഫലം നല്‍കുക. പിന്നീട് അവരുടെ പിറകെ നിങ്ങളെ നാം ഭൂമിയില്‍ അനന്തരവരാക്കി; നിങ്ങളുടെ ചെയ്തികള്‍ എങ്ങനെയിരിക്കുമെന്നു നിരീക്ഷിക്കാന്‍.

وَلَقَدۡ أَهۡلَكۡنَا ٱلۡقُرُونَ مِن قَبۡلِكُمۡ لَمَّا ظَلَمُواْ وَجَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِ وَمَا كَانُواْ لِيُؤۡمِنُواْۚ كَذَٰلِكَ نَجۡزِي ٱلۡقَوۡمَ ٱلۡمُجۡرِمِينَ ۝١٣
ثُمَّ جَعَلۡنَٰكُمۡ خَلَٰٓئِفَ فِي ٱلۡأَرۡضِ مِنۢ بَعۡدِهِمۡ لِنَنظُرَ كَيۡفَ تَعۡمَلُونَ ۝١٤
15–16

നമ്മുടെ വ്യക്തമായ സൂക്തങ്ങള്‍ ഓതിക്കേള്‍പിക്കപ്പെടുമ്പോള്‍ 'നീ ഇതല്ലാത്ത ഒരു ഖുര്‍ആന്‍ കൊണ്ടുവരികയോ ഇതില്‍ മാറ്റത്തിരുത്തലുകള്‍ വരുത്തുകയോ ചെയ്യുക'എന്ന് നമ്മുടെ കൂടിക്കാഴ്ചയെ പ്രതീക്ഷിക്കാത്തവര്‍ തട്ടിവിടും. നബീ, താങ്കള്‍ പറയുക: സ്വന്തം വകയായി ഇതില്‍ മാറ്റത്തിരുത്തലുകള്‍ വരുത്താന്‍ എനിക്കു പാടില്ല; ബോധനം നല്‍കപ്പെടുന്നത് പിന്തുടരുക മാത്രമാണ് ഞാന്‍. എന്റെ നാഥനു എതിരു ചെയ്യുന്നുവെങ്കില്‍ ഭയാനകമായ ഒരു നാളിലെ ശിക്ഷ ഞാന്‍ ഭയപ്പെടുക തന്നെ ചെയ്യുന്നു8
താങ്കള്‍ പ്രഖ്യാപിക്കുക: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കിത് ഓതിത്തരികയോ അവന്‍ നിങ്ങള്‍ക്കിത് അറിയിച്ച് തരികയോ ചെയ്യുമായിരുന്നില്ല. ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഇതിന് മുമ്പും കുറെ കാലം വസിച്ചിരുന്നിട്ടുണ്ടല്ലോ? ആലോചിച്ചു നോക്കുന്നില്ലേ നിങ്ങള്‍?9

2 വിശദീകരണങ്ങൾ കാണുക

8. ഖുര്‍ആന്റെ വിശ്വാസ സംഹിതകളും നിയമ വ്യവസ്ഥകളും ദഹിക്കാത്ത പ്രതിയോഗികള്‍ അന്നു മുതല്‍ ഇന്നു വരെ പറഞ്ഞു വരുന്നതാണിത്-ഖുര്‍ആന്‍ മാറ്റണം, അതിലെ ചില നിയമങ്ങള്‍ ഭേദഗതി ചെയ്യണം. മുസ്‌ലിംകളെന്ന് അവകാശപ്പെടുന്ന മൂഢശിരോമണികള്‍ വരെ ഈ ഗണത്തിലുണ്ട്. നിശ്ശേഷം അവഗണിക്കപ്പെടേണ്ട ബാലിശ വാദഗതിയാണത് എന്നര്‍ഥം.

9. പ്രതിയോഗിയെ മുട്ടുകുത്തിക്കുന്ന വായടപ്പന്‍ ന്യായമാണ് നബി(സ്വ) പറയുന്നത്: അല്ലാഹുവിന്റെ ഉദ്ദേശ്യപ്രകാരമാണ് ഈ മഹദ്ഗ്രന്ഥം വഴി നിങ്ങളെ അവന്‍ അനുഗ്രഹിച്ചത്; അത് പാരായണം ചെയ്ത് പ്രതിപാദിച്ചു തരാന്‍ എന്നെ റസൂലാക്കിയത്. വിലമതിക്കാനാകാത്ത ഈ അനുഗ്രഹം തട്ടിമാറ്റുന്ന നിങ്ങള്‍ എത്ര വലിയ ബുദ്ധി ശൂന്യരാണ്! ഞാനാകട്ടെ, ഒരപരിചിതനല്ല; നീണ്ട നാല്‍പത് കൊല്ലം സുസമ്മതനായി, സമാദരണീയനായി, വിശ്വസ്തനായി നിങ്ങളുടെ കൂടെ കഴിഞ്ഞവനാണ്. അക്ഷരം പഠിക്കുകയോ ഗ്രന്ഥം വായിക്കുകയോ ചെയ്തിട്ടില്ലാതിരുന്ന ഒരാള്‍ സാഹിത്യ സമ്പൂര്‍ണവും വിജ്ഞാന നിര്‍ഭരവും സദുപദേശ സ്രോതസ്സുമായ ഒരു ഗ്രന്ഥം സമര്‍പ്പിക്കുമ്പോള്‍ അത് അല്ലാഹുവിങ്കല്‍ നിന്നവതീര്‍ണമായതാണെന്ന് എന്ത് കൊണ്ട് നിങ്ങള്‍ ഗ്രഹിക്കുന്നില്ല? മനസ്സു കൊടുത്ത് വസ്തുതകള്‍ വിലയിരുത്തി നിങ്ങളെന്താണ് സത്യം ഗ്രഹിക്കാത്തത്? മഹാ കഷ്ടം തന്നെ!!

وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَاتُنَا بَيِّنَٰتٖ قَالَ ٱلَّذِينَ لَا يَرۡجُونَ لِقَآءَنَا ٱئۡتِ بِقُرۡءَانٍ غَيۡرِ هَٰذَآ أَوۡ بَدِّلۡهُۚ قُلۡ مَا يَكُونُ لِيٓ أَنۡ أُبَدِّلَهُۥ مِن تِلۡقَآيِٕ نَفۡسِيٓۖ إِنۡ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَيَّۖ إِنِّيٓ أَخَافُ إِنۡ عَصَيۡتُ رَبِّي عَذَابَ يَوۡمٍ عَظِيمٖ ۝١٥
قُل لَّوۡ شَآءَ ٱللَّهُ مَا تَلَوۡتُهُۥ عَلَيۡكُمۡ وَلَآ أَدۡرَىٰكُم بِهِۦۖ فَقَدۡ لَبِثۡتُ فِيكُمۡ عُمُرٗا مِّن قَبۡلِهِۦٓۚ أَفَلَا تَعۡقِلُونَ ۝١٦
17

അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചമക്കുകയോ അവന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുകയോ ചെയ്തവനേക്കാള്‍ വലിയ അക്രമി മറ്റാരുണ്ട്! നിശ്ചയം, കുറ്റവാളികള്‍ വിജയം വരിക്കുന്നതല്ല10

1 വിശദീകരണം കാണുക

10. സത്യമാര്‍ഗം പഠിപ്പിച്ച് കൊടുക്കാന്‍ ഖുര്‍ആന്‍ അവതരിപ്പിക്കുകയും റസൂലിനെ നിയോഗിക്കുകയും ചെയ്തിട്ട് അവ വ്യാജമാക്കുന്നവന്‍ എത്ര വലിയ കുറ്റവാളിയാണ്! അത്തരക്കാര്‍ക്ക് വിജയം നേടാനാകില്ല. ശാശ്വത പരാജയം മാത്രമാണവര്‍ക്കുണ്ടാവുക.

فَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَوۡ كَذَّبَ بِـَٔايَٰتِهِۦٓۚ إِنَّهُۥ لَا يُفۡلِحُ ٱلۡمُجۡرِمُونَ ۝١٧
18

അവര്‍ അല്ലാഹുവിനെ കൂടാതെ, തങ്ങള്‍ക്ക് എന്തെങ്കിലും ഉപദ്രവമോ ഉപകാരമോ ചെയ്യാനാകാത്ത വസ്തുക്കളെയാണ് ആരാധിക്കുന്നത്; 'ഇക്കൂട്ടര്‍ അല്ലാഹുവിങ്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശകരാണ്' എന്നവര്‍ തട്ടിവിടുകയും ചെയ്യുന്നു. ഭുവന-വാനങ്ങളില്‍ തനിക്കറിയാത്ത കാര്യം അല്ലാഹുവിന് നിങ്ങള്‍ പഠിപ്പിച്ച് കൊടുക്കുകയാണോ എന്നു അങ്ങു ചോദിച്ചു നോക്കുക11
അവര്‍ പങ്കാളികളാക്കുന്നവയില്‍ നിന്നെല്ലാം അവന്‍ എത്ര പരിശുദ്ധനും മഹോന്നതനുമാണ്!

1 വിശദീകരണം കാണുക

11. പ്രപഞ്ചത്തിലെവിടെയെങ്കിലും അല്ലാഹുവിന് ഒരു പങ്കാളിയില്ല. അവനറിയാത്ത ഒരു പങ്കാളിയെ പിന്നെ എങ്ങനെയാണ് മനുഷ്യന്‍ കണ്ടു പിടിച്ച് അങ്ങനെ അവരോധിക്കുന്നത്! ഇത് മഹാ വിസ്മയം തന്നെയാണല്ലോ.

وَيَعۡبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمۡ وَلَا يَنفَعُهُمۡ وَيَقُولُونَ هَٰٓؤُلَآءِ شُفَعَٰٓؤُنَا عِندَ ٱللَّهِۚ قُلۡ أَتُنَبِّـُٔونَ ٱللَّهَ بِمَا لَا يَعۡلَمُ فِي ٱلسَّمَٰوَٰتِ وَلَا فِي ٱلۡأَرۡضِۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشۡرِكُونَ ۝١٨
19

മനുഷ്യര്‍ ഒരേയൊരു സമുദായം മാത്രമായിരുന്നു; പിന്നീടവര്‍ ഭിന്നരായി. താങ്കളുടെ രക്ഷിതാവില്‍ നിന്നുള്ള ഒരു തീരുമാനം നേരത്തേ ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍, അവര്‍ ഭിന്ന പക്ഷക്കാരായ കാര്യങ്ങളില്‍ ഒരു ദ്രുതവിധി അവന്‍ നടപ്പില്‍ വരുത്തിയിരുന്നേനെ12

1 വിശദീകരണം കാണുക

12. ആദം നബി മുതല്‍ നൂഹ് നബി വരെ പത്ത് തലമുറകളില്‍ അല്ലാഹുവിന്റെ ദീന്‍ മാത്രമായിരുന്നുവെന്ന് ഇമാം ഇബ്‌നു അബ്ബാസ്(റ) വ്യക്തമാക്കിയിട്ടുണ്ട്. അതാണിവിടെ സൂചന. പിന്നീടവര്‍ക്കിടയില്‍ ഭിന്ന മത വീക്ഷണങ്ങളായി. പാരത്രിക ലോകമാണ് രക്ഷാശിക്ഷകളുടെ ഇടമെന്ന് അല്ലാഹു നേരത്തെ നിശ്ചയിച്ചതാണ്. അതില്ലായിരുന്നെങ്കില്‍ പെട്ടെന്ന് തന്നെ ശിക്ഷ നല്‍കപ്പെടത്തക്ക തെറ്റുകുറ്റങ്ങളാണ് മനുഷ്യര്‍ അനുവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്.

وَمَا كَانَ ٱلنَّاسُ إِلَّآ أُمَّةٗ وَٰحِدَةٗ فَٱخۡتَلَفُواْۚ وَلَوۡلَا كَلِمَةٞ سَبَقَتۡ مِن رَّبِّكَ لَقُضِيَ بَيۡنَهُمۡ فِيمَا فِيهِ يَخۡتَلِفُونَ ۝١٩
20–21

തന്റെ നാഥനില്‍ നിന്നു എന്തുകൊണ്ടാണ് അദ്ദേഹത്തിനൊരു ദൃഷ്ടാന്തം ലഭിക്കാത്തത് എന്നവര്‍ ചോദിക്കുന്നു. പ്രതികരിക്കുക: അദൃശ്യ കാര്യങ്ങള്‍ അല്ലാഹുവിങ്കലുള്ളതാണ്; അതുകൊണ്ട് നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നുകൊള്ളുക. നിങ്ങളൊന്നിച്ചു ഞാനും കാത്തിരിക്കുക തന്നെയാണ്13
ദുരിത ബാധക്കു ശേഷം മനുഷ്യനു വല്ല അനുഗ്രഹവും നാം ആസ്വദിപ്പിക്കുകയാണെങ്കില്‍, അവരതാ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ഗൂഢാലോചന നടത്തുന്നു. നബീ, പ്രഖ്യാപിക്കുക: അല്ലാഹു അതിദ്രുതം തന്ത്രം പ്രയോഗിക്കുന്നവനാകുന്നു. നിശ്ചയം നിങ്ങളുടെ കുതന്ത്ര പ്രയോഗങ്ങള്‍ നമ്മുടെ ദൂതന്‍മാര്‍ ഉല്ലേഖനം ചെയ്യുന്നുണ്ട്14

2 വിശദീകരണങ്ങൾ കാണുക

13. സത്യ ദീക്ഷയില്ലാതെ ദുര്‍വാശിക്കു മാത്രമായി ബഹുദൈവ വിശ്വാസികളും നിഷേധികളും പലപ്പോഴും നബി(സ്വ) യോട് അമാനുഷ ദൃഷ്ടാന്തങ്ങളാവശ്യപ്പെട്ടിരുന്നു. ഉദാഹരണത്തിന് സൂറത്തുല്‍ ഇസ്‌റാഅ് 90-93 നോക്കുക. ഇതാണ് പശ്ചാത്തലം.

14. മക്കയിലെ മുരത്ത നിഷേധികളുടെ ധിക്കാര പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നപ്പോള്‍ അല്ലാഹു അവരെ ഗുരുതര പരീക്ഷണത്തിനു വിധേയരാക്കി-ഏഴു വര്‍ഷം നീണ്ട കടുത്ത ക്ഷാമവും വരള്‍ച്ചയും ദാരിദ്ര്യവും! ഗതി കെട്ട് നടുവൊടിഞ്ഞ ഖുറൈശ് അടവുനയം പയറ്റി- 'ഇതു നീങ്ങിക്കിട്ടി സുരക്ഷ കൈവരാന്‍ നബി പ്രാര്‍ഥിക്കണം; മോചനം ലഭിച്ചാല്‍ തങ്ങളെല്ലാം ഒന്നടങ്കം ഇസ്‌ലാം സ്വീകരിക്കും'. തിരുമേനി ദുആ ചെയ്തു; കഷ്ടപ്പാടുകള്‍ നീങ്ങി; സുഭിക്ഷത കൈവന്നു. പക്ഷേ നിഷേധികള്‍ വാക്കുമാറ്റി, പഴയ ബഹുദൈവത്വത്തില്‍ തുടര്‍ന്നു. ഇതാണ് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ അവര്‍ നടത്തുന്നു എന്നു പറഞ്ഞ ഗൂഢാലോചന

وَيَقُولُونَ لَوۡلَآ أُنزِلَ عَلَيۡهِ ءَايَةٞ مِّن رَّبِّهِۦۖ فَقُلۡ إِنَّمَا ٱلۡغَيۡبُ لِلَّهِ فَٱنتَظِرُوٓاْ إِنِّي مَعَكُم مِّنَ ٱلۡمُنتَظِرِينَ ۝٢٠
وَإِذَآ أَذَقۡنَا ٱلنَّاسَ رَحۡمَةٗ مِّنۢ بَعۡدِ ضَرَّآءَ مَسَّتۡهُمۡ إِذَا لَهُم مَّكۡرٞ فِيٓ ءَايَاتِنَاۚ قُلِ ٱللَّهُ أَسۡرَعُ مَكۡرًاۚ إِنَّ رُسُلَنَا يَكۡتُبُونَ مَا تَمۡكُرُونَ ۝٢١
22–23

കടലിലും കരയിലും അവനാണ് നിങ്ങള്‍ക്ക് സഞ്ചാര സൗകര്യമേകുന്നത്.അങ്ങനെ നിങ്ങള്‍ ജലയാനത്തിലാവുകയും അനുകൂലമായ കാറ്റുമൂലം അതു യാത്രക്കാരുമായി സഞ്ചരിക്കുകയും അതിലവര്‍ സന്തുഷ്ടരായിരിക്കുകയും ചെയ്യുമ്പോഴതാ ജലയാനത്തെ കൊടുങ്കാറ്റു പിടികൂടുന്നു; എല്ലാ വശങ്ങളില്‍ നിന്നും തിരമാലകള്‍ ആഞ്ഞടിക്കുന്നു; വിനാശം തങ്ങളെ വരിഞ്ഞു മുറുക്കി എന്നവര്‍ മനസ്സിലാക്കുന്നു-തത്സമയം അല്ലാഹുവിനെ മാത്രം വണങ്ങി അവനോടവര്‍ പ്രാര്‍ഥിക്കുന്നു: 'ഈ ദുരന്തത്തില്‍ നിന്നു ഞങ്ങളെ നീ രക്ഷപ്പെടുത്തിയാല്‍ കൃതജ്ഞരുടെ ഗണത്തില്‍ ഞങ്ങള്‍ ആയിത്തീരുക തന്നെ ചെയ്യുന്നതാണ്'. എന്നിട്ട് രക്ഷപ്പെടുത്തിയപ്പോള്‍ അവരതാ യാതൊരു ന്യായീകരണവുമില്ലാതെ നാട്ടില്‍ അതിക്രമികളായിത്തീരുന്നു! ഹേ മനുഷ്യരേ, സ്വന്തം കര്‍മ ഫലം നിങ്ങള്‍ക്ക് തന്നെ കിട്ടും. ഇതൊക്കെ കേവലം ഭൗതിക സൗഖ്യം; പിന്നീട് നമ്മുടെ അടുത്തേക്ക് തന്നെയാണ് നിങ്ങളുടെ തിരിച്ചുവരവ്. അപ്പോള്‍ സ്വന്തം പ്രവര്‍ത്തനങ്ങളെ പറ്റി നിങ്ങള്‍ക്ക് അല്ലാഹു പ്രതിപാദിച്ചു തരുന്നതാണ്.15

1 വിശദീകരണം കാണുക

15. ബഹുദൈവ വിശ്വാസികളുടെയും സത്യനിഷേധികളുടെയും ശ്രദ്ധേയമായ ഒരു ഉപമയാണിവിടെ പറഞ്ഞിരിക്കുന്നത്. ആദ്യമായി, മനുഷ്യന് യാത്രാസൗകര്യമൊരുക്കിയത് ഒരു ദിവ്യാനുഗ്രഹമാണെന്ന് വ്യക്തമാക്കുകയാണ് - കരയില്‍ സവാരി മൃഗങ്ങളും കടലില്‍ കപ്പലുകളും; ആധുനിക യുഗത്തിലാണെങ്കില്‍ വേറെയും ബഹുമുഖ യാത്രാസൗകര്യങ്ങള്‍. എന്നാല്‍ വല്ല വിപത്തും ആവരണം ചെയ്യുമ്പോള്‍ നിഷേധിയും യുക്തിവാദിയുമൊക്കെ ദൈവത്തെ വിളിച്ചു സഹായമര്‍ത്ഥിക്കുന്നു, നിഷേധം കൈവെടിയാം എന്നു സമ്മതിക്കുന്നു. തന്റെ ഔദാര്യം മൂലം അല്ലാഹു രക്ഷപ്പെടുത്തും; മനുഷ്യരോ, വാക്കുമാറ്റുകയും പഴയ അവസ്ഥ തുടരുകയും ചെയ്യും.

هُوَ ٱلَّذِي يُسَيِّرُكُمۡ فِي ٱلۡبَرِّ وَٱلۡبَحۡرِۖ حَتَّىٰٓ إِذَا كُنتُمۡ فِي ٱلۡفُلۡكِ وَجَرَيۡنَ بِهِم بِرِيحٖ طَيِّبَةٖ وَفَرِحُواْ بِهَا جَآءَتۡهَا رِيحٌ عَاصِفٞ وَجَآءَهُمُ ٱلۡمَوۡجُ مِن كُلِّ مَكَانٖ وَظَنُّوٓاْ أَنَّهُمۡ أُحِيطَ بِهِمۡ دَعَوُاْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ لَئِنۡ أَنجَيۡتَنَا مِنۡ هَٰذِهِۦ لَنَكُونَنَّ مِنَ ٱلشَّٰكِرِينَ ۝٢٢
فَلَمَّآ أَنجَىٰهُمۡ إِذَا هُمۡ يَبۡغُونَ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّۗ يَٰٓأَيُّهَا ٱلنَّاسُ إِنَّمَا بَغۡيُكُمۡ عَلَىٰٓ أَنفُسِكُمۖ مَّتَٰعَ ٱلۡحَيَوٰةِ ٱلدُّنۡيَاۖ ثُمَّ إِلَيۡنَا مَرۡجِعُكُمۡ فَنُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَ ۝٢٣
24

ഐഹിക ജീവിതത്തിന്റെ ഉദാഹരണം ഇതാണ്: അന്തരീക്ഷത്തില്‍ നിന്നു നാം മഴ വര്‍ഷിച്ചു. അങ്ങനെ, ആളുകളും കാലികളും ആഹരിക്കാറുള്ള ഭൂസസ്യങ്ങള്‍ തന്‍മൂലം ഇടതൂര്‍ന്നു വളരുകയും ഭൂമി ചമയ വിഭൂഷിതയായി അലംകൃതയാവുകയുമുണ്ടായി. അത് കൊയ്‌തെടുക്കാന്‍ കഴിയുമെന്ന് ഉടമകള്‍ ചിന്തിച്ചു. അപ്പോഴതാ രാത്രിയോ പകലോ അതില്‍ നമ്മുടെ ഉത്തരവ് വന്നെത്തുന്നു-തല്‍ക്ഷണം, ഇന്നലെയവിടെ യാതൊന്നുമില്ലാതിരുന്ന വിധം അത് കൊയ്‌തെടുത്ത പോലെ നാമാക്കി. ഇപ്രകാരം, ചിന്തിക്കുന്നവര്‍ക്ക് വേണ്ടി നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നാം പ്രതിപാദിക്കുകയാണ്16

1 വിശദീകരണം കാണുക

16. ഭൗതിക ജീവിതത്തില്‍ അന്ധമായി അനുരക്തരായി സര്‍വ വിധ ത്യാഗങ്ങളും സഹിച്ച് അജണ്ടകള്‍ തയ്യാറാക്കി അവസാനം എല്ലാം തകര്‍ന്നടിഞ്ഞ് ഭഗ്നാശരാകുന്ന എത്രയോ ആളുകളെ കാണാം. ആ ദയനീയ പരിണതിയാണ് ഇവിടെ ഹൃദയസ്പൃക്കായി ചിത്രീകരിച്ചിരിക്കുന്നത്.

إِنَّمَا مَثَلُ ٱلۡحَيَوٰةِ ٱلدُّنۡيَا كَمَآءٍ أَنزَلۡنَٰهُ مِنَ ٱلسَّمَآءِ فَٱخۡتَلَطَ بِهِۦ نَبَاتُ ٱلۡأَرۡضِ مِمَّا يَأۡكُلُ ٱلنَّاسُ وَٱلۡأَنۡعَٰمُ حَتَّىٰٓ إِذَآ أَخَذَتِ ٱلۡأَرۡضُ زُخۡرُفَهَا وَٱزَّيَّنَتۡ وَظَنَّ أَهۡلُهَآ أَنَّهُمۡ قَٰدِرُونَ عَلَيۡهَآ أَتَىٰهَآ أَمۡرُنَا لَيۡلًا أَوۡ نَهَارٗا فَجَعَلۡنَٰهَا حَصِيدٗا كَأَن لَّمۡ تَغۡنَ بِٱلۡأَمۡسِۚ كَذَٰلِكَ نُفَصِّلُ ٱلۡأٓيَٰتِ لِقَوۡمٖ يَتَفَكَّرُونَ ۝٢٤
25

അല്ലാഹു ക്ഷണിക്കുന്നത് ശാന്തിയുടെ സദനത്തിലേക്കാണ്; താനുദ്ദേശിക്കുന്നവരെ അവന്‍ ഋജുവായ പന്ഥാവിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുന്നു17

1 വിശദീകരണം കാണുക

17. സ്വര്‍ഗത്തിനു ഇവിടെ ഉപയോഗിച്ചത് 'ശാന്തിയുടെ ഗൃഹം' എന്ന പദമാണ്. അതില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നീടൊരിക്കലും യാതൊരു വിധ പ്രശ്‌നങ്ങളും പ്രയാസങ്ങളുമുണ്ടാകില്ല. ആഹാരം, പാര്‍പ്പിടം, രോഗങ്ങള്‍ മുതലായവയാണ് മനുഷ്യനെ അലട്ടുന്ന ഗുരുതരമായ മൗലിക പ്രശ്‌നങ്ങള്‍. അത്തരം യാതൊന്നും അവിടെ ഉണ്ടാവില്ല. പരിപൂര്‍ണമായ മനഃസംതൃപ്തിയും ആഹ്ലാദവും സന്തുഷ്ടിയും അവിടെ സാര്‍വത്രികമായിരിക്കും.

وَٱللَّهُ يَدۡعُوٓاْ إِلَىٰ دَارِ ٱلسَّلَٰمِ وَيَهۡدِي مَن يَشَآءُ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ ۝٢٥
26–27

സല്‍കര്‍മാനുഷ്ഠാനികള്‍ക്ക് ഉദാത്ത പ്രതിഫലം ലഭിക്കും; വര്‍ധവുമുണ്ടാകും. അവരുടെ വദനങ്ങളെ ഇരുളോ നിന്ദ്യതയോ പിടികൂടുകയില്ല. സ്വര്‍ഗാവകാശികളാണവര്‍. അതില്‍ ശാശ്വത വാസികളുമായിരിക്കും അവര്‍18
ദുഷ്‌കര്‍മങ്ങള്‍ അനുവര്‍ത്തിച്ചവരുണ്ടല്ലോ, തിന്മയുടെ പ്രതിഫലം തത്തുല്യമായത് തന്നെയാകും. അവരെ അപമാനം പിടികൂടുന്നതാണ്. അല്ലാഹുവില്‍ നിന്ന് തങ്ങളെ സംരക്ഷിക്കുന്ന യാതൊരാളും അവര്‍ക്കുണ്ടാവില്ല. ഇരുള്‍ മുറ്റിയ നിശയുടെ ചീന്തുകള്‍ കൊണ്ട് അവരുടെ മുഖങ്ങള്‍ ആവരണം ചെയ്തപോലെയുണ്ടാകും. അവര്‍ നരകാവകാശികളും അതില്‍ സ്ഥിരവാസികളുമായിരിക്കും19

2 വിശദീകരണങ്ങൾ കാണുക

18. 'അല്‍ ഹുസ്‌നാ' എന്ന പദത്തിനാണ് ഉദാത്തപ്രതിഫലം എന്നര്‍ത്ഥം കൊടുത്തിരിക്കുന്നത്; സ്വര്‍ഗമാണ് ഉദ്ദേശ്യം. 'വര്‍ധനവി'ന്റെ വിവക്ഷ അല്ലാഹുവിനെ നേരിട്ട് കാണലാണ്. ആ തൃക്കാഴ്ചയെ പറ്റി സൂറത്തുല്‍ ഖിയാമ(22,23)യിലും വിവിധ ഹദീസുകളിലും സ്പഷ്ടമായി വിവരിച്ചിട്ടുണ്ട്.

19. അല്ലാഹുവിന്റെയും പ്രവാചകന്‍മാരുടെയും വേദഗ്രന്ഥങ്ങളുടെയും മാര്‍ഗദര്‍ശനം തള്ളിക്കളഞ്ഞ് ദുര്‍വൃത്തരായി ഭൗതിക ലോകത്ത് ജീവിതം നയിച്ച ബുദ്ധിശൂന്യര്‍ പരലോകത്ത് ഗുരുതരമായ പരാജയത്തിലായിരിക്കും. നിന്ദ്യതയും അപമാനവും നൂറുകൂട്ടം ശിക്ഷകളും ദുരന്തങ്ങളുമുണ്ടാകും അവര്‍ക്ക്. ശ്വാശ്വതമായി അവരതില്‍ നിവസിക്കേണ്ടി വരും.

۞ لِّلَّذِينَ أَحۡسَنُواْ ٱلۡحُسۡنَىٰ وَزِيَادَةٞۖ وَلَا يَرۡهَقُ وُجُوهَهُمۡ قَتَرٞ وَلَا ذِلَّةٌۚ أُوْلَٰٓئِكَ أَصۡحَٰبُ ٱلۡجَنَّةِۖ هُمۡ فِيهَا خَٰلِدُونَ ۝٢٦
وَٱلَّذِينَ كَسَبُواْ ٱلسَّيِّـَٔاتِ جَزَآءُ سَيِّئَةِۭ بِمِثۡلِهَا وَتَرۡهَقُهُمۡ ذِلَّةٞۖ مَّا لَهُم مِّنَ ٱللَّهِ مِنۡ عَاصِمٖۖ كَأَنَّمَآ أُغۡشِيَتۡ وُجُوهُهُمۡ قِطَعٗا مِّنَ ٱلَّيۡلِ مُظۡلِمًاۚ أُوْلَٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ ۝٢٧
28–29

അവരെയെല്ലാം നാം ഒരുമിച്ചു കൂട്ടുന്ന ദിനം സ്മരണീയമത്രേ. എന്നിട്ട്, 'നിങ്ങളും നിങ്ങള്‍ വരിച്ചിരുന്ന ബഹുദൈവങ്ങളും അവിടെ തന്നെ നില്‍ക്കുക' എന്നു നാം കല്‍പിക്കുന്നതാണ്. അങ്ങനെ അവരെ നാം വേര്‍പെടുത്തും. ആ ബഹുദൈവങ്ങള്‍ ഇങ്ങനെ പറയുന്നതാണ്: നിങ്ങള്‍ ഞങ്ങളെ ആരാധിക്കുകയൊന്നും ചെയ്തിരുന്നില്ലല്ലോ. ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു തന്നെ മതി. ഞങ്ങളെ നിങ്ങള്‍ ആരാധിച്ചിരുന്നതിനെ കുറിച്ച് യാതൊരറിവുമില്ലാത്തവരായിരുന്നു ഞങ്ങള്‍!20

1 വിശദീകരണം കാണുക

20. ബിംബങ്ങള്‍ സ്വര്‍ണം കൊണ്ടുള്ളതാണെങ്കില്‍ പോലും കേള്‍വിയും കാഴ്ചയുമുണ്ടാകില്ലല്ലോ. ഈ നിഷേധ പ്രസ്താവത്തിനുള്ള കഴിവ് അവക്ക് അല്ലാഹു പ്രത്യേകമായി അവിടെ നല്‍കുന്നതാണ്. വിശ്വാസികളെയും അവിശ്വാസികളെയും മഹ്ശറില്‍ അല്ലാഹു വേര്‍തിരിച്ച് നിറുത്തും. പരകോടികള്‍ക്കു മുന്നില്‍ അവര്‍ അങ്ങേയറ്റം അപമാനിതരാകും. സൂറത്തുയാസീന്‍ 59-65 ഉം നോക്കുക.

وَيَوۡمَ نَحۡشُرُهُمۡ جَمِيعٗا ثُمَّ نَقُولُ لِلَّذِينَ أَشۡرَكُواْ مَكَانَكُمۡ أَنتُمۡ وَشُرَكَآؤُكُمۡۚ فَزَيَّلۡنَا بَيۡنَهُمۡۖ وَقَالَ شُرَكَآؤُهُم مَّا كُنتُمۡ إِيَّانَا تَعۡبُدُونَ ۝٢٨
فَكَفَىٰ بِٱللَّهِ شَهِيدَۢا بَيۡنَنَا وَبَيۡنَكُمۡ إِن كُنَّا عَنۡ عِبَادَتِكُمۡ لَغَٰفِلِينَ ۝٢٩
30

അവിടെ വെച്ച് ഓരോ വ്യക്തിയും താന്‍ നേരത്തേ അനുവര്‍ത്തിച്ചിരുന്ന പ്രവര്‍ത്തനങ്ങളുടെ ഫലം പരിശോധിച്ചറിയുന്നതായിരിക്കും. തങ്ങളുടെ യഥാര്‍ഥ നാഥനായ അല്ലാഹുവിങ്കലേക്ക് പിന്നീടവര്‍ തിരിച്ചയക്കപ്പെടുന്നതാണ്. തങ്ങള്‍ നിര്‍മിച്ചുണ്ടാക്കിയിരുന്ന വ്യാജങ്ങളത്രയും അവരില്‍ നിന്ന് അപ്രത്യക്ഷമാകും21

1 വിശദീകരണം കാണുക

21. മണ്ണ്, കല്ല്, ലോഹങ്ങള്‍ മുതലായവ കൊണ്ട് നിര്‍മിച്ചുണ്ടാക്കിയ വസ്തുക്കള്‍ക്ക് ആരാധിച്ചപ്പോഴും അവയുടെ മുന്നില്‍ താണു കൂണു വഴങ്ങിയപ്പോഴുമൊക്കെ എന്തൊക്കെ സമര്‍ത്ഥ ന്യായീകരണങ്ങളും വാദഗതികളുമാണ് ബഹുദൈവാരാധകര്‍ ഉന്നയിച്ചിരുന്നത്! ആ ന്യായങ്ങളും ദൈവങ്ങളുമൊന്നും പരലോകത്തു കാണില്ല. എല്ലാം അപ്രത്യക്ഷമായി നരകം മാത്രം മുന്നില്‍!

هُنَالِكَ تَبۡلُواْ كُلُّ نَفۡسٖ مَّآ أَسۡلَفَتۡۚ وَرُدُّوٓاْ إِلَى ٱللَّهِ مَوۡلَىٰهُمُ ٱلۡحَقِّۖ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ ۝٣٠
31–33

ചോദിക്കുക: നിങ്ങള്‍ക്ക് ആകാശ ഭൂമികളില്‍ നിന്ന് ആഹാരം തരുന്നത് ആരാണ്? കേള്‍വിയും കാഴ്ചയും ഉടമപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തവയില്‍ നിന്ന് ജീവനുള്ളവയെയും സജീവ വസ്തുക്കളില്‍ നിന്ന് ജീവനില്ലാത്തവയെയും ബഹിര്‍ഗമിപ്പിക്കുന്നത് ആരാണ്? പ്രാപഞ്ചിക കാര്യങ്ങള്‍ ആരാണ് നിയന്ത്രിച്ച് കൊണ്ടിരിക്കുന്നത്? അല്ലാഹുവാകുന്നു എന്ന് അവര്‍ പ്രതികരിക്കും22
ചോദിക്കുക: എന്നിട്ടും നിങ്ങള്‍ അവനെ സൂക്ഷിച്ചു ജീവിക്കാത്തതെന്ത്?! അവനാണ് അല്ലാഹു; നിങ്ങളുടെ സത്യസന്ധനായ നാഥന്‍. അപ്പോള്‍, സത്യത്തിന്നു ശേഷം ദുര്‍മാര്‍മല്ലാതെ മറ്റെന്താണുള്ളത്? എന്നിട്ടും എങ്ങോട്ടാണ് നിങ്ങള്‍ വ്യതിചലിപ്പിക്കപ്പെടുന്നത്? ഇങ്ങനെ താങ്കളുടെ നാഥന്റെ ഉത്തരവ് അധര്‍മകാരികളുടെ കാര്യത്തില്‍ സാക്ഷാല്‍കൃതമായിരിക്കുന്നു-അവര്‍ സത്യവിശ്വാസം വരിക്കുകയില്ലെന്ന്!

1 വിശദീകരണം കാണുക

22. ബുദ്ധിയും തന്റേടവും ചിന്താശേഷിയുമുള്ള മനുഷ്യന്‍ ബിംബങ്ങളെയും മറ്റു വസ്തുക്കളെയും ആരാധിച്ചു കൊണ്ടിരിക്കുന്നത് എത്ര വലിയ മൗഢ്യമാണെന്നാണിവിടെ വ്യക്തമാക്കുന്നത്. കണിശമായ ഏകദൈവ വിശ്വാസവുമായി വന്ന ഇസ്‌ലാം വേദഗ്രന്ഥങ്ങളിലൂടെയും പ്രവാചകവര്യരിലൂടെയും വളരെ ശക്തിയായി ഈ ബുദ്ധിശൂന്യതക്കെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. പക്ഷേ, മനുഷ്യന്‍ തന്റെ ചിന്താശേഷി ഉപയോഗപ്പെടുത്തുന്നുവെങ്കിലല്ലേ ഫലം കാണുകയുള്ളൂ? നിഷേധിയുടെ മുരടിച്ച മനസ്സിനെ തട്ടിയുണര്‍ത്തുകയാണിവിടെ:
മഴ വര്‍ഷിച്ച് സസ്യലതാദികള്‍ മുളപ്പിച്ച് അതുവഴി നിങ്ങള്‍ക്ക് ആഹാരം തരുന്നത് ആരാണ്? കേള്‍വിയും കാഴ്ചയും മറ്റു ഇന്ദ്രിയങ്ങളും കഴിവുകളും ആരു തന്നതാണ്? ജീവനുള്ള പക്ഷിയില്‍ നിന്ന് ജീവനില്ലാത്ത മുട്ടയും, അതില്‍ നിന്ന് പിന്നീട് പക്ഷിയെയും സൃഷ്ടിക്കുന്നതാരാണ്? പ്രാപഞ്ചിക കാര്യങ്ങളൊക്കെ ആരു നിയന്ത്രിക്കുന്നു? ഇത്യാദി ചോദ്യങ്ങള്‍ക്കൊക്കെ ഒറ്റ ഉത്തരമേ നിഷേധിക്കും ഉണ്ടാകൂ -അല്ലാഹു. ഈശ്വരന്‍, ദൈവം, പരാശക്തി, പരമേശ്വരന്‍ തുടങ്ങി വ്യത്യസ്ത പദങ്ങള്‍ അവര്‍ പ്രയോഗിച്ചേക്കാം. റബ്ബുല്‍ അര്‍ബാബ് എന്നാണ് മക്കാമുശ്‌രിക്കുകള്‍ പറഞ്ഞിരുന്നത്.

قُلۡ مَن يَرۡزُقُكُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِ أَمَّن يَمۡلِكُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَمَن يُخۡرِجُ ٱلۡحَيَّ مِنَ ٱلۡمَيِّتِ وَيُخۡرِجُ ٱلۡمَيِّتَ مِنَ ٱلۡحَيِّ وَمَن يُدَبِّرُ ٱلۡأَمۡرَۚ فَسَيَقُولُونَ ٱللَّهُۚ فَقُلۡ أَفَلَا تَتَّقُونَ ۝٣١
فَذَٰلِكُمُ ٱللَّهُ رَبُّكُمُ ٱلۡحَقُّۖ فَمَاذَا بَعۡدَ ٱلۡحَقِّ إِلَّا ٱلضَّلَٰلُۖ فَأَنَّىٰ تُصۡرَفُونَ ۝٣٢
كَذَٰلِكَ حَقَّتۡ كَلِمَتُ رَبِّكَ عَلَى ٱلَّذِينَ فَسَقُوٓاْ أَنَّهُمۡ لَا يُؤۡمِنُونَ ۝٣٣
34–36

ചോദിക്കുക: സൃഷ്ടികര്‍മം ആരംഭിക്കുകയും പിന്നെ അതാവര്‍ത്തിക്കുകയും ചെയ്യുന്നവരായി നിങ്ങള്‍ വരിച്ച പങ്കാളികളില്‍ ആരുണ്ട്? പറയുക: സൃഷ്ടികര്‍മം അല്ലാഹു ആരംഭിക്കുകയും പിന്നീട് ആവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നിട്ടും എങ്ങോട്ടാണ് നിങ്ങള്‍ പിന്തിരിപ്പിക്കപ്പെടുന്നത്! സത്യത്തിലേക്ക് മാര്‍ഗ ദര്‍ശനം ചെയ്യുന്നവരായി നിങ്ങളുടെ പങ്കാളികളില്‍ ആരെങ്കിലുമുണ്ടോ എന്നു ചോദിച്ചുനോക്കൂ. പ്രതികരിക്കുക: സത്യത്തിലേക്ക് മാര്‍ഗ ദര്‍ശനം ചെയ്യുന്നവന്‍ അല്ലാഹുവാകുന്നു. അപ്പോള്‍, സത്യത്തിലേക്ക് മാര്‍ഗ ദര്‍ശനം ചെയ്യുന്നവനോ, അതല്ല, വേറെ ആരെങ്കിലും വഴികാണിച്ചു കൊടുത്താലല്ലാതെ ഒരു വഴി കണ്ടുപിടിക്കാനാകാത്തവനോ ആരാണ് അനുധാവനം ചെയ്യപ്പെടാന്‍ ഏറ്റം അര്‍ഹന്‍?23
നിങ്ങള്‍ക്കെന്തു പറ്റിപ്പോയി! എങ്ങനെയൊക്കെയാണ് നിങ്ങള്‍ വിധിച്ച് കൊണ്ടിരിക്കുന്നത്! അവരില്‍ മിക്കവരും ഊഹം മാത്രമാണ് പിന്തുടരുന്നത്. ഊഹമാകട്ടെ സത്യം ഗ്രഹിക്കുന്നതിന്ന് ഒട്ടുമേ പ്രയോജനപ്പെടില്ലല്ലോ. അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സൂക്ഷ്മജ്ഞാനിയാണ് അല്ലാഹു.

1 വിശദീകരണം കാണുക

23. ബഹുദൈവ വിശ്വാസത്തെയും ബിംബാരാധനയെയും ആള്‍ദൈവാനുധാവനത്തെയുമൊക്കെ കടപുഴക്കിയെറിയുന്ന തെളിവുകളാണിവിടെ ഉന്നയിച്ചിരിക്കുന്നത്. മനുഷ്യ ദൈവങ്ങളെ വരിക്കുന്നവരും ഇന്നല്ലെങ്കില്‍ നാളെ ഹതാശരാവുകയാണല്ലോ. അല്ലാഹു അല്ലാത്ത മറ്റെന്തും ആരും സൃഷ്ടിക്കപ്പെടുകയാണു ചെയ്യുന്നത്. അല്ലാഹുവാണ് സ്രഷ്ടാവ്. നിരവധി ദൈന്യതകള്‍ക്കും ദൗര്‍ബല്യങ്ങള്‍ക്കും മധ്യേ കഴിഞ്ഞ് വഴിയെ അവ നശിക്കുന്നു.
എന്നാല്‍ ബുദ്ധിജീവിയായ മനുഷ്യന്‍ ആരാധിക്കേണ്ടത് പ്രപഞ്ചസ്രഷ്ടാവും സര്‍വശക്തനും ദൈവിക വിശേഷണങ്ങള്‍ മുഴുവന്‍ ഒത്തിണങ്ങിയവനുമായ അല്ലാഹുവിനെയാണ്. തെറ്റിദ്ധാരണകളുടെയും അനുമാനങ്ങളുടെയും ഊഹങ്ങളുടെയും സൃഷ്ടിയാണ് അല്ലാഹു അല്ലാത്ത ആരാധ്യന്‍മാരും ദൈവങ്ങളുമെല്ലാം. ബുദ്ധിയും ചിന്താശേഷിയുമുള്ള മനുഷ്യന്‍ ഈ മുരടിച്ച മൗഢ്യത്തിന്റെ പിന്നാലെ പോകുന്നത് എന്തൊരു വൈചിത്ര്യവും വിസ്മയവുമാണ്!

قُلۡ هَلۡ مِن شُرَكَآئِكُم مَّن يَبۡدَؤُاْ ٱلۡخَلۡقَ ثُمَّ يُعِيدُهُۥۚ قُلِ ٱللَّهُ يَبۡدَؤُاْ ٱلۡخَلۡقَ ثُمَّ يُعِيدُهُۥۖ فَأَنَّىٰ تُؤۡفَكُونَ ۝٣٤
قُلۡ هَلۡ مِن شُرَكَآئِكُم مَّن يَهۡدِيٓ إِلَى ٱلۡحَقِّۚ قُلِ ٱللَّهُ يَهۡدِي لِلۡحَقِّۗ أَفَمَن يَهۡدِيٓ إِلَى ٱلۡحَقِّ أَحَقُّ أَن يُتَّبَعَ أَمَّن لَّا يَهِدِّيٓ إِلَّآ أَن يُهۡدَىٰۖ فَمَا لَكُمۡ كَيۡفَ تَحۡكُمُونَ ۝٣٥
وَمَا يَتَّبِعُ أَكۡثَرُهُمۡ إِلَّا ظَنًّاۚ إِنَّ ٱلظَّنَّ لَا يُغۡنِي مِنَ ٱلۡحَقِّ شَيۡـًٔاۚ إِنَّ ٱللَّهَ عَلِيمُۢ بِمَا يَفۡعَلُونَ ۝٣٦
37–38

ഈ ഖുര്‍ആന്‍ അല്ലാഹുവല്ലാത്ത മറ്റാരാലും വ്യാജമായി നിര്‍മിച്ചുണ്ടാക്കപ്പെടാവതല്ല. മറിച്ച്, മുമ്പുള്ള വേദങ്ങളെ ശരിവെക്കുന്നതും പ്രതിപാദിക്കുന്നതുമാണിത്. പ്രപഞ്ച സംരക്ഷകനില്‍ നിന്നുള്ളതാണിതെന്നതില്‍ സന്ദേഹം ഒട്ടുമേയില്ല. ഇനി, മുഹമ്മദ് വ്യാജമായി നിര്‍മിച്ചതാണിതെന്നവര്‍ ജല്‍പിക്കുന്നുണ്ടോ? എങ്കില്‍ പ്രതികരിക്കുക: ഈ ഖുര്‍ആനു തുല്യമായ ഒരധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടു വരൂ, നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍; അല്ലാഹുവല്ലാത്ത ആരെയൊക്കെ സഹായത്തിന് വിളിക്കാമോ, അവരെയൊക്കെ വിളിക്കുകയും ചെയ്യുക24

1 വിശദീകരണം കാണുക

24. നിഷ്പക്ഷനായ ഒരാള്‍ ചെറിയൊരു വിചിന്തനത്തിനു വിധേയമാക്കിയാല്‍ തന്നെ ബോധ്യമാകും ഖുര്‍ആന്‍ ഒരു മനുഷ്യന്നു രചിക്കാനാവില്ല എന്ന വസ്തുത. ഇസ്‌ലാമിന്റെ പ്രതിയോഗികളായ ഓറിയന്റലിസ്റ്റുകള്‍ വരെ ഇക്കാര്യം സമ്മതിച്ചിട്ടുള്ളതാണ്. ഇനി, ഈ നഗ്നസത്യം നിഷേധിക്കുന്നവരുണ്ടെങ്കില്‍ ഖുര്‍ആനോടു സമാനമായ ഒരധ്യായമെങ്കിലും അവര്‍ കൊണ്ടു വന്ന് വാദം തെളിയിക്കണം - 14 നൂറ്റാണ്ടായി ഈ വെല്ലുവിളി അധൃഷ്യമായി, ശത്രുക്കളുടെ നാവടക്കി നിലകൊള്ളുകയാണ്.

وَمَا كَانَ هَٰذَا ٱلۡقُرۡءَانُ أَن يُفۡتَرَىٰ مِن دُونِ ٱللَّهِ وَلَٰكِن تَصۡدِيقَ ٱلَّذِي بَيۡنَ يَدَيۡهِ وَتَفۡصِيلَ ٱلۡكِتَٰبِ لَا رَيۡبَ فِيهِ مِن رَّبِّ ٱلۡعَٰلَمِينَ ۝٣٧
أَمۡ يَقُولُونَ ٱفۡتَرَىٰهُۖ قُلۡ فَأۡتُواْ بِسُورَةٖ مِّثۡلِهِۦ وَٱدۡعُواْ مَنِ ٱسۡتَطَعۡتُم مِّن دُونِ ٱللَّهِ إِن كُنتُمۡ صَٰدِقِينَ ۝٣٨
39

വസ്തുത അതല്ല, തങ്ങള്‍ സമഗ്രമായി അറിഞ്ഞിട്ടില്ലാത്തതും ഇതുവരെയും ഖുര്‍ആനിക തത്ത്വങ്ങളുടെ പൂര്‍ത്തീകരണം തങ്ങളില്‍ പുലര്‍ന്നു കഴിഞ്ഞിട്ടില്ലാത്തതുമായ യാഥാര്‍ഥ്യങ്ങളെയാണവര്‍ നിഷേധിക്കുന്നത്. ഇവരുടെ മുമ്പുള്ള നിഷേധികള്‍ സത്യം തള്ളിക്കളഞ്ഞതും ഇങ്ങനെ തന്നെയായിരുന്നു. ആ അതിക്രമകാരികളുടെ ഭവിഷ്യത്ത് എങ്ങനെയുണ്ടായിരുന്നു എന്ന് താങ്കളൊന്ന് ചിന്തിച്ച് നോക്കുക!25

1 വിശദീകരണം കാണുക

25. നിഷേധികളുടെ ദയനീയ പരിണതി പലേടത്തും ഖുര്‍ആന്‍ പ്രവചിച്ചു കൊണ്ടിരിക്കുന്നുണ്ട്. തങ്ങളിലതു സാക്ഷാല്‍കൃതമാകാത്തതു കൊണ്ടാണ് അവിശ്വാസികള്‍ ഖുര്‍ആനെ നിഷേധിക്കുന്നത്. എന്നാല്‍ അവ പുലര്‍ന്ന് കഴിയുമ്പോഴോ, സമയം അവസാനിക്കുകയും ചെയ്തിരിക്കും!

بَلۡ كَذَّبُواْ بِمَا لَمۡ يُحِيطُواْ بِعِلۡمِهِۦ وَلَمَّا يَأۡتِهِمۡ تَأۡوِيلُهُۥۚ كَذَٰلِكَ كَذَّبَ ٱلَّذِينَ مِن قَبۡلِهِمۡۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلظَّٰلِمِينَ ۝٣٩
40–41

ഖുര്‍ആന്‍ കൊണ്ട് വിശ്വസിക്കുന്ന ചിലരും അവിശ്വസിക്കുന്ന മറ്റു ചിലരും അവരിലുണ്ട്. നാശകാരികളെ കുറിച്ച് സൂക്ഷ്മജ്ഞാനിയാണ് അല്ലാഹു. ഇനി, താങ്കളെ അവര്‍ നിഷേധിക്കുന്നുവെങ്കില്‍ ഇങ്ങനെ പ്രതികരിക്കുക: എനിക്ക് എന്റെ കര്‍മ ഫലവും നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ ഫലവുമാണുണ്ടാവുക. എന്റെ പ്രവൃത്തികളില്‍ നിന്ന് നിങ്ങളും നിങ്ങളുടെ ചെയ്തികളില്‍ നിന്ന് ഞാനും നിര്‍മുക്തരായിരിക്കുന്നതാണ്26

1 വിശദീകരണം കാണുക

26. സത്യം ശ്രവിക്കാനും ഗ്രഹിക്കാനും സന്മാര്‍ഗ പ്രാപ്തനാകാനുമുള്ള സന്നദ്ധതയും അഭിനിവേശവും മനുഷ്യനുണ്ടാകണം. അപ്പോഴവന്‍ സത്യത്തിന്റെ പന്ഥാവിലെത്തും. മറിച്ചാണെങ്കില്‍ എന്തു ഫലം? നബി(സ്വ)യുടെ ജനതയില്‍ ഈ രണ്ടു വിഭാഗവുമുണ്ടായിരുന്നു. ഓരോരുത്തരുടെയും ഭാഗധേയങ്ങള്‍ നിര്‍ണയിക്കുക അവരവരുടെ പ്രവര്‍ത്തനങ്ങളാണ്.

وَمِنۡهُم مَّن يُؤۡمِنُ بِهِۦ وَمِنۡهُم مَّن لَّا يُؤۡمِنُ بِهِۦۚ وَرَبُّكَ أَعۡلَمُ بِٱلۡمُفۡسِدِينَ ۝٤٠
وَإِن كَذَّبُوكَ فَقُل لِّي عَمَلِي وَلَكُمۡ عَمَلُكُمۡۖ أَنتُم بَرِيٓـُٔونَ مِمَّآ أَعۡمَلُ وَأَنَا۠ بَرِيٓءٞ مِّمَّا تَعۡمَلُونَ ۝٤١
42–44

താങ്കളിലേക്ക് ചെവി കൊടുക്കുന്നവര്‍ അവരിലുണ്ട്. എന്നാല്‍-ഗ്രഹിക്കാന്‍ സന്നദ്ധരല്ലെങ്കിലും-ബധിരരെ കേള്‍പിക്കാന്‍ അങ്ങേക്കാകുമോ? താങ്കളെ സശ്രദ്ധം വീക്ഷിക്കുന്ന ചിലരെയും കാണാം; എന്നാല്‍ കണ്ടു മനസ്സിലാക്കാന്‍ തയ്യാറല്ലെങ്കിലും അന്ധര്‍ക്കു നേര്‍വഴികാട്ടാന്‍ താങ്കള്‍ക്ക് സാധിക്കുമോ? ജനങ്ങളെ അല്ലാഹു ഒട്ടുമേ ദ്രോഹിക്കയില്ല തന്നെ; എന്നാല്‍ മനുഷ്യര്‍ സ്വന്തത്തോട് തന്നെ അക്രമം കാട്ടുകയാണ്27

1 വിശദീകരണം കാണുക

27. ഇവിടെ പറഞ്ഞ അന്ധതയും ബധിരതയും ആലങ്കാരികമാണ്, സന്മാര്‍ഗ നിഷ്ഠരും സത്യസന്ധരുമായ എത്രയോ അന്ധരും ബധിരരുമുണ്ടല്ലോ. അല്ലാഹുവിന്റെ ഋജുവായ പന്ഥാവ് കാണാനും അവന്റെ പവിത്രമൊഴികള്‍ കേള്‍ക്കാനും സന്നദ്ധത കാണിക്കാത്ത സങ്കുചിത മനസ്‌കരായ നിഷേധികളാണു വിവക്ഷ. അത്തരക്കാര്‍ സ്വന്തത്തോട് തന്നെ ദ്രോഹമാണനുവര്‍ത്തിക്കുന്നത്. കാരണം ആ നിഷേധത്തിനു പകരമായി തങ്ങള്‍ക്ക് കാലാകാലത്തേക്കുമുള്ള പരാജയവും ദൗര്‍ഭാഗ്യവുമാണവര്‍ സമ്പാദിച്ചുണ്ടാക്കുന്നത്. അല്ലാഹു ഒരാളെയും ദ്രോഹിക്കുന്നില്ല.

وَمِنۡهُم مَّن يَسۡتَمِعُونَ إِلَيۡكَۚ أَفَأَنتَ تُسۡمِعُ ٱلصُّمَّ وَلَوۡ كَانُواْ لَا يَعۡقِلُونَ ۝٤٢
وَمِنۡهُم مَّن يَنظُرُ إِلَيۡكَۚ أَفَأَنتَ تَهۡدِي ٱلۡعُمۡيَ وَلَوۡ كَانُواْ لَا يُبۡصِرُونَ ۝٤٣
إِنَّ ٱللَّهَ لَا يَظۡلِمُ ٱلنَّاسَ شَيۡـٔٗا وَلَٰكِنَّ ٱلنَّاسَ أَنفُسَهُمۡ يَظۡلِمُونَ ۝٤٤
45–47

അല്ലാഹു അവരെ ഒരുമിച്ചു കൂട്ടുന്ന ദിവസം സ്മരണീയമത്രേ. പകലിലെ ഒരു മണിക്കൂര്‍ മാത്രമേ ഭൗതിക ലോകത്ത് നിവസിച്ചിട്ടുള്ളൂ എന്ന പ്രതീതിയാണവരിലുണ്ടാവുക. അവരവിടെ പരസ്പരം തിരിച്ചറിയുന്നതാണ്. അല്ലാഹുവുമായുള്ള കൂടിക്കാഴ്ചയെ നിഷേധിച്ചവര്‍ പരാജിതരായതു തന്നെ, തീര്‍ച്ച. അവര്‍ സന്മാര്‍ഗ പ്രാപ്തരായിരുന്നില്ല28
അവരുടെ വാഗ്ദത്ത ശിക്ഷയില്‍ ചിലത് താങ്കള്‍ക്കു നാം കാണിച്ചു തരികയോ അല്ലെങ്കില്‍ അതിന് മുമ്പ് താങ്കളെ നാം മരിപ്പിക്കുകയോ ചെയ്താലും നമ്മിലേക്കു തന്നെയാണവരുടെ മടക്കം. പിന്നീട് അവരുടെ ചെയ്തികളെ പറ്റി അല്ലാഹു സാക്ഷിയായിരിക്കുന്നതാണ്29
ഓരോ ജനപഥത്തിനും ഓരോ ദൂതനുണ്ട്. സ്വജനതയുമായി ആ ദൂതന്‍ പരലോകത്ത് വന്നു കഴിഞ്ഞാല്‍ അവര്‍ക്കിടയില്‍ നീതി പൂര്‍വം വിധികല്‍പിക്കപ്പെടുന്നതാണ്. അവരോട് അനീതി കാണിക്കപ്പെടില്ല30

3 വിശദീകരണങ്ങൾ കാണുക

28. സത്യനിഷേധികളുടെ പരലോകത്തുള്ള തിരിച്ചറിവ് സൗഹൃദപരമല്ല, വൈരനിര്യാതനവും അധിക്ഷേപവും ശാപവും ഭര്‍ത്സനവുമൊക്കെ നിറഞ്ഞതായിരിക്കും. അന്ത്യനാളില്‍ നിങ്ങള്‍ പരസ്പരം തള്ളിപ്പറയുകയും ശപിക്കുകയും ചെയ്യും എന്ന് നിഷേധികളെ അഭിസംബോധനം ചെയ്ത് അല്ലാഹു (അന്‍കബൂത്ത്: 25) വ്യക്തമാക്കിയിട്ടുണ്ട്. ഭൗതിക ലോകത്ത് വളരെ തുച്ഛം സമയമേ തങ്ങള്‍ കഴിഞ്ഞിട്ടുള്ളൂവെന്നാണ് അവര്‍ക്ക് തോന്നുക. സൂറത്തുന്നിസാഅ് 46 കാണുക.

29. നബി(സ്വ)യുടെ ബദ്ധ വൈരികളായിരുന്ന മുരത്ത നിഷേധികള്‍ ഭൗതിക ലോകത്ത് എന്തെങ്കിലും ശിക്ഷക്ക് വിധേയരായാലും ഇല്ലെങ്കിലും ഫലം ഒന്നുതന്നെ - പരലോകത്ത് അവര്‍ കഠിന ശിക്ഷക്കും നരക വാസത്തിനും പാത്രീഭൂതരാകും. അവരുടെ കുറ്റ കൃത്യങ്ങളെ കുറിച്ചെല്ലാം അല്ലാഹു സാക്ഷിയായിരിക്കുന്നതാണ്.

30. ഓരോ സമൂഹവും ഉമ്മത്തും അവരവരുടെ റസൂലിന്റെ സാരഥ്യത്തില്‍ മഹ്ശറില്‍ വരും. അവരുടെയൊന്നടങ്കം മേല്‍ നമ്മുടെ നബി(സ്വ) സാക്ഷ്യം വഹിക്കും. കടുകിട വ്യത്യാസമില്ലാത്ത രക്ഷാശിക്ഷകള്‍ അവിടെവെച്ച് തീര്‍പ്പ് കല്‍പിക്കപ്പെടും. ഖുര്‍ആന്‍ അന്നഹ്ല്‍ 89 കാണുക.

وَيَوۡمَ يَحۡشُرُهُمۡ كَأَن لَّمۡ يَلۡبَثُوٓاْ إِلَّا سَاعَةٗ مِّنَ ٱلنَّهَارِ يَتَعَارَفُونَ بَيۡنَهُمۡۚ قَدۡ خَسِرَ ٱلَّذِينَ كَذَّبُواْ بِلِقَآءِ ٱللَّهِ وَمَا كَانُواْ مُهۡتَدِينَ ۝٤٥
وَإِمَّا نُرِيَنَّكَ بَعۡضَ ٱلَّذِي نَعِدُهُمۡ أَوۡ نَتَوَفَّيَنَّكَ فَإِلَيۡنَا مَرۡجِعُهُمۡ ثُمَّ ٱللَّهُ شَهِيدٌ عَلَىٰ مَا يَفۡعَلُونَ ۝٤٦
وَلِكُلِّ أُمَّةٖ رَّسُولٞۖ فَإِذَا جَآءَ رَسُولُهُمۡ قُضِيَ بَيۡنَهُم بِٱلۡقِسۡطِ وَهُمۡ لَا يُظۡلَمُونَ ۝٤٧
48–52

'ഈ വാഗ്ദത്ത ശിക്ഷ എപ്പോള്‍ വന്നെത്തും? നിങ്ങള്‍ സത്യസന്ധരാണെങ്കില്‍' എന്ന് അവര്‍ ചോദിക്കുന്നു. പറയുക: സ്വന്തത്തിന് തന്നെ ഉപകാരമോ ഉപദ്രവമോ ഉണ്ടാക്കാന്‍ എനിക്കാവില്ല; അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എല്ലാ സമൂഹത്തിനും ഒരവധിയുണ്ട്; അതെത്തിക്കഴിഞ്ഞാല്‍ ഒരല്‍പസമയമെങ്കിലും അവര്‍ പിന്നിലാവുകയോ മുന്‍കടക്കുകയോ ചെയ്യില്ല31
അവന്റെ ശിക്ഷ രാത്രിയോ പകലോ വന്നെത്തിയാല്‍ അതില്‍ ഏതിനാണു അധര്‍മകാരികള്‍ തിടുക്കം കാട്ടുക? നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്നിട്ട്, അതു വന്നെത്തിയിട്ടാണോ നിങ്ങളതില്‍ വിശ്വസിക്കുക? 'ഈ ശിക്ഷക്ക് തിടുക്കം കാട്ടിയിട്ട് ഇപ്പോഴാണോ നിങ്ങളതില്‍ വിശ്വസിക്കുന്നത്' എന്നവര്‍ പരിഹസിക്കപ്പെടും32
പിന്നീട് അക്രമകാരികളോട് ആഹ്വാനമുണ്ടാകും: നിരന്തര ശിക്ഷ ആസ്വദിക്കുക. സ്വന്തം പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നുണ്ടോ?

2 വിശദീകരണങ്ങൾ കാണുക

31. നിഷേധികള്‍ക്ക് ദൈവ ശിക്ഷ വന്നെത്തുമെന്ന് റസൂല്‍(സ്വ) പറയുമ്പോള്‍ മക്കയിലെ മുശ്‌രിക്കുകള്‍ ധൃതികൂട്ടും; അതുടനെ വരട്ടെയെന്നവര്‍ പരിഹസിക്കും. കാര്യങ്ങള്‍ സര്‍വവും അല്ലാഹു നിശ്ചയിച്ച സമയത്തും രീതിയിലും മാത്രമേ നടക്കൂ; അവനുദ്ദേശിക്കാത്ത ഒരു കാര്യം സ്വന്തത്തിനു വേണ്ടി പോലും സ്വായത്തമാക്കാന്‍ തനിക്കാവില്ലെന്നാണു നബി(സ്വ) പ്രഖ്യാപിക്കുന്നത്. ശിക്ഷിക്കാനോ ഉന്മൂലനം ചെയ്യാനോ അല്ലാഹു ഉദ്ദേശിച്ച ഒരു സമൂഹത്തിനു പോലും അതിന്റെ രീതിയോ സമയമോ സ്ഥലമോ മാറ്റാനാവില്ല.

32. ധൃതികൂട്ടി ദൈവികശിക്ഷയെ പരിഹസിച്ചിരുന്നവരും അത് വന്നെത്തുമ്പോള്‍ പേടിച്ച് അസ്വസ്ഥരാകും; സത്യവിശ്വാസം കൈകൊള്ളാന്‍ സന്നദ്ധരാകും. പശ്ചാത്താപത്തിന്റെയും സത്യവിശ്വാസ സ്വീകരണത്തിന്റെയും സമയം കഴിഞ്ഞു പോയത് കൊണ്ട് അത് പാഴ്‌വേലയായി പരിണമിക്കും.

وَيَقُولُونَ مَتَىٰ هَٰذَا ٱلۡوَعۡدُ إِن كُنتُمۡ صَٰدِقِينَ ۝٤٨
قُل لَّآ أَمۡلِكُ لِنَفۡسِي ضَرّٗا وَلَا نَفۡعًا إِلَّا مَا شَآءَ ٱللَّهُۗ لِكُلِّ أُمَّةٍ أَجَلٌۚ إِذَا جَآءَ أَجَلُهُمۡ فَلَا يَسۡتَـٔۡخِرُونَ سَاعَةٗ وَلَا يَسۡتَقۡدِمُونَ ۝٤٩
قُلۡ أَرَءَيۡتُمۡ إِنۡ أَتَىٰكُمۡ عَذَابُهُۥ بَيَٰتًا أَوۡ نَهَارٗا مَّاذَا يَسۡتَعۡجِلُ مِنۡهُ ٱلۡمُجۡرِمُونَ ۝٥٠
أَثُمَّ إِذَا مَا وَقَعَ ءَامَنتُم بِهِۦٓۚ ءَآلۡـَٰٔنَ وَقَدۡ كُنتُم بِهِۦ تَسۡتَعۡجِلُونَ ۝٥١
ثُمَّ قِيلَ لِلَّذِينَ ظَلَمُواْ ذُوقُواْ عَذَابَ ٱلۡخُلۡدِ هَلۡ تُجۡزَوۡنَ إِلَّا بِمَا كُنتُمۡ تَكۡسِبُونَ ۝٥٢
53

ഈ പാരത്രിക ശിക്ഷ സത്യമാണോ എന്ന് താങ്കളോടവര്‍ ചോദിക്കുന്നു. പറയുക: അതെ, എന്റെ നാഥന്‍ തന്നെയാണ, ഇതു സത്യം തന്നെ തീര്‍ച്ച. നിങ്ങള്‍ക്കല്ലാഹുവിനെ പരാജയപ്പെടുത്താനാവില്ല തന്നെ.

۞ وَيَسۡتَنۢبِـُٔونَكَ أَحَقٌّ هُوَۖ قُلۡ إِي وَرَبِّيٓ إِنَّهُۥ لَحَقّٞۖ وَمَآ أَنتُم بِمُعۡجِزِينَ ۝٥٣
54–56

അക്രമം പ്രവര്‍ത്തിച്ച ഓരോ വ്യക്തിക്കും ഭൂമിയിലുള്ളതത്രയും സ്വന്തമായുണ്ടായാലും അതയാള്‍ പ്രായശ്ചിത്തം നല്‍കും; ശിക്ഷ കാണുമ്പോഴവര്‍ സങ്കടം മറച്ച് വെക്കും. അവര്‍ക്കിടയില്‍ അക്രമം ചെയ്യപ്പെടാതെ നീതി പൂര്‍വം വിധികല്‍പിക്കപ്പെടുന്നതാണ്33
അറിയുക, ആകാശ-ഭൂമികളിലുള്ളതത്രയും അല്ലാഹുവിനുള്ളതാണ്; ഓര്‍ക്കുക, അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു, പക്ഷേ അവരില്‍ മിക്കവരും അതറിയുന്നില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു; അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുക34

2 വിശദീകരണങ്ങൾ കാണുക

33. പരലോകത്തെ അന്തിമ വിധിയുടെ പശ്ചാത്തലമാണ് പറയുന്നത്. തനിക്ക് നരകമാണെന്ന് ബോധ്യമായി കഴിയുമ്പോള്‍ ഏതുവിധം പ്രായശ്ചിത്തത്തിനും മനുഷ്യന്‍ സന്നദ്ധനാകും. ഭൂമിയും അതിലുള്ള സകല വസ്തുക്കളും തന്റെ ഉടമസ്ഥതയിലും അധീനതയിലുമാണെങ്കില്‍ അതത്രയും ശിക്ഷാമോചനത്തിനായി നല്‍കാന്‍ അവന്‍ തയ്യാറായിരിക്കും. വിധിക്കപ്പെട്ട ശിക്ഷയാകട്ടെ, അവന്‍ അര്‍ഹിക്കുന്നത് തന്നെയാണ്; ഒരുവിധ അനീതിയും അതിലുണ്ടായിരിക്കില്ല.

34. വസ്തുതകള്‍ ഗ്രഹിക്കാതെയാണ് മനുഷ്യന്‍ നിഷേധിയാകുന്നത്. അല്ലാഹുവിന്റെ അടിമയും ആശ്രിതനുമായ അവന്‍ ഏതടിസ്ഥാനത്തിലാണ് ധിക്കാരിയും നന്ദികെട്ടവനുമാവുക? അതിനുള്ള ശിക്ഷ പരലോകത്ത് കിട്ടിയേ തീരൂ.

وَلَوۡ أَنَّ لِكُلِّ نَفۡسٖ ظَلَمَتۡ مَا فِي ٱلۡأَرۡضِ لَٱفۡتَدَتۡ بِهِۦۗ وَأَسَرُّواْ ٱلنَّدَامَةَ لَمَّا رَأَوُاْ ٱلۡعَذَابَۖ وَقُضِيَ بَيۡنَهُم بِٱلۡقِسۡطِ وَهُمۡ لَا يُظۡلَمُونَ ۝٥٤
أَلَآ إِنَّ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ أَلَآ إِنَّ وَعۡدَ ٱللَّهِ حَقّٞ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ ۝٥٥
هُوَ يُحۡيِۦ وَيُمِيتُ وَإِلَيۡهِ تُرۡجَعُونَ ۝٥٦
57–58

ജനങ്ങളേ, രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും മനസ്സുകളിലെ രോഗത്തിന്ന് ശമനവും നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു; സത്യവിശ്വാസികള്‍ക്കു സന്‍മാര്‍ഗവും ദയാവായ്പും. പറയുക: അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ടാണത്. അത് കൊണ്ട് അതിലവര്‍ ആഹ്ലാദിച്ചു കൊള്ളട്ടെ. അവര്‍ ശേഖരിച്ചു കൊണ്ടിരിക്കുന്ന ഭൗതികതയെക്കാള്‍ അതത്രേ ഉത്തമം35

1 വിശദീകരണം കാണുക

35. അല്ലാഹുവിന്റെ ഔദാര്യം ഖുര്‍ആനും കാരുണ്യം ഇസ്‌ലാമുമാകുന്നു എന്ന് ഇമാം ഇബ്‌നു അബ്ബാസ്(റ) വിവരിച്ചിട്ടുണ്ട്. രണ്ടിന്റെയും വാഹകന്‍ റസൂല്‍(സ്വ) ആണ്. അബുശ്ശൈഖിന്റെ മറ്റൊരു നിവേദനത്തില്‍, അല്ലാഹുവിന്റെ ഔദാര്യം കൊണ്ടുള്ള വിവക്ഷ വിജ്ഞാനവും കാരുണ്യം തിരുമേനി(സ്വ) യുമാണെന്നു കാണാം. (ദുര്‍റുല്‍ മന്‍സൂര്‍ 4:367). ലോകത്തിനാകമാനം കാരുണ്യമായാണ് അങ്ങയെ നാം നിയോഗിച്ചിട്ടുള്ളത് എന്ന സൂക്തം(21:107) പ്രസിദ്ധമാണല്ലോ-അവിടത്തെ നിയോഗത്തില്‍ ഓരോ മനുഷ്യനും ആഹ്ലാദിക്കണമെന്നര്‍ത്ഥം.

يَٰٓأَيُّهَا ٱلنَّاسُ قَدۡ جَآءَتۡكُم مَّوۡعِظَةٞ مِّن رَّبِّكُمۡ وَشِفَآءٞ لِّمَا فِي ٱلصُّدُورِ وَهُدٗى وَرَحۡمَةٞ لِّلۡمُؤۡمِنِينَ ۝٥٧
قُلۡ بِفَضۡلِ ٱللَّهِ وَبِرَحۡمَتِهِۦ فَبِذَٰلِكَ فَلۡيَفۡرَحُواْ هُوَ خَيۡرٞ مِّمَّا يَجۡمَعُونَ ۝٥٨
59–60

ചോദിക്കുക: അല്ലാഹു ഉല്‍പാദിപ്പിച്ചു തരുന്ന ആഹാരത്തെ പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്നിട്ട് അവയില്‍ ചിലത് നിങ്ങള്‍ നിഷിദ്ധവും മറ്റു ചിലത് അനുവദനീയവുമാക്കി. അല്ലാഹുവാണോ ഇതിന് നിങ്ങള്‍ക്ക് അനുമതി നല്‍കുന്നത്? അതോ അവന്റെ മേല്‍ നിങ്ങള്‍ വ്യാജം ചമക്കുകയാണോ? അല്ലാഹുവിന്റെ പേരില്‍ കള്ളം നിര്‍മിച്ചുണ്ടാക്കുന്നവര്‍ക്ക് അന്ത്യനാളിനെ കുറിച്ച വിചാരമെന്താണ്! അല്ലാഹു മര്‍ത്യ സഞ്ചയത്തോട് ഔദാര്യന്‍ തന്നെയത്രെ. പക്ഷേ അവരില്‍ മിക്കവരും കൃതജ്ഞരാവുന്നില്ല36

1 വിശദീകരണം കാണുക

36. മക്കാ മുശ്‌രിക്കുകള്‍ കന്നുകാലികളില്‍ ചിലത് അനുവദനീയവും മറ്റു ചിലത് നിഷിദ്ധവുമാക്കി; അതാണ് സൂചനയെന്ന് ഇമാം ഇബ്‌നു അബ്ബാസ്(റ) പ്രസ്താവിച്ചിട്ടുണ്ട്. അല്ലാഹു ഇങ്ങനെ കല്‍പിച്ചിട്ടുണ്ട് എന്ന് വ്യാജം പറയുകയായിരുന്നു അവര്‍. അത്തരം ഒരു വിഭജനം തീര്‍ത്തും നിരര്‍ത്ഥകമാണ്. അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുന്നവര്‍ ഗുരുതരമായ അബദ്ധമാണ് ചെയ്യുന്നത്. പാരത്രിക ലോകത്തെ സംബന്ധിച്ച് അവരുടെ വിചാരമെന്ത് എന്ന ചോദ്യം ഏറെ ശ്രദ്ധേയമാണ്.

قُلۡ أَرَءَيۡتُم مَّآ أَنزَلَ ٱللَّهُ لَكُم مِّن رِّزۡقٖ فَجَعَلۡتُم مِّنۡهُ حَرَامٗا وَحَلَٰلٗا قُلۡ ءَآللَّهُ أَذِنَ لَكُمۡۖ أَمۡ عَلَى ٱللَّهِ تَفۡتَرُونَ ۝٥٩
وَمَا ظَنُّ ٱلَّذِينَ يَفۡتَرُونَ عَلَى ٱللَّهِ ٱلۡكَذِبَ يَوۡمَ ٱلۡقِيَٰمَةِۗ إِنَّ ٱللَّهَ لَذُو فَضۡلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكۡثَرَهُمۡ لَا يَشۡكُرُونَ ۝٦٠
61

താങ്കള്‍ ഏതെങ്കിലും കാര്യത്തിലേര്‍പെടുകയോ അതു സംബന്ധിച്ചു ഖുര്‍ആനില്‍ നിന്ന് വല്ലതും പാരായണം ചെയ്യുകയോ, (ജനങ്ങളേ) നിങ്ങള്‍ ഏതെങ്കിലും ജോലിയില്‍ വ്യാപൃതരാവുകയോ ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ക്കു സാക്ഷിയായി നാമുണ്ടാവുക തന്നെ ചെയ്യും. ഭുവന-വാനങ്ങളില്‍ ഒരണുത്തൂക്കമുള്ള വസ്തുവോ അതിനേക്കാള്‍ ചെറുതോ വലുതോ ഏതുമാകട്ടെ, താങ്കളുടെ നാഥനില്‍ നിന്ന് അത് ഗോപ്യമാവുകയില്ല. സര്‍വവും സ്പഷ്ടമായൊരു ഗ്രന്ഥത്തില്‍ രേഖപ്പെട്ടിട്ടുണ്ടാവും37

1 വിശദീകരണം കാണുക

37. സര്‍വ കാര്യങ്ങളും അതിസൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു എന്ന വസ്തുതയാണിവിടെ വ്യക്തമാക്കുന്നത്. പതിനാലു നൂറ്റാണ്ടു മുമ്പു തന്നെ, അണുവിനേക്കാള്‍ ചെറിയ വസ്തുവുണ്ടെന്ന ഖുര്‍ആനിക പ്രഖ്യാപനവും ഇതില്‍ കാണാം. അണുവിനെ പിന്നെ വിഭജിക്കാനാകില്ല എന്നാണ് അടുത്ത കാലം വരെ ശാസ്ത്രം പറഞ്ഞിരുന്നത്. എന്നാല്‍ ന്യൂട്രോണ്‍, പ്രോടോണ്‍, ഇലക്‌ട്രോണ്‍ എന്നീ മൂന്നു മൗലിക ഘടകങ്ങള്‍ അണുവിലുണ്ടെന്നാണ് ശാസ്ത്രകാരന്‍മാരുടെ ആധുനിക കണ്ടുപിടിത്തം! ബുദ്ധിമാന്‍മാര്‍ ഖുര്‍ആനിക സിദ്ധാന്തങ്ങള്‍ പഠന വിധേയമാക്കട്ടെ.

وَمَا تَكُونُ فِي شَأۡنٖ وَمَا تَتۡلُواْ مِنۡهُ مِن قُرۡءَانٖ وَلَا تَعۡمَلُونَ مِنۡ عَمَلٍ إِلَّا كُنَّا عَلَيۡكُمۡ شُهُودًا إِذۡ تُفِيضُونَ فِيهِۚ وَمَا يَعۡزُبُ عَن رَّبِّكَ مِن مِّثۡقَالِ ذَرَّةٖ فِي ٱلۡأَرۡضِ وَلَا فِي ٱلسَّمَآءِ وَلَآ أَصۡغَرَ مِن ذَٰلِكَ وَلَآ أَكۡبَرَ إِلَّا فِي كِتَٰبٖ مُّبِينٍ ۝٦١
62–65

അറിയുക, സത്യവിശ്വാസം കൈക്കൊള്ളുകയും അതിസൂക്ഷ്മ ജീവിതം നയിക്കുകയും ചെയ്ത അല്ലാഹുവിന്റെ മിത്രങ്ങളുണ്ടല്ലോ അവര്‍ക്ക് യാതൊരു ഭയപ്പാടും ദുഃഖവുമുണ്ടാകുന്നതല്ല; ഭൗതിക ജീവിതത്തിലും പരലോകത്തും അവര്‍ക്ക് ശുഭവാര്‍ത്തയാണുണ്ടാവുക. അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് ഭേദഗതിയുണ്ടാവില്ല. അതത്രേ മഹാവിജയം. നിഷേധികളുടെ വാക്കുകള്‍ താങ്കളെ ദുഃഖിപ്പിക്കാതിരിക്കട്ടെ. നിശ്ചയം പ്രതാപമത്രയും അല്ലാഹുവിനത്രേ. എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവനാണവന്‍38

1 വിശദീകരണം കാണുക

38. കുറ്റ കൃത്യങ്ങളില്‍ നിന്നെല്ലാം മാറിനിന്ന് അതിസൂക്ഷ്മമായി ജീവിക്കുന്ന മഹാന്‍മാരാണ് ഔലിയാഅ്. അവരുടെ ഐഹികവും പാരത്രികവുമായ ജീവിതം ക്ഷേമ പൂര്‍ണമായിരിക്കും. എന്നാല്‍ നിഷേധികളും അധര്‍മകാരികളും ഇസ്‌ലാമിനും വിശ്വാസികള്‍ക്കുമെതിരെ പാരപണിയും, പ്രതിരോധങ്ങള്‍ സൃഷ്ടിക്കും; അതിലൊന്നും ചഞ്ചലരാകാതെ ദൃഢമനസ്‌കരാകണം വിശ്വാസികള്‍. അന്തിമ വിജയം പ്രതാപശാലിയായ അല്ലാഹുവിന്റെ പുണ്യമതത്തിനു മാത്രമായിരിക്കും.

أَلَآ إِنَّ أَوۡلِيَآءَ ٱللَّهِ لَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ ۝٦٢
ٱلَّذِينَ ءَامَنُواْ وَكَانُواْ يَتَّقُونَ ۝٦٣
لَهُمُ ٱلۡبُشۡرَىٰ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَفِي ٱلۡأٓخِرَةِۚ لَا تَبۡدِيلَ لِكَلِمَٰتِ ٱللَّهِۚ ذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ ۝٦٤
وَلَا يَحۡزُنكَ قَوۡلُهُمۡۘ إِنَّ ٱلۡعِزَّةَ لِلَّهِ جَمِيعًاۚ هُوَ ٱلسَّمِيعُ ٱلۡعَلِيمُ ۝٦٥
66–67

ശ്രദ്ധിക്കുക, ഭുവന-വാനങ്ങളിലുള്ളവരെല്ലാം അല്ലാഹുവിനുള്ളതാകുന്നു. അവനല്ലാത്ത മറ്റു പങ്കാളികളെ ആരാധിക്കുന്നവര്‍ എന്തിനെയാണ് പിന്തുടരുന്നത്! ഊഹം മാത്രം അനുധാവനം ചെയ്യുകയും നുണ മാത്രം പറയുകയുമാണവര്‍39
വിശ്രമിക്കുവാന്‍ രാത്രിയെയും വെളിച്ചം തരാന്‍ പകലിനെയും നിങ്ങള്‍ക്കു സംവിധാനിച്ചത് അവനാണ്. ശ്രദ്ധിച്ചു കേള്‍ക്കുന്ന ജനങ്ങള്‍ക്ക് വിവിധ ദൃഷ്ടാന്തങ്ങള്‍ ഇതിലുണ്ട്.

1 വിശദീകരണം കാണുക

39. കല്ലും മണ്ണും ലോഹവും മറ്റും കൊണ്ടുണ്ടാക്കിയ നിര്‍ജീവ വസ്തുക്കളെ ആരാധിക്കുന്നവരുടെ മൗഢ്യവും ബുദ്ധിശൂന്യതയുമാണു സൂചിപ്പിക്കുന്നത്. നിവേദ്യങ്ങള്‍ ഭക്ഷിക്കാനെത്തുന്ന ഈച്ചകളെ ആട്ടാന്‍ പോലുമാകാത്ത ദൈവങ്ങള്‍; ആരാധ്യരും ആരാധകരും വലഞ്ഞതു തന്നെ.(ഖുര്‍: ഹജ്ജ്:73) വിശ്വാസപരവും ആരാധനാപരവുമായി സത്യനിഷേധികള്‍ തട്ടിവിടുന്നതത്രയും നുണമാത്രം.

أَلَآ إِنَّ لِلَّهِ مَن فِي ٱلسَّمَٰوَٰتِ وَمَن فِي ٱلۡأَرۡضِۗ وَمَا يَتَّبِعُ ٱلَّذِينَ يَدۡعُونَ مِن دُونِ ٱللَّهِ شُرَكَآءَۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنۡ هُمۡ إِلَّا يَخۡرُصُونَ ۝٦٦
هُوَ ٱلَّذِي جَعَلَ لَكُمُ ٱلَّيۡلَ لِتَسۡكُنُواْ فِيهِ وَٱلنَّهَارَ مُبۡصِرًاۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَسۡمَعُونَ ۝٦٧
68–70

അല്ലാഹുവിന് സന്താനമുണ്ടെന്ന് അവര്‍ ജല്‍പിക്കുന്നു. എത്ര പരിശുദ്ധനാണവന്‍! അവന്‍ നിരാശ്രയനത്രേ. ആകാശ ഭൂമികളിലുള്ളവയത്രയും അവനുള്ളതാണ്. ഈ ജല്‍പനത്തിനു നിങ്ങളുടെ പക്കല്‍ പ്രമാണങ്ങളൊന്നുമില്ല തന്നെ. വിവരമില്ലാത്തത് നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ പറയുകയോ? അല്ലാഹുവിന്റെ മേല്‍ വ്യാജം കെട്ടിച്ചമക്കുന്നവര്‍ വിജയം വരിക്കുകയില്ലതന്നെ എന്നു താങ്കള്‍ പ്രഖ്യാപിക്കുക. അവരുടേത് ഐഹിക സുഖാനുഭവം മാത്രം! ശേഷം നമ്മിലേക്കാണവരുടെ മടക്കം. പിന്നീട് തങ്ങളുടെ നിഷേധം കാരണമായി അവര്‍ക്ക് കഠിന ശിക്ഷ നാം ആസ്വദിപ്പിക്കുന്നതാണ്40

1 വിശദീകരണം കാണുക

40. എസ്രാ(ഉസൈര്‍), യേശു ക്രിസ്തു(ഈസാനബി) എന്നിവര്‍ അല്ലാഹുവിന്റെ മക്കളാണെന്ന് ജൂതന്‍മാരും ക്രിസ്ത്യാനികളും വാദിക്കുന്നു. മലക്കുകള്‍ അവന്റെ പുത്രിമാരാണെന്നായിരുന്നു മക്കയിലെ മുശ്‌രിക്കുകളുടെ ജല്‍പനം. പ്രപഞ്ചത്തിലെ സമസ്ത വസ്തുക്കളും അധീനതയിലുള്ളവനും അവയുടെ ഉടമയുമായ അല്ലാഹുവിനു പിന്നെ സഹധര്‍മിണിമാരോ മക്കളോ ഉണ്ടാകുമോ? ആരുടെയും ആശ്രയം ആവശ്യമില്ലാത്ത സ്വയം പര്യാപ്തനാണവന്‍. ഈ മൂഢവാദത്തിനും ബുദ്ധിശൂന്യവിശ്വാസത്തിനുമുള്ള കഠിന ശിക്ഷ അവര്‍ക്കുണ്ടായിരിക്കുന്നതാണ്.

قَالُواْ ٱتَّخَذَ ٱللَّهُ وَلَدٗاۗ سُبۡحَٰنَهُۥۖ هُوَ ٱلۡغَنِيُّۖ لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۚ إِنۡ عِندَكُم مِّن سُلۡطَٰنِۭ بِهَٰذَآۚ أَتَقُولُونَ عَلَى ٱللَّهِ مَا لَا تَعۡلَمُونَ ۝٦٨
قُلۡ إِنَّ ٱلَّذِينَ يَفۡتَرُونَ عَلَى ٱللَّهِ ٱلۡكَذِبَ لَا يُفۡلِحُونَ ۝٦٩
مَتَٰعٞ فِي ٱلدُّنۡيَا ثُمَّ إِلَيۡنَا مَرۡجِعُهُمۡ ثُمَّ نُذِيقُهُمُ ٱلۡعَذَابَ ٱلشَّدِيدَ بِمَا كَانُواْ يَكۡفُرُونَ ۝٧٠
71–72

നൂഹ് നബിയുടെ വൃത്താന്തം താങ്കളവര്‍ക്ക് ഓതിക്കൊടുക്കുക. സ്വജനതയോടദ്ദേഹം പ്രസ്താവിച്ച സന്ദര്‍ഭം: സമുദായമേ, എന്റെ നിലപാടും ദിവ്യദൃഷ്ടാന്തങ്ങളോടെയുള്ള ഉദ്‌ബോധനവും അസഹനീയമായി നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ ഞാനിതാ, അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പിക്കുന്നു. അതുകൊണ്ട്, നിങ്ങളും പങ്കാളികളും ചേര്‍ന്ന് ഒരു പദ്ധതി ചിന്തിച്ചുറപ്പിക്കുക, പിന്നീട് യാതൊരവ്യക്തതയും നിങ്ങള്‍ക്കുണ്ടാവരുത്. എന്നിട്ട് എനിക്കെതിരെ അത് നടപ്പാക്കുക, ഒട്ടും ഇടതരേണ്ടതില്ല41
ഇനിയും പിന്തിരിഞ്ഞ് പോകയാണു നിങ്ങളെങ്കില്‍ ഓര്‍ക്കുക: ഒരു പ്രതിഫലവും നിങ്ങളോട് ഞാനാവശ്യപ്പെട്ടിട്ടില്ലല്ലോ. അല്ലാഹുവിങ്കല്‍ മാത്രമാണ് എന്റെ കൂലി. മുസ്‌ലിംകളിലുള്‍പെടണമെന്നാണ് ഞാന്‍ അനുശാസിക്കപ്പെട്ടിരിക്കുന്നത്.

1 വിശദീകരണം കാണുക

41. ഒരു സഹസ്രാബ്ദത്തോളം കാലം സ്വജനതയെ സന്മാര്‍ഗദര്‍ശനം ചെയ്ത നൂഹ് നബി(അ)ന്റെ ചരിത്രം പരാമര്‍ശിക്കുകയാണ്. എന്റെ പ്രബോധനം നിങ്ങള്‍ക്കു സഹിക്കാനാകുന്നില്ലെങ്കില്‍ ഗൂഢാലോചന നടത്തി എന്തു സംഹാര പദ്ധതിയും എനിക്കെതിരെ നടപ്പാക്കിക്കൊള്ളൂ എന്നു വെല്ലുവിളിക്കുകയാണു മഹാന്‍. സര്‍വശക്തനിലും അവന്റെ സമഗ്ര സഹായത്തിലും സമ്പൂര്‍ണ വിശ്വാസമുള്ള ഒരാള്‍ക്കു മാത്രമേ ഇങ്ങനെയൊരു വെല്ലുവിളി ഉയര്‍ത്താനാകൂ.

۞ وَٱتۡلُ عَلَيۡهِمۡ نَبَأَ نُوحٍ إِذۡ قَالَ لِقَوۡمِهِۦ يَٰقَوۡمِ إِن كَانَ كَبُرَ عَلَيۡكُم مَّقَامِي وَتَذۡكِيرِي بِـَٔايَٰتِ ٱللَّهِ فَعَلَى ٱللَّهِ تَوَكَّلۡتُ فَأَجۡمِعُوٓاْ أَمۡرَكُمۡ وَشُرَكَآءَكُمۡ ثُمَّ لَا يَكُنۡ أَمۡرُكُمۡ عَلَيۡكُمۡ غُمَّةٗ ثُمَّ ٱقۡضُوٓاْ إِلَيَّ وَلَا تُنظِرُونِ ۝٧١
فَإِن تَوَلَّيۡتُمۡ فَمَا سَأَلۡتُكُم مِّنۡ أَجۡرٍۖ إِنۡ أَجۡرِيَ إِلَّا عَلَى ٱللَّهِۖ وَأُمِرۡتُ أَنۡ أَكُونَ مِنَ ٱلۡمُسۡلِمِينَ ۝٧٢
73–74

എന്നിട്ട്, അവര്‍ അദ്ദേഹത്തെ വ്യാജനാക്കി. അപ്പോള്‍ തന്നെയും കൂടെയുള്ളവരെയും നാം കപ്പലില്‍ സുരക്ഷിതരാക്കുകയും ഭൂമിയില്‍ പിന്‍ഗാമികളാക്കുകയുമുണ്ടായി. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരെ നാം മുക്കിക്കൊന്നു. അപ്പോള്‍, താക്കീത് നല്‍കപ്പെട്ടിരുന്നവരുടെ പരിണതി എങ്ങനെയുണ്ടായിരുന്നുവെന്നു ചിന്തിച്ചു നോക്കൂ!42
പിന്നീട്, തനിക്കു ശേഷം പല ദൂതന്‍മാരെയും സ്വസമുദായങ്ങളിലേക്കു നാമയച്ചു. ദൃഷ്ടാന്തങ്ങളുമായി അവര്‍ ജനങ്ങളുടെ അടുത്തെത്തി. അങ്ങനെ, മുമ്പ് എന്തു കാര്യങ്ങള്‍ നിഷേധിച്ചിരുന്നുവോ അതില്‍ വിശ്വസിക്കാന്‍ അവര്‍ സന്നദ്ധരായില്ല. അതിക്രമം കാട്ടുന്നവരുടെ ഹൃദയങ്ങളില്‍ ഇങ്ങനെ നാം മുദ്രയടിക്കും.43

2 വിശദീകരണങ്ങൾ കാണുക

42. തൊള്ളായിരത്തി അന്‍പത് വര്‍ഷം റസൂലായി നൂഹ്‌നബി(റ) പ്രബോധനം നടത്തി. തുച്ഛം പേരേ സന്‍മാര്‍ഗം പുല്‍കിയുള്ളൂ. മഹാഭൂരിഭാഗവും നിഷേധത്തില്‍ തുടര്‍ന്നു. പുണ്യദീനിനും നൂഹ് നബി(അ)ക്കുമെതിരെ അവര്‍ സജീവ രംഗത്തുണ്ടായിരുന്നു. ഒടുവില്‍ മഹാ പ്രളയമുണ്ടായി അവര്‍ ചത്തൊടുങ്ങി.

43. ഹൂദ്, സ്വാലിഹ്, ലൂഥ്, ശുഐബ്(അ) തുടങ്ങിയവരാണ് നൂഹ് നബിക്കു ശേഷം മുര്‍സലുകളായി വന്നത്. പൂര്‍വികരുടെ വിനാശത്തില്‍ നിന്ന് ആ ജനത പാഠമുള്‍ക്കൊണ്ടില്ല. തൗഹീദ്, രിസാലത്ത്, പാരത്രിക ജീവിതം തുടങ്ങിയവ അവരും നിഷേധിച്ചു. ചരിത്രം ആവര്‍ത്തിതമായി. അവരും പലവിധത്തിലുള്ള ദൈവിക ശിക്ഷകള്‍ക്ക് വിധേയരായി. ദൈവദൂതന്‍മാര്‍ ഇടതടവില്ലാതെ സത്യം പഠിപ്പിക്കുകയും സന്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കുകയും ദൃഷ്ടാന്തങ്ങള്‍ കാണിച്ചു കൊടുക്കുകയുമൊക്കെ ചെയ്തിട്ടും അവയുള്‍ക്കൊള്ളാന്‍ സന്നദ്ധരാകാത്ത മൂരാച്ചികള്‍ക്ക് കഠോരശിക്ഷ നല്‍കുകയല്ലാതെ മറ്റെന്ത് ചെയ്യും? ഹൃദയം കടുത്ത ധിക്കാരികളായിരുന്നു അവര്‍.

فَكَذَّبُوهُ فَنَجَّيۡنَٰهُ وَمَن مَّعَهُۥ فِي ٱلۡفُلۡكِ وَجَعَلۡنَٰهُمۡ خَلَٰٓئِفَ وَأَغۡرَقۡنَا ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَاۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلۡمُنذَرِينَ ۝٧٣
ثُمَّ بَعَثۡنَا مِنۢ بَعۡدِهِۦ رُسُلًا إِلَىٰ قَوۡمِهِمۡ فَجَآءُوهُم بِٱلۡبَيِّنَٰتِ فَمَا كَانُواْ لِيُؤۡمِنُواْ بِمَا كَذَّبُواْ بِهِۦ مِن قَبۡلُۚ كَذَٰلِكَ نَطۡبَعُ عَلَىٰ قُلُوبِ ٱلۡمُعۡتَدِينَ ۝٧٤
75–78

അവര്‍ക്കു പിറകെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി മൂസാനബിയെയും ഹാറൂന്‍ നബിയെയും നാം അയച്ചു-ഫറോവയുടെയും അവന്റെ വിശിഷ്ടരുടെയും അടുത്തേക്ക്. എന്നാല്‍ അഹങ്കാരം കാട്ടുകയാണവര്‍ ചെയ്തത്. അധര്‍മകാരികളായ ഒരു വിഭാഗമായിരുന്നു അവര്‍. നമ്മുടെ അടുത്തുനിന്നുള്ള സത്യം വന്നു കിട്ടിയപ്പോള്‍ 'ഇതു വ്യക്തമായ ആഭിചാരം തന്നെയാകുന്നു' എന്നവര്‍ തട്ടിവിട്ടു. മൂസാ നബി പ്രതികരിച്ചു: സത്യം വന്നെത്തിയപ്പോള്‍ ഇങ്ങനെയാണോ നിങ്ങള്‍ പറയുന്നത്? ഇത് ആഭിചാരമാണോ? ആഭിചാരകന്‍മാര്‍ വിജയപ്രാപ്തരാകുന്നതല്ല.44
അവര്‍ ചോദിച്ചു: പൂര്‍വ പിതാക്കളെ കണ്ടെത്തിയ മാര്‍ഗത്തില്‍ നിന്ന് ഞങ്ങളെ വ്യതിചലിപ്പിച്ച് കളയാനും രാജ്യത്തെ ആധിപത്യം നിങ്ങളിരുവര്‍ക്കുമാകാനുമാണോ നിങ്ങള്‍ വന്നിരിക്കുന്നത്? നിങ്ങളിരുവരെയും ഞങ്ങള്‍ വിശ്വസിക്കുകയേ ചെയ്യില്ല.45

2 വിശദീകരണങ്ങൾ കാണുക

44. മൂസാ നബി(അ)ന് സീനാ പര്‍വതത്തിന്റെ താഴ്‌വരയില്‍ വെച്ചാണ് അല്ലാഹു പ്രവാചകത്വവും ദൗത്യവും നല്‍കിയത്. ജ്യേഷ്ഠ സഹോദരന്‍ ഹാറൂന്‍(അ)നെ കൂടി റസൂലാക്കാന്‍ തല്‍സമയം അദ്ദേഹം അപേക്ഷിച്ചു. കാരണം, ഫറോവയുടെയടുത്ത് ചെന്ന് ദഅ്‌വത്ത് നടത്തലും ഇസ്രയേല്യരെ അവന്റെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കലും അതീവ ദുഷ്‌കരമായ ദൗത്യങ്ങളായിരുന്നു. ഫറോവമാരിലെ മര്‍നപ്ത ചക്രവര്‍ത്തി (ബി.സി.1234-'24)യുടെ അടുത്തേക്കാണ് ഇവര്‍ നിയുക്തരായത്.

45. പൊതുവില്‍ നിഷേധികളുടെ അവസ്ഥയും കാഴ്ചപ്പാടും ഇതായിരിക്കും: പൂര്‍വികരുടെ ദുര്‍മാര്‍ഗത്തില്‍ തുടരുക, പുതുതായൊന്നും പഠിക്കുകയോ ചിന്തിക്കുകയോ ഉള്‍ക്കൊള്ളുകയോ ചെയ്യാതിരിക്കുക. അതിന്നു പിതാക്കളെ മറയാക്കി സ്വീകരിക്കുക.

ثُمَّ بَعَثۡنَا مِنۢ بَعۡدِهِم مُّوسَىٰ وَهَٰرُونَ إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦ بِـَٔايَٰتِنَا فَٱسۡتَكۡبَرُواْ وَكَانُواْ قَوۡمٗا مُّجۡرِمِينَ ۝٧٥
فَلَمَّا جَآءَهُمُ ٱلۡحَقُّ مِنۡ عِندِنَا قَالُوٓاْ إِنَّ هَٰذَا لَسِحۡرٞ مُّبِينٞ ۝٧٦
قَالَ مُوسَىٰٓ أَتَقُولُونَ لِلۡحَقِّ لَمَّا جَآءَكُمۡۖ أَسِحۡرٌ هَٰذَا وَلَا يُفۡلِحُ ٱلسَّٰحِرُونَ ۝٧٧
قَالُوٓاْ أَجِئۡتَنَا لِتَلۡفِتَنَا عَمَّا وَجَدۡنَا عَلَيۡهِ ءَابَآءَنَا وَتَكُونَ لَكُمَا ٱلۡكِبۡرِيَآءُ فِي ٱلۡأَرۡضِ وَمَا نَحۡنُ لَكُمَا بِمُؤۡمِنِينَ ۝٧٨
79–80

ഫറോവ ഉത്തരവിട്ടു: മികച്ച പരിജ്ഞാനമുള്ള എല്ലാ ആഭിചാരകന്‍മാരെയും എന്റെയടുത്ത് ഹാജറാക്കുക. അങ്ങനെ അവരെത്തിയപ്പോള്‍ 'നിങ്ങളുടെ പക്കലുള്ളതൊക്കെ ഇട്ടുകൊള്ളുക'46
എന്നു മൂസാനബി ആവശ്യപ്പെട്ടു.

1 വിശദീകരണം കാണുക

46. മത്സരവേദിയില്‍ വടിയും കയറും നിലത്തിട്ട് അവ പാമ്പും തേളും മറ്റുമൊക്കെയായി രൂപം പ്രാപിച്ചതായി ദ്രഷ്ടാക്കളെ തോന്നിപ്പിക്കുന്ന ജാലവിദ്യയാണ് അവര്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി വന്നിരുന്നത്. നിങ്ങള്‍ ഇട്ടുകൊള്ളൂ എന്നതിന്റെ പശ്ചാത്തലം അതാണ്.

وَقَالَ فِرۡعَوۡنُ ٱئۡتُونِي بِكُلِّ سَٰحِرٍ عَلِيمٖ ۝٧٩
فَلَمَّا جَآءَ ٱلسَّحَرَةُ قَالَ لَهُم مُّوسَىٰٓ أَلۡقُواْ مَآ أَنتُم مُّلۡقُونَ ۝٨٠
81–82

അങ്ങനെ അവര്‍ വടികളിട്ടള്‍ (അവ പാമ്പുകളായി. തത്‌സമയം) മൂസാനബി പറഞ്ഞു: നിങ്ങള്‍ ഈ അവതരിപ്പിക്കുന്നത് ആഭിചാരമാണ്. അല്ലാഹു ഇത് ശിഥിലമാക്കുക തന്നെ ചെയ്യും. നാശകാരികളുടെ ചെയ്തികളെയവന്‍ ഉദാത്തമാക്കിത്തീര്‍ക്കുന്നതേയല്ല. അധര്‍മകാരികള്‍ അനിഷ്ടപ്പെട്ടാലും, തന്റെ വചനങ്ങളിലൂടെ സത്യം അവന്‍ സാക്ഷാല്‍കരിക്കുക തന്നെ ചെയ്യും.

فَلَمَّآ أَلۡقَوۡاْ قَالَ مُوسَىٰ مَا جِئۡتُم بِهِ ٱلسِّحۡرُۖ إِنَّ ٱللَّهَ سَيُبۡطِلُهُۥٓ إِنَّ ٱللَّهَ لَا يُصۡلِحُ عَمَلَ ٱلۡمُفۡسِدِينَ ۝٨١
وَيُحِقُّ ٱللَّهُ ٱلۡحَقَّ بِكَلِمَٰتِهِۦ وَلَوۡ كَرِهَ ٱلۡمُجۡرِمُونَ ۝٨٢
83–86

എന്നാല്‍ തന്റെ ജനതയില്‍ നിന്ന് ഏതാനും പേരൊഴികെ മറ്റാരും മൂസാനബിയെ വിശ്വസിച്ചില്ല; അതു തന്നെ ഫറോവയുടെയും സംഘത്തിന്റെയും പീഡന വിഹ്വലതയോടെ മാത്രം. നിശ്ചയം, ഫറോവ നാട്ടില്‍ ഔന്നത്യം നടിക്കുന്നവനും പരിധിവിട്ടു പ്രവര്‍ത്തിക്കുന്നവരില്‍ പെട്ടവനുമാണ്. മൂസാനബി പറഞ്ഞു: എന്റെ ജനമേ, അല്ലാഹുവില്‍ വിശ്വസിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അവനില്‍ കാര്യങ്ങള്‍ ഭരമേല്‍പിക്കുക, നിങ്ങളവനു വിധേയരായിട്ടുണ്ടെങ്കില്‍! അവര്‍ പ്രതികരിച്ചു: ഞങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചിരിക്കുന്നു; 'നാഥാ, അക്രമികളായ ഈ ജനതയുടെ മര്‍ദന-പീഡനങ്ങള്‍ക്ക് ഞങ്ങളെ നീ പാത്രീഭൂതരാക്കരുതേ, നിന്റെ കാരുണ്യം കൊണ്ട് നിഷേധികളായ ഈ ജനത്തില്‍ നിന്ന് ഞങ്ങളെ രക്ഷപ്പെടുത്തേണമേ'!47

1 വിശദീകരണം കാണുക

47. അനിഷേധ്യ ദൃഷ്ടാന്തം കണ്ടെങ്കിലും ഫറോവയുടെ അടിമത്തത്തില്‍ കഴിയുകയായിരുന്ന ഇസ്രയേല്യര്‍ ഗുരുതരശിക്ഷ ഭയന്ന് മൂസാനബി(അ)യില്‍ വിശ്വസിച്ചില്ല, വളരെ കുറച്ചു പേരൊഴികെ. ഫറോവയുടെ അനുയായികള്‍ തുച്ഛം പേര്‍ വിശ്വസിച്ചു എന്നും ചില മുഫസ്സിറുകള്‍ ഇവിടെ വ്യാഖ്യാനിച്ചിട്ടുണ്ട്. ഏതായാലും മൂസാനബി(അ) അവര്‍ക്ക് ഉപദേശം നല്‍കുകയും ആത്മീയ ഉല്‍ക്കര്‍ഷം പകര്‍ന്നുകൊടുക്കുകയുമുണ്ടായി. സത്യവിശ്വാസികളെ എക്കാലവും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണിത്. താല്‍ക്കാലിക ലാഭത്തിനും നേട്ടത്തിനും വേണ്ടി അല്ലാഹുവിനെ വിസ്മരിച്ചു കളയുന്ന ദൗര്‍ബല്യമാണ് മുസ്‌ലിംകളുടെ സര്‍വ വിനാശങ്ങള്‍ക്കും കാരണം. അവനെ മുറുകെ പിടിച്ചാല്‍ അവര്‍ അജയ്യരായിത്തീരും, തീര്‍ച്ച.

فَمَآ ءَامَنَ لِمُوسَىٰٓ إِلَّا ذُرِّيَّةٞ مِّن قَوۡمِهِۦ عَلَىٰ خَوۡفٖ مِّن فِرۡعَوۡنَ وَمَلَإِيْهِمۡ أَن يَفۡتِنَهُمۡۚ وَإِنَّ فِرۡعَوۡنَ لَعَالٖ فِي ٱلۡأَرۡضِ وَإِنَّهُۥ لَمِنَ ٱلۡمُسۡرِفِينَ ۝٨٣
وَقَالَ مُوسَىٰ يَٰقَوۡمِ إِن كُنتُمۡ ءَامَنتُم بِٱللَّهِ فَعَلَيۡهِ تَوَكَّلُوٓاْ إِن كُنتُم مُّسۡلِمِينَ ۝٨٤
فَقَالُواْ عَلَى ٱللَّهِ تَوَكَّلۡنَا رَبَّنَا لَا تَجۡعَلۡنَا فِتۡنَةٗ لِّلۡقَوۡمِ ٱلظَّٰلِمِينَ ۝٨٥
وَنَجِّنَا بِرَحۡمَتِكَ مِنَ ٱلۡقَوۡمِ ٱلۡكَٰفِرِينَ ۝٨٦
87–88

മൂസാനബിക്കും സഹോദരനും നാം ദിവ്യ സന്ദേശം നല്‍കി: നിങ്ങളിരുവരും സ്വസമുദായത്തിനു വേണ്ടി ഈജിപ്തില്‍ വീടുകള്‍ നിര്‍മിക്കുകയും അവ ആരാധനാഗേഹങ്ങളാക്കുകയും നമസ്‌കാരം നിലനിര്‍ത്തുകയും ചെയ്യുക. സത്യവിശ്വാസികള്‍ക്കു താങ്കള്‍ ശുഭവാര്‍ത്ത അറിയിക്കുക. മൂസാനബി പ്രാര്‍ഥിച്ചു: ഞങ്ങളുടെ നാഥാ, ഫിര്‍ഔന്നും അവന്റെ വരിഷ്ടര്‍ക്കും ഭൗതിക ജീവിതാര്‍ഭാടങ്ങളും സമ്പത്തും നീ നല്‍കിയിട്ടുണ്ടല്ലോ; നാഥാ, അതുവഴി ജനങ്ങളെ നിന്റെ പന്ഥാവില്‍ നിന്ന് വ്യതിചലിപ്പിക്കാനാണ്(അവരുടെ ശ്രമം). ഞങ്ങളുടെ രക്ഷിതാവേ, അവരുടെ സമ്പത്തുകള്‍ നീ ഉന്‍മൂലനം ചെയ്യുകയും ഹൃദയങ്ങള്‍ കഠിനതരമാക്കുകയും ചെയ്യേണമേ. അങ്ങനെ വേദനയുറ്റ ശിക്ഷ കാണുന്നതുവരെ അവര്‍ വിശ്വസിക്കാതിരിക്കട്ടെ48

1 വിശദീകരണം കാണുക

48. എണ്‍പത്തേഴാം സൂക്തത്തില്‍ വീടുകള്‍ ഖിബ്‌ലയാക്കുക എന്നതിന് അവിടെ വെച്ച് നമസ്‌കരിക്കുക, വീടുകള്‍ അടുത്തടുത്തായി ഉണ്ടാക്കി അഭിമുഖമാക്കുക എന്നിങ്ങനെ വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ട്. മിക്ക മനുഷ്യരുടെയും അധര്‍മങ്ങള്‍ക്കും ദുര്‍മാര്‍ഗ ജീവിതത്തിനും നിമിത്തമാകാറുള്ളത് സാമ്പത്തിക സുഭിക്ഷതയാണ്. അതു തന്നെയാണ് ഫിര്‍ഔന്റെയും ശിങ്കിടികളുടെയും അവസ്ഥ. സാമ്പത്തിക സുഭിക്ഷതയുടെ ഉന്‍മൂലനത്തിനു മൂസാനബി(അ) ദുആ ചെയ്യുന്നതു അത്‌കൊണ്ടാണ്.

وَأَوۡحَيۡنَآ إِلَىٰ مُوسَىٰ وَأَخِيهِ أَن تَبَوَّءَا لِقَوۡمِكُمَا بِمِصۡرَ بُيُوتٗا وَٱجۡعَلُواْ بُيُوتَكُمۡ قِبۡلَةٗ وَأَقِيمُواْ ٱلصَّلَوٰةَۗ وَبَشِّرِ ٱلۡمُؤۡمِنِينَ ۝٨٧
وَقَالَ مُوسَىٰ رَبَّنَآ إِنَّكَ ءَاتَيۡتَ فِرۡعَوۡنَ وَمَلَأَهُۥ زِينَةٗ وَأَمۡوَٰلٗا فِي ٱلۡحَيَوٰةِ ٱلدُّنۡيَا رَبَّنَا لِيُضِلُّواْ عَن سَبِيلِكَۖ رَبَّنَا ٱطۡمِسۡ عَلَىٰٓ أَمۡوَٰلِهِمۡ وَٱشۡدُدۡ عَلَىٰ قُلُوبِهِمۡ فَلَا يُؤۡمِنُواْ حَتَّىٰ يَرَوُاْ ٱلۡعَذَابَ ٱلۡأَلِيمَ ۝٨٨
89–92

അല്ലാഹു പ്രതികരിച്ചു: നിങ്ങളിരുവരുടെയും ദുആ സ്വീകരിക്കപ്പെടുക തന്നെ ചെയ്തിരിക്കുന്നു; അതുകൊണ്ട് ഋജുവായി നിലകൊള്ളുക, അജ്ഞരുടെ പന്ഥാവ് ഒട്ടുമേ പിന്തുടരരുത്. ഇസ്രയേല്യരെ നാം ചെങ്കടല്‍ കടത്തിക്കൊണ്ട് പോയി49
അപ്പോള്‍ ഫിര്‍ഔനും സൈന്യവും ധിക്കാരവും അതിക്രമവുമായി അവരുടെ പിന്നാലെക്കൂടി. അങ്ങനെ, മുങ്ങിച്ചാകുമെന്നായപ്പോള്‍ 'ഇസ്രയേല്യര്‍ ഏതൊരു ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നുവോ അവനല്ലാതെ മറ്റൊരു ദൈവവുമില്ലെന്ന് ഞാനിതാ വിശ്വസിച്ചിരിക്കുന്നു' എന്ന് അവന്‍ ഉദ്‌ഘോഷിക്കുകയുണ്ടായി. അല്ലാഹു ചോദിച്ചു: ഇപ്പോഴാണോ നീ വിശ്വസിക്കുന്നത്? ഇക്കാലമത്രയും ധിക്കരിക്കുകയും വിനാശകാരികളുടെ ഗണത്തിലാവുകയുമാണല്ലോ നീ ചെയ്തത്! അത്‌കൊണ്ട് പിന്‍ഗാമികള്‍ക്ക് ദൃഷ്ടാന്തമായിരിക്കേണ്ടതിന്നു ഈ ലോകത്ത് നിന്റെ ജഡം നാം സുരക്ഷിതമാക്കും! നിശ്ചയം, മനുഷ്യരില്‍ ഒട്ടേറെ പേര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി ചിന്താശൂന്യര്‍ തന്നെയത്രേ50

2 വിശദീകരണങ്ങൾ കാണുക

49. ചെങ്കടലിന്റെ വടക്കേ അറ്റത്തുള്ള ഭാഗത്താണ് വെള്ളം പിളര്‍ന്നു റോഡുണ്ടായി മൂസാനബി(അ)യും ഇസ്രയേല്യരും രക്ഷപ്പെട്ടത്. തുടര്‍ന്ന് ഫറോവാ ശിങ്കിടികളും കടലിലിറങ്ങി. ഈ സമുദ്രഭാഗത്തിന് പ്രത്യേകമായി സൂയസ് ഉള്‍ക്കടല്‍ എന്നാണു പേര്.

50. മനുഷ്യന്‍ അധര്‍മവും ധിക്കാരവും ദുര്‍നടപ്പും കാണിക്കാന്‍ തുടങ്ങിയാല്‍ അല്ലാഹു ഇടവേള നല്‍കും - പശ്ചാത്തപിച്ചു പാപമുക്തനായി നന്നായെങ്കിലോ? അങ്ങനെ സ്വതന്ത്രനായി വിടപ്പെടുമ്പോള്‍ മിക്കപ്പോഴും കഠിന പാപിയാവുകയാണവന്‍ ചെയ്യുക. ഖുര്‍ആന്‍ 7:182, 68:44 നോക്കുക. അവസാനം ഒരൊറ്റപ്പിടിത്തമായിരിക്കും. ഇതുതന്നെയാണ് ഫിര്‍ഔന്നും സംഭവിച്ചത്. മുങ്ങിച്ചത്ത ഫിര്‍ഔന്റെ ജഡം ഒരു നൂറ്റാണ്ട് മുമ്പ് ഈജിപ്തിലെ കിങ്‌സ്‌വാലിയില്‍ നിന്നു കണ്ടെടുക്കപ്പെട്ടു. ഈജിപ്ഷ്യന്‍ നാഷണല്‍ മ്യൂസിയം സന്ദര്‍ശിക്കുന്നവര്‍ക്ക് ശക്തമായ ഗുണപാഠമായി റോയല്‍ മമ്മീസ് സെക്ഷനില്‍ ഫറോവയുടെ ജഡം സൂക്ഷിക്കപ്പെട്ടിരിക്കുന്നു.

قَالَ قَدۡ أُجِيبَت دَّعۡوَتُكُمَا فَٱسۡتَقِيمَا وَلَا تَتَّبِعَآنِّ سَبِيلَ ٱلَّذِينَ لَا يَعۡلَمُونَ ۝٨٩
۞ وَجَٰوَزۡنَا بِبَنِيٓ إِسۡرَٰٓءِيلَ ٱلۡبَحۡرَ فَأَتۡبَعَهُمۡ فِرۡعَوۡنُ وَجُنُودُهُۥ بَغۡيٗا وَعَدۡوًاۖ حَتَّىٰٓ إِذَآ أَدۡرَكَهُ ٱلۡغَرَقُ قَالَ ءَامَنتُ أَنَّهُۥ لَآ إِلَٰهَ إِلَّا ٱلَّذِيٓ ءَامَنَتۡ بِهِۦ بَنُوٓاْ إِسۡرَٰٓءِيلَ وَأَنَا۠ مِنَ ٱلۡمُسۡلِمِينَ ۝٩٠
ءَآلۡـَٰٔنَ وَقَدۡ عَصَيۡتَ قَبۡلُ وَكُنتَ مِنَ ٱلۡمُفۡسِدِينَ ۝٩١
فَٱلۡيَوۡمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنۡ خَلۡفَكَ ءَايَةٗۚ وَإِنَّ كَثِيرٗا مِّنَ ٱلنَّاسِ عَنۡ ءَايَٰتِنَا لَغَٰفِلُونَ ۝٩٢
93

നിശ്ചയം ഇസ്രയേല്യരെ നാം ഉദാത്തമായ സങ്കേതത്തില്‍ നിവസിപ്പിക്കുകയും ഉത്തമ വസ്തുക്കളില്‍ നിന്ന് അവര്‍ക്ക് ആഹാരം നല്‍കുകയും ചെയ്യുകയുണ്ടായി. എന്നിട്ട് വിജ്ഞാനം കൈവന്നതിന് പിറകെത്തന്നെയാണവര്‍ ഭിന്ന പക്ഷമായത്. തങ്ങള്‍ വ്യത്യസ്താഭിപ്രായക്കാരായിരുന്ന വിഷയങ്ങളില്‍ അവര്‍ക്കിടയില്‍ അന്ത്യനാളില്‍ താങ്കളുടെ നാഥന്‍ വിധി കല്‍പിക്കുക തന്നെ ചെയ്യുന്നതാണ്51

1 വിശദീകരണം കാണുക

51. ഫിര്‍ഔനും അനുയായികളും നശിച്ചതോടെ അവരുടെ സ്വത്തു സമ്പാദ്യങ്ങളും കോട്ട കൊത്തളങ്ങളുമത്രയും ഇസ്രയേല്യര്‍ക്കു ലഭിച്ചു. തുടര്‍ന്നു സുഖ സന്തോഷ സമൃദ്ധമായ ജീവിതമായിരുന്നു അവര്‍ക്ക്. എന്നിട്ടും അവര്‍ അനുഗ്രഹദാതാവായ അല്ലാഹുവിനെ മറന്നു. തൗറാത്ത് കൈയില്‍ വെച്ച് കൊണ്ടു തന്നെ മതകാര്യങ്ങളില്‍ ഭിന്നിച്ചു. മാപ്പര്‍ഹിക്കാത്ത ഈ കൃതഘ്‌നതയുടെ തിക്തഫലം പരലോകത്ത് അവരനുഭവിച്ചേ പറ്റൂ. ഭിന്നിച്ച കാര്യങ്ങളിലൊക്കെ അല്ലാഹു തീര്‍പ്പ് കല്‍പിച്ച് അര്‍ഹമായ ശിക്ഷ നല്‍കും.

وَلَقَدۡ بَوَّأۡنَا بَنِيٓ إِسۡرَٰٓءِيلَ مُبَوَّأَ صِدۡقٖ وَرَزَقۡنَٰهُم مِّنَ ٱلطَّيِّبَٰتِ فَمَا ٱخۡتَلَفُواْ حَتَّىٰ جَآءَهُمُ ٱلۡعِلۡمُۚ إِنَّ رَبَّكَ يَقۡضِي بَيۡنَهُمۡ يَوۡمَ ٱلۡقِيَٰمَةِ فِيمَا كَانُواْ فِيهِ يَخۡتَلِفُونَ ۝٩٣
94–97

ഇനി, നാമിറക്കിയ ഖുര്‍ആനില്‍ വല്ല സംശയവുമുണ്ടെങ്കില്‍ താങ്കള്‍ക്ക് മുമ്പ് വേദം പാരായണം നടത്തിയിരുന്നവരോട് ചോദിച്ചുനോക്കുക. നാഥന്റെ പക്കല്‍ നിന്നുള്ള സത്യം തന്നെയാണങ്ങേക്കു ലഭിച്ചിരിക്കുന്നത്; അതു കൊണ്ട് സന്ദേഹികളില്‍ അകപ്പെട്ട് പോകരുത്. ദൈവിക ദൃഷ്ടാന്തങ്ങള്‍ വ്യാജമാക്കിയവരിലും താങ്കളായിക്കൂടാ; അപ്പോള്‍ അങ്ങ് പരാജിതരില്‍ ഉള്‍പെടുന്നതാണ്. താങ്കളുടെ നാഥന്റെ വചനം ആരുടെ മേല്‍ കടപ്പെട്ടിരിക്കുന്നുവോ, സര്‍വ തെളിവുകളും വന്നുകിട്ടിയാലും വേദനയുറ്റ ശിക്ഷ കണ്ടുമുട്ടും വരെ അവര്‍ വിശ്വാസം വരിക്കുകയേ ഇല്ല52

1 വിശദീകരണം കാണുക

52. നബി(സ്വ)÷യോടാണ് പറയുന്നതെങ്കിലും അനുയായികളാണ് ഉദ്ദേശ്യം. അവിടന്ന് ഖുര്‍ആനില്‍ സംശയാലുവായിരുന്നില്ലല്ലോ. ഇമാം ഖുര്‍ഥുബിയും മറ്റു പല വ്യാഖ്യാതാക്കളും ഇതു വ്യക്തമാക്കിയിട്ടുണ്ട്. നബി(സ്വ)÷ക്ക് സംശയമുണ്ടാവുകയോ വേദക്കാരോട് ചോദിക്കുകയോ ചെയ്തിട്ടില്ല എന്നു സ്പഷ്ടമായിത്തന്നെ ഇമാം ഇബ്‌നുഅബ്ബാസ്(റ) പ്രസ്താവിച്ചിരിക്കുന്നു. ഖുര്‍ആന്റെ സാധുതയും സത്യനിഷ്ഠയും ജൂത-ക്രിസ്ത്യാനികള്‍ക്കുപോലും വളരെ നന്നായി അറിയാം എന്നാണു വിവക്ഷ. ചരിത്രം ഇതിനു സാക്ഷിയാണ്. ആദ്യനൂറ്റാണ്ടിലും പില്‍ക്കാലങ്ങളിലും വേദക്കാരില്‍ പെട്ട നിരവധിയാളുകള്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. ഈ അധുനാതനയുഗത്തിലും ആ പ്രവണത തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇസ്‌ലാമിനെയും മുഹമ്മദ് നബി(സ്വ)യെയും ഖുര്‍ആനെയും എന്തുവന്നാലും വിശ്വസിക്കുന്ന പ്രശ്‌നമുദിക്കുന്നില്ല എന്നു ശഠിക്കുന്ന ദുര്‍വാശിക്കാര്‍ക്ക് എന്തൊക്കെ ദൃഷ്ടാന്തങ്ങള്‍ കണ്ടാലും ഭാവമാറ്റമുണ്ടാകില്ല. പാരത്രിക ശിക്ഷ കാണുമ്പോള്‍ മാത്രമാണവര്‍ ഖേദിക്കുക.

فَإِن كُنتَ فِي شَكّٖ مِّمَّآ أَنزَلۡنَآ إِلَيۡكَ فَسۡـَٔلِ ٱلَّذِينَ يَقۡرَءُونَ ٱلۡكِتَٰبَ مِن قَبۡلِكَۚ لَقَدۡ جَآءَكَ ٱلۡحَقُّ مِن رَّبِّكَ فَلَا تَكُونَنَّ مِنَ ٱلۡمُمۡتَرِينَ ۝٩٤
وَلَا تَكُونَنَّ مِنَ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِ ٱللَّهِ فَتَكُونَ مِنَ ٱلۡخَٰسِرِينَ ۝٩٥
إِنَّ ٱلَّذِينَ حَقَّتۡ عَلَيۡهِمۡ كَلِمَتُ رَبِّكَ لَا يُؤۡمِنُونَ ۝٩٦
وَلَوۡ جَآءَتۡهُمۡ كُلُّ ءَايَةٍ حَتَّىٰ يَرَوُاْ ٱلۡعَذَابَ ٱلۡأَلِيمَ ۝٩٧
98

എന്നാല്‍ ഒരു നാട്ടുകാരും സത്യവിശ്വാസം വരിക്കുകയും അങ്ങനെ തങ്ങളുടെ വിശ്വാസം അവര്‍ക്ക് ഉപകാരപ്രദമാവുകയും ചെയ്യാത്തതെന്ത് കൊണ്ടാണ്-യൂനുസ് നബിയുടെ സമുദായത്തിനൊഴികെ? (ശിക്ഷ വരുമെന്ന് കണ്ട്) വിശ്വാസം സ്വീകരിച്ചപ്പോള്‍ നാം ഇഹലോകത്തെ ഹീന ശിക്ഷ അവരില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കുകയും ഒരവധിവരെ അവര്‍ക്ക് സുഖവിഭവങ്ങള്‍ നല്‍കുകയും ചെയ്തു53

1 വിശദീകരണം കാണുക

53. വന്നെത്താന്‍ പോകുന്ന ദൈവികശിക്ഷ ഭയന്ന് ജനങ്ങള്‍ എന്തുകൊണ്ട് സത്യവിശ്വാസം സ്വീകരിക്കുന്നില്ല എന്നാണ് ഈ സൂക്തത്തിന്റെ ചോദ്യം. യൂനുസ് നബി(അ)യുടെ സമുദായം, അങ്ങനെയുള്ള ഉന്‍മൂലനത്തിന് വിധേയരാവേണ്ടവരായിരുന്നു. എന്നാല്‍ ഈമാന്‍ കൈകൊണ്ട് സന്മാര്‍ഗ നിഷ്ഠരായിത്തീര്‍ന്നതു മൂലം അവര്‍ രക്ഷപ്പെട്ടു. ചിന്താശീലവും സന്‍മാര്‍ഗാഭിനിവേശവുമുള്ളവര്‍ കഴിഞ്ഞുപോയ നിഷേധീസമൂഹങ്ങളുടെ ദുരന്തപരിണതികളില്‍ നിന്നു പാഠമുള്‍ക്കൊള്ളുകയാണല്ലോ വേണ്ടത്.

فَلَوۡلَا كَانَتۡ قَرۡيَةٌ ءَامَنَتۡ فَنَفَعَهَآ إِيمَٰنُهَآ إِلَّا قَوۡمَ يُونُسَ لَمَّآ ءَامَنُواْ كَشَفۡنَا عَنۡهُمۡ عَذَابَ ٱلۡخِزۡيِ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَمَتَّعۡنَٰهُمۡ إِلَىٰ حِينٖ ۝٩٨
99–100

താങ്കളുടെ നാഥന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂതലത്തിലുള്ളവരത്രയും സത്യവിശ്വാസം കൈകൊള്ളുമായിരുന്നു. എന്നിട്ടും വിശ്വസിക്കുവാനായി ആളുകളെ താങ്കള്‍ നിര്‍ബന്ധിക്കുകയാണോ? അല്ലാഹുവിന്റെ ഉദ്ദേശ്യമില്ലാതെ സത്യവിശ്വാസിയാവാന്‍ ഒരു വ്യക്തിക്കുമാവുകയില്ല. ചിന്തിച്ചു ഗ്രഹിക്കാനാകാത്തവരില്‍ നിഷേധത്തിന്റെ മാലിന്യം അവന്‍ നിക്ഷേപിക്കുന്നതാണ്54

1 വിശദീകരണം കാണുക

54. ഇമാം ഇബ്‌നു അബ്ബാസ്(റ) പറയുന്നു: മുഴുവന്‍ മനുഷ്യരും സത്യവിശ്വാസികളാകണമെന്നായിരുന്നു നബി(സ്വ) യുടെ അതീവാഭിലാഷം. എന്നാല്‍ അല്ലാഹുവിന്റെ പണ്ടേയുള്ള അറിവില്‍ വിജയികളായവര്‍ സത്യവിശ്വാസം കൈക്കൊള്ളുകയും, പരാജിതരായവര്‍ നിഷേധികളാവുകയുമാണ് ചെയ്യുക എന്ന് നബി(സ്വ) യെ അറിയിക്കുകയാണ് ഈ നൂറാം സൂക്തം. വസ്തുത ഇതായിരിക്കെ മുഴുവനാളുകളെയും സത്യത്തിന്റെ പന്ഥാവിലേക്കു ചേര്‍ക്കാനാവില്ല. 'നിര്‍ബന്ധിച്ചു വിശ്വസിപ്പിക്കുക' എന്ന ഒരു പ്രക്രിയയേ അല്ലാഹുവിന്റെ മതത്തില്‍ ഇല്ല എന്നും ഇവിടെ സ്പഷ്ടമായി പ്രഖ്യാപിച്ചിരിക്കുന്നു.

وَلَوۡ شَآءَ رَبُّكَ لَأٓمَنَ مَن فِي ٱلۡأَرۡضِ كُلُّهُمۡ جَمِيعًاۚ أَفَأَنتَ تُكۡرِهُ ٱلنَّاسَ حَتَّىٰ يَكُونُواْ مُؤۡمِنِينَ ۝٩٩
وَمَا كَانَ لِنَفۡسٍ أَن تُؤۡمِنَ إِلَّا بِإِذۡنِ ٱللَّهِۚ وَيَجۡعَلُ ٱلرِّجۡسَ عَلَى ٱلَّذِينَ لَا يَعۡقِلُونَ ۝١٠٠
101–103

പ്രഖ്യാപിക്കുക: ഭുവന-വാനങ്ങളില്‍ എന്തൊക്കെ ദൃഷ്ടാന്തങ്ങളാണുള്ളതെന്നു നിങ്ങള്‍ ചിന്തിച്ച് നോക്കുക. എന്നാല്‍ വിശ്വസിക്കാത്ത ജനപഥങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളും മുന്നറിയിപ്പുകളും എന്തു നേട്ടമുണ്ടാക്കാനാണ്! അപ്പോള്‍, തങ്ങളുടെ പൂര്‍വഗാമികളുടെ തിക്താനുഭവങ്ങള്‍ക്കു സമാനമല്ലാത്ത മറ്റു വല്ല ശിക്ഷകളും ഇവര്‍ പ്രതീക്ഷിക്കുന്നുണ്ടോ! 'എങ്കില്‍, നിങ്ങള്‍ കാത്തിരുന്നുകൊള്ളുക, ഞാനും നിങ്ങളൊന്നിച്ച് പ്രതീക്ഷിച്ചിരിക്കുയാണ്' എന്നു താങ്കള്‍ വിളംബരം ചെയ്യുക55
ശേഷം, നമ്മുടെ ദൂതന്‍മാരെയും വിശ്വാസികളെയും നാം രക്ഷപ്പെടുത്തും. ഇങ്ങനെ സ്വബാധ്യത എന്ന നിലക്ക്, സത്യവിശ്വാസം കൈവരിച്ചവരെ നാം ശിക്ഷാമുക്തരാക്കുന്നതാണ്56

2 വിശദീകരണങ്ങൾ കാണുക

55. പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളില്‍ നിന്നു യാതൊരു വിധ ഗുണപാഠങ്ങളും ഉള്‍ക്കൊള്ളാന്‍ തയ്യാറല്ലാത്ത നിഷേധികള്‍ക്ക് പൂര്‍വികരുടേതുപോലുള്ള ഉന്മൂലന ശിക്ഷ മാത്രമേ പ്രതീക്ഷിക്കാനുള്ളൂ.

56. അന്തിമ വിജയം സത്യത്തിനാണ്. നംറൂദ്, ഫറോവ, ജൂത തീവ്രവാദികള്‍, മക്കാമുശ്‌രിക്കുകള്‍ എന്നിവര്‍ക്കെതിരെ യഥാക്രമം ഇബ്രാഹീംനബി(അ), മൂസാനബി(അ), ഈസാനബി(അ), മുഹമ്മദ്‌നബി÷ എന്നിവരെയും വിശ്വാസികളെയും സര്‍വശക്തനായ അല്ലാഹു രക്ഷപ്പെടുത്തുകയും ജേതാക്കളാക്കുകയും ചെയ്തത് ഉദാഹരണം.

قُلِ ٱنظُرُواْ مَاذَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَمَا تُغۡنِي ٱلۡأٓيَٰتُ وَٱلنُّذُرُ عَن قَوۡمٖ لَّا يُؤۡمِنُونَ ۝١٠١
فَهَلۡ يَنتَظِرُونَ إِلَّا مِثۡلَ أَيَّامِ ٱلَّذِينَ خَلَوۡاْ مِن قَبۡلِهِمۡۚ قُلۡ فَٱنتَظِرُوٓاْ إِنِّي مَعَكُم مِّنَ ٱلۡمُنتَظِرِينَ ۝١٠٢
ثُمَّ نُنَجِّي رُسُلَنَا وَٱلَّذِينَ ءَامَنُواْۚ كَذَٰلِكَ حَقًّا عَلَيۡنَا نُنجِ ٱلۡمُؤۡمِنِينَ ۝١٠٣
104–105

പ്രഖ്യാപിക്കുക: ഹേ ജനങ്ങളേ, എന്റെ മതത്തെ പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ (ഞാന്‍ മുറുകെ പിടിക്കുന്ന നിലപാട് ഇതത്രേ:) അല്ലാഹുവിനു പുറമെ നിങ്ങളാരാധിക്കുന്നവയെ ഞാന്‍ ആരാധിക്കുന്നില്ല; നിങ്ങളെ മരിപ്പിക്കുന്ന അല്ലാഹുവിനെയാണ് ഞാനാരാധിക്കുന്നത്. സത്യവിശ്വാസികളിലുള്‍പെടണമെന്നും ഋജുമാനസനായി മതത്തിലേക്ക് മുഖം തിരിക്കണമെന്നും ബഹുദൈവ വിശ്വാസികളിലാകരുതെന്നും ഞാനനുശാസിക്കപ്പെട്ടിട്ടുമുണ്ട്57

1 വിശദീകരണം കാണുക

57. എന്റെ വിശ്വാസം ശരിയാണ്, നിലപാട് യുക്തിഭദ്രമാണ്: സര്‍വ ശക്തനും അജയ്യനുമായ അല്ലാഹു എന്റെ ആരാധ്യനും അവന്റെ മതമായ ഇസ്‌ലാം എന്റെ ജീവിത വ്യവസ്ഥിതിയുമാണ്. നിങ്ങളെ മരിപ്പിക്കുന്നവന്‍ എന്ന വിശേഷണം അത്യന്തം ശ്രദ്ധേയമായിരിക്കുന്നു. അവിശ്വാസികളൊക്കെ അതംഗീകരിക്കുമല്ലോ? മതത്തിലേക്കു മുഖം തിരിക്കുക എന്നാല്‍ അത് മുറുകെ പിടിക്കുക എന്നു വിവക്ഷ. ഇവിടെ അഭിസംബോധനകള്‍ നബി(സ്വ)യോടാണെങ്കിലും ഉമ്മത്ത് ആണ് ഉദ്ദേശ്യം.

قُلۡ يَٰٓأَيُّهَا ٱلنَّاسُ إِن كُنتُمۡ فِي شَكّٖ مِّن دِينِي فَلَآ أَعۡبُدُ ٱلَّذِينَ تَعۡبُدُونَ مِن دُونِ ٱللَّهِ وَلَٰكِنۡ أَعۡبُدُ ٱللَّهَ ٱلَّذِي يَتَوَفَّىٰكُمۡۖ وَأُمِرۡتُ أَنۡ أَكُونَ مِنَ ٱلۡمُؤۡمِنِينَ ۝١٠٤
وَأَنۡ أَقِمۡ وَجۡهَكَ لِلدِّينِ حَنِيفٗا وَلَا تَكُونَنَّ مِنَ ٱلۡمُشۡرِكِينَ ۝١٠٥
106–107

അല്ലാഹുവിനെ വിട്ട് താങ്കള്‍ക്ക് ഉപകാരമോ ഉപദ്രമോ ചെയ്യാത്തവയെ ആരാധിക്കരുത്. അങ്ങനെ ചെയ്താല്‍ താങ്കള്‍ അക്രമികളിലുള്‍പെടുന്നതാണ്. അല്ലാഹു താങ്കള്‍ക്ക് വല്ല വിപത്തും വരുത്തുകയാണെങ്കില്‍ അതു നീക്കിക്കളയാന്‍ അവനൊഴികെ മറ്റാരും ഇല്ലതന്നെ. ഇനി താങ്കള്‍ക്കൊരു നന്മയാണവനുദ്ദേശിക്കുന്നതെങ്കില്‍ ആ ഔദാര്യം തട്ടിമാറ്റാനും ഒരാളുമില്ല. അടിമകളില്‍ താനുദ്ദേശിക്കുന്നവര്‍ക്കു അവനതു നല്‍കുന്നു. ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രേ അവന്‍58

1 വിശദീകരണം കാണുക

58. ലാത്ത്, ഉസ്സാ, മനാത്ത് തുടങ്ങിയ ബിംബങ്ങളെ ആരാധിച്ചിരുന്ന മക്കയിലെ ബഹുദൈവ വിശ്വാസികള്‍ നബി(സ്വ)യെ ഭീഷണിപ്പെടുത്തി: പരദൈവങ്ങളെയും ബിംബങ്ങളെയും അനിഷ്ടപ്പെടുത്തിയാല്‍ അവയുടെ ശാപവും ഗുരുത്തക്കേടും ഏല്‍ക്കും; വിപത്തുകളും അപകടങ്ങളും നാശനഷ്ടങ്ങളുമുണ്ടാകും-അപ്പോഴാണ് 107-ാം സൂക്തമിറങ്ങിയത്. ബുദ്ധിയുള്ള മനുഷ്യന് നിഷ്പ്രയാസം ഗ്രഹിക്കാനാകുന്ന അതീവ ലളിത സത്യമാണല്ലോ ഇത്. ഈച്ചയെ ആട്ടാന്‍ പോലും കഴിയാത്ത ബിംബങ്ങള്‍ക്ക്, ശിലയും ലോഹവും മണ്ണും മറ്റുമായ നിര്‍ജീവ വസ്തുക്കള്‍ക്ക് വല്ല ദ്രോഹമോ ഉപകാരമോ ചെയ്യാന്‍ കഴിയുമോ?

وَلَا تَدۡعُ مِن دُونِ ٱللَّهِ مَا لَا يَنفَعُكَ وَلَا يَضُرُّكَۖ فَإِن فَعَلۡتَ فَإِنَّكَ إِذٗا مِّنَ ٱلظَّٰلِمِينَ ۝١٠٦
وَإِن يَمۡسَسۡكَ ٱللَّهُ بِضُرّٖ فَلَا كَاشِفَ لَهُۥٓ إِلَّا هُوَۖ وَإِن يُرِدۡكَ بِخَيۡرٖ فَلَا رَآدَّ لِفَضۡلِهِۦۚ يُصِيبُ بِهِۦ مَن يَشَآءُ مِنۡ عِبَادِهِۦۚ وَهُوَ ٱلۡغَفُورُ ٱلرَّحِيمُ ۝١٠٧
108–109

നബിയേ, പ്രഖ്യാപിക്കുക: ഹേ ജനങ്ങളേ, നിങ്ങള്‍ക്കു രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം ഇതാ വന്നെത്തിയിരിക്കുന്നു59
അതുകൊണ്ട്, ആരെങ്കിലും സന്മാര്‍ഗ പ്രാപ്തനാവുന്നുവെങ്കില്‍ അത് അവനുവേണ്ടി തന്നെയാണ്. ആരൊരാള്‍ ദുര്‍മാര്‍ഗിയാകുന്നുവോ ആ മാര്‍ഗഭ്രംശം അവനുമാത്രമാണ് പ്രതികൂലമായി ഭവിക്കുക. നിങ്ങളുടെ മേല്‍ ഭരമേല്‍പിക്കപ്പെട്ടവനല്ല ഞാന്‍. താങ്കള്‍ക്കു നല്‍കപ്പെടുന്ന ദിവ്യബോധനങ്ങള്‍ അനുധാവനം ചെയ്യുക. അല്ലാഹു ഒരു ഖണ്ഡിത തീരുമാനമുണ്ടാക്കുന്നത് വരെ ക്ഷമ കൈക്കൊള്ളുക. വിധികല്‍പിക്കുന്നവരില്‍ ഏറ്റം ഉത്തമനത്രേ അവന്‍60

2 വിശദീകരണങ്ങൾ കാണുക

59. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിങ്കല്‍ നിന്നുള്ള സത്യസന്ദേശമാണ് ഖുര്‍ആന്‍. മനുഷ്യന് വേണ്ടി ലോകം സൃഷ്ടിച്ച് സംവിധാനിച്ച അല്ലാഹു ആ മനുഷ്യനു വേണ്ടി നല്‍കിയ ജീവിത വ്യവസ്ഥിതിയും ഭരണഘടനയുമാണ് ആ ദിവ്യഗ്രന്ഥം. 'അതല്ലാത്ത മറ്റെവിടെയെങ്കിലും ഒരാള്‍ സന്‍മാര്‍ഗമന്വേഷിച്ചുവോ അവനെ അല്ലാഹു ദുര്‍മാര്‍ഗത്തിലാണ് എത്തിക്കുക' (ഹദീസ്-തുര്‍മുദി).

60. വിശുദ്ധ ഖുര്‍ആന്‍ അംഗീകരിച്ച് ജീവിച്ചവര്‍ വിജയിച്ചു; അതവഗണിച്ചവര്‍ സ്വന്തത്തിന് തന്നെ നാശം വരുത്തിവെക്കുകയാണ്. ബുദ്ധിയുള്ളവര്‍ ഇതു ഗ്രഹിക്കണം. പ്രത്യുത, മാലോകരെ നിര്‍ബന്ധിച്ചു മതത്തില്‍ ചേര്‍ക്കേണ്ട ഉത്തരവാദിത്വം തനിക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ നബി(സ്വ)യോട് കല്‍പിച്ചിരിക്കുകയാണ്.

قُلۡ يَٰٓأَيُّهَا ٱلنَّاسُ قَدۡ جَآءَكُمُ ٱلۡحَقُّ مِن رَّبِّكُمۡۖ فَمَنِ ٱهۡتَدَىٰ فَإِنَّمَا يَهۡتَدِي لِنَفۡسِهِۦۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيۡهَاۖ وَمَآ أَنَا۠ عَلَيۡكُم بِوَكِيلٖ ۝١٠٨
وَٱتَّبِعۡ مَا يُوحَىٰٓ إِلَيۡكَ وَٱصۡبِرۡ حَتَّىٰ يَحۡكُمَ ٱللَّهُۚ وَهُوَ خَيۡرُ ٱلۡحَٰكِمِينَ ۝١٠٩