അല്ലാഹുവിന്റെ ഉത്തരവ് സമാഗതമായിരിക്കുന്നു; അതുകൊണ്ട് നിങ്ങളതിന് ധൃതികാണിക്കേണ്ട1
ബഹുദൈവ വിശ്വാസികള്‍ പങ്കുചേര്‍ക്കുന്നവയില്‍ നിന്നൊക്കെ എത്രയോ വിശുദ്ധനും മഹോന്നതനുമത്രേ അല്ലാഹു. 'ഞാനല്ലാതെ ഒരാരാധ്യനുമില്ല, അതുകൊണ്ട് എന്നെ ഭയപ്പെടണം എന്നു മനുഷ്യരെ താക്കീതു ചെയ്യുക' എന്ന സന്ദേശവുമായി അടിമകളില്‍ താനുദ്ദേശിക്കുന്നവരിലേക്ക് സോദ്ദേശ്യം അല്ലാഹു മലക്കുകളെ അയക്കുന്നു. ഭുവന - വാനങ്ങള്‍ സത്യസന്ധമായാണവന്‍ സൃഷ്ടിച്ചിരിക്കുന്നത്. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നൊക്കെ അവന്‍ മഹോന്നതനത്രേ2
2 വിശദീകരണങ്ങൾ കാണുക
1. സൂറത്തുന്നഹ്‌ല് എന്നാണ് ഈ അധ്യായത്തിന്റെ പേര്. നഹ്‌ല് എന്നാല്‍ തേനീച്ചയാണ്. ബുദ്ധിമാനും സമര്‍ഥനുമായ മനുഷ്യന്ന് പോലും നിരവധി ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മതിയായ ആ സാധുജീവിയെപ്പറ്റി സൂക്തം 68,69 ല്‍ പരാമര്‍ശമുണ്ട്. അതാണു നാമകരണത്തിന്നു കാരണം. മനുഷ്യനു നല്‍കപ്പെട്ട മറ്റു ഒട്ടനേകം അനുഗ്രഹങ്ങളും ഇതില്‍ പരാമൃഷ്ടമാകുന്നുണ്ട് എന്നതിനാല്‍ 'അനുഗ്രഹങ്ങളുടെ അധ്യായം' എന്ന പേരുകൂടി ഇതിനുണ്ട്. ആദ്യ സൂക്തത്തിലെ 'ദൈവിക ഉത്തരവി'ന്റെ വിവക്ഷ അന്ത്യനാള്‍ ആകുന്നു. ഇതാ വന്നെത്തി, അതിന്റെ കാര്യത്തില്‍ ധൃതിപ്പെടേണ്ട എന്നു നിഷേധികളോടു പറയുകയാണ്.
2. പ്രവാചക നിയോഗം, അവരിലേക്കു ദിവ്യസന്ദേശവുമായി മലക്കുകളെ അയക്കല്‍, വിശിഷ്യ നിങ്ങളിലേക്ക് മുഹമ്മദ് നബി(സ്വ)യെ മാര്‍ഗദര്‍ശകനായി നിശ്ചയിച്ചത്, ഖുര്‍ആന്റെ അവതരണം ഇത്യാദി കാര്യങ്ങളൊന്നും നിരര്‍ത്ഥകമായോ അനാസൂത്രിതമായോ സംഭവിക്കുന്നതല്ല. വളരെ വ്യവസ്ഥാപിതവും ഉദ്ദേശ്യപൂര്‍വവുമായി അല്ലാഹു സംവിധാനിക്കുന്നതും നിര്‍വഹിക്കുന്നതുമാണ്. അതുകൊണ്ട് അന്ധമായ നിഷേധത്തിന്റെ മാര്‍ഗം നിങ്ങള്‍ കൈവെടിയണം എന്നാണു വിവക്ഷ.