അലിഫ് ലാം മീം1
ഇതാണ് ഗ്രന്ഥം. ഇതില്‍ സംശയം ഒട്ടുമേയില്ല.2
ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് സന്മാര്‍ഗദര്‍ശകമത്രേ ഇത്. അവര്‍ അഗോചരമായവയില്‍ വിശ്വസിക്കുകയും നമസ്‌കാരം മുറപോലെയനുഷ്ഠിക്കുകും നാമവര്‍ക്ക് നല്‍കിയതില്‍ നിന്നു ചെലവഴിക്കുകയും താങ്കള്‍ക്കും മുന്‍ഗാമികള്‍ക്കും അവതീര്‍ണമായതില്‍ വിശ്വസിക്കുകയും3
പരലോക ജീവിതത്തെ ദൃഢീകരിക്കുകയും ചെയ്യുന്നവരാണ്. അവര്‍ തങ്ങളുടെ നാഥന്റെ പക്കല്‍ നിന്നുള്ള സന്മാര്‍ഗത്തിലാകുന്നു. അവര്‍ തന്നെയത്രേ വിജയികള്‍.
3 വിശദീകരണങ്ങൾ കാണുക
1. 'അല്‍ ബഖറ' എന്നാല്‍ പശു എന്നാണര്‍ത്ഥം. ഇസ്രാഈല്‍ സമുദായത്തിലെ ചിലരോട് ഒരു സുപ്രധാനാവശ്യത്തിനു ഒരു പ്രത്യേക പശുവിനെ അറുക്കാന്‍ മൂസാനബി(അ) നിര്‍ദേശിച്ച കാര്യം ഇതിലെ 67 മുതല്‍ ഏഴു സൂക്തങ്ങളില്‍ പറയുന്നതാണ് നാമകരണത്തിനു നിദാനം. ഒന്നാം സൂക്തത്തിലുള്ളത് അറബി അക്ഷരമാലയിലെ മൂന്നു കേവലാക്ഷരങ്ങളാണ്. ഖുര്‍ആന്റെ അമാനുഷികതയിലേക്കുള്ള സൂചനയാണത്. ഇത്തരം സുപരിചിതാക്ഷരങ്ങളാല്‍ ക്രോഡീകൃതമായതാണ് ഈ മഹല്‍ ഗ്രന്ഥം; സംശയമുണ്ടെങ്കില്‍ ഇങ്ങനെയൊന്നു നിങ്ങള്‍ കൊണ്ടുവരൂ എന്നു വ്യംഗ്യഭാഷ്യം. 29 സൂറകള്‍ ഇങ്ങനെ വ്യത്യസ്ത അക്ഷരങ്ങള്‍ കൊണ്ടു ആരംഭിക്കുന്നതായി ഉണ്ട്.
2. ഖുര്‍ആന്റെ മഹത്ത്വവും നിസ്തുലതയും അപ്രമാദിത്വവും സ്വീകാര്യതയും വിളംബരം ചെയ്യുകയാണ്. ഈ ഗ്രന്ഥത്തിന്റെ അസ്തിത്വത്തിലോ ഉള്ളടക്കത്തിലോ യാതൊരു സംശയത്തിനും പഴുതില്ല.
3. അല്ലാഹു മൂസാനബി(അ)ക്കു നല്‍കിയ തൗറാത്ത്, ദാവൂദ് നബി(അ)ക്കു നല്‍കിയ സബൂര്‍, ഈസാ നബി(അ)ക്കു നല്‍കിയ ഇന്‍ജീല്‍, മറ്റു പ്രവാചകന്മാരുടെ ലിഖിതങ്ങള്‍ എന്നിവയൊക്കെ മുസ്‌ലിംകള്‍ അംഗീകരിക്കുന്നുണ്ട്. അഗോചരമായവ കൊണ്ടുദ്ദേശ്യം സ്വര്‍ഗം, നരകം, സ്വിറാത്ത്, മഹ്ശര്‍ മുതലായവയാണ്.