നബീ, തന്റെ ഭര്‍ത്താവ് ഔസിന്റെ കാര്യത്തില്‍ അങ്ങയോട് തര്‍ക്കിക്കുകയും അല്ലാഹുവിങ്കല്‍ പരിഭവം പറയുകയും ചെയ്യുന്ന ഖൗലയുടെ വാക്കുകള്‍ അല്ലാഹു ശ്രവിക്കുക തന്നെ ചെയ്തിരിക്കുന്നു.1
നിങ്ങളിരുവരുടെയും സംഭാഷണം അവന്‍ ശ്രവിക്കുന്നുണ്ട്. എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണവന്‍. നിങ്ങളില്‍ സ്വപത്‌നിമാരെ 'ളിഹാര്‍' ചെയ്യുന്നവര്‍ നിഷിദ്ധകൃത്യമാണനുവര്‍ത്തിക്കുന്നത്. ആ പത്‌നിമാര്‍ അവരുടെ ഉമ്മമാരല്ല, അവരെ പ്രസവിച്ച പെണ്ണുങ്ങളേ മാതാക്കളാകൂ. ഹീനമായ വാക്കും അസത്യവുമാണ് അവര്‍ പറയുന്നത്. ഏറെ മാപ്പരുളുന്നവനും പൊറുക്കുന്നവനുമാണ് അല്ലാഹു.2
2 വിശദീകരണങ്ങൾ കാണുക
1. ഇസ്‌ലാമിനു മുമ്പ് അജ്ഞതായുഗത്തില്‍ അറബികള്‍ക്കിടയില്‍ ഒരു പ്രത്യേക വിവാഹമോചന(ഥലാഖ്) രീതിയുണ്ടായിരുന്നു. ഇതിന്റെ പേര് 'ളിഹാര്‍' (ظهار) എന്നാണ്. വേര്‍പെടുത്തപ്പെടാനുദ്ദേശിക്കുന്ന ഭാര്യയോട് انت عليّ كظهر امّي എനിക്കു നീ എന്റെ മാതാവിന്റെ മുതുക് പോലെയാണ് (നീയുമായുള്ള സംസര്‍ഗം എന്റെ ഉമ്മയോടെന്ന പോലെ നിഷിദ്ധമാണ് എന്നു വ്യംഗ്യഭാഷ്യം) എന്ന് പറയും. അതോടെ ദാമ്പത്യബന്ധം വിച്ഛേദിതമായി.
ഹസ്രത്ത് ഔസുബ്‌നുസ്സ്വാമിത്(റ) തന്റെ സഹധര്‍മിണി ഖൗലബിന്‍തുസഅ്‌ലബ(റ)യെ ളിഹാര്‍ ചെയ്തു. പ്രവാചക സന്നിധിയിലെത്തി മനംപൊട്ടി അവര്‍ കേണുപറഞ്ഞു: 'നബിയേ, ഔസ് എന്നെ ളിഹാര്‍ ചെയ്തിരിക്കുന്നു. കൊച്ചു കുട്ടികളുണ്ടെനിക്ക്. അദ്ദേഹമൊന്നിച്ച് വിട്ടാല്‍ അവര്‍ ദുഷിച്ചുനശിക്കും; ഞാനൊന്നിച്ചു നിറുത്തിയാല്‍ പട്ടിണിയിലുമാകും....' ഈ പശ്ചാത്തലത്തിലാണ് സൂക്തങ്ങള്‍ അവതരിച്ചത്. (അസ്ബാബുന്നുസൂല്‍-വാഹിദി)
2. വളരെ ഹീനവും നിഷിദ്ധവുമായ ഈ നടപടി ഇസ്‌ലാം നിരോധിച്ചു. ഭാര്യയോട് നീ മാതൃതുല്യയാണെന്നു പറഞ്ഞതുകൊണ്ട് ഉമ്മയാകുമോ? ഉമ്മയാരാണെന്ന് എല്ലാവര്‍ക്കുമറിയാം. ഈ മൂഢസമ്പ്രദായം കര്‍ശനമായി വര്‍ജിക്കേണ്ടതാണെന്ന് ഖുര്‍ആന്‍ പഠിപ്പിച്ചു.