Monday, 12 October 2026 Hijri: — 01:26:23 pm
MalayalamQuran.in
Quran translation reader

അൽ ബുറൂജ് البروج Al-Buruj

Surah 85 മക്കിയ്യ • مكية • Makkiyah 22 ആയത്തുകൾ • 22 Ayahs

സൂറത്ത് അൽ ബുറൂജ് (Al-Buruj), ഖുർആൻ അധ്യായം 85 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 22 ആയത്തുകൾ വായിക്കുക. Read Surah Al-Buruj with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–9

ഭ്രമണപഥങ്ങളുള്ള ആകാശം, ആ വാഗ്ദത്ത മഹ്ശര്‍ദിനം, സാക്ഷികളാകുന്ന പ്രവാചകര്‍, സാക്ഷ്യം വഹിക്കപ്പെടുന്ന അന്ത്യനാള്‍ എന്നിവ തന്നെ ശപഥം1
വിറകുനിറച്ച അഗ്നിയുള്ള കിടങ്ങിന്റെയാള്‍ക്കാര്‍-സത്യവിശ്വാസികളെക്കൊണ്ട് തങ്ങള്‍ ചെയ്യുന്ന നിഷ്ഠുര കൃത്യത്തിന്ന് ദൃക്‌സാക്ഷികളായിരിക്കവേ-അഭിശപ്തരായിരിക്കുന്നു! അജയ്യനും ശ്ലാഘനീയനും ഭുവന-വാനങ്ങളുടെ അധിപനുമായ അല്ലാഹുവില്‍ വിശ്വസിച്ചു എന്നത് മാത്രമായിരുന്നു ആ വിശ്വാസികളുടെ മേല്‍ അവര്‍ കണ്ട അപരാധം. സര്‍വകാര്യങ്ങള്‍ക്കും അല്ലാഹു സാക്ഷിയാകുന്നു2

2 വിശദീകരണങ്ങൾ കാണുക

1. ശാസ്ത്രത്തിന്റെ പരിമിത ജ്ഞാനം വെച്ചു തന്നെ ആകാശലോകങ്ങള്‍ മഹാദ്ഭുതമാണ്. കോടാനുകോടി നക്ഷത്രങ്ങളും അവക്കൊക്കെ ഭ്രമണപഥങ്ങളും നിശ്ചിത ഉദയാസ്തമനങ്ങളുമുണ്ട്. അവയെ പിടിച്ചാണ് ഒന്നാം ശപഥം. രണ്ടാമത്തേത് മഹ്ശര്‍ ദിനമാണ്. 4:78, 6:12, 42:7 നോക്കുക. തിരുനബി(സ്വ)യും മറ്റു ദൂതന്മാരും തങ്ങളുടെ സമൂഹങ്ങളുടെ മേല്‍ സാക്ഷിനില്‍ക്കുന്ന കാര്യമാണ് മൂന്നാം ശപഥത്തിലെ സൂചന-16:89. ഖിയാമനാളിനെക്കുറിച്ച് സക്ഷ്യം വഹിക്കപ്പെടുന്ന ദിനമാണതെന്ന് 11:103ല്‍ കാണാം.

2. സത്യം ചെയ്തു പറയുന്ന കാര്യം ഹൃദയഭേദകവും അതീവനിഷ്ഠുരവുമായ ഒരു സംഭവത്തിലേക്കുള്ള സൂചനയാണ്. സത്യവിശ്വാസികളെ കഠിനമായി മര്‍ദിച്ച ഒരു രാജാവ് ലക്ഷ്യം കാണാതെ വന്നപ്പോള്‍ വലിയ അഗ്നികുണ്ഡമുണ്ടാക്കി വിശ്വാസം വലിച്ചെറിയാന്‍ തയ്യാറാവാത്തവരെ ജീവനോടെ അതില്‍ തള്ളാന്‍ തുടങ്ങി. അവസാനം കൈക്കുഞ്ഞുമായൊരു സ്ത്രീ ഹാജറാക്കപ്പെട്ടു. വിശ്വാസം കൈവെടിയുന്നില്ലെങ്കില്‍, ശിര്‍ക്കിന്റെ മതം സ്വീകരിക്കുന്നില്ലെങ്കില്‍ നിന്നെ അഗ്നിയില്‍ തള്ളുമെന്ന് അവര്‍ അന്ത്യശാസനം നല്‍കി. പിഞ്ചു കുഞ്ഞിനെയോര്‍ത്ത്, -ഒരു ദുര്‍ബലനിമിഷത്തില്‍- സത്യം കൈവെടിഞ്ഞാലോ എന്നവര്‍ ആലോചിക്കാന്‍ തുടങ്ങി. തത്സമയം കൈക്കുഞ്ഞ് സംസാരിച്ചു: ഉമ്മാ, ക്ഷമ കൈക്കൊണ്ട് പാദമിടറാതെ ഉറച്ചു നിന്നോളു; നിങ്ങള്‍ സത്യവഴിയില്‍ തന്നെയാകുന്നു! പിഞ്ചുകുഞ്ഞിനെയും മാതാവിനെയും ഒന്നിച്ച് അവര്‍ തീകുണ്ഡത്തില്‍ തള്ളി (മുസ്‌ലിം 7703, അഹ്മദ്-മുസ്‌നദ്). അല്ലാഹുവില്‍ വിശ്വസിച്ചുവെന്നല്ലാതെ ആ പീഡിതര്‍ യാതൊരു അപരാധവും ചെയ്തിട്ടില്ലായിരുന്നു. ആ ക്രൂരഹൃദയര്‍ക്ക് പരലോകത്ത് കഠിനമായ നരകശിക്ഷയുണ്ട്; ദൈവശാപം വേറെയും.

وَٱلسَّمَآءِ ذَاتِ ٱلۡبُرُوجِ ۝١
وَٱلۡيَوۡمِ ٱلۡمَوۡعُودِ ۝٢
وَشَاهِدٖ وَمَشۡهُودٖ ۝٣
قُتِلَ أَصۡحَٰبُ ٱلۡأُخۡدُودِ ۝٤
ٱلنَّارِ ذَاتِ ٱلۡوَقُودِ ۝٥
إِذۡ هُمۡ عَلَيۡهَا قُعُودٞ ۝٦
وَهُمۡ عَلَىٰ مَا يَفۡعَلُونَ بِٱلۡمُؤۡمِنِينَ شُهُودٞ ۝٧
وَمَا نَقَمُواْ مِنۡهُمۡ إِلَّآ أَن يُؤۡمِنُواْ بِٱللَّهِ ٱلۡعَزِيزِ ٱلۡحَمِيدِ ۝٨
ٱلَّذِي لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ شَهِيدٌ ۝٩
10–11

സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും നിഷ്ഠുര മര്‍ദനത്തിനിരയാക്കുകയും പിന്നീട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് തീര്‍ച്ചയായും നരകശിക്ഷയും ജ്വലനദണ്ഡനവുമുണ്ട്3
സത്യവിശ്വാസം വരിക്കുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് നിശ്ചയം അടിയിലൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുണ്ട്; മഹാവിജയമത്രേ അത്.

1 വിശദീകരണം കാണുക

3. ജീവനുള്ള മനുഷ്യന്റെ പച്ചമാംസം വേവുന്നത് കണ്ട് പൈശാചികച്ചിരി പാസാക്കിയ ആ രാക്ഷസര്‍ക്കും പശ്ചാത്താപത്തിന്റെ കവാടം തുറന്നുവെക്കപ്പെട്ടിരുന്നു എന്നാണ് സൂചന. ഇമാം ഹസനുല്‍ബസ്വ്‌രീ (റ) പറഞ്ഞു: നോക്കൂ, ഈ മാന്യതയും ഔദാര്യവും! തന്റെ ആത്മമിത്രങ്ങളെ ചുട്ടുകൊന്ന അവരെയും അല്ലാഹു പശ്ചാത്തപിക്കാന്‍ ക്ഷണിക്കുകയാണ്! എത്ര മഹത്തരമാണവന്റെ ഔദാര്യം

إِنَّ ٱلَّذِينَ فَتَنُواْ ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ ثُمَّ لَمۡ يَتُوبُواْ فَلَهُمۡ عَذَابُ جَهَنَّمَ وَلَهُمۡ عَذَابُ ٱلۡحَرِيقِ ۝١٠
إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ لَهُمۡ جَنَّٰتٞ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۚ ذَٰلِكَ ٱلۡفَوۡزُ ٱلۡكَبِيرُ ۝١١
12–16

താങ്കളുടെ നാഥന്റെ പിടിത്തം തീര്‍ച്ചയായും അതികഠിനതരം തന്നെ. ആദ്യമായി പടക്കുന്നതും പുനഃസൃഷ്ടി നടത്തുന്നതും അവനാണ്. ധാരാളമായി പൊറുക്കുന്നവനും സ്‌നേഹമുള്ളവനും സിംഹാസനത്തിന്റെ അധിപനും മഹോന്നതനും ഉദ്ദേശിക്കുന്നതെന്തും പൂര്‍ണമായി അനുവര്‍ത്തിക്കുന്നവനുമാണവന്‍4

1 വിശദീകരണം കാണുക

4. ഏതു രാജാവിനും ചക്രവര്‍ത്തിക്കും ഭരണകര്‍ത്താക്കള്‍ക്കും ഉപേദേഷ്ടാക്കളും ശുപാര്‍ശകരും ഉപജാപകന്മാരുമുണ്ടാകും. അവരുടെ കറുത്ത കൈകള്‍ ദുഃസ്വാധീനങ്ങള്‍ ചെലുത്തും. എന്നാല്‍ താനുദ്ദേശിക്കുന്നതെന്തോ അത് പൂര്‍ണമായി ചെയ്യുന്നവനാണ് അല്ലാഹു. അത് മാറ്റാനോ മറിക്കാനോ ലഘൂകരിക്കാനോ ആര്‍ക്കുമാവില്ല. രോഗശയ്യയിലായിരുന്ന ഹസ്രത്ത് അബൂബക്ര്‍ സ്വിദ്ദീഖ്(റ)വിനോട് ആരോ ചോദിച്ചു: വൈദ്യര്‍ താങ്കളെ കണ്ടുവോ? അദ്ദേഹം: അതെ.നിങ്ങളോടയാള്‍ എന്താണു പറഞ്ഞത്? സ്വിദ്ദീഖ്(റ) പ്രതികരിച്ചു: ഉദ്ദേശിക്കുന്നതെന്തും പൂര്‍ണമായി അനുവര്‍ത്തിക്കുന്നവനാണ് ഞാന്‍ എന്നാണ് പറഞ്ഞത്!.

إِنَّ بَطۡشَ رَبِّكَ لَشَدِيدٌ ۝١٢
إِنَّهُۥ هُوَ يُبۡدِئُ وَيُعِيدُ ۝١٣
وَهُوَ ٱلۡغَفُورُ ٱلۡوَدُودُ ۝١٤
ذُو ٱلۡعَرۡشِ ٱلۡمَجِيدُ ۝١٥
فَعَّالٞ لِّمَا يُرِيدُ ۝١٦
17–22

ഫിര്‍ഔന്‍-സമൂദ് സേനാനികളുടെ വൃത്താന്തം താങ്കള്‍ക്കു വന്നുകിട്ടിയിട്ടുണ്ടോ? അതല്ല, അല്ലാഹു പിന്‍ഭാഗത്തുകൂടി വലയം ചെയ്തു നില്‍ക്കെ, നിഷേധികള്‍ സത്യം കള്ളമാക്കിതള്ളുന്ന ബദ്ധപ്പാടിലത്രേ. എന്നാല്‍ അത് സുരക്ഷിത ഫലകത്തിലുള്ള മഹോന്നതമായ ഖുര്‍ആനാകുന്നു5

1 വിശദീകരണം കാണുക

5. വലിയ മഹാസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന ഫറോവയുടെ ചരിത്രം ഒന്ന് സൂചിപ്പിക്കുക മാത്രമാണ്. അവനൊന്നിച്ച് ആറു ലക്ഷം ഖിബ്ഥികള്‍ മുങ്ങിച്ചത്തുവെന്നാണ് ചരിത്രം. നിഷേധികളുടെ പട്ടികയിലെ ഈ മക്കാമുശ്‌രിക്കുകള്‍ എനിക്ക് പുല്ലാണെന്ന് എന്നാണ് വ്യംഗ്യഭാഷ്യം.

هَلۡ أَتَىٰكَ حَدِيثُ ٱلۡجُنُودِ ۝١٧
فِرۡعَوۡنَ وَثَمُودَ ۝١٨
بَلِ ٱلَّذِينَ كَفَرُواْ فِي تَكۡذِيبٖ ۝١٩
وَٱللَّهُ مِن وَرَآئِهِم مُّحِيطُۢ ۝٢٠
بَلۡ هُوَ قُرۡءَانٞ مَّجِيدٞ ۝٢١
فِي لَوۡحٖ مَّحۡفُوظِۭ ۝٢٢