Sunday, 11 October 2026 Hijri: — 12:29:42 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അൽ ഖലം القلم Al-Qalam

Surah 68 മക്കിയ്യ • مكية • Makkiyah 52 ആയത്തുകൾ • 52 Ayahs

സൂറത്ത് അൽ ഖലം (Al-Qalam), ഖുർആൻ അധ്യായം 68 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 52 ആയത്തുകൾ വായിക്കുക. Read Surah Al-Qalam with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–7

നൂന്‍. തൂലികയും അവര്‍ രേഖപ്പെടുത്തുന്നവയും തന്നെ ശപഥം, നാഥന്റെ അനുഗ്രഹം കൊണ്ട് താങ്കള്‍ ഒരു ഭ്രാന്തനല്ല.1
നിശ്ചയം, അങ്ങേക്ക് അവിച്ഛേദ്യമായ പ്രതിഫലമുണ്ട്. അതിമഹത്തായ സ്വഭാവത്തിന്മേലാണ് താങ്കള്‍. അതുകൊണ്ട്, ആരാണ് വിനാശവിധേയനെന്ന് താങ്കളും അവരും കണ്ടറിയും. തന്റെ പന്ഥാവില്‍ നിന്ന് വ്യതിചലിച്ചവരെയും സന്മാര്‍ഗ പ്രാപ്തരെയും സംബന്ധിച്ച് താങ്കളുടെ നാഥന്‍ നല്ല അഭിജ്ഞനത്രേ.

1 വിശദീകരണം കാണുക

1. നബി(സ്വ)തിരുമേനിയെപ്പറ്റി പരസ്പരവിരുദ്ധമായ വ്യത്യസ്താഭിപ്രായങ്ങള്‍ തൊടുത്തുവിട്ടിരുന്നുവല്ലോ മുശ്‌രിക്കുകള്‍. അതിലൊന്ന് ഭ്രാന്തനാണെന്നതായിരുന്നു. സാധാരണഗതിയില്‍ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുംവിധം പൂര്‍ണ ആരോഗ്യവാനും ന്യൂനതാമുക്ത ജീവിതത്തിനുടമയുമായിരുന്നു തിരുമേനി. ആ അധിക്ഷേപം തികച്ചും ബുദ്ധിശൂന്യവും അടിസ്ഥാന രഹിതവുമാണെന്നാണ് പറയുന്നത്. മനുഷ്യരും മലക്കുകളുമെല്ലാം എഴുതുന്ന പേനയും അവര്‍ എഴുതുന്ന കാര്യങ്ങളും കൊണ്ടാണ് ഇവിടെ സത്യം ചെയ്തു പറയുന്നത്.

نٓۚ وَٱلۡقَلَمِ وَمَا يَسۡطُرُونَ ۝١
مَآ أَنتَ بِنِعۡمَةِ رَبِّكَ بِمَجۡنُونٖ ۝٢
وَإِنَّ لَكَ لَأَجۡرًا غَيۡرَ مَمۡنُونٖ ۝٣
وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٖ ۝٤
فَسَتُبۡصِرُ وَيُبۡصِرُونَ ۝٥
بِأَييِّكُمُ ٱلۡمَفۡتُونُ ۝٦
إِنَّ رَبَّكَ هُوَ أَعۡلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعۡلَمُ بِٱلۡمُهۡتَدِينَ ۝٧
8–16

അതുകൊണ്ട് അങ്ങ് സത്യനിഷേധികളെ അനുസരിച്ചുപോകരുത്. താങ്കള്‍ അവിശ്വാസികളോട് വിധേയത്വം കാട്ടുകയാണെങ്കില്‍ തങ്ങള്‍ക്കും മൃദുവഴി സ്വീകരിക്കാമായിരുന്നുവെന്നാണവരുടെ അഭിലാഷം. താന്‍ സമ്പന്നനും സന്താനങ്ങളുള്ളവനും ആയി എന്നതിനാല്‍ ധാരാളമായി ശപഥം ചെയ്യുന്നവനും ഹീനനും അധിക്ഷേപകനും ഏഷണിക്കാരനും നന്മ മുടക്കുന്നവനും അതിക്രമിയും കുറ്റവാളിയും പുറമെ ജാരസന്തതിയുമായ ഒരാളെയും താങ്കളനുസരിക്കരുത്.2
നമ്മുടെ സൂക്തങ്ങള്‍ ഓതിക്കേള്‍പിക്കപ്പെട്ടാല്‍ 'ഇത് പൂര്‍വികരുടെ ഇതിഹാസങ്ങളാണ്' എന്ന് അവന്‍ ജല്‍പിക്കും. അവന്റെ തുമ്പിക്കൈയിന് നാം അടയാളം വെക്കാന്‍ പോകയാണ്!3

2 വിശദീകരണങ്ങൾ കാണുക

2. വലീദുബ്‌നുല്‍മുഗീറ എന്ന ധനാഢ്യ-ധിക്കാരി മുശ്‌രിക്കിന്റെ സംഹാര പ്രവര്‍ത്തനങ്ങള്‍ക്ക് കൈയും കണക്കുമില്ലായിരുന്നു. ഇവനെപ്പോലെ സത്യനിഷേധിയായി രംഗത്തുള്ള ഒരാളെയും താങ്കള്‍ അനുസരിക്കരുതെന്ന് നബി(സ്വ)യെ ഉണര്‍ത്തുകയാണ്. ഇതില്‍ അവസാനം പറഞ്ഞ ജാരസന്തതി എന്ന വിശേഷണം അയാള്‍ക്ക് തന്നെ അറിയില്ലായിരുന്നു. മാതാവിനെ സമീപിച്ച് നിര്‍ബന്ധിച്ച് ചോദിച്ചപ്പോള്‍ അവര്‍ അത് സമ്മതിച്ചതായി ചരിത്രങ്ങളിലുണ്ട്. നീച വ്യക്തികളുടെ ദുഃസ്വഭാവങ്ങളും ന്യൂനതകളും -അവര്‍ നേതാക്കളാണെങ്കിലും ശരി-ജനങ്ങള്‍ ജാഗ്രത പുലര്‍ത്താനായും തെറ്റിദ്ധരിച്ച് അവരുടെ കെണിയില്‍ കുടുങ്ങാതിരിക്കാനായും പരസ്യപ്പെടുത്താമെന്നതിന് തെളിവാണ് ഈ സൂക്തങ്ങള്‍.

3. പരലോകത്ത് ഈ ധിക്കാരിക്ക് പ്രത്യേകാടയാളം വെക്കുമെന്നാണ് വിവക്ഷ എന്നാണ് ചില മുഫസ്സിറുകള്‍ പറയുന്നത്. എല്ലാ നിഷേധികളുടെയും മുഖങ്ങള്‍ അന്ന് കറുത്തിരുണ്ടതാകുമെന്ന് ഖുര്‍ആനില്‍ ഉണ്ട്. 39:60, 3:106, 10:27, 20:102, 80:40 നോക്കുക. എന്നാല്‍, പ്രത്യേകം പറഞ്ഞതു കൊണ്ട് ദുന്‍യാവില്‍ വെച്ച് എന്നു തന്നെയാണ് ഉദ്ദേശ്യമെന്ന് മറ്റുചിലര്‍ വിശദീകരിച്ചിട്ടുണ്ട്. ബദ്ര്‍ യുദ്ധത്തില്‍ ഈ ദുഷ്ടന്റെ മൂക്കിന് വെട്ടേല്‍ക്കുകയും അതിന്റെ അപമാനകരമായ അടയാളം മരണം വരെ നിലനില്‍ക്കുകയും ചെയ്തിരുന്നു.

فَلَا تُطِعِ ٱلۡمُكَذِّبِينَ ۝٨
وَدُّواْ لَوۡ تُدۡهِنُ فَيُدۡهِنُونَ ۝٩
وَلَا تُطِعۡ كُلَّ حَلَّافٖ مَّهِينٍ ۝١٠
هَمَّازٖ مَّشَّآءِۭ بِنَمِيمٖ ۝١١
مَّنَّاعٖ لِّلۡخَيۡرِ مُعۡتَدٍ أَثِيمٍ ۝١٢
عُتُلِّۭ بَعۡدَ ذَٰلِكَ زَنِيمٍ ۝١٣
أَن كَانَ ذَا مَالٖ وَبَنِينَ ۝١٤
إِذَا تُتۡلَىٰ عَلَيۡهِ ءَايَٰتُنَا قَالَ أَسَٰطِيرُ ٱلۡأَوَّلِينَ ۝١٥
سَنَسِمُهُۥ عَلَى ٱلۡخُرۡطُومِ ۝١٦
17–25

ആ തോട്ടക്കാരെയെന്ന പോലെ മക്കാ മുശ്‌രിക്കുകളെ നാം പരീക്ഷണ വിധേയരാക്കുക തന്നെ ചെയ്തു-പുലരാന്‍ നേരത്തുതന്നെ അതിലെ പഴങ്ങള്‍ പറിച്ചെടുക്കുമെന്ന്-ഒന്നും ഒഴിവാക്കിപ്പറയാതെ- അവര്‍ ശപഥം ചെയ്തപ്പോള്‍.4
എന്നിട്ട്, അവര്‍ നിദ്രയിലാണ്ടിരിക്കേ അങ്ങയുടെ നാഥങ്കല്‍ നിന്നുള്ള ഒരു ശിക്ഷ അതിനെ ആവരണം ചെയ്യുകയും എല്ലാം മുറിച്ചെടുക്കപ്പെട്ടതുപോലെ അതാവുകയുമുണ്ടായി. അങ്ങനെ പുലര്‍ച്ചെ അവരന്യോന്യം വിളിച്ചു: 'പഴങ്ങള്‍ പറിക്കുന്നുവെങ്കില്‍ കൃഷിയിടത്തിലേക്ക് നേരത്തെ പുറപ്പെടണം.' ഇന്നു നിങ്ങളുടെയടുത്തേക്ക് തോട്ടത്തില്‍ ഒരു സാധുവും കടന്നുവരാനേ പാടില്ല എന്ന് പരസ്പരം അടക്കം പറഞ്ഞ്, പാവങ്ങളെ പ്രതിരോധിക്കാന്‍ കഴിയുമെന്നു കണക്കുകൂട്ടിക്കൊണ്ടുതന്നെ കാലത്ത് അവര്‍ പുറപ്പെട്ടു.

1 വിശദീകരണം കാണുക

4. 'ഒന്നും ഒഴിവാക്കിപ്പറയാതെ' എന്നു വെച്ചാല്‍ 'ഇന്‍ശാ അല്ലാഹ്' ഇല്ലാതെ എന്നാണ് ഒരു വിശദീകരണം. തങ്ങളുടെ പിതാവിന്റെ ജീവിത കാലത്ത് പാവപ്പെട്ടവര്‍ക്കും മറ്റും ദാനമായി നല്‍കിവന്നിരുന്ന വിഹിതം ഒഴിവാക്കാതെ എന്നാണ് മറ്റൊരു വ്യാഖ്യാനം. സാധുക്കള്‍ക്ക് ഒന്നും നല്‍കാതിരിക്കാനായിരുന്നു ഈ ഗൂഢാലോചന അവര്‍ ആവിഷ്‌കരിച്ചതു തന്നെ. പക്ഷേ, അവര്‍ അമ്പേ തോറ്റുപോയി.

إِنَّا بَلَوۡنَٰهُمۡ كَمَا بَلَوۡنَآ أَصۡحَٰبَ ٱلۡجَنَّةِ إِذۡ أَقۡسَمُواْ لَيَصۡرِمُنَّهَا مُصۡبِحِينَ ۝١٧
وَلَا يَسۡتَثۡنُونَ ۝١٨
فَطَافَ عَلَيۡهَا طَآئِفٞ مِّن رَّبِّكَ وَهُمۡ نَآئِمُونَ ۝١٩
فَأَصۡبَحَتۡ كَٱلصَّرِيمِ ۝٢٠
فَتَنَادَوۡاْ مُصۡبِحِينَ ۝٢١
أَنِ ٱغۡدُواْ عَلَىٰ حَرۡثِكُمۡ إِن كُنتُمۡ صَٰرِمِينَ ۝٢٢
فَٱنطَلَقُواْ وَهُمۡ يَتَخَٰفَتُونَ ۝٢٣
أَن لَّا يَدۡخُلَنَّهَا ٱلۡيَوۡمَ عَلَيۡكُم مِّسۡكِينٞ ۝٢٤
وَغَدَوۡاْ عَلَىٰ حَرۡدٖ قَٰدِرِينَ ۝٢٥
26–33

അങ്ങനെ തോട്ടം ദൃഷ്ടിയില്‍ പെട്ടപ്പോള്‍ 'നമുക്ക് വഴിതെറ്റുക തന്നെ ചെയ്തിട്ടുണ്ട്' എന്ന് ആദ്യം അവര്‍ പറയുകയും, അല്ല നമുക്ക് ഈ അനുഗ്രഹം തടയപ്പെട്ടിരിക്കുകയാണ് എന്ന് അവര്‍ മനസ്സിലാക്കുകയുമുണ്ടായി. അവരിലെ മധ്യനിലപാടുകാരന്‍ പ്രതികരിച്ചു: ഞാന്‍ നേരത്തെ നിങ്ങളോട് കാര്യം ഉണര്‍ത്തിയിരുന്നില്ലേ, നിങ്ങള്‍ എന്താണ് അല്ലാഹുവിന്റെ മഹത്ത്വമറിഞ്ഞ് വിശുദ്ധിവാഴ്ത്താതിരുന്നത്? അവര്‍ പ്രതികരിച്ചു: നമ്മുടെ നാഥന്‍ മഹാപരിശുദ്ധന്‍ തന്നെ! നാം പരിധി കടന്നു പ്രവര്‍ത്തിക്കുക തന്നെ ചെയ്തുപോയി! അങ്ങനെ, അന്യോന്യം അധിക്ഷേപിച്ച് ചിലര്‍ മറ്റു ചിലര്‍ക്ക് നേരെ അഭിമുഖമായി പരിഭവിച്ചു: നമ്മുടെയൊരു നാശം! നാം പരിധിവിട്ടവര്‍ തന്നെയായിരിക്കുന്നു. ഇതിനേക്കാള്‍ ഉദാത്തമായത് നാഥന്‍ നമുക്ക് കനിഞ്ഞേകിയേക്കാം. നാം അവങ്കലേക്ക് പ്രത്യാശാനിര്‍ഭരരായി ഇതാ അഭിമുഖീകരിച്ചിരിക്കുന്നു-ഇങ്ങനെയാണ് ഭൗതിക ശിക്ഷ; ഇനി പാരത്രിക ശിക്ഷയാകട്ടെ, ഇതിനേക്കാള്‍ അതീവ ഭയാനകമത്രേ. അവര്‍ വസ്തുത ഗ്രഹിച്ചിരുന്നെങ്കില്‍...5

1 വിശദീകരണം കാണുക

5. വേദവിശ്വാസിയായ ഒരു ഉത്തമമനുഷ്യന്റേതായിരുന്നു ഈ തോട്ടം. വിളവെടുപ്പിന്റെ സമയത്തും മറ്റും പാവങ്ങള്‍ക്കയാള്‍ നന്നായി ദാനം ചെയ്തിരുന്നു. മക്കള്‍ അനന്തരാവകാശികളായപ്പോള്‍ ബാപ്പ പോഴനായിരുന്നുവെന്ന് വിലയിരുത്തി പാവങ്ങളുടെ വിഹിതം നല്‍കാതിരിക്കാന്‍ ഗൂഢാലോചന നടത്തി. ഫലമോ? ഇടിത്തീയേറ്റ് തോട്ടം ഒന്നടങ്കം കത്തിച്ചാമ്പലായി. ഹീനമായ ഗൂഢാലോചന ആവരണം ചെയ്യുക അതിന്റെയാളുകളെ തന്നെയായിരിക്കും. 35:43. ഈ ഭീകര ദൃശ്യം കണ്ട് പുത്തന്‍ അവകാശികള്‍ ഇടിത്തീയേറ്റവരെപ്പോലെയായി. കണ്ണീരും വേവലാതിയും പശ്ചാത്താപവും തന്നെ. പക്ഷേ, എന്തുഫലം? സമയം കഴിഞ്ഞുപോയല്ലോ.

فَلَمَّا رَأَوۡهَا قَالُوٓاْ إِنَّا لَضَآلُّونَ ۝٢٦
بَلۡ نَحۡنُ مَحۡرُومُونَ ۝٢٧
قَالَ أَوۡسَطُهُمۡ أَلَمۡ أَقُل لَّكُمۡ لَوۡلَا تُسَبِّحُونَ ۝٢٨
قَالُواْ سُبۡحَٰنَ رَبِّنَآ إِنَّا كُنَّا ظَٰلِمِينَ ۝٢٩
فَأَقۡبَلَ بَعۡضُهُمۡ عَلَىٰ بَعۡضٖ يَتَلَٰوَمُونَ ۝٣٠
قَالُواْ يَٰوَيۡلَنَآ إِنَّا كُنَّا طَٰغِينَ ۝٣١
عَسَىٰ رَبُّنَآ أَن يُبۡدِلَنَا خَيۡرٗا مِّنۡهَآ إِنَّآ إِلَىٰ رَبِّنَا رَٰغِبُونَ ۝٣٢
كَذَٰلِكَ ٱلۡعَذَابُۖ وَلَعَذَابُ ٱلۡأٓخِرَةِ أَكۡبَرُۚ لَوۡ كَانُواْ يَعۡلَمُونَ ۝٣٣
34–41

ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് തങ്ങളുടെ നാഥങ്കല്‍ സുഖാഡംബരങ്ങളുടെ സ്വര്‍ഗീയാരാമങ്ങളുണ്ട്. അല്ല, മുസ്‌ലിംകളെ നാം അധര്‍മകാരികളെപ്പോലെയാക്കുമോ? നിങ്ങള്‍ക്കെന്തായിപ്പോയി, എന്തു വിധിയാണിപ്പറയുന്നത്?6
അതല്ല, വല്ല വേദവും ലഭിച്ചിട്ട് അത് വായിച്ചു പറയുകയാണോ, നിങ്ങള്‍ക്കിഷ്ടമുള്ളതൊക്കെ അതിലുണ്ടോ? അതുമല്ല, നിങ്ങള്‍ വിധിക്കുന്നതെന്തും കിട്ടുമെന്നുള്ള അന്ത്യദിനം വരെ പ്രാബല്യത്തിലിരിക്കുന്ന വല്ല കരാറും നിങ്ങളുമായി നമ്മുടെ ബാധ്യതയിലുണ്ടോ? അത് സ്ഥിരീകരിക്കാം എന്ന ഉത്തരവാദിത്വമേല്‍ക്കുന്ന ആരെങ്കിലുമുണ്ടോ? എന്ന് അവരോട് അന്വേഷിക്കുക. അതുമല്ല, കാര്യം സാധിപ്പിച്ചു കൊടുക്കുന്ന വല്ല ദൈവിക പങ്കാളിയും അവര്‍ക്കുണ്ടോ? സത്യവാദികളാണെങ്കില്‍ ഇവര്‍ അവരെ കൊണ്ടുവരട്ടെ.7

2 വിശദീകരണങ്ങൾ കാണുക

6. ഇസ്‌ലാമും ഖുര്‍ആനും പറയുന്നതു പോലെയൊന്നുമല്ല കാര്യം. മരിച്ചുപോയി ഒരു പുനരുത്ഥാനമുണ്ടെന്നു വാദത്തിനുവേണ്ടി സമ്മതിച്ചാല്‍ തന്നെ, ദുന്‍യാവിലെന്ന പോലെ തങ്ങള്‍ക്കവിടെയും ഉന്നത പദവിയുണ്ടാകുമെന്ന് മുശ്‌രിക്കുകള്‍ ജല്‍പിച്ചിരുന്നു. 41:50, 18:36 നോക്കുക. അതിന്റെ ഖണ്ഡനമാണിത്.

7. സത്യനിഷേധികളുടെ വിതണ്ഡവാദങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ടുള്ള പരിഹാസാത്മകമായ ചോദ്യശരങ്ങളാണിവ. അല്ലാഹുവിന്റെ വിശുദ്ധ വേദത്തിനും അവന്റെ ദൂതന്‍ സമര്‍പ്പിക്കുന്ന സിദ്ധാന്തങ്ങള്‍ക്കും കടകവിരുദ്ധമായി നിങ്ങള്‍ വെച്ചുപുലര്‍ത്തുന്ന മതദര്‍ശനത്തിന്റെ സ്രോതസ്സ് എന്താണെന്നാണ് ചോദ്യം. അങ്ങനെ ഒന്നുംതന്നെയില്ലെന്ന് വിശ്വാസികള്‍ക്ക് മാത്രമല്ല, അവിശ്വാസികള്‍ക്കും നന്നായറിയാം. അപ്പോള്‍, സ്വേച്ഛയും താന്തോന്നിത്തവുമാണ് നിങ്ങളുടെ മതം എന്ന് വ്യാജവാദികളെ സലക്ഷ്യം ഉദ്‌ബോധിപ്പിക്കുകയാണ്.

إِنَّ لِلۡمُتَّقِينَ عِندَ رَبِّهِمۡ جَنَّٰتِ ٱلنَّعِيمِ ۝٣٤
أَفَنَجۡعَلُ ٱلۡمُسۡلِمِينَ كَٱلۡمُجۡرِمِينَ ۝٣٥
مَا لَكُمۡ كَيۡفَ تَحۡكُمُونَ ۝٣٦
أَمۡ لَكُمۡ كِتَٰبٞ فِيهِ تَدۡرُسُونَ ۝٣٧
إِنَّ لَكُمۡ فِيهِ لَمَا تَخَيَّرُونَ ۝٣٨
أَمۡ لَكُمۡ أَيۡمَٰنٌ عَلَيۡنَا بَٰلِغَةٌ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ إِنَّ لَكُمۡ لَمَا تَحۡكُمُونَ ۝٣٩
سَلۡهُمۡ أَيُّهُم بِذَٰلِكَ زَعِيمٌ ۝٤٠
أَمۡ لَهُمۡ شُرَكَآءُ فَلۡيَأۡتُواْ بِشُرَكَآئِهِمۡ إِن كَانُواْ صَٰدِقِينَ ۝٤١
42–45

കഠോരമായ വിഷമഘട്ടം സംജാതമാവുകയും സാഷ്ടാംഗപ്രണാമത്തിനായി മാലോകര്‍ ക്ഷണിക്കപ്പെടുകയും-നിഷേധികള്‍ക്കതിന് സാധിക്കയില്ല-ചെയ്യുന്ന ദിവസം സ്മരണീയമത്രേ; നിന്ദ്യതമൂലം അവരുടെ ദൃഷ്ടികള്‍ താഴ്ന്നിരിക്കുന്നതും ഹീനത അവരെ വരിഞ്ഞുമുറുക്കുന്നതുമാകുന്നു. സുരക്ഷിതരായിരുന്ന കാലം, ദുന്‍യാവില്‍ അവരെ സുജൂദിന് ക്ഷണിക്കപ്പെട്ടിരുന്നു. ചെയ്തില്ല. അതുകൊണ്ട്, എന്നെയും ഈ ഖുര്‍ആന്‍ നിഷേധികളെയും വിട്ടേക്കൂ; നിനച്ചിരിക്കാത്ത വിധം അവരെ ക്രമപ്രവൃദ്ധമായി നാം പിടികൂടാം; അവസരം നീട്ടിനീട്ടിക്കൊടുക്കാം. നിശ്ചയം, എന്റെ തന്ത്രം സുദൃഢം തന്നെയത്രേ.8

1 വിശദീകരണം കാണുക

8. എന്നെയും അവരെയും വിടൂ എന്നത് ഒരു പ്രയോഗമാണ്. അവരെ ഞാന്‍ പാഠം പഠിപ്പിക്കാം എന്ന് വ്യംഗ്യഭാഷ്യം. ദുര്‍നടപ്പിലും അഹങ്കാരത്തിലുമായി കഴിയുന്നവര്‍ കൂടുതല്‍ കഠിനമനസ്‌കരും ധിക്കാരികളുമായി മാറുന്നത് സാര്‍വത്രിക കാഴ്ചയാണ്. എത്രവരെ കഠോരനാകുമെന്ന ദൈവിക പരീക്ഷണമാണിത്. തത്സമയം, തന്നെ നിയന്ത്രിക്കാന്‍ ഒരു ശക്തിക്കുമാവില്ല എന്ന് അവര്‍ തെറ്റിദ്ധരിക്കുന്നു. 37:186, 10:11, 15:72, 23:75, 27:4 മുതലായവ നോക്കുക.
സത്യവിശ്വാസികള്‍ വളരെ ഗൗരവത്തോടെ മനസ്സിലാക്കേണ്ടതാണിത്. തിരുനബി(സ്വ) പഠിപ്പിച്ചു: പാപപങ്കിലമായ ജീവിതം നയിക്കുന്ന ഒരാള്‍ക്ക് അല്ലാഹു അനുഗ്രഹങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതായി നീ കണ്ടാല്‍ ക്രമപ്രവൃദ്ധമായി പിടികൂടപ്പെടാന്‍ പോകുന്നവനാണവന്‍ എന്ന് മനസ്സിലാക്കണം- ഇതു പറഞ്ഞ് അവിടന്ന് ഈ നാല്‍പത്തിനാലാം സൂക്താന്ത്യം പാരായണം ചെയ്യുകയുണ്ടായി (അഹ്മദ്).

يَوۡمَ يُكۡشَفُ عَن سَاقٖ وَيُدۡعَوۡنَ إِلَى ٱلسُّجُودِ فَلَا يَسۡتَطِيعُونَ ۝٤٢
خَٰشِعَةً أَبۡصَٰرُهُمۡ تَرۡهَقُهُمۡ ذِلَّةٞۖ وَقَدۡ كَانُواْ يُدۡعَوۡنَ إِلَى ٱلسُّجُودِ وَهُمۡ سَٰلِمُونَ ۝٤٣
فَذَرۡنِي وَمَن يُكَذِّبُ بِهَٰذَا ٱلۡحَدِيثِۖ سَنَسۡتَدۡرِجُهُم مِّنۡ حَيۡثُ لَا يَعۡلَمُونَ ۝٤٤
وَأُمۡلِي لَهُمۡۚ إِنَّ كَيۡدِي مَتِينٌ ۝٤٥
46–50

അതല്ല, താങ്കള്‍ അവരോട് എന്തെങ്കിലും പ്രതിഫലം ആവശ്യപ്പെട്ടിട്ട് കടബാധ്യത ഏല്‍ക്കേണ്ടി വന്നിട്ടുണ്ടോ അവര്‍ക്ക്?9
അതുമല്ല, അവര്‍ വശം അദൃശ്യവിജ്ഞാനം ഉണ്ടായിട്ട് അതില്‍ നിന്ന് പകര്‍ത്തിയെഴുതുന്നതാണോ തങ്ങളുടെ നിലപാട്? അതിനാല്‍, നാഥന്റെ വിധിക്കായി താങ്കള്‍ ക്ഷമാപൂര്‍വം കഴിയുക. തിമിംഗലക്കാരന്‍ യൂനുസ് നബിയെ പോലെ താങ്കള്‍ ആകരുത്- ദുഃഖപരവശനായി അദ്ദേഹം അല്ലാഹുവിനെ വിളിച്ചപ്പോള്‍! തന്റെ നാഥങ്കല്‍ നിന്നുള്ള മഹത്തായ അനുഗ്രഹം അദ്ദേഹത്തിന്റെ ദുര്‍ഘട ഘട്ടം പരിഹരിച്ചിരുന്നില്ലെങ്കില്‍ ആ തീരഭൂമിയില്‍ അധിക്ഷേപാര്‍ഹനായി അദ്ദേഹം തള്ളപ്പെട്ടേനെ. അതുകൊണ്ട് തത്സമയം, രക്ഷിതാവ് അദ്ദേഹത്തെ പ്രത്യേകം തെരഞ്ഞെടുക്കുകയും സച്ചരിതരുടെ ഗണത്തിലാക്കുകയും ചെയ്തു.10

2 വിശദീകരണങ്ങൾ കാണുക

9. സന്മാര്‍ഗം കാണിച്ചു കൊടുക്കുന്നതിനു പകരം നബി(സ്വ) അവരോട് പണം ചോദിക്കുകയും അതിന്റെ പേരില്‍ അവര്‍ക്ക് സാമ്പത്തിക പരാധീനത വന്നുഭവിക്കുകയും ചെയ്തിട്ടുണ്ടോ എന്നാണ് ചോദിക്കുന്നത്. മറ്റെന്തെങ്കിലും കാരണവശാല്‍ നബി(സ്വ)യെ അവഗണിക്കേണ്ടതായി വരുന്നില്ല എന്നാണിതിലൂടെ സൂചിപ്പിക്കുന്നത്.

10. യൂനുസ് നബി(അ) അല്ലാഹുവിന്റെ സമ്മതമില്ലാതെ സ്വന്തം ജനതയെ വിട്ടു പോയതും കടല്‍യാത്രാമധ്യേ തിമിംഗലം വിഴുങ്ങിയതും പലേടത്തും പറഞ്ഞുപോയിട്ടുണ്ട്. (37:139, 21:87). സ്വന്തം ജനത്തിന്റെ നിഷേധവും പ്രതിലോമ പ്രവര്‍ത്തനങ്ങളും കാരണമായി അങ്ങനെയുള്ള അക്ഷമയും സഹനരാഹിത്യവും അങ്ങയില്‍ നിന്നുണ്ടാകരുത് എന്ന് നബി(സ്വ)യെ ഉണര്‍ത്തുകയാണ്.

أَمۡ تَسۡـَٔلُهُمۡ أَجۡرٗا فَهُم مِّن مَّغۡرَمٖ مُّثۡقَلُونَ ۝٤٦
أَمۡ عِندَهُمُ ٱلۡغَيۡبُ فَهُمۡ يَكۡتُبُونَ ۝٤٧
فَٱصۡبِرۡ لِحُكۡمِ رَبِّكَ وَلَا تَكُن كَصَاحِبِ ٱلۡحُوتِ إِذۡ نَادَىٰ وَهُوَ مَكۡظُومٞ ۝٤٨
لَّوۡلَآ أَن تَدَٰرَكَهُۥ نِعۡمَةٞ مِّن رَّبِّهِۦ لَنُبِذَ بِٱلۡعَرَآءِ وَهُوَ مَذۡمُومٞ ۝٤٩
فَٱجۡتَبَٰهُ رَبُّهُۥ فَجَعَلَهُۥ مِنَ ٱلصَّٰلِحِينَ ۝٥٠
51–52

ഈ ഖുര്‍ആന്‍ ശ്രവിക്കുമ്പോള്‍ അവിടെ അവിശ്വാസികള്‍ സ്വനയനങ്ങള്‍ കൊണ്ട് നോക്കി അങ്ങയെ തെന്നിവീഴ്ത്തുമാറാക്കുന്നു.11
ഇവന്‍ ഒരു ഭ്രാന്തന്‍ തന്നെയാണ്, തീര്‍ച്ച എന്ന് ജല്‍പിക്കുകയും ചെയ്യുന്നു. സത്യത്തില്‍, മാലോകര്‍ക്കാകമാനമുള്ള ഒരു ഉദ്‌ബോധമാണ് ഈ ഖുര്‍ആന്‍.12

2 വിശദീകരണങ്ങൾ കാണുക

11. അതിരൂക്ഷമായി, ഭീഷണമാംവിധം നോക്കുക എന്നാണ് വിവക്ഷ എന്നു ചില വ്യാഖ്യാതാക്കള്‍ പറയുന്നു. വേറെ ചിലര്‍ 'കണ്ണേറ്' (കരിങ്കണ്ണ്) എന്നതാണിവിടെ ഉദ്ദേശ്യമെന്ന് വിശദീകരിച്ചതായി കാണാം. അറബികളില്‍ ചില ഗോത്രങ്ങള്‍ ഇതില്‍ കുപ്രസിദ്ധരായിരുന്നു. ഇസ്‌ലാം ആ വസ്തുത അംഗീകരിച്ചിട്ടുണ്ട്. തിരുനബി(സ്വ) പ്രസ്താവിച്ചു: ഏതെങ്കിലുമൊരു വസ്തുവിന്ന് അല്ലാഹുവിന്റെ വിധിയെ മറികടക്കാനാകുമെങ്കില്‍ അത് കരിങ്കണ്ണായിരിക്കും (മുസ്‌ലിം). ഹസന്‍, ഹുസൈന്‍ എന്നീ പൗത്രന്മാരെ നബി(സ്വ) മന്ത്രിച്ചപ്പോള്‍ കരിങ്കണ്ണില്‍ നിന്ന് കാവല്‍ തേടിയതായും ഹദീസിലുണ്ട്(ബുഖാരി). തിരുമേനി(സ്വ)ക്ക് രോഗമായപ്പോള്‍ ജിബ്‌രീല്‍(അ) മന്ത്രിച്ചിരുന്നു; അതിലും കരിങ്കണ്ണില്‍ നിന്നും അസൂയാലുക്കളില്‍ നിന്നും അല്ലാഹുവോട് കാവല്‍ തേടിയതായി കാണാം (അഹ്മദ്). സൂറത്തുയൂസുഫിലെ 33-ാം കുറിപ്പും നോക്കുക.

12. പ്രതിലോമകാരികള്‍ ഭൗതിക മാനദണ്ഡങ്ങള്‍ കൊണ്ടാണ് തങ്ങളെ അളക്കുന്നത്. തിരുനബി(സ്വ)യുടെ നിയോഗമാകട്ടെ, പരമമായി പാരത്രിക നേട്ടം വെച്ചുള്ളതാണ്. ആ നേട്ടത്തിനുള്ള മാര്‍ഗദര്‍ശനമാണ് ഈ ഖുര്‍ആനിലുള്ളത്. മനുഷ്യരും ജിന്നുകളുമായ സകലര്‍ക്കും ഇത് വിജയപാത വെട്ടിത്തെളിച്ചുകൊടുക്കും.

وَإِن يَكَادُ ٱلَّذِينَ كَفَرُواْ لَيُزۡلِقُونَكَ بِأَبۡصَٰرِهِمۡ لَمَّا سَمِعُواْ ٱلذِّكۡرَ وَيَقُولُونَ إِنَّهُۥ لَمَجۡنُونٞ ۝٥١
وَمَا هُوَ إِلَّا ذِكۡرٞ لِّلۡعَٰلَمِينَ ۝٥٢