49–60
ഓ നബീ, ഞാന്‍ ധാരാളമായി പാപങ്ങള്‍ പൊറുക്കുന്നവനും കരുണാമയനുമാണ് എന്നും എന്റെ ശിക്ഷ ഏറെ വേദനയുറ്റതാണ് എന്നുമുള്ള വിവരം എന്റെ അടിമകളെ അറിയിക്കുക15
ഇബ്രാഹീം നബിയുടെ അതിഥികളെക്കുറിച്ചും അവരോടു പറയണം: അദ്ദേഹത്തിനു സമീപത്തെത്തി അവര്‍ സലാംപറഞ്ഞ സന്ദര്‍ഭം. ഞങ്ങള്‍ക്കു നിങ്ങളെക്കുറിച്ചു ഭയപ്പാടുണ്ട് എന്നദ്ദേഹം വ്യക്തമാക്കി. അവര്‍ പ്രതികരിച്ചു: പേടിക്കേണ്ട, താങ്കള്‍ക്ക് അറിവുറ്റ ഒരാണ്‍കുട്ടിയുടെ പിറവിയെക്കുറിച്ച് ഞങ്ങളിതാ ശുഭവാര്‍ത്ത നല്‍കുകയാണ്16
അദ്ദേഹം ചോദിച്ചു: ഞാന്‍ വയസ്സനായിക്കഴിഞ്ഞിട്ടാണോ നിങ്ങളീ സന്തോഷവിവരം തരുന്നത്? എന്തു ശുഭവൃത്താന്തമാണ് നിങ്ങള്‍ ഈ അറിയിക്കുന്നത്? അവര്‍ മറുപടി നല്‍കി: സത്യസന്ധമായ കാര്യംതന്നെയാണ് ഞങ്ങള്‍ നല്‍കുന്ന സന്തോഷവാര്‍ത്ത; അതുകൊണ്ട് താങ്കള്‍ ഇച്ഛാഭംഗം വന്നവരിലകപ്പെടരുതേ. ഇബ്രാഹീംനബി പ്രതികരിച്ചു: ദുര്‍മാര്‍ഗികളല്ലാതെ തന്റെ നാഥന്റെ അനുഗ്രഹത്തെക്കുറിച്ച് ആരാണ് ആശമുറിഞ്ഞവരാകുക?17
ഹേ ദൂതരേ, എന്താണ് നിങ്ങളുടെ ആഗമവിഷയം? അവര്‍ മറുപടികൊടുത്തു: ഞങ്ങള്‍ അധര്‍മകാരികളായ ഒരു ജനസമൂഹത്തിലേക്ക് - ലൂഥ് നബിയുടെ കുടുംബം അതില്‍നിന്നൊഴിവാണ്, അവരെയത്രയും ഞങ്ങള്‍ സുരക്ഷിതരാക്കുകതന്നെ ചെയ്യും - നിയോഗിക്കപ്പെട്ടവരാകുന്നു, അദ്ദേഹത്തിന്റെ ഭാര്യയൊഴികെ; അവള്‍ ശിക്ഷയില്‍ കുടുങ്ങുന്നവരില്‍ പെടുമെന്ന് ഞങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്18
4 വിശദീകരണങ്ങൾ കാണുക
15. സത്യവിശ്വാസിയായ ഒരാളുടെ നിലപാട് ആശക്കും ആശങ്കക്കുമിടയിലാകണം. അതാണ് ഇവിടെ വ്യക്തമാക്കുന്നത്: അല്ലാഹു പാപങ്ങള്‍ പൊറുക്കുന്നവനും വിശ്വാസികളോട് കാരുണ്യമുള്ളവനുമാണ്; അതേ സമയം, ശിക്ഷിക്കേണ്ടിവരുന്ന ഘട്ടത്തില്‍ വേദനാജനകമായ ശിക്ഷയും അവന്‍ നല്‍കും. തിരുമേനി(സ്വ) ഒരിക്കല്‍ ഒരു സംഘം സ്വഹാബികളുടെയടുത്തുകൂടി നടന്നുപോവുകയായിരുന്നു. തല്‍സമയം അവര്‍ വല്ലാതെ ചിരിച്ചുല്ലസിക്കുന്നതായി കണ്ടപ്പോള്‍ 'നരകം മുന്നിലിരിക്കെ നിങ്ങളിങ്ങനെ ചിരിച്ചാഹ്ലാദിക്കയാണോ' എന്നു അവിടന്നു ചോദിച്ചു. അല്‍പം കഴിഞ്ഞ് ഇബ്രാഹീം മഖാമിനടുത്തെത്തിയ നബി(സ്വ) തിരിച്ചുവന്ന് ഇങ്ങനെ പറഞ്ഞു: നിങ്ങളെ വിട്ടുപിരിഞ്ഞ ശേഷം ജിബ്‌രീല്‍(അ) എന്ന സമീപിക്കുകയും 'നബീ, അങ്ങ് എന്തിനാണ് എന്റെ അടിമകളെ ഭഗ്നാശരാക്കുന്നത്' എന്ന് അല്ലാഹു ചോദിക്കുന്നതായി അറിയിക്കുകയും ചെയ്തിരിക്കുന്നു. തുടര്‍ന്ന് ഈ 49,50 സൂക്തങ്ങള്‍ നബി(സ്വ) ഓതുകയും ചെയ്തു.
16. ദുര്‍നടപ്പുകാരും ധിക്കാരികളുമായിരുന്ന സദൂം ദേശക്കാരെ(ലൂഥ് നബി(അ)യുടെ ജനത) നശിപ്പിക്കാന്‍ നിയുക്തരായ മലക്കുകള്‍ വഴിമധ്യേ ഇബ്രാഹീം നബി(അ)യുടെയടുത്ത് വന്നതാണ്. ഇവരെക്കണ്ട് അപരിചിതരായ അതിഥികളാണെന്നു ധരിച്ച് നബി മൂരിക്കുട്ടനെ അറുത്ത് പാകംചെയ്ത് അവരുടെ മുമ്പില്‍ വെച്ചുവെന്നും അതു ഭക്ഷിക്കാതിരുന്നപ്പോഴാണ് ആശങ്കയുണ്ടായതെന്നും സൂറത്തു ഹൂദ് 69-76 ലും സൂറത്തുദ്ദാരിയാത്തി(24-37)ലും മറ്റും വിശദീകരിച്ചിട്ടുണ്ട്. സഹധര്‍മിണി സാറ ബീവിയില്‍ ഇസ്ഹാഖ് നബി(അ) ജനിക്കും എന്ന ശുഭവാര്‍ത്തയാണ് മലക്കുകള്‍ നല്‍കിയത്.
17. ഇബ്രാഹീം നബി(അ)ക്ക് നൂറോ നൂറ്റി ഇരുപതോ വയസ്സും സാറ ബീവിക്ക് തൊണ്ണൂറ്റി ഒമ്പത് വയസ്സും ഉള്ളപ്പോഴാണ് ഈ പുത്രസുവാര്‍ത്ത; മാത്രമല്ല ബീവി വന്ധ്യയുമാണ്. അതാണ് അദ്ഭുതം പ്രകടിപ്പിക്കുന്നതിന്റെ കാരണം. മറിച്ച്, അല്ലാഹുവിന്റെ ഖുദ്‌റത്തിലുള്ള സംശയമല്ല. ദുര്‍മാര്‍ഗികള്‍ മാത്രമേ അവന്റെ കാരുണ്യത്തെക്കുറിച്ച് ആശമുറിഞ്ഞവരാകൂ എന്ന ഇബ്രാഹീം നബി(അ)യുടെ പ്രസ്താവം അതാണ് സൂചിപ്പിക്കുന്നത്.
18. ഞങ്ങള്‍ അങ്ങനെ നിശ്ചയിച്ചിരിക്കുന്നു, ഞങ്ങള്‍ രക്ഷപ്പെടുത്തും എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ ആലങ്കാരികം(മജാസ്) ആണ്; നിശ്ചയിക്കുന്നവനും രക്ഷപ്പെടുത്തുന്നവനുമൊക്കെ അല്ലാഹുവാണല്ലോ. ഈസാനബി(അ)യും മുഹ്‌യിദ്ദീന്‍ ശൈഖും മരിച്ചവരെ ജീവിപ്പിച്ചു എന്ന പ്രയോഗവും ഇങ്ങനെത്തന്നെ. അവര്‍ അല്ലാഹു ആക്കപ്പെടുന്നു എന്ന ചിലരുടെ ജല്‍പനം അജ്ഞതയാണ്.
۞ نَبِّئۡ عِبَادِيٓ أَنِّيٓ أَنَا ٱلۡغَفُورُ ٱلرَّحِيمُ ٤٩
وَأَنَّ عَذَابِي هُوَ ٱلۡعَذَابُ ٱلۡأَلِيمُ ٥٠
وَنَبِّئۡهُمۡ عَن ضَيۡفِ إِبۡرَٰهِيمَ ٥١
إِذۡ دَخَلُواْ عَلَيۡهِ فَقَالُواْ سَلَٰمٗا قَالَ إِنَّا مِنكُمۡ وَجِلُونَ ٥٢
قَالُواْ لَا تَوۡجَلۡ إِنَّا نُبَشِّرُكَ بِغُلَٰمٍ عَلِيمٖ ٥٣
قَالَ أَبَشَّرۡتُمُونِي عَلَىٰٓ أَن مَّسَّنِيَ ٱلۡكِبَرُ فَبِمَ تُبَشِّرُونَ ٥٤
قَالُواْ بَشَّرۡنَٰكَ بِٱلۡحَقِّ فَلَا تَكُن مِّنَ ٱلۡقَٰنِطِينَ ٥٥
قَالَ وَمَن يَقۡنَطُ مِن رَّحۡمَةِ رَبِّهِۦٓ إِلَّا ٱلضَّآلُّونَ ٥٦
قَالَ فَمَا خَطۡبُكُمۡ أَيُّهَا ٱلۡمُرۡسَلُونَ ٥٧
قَالُوٓاْ إِنَّآ أُرۡسِلۡنَآ إِلَىٰ قَوۡمٖ مُّجۡرِمِينَ ٥٨
إِلَّآ ءَالَ لُوطٍ إِنَّا لَمُنَجُّوهُمۡ أَجۡمَعِينَ ٥٩
إِلَّا ٱمۡرَأَتَهُۥ قَدَّرۡنَآ إِنَّهَا لَمِنَ ٱلۡغَٰبِرِينَ ٦٠