Monday, 12 October 2026 Hijri: — 05:18:09 pm
MalayalamQuran.in
Quran translation reader

അൽ മആരിജ് المعارج Al-Maarij

Surah 70 മക്കിയ്യ • مكية • Makkiyah 44 ആയത്തുകൾ • 44 Ayahs

സൂറത്ത് അൽ മആരിജ് (Al-Maarij), ഖുർആൻ അധ്യായം 70 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 44 ആയത്തുകൾ വായിക്കുക. Read Surah Al-Maarij with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–9

സത്യനിഷേധികള്‍ക്ക് ഉണ്ടാകാനിരിക്കുന്നതും പ്രതിരോധിക്കാന്‍ ഒരാള്‍ക്കുമാകാത്തതും ആരോഹണ സരണികളുടെ ഉടമയായ അല്ലാഹുവിങ്കല്‍ നിന്ന് വന്നെത്തുന്നതുമായ ശിക്ഷയതാ ഒരന്വേഷകന്‍ ആവശ്യപ്പെടുന്നു!1
അമ്പതിനായിരം വര്‍ഷത്തിന്റെയത്രയുള്ള ഒരു ദിവസത്തിനകം ജിബ്‌രീലും മലക്കുകളും അവങ്കലേക്ക് കയറിപ്പോകുന്നതാണ്. അതുകൊണ്ട്, നബീ, താങ്കള്‍ നന്നായി ക്ഷമിക്കുക. അതിന്റെ ആഗമം അവര്‍ വിദൂരമായും നാം സമീപസ്ഥമായും കാണുന്നു. അന്ന് ആകാശം ഉരുകിയ ഈയം പോലെയും മലകള്‍ കടഞ്ഞെടുത്ത പഞ്ഞിപോലെയുമാകും2

2 വിശദീകരണങ്ങൾ കാണുക

1. അല്‍മആരിജ് എന്നാല്‍ മലക്കുകള്‍ വാനലോകങ്ങളിലേക്ക് കയറിപ്പോകുന്ന വഴികളാണ്. അതാണ് ഈ സൂറയുടെ പേര്. മക്കാ മുശ്‌രിക്കുകളുടെ നേതാക്കളിലൊരാളായിരുന്ന നള്‌റുബ്‌നുല്‍ഹാരിസ് എന്ന കൊടിയ ധിക്കാരി നബി(സ്വ) മുന്നറിയിപ്പ് നല്‍കിയിരുന്ന ദൈവിക ശിക്ഷ ഉടനെത്തന്നെ കൊണ്ടു വരാന്‍ ആവശ്യപ്പെട്ടതാണ് അവതരണ കാരണം.

2. പെട്ടെന്നുള്ള ദൈവികശിക്ഷ വരുന്നില്ലെങ്കില്‍ തന്നെ, അന്ത്യനാള്‍ വരുമെന്നും അതിന്റെ ഭയാനകത ഗൗരവതരമായിരിക്കുമെന്നുമാണ് പറയുന്നത്. നബിയുടെ സാന്നിധ്യത്തില്‍ സ്വന്തം അനുയായികളെ ശിക്ഷിക്കില്ല എന്നതാണ് അല്ലാഹുവിന്റെ നയം-8:33. ഖിയാമനാളിന്റെ ദൈര്‍ഘ്യമാണിവിടെ അമ്പതിനായിരം വര്‍ഷം എന്നു പറഞ്ഞിട്ടുള്ളത്-32:5ഉം കാണുക. എന്നാല്‍, സത്യവിശ്വാസികള്‍ക്കിത് ഒരു ഫര്‍ള് നമസ്‌കാരം നിര്‍വഹിക്കുന്ന സമയമായേ അനുഭവപ്പെടൂ എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട് (അഹ്മദ്).

سَأَلَ سَآئِلُۢ بِعَذَابٖ وَاقِعٖ ۝١
لِّلۡكَٰفِرِينَ لَيۡسَ لَهُۥ دَافِعٞ ۝٢
مِّنَ ٱللَّهِ ذِي ٱلۡمَعَارِجِ ۝٣
تَعۡرُجُ ٱلۡمَلَٰٓئِكَةُ وَٱلرُّوحُ إِلَيۡهِ فِي يَوۡمٖ كَانَ مِقۡدَارُهُۥ خَمۡسِينَ أَلۡفَ سَنَةٖ ۝٤
فَٱصۡبِرۡ صَبۡرٗا جَمِيلًا ۝٥
إِنَّهُمۡ يَرَوۡنَهُۥ بَعِيدٗا ۝٦
وَنَرَىٰهُ قَرِيبٗا ۝٧
يَوۡمَ تَكُونُ ٱلسَّمَآءُ كَٱلۡمُهۡلِ ۝٨
وَتَكُونُ ٱلۡجِبَالُ كَٱلۡعِهۡنِ ۝٩
10–14

അന്ന് ഒരാത്മസുഹൃത്തും തന്റെ ഉറ്റമിത്രത്തെ അന്വേഷിക്കില്ല; അവര്‍ക്ക് പരസ്പരം കാണാന്‍ സാധിക്കും. സ്വന്തം പുത്രന്മാരെയും സഹധര്‍മിണിയെയും സഹോദരനെയും തനിക്ക് അഭയം നല്‍കുന്ന ബന്ധുവിനെയും ഭൂമിയിലുള്ള സര്‍വരെയും പ്രായശ്ചിത്തമായി സമര്‍പ്പിച്ചുകൊണ്ട് അന്നത്തെ ശിക്ഷയില്‍ നിന്ന് സുരക്ഷിതത്വം നേടാന്‍ അധര്‍മകാരി അഭിലഷിച്ചുപോകും.

وَلَا يَسۡـَٔلُ حَمِيمٌ حَمِيمٗا ۝١٠
يُبَصَّرُونَهُمۡۚ يَوَدُّ ٱلۡمُجۡرِمُ لَوۡ يَفۡتَدِي مِنۡ عَذَابِ يَوۡمِئِذِۭ بِبَنِيهِ ۝١١
وَصَٰحِبَتِهِۦ وَأَخِيهِ ۝١٢
وَفَصِيلَتِهِ ٱلَّتِي تُـٔۡوِيهِ ۝١٣
وَمَن فِي ٱلۡأَرۡضِ جَمِيعٗا ثُمَّ يُنجِيهِ ۝١٤
15–30

ധൃതി കൂട്ടേണ്ട കേട്ടോ, കത്തിജ്ജ്വലിക്കുന്നതും തൊലിയുരിയുന്നതുമായ നരകമാണത്. സത്യം അവഗണിച്ച് പിന്തിരിഞ്ഞവരെയും ധനം ശേഖരിച്ച് കെട്ടിപ്പൂട്ടിയിരുന്നവരെയും അത് വിളിക്കുന്നതാണ്. ഏറെ ക്ഷമയറ്റവനായാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തിന്മ ബാധിച്ചാല്‍ അവന്‍ അസ്വസ്ഥനാവുകയും നന്മ ലഭ്യമായാല്‍ പിടിച്ചുവെക്കുകയും ചെയ്യും. എന്നാല്‍ നമസ്‌കരിക്കുന്നവര്‍ ഇങ്ങനെയല്ല-അതായത്, നിരന്തരമായി നമസ്‌കാരം നിലനിറുത്തുന്നവരും ചോദിച്ചുവരുന്നവന്നും ഉപജീവന മാര്‍ഗം മുട്ടിയവന്നും തങ്ങളുടെ സ്വത്തില്‍ നിന്ന് നിശ്ചിതാവകാശം നല്‍കുന്നവരും അന്ത്യനാളില്‍ വിശ്വസിക്കുന്നവരും തങ്ങളുടെ നാഥന്റെ ശിക്ഷ-നിര്‍ഭയത്വമുണ്ടായിക്കൂടാത്തതാണത്-യെപ്പറ്റി ഭയപ്പാടുള്ളവരും സ്വന്തം ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും -ഭാര്യമാരിലോ അടിയാത്തികളിലോ നിന്നല്ലാതെ; അവര്‍ ആക്ഷേപാര്‍ഹരല്ല3

1 വിശദീകരണം കാണുക

3. അല്ലാഹുവിന്റെ ശിക്ഷക്ക് ധൃതികൂട്ടേണ്ട, ഇന്നല്ലെങ്കില്‍ നാളെ ധിക്കാരികളെ അത് പിടികൂടുക തന്നെ ചെയ്യും. അത്തരക്കാരുടെ ചില ലക്ഷണങ്ങളാണ് വഴിയെ പറയുന്നത്. സാമ്പത്തിക പരീക്ഷണം സത്യവിശ്വാസി അഭിമുഖീകരിക്കേണ്ട ഒരു പ്രധാന കാര്യമാണെന്നാണ് സൂചിപ്പിക്കുന്നത്. ധനം എന്ന അനുഗ്രഹം ലഭിച്ചിട്ടുണ്ടെങ്കില്‍ നിര്‍ബന്ധവും അല്ലാത്തതുമായ പുണ്യവഴികളില്‍ അത് വ്യയം ചെയ്ത് മനസ്സിന്റെ ലുബ്ധ് സ്ഫുടം ചെയ്‌തെടുക്കണം.

كـَلَّآۖ إِنَّهَا لَظَىٰ ۝١٥
نَزَّاعَةٗ لِّلشَّوَىٰ ۝١٦
تَدۡعُواْ مَنۡ أَدۡبَرَ وَتَوَلَّىٰ ۝١٧
وَجَمَعَ فَأَوۡعَىٰٓ ۝١٨
۞ إِنَّ ٱلۡإِنسَٰنَ خُلِقَ هَلُوعًا ۝١٩
إِذَا مَسَّهُ ٱلشَّرُّ جَزُوعٗا ۝٢٠
وَإِذَا مَسَّهُ ٱلۡخَيۡرُ مَنُوعًا ۝٢١
إِلَّا ٱلۡمُصَلِّينَ ۝٢٢
ٱلَّذِينَ هُمۡ عَلَىٰ صَلَاتِهِمۡ دَآئِمُونَ ۝٢٣
وَٱلَّذِينَ فِيٓ أَمۡوَٰلِهِمۡ حَقّٞ مَّعۡلُومٞ ۝٢٤
لِّلسَّآئِلِ وَٱلۡمَحۡرُومِ ۝٢٥
وَٱلَّذِينَ يُصَدِّقُونَ بِيَوۡمِ ٱلدِّينِ ۝٢٦
وَٱلَّذِينَ هُم مِّنۡ عَذَابِ رَبِّهِم مُّشۡفِقُونَ ۝٢٧
إِنَّ عَذَابَ رَبِّهِمۡ غَيۡرُ مَأۡمُونٖ ۝٢٨
وَٱلَّذِينَ هُمۡ لِفُرُوجِهِمۡ حَٰفِظُونَ ۝٢٩
إِلَّا عَلَىٰٓ أَزۡوَٰجِهِمۡ أَوۡ مَا مَلَكَتۡ أَيۡمَٰنُهُمۡ فَإِنَّهُمۡ غَيۡرُ مَلُومِينَ ۝٣٠
31–35

എന്നാല്‍ ഇതിനപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവരാണ് പരിധി വിടുന്നവര്‍. തങ്ങളെ വിശ്വസിച്ച് ഏല്‍പിക്കപ്പെട്ട കാര്യങ്ങളും തങ്ങളുടെ ഉടമ്പടികളും പരിഗണിച്ചുവരുന്നവരും സാക്ഷ്യം യഥായോഗ്യം നിര്‍വഹിക്കുന്നവരും നമസ്‌കാരത്തില്‍ നിഷ്ഠ പാലിക്കുന്നവരും അങ്ങനെയല്ല; അവര്‍ സ്വര്‍ഗീയാരാമങ്ങളില്‍ സമാദരണീയരായിരിക്കും4

1 വിശദീകരണം കാണുക

4. വിശ്വസ്തതയും വാഗ്ദാനപാലനവും മനുഷ്യന്റെ സമുന്നതമായ സ്വഭാവ വിശേഷണങ്ങളായി ലോകത്തേതൊരാളും അംഗീകരിക്കും. ഇവ സത്യവിശ്വാസിയുടെ ലക്ഷണങ്ങളായും ഇവയുടെ വിപരീതം കപടന്മാരുടെ വിശേഷണങ്ങളായും ഖുര്‍ആനിലും ഹദീസിലും പഠിപ്പിക്കപ്പെട്ടതാണ്. ഇന്ന് പക്ഷേ, ചതിയും വഞ്ചനയും കബളിപ്പിക്കലും വാഗ്ദാനലംഘനവും നേതൃമ്മന്യന്മാരുടെയും ഭേദപ്പെട്ടവരുടെയും സ്ഥിരശൈലിയും രീതിയുമായിരിക്കുന്നു, കഷ്ടം!

فَمَنِ ٱبۡتَغَىٰ وَرَآءَ ذَٰلِكَ فَأُوْلَٰٓئِكَ هُمُ ٱلۡعَادُونَ ۝٣١
وَٱلَّذِينَ هُمۡ لِأَمَٰنَٰتِهِمۡ وَعَهۡدِهِمۡ رَٰعُونَ ۝٣٢
وَٱلَّذِينَ هُم بِشَهَٰدَٰتِهِمۡ قَآئِمُونَ ۝٣٣
وَٱلَّذِينَ هُمۡ عَلَىٰ صَلَاتِهِمۡ يُحَافِظُونَ ۝٣٤
أُوْلَٰٓئِكَ فِي جَنَّٰتٖ مُّكۡرَمُونَ ۝٣٥
36–39

അപ്പോള്‍, നബീ, എന്തായിപ്പോയി നിഷേധികള്‍ക്ക്? അങ്ങയുടെ നേരെ അവര്‍ വലത്തും ഇടത്തും നിന്ന് കൂട്ടംകൂട്ടമായി പാഞ്ഞടുക്കുകയാണല്ലോ?5
അവരില്‍ ഓരോ വ്യക്തിക്കും സുഖാഡംബര സ്വര്‍ഗത്തില്‍ പ്രവേശിക്കണമെന്ന് പൂതിയുണ്ടോ? എന്നാല്‍ അത് നടപ്പില്ല. അവരെ നാം സൃഷ്ടിച്ചിരിക്കുന്നത് അവര്‍ക്കറിയാവുന്ന വസ്തുവില്‍ നിന്നാണ്6

2 വിശദീകരണങ്ങൾ കാണുക

5. അല്‍പമെങ്കിലും ചിന്തിക്കാന്‍ തയ്യാറാകാതെ എപ്പോഴും ബഹളംവെച്ച് കൊട്ടും കുരവയുമായി നടക്കുകയാണ് മുശ്‌രിക്കുകള്‍. കണ്ണുരുട്ടി നോക്കിയും കോപ്രായങ്ങള്‍ കാണിച്ചും അക്രമണത്തിനു മുതിര്‍ന്നും നബി(സ്വ)യുടെ നേരെ പാഞ്ഞടുക്കുകയാണവര്‍ എപ്പോഴും. എന്തൊരു മൗഢ്യവും അല്‍പത്വവുമാണിത്!

6. ധിക്കാരവും അഹങ്കാരവുമാണ് മുശ്‌രിക്കുകളുടെ കൈമുതല്‍. എന്നാല്‍ അതിനുമാത്രം വല്ല മഹത്ത്വവും ഇവര്‍ക്കുണ്ടോ? കുത്തനെ ചെന്ന് സ്വര്‍ഗത്തില്‍ കയറാമെന്നാണോ ഇവരുടെ വ്യാമോഹം? തങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ ശ്രേഷ്ഠതയും പരിഗണനയുമൊക്കെ ഉണ്ടെന്നാണ് അവരുടെ ജല്‍പനം- അന്നഹ്ല്‍ 62. വളരെ ഹീനവും നിസ്സാരവുമായ ഇന്ദ്രിയ കണത്തില്‍ നിന്നാണ് തങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് അവര്‍ക്ക് തന്നെ അറിയില്ലേ? പച്ചയായി ആ വസ്തുത പറയാതെ, വളരെ ശ്രദ്ധേയവും മാന്യവുമായ ഒരു ശൈലിയിലൂടെയാണ് ഖുര്‍ആന്‍ ഇതവതരിപ്പിക്കുന്നത്.

فَمَالِ ٱلَّذِينَ كَفَرُواْ قِبَلَكَ مُهۡطِعِينَ ۝٣٦
عَنِ ٱلۡيَمِينِ وَعَنِ ٱلشِّمَالِ عِزِينَ ۝٣٧
أَيَطۡمَعُ كُلُّ ٱمۡرِيٕٖ مِّنۡهُمۡ أَن يُدۡخَلَ جَنَّةَ نَعِيمٖ ۝٣٨
كـَلَّآۖ إِنَّا خَلَقۡنَٰهُم مِّمَّا يَعۡلَمُونَ ۝٣٩
40–44

എന്നാല്‍, അവരെക്കാള്‍ ശ്രേഷ്ഠരെ പകരം കൊണ്ടുവരാന്‍ നമുക്ക് സാധിക്കുക തന്നെ ചെയ്യുമെന്നും ആരാലും നാം പരാജയപ്പെടുത്തപ്പെടില്ലെന്നും ഉദായസ്തമന സ്ഥലങ്ങളുടെ നാഥനെ പിടിച്ച് ഞാനിതാ ശപഥം ചെയ്യുന്നു7
ആകയാല്‍ മുന്നറിയിപ്പ് നല്‍കപ്പെട്ട ആ ദിനത്തെ കണ്ടുമുട്ടുന്നതു വരെയും അവര്‍ നേരമ്പോക്കുകളില്‍ മുഴുകുകയും വിനോദങ്ങളില്‍ വ്യാപൃതരാവുകയും ചെയ്യട്ടെ8
അതായത്, ശ്മശാനങ്ങളില്‍ നിന്ന് ഒരു നാട്ടയെ ലക്ഷ്യംവെച്ച് ഓടുന്നപോലെ അവര്‍ തത്രപ്പെട്ട് പുറത്തുവരുന്ന ദിനം. അവരുടെ ദൃഷ്ടികള്‍ കീഴ്‌പ്പോട്ട് താഴുകയും അപമാനം വരിഞ്ഞു മുറുക്കുകയും ചെയ്തിരിക്കും. അവര്‍ക്ക് മുന്നറിയിപ്പു നല്‍കപ്പെട്ടിരുന്ന ആ ദിവസമാണത്!9

3 വിശദീകരണങ്ങൾ കാണുക

7. അഹന്ത പരിധിവിടുകയാണെങ്കില്‍ ചിലപ്പോള്‍ അല്ലാഹു കഠോര ശിക്ഷയിറക്കി ദാക്ഷിണ്യലേശമന്യേ ഉന്മൂലനംചെയ്യും. അതിനു കാരണക്കാര്‍ അപ്പോള്‍ അവര്‍ തന്നെയായിരിക്കും. ചരിത്രത്തിന്റെ നാള്‍വഴിയില്‍ കാണുന്ന ഉന്മൂലിത സമൂഹങ്ങളുടെ സ്ഥിതി അതായിരുന്നു. കൂട്ടസംഹരണത്തിന് വിധേയരാക്കപ്പെട്ട ശേഷം അവര്‍ക്ക് പകരം പുതിയ ജനപഥങ്ങളെ സര്‍വശക്തന്‍ രംഗത്തിറക്കുകയായിരുന്നു.

8. ഓരോന്നിനും അല്ലാഹുവിങ്കല്‍ ഒരു കണക്കും നിര്‍ണയവുമുണ്ടായിരിക്കും- 54:49. ധിക്കാരികളായ നിഷേധീ സമൂഹങ്ങളുടെ ഉന്മൂലനവും ഇങ്ങനെ തന്നെ. അപ്പോള്‍, ആ മുഹൂര്‍ത്തം വരുന്നതു വരെയും അവരെ അല്ലാഹു ഒഴിച്ചുവിടും; ആയുസ്സും സൗകര്യങ്ങളും കൂടുതല്‍ നല്‍കും. കുടിച്ച് മദിച്ച് രമിച്ച് കൂത്താടിയങ്ങനെ നടക്കട്ടെ, കാണിച്ചു കൊടുക്കാം എന്നര്‍ത്ഥം.

9. ഖിയാമനാള്‍ വന്നുകഴിഞ്ഞാല്‍ അവരുടെയെല്ലാം മട്ടും ഭാവവും മാറും. മഹ്ശറിലേക്ക് വിളിക്കപ്പെട്ടാല്‍ തത്രപ്പെട്ട് ഓടുകയാണവര്‍, പണ്ട് ബിംബങ്ങളുടെയും ബഹുദൈവങ്ങളുടെയുമടുത്തേക്ക് അഹമഹമികയാ ഓടിയിരുന്നതു പോലെ. എന്തേ അവര്‍ക്ക് ഒളിച്ചുമാറി നില്‍ക്കാന്‍ ശ്രമിച്ചുകൂടെ? അപമാനവും ശിക്ഷയും ഏറ്റുവാങ്ങാന്‍ മത്സരിച്ചോടുകയോ? നിന്ദ്യരായി അന്നവര്‍ ദൃഷ്ടികള്‍ താഴ്ത്തും. പ്രതികൂല സാഹചര്യങ്ങളും ശിക്ഷയുടെ പശ്ചാതലങ്ങളും അവരെ വരിഞ്ഞുമുറുക്കും. ആയുഷ്‌കാലമത്രയും ദുന്‍യാവില്‍ അവര്‍ നിഷേധിച്ചുനടന്നിരുന്ന ആ അന്ത്യദിനമിതാ സമാഗതമായിരിക്കുന്നു!

فَلَآ أُقۡسِمُ بِرَبِّ ٱلۡمَشَٰرِقِ وَٱلۡمَغَٰرِبِ إِنَّا لَقَٰدِرُونَ ۝٤٠
عَلَىٰٓ أَن نُّبَدِّلَ خَيۡرٗا مِّنۡهُمۡ وَمَا نَحۡنُ بِمَسۡبُوقِينَ ۝٤١
فَذَرۡهُمۡ يَخُوضُواْ وَيَلۡعَبُواْ حَتَّىٰ يُلَٰقُواْ يَوۡمَهُمُ ٱلَّذِي يُوعَدُونَ ۝٤٢
يَوۡمَ يَخۡرُجُونَ مِنَ ٱلۡأَجۡدَاثِ سِرَاعٗا كَأَنَّهُمۡ إِلَىٰ نُصُبٖ يُوفِضُونَ ۝٤٣
خَٰشِعَةً أَبۡصَٰرُهُمۡ تَرۡهَقُهُمۡ ذِلَّةٞۚ ذَٰلِكَ ٱلۡيَوۡمُ ٱلَّذِي كَانُواْ يُوعَدُونَ ۝٤٤