ആ ഭയാനക നാള്‍ സംഭവിച്ചുകഴിഞ്ഞാല്‍-അതിന്റെ സംഭവ്യതയെ തള്ളിപ്പറയുന്ന ഒരാളുമുണ്ടാകില്ല-ചിലരെയത് താഴ്ത്തുന്നതും മറ്റുചിലരെ ഉയര്‍ത്തുന്നതുമാണ്.1
ഭൂമി അതിശക്തമായി പ്രകമ്പിതമാവുകയും മലകള്‍ തകര്‍ക്കപ്പെടുകയും അങ്ങനെയവ വിതറപ്പെട്ട ധൂളിയാവുകയും നിങ്ങള്‍ മൂന്ന് വിഭാഗമാവുകയും ചെയ്യുന്ന ഘട്ടമത്രേ അത്. അപ്പോള്‍ ഒരു കൂട്ടര്‍ വലതുപക്ഷക്കാരായിരിക്കും. വലതുപക്ഷക്കാരുടെ അവസ്ഥ എന്താണ്? മറ്റൊരു കൂട്ടര്‍ ഇടതുപക്ഷക്കാര്‍-എന്താണ് ഇടതുപക്ഷത്തിന്റെ സ്ഥിതി? വിശ്വാസത്തിലും കര്‍മങ്ങളിലും മുന്‍കടന്നവര്‍ മുന്നോക്കക്കാര്‍ തന്നെ.2
ആമോദങ്ങളുടെ സ്വര്‍ഗീയോദ്യാനങ്ങളില്‍ ദിവ്യസാമീപ്യം നേടിയവരാണവര്‍-പൂര്‍വികരില്‍ നിന്ന് ഒരുവിഭാഗവും പില്‍ക്കാലക്കാരില്‍ നിന്ന് കുറച്ചു പേരും.
2 വിശദീകരണങ്ങൾ കാണുക
1. ഖിയാമ നാളിനെ തള്ളിപ്പറയുന്ന അവിശ്വാസികള്‍, നിരീശ്വരന്മാര്‍, യുക്തിവാദികള്‍, ബിംബാരാധകര്‍ തുടങ്ങി നിരവധിയാണല്ലോ. എന്നാല്‍ അതു സംഭവിക്കാനടുത്താല്‍ ഒരാളും അത് വ്യാജമാണെന്നു പറയാന്‍ ധൃഷ്ടനാകില്ല. ദുന്‍യാവില്‍ രാജാക്കളും മന്ത്രിമാരും ഉന്നതന്മാരുമായിരുന്ന പലരും അന്ന് പരാജയത്തിന്റെ പടുകുഴിയിലാപതിക്കും; പാവങ്ങളും സാധാരണക്കാരും അപ്രശസ്തരുമായിരുന്ന പലരും അന്ന് അത്യുന്നതന്മാരായ പാരത്രിക വിജയികളായിരിക്കും.
2. അന്ത്യനാള്‍ ആസന്നമായി അനന്തമായ പാരത്രിക ലോകത്തിന്നു തുടക്കമാകുന്നതോടെ ജനങ്ങള്‍ മൂന്ന് തരക്കാരായുണ്ടാകും-ഒന്ന് മഹാഭാഗ്യവാന്മാര്‍. മുമ്പന്മാര്‍ (അസ്സാബിഖൂന്‍) അവരാണ്. രണ്ടാമത്തേത് വലതുപക്ഷം; അവരും വിജയികള്‍ തന്നെ; സൂക്തം 11 മുതല്‍ 26 വരെ അവരെക്കുറിച്ചാണ് പരാമര്‍ശം. എന്നാല്‍ ഒന്നാം വിഭാഗത്തിന്റെ താഴെയാണവര്‍. ഇടതുപക്ഷമാകട്ടെ, മഹാപരാജിതരും നിര്‍ഭാഗ്യരുമായിരിക്കും. ദുന്‍യാവില്‍ ധിക്കാരികളും സത്യനിഷേധികളുമായി കഴിഞ്ഞുകൂടിയവരായിരിക്കും അവര്‍.