Sunday, 11 October 2026 Hijri: — 02:16:59 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അൽ ഹാഖ്ഖ الحاقة Al-Haqqah

Surah 69 മക്കിയ്യ • مكية • Makkiyah 52 ആയത്തുകൾ • 52 Ayahs

സൂറത്ത് അൽ ഹാഖ്ഖ (Al-Haqqah), ഖുർആൻ അധ്യായം 69 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 52 ആയത്തുകൾ വായിക്കുക. Read Surah Al-Haqqah with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–8

അന്ത്യനാള്‍ എന്ന ആ അനിവാര്യസംഭവം! എന്താണ് ആ യഥാര്‍ത്ഥ സംഗതി? സത്യമായി പുലരുന്ന അക്കാര്യത്തെക്കുറിച്ച് താങ്കള്‍ക്ക് എന്തറിയാം?1
സമൂദ്-ആദ് സമുദായങ്ങള്‍ ആ ഭയാനകസംഭവം വ്യാജമാക്കി. സമൂദ് അതീവഭയങ്കരമായ ഒരു ശിക്ഷമൂലം സംഹരിക്കപ്പെട്ടു. എന്നാല്‍ അതിശക്തമായി ആഞ്ഞടിച്ച കൊടുങ്കാറ്റ് കൊണ്ടാണ് ആദ് സമൂഹം ഉന്മൂലിതരായത്. ഏഴുരാത്രിയും എട്ടുപകലും അല്ലാഹു അതവര്‍ക്കു നേരെ അഴിച്ചുവിട്ടു. അപ്പോള്‍ കടപുഴകിവീണ ഈന്തത്തടികള്‍ പോലെ അവര്‍ നിലംപതിച്ചു കിടന്നതായി കാണാം. ഇനി, അവരുടെ എന്തെങ്കിലും അവശിഷ്ടം താങ്കള്‍ കാണുന്നുണ്ടോ?

1 വിശദീകരണം കാണുക

1. സത്യനിഷേധികളില്‍ വലിയൊരു വിഭാഗം അന്ത്യനാളില്‍ മുട്ടി സ്തബ്ധരായി നില്‍ക്കുകയായിരുന്നു. മരിച്ചു മണ്ണടിഞ്ഞു വര്‍ഷങ്ങളും നൂറ്റാണ്ടുകളും കഴിഞ്ഞശേഷം വീണ്ടും പുനര്‍ജീവിപ്പിക്കപ്പെടുകയോ? ഇതായിരുന്നു സര്‍വരുടെയും ചോദ്യം. അതീവ ഗൗരവത്തോടെ അന്ത്യദിനത്തിന്റെ ആഗമകാര്യം ഖണ്ഡിതമായി സമര്‍ത്ഥിച്ചിരിക്കയാണിവിടെ. അനിവാര്യമായും സാക്ഷാത്കൃതമാകുന്ന സംഭവം എന്നാണ് അല്‍ഹാഖ്ഖ എന്ന പദത്തിന്റെ അര്‍ത്ഥം; സൂറയുടെ നാമവും അതുതന്നെ.

ٱلۡحَآقَّةُ ۝١
مَا ٱلۡحَآقَّةُ ۝٢
وَمَآ أَدۡرَىٰكَ مَا ٱلۡحَآقَّةُ ۝٣
كَذَّبَتۡ ثَمُودُ وَعَادُۢ بِٱلۡقَارِعَةِ ۝٤
فَأَمَّا ثَمُودُ فَأُهۡلِكُواْ بِٱلطَّاغِيَةِ ۝٥
وَأَمَّا عَادٞ فَأُهۡلِكُواْ بِرِيحٖ صَرۡصَرٍ عَاتِيَةٖ ۝٦
سَخَّرَهَا عَلَيۡهِمۡ سَبۡعَ لَيَالٖ وَثَمَٰنِيَةَ أَيَّامٍ حُسُومٗاۖ فَتَرَى ٱلۡقَوۡمَ فِيهَا صَرۡعَىٰ كَأَنَّهُمۡ أَعۡجَازُ نَخۡلٍ خَاوِيَةٖ ۝٧
فَهَلۡ تَرَىٰ لَهُم مِّنۢ بَاقِيَةٖ ۝٨
9–12

ഫറോവയും അവനുമുമ്പുള്ളവരും അടിമുടി മറിഞ്ഞ നാടുകളും പാപകൃത്യങ്ങളനുവര്‍ത്തിക്കുകയും അങ്ങനെ തങ്ങളുടെ നാഥന്റെ ദൂതനെ ധിക്കരിക്കുകയും ചെയ്തു. തത്സമയം അവന്‍ അതിശക്തമായൊരു പിടിത്തം അവരെ പിടിച്ചു. സര്‍വസീമകളും ലംഘിച്ച് പ്രളയജലം അടിച്ചുകയറിയപ്പോള്‍ നിങ്ങളെ ജലയാനത്തില്‍ കയറ്റി നാം രക്ഷപ്പെടുത്തി. നിങ്ങള്‍ക്കതൊരു ഉദ്‌ബോധനമാക്കാനും സാകൂതം ശ്രവിക്കുന്ന കാതുകള്‍ അത് ശ്രദ്ധിച്ചു മനസ്സിലാക്കാനും വേണ്ടി.2

1 വിശദീകരണം കാണുക

2. മഹാപ്രളയം ഒരത്യുദ്ഭുത സംഭവം തന്നെയാണല്ലോ. വെള്ളം വ്യാപകമായി പൊങ്ങിയുയര്‍ന്ന ശേഷവും നിഷേധി പറഞ്ഞത് 'ഞാന്‍ ഏതെങ്കിലും മലമുകളില്‍ കയറി രക്ഷനേടും' എന്നാണ്-11:43. അതിന്റെ സംഹാരതാണ്ഡവം അസാങ്കല്‍പികമായിരുന്നു. എന്നിട്ടും, ധിക്കാരികളെ നാം ഉന്മൂലനം ചെയ്യുമെന്ന അല്ലാഹുവിന്റെ വാക്ക് സത്യസന്ധവും സാക്ഷാത്കൃതവുമായി പുലര്‍ന്നു.

وَجَآءَ فِرۡعَوۡنُ وَمَن قَبۡلَهُۥ وَٱلۡمُؤۡتَفِكَٰتُ بِٱلۡخَاطِئَةِ ۝٩
فَعَصَوۡاْ رَسُولَ رَبِّهِمۡ فَأَخَذَهُمۡ أَخۡذَةٗ رَّابِيَةً ۝١٠
إِنَّا لَمَّا طَغَا ٱلۡمَآءُ حَمَلۡنَٰكُمۡ فِي ٱلۡجَارِيَةِ ۝١١
لِنَجۡعَلَهَا لَكُمۡ تَذۡكِرَةٗ وَتَعِيَهَآ أُذُنٞ وَٰعِيَةٞ ۝١٢
13–18

അങ്ങനെ കാഹളത്തില്‍ ഒരു പ്രാവശ്യം ഊതപ്പെടുകയും ഭൂമിയും മലകളും പൊക്കിയെടുത്ത് കൂട്ടിയിടിച്ച് ധ്വംസിക്കപ്പെടുകയും ചെയ്താല്‍, അന്ന് ആ അന്ത്യനാള്‍ സംഭവിക്കും. ആകാശം-അന്നത് ബലശൂന്യമാകും-പൊട്ടിപ്പിളര്‍ന്ന് മലക്കുകള്‍ അതിന്റെ വിവിധ ഭാഗങ്ങളിലായുണ്ടാകും. താങ്കളുടെ നാഥന്റെ സിംഹാസനം അന്ന് എട്ടു മലക്കുകള്‍ തങ്ങള്‍ക്കു മീതെ വഹിക്കുന്നതാണ്.3
അന്നു നിങ്ങള്‍ ഹാജറാക്കപ്പെടും; ഒരു രഹസ്യ കാര്യവും അന്നു നിങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകില്ല.

1 വിശദീകരണം കാണുക

3. ഭയവിഹ്വലമായ ഈ രംഗങ്ങളും അവസ്ഥകളും ചിന്താവിധേയമാക്കാന്‍ പോലും മനുഷ്യന്‍ അശക്തനാണ്. ഖിയാമനാള്‍ സംഭവിച്ചാല്‍ അര്‍ശിന്റെ വാഹകര്‍ അതിശക്തന്മാരായ എട്ടു മലക്കുകളായിരിക്കും. നമുക്കതിനെക്കുറിച്ച് എന്തറിയാം? ഒരിക്കല്‍ തിരുനബി(സ്വ) പറഞ്ഞു: അര്‍ശിന്റെ ചുമതലയുള്ള ഒരു മലക്കിന്റെ വിവരം നിങ്ങള്‍ക്കു പറഞ്ഞുതരാന്‍ എനിക്കു അനുമതി കിട്ടിയിരിക്കുന്നു-ആ മലക്കിന്റെ ചെവിക്കുന്നിയില്‍ നിന്ന് പിരടിവരെയുള്ള അകലം എഴുനൂറു കൊല്ലത്തെ വഴിദൂരമത്രേ! (അബൂദാവൂദ്).

فَإِذَا نُفِخَ فِي ٱلصُّورِ نَفۡخَةٞ وَٰحِدَةٞ ۝١٣
وَحُمِلَتِ ٱلۡأَرۡضُ وَٱلۡجِبَالُ فَدُكَّتَا دَكَّةٗ وَٰحِدَةٗ ۝١٤
فَيَوۡمَئِذٖ وَقَعَتِ ٱلۡوَاقِعَةُ ۝١٥
وَٱنشَقَّتِ ٱلسَّمَآءُ فَهِيَ يَوۡمَئِذٖ وَاهِيَةٞ ۝١٦
وَٱلۡمَلَكُ عَلَىٰٓ أَرۡجَآئِهَاۚ وَيَحۡمِلُ عَرۡشَ رَبِّكَ فَوۡقَهُمۡ يَوۡمَئِذٖ ثَمَٰنِيَةٞ ۝١٧
يَوۡمَئِذٖ تُعۡرَضُونَ لَا تَخۡفَىٰ مِنكُمۡ خَافِيَةٞ ۝١٨
19–24

അപ്പോള്‍ വലതുകൈയില്‍ സ്വന്തം പ്രമാണം നല്‍കപ്പെട്ടവന്‍ ആഹ്ലാദം രേഖപ്പെടുത്തും. 'ഇതാ എന്റെ ഗ്രന്ഥം പാരായണം ചെയ്യൂ, ഈ വിചാരണ നേരിടണമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.' തന്മൂലമവന്‍ അടുത്തു വരുന്ന പഴങ്ങളുള്ള സമുന്നത സ്വര്‍ഗത്തില്‍ സംതൃപ്ത ജീവിതത്തിലായിരിക്കും. അവരോട് അരുളപ്പെടും. പോയകാലത്ത് മുന്‍കൂട്ടി ചെയ്ത കര്‍മഫലമായി നിങ്ങള്‍ സാമോദം അന്നപാനാദികള്‍ കഴിച്ചുകൊള്ളുക!4

1 വിശദീകരണം കാണുക

4. ഓരോരുത്തരുടെയും നന്മകളും തിന്മകളും രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥം മഹ്ശറില്‍ വെച്ചു കൊടുക്കപ്പെടും. തത്സമയം നിഷേധികള്‍ പരിഭ്രമിച്ച് ഭയാക്രാന്തരാകും. വിശ്വാസികളാകട്ടെ, ആഹ്ലാദപൂര്‍വമാണത് ഏറ്റുവാങ്ങുക, സന്തോഷാധിക്യത്താല്‍ മറ്റുള്ളവരോട് വായിച്ചുനോക്കാന്‍ അവര്‍ പറയുകയും ചെയ്യും. ഈ കാര്യങ്ങളെല്ലാം നേരത്തെ ഉറച്ചുവിശ്വസിച്ചിരുന്നവനാണല്ലോ മുസ്‌ലിം.

فَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ بِيَمِينِهِۦ فَيَقُولُ هَآؤُمُ ٱقۡرَءُواْ كِتَٰبِيَهۡ ۝١٩
إِنِّي ظَنَنتُ أَنِّي مُلَٰقٍ حِسَابِيَهۡ ۝٢٠
فَهُوَ فِي عِيشَةٖ رَّاضِيَةٖ ۝٢١
فِي جَنَّةٍ عَالِيَةٖ ۝٢٢
قُطُوفُهَا دَانِيَةٞ ۝٢٣
كُلُواْ وَٱشۡرَبُواْ هَنِيٓـَٔۢا بِمَآ أَسۡلَفۡتُمۡ فِي ٱلۡأَيَّامِ ٱلۡخَالِيَةِ ۝٢٤
25–37

എന്നാല്‍ ഇടതുകൈയില്‍ സ്വന്തം പ്രമാണം നല്‍കപ്പെട്ടവന്‍ ഇങ്ങനെ സഹതപിക്കും: 'ഹാ കഷ്ടം, ഈ ഗ്രന്ഥം എനിക്ക് നല്‍കപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍...! ഈ വിചാരണ എന്താണെന്ന് ഞാന്‍ അറിഞ്ഞിട്ടില്ലായിരുന്നെങ്കില്‍...! മരണം എല്ലാറ്റിന്റെയും പരിസമാപ്തിയായിരുന്നെങ്കില്‍...! സ്വന്തം ധനം എനിക്ക് ഉപകാരപ്പെട്ടില്ല, അധികാരം വിനഷ്ടമായിപ്പോയി.'5
കല്‍പനയുണ്ടാകും: നിങ്ങള്‍ അവനെ പിടിച്ചുകെട്ടുകയും കത്തിജ്ജ്വലിക്കുന്ന നരകാഗ്നിയില്‍ കടത്തുകയും എഴുപതു മുഴം നീളമുള്ള ചങ്ങലയില്‍ ബന്ധിക്കുകയും ചെയ്യുക! കാരണം, അവന്‍ മഹോന്നതനായ അല്ലാഹുവില്‍ വിശ്വസിക്കാതിരിക്കുകയും സാധുക്കള്‍ക്ക് ആഹാരം നല്‍കാന്‍ പ്രേരിപ്പിക്കാതിരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട്, ഇന്ന് അവന്നിവിടെ ഒരാത്മമിത്രമോ മഹാപാപികളല്ലാതെ കഴിക്കാത്ത, നരകക്കാരുടെ ചീഞ്ചലമൊഴികെയുള്ള ഭക്ഷണമോ ഇല്ലതന്നെ.6

2 വിശദീകരണങ്ങൾ കാണുക

5. സമയം കഴിഞ്ഞുപോയ ശേഷമാണ് ഈ ഹതഭാഗ്യന്‍ പരിതപിക്കുന്നത്. വരാന്‍ പോകുന്ന ഈ അനിഷേധ്യകാര്യങ്ങളത്രയും മതിയായ തെളിവുസഹിതം അവനെ ഉദ്‌ബോധിപ്പിച്ചിരുന്നതാണ്. പക്ഷേ, അന്ധമായി അവ വ്യാജമാക്കിത്തള്ളി; ഇനിയെന്തു രക്ഷ?

6. അനന്തദൈര്‍ഘ്യമുള്ള ചങ്ങലയാണെന്ന് ധ്വനിപ്പിക്കാനാണ് എഴുപതു മുഴമെന്നു പറഞ്ഞത്. കണക്കറ്റ എണ്ണത്തിന് അറബികള്‍ അങ്ങനെ ഉപയോഗിക്കാറുണ്ട്-9:80. ഈ എഴുപത് തന്നെ മനുഷ്യന്റെ മുഴമോ മലക്കുകളുടെ മുഴമോ എന്നറിയില്ല-ഇമാം ഹസനുല്‍ബസ്വ്‌രീ അതു സൂചിപ്പിച്ചിട്ടുണ്ട്.
സത്യനിഷേധം, പിശുക്ക് എന്നീ രണ്ട് ന്യൂനതകള്‍ പ്രധാനമായി ഇവനുണ്ട് എന്നാണ് അല്ലാഹു ഇതിലൂടെ സൂചിപ്പിക്കുന്നത്. 74:43,44 ലും ഇക്കാര്യം കാണാം. ഏറ്റം ഹീനവും ഗുരുതരവുമായ പാതകമാണ് സത്യനിഷേധം. പിശുക്കാകട്ടെ, സ്വഭാവ ശീലങ്ങളില്‍ അങ്ങേയറ്റം തരംതാഴ്ന്നതും മോശപ്പെട്ടതുമാകുന്നു. അറുപിശുക്കന്‍ പോലും ആ വിശേഷണം ഒട്ടുമേ ഇഷ്ടപ്പെടുകയില്ല.

وَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ بِشِمَالِهِۦ فَيَقُولُ يَٰلَيۡتَنِي لَمۡ أُوتَ كِتَٰبِيَهۡ ۝٢٥
وَلَمۡ أَدۡرِ مَا حِسَابِيَهۡ ۝٢٦
يَٰلَيۡتَهَا كَانَتِ ٱلۡقَاضِيَةَ ۝٢٧
مَآ أَغۡنَىٰ عَنِّي مَالِيَهۡۜ ۝٢٨
هَلَكَ عَنِّي سُلۡطَٰنِيَهۡ ۝٢٩
خُذُوهُ فَغُلُّوهُ ۝٣٠
ثُمَّ ٱلۡجَحِيمَ صَلُّوهُ ۝٣١
ثُمَّ فِي سِلۡسِلَةٖ ذَرۡعُهَا سَبۡعُونَ ذِرَاعٗا فَٱسۡلُكُوهُ ۝٣٢
إِنَّهُۥ كَانَ لَا يُؤۡمِنُ بِٱللَّهِ ٱلۡعَظِيمِ ۝٣٣
وَلَا يَحُضُّ عَلَىٰ طَعَامِ ٱلۡمِسۡكِينِ ۝٣٤
فَلَيۡسَ لَهُ ٱلۡيَوۡمَ هَٰهُنَا حَمِيمٞ ۝٣٥
وَلَا طَعَامٌ إِلَّا مِنۡ غِسۡلِينٖ ۝٣٦
لَّا يَأۡكُلُهُۥٓ إِلَّا ٱلۡخَٰطِـُٔونَ ۝٣٧
38–43

അതിനാല്‍ നിങ്ങള്‍ക്ക് ഗോചരീഭവിക്കുന്നതും അല്ലാത്തതുമായ വസ്തുക്കള്‍ കൊണ്ട് ഞാന്‍ ശപഥം ചെയ്യുന്നു. നിശ്ചയം, ഈ ഖുര്‍ആന്‍ സമാദരണീയനായ ഒരു ദൂതന്‍ പാരായണം ചെയ്യുന്ന വചനങ്ങളാണ്; ഇതൊരു കവിഭാഷ്യമോ-വളരെ കുറച്ചേ നിങ്ങള്‍ വിശ്വസിക്കുന്നുള്ളു-ജ്യോത്സ്യ പ്രവചനമോ-വളരെ അപൂര്‍വമായേ നിങ്ങള്‍ ഗ്രഹിക്കുന്നുള്ളു-അല്ല തന്നെ; പ്രപഞ്ച സംരക്ഷകനായ അല്ലാഹുവിങ്കല്‍ നിന്ന് അവതീര്‍ണമാണിത്.7

1 വിശദീകരണം കാണുക

7. ഖുര്‍ആന്‍ പൂര്‍വികരുടെ പഴങ്കഥകളാണ്, കാവ്യമാണ്, ജ്യോത്സ്യമാണ്, ഭ്രാന്തഭാഷ്യമാണ് എന്നിങ്ങനെ ഓരോന്ന് നിരര്‍ത്ഥകമായി പുലമ്പുന്നുവെന്നല്ലാതെ ഒന്നും സ്ഥാപിക്കാന്‍ നിഷേധികള്‍ക്കു കഴിയില്ല. തത്തുല്യമായ ഒരു വൃത്താന്തമെങ്കിലും ഹാജറാക്കാന്‍ വെല്ലുവിളിച്ചിട്ട് അവര്‍ക്കായിട്ടില്ലല്ലോ.

فَلَآ أُقۡسِمُ بِمَا تُبۡصِرُونَ ۝٣٨
وَمَا لَا تُبۡصِرُونَ ۝٣٩
إِنَّهُۥ لَقَوۡلُ رَسُولٖ كَرِيمٖ ۝٤٠
وَمَا هُوَ بِقَوۡلِ شَاعِرٖۚ قَلِيلٗا مَّا تُؤۡمِنُونَ ۝٤١
وَلَا بِقَوۡلِ كَاهِنٖۚ قَلِيلٗا مَّا تَذَكَّرُونَ ۝٤٢
تَنزِيلٞ مِّن رَّبِّ ٱلۡعَٰلَمِينَ ۝٤٣
44–52

ഏതെങ്കിലും വചനങ്ങള്‍ നമ്മുടെ പേരില്‍ നിര്‍മിച്ചു പറഞ്ഞിരുന്നെങ്കില്‍, നബിയെ നാം വലതുകൈ കൊണ്ട് പിടികൂടി ജീവനാഡി ഛേദിച്ചു കളയുമായിരുന്നു; തത്സമയം നിങ്ങളിലൊരാള്‍ക്കും അത് പ്രതിരോധിക്കാനാവില്ല.8
ഈ ഖുര്‍ആന്‍ ഭക്തജനങ്ങള്‍ക്കുള്ള ഒരുദ്‌ബോധനം തന്നെ, തീര്‍ച്ച. നിങ്ങളിലിത് വ്യാജമാക്കുന്നവരുണ്ടെന്ന് നമുക്ക് നന്നായറിയാം; നിഷേധികള്‍ക്കത് നെടുംഖേദകാരണമാകും. ഇത് സുദൃഢമായ വസ്തുത തന്നെയാണ്; അതുകൊണ്ട് താങ്കളുടെ മഹോന്നതനായ നാഥന്റെ വിശുദ്ധി പ്രകീര്‍ത്തിച്ചുകൊള്ളുക.9

2 വിശദീകരണങ്ങൾ കാണുക

8. സ്വയം നിര്‍മിച്ച ഖുര്‍ആനാണിത് എന്ന് പറയാനുള്ള എന്തെങ്കിലും ചെറുലാഞ്ചനയെങ്കിലും നബി(സ്വ)യില്‍ നിന്നുണ്ടായി എന്ന സൂചനയല്ല ഇതിലുള്ളത്; പ്രത്യുത, ശത്രുവിന്റെ നിലപാടില്‍ നിന്നുകൊണ്ടുള്ള ഒരു ഖണ്ഡനം മാത്രമാണിത്. അല്ലാഹുവിന്റെ ആ ശിക്ഷ പ്രതിരോധിക്കാന്‍ മനുഷ്യരില്‍ ഒരാള്‍ക്കും സാധിക്കില്ല; അത്രയും ഗുരുതരമാണ് വിഷയം എന്നര്‍ത്ഥം.

9. വിശ്വസിക്കാനും അംഗീകരിക്കാനും പര്യാപ്തമായ നിരവധി തെളിവുകളും അനുകൂല സാഹചര്യങ്ങളുമുണ്ടായിട്ടും ഖുര്‍ആന്‍ വ്യാജമാക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന സത്യനിഷേധികള്‍, ഇക്കാരണത്താല്‍ നാളെ പരലോകത്ത് നെടുംഖേദത്തിലകപ്പെടുമെന്നാണ് താക്കീത് ചെയ്യുന്നത്.

وَلَوۡ تَقَوَّلَ عَلَيۡنَا بَعۡضَ ٱلۡأَقَاوِيلِ ۝٤٤
لَأَخَذۡنَا مِنۡهُ بِٱلۡيَمِينِ ۝٤٥
ثُمَّ لَقَطَعۡنَا مِنۡهُ ٱلۡوَتِينَ ۝٤٦
فَمَا مِنكُم مِّنۡ أَحَدٍ عَنۡهُ حَٰجِزِينَ ۝٤٧
وَإِنَّهُۥ لَتَذۡكِرَةٞ لِّلۡمُتَّقِينَ ۝٤٨
وَإِنَّا لَنَعۡلَمُ أَنَّ مِنكُم مُّكَذِّبِينَ ۝٤٩
وَإِنَّهُۥ لَحَسۡرَةٌ عَلَى ٱلۡكَٰفِرِينَ ۝٥٠
وَإِنَّهُۥ لَحَقُّ ٱلۡيَقِينِ ۝٥١
فَسَبِّحۡ بِٱسۡمِ رَبِّكَ ٱلۡعَظِيمِ ۝٥٢