Sunday, 11 October 2026 Hijri: — 11:47:56 am
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

ആലു ഇംറാൻ آل عمران Ali Imran

Surah 3 മദനിയ്യ • مدنية • Madaniyah 200 ആയത്തുകൾ • 200 Ayahs

സൂറത്ത് ആലു ഇംറാൻ (Ali Imran), ഖുർആൻ അധ്യായം 3 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 200 ആയത്തുകൾ വായിക്കുക. Read Surah Ali Imran with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–6

അലിഫ് ലാം മീം. അല്ലാഹുവല്ലാതെ ഒരു ഇലാഹുമില്ല. അവന്‍ ചിരഞ്ജീവിയും എല്ലാം നിയന്ത്രിക്കുന്നവനുമാകുന്നു. മുന്‍വേദങ്ങളെ ശരിവെച്ചുകൊണ്ട് താങ്കള്‍ക്കവന്‍ സത്യസമേതം ഗ്രന്ഥമിറക്കി. മാലോകര്‍ക്ക് മാര്‍ഗദര്‍ശകമായി നേരത്തെ തൗറാത്തും ഇന്‍ജീലും അവനവതരിപ്പിച്ചിരുന്നു. സത്യാസത്യവിവേചക പ്രമാണവും അവന്‍ ഇറക്കി. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ വ്യാജമാക്കിയവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ട്. അവന്‍ പ്രതാപശാലിയും ശിക്ഷാമുറകള്‍ സ്വീകരിക്കുന്നവനുമാണ്. ആകാശത്തോ ഭൂമിയിലോ ഉള്ള യാതൊന്നും അവനു ഗോപ്യമാവില്ല. താനുദ്ദേശിക്കുംവിധം ഗര്‍ഭാശയങ്ങളില്‍ നിങ്ങളെ രൂപപ്പെടുത്തുന്നതവനാണ്. അവനല്ലാതെ മറ്റൊരു ദൈവമില്ല. പ്രതാപശാലിയും യുക്തിമാനുമാണവന്‍1

1 വിശദീകരണം കാണുക

1. ആലുഇംറാന്‍ എന്നാണ് ഈ അധ്യായത്തിന്റെ പേര്. ഇംറാന്റെ കുടുംബം എന്നര്‍ത്ഥം. ഈസാ നബി(അ)യുടെ മാതാമഹനാണ് ഇംറാന്‍ എന്ന പുണ്യപുരുഷന്‍. അദ്ദേഹത്തെയും മര്‍യം ബീവിയെയും മകന്‍ ഈസാ നബി(അ)യെയും കുറിച്ച് പല വിവരങ്ങളും ഇതില്‍ വരുന്നുണ്ട്. മദീനയിലിറങ്ങിയതായത് കൊണ്ട് ഒട്ടേറെ മതവിധികള്‍ ഇതില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. വിശ്വാസകാര്യങ്ങള്‍ സംബന്ധിച്ച വിവരണങ്ങളും കുറേ സൂക്തങ്ങളിലുണ്ട്. പ്രധാനമായി തൗഹീദ് തന്നെ. ജൂതന്മാരും ക്രിസ്ത്യാനികളും തൗഹീദിന്റെയാളുകളായിരുന്നുവെങ്കിലും സത്യത്തില്‍ നിന്നു അവര്‍ വ്യതിചലിച്ചിരുന്നു-ഉസൈര്‍ അല്ലാഹുവിന്റെ മകനും മലക്കുകള്‍ അവന്റെ പെണ്‍മക്കളുമാണെന്ന പച്ചക്കള്ളം ജൂതന്മാരാണ് തട്ടിവിട്ടതെങ്കില്‍ യേശുക്രിസ്തു ദൈവപുത്രനാണെന്ന് ക്രിസ്ത്യാനികളും ജല്‍പിച്ചു. നബി(സ്വ)യുടെ രിസാലത്ത്, ഖുര്‍ആന്റെ അപ്രമാദിത്വം തുടങ്ങിയ വിവരണങ്ങളും കാണാം.
ഹജ്ജ്, പലിശ, ജിഹാദ്, സകാത്ത് മുതലായ അനുഷ്ഠാന കാര്യങ്ങള്‍ സംബന്ധിച്ച വിശദീകരണങ്ങളും ഇതിലുണ്ട്. ഖുര്‍ആന്റെ അമാനുഷികതയിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട്, അല്‍ബഖറയിലേതെന്ന പോലെ, അലിഫ് ലാം മീം എന്നീ മൂന്ന് കേവലാക്ഷരങ്ങള്‍ കൊണ്ടാണ് തുടക്കം.
ഇന്നത്തെ സുഊദി അറേബ്യയുടെ തെക്കേ അറ്റത്തുള്ള നജ്‌റാന്‍ അന്നൊരു ക്രിസ്തീയകേന്ദ്രമായിരുന്നു. അവിടന്ന് ഒരു അറുപതംഗ ദൗത്യസംഘം മദീനയില്‍ നബി(സ്വ)യുടെയടുത്തു വന്നു-ഇസ്‌ലാമിനെയും പ്രവാചകനെയും നേരില്‍ കണ്ടു പഠിക്കാന്‍. നബി(സ്വ) അവര്‍ക്ക് വിശദമായി ഇസ്‌ലാം പരിചയപ്പെടുത്തി, ആശയസംവാദം നടന്നു. അവര്‍ക്ക് സത്യം ബോധ്യപ്പെട്ടു. പക്ഷേ, അവര്‍ക്ക് കേവല ഭൗതികമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടായിരുന്നു. സത്യം ബോധ്യപ്പെടുത്തിക്കൊടുക്കുകയും അതു അനിഷേധ്യമാം വിധം ബോധ്യപ്പെടുകയും ചെയ്തിട്ടും അവഗണിക്കുക എന്നത് എത്ര തരംതാഴ്ന്നതും ബുദ്ധിശൂന്യവുമായ നടപടിയാണ്? അതുകൊണ്ട് നബി(സ്വ) മുബാഹലക്ക് ക്ഷണിച്ചെങ്കിലും (സൂക്തം 61) തലയൂരിയ അവര്‍ വിശ്വസിക്കാതെ തിരിച്ചുപോയി. ആരംഭം മുതല്‍ എണ്‍പതിലേറെ വാക്യങ്ങള്‍ അവരുടെ കാര്യത്തിലാണവതരിച്ചത്.
അല്ലാഹുവിന്റെ മഹത്തായ ശക്തിയിലേക്ക് വിരല്‍ചൂണ്ടാനാണ് ഗര്‍ഭാശയ രൂപപ്പെടുത്തല്‍ പറഞ്ഞത്. മാതാപിതാക്കളോ മറ്റാരെങ്കിലുമോ ആഗ്രഹിക്കുന്നതുപോലെയല്ല, അല്ലാഹുവിന്റെ ഇംഗിതപ്രകാരം മാത്രമാണ് ഗര്‍ഭസ്ഥശിശു രൂപംപ്രാപിക്കുന്നത്.

الٓمٓ ۝١
ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلۡحَيُّ ٱلۡقَيُّومُ ۝٢
نَزَّلَ عَلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ مُصَدِّقٗا لِّمَا بَيۡنَ يَدَيۡهِ وَأَنزَلَ ٱلتَّوۡرَىٰةَ وَٱلۡإِنجِيلَ ۝٣
مِن قَبۡلُ هُدٗى لِّلنَّاسِ وَأَنزَلَ ٱلۡفُرۡقَانَۗ إِنَّ ٱلَّذِينَ كَفَرُواْ بِـَٔايَٰتِ ٱللَّهِ لَهُمۡ عَذَابٞ شَدِيدٞۗ وَٱللَّهُ عَزِيزٞ ذُو ٱنتِقَامٍ ۝٤
إِنَّ ٱللَّهَ لَا يَخۡفَىٰ عَلَيۡهِ شَيۡءٞ فِي ٱلۡأَرۡضِ وَلَا فِي ٱلسَّمَآءِ ۝٥
هُوَ ٱلَّذِي يُصَوِّرُكُمۡ فِي ٱلۡأَرۡحَامِ كَيۡفَ يَشَآءُۚ لَآ إِلَٰهَ إِلَّا هُوَ ٱلۡعَزِيزُ ٱلۡحَكِيمُ ۝٦
7–11

അങ്ങയുടെ മേല്‍ ഗ്രന്ഥമിറക്കിയതവനാണ്. അവയില്‍ പ്രസ്പഷ്ട സൂക്തങ്ങളുണ്ട്; ഗ്രന്ഥത്തിന്റെ അടിസ്ഥാനം അവയാണ്. മറ്റു ചില ആയത്തുകള്‍ പരസ്പര സദൃശമായുമുണ്ടാകും. എന്നാല്‍ ഹൃദയങ്ങളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കലും ദുര്‍വ്യാഖ്യാനവും ലക്ഷീകരിച്ച് ആ അസ്പഷ്ട സൂക്തങ്ങളുടെ വഴിയെ പോകുന്നതാണ്. യഥാര്‍ത്ഥത്തില്‍, അല്ലാഹുവിന്നു മാത്രമേ ആ വിഭാഗം വചനത്തിന്റെ വ്യാഖ്യാനമറിയൂ2
അചഞ്ചല വിജ്ഞാനമുള്ളവര്‍ ഇങ്ങനെയാണിതില്‍ പ്രതികരിക്കുക: 'രണ്ടു വിഭാഗം ആയത്തുകളും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു, എല്ലാം അല്ലാഹുവിങ്കല്‍ നിന്നവതീര്‍ണമാകുന്നു!' ബുദ്ധിമാന്‍മാര്‍ മാത്രമേ കാര്യങ്ങള്‍ ഗ്രഹിച്ചു പാഠമുള്‍ക്കൊള്ളുകയുള്ളൂ. അവരിങ്ങനെ പ്രാര്‍ത്ഥിക്കും: നാഥാ, നേര്‍മാര്‍ഗത്തിലാക്കിയ ശേഷം ഞങ്ങളുടെ മനസ്സുകള്‍ നീ വഴിതെറ്റിക്കരുതേ. നിന്റെ പക്കല്‍ നിന്നുള്ള അനുഗ്രഹം ഞങ്ങള്‍ക്കു ചൊരിയേണമേ. ഏറെ സൗജന്യം നല്‍കുന്നവന്‍ തന്നെയാണു നീ. നാഥാ, നിസ്സംശയം സംഭവിക്കുന്ന ഒരു ദിവസം മാനുഷ്യകത്തെ നീ സംഗമിപ്പിക്കുക തന്നെ ചെയ്യും. അല്ലാഹു വാഗ്ദാനം ലംഘിക്കുകയേയില്ല. നിഷേധികള്‍ക്ക് അല്ലാഹുവിന്റെ പിടിയില്‍ നിന്നുള്ള മോചനത്തിനായി സ്വസന്താനങ്ങളോ സമ്പാദ്യങ്ങളോ യാതൊരു ഫലവും നേടിക്കൊടുക്കില്ല. അവര്‍ നരകത്തിന്റെ ഇന്ധനമായിരിക്കും. ഫറോവാ സംഘത്തിന്റെയും അവരുടെ മുന്‍ഗാമികളുടെയും രീതി തന്നെ-അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വ്യാജമാക്കി; അപ്പോള്‍ പാപങ്ങള്‍ നിമിത്തം അല്ലാഹു അവരെ പിടികൂടി. കഠിനമായി ശിക്ഷിക്കുന്നവനാണവന്‍.

1 വിശദീകരണം കാണുക

2. തിരുനബി(സ) പാരായണം ചെയ്തുകൊണ്ടിരിക്കുന്ന ഖുര്‍ആന്‍ അല്ലാഹു ഇറക്കിയതാണെന്ന് ആദ്യം പറയുന്നത് അതിന്റെ ആധികാരികതയും വിശ്വാസ്യതയും അപ്രമാദിത്വവും ദിവ്യസ്വഭാവവും പ്രകടിപ്പിക്കാനാണ്. തുടര്‍ന്ന്, രണ്ടുതരം വര്‍ഗീകരണം അവയിലുണ്ടെന്ന് ഉണര്‍ത്തുന്നു. ഒന്ന് മുഹ്ക്കം, മറ്റൊന്ന് മുതശാബിഹ്. സാധാരണ രീതിയിലുള്ള അവതരണവും ആശയങ്ങള്‍ സ്പഷ്ടമായി ഗ്രഹിക്കാന്‍ കഴിയുന്നവയുമാണ് മുഹ്ക്കം അഥവാ സ്പഷ്ട സൂക്തങ്ങള്‍. രണ്ടാമത്തെ വിഭാഗം മുതശാബിഹ് (അസ്പഷ്ടമായവ) ആണ്. കുറഞ്ഞ സൂക്തങ്ങളാണ് ആ ഗണത്തില്‍ വരിക. ഭാഷാപരമായി വിലയിരുത്തിയാല്‍, ഒന്നുകില്‍ അവയ്ക്ക് വ്യക്തമായ ഒരാശയമുണ്ടാവില്ല; അല്ലെങ്കില്‍ ആശയമുണ്ടാകും, ആ പ്രത്യക്ഷ അര്‍ത്ഥമാണ് വിവക്ഷ എന്ന് പറയാന്‍ പറ്റില്ല.
ഉദാഹരണത്തിന് ചില സൂറകളുടെ ആരംഭത്തിലുള്ള ഖണ്ഡിത അക്ഷരങ്ങള്‍-അലിഫ് ലാം മീം, അലിഫ് ലാം മീം സ്വാദ്, ഹാ മീം ഐന്‍ സീന്‍ ഖാഫ്, കാഫ് ഹാ യാ ഐന്‍ സ്വാദ്... ഇവയ്‌ക്കൊന്നും ഭാഷയില്‍ പ്രത്യേക അര്‍ത്ഥമില്ല. എന്റെ രണ്ടു കൈകൊണ്ട് സൃഷ്ടിച്ച ആദം... (38:75) അല്ലാഹുവിന്റെ കൈ അവരുടെ കൈകള്‍ക്കു മീതെ... (48:10), എന്റെ കണ്‍മുമ്പില്‍ തന്നെ മൂസാ വളര്‍ത്തപ്പെടാന്‍... (20:39), അല്ലാഹു അര്‍ശിന്മേല്‍ ആസനസ്ഥനായി (20:15) ഇത്തരം അസ്പഷ്ട സൂക്തങ്ങള്‍ മുഹ്ക്കമിനെ അവലംബമാക്കിയാണ് വ്യാഖ്യാനിക്കുക. എന്നാല്‍, ദോഷൈകദൃക്കുകളും തല്‍പരകക്ഷികളും ഈ അസ്പഷ്ട സൂക്തങ്ങള്‍ ഉയര്‍ത്തിക്കാട്ടി, അവ വിവാദവിഷയമാക്കി ആശയക്കുഴപ്പങ്ങളുണ്ടാക്കും. അവയുടെ ശരിയായ വ്യാഖ്യാനം അല്ലാഹുവിനു മാത്രമേ അറിയൂ. അല്ലാഹു ആകാശത്താണ്, അര്‍ശിന്മേല്‍ ഇരിക്കുകയാണ് എന്നൊക്കെ പറയുന്നത് സാധാരണക്കാരെ വട്ടം കറക്കുമല്ലോ.

هُوَ ٱلَّذِيٓ أَنزَلَ عَلَيۡكَ ٱلۡكِتَٰبَ مِنۡهُ ءَايَٰتٞ مُّحۡكَمَٰتٌ هُنَّ أُمُّ ٱلۡكِتَٰبِ وَأُخَرُ مُتَشَٰبِهَٰتٞۖ فَأَمَّا ٱلَّذِينَ فِي قُلُوبِهِمۡ زَيۡغٞ فَيَتَّبِعُونَ مَا تَشَٰبَهَ مِنۡهُ ٱبۡتِغَآءَ ٱلۡفِتۡنَةِ وَٱبۡتِغَآءَ تَأۡوِيلِهِۦۖ وَمَا يَعۡلَمُ تَأۡوِيلَهُۥٓ إِلَّا ٱللَّهُۗ وَٱلرَّٰسِخُونَ فِي ٱلۡعِلۡمِ يَقُولُونَ ءَامَنَّا بِهِۦ كُلّٞ مِّنۡ عِندِ رَبِّنَاۗ وَمَا يَذَّكَّرُ إِلَّآ أُوْلُواْ ٱلۡأَلۡبَٰبِ ۝٧
رَبَّنَا لَا تُزِغۡ قُلُوبَنَا بَعۡدَ إِذۡ هَدَيۡتَنَا وَهَبۡ لَنَا مِن لَّدُنكَ رَحۡمَةًۚ إِنَّكَ أَنتَ ٱلۡوَهَّابُ ۝٨
رَبَّنَآ إِنَّكَ جَامِعُ ٱلنَّاسِ لِيَوۡمٖ لَّا رَيۡبَ فِيهِۚ إِنَّ ٱللَّهَ لَا يُخۡلِفُ ٱلۡمِيعَادَ ۝٩
إِنَّ ٱلَّذِينَ كَفَرُواْ لَن تُغۡنِيَ عَنۡهُمۡ أَمۡوَٰلُهُمۡ وَلَآ أَوۡلَٰدُهُم مِّنَ ٱللَّهِ شَيۡـٔٗاۖ وَأُوْلَٰٓئِكَ هُمۡ وَقُودُ ٱلنَّارِ ۝١٠
كَدَأۡبِ ءَالِ فِرۡعَوۡنَ وَٱلَّذِينَ مِن قَبۡلِهِمۡۚ كَذَّبُواْ بِـَٔايَٰتِنَا فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمۡۗ وَٱللَّهُ شَدِيدُ ٱلۡعِقَابِ ۝١١
12–17

നിഷേധികളോട് താങ്കള്‍ ഇങ്ങനെ പറയുക: നിങ്ങള്‍ ജയിച്ചടക്കപ്പെടുന്നതും നരകത്തിലേക്ക് ഒരുമിച്ചു കൂട്ടപ്പെടുന്നതുമാണ്. എത്ര ദുഷിച്ച സങ്കേതമാണത്! ബദ്‌റില്‍ ഏറ്റുമുട്ടിയ രണ്ടു വിഭാഗങ്ങളില്‍ നിങ്ങള്‍ക്ക് മികച്ച ദൃഷ്ടാന്തമുണ്ട്. ഒരു വിഭാഗം അല്ലാഹുവിന്റെ വഴിയിലാണ് യുദ്ധം ചെയ്യുന്നത്; അപരരാകട്ടെ സത്യനിഷേധികള്‍. വിശ്വാസികള്‍ തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ് നിഷേധികള്‍ കണ്ടത്.3
ഉദ്ദേശിക്കുന്നവര്‍ക്ക് തന്റെ സഹായം വഴി അല്ലാഹു പിന്‍ബലമേകുന്നു. ചിന്തിക്കുന്നവര്‍ക്ക് ഇതില്‍ വലിയ പാഠമുണ്ടെന്നു തീര്‍ച്ച. സ്ത്രീകള്‍, പുത്രന്മാര്‍, സ്വര്‍ണ-വെള്ളിക്കൂനകള്‍, മുന്തിയ കുതിരകള്‍, കാലികള്‍, കൃഷിയിടങ്ങള്‍ തുടങ്ങിയവയോടുള്ള ഭ്രമം മനുഷ്യര്‍ക്ക് അലംകൃതമാക്കപ്പെട്ടിട്ടുണ്ട്. ഇതൊക്കെയും ഇഹലോക ജീവിത വിഭവങ്ങളാണ്; ഉല്‍കൃഷ്ട ഭവനമുള്ളത് അല്ലാഹുവിങ്കലത്രേ. എന്നാല്‍ ഇവയെക്കാള്‍ ഗുണകരമായത് ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞു തരട്ടെയോ എന്നു താങ്കള്‍ ചോദിക്കുക: ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തിയവര്‍ക്ക്, അടിയിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങള്‍ റബ്ബിങ്കലുണ്ട്. അവരതില്‍ ശാശ്വതരാണ്. നിര്‍മലരായ ഇണകളും അല്ലാഹുവിന്റെ പൊരുത്തവും അവര്‍ക്കുണ്ടാകും. തന്റെ ദാസരുടെ കാര്യങ്ങള്‍ അല്ലാഹു നന്നായി കാണുന്നവനാണ്. 'നാഥാ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു; അതിനാല്‍ ഞങ്ങള്‍ക്കു പാപങ്ങള്‍ പൊറുത്തുതരികയും നരകത്തില്‍ നിന്നു കാവലേകുകയും ചെയ്യേണമേ' എന്നു പ്രാര്‍ത്ഥിക്കുന്നവരും, ക്ഷമിക്കുന്നവരും സത്യസന്ധരും ഭക്തിയുള്ളവരും ധനം ചെലവു ചെയ്യുന്നവരും നിശയുടെ അന്ത്യയാമങ്ങളില്‍ പാപമോചനമര്‍ത്ഥിക്കുന്നവരുമായിരിക്കും അവര്‍.

1 വിശദീകരണം കാണുക

3. മാനവ ചരിത്രത്തിലെ തന്നെ അത്യദ്ഭുതകരമായ ബദ്‌റ്‌യുദ്ധത്തെക്കുറിച്ചാണു പറയുന്നത്. വിശ്വാസികള്‍ 313ഉം എതിരാളികള്‍ ആയിരവുമായിരുന്നു. പക്ഷേ ശത്രുക്കള്‍ക്ക് തോന്നിയത് മുസ്‌ലിംകള്‍ രണ്ടായിരത്തിലധികമുണ്ടെന്നാണ്. അവരില്‍ ഭീതിയുളവാക്കാനായി അല്ലാഹു ചെയ്ത ഒരു പ്രത്യേക നടപടിയായിരുന്നു അത്.

قُل لِّلَّذِينَ كَفَرُواْ سَتُغۡلَبُونَ وَتُحۡشَرُونَ إِلَىٰ جَهَنَّمَۖ وَبِئۡسَ ٱلۡمِهَادُ ۝١٢
قَدۡ كَانَ لَكُمۡ ءَايَةٞ فِي فِئَتَيۡنِ ٱلۡتَقَتَاۖ فِئَةٞ تُقَٰتِلُ فِي سَبِيلِ ٱللَّهِ وَأُخۡرَىٰ كَافِرَةٞ يَرَوۡنَهُم مِّثۡلَيۡهِمۡ رَأۡيَ ٱلۡعَيۡنِۚ وَٱللَّهُ يُؤَيِّدُ بِنَصۡرِهِۦ مَن يَشَآءُۚ إِنَّ فِي ذَٰلِكَ لَعِبۡرَةٗ لِّأُوْلِي ٱلۡأَبۡصَٰرِ ۝١٣
زُيِّنَ لِلنَّاسِ حُبُّ ٱلشَّهَوَٰتِ مِنَ ٱلنِّسَآءِ وَٱلۡبَنِينَ وَٱلۡقَنَٰطِيرِ ٱلۡمُقَنطَرَةِ مِنَ ٱلذَّهَبِ وَٱلۡفِضَّةِ وَٱلۡخَيۡلِ ٱلۡمُسَوَّمَةِ وَٱلۡأَنۡعَٰمِ وَٱلۡحَرۡثِۗ ذَٰلِكَ مَتَٰعُ ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَٱللَّهُ عِندَهُۥ حُسۡنُ ٱلۡمَـَٔابِ ۝١٤
۞ قُلۡ أَؤُنَبِّئُكُم بِخَيۡرٖ مِّن ذَٰلِكُمۡۖ لِلَّذِينَ ٱتَّقَوۡاْ عِندَ رَبِّهِمۡ جَنَّٰتٞ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَا وَأَزۡوَٰجٞ مُّطَهَّرَةٞ وَرِضۡوَٰنٞ مِّنَ ٱللَّهِۗ وَٱللَّهُ بَصِيرُۢ بِٱلۡعِبَادِ ۝١٥
ٱلَّذِينَ يَقُولُونَ رَبَّنَآ إِنَّنَآ ءَامَنَّا فَٱغۡفِرۡ لَنَا ذُنُوبَنَا وَقِنَا عَذَابَ ٱلنَّارِ ۝١٦
ٱلصَّٰبِرِينَ وَٱلصَّٰدِقِينَ وَٱلۡقَٰنِتِينَ وَٱلۡمُنفِقِينَ وَٱلۡمُسۡتَغۡفِرِينَ بِٱلۡأَسۡحَارِ ۝١٧
18–20

താനല്ലാതെ ഒരു ദൈവവുമില്ല എന്നതിന്ന് അല്ലാഹു പലവിധ തെളിവുകള്‍ നിരത്തിയിട്ടുണ്ട്. മലക്കുകളും ജ്ഞാനികളും അങ്ങനെ സാക്ഷ്യം വഹിക്കുകയും ചെയ്തു. നീതി പാലകനാണവന്‍. അവനല്ലാതെ ഒരു ഇലാഹുമില്ല. പ്രതാപശാലിയും മഹായുക്തിമാനുമത്രേ അവന്‍. അല്ലാഹുവിങ്കല്‍ സ്വീകൃതമതം ഇസ്‌ലാം മാത്രമാണ്. തങ്ങള്‍ക്കു ജ്ഞാനം വന്നു കിട്ടിയതില്‍ പിറകെ മാത്രമേ വേദക്കാര്‍ ഭിന്നിച്ചിട്ടുള്ളൂ; അതവര്‍ക്കിടയിലെ അസൂയ നിമിത്തമാണ്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ആരു നിഷേധിക്കുന്നുവോ, അല്ലാഹു അതിദ്രുത വിചാരണ ചെയ്ത് പ്രതിഫലം കൊടുക്കുന്നവനത്രേ4
പിന്നെയും അവര്‍ തര്‍ക്കിച്ചാല്‍ താങ്കള്‍ പറയുക: 'ഞാനും എന്നെ അനുഗമിച്ചവരും അല്ലാഹുവിന്നു കീഴ്‌പെട്ടിരിക്കുന്നു'. നിങ്ങളങ്ങനെ വിധേയത്വമുള്ളവരായിക്കഴിഞ്ഞിട്ടുണ്ടോ എന്നു വേദക്കാരോടും നിരക്ഷരരായ അറബികളോടും താങ്കളന്വേഷിക്കുക. കീഴ്‌പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ സന്മാര്‍ഗ പ്രാപ്തരായി. ഇനിയവര്‍ അവഗണിച്ചാലോ, പ്രബോധനം മാത്രമാണു താങ്കളുടെ ചുമതല. തന്റെ അടിമകളെപ്പറ്റി അല്ലാഹു നന്നായി കണ്ടറിയുന്നവനാകുന്നു.

1 വിശദീകരണം കാണുക

4. അല്ലാഹുവിന്റെ ഏകത്വത്തിന്നും ശക്തിക്കും ഈ ലോകം സാക്ഷിയാണ്. അതിനു പലവിധ തെളിവുകള്‍ കാണാം. പുറമെ മലക്കുകളും പണ്ഡിതന്മാരും തങ്ങള്‍ക്കു ബോധ്യപ്പെട്ട സത്യം ലോകത്തെ മനസ്സിലാക്കിക്കൊടുത്തു. അവന്റെ മതമായ ഇസ്‌ലാം മാത്രമാണ് സത്യം.

شَهِدَ ٱللَّهُ أَنَّهُۥ لَآ إِلَٰهَ إِلَّا هُوَ وَٱلۡمَلَٰٓئِكَةُ وَأُوْلُواْ ٱلۡعِلۡمِ قَآئِمَۢا بِٱلۡقِسۡطِۚ لَآ إِلَٰهَ إِلَّا هُوَ ٱلۡعَزِيزُ ٱلۡحَكِيمُ ۝١٨
إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلۡإِسۡلَٰمُۗ وَمَا ٱخۡتَلَفَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ إِلَّا مِنۢ بَعۡدِ مَا جَآءَهُمُ ٱلۡعِلۡمُ بَغۡيَۢا بَيۡنَهُمۡۗ وَمَن يَكۡفُرۡ بِـَٔايَٰتِ ٱللَّهِ فَإِنَّ ٱللَّهَ سَرِيعُ ٱلۡحِسَابِ ۝١٩
فَإِنۡ حَآجُّوكَ فَقُلۡ أَسۡلَمۡتُ وَجۡهِيَ لِلَّهِ وَمَنِ ٱتَّبَعَنِۗ وَقُل لِّلَّذِينَ أُوتُواْ ٱلۡكِتَٰبَ وَٱلۡأُمِّيِّـۧنَ ءَأَسۡلَمۡتُمۡۚ فَإِنۡ أَسۡلَمُواْ فَقَدِ ٱهۡتَدَواْۖ وَّإِن تَوَلَّوۡاْ فَإِنَّمَا عَلَيۡكَ ٱلۡبَلَٰغُۗ وَٱللَّهُ بَصِيرُۢ بِٱلۡعِبَادِ ۝٢٠
21–25

അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുകയും ഒരു നീതീകരണവുമില്ലാതെ പ്രവാചകന്മാരെ കൊല്ലുകയും മനുഷ്യരില്‍ നീതിയുപദേശിക്കുന്നവരെ വധിച്ചു കളയുകയും ചെയ്യുന്നവര്‍ക്കു വേദനയുറ്റ ശിക്ഷയുണ്ടെന്നു ശുഭവാര്‍ത്തയറിയിക്കുക. സ്വകര്‍മങ്ങള്‍ ഇഹത്തിലും പരത്തിലും ഫലശൂന്യമായവരാണവര്‍. യാതൊരുവിധ സഹായികളും അവര്‍ക്കുണ്ടാകില്ല. വേദജ്ഞാനം നല്‍കപ്പെട്ടവരെ താങ്കള്‍ കണ്ടുവോ? അവര്‍ക്കിടയില്‍ തര്‍ക്കമുണ്ടാകുമ്പോള്‍ വിധികല്‍പിക്കാനായി അതേ ഗ്രന്ഥത്തിലേക്കു ക്ഷണിക്കപ്പെടുന്ന സമയം ഒരു വിഭാഗമതാ അവഗണിച്ച് പിന്തിരിഞ്ഞു പോകുന്നു! ഏതാനും ദിനങ്ങളേ ഞങ്ങളെ നരകാഗ്നി സ്പര്‍ശിക്കൂ എന്നവര്‍ വീരവാദം മുഴക്കിയതിനാലാണിത്. സ്വയം കൃത ദര്‍ശനങ്ങള്‍ മതകാര്യങ്ങളില്‍ അവരെ വഞ്ചിതരാക്കുകയുമുണ്ടായി.5
സംശയ രഹിതമായ മഹ്ശര്‍ ദിനത്തിലേക്ക് നാം ഒരുമിച്ചു കൂട്ടുമ്പോള്‍ അവരുടെ സ്ഥിതി എന്താകും? ഓരോരുത്തര്‍ക്കും സ്വസമ്പാദ്യത്തിന്റെ പ്രതിഫലം അന്നു പൂര്‍ണമായി നല്കപ്പെടും; അവരോട് അനീതി കാണിക്കപ്പെടുകയില്ല.

1 വിശദീകരണം കാണുക

5. തൗറാത്തിന്റെ അവകാശികളും അനുയായികളുമാണ് തങ്ങളെന്നു ജൂതന്മാര്‍ അവകാശപ്പെട്ടിരുന്നുവെങ്കിലും അതിലവര്‍ ആത്മാര്‍ത്ഥരല്ലായിരുന്നു. എന്തെങ്കിലും കുഴപ്പങ്ങളോ തര്‍ക്കങ്ങളോ അവര്‍ക്കിടയില്‍ തലപൊക്കുമ്പോള്‍ രഞ്ജിപ്പിനും സൗഹാര്‍ദ്ദത്തിന്റെ പുനഃസ്ഥാപനത്തിനും വേണ്ടി പോലും അവരതംഗീകരിക്കുമായിരുന്നില്ല. തങ്ങള്‍ അല്ലാഹുവിന്റെ മക്കളും ഇഷ്ടഭാജനങ്ങളുമാകയാല്‍ നരകശിക്ഷയുണ്ടായാല്‍ തന്നെ ഏതാനും ദിവസമേ ഉണ്ടാകൂ എന്നായിരുന്നു അവരുടെ വീരവാദം. ഇങ്ങനെ പല പുതിയ കാഴ്ചപ്പാടുകളും അവര്‍ സ്വയം നിര്‍മിച്ചിട്ടുണ്ടായിരുന്നു.

إِنَّ ٱلَّذِينَ يَكۡفُرُونَ بِـَٔايَٰتِ ٱللَّهِ وَيَقۡتُلُونَ ٱلنَّبِيِّـۧنَ بِغَيۡرِ حَقّٖ وَيَقۡتُلُونَ ٱلَّذِينَ يَأۡمُرُونَ بِٱلۡقِسۡطِ مِنَ ٱلنَّاسِ فَبَشِّرۡهُم بِعَذَابٍ أَلِيمٍ ۝٢١
أُوْلَٰٓئِكَ ٱلَّذِينَ حَبِطَتۡ أَعۡمَٰلُهُمۡ فِي ٱلدُّنۡيَا وَٱلۡأٓخِرَةِ وَمَا لَهُم مِّن نَّٰصِرِينَ ۝٢٢
أَلَمۡ تَرَ إِلَى ٱلَّذِينَ أُوتُواْ نَصِيبٗا مِّنَ ٱلۡكِتَٰبِ يُدۡعَوۡنَ إِلَىٰ كِتَٰبِ ٱللَّهِ لِيَحۡكُمَ بَيۡنَهُمۡ ثُمَّ يَتَوَلَّىٰ فَرِيقٞ مِّنۡهُمۡ وَهُم مُّعۡرِضُونَ ۝٢٣
ذَٰلِكَ بِأَنَّهُمۡ قَالُواْ لَن تَمَسَّنَا ٱلنَّارُ إِلَّآ أَيَّامٗا مَّعۡدُودَٰتٖۖ وَغَرَّهُمۡ فِي دِينِهِم مَّا كَانُواْ يَفۡتَرُونَ ۝٢٤
فَكَيۡفَ إِذَا جَمَعۡنَٰهُمۡ لِيَوۡمٖ لَّا رَيۡبَ فِيهِ وَوُفِّيَتۡ كُلُّ نَفۡسٖ مَّا كَسَبَتۡ وَهُمۡ لَا يُظۡلَمُونَ ۝٢٥
26–28

താങ്കള്‍ പ്രഖ്യാപിക്കുക: സര്‍വാധിപതിയായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്കു ഭരണം നല്‍കുകയും ഉദ്ദേശിക്കുന്നവരില്‍ നിന്നത് നീക്കുകയും ചെയ്യുന്നു; നീ വിചാരിക്കുന്നവരെ പ്രതാപികളാക്കുകയും നിനക്കു ബോധിച്ചവരെ ഹീനരാക്കുകയും ചെയ്യുന്നു. നന്മകളത്രയും നിന്റെ കൈയിലാണ്. നീ എല്ലാ കാര്യത്തിനും കഴിവുറ്റവനത്രേ. രാത്രിയെ പകലിലും പകലിനെ രാത്രിയിലും സന്നിവേശിപ്പിക്കുന്നത് നീയാണ്. നിര്‍ജീവിയില്‍ നിന്ന് ജീവിയെയും ജീവിയില്‍ നിന്ന് നിര്‍ജീവിയെയും പുറത്തു കൊണ്ടുവരുന്നതും നീ തന്നെ.6
നീ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്കില്ലാതെ നല്‍കുന്നു. സത്യവിശ്വാസികള്‍ മുഅ്മിനുകളെ വിട്ട് നിഷേധികളെ മിത്രങ്ങളായി സ്വീകരിക്കരുത്. അങ്ങനെയൊരാള്‍ ചെയ്താല്‍ അല്ലാഹുവുമായി അവന്നൊരു ബന്ധവുമില്ല; എന്നാല്‍ നിങ്ങള്‍ക്കവരെക്കുറിച്ച ഭയപ്പാടുമൂലം പ്രത്യക്ഷത്തില്‍ അങ്ങനെ ചെയ്യുന്നതിനു കുഴപ്പമില്ല. അല്ലാഹു നിങ്ങളോടിത് താക്കീത് ചെയ്കയാണ്. അവങ്കലേക്കാകുന്നു സര്‍വരുടെയും മടക്കം.7

2 വിശദീകരണങ്ങൾ കാണുക

6. ഒരു ദിവസം ആകെ 24 മണിക്കൂറാണെങ്കിലും പല രാഷ്ട്രങ്ങളിലും ഭൂഖണ്ഡങ്ങളിലും ഋതുഭേദമനുസരിച്ച് അവയുടെ അളവില്‍ വ്യത്യാസങ്ങളുണ്ടാകും. അതാണ് രാപ്പലുകളുടെ സന്നിവേശം. മാറിമാറി വന്നു കൊണ്ടിരിക്കുക എന്നും ഉദ്ദേശ്യമാകാം. മുട്ടയില്‍ നിന്നു പക്ഷി, തേങ്ങയില്‍ നിന്നു തെങ്ങ്, സങ്കലിത ബീജാണ്ഡത്തില്‍ നിന്നു മനുഷ്യന്‍ എന്നതും മറിച്ചുള്ളതുമാണിവിടെ വിവക്ഷ. ജീവശാസ്ത്രത്തിലെ സൂക്ഷ്മാര്‍ത്ഥത്തിലുള്ള ജീവനല്ല, സാധാരണാര്‍ത്ഥത്തിലുള്ളതാണ് സൂക്തത്തില്‍ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

7. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ബദ്ധവൈരികളായ നിഷേധികളെ മിത്രങ്ങളായി സ്വീകരിക്കരുത്. എന്നാല്‍ ഗത്യന്തരമില്ലാതെ വരുമ്പോള്‍ പ്രത്യക്ഷത്തില്‍ മാത്രം അതാകാം. ശത്രുതാ മനഃസ്ഥിതിയില്ലാത്ത അന്യമതസ്ഥരുമായി സകലവിധ മാനവികബന്ധങ്ങളും ആകാവുന്നതാണ്. ഖുര്‍ആന്‍ 60: 8, 9 ല്‍ ഇക്കാര്യം സ്പഷ്ടമായി കാണാം.

قُلِ ٱللَّهُمَّ مَٰلِكَ ٱلۡمُلۡكِ تُؤۡتِي ٱلۡمُلۡكَ مَن تَشَآءُ وَتَنزِعُ ٱلۡمُلۡكَ مِمَّن تَشَآءُ وَتُعِزُّ مَن تَشَآءُ وَتُذِلُّ مَن تَشَآءُۖ بِيَدِكَ ٱلۡخَيۡرُۖ إِنَّكَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ۝٢٦
تُولِجُ ٱلَّيۡلَ فِي ٱلنَّهَارِ وَتُولِجُ ٱلنَّهَارَ فِي ٱلَّيۡلِۖ وَتُخۡرِجُ ٱلۡحَيَّ مِنَ ٱلۡمَيِّتِ وَتُخۡرِجُ ٱلۡمَيِّتَ مِنَ ٱلۡحَيِّۖ وَتَرۡزُقُ مَن تَشَآءُ بِغَيۡرِ حِسَابٖ ۝٢٧
لَّا يَتَّخِذِ ٱلۡمُؤۡمِنُونَ ٱلۡكَٰفِرِينَ أَوۡلِيَآءَ مِن دُونِ ٱلۡمُؤۡمِنِينَۖ وَمَن يَفۡعَلۡ ذَٰلِكَ فَلَيۡسَ مِنَ ٱللَّهِ فِي شَيۡءٍ إِلَّآ أَن تَتَّقُواْ مِنۡهُمۡ تُقَىٰةٗۗ وَيُحَذِّرُكُمُ ٱللَّهُ نَفۡسَهُۥۗ وَإِلَى ٱللَّهِ ٱلۡمَصِيرُ ۝٢٨
29–32

താങ്കള്‍ പ്രഖ്യാപിക്കുക: സ്വന്തം മനസ്സിലുള്ളത് നിങ്ങള്‍ ഒളിപ്പിച്ചാലും വെളിപ്പെടുത്തിയാലും അല്ലാഹു അതറിയും. ആകാശ ഭൂമികളിലുള്ളതെന്തും അവനു സുജ്ഞാതമത്രേ. അവന്‍ സകലകാര്യങ്ങള്‍ക്കും കഴിവുറ്റവനാകുന്നു. താന്‍ ദുന്‍യാവിലനുവര്‍ത്തിച്ച മുഴുവന്‍ സല്‍ക്കര്‍മങ്ങളും ഹാജറാക്കപ്പെട്ടതായി ഓരോ വ്യക്തിയും കണ്ടെത്തുന്ന നാള്‍ സ്മരണീയമാണ്; ചെയ്തുപോയ ദുഷ്പ്രവൃത്തികളും സമര്‍പ്പിക്കപ്പെടും-അവക്കും തനിക്കുമിടയില്‍ വളരെ അകന്ന ദൂരമാണുണ്ടായിരുന്നതെങ്കില്‍ എന്ന് അവനാഗ്രഹിച്ചുപോകും. അല്ലാഹു നിങ്ങളോടിതു താക്കീതു ചെയ്കയാണ്. അവന്‍ അടിമകളോട് പരമ ദയാലുവാകുന്നു. താങ്കള്‍ പ്രഖ്യാപിക്കുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ പിന്തുടരുക; എന്നാല്‍ അവന്‍ നിങ്ങള്‍ക്ക് സ്‌നേഹം വര്‍ഷിക്കുകയും പാപങ്ങള്‍ പൊറുത്തു തരികയും ചെയ്യും. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രേ. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക8
എന്നു താങ്കള്‍ വിളംബരം ചെയ്യുക. ഇതവര്‍ അവഗണിക്കുന്നുവെങ്കില്‍, സത്യനിഷേധികളെ അല്ലാഹു സ്‌നേഹിക്കുകയേയില്ല.

1 വിശദീകരണം കാണുക

8. നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ പിന്തുടരുക, അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക എന്നീ രണ്ടു കൊച്ചുവാക്യങ്ങള്‍ തിരുമേനിയുടെ സമുന്നത വ്യക്തിത്വവും, ഒരു മുസ്‌ലിമിന്നു നബിയോടുണ്ടാകേണ്ട അതീവഗാഢവും അവിച്ഛേദ്യവുമായ ബന്ധവും ശക്തമായി വിളംബരം ചെയ്യുന്നു. അവിടന്ന് ഒരു സാധാരണ മനുഷ്യനാണെന്നു ജല്‍പിക്കുന്ന അല്‍പജ്ഞാനികള്‍ക്ക് സര്‍വശക്തന്‍ ഹൃദയ വിശാലതയും സന്മാര്‍ഗവും പ്രദാനം ചെയ്യട്ടെ. റസൂലിനെ ഒരാള്‍ അനുസരിച്ചാല്‍ അവന്‍ അല്ലാഹുവിനെ അനുസരിച്ചു. (സൂറത്തുന്നിസാഅ്: 90)

قُلۡ إِن تُخۡفُواْ مَا فِي صُدُورِكُمۡ أَوۡ تُبۡدُوهُ يَعۡلَمۡهُ ٱللَّهُۗ وَيَعۡلَمُ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ۝٢٩
يَوۡمَ تَجِدُ كُلُّ نَفۡسٖ مَّا عَمِلَتۡ مِنۡ خَيۡرٖ مُّحۡضَرٗا وَمَا عَمِلَتۡ مِن سُوٓءٖ تَوَدُّ لَوۡ أَنَّ بَيۡنَهَا وَبَيۡنَهُۥٓ أَمَدَۢا بَعِيدٗاۗ وَيُحَذِّرُكُمُ ٱللَّهُ نَفۡسَهُۥۗ وَٱللَّهُ رَءُوفُۢ بِٱلۡعِبَادِ ۝٣٠
قُلۡ إِن كُنتُمۡ تُحِبُّونَ ٱللَّهَ فَٱتَّبِعُونِي يُحۡبِبۡكُمُ ٱللَّهُ وَيَغۡفِرۡ لَكُمۡ ذُنُوبَكُمۡۚ وَٱللَّهُ غَفُورٞ رَّحِيمٞ ۝٣١
قُلۡ أَطِيعُواْ ٱللَّهَ وَٱلرَّسُولَۖ فَإِن تَوَلَّوۡاْ فَإِنَّ ٱللَّهَ لَا يُحِبُّ ٱلۡكَٰفِرِينَ ۝٣٢
33–37

ആദം നബി, നൂഹ് നബി, ഇബ്രാഹീം കുടുംബം, ഇംറാന്‍ കുടുംബം എന്നിവരെ ലോകോത്തരരായി അല്ലാഹു തെരഞ്ഞെടുക്കുക തന്നെ ചെയ്തിരിക്കുന്നു. ഇവരില്‍ ചിലര്‍ മറ്റുചിലരുടെ സന്തതികളാണ്. അല്ലാഹു ഏറെ കേള്‍ക്കുന്നവനും സര്‍വജ്ഞനുമാകുന്നു. 'രക്ഷിതാവേ, എന്റെ ഗര്‍ഭസ്ഥ ശിശുവിനെ നിനക്കുഴിഞ്ഞുവെക്കാന്‍ ഞാനിതാ നേര്‍ച്ചയാക്കുന്നു, എന്നില്‍ നിന്നിതു സ്വീകരിക്കേണമേ, നീ തന്നെയാണ് എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും' എന്ന് ഇംറാന്റെ സഹധര്‍മിണി ഹന്നത്ത് പറഞ്ഞ സന്ദര്‍ഭം സ്മരണീയമത്രേ. അങ്ങനെ പ്രസവം കഴിഞ്ഞപ്പോള്‍ അവര്‍ ബോധിപ്പിച്ചു: എന്റെ റബ്ബേ, ഞാന്‍ പ്രസവിച്ചത് പെണ്‍കുട്ടിയാണ്-അതെന്താണെന്നു അവന്നു നന്നായറിയാം-ആണു പെണ്ണിനെപ്പോലെയല്ല. ആ ശിശുവിനു ഞാന്‍ മര്‍യം എന്നു നാമകരണം ചെയ്തിരിക്കുന്നു. അവളെയും സന്തതികളെയും അഭിശപ്തനായ പിശാചില്‍ നിന്നു സംരക്ഷിക്കാനായി ഞാനിതാ നിന്നില്‍ അഭയം തേടുന്നു. അങ്ങനെ നാഥന്‍ അവളെ നന്നായി സ്വീകരിക്കുകയും ഉദാത്തരീതിയില്‍ വളര്‍ത്തുകയും പരിപാലനത്തിനു സകരിയ്യാ നബിയെ ഏല്‍പിക്കുകയും ചെയ്തു. അവരുടെ സമീപം മേടമാളികയില്‍ കടന്നു ചെല്ലുമ്പോഴൊക്കെ എന്തെങ്കിലും ഭക്ഷണമവിടെ അദ്ദേഹം കാണുമായിരുന്നു-ഓ മര്‍യം, നിനക്കിത് എവിടന്നു കിട്ടി എന്നദ്ദേഹം ചോദിച്ചപ്പോള്‍ 'അല്ലാഹുവിങ്കല്‍ നിന്ന്' എന്നവര്‍ പ്രത്യുത്തരം നല്‍കി.9
താനുദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു കണക്കില്ലാതെ കൊടുക്കും.

1 വിശദീകരണം കാണുക

9. ബൈത്തുല്‍ മഖ്ദിസിന്റെ സേവനത്തിന്നായി ആണ്‍കുട്ടികളെ നേര്‍ച്ചയാക്കുന്ന പതിവ് അന്ന് ഇസ്രാഈല്യരിലുണ്ടായിരുന്നു. തന്റെ ഗര്‍ഭസ്ഥ ശിശു ആണായിരിക്കുമെന്ന ധാരണയില്‍ ഹന്നത്ത് ബീവിയും അങ്ങനെ നേര്‍ച്ചയാക്കി. പ്രസവിച്ചപ്പോള്‍ പതിവിനെതിരായി പെണ്‍കുട്ടിയെ അല്ലാഹു സ്വീകരിക്കുകയും പ്രത്യേകപരിരക്ഷകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. കുട്ടിയുടെ മാതൃസഹോദരീ ഭര്‍ത്താവായ സകരിയ്യാ നബിയായിരുന്നു രക്ഷിതാവ്. പള്ളിയുടെ അകത്ത് മുന്‍ഭാഗം ഒരു പ്രത്യേക മേടമാളിക അദ്ദേഹം ഉയര്‍ത്തിക്കെട്ടി. ഇതാണ് മിഹ്‌റാബ്; നമ്മുടെ മസ്ജിദുകളിലെ മിഹ്‌റാബ് അല്ല. മസ്ജിദുല്‍ അഖ്‌സ്വായില്‍ ഇടതു ഭാഗത്തായി ഇന്നും ആ ഭാഗം കാണാം. കറാമത്തിന്റെ ഗണത്തിലായി പഴങ്ങളും ഭക്ഷ്യപദാര്‍ത്ഥങ്ങളും അവിടെ ലഭിക്കാറുണ്ടായിരുന്നു. അതുകൊണ്ടാണ് 'അല്ലാഹുവിങ്കല്‍ നിന്ന്' എന്നു പറഞ്ഞത്.

۞ إِنَّ ٱللَّهَ ٱصۡطَفَىٰٓ ءَادَمَ وَنُوحٗا وَءَالَ إِبۡرَٰهِيمَ وَءَالَ عِمۡرَٰنَ عَلَى ٱلۡعَٰلَمِينَ ۝٣٣
ذُرِّيَّةَۢ بَعۡضُهَا مِنۢ بَعۡضٖۗ وَٱللَّهُ سَمِيعٌ عَلِيمٌ ۝٣٤
إِذۡ قَالَتِ ٱمۡرَأَتُ عِمۡرَٰنَ رَبِّ إِنِّي نَذَرۡتُ لَكَ مَا فِي بَطۡنِي مُحَرَّرٗا فَتَقَبَّلۡ مِنِّيٓۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلۡعَلِيمُ ۝٣٥
فَلَمَّا وَضَعَتۡهَا قَالَتۡ رَبِّ إِنِّي وَضَعۡتُهَآ أُنثَىٰ وَٱللَّهُ أَعۡلَمُ بِمَا وَضَعَتۡ وَلَيۡسَ ٱلذَّكَرُ كَٱلۡأُنثَىٰۖ وَإِنِّي سَمَّيۡتُهَا مَرۡيَمَ وَإِنِّيٓ أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ ٱلشَّيۡطَٰنِ ٱلرَّجِيمِ ۝٣٦
فَتَقَبَّلَهَا رَبُّهَا بِقَبُولٍ حَسَنٖ وَأَنۢبَتَهَا نَبَاتًا حَسَنٗا وَكَفَّلَهَا زَكَرِيَّاۖ كُلَّمَا دَخَلَ عَلَيۡهَا زَكَرِيَّا ٱلۡمِحۡرَابَ وَجَدَ عِندَهَا رِزۡقٗاۖ قَالَ يَٰمَرۡيَمُ أَنَّىٰ لَكِ هَٰذَاۖ قَالَتۡ هُوَ مِنۡ عِندِ ٱللَّهِۖ إِنَّ ٱللَّهَ يَرۡزُقُ مَن يَشَآءُ بِغَيۡرِ حِسَابٍ ۝٣٧
38–41

അവിടെ വെച്ച് തന്റെ റബ്ബിനോട് സകരിയ്യാ നബി ദുആ ചെയ്തു: നാഥാ, നിന്റെ പക്കല്‍ നിന്നു ഒരുത്തമ സന്താനത്തെ എനിക്കു തരേണമേ; നീ നന്നായി പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നവനാണല്ലോ. അങ്ങനെ മേടമാളികയില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടു നില്‍ക്കവെ സകരിയ്യാനബിയെ മലക്കുകള്‍ വിളിച്ചറിയിച്ചു: യഹ്‌യാ എന്ന കുട്ടിയെപ്പറ്റി അല്ലാഹു ഇതാ താങ്കള്‍ക്ക് ശുഭവാര്‍ത്തയറിയിക്കുന്നു-റബ്ബിങ്കല്‍ നിന്നുള്ള 'വചനം' ശരിവെക്കുന്നവനും സാരഥിയും ആത്മനിയന്താവും സജ്ജനങ്ങളില്‍പെട്ട പ്രവാചകനുമായിരിക്കും ആ ജാതന്‍. സകരിയ്യാനബി ചോദിച്ചു: ഞാന്‍ വയോവൃദ്ധനും എന്റെ സഹധര്‍മിണി വന്ധ്യയും ആയിരിക്കെ എനിക്കെങ്ങനെ ഒരു മകനുണ്ടാകും? അല്ലാഹു പ്രതികരിച്ചു: അതൊക്കെ ശരി; താനുദ്ദേശിക്കുന്നത് അല്ലാഹു ചെയ്യുന്നതാണ്! സകരിയ്യാ നബി അപേക്ഷിച്ചു: നാഥാ, എനിക്കൊരു ദൃഷ്ടാന്തം കാണിച്ചു തരേണമേ! അവന്‍ മറുപടി നല്‍കി: ആംഗ്യത്തിലൂടെയല്ലാതെ മൂന്നുനാള്‍ താങ്കള്‍ക്കു ജനങ്ങളോടു സംസാരിക്കാനാവില്ലെന്നതാണ് അടയാളം; ധാരാളമായി നാഥനെ സ്മരിക്കുകയും പ്രഭാത-പ്രദോഷങ്ങളില്‍ അവന്റെ മഹത്ത്വം വാഴ്ത്തുകയും ചെയ്യുക.10

1 വിശദീകരണം കാണുക

10. റബ്ബിങ്കല്‍ നിന്നുള്ള 'വചനം' ഈസാ നബിയാണ്. യഹ്‌യാ പ്രവാചകനായിരിക്കവെയാണ് ഈസാ നബി റസൂലായി നിയുക്തനായത്. മഹത്ത്വത്തിന്റെ മുഴുലക്ഷണങ്ങളും യഹ്‌യാ നബിയിലുണ്ടെന്നാണ് വ്യക്തമാക്കുന്നത്. അവിശ്വസനീയമാം വിധം പുത്ര സുവാര്‍ത്തയുണ്ടായപ്പോള്‍ സകരിയ്യാനബി അതിന്നൊരടയാളം ചോദിക്കയാണ്. ദിക്‌റ്-തസ്ബീഹുകള്‍ ധാരാളം ചൊല്ലുക-അതിനു നാക്കിനോ മറ്റോ ഒരു കുഴപ്പവുമുണ്ടാകില്ല. അതേ സമയം, ജനങ്ങളോട് സംസാരിക്കാന്‍ തീര്‍ത്തും അശക്തനാകും; ആംഗ്യം കാണിക്കാനേ കഴിയൂ-ഇതാണു പുത്രജനനത്തിന്റെ അടയാളം.

هُنَالِكَ دَعَا زَكَرِيَّا رَبَّهُۥۖ قَالَ رَبِّ هَبۡ لِي مِن لَّدُنكَ ذُرِّيَّةٗ طَيِّبَةًۖ إِنَّكَ سَمِيعُ ٱلدُّعَآءِ ۝٣٨
فَنَادَتۡهُ ٱلۡمَلَٰٓئِكَةُ وَهُوَ قَآئِمٞ يُصَلِّي فِي ٱلۡمِحۡرَابِ أَنَّ ٱللَّهَ يُبَشِّرُكَ بِيَحۡيَىٰ مُصَدِّقَۢا بِكَلِمَةٖ مِّنَ ٱللَّهِ وَسَيِّدٗا وَحَصُورٗا وَنَبِيّٗا مِّنَ ٱلصَّٰلِحِينَ ۝٣٩
قَالَ رَبِّ أَنَّىٰ يَكُونُ لِي غُلَٰمٞ وَقَدۡ بَلَغَنِيَ ٱلۡكِبَرُ وَٱمۡرَأَتِي عَاقِرٞۖ قَالَ كَذَٰلِكَ ٱللَّهُ يَفۡعَلُ مَا يَشَآءُ ۝٤٠
قَالَ رَبِّ ٱجۡعَل لِّيٓ ءَايَةٗۖ قَالَ ءَايَتُكَ أَلَّا تُكَلِّمَ ٱلنَّاسَ ثَلَٰثَةَ أَيَّامٍ إِلَّا رَمۡزٗاۗ وَٱذۡكُر رَّبَّكَ كَثِيرٗا وَسَبِّحۡ بِٱلۡعَشِيِّ وَٱلۡإِبۡكَٰرِ ۝٤١
42–44

മലക്കുകള്‍ ഇങ്ങനെ പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്: ഓ മര്‍യം, അല്ലാഹു നിങ്ങളെ ഉദാത്തയായി തെരഞ്ഞെടുക്കുകയും പരിശുദ്ധയാക്കുകയും ഇന്നു ലോകത്തുള്ള സ്ത്രീകളില്‍ വെച്ച് ഉല്‍കൃഷ്ടയാക്കുകയും ചെയ്തിരിക്കുന്നു. ഓ മര്‍യം, നിങ്ങളുടെ നാഥന്നു വണങ്ങുകയും സാഷ്ടാംഗം ചെയ്യുകയും നമസ്‌കാരം നിര്‍വഹിക്കുന്നവരോടൊപ്പം നമസ്‌കരിക്കുകയും ചെയ്യുക. നബിയേ, താങ്കള്‍ക്കു നാം ദിവ്യബോധനം നല്‍കുന്ന അദൃശ്യങ്ങളില്‍ പെട്ടതാണ് ഈ വിവരങ്ങളെല്ലാം. മര്‍യമിന്റെ രക്ഷാകര്‍തൃത്വം ആര് ഏറ്റെടുക്കുമെന്നു തീരുമാനിക്കാനായി തങ്ങളുടെ എഴുത്താണികളിട്ട് അവര്‍ നറുക്കെടുപ്പ് നടത്തിയപ്പോള്‍ താങ്കളവിടെ ഉണ്ടായിരുന്നില്ല; തദ്വിഷയകമായി അവര്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ നടത്തിയപ്പോഴും താങ്കളവിടെ അസന്നിഹിതനായിരുന്നു.11

1 വിശദീകരണം കാണുക

11. നബി(സ്വ) ജനിക്കുന്നതിനു ആറു നൂറ്റാണ്ടോളം മുമ്പു നടന്ന സംഭവങ്ങളാണിവ. വഹ്‌യ് മുഖേനയാണ് തിരുമേനി ഇത്യാദികാര്യങ്ങള്‍ വിവരിക്കുന്നത്. മര്‍യം ബീവിയെ ബൈത്തുല്‍ മഖ്ദിസിലേക്ക് സമര്‍പ്പിക്കപ്പെട്ടപ്പോള്‍ അവരുടെ സംരക്ഷകന്‍ ആരാകുമെന്നതില്‍ പുരോഹിതരും നേതാക്കളും ബന്ധുക്കളും തര്‍ക്കത്തിലായി. അവസാനം അവര്‍ തന്നെ ഓരൊത്തു തീര്‍പ്പിലെത്തി-സ്വന്തം എഴുത്താണി(പേന) ഓരോരുത്തരും ജോര്‍ദാന്‍ നദിയിലിടുക; ആരുടേത് ഒലിച്ചുപോകാതെ പൊങ്ങിക്കിടക്കുമോ അയാള്‍ക്കായിരിക്കും രക്ഷാകര്‍തൃത്വ ചുമതല. സകരിയ്യാനബിയാണ് ഈ നറുക്കെടുപ്പില്‍ വിജയിച്ചത്.

وَإِذۡ قَالَتِ ٱلۡمَلَٰٓئِكَةُ يَٰمَرۡيَمُ إِنَّ ٱللَّهَ ٱصۡطَفَىٰكِ وَطَهَّرَكِ وَٱصۡطَفَىٰكِ عَلَىٰ نِسَآءِ ٱلۡعَٰلَمِينَ ۝٤٢
يَٰمَرۡيَمُ ٱقۡنُتِي لِرَبِّكِ وَٱسۡجُدِي وَٱرۡكَعِي مَعَ ٱلرَّٰكِعِينَ ۝٤٣
ذَٰلِكَ مِنۡ أَنۢبَآءِ ٱلۡغَيۡبِ نُوحِيهِ إِلَيۡكَۚ وَمَا كُنتَ لَدَيۡهِمۡ إِذۡ يُلۡقُونَ أَقۡلَٰمَهُمۡ أَيُّهُمۡ يَكۡفُلُ مَرۡيَمَ وَمَا كُنتَ لَدَيۡهِمۡ إِذۡ يَخۡتَصِمُونَ ۝٤٤
45–51

മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്: ഓ മര്‍യം, തന്റെ പക്കല്‍ നിന്നുള്ള ഒരു 'വചനം' കൊണ്ട് അല്ലാഹു നിങ്ങള്‍ക്ക് ശുഭവാര്‍ത്തയറിയിക്കുന്നു. മര്‍യമിന്റെ പുത്രന്‍ ഈസാ മസീഹ്12
എന്നാണദ്ദേഹത്തിന്റെ പേര്; ഇഹത്തിലും പരത്തിലും പ്രതാപശാലിയും നാഥന്റെ സമീപസ്ഥരില്‍ പെട്ടവനുമായിരിക്കും. തൊട്ടിലില്‍ വെച്ചു തന്നെ ജനങ്ങളോടു സംസാരിക്കും; മധ്യവയസ്‌കനാകുമ്പോഴും. സദ്‌വൃത്തരില്‍ പെട്ടവനുമാണദ്ദേഹം. മര്‍യം പ്രതികരിച്ചു: നാഥാ, ഒരു പുരുഷനും സ്പര്‍ശിച്ചിട്ടില്ലെന്നിരിക്കെ എനിക്കെങ്ങനെ കുട്ടി ജനിക്കും? അവന്‍ മറുപടി നല്‍കി: അതൊക്കെ ശരി തന്നെ; താനുദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. എന്തെങ്കിലും തീരുമാനിച്ചു കഴിഞ്ഞാല്‍ അവന്‍ അതിനോട് ഉണ്ടാവുക എന്നു കല്‍പിക്കും; ഉടനെയതു സംഭവിക്കുന്നു. അവന്‍ അദ്ദേഹത്തിനു വേദഗ്രന്ഥവും തത്ത്വജ്ഞാനവും തൗറാത്തും ഇന്‍ജീലും പഠിപ്പിക്കുന്നതാണ്. ഇസ്രാഈല്യരിലേക്കുള്ള ദൂതനായാണു താന്‍ നിയുക്തനാകുന്നത്. അവരോടദ്ദേഹം ഇങ്ങനെ പ്രഖ്യാപിക്കും: നിങ്ങളുടെ നാഥന്റെ പക്കല്‍ നിന്നുള്ള ദൃഷ്ടാന്തവുമായാണു ഞാന്‍ വന്നിരിക്കുന്നത്. അതായത് പക്ഷിയുടെ ആകൃതിയിലൊന്ന് ഞാന്‍ നിങ്ങള്‍ക്കുണ്ടാക്കിത്തരും. എന്നിട്ടതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്റെ അനുമതിയോടെ അത് സാക്ഷാല്‍ പക്ഷിയാകും. അവന്റെ അനുമതിയോടെ ഞാന്‍ ജന്മാന്ധനെയും വെള്ളപ്പാണ്ടുകാരനെയും സുഖപ്പെടുത്തുകയും മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്യും. വീടുകളില്‍ നിങ്ങള്‍ സൂക്ഷിച്ചു വെക്കുന്നതും ഭക്ഷിക്കുന്നതും ഞാന്‍ പറഞ്ഞുതരും. വിശ്വാസികളാണെങ്കില്‍ ഇതിലൊക്കെ നിങ്ങള്‍ക്ക് വലിയ ദൃഷ്ടാന്തമുണ്ട്. എന്റെ മുമ്പാകെയുള്ള തൗറാത്ത് ശരിവെച്ചും നിങ്ങള്‍ക്കു നിഷിദ്ധമായ ചില കാര്യങ്ങള്‍ അനുവദനീയമാക്കാനും ആണ് എന്റെ നിയോഗം. നാഥങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവുമായാണ് ഞാന്‍ വന്നിരിക്കുന്നതെന്നതിനാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക. എന്റെയും നിങ്ങളുടെയും നാഥന്‍ അല്ലാഹുവാകയാല്‍ അവനെ നിങ്ങളാരാധിക്കുക-ഇതാണ് ഋജുവായ പന്ഥാവ്.

1 വിശദീകരണം കാണുക

12. സാധാരണ ഗതിയിലുള്ള സ്ത്രീ-പുരുഷ സംസര്‍ഗത്തിലൂടെയല്ലാതെ അല്ലാഹുവിന്റെ സവിശേഷ ഉത്തരവിലൂടെ ജനിച്ചതു കൊണ്ടാണ് 'അവന്റെ വചനം' എന്നു വിശേഷിപ്പിക്കുന്നത്. ഈസാ എന്നതാണ് വ്യക്തിനാമം. മസീഹ് സ്ഥാനപ്പേരാണ്. മിശിഹാ എന്ന ഹിബ്രു പദത്തിന്റെ അറബി ശബ്ദമാണ് മസീഹ്-അഭിഷിക്തന്‍.

إِذۡ قَالَتِ ٱلۡمَلَٰٓئِكَةُ يَٰمَرۡيَمُ إِنَّ ٱللَّهَ يُبَشِّرُكِ بِكَلِمَةٖ مِّنۡهُ ٱسۡمُهُ ٱلۡمَسِيحُ عِيسَى ٱبۡنُ مَرۡيَمَ وَجِيهٗا فِي ٱلدُّنۡيَا وَٱلۡأٓخِرَةِ وَمِنَ ٱلۡمُقَرَّبِينَ ۝٤٥
وَيُكَلِّمُ ٱلنَّاسَ فِي ٱلۡمَهۡدِ وَكَهۡلٗا وَمِنَ ٱلصَّٰلِحِينَ ۝٤٦
قَالَتۡ رَبِّ أَنَّىٰ يَكُونُ لِي وَلَدٞ وَلَمۡ يَمۡسَسۡنِي بَشَرٞۖ قَالَ كَذَٰلِكِ ٱللَّهُ يَخۡلُقُ مَا يَشَآءُۚ إِذَا قَضَىٰٓ أَمۡرٗا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ ۝٤٧
وَيُعَلِّمُهُ ٱلۡكِتَٰبَ وَٱلۡحِكۡمَةَ وَٱلتَّوۡرَىٰةَ وَٱلۡإِنجِيلَ ۝٤٨
وَرَسُولًا إِلَىٰ بَنِيٓ إِسۡرَٰٓءِيلَ أَنِّي قَدۡ جِئۡتُكُم بِـَٔايَةٖ مِّن رَّبِّكُمۡ أَنِّيٓ أَخۡلُقُ لَكُم مِّنَ ٱلطِّينِ كَهَيۡـَٔةِ ٱلطَّيۡرِ فَأَنفُخُ فِيهِ فَيَكُونُ طَيۡرَۢا بِإِذۡنِ ٱللَّهِۖ وَأُبۡرِئُ ٱلۡأَكۡمَهَ وَٱلۡأَبۡرَصَ وَأُحۡيِ ٱلۡمَوۡتَىٰ بِإِذۡنِ ٱللَّهِۖ وَأُنَبِّئُكُم بِمَا تَأۡكُلُونَ وَمَا تَدَّخِرُونَ فِي بُيُوتِكُمۡۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لَّكُمۡ إِن كُنتُم مُّؤۡمِنِينَ ۝٤٩
وَمُصَدِّقٗا لِّمَا بَيۡنَ يَدَيَّ مِنَ ٱلتَّوۡرَىٰةِ وَلِأُحِلَّ لَكُم بَعۡضَ ٱلَّذِي حُرِّمَ عَلَيۡكُمۡۚ وَجِئۡتُكُم بِـَٔايَةٖ مِّن رَّبِّكُمۡ فَٱتَّقُواْ ٱللَّهَ وَأَطِيعُونِ ۝٥٠
إِنَّ ٱللَّهَ رَبِّي وَرَبُّكُمۡ فَٱعۡبُدُوهُۚ هَٰذَا صِرَٰطٞ مُّسۡتَقِيمٞ ۝٥١
52–58

അങ്ങനെ തനിക്കവരുടെ സത്യനിഷേധസ്വഭാവം അനുഭവബോധ്യമായപ്പോള്‍ 'അല്ലാഹുവിങ്കലേക്കു ക്ഷണിക്കാന്‍ എന്റെ സഹായികളായി ആരുണ്ടെ'ന്ന് ഈസാ നബി ചോദിച്ചു. അപ്പൊസ്തലന്മാര്‍ പറഞ്ഞു: 'ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാണ് . അവനില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. പൂര്‍ണമായും അവനെ അനുസരിച്ചവരാണ് ഞങ്ങളെന്ന് അങ്ങു സാക്ഷ്യം വഹിക്കുക. നാഥാ, ഞങ്ങള്‍ നീയവതരിപ്പിച്ചതില്‍ വിശ്വസിക്കുകയും ദൂതനെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് സത്യസാക്ഷ്യ വാഹകരില്‍ ഞങ്ങളെയും രേഖപ്പെടുത്തേണമേ'. നിഷേധികള്‍ ചില ഗൂഢതന്ത്രങ്ങള്‍ പയറ്റി; അല്ലാഹു അവയ്ക്കു പ്രതിക്രിയ ചെയ്തു. അവന്‍ ഗൂഢതന്ത്രങ്ങള്‍ തകര്‍ക്കുന്നവരില്‍ ഉദാത്തനത്രേ13
അല്ലാഹു അരുളിയപ്പോള്‍: ഓ ഈസാ, താങ്കളെ നാം പൂര്‍ണമായി ഏറ്റെടുക്കുകയും എന്റെ സമീപത്തേക്കുയര്‍ത്തുകയും നിഷേധികളില്‍ നിന്ന് സംശുദ്ധനാക്കുകയും താങ്കളുടെ അനുയായികളെ അന്ത്യനാള്‍വരെ സത്യനിഷേധികളെക്കാള്‍ ഉയര്‍ന്നവരാക്കുകയും ചെയ്യുന്നതാണ്. പിന്നീട് നിങ്ങളുടെ മടക്കം എന്നിലേക്കു തന്നെയായിരിക്കും; അപ്പോള്‍ പരസ്പരം ഭിന്നപക്ഷക്കാരായിരുന്ന വിഷയങ്ങളില്‍ നിങ്ങള്‍ക്കിടയില്‍ ഞാന്‍ വിധികല്‍പിക്കുന്നതാണ്. എന്നാല്‍ നിഷേധികള്‍ക്ക് ഇഹത്തിലും പരത്തിലും ഞാന്‍ കഠിന ശിക്ഷനല്‍കും. അവര്‍ക്കൊരു സഹായിയുമുണ്ടാവില്ല. സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങളനുവര്‍ത്തിക്കുകയും ചെയ്തവരോ, അവര്‍ക്കു അല്ലാഹു പരിപൂര്‍ണ പ്രതിഫലം നല്‍കും. അവന്‍ അക്രമികളെ സ്‌നേഹിക്കുന്നതല്ല. ദിവ്യദൃഷ്ടാന്തങ്ങളിലും സയുക്തികോദ്‌ബോധനത്തിലും പെട്ടതാണ് താങ്കള്‍ക്ക് നാമീ ഓതിത്തരുന്നവയത്രയും.

1 വിശദീകരണം കാണുക

13. ഈസാനബിക്ക് സ്വീകാര്യതയും അംഗീകാരവും അനുയായികളും വര്‍ധിച്ചു വരുന്നതില്‍ ജൂതന്മാര്‍ അസഹിഷ്ണുക്കളായി. ഒടുവില്‍ കൊല്ലാന്‍ തന്നെ അവര്‍ ഗൂഢാലോചന നടത്തി. എന്നാല്‍ നബിയെ അവര്‍ക്ക് ഒറ്റിക്കൊടുത്ത ഇസ്‌കാരിയോത്താ യൂദാ എന്ന കപട ശിഷ്യനെ അല്ലാഹു ഈസാനബിയുടെ കോലത്തിലാക്കി. ഇവന്‍ തന്നെയാണ് യേശു എന്നു മനസ്സിലാക്കി ജൂതന്മാര്‍ അവനെ പിടിച്ചു കുരിശിലേറ്റി കൊന്നു. നബിയെ ആകാശത്തേക്കുയര്‍ത്തി- ഇങ്ങനെയാണ് അവരുടെ ഗൂഢാലോചനക്ക് അല്ലാഹു പ്രതിക്രിയ ചെയ്തത്.

۞ فَلَمَّآ أَحَسَّ عِيسَىٰ مِنۡهُمُ ٱلۡكُفۡرَ قَالَ مَنۡ أَنصَارِيٓ إِلَى ٱللَّهِۖ قَالَ ٱلۡحَوَارِيُّونَ نَحۡنُ أَنصَارُ ٱللَّهِ ءَامَنَّا بِٱللَّهِ وَٱشۡهَدۡ بِأَنَّا مُسۡلِمُونَ ۝٥٢
رَبَّنَآ ءَامَنَّا بِمَآ أَنزَلۡتَ وَٱتَّبَعۡنَا ٱلرَّسُولَ فَٱكۡتُبۡنَا مَعَ ٱلشَّٰهِدِينَ ۝٥٣
وَمَكَرُواْ وَمَكَرَ ٱللَّهُۖ وَٱللَّهُ خَيۡرُ ٱلۡمَٰكِرِينَ ۝٥٤
إِذۡ قَالَ ٱللَّهُ يَٰعِيسَىٰٓ إِنِّي مُتَوَفِّيكَ وَرَافِعُكَ إِلَيَّ وَمُطَهِّرُكَ مِنَ ٱلَّذِينَ كَفَرُواْ وَجَاعِلُ ٱلَّذِينَ ٱتَّبَعُوكَ فَوۡقَ ٱلَّذِينَ كَفَرُوٓاْ إِلَىٰ يَوۡمِ ٱلۡقِيَٰمَةِۖ ثُمَّ إِلَيَّ مَرۡجِعُكُمۡ فَأَحۡكُمُ بَيۡنَكُمۡ فِيمَا كُنتُمۡ فِيهِ تَخۡتَلِفُونَ ۝٥٥
فَأَمَّا ٱلَّذِينَ كَفَرُواْ فَأُعَذِّبُهُمۡ عَذَابٗا شَدِيدٗا فِي ٱلدُّنۡيَا وَٱلۡأٓخِرَةِ وَمَا لَهُم مِّن نَّٰصِرِينَ ۝٥٦
وَأَمَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ فَيُوَفِّيهِمۡ أُجُورَهُمۡۗ وَٱللَّهُ لَا يُحِبُّ ٱلظَّٰلِمِينَ ۝٥٧
ذَٰلِكَ نَتۡلُوهُ عَلَيۡكَ مِنَ ٱلۡأٓيَٰتِ وَٱلذِّكۡرِ ٱلۡحَكِيمِ ۝٥٨
59–63

അല്ലാഹുവിങ്കല്‍ ഈസാനബിയുടെ ഉപമ ആദം നബിയുടേതു പോലെയാണ്. അദ്ദേഹത്തെയവന്‍ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും പിന്നീട് ഉണ്ടാവുക എന്നു കല്‍പിച്ചപ്പോള്‍ അങ്ങനെ സംഭവിക്കുകയും ചെയ്തു. താങ്കളുടെ നാഥന്റെ പക്കല്‍ നിന്നുള്ള സത്യമാണിത്; അതിനാല്‍ സംശയാലുക്കളില്‍ താങ്കളകപ്പെട്ടു പോകരുത്.14
ഇനി, അറിവു ലഭിച്ചു കഴിഞ്ഞ ശേഷവും ഈസാ നബിയെപ്പറ്റി ആരെങ്കിലും തര്‍ക്കിക്കുന്നുവെങ്കില്‍ താങ്കള്‍ പറയുക: 'നിങ്ങള്‍ വരൂ, ഞങ്ങളുടെയും നിങ്ങളുടെയും മക്കളെയും സ്ത്രീകളെയും നമുക്കു വിളിച്ചു കൂട്ടാം; നമുക്കും സന്നിഹിതരാകാം. എന്നിട്ട്, നുണ പറയുന്നവരില്‍ അല്ലാഹുവിന്റെ ശാപവര്‍ഷത്തിനായി നമുക്ക് കേണപേക്ഷിക്കാം.'15
ഇത് സത്യസന്ധമായ കഥാകഥനം തന്നെയാണ്. അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല തന്നെ. അവന്‍ പ്രതാപശാലിയും യുക്തിമാനുമത്രേ. എന്നിട്ടുമവര്‍ പിന്തിരിയുന്നുവെങ്കില്‍, വിനാശകാരികളെപ്പറ്റി അവന്‍ സൂക്ഷ്മജ്ഞാനിയാകുന്നു.

2 വിശദീകരണങ്ങൾ കാണുക

14. പിതാവില്ലാതെ ജനിച്ചതിനാല്‍ ക്രിസ്ത്യാനികള്‍ ഈസാനബിയെ ദൈവപുത്രനും ആരാധ്യനും ലോകരക്ഷകനുമൊക്കെയാക്കുന്നത് തനി മൗഢ്യമാണ്. പിതാവും മാതാവുമില്ലാതെയാണല്ലോ ആദം നബിയെ പടച്ചത്. അല്ലാഹുവിനെ സംബന്ധിച്ച് അതൊന്നും പ്രയാസകരമല്ല. ഉണ്ടാവുക എന്നു കല്‍പിച്ചാല്‍ അതു സംഭവിക്കുകയായി. അതിനാല്‍ യേശുക്രിസ്തു ദൈവമാണെന്ന വാദം നിരര്‍ത്ഥകമത്രേ.

15. ഈ സംരംഭമാണ് മുബാഹല. ഇതനുസരിച്ച് നജ്‌റാനില്‍ നിന്നുവന്ന ക്രിസ്ത്രീയ സംഘവുമായി മുബാഹല ചെയ്യാന്‍ തിരുമേനി ÷ പുത്രി ഫാഥിമ, അലി, ഹസന്‍, ഹുസൈന്‍(റ) എന്നിവരൊത്തിറങ്ങി. പക്ഷേ ഭവിഷ്യത്ത് മനസ്സിലാക്കി ക്രിസ്ത്യാനികള്‍ പിന്തിരിയുകയായിരുന്നു.

إِنَّ مَثَلَ عِيسَىٰ عِندَ ٱللَّهِ كَمَثَلِ ءَادَمَۖ خَلَقَهُۥ مِن تُرَابٖ ثُمَّ قَالَ لَهُۥ كُن فَيَكُونُ ۝٥٩
ٱلۡحَقُّ مِن رَّبِّكَ فَلَا تَكُن مِّنَ ٱلۡمُمۡتَرِينَ ۝٦٠
فَمَنۡ حَآجَّكَ فِيهِ مِنۢ بَعۡدِ مَا جَآءَكَ مِنَ ٱلۡعِلۡمِ فَقُلۡ تَعَالَوۡاْ نَدۡعُ أَبۡنَآءَنَا وَأَبۡنَآءَكُمۡ وَنِسَآءَنَا وَنِسَآءَكُمۡ وَأَنفُسَنَا وَأَنفُسَكُمۡ ثُمَّ نَبۡتَهِلۡ فَنَجۡعَل لَّعۡنَتَ ٱللَّهِ عَلَى ٱلۡكَٰذِبِينَ ۝٦١
إِنَّ هَٰذَا لَهُوَ ٱلۡقَصَصُ ٱلۡحَقُّۚ وَمَا مِنۡ إِلَٰهٍ إِلَّا ٱللَّهُۚ وَإِنَّ ٱللَّهَ لَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ ۝٦٢
فَإِن تَوَلَّوۡاْ فَإِنَّ ٱللَّهَ عَلِيمُۢ بِٱلۡمُفۡسِدِينَ ۝٦٣
64–68

താങ്കള്‍ പ്രഖ്യാപിക്കുക: 'വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ തുല്യമായ ഒരു തത്ത്വത്തിലേക്കു നിങ്ങള്‍ വരൂ-അല്ലാഹുവിനെയല്ലാതെ നാം ആരാധിക്കരുത്; അവനോടു യാതൊന്നിനെയും നാം പങ്കാളികളാക്കരുത്; അവനു പുറമെ നമ്മില്‍ ചിലര്‍ മറ്റു ചിലരെ സംരക്ഷകരാക്കരുത്.'16
എന്നിട്ടും അവര്‍ പിന്തിരിയുന്നുവെങ്കില്‍ നിങ്ങള്‍ വിളംബരം ചെയ്യുക: ഞങ്ങള്‍ അവനു കീഴ്‌പെട്ടവരാണെന്നതിനു നിങ്ങള്‍ സാക്ഷ്യം വഹിക്കുക. ഹേ വേദക്കാരേ, ഇബ്രാഹീം നബിയുടെ കാര്യത്തില്‍ നിങ്ങളെന്തിനാണ് കുതര്‍ക്കം നടത്തുന്നത്? തനിക്കു ശേഷമേ തൗറാത്തും ഇന്‍ജീലും അവതീര്‍ണമായിട്ടുള്ളുവല്ലോ. ചിന്തിക്കുന്നില്ലേ നിങ്ങള്‍? ഹേ കൂട്ടരേ, അറിവുള്ള കാര്യങ്ങളില്‍ തന്നെ നിങ്ങള്‍ തര്‍ക്കിച്ചിരിക്കയാണ്; യാതൊരറിവുമില്ലാത്ത വിഷയത്തില്‍ പിന്നെയെന്തിനാണ് വാഗ്വാദം നടത്തുന്നത്? അല്ലാഹു അറിയുന്നു; നിങ്ങള്‍ അറിയുന്നില്ല. ഇബ്രാഹീം നബി ജൂതനോ ക്രിസ്ത്യാനിയോ ആയിരുന്നില്ല; ഋജുമാനസനും റബ്ബിനു കീഴ്‌പെട്ടവനുമായിരുന്നു അദ്ദേഹം. താന്‍ ബഹുദൈവ വിശ്വാസികളില്‍ പെട്ടയാളല്ലായിരുന്നു. ഇബ്രാഹീം നബിയുമായി ഏറ്റം ബന്ധപ്പെട്ടവര്‍, തന്നെ അനുധാവനം ചെയ്തവരും ഈ മുഹമ്മദ് നബിയും സത്യവിശ്വാസികളുമാകുന്നു. മു അ്മിനുകളുടെ സംരക്ഷകന്‍ അല്ലാഹുവത്രേ.

1 വിശദീകരണം കാണുക

16. ഈ മൂന്നു മൗലിക തത്ത്വങ്ങള്‍ അല്ലാഹുവിന്റെ എല്ലാ മതങ്ങളിലും സ്വീകാര്യമാണ്. പക്ഷേ ക്രിസ്ത്യാനികള്‍ യേശുവിനെ ആരാധിച്ചു, അല്ലാഹുവിന്നു പങ്കാളികളെ സ്ഥാപിച്ചു, പുരോഹിതരെയും മാര്‍പ്പാപ്പമാരെയും സംരക്ഷകരും സംപൂജ്യരുമാക്കി അടിസ്ഥാനപരമായി തന്നെ വഴിതെറ്റിപ്പോയി.

قُلۡ يَٰٓأَهۡلَ ٱلۡكِتَٰبِ تَعَالَوۡاْ إِلَىٰ كَلِمَةٖ سَوَآءِۭ بَيۡنَنَا وَبَيۡنَكُمۡ أَلَّا نَعۡبُدَ إِلَّا ٱللَّهَ وَلَا نُشۡرِكَ بِهِۦ شَيۡـٔٗا وَلَا يَتَّخِذَ بَعۡضُنَا بَعۡضًا أَرۡبَابٗا مِّن دُونِ ٱللَّهِۚ فَإِن تَوَلَّوۡاْ فَقُولُواْ ٱشۡهَدُواْ بِأَنَّا مُسۡلِمُونَ ۝٦٤
يَٰٓأَهۡلَ ٱلۡكِتَٰبِ لِمَ تُحَآجُّونَ فِيٓ إِبۡرَٰهِيمَ وَمَآ أُنزِلَتِ ٱلتَّوۡرَىٰةُ وَٱلۡإِنجِيلُ إِلَّا مِنۢ بَعۡدِهِۦٓۚ أَفَلَا تَعۡقِلُونَ ۝٦٥
هَٰٓأَنتُمۡ هَٰٓؤُلَآءِ حَٰجَجۡتُمۡ فِيمَا لَكُم بِهِۦ عِلۡمٞ فَلِمَ تُحَآجُّونَ فِيمَا لَيۡسَ لَكُم بِهِۦ عِلۡمٞۚ وَٱللَّهُ يَعۡلَمُ وَأَنتُمۡ لَا تَعۡلَمُونَ ۝٦٦
مَا كَانَ إِبۡرَٰهِيمُ يَهُودِيّٗا وَلَا نَصۡرَانِيّٗا وَلَٰكِن كَانَ حَنِيفٗا مُّسۡلِمٗا وَمَا كَانَ مِنَ ٱلۡمُشۡرِكِينَ ۝٦٧
إِنَّ أَوۡلَى ٱلنَّاسِ بِإِبۡرَٰهِيمَ لَلَّذِينَ ٱتَّبَعُوهُ وَهَٰذَا ٱلنَّبِيُّ وَٱلَّذِينَ ءَامَنُواْۗ وَٱللَّهُ وَلِيُّ ٱلۡمُؤۡمِنِينَ ۝٦٨
69–74

നിങ്ങളെ ദുര്‍മാര്‍ഗികളാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നഭിലഷിക്കുകയാണ് ഒരുകൂട്ടം വേദക്കാര്‍. എന്നാലവര്‍ വഴിതെറ്റിക്കുന്നത് സ്വന്തത്തെ തന്നെയാണ്; അവരതറിയുന്നില്ല. ഹേ വേദക്കാരേ, സത്യത്തിന്നു സാക്ഷികളായിരിക്കെത്തന്നെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങളെന്തിനാണ് നിഷേധിക്കുന്നത്? നിങ്ങള്‍ അറിയുന്നവരായിരിക്കെ സത്യത്തെ അസത്യവുമായി കൂട്ടിക്കലര്‍ത്തുകയും യാഥാര്‍ത്ഥ്യം മറച്ചുവെക്കുകയും ചെയ്യുന്നതെന്തിനാണ്? വേദക്കാരില്‍ ഒരുകൂട്ടര്‍ പറഞ്ഞു: വിശ്വാസികള്‍ക്ക് അവതീര്‍ണമായ ഖുര്‍ആന്‍ രാവിലെ നിങ്ങള്‍ വിശ്വസിക്കുകയും വൈകുന്നേരം നിഷേധിക്കുകയും ചെയ്യുക-അവര്‍ മടങ്ങിയെങ്കിലോ!17
വേദക്കാര്‍ പറയുന്നു: 'നിങ്ങളുടെ മതംഅനുധാവനം ചെയ്യുന്നവരെ മാത്രമേ വിശ്വസിക്കാവൂ. നിങ്ങള്‍ക്കു നല്‍കപ്പെട്ടതുപോലുള്ള വേദം മറ്റാര്‍ക്കെങ്കിലും കൊടുക്കപ്പെടുമെന്നോ, രക്ഷിതാവിങ്കല്‍ മുസ്‌ലിംകളാരെങ്കിലും നിങ്ങളുമായി വാദപ്രതിവാദം നടത്തി ജയിക്കുമെന്നോ അംഗീകരിച്ചു കൊടുക്കരുത്.' നബിയേ, പ്രഖ്യാപിക്കുക: ശരിയായ മാര്‍ഗദര്‍ശനം അല്ലാഹുവിന്റേതത്രേ. അനുഗ്രഹം അവങ്കല്‍ മാത്രമാണ്. താനുദ്ദേശിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. വിശാലമായി കൊടുക്കുന്നവനും അറിവുറ്റവനുമത്രേ അവന്‍. താനുദ്ദേശിക്കുന്നവരെ സ്വാനുഗ്രഹം കൊണ്ടവന്‍ സവിശേഷരാക്കുന്നു. മഹത്തായ ഉദാരനത്രേ അല്ലാഹു.

1 വിശദീകരണം കാണുക

17. സത്യവിശ്വാസികളെ സംശയാലുക്കളാക്കാനായി വേദക്കാര്‍ പരസ്പരം പറഞ്ഞിരുന്നതാണിത്. ഇസ്‌ലാമില്‍ പ്രവേശിച്ചതായി ഒരിക്കല്‍ വിളംബരം ചെയ്യുക; താമസിയാതെ തന്നെ, ഖുര്‍ആനും അതിന്റെ നിയമങ്ങളുമൊന്നും ശരിയല്ല എന്നു തട്ടിവിട്ട് പഴയ മതത്തിലേക്കു തന്നെ മടങ്ങുക. ഇതായിരുന്നു അവരുടെ നാടകം. മുസ്‌ലിംകളും ഇങ്ങനെ തിരിച്ചുപോക്കു നടത്തുമെന്നായിരുന്നു അവരുടെ വ്യാമോഹം.

وَدَّت طَّآئِفَةٞ مِّنۡ أَهۡلِ ٱلۡكِتَٰبِ لَوۡ يُضِلُّونَكُمۡ وَمَا يُضِلُّونَ إِلَّآ أَنفُسَهُمۡ وَمَا يَشۡعُرُونَ ۝٦٩
يَٰٓأَهۡلَ ٱلۡكِتَٰبِ لِمَ تَكۡفُرُونَ بِـَٔايَٰتِ ٱللَّهِ وَأَنتُمۡ تَشۡهَدُونَ ۝٧٠
يَٰٓأَهۡلَ ٱلۡكِتَٰبِ لِمَ تَلۡبِسُونَ ٱلۡحَقَّ بِٱلۡبَٰطِلِ وَتَكۡتُمُونَ ٱلۡحَقَّ وَأَنتُمۡ تَعۡلَمُونَ ۝٧١
وَقَالَت طَّآئِفَةٞ مِّنۡ أَهۡلِ ٱلۡكِتَٰبِ ءَامِنُواْ بِٱلَّذِيٓ أُنزِلَ عَلَى ٱلَّذِينَ ءَامَنُواْ وَجۡهَ ٱلنَّهَارِ وَٱكۡفُرُوٓاْ ءَاخِرَهُۥ لَعَلَّهُمۡ يَرۡجِعُونَ ۝٧٢
وَلَا تُؤۡمِنُوٓاْ إِلَّا لِمَن تَبِعَ دِينَكُمۡ قُلۡ إِنَّ ٱلۡهُدَىٰ هُدَى ٱللَّهِ أَن يُؤۡتَىٰٓ أَحَدٞ مِّثۡلَ مَآ أُوتِيتُمۡ أَوۡ يُحَآجُّوكُمۡ عِندَ رَبِّكُمۡۗ قُلۡ إِنَّ ٱلۡفَضۡلَ بِيَدِ ٱللَّهِ يُؤۡتِيهِ مَن يَشَآءُۗ وَٱللَّهُ وَٰسِعٌ عَلِيمٞ ۝٧٣
يَخۡتَصُّ بِرَحۡمَتِهِۦ مَن يَشَآءُۗ وَٱللَّهُ ذُو ٱلۡفَضۡلِ ٱلۡعَظِيمِ ۝٧٤
75–76

ഒരു കൂമ്പാരം സ്വര്‍ണമോ വെള്ളിയോ വിശ്വസിച്ചേല്‍പിച്ചാലും അതു തിരിച്ചു തരുന്നവര്‍ വേദക്കാരിലുണ്ട്; എന്നാല്‍ ഒരു ദീനാര്‍ ഏല്‍പിച്ചാല്‍ പോലും ശല്യം ചെയ്തു കൊണ്ടിരുന്നെങ്കിലേ മടക്കിത്തരൂ എന്ന നിലപാടുകാരെയും അവരില്‍ കാണാം. അതിനു കാരണമിതാണ്: നിരക്ഷരരായ അറബികളെ കബളിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്കു കുറ്റമുണ്ടാകാന്‍ ന്യായമില്ലെന്നവര്‍ തട്ടിവിട്ടു. അറിഞ്ഞു കൊണ്ടു തന്നെ അല്ലാഹുവിന്റെ പേരില്‍ അവര്‍ വ്യാജം ചമക്കുകയുമുണ്ടായി. അങ്ങനെയല്ല, ആര് തന്റെ കരാര്‍ പാലിക്കുകയും സൂക്ഷ്മത പുലര്‍ത്തുകയും ചെയ്തുവോ, സൂക്ഷ്മാലുക്കളെ അല്ലാഹു സ്‌നേഹിക്കുക തന്നെ ചെയ്യുന്നു.

۞ وَمِنۡ أَهۡلِ ٱلۡكِتَٰبِ مَنۡ إِن تَأۡمَنۡهُ بِقِنطَارٖ يُؤَدِّهِۦٓ إِلَيۡكَ وَمِنۡهُم مَّنۡ إِن تَأۡمَنۡهُ بِدِينَارٖ لَّا يُؤَدِّهِۦٓ إِلَيۡكَ إِلَّا مَا دُمۡتَ عَلَيۡهِ قَآئِمٗاۗ ذَٰلِكَ بِأَنَّهُمۡ قَالُواْ لَيۡسَ عَلَيۡنَا فِي ٱلۡأُمِّيِّـۧنَ سَبِيلٞ وَيَقُولُونَ عَلَى ٱللَّهِ ٱلۡكَذِبَ وَهُمۡ يَعۡلَمُونَ ۝٧٥
بَلَىٰۚ مَنۡ أَوۡفَىٰ بِعَهۡدِهِۦ وَٱتَّقَىٰ فَإِنَّ ٱللَّهَ يُحِبُّ ٱلۡمُتَّقِينَ ۝٧٦
77–80

അല്ലാഹുവിന്റെ കരാറുകളും സ്വന്തം ശപഥങ്ങളും തുച്ഛവിലക്കു വില്‍ക്കുന്നവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമില്ല. അന്ത്യനാളില്‍ അവന്‍ അവരോടു സംസാരിക്കുകയോ അവര്‍ക്കവന്റെ കരുണാകടാക്ഷമുണ്ടാവുകയോ അവരെയവന്‍ സംസ്‌കരിച്ചെടുക്കുകയോ ചെയ്യില്ല. വേദനയുറ്റ ശിക്ഷയാണവര്‍ക്കുണ്ടാവുക. വേദഗ്രന്ഥത്തില്‍ കൃത്രിമം കാട്ടുന്ന ചിലര്‍ അവരിലുണ്ട്; അവ വേദത്തിലുള്ളതാണെന്നു നിങ്ങള്‍ വിചാരിക്കാന്‍ വേണ്ടി. യഥാര്‍ത്ഥത്തില്‍ അവ അതിലുള്ളതല്ല. അല്ലാഹുവിങ്കല്‍ നിന്നുള്ളതാണവയെന്നും അവര്‍ തട്ടിവിടും; സത്യത്തിലവ അവങ്കല്‍ നിന്നുള്ളതല്ല. അറിഞ്ഞു കൊണ്ടുതന്നെ അല്ലാഹുവിന്റെ പേരില്‍ നുണ പറയുകയാണവര്‍. ഒരാള്‍ക്കല്ലാഹു വേദവും തത്ത്വജ്ഞാനവും പ്രവാചകത്വവും നല്‍കുകയും, എന്നിട്ട് 'നിങ്ങള്‍ അല്ലാഹുവിന്നു പകരം എന്റെ അടിമകളാവുക' എന്നദ്ദേഹം ആളുകളോടാവശ്യപ്പെടുകയും ചെയ്യുക എന്നത് അസംഭവ്യമാണ്. മറിച്ച്, നിങ്ങള്‍ പഠിപ്പിക്കുകയും പാരായണം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന വേദപ്രകാരം നിഷ്‌കളങ്ക ദൈവ ദാസരാകണം എന്നാണദ്ദേഹം കല്‍പിക്കുക. മലക്കുകളെയോ പ്രവാചകരെയോ ആരാധ്യരായി വരിക്കാനും അദ്ദേഹം ശാസിക്കയില്ല. നിങ്ങള്‍ മുസ്‌ലിംകളായി കഴിഞ്ഞ ശേഷം സത്യനിഷേധം പുല്‍കാന്‍ അദ്ദേഹം കല്‍പിക്കുമോ?18

1 വിശദീകരണം കാണുക

18. ജനങ്ങളെ ബഹുദൈവവിശ്വാസത്തിലും ബിംബാരാധനയിലും നിന്ന് രക്ഷപ്പെടുത്തി ശുദ്ധീകരിക്കാനാണ് പ്രവാചകന്മാര്‍ വന്നത്. അതേ പുണ്യപുരുഷന്മാര്‍ പിന്നെ ശിര്‍ക്കിന്ന് പ്രേരിപ്പിക്കുമോ? വേദക്കാര്‍ ദിവ്യഗ്രന്ഥങ്ങളില്‍ കൈകടത്തലുകള്‍ നടത്തി, ദുര്‍വ്യാഖ്യാനം ചെയ്ത് നേടിയതതാണ്. ഉസൈറും മസീഹും മലക്കുകളും മറ്റും അല്ലാഹുവിന്റെ സന്തതികളാണെന്നവര്‍ തട്ടിവിട്ടു. അവരെ ആരാധ്യരാക്കി. ശിര്‍ക്കില്‍ നിന്നു മുക്തരായി മുസ്‌ലിംകളായിത്തീര്‍ന്ന സന്മാര്‍ഗ നിഷ്ഠരെ പ്രവാചകന്‍ വീണ്ടും ദുര്‍മാര്‍ഗത്തിലേക്കു നയിക്കുമോ?!

إِنَّ ٱلَّذِينَ يَشۡتَرُونَ بِعَهۡدِ ٱللَّهِ وَأَيۡمَٰنِهِمۡ ثَمَنٗا قَلِيلًا أُوْلَٰٓئِكَ لَا خَلَٰقَ لَهُمۡ فِي ٱلۡأٓخِرَةِ وَلَا يُكَلِّمُهُمُ ٱللَّهُ وَلَا يَنظُرُ إِلَيۡهِمۡ يَوۡمَ ٱلۡقِيَٰمَةِ وَلَا يُزَكِّيهِمۡ وَلَهُمۡ عَذَابٌ أَلِيمٞ ۝٧٧
وَإِنَّ مِنۡهُمۡ لَفَرِيقٗا يَلۡوُۥنَ أَلۡسِنَتَهُم بِٱلۡكِتَٰبِ لِتَحۡسَبُوهُ مِنَ ٱلۡكِتَٰبِ وَمَا هُوَ مِنَ ٱلۡكِتَٰبِ وَيَقُولُونَ هُوَ مِنۡ عِندِ ٱللَّهِ وَمَا هُوَ مِنۡ عِندِ ٱللَّهِۖ وَيَقُولُونَ عَلَى ٱللَّهِ ٱلۡكَذِبَ وَهُمۡ يَعۡلَمُونَ ۝٧٨
مَا كَانَ لِبَشَرٍ أَن يُؤۡتِيَهُ ٱللَّهُ ٱلۡكِتَٰبَ وَٱلۡحُكۡمَ وَٱلنُّبُوَّةَ ثُمَّ يَقُولَ لِلنَّاسِ كُونُواْ عِبَادٗا لِّي مِن دُونِ ٱللَّهِ وَلَٰكِن كُونُواْ رَبَّٰنِيِّـۧنَ بِمَا كُنتُمۡ تُعَلِّمُونَ ٱلۡكِتَٰبَ وَبِمَا كُنتُمۡ تَدۡرُسُونَ ۝٧٩
وَلَا يَأۡمُرَكُمۡ أَن تَتَّخِذُواْ ٱلۡمَلَٰٓئِكَةَ وَٱلنَّبِيِّـۧنَ أَرۡبَابًاۚ أَيَأۡمُرُكُم بِٱلۡكُفۡرِ بَعۡدَ إِذۡ أَنتُم مُّسۡلِمُونَ ۝٨٠
81–84

അല്ലാഹു പ്രവാചകന്മാരോടു കരാര്‍ വാങ്ങിയ സന്ദര്‍ഭം സ്മരണീയമത്രേ: 'ഞാന്‍ നിങ്ങള്‍ക്കു വേദവും തത്ത്വജ്ഞാനവും നല്‍കുകയും എന്നിട്ട്, നിങ്ങള്‍ വശമുള്ളതിനെ അംഗീകരിച്ചുകൊണ്ട് ഒരു ദൂതന്‍ വരികയുമാണെങ്കില്‍ നിങ്ങളദ്ദേഹത്തെ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്‌തേ പറ്റൂ.' അല്ലാഹു ചോദിച്ചു: നിങ്ങള്‍ സമ്മതിച്ചുവോ, എന്റെ ഉടമ്പടി പാലിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തുവോ? ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു എന്നവര്‍ പ്രതികരിച്ചു. അല്ലാഹു പറഞ്ഞു: എങ്കില്‍ നിങ്ങള്‍ സാക്ഷ്യം വഹിക്കുക; ഞാനും നിങ്ങളൊന്നിച്ചു സാക്ഷിയാകുന്നു. ഇനിയും ഈ പ്രതിജ്ഞയില്‍ നിന്നു പിന്തിരിയുന്നവരാരോ അവര്‍ തന്നെയാണു ധിക്കാരികള്‍.19
അല്ലാഹുവിന്റെ മതമല്ലാത്ത മറ്റൊന്നാണോ അവരാഗ്രഹിക്കുന്നത്? ഭുവന-വാനങ്ങളിലുള്ളവരെല്ലാം സ്വമേധയായോ നിര്‍ബന്ധിതമായോ അവനു കീഴ്‌പെട്ടിരിക്കുന്നു. അവങ്കലേക്കു തന്നെയാണവര്‍ മടക്കപ്പെടുക. നബിയേ, പ്രഖ്യാപിക്കുക: അല്ലാഹുവിലും ഞങ്ങള്‍ക്കവതീര്‍ണമായതിലും, ഇബ്രാഹീം ഇസ്മാഈല്‍ ഇസ്ഹാഖ് ഇസ്രാഈല്‍സന്തതികള്‍ എന്നിവര്‍ക്കവതരിപ്പിക്കപ്പെട്ടതിലും, മൂസാ നബിക്കും ഈസാ നബിക്കും മറ്റു പ്രവാചകന്മാര്‍ക്കും നാഥങ്കല്‍ നിന്നു നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരിലാരോടും ഞങ്ങള്‍ വിവേചനം കാട്ടുന്നില്ല. അവന്റെ ആജ്ഞാനുവര്‍ത്തികളാണ് ഞങ്ങള്‍.

1 വിശദീകരണം കാണുക

19. മനുഷ്യരാശിയുടെ ക്രമപ്രവൃദ്ധമായ പുരോഗതിക്കനുസരിച്ച് ശരീഅത്തുകള്‍ പരിഷ്‌കരിച്ച് പുതിയ മുര്‍സലുകള്‍ നിയുക്തരാകുമ്പോള്‍ അവരെ അനുസരിക്കാത്തവര്‍ ധിക്കാരികളാണ്. എന്നാല്‍ കള്ളനാണയങ്ങള്‍ ഇതിനു ബാധകമല്ല; വ്യാജപ്രവാചകരെ തള്ളിപ്പറഞ്ഞേ പറ്റൂ. നബി, റസൂല്‍ എന്നീ പദങ്ങളുമായി ആ കപടന്മാര്‍ക്ക് പുലബന്ധം പോലുമില്ല.

وَإِذۡ أَخَذَ ٱللَّهُ مِيثَٰقَ ٱلنَّبِيِّـۧنَ لَمَآ ءَاتَيۡتُكُم مِّن كِتَٰبٖ وَحِكۡمَةٖ ثُمَّ جَآءَكُمۡ رَسُولٞ مُّصَدِّقٞ لِّمَا مَعَكُمۡ لَتُؤۡمِنُنَّ بِهِۦ وَلَتَنصُرُنَّهُۥۚ قَالَ ءَأَقۡرَرۡتُمۡ وَأَخَذۡتُمۡ عَلَىٰ ذَٰلِكُمۡ إِصۡرِيۖ قَالُوٓاْ أَقۡرَرۡنَاۚ قَالَ فَٱشۡهَدُواْ وَأَنَا۠ مَعَكُم مِّنَ ٱلشَّٰهِدِينَ ۝٨١
فَمَن تَوَلَّىٰ بَعۡدَ ذَٰلِكَ فَأُوْلَٰٓئِكَ هُمُ ٱلۡفَٰسِقُونَ ۝٨٢
أَفَغَيۡرَ دِينِ ٱللَّهِ يَبۡغُونَ وَلَهُۥٓ أَسۡلَمَ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ طَوۡعٗا وَكَرۡهٗا وَإِلَيۡهِ يُرۡجَعُونَ ۝٨٣
قُلۡ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ عَلَيۡنَا وَمَآ أُنزِلَ عَلَىٰٓ إِبۡرَٰهِيمَ وَإِسۡمَٰعِيلَ وَإِسۡحَٰقَ وَيَعۡقُوبَ وَٱلۡأَسۡبَاطِ وَمَآ أُوتِيَ مُوسَىٰ وَعِيسَىٰ وَٱلنَّبِيُّونَ مِن رَّبِّهِمۡ لَا نُفَرِّقُ بَيۡنَ أَحَدٖ مِّنۡهُمۡ وَنَحۡنُ لَهُۥ مُسۡلِمُونَ ۝٨٤
85–89

ഇസ്‌ലാമല്ലാത്ത മറ്റൊരു മതം ആരെങ്കിലുമന്വേഷിക്കുന്നുവെങ്കില്‍ അതയാളില്‍ നിന്നു തീര്‍ത്തും അസ്വീകാര്യമാണ്; പരലോകത്ത് അയാള്‍ നഷ്ടക്കാരനുമായിരിക്കും. സത്യവിശ്വാസം കൈക്കൊള്ളുകയും റസൂല്‍ സത്യനിഷ്ഠനാണെന്നു സാക്ഷ്യം വഹിക്കയും സ്പഷ്ട ദൃഷ്ടാന്തങ്ങള്‍ ലഭിക്കുകയും ചെയ്ത ശേഷം നിഷേധികളായിക്കഴിഞ്ഞൊരു വിഭാഗത്തെ അല്ലാഹു എങ്ങനെ നേര്‍വഴിയിലാക്കും?20
അതിക്രമകാരികളായ ഒരു ജനതതിയെ അവന്‍ ഋജുവായ പന്ഥാവിലേക്കു കൊണ്ടുവരില്ല. അല്ലാഹുവിന്റെയും മലക്കുകളുടെയും സകലജനങ്ങളുടെയും ശാപമുണ്ടായിരിക്കുമെന്നതാണവരുടെ പ്രതിഫലം. അതിലവര്‍ ശാശ്വതരായിരിക്കും. അവര്‍ക്ക് ശിക്ഷ ലഘൂകരിക്കപ്പെടുകയോ അവധി നല്‍കപ്പെടുകയോ ഇല്ല. എന്നാല്‍ പിന്നീട് പശ്ചാത്തപിക്കുകയും കര്‍മപാത നന്നാക്കിത്തീര്‍ക്കുകയും ചെയ്തവരിങ്ങനെയാവില്ല; അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രേ.

1 വിശദീകരണം കാണുക

20. സത്യത്തിന്റെ മാര്‍ഗം തങ്ങള്‍ക്കാവശ്യമില്ലെന്ന നിലക്ക് ബോധപൂര്‍വം അതിനെ വലിച്ചെറിഞ്ഞവരാണ് അവര്‍. അത്തരക്കാരെ പിന്നെ നേര്‍വഴിയിലേക്കു കൊണ്ടു വരിക എന്ന ഒരു പ്രശ്‌നമേ ഉത്ഭവിക്കുന്നില്ല.

وَمَن يَبۡتَغِ غَيۡرَ ٱلۡإِسۡلَٰمِ دِينٗا فَلَن يُقۡبَلَ مِنۡهُ وَهُوَ فِي ٱلۡأٓخِرَةِ مِنَ ٱلۡخَٰسِرِينَ ۝٨٥
كَيۡفَ يَهۡدِي ٱللَّهُ قَوۡمٗا كَفَرُواْ بَعۡدَ إِيمَٰنِهِمۡ وَشَهِدُوٓاْ أَنَّ ٱلرَّسُولَ حَقّٞ وَجَآءَهُمُ ٱلۡبَيِّنَٰتُۚ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلظَّٰلِمِينَ ۝٨٦
أُوْلَٰٓئِكَ جَزَآؤُهُمۡ أَنَّ عَلَيۡهِمۡ لَعۡنَةَ ٱللَّهِ وَٱلۡمَلَٰٓئِكَةِ وَٱلنَّاسِ أَجۡمَعِينَ ۝٨٧
خَٰلِدِينَ فِيهَا لَا يُخَفَّفُ عَنۡهُمُ ٱلۡعَذَابُ وَلَا هُمۡ يُنظَرُونَ ۝٨٨
إِلَّا ٱلَّذِينَ تَابُواْ مِنۢ بَعۡدِ ذَٰلِكَ وَأَصۡلَحُواْ فَإِنَّ ٱللَّهَ غَفُورٞ رَّحِيمٌ ۝٨٩
90–91

സത്യവിശ്വാസം കൊക്കൊണ്ടതിനു ശേഷം നിഷേധികളായിത്തീരുകയും, പിന്നെയും അവിശ്വാസം കൂടിക്കൂടി വരികയും ചെയ്തവരുടെ പശ്ചാത്താപം അസ്വീകാര്യം തന്നെ, തീര്‍ച്ച. അവര്‍ തന്നെയാണ് ദുര്‍മാര്‍ഗികള്‍. അവിശ്വാസികളായിത്തീരുകയും നിഷേധികളായിക്കൊണ്ടു തന്നെ മരിക്കുകയും ചെയ്തവരില്‍ നിന്ന്, അവരിലൊരാള്‍ ഭൂമി നിറയെ സ്വര്‍ണം പ്രായശ്ചിത്തമായി നല്‍കിയാലും സ്വീകരിക്കപ്പെടുകയേയില്ല. വേദനയുറ്റ ശിക്ഷയാണവര്‍ക്കുണ്ടാവുക; അവര്‍ക്കാരും സഹായികളായി ഉണ്ടാകില്ല.

إِنَّ ٱلَّذِينَ كَفَرُواْ بَعۡدَ إِيمَٰنِهِمۡ ثُمَّ ٱزۡدَادُواْ كُفۡرٗا لَّن تُقۡبَلَ تَوۡبَتُهُمۡ وَأُوْلَٰٓئِكَ هُمُ ٱلضَّآلُّونَ ۝٩٠
إِنَّ ٱلَّذِينَ كَفَرُواْ وَمَاتُواْ وَهُمۡ كُفَّارٞ فَلَن يُقۡبَلَ مِنۡ أَحَدِهِم مِّلۡءُ ٱلۡأَرۡضِ ذَهَبٗا وَلَوِ ٱفۡتَدَىٰ بِهِۦٓۗ أُوْلَٰٓئِكَ لَهُمۡ عَذَابٌ أَلِيمٞ وَمَا لَهُم مِّن نَّٰصِرِينَ ۝٩١
92–94

നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്നു ചെലവു ചെയ്യുന്നതു വരെ പുണ്യം നേടാനാകില്ല. എന്തു നിങ്ങള്‍ വ്യയം ചെയ്താലും അല്ലാഹു അതിനെക്കുറിച്ചു സൂക്ഷ്മജ്ഞാനമുള്ളവനത്രേ. സകല ഭക്ഷ്യവസ്തുക്കളും ഇസ്രാഈല്യര്‍ക്ക് അനുവദനീയമായിരുന്നു; തൗറാത്തിന്റെ അവതരണത്തിനു മുമ്പ് യഅ്ഖൂബ് നബി തന്റെ സ്വന്തത്തിന്നു നിഷിദ്ധമാക്കിയതൊഴികെ. താങ്കള്‍ പറയുക: നിങ്ങള്‍ സത്യവാദികളാണെങ്കില്‍ തൗറാത്ത് കൊണ്ടുവന്നു പാരായണം ചെയ്യുക!21
ഇങ്ങനെ സത്യം വ്യക്തമായതിനു ശേഷവും അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചമക്കുന്നവരാരോ അവര്‍ തന്നെയാണ് അതിക്രമികള്‍.

1 വിശദീകരണം കാണുക

21. ഇസ്രാഈല്യര്‍ ഒട്ടകമാംസം തിന്നിരുന്നില്ല. നബി(സ്വ) വന്നപ്പോഴാകട്ടെ അതനുവദനീയമാണെന്നു പഠിപ്പിച്ചു. ഇബ്രാഹീം നബിയുടെ ശരീഅത്ത് പിന്തുടരുന്നു എന്നവകാശപ്പെടുന്ന മുഹമ്മദ് എന്തു കൊണ്ടാണ് ഒട്ടകം അനുവദനീയമാക്കുന്നത് എന്നു ചോദിച്ചുകൊണ്ട് വേദക്കാര്‍ കുപ്രചാരണം നടത്തുകയുണ്ടായി. അതിനു മറുപടിയാണിത്. സംഗ്രഹമിതാണ്: ഒട്ടകമാംസം യഅ്ഖൂബ് നബി സ്വയം വര്‍ജിക്കുകയാണുണ്ടായത്; മതത്തില്‍ നിഷിദ്ധമായതു കൊണ്ടല്ല. അദ്ദേഹമങ്ങനെ ചെയ്തപ്പോള്‍ പില്‍ക്കാലത്ത് അനുയായികളും അതു പിന്തുടര്‍ന്നുവെന്നു മാത്രം. അതു നിഷിദ്ധമാണെന്നു തൗറാത്തിലില്ലല്ലോ; ഉണ്ടെങ്കില്‍ നിങ്ങളതു കൊണ്ടു വന്നു വായിക്കൂ എന്നു ജൂതരെ വെല്ലുവിളിക്കുകയാണ്.

لَن تَنَالُواْ ٱلۡبِرَّ حَتَّىٰ تُنفِقُواْ مِمَّا تُحِبُّونَۚ وَمَا تُنفِقُواْ مِن شَيۡءٖ فَإِنَّ ٱللَّهَ بِهِۦ عَلِيمٞ ۝٩٢
۞ كُلُّ ٱلطَّعَامِ كَانَ حِلّٗا لِّبَنِيٓ إِسۡرَٰٓءِيلَ إِلَّا مَا حَرَّمَ إِسۡرَٰٓءِيلُ عَلَىٰ نَفۡسِهِۦ مِن قَبۡلِ أَن تُنَزَّلَ ٱلتَّوۡرَىٰةُۚ قُلۡ فَأۡتُواْ بِٱلتَّوۡرَىٰةِ فَٱتۡلُوهَآ إِن كُنتُمۡ صَٰدِقِينَ ۝٩٣
فَمَنِ ٱفۡتَرَىٰ عَلَى ٱللَّهِ ٱلۡكَذِبَ مِنۢ بَعۡدِ ذَٰلِكَ فَأُوْلَٰٓئِكَ هُمُ ٱلظَّٰلِمُونَ ۝٩٤
95–97

നബിയേ, പ്രഖ്യാപിക്കുക: അല്ലാഹു സത്യം വ്യക്തമാക്കിയിരിക്കുന്നു. അതുകൊണ്ട് ഋജുമാനസനായ ഇബ്രാഹീം നബിയുടെ മാര്‍ഗം പിന്‍പറ്റുക; ബഹുദൈവാരാധകരുടെ കൂട്ടത്തിലല്ലായിരുന്നു അദ്ദേഹം. മാനവതയ്ക്കുവേണ്ടി സ്ഥാപിതമായ പ്രഥമ ആരാധനാഗേഹം ബക്കയിലുള്ളതാകുന്നു. അനുഗൃഹീതവും ലോകര്‍ക്ക് മാര്‍ഗദര്‍ശകവുമാണത്. സ്പഷ്ട ദൃഷ്ടാന്തങ്ങള്‍ അതിലുണ്ട്, വിശിഷ്യ ഇബ്രാഹീം മഖാം. അവിടെ ആരു പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായി22
ആ പുണ്യഗേഹത്തിലെത്താന്‍ കഴിവുള്ളയാളുകള്‍ അങ്ങോട്ടു തീര്‍ത്ഥാടനം നടത്തല്‍ അല്ലാഹുവിനോടുള്ള ബാധ്യതയാണ്. ആരെങ്കിലും അവിശ്വസിക്കുന്നുവെങ്കില്‍, അല്ലാഹു ലോകരില്‍ നിന്നൊക്കെ സ്വയം പര്യാപ്തനത്രേ.

1 വിശദീകരണം കാണുക

22. ബൈത്തുല്‍ മഖ്ദിസാണ് അതിശ്രേഷ്ഠ ഗേഹമെന്ന ജൂതവാദത്തിനു മറുപടിയാണിത്. മക്കക്ക് ബക്ക എന്നും പേരുണ്ട്. അല്‍ ബഖറ 125-ാം സൂക്തത്തില്‍ ഇബ്രാഹീം മഖാമിനെപ്പറ്റി വിവരിച്ചത് നോക്കുക. മക്ക ഒരു നിര്‍ഭയ കേന്ദ്രമാണ്, നിശ്ശൂന്യമായിരുന്ന അവിടെ ഫലവര്‍ഗങ്ങളും കായ്കനികളും എപ്പോഴും കിട്ടും, സഹസ്രാബ്ദങ്ങളായി ഹജ്ജ്കര്‍മം നടന്നുവരുന്നു, ഇബാദത്തുകള്‍ക്ക് ലക്ഷമിരട്ടി കൂലി........... ഇങ്ങനെ നിരവധി ദൃഷ്ടാന്തങ്ങള്‍ അവിടെയുണ്ട്.

قُلۡ صَدَقَ ٱللَّهُۗ فَٱتَّبِعُواْ مِلَّةَ إِبۡرَٰهِيمَ حَنِيفٗاۖ وَمَا كَانَ مِنَ ٱلۡمُشۡرِكِينَ ۝٩٥
إِنَّ أَوَّلَ بَيۡتٖ وُضِعَ لِلنَّاسِ لَلَّذِي بِبَكَّةَ مُبَارَكٗا وَهُدٗى لِّلۡعَٰلَمِينَ ۝٩٦
فِيهِ ءَايَٰتُۢ بَيِّنَٰتٞ مَّقَامُ إِبۡرَٰهِيمَۖ وَمَن دَخَلَهُۥ كَانَ ءَامِنٗاۗ وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلۡبَيۡتِ مَنِ ٱسۡتَطَاعَ إِلَيۡهِ سَبِيلٗاۚ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِيٌّ عَنِ ٱلۡعَٰلَمِينَ ۝٩٧
98–101

നബിയേ, ചോദിക്കുക: ഹേ വേദക്കാരേ, നിങ്ങളെന്തിനാണ് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുന്നത്? അവന്‍ നിങ്ങളുടെ ചെയ്തികള്‍ക്കൊക്കെ സാക്ഷിയത്രേ. വേദക്കാരേ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്, അതിനെ വക്രീകരിക്കാന്‍ ശ്രമിച്ചുകൊണ്ട് നിങ്ങളെന്തിനു വിശ്വാസികളെ തടയുന്നു? വസ്തുതകള്‍ക്കു നിങ്ങള്‍ തന്നെ സാക്ഷികളാണല്ലോ. നിങ്ങളുടെ പ്രവൃത്തികളെക്കുറിച്ചൊന്നും അവന്‍ അശ്രദ്ധനല്ല തന്നെ. ഹേ സത്യവിശ്വാസികളേ, വേദം നല്‍കപ്പെട്ടവരില്‍ ഒരു സംഘത്തെ അനുസരിക്കുന്നുവെങ്കില്‍, വിശ്വാസികളായിക്കഴിഞ്ഞ ശേഷം നിങ്ങളെയവര്‍ സത്യനിഷേധികളാക്കി മാറ്റുന്നതാണ്. അല്ലാഹുവിന്റെ സൂക്തങ്ങള്‍ നിങ്ങള്‍ക്ക് പാരായണം ചെയ്യപ്പെട്ടുകൊണ്ടിരിക്കവെ, റസൂല്‍ നിങ്ങളിലുണ്ടായിരിക്കവെ എങ്ങനെ നിങ്ങള്‍ അവിശ്വസിക്കും? അല്ലാഹുവിനെ ആരു മുറുകെപ്പിടിക്കുന്നുവോ അവന്‍ ഋജുവായ പന്ഥാവിലേക്ക് മാര്‍ഗദര്‍ശനം ചെയ്യപ്പെട്ടിരിക്കുന്നു.

قُلۡ يَٰٓأَهۡلَ ٱلۡكِتَٰبِ لِمَ تَكۡفُرُونَ بِـَٔايَٰتِ ٱللَّهِ وَٱللَّهُ شَهِيدٌ عَلَىٰ مَا تَعۡمَلُونَ ۝٩٨
قُلۡ يَٰٓأَهۡلَ ٱلۡكِتَٰبِ لِمَ تَصُدُّونَ عَن سَبِيلِ ٱللَّهِ مَنۡ ءَامَنَ تَبۡغُونَهَا عِوَجٗا وَأَنتُمۡ شُهَدَآءُۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعۡمَلُونَ ۝٩٩
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِن تُطِيعُواْ فَرِيقٗا مِّنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ يَرُدُّوكُم بَعۡدَ إِيمَٰنِكُمۡ كَٰفِرِينَ ۝١٠٠
وَكَيۡفَ تَكۡفُرُونَ وَأَنتُمۡ تُتۡلَىٰ عَلَيۡكُمۡ ءَايَٰتُ ٱللَّهِ وَفِيكُمۡ رَسُولُهُۥۗ وَمَن يَعۡتَصِم بِٱللَّهِ فَقَدۡ هُدِيَ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ ۝١٠١
102–107

ഹേ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ യഥാവിധി സൂക്ഷിക്കുക; മുസ്‌ലിംകളായല്ലാതെ മരിച്ചു പോകരുത്. അല്ലാഹുവിന്റെ പാശം ഒന്നിച്ചു മുറുകെ പിടിക്കുക, ഭിന്നിക്കരുത്. പരസ്പര ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്കു അല്ലാഹു ചെയ്തു തന്ന അനുഗ്രഹം സ്മരിക്കുക. നിങ്ങളുടെ മനസ്സുകളവന്‍ യോജിപ്പിക്കുകയും അങ്ങനെ ദിവ്യാനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളാവുകയും ചെയ്തു. നരകക്കുണ്ടിന്റെ വക്കിലായിരുന്നിട്ടും നിങ്ങളെയവന്‍ രക്ഷപ്പെടുത്തി. ഇപ്രകാരമവന്‍ തന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കു സന്മാര്‍ഗപ്രാപ്തിക്കായി വിശദീകരിച്ചു തരികയാണ്. നന്മയിലേക്കു ക്ഷണിക്കുകയും സല്‍ക്കര്‍മങ്ങള്‍ കല്‍പിക്കുകയും ദുഷ്‌കര്‍മങ്ങള്‍ നിരോധിക്കുകയും ചെയ്യുന്ന ഒരു വിഭാഗം നിങ്ങളില്‍ നിന്നുണ്ടാകണം. അവര്‍ തന്നെയാണു വിജയികള്‍. പ്രസ്പഷ്ട ദൃഷ്ടാന്തങ്ങള്‍ വന്നുകിട്ടിയിട്ടും ഭിന്നാഭിപ്രായക്കാരും വ്യത്യസ്തകക്ഷികളുമായവരെപ്പോലെ23
നിങ്ങളാകരുത്. ചില മുഖങ്ങള്‍ കറുക്കുകയും മറ്റു ചിലത് വെളുക്കുകയും ചെയ്യുന്ന ദിവസം അവര്‍ക്കു വേദനയുറ്റ ശിക്ഷയുണ്ട്. മുഖം കറുത്തവരോട് ഇങ്ങനെ പറയപ്പെടുന്നതാണ്: 'സത്യവിശ്വാസം പുല്കിയതിന്നു ശേഷം നിങ്ങള്‍ നിഷേധികളായില്ലേ? അതുകൊണ്ട് ആ അവിശ്വാസം കാരണമായി ശിക്ഷ ആസ്വദിച്ചുകൊള്ളുക'! മുഖം വെളുത്തവരാകട്ടെ, അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്തിലായിരിക്കും, അവരതില്‍ ശാശ്വതരത്രേ.

1 വിശദീകരണം കാണുക

23. വേദക്കാരാണ് ഉദ്ദേശ്യം. ജൂതന്മാര്‍ പലവിഭാഗമാണ്, പരീശന്മാര്‍, സെദൂക്യന്മാര്‍, ശമര്യന്മാര്‍, പുരോഹിതന്മാര്‍...... ക്രിസ്ത്യാനികളാകട്ടെ അതിലേറെയുണ്ട്. ഒന്നാം നൂറ്റാണ്ടിലെ ആരിയസിന്റെ അനുയായികള്‍, നെസ്റ്റോറിയന്മാര്‍, മാറോനൈറ്റ്‌സ്, കത്തോലിക്കര്‍, ആംഗ്ലിക്കന്‍ സഭ, പൗരസ്ത്യസഭ..... രണ്ടായിരത്തിലധികം വിഭാഗങ്ങളുണ്ട് അമേരിക്കയില്‍. അല്ലാഹുവിങ്കല്‍ നിന്നു തൗറാത്തും ഇന്‍ജീലും ലഭിച്ച ശേഷമാണിവര്‍ ഇങ്ങനെ ഭിന്ന പക്ഷക്കാരായത് എന്നാണിവിടെ സൂചിപ്പിച്ചിരിക്കുന്നത്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ حَقَّ تُقَاتِهِۦ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسۡلِمُونَ ۝١٠٢
وَٱعۡتَصِمُواْ بِحَبۡلِ ٱللَّهِ جَمِيعٗا وَلَا تَفَرَّقُواْۚ وَٱذۡكُرُواْ نِعۡمَتَ ٱللَّهِ عَلَيۡكُمۡ إِذۡ كُنتُمۡ أَعۡدَآءٗ فَأَلَّفَ بَيۡنَ قُلُوبِكُمۡ فَأَصۡبَحۡتُم بِنِعۡمَتِهِۦٓ إِخۡوَٰنٗا وَكُنتُمۡ عَلَىٰ شَفَا حُفۡرَةٖ مِّنَ ٱلنَّارِ فَأَنقَذَكُم مِّنۡهَاۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمۡ ءَايَٰتِهِۦ لَعَلَّكُمۡ تَهۡتَدُونَ ۝١٠٣
وَلۡتَكُن مِّنكُمۡ أُمَّةٞ يَدۡعُونَ إِلَى ٱلۡخَيۡرِ وَيَأۡمُرُونَ بِٱلۡمَعۡرُوفِ وَيَنۡهَوۡنَ عَنِ ٱلۡمُنكَرِۚ وَأُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ ۝١٠٤
وَلَا تَكُونُواْ كَٱلَّذِينَ تَفَرَّقُواْ وَٱخۡتَلَفُواْ مِنۢ بَعۡدِ مَا جَآءَهُمُ ٱلۡبَيِّنَٰتُۚ وَأُوْلَٰٓئِكَ لَهُمۡ عَذَابٌ عَظِيمٞ ۝١٠٥
يَوۡمَ تَبۡيَضُّ وُجُوهٞ وَتَسۡوَدُّ وُجُوهٞۚ فَأَمَّا ٱلَّذِينَ ٱسۡوَدَّتۡ وُجُوهُهُمۡ أَكَفَرۡتُم بَعۡدَ إِيمَٰنِكُمۡ فَذُوقُواْ ٱلۡعَذَابَ بِمَا كُنتُمۡ تَكۡفُرُونَ ۝١٠٦
وَأَمَّا ٱلَّذِينَ ٱبۡيَضَّتۡ وُجُوهُهُمۡ فَفِي رَحۡمَةِ ٱللَّهِۖ هُمۡ فِيهَا خَٰلِدُونَ ۝١٠٧
108–111

ഇതെല്ലാം അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാകുന്നു; സത്യസന്ധമായി താങ്കള്‍ക്കവ നാം പാരായണം ചെയ്തുതരികയാണ്. സൃഷ്ടികളോട് ദ്രോഹം ചെയ്യാന്‍ അവനുദ്ദേശിക്കുന്നില്ല. ഭുവന-വാനങ്ങളിലുള്ളതൊക്കെ അവന്റേതത്രേ. കാര്യങ്ങളെല്ലാം മടക്കപ്പെടുക അവങ്കലേക്കാകുന്നു. നിങ്ങള്‍ മാനവതക്കു വേണ്ടി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെട്ട ഉത്തമ ജനവിഭാഗമത്രേ. നന്മ കല്‍പിക്കുകയും തിന്മനിരോധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും വേണം നിങ്ങള്‍. വേദക്കാര്‍ സത്യവിശ്വാസം കൈക്കൊള്ളുന്നുവെങ്കില്‍ അവര്‍ക്കത് ഉദാത്തമായേനെ. അവരില്‍ വിശ്വാസികള്‍ ഉണ്ട്, എന്നാല്‍ മിക്കവരും അധര്‍മികളത്രേ. ചില്ലറ ശല്യങ്ങളേല്‍പിക്കുകയെന്നല്ലാതെ നിങ്ങളെ ഉപദ്രവിക്കുകയൊന്നുമില്ല അവര്‍. നിങ്ങളോടേറ്റു മുട്ടുകയാണെങ്കില്‍ അവര്‍ പിന്തിരിഞ്ഞോടുക തന്നെ ചെയ്യും; പിന്നീട് ഒരുവിധ സഹായവും അവര്‍ക്കു ലഭ്യമാവുകയില്ല.

تِلۡكَ ءَايَٰتُ ٱللَّهِ نَتۡلُوهَا عَلَيۡكَ بِٱلۡحَقِّۗ وَمَا ٱللَّهُ يُرِيدُ ظُلۡمٗا لِّلۡعَٰلَمِينَ ۝١٠٨
وَلِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۚ وَإِلَى ٱللَّهِ تُرۡجَعُ ٱلۡأُمُورُ ۝١٠٩
كُنتُمۡ خَيۡرَ أُمَّةٍ أُخۡرِجَتۡ لِلنَّاسِ تَأۡمُرُونَ بِٱلۡمَعۡرُوفِ وَتَنۡهَوۡنَ عَنِ ٱلۡمُنكَرِ وَتُؤۡمِنُونَ بِٱللَّهِۗ وَلَوۡ ءَامَنَ أَهۡلُ ٱلۡكِتَٰبِ لَكَانَ خَيۡرٗا لَّهُمۚ مِّنۡهُمُ ٱلۡمُؤۡمِنُونَ وَأَكۡثَرُهُمُ ٱلۡفَٰسِقُونَ ۝١١٠
لَن يَضُرُّوكُمۡ إِلَّآ أَذٗىۖ وَإِن يُقَٰتِلُوكُمۡ يُوَلُّوكُمُ ٱلۡأَدۡبَارَ ثُمَّ لَا يُنصَرُونَ ۝١١١
112–115

എവിടെയാണുള്ളതെങ്കിലും ഹീനത്വം അവരില്‍ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു. അല്ലാഹുവിങ്കലും ജനങ്ങളിലും നിന്നുള്ള പിടികയറില്ലാതെ അവര്‍ക്കു ഗത്യന്തരമില്ല. അല്ലാഹുവിന്റെ ക്രോധവും കൊണ്ടവര്‍ തെറിച്ചു പോയിരിക്കയാണ്. പതിത്വവും അവരിലടിച്ചേല്‍പിക്കപ്പെട്ടിട്ടുണ്ട്. അവര്‍ ദൈവിക ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുകയും യാതൊരു ന്യായീകരണവുമില്ലാതെ പ്രവാചകന്മാരെ കൊല്ലുകയും ചെയ്തിരുന്നതിനാലും അനുസരണരാഹിത്യവും അതിക്രമവും കാട്ടിയതിനാലുമാണത്. വേദക്കാര്‍ എല്ലാവരും തുല്യരല്ല-നിശയുടെ യാമങ്ങളില്‍ നമസ്‌കരിച്ചുകൊണ്ട് ദിവ്യസൂക്തങ്ങളോതുന്ന ഋജുമാനസരായൊരു കൂട്ടരും അവരിലുണ്ട്. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും നന്മ കല്‍പിക്കുകയും തിന്മ നിരോധിക്കുകയും പുണ്യകര്‍മങ്ങളില്‍ അഹമഹമികയാ മുന്നോട്ടുവരികയും ചെയ്യും അവര്‍. ആ വിഭാഗക്കാര്‍ സദ്‌വൃത്തരില്‍ പെട്ടവരത്രേ24
എന്തു നന്മയനുവര്‍ത്തിക്കുന്നുവെങ്കിലും അവര്‍ക്കത് നിഷേധിക്കപ്പെടുകയില്ല. ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നവരെക്കുറിച്ച് അല്ലാഹു നന്നായി അറിയുന്നവനത്രേ.

1 വിശദീകരണം കാണുക

24. അല്ലാഹുവിന്റെ കോപത്തിനു പാത്രീഭൂതരായ ജൂതന്മാര്‍ യഥാര്‍ത്ഥത്തില്‍ ഹീനരും പതിതരും നിസ്സാരരുമാണ്; സ്വന്തമായി നിലനില്‍ക്കാന്‍ കഴിയാത്ത വിധം നിസ്സഹായര്‍. പടച്ചവന്റെയും ജനങ്ങളുടെയും തണലിലേ അവര്‍ക്കു നിലനില്‍പുള്ളൂ. അമേരിക്കയുടെയും യൂറോപ്പിന്റെയും മറ്റും ഓരം ചാരിയാണ് ലോക ജൂതായിസം ഇന്നു നിലനില്‍ക്കുന്നതെന്ന് ഓര്‍ക്കുക. സത്യസന്ധരും സന്മാര്‍ഗ നിഷ്ഠരുമായ വേദക്കാരെ അല്ലാഹു ഇവിടെ ശ്ലാഘിച്ചിരിക്കുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമത്രേ.

ضُرِبَتۡ عَلَيۡهِمُ ٱلذِّلَّةُ أَيۡنَ مَا ثُقِفُوٓاْ إِلَّا بِحَبۡلٖ مِّنَ ٱللَّهِ وَحَبۡلٖ مِّنَ ٱلنَّاسِ وَبَآءُو بِغَضَبٖ مِّنَ ٱللَّهِ وَضُرِبَتۡ عَلَيۡهِمُ ٱلۡمَسۡكَنَةُۚ ذَٰلِكَ بِأَنَّهُمۡ كَانُواْ يَكۡفُرُونَ بِـَٔايَٰتِ ٱللَّهِ وَيَقۡتُلُونَ ٱلۡأَنۢبِيَآءَ بِغَيۡرِ حَقّٖۚ ذَٰلِكَ بِمَا عَصَواْ وَّكَانُواْ يَعۡتَدُونَ ۝١١٢
۞ لَيۡسُواْ سَوَآءٗۗ مِّنۡ أَهۡلِ ٱلۡكِتَٰبِ أُمَّةٞ قَآئِمَةٞ يَتۡلُونَ ءَايَٰتِ ٱللَّهِ ءَانَآءَ ٱلَّيۡلِ وَهُمۡ يَسۡجُدُونَ ۝١١٣
يُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَيَأۡمُرُونَ بِٱلۡمَعۡرُوفِ وَيَنۡهَوۡنَ عَنِ ٱلۡمُنكَرِ وَيُسَٰرِعُونَ فِي ٱلۡخَيۡرَٰتِۖ وَأُوْلَٰٓئِكَ مِنَ ٱلصَّٰلِحِينَ ۝١١٤
وَمَا يَفۡعَلُواْ مِنۡ خَيۡرٖ فَلَن يُكۡفَرُوهُۗ وَٱللَّهُ عَلِيمُۢ بِٱلۡمُتَّقِينَ ۝١١٥
116–118

തങ്ങളുടെ സമ്പത്തുക്കളോ സന്താനങ്ങളോ സത്യനിഷേധികള്‍ക്ക് അല്ലാഹുവിങ്കല്‍ യാതൊരുപകാരവും ചെയ്യില്ല. നരകാവകാശികളാണവര്‍. അതിലവര്‍ ശാശ്വതവാസികളായിരിക്കും. അവര്‍ ഈ ഭൗതിക ലോകത്ത് ചെലവഴിക്കുന്ന ധനത്തിന്റെ ഉപമ കഠിനശൈത്യമുള്ള ഒരു കാറ്റുപോലെയാണ്; ഒരു കൂട്ടം ആത്മദ്രോഹികളുടെ കൃഷിയിടത്തിലത് ആഞ്ഞടിച്ചു നശിപ്പിച്ചു. അല്ലാഹു അവരോട് അക്രമം കാണിച്ചിട്ടില്ല; പ്രത്യുത അവര്‍ സ്വന്തത്തോടു തന്നെ ദ്രോഹം ചെയ്യുകയായിരുന്നു. ഹേ സത്യവിശ്വാസികളേ, അന്യരെയാരെയും നിങ്ങളുടെ രഹസ്യങ്ങളറിയുന്ന സ്വന്തക്കാരാക്കരുത്. നിങ്ങള്‍ക്കാപത്തുണ്ടാക്കുന്നതില്‍ ഒരു കുറവും അവര്‍ വരുത്തുകയില്ല. അവര്‍ക്കിഷ്ടം നിങ്ങളുടെ കഷ്ടപ്പാടാണ്; അവരുടെ വായയിലൂടെ കഠിനവിദ്വേഷം പ്രകടമായിട്ടുണ്ട്, മനസ്സിലുള്ളത് അതിനെക്കാള്‍ രൂക്ഷമാണ്.25
നാമിതാ നിങ്ങള്‍ക്കു തെളിവുകള്‍ പ്രതിപാദിച്ചിരിക്കുന്നു; നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുന്നവരാണെങ്കില്‍!

1 വിശദീകരണം കാണുക

25. കാര്യങ്ങള്‍ വസ്തുതാപരമായി കാണുകയും വിലയിരുത്തുകയും ചെയ്യുകയെന്നതാണ് ശരിയും നീതിപൂര്‍വകവുമായ രീതി. അന്യരെ സ്വന്തക്കാരാക്കരുതെന്ന ഖുര്‍ആനിക കല്‍പന അങ്ങനെ വേണം വിലയിരുത്തുക. നാല്‍പതു വയസ്സുവരെ തന്നെ ആദരിച്ചോമനിച്ചാനയിച്ചിരുന്ന മക്കക്കാര്‍ നബിക്ക് പ്രവാചകത്വം ലഭിച്ചതു മുതല്‍ ദ്രോഹിക്കാന്‍ തുടങ്ങി. ഒടുവില്‍ കൊല്ലുകയോ നാടുകടത്തുകയോ ചെയ്യാന്‍ നാട്ടുകാര്‍ തീരുമാനിച്ചപ്പോള്‍ 450 കിലോമീറ്ററകലെയുള്ള മദീനയിലേക്കു പോയി. 14 നൂറ്റാണ്ടു മുമ്പ്, മറ്റൊരു ഭൂഖണ്ഡത്തിലേക്ക് മാറിയതിനു തുല്യമാണിത്. പക്ഷേ അവിടെയും നില്‍ക്കപ്പൊറുതി നല്‍കിയില്ല ശത്രുക്കള്‍. വേദക്കാര്‍, മുശ്‌രിക്കുകള്‍, മുനാഫിഖുകള്‍, നാടോടീഗോത്രങ്ങള്‍......... ഇങ്ങനെ മുസ്‌ലിംകള്‍ക്കെതിരായി അവര്‍ അരങ്ങു വാണു. ഈ അതീവ ഗുരുതരമായ പശ്ചാത്തലങ്ങള്‍ പച്ചയോടെ കണ്ടുവേണം ഈ കല്‍പനകളും ഉത്തരവുകളും വായിക്കുക. അന്നും മാനുഷികവും അയല്‍പക്കപരവും മറ്റുമായ ബന്ധങ്ങള്‍ പ്രവാചകന്‍ പരിരക്ഷിച്ചിരുന്നു എന്ന യാഥാര്‍ത്ഥ്യവും വിസ്മരിക്കാവതല്ല.

إِنَّ ٱلَّذِينَ كَفَرُواْ لَن تُغۡنِيَ عَنۡهُمۡ أَمۡوَٰلُهُمۡ وَلَآ أَوۡلَٰدُهُم مِّنَ ٱللَّهِ شَيۡـٔٗاۖ وَأُوْلَٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ ۝١١٦
مَثَلُ مَا يُنفِقُونَ فِي هَٰذِهِ ٱلۡحَيَوٰةِ ٱلدُّنۡيَا كَمَثَلِ رِيحٖ فِيهَا صِرٌّ أَصَابَتۡ حَرۡثَ قَوۡمٖ ظَلَمُوٓاْ أَنفُسَهُمۡ فَأَهۡلَكَتۡهُۚ وَمَا ظَلَمَهُمُ ٱللَّهُ وَلَٰكِنۡ أَنفُسَهُمۡ يَظۡلِمُونَ ۝١١٧
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُواْ بِطَانَةٗ مِّن دُونِكُمۡ لَا يَأۡلُونَكُمۡ خَبَالٗا وَدُّواْ مَا عَنِتُّمۡ قَدۡ بَدَتِ ٱلۡبَغۡضَآءُ مِنۡ أَفۡوَٰهِهِمۡ وَمَا تُخۡفِي صُدُورُهُمۡ أَكۡبَرُۚ قَدۡ بَيَّنَّا لَكُمُ ٱلۡأٓيَٰتِۖ إِن كُنتُمۡ تَعۡقِلُونَ ۝١١٨
119–120

അവസ്ഥ നോക്കൂ: നിങ്ങള്‍ അവരെ സ്‌നേഹിക്കുന്നു; അവരാകട്ടെ നിങ്ങളെ സ്‌നേഹിക്കുന്നില്ല. നിങ്ങള്‍ മുഴു വേദങ്ങളിലും വിശ്വസിക്കുന്നുമുണ്ട്.26
നിങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ 'ഞങ്ങളും വിശ്വസിച്ചിരിക്കുന്നു' എന്നവര്‍ തട്ടിവിടും; ഒറ്റക്കാകുമ്പോഴോ, നിങ്ങളോടുള്ള കഠിനരോഷം മൂലം വിരല്‍ കടിക്കയാണവര്‍. നബിയേ, പറയുക: നിങ്ങളുടെ രോഷവുമായിത്തുലഞ്ഞുകൊള്ളുക! മനസ്സുകളിലുള്ളത് അല്ലാഹു നന്നായറിയുന്നവനത്രേ. നിങ്ങള്‍ക്കെന്തെങ്കിലും നന്മ കിട്ടുമ്പോള്‍ അതവര്‍ക്കു വിഷമമുണ്ടാക്കും, തിന്മയുണ്ടാകുമ്പോള്‍ അവരതില്‍ സന്തോഷിക്കുകയും ചെയ്യും. ക്ഷമകൈക്കൊള്ളുകയും സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ക്ക് അവരുടെ കുതന്ത്രങ്ങള്‍ ഒരു ദോഷവും ഉണ്ടാക്കില്ല. അവരുടെ ചെയ്തികളെക്കുറിച്ച സമഗ്രജ്ഞാനിയത്രേ അല്ലാഹു.

1 വിശദീകരണം കാണുക

26. തൗറാത്ത്, സബൂര്‍, ഇന്‍ജീല്‍ എന്നീ വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാര്‍ക്കവതീര്‍ണമായ ഏടുകളിലും വിശുദ്ധ ഖുര്‍ആനിലും മുസ്‌ലിംകള്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ വേദക്കാര്‍ ചിലതു കൊള്ളുകയും മറ്റു ചിലതു തള്ളുകയും ചെയ്യുന്നു.

هَٰٓأَنتُمۡ أُوْلَآءِ تُحِبُّونَهُمۡ وَلَا يُحِبُّونَكُمۡ وَتُؤۡمِنُونَ بِٱلۡكِتَٰبِ كُلِّهِۦ وَإِذَا لَقُوكُمۡ قَالُوٓاْ ءَامَنَّا وَإِذَا خَلَوۡاْ عَضُّواْ عَلَيۡكُمُ ٱلۡأَنَامِلَ مِنَ ٱلۡغَيۡظِۚ قُلۡ مُوتُواْ بِغَيۡظِكُمۡۗ إِنَّ ٱللَّهَ عَلِيمُۢ بِذَاتِ ٱلصُّدُورِ ۝١١٩
إِن تَمۡسَسۡكُمۡ حَسَنَةٞ تَسُؤۡهُمۡ وَإِن تُصِبۡكُمۡ سَيِّئَةٞ يَفۡرَحُواْ بِهَاۖ وَإِن تَصۡبِرُواْ وَتَتَّقُواْ لَا يَضُرُّكُمۡ كَيۡدُهُمۡ شَيۡـًٔاۗ إِنَّ ٱللَّهَ بِمَا يَعۡمَلُونَ مُحِيطٞ ۝١٢٠
121–125

നബിയേ, അങ്ങ് രാവിലെ വീട്ടില്‍ നിന്നിറങ്ങി ഉഹുദ് യുദ്ധത്തിനുവേണ്ടി മര്‍മസ്ഥാനങ്ങളില്‍ സത്യവിശ്വാസികളെ വിന്യസിച്ച ഘട്ടം സ്മരിക്കുക. കാര്യങ്ങള്‍ നന്നായി കേള്‍ക്കുന്നവനും അറിയുന്നവനുമാണ് അല്ലാഹു. നിങ്ങളിലുള്ള രണ്ടു സംഘം-അല്ലാഹു അവരുടെ സംരക്ഷകനായിരിക്കെ-ഭയപ്പെട്ടു പിന്മാറാനാലോചിച്ച സന്ദര്‍ഭവും സ്മരണീയമാണ്.27
സത്യവിശ്വാസികള്‍ അല്ലാഹുവിങ്കല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ. നിങ്ങള്‍ ബലഹീനരായിരിക്കെ ബദ്‌റിലും അല്ലാഹു നിങ്ങളെ സഹായിക്കുക തന്നെ ചെയ്തു. അതിനാല്‍ കൃതജ്ഞരായിരിക്കാനായി അവനെ സൂക്ഷിക്കുക. മൂവായിരം മലക്കുകളെയിറക്കി നാഥന്‍ സഹായിക്കുകയെന്നത് നിങ്ങള്‍ക്കു മതിയാവില്ലേ എന്നു വിശ്വാസികളോട് അങ്ങു ചോദിച്ച സന്ദര്‍ഭം സ്മര്‍ത്തവ്യമത്രേ. അല്ലാഹു അരുളി: അതെ, നിങ്ങള്‍ ക്ഷമയും സൂക്ഷ്മതയും പാലിക്കുകയും ശത്രുക്കള്‍ തല്‍ക്ഷണം വന്നെത്തുകയുമാണെങ്കില്‍ വ്യതിരിക്തലക്ഷണമുള്ള അയ്യായിരം മലക്കുകള്‍ മുഖേന നാഥന്‍ നിങ്ങള്‍ക്കു പിന്‍ബലമേകുന്നതാണ്.28

2 വിശദീകരണങ്ങൾ കാണുക

27. ഉഹുദ്, ബദ്‌റ് സംഭവങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയാണിവിടെ. ഉഹുദിലേക്ക് ആയിരം പേര്‍ മദീനയില്‍ നിന്നു പുറപ്പെട്ടിരുന്നെങ്കിലും മുന്നൂറ് മുനാഫിഖുകള്‍ വഴിയില്‍ വെച്ചു മടങ്ങി. ഇതില്‍ ഭീതി പൂണ്ട് ബനൂഹാരിസ, ബനൂസലിമ എന്നീ രണ്ട് സത്യവിശ്വാസീ ഗോത്രങ്ങളും മടങ്ങാനാലോചിച്ചു. പക്ഷേ അല്ലാഹു അവര്‍ക്ക് സ്ഥൈര്യം നല്‍കി. സമീപത്തുള്ള കുന്നില്‍ നബി നിറുത്തിയ 50 വില്ലാളികള്‍ കര്‍ശന നിര്‍ദേശം ലംഘിച്ചു ഇറങ്ങിപ്പോന്നതിനാല്‍ മുസ്‌ലിം പക്ഷത്തിന്ന് അന്നു വലിയ നാശനഷ്ടങ്ങളുണ്ടായത് പ്രസിദ്ധമാണ്.

28. സായുധരും സുസജ്ജരുമായ ആയിരം ശത്രുക്കളെ അഭിമുഖീകരിച്ചത് നിരായുധരും നിസ്സഹായരുമായ 313 മുസ്‌ലിംകളായിരുന്നു. അതുകൊണ്ട് പടക്കളത്തിലിറങ്ങി യുദ്ധം ചെയ്യാന്‍ തന്നെ അല്ലാഹു മലക്കുകളെ അയച്ചു-ആദ്യം ആയിരം, പിന്നെ മുവ്വായിരം ഒടുവില്‍ അയ്യായിരം. സര്‍വ്വായുധരായിത്തന്നെ അവര്‍ ഘോരഘോരം യുദ്ധം ചെയ്തുവെന്നു ഹദീസുകളിലും ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളിലുമുണ്ട്.

وَإِذۡ غَدَوۡتَ مِنۡ أَهۡلِكَ تُبَوِّئُ ٱلۡمُؤۡمِنِينَ مَقَٰعِدَ لِلۡقِتَالِۗ وَٱللَّهُ سَمِيعٌ عَلِيمٌ ۝١٢١
إِذۡ هَمَّت طَّآئِفَتَانِ مِنكُمۡ أَن تَفۡشَلَا وَٱللَّهُ وَلِيُّهُمَاۗ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ ۝١٢٢
وَلَقَدۡ نَصَرَكُمُ ٱللَّهُ بِبَدۡرٖ وَأَنتُمۡ أَذِلَّةٞۖ فَٱتَّقُواْ ٱللَّهَ لَعَلَّكُمۡ تَشۡكُرُونَ ۝١٢٣
إِذۡ تَقُولُ لِلۡمُؤۡمِنِينَ أَلَن يَكۡفِيَكُمۡ أَن يُمِدَّكُمۡ رَبُّكُم بِثَلَٰثَةِ ءَالَٰفٖ مِّنَ ٱلۡمَلَٰٓئِكَةِ مُنزَلِينَ ۝١٢٤
بَلَىٰٓۚ إِن تَصۡبِرُواْ وَتَتَّقُواْ وَيَأۡتُوكُم مِّن فَوۡرِهِمۡ هَٰذَا يُمۡدِدۡكُمۡ رَبُّكُم بِخَمۡسَةِ ءَالَٰفٖ مِّنَ ٱلۡمَلَٰٓئِكَةِ مُسَوِّمِينَ ۝١٢٥
126–129

അല്ലാഹു ആ സഹായം ഏര്‍പെടുത്തിയത് നിങ്ങള്‍ക്ക് ശുഭകരമായും മനഃസമാധാനത്തിനു വേണ്ടിയുമാണ്;-പ്രതാപശാലിയും യുക്തിമാനുമായ അവങ്കല്‍ നിന്നു മാത്രമാണു സഹായം- നിഷേധികളിലൊരു സംഘത്തെ നശിപ്പിക്കാനോ നിന്ദ്യരാക്കാനോ വേണ്ടിയും. അപ്പോഴവര്‍ തോറ്റു പിന്തിരിഞ്ഞു പോകും. നബിയേ, കാര്യങ്ങളില്‍ ഒരധികാരവും താങ്കള്‍ക്കില്ല; അവര്‍ പശ്ചാത്തപിച്ച് അല്ലാഹുവത് സ്വീകരിക്കുകയോ അതിക്രമികളായതു കൊണ്ട് ശിക്ഷിക്കുകയോ ചെയ്യുന്നതുവരെ.29
ഭുവന-വാനങ്ങളിലുള്ളതെല്ലാം അല്ലാഹുവിന്റേതാണ്. താനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പാപമോചനം നല്‍കുകയും ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്നു. ഏറെ പൊറുക്കുന്നവനും കരുണാമയനുമാണവന്‍.

1 വിശദീകരണം കാണുക

29. ബദ്‌റ്‌യുദ്ധം നയിച്ച ചില മുശ്‌രിക്ക് പ്രമാണിമാരെ ശപിച്ചുകൊണ്ട് നബി ഖുനൂത്തില്‍ പ്രാര്‍ത്ഥിച്ചപ്പോഴാണ് ഇതവതരിച്ചത്. എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ നിര്‍ണയമനുസരിച്ചാണ് നടക്കുക എന്നും ക്ഷമ കൈക്കൊള്ളണമെന്നുമാണ് വിവക്ഷ.

وَمَا جَعَلَهُ ٱللَّهُ إِلَّا بُشۡرَىٰ لَكُمۡ وَلِتَطۡمَئِنَّ قُلُوبُكُم بِهِۦۗ وَمَا ٱلنَّصۡرُ إِلَّا مِنۡ عِندِ ٱللَّهِ ٱلۡعَزِيزِ ٱلۡحَكِيمِ ۝١٢٦
لِيَقۡطَعَ طَرَفٗا مِّنَ ٱلَّذِينَ كَفَرُوٓاْ أَوۡ يَكۡبِتَهُمۡ فَيَنقَلِبُواْ خَآئِبِينَ ۝١٢٧
لَيۡسَ لَكَ مِنَ ٱلۡأَمۡرِ شَيۡءٌ أَوۡ يَتُوبَ عَلَيۡهِمۡ أَوۡ يُعَذِّبَهُمۡ فَإِنَّهُمۡ ظَٰلِمُونَ ۝١٢٨
وَلِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۚ يَغۡفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُۚ وَٱللَّهُ غَفُورٞ رَّحِيمٞ ۝١٢٩
130–136

സത്യവിശ്വാസികളേ, മേല്‍ക്കുമേല്‍ ഇരട്ടിയായി നിങ്ങള്‍ പലിശ തിന്നരുത്; വിജയം വരിക്കേണ്ടതിനു അല്ലാഹുവിനെ സൂക്ഷിക്കുക; നിഷേധികള്‍ക്കായി സജ്ജീകൃതമായ നരകം പേടിക്കുക; അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക-നിങ്ങള്‍ കരുണ ചെയ്യപ്പെട്ടേക്കാം. നാഥങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും ഭുവന-വാനങ്ങളുടെ വിസ്തൃതിയുള്ള സ്വര്‍ഗത്തിലേക്കും അതിദ്രുതം ചെല്ലുക; സന്തോഷാവസ്ഥയിലും സന്താപഘട്ടത്തിലും ധനം ചെലവഴിക്കുകയും ക്രോധം ഒതുക്കുകയും ജനങ്ങള്‍ക്ക് മാപ്പരുളുകയും ചെയ്യുന്ന സൂക്ഷ്മാലുക്കള്‍ക്കായി സജ്ജീകൃതമാണത്. പുണ്യവാന്മാരെ അല്ലാഹു സ്‌നേഹിക്കുന്നു. എന്തെങ്കിലും ഹീനകൃത്യം പ്രവര്‍ത്തിക്കുകയോ ആത്മദ്രോഹമനുവര്‍ത്തിക്കുകയോ ചെയ്താല്‍ അവര്‍ അല്ലാഹുവിനെയോര്‍ക്കുകയും പാപമോചനമര്‍ത്ഥിക്കുകയും ചെയ്യും-അവനല്ലാതെയാരുണ്ട് ദോഷങ്ങള്‍ പൊറുക്കാന്‍? അറിഞ്ഞു കൊണ്ടവര്‍ സ്വന്തം ദുഷ്‌ചെയ്തികളില്‍ ഉറച്ചു നില്‍ക്കില്ല. രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമുക്തിയും, അടിയിലൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുമാണ് അത്തരക്കാരുടെ പ്രതിഫലം. അവരതില്‍ ശാശ്വതരത്രേ. സല്‍കര്‍മനിരതരുടെ കൂലി എത്ര ഉദാത്തം!

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَأۡكُلُواْ ٱلرِّبَوٰٓاْ أَضۡعَٰفٗا مُّضَٰعَفَةٗۖ وَٱتَّقُواْ ٱللَّهَ لَعَلَّكُمۡ تُفۡلِحُونَ ۝١٣٠
وَٱتَّقُواْ ٱلنَّارَ ٱلَّتِيٓ أُعِدَّتۡ لِلۡكَٰفِرِينَ ۝١٣١
وَأَطِيعُواْ ٱللَّهَ وَٱلرَّسُولَ لَعَلَّكُمۡ تُرۡحَمُونَ ۝١٣٢
۞ وَسَارِعُوٓاْ إِلَىٰ مَغۡفِرَةٖ مِّن رَّبِّكُمۡ وَجَنَّةٍ عَرۡضُهَا ٱلسَّمَٰوَٰتُ وَٱلۡأَرۡضُ أُعِدَّتۡ لِلۡمُتَّقِينَ ۝١٣٣
ٱلَّذِينَ يُنفِقُونَ فِي ٱلسَّرَّآءِ وَٱلضَّرَّآءِ وَٱلۡكَٰظِمِينَ ٱلۡغَيۡظَ وَٱلۡعَافِينَ عَنِ ٱلنَّاسِۗ وَٱللَّهُ يُحِبُّ ٱلۡمُحۡسِنِينَ ۝١٣٤
وَٱلَّذِينَ إِذَا فَعَلُواْ فَٰحِشَةً أَوۡ ظَلَمُوٓاْ أَنفُسَهُمۡ ذَكَرُواْ ٱللَّهَ فَٱسۡتَغۡفَرُواْ لِذُنُوبِهِمۡ وَمَن يَغۡفِرُ ٱلذُّنُوبَ إِلَّا ٱللَّهُ وَلَمۡ يُصِرُّواْ عَلَىٰ مَا فَعَلُواْ وَهُمۡ يَعۡلَمُونَ ۝١٣٥
أُوْلَٰٓئِكَ جَزَآؤُهُم مَّغۡفِرَةٞ مِّن رَّبِّهِمۡ وَجَنَّٰتٞ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ وَنِعۡمَ أَجۡرُ ٱلۡعَٰمِلِينَ ۝١٣٦
137–141

വിവിധ ദൈവിക നടപടിച്ചട്ടങ്ങള്‍ നിങ്ങള്‍ക്കു മുമ്പും കഴിഞ്ഞുപോയിട്ടുണ്ട്. അതുകൊണ്ട് ഭൂമിയില്‍ യാത്ര ചെയ്ത് നിഷേധികളുടെ പരിണതി എങ്ങനെയുണ്ടായിരുന്നുവെന്നു നോക്കിക്കാണുക. മാനവതക്കുള്ള വ്യക്തമായ ഒരു പ്രതിപാദനവും സൂക്ഷ്മാലുക്കള്‍ക്കുള്ള മാര്‍ഗദര്‍ശനവും ഉപദേശവുമാണ് ഈ ഖുര്‍ആന്‍. നിങ്ങള്‍ ദുര്‍ബലരോ ദുഃഖിതരോ ആകരുത്; സത്യവിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് അത്യുന്നതന്മാര്‍. ഉഹുദില്‍ നിങ്ങള്‍ക്കു ദുരിതം ബാധിച്ചുവെങ്കില്‍ അതുപോലെ മുമ്പ് ബദ്‌റില്‍ അക്കൂട്ടര്‍ക്കും ദുരന്തമേല്‍ക്കുകയുണ്ടായി. ആ യുദ്ധനാളുകള്‍ ആളുകള്‍ക്ക് മാറിമാറി നല്‍കുകയാണു നാം; വിശ്വാസികളെ അല്ലാഹു സ്പഷ്ട ലക്ഷണങ്ങളിലൂടെയറിയാനും നിങ്ങളില്‍ നിന്ന് വിശ്വാസികളെ ശുദ്ധീകരിക്കാനും നിഷേധികളെ നശിപ്പിക്കാനും രക്തസാക്ഷികളെയുണ്ടാക്കാനും വേണ്ടി.30
അതിക്രമകാരികളെ അവന്‍ സ്‌നേഹിക്കുകയില്ല.

1 വിശദീകരണം കാണുക

30. ബദ്‌റില്‍ സത്യനിഷേധികളുടെ നട്ടെല്ലൊടിഞ്ഞു. എഴുപത് വന്‍തോക്കുകളാണ് കൊല്ലപ്പെട്ടത്. അത്ര തന്നെ പേര്‍ തടവിലായി. അടുത്ത വര്‍ഷം നടന്ന ഉഹുദ് യുദ്ധത്തില്‍ മുസ്‌ലിം പക്ഷത്തിനു ആഘാതമേറ്റു. യുദ്ധം ഇങ്ങനെത്തന്നെയാണ്. ഫലങ്ങള്‍ മാറിമറിഞ്ഞുവരാം. അതുപക്ഷേ മനസ്സുകള്‍ ദുര്‍ബലമാകുവാന്‍ കാരണമാകരുത്. ബദ്‌റില്‍ തോറ്റു തൊപ്പിയിട്ട് പോയിട്ട് കൂടുതല്‍ ആവേശത്തോടും ആത്മധൈര്യത്തോടും ശത്രുക്കള്‍ അടുത്ത കൊല്ലം ഉഹുദില്‍ തിരിച്ചുവരികയാണല്ലോ ചെയ്തത്. യുദ്ധ നടപടികളിലൂടെ അല്ലാഹുവിന്ന് പല ഉദ്ദേശ്യങ്ങളുമുണ്ടായിരുന്നു എന്നാണു വ്യക്തമാക്കുന്നത്.

قَدۡ خَلَتۡ مِن قَبۡلِكُمۡ سُنَنٞ فَسِيرُواْ فِي ٱلۡأَرۡضِ فَٱنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلۡمُكَذِّبِينَ ۝١٣٧
هَٰذَا بَيَانٞ لِّلنَّاسِ وَهُدٗى وَمَوۡعِظَةٞ لِّلۡمُتَّقِينَ ۝١٣٨
وَلَا تَهِنُواْ وَلَا تَحۡزَنُواْ وَأَنتُمُ ٱلۡأَعۡلَوۡنَ إِن كُنتُم مُّؤۡمِنِينَ ۝١٣٩
إِن يَمۡسَسۡكُمۡ قَرۡحٞ فَقَدۡ مَسَّ ٱلۡقَوۡمَ قَرۡحٞ مِّثۡلُهُۥۚ وَتِلۡكَ ٱلۡأَيَّامُ نُدَاوِلُهَا بَيۡنَ ٱلنَّاسِ وَلِيَعۡلَمَ ٱللَّهُ ٱلَّذِينَ ءَامَنُواْ وَيَتَّخِذَ مِنكُمۡ شُهَدَآءَۗ وَٱللَّهُ لَا يُحِبُّ ٱلظَّٰلِمِينَ ۝١٤٠
وَلِيُمَحِّصَ ٱللَّهُ ٱلَّذِينَ ءَامَنُواْ وَيَمۡحَقَ ٱلۡكَٰفِرِينَ ۝١٤١
142–145

അതല്ല, രണാങ്കണത്തില്‍ വെച്ച് പൊരുതിയവരെയും ക്ഷമാപൂര്‍വം ഉറച്ചു നിന്നവരെയും അല്ലാഹു പ്രത്യക്ഷീഭവിച്ചറിയാതെ സ്വര്‍ഗത്തില്‍ കടന്നുകളയാമെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? രണാങ്കണത്തില്‍ മൃത്യുവിനെ കണ്ടുമുട്ടും മുമ്പ്, മരിക്കാന്‍ കൊതിച്ചിരുന്നതാണു നിങ്ങള്‍. ഇപ്പോള്‍, നോക്കി നില്‍ക്കെത്തന്നെ നിങ്ങളത് കാണുകയുണ്ടായി31
മുഹമ്മദ് നബി അല്ലാഹുവിന്റെ ഒരു ദൂതന്‍ മാത്രമാണ്; പല ദൂതന്മാരും മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്. നബി മരണപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ പിന്തിരിയുകയാണോ നിങ്ങള്‍?! ആരെങ്കിലും പുറകോട്ടു പോകുന്നുവെങ്കില്‍ അല്ലാഹുവിന്ന് ഒരു ദ്രോഹവുമേല്‍പിക്കാന്‍ അവന്നാകില്ല. കൃതജ്ഞര്‍ക്ക് അല്ലാഹു മതിയായ പ്രതിഫലം നല്‍കുന്നതാണ്. അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ ഒരു വ്യക്തിക്കും മരിക്കാനാകില്ല; നിര്‍ണിതാവധിയുള്ള ഒരു നിയമമാണത്. ഒരാള്‍ ഐഹിക പ്രതിഫലമാണുദ്ദേശിക്കുന്നതെങ്കില്‍ അതില്‍ നിന്നവന്ന് നാം നല്‍കും; ഇനിയവന്നു പരലോകത്തെ കൂലിയാണു ലക്ഷ്യമെങ്കില്‍ അതില്‍ നിന്നു നാമവനു കൊടുക്കുന്നതാണ്. നന്ദി പ്രകാശിപ്പിക്കുന്നവര്‍ക്ക് തക്ക പ്രതിഫലം നാം നല്‍കും.

1 വിശദീകരണം കാണുക

31. മക്കയിലെ നീണ്ടുനിന്ന പീഡാനുഭവകാലത്ത് യുദ്ധം ചെയ്തുമരിക്കാന്‍ കൊതിച്ചിരുന്നു മുസ്‌ലിംകള്‍; പക്ഷേ അന്നു നബി(സ്വ) ക്ഷമിക്കാനാണു പറഞ്ഞത്. ഇപ്പോള്‍ ഉഹുദിലാകട്ടെ, ചിലര്‍ മരണം ഭയന്നോടി-ഇതെന്തു വൈചിത്ര്യമെന്നാണു ചോദ്യം.

أَمۡ حَسِبۡتُمۡ أَن تَدۡخُلُواْ ٱلۡجَنَّةَ وَلَمَّا يَعۡلَمِ ٱللَّهُ ٱلَّذِينَ جَٰهَدُواْ مِنكُمۡ وَيَعۡلَمَ ٱلصَّٰبِرِينَ ۝١٤٢
وَلَقَدۡ كُنتُمۡ تَمَنَّوۡنَ ٱلۡمَوۡتَ مِن قَبۡلِ أَن تَلۡقَوۡهُ فَقَدۡ رَأَيۡتُمُوهُ وَأَنتُمۡ تَنظُرُونَ ۝١٤٣
وَمَا مُحَمَّدٌ إِلَّا رَسُولٞ قَدۡ خَلَتۡ مِن قَبۡلِهِ ٱلرُّسُلُۚ أَفَإِيْن مَّاتَ أَوۡ قُتِلَ ٱنقَلَبۡتُمۡ عَلَىٰٓ أَعۡقَٰبِكُمۡۚ وَمَن يَنقَلِبۡ عَلَىٰ عَقِبَيۡهِ فَلَن يَضُرَّ ٱللَّهَ شَيۡـٔٗاۚ وَسَيَجۡزِي ٱللَّهُ ٱلشَّٰكِرِينَ ۝١٤٤
وَمَا كَانَ لِنَفۡسٍ أَن تَمُوتَ إِلَّا بِإِذۡنِ ٱللَّهِ كِتَٰبٗا مُّؤَجَّلٗاۗ وَمَن يُرِدۡ ثَوَابَ ٱلدُّنۡيَا نُؤۡتِهِۦ مِنۡهَا وَمَن يُرِدۡ ثَوَابَ ٱلۡأٓخِرَةِ نُؤۡتِهِۦ مِنۡهَاۚ وَسَنَجۡزِي ٱلشَّٰكِرِينَ ۝١٤٥
146–148

എത്രയെത്ര നബിമാര്‍ കഴിഞ്ഞുപോയി. അവരൊന്നിച്ചു ധാരാളം ദൈവദാസന്മാര്‍ പടപൊരുതി! എന്നിട്ട് ദൈവമാര്‍ഗത്തില്‍ തങ്ങള്‍ക്കു നേരിട്ട കഷ്ടപ്പാടുകളൊന്നു കൊണ്ടും അവര്‍ ഭീരുക്കളായില്ല; ദുര്‍ബലരാവുകയോ കീഴടങ്ങുകയോ ചെയ്തില്ല. ക്ഷമാശീലരെ അല്ലാഹു സ്‌നേഹിക്കുന്നു. അവരുടെ പ്രാര്‍ത്ഥന ഇതുമാത്രമായിരുന്നു: 'നാഥാ, ഞങ്ങളുടെ പാപങ്ങളും സ്വന്തം കാര്യങ്ങളിലെ അതിര്‍ലംഘനങ്ങളും പൊറുത്തുതരേണമേ! ഞങ്ങളുടെ പാദങ്ങള്‍ അടിയുറപ്പിച്ചു നിറുത്തുകയും നിഷേധികള്‍ക്കെതിരെ സഹായമേകുകയും ചെയ്യേണമേ!' തന്മൂലം ഐഹിക ലോകത്തെ പ്രതിഫലവും പരലോകത്തെ ഉദാത്തമായ കൂലിയും അല്ലാഹു അവര്‍ക്കു കനിഞ്ഞേകി. അവന്‍ പുണ്യവാന്മാരെ സ്‌നേഹിക്കുന്നു.

وَكَأَيِّن مِّن نَّبِيّٖ قَٰتَلَ مَعَهُۥ رِبِّيُّونَ كَثِيرٞ فَمَا وَهَنُواْ لِمَآ أَصَابَهُمۡ فِي سَبِيلِ ٱللَّهِ وَمَا ضَعُفُواْ وَمَا ٱسۡتَكَانُواْۗ وَٱللَّهُ يُحِبُّ ٱلصَّٰبِرِينَ ۝١٤٦
وَمَا كَانَ قَوۡلَهُمۡ إِلَّآ أَن قَالُواْ رَبَّنَا ٱغۡفِرۡ لَنَا ذُنُوبَنَا وَإِسۡرَافَنَا فِيٓ أَمۡرِنَا وَثَبِّتۡ أَقۡدَامَنَا وَٱنصُرۡنَا عَلَى ٱلۡقَوۡمِ ٱلۡكَٰفِرِينَ ۝١٤٧
فَـَٔاتَىٰهُمُ ٱللَّهُ ثَوَابَ ٱلدُّنۡيَا وَحُسۡنَ ثَوَابِ ٱلۡأٓخِرَةِۗ وَٱللَّهُ يُحِبُّ ٱلۡمُحۡسِنِينَ ۝١٤٨
149–151

സത്യവിശ്വാസികളേ, നിഷേധം വരിച്ചവരെ അനുസരിക്കുന്നുവെങ്കില്‍ നിങ്ങളെയവര്‍ പുറകോട്ടു കൊണ്ടുപോവുകയും അങ്ങനെ നിങ്ങള്‍ പരാജിതരായിത്തീരുകയും ചെയ്യുന്നതാണ്. അതല്ല വേണ്ടത്: അല്ലാഹുവാണ് നിങ്ങളുടെ രക്ഷകന്‍; സഹായികളില്‍ ഉദാത്തന്‍ അവനത്രേ. അല്ലാഹു യാതൊരു തെളിവും നല്‍കിയിട്ടില്ലാത്തവയെ അവന്റെ പങ്കാളികളാക്കിയതുമൂലം സത്യനിഷേധികളുടെ മനസ്സില്‍ നാം ഭയം നിക്ഷേപിക്കും. നരകമാണവരുടെ സങ്കേതം. അതിക്രമികളുടെ ആവാസകേന്ദ്രം എത്ര ഹീനം!

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِن تُطِيعُواْ ٱلَّذِينَ كَفَرُواْ يَرُدُّوكُمۡ عَلَىٰٓ أَعۡقَٰبِكُمۡ فَتَنقَلِبُواْ خَٰسِرِينَ ۝١٤٩
بَلِ ٱللَّهُ مَوۡلَىٰكُمۡۖ وَهُوَ خَيۡرُ ٱلنَّٰصِرِينَ ۝١٥٠
سَنُلۡقِي فِي قُلُوبِ ٱلَّذِينَ كَفَرُواْ ٱلرُّعۡبَ بِمَآ أَشۡرَكُواْ بِٱللَّهِ مَا لَمۡ يُنَزِّلۡ بِهِۦ سُلۡطَٰنٗاۖ وَمَأۡوَىٰهُمُ ٱلنَّارُۖ وَبِئۡسَ مَثۡوَى ٱلظَّٰلِمِينَ ۝١٥١
152–153

അല്ലാഹുവിന്റെ അനുമതിയോടെ ശത്രുക്കളെ വധിച്ചു കൊണ്ടിരുന്നപ്പോള്‍ നിങ്ങളോടുള്ള വാഗ്ദാനം അവന്‍ സത്യസന്ധമായി പാലിക്കുകയുണ്ടായി. എന്നാല്‍, പ്രിയംകരമായ വിജയം കാണിച്ചു തന്ന ശേഷം നിങ്ങള്‍ അനുസരണക്കേടു കാട്ടുകയും ഭീരുക്കളാവുകയും യുദ്ധ കാര്യത്തില്‍ ഭിന്നപക്ഷക്കാരാവുകയും ചെയ്തപ്പോള്‍ സ്ഥിതി മാറി-ദുന്‍യാവിനെ ലക്ഷ്യമാക്കുന്നവരും പരലോക മോക്ഷമുദ്ദേശിക്കുന്നവരും നിങ്ങളിലുണ്ട്-പിന്നീട് നിങ്ങളെ പരീക്ഷണാര്‍ത്ഥം അവന്‍ ശത്രുക്കളില്‍ നിന്നു പിന്തിരിപ്പിച്ചു. അവന്‍ നിങ്ങള്‍ക്കു മാപ്പരുളിയിരിക്കുന്നു. സത്യവിശ്വാസികളോട് ഉദാരനത്രേ അവന്‍. തിരുമേനി പുറകില്‍ നിന്നു വിളിക്കവെ, ആരെയും തിരിഞ്ഞുനോക്കാതെ യുദ്ധമുഖത്തു നിന്നു നിങ്ങള്‍ നിഷ്‌ക്രമിച്ച സന്ദര്‍ഭം സ്മരിക്കുക. അങ്ങനെ മേല്‍ക്കുമേല്‍ ദുഃഖം അല്ലാഹു നിങ്ങള്‍ക്കു പ്രതിഫലം തന്നു. വിജയം കൈവിട്ടതിലും വിപത്തേറ്റതിലും നിങ്ങള്‍ ഇനിയും ദുഃഖിക്കാതിരിക്കാനാണ് മാപ്പരുളിയത്. നിങ്ങളുടെ ചെയ്തികളെപ്പറ്റി സൂക്ഷ്മജ്ഞനാണ് അല്ലാഹു.32

1 വിശദീകരണം കാണുക

32. ഉഹുദില്‍ തികച്ചും യാദൃച്ഛികമായി സംഭവിച്ച ദൗര്‍ഭാഗ്യകരമായ സന്ദര്‍ഭങ്ങളാണ് വ്യക്തമാക്കുന്നത്. യുദ്ധം ആരംഭിക്കുകയും ആദ്യഘട്ടങ്ങളില്‍ മുസ്‌ലിംകള്‍ക്കു മികച്ച വിജയമുണ്ടാവുകയും ചെയ്തു. എന്നാല്‍ 50 വില്ലാളികള്‍ അബദ്ധവശാല്‍ നബി(സ്വ)യുടെ കര്‍ശനമായ കല്‍പന ലംഘിക്കുകയും നിശ്ചിത സ്ഥലം വിടുകയും ചെയ്തപ്പോള്‍ ശത്രുക്കള്‍ അതുവഴി കടന്നു കയറി ഭീകരാന്തരീക്ഷം തന്നെ സൃഷ്ടിച്ചു. ഭീതി പൂണ്ട മുസ്‌ലിംകള്‍ പതറിച്ചിതറിയോടി. ദൃഢചിത്തരായ ചില സ്വഹാബികള്‍ ഉറച്ചു നില്‍ക്കുകയും തന്മൂലം മറ്റുള്ളവര്‍ മടങ്ങിവരികയും ചെയ്തു. അല്ലാഹു അവര്‍ക്കെല്ലാം മാപ്പു നല്‍കി. ഇതിലെല്ലാം മഹത്തായ പാഠങ്ങള്‍ സകല മുസ്‌ലിംകള്‍ക്കുമുണ്ട്.

وَلَقَدۡ صَدَقَكُمُ ٱللَّهُ وَعۡدَهُۥٓ إِذۡ تَحُسُّونَهُم بِإِذۡنِهِۦۖ حَتَّىٰٓ إِذَا فَشِلۡتُمۡ وَتَنَٰزَعۡتُمۡ فِي ٱلۡأَمۡرِ وَعَصَيۡتُم مِّنۢ بَعۡدِ مَآ أَرَىٰكُم مَّا تُحِبُّونَۚ مِنكُم مَّن يُرِيدُ ٱلدُّنۡيَا وَمِنكُم مَّن يُرِيدُ ٱلۡأٓخِرَةَۚ ثُمَّ صَرَفَكُمۡ عَنۡهُمۡ لِيَبۡتَلِيَكُمۡۖ وَلَقَدۡ عَفَا عَنكُمۡۗ وَٱللَّهُ ذُو فَضۡلٍ عَلَى ٱلۡمُؤۡمِنِينَ ۝١٥٢
۞ إِذۡ تُصۡعِدُونَ وَلَا تَلۡوُۥنَ عَلَىٰٓ أَحَدٖ وَٱلرَّسُولُ يَدۡعُوكُمۡ فِيٓ أُخۡرَىٰكُمۡ فَأَثَٰبَكُمۡ غَمَّۢا بِغَمّٖ لِّكَيۡلَا تَحۡزَنُواْ عَلَىٰ مَا فَاتَكُمۡ وَلَا مَآ أَصَٰبَكُمۡۗ وَٱللَّهُ خَبِيرُۢ بِمَا تَعۡمَلُونَ ۝١٥٣
154–155

പിന്നീടവന്‍ ആ ദുഃഖത്തിനു ശേഷം നിങ്ങള്‍ക്കു സമാധാനം-ഒരു മയക്കം- തന്നു. അതു നിങ്ങളിലൊരു വിഭാഗത്തെ ആവരണം ചെയ്തു. മറുവിഭാഗമാകട്ടെ, വ്യാകുലചിത്തരാവുകയും അല്ലാഹുവിനെപ്പറ്റി സത്യവിരുദ്ധമായ ജാഹിലീ ധാരണകള്‍ വെച്ചുപുലര്‍ത്തുകയുമുണ്ടായി-നമുക്കു വല്ല ആധിപത്യവുമുണ്ടോ എന്നാണവര്‍ ചോദിക്കുന്നത്. നബിയേ, പ്രഖ്യാപിക്കുക: 'മുഴുകാര്യങ്ങളും അല്ലാഹുവിന്റെ അധീനത്തിലാകുന്നു.' താങ്കളോടു വെളിപ്പെടുത്താത്ത പലതും അവര്‍ മനസ്സിലൊളിപ്പിക്കുന്നുണ്ട്33
യുദ്ധ വിഷയങ്ങളില്‍ എന്തെങ്കിലും സ്വാധീനമുണ്ടായിരുന്നുവെങ്കില്‍ ഇവിടെ വെച്ചു നാം വധിക്കപ്പെടുകയില്ലായിരുന്നു എന്നു പരിഭവിക്കയാണവര്‍. നബിയേ, പറയുക: നിങ്ങള്‍ സ്വഗൃഹങ്ങളിലായിരുന്നുവെങ്കില്‍ തന്നെ, മരണം വിധിക്കപ്പെട്ടു കഴിഞ്ഞിരുന്നയാളുകള്‍ തങ്ങളുടെ വധസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടിരുന്നേനെ. അവന്‍ നിങ്ങളുടെ ഉള്ളിലിരിപ്പ് പരീക്ഷിക്കുവാനും മനസ്സുകളിലുള്ളത് ശുദ്ധീകരിക്കാനും വേണ്ടിയാണിങ്ങനെയെല്ലാം സംഭവിച്ചത്. നിങ്ങളുടെ മനോഗതങ്ങള്‍ നന്നായറിയുന്നവനാണ് അല്ലാഹു. ഇരുകക്ഷികള്‍ ഉഹുദില്‍ എറ്റുമുട്ടിയ ദിനം നിങ്ങളില്‍ നിന്നു പിന്തിരിഞ്ഞോടിയവരെ തങ്ങളുടെ ചില ദുഷ്‌ചെയ്തികള്‍ മൂലം പിശാച് വഴിതെറ്റിച്ചതാണ്. അല്ലാഹു അവര്‍ക്ക് മാപ്പരുളിയിരിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും സഹിഷ്ണുവുമത്രേ.

1 വിശദീകരണം കാണുക

33. ശത്രുവിന്റെ യാദൃച്ഛികമായുണ്ടായ മുന്നേറ്റത്തില്‍ മുസ്‌ലിം സേനാനികളില്‍ മിക്കവരും ഭയന്നു വിറച്ചു സ്തബ്ധരായി. ദുര്‍ബല വിശ്വാസികളും മുനാഫിഖുകളും ആകെ അസ്വസ്ഥരാവുകയും അല്ലാഹുവിനെപ്പറ്റി ദുഷിച്ച വിചാരങ്ങളില്‍ വ്യാപൃതരാവുകയുമായിരുന്നു. അടിയുറച്ച വിശ്വാസികള്‍ക്ക് ഒരു നിദ്രാമയക്കം നല്‍കപ്പെടുകയും തദ്വാരാ അവര്‍ പൂര്‍വ്വോപരി ആവേശോജ്ജ്വലരാവുകയും ചെയ്തു. അല്ലാഹുവിന്റെ ഉദ്ദേശ്യവും തീരുമാനവുമനുസരിച്ചേ ഏതു കാര്യവും നടക്കൂ; സൃഷ്ടികളുടെ അഭീഷ്ടാനുസരണം ഒന്നും സംഭവിക്കില്ല എന്നുണര്‍ത്തുകയാണ്.

ثُمَّ أَنزَلَ عَلَيۡكُم مِّنۢ بَعۡدِ ٱلۡغَمِّ أَمَنَةٗ نُّعَاسٗا يَغۡشَىٰ طَآئِفَةٗ مِّنكُمۡۖ وَطَآئِفَةٞ قَدۡ أَهَمَّتۡهُمۡ أَنفُسُهُمۡ يَظُنُّونَ بِٱللَّهِ غَيۡرَ ٱلۡحَقِّ ظَنَّ ٱلۡجَٰهِلِيَّةِۖ يَقُولُونَ هَل لَّنَا مِنَ ٱلۡأَمۡرِ مِن شَيۡءٖۗ قُلۡ إِنَّ ٱلۡأَمۡرَ كُلَّهُۥ لِلَّهِۗ يُخۡفُونَ فِيٓ أَنفُسِهِم مَّا لَا يُبۡدُونَ لَكَۖ يَقُولُونَ لَوۡ كَانَ لَنَا مِنَ ٱلۡأَمۡرِ شَيۡءٞ مَّا قُتِلۡنَا هَٰهُنَاۗ قُل لَّوۡ كُنتُمۡ فِي بُيُوتِكُمۡ لَبَرَزَ ٱلَّذِينَ كُتِبَ عَلَيۡهِمُ ٱلۡقَتۡلُ إِلَىٰ مَضَاجِعِهِمۡۖ وَلِيَبۡتَلِيَ ٱللَّهُ مَا فِي صُدُورِكُمۡ وَلِيُمَحِّصَ مَا فِي قُلُوبِكُمۡۚ وَٱللَّهُ عَلِيمُۢ بِذَاتِ ٱلصُّدُورِ ۝١٥٤
إِنَّ ٱلَّذِينَ تَوَلَّوۡاْ مِنكُمۡ يَوۡمَ ٱلۡتَقَى ٱلۡجَمۡعَانِ إِنَّمَا ٱسۡتَزَلَّهُمُ ٱلشَّيۡطَٰنُ بِبَعۡضِ مَا كَسَبُواْۖ وَلَقَدۡ عَفَا ٱللَّهُ عَنۡهُمۡۗ إِنَّ ٱللَّهَ غَفُورٌ حَلِيمٞ ۝١٥٥
156–158

വിശ്വാസികളേ, സത്യനിഷേധം കൈവരിക്കുകയും, തങ്ങളുടെ സഹോദരങ്ങള്‍ യാത്രയിലോ യുദ്ധത്തിലോ മരണം വരിച്ചാല്‍ 'ഞങ്ങളുടെയടുത്തായിരുന്നെങ്കിലവര്‍ മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്യുമായിരുന്നില്ല' എന്നു തട്ടിവിടുകയും ചെയ്തവരെപ്പോലെ നിങ്ങളാകരുത്34
അങ്ങനെയത് അവരുടെ മനസ്സുകളില്‍ അല്ലാഹു ഒരു ഖേദമാക്കി വെക്കുകയാണ്. അവനാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്. നിങ്ങള്‍ ചെയ്യുന്നതൊക്കെ അവന്‍ നന്നായി കാണുന്നവനാകുന്നു. നിങ്ങള്‍ ദൈവമാര്‍ഗത്തില്‍ വധിക്കപ്പെടുകയോ മരിക്കുകയോ ആണെങ്കില്‍ അവങ്കല്‍ നിന്നുള്ള പാപമോചനവും അനുഗ്രഹവുമാണ്, ആളുകള്‍ വാരിവലിച്ചു കൂട്ടുന്ന ഐഹിക വിഭവങ്ങളെക്കാള്‍ ഉത്തമം; വധിക്കപ്പെട്ടാലും മരിച്ചാലും അവങ്കലേക്കു തന്നെയാണ് ഒരുമിച്ചു കൂട്ടപ്പെടുക.

1 വിശദീകരണം കാണുക

34. അല്ലാഹുവിന്റെ വിധി നിര്‍ണയത്തില്‍ യഥായോഗ്യം വിശ്വസിക്കാത്ത മുനാഫിഖുകള്‍ മാത്രമാണ് ഇങ്ങനെ പറയുക.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَكُونُواْ كَٱلَّذِينَ كَفَرُواْ وَقَالُواْ لِإِخۡوَٰنِهِمۡ إِذَا ضَرَبُواْ فِي ٱلۡأَرۡضِ أَوۡ كَانُواْ غُزّٗى لَّوۡ كَانُواْ عِندَنَا مَا مَاتُواْ وَمَا قُتِلُواْ لِيَجۡعَلَ ٱللَّهُ ذَٰلِكَ حَسۡرَةٗ فِي قُلُوبِهِمۡۗ وَٱللَّهُ يُحۡيِۦ وَيُمِيتُۗ وَٱللَّهُ بِمَا تَعۡمَلُونَ بَصِيرٞ ۝١٥٦
وَلَئِن قُتِلۡتُمۡ فِي سَبِيلِ ٱللَّهِ أَوۡ مُتُّمۡ لَمَغۡفِرَةٞ مِّنَ ٱللَّهِ وَرَحۡمَةٌ خَيۡرٞ مِّمَّا يَجۡمَعُونَ ۝١٥٧
وَلَئِن مُّتُّمۡ أَوۡ قُتِلۡتُمۡ لَإِلَى ٱللَّهِ تُحۡشَرُونَ ۝١٥٨
159–163

അല്ലാഹുവിങ്കല്‍ നിന്നുള്ള മഹത്തായ അനുഗ്രഹം കൊണ്ടാണ് താങ്കള്‍ക്ക് ജനങ്ങളോട് സൗമ്യ സമീപനത്തിന്നു കഴിയുന്നത്. അങ്ങ് പരുഷനും കഠിന ഹൃദയനുമായിരുന്നെങ്കില്‍ അവര്‍ താങ്കളുടെ ചുറ്റും നിന്നു പിരിഞ്ഞുപോയേനെ. അതുകൊണ്ട് അവര്‍ക്ക് മാപ്പുനല്‍കുകയും പാപമോചനമര്‍ത്ഥിക്കുകയും കാര്യങ്ങള്‍ അവരുമായി കൂടിയാലോചന നടത്തുകയും ചെയ്യുക. ഒരു തീരുമാനം എടുത്തുകഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കണം. തന്നില്‍ ഭരമേല്‍പിക്കുന്നവരെ അവന്‍ സ്‌നേഹിക്കുന്നു. അവന്‍ സഹായിക്കുന്നുവെങ്കില്‍ പിന്നെ നിങ്ങളെ അതിജയിക്കുന്ന ഒരാളുമില്ല. ഇനി, അവന്‍ ഹീനരാക്കുന്നുവെങ്കില്‍ പിന്നെ നിങ്ങളെ അവനല്ലാതെ ആരു സഹായിക്കും? സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പിച്ചു കൊള്ളട്ടെ. ഏതൊരു പ്രവാചകനും എന്തെങ്കിലും വഞ്ചിക്കുക എന്നത് അസംഭവ്യമാണ്.35
ആരൊരാള്‍ വഞ്ചിച്ചെടുക്കുന്നുവോ, ആ തൊണ്ടി സാധനവുമായി അന്ത്യനാളിലവന്‍ സന്നിഹിതനാകും. അനന്തരം ഓരോരുത്തര്‍ക്കും താനനുവര്‍ത്തിച്ച കര്‍മത്തിന്റെ ഫലം പൂര്‍ണമായി നല്‍കപ്പെടും; യാതൊരു നീതികേടും അവരോടു കാണിക്കപ്പെടില്ല. അല്ലാഹുവിന്റെ ക്രോധവുമായി തെറിച്ചു പോവുകയും നരകം-അതെത്ര ഹീനഗേഹം!- സങ്കേതമാവുകയും ചെയ്തവനെപ്പോലെയാണോ അവന്റെ സംതൃപ്തി അനുധാവനം ചെയ്തവന്‍? അല്ലാഹുവിന്റെയടുത്ത് ഭിന്ന പദവിക്കാരാണവര്‍. അവരുടെ ചെയ്തികളെപ്പറ്റി അവന്‍ സൂക്ഷ്മജ്ഞാനിയാകുന്നു.

1 വിശദീകരണം കാണുക

35. സമരാര്‍ജിത സമ്പത്ത് നബി യഥാവിധി വിഭജിക്കുന്നില്ലെന്നും അനുയായികളെ കബളിപ്പിക്കുന്നുണ്ടെന്നും കപടവിശ്വാസികള്‍ പ്രചരിപ്പിച്ചു വന്നിരുന്നു. ദുര്‍ബല വിശ്വാസികളായ ചിലരെ ഉഹുദില്‍ ഈ ദുര്‍വിചാരം പിടികൂടുകയുമുണ്ടായി. ബദ്‌റില്‍ യുദ്ധം കലാശിച്ച ശേഷം സമരാര്‍ജിത സമ്പത്തുകള്‍ ശേഖരിക്കപ്പെട്ടിരുന്നു. അതില്‍ നിന്ന് ഒരു ചെമന്ന പുതപ്പ് അപ്രത്യക്ഷമായി. അതെടുത്തത് നബിയായിരിക്കും എന്നു മുനാഫിഖുകള്‍ തട്ടിവിട്ടു. അതിന്നു മറുപടിയാണ് ഈ സൂക്തം. സത്യത്തിന്റെയും നീതിയുടെയും കേദാരവും പര്യായവുമായ തിരുമേനി-എന്നല്ല, ഏതൊരു നബിയും-വഞ്ചിക്കുകയോ കബളിപ്പിക്കുകയോ ചെയ്യില്ല, അതു മഹാപാതകമാണ് എന്നാണ് വ്യക്തമാക്കുന്നത്. സത്യവും നീതിയും മനുഷ്യര്‍ക്ക് പഠിപ്പിക്കാന്‍ വരുന്ന പുണ്യാത്മാക്കളായ പ്രവാചകന്മാര്‍ അതേ മനുഷ്യരെ എങ്ങനെ വഞ്ചിക്കും?

فَبِمَا رَحۡمَةٖ مِّنَ ٱللَّهِ لِنتَ لَهُمۡۖ وَلَوۡ كُنتَ فَظًّا غَلِيظَ ٱلۡقَلۡبِ لَٱنفَضُّواْ مِنۡ حَوۡلِكَۖ فَٱعۡفُ عَنۡهُمۡ وَٱسۡتَغۡفِرۡ لَهُمۡ وَشَاوِرۡهُمۡ فِي ٱلۡأَمۡرِۖ فَإِذَا عَزَمۡتَ فَتَوَكَّلۡ عَلَى ٱللَّهِۚ إِنَّ ٱللَّهَ يُحِبُّ ٱلۡمُتَوَكِّلِينَ ۝١٥٩
إِن يَنصُرۡكُمُ ٱللَّهُ فَلَا غَالِبَ لَكُمۡۖ وَإِن يَخۡذُلۡكُمۡ فَمَن ذَا ٱلَّذِي يَنصُرُكُم مِّنۢ بَعۡدِهِۦۗ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ ۝١٦٠
وَمَا كَانَ لِنَبِيٍّ أَن يَغُلَّۚ وَمَن يَغۡلُلۡ يَأۡتِ بِمَا غَلَّ يَوۡمَ ٱلۡقِيَٰمَةِۚ ثُمَّ تُوَفَّىٰ كُلُّ نَفۡسٖ مَّا كَسَبَتۡ وَهُمۡ لَا يُظۡلَمُونَ ۝١٦١
أَفَمَنِ ٱتَّبَعَ رِضۡوَٰنَ ٱللَّهِ كَمَنۢ بَآءَ بِسَخَطٖ مِّنَ ٱللَّهِ وَمَأۡوَىٰهُ جَهَنَّمُۖ وَبِئۡسَ ٱلۡمَصِيرُ ۝١٦٢
هُمۡ دَرَجَٰتٌ عِندَ ٱللَّهِۗ وَٱللَّهُ بَصِيرُۢ بِمَا يَعۡمَلُونَ ۝١٦٣
164–168

സ്വന്തത്തില്‍ നിന്നു തന്നെ ഒരു റസൂലിനെ വിശ്വാസികള്‍ക്ക് നിയോഗിക്കുക വഴി വലിയ അനുഗ്രഹമാണവര്‍ക്ക് അല്ലാഹു ചെയ്തത്. അവര്‍ക്ക് അവിടന്ന് അവന്റെ ആയത്തുകള്‍ ഓതിക്കൊടുക്കുകയും സംസ്‌കാരമുണ്ടാക്കുകയും ഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. അതിനു മുമ്പ് വ്യക്തമായ ദുര്‍മാര്‍ഗത്തില്‍ തന്നെയായിരുന്നു അവര്‍. ഉഹുദില്‍ നിങ്ങള്‍ക്കൊരു ദുരന്തമുണ്ടായപ്പോള്‍-അതിന്റെയിരട്ടി നിങ്ങളവര്‍ക്ക് ബദ്‌റില്‍ വരുത്തിയിരുന്നു-'ഇതെങ്ങനെ സംഭവിച്ചു' എന്നതിശയം കൂറുകയാണോ നിങ്ങള്‍? പറയുക: 'നിങ്ങളുടെ പക്കല്‍ നിന്നു തന്നെയാണിതുണ്ടായത്!' അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനത്രേ. ആ രണ്ടു കക്ഷികള്‍ ഏറ്റുമുട്ടിയ ദിവസം നിങ്ങള്‍ക്കുണ്ടായ ദുരന്തം അല്ലാഹുവിന്റെ വിധിയനുസരിച്ചും സത്യവിശ്വാസികളെയും കപടന്മാരെയും അവന്‍ പ്രത്യക്ഷീഭവിച്ചറിയുന്നതിന്നുമായിരുന്നു. 'നിങ്ങള്‍ വന്ന് ദൈവ സരണിയില്‍ യുദ്ധം ചെയ്യുകയോ ശത്രുവിനെ ചെറുത്തുനില്‍ക്കുകയെങ്കിലുമോ ചെയ്യൂ' എന്നാവശ്യപ്പെട്ടാല്‍, യുദ്ധമുണ്ടാകുമെന്നുറപ്പുണ്ടായിരുന്നെങ്കില്‍ നിങ്ങളൊന്നിച്ച് ഞങ്ങളും വന്നേനെ എന്നവര്‍ തട്ടിവിടും.36
വിശ്വാസത്തേക്കാളേറെ അവര്‍ക്ക് സത്യനിഷേധത്തോടായിരുന്നു ഏറ്റമടുപ്പം. മനസ്സിലുള്ളതല്ല വായകൊണ്ടവര്‍ പറയുന്നത്. അവര്‍ മറച്ചുവെക്കുന്നത് അല്ലാഹു നന്നായറിയും. സ്വഗൃഹങ്ങളിലിരിക്കുകയും അടരാടാന്‍ പോയ കൂട്ടുകാരെപ്പറ്റി 'ഞങ്ങളെയനുസരിച്ചിരുന്നെങ്കില്‍ അവര്‍ വധിക്കപ്പെടില്ലായിരുന്നു' എന്നു ജല്‍പിക്കുകയും ചെയ്യുന്നവരാണ് കപടന്മാര്‍. താങ്കള്‍ അവരോടു പറയുക: നിങ്ങള്‍ സത്യവാദികളാണെങ്കില്‍ സ്വശരീരത്തില്‍ നിന്നു മരണത്തെ പ്രതിരോധിച്ചു നിറുത്തുക!

1 വിശദീകരണം കാണുക

36. യുദ്ധത്തിലേക്കു ക്ഷണമുണ്ടാകുമ്പോള്‍ എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുക കപടവിശ്വാസികളുടെ സ്ഥിരം സ്വഭാവമായിരുന്നു. ഏറ്റുമുട്ടലൊന്നുമുണ്ടാകില്ല, പിന്നെയെന്തിന്നു ഞങ്ങള്‍ വരണം എന്നാണ് പലപ്പോഴുമവര്‍ പറയുക. 'ലൗ നഅ്‌ലമു ഖിതാലന്‍' എന്ന വാക്യാംശത്തിന്നു ഞങ്ങള്‍ക്ക് യുദ്ധ പരിചയവും പാടവവുമുണ്ടായിരുന്നെങ്കില്‍ നിങ്ങളൊന്നിച്ചു വരുമായിരുന്നു എന്നും അര്‍ത്ഥമാകാവുന്നതാണ്. എന്നാല്‍ ഗനീമത്തു വിഭജിക്കുമ്പോള്‍ അവര്‍ മുമ്പിലുണ്ടാവുകയും ഓഹരികള്‍ ചോദിച്ചു വങ്ങുകയും ചെയ്യും.

لَقَدۡ مَنَّ ٱللَّهُ عَلَى ٱلۡمُؤۡمِنِينَ إِذۡ بَعَثَ فِيهِمۡ رَسُولٗا مِّنۡ أَنفُسِهِمۡ يَتۡلُواْ عَلَيۡهِمۡ ءَايَٰتِهِۦ وَيُزَكِّيهِمۡ وَيُعَلِّمُهُمُ ٱلۡكِتَٰبَ وَٱلۡحِكۡمَةَ وَإِن كَانُواْ مِن قَبۡلُ لَفِي ضَلَٰلٖ مُّبِينٍ ۝١٦٤
أَوَلَمَّآ أَصَٰبَتۡكُم مُّصِيبَةٞ قَدۡ أَصَبۡتُم مِّثۡلَيۡهَا قُلۡتُمۡ أَنَّىٰ هَٰذَاۖ قُلۡ هُوَ مِنۡ عِندِ أَنفُسِكُمۡۗ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ۝١٦٥
وَمَآ أَصَٰبَكُمۡ يَوۡمَ ٱلۡتَقَى ٱلۡجَمۡعَانِ فَبِإِذۡنِ ٱللَّهِ وَلِيَعۡلَمَ ٱلۡمُؤۡمِنِينَ ۝١٦٦
وَلِيَعۡلَمَ ٱلَّذِينَ نَافَقُواْۚ وَقِيلَ لَهُمۡ تَعَالَوۡاْ قَٰتِلُواْ فِي سَبِيلِ ٱللَّهِ أَوِ ٱدۡفَعُواْۖ قَالُواْ لَوۡ نَعۡلَمُ قِتَالٗا لَّٱتَّبَعۡنَٰكُمۡۗ هُمۡ لِلۡكُفۡرِ يَوۡمَئِذٍ أَقۡرَبُ مِنۡهُمۡ لِلۡإِيمَٰنِۚ يَقُولُونَ بِأَفۡوَٰهِهِم مَّا لَيۡسَ فِي قُلُوبِهِمۡۚ وَٱللَّهُ أَعۡلَمُ بِمَا يَكۡتُمُونَ ۝١٦٧
ٱلَّذِينَ قَالُواْ لِإِخۡوَٰنِهِمۡ وَقَعَدُواْ لَوۡ أَطَاعُونَا مَا قُتِلُواْۗ قُلۡ فَٱدۡرَءُواْ عَنۡ أَنفُسِكُمُ ٱلۡمَوۡتَ إِن كُنتُمۡ صَٰدِقِينَ ۝١٦٨
169–171

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെപ്പറ്റി മരിച്ചവരാണെന്നു നിങ്ങള്‍ വിചാരിക്കരുത്; തങ്ങളുടെ നാഥങ്കല്‍ ജീവിച്ചിരിക്കുന്നവരും ഭക്ഷണം നല്‍കപ്പെടുന്നവരും തന്റെ ഔദാര്യത്തില്‍ നിന്നു അല്ലാഹു നല്‍കിയതില്‍ സന്തോഷിച്ചു കൊണ്ടിരിക്കുന്നവരുമാണവര്‍. തങ്ങളൊന്നിച്ചു വന്നുചേരാത്തവരും തങ്ങളുടെ പിന്നില്‍ ഭൗതികലോകത്തുള്ളവരുമായ കൂട്ടുകാരെപ്പറ്റി 'അവര്‍ക്ക് ഭയപ്പെടാനോ ദുഃഖിക്കാനോ ഒട്ടുമില്ലെ'ന്നോര്‍ത്ത് ഇവര്‍ സായൂജ്യമടയുകയാണ്. അല്ലാഹു സത്യവിശ്വാസികളുടെ പ്രതിഫലം പാഴാക്കുകയില്ല എന്നതിലും അവങ്കല്‍ നിന്നുള്ള അനുഗ്രഹവും ഔദാര്യവും ലഭിക്കുന്നതിനാലും ആനന്ദം കൊള്ളുകയാണവര്‍.37

1 വിശദീകരണം കാണുക

37. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിച്ച മഹാത്മാക്കളെപ്പറ്റിയുള്ള ഇസ്‌ലാമിന്റെ ഖണ്ഡിതവീക്ഷണം ഈ ആയത്തില്‍ അനാവൃതമായിരിക്കുന്നു. (അല്‍ ബഖറ 154ലും ഇതു പറഞ്ഞിട്ടുണ്ട്.) എന്നിട്ടും ഇതുള്‍ക്കൊള്ളാനാകാത്ത ബലഹീന വിശ്വാസികളെ ധാരാളം കാണാം. വിശദീകരണങ്ങള്‍ ഖുര്‍ആന്‍ തന്നിട്ടില്ലല്ലോ എന്ന തുരുപ്പുശീട്ടും അവര്‍ വശമുണ്ടാകും. എന്നാല്‍ ഖുര്‍ആന്റെ വ്യാഖ്യാതാവായ റസൂല്‍(സ്വ) ഇതു സംബന്ധിച്ച ധാരാളം വിവരണങ്ങള്‍ നല്‍കിയിട്ടുണ്ട്. ചില പക്ഷികളുടെ ഉള്ളിലായി ശുഹദാക്കളുടെ ആത്മാക്കള്‍ ജീവിക്കുന്നതായും തിന്നുകയും കുടിക്കുകയും ആഹ്ലാദിക്കുകയുമൊക്കെ ചെയ്യുന്നതായും ഹദീസുകളില്‍ കാണാം. അല്ലാഹുവിന്റെ മഹച്ഛക്തിയില്‍ നാമെന്തിനു സംശയിക്കണം?

وَلَا تَحۡسَبَنَّ ٱلَّذِينَ قُتِلُواْ فِي سَبِيلِ ٱللَّهِ أَمۡوَٰتَۢاۚ بَلۡ أَحۡيَآءٌ عِندَ رَبِّهِمۡ يُرۡزَقُونَ ۝١٦٩
فَرِحِينَ بِمَآ ءَاتَىٰهُمُ ٱللَّهُ مِن فَضۡلِهِۦ وَيَسۡتَبۡشِرُونَ بِٱلَّذِينَ لَمۡ يَلۡحَقُواْ بِهِم مِّنۡ خَلۡفِهِمۡ أَلَّا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ ۝١٧٠
۞ يَسۡتَبۡشِرُونَ بِنِعۡمَةٖ مِّنَ ٱللَّهِ وَفَضۡلٖ وَأَنَّ ٱللَّهَ لَا يُضِيعُ أَجۡرَ ٱلۡمُؤۡمِنِينَ ۝١٧١
172–175

ഉഹുദില്‍ പരിക്കേറ്റ ശേഷവും അല്ലാഹുവിന്നും റസൂലിന്നും ഉത്തരം ചെയ്തവര്‍ ആരോ, അവരില്‍ സൂക്ഷ്മജീവിതം നയിക്കുകയും പുണ്യമനുവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്. 'ആളുകള്‍ നിങ്ങളെ നേരിടാന്‍ സൈന്യശേഖരണം നടത്തിയിരിക്കുന്നു, അതിനാല്‍ അവരെ പേടിക്കണം' എന്നു ചിലര്‍ പ്രചരിപ്പിച്ചപ്പോള്‍ വിശ്വാസം വര്‍ധമാനമാവുകയും 'ഞങ്ങള്‍ക്കു പടച്ചവന്‍ മതി, കാര്യങ്ങള്‍ ഭരമേല്‍പിക്കാന്‍ അവനാണുത്തമന്‍' എന്നു പ്രതികരിക്കുകയും ചെയ്തവരാണവര്‍. അങ്ങനെ അവങ്കല്‍ നിന്നുള്ള അനുഗ്രഹവും ഔദാര്യവുമായി, യാതൊരു ദൂഷ്യവും സ്പര്‍ശിക്കാതെ അവര്‍ തിരിച്ചെത്തുകയും അവന്റെ സംതൃപ്തി അവരനുധാവനം ചെയ്യുകയുമുണ്ടായി38
അല്ലാഹു ഏറെ ഔദാര്യനത്രേ. ആ സൂത്രധാരകന്‍ പിശാചാകുന്നു; തന്റെ മിത്രങ്ങളെപ്പറ്റി നിങ്ങളെയവന്‍ ഭീഷണിപ്പെടുത്തുകയാണ്; അതിനാല്‍ അവരെ പേടിക്കരുത്; എന്നെ ഭയപ്പെടുക-നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍.

1 വിശദീകരണം കാണുക

38. ഉഹുദ് യുദ്ധം സമാപിച്ച് ശത്രുക്കള്‍ മക്കയിലേക്ക് തിരിക്കുന്നതേയുള്ളൂ, അപ്പോഴാണ് തങ്ങള്‍ക്ക് അക്കിടി പറ്റിയെന്ന ഒരു ചര്‍ച്ച അവരില്‍ ഉടലെടുക്കുന്നത്. മുഹമ്മദിനെയും തുച്ഛം അനുയായികളെയും ഉന്മൂലനം ചെയ്യാനുള്ള സുവര്‍ണാവസരം നാം നഷ്ടപ്പെടുത്തി എന്ന കുറ്റബോധം അവര്‍ക്കുണ്ടായി. അതുകൊണ്ട് മദീനയിലേക്കു തന്നെ തിരിച്ചുപോയി യുദ്ധം ചെയ്യാന്‍ അവരാലോചിച്ചു. ഈ വിവരമറിഞ്ഞ നബി(സ്വ) സ്വഹാബികളെ വിളിച്ചുകൂട്ടി കാര്യം പറഞ്ഞു. അവരെ നേരിടാനായി മദീനയില്‍ നിന്നു പതിമൂന്നു കിലോമീറ്റര്‍ ദൂരെയുള്ള ഹംറാഉല്‍ അസദ് എന്ന സ്ഥലം വരെ സ്വഹാബികള്‍ പോയി. എന്നാല്‍ വിവരം മണത്തറിഞ്ഞ ശത്രു രക്ഷപ്പെട്ടു കളഞ്ഞിരുന്നു. മുസ്‌ലിംകളാകട്ടെ, ആഹ്ലാദഭരിതരും ജേതാക്കളുമായി തിരിച്ചെത്തി. ഈ സംഭവമാണിവിടെ സൂചിപ്പിക്കുന്നത്. ഉഹുദ് കഴിഞ്ഞപ്പോള്‍ അബൂസുഫ്‌യാന്‍ ഉയര്‍ത്തിയ വെല്ലുവിളി സ്വീകരിച്ച് അടുത്ത കൊല്ലം ബദ്‌റിലേക്കു പോയ സംഭവമാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നതെന്നാണ് ചിലരുടെ അഭിപ്രായം.

ٱلَّذِينَ ٱسۡتَجَابُواْ لِلَّهِ وَٱلرَّسُولِ مِنۢ بَعۡدِ مَآ أَصَابَهُمُ ٱلۡقَرۡحُۚ لِلَّذِينَ أَحۡسَنُواْ مِنۡهُمۡ وَٱتَّقَوۡاْ أَجۡرٌ عَظِيمٌ ۝١٧٢
ٱلَّذِينَ قَالَ لَهُمُ ٱلنَّاسُ إِنَّ ٱلنَّاسَ قَدۡ جَمَعُواْ لَكُمۡ فَٱخۡشَوۡهُمۡ فَزَادَهُمۡ إِيمَٰنٗا وَقَالُواْ حَسۡبُنَا ٱللَّهُ وَنِعۡمَ ٱلۡوَكِيلُ ۝١٧٣
فَٱنقَلَبُواْ بِنِعۡمَةٖ مِّنَ ٱللَّهِ وَفَضۡلٖ لَّمۡ يَمۡسَسۡهُمۡ سُوٓءٞ وَٱتَّبَعُواْ رِضۡوَٰنَ ٱللَّهِۗ وَٱللَّهُ ذُو فَضۡلٍ عَظِيمٍ ۝١٧٤
إِنَّمَا ذَٰلِكُمُ ٱلشَّيۡطَٰنُ يُخَوِّفُ أَوۡلِيَآءَهُۥ فَلَا تَخَافُوهُمۡ وَخَافُونِ إِن كُنتُم مُّؤۡمِنِينَ ۝١٧٥
176–178

സത്യനിഷേധത്തിലേക്ക് കൂപ്പുകുത്തുന്നവര്‍ താങ്കളെ വ്യാകുലപ്പെടുത്തിക്കളയരുത്; അല്ലാഹുവിന്ന് ഒരു ദ്രോഹവുമേല്‍പിക്കാന്‍ അവര്‍ക്കാവില്ല തന്നെ. പരലോകത്ത് അവര്‍ക്കൊരു വിഹിതവും നല്‍കരുതെന്നാണ് അവന്റെയുദ്ദേശ്യം. കഠിന ശിക്ഷയാണവര്‍ക്കുണ്ടാവുക. വിശ്വാസം വിറ്റു നിഷേധം കൊണ്ടവര്‍ക്ക് അല്ലാഹുവിനെ ഒട്ടുമേ ദ്രോഹിക്കാനാകില്ല. വേദനാജനകമായ ശിക്ഷയാണവര്‍ക്കുണ്ടാവുക. നാം അവധി നീട്ടിക്കൊടുക്കുന്നു എന്നത് തങ്ങളുടെ നന്മക്കാണെന്നു സത്യനിഷേധികള്‍ ധരിക്കാതിരിക്കട്ടെ. ദോഷങ്ങള്‍ വര്‍ധിപ്പിക്കാനായി മാത്രമാണ് നാമവര്‍ക്ക് സമയം ദീര്‍ഘിപ്പിച്ചു നല്‍കുന്നത്. അവര്‍ക്ക് അപമാനകരമായ ശിക്ഷയുണ്ട്39

1 വിശദീകരണം കാണുക

39. അല്ലാഹുവിനെ ധിക്കരിച്ചും നിഷേധിച്ചും വെല്ലുവിളിച്ചുമൊക്കെ ജീവിക്കുന്ന ദുര്‍നടപ്പുകാരെ പരീക്ഷണാര്‍ത്ഥം അവന്‍ വീണ്ടും പിന്തുണച്ചു കൊണ്ടിരിക്കും. ഇതവര്‍ക്കനുകൂലമോ ഗുണകരമോ ആവില്ല. മറിച്ച് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനും അതുവഴി കൂടുതല്‍ ശിക്ഷക്ക് പാത്രീഭൂതരാകാനും നിമിത്തമാവുക മാത്രമാകും ഫലം.

وَلَا يَحۡزُنكَ ٱلَّذِينَ يُسَٰرِعُونَ فِي ٱلۡكُفۡرِۚ إِنَّهُمۡ لَن يَضُرُّواْ ٱللَّهَ شَيۡـٔٗاۚ يُرِيدُ ٱللَّهُ أَلَّا يَجۡعَلَ لَهُمۡ حَظّٗا فِي ٱلۡأٓخِرَةِۖ وَلَهُمۡ عَذَابٌ عَظِيمٌ ۝١٧٦
إِنَّ ٱلَّذِينَ ٱشۡتَرَوُاْ ٱلۡكُفۡرَ بِٱلۡإِيمَٰنِ لَن يَضُرُّواْ ٱللَّهَ شَيۡـٔٗاۖ وَلَهُمۡ عَذَابٌ أَلِيمٞ ۝١٧٧
وَلَا يَحۡسَبَنَّ ٱلَّذِينَ كَفَرُوٓاْ أَنَّمَا نُمۡلِي لَهُمۡ خَيۡرٞ لِّأَنفُسِهِمۡۚ إِنَّمَا نُمۡلِي لَهُمۡ لِيَزۡدَادُوٓاْ إِثۡمٗاۖ وَلَهُمۡ عَذَابٞ مُّهِينٞ ۝١٧٨
179–180

നിങ്ങളുടെ വര്‍ത്തമാനകാലാവസ്ഥയില്‍-നല്ലതില്‍ നിന്നു ദുഷിച്ചതിനെ വേര്‍തിരിക്കുംവരെ-സത്യവിശ്വാസികളെ അല്ലാഹു വിടുകയില്ല. അദൃശ്യങ്ങള്‍ നിങ്ങള്‍ക്കവന്‍ വെളിപ്പെടുത്തുക എന്നതും സംഭവിക്കില്ല. എങ്കിലും തന്റെ ദൂതരില്‍ നിന്നു ഉദ്ദേശിക്കുന്നവരെ അവന്‍ പ്രത്യേകം തെരഞ്ഞെടുക്കുന്നു. അതിനാല്‍ അവനിലും ദൂതന്മാരിലും വിശ്വാസമര്‍പ്പിക്കുക. നിങ്ങള്‍ സത്യവിശ്വാസികളാവുകയും സൂക്ഷ്മതപാലിക്കുകയും ചെയ്യുന്നുവെങ്കില്‍ മഹത്തായ പ്രതിഫലമുണ്ടായിരിക്കും. തന്റെ ഔദാര്യത്തില്‍ നിന്നു അല്ലാഹു നല്‍കിയതില്‍ പിശുക്കു കാണിക്കുന്നവര്‍ അതു ഗുണകരമാണെന്നു ധരിച്ചു പോകാതിരിക്കട്ടെ; പ്രത്യുത വമ്പിച്ച ദോഷമാണത്. ആ ലുബ്ധിച്ച വസ്തു അന്ത്യനാളിലവര്‍ക്ക് കണ്ഠാഭരണമായി ചാര്‍ത്തപ്പെടും40
ഭുവന-വാനങ്ങളുടെ അനന്തരാവകാശം അല്ലാഹുവിന്നു മാത്രമാണ്. നിങ്ങളുടെ ചെയ്തികള്‍ സൂക്ഷ്മമായറിയുന്നവനാണവന്‍.

1 വിശദീകരണം കാണുക

40. മനുഷ്യന്റെ കൈവശമുള്ള ധനം അല്ലാഹുവിന്റേതാണ്. അവന്റെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കിയാണത് ചെലവു ചെയ്യേണ്ടത്. കല്‍പിക്കപ്പെട്ട മാര്‍ഗങ്ങളില്‍ ചെലവഴിക്കാതെ പിശുക്കുകാട്ടുന്നവര്‍ക്ക് ഗുരുതരമായ ശിക്ഷയാണ് പരലോകത്തുണ്ടാവുക.

مَّا كَانَ ٱللَّهُ لِيَذَرَ ٱلۡمُؤۡمِنِينَ عَلَىٰ مَآ أَنتُمۡ عَلَيۡهِ حَتَّىٰ يَمِيزَ ٱلۡخَبِيثَ مِنَ ٱلطَّيِّبِۗ وَمَا كَانَ ٱللَّهُ لِيُطۡلِعَكُمۡ عَلَى ٱلۡغَيۡبِ وَلَٰكِنَّ ٱللَّهَ يَجۡتَبِي مِن رُّسُلِهِۦ مَن يَشَآءُۖ فَـَٔامِنُواْ بِٱللَّهِ وَرُسُلِهِۦۚ وَإِن تُؤۡمِنُواْ وَتَتَّقُواْ فَلَكُمۡ أَجۡرٌ عَظِيمٞ ۝١٧٩
وَلَا يَحۡسَبَنَّ ٱلَّذِينَ يَبۡخَلُونَ بِمَآ ءَاتَىٰهُمُ ٱللَّهُ مِن فَضۡلِهِۦ هُوَ خَيۡرٗا لَّهُمۖ بَلۡ هُوَ شَرّٞ لَّهُمۡۖ سَيُطَوَّقُونَ مَا بَخِلُواْ بِهِۦ يَوۡمَ ٱلۡقِيَٰمَةِۗ وَلِلَّهِ مِيرَٰثُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٞ ۝١٨٠
181–184

ഞങ്ങള്‍ സമ്പന്നരും അല്ലാഹു ദരിദ്രനുമാണ് എന്നു ജല്‍പിച്ചവരുടെ പ്രസ്താവം അവന്‍ കേള്‍ക്കുക തന്നെ ചെയ്തിരിക്കുന്നു41
അവര്‍ ആ ജല്‍പിച്ചതും ന്യായരഹിതമായി പ്രവാചകരെ കൊന്നു കളഞ്ഞതും നാം രേഖപ്പെടുത്തും; 'കത്തിജ്ജ്വലിക്കുന്ന നരകശിക്ഷ നിങ്ങളാസ്വദിച്ചു കൊള്ളുക' എന്നു നാം ഉത്തരവിടുന്നതാണ്. നിങ്ങളുടെ സ്വന്തം കരങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍ ഫലമായാണത്. അല്ലാഹു തന്റെ അടിമകളോട് ഒട്ടുമേ അനീതി ചെയ്യില്ല. 'ഒരു ബലിയര്‍പ്പിച്ചു കാണിച്ച് അതിനെ ഒരു വാനാഗ്നി വിഴുങ്ങിയാലല്ലാതെ ഒരു റസൂലിനെയും വിശ്വസിക്കേണ്ട' എന്നു അല്ലാഹു ഞങ്ങളോടു കല്‍പിച്ചിട്ടുണ്ടെന്നു തട്ടിവിട്ടവരാണിക്കൂട്ടര്‍. ചോദിക്കുക: ദിവ്യ ദൃഷ്ടാന്തങ്ങളും നിങ്ങളാവശ്യപ്പെട്ടതുമെല്ലാമായി എനിക്കു മുമ്പേ പല ദൂതരും വന്നിരുന്നുവല്ലോ, എന്നിട്ട് നിങ്ങളവരെ കശാപ്പു ചെയ്തതെന്തിനാണ്-നിങ്ങള്‍ സത്യവാദികളാണെങ്കില്‍? നബിയേ, അങ്ങയെ അവര്‍ നിഷേധിച്ചുവെങ്കില്‍ സാരമില്ല; സ്പഷ്ടദൃഷ്ടാന്തങ്ങളും ഏടുകളും പ്രകാശക ഗ്രന്ഥവും കൊണ്ട് താങ്കള്‍ക്കു മുമ്പു വന്ന പല ദൂതരും നിഷേധിക്കപ്പെട്ടിട്ടുണ്ട്42

2 വിശദീകരണങ്ങൾ കാണുക

41. അല്ലാഹുവിന്നു കടം നല്‍കാന്‍ ആരുണ്ട് എന്ന് ദാന ധര്‍മങ്ങളെയുദ്ദേശിച്ച് ഖുര്‍ആന്‍ ചോദിച്ചു. പരലോകത്ത് അത് തിരിച്ചുകിട്ടും എന്ന ഉദ്ദേശ്യത്തിലാണ് ആ പ്രയോഗം. പക്ഷേ ജൂതന്മാര്‍ അതൊരു കോമാളിത്തമായിക്കാണുകയും പരിഹസിക്കുകയും ചെയ്തു. പടച്ചവന്‍ ദരിദ്രനായത് കൊണ്ടാണ് കടം ചോദിക്കുന്നത് എന്നവര്‍ തട്ടിവിട്ടു. അതാണ് പശ്ചാത്തലം.

42. നബിതിരുമേനി(സ്വ)ക്കുള്ള സാന്ത്വനമാണ്. നിഷേധികളും ബഹുദൈവാരാധകരും പ്രവാചകരെ തള്ളിക്കളഞ്ഞത് ചരിത്രത്തിലുടനീളം കാണാം. അവരാവശ്യപ്പെട്ട ദൃഷ്ടാന്തങ്ങളെല്ലാം കാണിച്ചു കൊടുത്തിട്ടും സത്യവിശ്വാസം കൈക്കൊള്ളാന്‍ ആ ധിക്കാരികള്‍ തയ്യാറായില്ല.

لَّقَدۡ سَمِعَ ٱللَّهُ قَوۡلَ ٱلَّذِينَ قَالُوٓاْ إِنَّ ٱللَّهَ فَقِيرٞ وَنَحۡنُ أَغۡنِيَآءُۘ سَنَكۡتُبُ مَا قَالُواْ وَقَتۡلَهُمُ ٱلۡأَنۢبِيَآءَ بِغَيۡرِ حَقّٖ وَنَقُولُ ذُوقُواْ عَذَابَ ٱلۡحَرِيقِ ۝١٨١
ذَٰلِكَ بِمَا قَدَّمَتۡ أَيۡدِيكُمۡ وَأَنَّ ٱللَّهَ لَيۡسَ بِظَلَّامٖ لِّلۡعَبِيدِ ۝١٨٢
ٱلَّذِينَ قَالُوٓاْ إِنَّ ٱللَّهَ عَهِدَ إِلَيۡنَآ أَلَّا نُؤۡمِنَ لِرَسُولٍ حَتَّىٰ يَأۡتِيَنَا بِقُرۡبَانٖ تَأۡكُلُهُ ٱلنَّارُۗ قُلۡ قَدۡ جَآءَكُمۡ رُسُلٞ مِّن قَبۡلِي بِٱلۡبَيِّنَٰتِ وَبِٱلَّذِي قُلۡتُمۡ فَلِمَ قَتَلۡتُمُوهُمۡ إِن كُنتُمۡ صَٰدِقِينَ ۝١٨٣
فَإِن كَذَّبُوكَ فَقَدۡ كُذِّبَ رُسُلٞ مِّن قَبۡلِكَ جَآءُو بِٱلۡبَيِّنَٰتِ وَٱلزُّبُرِ وَٱلۡكِتَٰبِ ٱلۡمُنِيرِ ۝١٨٤
185–186

ഏതൊരു ശരീരവും മരണം രുചി നോക്കും. അന്ത്യനാളില്‍ നിങ്ങള്‍ക്കു കൂലി പൂര്‍ണമായി നല്‍കപ്പെടുന്നതാണ്. ആരൊരാള്‍ അന്നു നരകത്തില്‍ നിന്നു ദൂരീകരിക്കപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തുവോ, അവന്‍ വിജയിക്കുക തന്നെ ചെയ്തു. കബളിപ്പിക്കുന്ന ഒരു വിഭവം മാത്രമത്രേ ഭൗതികജീവിതം! നിങ്ങള്‍ സ്വശരീരങ്ങളിലും സമ്പത്തുക്കളിലും പരീക്ഷിക്കപ്പെടുന്നതും നേരത്തെ വേദം നല്‍കപ്പെട്ടവരിലും ബഹുദൈവവിശ്വാസികളിലും നിന്ന് ഒട്ടേറെ കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടിവരുന്നതുമാണ്. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മതപുലര്‍ത്തുകയും ചെയ്യുന്നുവെങ്കില്‍ അതു നിശ്ചയ ദാര്‍ഢ്യത്തിന്റെ കാര്യങ്ങളില്‍ പെട്ടതു തന്നെയാകുന്നു.

كُلُّ نَفۡسٖ ذَآئِقَةُ ٱلۡمَوۡتِۗ وَإِنَّمَا تُوَفَّوۡنَ أُجُورَكُمۡ يَوۡمَ ٱلۡقِيَٰمَةِۖ فَمَن زُحۡزِحَ عَنِ ٱلنَّارِ وَأُدۡخِلَ ٱلۡجَنَّةَ فَقَدۡ فَازَۗ وَمَا ٱلۡحَيَوٰةُ ٱلدُّنۡيَآ إِلَّا مَتَٰعُ ٱلۡغُرُورِ ۝١٨٥
۞ لَتُبۡلَوُنَّ فِيٓ أَمۡوَٰلِكُمۡ وَأَنفُسِكُمۡ وَلَتَسۡمَعُنَّ مِنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ مِن قَبۡلِكُمۡ وَمِنَ ٱلَّذِينَ أَشۡرَكُوٓاْ أَذٗى كَثِيرٗاۚ وَإِن تَصۡبِرُواْ وَتَتَّقُواْ فَإِنَّ ذَٰلِكَ مِنۡ عَزۡمِ ٱلۡأُمُورِ ۝١٨٦
187–189

വേദം നല്‍കപ്പെട്ടവരോട്, നിങ്ങളത് ആളുകള്‍ക്ക് വിവരിച്ചുകൊടുക്കുകയും മറച്ചുവെക്കാതിരിക്കുകയും ചെയ്യണമെന്നു അല്ലാഹു ഉടമ്പടി ചെയ്തതനുസ്മരിക്കുക. എന്നിട്ട് അവരതഗണ്യ കോടിയില്‍ തള്ളുകയും തുച്ഛ വിലക്കു വില്‍ക്കുകയുമുണ്ടായി. അവര്‍ വാങ്ങിയത് എത്ര ഹീനം! തങ്ങള്‍ ചെയ്തതില്‍ സന്തോഷിക്കുകയും അനുവര്‍ത്തിക്കാത്തതിന്റെ പേരില്‍ അനുമോദിക്കപ്പെടാനിഷ്ടപ്പെടുകയും ചെയ്യുന്നവരെപ്പറ്റി, ശിക്ഷയില്‍ നിന്നു രക്ഷപ്പെട്ടവരാണവരെന്ന് താങ്കള്‍ ഒട്ടുമേ വിചാരിക്കേണ്ട; വേദനയുറ്റ ശിക്ഷയുണ്ടവര്‍ക്ക്43
ഭുവന-വാനങ്ങളുടെ ആധിപത്യം അല്ലാഹുവിനാണ്. എല്ലാ കാര്യത്തിനും കഴിവുറ്റവനത്രേ അവന്‍.

1 വിശദീകരണം കാണുക

43. ജൂതന്മാരുടെയും കപടവിശ്വാസികളുടെയും മുഖമുദ്രയായിരുന്നു ഇത്. എന്നാല്‍ ഈ സ്വഭാവമുള്ളവര്‍ക്കെല്ലാം ഇതു ബാധകമാണ്. സത്യം മറച്ചുവെച്ചും അസത്യം പ്രചരിപ്പിച്ചും ചിലര്‍ ജനങ്ങളെ കബളിപ്പിക്കും. അതില്‍ ആത്മനിര്‍വൃതിയും അഭിമാനവും സന്തോഷവും കണ്ടെത്തും; ജനങ്ങളുടെ അനുമോദനങ്ങളും സ്വീകരണങ്ങളും ഏറ്റുവാങ്ങും......... കഠിന ശിക്ഷയാണവര്‍ക്കുള്ളതെന്ന് അല്ലാഹു വ്യക്തമാക്കുന്നു. സത്യനിഷ്ഠയും ഹൃദയവിശുദ്ധിയുമുള്ള ആളുകള്‍ പൊങ്ങച്ചം ഇഷ്ടപ്പെടുകയോ അവനവന്‍ ചെയ്തിട്ടില്ലാത്ത കാര്യങ്ങളുടെ പേരില്‍ അനുമോദിക്കപ്പെടാനും പ്രകീര്‍ത്തിക്കപ്പെടാനും ആഗ്രഹിക്കുകയോ ചെയ്യില്ലല്ലോ.

وَإِذۡ أَخَذَ ٱللَّهُ مِيثَٰقَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ لَتُبَيِّنُنَّهُۥ لِلنَّاسِ وَلَا تَكۡتُمُونَهُۥ فَنَبَذُوهُ وَرَآءَ ظُهُورِهِمۡ وَٱشۡتَرَوۡاْ بِهِۦ ثَمَنٗا قَلِيلٗاۖ فَبِئۡسَ مَا يَشۡتَرُونَ ۝١٨٧
لَا تَحۡسَبَنَّ ٱلَّذِينَ يَفۡرَحُونَ بِمَآ أَتَواْ وَّيُحِبُّونَ أَن يُحۡمَدُواْ بِمَا لَمۡ يَفۡعَلُواْ فَلَا تَحۡسَبَنَّهُم بِمَفَازَةٖ مِّنَ ٱلۡعَذَابِۖ وَلَهُمۡ عَذَابٌ أَلِيمٞ ۝١٨٨
وَلِلَّهِ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٌ ۝١٨٩
190–194

ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറി മാറി വരുന്നതിലും ബുദ്ധിയുള്ളവര്‍ക്കു ധാരാളം അദ്ഭുത ദൃഷ്ടാന്തങ്ങളുണ്ട്. നിന്നും ഇരുന്നും കിടന്നുമൊക്കെ അല്ലാഹുവിനെ സ്മരിക്കുന്നവരാണവര്‍. ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെപ്പറ്റിയവര്‍ ചിന്തിച്ചുകൊണ്ടിരിക്കും-'നാഥാ, ഇതൊന്നും നീ വെറുതെ പടച്ചതല്ല. ഞങ്ങളിതാ നിന്റെ വിശുദ്ധി പ്രകീര്‍ത്തിക്കുന്നു. നരക ശിക്ഷയില്‍ നിന്നു ഞങ്ങളെ കാക്കേണമേ. നീയൊരാളെ നരകത്തില്‍ പ്രവേശിപ്പിച്ചുവെങ്കില്‍ അയാളെ നിന്ദിക്കുക തന്നെ ചെയ്തു. അക്രമികള്‍ക്കു സഹായികളായി ആരും ഇല്ല തന്നെ. റബ്ബേ, സത്യവിശ്വാസത്തിലേക്കുള്ള പ്രബോധക വിളിയാളം, 'നിങ്ങള്‍ വിശ്വസിക്കൂ' എന്ന ക്ഷണം ഞങ്ങള്‍ ശ്രവിച്ചു. തത്സമയം ഞങ്ങള്‍ വിശ്വാസം കൈക്കൊണ്ടു. അതിനാല്‍ നാഥാ, ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും തിന്മകള്‍ മാപ്പാക്കിത്തരികയും പുണ്യാത്മാക്കളില്‍ ചേര്‍ത്തു മരിപ്പിക്കുകയും ചെയ്യേണമേ. ദൂതന്മാരിലൂടെയുള്ള നിന്റെ വാഗ്ദത്തനേട്ടം ഞങ്ങള്‍ക്കു നല്‍കേണമേ. പുനരുത്ഥാനദിനം ഞങ്ങളെ അപമാനിക്കരുതേ. നീ വാഗ്ദാനം ലംഘിക്കുകയില്ല തന്നെ.'

إِنَّ فِي خَلۡقِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱخۡتِلَٰفِ ٱلَّيۡلِ وَٱلنَّهَارِ لَأٓيَٰتٖ لِّأُوْلِي ٱلۡأَلۡبَٰبِ ۝١٩٠
ٱلَّذِينَ يَذۡكُرُونَ ٱللَّهَ قِيَٰمٗا وَقُعُودٗا وَعَلَىٰ جُنُوبِهِمۡ وَيَتَفَكَّرُونَ فِي خَلۡقِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ رَبَّنَا مَا خَلَقۡتَ هَٰذَا بَٰطِلٗا سُبۡحَٰنَكَ فَقِنَا عَذَابَ ٱلنَّارِ ۝١٩١
رَبَّنَآ إِنَّكَ مَن تُدۡخِلِ ٱلنَّارَ فَقَدۡ أَخۡزَيۡتَهُۥۖ وَمَا لِلظَّٰلِمِينَ مِنۡ أَنصَارٖ ۝١٩٢
رَّبَّنَآ إِنَّنَا سَمِعۡنَا مُنَادِيٗا يُنَادِي لِلۡإِيمَٰنِ أَنۡ ءَامِنُواْ بِرَبِّكُمۡ فَـَٔامَنَّاۚ رَبَّنَا فَٱغۡفِرۡ لَنَا ذُنُوبَنَا وَكَفِّرۡ عَنَّا سَيِّـَٔاتِنَا وَتَوَفَّنَا مَعَ ٱلۡأَبۡرَارِ ۝١٩٣
رَبَّنَا وَءَاتِنَا مَا وَعَدتَّنَا عَلَىٰ رُسُلِكَ وَلَا تُخۡزِنَا يَوۡمَ ٱلۡقِيَٰمَةِۖ إِنَّكَ لَا تُخۡلِفُ ٱلۡمِيعَادَ ۝١٩٤
195

തത്സമയം തങ്ങളുടെ നാഥന്‍ അവരോടു പ്രതികരിച്ചു: പുരുഷനോ സ്ത്രീയോ ആകട്ടെ, നിങ്ങളില്‍ ഒരു പ്രവര്‍ത്തകന്റെ കര്‍മവും ഞാന്‍ ഫലശൂന്യമാക്കില്ലതന്നെ. നിങ്ങളെല്ലാം ഒരേ വര്‍ഗമാണല്ലോ. അതുകൊണ്ട് ആദര്‍ശ സംരക്ഷണാര്‍ത്ഥം പലായനം ചെയ്യുകയും സ്വഗൃഹങ്ങളില്‍ നിന്നു ബഹിഷ്‌കൃതരാവുകയും എന്റെ മാര്‍ഗത്തില്‍ മര്‍ദിതരാവുകയും പുണ്യസമരം ചെയ്യുകയും വധിക്കപ്പെടുകയും ചെയ്തവരാരോ അവര്‍ക്കു ഞാന്‍ പാപങ്ങള്‍ പൊറുത്തു കൊടുക്കുന്നതും അടിയിലൂടെ അരുവികളൊഴുകുന്ന സ്വര്‍ഗങ്ങളില്‍ പ്രവേശനം നല്‍കുന്നതുമാണ്. അല്ലാഹുവിങ്കല്‍ നിന്നുള്ള മഹത്തായ പ്രതിഫലമത്രേ ഇത്. അവങ്കലാകുന്നു ഉദാത്ത പ്രതിഫലം.

فَٱسۡتَجَابَ لَهُمۡ رَبُّهُمۡ أَنِّي لَآ أُضِيعُ عَمَلَ عَٰمِلٖ مِّنكُم مِّن ذَكَرٍ أَوۡ أُنثَىٰۖ بَعۡضُكُم مِّنۢ بَعۡضٖۖ فَٱلَّذِينَ هَاجَرُواْ وَأُخۡرِجُواْ مِن دِيَٰرِهِمۡ وَأُوذُواْ فِي سَبِيلِي وَقَٰتَلُواْ وَقُتِلُواْ لَأُكَفِّرَنَّ عَنۡهُمۡ سَيِّـَٔاتِهِمۡ وَلَأُدۡخِلَنَّهُمۡ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ ثَوَابٗا مِّنۡ عِندِ ٱللَّهِۚ وَٱللَّهُ عِندَهُۥ حُسۡنُ ٱلثَّوَابِ ۝١٩٥
196–199

നിഷേധികള്‍ നാടുകളിലെങ്ങും നടത്തുന്ന സൈ്വരതാണ്ഡവം താങ്കളെ വഞ്ചിതനാക്കാനേ പാടില്ല-അതൊരു ക്ഷണികാസ്വാദനം മാത്രം. പിന്നീടവരുടെ വാസസ്ഥലം നരകമാണ്;44
അതെത്ര ദുഷിച്ച സങ്കേതം! എന്നാല്‍ തങ്ങളുടെ നാഥനെ സൂക്ഷിച്ചവര്‍ക്ക് അടിയിലൂടെ ആറുകളൊഴുകുന്ന സ്വര്‍ഗങ്ങളാണുള്ളത്. അവരതില്‍ ശാശ്വതരാണ്-പടച്ചവന്റെ പക്കല്‍ നിന്നുള്ള ആതിഥ്യം! അവങ്കലുള്ളതത്രേ സജ്ജനങ്ങള്‍ക്ക് ഏറ്റം ഉദാത്തം. ഇനി, വേദക്കാരില്‍ ഇങ്ങനെയുള്ളവരുമുണ്ട്: അല്ലാഹുവിലും, നിങ്ങളിലേക്കും തങ്ങളിലേക്കും അവതീര്‍ണമായ വേദങ്ങളിലും വിശ്വസിക്കുകയും അവനെ ഭയപ്പെടുകയും ചെയ്യും അവര്‍. അവന്റെ വചനങ്ങളവര്‍ തുച്ഛവിലക്കു വില്‍ക്കില്ല. തങ്ങളുടെ പ്രതിഫലം നാഥങ്കല്‍ അവര്‍ക്കുണ്ടായിരിക്കും. അവന്‍ അതിവേഗം വിചാരണ ചെയ്യുന്നവനാകുന്നു.45

2 വിശദീകരണങ്ങൾ കാണുക

44. നിഷേധികള്‍ക്കു കൈവരുന്ന കൈയൂക്ക്, സ്വാധീനം, സ്വീകാര്യത, അധര്‍മ ജീവിതത്തിനു ലഭിക്കുന്ന പിന്‍ബലം തുടങ്ങിയവയെപ്പറ്റി പലപ്പോഴും വിശ്വാസികള്‍ അസ്വസ്ഥചിത്തരാകാറുണ്ട്. അതിനുള്ള മറുപടിയാണിത്. ഭൗതിക ജീവിതം ക്ഷണികവും നശ്വരവും പരീക്ഷണഘട്ടവുമാണ്. അധര്‍മകാരികള്‍ക്ക് കൂടുതല്‍ അനുകൂല ചുറ്റുപാടുകള്‍ നല്‍കി പിന്നെയും അല്ലാഹു പരീക്ഷണ വിധേയരാക്കും. അവയിലൊക്കെ പരാജയപ്പെടുന്ന നിഷേധി നൈമിഷികമായ ഈ ഭൗതിക ജീവിതം മതിയാക്കിച്ചെന്നാല്‍ പരലോകത്ത് കഠിനകഠോരവും ശാശ്വതവുമായ നരകമായിരിക്കും പ്രതിഫലം. സഗൗരവം ചിന്തിക്കേണ്ട വസ്തുതയാണിത്.

45. വേദക്കാരെ പറ്റി പല ആക്ഷേപങ്ങളും ഖുര്‍ആന്‍ സ്പഷ്ടമായി ഉന്നയിക്കുകയുണ്ടായി. അത് അന്ധമായ ഒരു വര്‍ഗവിരോധമാണെന്ന് ആരും തെറ്റിദ്ധരിച്ചു പോകരുതെന്നാണ് വ്യംഗ്യമായി ഇവിടെ പറയുന്നത്. വേദക്കാരിലും ശ്രേഷ്ഠരായ വ്യക്തികളുണ്ടെന്നും അവര്‍ക്ക് പരലോകത്ത് അതിവിശിഷ്ടമായ സ്വര്‍ഗീയ സൗഖ്യങ്ങള്‍ അല്ലാഹു സജ്ജീകരിച്ചു വെച്ചിട്ടുണ്ടെന്നും ഉണര്‍ത്തുകയാണ്. തൗറാത്തിന്റെയും ഇന്‍ജീലിന്റെയും അനുയായികളായ വേദക്കാരെ എവിടെയൊക്കെ ഖുര്‍ആന്‍ വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്തിട്ടുണ്ടോ അതിന്നുള്ള സുസമ്മതവും പര്യാപ്തവുമായ കാരണങ്ങള്‍ അതതു സ്ഥലങ്ങളില്‍ തന്നെ കാണാന്‍ കഴിയും. ദൈവിക വേദങ്ങള്‍ തിരുത്തിയെഴുതുകയും സ്വാഭീഷ്ടങ്ങള്‍ മതനിയമങ്ങളാക്കിമാറ്റുകയും അല്ലാഹുവിനെ വിട്ട് മറ്റുള്ളവരെ ആരാധിക്കുകയും ചെയ്യുന്നവരെ തൊലിയുരിച്ചുകാണിക്കുക എന്നത് സത്യത്തിന്റെ നിലനില്‍പിന്ന് ഒരനിവാര്യതയാണല്ലോ.

لَا يَغُرَّنَّكَ تَقَلُّبُ ٱلَّذِينَ كَفَرُواْ فِي ٱلۡبِلَٰدِ ۝١٩٦
مَتَٰعٞ قَلِيلٞ ثُمَّ مَأۡوَىٰهُمۡ جَهَنَّمُۖ وَبِئۡسَ ٱلۡمِهَادُ ۝١٩٧
لَٰكِنِ ٱلَّذِينَ ٱتَّقَوۡاْ رَبَّهُمۡ لَهُمۡ جَنَّٰتٞ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَا نُزُلٗا مِّنۡ عِندِ ٱللَّهِۗ وَمَا عِندَ ٱللَّهِ خَيۡرٞ لِّلۡأَبۡرَارِ ۝١٩٨
وَإِنَّ مِنۡ أَهۡلِ ٱلۡكِتَٰبِ لَمَن يُؤۡمِنُ بِٱللَّهِ وَمَآ أُنزِلَ إِلَيۡكُمۡ وَمَآ أُنزِلَ إِلَيۡهِمۡ خَٰشِعِينَ لِلَّهِ لَا يَشۡتَرُونَ بِـَٔايَٰتِ ٱللَّهِ ثَمَنٗا قَلِيلًاۚ أُوْلَٰٓئِكَ لَهُمۡ أَجۡرُهُمۡ عِندَ رَبِّهِمۡۗ إِنَّ ٱللَّهَ سَرِيعُ ٱلۡحِسَابِ ۝١٩٩
200

ഹേ സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും നിസ്തുലമായ സഹനം കൈക്കൊള്ളുകയും അസത്യത്തിനെതിരെ പ്രതിരോധ സജ്ജരാവുകയും ചെയ്യുക46
അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കുക-നിങ്ങള്‍ വിജയം വരിച്ചേക്കാം.

1 വിശദീകരണം കാണുക

46. അസത്യത്തെയും ദൈവ നിഷേധത്തെയും പ്രതിരോധിച്ച് സത്യവും ധര്‍മവും നീതിയും പുനഃസ്ഥാപിക്കാന്‍ ബാധ്യസ്ഥരാണ് മുസ്‌ലിംകള്‍. അതിന്നവര്‍ അങ്ങേയറ്റം ക്ഷമയും സഹനവും കൈക്കൊള്ളണം. ആ പ്രതിരോധത്തിന് സദാ സന്നദ്ധരായി നിലകൊള്ളണം. കാരണം, സത്യത്തിന്റെ പുനഃസ്ഥാപനം ത്യാഗനിര്‍ഭരമാണ്. പട്ടുമെത്തയല്ല, കല്ലുംമുള്ളും നിറഞ്ഞ ദുര്‍ഘടപാതയാണത്. അടിയുറച്ച വിശ്വാസവും സ്പഷ്ടമായ ലക്ഷ്യബോധവും കൈമുതലാക്കി ജീവിച്ചതുകൊണ്ടാണ് നമ്മുടെ പൂര്‍വികന്മാര്‍ക്ക് ഇവിടെ ചരിത്ര വിസ്മയങ്ങള്‍ തീര്‍ക്കാനായത് എന്ന അനിഷേധ്യ വസ്തുത നമുക്ക് മാതൃകയും മാര്‍ഗ ദര്‍ശകവുമാകേണ്ടതാണ്. ഖുര്‍ആന്റെ വെളിച്ചം ലോകത്ത് പ്രസരണം ചെയ്യുകയായിരുന്നു അവര്‍. ഇസ്‌ലാമിന്റെ സംസ്‌കാരമാണ് പാശ്ചാത്യരെപ്പോലും മനുഷ്യരാകാന്‍ സഹായിച്ചത്. ശാസ്ത്രീയ ജാഹിലിയ്യത്ത് കൊടികുത്തിവാഴുന്ന ആധുനിക ലോകത്തിന് വിമോചനമന്ത്രമോതിക്കൊടുക്കാന്‍ ഇസ്‌ലാമിനു മാത്രമേ കഴിയൂ എന്ന നഗ്നസത്യം നാം ലോകത്തെ മനസ്സിലാക്കണം.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱصۡبِرُواْ وَصَابِرُواْ وَرَابِطُواْ وَٱتَّقُواْ ٱللَّهَ لَعَلَّكُمۡ تُفۡلِحُونَ ۝٢٠٠