Monday, 12 October 2026 Hijri: — 01:26:15 pm
MalayalamQuran.in
Quran translation reader

അൽ ഇസ്റാഅ് الإسراء Al-Isra

Surah 17 മക്കിയ്യ • مكية • Makkiyah 111 ആയത്തുകൾ • 111 Ayahs

സൂറത്ത് അൽ ഇസ്റാഅ് (Al-Isra), ഖുർആൻ അധ്യായം 17 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 111 ആയത്തുകൾ വായിക്കുക. Read Surah Al-Isra with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

തന്റെ അടിമ മുഹമ്മദ് നബിയെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സാ - അതിന്റെ ചുറ്റുപാടും നാം അനുഗ്രഹ പൂര്‍ണമാക്കിയിട്ടുണ്ട്-യിലേക്ക് ഒരു രാത്രിയില്‍ സഞ്ചരിപ്പിച്ചവന്‍ പരിശുദ്ധനത്രേ. നബിക്ക് നമ്മുടെ ചില ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുക്കാനായിരുന്നു അത്. നിശ്ചയം, എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ് അല്ലാഹു.1

1 വിശദീകരണം കാണുക

1. അല്‍ ഇസ്രാഅ് എന്നാണ് ഈ അധ്യായ നാമം. നിശാപ്രയാണം, രാത്രിയുള്ള സഞ്ചാരം എന്നാണതിനര്‍ത്ഥം. നമ്മുടെ നബി മുഹമ്മദ് മുസ്ത്വഫാ തിരുമേനി(സ്വ) ഒരു രാത്രിയുടെ ഏതാനും മണിക്കൂറുകള്‍ക്കകം മക്കയില്‍ നിന്ന് ബൈത്തുല്‍ മഖ്ദിസിലേക്കും അവിടെ നിന്ന് ഏഴാകാശങ്ങളിലേക്കും നടത്തിയ അത്യദ്ഭുതകരമായ യാത്രയാണ് ഉദ്ദേശ്യം. ഇസ്രയേല്യരെക്കുറിച്ച ഒട്ടേറെ പരാമര്‍ശങ്ങളും അവര്‍ക്കു നല്‍കിയ ദിവ്യാനുഗ്രഹങ്ങള്‍ സംബന്ധിച്ച പ്രതിപാദനങ്ങളുമുള്ളതിനാല്‍ ബനൂ ഇസ്രാഈല്‍ എന്നും സൂറത്തിനു പേരുണ്ട്.
ഇസ്രാഉം മിഅ്‌റാജും നബി(സ്വ)യുടെ 52-ാം വയസ്സില്‍ റജബ് മാസം 27-ാം രാത്രി സംഭവിച്ചു എന്നാണ് മിക്ക പണ്ഡിതരും ചരിത്രകാരന്‍മാരും പറയുന്നത്. ഉണര്‍ച്ചയിലും ശരീരത്തോടു കൂടിയുമായിരുന്നു അത്; സ്വപ്നത്തിലാണെങ്കില്‍ അതിന്നു ഒരുവിധ മഹത്വവുമില്ലല്ലോ. വിസ്തൃത പഠനത്തിന് സുന്നിപബ്ലിക്കേഷന്‍ സെന്ററിന്റെ ഫത്ഹുര്‍റഹ്മാന്‍ ഖുര്‍ആന്‍ പരിഭാഷയും 'മിഅ്‌റാജ്: ചരിത്രം സന്ദേശം' എന്ന കൃതിയും നോക്കുക. അല്ലാഹുവിന്റെ അത്യത്ഭുതകരമായ പല ദൃഷ്ടാന്തങ്ങളും തിരുമേനി(സ്വ)ക്ക് കാണിച്ചുകൊടുക്കാന്‍ വേണ്ടിയായിരുന്നു ഈ യാത്ര.

سُبۡحَٰنَ ٱلَّذِيٓ أَسۡرَىٰ بِعَبۡدِهِۦ لَيۡلٗا مِّنَ ٱلۡمَسۡجِدِ ٱلۡحَرَامِ إِلَى ٱلۡمَسۡجِدِ ٱلۡأَقۡصَا ٱلَّذِي بَٰرَكۡنَا حَوۡلَهُۥ لِنُرِيَهُۥ مِنۡ ءَايَٰتِنَآۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡبَصِيرُ ۝١
2–3

ഞാനല്ലാത്ത ഒരു കൈകാര്യകര്‍ത്താവിനെ വരിക്കരുതെന്ന സിദ്ധാന്തവുമായി മൂസാനബിക്ക് നാം വേദഗ്രന്ഥം നല്‍കുകയും ഇസ്രയേല്യര്‍ക്ക് അത് സന്‍മാര്‍ഗദര്‍ശകമാക്കുകയുമുണ്ടായി. നൂഹ് നബിയൊന്നിച്ച് നാം ജലയാനത്തില്‍ വഹിച്ചവരുടെ സന്തതികളേ, നിശ്ചയം, അദ്ദേഹം അതീവ കൃതജ്ഞനായിരുന്നു. (നിങ്ങളും അങ്ങനെ നന്ദിയുള്ളവരാകണം.)2

1 വിശദീകരണം കാണുക

2. രണ്ടു ദൂതന്‍മാരും പരസ്പരബന്ധമുള്ളവരാണെന്നാണിവിടെ വ്യക്തമാക്കുന്നത്. ഇസ്രാഅ്- മിഅ്‌റാജ് വഴി തിരുമേനി(സ്വ) യെ ആദരിച്ചത് പോലെ തൗറാത്ത് നല്‍കി മൂസാനബി(അ)യെയും ബഹുമാനിച്ചു. ഇരുവരും നൂഹ്‌നബി(അ)യുടെ സന്താനങ്ങളാണ്; ഇരുവരുടെയും ജനത ആ പ്രവാചക ശ്രേഷ്ഠന്റെ പൗത്രപരമ്പരയും. ഇരുവരുടെയും വേദവും ദീനുമൊക്കെ സിദ്ധാന്തിക്കുന്നത് മൗലികമായി ഒന്നുതന്നെ.
അല്ലാഹുവിന്റെ നടപടിക്രമങ്ങളിലേക്ക് സഗൗരവ ശ്രദ്ധ ക്ഷണിക്കുന്നതാണ് ഈ സൂക്തങ്ങള്‍- മനുഷ്യന്‍ വിശ്വാസവും അനുസരണയുമുള്ളവനായാല്‍ അല്ലാഹുവിന്റെ സഹായം ലഭിക്കും; മറിച്ചാണെങ്കില്‍ അവന്റ തീക്ഷ്ണ പരീക്ഷണങ്ങള്‍ വരും. ഇസ്രയേല്യരില്‍ സംഭവിച്ചതതാണ്. തൗറാത്ത് നല്‍കുകയും ഒട്ടേറെ പ്രവാചകരെ നിയോഗിക്കുകയും നിരവധി അനുഗ്രഹങ്ങള്‍ കനിഞ്ഞേകുകയും ചെയ്ത് അവരെ പ്രതാപശാലികളാക്കി. പക്ഷേ, അവയൊക്കെ വിസ്മരിക്കുകയും അഗണ്യകോടികളില്‍ തള്ളുകയും ചെയ്ത് അവര്‍ ധിക്കാരികളായി. ഫലമോ? സ്വേച്ഛാധിപതികളായ പല രാജാക്കളും ചക്രവര്‍ത്തിമാരും അവരെ അടിച്ചൊതുക്കി. ജാലൂത്ത്, സിന്‍ഹരീബ്, നെബുക്കഡ്‌നസ്സര്‍ എന്നിവര്‍ അവരില്‍ പ്രമുഖരാണ്.
ഒന്നാം സംഹരണത്തിലെ വിവക്ഷ ബാബിലോണിയന്‍ ചക്രവര്‍ത്തി നെബുക്കഡ്‌നെസ്സര്‍ ആകാവുന്നതാണെന്ന് ചില മുഫസ്സിറുകള്‍ പറഞ്ഞിട്ടുണ്ട്. എഴുപതിനായിരത്തിലധികം ജൂതരെ അയാള്‍ ക്രൂരവധം നടത്തുകയും അവരുടെ നാട് കുട്ടിച്ചോറാക്കുകയും ശേഷിച്ചവരെ തടവുകാരാക്കി ബാബിലോണിയയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. സൂചിപ്പിക്കപ്പെട്ട രണ്ടാം നാശം വന്നുകഴിഞ്ഞോ ഇല്ലേ എന്നതിലും രണ്ടുപക്ഷമുണ്ട്. അത് വരാനിരിക്കുകയാണ് എന്നാണ് ഒരു പക്ഷം. അഡോള്‍ഫ് ഹിറ്റ്‌ലര്‍ കൊന്നൊടുക്കിയത് പരലക്ഷം ജൂതരെയാണ് എന്നും മറക്കാതിരിക്കുക.
ഇന്നു ലോകത്തുടനീളം സകല വിനാശങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന ജൂതരും അവരുടെ ദുര്‍ഭഗ രാഷ്ട്രവും അനതിവിദൂരഭാവിയില്‍ വീണ്ടുമൊരു സംഹരണത്തിനു കാത്തിരിക്കുകയാണെന്നും അതാണ് ആയത്തിലെ വിവക്ഷ എന്നുമാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ ആധുനിക പണ്ഡിതരുടെ നിഗമനം. ശ്രദ്ധേയവും സുപ്രസിദ്ധവുമായ ഒരു ഹദീസ് അതു സാധൂകരിക്കുന്നുമുണ്ട്. തിരുമേനി(സ്വ) പ്രസ്താവിച്ചു: മുസ്‌ലിംകള്‍ ജൂതരുമായി യുദ്ധം ചെയ്യുകയും അതുവഴി അവരെ കൊന്നൊടുക്കുകയും ചെയ്യുന്നതു വരെ അന്ത്യനാള്‍ സംഭവിക്കുന്നതല്ല; അങ്ങനെ ജൂതര്‍ വൃക്ഷങ്ങളുടെയും പാറകളുടെയുമൊക്കെ പിന്നില്‍ ഒളിച്ചിരിക്കുന്നതാണ്. തത്സമയം അല്ലാഹു അവക്ക് സംസാര ശേഷി നല്‍കുകയും അവ ഇപ്രകാരം വിളിച്ചു പറയുകയും ചെയ്യും: ഹേ മുസ്‌ലിം, ഓ അല്ലാഹുവിന്റ ദാസന്‍, വരൂ, എന്റെ പിന്നിലിതാ ഒരു ജൂതന്‍, ഇവനെ കൊന്നുകളയുക! (മുസ്‌ലിം)

وَءَاتَيۡنَا مُوسَى ٱلۡكِتَٰبَ وَجَعَلۡنَٰهُ هُدٗى لِّبَنِيٓ إِسۡرَٰٓءِيلَ أَلَّا تَتَّخِذُواْ مِن دُونِي وَكِيلٗا ۝٢
ذُرِّيَّةَ مَنۡ حَمَلۡنَا مَعَ نُوحٍۚ إِنَّهُۥ كَانَ عَبۡدٗا شَكُورٗا ۝٣
4–7

ഇസ്രയേല്യര്‍ക്ക് തൗറാത്തില്‍ നാം ഇങ്ങനെ വിധി കല്‍പിച്ചു: നിശ്ചയം, നിങ്ങള്‍ രണ്ടുവട്ടം ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നതും മികച്ച ആഢ്യത്വം നടിക്കുന്നതുമാണ്. അതില്‍ ആദ്യത്തേതിന്റെ സന്ദര്‍ഭമായിക്കഴിഞ്ഞാല്‍ തീവ്രമായ ആക്രമണ ശേഷിയുള്ള നമ്മുടെ ചില ദാസരെ നിങ്ങളിലേക്ക് നാം നിയോഗിക്കുന്നതും വീടുകള്‍ക്കിടയില്‍ കടന്ന് നിങ്ങളെയവര്‍ തെരഞ്ഞു പിടിക്കുന്നതുമാണ്. പ്രയോഗവല്‍കൃതമാകുന്ന ഒരു വാഗ്ദാനമാണിത്. പിന്നീട് അവര്‍ക്കെതിരെ പോരാടാന്‍ നിങ്ങള്‍ക്കു നാം സന്ദര്‍ഭം തരും. സമ്പത്തുകളും സന്താനങ്ങളും കൊണ്ട് നിങ്ങളെ നാം സഹായിക്കുന്നതും പൂര്‍വോപരി സംഘശേഷിയുള്ളവരാക്കുന്നതുമാണ്. നന്മചെയ്താല്‍ അതിന്റെ ഗുണവും തിന്മചെയ്താല്‍ അതിന്റെ ദൂഷ്യവും നിങ്ങള്‍ക്കു തന്നെ. പിന്നീട് രണ്ടാം കുഴപ്പത്തിന്റെ സന്ദര്‍ഭമാകുമ്പോള്‍ നിങ്ങളെ അപമാനിതരാക്കാനും ആദ്യവട്ടം പള്ളിയില്‍ കടന്നപോലെത്തന്നെ രണ്ടാംവട്ടം കടക്കാനും അവര്‍ കൈയടക്കിയതിനെയത്രയും സംഹരിക്കാനും വേണ്ടി (വേറെ ശക്തിയെ നിയോഗിക്കും.)

وَقَضَيۡنَآ إِلَىٰ بَنِيٓ إِسۡرَٰٓءِيلَ فِي ٱلۡكِتَٰبِ لَتُفۡسِدُنَّ فِي ٱلۡأَرۡضِ مَرَّتَيۡنِ وَلَتَعۡلُنَّ عُلُوّٗا كَبِيرٗا ۝٤
فَإِذَا جَآءَ وَعۡدُ أُولَىٰهُمَا بَعَثۡنَا عَلَيۡكُمۡ عِبَادٗا لَّنَآ أُوْلِي بَأۡسٖ شَدِيدٖ فَجَاسُواْ خِلَٰلَ ٱلدِّيَارِۚ وَكَانَ وَعۡدٗا مَّفۡعُولٗا ۝٥
ثُمَّ رَدَدۡنَا لَكُمُ ٱلۡكَرَّةَ عَلَيۡهِمۡ وَأَمۡدَدۡنَٰكُم بِأَمۡوَٰلٖ وَبَنِينَ وَجَعَلۡنَٰكُمۡ أَكۡثَرَ نَفِيرًا ۝٦
إِنۡ أَحۡسَنتُمۡ أَحۡسَنتُمۡ لِأَنفُسِكُمۡۖ وَإِنۡ أَسَأۡتُمۡ فَلَهَاۚ فَإِذَا جَآءَ وَعۡدُ ٱلۡأٓخِرَةِ لِيَسُـُٔواْ وُجُوهَكُمۡ وَلِيَدۡخُلُواْ ٱلۡمَسۡجِدَ كَمَا دَخَلُوهُ أَوَّلَ مَرَّةٖ وَلِيُتَبِّرُواْ مَا عَلَوۡاْ تَتۡبِيرًا ۝٧
8

രക്ഷിതാവ് നിങ്ങളോട് കാരുണ്യം പ്രകടിപ്പിച്ചേക്കാം. എന്നാല്‍, ധിക്കാരത്തിലേക്ക് തിരിച്ചുനടക്കുകയാണ് നിങ്ങളെങ്കില്‍ നാമും ശിക്ഷയാവര്‍ത്തിക്കും. സത്യം നിഷേധിക്കുന്ന യാളുകള്‍ക്ക് നരകം നാം തടങ്കല്‍ പാളയമാക്കി വെച്ചിരിക്കുന്നു3

1 വിശദീകരണം കാണുക

3. നേരത്തെ സൂചിപ്പിച്ച രണ്ടു നാശങ്ങളും സംഭവിച്ചു കഴിഞ്ഞിട്ടുണ്ടെന്നു വ്യാഖ്യാനിച്ചാല്‍ തന്നെയും ഇനിയും അത്തരം സംഹരണം തന്നെയായിരിക്കും വിനാശത്തിന്റെ ഫലമെന്ന് ഈ സൂക്തം സ്പഷ്ടമായി മനസ്സിലാക്കിത്തരുന്നു.

عَسَىٰ رَبُّكُمۡ أَن يَرۡحَمَكُمۡۚ وَإِنۡ عُدتُّمۡ عُدۡنَاۚ وَجَعَلۡنَا جَهَنَّمَ لِلۡكَٰفِرِينَ حَصِيرًا ۝٨
9–15

നിശ്ചയം, ഈ ഖുര്‍ആന്‍ ഏറ്റവും ഋജുവായതിലേക്ക് നയിക്കുകയും സല്‍കര്‍മാനു ഷ്ഠാനികളായ സത്യവിശ്വാസികള്‍ക്ക് മഹത്തായ പ്രതിഫലമാണുള്ളതെന്നും പരലോക വിശ്വാസമില്ലാത്തവര്‍ക്ക് വേദനയുറ്റ ശിക്ഷ നാം ഒരുക്കിയിട്ടുണ്ടെന്നും ശുഭവാര്‍ത്തയറിയിക്കുകയും ചെയ്യുന്നു. ഗുണത്തിനു വേണ്ടി എന്നതുപോലെ ദോഷത്തിനുവേണ്ടി പ്രാര്‍ഥിക്കുകയാണു മനുഷ്യര്‍. ഏറെ തത്രപ്പാട് കാണിക്കുന്നവനത്രേ അവന്‍.4
രാവിനെയും പകലിനെയും രണ്ട് ദൃഷ്ടാന്തങ്ങളാക്കിയിരിക്കയാണു നാം. എന്നിട്ട് രാത്രിയെന്ന ദൃഷ്ടാന്തം നാം മായ്ച്ചു കളയുകയും പകലാകുന്ന ദൃഷ്ടാന്തം കാഴ്ചയുറ്റതാക്കുകയുമുണ്ടായി. നിങ്ങള്‍ക്ക് നാഥങ്കല്‍ നിന്നുള്ള അനുഗ്രഹങ്ങള്‍ തേടിപ്പിടിക്കുന്നതിനും കണക്കും വര്‍ഷങ്ങളുടെ എണ്ണവും അറിയാനും വേണ്ടി ഓരോ കാര്യവും നന്നായി നാം പ്രതിപാദിച്ചിരിക്കുന്നു5
ഓരോ മനുഷ്യന്റെയും ഭാഗധേയം അവന്റെ പിരടിയില്‍ തന്നെ നാം വെച്ചുകെട്ടിയിരിക്കയാണ്. തുറന്നുവെച്ചതായി താന്‍ കാണുന്ന ഒരു ഗ്രന്ഥം അന്ത്യനാളില്‍ അവന്നു നാം പുറത്തെടുത്തുകൊടുക്കും: 'വായിക്കൂ നിന്റെ ഈ കര്‍മരേഖ; നിനക്കെതിരെ സാക്ഷിയായി ഇന്നു ഈ ഏടുതന്നെ മതി!' ഒരാള്‍ നേര്‍വഴി പ്രാപിച്ചവനായാല്‍ സ്വന്തത്തിനുവേണ്ടി തന്നെയാണവന്‍ സന്‍മാര്‍ഗപ്രാപ്തനായത്; ഒരാള്‍ വഴിതെറ്റിപ്പോകുന്നുവെങ്കില്‍ തനിക്കു പ്രതികൂലമായിത്തന്നെയാണ് ആ മാര്‍ഗഭ്രംശം സംഭവിക്കുക. ഒരു പാപവാഹിയും മറ്റൊരാളുടെ കുറ്റമേല്‍ക്കുകയില്ല. ഒരു ദൂതനെ നിയോഗിക്കുന്നതുവരെ ആരെയെങ്കിലും ശിക്ഷിക്കുന്ന രീതി നമുക്കില്ല താനും6

3 വിശദീകരണങ്ങൾ കാണുക

4. എന്തെങ്കിലും അസ്വസ്ഥതകളോ മനഃസംഘര്‍ഷങ്ങളോ ഉണ്ടാകുമ്പോള്‍ സ്വന്തത്തിനും സ്വന്തക്കാര്‍ക്കുമെതിരായി മനുഷ്യന്‍ പ്രാര്‍ഥിക്കുന്നത് സാധാരണമാണ്. അവന്റെ ബുദ്ധിശൂന്യതയും മൗഢ്യവുമാണിത് സൂചിപ്പിക്കുന്നത്. ധൃതിയും തത്രപ്പാടുമാണ് ഇതിനു കാരണം. അതുകൊണ്ട് ഏതു പ്രതിസന്ധിയും പ്രയാസവും തികഞ്ഞ അവധാനതയോടെ മാത്രമേ മനുഷ്യന്‍ സമീപിക്കാവൂ എന്നാണിവിടെ പഠിപ്പിക്കുന്നത്.

5. സൂര്യന്റെയും ഭൂമിയുടെയും ചന്ദ്രന്റെയും മറ്റും ഭ്രമണവും രാപ്പകലുകളുടെ ഗമനാഗമനങ്ങ ളുമുണ്ടായിരുന്നില്ലെങ്കില്‍ ഭൂമിയുടെ അവസ്ഥ എന്താകുമായിരുന്നു? ഒരു ജീവിക്കും ഇവിടെ കഴിഞ്ഞുകൂടാനാവില്ല. മനുഷ്യന് ഇതൊന്നും ചിന്തിക്കാന്‍ സമയമില്ല. രാത്രിയും പകലും അവയുടെ മാറ്റങ്ങളും അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹവും ദൃഷ്ടാന്തവുമായാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഭൗതികവും പാരത്രികവുമായ മുഴുവന്‍ കാര്യങ്ങളും മനുഷ്യന്റെയും മറ്റുജീവികളുടെയും ക്ഷേമത്തിനായി മാത്രം സംവിധാനിക്കപ്പെട്ടതാണെന്ന് അല്ലാഹു പ്രതിപാദിച്ചിരിക്കയാണ്.

6. ഓരോ മനുഷ്യന്റെയും ജീവിത രീതികളും പ്രവര്‍ത്തന ശൈലികളും അവനുമായിത്തന്നെ അഭേദ്യമാം വിധം ബന്ധപ്പെട്ടുകിടക്കുന്നതാണ്. ഏതുതരം കര്‍മവും ഉല്ലേഖനം ചെയ്യപ്പെടുന്നതും ആ രേഖ വായിക്കാനായി ഖിയാമനാളില്‍ അവന്‍ കല്‍പിക്കപ്പെടുന്നതുമാണ്. കര്‍മങ്ങളുടെ ഗുണവും ദോഷവുമൊക്കെ അവന്‍ തന്നെയാണ് അനുഭവിക്കുക. ഒരു വ്യക്തിയും മറ്റൊരാളുടെ കുറ്റം ചുമക്കുകയോ വഹിപ്പിക്കപ്പെടുകയോ ചെയ്യില്ല. അല്ലാഹുവിനെയോ സത്യദീനിനേയോ കുറിച്ച് മതിയായ കാരണങ്ങളാല്‍ യാതൊന്നുമറിയാത്ത ഒരാളെയും താന്‍ ശിക്ഷിക്കുകയില്ല എന്നാണ് അല്ലാഹു വ്യക്തമാക്കുന്നത്.

إِنَّ هَٰذَا ٱلۡقُرۡءَانَ يَهۡدِي لِلَّتِي هِيَ أَقۡوَمُ وَيُبَشِّرُ ٱلۡمُؤۡمِنِينَ ٱلَّذِينَ يَعۡمَلُونَ ٱلصَّٰلِحَٰتِ أَنَّ لَهُمۡ أَجۡرٗا كَبِيرٗا ۝٩
وَأَنَّ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ أَعۡتَدۡنَا لَهُمۡ عَذَابًا أَلِيمٗا ۝١٠
وَيَدۡعُ ٱلۡإِنسَٰنُ بِٱلشَّرِّ دُعَآءَهُۥ بِٱلۡخَيۡرِۖ وَكَانَ ٱلۡإِنسَٰنُ عَجُولٗا ۝١١
وَجَعَلۡنَا ٱلَّيۡلَ وَٱلنَّهَارَ ءَايَتَيۡنِۖ فَمَحَوۡنَآ ءَايَةَ ٱلَّيۡلِ وَجَعَلۡنَآ ءَايَةَ ٱلنَّهَارِ مُبۡصِرَةٗ لِّتَبۡتَغُواْ فَضۡلٗا مِّن رَّبِّكُمۡ وَلِتَعۡلَمُواْ عَدَدَ ٱلسِّنِينَ وَٱلۡحِسَابَۚ وَكُلَّ شَيۡءٖ فَصَّلۡنَٰهُ تَفۡصِيلٗا ۝١٢
وَكُلَّ إِنسَٰنٍ أَلۡزَمۡنَٰهُ طَٰٓئِرَهُۥ فِي عُنُقِهِۦۖ وَنُخۡرِجُ لَهُۥ يَوۡمَ ٱلۡقِيَٰمَةِ كِتَٰبٗا يَلۡقَىٰهُ مَنشُورًا ۝١٣
ٱقۡرَأۡ كِتَٰبَكَ كَفَىٰ بِنَفۡسِكَ ٱلۡيَوۡمَ عَلَيۡكَ حَسِيبٗا ۝١٤
مَّنِ ٱهۡتَدَىٰ فَإِنَّمَا يَهۡتَدِي لِنَفۡسِهِۦۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيۡهَاۚ وَلَا تَزِرُ وَازِرَةٞ وِزۡرَ أُخۡرَىٰۗ وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبۡعَثَ رَسُولٗا ۝١٥
16–17

ഏതെങ്കിലുമൊരു നാട് സംഹരിച്ചു കളയാന്‍ നാമുദ്ദേശിച്ചാല്‍ അവിടത്തെ സുഖലോലുപന്‍മാര്‍ക്ക് ഉത്തരവുനല്‍കുകയും അങ്ങനെ അവരവിടെ അധര്‍മപ്രവര്‍ത്തനങ്ങള്‍ നടത്തുകയും തദ്വാരാ അത് ഉന്മൂലനാര്‍ഹമാവുകയും അങ്ങനെ നാമത് നിശ്ശേഷം സംഹരിക്കുകയും ചെയ്യും. നൂഹ് നബിക്കു ശേഷം എത്ര തലമുറകളെയാണ് നാം നശിപ്പിച്ചത്! തന്റെ അടിമകളുടെ പാപങ്ങളെപ്പറ്റി ഏറെ അറിയുന്നവനും സൂക്ഷ്മദൃക്കുമായി താങ്കളുടെ നാഥന്‍ തന്നെ മതി7

1 വിശദീകരണം കാണുക

7. കൂട്ടസംഹരണത്തിനു വിധേയരായ എത്രയോ ജനസമൂഹങ്ങളുടെ ശവപ്പറമ്പാണ് ഈ ഭൂതലം. അവരുടെ എണ്ണപ്പെരുപ്പം അല്ലാഹുവിനേ അറിയൂ.(14:9) ദൈവനിഷേധവും ദുര്‍നടപ്പും ധിക്കാരവുമായി അവര്‍ മതിമറന്നു ജീവിച്ചതായിരുന്നു കാരണം. അത്തരം സന്ദര്‍ഭങ്ങളില്‍ സമ്പന്ന വിഭാഗമാണ് അതിന്റെ നിര്‍വഹണമേറ്റെടുക്കുക. സര്‍വ അതിരുകളും ലംഘിക്കുന്ന ആ അധര്‍മകാരികളെ ഒറ്റപ്പിടിത്തത്തിനു അല്ലാഹു വേരോടെ പിഴുതെറിഞ്ഞുകളയും. അല്ലാഹുവിന്റെ അതിസൂക്ഷ്മ നിരീക്ഷണാനന്തരം മാത്രമേ അതു സംഭവിക്കൂ.

وَإِذَآ أَرَدۡنَآ أَن نُّهۡلِكَ قَرۡيَةً أَمَرۡنَا مُتۡرَفِيهَا فَفَسَقُواْ فِيهَا فَحَقَّ عَلَيۡهَا ٱلۡقَوۡلُ فَدَمَّرۡنَٰهَا تَدۡمِيرٗا ۝١٦
وَكَمۡ أَهۡلَكۡنَا مِنَ ٱلۡقُرُونِ مِنۢ بَعۡدِ نُوحٖۗ وَكَفَىٰ بِرَبِّكَ بِذُنُوبِ عِبَادِهِۦ خَبِيرَۢا بَصِيرٗا ۝١٧
18–22

ഒരാള്‍ ഭൗതിക ജീവിതക്ഷേമം മാത്രമാണ് ലക്ഷ്യം വെക്കുന്നതെങ്കില്‍ - നാം ഇച്ഛിച്ചതും ഉദ്ദേശിക്കുന്നവര്‍ക്കും -അതു വേഗം നല്‍കും. പിന്നീട് അവന്നായി നാം നരകം സജ്ജീകരിക്കു ന്നതാണ്. ഹീനനും അഭിശപ്തനുമായി അവനതില്‍ കടക്കും. പരലോക വിജയമാണ് ഒരാളുടെ ഉദ്ദേശ്യമെങ്കില്‍ - സത്യവിശ്വാസിയായിക്കൊണ്ടു തന്നെ അതിനുവേണ്ട ശ്രമങ്ങള്‍ അവനര്‍പ്പിക്കയും ചെയ്തു - അവരുടെ പ്രയത്‌നങ്ങള്‍ സ്വീകരിക്കപ്പെടുന്നതാണ്.8
താങ്കളുടെ നാഥന്റെ ദാനത്തില്‍ നിന്ന് ആ വിഭാഗത്തിന്നും ഈ വിഭാഗത്തിന്നും നാം നല്‍കുന്നതാണ് - താങ്കളുടെ രക്ഷിതാവിന്റെ ദാനം നിരോധിക്കപ്പെടുന്നതായിട്ടില്ല. അവരില്‍ ചിലരെ മറ്റു ചിലരെക്കാള്‍ എങ്ങനെയാണു നാം ശ്രേഷ്ഠരാക്കിയിരിക്കുന്നതെന്ന് താങ്കള്‍ നോക്കുക. എന്നാല്‍ പാരത്രിക ജീവിതം തന്നെയാണ് അത്യുന്നത പദവിയുള്ളതും ഏറ്റം ശ്രേഷ്ഠവും. മനുഷ്യാ, അല്ലാഹുവോടൊന്നിച്ച് മറ്റൊരു ആരാധ്യനെയും നീ സ്ഥാപിക്കരുത്; അങ്ങനെ ചെയ്താല്‍ നീ അധിക്ഷേപാര്‍ഹനും കൈവെടിയപ്പെട്ടവനുമായിരിക്കുന്നതാണ്9

2 വിശദീകരണങ്ങൾ കാണുക

8. ക്ഷണികമായ ഭൗതിക ലോകത്തെയും ശാശ്വതമായ പാരത്രിക ലോകത്തെയും വിജയമാണ് സത്യവിശ്വാസികളുടെ ലക്ഷ്യം. അതു വിസ്മരിച്ച് കളഞ്ഞ് ഭൗതികതയുടെ പിന്നാലെ മാത്രം സഞ്ചരിക്കുന്നവന്‍ മഹാ നിര്‍ഭാഗ്യവാനാണ്. സര്‍വശക്തന്റെ നിര്‍ണയവും ഉദ്ദേശ്യവുമനുസരിച്ചേ ആര്‍ക്കും ഏതളവിലും അതു ലഭിക്കൂ. എന്നാല്‍ പാരത്രിക ജീവിതം അവഗണിച്ചവന് അവിടെ നരകമാണു സജ്ജീകരിക്കപ്പെട്ടിരിക്കുക. ദുന്‍യാവില്‍ മദിച്ച് പുളച്ച് സുഖലോലുപനും ഉന്നതശീര്‍ഷനുമായി ജീവിച്ച അവന്‍ നിന്ദ്യനും ഹീനനും പതിതനും ശപിക്കപ്പെട്ടവനുമായി നരകത്തില്‍ പ്രവേശിക്കുന്നതാണ്. സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്കാകട്ടെ സുഖലോക സ്വര്‍ഗങ്ങളാണുണ്ടാവുക.

9. അല്ലാഹുവിന്റെ ദാനം നിരോധിക്കപ്പെടുന്നതായിട്ടില്ല എന്ന 20-ാം വചനം ഏറെ ശ്രദ്ധേയമാണ്. ഏറ്റം വലിയ കൃതഘ്‌നരും ധിക്കാരികളും വരെ അനുഭവിച്ചാസ്വദിച്ചുകൊണ്ടിരിക്കുന്നത് കരുണാമയനായ റബ്ബിന്റെ അനുഗ്രഹങ്ങളാണല്ലോ. ഭൗതികതയെ പൂവിട്ടു പൂജിക്കുന്നവര്‍ ചിന്തിക്കണം, മരണാനന്തരം ഒരു ലോകവും ജീവിതവുമുണ്ടെന്ന്. അവിടത്തെ വിജയമാണ് ഏറ്റം വലിയ സൗഭാഗ്യം. ബഹുദൈവ വിശ്വാസികള്‍ അവിടെ കനത്ത പരാജയത്തിലായിരിക്കും.

مَّن كَانَ يُرِيدُ ٱلۡعَاجِلَةَ عَجَّلۡنَا لَهُۥ فِيهَا مَا نَشَآءُ لِمَن نُّرِيدُ ثُمَّ جَعَلۡنَا لَهُۥ جَهَنَّمَ يَصۡلَىٰهَا مَذۡمُومٗا مَّدۡحُورٗا ۝١٨
وَمَنۡ أَرَادَ ٱلۡأٓخِرَةَ وَسَعَىٰ لَهَا سَعۡيَهَا وَهُوَ مُؤۡمِنٞ فَأُوْلَٰٓئِكَ كَانَ سَعۡيُهُم مَّشۡكُورٗا ۝١٩
كُلّٗا نُّمِدُّ هَٰٓؤُلَآءِ وَهَٰٓؤُلَآءِ مِنۡ عَطَآءِ رَبِّكَۚ وَمَا كَانَ عَطَآءُ رَبِّكَ مَحۡظُورًا ۝٢٠
ٱنظُرۡ كَيۡفَ فَضَّلۡنَا بَعۡضَهُمۡ عَلَىٰ بَعۡضٖۚ وَلَلۡأٓخِرَةُ أَكۡبَرُ دَرَجَٰتٖ وَأَكۡبَرُ تَفۡضِيلٗا ۝٢١
لَّا تَجۡعَلۡ مَعَ ٱللَّهِ إِلَٰهًا ءَاخَرَ فَتَقۡعُدَ مَذۡمُومٗا مَّخۡذُولٗا ۝٢٢
23–25

തനിക്കല്ലാതെ നിങ്ങള്‍ ആരാധനകളര്‍പ്പിക്കരുതെന്നും മാതാപിതാക്കളോട് ഉദാത്ത സമീപനം പുലര്‍ത്തണമെന്നും താങ്കളുടെ നാഥന്‍ വിധിച്ചിരിക്കുന്നു. അവരിലൊരാളോ ഇരുവരും തന്നെയോ വാര്‍ധക്യപ്രാപ്തരായി നിന്റെ സമീപത്തുണ്ടാകുന്നുവെങ്കില്‍ അവരോട് ച്ഛെ എന്നുപോലും പറയുകയോ കയര്‍ത്തു സംസാരിക്കുകയോ ചെയ്യരുത്; ആദരപൂര്‍ണമായ വാക്കുകള്‍ പറയുകയും കാരുണ്യപൂര്‍വം വിനയത്തിന്റെ ചിറകുകള്‍ അവരിരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ഇങ്ങനെ പ്രാര്‍ഥിക്കുകയും വേണം: 'രക്ഷിതാവേ, ഇവരിരുവരും എന്നെ ചെറുപ്പത്തില്‍ പോറ്റിവളര്‍ത്തിയതു പോലെ ഇവര്‍ക്ക് നീ കാരുണ്യം ചൊരിയേണമേ'. നിങ്ങളുടെ മനസ്സുകളിലുള്ളത് നന്നായറിയുന്നവനാണ് രക്ഷിതാവ്. നിങ്ങള്‍ സദ്‌വൃത്തരാവുകയാണെങ്കില്‍, ഖേദിച്ചുമടങ്ങുന്നവര്‍ക്ക് ഏറെ പൊറുത്ത് കൊടുക്കുന്നവന്‍ തന്നെയത്രേ അവന്‍10

1 വിശദീകരണം കാണുക

10. മനുഷ്യന്ന് അല്ലാഹുവോടുള്ള കടപ്പാടിനോട് സമന്വയിപ്പിച്ചുകൊണ്ട് മാതാപിതാക്കളോടുള്ള ബാധ്യതകള്‍ പറഞ്ഞത് ഏറെ ശ്രദ്ധേയമാണ്. മാനസികമോ ശാരീരികമോ ആയ യാതൊരുവിധ പ്രയാസവും അവര്‍ക്കുണ്ടാക്കരുത് എന്നാണ് ച്ഛെ എന്നുപോലും പറയരുത് എന്ന നിരോധത്തിന്റെ താല്‍പര്യം. മറ്റു ജീവികളുടെ കുട്ടികള്‍ പ്രസവിക്കപ്പെട്ട് ഏറെ താമസിയാതെ സ്വയം പര്യാപ്തരായിത്തീരുമ്പോള്‍ മനുഷ്യന്‍ എന്ന 'പ്രതാപശാലി'യുടെ കുട്ടികള്‍ നീണ്ട പതിനഞ്ചും ഇരുപതുമൊക്കെ വര്‍ഷങ്ങള്‍ മാതാപിതാക്കളുടെ കാരുണ്യത്തിലും തണലിലുമാണ് വളരുന്നത്. ആയുഷ്‌കാലമത്രയും നന്ദിചെയ്താലും ഈ കടപ്പാട് വീടുമോ? വൃദ്ധ മാതാപിതാക്കളെ അവഗണിക്കുന്ന ആധുനികന്‍മാര്‍ സഗൗരവം ചിന്തിക്കട്ടെ.

۞ وَقَضَىٰ رَبُّكَ أَلَّا تَعۡبُدُوٓاْ إِلَّآ إِيَّاهُ وَبِٱلۡوَٰلِدَيۡنِ إِحۡسَٰنًاۚ إِمَّا يَبۡلُغَنَّ عِندَكَ ٱلۡكِبَرَ أَحَدُهُمَآ أَوۡ كِلَاهُمَا فَلَا تَقُل لَّهُمَآ أُفّٖ وَلَا تَنۡهَرۡهُمَا وَقُل لَّهُمَا قَوۡلٗا كَرِيمٗا ۝٢٣
وَٱخۡفِضۡ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحۡمَةِ وَقُل رَّبِّ ٱرۡحَمۡهُمَا كَمَا رَبَّيَانِي صَغِيرٗا ۝٢٤
رَّبُّكُمۡ أَعۡلَمُ بِمَا فِي نُفُوسِكُمۡۚ إِن تَكُونُواْ صَٰلِحِينَ فَإِنَّهُۥ كَانَ لِلۡأَوَّٰبِينَ غَفُورٗا ۝٢٥
26–39

അടുത്ത ബന്ധുക്കള്‍ക്കും അഗതികള്‍ക്കും യാത്രക്കാര്‍ക്കും അവരുടെ അവകാശങ്ങള്‍ നല്‍കുക, ധനദുര്‍വ്യയം അരുത്; ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചിന്റെ കൂട്ടുകാര്‍ തന്നെയത്രേ.11
തന്റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനത്രേ പിശാച്. നിന്റെ നാഥന്റെ പക്കല്‍ നിന്നുള്ള എന്തെങ്കിലും അനുഗ്രഹം വന്നെത്തുമെന്ന പ്രത്യാശയില്‍ പിന്തിരിയുന്ന പക്ഷം സൗമ്യതയോടെ അവരോടു പ്രതികരിക്കണം12
നീ ഒട്ടും പിശുക്ക് കാട്ടുകയും ധൂര്‍ത്തടിക്കുകയുമരുത്; അങ്ങനെ ചെയ്താല്‍ അധിക്ഷേപാര്‍ഹനും അതീവ ദുഃഖിതനുമായിരിക്കേണ്ടി വരും. നിശ്ചയം, നിന്റെ നാഥന്‍ താനുദ്ദേശിക്കുന്നവര്‍ക്ക് ഉപജീവന മാര്‍ഗം പ്രവിശാലമാക്കുകയും മറ്റു ചിലര്‍ക്ക് കുടുസ്സാക്കുകയും ചെയ്യും. തന്റെ അടിമകളെക്കുറിച്ച് സൂക്ഷ്മജ്ഞാനമുള്ളവനും അവരെ നന്നായി കാണുന്നവനും തന്നെയത്രേ അവന്‍. ദാരിദ്ര്യം വരുമെന്ന് ഭയന്ന് നിങ്ങള്‍ കുഞ്ഞുങ്ങളെ വധിക്കരുത്; അവര്‍ക്കും നിങ്ങള്‍ക്കും ആഹാരം തരുന്നത് നാമാണ്.13
അവരെ കൊല്ലുന്നത് ഘോരപാതകം തന്നെ. നിങ്ങള്‍ വ്യഭിചാരത്തോട് അടുത്തുപോകരുത്; ഹീനവൃത്തിയും ദുര്‍മാര്‍ഗവുമത്രേ അത്14
അല്ലാഹു നിഷിദ്ധമാക്കിയ ഒരു ജീവന്‍ നിയമാനുസൃതമല്ലാതെ നിങ്ങള്‍ വധിക്കരുത്. അക്രമവിധേയനായി ഒരാള്‍ വധിക്കപ്പെടുന്നുവെങ്കില്‍ അവകാശിക്ക് പ്രതിക്രിയാവകാശം നാം നിശ്ചയിച്ചിട്ടുണ്ട്; എന്നാല്‍ ആ പ്രതിക്രിയാവധത്തില്‍ പരിധിവിട്ടുകൂടാ. അതു നടപ്പാക്കാന്‍ സഹായിക്കപ്പെടേണ്ടവനാണവ ന്‍15
യൗവനപ്രാപ്തി വരെ അനാഥക്കുട്ടിയുടെ സമ്പത്തുമായി ഏറ്റം ഉത്തമരീതിയിലേ നിങ്ങള്‍ സമീപിക്കാവൂ. കരാറുകളെപ്പറ്റി വിചാരണ നടത്തപ്പെടുക തന്നെ ചെയ്യും - നിങ്ങളവ പൂര്‍ത്തീകരിക്കണം. അളക്കുമ്പോള്‍ പൂര്‍ണമായി നല്‍കുകയും ശരിയായ തുലാസുകൊണ്ട് തൂക്കുകയും വേണം; അതാണ് ഉദാത്തവും വിശിഷ്ട പരിണാമമുള്ളതും. ശരിയായ അറിവില്ലാത്ത ഒരു വിഷയവും അനുധാവനം ചെയ്യരുത്; കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയൊക്കെ വിചാരണ നടത്തപ്പെടും. ഭൂതലത്തില്‍ അഹന്താപൂര്‍വം നീ നടക്കരുത്; ഭൂമിയെ കീറിമുറിക്കാനോ പര്‍വതങ്ങളുടെ ഉയരം പ്രാപിക്കാനോ നിനക്കാവില്ല, തീര്‍ച്ച.16
ഇപ്പറഞ്ഞവയില്‍ ഹീനമായതെല്ലാം നിന്റെ നാഥങ്കല്‍ വെറുക്കപ്പെട്ടതാകുന്നു. രക്ഷിതാവ് താങ്കള്‍ക്ക് ദിവ്യസന്ദേശം നല്‍കിയ തത്ത്വജ്ഞാനത്തില്‍ പെട്ടതാണിത്. അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നീ സ്ഥാപിക്കരുത്. അങ്ങനെ ചെയ്താല്‍ അധിക്ഷിപ്തനും അഭിശപ്തനുമായി നീ നരകത്തിലിടപ്പെടുന്നതാണ്17

7 വിശദീകരണങ്ങൾ കാണുക

11. സമ്പത്ത് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണ്. അവനിഷ്ടപ്പെടുന്ന വഴിയിലേ അതു ചെലവഴിക്കാവൂ. അന്യായവും ഫലശൂന്യവും ഉപകാരമില്ലാത്തതുമായ മാര്‍ഗത്തില്‍ പണം ചെലവഴിക്കലാണ് ദുര്‍വ്യയത്തിന്റെ വിവക്ഷ എന്ന് വ്യാഖ്യാതാക്കള്‍ പ്രതിപാദിച്ചിട്ടുണ്ട്.

12. ബന്ധുക്കള്‍ക്കോ പാവങ്ങള്‍ക്കോ എന്തെങ്കിലും നല്‍കേണ്ട സാഹചര്യങ്ങളില്‍ താല്‍കാലിക പ്രയാസങ്ങള്‍ കൊണ്ട് ഒന്നും കൊടുക്കാതിരിക്കുകയാണെങ്കിലും സന്തോഷപ്രദമായ സംസാരം വഴി അവരുടെ മനഃപ്രയാസമകറ്റണം; താമസിയാതെത്തന്നെ അടുത്ത ഒരവസരം പരിഗണിക്കാമെന്നോ മറ്റൊ ഉള്ള സാന്ത്വന വാക്കുകള്‍ അവര്‍ക്ക് വലിയ ആശ്വാസദായകമായിരിക്കുമല്ലോ.

13. ദാരിദ്ര്യം ഭയന്ന് കുഞ്ഞുങ്ങളെ കൊല്ലുന്ന രീതി ജാഹിലിയ്യ കാലത്ത് നിലവിലുണ്ടായിരുന്നു. ആഡംബരപൂര്‍ണവും ആഹ്ലാദനിര്‍ഭരവുമായ ജീവിതത്തിന്ന് മക്കളുടെ ആധിക്യമോ ഗര്‍ഭസ്ഥ ശിശു പെണ്ണാകുന്നതോ ഒക്കെ പ്രതികൂലമാകുമെന്നു ധരിച്ച് ഭ്രൂണഹത്യവരെ നടത്തുന്നത് ആധുനിക ശാസ്ത്രീയ ജാഹിലിയ്യത്തിലും കാണാം. ഏതു വ്യാഖ്യാനത്തിലാണെങ്കിലും അതു ഘോരമായ പാതകമാണെന്നാണ് അല്ലാഹു പറയുന്നത്.

14. വ്യഭിചരിക്കരുത് എന്നല്ല, അതിനോടടുക്കുക പോലും അരുത് എന്ന ഗൗരവപൂര്‍ണമായ പദമാണ് ഇവിടെ പ്രയുക്തം. അങ്ങേയറ്റം മ്ലേച്ഛവും ദുര്‍മാര്‍ഗാധിഷ്ഠിതവുമായ പാപമാണത്. ആധുനിക സമൂഹത്തില്‍, നമ്മുടെ പ്രദേശങ്ങളില്‍, സ്വന്തം കുടുംബങ്ങളില്‍ വരെ അതുണ്ടാക്കിക്കൊണ്ടിരിക്കുന്ന വിനാശങ്ങള്‍ക്ക് കൈയും കണക്കുമില്ല. ഭരണകൂടങ്ങളും ഭൗതിക മേഖലകളുമാകട്ടെ അതിന്റെ പ്രോത്സാഹനത്തിനും വ്യാപനത്തിനും സഹായകമായ കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എയ്ഡ്‌സിനെ തടുക്കുവാന്‍ ഉറധരിക്കണമെന്നു നിര്‍ദേശിക്കാനേ അവര്‍ക്ക് കഴിയുന്നുള്ളൂ; ആ ഹീന കൃത്യം ഉപേക്ഷിക്കണമെന്നാണല്ലോ പറയേണ്ടത്.

15. ഗുരുതരമായ ചില കുറ്റങ്ങള്‍ക്ക് വധശിക്ഷ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അതു നടപ്പാക്കിയെങ്കില്‍ മാത്രമേ ആ വിധം പാതകങ്ങള്‍ ഏറെക്കുറെയെങ്കിലും ഇല്ലായ്മചെയ്യാനാകൂ. ആ ശിക്ഷയുടെ പ്രയോഗ വല്‍ക്കരണത്തിലും നീതി മുറുകെപ്പിടിക്കണം. പീഡിപ്പിച്ചും മര്‍ദിച്ചും ഇഞ്ചിഞ്ചായി വധിക്കുക, കൊല്ലപ്പെട്ട ശേഷം മൃതദേഹത്തോട് അനാദരം കാട്ടുക, അംഗഭംഗം വരുത്തുക തുടങ്ങിയവയൊന്നും ചെയ്യാവതല്ല. എതിര്‍കക്ഷി പ്രായശ്ചിത്തം(ബ്ലഡ്മണി) വാങ്ങി തൃപ്തിപ്പെടുകയാണെങ്കില്‍ വധശിക്ഷ വിധിക്കപ്പെട്ടയാള്‍ക്ക് മോചനത്തിന്റെ വഴിതെളിയും.

16. ചില അഹങ്കാരികളുടെ ഭാവഹാവങ്ങളും തിരുവെഴുന്നള്ളത്തുകളും കാണുമ്പോള്‍ മനംപിരട്ടലുണ്ടാകും. ഗമയും തന്‍പോരിമയും കൊണ്ട് അവര്‍ക്കു കണ്ണുകാണില്ല. അത്തരക്കാരുടെ നിസ്സഹായാവസ്ഥയിലേക്കും നിസ്സാരതയിലേക്കും വിരല്‍ചൂണ്ടുകയാണിവിടെ. ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം എന്ന പഴഞ്ചൊല്ലുപോലെയാണ് മനുഷ്യന്റെ അവസ്ഥ. ഒരു ദിവസം പനിപിടിച്ചാല്‍ അവന്റെ നടുവൊടിയും, മുള്ള് പൊട്ടും. ദുര്‍ബലനായി സൃഷ്ടിക്കപ്പെട്ട മനുഷ്യനു(ഖുര്‍ആന്‍ 4:28) അഹങ്കരിക്കാനുള്ള ഒരു അവകാശവുമില്ല എന്ന് താല്‍പര്യം.

17. അണു അളവെങ്കിലും സത്യവിശ്വാസം ഉള്ള ആള്‍ അവസാനം നരകമുക്തനാവുകയും സ്വര്‍ഗപ്രവേശനം നേടുകയും ചെയ്യും. എന്നാല്‍ ബഹുദൈവ വിശ്വാസമോ ബിംബാരാധനയോ ദൈവനിഷേധമോ വെച്ചു പുലര്‍ത്തിയിരുന്ന വ്യക്തി ശാശ്വത നരകവാസത്തിനാണു വിധിക്കപ്പെടുക.

وَءَاتِ ذَا ٱلۡقُرۡبَىٰ حَقَّهُۥ وَٱلۡمِسۡكِينَ وَٱبۡنَ ٱلسَّبِيلِ وَلَا تُبَذِّرۡ تَبۡذِيرًا ۝٢٦
إِنَّ ٱلۡمُبَذِّرِينَ كَانُوٓاْ إِخۡوَٰنَ ٱلشَّيَٰطِينِۖ وَكَانَ ٱلشَّيۡطَٰنُ لِرَبِّهِۦ كَفُورٗا ۝٢٧
وَإِمَّا تُعۡرِضَنَّ عَنۡهُمُ ٱبۡتِغَآءَ رَحۡمَةٖ مِّن رَّبِّكَ تَرۡجُوهَا فَقُل لَّهُمۡ قَوۡلٗا مَّيۡسُورٗا ۝٢٨
وَلَا تَجۡعَلۡ يَدَكَ مَغۡلُولَةً إِلَىٰ عُنُقِكَ وَلَا تَبۡسُطۡهَا كُلَّ ٱلۡبَسۡطِ فَتَقۡعُدَ مَلُومٗا مَّحۡسُورًا ۝٢٩
إِنَّ رَبَّكَ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُۚ إِنَّهُۥ كَانَ بِعِبَادِهِۦ خَبِيرَۢا بَصِيرٗا ۝٣٠
وَلَا تَقۡتُلُوٓاْ أَوۡلَٰدَكُمۡ خَشۡيَةَ إِمۡلَٰقٖۖ نَّحۡنُ نَرۡزُقُهُمۡ وَإِيَّاكُمۡۚ إِنَّ قَتۡلَهُمۡ كَانَ خِطۡـٔٗا كَبِيرٗا ۝٣١
وَلَا تَقۡرَبُواْ ٱلزِّنَىٰٓۖ إِنَّهُۥ كَانَ فَٰحِشَةٗ وَسَآءَ سَبِيلٗا ۝٣٢
وَلَا تَقۡتُلُواْ ٱلنَّفۡسَ ٱلَّتِي حَرَّمَ ٱللَّهُ إِلَّا بِٱلۡحَقِّۗ وَمَن قُتِلَ مَظۡلُومٗا فَقَدۡ جَعَلۡنَا لِوَلِيِّهِۦ سُلۡطَٰنٗا فَلَا يُسۡرِف فِّي ٱلۡقَتۡلِۖ إِنَّهُۥ كَانَ مَنصُورٗا ۝٣٣
وَلَا تَقۡرَبُواْ مَالَ ٱلۡيَتِيمِ إِلَّا بِٱلَّتِي هِيَ أَحۡسَنُ حَتَّىٰ يَبۡلُغَ أَشُدَّهُۥۚ وَأَوۡفُواْ بِٱلۡعَهۡدِۖ إِنَّ ٱلۡعَهۡدَ كَانَ مَسۡـُٔولٗا ۝٣٤
وَأَوۡفُواْ ٱلۡكَيۡلَ إِذَا كِلۡتُمۡ وَزِنُواْ بِٱلۡقِسۡطَاسِ ٱلۡمُسۡتَقِيمِۚ ذَٰلِكَ خَيۡرٞ وَأَحۡسَنُ تَأۡوِيلٗا ۝٣٥
وَلَا تَقۡفُ مَا لَيۡسَ لَكَ بِهِۦ عِلۡمٌۚ إِنَّ ٱلسَّمۡعَ وَٱلۡبَصَرَ وَٱلۡفُؤَادَ كُلُّ أُوْلَٰٓئِكَ كَانَ عَنۡهُ مَسۡـُٔولٗا ۝٣٦
وَلَا تَمۡشِ فِي ٱلۡأَرۡضِ مَرَحًاۖ إِنَّكَ لَن تَخۡرِقَ ٱلۡأَرۡضَ وَلَن تَبۡلُغَ ٱلۡجِبَالَ طُولٗا ۝٣٧
كُلُّ ذَٰلِكَ كَانَ سَيِّئُهُۥ عِندَ رَبِّكَ مَكۡرُوهٗا ۝٣٨
ذَٰلِكَ مِمَّآ أَوۡحَىٰٓ إِلَيۡكَ رَبُّكَ مِنَ ٱلۡحِكۡمَةِۗ وَلَا تَجۡعَلۡ مَعَ ٱللَّهِ إِلَٰهًا ءَاخَرَ فَتُلۡقَىٰ فِي جَهَنَّمَ مَلُومٗا مَّدۡحُورًا ۝٣٩
40–44

രക്ഷിതാവ് നിങ്ങള്‍ക്ക് ആണ്‍മക്കളെ പ്രത്യേകം നല്‍കുകയും തനിക്കുവേണ്ടി മലക്കുകളില്‍ നിന്നു പെണ്‍മക്കളെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കയാണോ? ഗൗരവതരമായ വാക്കുകള്‍ തന്നെയാണ് നിങ്ങള്‍ പുലമ്പുന്നത്. ജനങ്ങള്‍ ചിന്തിച്ചുഗ്രഹിക്കാനായി ഈ ഖുര്‍ആനില്‍ നാം വസ്തുതകള്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ക്കത് പിന്തിരിഞ്ഞോട്ടം വര്‍ധിപ്പിക്കുകമാത്രമാണ് ചെയ്യുന്നത്18
പറയുക: അവര്‍ ജല്‍പിക്കുന്നതു പോലെ അല്ലാഹുവൊന്നിച്ച് വേറെ ദൈവങ്ങളുണ്ടായിരുന്നെങ്കില്‍, സിംഹാസനത്തിന്റെ ഉടമയെ അതിജയിക്കാന്‍ അവര്‍ ഏതെങ്കിലും വഴി തേടുമായിരുന്നേനെ. എത്ര പരിശുദ്ധനാണവന്‍! അവര്‍ ജല്‍പിക്കുന്നതിനേക്കാള്‍ അവന്‍ എത്ര മഹോന്നതനായിരിക്കുന്നു! ഏഴു ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്റെ മഹത്ത്വം പ്രകീര്‍ത്തിക്കുന്നുണ്ട്. അവനെ സ്തുതിച്ചുകൊണ്ട് വിശുദ്ധി വാഴ്ത്താത്തതായി യാതൊരു വസ്തുവുമില്ല തന്നെ. എന്നാല്‍ അവയുടെ പ്രകീര്‍ത്തനം നിങ്ങള്‍ക്കു മനസ്സിലാവില്ല. അവന്‍ സഹിഷ്ണുവും ഏറെ പൊറുക്കുന്നവനുമത്രേ.19

2 വിശദീകരണങ്ങൾ കാണുക

18. മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്ന് ബഹുദൈവവിശ്വാസികള്‍ ജല്‍പിച്ചിരുന്നു. അവരാകട്ടെ പെണ്‍ശിശുക്കളെ അപമാനമായി കാണുകയും കുഴിച്ചുമൂടുകയും ചെയ്തു. മൂഢമായ ഈ വിഭജനത്തിലേക്കാണിവിടെ വിരല്‍ ചൂണ്ടിയത്. എത്ര ഉദ്‌ബോധനം നടത്തിയിട്ട് എന്തു കാര്യം? ഖുര്‍ആന്റെ മാര്‍ഗദര്‍ശനത്തില്‍ നിന്ന് വിരണ്ടോടുകമാത്രമാണവര്‍.

19. ഒന്നിലധികം ദൈവങ്ങള്‍ എന്ന സങ്കല്‍പം അടിസ്ഥാന രഹിതവും ബാലിശവുമാണെന്നു മാത്രമല്ല, പ്രപഞ്ചത്തിന്റെ ഭദ്രവും സമാധാന പൂര്‍ണവുമായ നിലനില്‍പിന്ന് ഗുരുതര വെല്ലുവിളികൂടിയാണ്. ഒന്നിലധികം രാജാക്കന്‍മാര്‍ പരസ്പരം കലഹിച്ച് കീഴടക്കാന്‍ ശ്രമിക്കുന്നതു പോലെ ഒരു ദൈവം അപരനെ ഒതുക്കാന്‍ നോക്കും. അര്‍ശിന്റെ ഉടമയായ അല്ലാഹുവിനെ ബഹുദൈവങ്ങള്‍ കീഴ്‌പെടുത്തിക്കളയും! എത്രവലിയ പോഴന്‍മാരാണ് ഈ ബഹുദൈവ വിശ്വാസികള്‍! പ്രപഞ്ചത്തിലുള്ള സമസ്ത വസ്തുക്കളാലും പ്രകീര്‍ത്തിക്കപ്പെടുന്നവനാണ് അല്ലാഹു.

أَفَأَصۡفَىٰكُمۡ رَبُّكُم بِٱلۡبَنِينَ وَٱتَّخَذَ مِنَ ٱلۡمَلَٰٓئِكَةِ إِنَٰثًاۚ إِنَّكُمۡ لَتَقُولُونَ قَوۡلًا عَظِيمٗا ۝٤٠
وَلَقَدۡ صَرَّفۡنَا فِي هَٰذَا ٱلۡقُرۡءَانِ لِيَذَّكَّرُواْ وَمَا يَزِيدُهُمۡ إِلَّا نُفُورٗا ۝٤١
قُل لَّوۡ كَانَ مَعَهُۥٓ ءَالِهَةٞ كَمَا يَقُولُونَ إِذٗا لَّٱبۡتَغَوۡاْ إِلَىٰ ذِي ٱلۡعَرۡشِ سَبِيلٗا ۝٤٢
سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يَقُولُونَ عُلُوّٗا كَبِيرٗا ۝٤٣
تُسَبِّحُ لَهُ ٱلسَّمَٰوَٰتُ ٱلسَّبۡعُ وَٱلۡأَرۡضُ وَمَن فِيهِنَّۚ وَإِن مِّن شَيۡءٍ إِلَّا يُسَبِّحُ بِحَمۡدِهِۦ وَلَٰكِن لَّا تَفۡقَهُونَ تَسۡبِيحَهُمۡۚ إِنَّهُۥ كَانَ حَلِيمًا غَفُورٗا ۝٤٤
45–52

താങ്കള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയാണെങ്കില്‍ അങ്ങേക്കും പരലോകവിശ്വാസമി ല്ലാത്തവര്‍ക്കുമിടയില്‍ അദൃശ്യമായൊരു മറ നാമുണ്ടാക്കുന്നു. അതു ഗ്രഹിക്കാതിരിക്കാന്‍ അവരുടെ ഹൃദയങ്ങള്‍ക്കു നാം ചില മൂടികളിടുകയും ചെവികളില്‍ ബധിരതയുണ്ടാക്കുകയും ചെയ്യും20
സ്വന്തം രക്ഷിതാവിനെ മാത്രം താങ്കള്‍ ഖുര്‍ആനില്‍ പരാമര്‍ശിക്കുമ്പോള്‍ വെറുപ്പോടെ അവരതാ പിന്തിരിഞ്ഞുപോകുന്നു! താങ്കളെ സശ്രദ്ധം ശ്രവിക്കുമ്പോഴും പരസ്പരമവര്‍ സ്വകാര്യ സംഭാഷണം നടത്തുമ്പോഴും അതിനെപ്പറ്റി നമുക്ക് നന്നായറിയാം; അതായത് 'മാരണബാധയേറ്റ ഒരാളെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത്' എന്ന് അവര്‍ തട്ടിവിടുന്ന സന്ദര്‍ഭം. എന്തെല്ലാം ഉപമകളാണ് അങ്ങയെപ്പറ്റി അവര്‍ ജല്‍പിക്കുന്നതെന്ന് ഒന്നു ചിന്തിച്ചു നോക്കുക! അതുവഴി അവര്‍ മാര്‍ഗഭ്രഷ്ടരായി, നേര്‍മാര്‍ഗം പ്രാപിക്കാന്‍ തന്മൂലം അവര്‍ക്കാവില്ല21
അവരുടെ ചോദ്യമിതാണ്: എല്ലുകളും ജീര്‍ണാംശങ്ങളുമായിക്കഴിഞ്ഞാല്‍ പുതിയൊരു സൃഷ്ടിയായി ഞങ്ങള്‍ പുനര്‍ജീവിപ്പിക്കപ്പെടുമോ? നബീ, അങ്ങ് പറയുക: നിങ്ങള്‍ കല്ലോ ഇരുമ്പോ സ്വന്തം മനസ്സില്‍ വലുതെന്നു തോന്നുന്ന മറ്റു വല്ലതുമോ ആയിക്കോളൂ (പുനരുത്ഥാനം ഉറപ്പുതന്നെ). തത്സമയമവര്‍ ചോദിക്കും: ഞങ്ങളെയാര് ആവര്‍ത്തിച്ചു പടക്കും? 'ആദ്യവട്ടം സൃഷ്ടിച്ചവന്‍ തന്നെ' എന്നു താങ്കള്‍ പ്രതികരിക്കുക. അപ്പോഴവര്‍ തലകുലുക്കി ചോദിക്കും: എങ്കിലതുണ്ടാകുന്നത് എപ്പോള്‍? മറുപടി നല്‍കുക: അത് അടുത്തു തന്നെ - നിങ്ങളെയവന്‍ വിളിക്കുകയും അവനെ വാഴ്ത്തിക്കൊണ്ട് നിങ്ങളതിനുത്തരം നല്‍കുകയും ചെയ്യുന്ന നാള്‍ - ഉണ്ടായേക്കാം. വളരെ തുച്ഛ നേരമേ ദുന്‍യാവില്‍ താമസിച്ചിട്ടുള്ളുവെന്നു അന്നു നിങ്ങള്‍ക്കു തോന്നും22

3 വിശദീകരണങ്ങൾ കാണുക

20. നിഷേധികളുടെ അവസ്ഥ ചിത്രീകരിക്കുകയാണിവിടെ. സാര്‍ഥകവും യുക്തി ഭദ്രവും അനിഷേധ്യവുമായ ഖുര്‍ആന്‍ സൂക്തങ്ങള്‍ നബി(സ)തന്നെ പാരായണം ചെയ്യുകയാണെങ്കിലും ഒരു പ്രതിഫലനവും അതവരില്‍ സൃഷ്ടിക്കുന്നില്ല - ശക്തമായ ഒരു മറയുള്ളതു പോലെ, കണ്ണും കാതും ഹൃദയവും മൂടിയിട്ട് അടച്ചതുപോലെ. അവരുടെ പ്രകൃതം ഇത്രമാത്രം തീക്ഷ്ണവും രൂക്ഷവുമാണ്: മുഹമ്മദ് കൊണ്ടുവന്നതാകയാല്‍ ഈ സത്യം ഞങ്ങള്‍ക്കു വേണ്ടേ വേണ്ട എന്ന മുരത്ത ധിക്കാരവും വാശിയും.

21. അല്ലാഹുവിന്റെ പേര് മാത്രം - ലാത്ത്, ഉസ്സാ, മനാത്ത് തുടങ്ങിയ ബിംബങ്ങളുടേതില്ലാതെ - താങ്കള്‍ ഖുര്‍ആനിലൂടെ പറയുമ്പോള്‍ അവയെ 'അവഗണിച്ച'തിലുള്ള അസഹനീയത മൂലം ബഹുദൈവ വിശ്വാസികള്‍ പിരിഞ്ഞു പോകും. അവര്‍ വല്ലപ്പോഴും ഖുര്‍ആന്‍ കേള്‍ക്കാന്‍ വരുന്നതുതന്നെ സദുദ്ദേശ്യപൂര്‍വമല്ല, ആക്ഷേപിക്കാനും അവഹേളിക്കാനുമാണ്. അവരുടെ അത്തരം എല്ലാ നീക്കങ്ങളും നമുക്ക് നന്നായറിയാം.

22. ഇല്ലായ്മയില്‍ നിന്ന് മനുഷ്യനെ സൃഷ്ടിച്ച അല്ലാഹുവിന്ന് പിന്നീടൊരിക്കല്‍ അവന്റെ പുനഃസൃഷ്ടി നടത്തുകയെന്നത് ഒട്ടും പ്രയാസമുള്ള കാര്യമല്ല. പക്ഷേ, അജ്ഞതയും അന്ധതയും നടിച്ച് 'എല്ലും മണ്ണുമായാല്‍ പിന്നെയെങ്ങനെ വീണ്ടും സൃഷ്ടിക്കും' എന്ന വിതണ്ഡവാദമുന്നയിച്ച് പുകമറ സൃഷ്ടിക്കുകയാണവര്‍. എന്നാല്‍, അവരറിഞ്ഞിരിക്കട്ടെ: അല്ലാഹുവിന്റെ വിളികേട്ട് പുനരുത്ഥാന നാളില്‍ സര്‍വരും വിനയാന്വിതരായി, അവനു സ്തുതി പറഞ്ഞുകൊണ്ട് മഹ്ശറില്‍ ഹാജരാകും. വളരെ തുച്ഛം സമയമേ തങ്ങള്‍ ദുന്‍യാവില്‍ കഴിഞ്ഞിട്ടുള്ളൂ എന്ന് അവര്‍ക്കു തോന്നും. ഖുര്‍:10:45, 46:35, 79:46.

وَإِذَا قَرَأۡتَ ٱلۡقُرۡءَانَ جَعَلۡنَا بَيۡنَكَ وَبَيۡنَ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ حِجَابٗا مَّسۡتُورٗا ۝٤٥
وَجَعَلۡنَا عَلَىٰ قُلُوبِهِمۡ أَكِنَّةً أَن يَفۡقَهُوهُ وَفِيٓ ءَاذَانِهِمۡ وَقۡرٗاۚ وَإِذَا ذَكَرۡتَ رَبَّكَ فِي ٱلۡقُرۡءَانِ وَحۡدَهُۥ وَلَّوۡاْ عَلَىٰٓ أَدۡبَٰرِهِمۡ نُفُورٗا ۝٤٦
نَّحۡنُ أَعۡلَمُ بِمَا يَسۡتَمِعُونَ بِهِۦٓ إِذۡ يَسۡتَمِعُونَ إِلَيۡكَ وَإِذۡ هُمۡ نَجۡوَىٰٓ إِذۡ يَقُولُ ٱلظَّٰلِمُونَ إِن تَتَّبِعُونَ إِلَّا رَجُلٗا مَّسۡحُورًا ۝٤٧
ٱنظُرۡ كَيۡفَ ضَرَبُواْ لَكَ ٱلۡأَمۡثَالَ فَضَلُّواْ فَلَا يَسۡتَطِيعُونَ سَبِيلٗا ۝٤٨
وَقَالُوٓاْ أَءِذَا كُنَّا عِظَٰمٗا وَرُفَٰتًا أَءِنَّا لَمَبۡعُوثُونَ خَلۡقٗا جَدِيدٗا ۝٤٩
۞ قُلۡ كُونُواْ حِجَارَةً أَوۡ حَدِيدًا ۝٥٠
أَوۡ خَلۡقٗا مِّمَّا يَكۡبُرُ فِي صُدُورِكُمۡۚ فَسَيَقُولُونَ مَن يُعِيدُنَاۖ قُلِ ٱلَّذِي فَطَرَكُمۡ أَوَّلَ مَرَّةٖۚ فَسَيُنۡغِضُونَ إِلَيۡكَ رُءُوسَهُمۡ وَيَقُولُونَ مَتَىٰ هُوَۖ قُلۡ عَسَىٰٓ أَن يَكُونَ قَرِيبٗا ۝٥١
يَوۡمَ يَدۡعُوكُمۡ فَتَسۡتَجِيبُونَ بِحَمۡدِهِۦ وَتَظُنُّونَ إِن لَّبِثۡتُمۡ إِلَّا قَلِيلٗا ۝٥٢
53–55

ഏറ്റം ഉദാത്തമായ സംസാരമേ ആകാവൂ എന്ന് താങ്കള്‍ എന്റെ അടിമകളോട് പറയുക. പിശാച് അവര്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കുകതന്നെ ചെയ്യും. നിശ്ചയം, മാനവന്റെ പ്രത്യക്ഷ ശത്രുവാണ് പിശാച്23
രക്ഷിതാവ് നിങ്ങളെപ്പറ്റി നന്നായറിയുന്നവനാണ്. താനുദ്ദേശിക്കുന്നുവെങ്കി ല്‍ അവന്‍ നിങ്ങള്‍ക്കു കരുണ ചൊരിയും, അല്ലെങ്കില്‍ ശിക്ഷ നല്‍കും. അവരുടെ മേല്‍നോട്ടക്കാരനാ യി അങ്ങയെ നാം നിയോഗിച്ചിട്ടില്ല. ഭുവന-വാനങ്ങളിലുള്ളവരെപ്പറ്റി താങ്കളുടെ നാഥനു നന്നായറി യാം. ചില പ്രവാചകരെ മറ്റു ചിലരെക്കാള്‍ നാം ശ്രേഷ്ഠരാക്കുക തന്നെ ചെയ്തിട്ടുണ്ട്. ദാവൂദ് ന ബിക്ക് സബൂര്‍ എന്ന വേദം നാം നല്‍കിയിരിക്കുന്നു.

1 വിശദീകരണം കാണുക

23. മുസ്‌ലിമിന്റെ സംസാര സംസ്‌കാരം പഠിപ്പിക്കുകയാണിവിടെ. അനാവശ്യവും മ്ലേച്ഛവും ഹീനവും സഭ്യേതരവുമായതൊന്നും അവന്റെ വായില്‍ നിന്നു വന്നുകൂടാ; ഏറ്റം ഉത്തമവും ഉദാത്തവുമായവയേ സംസാരിക്കാവൂ. അതില്‍ വിഷം കലര്‍ത്തി, വഴിതെറ്റിച്ച് കുഴപ്പവും സ്പര്‍ദ്ധയും വിദ്വേഷവും അനൈക്യവുമുണ്ടാക്കാന്‍ ബദ്ധശത്രുവായ പിശാച് നിരന്തരം ശ്രമിക്കും. അതില്‍ നിന്നു രക്ഷപ്പെടണം.

وَقُل لِّعِبَادِي يَقُولُواْ ٱلَّتِي هِيَ أَحۡسَنُۚ إِنَّ ٱلشَّيۡطَٰنَ يَنزَغُ بَيۡنَهُمۡۚ إِنَّ ٱلشَّيۡطَٰنَ كَانَ لِلۡإِنسَٰنِ عَدُوّٗا مُّبِينٗا ۝٥٣
رَّبُّكُمۡ أَعۡلَمُ بِكُمۡۖ إِن يَشَأۡ يَرۡحَمۡكُمۡ أَوۡ إِن يَشَأۡ يُعَذِّبۡكُمۡۚ وَمَآ أَرۡسَلۡنَٰكَ عَلَيۡهِمۡ وَكِيلٗا ۝٥٤
وَرَبُّكَ أَعۡلَمُ بِمَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ وَلَقَدۡ فَضَّلۡنَا بَعۡضَ ٱلنَّبِيِّـۧنَ عَلَىٰ بَعۡضٖۖ وَءَاتَيۡنَا دَاوُۥدَ زَبُورٗا ۝٥٥
56–59

നബീ, പ്രഖ്യാപിക്കുക: അല്ലാഹുവിനെ വിട്ട് ദൈവങ്ങളാണെന്ന് നിങ്ങള്‍ ജല്‍പിച്ചിരുന്നവ യെ വിളിച്ചുനോക്കൂ, നിങ്ങള്‍ക്ക് പ്രയാസങ്ങള്‍ ദൂരീകരിക്കാനോ അവസ്ഥാന്തരങ്ങള്‍ വരുത്താനോ അവക്കാവില്ല. അവരുടെ ആരാധ്യന്‍മാര്‍ - അവരില്‍ ഏറ്റം അടുപ്പമുള്ളവര്‍ തന്നെ - തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സാമീപ്യമാധ്യമങ്ങള്‍ അന്വേഷിക്കുന്നവരും അവന്റെ അനുഗ്രഹം കാംക്ഷിക്കുന്നവരും ശിക്ഷ പേടിക്കുന്നവരുമാണ്. താങ്കളുടെ നാഥന്റെ ശിക്ഷ ഭയപ്പെടേണ്ടതുതന്നെ, തീര്‍ച്ച.24
പുനരുത്ഥാന ദിനത്തിനുമുമ്പ് നമ്മുടെ സംഹരണത്തിനോ കഠിനശിക്ഷക്കോ വിധേയമാകാത്ത ഒരു നാടുമുണ്ടാവില്ല; ഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടതാണക്കാര്യം25
അമാനുഷദൃഷ്ടാന്തങ്ങള്‍ പൂര്‍വികന്‍മാര്‍ നിഷേധിച്ചു എന്നതുമാത്രമാണ് വീണ്ടും അവ അയക്കുന്നതിനു നമുക്കു തടസ്സമാകുന്നത്. സമൂദ് സമുദായത്തിന് സ്പഷ്ടപ്രമാണമായി നാം ഒട്ടകം നല്‍കി; എന്നിട്ട് അവരതില്‍ അതിക്രമം കാട്ടുകയാണുണ്ടായത്. നാം ദൃഷ്ടാന്തങ്ങളയക്കുന്നത് ജനത്തെ പേടിപ്പെടുത്താന്‍ മാത്രമാണ്26

3 വിശദീകരണങ്ങൾ കാണുക

24. ഖുര്‍ആന്റെ അവതരണ സമയം അറേബ്യയിലുണ്ടായിരുന്ന ചില ബഹുദൈവ വിശ്വാസികളും വേദക്കാരും ഉസൈര്‍, ഈസാനബി, മലക്കുകള്‍, മര്‍യംബീവി എന്നിവരെ ആരാധിച്ചിരുന്നു. എന്നാല്‍ അവര്‍ അല്ലാഹുവിന്റെ സമീപസ്ഥരാണെങ്കില്‍ പോലും അവന്റെ കാരുണ്യവും സഹായവും തേടുന്നവരും ശിക്ഷ ഭയക്കുന്നവരുമാണ്; അത്തരക്കാരെ എങ്ങനെ ദൈവമാക്കും എന്നാണു ചോദ്യം.

25. സത്യവിശ്വാസം കൈവെടിഞ്ഞ് ദൈവധിക്കാരവുമായി കഴിയുന്ന ഏതൊരു രാജ്യവും അന്ത്യനാളിനു മുമ്പായി ഒന്നുകില്‍ നാശത്തിനോ അല്ലെങ്കില്‍ കഠിനശിക്ഷക്കോ വിധേയമാകുമെന്ന കാര്യം തീര്‍ച്ചയാണെന്ന ഗൗരവപൂര്‍ണമായ ഈ താക്കീത് ഒന്നാലോചിച്ചു നോക്കൂ. അല്‍കഹ്ഫ് 59 ഉം നോക്കുക. ഭൂമികുലുക്കവും കാട്ടുതീയും കൊടുങ്കാറ്റും സുനാമിയും മാരകരോഗങ്ങളും അഭ്യന്തരയുദ്ധങ്ങളും മറ്റുമായി നാമിതുകാണുന്നു. പ്രപഞ്ചത്തെ അടക്കിബ്ഭരിക്കുന്ന അധൃഷ്യനായ അല്ലാഹുവിന്റെ താക്കീത് മനുഷ്യന്‍ ശ്രവിച്ചിരുന്നെങ്കില്‍...!

26. മക്കയിലെ മലകള്‍ ഉന്‍മൂലനം ചെയ്തുതരണം, സഫാ പര്‍വതം സ്വര്‍ണമാക്കി പരിവര്‍ത്തിപ്പിക്കണം; എങ്കില്‍ ഞങ്ങള്‍ വിശ്വസിക്കാം എന്നു നബി(സ)യോട് മുശ്‌രിക്കുകള്‍ ആവശ്യമുന്നയിച്ചിരുന്നു. അല്ലാഹു പറയുന്നതിതാണ്: എന്തു ദൃഷ്ടാന്തവും കാണിച്ചുതരാം; പക്ഷേ കണ്ടുകഴിഞ്ഞാല്‍, നേരത്തെ വാക്കുകൊടുത്തപോലെ വിശ്വസിച്ചുകൊള്ളണം; ഇല്ലെങ്കില്‍ കൂട്ടസംഹരണത്തിന്നു വിധേയമാകും. സമൂദിനും മറ്റും അങ്ങനെയാണു സംഭവിച്ചത്.

قُلِ ٱدۡعُواْ ٱلَّذِينَ زَعَمۡتُم مِّن دُونِهِۦ فَلَا يَمۡلِكُونَ كَشۡفَ ٱلضُّرِّ عَنكُمۡ وَلَا تَحۡوِيلًا ۝٥٦
أُوْلَٰٓئِكَ ٱلَّذِينَ يَدۡعُونَ يَبۡتَغُونَ إِلَىٰ رَبِّهِمُ ٱلۡوَسِيلَةَ أَيُّهُمۡ أَقۡرَبُ وَيَرۡجُونَ رَحۡمَتَهُۥ وَيَخَافُونَ عَذَابَهُۥٓۚ إِنَّ عَذَابَ رَبِّكَ كَانَ مَحۡذُورٗا ۝٥٧
وَإِن مِّن قَرۡيَةٍ إِلَّا نَحۡنُ مُهۡلِكُوهَا قَبۡلَ يَوۡمِ ٱلۡقِيَٰمَةِ أَوۡ مُعَذِّبُوهَا عَذَابٗا شَدِيدٗاۚ كَانَ ذَٰلِكَ فِي ٱلۡكِتَٰبِ مَسۡطُورٗا ۝٥٨
وَمَا مَنَعَنَآ أَن نُّرۡسِلَ بِٱلۡأٓيَٰتِ إِلَّآ أَن كَذَّبَ بِهَا ٱلۡأَوَّلُونَۚ وَءَاتَيۡنَا ثَمُودَ ٱلنَّاقَةَ مُبۡصِرَةٗ فَظَلَمُواْ بِهَاۚ وَمَا نُرۡسِلُ بِٱلۡأٓيَٰتِ إِلَّا تَخۡوِيفٗا ۝٥٩
60–62

നിശ്ചയം, താങ്കളുടെ നാഥന്‍ അറിവും കഴിവും കൊണ്ടു മനുഷ്യരെ വലയം ചെയ്തിട്ടുണ്ട് എന്ന് അങ്ങയോട് നാം പറഞ്ഞസന്ദര്‍ഭം സ്മരണീയമത്രേ. (വാനാരോഹണവേളയില്‍) താങ്കള്‍ക്കു നാം ഗോചരീഭവിപ്പിച്ച കാഴ്ചകളും ഖുര്‍ആനില്‍ അഭിശപ്തമായ നരകവൃക്ഷവും ജനങ്ങള്‍ക്കുള്ള ഒരു പരീക്ഷണം മാത്രമാണ്. അവരെ പേടിപ്പെടുത്തുകയാണ് നാം; പക്ഷേ, അതവര്‍ക്ക് ഗുരുതരമായ ധിക്കാരം വര്‍ധിപ്പിക്കുകയേ ചെയ്യുന്നുള്ളൂ27
നിങ്ങള്‍ ആദമിനു സാഷ്ടാംഗം ചെയ്യുക എന്ന് മലക്കുകളോടു നാം പറഞ്ഞ സന്ദര്‍ഭം സ്മരണീയമത്രേ. അപ്പോള്‍ അവര്‍ സുജൂദ് ചെയ്തു; ഇബ്‌ലീസ് ഒഴികെ. നീ മണ്ണുകൊണ്ട് സൃഷ്ടിച്ചവന്ന് ഞാന്‍ സാഷ്ടാംഗം ചെയ്യുകയോ എന്ന് അവന്‍ ചോദിച്ചു. എന്നെക്കാള്‍ നീ ആദരിച്ച ഇവനുണ്ടല്ലോ, പുനരുത്ഥാനനാള്‍ വരെ എന്നെ നീ പിന്തിച്ചിട്ടുതരുന്നുവെങ്കില്‍ ഇവന്റെ മക്കളില്‍ - കുറച്ചാളുകളിലൊഴിച്ച് - ഞാന്‍ സര്‍വാധിപത്യം ചെലുത്തുക തന്നെ ചെയ്യും28

2 വിശദീകരണങ്ങൾ കാണുക

27. ഇവിടെ പരാമൃഷ്ടമായ കാഴ്ചകള്‍ നിശാപ്രയാണവേളയില്‍ സംഭവിച്ചവയും, അഭിശപ്ത വൃക്ഷം നരകത്തിലെ 'സഖ്ഖൂമു'മാണെന്ന് (ഖുര്‍ആന്‍ 37:62, 44:43, 56:52 എന്നിവയില്‍ സഖ്ഖൂം പരാമര്‍ശമുണ്ട്.) ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസിലുണ്ട്. കല്ലുകളെപ്പോലും കരിച്ചുകളയുന്ന നരകത്തില്‍ മരം വളരുമോ എന്നു നിഷേധികള്‍ പരിഹസിച്ചിരുന്നു. ഇത്തരം അമാനുഷ സംഭവങ്ങളും അസാധാരണ കാര്യങ്ങളും വഴി ജനങ്ങളെ പരീക്ഷിക്കുകയാണ് അല്ലാഹു - ആര് വിശ്വസിക്കും, ആര് അവിശ്വസിക്കും എന്ന്.

28. ഇബ്‌ലീസ് സുജൂദ് ചെയ്യാതെ ധിക്കാരം കാട്ടിയ സംഭവം 2:34, 7:11-23, 15: 29-44 എന്നിവിടങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. ഇനിയും ചില സ്ഥലങ്ങളില്‍ വരികയും ചെയ്യും.

وَإِذۡ قُلۡنَا لَكَ إِنَّ رَبَّكَ أَحَاطَ بِٱلنَّاسِۚ وَمَا جَعَلۡنَا ٱلرُّءۡيَا ٱلَّتِيٓ أَرَيۡنَٰكَ إِلَّا فِتۡنَةٗ لِّلنَّاسِ وَٱلشَّجَرَةَ ٱلۡمَلۡعُونَةَ فِي ٱلۡقُرۡءَانِۚ وَنُخَوِّفُهُمۡ فَمَا يَزِيدُهُمۡ إِلَّا طُغۡيَٰنٗا كَبِيرٗا ۝٦٠
وَإِذۡ قُلۡنَا لِلۡمَلَٰٓئِكَةِ ٱسۡجُدُواْ لِأٓدَمَ فَسَجَدُوٓاْ إِلَّآ إِبۡلِيسَ قَالَ ءَأَسۡجُدُ لِمَنۡ خَلَقۡتَ طِينٗا ۝٦١
قَالَ أَرَءَيۡتَكَ هَٰذَا ٱلَّذِي كَرَّمۡتَ عَلَيَّ لَئِنۡ أَخَّرۡتَنِ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ لَأَحۡتَنِكَنَّ ذُرِّيَّتَهُۥٓ إِلَّا قَلِيلٗا ۝٦٢
63–65

അല്ലാഹു കല്‍പിച്ചു: പോകണം നീ. അവരാരെങ്കിലും നിന്നെ പിന്തുടരുന്നുവെങ്കില്‍ നിങ്ങള്‍ സകലര്‍ക്കുമുള്ള പ്രതിഫലം നരകം തന്നെയാണ്-മതിയായ കൂലി തന്നെ. നിന്റെ നാദസ്വരം കൊണ്ട് ആവുന്നവരെയൊക്കെ നീ ദുര്‍മാര്‍ഗികളാക്കുകയും നിന്റെ കുതിരപ്പടയും കാലാള്‍പടയും അവര്‍ക്കെതിരെ വിന്യസിക്കുകയും സമ്പത്ത-സന്താനങ്ങളില്‍ അവരൊന്നിച്ച് നീ പങ്കാളിയാകുകയും അവര്‍ക്ക് ബഹുവിധ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുക-പിശാച് അവര്‍ക്ക് വഞ്ചന മാത്രമേ വാഗ്ദാനം ചെയ്യൂ-എന്നാല്‍ എന്റെ സാക്ഷാല്‍ അടിമകളില്‍ യാതൊരാധിപത്യവും നിനക്കുണ്ടാകില്ല. സംരക്ഷകനായി താങ്കളുടെ നാഥന്‍ തന്നെ മതി29

1 വിശദീകരണം കാണുക

29. നാദസ്വരം കൊണ്ടുള്ള വിവക്ഷ സംഗീതവും അതിന്റെ നാനാവിധ ഉപകരണങ്ങളും കളിയും വിനോദവുമാണെന്നാണ് ഇമാം മുജാഹിദിന്റെ പക്ഷം. ദൈവധിക്കാരത്തിലേക്കു ക്ഷണിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന സര്‍വകാര്യവുമാണെന്ന് ഇമാം ഇബ്‌നു അബ്ബാസ്(റ) പറയുന്നു. കുതിരപ്പടയും കാലാള്‍പ്പടയുമെന്ന പ്രയോഗം മനുഷ്യരിലും ജിന്നിലും നിന്നുള്ള ഏതുവിധം ദുര്‍ബോധകനെയും ഉള്‍ക്കൊള്ളുന്നതാണ്. പലരുടെയും സമ്പത്തും സന്താനങ്ങളും ഇബ്‌ലീസിന്റെ കൈയിലെ കളിപ്പാവയാണ് - അതാണവന്റെ പങ്കാളിത്തം. അവന്റെ പ്രലോഭനങ്ങള്‍ക്കാകട്ടെ ഉദാഹരണങ്ങളാവശ്യമില്ല. അവയത്രയും നരകത്തിലേക്കുള്ള മാര്‍ഗമായിരിക്കും.

قَالَ ٱذۡهَبۡ فَمَن تَبِعَكَ مِنۡهُمۡ فَإِنَّ جَهَنَّمَ جَزَآؤُكُمۡ جَزَآءٗ مَّوۡفُورٗا ۝٦٣
وَٱسۡتَفۡزِزۡ مَنِ ٱسۡتَطَعۡتَ مِنۡهُم بِصَوۡتِكَ وَأَجۡلِبۡ عَلَيۡهِم بِخَيۡلِكَ وَرَجِلِكَ وَشَارِكۡهُمۡ فِي ٱلۡأَمۡوَٰلِ وَٱلۡأَوۡلَٰدِ وَعِدۡهُمۡۚ وَمَا يَعِدُهُمُ ٱلشَّيۡطَٰنُ إِلَّا غُرُورًا ۝٦٤
إِنَّ عِبَادِي لَيۡسَ لَكَ عَلَيۡهِمۡ سُلۡطَٰنٞۚ وَكَفَىٰ بِرَبِّكَ وَكِيلٗا ۝٦٥
66–69

നിങ്ങളുടെ നാഥന്‍-അവന്റെ ഔദാര്യത്തില്‍ നിന്നു അന്വേഷിച്ചു കൊണ്ടുവരാനായി - നിങ്ങള്‍ക്കുവേണ്ടി കടലില്‍ കപ്പലോട്ടുന്നവനാണ്. അവന്‍ നിങ്ങളോട് ഏറെ കാരുണ്യമുള്ളവന്‍ തന്നെയത്രേ. സമുദ്രത്തില്‍ നിങ്ങള്‍ക്ക് അപകടം ഉണ്ടായാല്‍ അവന്നല്ലാതെ ആര്‍ക്കൊക്കെ നിങ്ങളാരാധിച്ചിരുന്നുവോ അവരത്രയും അപ്രത്യക്ഷമാകും. എന്നിട്ട് അവന്‍ രക്ഷപ്പെടുത്തി കരക്കെത്തിച്ചാല്‍ നിങ്ങള്‍ പിന്തിരിഞ്ഞുകളയുകയായി! മനുഷ്യന്‍ വല്ലാത്ത നിഷേധി തന്നെ. കരഭാഗത്തുതന്നെ അവന്‍ നിങ്ങളെ ആഴ്ത്തിക്കളയുകയോ നിങ്ങളിലേക്ക് ചരല്‍മഴ വര്‍ഷിക്കുകയോ -അപ്പോള്‍ ഒരു സഹായിയെയും നിങ്ങള്‍ക്കു ലഭിക്കില്ല-ചെയ്യില്ലെന്നു സമാധാനിച്ചിരിക്കുകയാണോ നിങ്ങള്‍? അല്ലെങ്കില്‍ ഇനിയൊരിക്കലവന്‍ നിങ്ങളെ അപകടത്തില്‍ പെടുത്തുകയോ ഒരു കൊടുങ്കാറ്റടിപ്പിച്ച് സ്വന്തം സത്യനിഷേധഫലമായി മുക്കിക്കൊല്ലുകയോ - അപ്പോള്‍ നമുക്കെതിരെ നടപടിയെടുക്കാന്‍ ആരെയും നിങ്ങള്‍ക്കു കിട്ടില്ല-ചെയ്യുകയില്ലെന്നു നിങ്ങള്‍ സമാശ്വസിച്ചിരിക്കുക യാണോ?30

1 വിശദീകരണം കാണുക

30. എന്തെങ്കിലും ദുരന്തങ്ങളോ പ്രയാസങ്ങളോ അഭിമുഖീകരിക്കുമ്പോള്‍ മോക്ഷത്തിന്നായി അല്ലാഹുവിനെ വിളിച്ചു പ്രാര്‍ഥിക്കുകയും അഭയം തേടുകയും ചെയ്യുക, അതില്‍ നിന്നു മോചനമുണ്ടായാല്‍ ബഹുദൈവങ്ങളിലേക്കു തിരിയുക - ഇത് മുശ്‌രിക്കുകളുടെ സ്ഥിരം ശൈലിയായിരുന്നു - പാലം കടക്കുവോളം നാരായണാ.. പാലം കടന്നാല്‍ പിന്നെ കൂരായണാ. സര്‍വശക്തനെ യഥായോഗ്യം ഗ്രഹിക്കുകയും അവന്റെ തൗഹീദിലേക്കു മടങ്ങുകയും വേണമെന്ന് ബഹുദൈവവിശ്വാസികളെ താക്കീതു ചെയ്യുകയാണ്.

رَّبُّكُمُ ٱلَّذِي يُزۡجِي لَكُمُ ٱلۡفُلۡكَ فِي ٱلۡبَحۡرِ لِتَبۡتَغُواْ مِن فَضۡلِهِۦٓۚ إِنَّهُۥ كَانَ بِكُمۡ رَحِيمٗا ۝٦٦
وَإِذَا مَسَّكُمُ ٱلضُّرُّ فِي ٱلۡبَحۡرِ ضَلَّ مَن تَدۡعُونَ إِلَّآ إِيَّاهُۖ فَلَمَّا نَجَّىٰكُمۡ إِلَى ٱلۡبَرِّ أَعۡرَضۡتُمۡۚ وَكَانَ ٱلۡإِنسَٰنُ كَفُورًا ۝٦٧
أَفَأَمِنتُمۡ أَن يَخۡسِفَ بِكُمۡ جَانِبَ ٱلۡبَرِّ أَوۡ يُرۡسِلَ عَلَيۡكُمۡ حَاصِبٗا ثُمَّ لَا تَجِدُواْ لَكُمۡ وَكِيلًا ۝٦٨
أَمۡ أَمِنتُمۡ أَن يُعِيدَكُمۡ فِيهِ تَارَةً أُخۡرَىٰ فَيُرۡسِلَ عَلَيۡكُمۡ قَاصِفٗا مِّنَ ٱلرِّيحِ فَيُغۡرِقَكُم بِمَا كَفَرۡتُمۡ ثُمَّ لَا تَجِدُواْ لَكُمۡ عَلَيۡنَا بِهِۦ تَبِيعٗا ۝٦٩
70–72

നിശ്ചയം നാം ആദമിന്റെ സന്തതികളെ ആദരിക്കുകയും കടലിലും കരയിലും വാഹനത്തിലേറ്റുകയും ഉദാത്തഭോജ്യങ്ങളില്‍ നിന്ന് അവര്‍ക്ക് ഉപജീവനമേകുകയും നാം പടച്ച മിക്കവരെയുംകാള്‍ അവരെ പ്രത്യേകം ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു.31
എല്ലാ മനുഷ്യരെയും അവരുടെ കര്‍മരേഖയുമായി നാം വിളിച്ചുകൂട്ടുന്ന മഹ്ശര്‍ ദിനം സ്മരണീയമത്രേ. അപ്പോള്‍ ആര്‍ക്ക് കര്‍മരേഖ വലതുകൈയില്‍ നല്‍കപ്പെട്ടുവോ, അവര്‍ തങ്ങളുടെ ഗ്രന്ഥം പാരായണം ചെയ്യും; അവരോടു കടുകിട അനീതി ചെയ്യപ്പെടില്ല. ഈ ഭൗതിക ലോകത്ത് ആരെങ്കിലും സത്യത്തെവിട്ട് അന്ധനായിരുന്നാല്‍ പരലോകത്തും അവന്‍ അന്ധനും ഏറ്റം മാര്‍ഗഭ്രംശം ഭവിച്ചവനു മാകും.

1 വിശദീകരണം കാണുക

31. ബുദ്ധി, വിവേകം, അറിവ്, ഗ്രഹണശേഷി, സംസാരം,ആകാരസൗഷ്ഠവം തുടങ്ങിയ സവിശേഷതകള്‍ കൊണ്ട് പരസ്സഹസ്രം സൃഷ്ടിജാലങ്ങളെക്കാള്‍ മനുഷ്യന്‍ മികച്ചുനില്‍ക്കുന്നു. ഭൂതലത്തിലെ സര്‍വവും അവന്റെ മേല്‍ക്കോയ്മയിലാണ്. അല്ലാഹുവാണ് ഈ അനുഗ്രഹദാതാവ്. അവനെ നിഷേധിക്കാന്‍ മനുഷ്യന് എങ്ങനെ സാധിക്കും?

۞ وَلَقَدۡ كَرَّمۡنَا بَنِيٓ ءَادَمَ وَحَمَلۡنَٰهُمۡ فِي ٱلۡبَرِّ وَٱلۡبَحۡرِ وَرَزَقۡنَٰهُم مِّنَ ٱلطَّيِّبَٰتِ وَفَضَّلۡنَٰهُمۡ عَلَىٰ كَثِيرٖ مِّمَّنۡ خَلَقۡنَا تَفۡضِيلٗا ۝٧٠
يَوۡمَ نَدۡعُواْ كُلَّ أُنَاسِۭ بِإِمَٰمِهِمۡۖ فَمَنۡ أُوتِيَ كِتَٰبَهُۥ بِيَمِينِهِۦ فَأُوْلَٰٓئِكَ يَقۡرَءُونَ كِتَٰبَهُمۡ وَلَا يُظۡلَمُونَ فَتِيلٗا ۝٧١
وَمَن كَانَ فِي هَٰذِهِۦٓ أَعۡمَىٰ فَهُوَ فِي ٱلۡأٓخِرَةِ أَعۡمَىٰ وَأَضَلُّ سَبِيلٗا ۝٧٢
73–77

നാം ദിവ്യബോധനം നല്‍കിയതില്‍ നിന്ന് താങ്കളെ വ്യതിചലിപ്പിക്കാന്‍, മറ്റെന്തെങ്കിലും താങ്കള്‍ കെട്ടിച്ചമക്കാനായി അവര്‍ ഉദ്യുക്തരാവുകയാണ്; തത്സമയം അങ്ങയെ അവര്‍ മിത്രമാക്കുകയും ചെയ്യും. നാം ദൃഢീകരണം തന്നിട്ടില്ലായിരുന്നുവെങ്കില്‍ താങ്കള്‍ അവരിലേക്ക് സ്വല്‍പമൊന്നു വ്യതിചലിച്ചേനെ! അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഭൗതിക ശിക്ഷയും പാരത്രിക ശിക്ഷയും താങ്കളെ ഇരട്ടിയായി നാം ആസ്വദിപ്പിക്കുമായിരുന്നു! പിന്നെ, നമുക്കെതിരെ ഒരു സഹായി യെയും താങ്കള്‍ക്കു കിട്ടുകയില്ല.32
അങ്ങയെ മക്കയില്‍ നിന്ന് വിരട്ടിയോടിക്കാനൊരുങ്ങുകയാ ണവര്‍. താങ്കളെ അവിടെനിന്നു ബഹിഷ്‌കരിക്കുകയാണവരുടെ ഉന്നം. എങ്കില്‍, ആ ബഹിഷ്‌കര ണാനന്തരം ഹ്രസ്വസമയമേ അവരവിടെ നിവസിക്കൂ! അങ്ങയുടെ മുമ്പ് നിയുക്തരായ നമ്മുടെ ദൂതരില്‍ സംഭവിച്ച അതേ രീതി. നമ്മുടെ നടപടിക്രമത്തിന്ന് ഒരു മാറ്റവും താങ്കള്‍ക്കു കാണാനാവില്ല.33

2 വിശദീകരണങ്ങൾ കാണുക

32. തിരുനബി(സ) പാപവിമുക്തനാണ്; ഉമ്മത്തിനെ പഠിപ്പിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യമെന്ന് ഇമാം ഇബ്‌നു അബ്ബാസ്(റ) ഇവിടെ വിശദീകരിച്ചതായി കാണാം.

33. ഇസ്‌ലാമിക ദഅ്‌വത്തിന് ദൈനംദിനം സ്വീകാര്യത വര്‍ധിച്ചുവരുന്നതു കണ്ട് ക്ഷമകെട്ട് നിഷേധികള്‍ നബി(സ)യെ മക്കയില്‍ നിന്ന് പുറന്തള്ളാന്‍ ഗൂഢാലോചന നടത്തി. അങ്ങനെ ചെയ്തിരുന്നെങ്കില്‍ നാമവരെ കൂട്ടസംഹരണത്തിനു വിധേയമാക്കിയിരുന്നേനെ എന്നാണ് പറയുന്നത്. പൂര്‍വിക സമുദായങ്ങളിലും അതാണ് സംഭവിച്ചിരുന്നത്.

وَإِن كَادُواْ لَيَفۡتِنُونَكَ عَنِ ٱلَّذِيٓ أَوۡحَيۡنَآ إِلَيۡكَ لِتَفۡتَرِيَ عَلَيۡنَا غَيۡرَهُۥۖ وَإِذٗا لَّٱتَّخَذُوكَ خَلِيلٗا ۝٧٣
وَلَوۡلَآ أَن ثَبَّتۡنَٰكَ لَقَدۡ كِدتَّ تَرۡكَنُ إِلَيۡهِمۡ شَيۡـٔٗا قَلِيلًا ۝٧٤
إِذٗا لَّأَذَقۡنَٰكَ ضِعۡفَ ٱلۡحَيَوٰةِ وَضِعۡفَ ٱلۡمَمَاتِ ثُمَّ لَا تَجِدُ لَكَ عَلَيۡنَا نَصِيرٗا ۝٧٥
وَإِن كَادُواْ لَيَسۡتَفِزُّونَكَ مِنَ ٱلۡأَرۡضِ لِيُخۡرِجُوكَ مِنۡهَاۖ وَإِذٗا لَّا يَلۡبَثُونَ خِلَٰفَكَ إِلَّا قَلِيلٗا ۝٧٦
سُنَّةَ مَن قَدۡ أَرۡسَلۡنَا قَبۡلَكَ مِن رُّسُلِنَاۖ وَلَا تَجِدُ لِسُنَّتِنَا تَحۡوِيلًا ۝٧٧
78–81

സൂര്യന്‍ ആകാശമദ്ധ്യത്തില്‍ നിന്ന് തെന്നിമാറുന്നതു മുതല്‍ രാത്രി ഇരുള്‍മുറ്റുന്നതുവരെ നിര്‍ണിത വേളകളില്‍ താങ്കള്‍ നമസ്‌കാരം മുറപോലെയനുഷ്ഠിക്കണം; ഖുര്‍ആനോതിയുള്ള പുലര്‍കാല നമസ്‌കാരത്തിലും നിഷ്ഠ പുലര്‍ത്തുക. പ്രഭാത നമസ്‌കാരത്തിലെ ഖുര്‍ആന്‍ പാരായണം മാലാഖമാരാല്‍ സാക്ഷ്യം വഹിക്കപ്പെടും, തീര്‍ച്ച. രാത്രിയില്‍ നിന്ന് (ഉറക്കമുണര്‍ന്ന്) അല്‍പനേരവും ഖുര്‍ആനോതി നമസ്‌കരിക്കുക; താങ്കള്‍ക്കു അധികമായുള്ള ഒരു പുണ്യകര്‍മമാണിത്. രക്ഷിതാവ് അങ്ങയെ ഒരു ശ്ലാഘനീയ പദവിയില്‍ നിയോഗിച്ചേക്കാം.34
താങ്കള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുക: നാഥാ, എന്നെ സത്യകവാടത്തിലൂടെ പ്രവേശിപ്പിക്കുകയും സത്യകവാടത്തി ലൂടെ പുറത്തുകൊണ്ടുവരികയും ചെയ്യേണമേ. ഉപോല്‍ബലകമായ ഒരധികാരശക്തി നിന്റെ പക്കല്‍ നിന്ന് എനിക്കു നിര്‍ണയിച്ചു തരികയും ചെയ്യേണമേ.35
സത്യം സമാഗതമാവുകയും അസത്യം നിഷ്‌ക്രമിക്കുകയും ചെയ്തിരിക്കുന്നു, നിശ്ചയമായും നശിക്കാനുള്ളതുതന്നെയാണ് അസത്യം എന്നു താങ്കള്‍ പ്രഖ്യാപിക്കുക.36

3 വിശദീകരണങ്ങൾ കാണുക

34. 78-ാം സൂക്തത്തില്‍ അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങളാണ് സൂചന. തുടര്‍ന്നു പറയുന്നത്, ഇശാ നമസ്‌കരിച്ച് അല്‍പം ഉറങ്ങി സുബ്ഹിനു മുമ്പായി നിര്‍വഹിക്കപ്പെടുന്ന 'തഹജ്ജുദ്' ആണ്. തിരുമേനി(സ)ക്ക് അത് നിര്‍ബന്ധമായിരുന്നു. 'അല്‍ മഖാമുല്‍ മഹ്മൂദ്' എന്നാല്‍ സ്തുതിക്കപ്പെടുന്ന പദവി എന്നാണര്‍ത്ഥം. സത്യവിശ്വാസം അല്‍പമെങ്കിലുമുള്ളവര്‍ക്കുവേണ്ടി നബി(സ) നിര്‍വഹിക്കുന്ന മഹോന്നതമായ ശുപാര്‍ശയാണ് ഇതിന്റെ വിവക്ഷ എന്ന് ഹ. ഇബ്‌നു അബ്ബാസ്(റ) വിശദീകരിച്ചിട്ടുണ്ട്.

35. മക്കയില്‍ നിന്ന് മദീനയിലേക്കുള്ള ഹിജ്‌റാ പശ്ചാത്തലമാണു സൂചന. ഇമാം ഹസനുല്‍ ബസ്വ്‌രി(റ) പറയുന്നു: നബിയെ ബന്ധനസ്ഥനാക്കുകയോ നാട്ടില്‍ നിന്നു ബഹിഷ്‌കരിക്കുകയോ വധിച്ചുകളയുകയോ ചെയ്യുന്നതു സംബന്ധിച്ച് മക്കാമുശ്‌രിക്കുകള്‍ ഗൂഢാലോചന നടത്തി. അപ്പോള്‍ ഹിജ്രക്ക് ഒരുങ്ങുവാനും ഈ പ്രാര്‍ത്ഥന നിര്‍വഹിക്കാനും അല്ലാഹു കല്‍പിച്ചു...

36. ഹിജ്ര 8-ാം വര്‍ഷം ജേതാവായി നബി(സ) മക്കയില്‍ പ്രവേശിച്ചപ്പോള്‍ കഅ്ബയുടെ പരിസരത്ത് മുന്നൂറ്ററുപത് ബിംബങ്ങളുണ്ടായിരുന്നു; ഈ സൂക്തം ഉരുവിട്ട് കൈയിലുണ്ടായിരുന്ന വടികൊണ്ട് ഓരോ ബിംബത്തെയും നബി(സ) കുത്തിവീഴ്ത്തി.(ബുഖാരി)

أَقِمِ ٱلصَّلَوٰةَ لِدُلُوكِ ٱلشَّمۡسِ إِلَىٰ غَسَقِ ٱلَّيۡلِ وَقُرۡءَانَ ٱلۡفَجۡرِۖ إِنَّ قُرۡءَانَ ٱلۡفَجۡرِ كَانَ مَشۡهُودٗا ۝٧٨
وَمِنَ ٱلَّيۡلِ فَتَهَجَّدۡ بِهِۦ نَافِلَةٗ لَّكَ عَسَىٰٓ أَن يَبۡعَثَكَ رَبُّكَ مَقَامٗا مَّحۡمُودٗا ۝٧٩
وَقُل رَّبِّ أَدۡخِلۡنِي مُدۡخَلَ صِدۡقٖ وَأَخۡرِجۡنِي مُخۡرَجَ صِدۡقٖ وَٱجۡعَل لِّي مِن لَّدُنكَ سُلۡطَٰنٗا نَّصِيرٗا ۝٨٠
وَقُلۡ جَآءَ ٱلۡحَقُّ وَزَهَقَ ٱلۡبَٰطِلُۚ إِنَّ ٱلۡبَٰطِلَ كَانَ زَهُوقٗا ۝٨١
82–84

സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളതാണ് ഖുര്‍ആനിലൂടെ നാം ഇറക്കുന്നത്. എന്നാല്‍ അക്രമികള്‍ക്കത് നഷ്ടമല്ലാതെ മറ്റൊന്നും വര്‍ധിപ്പിക്കുന്നില്ല.37
മനുഷ്യനു നാം അനുഗ്രഹം ചെയ്താല്‍ അവഗണിച്ചും അഹങ്കരിച്ചും കൊണ്ട് അവന്‍ പിന്തിരിഞ്ഞു കളയുന്നു; വല്ല തിന്മയും ബാധിച്ചാലോ, അവന്‍ ഹതാശനാവുകയായി. പ്രഖ്യാപിക്കുക: സര്‍വരും അവരവരുടെ രീതിയനുസരിച്ചാണു പ്രവര്‍ത്തിക്കുക. കൂടുതല്‍ സന്മാര്‍ഗപ്രാപ്തന്‍ ആരാണെന്നു താങ്കളുടെ നാഥന്‍ നന്നായി അറിയുന്നുണ്ട്.38

2 വിശദീകരണങ്ങൾ കാണുക

37. സന്മാര്‍ഗത്തിലേക്കുള്ള വഴികാട്ടിയും അനുഗ്രഹത്തിന്റെ കേദാരവുമാണ് ഖുര്‍ആന്‍. ആത്മിക രോഗങ്ങള്‍ക്കു മാത്രമല്ല, ശാരീരിക രോഗങ്ങള്‍ക്കു കൂടിയുള്ള ശമനമാധ്യമമാണത്. വിഷം തീണ്ടിയ ഒരാളെ സഹാബികള്‍ ഫാതിഹ മന്ത്രിച്ചു സുഖപ്പെടുത്തി പ്രതിഫലം വാങ്ങിയതിനെ നബി(സ) അംഗീകരിക്കുകയുണ്ടായി.(ബുഖാരി). എന്നാല്‍ പരിഹാസകരും അധിക്ഷേപകരുമായതിനാല്‍ നിഷേധികള്‍ക്കത് നഷ്ടം വര്‍ധിപ്പിക്കയേ ചെയ്യൂ.

38. സുഭിക്ഷതയുണ്ടാകുമ്പോള്‍ അഹങ്കരിച്ച് സത്യമാര്‍ഗം അവഗണിക്കുക, ദൗര്‍ഭിക്ഷ്യവും പ്രയാസവുമുണ്ടാകുമ്പോള്‍ ദിവ്യാനുഗ്രഹത്തില്‍ നിന്ന് ആശമുറിയുക-മിക്ക മനുഷ്യരുടെയും സ്വഭാവമാണിത്. വിശ്വാസത്തിന്റെ ദൗര്‍ബല്യമോ രാഹിത്യമോ ആണിതിന്നു കാരണം. ഓരോരുത്തര്‍ക്കും ഓരോ രീതിയുണ്ട്. സന്മാര്‍ഗ പ്രാപ്തരെക്കുറിച്ച് അല്ലാഹുവിന്നാണ് നന്നായറിയുക. ഹിദായത്തിനായി നിരന്തരം അവനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കണം. ഫാതിഹ 6,7 സൂക്തങ്ങള്‍ അതാണു പഠിപ്പിക്കുന്നത്.

وَنُنَزِّلُ مِنَ ٱلۡقُرۡءَانِ مَا هُوَ شِفَآءٞ وَرَحۡمَةٞ لِّلۡمُؤۡمِنِينَ وَلَا يَزِيدُ ٱلظَّٰلِمِينَ إِلَّا خَسَارٗا ۝٨٢
وَإِذَآ أَنۡعَمۡنَا عَلَى ٱلۡإِنسَٰنِ أَعۡرَضَ وَنَـَٔا بِجَانِبِهِۦ وَإِذَا مَسَّهُ ٱلشَّرُّ كَانَ يَـُٔوسٗا ۝٨٣
قُلۡ كُلّٞ يَعۡمَلُ عَلَىٰ شَاكِلَتِهِۦ فَرَبُّكُمۡ أَعۡلَمُ بِمَنۡ هُوَ أَهۡدَىٰ سَبِيلٗا ۝٨٤
85–89

ആത്മാവിനെക്കുറിച്ചു താങ്കളോടവര്‍ ചോദിക്കും. പ്രതികരിക്കുക: 'എന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ പെട്ടതാണ് ആത്മാവ്; അല്‍പം വിജ്ഞാനം മാത്രമേ നിങ്ങള്‍ക്കു നല്‍കപ്പെട്ടിട്ടുള്ളൂ.39
നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ താങ്കള്‍ക്കു നല്‍കിയ ദിവ്യബോധനം പിന്‍വലിക്കുകതന്നെ ചെയ്യുമായിരുന്നു; പിന്നെയതില്‍ നമുക്കെതിരെ ഒരു സഹായിയെയും താങ്കള്‍ കണ്ടെത്തില്ല. താങ്കളുടെ നാഥനില്‍ നിന്നുള്ള അനുഗ്രഹം മാത്രമാണിത്. അങ്ങയുടെ മേലുള്ള അവന്റെ ഔദാര്യം അതിമഹത്തരം തന്നെ. നബീ, താങ്കള്‍ വിളംബരപ്പെടുത്തുക: ഈ ഖുര്‍ആനു തുല്യമായി മറ്റൊന്നു കൊണ്ടുവരാന്‍ മനുഷ്യരും ജിന്നുകളും ഏകോപിച്ചാല്‍ പരസ്പരം സഹായിച്ചാല്‍ പോലും അവര്‍ക്കതിന്നു സാധിക്കുന്നതേയല്ല! മാനവതക്കായി എല്ലാതരം ഉപമകളും നാം ഈ ഖുര്‍ആനില്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍ മിക്കമനുഷ്യരും നിഷേധിക്കാന്‍ മുതിരുക മാത്രമാണ് ചെയ്യുന്നത്40

2 വിശദീകരണങ്ങൾ കാണുക

39. പ്രതിയോഗികള്‍ നബി(സ)യെ പരീക്ഷിക്കാനും ഉത്തരം മുട്ടിക്കാനുമായി ആത്മാവിനെപ്പറ്റി ചോദിച്ചതാണ് സൂചന. അല്ലാഹുവിന് മാത്രമേ ആത്മാവിനെക്കുറിച്ചറിയൂ. സര്‍വജ്ഞനെന്നു നടിക്കുന്ന മനുഷ്യന്ന് തന്റെ സ്വന്തം ശരീരത്തിലുള്ള ആത്മാവ് എന്താണ്, എവിടന്നു വന്നു, എങ്ങോട്ടു പോകുന്നു തുടങ്ങി യാതൊന്നുമറിയില്ലല്ലോ, പാവം!

40. അത്യത്ഭുതകരവും അജയ്യവുമായ ദിവ്യഗ്രന്ഥമാണു ഖുര്‍ആന്‍. മനുഷ്യന്റെ സന്മാര്‍ഗപ്രാപ്തിക്കാവശ്യമായ സര്‍വ വിവരണങ്ങളും ഉപമകളുമെല്ലാം അതിലുണ്ട്. മാനവ സമൂഹവും ജിന്നുകളും സംഘടിച്ചു സഹകരിച്ചാലും തത്തുല്യമായ ഒരു വേദം കൊണ്ടുവരാനാകില്ല. ഇങ്ങനെയൊക്കെയായിട്ടെന്ത്? നിഷേധം മുറുകെപ്പിടിച്ചേ പറ്റൂ എന്ന നിരര്‍ത്ഥക ദുര്‍വാശിയിലാണ് മിക്കവരും. സ്വന്തം മനസ്സാക്ഷിയോടു പോലും നീതിപുലര്‍ത്താന്‍ അവര്‍ക്കാകുന്നില്ല.

وَيَسۡـَٔلُونَكَ عَنِ ٱلرُّوحِۖ قُلِ ٱلرُّوحُ مِنۡ أَمۡرِ رَبِّي وَمَآ أُوتِيتُم مِّنَ ٱلۡعِلۡمِ إِلَّا قَلِيلٗا ۝٨٥
وَلَئِن شِئۡنَا لَنَذۡهَبَنَّ بِٱلَّذِيٓ أَوۡحَيۡنَآ إِلَيۡكَ ثُمَّ لَا تَجِدُ لَكَ بِهِۦ عَلَيۡنَا وَكِيلًا ۝٨٦
إِلَّا رَحۡمَةٗ مِّن رَّبِّكَۚ إِنَّ فَضۡلَهُۥ كَانَ عَلَيۡكَ كَبِيرٗا ۝٨٧
قُل لَّئِنِ ٱجۡتَمَعَتِ ٱلۡإِنسُ وَٱلۡجِنُّ عَلَىٰٓ أَن يَأۡتُواْ بِمِثۡلِ هَٰذَا ٱلۡقُرۡءَانِ لَا يَأۡتُونَ بِمِثۡلِهِۦ وَلَوۡ كَانَ بَعۡضُهُمۡ لِبَعۡضٖ ظَهِيرٗا ۝٨٨
وَلَقَدۡ صَرَّفۡنَا لِلنَّاسِ فِي هَٰذَا ٱلۡقُرۡءَانِ مِن كُلِّ مَثَلٖ فَأَبَىٰٓ أَكۡثَرُ ٱلنَّاسِ إِلَّا كُفُورٗا ۝٨٩
90–93

അവര്‍ ജല്‍പിച്ചു: ഭൂമിയില്‍ നിന്നു ഞങ്ങള്‍ക്ക് ഒരു ഉറവ ഒഴുക്കിത്തന്നാലേ നിന്നെ ഞങ്ങള്‍ വിശ്വസിക്കൂ. അല്ലെങ്കില്‍ നിനക്ക് ഈത്തപ്പനയുടെയും മുന്തിരിയുടെയും തോട്ടമുണ്ടാവുകയും അതിനിടയിലൂടെ സമൃദ്ധമായ അരുവികളൊഴുക്കുകയും വേണം. അല്ലെങ്കില്‍ - നീ പറയുന്ന പോലെ - ആകാശം ഞങ്ങള്‍ക്കു മീതെ ചിന്നഭിന്നമാക്കി വീഴ്ത്തുകയോ അല്ലാഹുവിനെയും മലക്കുകളെയും കൂട്ടം കൂട്ടമായി ഹാജറാക്കുകയോ നിനക്കൊരു സ്വര്‍ണത്തിന്റെ വീടുണ്ടാവുകയോ ചെയ്യണം. അതുമല്ലെങ്കില്‍ നീ വാനലോകത്തേക്ക് കയറിപ്പോകണം; എന്നാല്‍ ഞങ്ങള്‍ക്കു പാരായണം ചെയ്യാവുന്ന ഒരു ഗ്രന്ഥം അവിടന്നു ഇറക്കിക്കൊണ്ടുവരുവോളം നിന്റെ വാനാരോഹണം ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല, തീര്‍ച്ച. നബിയേ, പ്രതികരിക്കുക: എന്റെ നാഥന്‍ മഹാ പരിശുദ്ധന്‍ തന്നെ, ദിവ്യദൂതനായ ഒരു മനുഷ്യന്‍ മാത്രമല്ലേ ഞാന്‍!41

1 വിശദീകരണം കാണുക

41. നിഷേധികള്‍ക്ക് സന്മാര്‍ഗമോ സത്യസ്വീകാരമോ ആയിരുന്നില്ല ലക്ഷ്യം; നിരര്‍ത്ഥകവും ബുദ്ധിശൂന്യവുമായ ദുശ്ശാഠ്യനിലപാടായിരുന്നു അവര്‍ക്ക്. ഇവിടെ കണ്ട നാലു വിചിത്രാവശ്യങ്ങള്‍ അതാണ് വിളിച്ചോതുന്നത്. ഞാന്‍ അല്ലാഹുവല്ല, അവനാല്‍ നിയുക്തനായ ഒരു ദൂതന്‍ മത്രമാണെന്ന് മറുപടി നല്‍കാനാണ് നബി(സ)യോട് കല്‍പിച്ചിരിക്കുന്നത്.

وَقَالُواْ لَن نُّؤۡمِنَ لَكَ حَتَّىٰ تَفۡجُرَ لَنَا مِنَ ٱلۡأَرۡضِ يَنۢبُوعًا ۝٩٠
أَوۡ تَكُونَ لَكَ جَنَّةٞ مِّن نَّخِيلٖ وَعِنَبٖ فَتُفَجِّرَ ٱلۡأَنۡهَٰرَ خِلَٰلَهَا تَفۡجِيرًا ۝٩١
أَوۡ تُسۡقِطَ ٱلسَّمَآءَ كَمَا زَعَمۡتَ عَلَيۡنَا كِسَفًا أَوۡ تَأۡتِيَ بِٱللَّهِ وَٱلۡمَلَٰٓئِكَةِ قَبِيلًا ۝٩٢
أَوۡ يَكُونَ لَكَ بَيۡتٞ مِّن زُخۡرُفٍ أَوۡ تَرۡقَىٰ فِي ٱلسَّمَآءِ وَلَن نُّؤۡمِنَ لِرُقِيِّكَ حَتَّىٰ تُنَزِّلَ عَلَيۡنَا كِتَٰبٗا نَّقۡرَؤُهُۥۗ قُلۡ سُبۡحَانَ رَبِّي هَلۡ كُنتُ إِلَّا بَشَرٗا رَّسُولٗا ۝٩٣
94–96

സന്മാര്‍ഗം വന്നുകിട്ടിയപ്പോള്‍ അതു വിശ്വസിക്കുന്നതിനു മനുഷ്യര്‍ക്കു പ്രതിബന്ധമായത്, അല്ലാഹു ദൂതനായി അയച്ചിരിക്കുന്നത് ഒരു മനുഷ്യനെയാണോ എന്ന അവരുടെ ജല്‍പനം മാത്രമായിരുന്നു. നബീ, പ്രതികരിക്കുക: അടങ്ങിയൊതുങ്ങി നടക്കുന്ന മലക്കുകളാണ് ഭൂമിയിലുണ്ടായിരുന്നതെങ്കില്‍ വാനലോകത്തു നിന്ന് ഒരു മലക്കിനെത്തന്നെ അവരിലേക്ക് നാം ഇറക്കുമായിരുന്നു.42
പറയുക: എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു തന്നെ ധാരാളം! തന്റെ അടിമകളെക്കുറിച്ച് സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനും തന്നെയാണ് അല്ലാഹു.

1 വിശദീകരണം കാണുക

42. അല്ലാഹുവിന്റെ ദൂതനാകേണ്ടത് മനുഷ്യനല്ല, മലക്കാണ് എന്ന വാശിയായിരുന്നു ബഹുദൈവവിശ്വാസികള്‍ക്ക്. എന്നാല്‍ മനുഷ്യരിലേക്കാണ്, അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ്, അവരുടെ ഭൗതിക - പാരത്രിക മോക്ഷത്തിനാണ് നിയോഗിക്കപ്പെടുന്നത് എന്നതിനാലാണ് അവന്‍ മനുഷ്യരെ മുര്‍സലുകളാക്കിയത്. മറ്റു പ്രാപഞ്ചിക സംവിധാനങ്ങള്‍ക്ക് മലക്കുകളെത്തന്നെയാണവന്‍ നിയോഗിക്കുക. 35:1 നോക്കുക. ഇനി, മലക്കുകളെ മനുഷ്യരിലേക്കയക്കുന്നു എന്നു സങ്കല്‍പിച്ചാലോ, അവരാകെ ആശയക്കുഴപ്പത്തിലും പ്രായോഗിക പ്രതിസന്ധിയിലും അകപ്പെടുകയും ചെയ്യും. ഇക്കാര്യം സൂറത്തുല്‍ അന്‍ആം 9 ല്‍ സ്പഷ്ടമാക്കിയതായി കാണാം.

وَمَا مَنَعَ ٱلنَّاسَ أَن يُؤۡمِنُوٓاْ إِذۡ جَآءَهُمُ ٱلۡهُدَىٰٓ إِلَّآ أَن قَالُوٓاْ أَبَعَثَ ٱللَّهُ بَشَرٗا رَّسُولٗا ۝٩٤
قُل لَّوۡ كَانَ فِي ٱلۡأَرۡضِ مَلَٰٓئِكَةٞ يَمۡشُونَ مُطۡمَئِنِّينَ لَنَزَّلۡنَا عَلَيۡهِم مِّنَ ٱلسَّمَآءِ مَلَكٗا رَّسُولٗا ۝٩٥
قُلۡ كَفَىٰ بِٱللَّهِ شَهِيدَۢا بَيۡنِي وَبَيۡنَكُمۡۚ إِنَّهُۥ كَانَ بِعِبَادِهِۦ خَبِيرَۢا بَصِيرٗا ۝٩٦
97–100

അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് സന്മാര്‍ഗ പ്രാപ്തന്‍; ആരെയവന്‍ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ അവര്‍ക്ക് മറ്റു സഹായികളെയൊന്നും താങ്കള്‍ക്ക് കണ്ടെത്താനാവില്ല, തീര്‍ച്ച. പുനരുത്ഥാന ദിനം മുഖം കുത്തിയവരായും അന്ധരും ഊമകളും ബധിരരുമായും അവരെ നാം ഒരുമിച്ചു കൂട്ടുന്നതാണ്. നരകമാണവരുടെ സങ്കേതം. അതണഞ്ഞുപോകുമ്പോഴൊക്കെയും നാമവര്‍ക്ക് കൂടുതല്‍ ജ്വലിപ്പിച്ചുകൊടുക്കും. അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ തള്ളിക്കളഞ്ഞതിനും 'എല്ലുകളും ജീര്‍ണാവശിഷ്ടങ്ങളും ആയതിനു ശേഷം പുതിയൊരു സൃഷ്ടിയായി ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമോ'43
അദ്ദേഹം ഇസ്രയേല്യരെ സമീപിക്കുകയും 'മൂസാ, നീ മാരണവിധേയനാണെന്നു തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്' എന്നു ഫിര്‍ഔന്‍ തട്ടിവിടുകയും ചെയ്തതിനെപ്പറ്റി അവരോടു താങ്കള്‍ ചോദിച്ചു നോക്കുക. അദ്ദേഹം ഫറോവയോടു പ്രതികരിച്ചു: നിന്റെ കണ്ണു തുറപ്പിക്കുന്ന ഈ ദൃഷ്ടാന്തങ്ങള്‍ ഇറക്കിയത് ഭുവന-വാനങ്ങളുടെ നാഥന്‍ തന്നെയാണെന്നു നിനക്കു നന്നായറിയാം.
എന്നു ജല്‍പിച്ചതിനുമുള്ള പ്രതിഫലമത്രേ അത്. ഭുവന - വാനങ്ങള്‍ സൃഷ്ടിച്ച അല്ലാഹു തങ്ങളെപ്പോലുള്ളവരെയും പടക്കാന്‍ കഴിവുള്ളവനാണെന്ന് അവര്‍ ഗ്രഹിക്കുന്നില്ലേ? അവര്‍ക്കവന്‍ ഒരവധി നിര്‍ണയിച്ചിട്ടുണ്ട്; അതില്‍ സന്ദേഹമേയില്ല. എന്നാല്‍ കൃതഘ്‌നത കാട്ടുക മാത്രമാണവര്‍ ചെയ്തത്. നബീ, പറയുക: എന്റെ നാഥന്റ അനുഗ്രഹ ഖജാനകള്‍ ഉടമപ്പെടുത്തുന്നത് നിങ്ങളായിരുന്നുവെങ്കില്‍ ചെലവഴിച്ചുതീരുമെന്നു പേടിച്ച് നിങ്ങള്‍ പിശുക്കിപ്പിടിക്കുക തന്നെ ചെയ്യുമായിരുന്നു. മഹാലുബ്ധനത്രേ മനുഷ്യന്‍!44

2 വിശദീകരണങ്ങൾ കാണുക

43. മരണാനന്തരമുള്ള പുനരുത്ഥാനത്തെ സത്യനിഷേധികള്‍ എന്നും തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ നിശ്ശൂന്യതയില്‍ നിന്ന് എല്ലാം പടച്ചുണ്ടാക്കിയ സ്രഷ്ടാവിന്ന് ഒരാവര്‍ത്തനം കൂടുതല്‍ സുഗമമാണെന്ന ലളിതസത്യം അവര്‍ അംഗീകരിച്ചില്ല. അതുകൊണ്ടവര്‍ കഠിനശിക്ഷക്ക് അര്‍ഹരായിരിക്കുന്നു.

44. തന്നെ നിഷേധിക്കുകയും പരിഹസിക്കുകയും ധിക്കരിക്കുകയും വരെ ചെയ്യുന്ന പരസ്സഹസ്രമാളുകള്‍ക്ക് അല്ലാഹു അനുഗ്രഹങ്ങള്‍ ചൊരിഞ്ഞുകൊടുക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. അത്രകണ്ട് ഔദാര്യനാണവന്‍. എന്നാല്‍ ആ അനുഗ്രഹങ്ങളുടെ ഖജനാവുകള്‍ മനുഷ്യന്റെ അധീനതയിലായിരുന്നുവെന്നു സങ്കല്‍പിച്ചു നോക്കൂ. അവ തീര്‍ന്നുപോകുമെന്നു ഭയന്ന് പിശുക്കിപ്പിശുക്കി യേ അവന്‍ വ്യയം ചെയ്യൂ എന്നു കാണാം. ലുബ്ധ് മനുഷ്യന്റെ സഹജ സ്വഭാവമാണ്. നിസാഅ്: 128 ലും ഇതുകാണാം.

وَمَن يَهۡدِ ٱللَّهُ فَهُوَ ٱلۡمُهۡتَدِۖ وَمَن يُضۡلِلۡ فَلَن تَجِدَ لَهُمۡ أَوۡلِيَآءَ مِن دُونِهِۦۖ وَنَحۡشُرُهُمۡ يَوۡمَ ٱلۡقِيَٰمَةِ عَلَىٰ وُجُوهِهِمۡ عُمۡيٗا وَبُكۡمٗا وَصُمّٗاۖ مَّأۡوَىٰهُمۡ جَهَنَّمُۖ كُلَّمَا خَبَتۡ زِدۡنَٰهُمۡ سَعِيرٗا ۝٩٧
ذَٰلِكَ جَزَآؤُهُم بِأَنَّهُمۡ كَفَرُواْ بِـَٔايَٰتِنَا وَقَالُوٓاْ أَءِذَا كُنَّا عِظَٰمٗا وَرُفَٰتًا أَءِنَّا لَمَبۡعُوثُونَ خَلۡقٗا جَدِيدًا ۝٩٨
۞ أَوَلَمۡ يَرَوۡاْ أَنَّ ٱللَّهَ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ قَادِرٌ عَلَىٰٓ أَن يَخۡلُقَ مِثۡلَهُمۡ وَجَعَلَ لَهُمۡ أَجَلٗا لَّا رَيۡبَ فِيهِ فَأَبَى ٱلظَّٰلِمُونَ إِلَّا كُفُورٗا ۝٩٩
قُل لَّوۡ أَنتُمۡ تَمۡلِكُونَ خَزَآئِنَ رَحۡمَةِ رَبِّيٓ إِذٗا لَّأَمۡسَكۡتُمۡ خَشۡيَةَ ٱلۡإِنفَاقِۚ وَكَانَ ٱلۡإِنسَٰنُ قَتُورٗا ۝١٠٠
101–104

നിശ്ചയം മൂസാ നബിക്ക് നാം ഒമ്പത് സ്പഷ്ട ദൃഷ്ടാന്തങ്ങള്‍ നല്‍കുകയുണ്ടായി.45
ഹേ ഫിര്‍ഔന്‍, നീ നാശമടഞ്ഞവന്‍ തന്നെ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. തത്സമയം, ഇസ്രയേല്യരെ നാട്ടില്‍ നിന്ന് ആട്ടിപ്പായിക്കാനാണവന്‍ ഉദ്ദേശിച്ചത്. തന്മൂലം അവനെയും കൂടെയുള്ളവരെയും ഒന്നടങ്കം നാം മുക്കിക്കൊന്നുകളഞ്ഞു. തദനന്തരം ഇസ്രയേല്യരോട് നാം ഉത്തരവിട്ടു: നിങ്ങള്‍ ഈജിപ്തില്‍ താമസിച്ചോളൂ. ഇനി, പരലോക വാഗ്ദാനം വന്നുകഴിഞ്ഞാല്‍ നിങ്ങളെയൊന്നടങ്കം കൂട്ടത്തോടെ നാം ഹാജരാക്കുന്നതാണ്.4746

3 വിശദീകരണങ്ങൾ കാണുക

45. പ്രകാശിക്കുന്ന കൈ, അത്ഭുത വടി, വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവള, രക്തം, പട്ടിണിക്കാലം, സമുദ്രം പിളര്‍ക്കല്‍ എന്നിവയാണവ.

46. നിഷേധികളില്‍ മഹാഭൂരിഭാഗവും സ്രഷ്ടാവിനെയും അവന്റെ സൃഷ്ടിവൈഭവങ്ങളെയും കുറിച്ച് തികഞ്ഞ ബോധ്യമുള്ളവരായിരിക്കും. എന്നിട്ടും പല കാരണങ്ങളാല്‍ അവര്‍ അവിശ്വാസം തുടരുന്നുവെന്നു മാത്രം. ഫിര്‍ഔനും അങ്ങനെത്തന്നെയായിരുന്നു. അതാണ് മൂസാനബി(അ) വ്യക്തമാക്കുന്നത്.

47. യൂസുഫ് നബി(അ)യുടെ ഭരണകാലത്താണല്ലോ യഅ്ഖൂബ് നബി(അ)യുടെ മക്കളായ ബനൂ ഇസ്രാഈല്‍ ഈജിപ്തിലേക്കു വന്നത്. ആദ്യകാലങ്ങളില്‍ അവര്‍ ആദരണീയരും പ്രതാപശാലികളുമായിരുന്നെങ്കിലും ഫറോവമാര്‍ സിംഹാസനമേറിയപ്പോള്‍ അന്യനാട്ടില്‍ നിന്നു വന്നവരും അന്യവംശപരമ്പരക്കാരുമെന്ന നിലക്ക് അവരെ അവഗണിക്കാന്‍ തുടങ്ങി. ഇതു പരമകാഷ്ഠ പ്രാപിക്കുകയും അടിമതുല്യം കാണുകയും ചെയ്തപ്പോഴാണ് അവരുടെ സംരക്ഷകനായി അല്ലാഹു മൂസാനബി(അ)യെ നിയോഗിക്കുന്നതും ഒടുവില്‍ ഫറോവയും സംഘവും സംഹരിക്കപ്പെടുന്നതും. തുടര്‍ന്ന് ഈജിപ്ഷ്യന്‍ മണ്ണ് ഇസ്രയേല്യരുടേതായി. സൂറത്തുശ്ശുഅറാഅ് 57-59 കാണുക

وَلَقَدۡ ءَاتَيۡنَا مُوسَىٰ تِسۡعَ ءَايَٰتِۭ بَيِّنَٰتٖۖ فَسۡـَٔلۡ بَنِيٓ إِسۡرَٰٓءِيلَ إِذۡ جَآءَهُمۡ فَقَالَ لَهُۥ فِرۡعَوۡنُ إِنِّي لَأَظُنُّكَ يَٰمُوسَىٰ مَسۡحُورٗا ۝١٠١
قَالَ لَقَدۡ عَلِمۡتَ مَآ أَنزَلَ هَٰٓؤُلَآءِ إِلَّا رَبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ بَصَآئِرَ وَإِنِّي لَأَظُنُّكَ يَٰفِرۡعَوۡنُ مَثۡبُورٗا ۝١٠٢
فَأَرَادَ أَن يَسۡتَفِزَّهُم مِّنَ ٱلۡأَرۡضِ فَأَغۡرَقۡنَٰهُ وَمَن مَّعَهُۥ جَمِيعٗا ۝١٠٣
وَقُلۡنَا مِنۢ بَعۡدِهِۦ لِبَنِيٓ إِسۡرَٰٓءِيلَ ٱسۡكُنُواْ ٱلۡأَرۡضَ فَإِذَا جَآءَ وَعۡدُ ٱلۡأٓخِرَةِ جِئۡنَا بِكُمۡ لَفِيفٗا ۝١٠٤
105–109

സത്യസമേതമാണ് നാം ഖുര്‍ആന്‍ അവതരിപ്പിച്ചിട്ടുള്ളത്; അത് ഇറങ്ങിയിരിക്കുന്നതും സത്യബദ്ധമായിത്തന്നെ. ശുഭവാര്‍ത്താവാഹകനും താക്കീതുകാരനുമായി മാത്രമാണ് അങ്ങയെ നാം നിയോഗിച്ചിരിക്കുന്നത്. മനുഷ്യര്‍ക്ക് താങ്കള്‍ സാവകാശം പാരായണം ചെയ്തുകൊടുക്കാന്‍ വേണ്ടി ഖുര്‍ആനെ നാം പലഭാഗങ്ങളാക്കുകയും ക്രമേണ ഇറക്കുകയും ചെയ്തു.48
നബീ, പ്രഖ്യാപിക്കുക: നിങ്ങള്‍ ഖുര്‍ആനില്‍ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യുക. ഇതിനുമുമ്പ് വേദജ്ഞാനം നല്‍കപ്പെട്ടവരാരോ, അവര്‍ക്കത് പാരായണം ചെയ്യപ്പെട്ടാല്‍ സാഷ്ടാംഗം ചെയ്തുകൊണ്ട് അവര്‍ മുഖംകുത്തി വീഴുന്നതും 'ഞങ്ങളുടെ രക്ഷിതാവ് എത്ര പരിശുദ്ധന്‍, അവന്റെ വാഗ്ദാനം പാലിക്കപ്പെടുന്നതു തന്നെ' എന്ന് പറയുന്നതുമാണ്. അവര്‍ കരഞ്ഞു മുഖംകുത്തി വീഴുകയും അതവര്‍ക്ക് വിനയം വര്‍ധിപ്പിക്കുകയും ചെയ്യും.49

2 വിശദീകരണങ്ങൾ കാണുക

48. സത്യസന്ധമായ മാര്‍ഗദര്‍ശനങ്ങളും ജീവിത വിജയത്തിനുള്ള പ്രായോഗിക വഴികളും മാത്രമാണ് ഖുര്‍ആന്‍. അതു മുറുകെപിടിച്ച് വിശ്വാസികള്‍ക്ക് ശുഭവാര്‍ത്തയും നിഷേധികള്‍ക്ക് താക്കീതും നല്‍കാനാണ് തിരുനബി(സ)യുടെ നിയോഗം. അല്‍പാല്‍പമായി പഠിക്കാനും ഗ്രഹിക്കാനുമായി ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കിടയിലായാണതിന്റെ അവതരണം പൂര്‍ത്തിയായത്

49. കടുത്ത ധിക്കാരവും നിഷേധവും പുലര്‍ത്തിയിരുന്ന അവിശ്വാസികള്‍ക്കുള്ള താക്കീതാണിത്: മുന്‍വേദങ്ങളില്‍ ജ്ഞാനികളായവര്‍ പോലും ഖുര്‍ആനെ അംഗീകരിക്കുന്നു, അതു കേട്ടാലവര്‍ തപ്തഹൃദയരായി തലകുനിക്കുന്നു, നാഥന്റെ മഹത്ത്വം വാഴ്ത്തുന്നു. (അല്‍ മാഇദ 83 - ഉം നോക്കുക) ബഹുദൈവ വിശ്വാസികളേ, നിങ്ങള്‍ ഖുര്‍ആന്‍ തള്ളുകയോ കൊള്ളുകയോ ചെയ്‌തോളൂ; അതിന്റെ ദോഷമോ ഗുണമോ നിങ്ങള്‍ക്കു തന്നെയായിരിക്കുന്നതാണ്.

وَبِٱلۡحَقِّ أَنزَلۡنَٰهُ وَبِٱلۡحَقِّ نَزَلَۗ وَمَآ أَرۡسَلۡنَٰكَ إِلَّا مُبَشِّرٗا وَنَذِيرٗا ۝١٠٥
وَقُرۡءَانٗا فَرَقۡنَٰهُ لِتَقۡرَأَهُۥ عَلَى ٱلنَّاسِ عَلَىٰ مُكۡثٖ وَنَزَّلۡنَٰهُ تَنزِيلٗا ۝١٠٦
قُلۡ ءَامِنُواْ بِهِۦٓ أَوۡ لَا تُؤۡمِنُوٓاْۚ إِنَّ ٱلَّذِينَ أُوتُواْ ٱلۡعِلۡمَ مِن قَبۡلِهِۦٓ إِذَا يُتۡلَىٰ عَلَيۡهِمۡ يَخِرُّونَۤ لِلۡأَذۡقَانِۤ سُجَّدٗاۤ ۝١٠٧
وَيَقُولُونَ سُبۡحَٰنَ رَبِّنَآ إِن كَانَ وَعۡدُ رَبِّنَا لَمَفۡعُولٗا ۝١٠٨
وَيَخِرُّونَ لِلۡأَذۡقَانِ يَبۡكُونَ وَيَزِيدُهُمۡ خُشُوعٗا۩ ۝١٠٩
110–111

നബീ, പറയുക: നിങ്ങള്‍ അല്ലാഹു എന്നോ അര്‍റഹ്മാന്‍ എന്നോ സംബോധന ചെയ്യുക. എന്തു തന്നെ വിളിക്കുകയാണെങ്കിലും അവനുള്ളത് ഉദാത്തനാമങ്ങളാണ്50
താങ്കളുടെ നമസ്‌കാരത്തിലെ പാരായണം അത്യുച്ചത്തിലോ തീരെപ്പതുക്കെയോ ആക്കരുത്; രണ്ടിനുമിടയിലെ മധ്യരീതി സ്വീകരിച്ചുകൊള്ളുക.51
മക്കളെ വരിക്കാത്തവനും രാജാധികാരത്തില്‍ പങ്കാളിയില്ലാത്തവനും ഹീനതയില്‍ നിന്നു രക്ഷപ്പെടുത്താന്‍ സംരക്ഷകന്‍ വേണ്ടാത്തവനുമായ അല്ലാഹുവിനു സ്‌തോത്രം എന്നു താങ്കള്‍ പറയുകയും അവനെ നല്ലവണ്ണം മഹത്ത്വവല്‍ക്കരി ക്കുകയും ചെയ്യുക.52

3 വിശദീകരണങ്ങൾ കാണുക

50. ഒരിക്കല്‍ പ്രാര്‍ഥനാമധ്യേ യാ അല്ലാഹ്, യാ റഹ്മാന്‍ എന്ന് തിരുനബി(സ) സംബോധനം ചെയ്യുന്നത് ചില ശത്രുക്കള്‍ കേട്ടു. അവരിങ്ങനെ കൊട്ടിഗ്‌ഘോഷിച്ചു: 'മുഹമ്മദിന്റെ നിലപാട് മഹാദ്ഭുതം തന്നെ - ഒരൊറ്റ ആരാധ്യനെ മാത്രമേ വണങ്ങാവൂ എന്നു നമ്മോടവന്‍ കല്‍പിക്കുന്നു. അവനാകട്ടെ, അല്ലാഹു അര്‍റഹ്മാന്‍ എന്നിങ്ങനെ രണ്ടു ദൈവങ്ങളോടാണ് പ്രാര്‍ത്ഥിക്കുന്നത്'. തത്സമയമാണ് ഈ സൂക്തമവതരിച്ചത്. അല്ലാഹുവിന്ന് തൊണ്ണൂറ്റി ഒമ്പത് നാമങ്ങളുണ്ട്, അവ ഒരാള്‍ മനഃപാഠമാക്കിയാല്‍ സ്വര്‍ഗപ്രാപ്തനായി എന്ന ഹദീസ് (ബുഖാരി, മുസ്‌ലിം) പ്രസിദ്ധമാണ്.

51. വലിയ ശബ്ദത്തില്‍ ഓതുകയാണെങ്കില്‍ നബി(സ)യെ പരിഹസിക്കാനും ഖുര്‍ആനെ അവഹേളിക്കാനുമായി ശത്രുക്കള്‍ കാത്തിരിക്കുമായിരുന്നു. തീരെ മെല്ലെയാക്കിയാല്‍ മഅ്മൂമുകള്‍ക്കും ശ്രോതാക്കള്‍ക്കും കേള്‍ക്കാനുമാവില്ല. അതുകൊണ്ട് മധ്യരീതി കൈക്കൊള്ളുകയാണു വേണ്ടത്.

52. ഉസൈറും ഈസാനബി(അ)യും ദൈവപുത്രന്‍മാരാണെന്ന ജൂത - ക്രൈസ്തവ വാദവും മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്ന മക്കാമുശ്‌രിക്കുകളുടെ വാദവും നിരര്‍ത്ഥകവും വ്യാജവുമാണെന്ന്‌ വ്യക്തമാക്കുകയാണ്. അല്ലാഹുവിന്റെ വിശേഷണങ്ങള്‍ ഗ്രഹിച്ച് സ്തുതികീര്‍ത്തനങ്ങ ളര്‍പ്പിക്കാനും മഹത്ത്വം വാഴ്ത്താനും ഓരോ വിശ്വാസിയും ബാധ്യസ്ഥനാകുന്നു

قُلِ ٱدۡعُواْ ٱللَّهَ أَوِ ٱدۡعُواْ ٱلرَّحۡمَٰنَۖ أَيّٗا مَّا تَدۡعُواْ فَلَهُ ٱلۡأَسۡمَآءُ ٱلۡحُسۡنَىٰۚ وَلَا تَجۡهَرۡ بِصَلَاتِكَ وَلَا تُخَافِتۡ بِهَا وَٱبۡتَغِ بَيۡنَ ذَٰلِكَ سَبِيلٗا ۝١١٠
وَقُلِ ٱلۡحَمۡدُ لِلَّهِ ٱلَّذِي لَمۡ يَتَّخِذۡ وَلَدٗا وَلَمۡ يَكُن لَّهُۥ شَرِيكٞ فِي ٱلۡمُلۡكِ وَلَمۡ يَكُن لَّهُۥ وَلِيّٞ مِّنَ ٱلذُّلِّۖ وَكَبِّرۡهُ تَكۡبِيرَۢا ۝١١١