Sunday, 11 October 2026 Hijri: — 11:47:57 am
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അൽ ഹദീദ് الحديد Al-Hadid

Surah 57 മദനിയ്യ • مدنية • Madaniyah 29 ആയത്തുകൾ • 29 Ayahs

സൂറത്ത് അൽ ഹദീദ് (Al-Hadid), ഖുർആൻ അധ്യായം 57 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 29 ആയത്തുകൾ വായിക്കുക. Read Surah Al-Hadid with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–3

ഭുവന-വാനങ്ങളിലുള്ളതെല്ലാം അല്ലാഹുവിന്റെ മഹത്ത്വം പ്രകീര്‍ത്തിച്ചിരിക്കുന്നു. അവന്‍ അജയ്യനും യുക്തിമാനുമത്രേ. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം അവന്നാണ്. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. ഏതു കാര്യത്തിനും കഴിവുറ്റവനാണവന്‍. ആദിമനും അന്തിമനും പ്രത്യക്ഷനും പരോക്ഷനും സര്‍വവിഷയങ്ങളെ സംബന്ധിച്ചും വിസ്തൃതജ്ഞാനിയുമാണവന്‍.1

1 വിശദീകരണം കാണുക

1. അല്ലാഹുവിന്റെ ചില സുപ്രധാന വിശേഷണങ്ങള്‍ (സ്വിഫത്തുകള്‍) ആണ് സൂക്തം മൂന്നില്‍. പണ്ടുപണ്ടേ ഉള്ളവന്‍ എന്നാണ് ആദിമന്റെ വിവക്ഷ. പ്രപഞ്ചത്തിലുള്ള സര്‍വവും നശിച്ചാലും അവന്‍ എന്നെന്നുമുണ്ടാകും-അതാണ് അന്തിമന്‍. പ്രത്യക്ഷന്‍ എന്നുവെച്ചാല്‍ പ്രപഞ്ചത്തിലെ ഓരോ വസ്തുവിലും അവനും അവന്റെ സൃഷ്ടിവൈഭവവും പ്രകടമായി കാണപ്പെടും എന്നത്രേ. ഐഹിക ലോകത്ത് സകല ജീവജാലങ്ങളുടെയും ദൃഷ്ടിയില്‍ പെടാതെ, മറഞ്ഞവന്‍ അപ്രത്യക്ഷന്‍ എന്നാണ് പരോക്ഷന്‍ എന്നതിന്റെ അര്‍ത്ഥം.

سَبَّحَ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ ۝١
لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ يُحۡيِۦ وَيُمِيتُۖ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٌ ۝٢
هُوَ ٱلۡأَوَّلُ وَٱلۡأٓخِرُ وَٱلظَّٰهِرُ وَٱلۡبَاطِنُۖ وَهُوَ بِكُلِّ شَيۡءٍ عَلِيمٌ ۝٣
4–6

ഭുവന-വാനങ്ങള്‍ ആറു നാളുകളിലായി പടച്ചുണ്ടാക്കിയവനാണ് അവന്‍; പിന്നീട് അര്‍ശിന്മേല്‍ ആധിപത്യം വാണു. ഭൂമിക്കുള്ളില്‍ കടക്കുന്നതും അതില്‍ നിന്ന് ബഹിര്‍ഗമിക്കുന്നതും വാനലോകത്തുനിന്ന് ഇറങ്ങുന്നതും അങ്ങോട്ടു കയറിച്ചെല്ലുന്നതും അവന്‍ അറിയുന്നുണ്ട്. എവിടെയാണെങ്കിലും നിങ്ങളൊന്നിച്ച് അവനുണ്ട്. നിങ്ങളുടെ കര്‍മങ്ങള്‍ കണ്ടറിയുന്നവനാണ് അല്ലാഹു.2
ഭുവന-വാനങ്ങളുടെ രാജാധിപത്യം അവന്നാണ്. അവങ്കലേക്കു തന്നെയാണ് കാര്യങ്ങള്‍ മടക്കപ്പെടുക. അവന്‍ രാത്രിയെ പകലിലും പകലിനെ രാത്രിയിലും സന്നിവേശിപ്പിക്കുന്നു. ഹൃദയങ്ങളിലുള്ളത് നന്നായറിയുന്നവനാണവന്‍.

1 വിശദീകരണം കാണുക

2. ഇവിടെ നാലാം സൂക്തത്തില്‍ പറഞ്ഞ കാര്യങ്ങള്‍ നേരത്തെ സൂറത്തുസബഇന്റെ രണ്ടാം വചനത്തില്‍ പറഞ്ഞുപോയിട്ടുണ്ട്. പ്രപഞ്ചത്തിലെ സര്‍വകാര്യങ്ങളും അല്ലാഹു സവിസ്തരം അറിഞ്ഞുകൊണ്ടിരിക്കുന്നുണ്ട് എന്നാണതിന്റെ താല്‍പര്യം. 34:2ന്റെ വിശദീകരണക്കുറിപ്പും കാണുക.

هُوَ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ يَعۡلَمُ مَا يَلِجُ فِي ٱلۡأَرۡضِ وَمَا يَخۡرُجُ مِنۡهَا وَمَا يَنزِلُ مِنَ ٱلسَّمَآءِ وَمَا يَعۡرُجُ فِيهَاۖ وَهُوَ مَعَكُمۡ أَيۡنَ مَا كُنتُمۡۚ وَٱللَّهُ بِمَا تَعۡمَلُونَ بَصِيرٞ ۝٤
لَّهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَإِلَى ٱللَّهِ تُرۡجَعُ ٱلۡأُمُورُ ۝٥
يُولِجُ ٱلَّيۡلَ فِي ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِي ٱلَّيۡلِۚ وَهُوَ عَلِيمُۢ بِذَاتِ ٱلصُّدُورِ ۝٦
7–9

നിങ്ങള്‍ അല്ലാഹുവിലും ദൂതനിലും വിശ്വസിക്കുകയും അവന്‍ നിങ്ങളെ പ്രതിനിധികളാക്കിയ ധനം ചെലവഴിക്കുകയും ചെയ്യുക. അങ്ങനെ നിങ്ങളില്‍ നിന്ന് സത്യവിശ്വാസം കൈക്കൊള്ളുകയും ധനം ചെലവഴിക്കുകയും ചെയ്തവരാരോ, അവര്‍ക്ക് മഹത്തായ കൂലിയുണ്ടാകും. നാഥനില്‍ വിശ്വസിക്കാന്‍ ദൂതന്‍ നിങ്ങളെ ക്ഷണിച്ചിട്ടും നിങ്ങളെന്തുകൊണ്ട് വിശ്വസിക്കുന്നില്ല? അല്ലാഹു നിങ്ങളുടെ ഉടമ്പടി വാങ്ങിയിട്ടുണ്ട് താനും.3
നിങ്ങള്‍ വിശ്വാസികളാണെങ്കില്‍! അന്ധകാരങ്ങളില്‍ നിന്ന് വെളിച്ചത്തിലേക്ക് നിങ്ങളെ കൊണ്ടുവരാന്‍ തന്റെ ദാസന്‍ മുഹമ്മദ് നബിക്ക് സ്പഷ്ടമായ ദൃഷ്ടാന്തങ്ങള്‍ അവതരിപ്പിച്ചവനാണവന്‍. നിങ്ങളോടവന്‍ ഏറെ ആര്‍ദ്രനും കരുണാമയനും തന്നെയാകുന്നു.

1 വിശദീകരണം കാണുക

3. നബി(സ്വ)യെയും ഖുര്‍ആനും വിശ്വസിക്കാനും പിന്തുടരുവാനും അല്ലാഹു കല്‍പിച്ചിട്ടുണ്ടല്ലോ. അല്‍ബഖറ 38ല്‍ സര്‍വ മനുഷ്യരോടും അല്ലാഹുവിന്റെ വഴി സ്വീകരിക്കാനുള്ള കല്‍പന കാണാം. വിശ്വാസ കാര്യങ്ങള്‍ മുറുകെ പിടിച്ച് കര്‍മങ്ങളനുഷ്ഠിച്ച് വിജയം നേടണം. പണം ചെലവഴിക്കാന്‍ പലര്‍ക്കും മാനസിക പ്രയാസമുണ്ടാകുമെന്നതുകൊണ്ടാണ് അതു പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നത്.

ءَامِنُواْ بِٱللَّهِ وَرَسُولِهِۦ وَأَنفِقُواْ مِمَّا جَعَلَكُم مُّسۡتَخۡلَفِينَ فِيهِۖ فَٱلَّذِينَ ءَامَنُواْ مِنكُمۡ وَأَنفَقُواْ لَهُمۡ أَجۡرٞ كَبِيرٞ ۝٧
وَمَا لَكُمۡ لَا تُؤۡمِنُونَ بِٱللَّهِ وَٱلرَّسُولُ يَدۡعُوكُمۡ لِتُؤۡمِنُواْ بِرَبِّكُمۡ وَقَدۡ أَخَذَ مِيثَٰقَكُمۡ إِن كُنتُم مُّؤۡمِنِينَ ۝٨
هُوَ ٱلَّذِي يُنَزِّلُ عَلَىٰ عَبۡدِهِۦٓ ءَايَٰتِۭ بَيِّنَٰتٖ لِّيُخۡرِجَكُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِۚ وَإِنَّ ٱللَّهَ بِكُمۡ لَرَءُوفٞ رَّحِيمٞ ۝٩
10–11

ഭുവന-വാനങ്ങളുടെ അനന്തരാവകാശം അല്ലാഹുവിനുള്ളതായിരിക്കെ അവന്റെ വഴിയില്‍ ചെലവുചെയ്യാതിരിക്കാന്‍ നിങ്ങള്‍ക്കെന്തുണ്ട് ന്യായം? നിങ്ങളില്‍ മക്കാവിജയത്തിനു മുമ്പ് ധനം വ്യയം ചെയ്യുകയും പുണ്യസമരത്തില്‍ പങ്കെടുക്കുകയും ചെയ്തവരും അല്ലാത്തവരും തുല്യരാകില്ല; അവര്‍, വഴിയെ ചെലവഴിക്കുകയും യുദ്ധഭാക്കാവുകയും ചെയ്തവരെക്കാള്‍ ഉദാത്ത പദവിയുള്ളവരത്രേ. ഏറ്റം മികച്ച പ്രതിഫലം എല്ലാവര്‍ക്കും അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്. നിങ്ങള്‍ ചെയ്യുന്നവയെക്കുറിച്ച് സൂക്ഷ്മമായി അറിയുന്നവനാണവന്‍. അല്ലാഹുവിന് ഉദാത്തമായ കടം നല്‍കാന്‍ ആരുണ്ട്? എങ്കില്‍ അവനതയാള്‍ക്ക് ഇരട്ടിയായി നല്‍കും; ഉദാരമായ പ്രതിഫലവുമുണ്ടാകും.4

1 വിശദീകരണം കാണുക

4. സൂക്തം പത്തിലെ 'അല്‍ഫത്ഹ്' മക്കാവിജയമാണെന്നാണ് മിക്ക മുഫസ്സിറുകളും പറയുന്നത്. ഇസ്‌ലാമിക കലണ്ടറിലെ അതിപ്രധാന വഴിത്തിരിവാണല്ലോ അത്. അതിനു മുമ്പ് അതീവ ഗുരുതരമായ പ്രതിസന്ധികളുടെ കാലമായിരുന്നു. അതാണ് അക്കാലത്ത് യുദ്ധം ചെയ്യുകയും ധനം ചെലവഴിക്കുകയും ചെയ്തവര്‍ക്ക് അതിമഹത്തായ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്.

وَمَا لَكُمۡ أَلَّا تُنفِقُواْ فِي سَبِيلِ ٱللَّهِ وَلِلَّهِ مِيرَٰثُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ لَا يَسۡتَوِي مِنكُم مَّنۡ أَنفَقَ مِن قَبۡلِ ٱلۡفَتۡحِ وَقَٰتَلَۚ أُوْلَٰٓئِكَ أَعۡظَمُ دَرَجَةٗ مِّنَ ٱلَّذِينَ أَنفَقُواْ مِنۢ بَعۡدُ وَقَٰتَلُواْۚ وَكُلّٗا وَعَدَ ٱللَّهُ ٱلۡحُسۡنَىٰۚ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٞ ۝١٠
مَّن ذَا ٱلَّذِي يُقۡرِضُ ٱللَّهَ قَرۡضًا حَسَنٗا فَيُضَٰعِفَهُۥ لَهُۥ وَلَهُۥٓ أَجۡرٞ كَرِيمٞ ۝١١
12–15

സത്യവിശ്വാസം വരിച്ച ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും മുമ്പിലും വലതുഭാഗത്തും അവരുടെ പ്രഭാപ്രസരം താങ്കള്‍ കാണുന്ന ദിനം അവരോടരുളപ്പെടും: ഇന്ന് നിങ്ങള്‍ക്കുള്ള ശുഭവാര്‍ത്ത അടിയിലൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളത്രേ. നിങ്ങളതില്‍ ശാശ്വതവാസികളാണ്. അതിമഹത്തായ സൗഭാഗ്യം തന്നെയാണത്. കപടവിശ്വാസം വരിച്ച സ്ത്രീ പുരുഷന്മാര്‍ (സ്വിറാത്ത് പാലം കടക്കുന്ന) സത്യവിശ്വാസികളോട്, 'ഞങ്ങളെയൊന്ന് നോക്കേണമേ, നിങ്ങളുടേതില്‍ നിന്ന് ഞങ്ങളല്‍പം പ്രകാശമാര്‍ജിക്കട്ടെ' എന്നപേക്ഷിക്കുമ്പോള്‍ പ്രതികരിക്കപ്പെടും: 'നിങ്ങള്‍ പിന്നോട്ടു തന്നെ തിരിച്ചു പോയി പ്രകാശം തെരഞ്ഞുപിടിക്കുക!' തത്സമയം, ഒരു കവാടമുള്ള മതില്‍കൊണ്ട് അവര്‍ക്കിടയില്‍ മറയിടപ്പെടും-അതിന്റെ അന്തര്‍ഭഗത്ത് അനുഗ്രഹവും ബാഹ്യഭാഗത്ത് ശിക്ഷയുമാണുണ്ടാവുക.5
ഞങ്ങള്‍ ദുന്‍യാവില്‍ നിങ്ങളൊന്നിച്ചുതന്നെയായിരുന്നില്ലേ എന്ന് കപടന്മാര്‍ ചോദിക്കുന്നതും വിശ്വാസികള്‍ ഇങ്ങനെ പ്രതികരിക്കുന്നതുമാണ്. അതെ; പക്ഷേ, നിങ്ങള്‍ സ്വന്തത്തെത്തന്നെ അപകടത്തിലാക്കുകയും നബിയെയും വിശ്വാസികളെയും വിനാശപ്പെടുത്താന്‍ തക്കംപാര്‍ത്തിരിക്കുകയും മതകാര്യങ്ങളില്‍ സംശയാലുക്കളാവുകയും മരിക്കുവോളം വ്യാമോഹങ്ങളില്‍ വഞ്ചിതരാവുകയും മഹാവഞ്ചകനായ പിശാച് അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ ചതിയില്‍ വീഴ്ത്തുകയും ചെയ്തു.6
അതുകൊണ്ട് ഇന്ന് നിങ്ങളുടെയോ സത്യനിഷേധികളുടെയോ പക്കല്‍നിന്ന് ഒരുവിധ പ്രായശ്ചിത്തവും സ്വീകരിക്കപ്പെടില്ല. നരകമാണ് നിങ്ങളുടെ ആവാസകേന്ദ്രം. നിങ്ങള്‍ക്ക് ഏറ്റം അനുയോജ്യം അതാണ്! ആ മടക്കസ്ഥലം എത്ര ഹീനം!

2 വിശദീകരണങ്ങൾ കാണുക

5. ഇരട്ട മുഖവുമായി കപടജീവിതം നയിച്ച മുനാഫിഖുകള്‍ക്ക് അതീവഗുരുതരമായ ശിക്ഷയാണുണ്ടാവുക-4:145 നോക്കുക. സത്യവിശ്വാസികള്‍ സ്വിറാത്ത് പാലം കടന്ന് സ്വര്‍ഗത്തിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് കപടവിശ്വാസികളുടെ ഈ അപേക്ഷ. പിന്നോട്ടുതന്നെ പോയി വെളിച്ചം തെരഞ്ഞുപിടിച്ചോളൂ എന്നത് അവരോടുള്ള പരിഹാസമാണ്. മറയിടപ്പെട്ടാല്‍ അതിന്റെയുള്ളിലുള്ളത് സ്വര്‍ഗമാണ്-അനുഗ്രഹം; പുറത്തുള്ളത് നരകവും-ശിക്ഷ.

6. മുനാഫിഖുകളുടെ സ്ഥിതിഗതികളും നിലപാടുകളും പരിശോധിച്ചാല്‍ ഇപ്പറഞ്ഞതിനൊക്കെ ധാരാളം തെളിവുകള്‍ കാണാം. അവരുടെ സാരഥി ഇബ്‌നുസലൂല്‍ നബി(സ്വ)യുടെ കുപ്പായം വാങ്ങിയതും മയ്യിത്ത് നമസ്‌കരിക്കാന്‍ മകന്‍ അവിടത്തെ ക്ഷണിച്ചതും ഉദാഹരണം. സൂറത്തുത്തൗബ 84 നോക്കുക. ഭൗതിക ഭ്രമം അവരെ അപകടത്തില്‍ വീഴ്ത്തുകയായിരുന്നു.

يَوۡمَ تَرَى ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ يَسۡعَىٰ نُورُهُم بَيۡنَ أَيۡدِيهِمۡ وَبِأَيۡمَٰنِهِمۖ بُشۡرَىٰكُمُ ٱلۡيَوۡمَ جَنَّٰتٞ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ ذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ ۝١٢
يَوۡمَ يَقُولُ ٱلۡمُنَٰفِقُونَ وَٱلۡمُنَٰفِقَٰتُ لِلَّذِينَ ءَامَنُواْ ٱنظُرُونَا نَقۡتَبِسۡ مِن نُّورِكُمۡ قِيلَ ٱرۡجِعُواْ وَرَآءَكُمۡ فَٱلۡتَمِسُواْ نُورٗاۖ فَضُرِبَ بَيۡنَهُم بِسُورٖ لَّهُۥ بَابُۢ بَاطِنُهُۥ فِيهِ ٱلرَّحۡمَةُ وَظَٰهِرُهُۥ مِن قِبَلِهِ ٱلۡعَذَابُ ۝١٣
يُنَادُونَهُمۡ أَلَمۡ نَكُن مَّعَكُمۡۖ قَالُواْ بَلَىٰ وَلَٰكِنَّكُمۡ فَتَنتُمۡ أَنفُسَكُمۡ وَتَرَبَّصۡتُمۡ وَٱرۡتَبۡتُمۡ وَغَرَّتۡكُمُ ٱلۡأَمَانِيُّ حَتَّىٰ جَآءَ أَمۡرُ ٱللَّهِ وَغَرَّكُم بِٱللَّهِ ٱلۡغَرُورُ ۝١٤
فَٱلۡيَوۡمَ لَا يُؤۡخَذُ مِنكُمۡ فِدۡيَةٞ وَلَا مِنَ ٱلَّذِينَ كَفَرُواْۚ مَأۡوَىٰكُمُ ٱلنَّارُۖ هِيَ مَوۡلَىٰكُمۡۖ وَبِئۡسَ ٱلۡمَصِيرُ ۝١٥
16–19

അല്ലാഹുവിനെയും സത്യസന്ദേശങ്ങളുമായവതരിച്ച ഖുര്‍ആനെയും അനുസ്മരിച്ചുകൊണ്ട് ഹൃദയങ്ങള്‍ ഭീതിദമാകാനും നേരത്തെ വേദം ലഭിച്ചവരെപ്പോലെയാകാതിരിക്കാനും-അവര്‍ക്ക് കാലദൈര്‍ഘ്യം വരികയും തദ്വാരാ ഹൃദയകാഠിന്യമുണ്ടാവുകയും മിക്കവരും അധര്‍മകാരികളാവുകയും ചെയ്തു.7
സത്യവിശ്വാസികള്‍ക്കു സമയമായില്ലേ? നിശ്ചയം, ഭൂമി അചേതനമായി കിടന്ന ശേഷം അല്ലാഹു അതിനെ സചേതനമാക്കുന്നു എന്ന് നിങ്ങളറിയണം.8
നിങ്ങള്‍ ചിന്തിക്കാനായി നാം ദൃഷ്ടാന്തങ്ങള്‍ പ്രതിപാദിച്ചു തരിക തന്നെ ചെയ്തിരിക്കുന്നു. ദാനശീലരായ സ്ത്രീപുരുഷന്മാരും അല്ലാഹുവിന് ഉദാത്തമായ കടം നല്‍കുന്നവരും ആരോ, ഇരട്ടിയായി അതവര്‍ക്ക് തിരിച്ചുകൊടുക്കപ്പെടും; ഉദാരമായ പ്രതിഫലവുമുണ്ടാകും. അല്ലാഹുവിലും ദൂതന്മാരിലും വിശ്വസിച്ചവര്‍ തന്നെയാണ് തങ്ങളുടെ നാഥങ്കല്‍ സത്യസന്ധന്മാരും രക്തസാക്ഷികളും. തങ്ങളുടെ പ്രതിഫലവും തേജസ്സും അവര്‍ക്കുണ്ടാകും. നിഷേധം വരിക്കയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വ്യാജമാക്കുകയും ചെയ്തവര്‍ തന്നെയത്രേ നരകാവകാശികള്‍.9

3 വിശദീകരണങ്ങൾ കാണുക

7. നേരത്തെ വേദം ലഭിച്ചവര്‍ ജൂത-ക്രിസ്ത്യാനികളാണ്. മൂസാനബി(അ)നു ശേഷം ആയിരത്തി എണ്ണൂറും ഈസാനബി(അ)നു ശേഷം അഞ്ഞൂറും വര്‍ഷം കഴിഞ്ഞാണ് ഖുര്‍ആന്‍ അവതരിക്കുന്നത്. ഈ നീണ്ട കാലഘട്ടം കടന്നുപോയതിനാല്‍ രണ്ടുമതങ്ങള്‍ക്കും ഗുരുതരമായ ചൈതന്യശോഷണം വന്നിരുന്നു. അടിസ്ഥാനശിലയായ തൗഹീദില്‍ നിന്നുതന്നെ അവര്‍ വ്യതിചലിച്ചു കഴിഞ്ഞിരുന്നല്ലോ. സന്മാര്‍ഗ വ്യതിചലനം സംഭവിച്ചു എന്നര്‍ത്ഥം. തൗഹീദിന്റെയും സന്മാര്‍ഗത്തിന്റെയും നിലനില്‍പിന്നായി രംഗത്തിറങ്ങിയ ആരിയസിനെപ്പോലെയുള്ള ഒട്ടേറെ പരിഷ്‌കര്‍ത്താക്കളെ അവര്‍ നിഷ്‌കരുണം പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തു.

8. ഇക്കാര്യം ഇവിടെ പറഞ്ഞതിന് പ്രത്യേക പ്രസക്തിയുണ്ട്. മരിച്ചുപോയ മനസ്സിന്റെ ഉടമകളായ വേദക്കാര്‍ക്ക് വിശുദ്ധ ഖുര്‍ആന്റെ സത്യസന്ദേശങ്ങള്‍ നവചൈതന്യവും പുതുജീവനും നല്‍കണം. അവര്‍ സ്വയം അതിനു താല്‍പര്യമെടുക്കണം.

9. മനുഷ്യന്ന് സ്വന്തം പ്രയത്‌നം കൊണ്ട് എത്തിച്ചേരാന്‍ കഴിയുന്ന അത്യുന്നതമായ രണ്ടു പദവികളാണ് സ്വിദ്ദീഖിന്റെയും ശഹീദിന്റെയും സ്ഥാനങ്ങള്‍. ആദ്യത്തേത് വിശ്വാസത്തിന്റെയും കര്‍മത്തിന്റെയും മഹത്ത്വം കൊണ്ട് ലഭിക്കുന്നതാണെങ്കില്‍ മറ്റേത് സമുന്നതവും അന്യാദൃശവുമായ ത്യാഗസന്നദ്ധത കൊണ്ട് കരഗതമാകുന്നതാണ്; സ്വന്തം ശരീരം അല്ലാഹുവിന് വേണ്ടി സമര്‍പ്പിക്കുകയാണല്ലോ. ഇരുവിഭാഗത്തിനും വളരെ വലിയ മഹത്ത്വമുണ്ട്.

۞ أَلَمۡ يَأۡنِ لِلَّذِينَ ءَامَنُوٓاْ أَن تَخۡشَعَ قُلُوبُهُمۡ لِذِكۡرِ ٱللَّهِ وَمَا نَزَلَ مِنَ ٱلۡحَقِّ وَلَا يَكُونُواْ كَٱلَّذِينَ أُوتُواْ ٱلۡكِتَٰبَ مِن قَبۡلُ فَطَالَ عَلَيۡهِمُ ٱلۡأَمَدُ فَقَسَتۡ قُلُوبُهُمۡۖ وَكَثِيرٞ مِّنۡهُمۡ فَٰسِقُونَ ۝١٦
ٱعۡلَمُوٓاْ أَنَّ ٱللَّهَ يُحۡيِ ٱلۡأَرۡضَ بَعۡدَ مَوۡتِهَاۚ قَدۡ بَيَّنَّا لَكُمُ ٱلۡأٓيَٰتِ لَعَلَّكُمۡ تَعۡقِلُونَ ۝١٧
إِنَّ ٱلۡمُصَّدِّقِينَ وَٱلۡمُصَّدِّقَٰتِ وَأَقۡرَضُواْ ٱللَّهَ قَرۡضًا حَسَنٗا يُضَٰعَفُ لَهُمۡ وَلَهُمۡ أَجۡرٞ كَرِيمٞ ۝١٨
وَٱلَّذِينَ ءَامَنُواْ بِٱللَّهِ وَرُسُلِهِۦٓ أُوْلَٰٓئِكَ هُمُ ٱلصِّدِّيقُونَۖ وَٱلشُّهَدَآءُ عِندَ رَبِّهِمۡ لَهُمۡ أَجۡرُهُمۡ وَنُورُهُمۡۖ وَٱلَّذِينَ كَفَرُواْ وَكَذَّبُواْ بِـَٔايَٰتِنَآ أُوْلَٰٓئِكَ أَصۡحَٰبُ ٱلۡجَحِيمِ ۝١٩
20–21

ഐഹിക ജീവിതം എന്നത് കളി തമാശകളും ബാഹ്യമോടികളും അന്യോന്യമുള്ള ആഢ്യത്വ പ്രകടനവും സമ്പത്തിലും സന്താനങ്ങളിലുമുള്ള പെരുമ കാണിക്കലും മാത്രമാണെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. അതൊരു മഴ പോലെയാണ്-തദ്വാരായുണ്ടായ സസ്യലതാദികള്‍ കര്‍ഷകരെ ആഹ്ലാദ ഭരിതരാക്കുകയും പിന്നെയത് ഉണങ്ങുകയും ചെയ്യും-തത്സമയമത് മഞ്ഞനിറമായി കാണാം-പിന്നീടത് കച്ചിത്തുരുമ്പായി മാറും.10
എന്നാല്‍ പരലോകത്ത് തിന്മയ്ക്ക് കഠിനശിക്ഷയും നന്മയ്ക്ക് അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും സംതൃപ്തിയുമുണ്ട്. ഭൗതിക ജീവിതം വഞ്ചനയുടെ വിഭവങ്ങള്‍ മാത്രമാകുന്നു. നാഥങ്കല്‍ നിന്നുള്ള മാപ്പിലേക്കും ആകാശഭൂമിയുടെ വ്യാപ്തിക്കുതുല്യം വിശാലമായ സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മത്സരിച്ചു ദ്രുതഗതിയില്‍ വരിക. അത് സജ്ജീകൃതമായിരിക്കുന്നത് അല്ലാഹുവിലും ദൂതന്മാരിലും വിശ്വസിച്ചവര്‍ക്കാണ്. താനുദ്ദേശിച്ചവര്‍ക്ക് അവന്‍ നല്‍കുന്ന അനുഗ്രഹമാണത്; അവന്‍ മഹത്തായ അനുഗ്രഹമുള്ളവനത്രേ.

1 വിശദീകരണം കാണുക

10. സസ്യലതാദികളുടെയും കൃഷികളുടെയും പരിണതി പോലെയാണ് ഭൗതിക പ്രൗഢിയുടെയും ഐഹിക ദുരാഭിജാത്യത്തിന്റെയും ദയനീയാവസ്ഥ. ക്ഷണികമായ പളപളപ്പും സല്‍പേരും പ്രസിദ്ധിയുമെല്ലാം ഉണ്ടാകാം; പക്ഷേ, പരലോകത്ത് സര്‍വവും ധൂളിയായി പറന്നുപോകും. 25:23 കാണുക.

ٱعۡلَمُوٓاْ أَنَّمَا ٱلۡحَيَوٰةُ ٱلدُّنۡيَا لَعِبٞ وَلَهۡوٞ وَزِينَةٞ وَتَفَاخُرُۢ بَيۡنَكُمۡ وَتَكَاثُرٞ فِي ٱلۡأَمۡوَٰلِ وَٱلۡأَوۡلَٰدِۖ كَمَثَلِ غَيۡثٍ أَعۡجَبَ ٱلۡكُفَّارَ نَبَاتُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصۡفَرّٗا ثُمَّ يَكُونُ حُطَٰمٗاۖ وَفِي ٱلۡأٓخِرَةِ عَذَابٞ شَدِيدٞ وَمَغۡفِرَةٞ مِّنَ ٱللَّهِ وَرِضۡوَٰنٞۚ وَمَا ٱلۡحَيَوٰةُ ٱلدُّنۡيَآ إِلَّا مَتَٰعُ ٱلۡغُرُورِ ۝٢٠
سَابِقُوٓاْ إِلَىٰ مَغۡفِرَةٖ مِّن رَّبِّكُمۡ وَجَنَّةٍ عَرۡضُهَا كَعَرۡضِ ٱلسَّمَآءِ وَٱلۡأَرۡضِ أُعِدَّتۡ لِلَّذِينَ ءَامَنُواْ بِٱللَّهِ وَرُسُلِهِۦۚ ذَٰلِكَ فَضۡلُ ٱللَّهِ يُؤۡتِيهِ مَن يَشَآءُۚ وَٱللَّهُ ذُو ٱلۡفَضۡلِ ٱلۡعَظِيمِ ۝٢١
22–24

ഭൂമിയിലോ നിങ്ങളുടെ സ്വന്തത്തില്‍ തന്നെയോ ഏല്‍ക്കുന്ന ഏതൊരു വിപത്തും, അതു സൃഷ്ടിക്കും മുമ്പ് തന്നെ ഒരു ഗ്രന്ഥത്തില്‍ ഉണ്ടായേ തീരൂ; അല്ലാഹുവിന്നത് സുഗമമാണ്. നിങ്ങള്‍, നഷ്ടപ്പെട്ടവയുടെ പേരില്‍ ദുഃഖിക്കാതെയും കിട്ടിയതിന്റെ പേരില്‍ ആഹ്ലാദിക്കാതെയുമിരിക്കാനാണത്.11
സ്വയം പിശുക്കുകാട്ടുകയും അതിനു ജനങ്ങളോട് കല്‍പിക്കുകയും ചെയ്യുന്ന അഹങ്കാരിയും ദുരഭിജാതനുമായ ഒരാളെയും അല്ലാഹു സ്‌നേഹിക്കുകയില്ല. പുറം തിരിഞ്ഞുപോകുന്ന ആരെങ്കിലുമുണ്ടെങ്കില്‍, സ്വയം പര്യാപ്തനും ശ്ലാഘനീയനുമത്രേ അല്ലാഹു.

1 വിശദീകരണം കാണുക

11. അല്ലാഹുവിന്റെ വിധിയും നിര്‍ണയവുമനുസരിച്ചേ ഏതു കാര്യവും സംഭവിക്കൂ. അവയത്രയും ലൗഹുല്‍മഹ്ഫൂളില്‍ ഉല്ലേഖിതമാണ്. ഇത് നിങ്ങളെ അറിയിക്കുന്നത്, അത്തരം കാര്യങ്ങളുണ്ടാകുമ്പോള്‍ പരിധി വിട്ട് ദുഃഖിക്കുകയോ അഹന്തയുടെയും തന്‍പോരിമയുടെയും ലക്ഷണമായ അത്യാഹ്ലാദമുണ്ടാവുകയോ ചെയ്യരുത്. ദുഃഖകരമായ സംഭവങ്ങളുണ്ടാകുമ്പോള്‍ ക്ഷമിക്കുകയും സന്തോഷകരമായവയുണ്ടാകുമ്പോള്‍ കൃതജ്ഞത രേഖപ്പെടുത്തുകയുമാണ് വേണ്ടത്. ...ഈ രണ്ടു ലക്ഷണങ്ങള്‍ വിശ്വാസിക്ക് മാത്രമുള്ളതും അവന്നത് ഉത്തമവുമാകുന്നു എന്ന് തിരുമേനി(സ്വ) പഠിപ്പിച്ചിട്ടുണ്ട് (മുസ്‌ലിം).

مَآ أَصَابَ مِن مُّصِيبَةٖ فِي ٱلۡأَرۡضِ وَلَا فِيٓ أَنفُسِكُمۡ إِلَّا فِي كِتَٰبٖ مِّن قَبۡلِ أَن نَّبۡرَأَهَآۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ ۝٢٢
لِّكَيۡلَا تَأۡسَوۡاْ عَلَىٰ مَا فَاتَكُمۡ وَلَا تَفۡرَحُواْ بِمَآ ءَاتَىٰكُمۡۗ وَٱللَّهُ لَا يُحِبُّ كُلَّ مُخۡتَالٖ فَخُورٍ ۝٢٣
ٱلَّذِينَ يَبۡخَلُونَ وَيَأۡمُرُونَ ٱلنَّاسَ بِٱلۡبُخۡلِۗ وَمَن يَتَوَلَّ فَإِنَّ ٱللَّهَ هُوَ ٱلۡغَنِيُّ ٱلۡحَمِيدُ ۝٢٤
25

നിശ്ചയം, നമ്മുടെ സന്ദേശവാഹകരെ സ്പഷ്ടദൃഷ്ടാന്തങ്ങളുമായി നാം നിയോഗിക്കുകയും ജനങ്ങള്‍ക്ക് നീതിപൂര്‍വം ജീവിക്കാനായി അവരൊന്നിച്ച് വേദവും നീതിനിഷ്ഠയും12
നാമവതരിപ്പിക്കുകയും ചെയ്തു. കടുത്ത ആക്രമണക്കരുത്തും ജനങ്ങള്‍ക്ക് ഉപകാരവുമുള്ള ഇരുമ്പും നാം ലഭ്യമാക്കി-അദൃശ്യാവസ്ഥയില്‍ അല്ലാഹുവിനെയും ദൂതന്മാരെയും പിന്തുണക്കുന്നവരെ തിരിച്ചറിയാന്‍ കൂടിയാണിത്. അല്ലാഹു ശക്തനും പ്രതാപിയും തന്നെയത്രേ.13

2 വിശദീകരണങ്ങൾ കാണുക

12. മീസാന്‍ എന്നാണ് പ്രയുക്ത പദം-തുലാസ് എന്നര്‍ത്ഥം. വിശ്വാസികള്‍ക്കിടയില്‍ മാത്രമല്ല, സകലര്‍ക്കും സമാധാന ജീവിതത്തിന്ന് അനിവാര്യമത്രേ നീതിയുടെ നിലനില്‍പ്.

13. ഇരുമ്പു മാത്രമാണിവിടെ പരാമര്‍ശിച്ചതെങ്കിലും മറ്റു ലോഹങ്ങളും വിവക്ഷിതമാണെന്നു മുഫസ്സിറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുമ്പു കൊണ്ടും മറ്റുമുണ്ടാക്കിയ ആയുധങ്ങളുപയോഗിച്ച് അനിവാര്യ ഘട്ടങ്ങളില്‍ അല്ലാഹുവിനെയും ദൂതന്മാരെയും സഹായിക്കാനും അവരുടെ ശത്രുക്കളെ പ്രതിരോധിക്കാനും ആരാണ് തയ്യാറാവുക എന്ന് പരീക്ഷിക്കാനാണത്.

لَقَدۡ أَرۡسَلۡنَا رُسُلَنَا بِٱلۡبَيِّنَٰتِ وَأَنزَلۡنَا مَعَهُمُ ٱلۡكِتَٰبَ وَٱلۡمِيزَانَ لِيَقُومَ ٱلنَّاسُ بِٱلۡقِسۡطِۖ وَأَنزَلۡنَا ٱلۡحَدِيدَ فِيهِ بَأۡسٞ شَدِيدٞ وَمَنَٰفِعُ لِلنَّاسِ وَلِيَعۡلَمَ ٱللَّهُ مَن يَنصُرُهُۥ وَرُسُلَهُۥ بِٱلۡغَيۡبِۚ إِنَّ ٱللَّهَ قَوِيٌّ عَزِيزٞ ۝٢٥
26–27

നൂഹ് നബിയെയും ഇബ്‌റാഹീം നബിയെയും നാം സന്ദേശവാഹകരാക്കുകയും ഇരുവരുടെയും സന്തതീപരമ്പരകളില്‍ പ്രവാചകത്വവും വേദഗ്രന്ഥവും നിര്‍ണയിക്കയുമുണ്ടായി. അവരില്‍ സന്മാര്‍ഗ പ്രാപ്തര്‍ ഉണ്ട്, മിക്കവരും അധര്‍മകാരികളത്രേ. പിന്നീടവര്‍ക്കു വഴിയെ തുടര്‍ച്ചയായി ദൂതനിയോഗമുണ്ടായി. ഈസബ്‌നുമര്‍യമിനെ നാം അയക്കുകയും തനിക്ക് ഇന്‍ജീല്‍ കൊടുക്കുകയും തന്നെ അനുധാവനം ചെയ്തവരുടെ മനസ്സുകളില്‍ ഭയവും കാരുണ്യവും നിക്ഷേപിക്കുകയുംചെയ്തു.14
നാം നിയമമാക്കിയിരുന്നില്ലെങ്കിലും, അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് സന്യാസം അവര്‍ പുത്തനായുണ്ടാക്കി; എന്നിട്ട് അവരത് യഥായോഗ്യം പാലിച്ചതുമില്ല. അതുകൊണ്ട്, അവരില്‍ സത്യവിശ്വാസം വരിച്ചവര്‍ക്കു നാം പ്രതിഫലം നല്‍കി. മിക്കവരും അധര്‍മകാരികളത്രേ.15

2 വിശദീകരണങ്ങൾ കാണുക

14. ഇസ്രയേല്യരിലെ അവസാന റസൂലാണ് ഈസാ നബി(അ). 'അദ്ദേഹത്തെ പിന്തുടര്‍ന്നവര്‍' കൊണ്ടുള്ള വിവക്ഷ നേരിട്ടുള്ള ശിഷ്യന്മാരായിരുന്ന ഹവാരിയ്യുകള്‍ (അപ്പൊസ്തലന്മാര്‍) ആണ്. 61:14 കാണുക. പരസ്പരം വളരെ കാരുണ്യവും സ്‌നേഹവും ആര്‍ദ്രതയുമുള്ളവരായിരുന്നു അവര്‍.

15. മതത്തോടുള്ള അമിതാഭിനിവേശവും അതിരുകടന്ന പ്രതിപത്തിയും മൂലം ഈസാനബി(അ)നു ശേഷം ക്രിസ്ത്യാനികള്‍ പുത്തനായുണ്ടാക്കിയ നടപടിയാണ് സന്യാസം-വിവാഹവും ഭൗതിക താല്‍പര്യങ്ങളും ഉപേക്ഷിക്കുക, സന്യാസീമഠങ്ങള്‍ സ്ഥാപിക്കുക, സഭയിലേക്ക് പെണ്‍കുട്ടികളെ നേര്‍ച്ചയാക്കുക തുടങ്ങിയവ അല്ലാഹുവും ഈസാ നബി(അ)യും പൂര്‍വകാല പ്രവാചകരും പഠിപ്പിക്കാത്തതും മനുഷ്യപ്രകൃതിക്കു തന്നെ നിരക്കാത്തതുമായിരുന്നു. ഇരിക്കട്ടെ, അങ്ങനെ ചില പുത്തന്‍ നടപടികള്‍ മതചിഹ്നങ്ങളായി നടപ്പാക്കിയ അവര്‍ അതു മുറപോലെ പാലിച്ചു സംരക്ഷിച്ചുവോ? അതൊട്ടില്ല താനും. പുണ്യപുരുഷന്മാരും വാഴ്ത്തപ്പെട്ടവരും ദൈവദാസിമാരുമൊക്കെയായി രംഗത്തുവന്നവര്‍ ജനങ്ങളുടെ പണം പിടുങ്ങി; സദാചാര സീമകള്‍ സാര്‍വത്രികമായി ഉല്ലംഘിതമായി.

وَلَقَدۡ أَرۡسَلۡنَا نُوحٗا وَإِبۡرَٰهِيمَ وَجَعَلۡنَا فِي ذُرِّيَّتِهِمَا ٱلنُّبُوَّةَ وَٱلۡكِتَٰبَۖ فَمِنۡهُم مُّهۡتَدٖۖ وَكَثِيرٞ مِّنۡهُمۡ فَٰسِقُونَ ۝٢٦
ثُمَّ قَفَّيۡنَا عَلَىٰٓ ءَاثَٰرِهِم بِرُسُلِنَا وَقَفَّيۡنَا بِعِيسَى ٱبۡنِ مَرۡيَمَ وَءَاتَيۡنَٰهُ ٱلۡإِنجِيلَۖ وَجَعَلۡنَا فِي قُلُوبِ ٱلَّذِينَ ٱتَّبَعُوهُ رَأۡفَةٗ وَرَحۡمَةٗۚ وَرَهۡبَانِيَّةً ٱبۡتَدَعُوهَا مَا كَتَبۡنَٰهَا عَلَيۡهِمۡ إِلَّا ٱبۡتِغَآءَ رِضۡوَٰنِ ٱللَّهِ فَمَا رَعَوۡهَا حَقَّ رِعَايَتِهَاۖ فَـَٔاتَيۡنَا ٱلَّذِينَ ءَامَنُواْ مِنۡهُمۡ أَجۡرَهُمۡۖ وَكَثِيرٞ مِّنۡهُمۡ فَٰسِقُونَ ۝٢٧
28–29

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും അവന്റെ റസൂലില്‍ വിശ്വസിക്കുകയും ചെയ്യുക, എങ്കില്‍ അവന്റെ കാരുണ്യത്തില്‍ നിന്ന് രണ്ടുവിഹിതം നിങ്ങള്‍ക്ക് കനിഞ്ഞേകുന്നതും മുന്നോട്ടു നടക്കാവുന്ന ഒരു തേജസ്സ് നിങ്ങള്‍ക്കുണ്ടാക്കിത്തരുന്നതും പാപമോചനം നല്‍കുന്നതുമാണ്. അവന്‍ ഏറെ മാപ്പരുളുന്നവനും കരുണാമയനുമത്രേ.16
ദിവ്യാനുഗ്രഹങ്ങളില്‍ നിന്ന് യാതൊന്നും സ്വാധീനമാക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും ഔദാര്യമത്രയും അല്ലാഹുവിന്റെ കൈയിലാണെന്നും താനുദ്ദേശിക്കുന്നവര്‍ക്കാണ് അതവന്‍ നല്‍കുക എന്നും വേദക്കാര്‍ ഗ്രഹിക്കാന്‍ വേണ്ടിയാണിത്. അല്ലാഹു മഹാഔദാര്യനാകുന്നു.17

2 വിശദീകരണങ്ങൾ കാണുക

16. ജൂതന്മാരും ക്രിസ്ത്യാനികളും മതം കൊണ്ട് അമ്മാനമാടിയതുപോലെ നിങ്ങള്‍ ചെയ്യരുതെന്ന് സത്യവിശ്വാസികളെ ഉണര്‍ത്തുകയാണ്. റസൂല്‍ എന്ന നേതാവും ഖുര്‍ആന്‍ എന്ന ഭരണഘടനയുമായി ജീവിക്കുന്നിടത്തോളം കാലം ഐഹിക-പാരത്രിക ജീവിതത്തില്‍ നിങ്ങള്‍ക്ക് സാര്‍വത്രിക നേട്ടങ്ങളും വിജയവും കരഗതമാക്കാന്‍ കഴിയും.

17. മുഹമ്മദ് നബി(സ്വ) ഇസ്രയേലിയല്ല, അറബിയാണ് എന്നതുകൊണ്ടാണ് ജൂത-ക്രിസ്ത്യാനികള്‍ അംഗീകരിക്കാതിരുന്നത്. എന്നാല്‍, അവര്‍ ഒരു വസ്തുത ഗ്രഹിക്കണം: ആരെ നബിയാക്കണം, റസൂലാക്കണം എന്ന് അല്ലാഹുവാണ് തീരുമാനിക്കുക (6:124). നബി(സ്വ) അത് പൂതിവെച്ച് കാത്തിരുന്ന് നേടിയതല്ല-28:86. അതുകൊണ്ട്, അവന്‍ നിയോഗിക്കുന്ന ദൂതരെ മനുഷ്യര്‍ അംഗീകരിക്കുകയാണ് വേണ്ടത്. ജൂത-ക്രിസ്ത്യാനികള്‍ക്കോ മറ്റോ അതില്‍ കൈകടത്തുകയോ തിരിമറി നടത്തുകയോ ചെയ്യാന്‍ കഴിയില്ല.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَءَامِنُواْ بِرَسُولِهِۦ يُؤۡتِكُمۡ كِفۡلَيۡنِ مِن رَّحۡمَتِهِۦ وَيَجۡعَل لَّكُمۡ نُورٗا تَمۡشُونَ بِهِۦ وَيَغۡفِرۡ لَكُمۡۚ وَٱللَّهُ غَفُورٞ رَّحِيمٞ ۝٢٨
لِّئَلَّا يَعۡلَمَ أَهۡلُ ٱلۡكِتَٰبِ أَلَّا يَقۡدِرُونَ عَلَىٰ شَيۡءٖ مِّن فَضۡلِ ٱللَّهِ وَأَنَّ ٱلۡفَضۡلَ بِيَدِ ٱللَّهِ يُؤۡتِيهِ مَن يَشَآءُۚ وَٱللَّهُ ذُو ٱلۡفَضۡلِ ٱلۡعَظِيمِ ۝٢٩